Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
പൊട്ടന്‍ തെയ്യം / ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 29-ല്‍ വി.കെ. അനില്‍കുമാറിന്റെ 'എന്റെ ഇറച്ചി മുള്ളിനുകൊടുത്ത് മുള്ളിന്റെയിറച്ചി ഞാനെടുത്തു...' എന്ന ലേഖനത്തില്‍ നിന്ന്.
Text Formatted

ഇതാണ് സക്കറിയയുടെ പ്രസക്തി

മീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച സംഭാഷണങ്ങളില്‍ ഒന്നായിരുന്നു സക്കറിയയുമായി കമല്‍റാം സജീവ് നടത്തിയത് (പാക്കറ്റ് 29). കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ശക്തമായി വരുന്ന പ്രതിലോമകരങ്ങളായ പ്രവണതകളെയും അവയോടുള്ള രാഷ്ട്രീയ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അവഗണനകളെയൂം കുറിച്ച് സൂക്ഷ്മമായി സക്കറിയ സംസാരിക്കുന്നു. പൊതുവായ വിഷയങ്ങളില്‍ പൊതുവായ അഭിപ്രായപ്രകടനം നടത്തുന്നവരാണ് നമ്മുടെ എഴുത്തുകാരും ബുദ്ധിജീവികളും. ഉദാഹരണത്തിന് വര്‍ഗീയതയുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍, അതേക്കുറിച്ച് ആര്‍ക്കും പറയാവുന്ന ഒരഭിപ്രായം അപ്പുറത്തേക്കും ഇപ്പുറത്തേക്കും സ്വന്തം തടിയിലേക്കും നോക്കി തട്ടിവിടും.

രാഷ്ട്രീയ കൊലപാതകം, പരിസ്ഥിതിപ്രശ്‌നങ്ങള്‍, ബി.ജെ.പി., സി.പി.എം. തുടങ്ങി എന്തുവിഷയത്തിലും ഇതാണ് മലയാളി എഴുത്തുകാരുടെ ഒരു നാട്ടുനടപ്പ്. ഇവരില്‍നിന്ന് സക്കറിയ വ്യത്യസ്തനാകുന്നത്, നിര്‍ഭയമായ അഭിപ്രായപ്രകടനത്തിലൂടെയാണ്. അതുതന്നെയാണ് ഈ സംഭാഷണത്തിന്റെ പ്രസക്തിയും.

സക്കറിയ
സക്കറിയ

ക്രിസ്ത്യന്‍- മുസ്​ലിം സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തുന്ന ഭീകരാക്രമണതുല്യമായ ശ്രമങ്ങളെക്കുറിച്ചും അതിന് സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള സക്കറിയയുടെ അഭിപ്രായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്ത്യന്‍- മുസ്‌ലിം ഭിന്നത രൂക്ഷമാക്കിയതിനുപുറകില്‍ ഇരുമതങ്ങളിലെയും തീവ്രാദികള്‍ക്കൊപ്പം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി സംഘ്പരിവാറും സഭകളും കൂട്ടുചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കങ്ങളുടെ അപകടഭീഷണി അന്നേ പുറത്തുവന്നതാണ്. പിന്നീട്, സമൂഹമാധ്യമങ്ങളിലൂടെ ഇത് പരസ്യമായ പോര്‍വിളിയായി മാറി.

എന്നിട്ടും ഒരുതരത്തിലുമുള്ള പ്രതിരോധശബ്ദങ്ങള്‍ ഇതിനെതിരെ ഉണ്ടായില്ലെന്നുമാത്രമല്ല, പുരോഗമന- ഇടതുപക്ഷ മുഖംമൂടി ധരിച്ചവര്‍ തന്നെ കൊടും വര്‍ഗീയതയുടെ വിഷം ചുരത്തിക്കൊണ്ടിരുന്നു. ഒരുപക്ഷെ, മലയാളി പൊതുബോധത്തെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബുദ്ധിജീവികളാരും അപകടകരമായ ഈ പ്രവണതയോട് മുഖംതിരിച്ചുകളഞ്ഞു. മുസ്‌ലിം- ക്രിസ്ത്യന്‍ പേടി ഒരേപോലെ ആവേശിച്ച മാധ്യമങ്ങള്‍ ഒരു ചര്‍ച്ച പോലും സംഘടിപ്പിച്ചില്ല. ക്ലബ് ഹൗസ് എന്ന ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമിനെ പോലും ക്രിസ്ത്യന്‍ പുരോഹിതരടക്കമുള്ള വര്‍ഗീയവാദികള്‍ "സമര്‍ഥമായി' ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

പുതിയ തലമുറ ഏറ്റവും കൂടുതല്‍ ആശയവിനിമയത്തിനുപയോഗിക്കുന്ന സമൂഹമാധ്യമങ്ങളെത്തന്നെ ഇത്തരം വര്‍ഗീയശക്തികള്‍ ദുരുപയോഗിക്കുന്നത് അപകടം ഇരട്ടിയാക്കും. വര്‍ഗീയത മാത്രമല്ല, വിഭാഗീയതയെയും ജാതീയതയെയും സ്വേച്ഛാധിപത്യത്തെയുമെല്ലാം പൊതുബോധമാക്കിത്തീര്‍ക്കുന്ന ഈ ക്ഷുദ്രതയോടുള്ള പരമമായ നിര്‍മമത കേരളത്തിന്റെ ബൗദ്ധികജീവിതത്തിന് പലതരം "ഗുണ'ങ്ങളുണ്ടാക്കിക്കൊടുത്തിരിക്കാം, എങ്കിലും അവശേഷിക്കുക, നിശ്ശബ്ദതകളായിരിക്കുകയില്ല, കൃത്യസമയത്ത് പ്രയോഗിക്കപ്പെടുന്ന നിലപാടുകളായിരിക്കും എന്ന് സക്കറിയയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു.

