Sunday, 07 August 2022

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 30-ല്‍ 'ആവര്‍ത്തനപ്പട്ടികയിലെ ജീവിതം' എന്ന ഓര്‍മക്കുറിപ്പില്‍ നിന്ന്.
Text Formatted

സംശയങ്ങള്‍ ഇരട്ടിപ്പിക്കുന്നു, പിണറായിയുടെ അഭിമുഖം

മുഖ്യമന്ത്രി പിണറായി വിജയനുമായി മനില സി. മോഹന്‍ നടത്തിയ അഭിമുഖം (വെബ്‌സീന്‍, പാക്കറ്റ് 30) വിപുലമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. കാരണം, സംസ്ഥാനം അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഷയങ്ങളാണ് അതില്‍ ചോദ്യങ്ങളായി ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍, വിദ്യാര്‍ഥി കാലത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് നടന്ന പരിഹാസ്യമായ വാദപ്രതിവാദങ്ങള്‍ക്കിടക്കാണ് ഇങ്ങനെയൊരു അഭിമുഖം എന്നതും ശ്രദ്ധേയമായിരുന്നു. ചര്‍ച്ച ചെയ്യേണ്ട യഥാര്‍ഥ ഇഷ്യൂ ഇതാണ് എന്നൊരു മാധ്യമ പ്രഖ്യാപനം കൂടിയാണ് ഈ അഭിമുഖത്തിലൂടെ വെബ്‌സീന്‍ നടത്തിയത്. പിണറായി വിജയന്റെ മറുപടികള്‍, ചോദ്യങ്ങളുടെ സൂക്ഷ്മാര്‍ഥങ്ങളെ നിരസിക്കുന്നതായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഉദാഹരണത്തിന്, സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ചോദ്യം. സംവരണേതര വിഭാഗങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ക്ക് പിണറായി കാരണമായി പറയുന്നത്, മുപ്പതുവര്‍ഷം മുമ്പ് നടപ്പാക്കാന്‍ തുടങ്ങിയ നവലിബറല്‍ നയങ്ങള്‍ ഇവര്‍ക്കിടയില്‍ ദാരിദ്ര്യവും അസമത്വവും വര്‍ധിപ്പിച്ചുവെന്നാണ്. ഈ സാഹചര്യത്തിലാണത്രേ, ഈ വിഭാഗങ്ങളെ സഹായിക്കാന്‍ സംവരണം എന്ന ചര്‍ച്ചയുണ്ടായത്. ഈ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭയുടെ കാലം മുതലേ, സര്‍ക്കാര്‍ തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സാമ്പത്തിക സംവരണം ഒരു നയമായി സ്വീകരിച്ചിരുന്നു എന്ന കാര്യം പിണറായി സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു, അല്ലാതെ ഇത് മൂന്നു പതിറ്റാണ്ടിന്റെ മാത്രം കാര്യമല്ല.

packet-30-cover-out-s.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 30 കവര്‍