രജിത അശോക്
വഞ്ചിയൂർ, തിരുവനന്തപുരം


സക്കറിയ പറഞ്ഞത് ശരിയായി, കെ. സുധാകരന്‍ 'നല്ല ശകുനം' തന്നെ

കെ. സുധാകരനെക്കുറിച്ചുള്ള സക്കറിയയുടെ വിശേഷണം അക്ഷരാര്‍ഥത്തില്‍ ശരിയായി; "നല്ല ശകുനം' (അഭിമുഖം, പാക്കറ്റ് 29). കേരളത്തിന് ഇതിലും നല്ല ശകുനം ഇനി കിട്ടാനില്ല. കോണ്‍ഗ്രസിനെയല്ല, സി.പി.എമ്മിനെയാണ് ഈ ശകുനം ബാധിക്കാന്‍ പോകുന്നത് എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ വെട്ടും തടയുമെല്ലാം സൂചിപ്പിക്കുന്നത്. "നേതാക്കളുടെ ഹൃദയങ്ങളിലില്ലെങ്കിലും മലയാളികളുടെ മനസ്സില്‍ മറ്റൊരു കോണ്‍ഗ്രസ് ബാക്കിനില്‍ക്കുന്നുണ്ട്' എന്ന സക്കറിയയുടെ അഭിപ്രായം ശരിയാണ്. അതുകൊണ്ടാണല്ലോ, ഒരു പ്രതിപക്ഷമെന്ന നിലയില്‍ അതിനെ പരിപാലിച്ചുപോരുന്നത്.

കെ. സുധാകരന്‍
കെ. സുധാകരന്‍

എന്നാല്‍, സുധാകരനെപ്പോലെ രാഷ്ട്രീയമായി അവശ്യം വേണ്ട അടിസ്ഥാനങ്ങളൊന്നുമില്ലാത്ത ഒരാളെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ, കോണ്‍ഗ്രസ് അതിന്റെ കുഴി സ്വയം തോണ്ടുകയാണ്. ഇപ്പോള്‍ തന്നെ നോക്കുക, തുടര്‍ഭരണത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങള്‍ നേടിയ ജനവിധിയുടെ അന്തസ്സത്ത എത്രവേഗമാണ് മറന്നുകൊണ്ടിരിക്കുന്നത്. കെ- റെയില്‍ പോലുള്ള മുതലാളിത്ത മൂലധന പദ്ധതികള്‍ ഉദാഹരണം. കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ പക്ഷത്തായിരിക്കില്ല ഇടതുപക്ഷം എന്ന് ആദ്യമേ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.  യഥാര്‍ഥത്തില്‍, അടുത്ത അഞ്ചുവര്‍ഷം ഇടതുപക്ഷത്തിന്റേതല്ല, കോണ്‍ഗ്രസിന്റേതാക്കി മാറ്റാനുള്ള സാധ്യത കിടക്കുമ്പോഴാണ് പൊടുന്നനെ സുധാകരന്‍ പൊട്ടിവീണത്. സുധാകരന്റെ വരവ് നമ്മുടെ മാധ്യമങ്ങള്‍ കൊണ്ടാടിയത് ശ്രദ്ധിച്ചോ? കൈ ചുരുട്ടിയും മടക്കിയുമൊക്കെയുള്ള ഒരു ശരീരമായി. ഇങ്ങനെയൊരു പടം കൊടുത്തിട്ട് മനോരമയുടെ ഒന്നാം പേജില്‍ നല്‍കിയ കാപ്ഷന്‍ "ഒരുങ്ങിത്തന്നെ' എന്നായിരുന്നു. എന്തിനുള്ള ഒരുക്കമാണ്? രാഷ്ട്രീയത്തിലെ തന്റെ "ആജന്മ' ശത്രുവിനെ നേരിടാനുള്ള വരവ് എന്നാണ് മാധ്യമങ്ങള്‍ സുധാകരന്റെ സ്ഥാനലബ്ദിയെ വിശേഷിപ്പിച്ചത്.

ആ കെണിയില്‍ പിണറായി വിജയന്‍ വീണുകിടക്കുന്നതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ മുന്‍ഗണനകള്‍ എത്രമാത്രം പരിഹാസ്യമാക്കപ്പെട്ടു. ഇങ്ങനെയാണ് ഭരണപക്ഷവും പ്രതിപക്ഷവും മുന്നോട്ട് പോകുന്നത് എങ്കില്‍, "ഇപ്പോഴുള്ള ഭരണകൂടം ജനങ്ങള്‍ക്കുവേണ്ടി നല്ലതുചെയ്യുമെന്ന് ഞാന്‍ ഹൃദയപൂര്‍വം പ്രതീക്ഷിക്കുന്നു' എന്നുതുടങ്ങിയ സക്കറിയയുടെ പ്രതീക്ഷകള്‍ അല്‍പായുസ്സായി ഒടുങ്ങുകയേയുള്ളൂ.
ജമാൽ മുഹമ്മദ്
കലിക്കറ്റ് യൂണിവേഴ്സിറ്റി, മലപ്പുറം


ഇടതുപക്ഷത്തിന്റെ പരിസ്ഥിതി

രിസ്ഥിതിയുമായി ബന്ധപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാറിന്റെ സമീപനത്തോടുള്ള സക്കറിയയുടെ വിമര്‍ശനം ശ്രദ്ധേയമാണ്. സക്കറിയ ചൂണ്ടിക്കാണിക്കുന്നതുപോലെ, കേരളത്തിന്റെ വിഭവം കൊള്ളയടിക്കുന്ന എല്ലാതരം മാഫിയകളുമായി ഇടതുപക്ഷത്തിന് ബന്ധമുണ്ട്. അതുകൊണ്ടാണ്, കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ ഇടതുപക്ഷത്തിന് ഒരു സാന്നിധ്യമാകാന്‍ കഴിയാതിരിക്കുന്നത്.

ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 29 കവര്‍
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 29 കവര്‍

വെബ്‌സീനിന്റെ കഴിഞ്ഞ പാക്കറ്റുകളില്‍ പ്രസിദ്ധീകരിച്ച, കേരളത്തില്‍ വളര്‍ന്നുവരുന്ന ക്വാറി മുതലാളിത്തവുമായി ബന്ധപ്പെട്ട പഠനങ്ങളും റിപ്പോര്‍ട്ടുകളും പ്രാദേശികതലത്തില്‍ ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയസംവിധാനങ്ങളുടെ മാഫിയ ചങ്ങാത്തം വ്യക്തമാക്കുന്നുണ്ട്. ഒരു വശത്ത്, വെല്‍ഫെയര്‍ പൊളിറ്റിക്‌സിലൂടെ ദരിദ്രജനതയുടെ ദാരിദ്ര്യം നിലനിര്‍ത്തിക്കൊണ്ടുപോകുകയും മറുവശത്ത്, നാലുമണിക്കൂര്‍ കൊണ്ട് സംസ്ഥാനം താണ്ടാന്‍ കഴിയുന്ന അതിവേഗ പാതകള്‍ നിര്‍മിച്ച് സമ്പന്ന വര്‍ഗത്തിന് പരവതാനി വിരിക്കുകയുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിന്റെ പരിസ്ഥിതിയും വികസനവുമായും ബന്ധപ്പെട്ട, ഒരു പുതിയ തുടക്കമിടേണ്ട സന്ദര്‍ഭത്തില്‍, ഒരുതരം പ്രത്യയശാസ്ത്ര ഉല്‍ക്കണ്ഠകളും സര്‍ക്കാറിനെ അലട്ടുന്നതേയില്ല. അതിനുള്ള ഒരു ജനപക്ഷ പദ്ധതിയും സര്‍ക്കാറിന്റെ ആലോചനയില്‍ പോലുമില്ല.

ഈയടുത്ത് കുട്ടനാടുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്തത് ശ്രദ്ധിച്ചാലറിയാം, നമ്മുടെ പുതിയ സര്‍ക്കാറിന്റെ ഭാവനാരാഹിത്യം. 2018ലെ പ്രളയത്തിനുശേഷം കുട്ടനാടിന് എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയത്? 13 പഞ്ചായത്തുകളില്‍ ഷെല്‍ട്ടര്‍ ഹോം, മണല്‍ച്ചാക്ക് അടുക്കിയുള്ള പുറംബണ്ട് നിര്‍മാണം, 150 കോടി രൂപ മുടക്കി താലൂക്കാശുപത്രി വികസനം... ഒന്നും നടന്നില്ല. ഒന്നാം കുട്ടനാട് പാക്കേജ് 1800 കോടിയുടേതായിരുന്നു. എന്താണ് നടന്നത്? ഇപ്പോഴിതാ, രണ്ടാം പാക്കേജുമായി വരുന്നു സര്‍ക്കാര്‍.

നമ്മുടെ കടല്‍തീരങ്ങളും വനപ്രദേശങ്ങളും മലയോരങ്ങളുമെല്ലാം കുട്ടനാടിന്റേതുപോലെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലകളാണ്. എന്നാല്‍, പോപ്പുലിസം ഒരു നയമായി കൊണ്ടാടുന്ന ഒരു സര്‍ക്കാറിന് അടിസ്ഥാന വിഷയങ്ങളിലേക്ക് ഒരിക്കലും എത്താനാകില്ല.

ജെന്നിഫർ കെ.മാർട്ടിൻ
കെൻറക്കി, യു.എസ്.എ.