സംവരണത്തിന്റെ അടിസ്ഥാനമെന്നത് ഒരിക്കലും സാമ്പത്തിക അവശതകള്‍ക്കുള്ള പരിഹാരമല്ല. എന്നാല്‍, ഈ ചര്‍ച്ചയിലിടപെട്ട് ഇപ്പോഴത്തെ സ്പീക്കറായ എം.ബി. രാജേഷ് മുമ്പ് പറഞ്ഞത്, പൊതുവിഭാഗത്തിലെ അവസരങ്ങള്‍ മുന്നാക്കക്കാരിലെ വെണ്ണപ്പാളി സ്വന്തമാക്കുന്നതുതടയാനാണ് ഈ സംവരണം എന്നാണ്. എന്നാല്‍, ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും നല്‍കുന്ന സംവരണമല്ല. മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥയുടെ മാനദണ്ഡം എന്താണെന്നതുസംബന്ധിച്ച് ശാസ്ത്രീയമായ ഒരു പഠനവും ഇവിടെ നടന്നിട്ടില്ല. മാത്രമല്ല, അവശത എന്നത് സാമ്പത്തികമായ അവശതയായി മാത്രം ചുരുക്കിക്കെട്ടുന്നത്, മാര്‍ക്‌സിയന്‍ വരട്ടുതത്വവാദത്തിന്റെ കൂടി ഫലമാണ്. ഒരു മുന്നാക്കക്കാരന്‍, സാമ്പത്തികമായി പിന്നാക്കമാണെന്നതുകൊണ്ടുമാത്രം സംവരണത്തിന് അര്‍ഹനാകുന്നില്ല. ദരിദ്രനായതുകൊണ്ടുമാത്രം ഇവര്‍ സാമൂഹികമായ അവശത അനുഭവിക്കുന്നില്ല എന്നര്‍ഥം. ദാരിദ്ര്യം ഇല്ലാതായാല്‍ അവരുടെ ദുര്‍ബലാവസ്ഥ മാറും. എന്നാല്‍, ദാരിദ്ര്യം അവസാനിച്ചാലൂം കീഴാളര്‍ക്ക് സാമൂഹികമായ വിവേചനത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയില്ല. അതിന് പ്രാതിനിധ്യവും പങ്കാളിത്തവും തന്നെ വേണം. സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടുന്നതുതന്നെ, അവസര സമത്വം, പ്രാതിനിധ്യം തുടങ്ങിയ സംവരണത്തിന്റെ ഭരണഘടനാപരമായ സത്തകളെ അട്ടിമറിക്കുന്നതിനുള്ള സൂത്രമാണ്. മാത്രമല്ല, കേരളത്തില്‍ സാമ്പത്തിക സംവരണത്തിന് മാനദണ്ഡം നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണ്? സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പുറത്തുവിട്ട സാമ്പത്തിക സംവരണീയരുടെ പട്ടികയിലെ ജാതിവിഭാഗങ്ങളുടെ അവശതയെക്കുറിച്ച് എന്തു പരിശോധനയാണ് നടന്നിട്ടുള്ളത്? പിണറായി വിജയന്റെ മറുപടി, ഇത്തരം സംശയങ്ങള്‍ കൂട്ടിക്കൊണ്ടുവരികയാണ് ചെയ്യുന്നത്.
കനക അമ്മിണി
റാന്നി, പത്തനംതിട്ട


'വിട്ടുവീഴ്ചയില്ലാത്ത വികസനം'; പേടിപ്പിക്കുന്ന ഒരു പ്രസ്താവന

വിട്ടുവീഴ്ചയില്ലാത്ത വികസനം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, വെബ്‌സീന്‍ അഭിമുഖത്തില്‍ (പാക്കറ്റ് 30) പറയുന്നത്. അത്, ഇന്നത്തെ കേരളത്തെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന ഒരു പ്രസ്താവനയാണ്. കാരണം, ഈ നയത്തിന് അദ്ദേഹം പറയുന്ന ന്യായങ്ങള്‍ യുക്തിരഹിതങ്ങളാണ്. തൊഴിലുല്‍പാദനം വര്‍ധിപ്പിക്കാനാണത്രേ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യമില്ലാത്തതാണോ, നമ്മുടെ യുവാക്കള്‍ക്ക് അഭിരുചിക്കൊത്ത തൊഴില്‍ ലഭിക്കാത്തതിന് കാരണം? തീര്‍ച്ചയായും അല്ല. പുതിയ തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യം പുലര്‍ത്താന്‍ തക്ക നൈപുണി കേരളത്തില്‍നിന്ന് വിദ്യാഭ്യാസം നേടുന്ന ഒരു ഉദ്യോഗാര്‍ഥിക്ക് ഇല്ല. കേരളത്തിലെ യുവാക്കള്‍ വന്‍തോതില്‍ തൊഴിലിന് ആശ്രയിക്കുന്ന ഗള്‍ഫിലെ തൊഴില്‍ വിപണിയെടുക്കാം.