ദൈവനാമത്തില്‍ ഇടതുപക്ഷം

സി.പി.എം എം.എല്‍.എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനോടുള്ള വിമര്‍ശനത്തിനുള്ള സക്കറിയയുടെ പ്രതികരണം കൃത്യമാണ്. സ്റ്റാലിനിസ്റ്റ് ദുശ്ശാഠ്യങ്ങളെച്ചൊല്ലി പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ തന്നെ ഇത്തരം പ്രവണതകളുടെ പേരില്‍ പാര്‍ട്ടിക്കെതിരെ കൊടുവാളുയര്‍ത്തുന്നത് കാണാന്‍ രസമുണ്ട്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വേരുപിടിച്ചതുമുതല്‍ ഇവിടുത്തെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ എല്ലാത്തരം സവിശേഷതകളെയും ഉള്‍ക്കൊള്ളാനായിട്ടുണ്ട്. അങ്ങനെയാണ് അത് ജാതിക്കും മതത്തിനും അതീതമായ ഒരു പൊതുസമൂഹത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടുകൊണ്ടുപോയതും അതിനെ നിരന്തരം നവീകരിച്ചതും.

പുതിയ പിണറായി വിജയൻ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജ്. ദെെവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ
പുതിയ പിണറായി വിജയൻ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജ്. ദെെവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ

ഇടതുപക്ഷത്തിന്റെ ഈ ഇടപെടലില്ലായിരുന്നുവെങ്കില്‍, കേരളം മതയാഥാസ്ഥിതികതയുടെയും ഫ്യൂഡല്‍ ബോധങ്ങളുടെയും ബാധയേറ്റ ഒരു സമൂഹമായി നിലനില്‍ക്കുമായിരുന്നു. വിശ്വാസിയായിരിക്കുമ്പോള്‍ തന്നെ വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാനും മതത്തിനുള്ളിലായിരിക്കുമ്പോള്‍ തന്നെ മതത്തിനുപുറത്തേക്ക് സഞ്ചരിക്കാനും ജാതിയെ നിരാകരിക്കാനുമൊക്കെയുള്ള സാമൂഹ്യബോധം സൃഷ്ടിച്ചത് ഇടതുപക്ഷയുക്തിയാണ്.

സഭകള്‍ക്കും വര്‍ഗീയ- സാമുദായിക സംഘടനകള്‍ക്കും പുറത്ത്, വിഭാഗീയതകളില്ലാത്ത മനുഷ്യരുടെ ഭൂരിപക്ഷലോകം സൃഷ്ടിക്കപ്പെട്ടു. അതിലൂടെയാണ് ഒരു പുരോഗമന സമൂഹമായുള്ള കേരളത്തിന്റെ തുടര്‍ച്ച സാധ്യമായത്.

എം.എസ്. വർഷ
കാൺപൂർ


അവസാനത്തിന്റെ ആരംഭമായോ? ചില സന്ദേഹങ്ങള്‍

കെ.പി. സേതുനാഥ് എഴുതിയ മോദി 2.0: അവസാനത്തിന്റെ ആരംഭം (പാക്കറ്റ് 29) എന്ന ലേഖനം സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള നല്ലൊരു വിലയിരുത്തലായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അനുമാനങ്ങള്‍ വികസിക്കുന്നതിനുള്ള ഒരു വസ്തുനിഷ്ഠ സാഹചര്യം ഇന്ന് കാണാനില്ല. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങള്‍, ജനകീയമായ ചെറുത്തുനില്‍പ്പുകള്‍, വിട്ടുവീഴ്ചയില്ലാതെ തുടരുന്ന കര്‍ഷക സമരം, അത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിച്ച ചെറുത്തുനില്‍പ്പുകള്‍ തുടങ്ങി നിരവധി ആശാവഹമായ ഡവലപ്‌മെന്റുകളുണ്ടാകുന്നുണ്ട്. അതോടൊപ്പം, ആഗോള തലത്തില്‍ രൂക്ഷമാകുന്ന സാമ്പത്തിക തകര്‍ച്ചയുടെ പ്രത്യാഘാതവും കോവിഡ് മാനേജുമെന്റില്‍ സംഭവിച്ച വന്‍ പിഴകളും മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന വസ്തുതക്ക് സ്ഥിരീകരണം നല്‍കുന്നു.

എന്നാല്‍, ഈ കാരണങ്ങളെ ചേര്‍ത്തുകെട്ടുന്ന ഒരു രാഷ്ട്രീയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അസാന്നിധ്യം പ്രകടമാണ്. അതായത്, ഭരണകൂടത്തിനെതിരായ അസംതൃപ്തികളെയും പ്രതിഷേധങ്ങളെയും ജനകീയമായി ഏകോപിപ്പിക്കാനുള്ള ഫോഴ്‌സ് ഇല്ല എന്നുതന്നെ പറയാം. പലതലങ്ങളില്‍ ചിതറിക്കിടക്കുന്ന മൂവ്‌മെന്റുകളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് കൊണ്ടുവരിക എന്നത് വിഷമം പിടിച്ച പണിയാണ്. ഒരുപക്ഷെ, സ്വാതന്ത്ര്യലബ്ദിക്കുശേഷം, ഇന്ദിരാഗാന്ധിക്കെതിരെയുണ്ടായ ജെ.പി മൂവ്‌മെന്റിനാണ് അല്‍പമെങ്കിലും അത് സാധ്യമായത്. എന്നാല്‍, ഇന്ത്യന്‍ സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ പ്രത്യയശാസ്ത്രപരമായ ദൗര്‍ബല്യങ്ങളില്‍ അതിന് വികസിക്കാനായില്ലെന്നുമാത്രമല്ല, അതിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട ഭരണകൂടം ഒരു ദുരന്തമായി അവശേഷിക്കുകയും ചെയ്തു. ഇന്ന് ഇടതുപക്ഷത്തിനോ കോണ്‍ഗ്രസിനോ രാജ്യം ആവശ്യപ്പെടുന്ന ഒരു ജനകീയ പരിപാടി മുന്നോട്ടുവെക്കാനോ അതിനൊത്ത ഒരു മൂവ്‌മെന്റ് രൂപപ്പെടത്താനോ സാധ്യമല്ല.

കെ.പി. സേതുനാഥ്
കെ.പി. സേതുനാഥ്

ദേശീയത എന്ന സാമ്പ്രദായികമായ ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റിയെ ഭേദിച്ച്, ഇന്ത്യന്‍ ഭരണഘടന യഥാര്‍ഥത്തില്‍ മുന്നോട്ടുവെക്കുന്ന ഫെഡറലിസത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന ഒരു യൂണിയനായി മാറുക എന്നതുമാത്രമാണ് ഫാസിസ്റ്റ് ദേശീയതയെ നേരിടാനുള്ള വഴി. കേന്ദ്രത്തില്‍, കോണ്‍ഗ്രസിനുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമായശേഷം സംസ്ഥാനങ്ങളില്‍ നടന്ന രാഷ്ട്രീയമാറ്റങ്ങള്‍ ഇതിന് നാന്ദി കുറിക്കേണ്ടതായിരുന്നു, പ്രത്യേകിച്ച് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനുശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂപപ്പെട്ട അടിസ്ഥാന വര്‍ഗങ്ങളുടെ രാഷ്ട്രീയ ഏകീകരണങ്ങള്‍.

എന്നാല്‍, അവ സ്വേച്ഛാധികാരത്തിന്‍ൈറയും അഴിമതിയുടെയുമെല്ലാം കെണികളില്‍ പെട്ടുപോയി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പുവിജയങ്ങള്‍ വെച്ചുകൊണ്ട് ഫെഡറലിസത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ല എന്നാണ് തോന്നുന്നത്. അതിന് കുറെക്കൂടി വിപുലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഒരുങ്ങേണ്ടതുണ്ട്.

ജമുന സി. യദുകുമാർ
വടകര, കോഴിക്കോട്


പഠന റിപ്പോര്‍ട്ടുകളും കേസ് സ്റ്റഡികളും ശ്രദ്ധേയം

വെബ്‌സീനില്‍ പ്രസിദ്ധീകരിക്കുന്ന പഠന റിപ്പോര്‍ട്ടുകളും കേസ് സ്റ്റഡികളും വിലപ്പെട്ട വിവരങ്ങളാണ് നല്‍കുന്നത്. മുമ്പ് പ്രസിദ്ധീകരിച്ച സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെക്കുറിച്ചുള്ള പഠനം ഇത്തരത്തില്‍ ഒന്നായിരുന്നു. പാക്കറ്റ് 29ല്‍ റീമാ ആനന്ദ് എഴുതിയ, മുഹമ്മ പഞ്ചായത്തിലെ ആര്‍ത്തവ പരിചരണത്തിന് മുന്‍തൂക്കം നല്‍കി നടപ്പാക്കിയ മാലിന്യനിര്‍മാര്‍ജന പദ്ധതിയെക്കുറിച്ചുള്ള കേസ് സ്റ്റഡി, പ്രധാനപ്പെട്ട ഒന്നാണ്.

കാരണം, ആര്‍ത്തവത്തെ ഒരു ശാരീരിക പ്രക്രിയയെന്ന നിലയ്ക്ക് ചര്‍ച്ച ചെയ്തുതുടങ്ങുന്നതുതന്നെ സമീപകാലത്താണ്. അതുവരെ, മതത്തിന്റെയും ആചാരങ്ങളുടെയും പലതരം വിലക്കുകളിലായിരുന്നു ആര്‍ത്തവം. അതുകൊണ്ടുതന്നെ, ആര്‍ത്തവം സ്ത്രീകളിലുണ്ടാക്കിയിരുന്ന സമ്മര്‍ദങ്ങള്‍ ഏറെ വലുതായിരുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവികമായ വ്യതിയാനങ്ങള്‍ക്കൊപ്പം സാമൂഹിക വിവേചനം കൂടിയാകുമ്പോള്‍ അത് അസഹ്യമായിത്തീരുന്നു.

ഈ പ്രശ്‌നത്തെ സാമൂഹികമായി തന്നെ ഏറ്റെടുക്കുകയാണ് അടിസ്ഥാനപരമായ പരിഹാരമാര്‍ഗം. അതാണ് മുഹമ്മയില്‍ നടന്നതും. കേരളത്തിലെ
ഗ്രാമങ്ങളില്‍ ഇന്ന് സ്ത്രീകളായ സന്നദ്ധപ്രവര്‍ത്തകരുടെ അതിശക്തമായൊരു കൂട്ടായ്മയുണ്ട്. അയല്‍ക്കൂട്ടങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് മുഹമ്മയില്‍ ഈ ബോധവല്‍ക്കരണം ഏകോപിപ്പിച്ചത്.