Screen Grab From Kerala Rail website
Screen Grab From Kerala Rail website

കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം, ഗള്‍ഫിലെ തൊഴില്‍ വിപണി വന്‍തോതില്‍ മാറ്റങ്ങള്‍ക്കുവിധേയമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത്, ഐ.ടി, മാര്‍ക്കറ്റിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങി വിദേശികള്‍ക്ക് സാധ്യതകളുള്ള മേഖലകളില്‍ വന്‍തോതില്‍ വൈവിധ്യവല്‍ക്കരണവും സ്‌പെഷലൈസേഷനും നടക്കുകയും സ്‌കില്‍ ഒരു പ്രധാന മാനദണ്ഡമാകുകയും ചെയ്യും. അപ്പോള്‍, കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ബി.ടെക് പാസായി ഗള്‍ഫില്‍ പോകുന്ന ഒരു യുവാവിന് അവിടെ കിട്ടുക സൈറ്റിലെ ഡാറ്റ എന്‍ട്രി ജോലിയായിരിക്കും. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിന്റെ തകറാരാണ് ഒരു പണിക്കും കൊള്ളാത്ത ലക്ഷങ്ങളെ പടച്ചുവിടുന്നത്, അല്ലാതെ റോഡും പാലവും ഇല്ലാത്തതല്ല. നാല് വിമാനത്താവളങ്ങളുടെ കാര്യം മുഖ്യമന്ത്രി പറയുന്നുണ്ടല്ലോ? അവയിലൂടെ പുറത്തേക്ക് തൊഴിലന്വേഷിച്ചുപോകാന്‍ അവസരമൊരുങ്ങി എന്നതല്ലാതെ മറ്റെന്ത് തൊഴിലുല്‍പാദനമാണ് ഇവയിലൂടെ സൃഷ്ടിക്കാനായത്? ഐ.ടി പാര്‍ക്കുകളാണല്ലോ വലിയ തൊഴിലുല്‍പാദനകേന്ദ്രങ്ങളായി  വികസിച്ചുവരുന്നത്. എന്നാല്‍, അത് ഗ്ലോബല്‍ ഇക്കോണമിയുടെ ഉയര്‍ച്ചതാഴ്ചകളുമായി നേരിട്ട ബന്ധപ്പെട്ട ഒരു മേഖലയാണെന്ന് കാണണം. കേരളത്തില്‍, കോവിഡ് വരുന്നതിനുമുമ്പേ ഐ.ടി റിക്രൂട്ടുമെന്റുകളും നിക്ഷേപങ്ങളും വന്‍തോതില്‍ കുറഞ്ഞിരുന്നു, ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം. അതായത്, മുഖ്യമന്ത്രി പറയുന്നതുപോലെ, കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ആഗോളീയമായ പ്രവണതകളില്‍നിന്ന് മുക്തമായി സവിശേഷമായ ഒരു തൊഴിലുല്‍പാദനമേഖല സൃഷ്ടിക്കാനാകില്ല. അടിസ്ഥാന സൗകര്യം ഒരുക്കിയതുകൊണ്ടുമാത്രം ഒരു വികസനവും ഒരു തൊഴിലുടമയും ഇങ്ങോട്ടുവരാന്‍ പോകുന്നില്ല എന്ന യാഥാര്‍ഥ്യം ഇടതുസര്‍ക്കാര്‍ കണ്ണുതുറന്ന് കാണേണ്ടതാണ്.
എ.എം.നിസാർ
ദോഹ, ഖത്തർ


കണ്ണുതുറന്നാല്‍ മുഖ്യമന്ത്രിക്കുകാണാം, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ

വെബ്‌സീന്‍ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ പറയുന്നു: ""ഏതെങ്കിലുമൊരു വികസനപ്രവര്‍ത്തനത്തിന്റെ പേരില്‍ ആളുകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ഇന്ന് കേരളത്തിലുണ്ടോ?''. അഞ്ചുവര്‍ഷം തികച്ച് രണ്ടാമതൊരു അഞ്ചുവര്‍ഷം കൂടി ഭരിക്കാന്‍ പോകുന്ന പിണറായി വിജയന്‍ ഒന്നു കണ്ണുതുറന്നാല്‍, വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട് ഇന്നും ജീവിതം കരക്കടുപ്പിക്കാന്‍ കഴിയാത്ത നിരവധി കുടുംബങ്ങളെ കാണാന്‍ കഴിയും.