ആര്‍ത്തവ ശുചിത്വത്തിന് ഇന്ന് നിരവധി പുതിയ മാര്‍ഗങ്ങളുണ്ട്. അവ പ്രയോഗത്തില്‍ വരുത്താന്‍, മുഹമ്മ മാതൃക എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. സിന്തറ്റിക് സാനിറ്ററി നാപ്കിന്‍ കമ്പനികളുടെ മാര്‍ക്കറ്റില്‍നിന്ന് പുറത്തുവന്ന് സ്വന്തം ശരീരത്തിന് കംഫര്‍ട്ടബ്‌ളായ സങ്കേതങ്ങള്‍ സ്വീകരിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനുള്ള ഒരു മൂവ്‌മെന്റ് തന്നെ കേരളത്തില്‍ അനിവാര്യമാണ്.

നൈന ടി.ആർ.
മുണ്ടക്കയം, കോട്ടയം


തെയ്യത്തിനുപകരം എന്തുകൊണ്ട് കഥകളി?

തെയ്യം എന്ന കലാരൂപത്തിനുള്ളിലെ വിസ്മയകരമായ ബഹുസ്വരതയുടെ സമഗ്രമായ ഒരു പഠനമായിരുന്നു വി.കെ. അനില്‍കുമാര്‍ എഴുതിയ "എന്റെ ഇറച്ചി മുള്ളിനുകൊടുത്ത് മുള്ളിന്റെയിറച്ചി ഞാനെടുത്തു...' എന്ന ലേഖനം (പാക്കറ്റ് 29). നാട്ടിലെ പലതരം മനുഷ്യരെ അവരുടെ അതേ അസ്തിത്വങ്ങളോടെ ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള ഒരു കലാരൂപം. സാധാരണ മനുഷ്യന്‍ കേന്ദ്ര പ്രമേയമായ ഒരു കല, അല്ല ജീവിതം തന്നെ.

തെയ്യത്തില്‍ കലയുടെയും അനുഷ്ഠാനത്തിന്റെയും ജീവിതത്തിന്റെയും അതിരുകള്‍ മാഞ്ഞില്ലാതാകുന്നത്, അപൂര്‍വമായ ഒരു ഭാഷയിലൂടെയാണ് അനില്‍കുമാര്‍ രേഖപ്പെടുത്തുന്നത്. അനുഷ്ഠാനമെന്ന നിലയില്‍ കെട്ടിയാടുമ്പോഴും തെയ്യത്തിന് ഐതിഹ്യങ്ങളുമായല്ല, യാഥാര്‍ഥ്യങ്ങളുമായാണ് ബന്ധം. അതുകൊണ്ടാണ്, എല്ലാത്തരം വിഭാഗീയതകള്‍ക്കും ഉപരിയായി ഈ കല സാമാന്യജീവിതത്തിന്റെ ഭാഗമാകുന്നത്. തെയ്യം സംസാരിക്കുന്നത് എഴുതിവെച്ച ഒരു ടെക്‌സ്റ്റല്ല എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ജീവിതപ്രതിസന്ധികളെക്കുറിച്ചും വേദനകളെക്കുറിച്ചുമെല്ലാം സഹജീവിയോടെന്നപോലെ തെയ്യം സംസാരിക്കുന്നു. അത് ആ മനുഷ്യന്റെ ജീവിതം നല്‍കിയ വെളിപാടുകളായിരിക്കാം.

വി.കെ. അനില്‍കുമാര്‍
വി.കെ. അനില്‍കുമാര്‍

തങ്ങള്‍ക്ക് തൊട്ടുനോക്കാവുന്ന, കണ്ണുതുറന്ന് കാണാവുന്ന ഒരു ദൈവമാണ് മുന്നിലുള്ളത്. അവര്‍ക്ക് മനസ്സിലാകുന്നതുമാത്രം പറയുന്ന ദൈവം. മതവൈരങ്ങളെ മറികടക്കാന്‍ മാനവികതയുടെ അതിശക്തമായ ഒരു സാംസ്‌കാരിക പരിസരം തെയ്യം ഒരുക്കുന്നു. അവര്‍ണരുടെ സാമൂഹികമായൊരു വീണ്ടെടുപ്പ് തെയ്യത്തിലൂടെ സാധ്യമാകുന്നു. ജനകീയതയെയും ബഹുസ്വരതയെയും ഉള്‍ക്കൊള്ളുന്ന തെയ്യത്തിനുപകരം, ചിട്ടകളും പാഠങ്ങളും വര്‍ണാവര്‍ണഭേദങ്ങളുമെല്ലാം അണുവിട തെറ്റാതെ പാലിക്കുന്ന കഥകളി എങ്ങനെയാണ് കേരളീയതയുടെ മുദ്രയായി മാറിയത് എന്നത് ആലോചിക്കേണ്ട വിഷയമാണ്. അത്, സവര്‍ണമായ ഒരു സാംസ്‌കാരിക അട്ടിമറിയിലൂടെ സംഭവിച്ചതായിരിക്കണം.