pinarayi-vijayan-interview.jpg
പിണറായി വിജയൻ / ഫോട്ടോ: പ്രസൂണ്‍ കിരണ്‍

വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്ത നിരവധി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ അനുവദിച്ചത് ചതുപ്പുനിലങ്ങളായിരുന്നു. ഒരു മാസം മുമ്പ് മരിച്ച മേരി തോമസ് എന്ന വയോധികയെക്കുറിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 26 സെന്റ് പുരയിടവും വീടുമാണ് വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തത്. പുനരധിവാസമൊന്നും നല്‍കാതെയായിരുന്നു കുടിയൊഴിക്കല്‍. അവര്‍ക്ക് വീട് നിര്‍മിക്കാന്‍ അനുവദിച്ച ആറുസെന്റ് കാക്കനാട് തുതിയൂരിലെ ചതുപ്പുനിലമായിരുന്നു. സ്വന്തമായി വീടുണ്ടാക്കാന്‍ കഴിയാതെയാണ് അവര്‍ മരിച്ചുപോയത്. ഏഴ് വില്ലേജുകളിലെ 316 കുടുംബങ്ങളാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടത്. അന്ന് പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കിയോ? പാക്കേജിന്റെ ഭാഗമായി നിര്‍മിച്ച 60 വീടുകളിലേറെയും നാശത്തിന്റെ വക്കിലാണ്. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കുവേണ്ടി അയ്യമ്പുഴ പഞ്ചായത്തിലും സമാനമായ നീക്കം നടക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചയുടന്‍ പഞ്ചായത്തില്‍ ഭൂ മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. എന്തുവന്നാലും നടപ്പാക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ- റെയില്‍ പദ്ധതിക്കായി പതിനായിരത്തോളം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക. സമ്പന്ന ന്യൂനപക്ഷത്തിന് അതിവേഗതയില്‍ സഞ്ചരിക്കാന്‍ പിഴുതെറിയപ്പെടുന്ന ജീവിതങ്ങള്‍, മത്സ്യത്തൊഴിലാളികളടക്കമുള്ള ദരിദ്രഭൂരിപക്ഷത്തിന്റേതാണ്.
കേവലം നഷ്ടപരിഹാരപ്രശ്‌നം മാത്രമല്ല ഇവിടെ പ്രശ്‌നം. അത് ജീവനോപാധി മുതല്‍ സാംസ്‌കാരികമായ അടിത്തറകളുടെ കൂടി ഇളക്കിപ്രതിഷ്ഠയാണെന്ന് അധികാരികള്‍ ഓര്‍ക്കുന്നില്ല. ഭൂമി ഏറ്റെടുക്കാന്‍ കേരളം ചെലവഴിക്കുന്ന പണത്തിന്റെ കണക്കില്‍ അഭിമാനം കൊള്ളുന്ന പിണറായി വിജയന്‍, ഈ മനുഷ്യരുടെ ജീവിതമൂലധനത്തെക്കുറിച്ചുകൂടി ചിന്തിച്ചിരുന്നുവെങ്കില്‍?
അനിത സുബിൻ
വരാപ്പുഴ, എറണാകുളം


പിണറായി വിജയന്‍ പുതിയ ദേശീയ പ്രതീക്ഷയുടെ നേതൃത്വം

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍, ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കി, സംസ്ഥാനങ്ങള്‍ക്കുമേല്‍ നടത്തുന്ന ആക്രമണങ്ങളെ നേരിടാന്‍ ശേഷിയുള്ള ഒരു ഭരണകൂടമാണ് കേരളത്തിലേത് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്ന ഒരു അഭിമുഖമായിരുന്നു പിണറായി വിജയന്റേത് (വെബ്‌സീന്‍, പാക്കറ്റ് 30). ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫെഡറലിസത്തിന്റെ അന്തഃസത്ത പിണറായി വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിംസാത്മകമായ ദേശീയതക്ക് ബദല്‍, വികേന്ദ്രീകൃതമായ ഫെഡറല്‍ സംവിധാനം തന്നെയാണ്. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിലൂടെ നാനാത്വത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങളാണ് കാത്തുസൂക്ഷിക്കപ്പെടുക. ഇതുതന്നെയാണ്, കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്ന സംഘ്പരിവാറിന്റെ പേടിയും. സാംസ്‌കാരികവും ജൈവികവുമായ വൈവിധ്യങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് നമ്മുടെ ഭരണഘടന തന്നെ രൂപപ്പെടുത്തിയത്. എന്നാല്‍, സമീപകാലത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ നയവും, സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്രാധികാരം അടിച്ചേല്‍പ്പിക്കുന്നതായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും കര്‍ഷക സമരത്തിന് അനുകൂലമായും ലക്ഷദ്വീപിനുനേരെയുള്ള കടന്നാക്രമണത്തിനെതിരായും ഒറ്റക്കെട്ടായി കേരളം നിന്നുവെന്നുമാത്രമല്ല, മറ്റു സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയാകുകയും ചെയ്തു. കോവിഡ് വാക്‌സിന്‍ കോര്‍പറേറ്റുകള്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയായി കേന്ദ്രം തുറന്നുകൊടുത്തപ്പോള്‍, കേരളമാണ് വാക്‌സിന്‍ ജനാധിപത്യം പ്രാവര്‍ത്തികമാക്കിയത്. കേരളം മാത്രമല്ല, തമിഴ്‌നാടും ബംഗാളും പഞ്ചാബും ഹരിയാനയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമെല്ലാം ഇന്ന് പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത താല്‍പര്യങ്ങളുള്ള രാഷ്ട്രീയ കക്ഷികളാണ് ഭരിക്കുന്നതെങ്കിലും, സംസ്ഥാന ജനതകളുടെ താല്‍പര്യസംരക്ഷണത്തിനുവേണ്ടിയുള്ള രാഷ്ട്രീയമായ ഏകോപനം സാധ്യമാകുന്ന ഒരവസ്ഥയുണ്ടായിട്ടുണ്ട്. അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്കായിരിക്കും, പിണറായി വിജയന്റെ തുടര്‍ഭരണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാന്‍ പോകുന്നത്.
സി.എം.രേഖ
മൈലാപ്പൂർ, ചെന്നൈ