ആശ അനിരുദ്ധൻ
മുണ്ടൂർ, പാലക്കാട്


'ജിഹാദി'; മതം ഇല്ലാതാക്കുന്ന മനുഷ്യന്റെ കവിത

ത യാഥാസ്തികത്വത്തിനെതിരായ അതിശക്തമായ ഒരു രചനയായിരുന്നു റഫീക്ക് അഹമ്മദിന്റെ "ജിഹാദി' എന്ന കവിത (പാക്കറ്റ് 29). അര്‍ഥമറിയാതെ കേള്‍ക്കുന്ന വാക്കുകളെപ്പോലെയാണ് മതത്തിലേക്ക് ചുരുങ്ങുന്ന മനുഷ്യന്‍ എന്ന് ഈ കവിത പറയുന്നു.

റഫീഖ് അഹമ്മദ്
റഫീഖ് അഹമ്മദ്

ബാങ്ക് വിളിക്കുകയും ഓത്തുപഠിപ്പിക്കുകയും ചെയ്യുന്ന ബാവുട്ടി മുസ്‌ല്യാര്‍ കവിതയിലെ അതിശക്തമായ പ്രതീകമാണ്. അയാളാണ് പെണ്ണിനെ അടച്ചിട്ടത്, അവള്‍ക്ക് ഇരുള്‍ വസ്ത്രങ്ങള്‍ നല്‍കിയത്, ഹലാലും ഹറാമുമാക്കി പ്രപഞ്ച സൗന്ദര്യത്തെ ചൂരലുകൊണ്ട് അടക്കിനിര്‍ത്തിയത്, സ്വഭാവികതകളെ ചേലാകര്‍മം ചെയ്തത്, കലയും സംഗീതവും വടിച്ചുകളഞ്ഞ് ഭാവനയെ മുണ്ഡനം ചെയ്തത്, ഗ്രന്ഥപ്പുരകള്‍ ചുട്ടെരിച്ചത്, മരണകവാടത്തിനുമുന്നില്‍ ചാട്ടവാറുമായി നില്‍ക്കുന്നത്...

മാനുഷികമായ സകല നൈസര്‍ഗികതകളെയും മനുഷ്യവിരുദ്ധമായ കല്‍പ്പനകള്‍ കൊണ്ട് റദ്ദാക്കുകയാണ് മതം ചെയ്യുന്നത്. അങ്ങനെയാണ് അത് വിശ്വാസികളെ, അടിമകളെ സൃഷ്ടിക്കുന്നത്. മതം എന്ന വലിയ സ്ഥാപനത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ചെറിയ ശ്രമങ്ങളെ കൂടി കവിത മുന്നോട്ടുവെക്കുന്നുണ്ട്, രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ഒരുതരം ഉല്‍ക്കണ്ഠകളുമില്ലാതെ.

അബ്ദുൾ നാസർ എ.കെ.
ദുബായ്, യു.എ.ഇ.


സമകാലിക ലോകത്തെ വരച്ചിടുന്നു, സിസെക്കിന്റെ പരമ്പര

വെബ്‌സീനില്‍ പ്രസിദ്ധീകരിച്ചുവരുന്ന സ്ലാവോയ് സിസെക്കിന്റെ പ്രഭാഷണ പരമ്പര, സമകാലിക ലോകത്തെക്കുറിച്ചുള്ള സവിശേഷമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ്. പലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ (പാക്കറ്റ് 29) ആഗോളതലത്തില്‍ തന്നെ ശക്തമായി വരുന്ന, വംശീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും ജനിതകം പേറുന്ന ഭരണകൂട വ്യവഹാരങ്ങളുടെ ഭീഷണമായ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു.

മോദി ഭരിക്കുന്ന ഇന്ത്യയെ സിസെക് കൃത്യമായി ഉദാഹരിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലും ഫ്രാന്‍സിലും അമേരിക്കയിലുമൊക്കെ ഇത്തരം തീവ്ര ദേശീയതയുടെയും അപരവല്‍ക്കരണത്തിന്റെയും പ്രവണതകള്‍, ഭരണകൂടങ്ങളുടെ തന്നെ ഭാഗമായിത്തീരുകയാണ്. രാഷ്ട്രീയവ്യവസ്ഥയുടെ മുന്നോട്ടുപോക്കില്‍ ജനാധിപത്യമാകും അതിനെ വഴിനടത്തുക എന്ന പ്രതീക്ഷകളൊക്കെ അസ്തമിക്കുകയാണോ? ഇന്ത്യയിലേതുപോലെ, വളരെ ദുര്‍ബലമായ ഒരു ജനാധിപത്യത്തിന്റെ സൗജന്യങ്ങള്‍ പറ്റി ഭൂരിപക്ഷാധിപത്യം സ്ഥാപിക്കാന്‍ ആധിപത്യശക്തികള്‍ക്ക് വളരെയെളുപ്പം സാധിക്കുന്നു.

സ്ലാവോയ് സിസെക്
സ്ലാവോയ് സിസെക്

മാനവികതയെ മുന്നോട്ടുനയിക്കുന്ന ആദര്‍ശങ്ങളായിരുന്നു ആധുനിക രാഷ്ട്ര നിര്‍മിതികളുടെ ആധാരശിലകളായിരുന്നത് എങ്കില്‍ ഇന്ന് അതേ രാഷ്ട്രങ്ങള്‍ മതങ്ങളുടെയും ദേശീയതകളുടെയും മൗലികവാദങ്ങളെ സ്വന്തം ഭരണഘടനകളാക്കി മാറ്റുന്നു. ഇത്തവണ, പാലസ്തീനുനേരെയുണ്ടായ ഇസ്രായേല്‍ ആക്രമണം ഒരു പാലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ വ്യഖ്യാനിക്കപ്പെട്ടത്, ആഗോളരാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേല്‍വല്‍ക്കരണത്തിന് ഉദാഹരണമാണ്.

പാലസ്തീനെതിരെ മാത്രമല്ല, ഇസ്രായേലിനകത്തുകഴിയുന്ന പാലസ്തീനികളെയും തീവ്ര വലതുപക്ഷ ജൂതവാദികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട് എന്ന് സിസെക് എഴുതുന്നത് ശ്രദ്ധിക്കുക. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ഭരണകൂട നിയമങ്ങളുടെ പേരില്‍ തന്നെ വ്യവസ്ഥാപിതമാക്കാന്‍ ശ്രമിക്കുന്ന രാജ്യമാണല്ലോ ഇന്ത്യ. "വെറുതെയല്ല ഇന്ത്യ ഇസ്രായേലുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്നത്' എന്ന സിസെക്കിന്റെ നിരീക്ഷണം, സമകാലിക ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ ഒന്നാണ്.

നീലിമ സജീവ്
കളമശ്ശേരി, കൊച്ചി


ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവേശകരമായ ചരിത്രം ജയശ്രീയിലൂടെ

കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രത്തിന്റെ സുപ്രധാന അധ്യായങ്ങളിലൂടെ കടന്നുപോകുന്ന ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ- എഴുകോണ്‍- അതീവശ്രദ്ധയോടെയാണ് വായിക്കുന്നത്. ഒരുപക്ഷെ, ഇത്രയും ആശയപരമായ മുന്നൊരുക്കത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും അടിസ്ഥാന സ്ത്രീ വര്‍ഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയും അവരെ പ്രത്യയശാസ്ത്രവല്‍ക്കരിച്ചും നടത്തിയ മറ്റൊരു രാഷ്ട്രീയ സംഘാടനം കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ കേരളത്തില്‍ ഉണ്ടായിക്കാണില്ല എന്ന് ജയശ്രീയുടെ ആത്മകഥ വായിച്ചാല്‍ മനസ്സിലാകും.

സ്ത്രീ പ്രസ്ഥാനങ്ങളോ എന്ന് അല്‍ഭുതം കൂറുന്ന ഒരു കാലത്താണ് ജയശ്രീയെപ്പോലുള്ളവര്‍ ഗ്രാമീണ സ്ത്രീകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നത്. അന്ന്, കേരള സ്ത്രീവേദി എന്ന സംഘം എടുത്ത രണ്ടു തീരുമാനങ്ങള്‍ നോക്കുക: മതമൗലികവാദ സംഘടനകളിലുള്ളവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കില്ല, പുറമേ നിന്ന് ഫണ്ട് സ്വീകരിക്കില്ല. സ്ത്രീവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്ര പുരോഗമനപരമായ ഒരു മാനിഫെസ്‌റ്റോ ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്തുമാത്രം വിപ്ലവകരമായ ഒരു നിലപാടായിരുന്നു.

ഡോ. എ.കെ. ജയശ്രീ
ഡോ. എ.കെ. ജയശ്രീ

മാത്രമല്ല, ലൈംഗികതയും അതിന്റെ രാഷ്ട്രീയവുമായിരുന്നു തുടക്കത്തിലെ പ്രധാന സംവാദ വിഷയം എന്നും അവര്‍ രേഖപ്പെടുത്തുന്നുണ്ട്. ലൈംഗികാക്രമണങ്ങള്‍ അടക്കം സ്ത്രീശരീരത്തിനെതിരായ ക്രിമിനല്‍ കൈയേറ്റങ്ങളെ പുറത്തുകൊണ്ടുവരാനും ചര്‍ച്ച ചെയ്യാനും നിയമത്തിനുമുന്നിലെത്തിക്കാനുമൊക്കെയുള്ള സാഹചര്യം സൃഷ്ടിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങളായിരുന്നു.

ഇന്ന് ലൈംഗികത പൊതുപ്ലാറ്റ്‌ഫോമുകളിലെ തുറന്ന ചര്‍ച്ചാവിഷയമാണ്. ലൈംഗികാക്രമണങ്ങള്‍ ധാരാളമായി നിയമവ്യവസ്ഥക്കുമുന്നിലെത്തുന്നു, അവയുടെ വിധി എന്തായാലും. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വിസിബിലിറ്റി നല്‍കാന്‍ പൊതുസമൂഹം നിര്‍ബന്ധിതമായിരിക്കുന്നു. ആ അവകാശം പിടിച്ചുവാങ്ങിയത് അന്നത്തെ ആക്ടിവിസമാണ്.

ഡോ. ജയ് കിഷോർ
എളമക്കര, കൊച്ചി​​​​​​​

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media