ചരിത്രത്തിലില്ലാത്ത ഗള്‍ഫ് പെണ്‍കത്തുകള്‍

ലയാളിയുടെ ഗള്‍ഫ് പ്രവാസത്തിലെ തമസ്‌കരിക്കപ്പെട്ട ഒരു അധ്യായം വീണ്ടെടുക്കുകയാണ് വി. മുസഫര്‍ അഹമ്മദിന്റെ ഗള്‍ഫ് പെണ്‍കത്തുകളെക്കുറിച്ചുള്ള പഠനം (പാക്കറ്റ് 30). ഗള്‍ഫ് പ്രവാസത്തിന്റെയും പ്രവാസികളുടെയും "സംഭാവന'കളെക്കുറിച്ചുള്ള വാഴ്ത്തുകളാണ് ഏറെയും കേള്‍ക്കാനിടവന്നിട്ടുള്ളത്. എന്നാല്‍, അത് എങ്ങനെയാണ് തീര്‍ത്തും മനുഷ്യവിരുദ്ധമായ ഒരാചാരമായി മാറിയതെന്ന് ഈ പഠനം സൂചന നല്‍കുന്നു. ശാരീരികവും മാനസികവും ജൈവികവും മാനുഷികവുമൊക്കെയായ ചോദനകളെയെല്ലാം റദ്ദാക്കിക്കൊണ്ടാണ് പ്രവാസി മലയാളി ജീവിച്ചുതീര്‍ക്കുന്നത്. പ്രവാസലോകത്തുനിന്ന് നല്ല സാഹിത്യരചനകളുണ്ടാകുന്നില്ല, നല്ല ആത്മകഥകളുണ്ടാകുന്നില്ല എന്നൊക്കെ നാം പറയാറുണ്ട്, എന്നാല്‍, പ്രവാസ ജീവിതത്തിന്റെയും നാട്ടിലുള്ള "ഗള്‍ഫ്' കുടുംബങ്ങളുടെയും അവസ്ഥയെക്കുറിച്ച്, അരനൂറ്റാണ്ടായിട്ടും ഒരുവിധത്തിലുമുള്ള പരിശോധനയും നടന്നിട്ടില്ല എന്നത് സാമൂഹികശാസ്ത്രപരമായി കേരളത്തെ ഏറെ പുറകോട്ടുനടത്തുന്ന ഒരു കാര്യമാണ്. സി.ഡി.എസ് നടത്തുന്ന മൈഗ്രേഷന്‍ സ്റ്റഡിയുടെ മാതൃകയില്‍, സമഗ്രമായ ഒരു സാമൂഹികശാസ്ത്രപഠനം കൂടി ഉണ്ടാകേണ്ടതാണ്. വര്‍ഷം തോറും അയക്കുന്ന പണത്തിന്റെയും നഷ്ടമാകുന്ന തൊഴിലുകളുടെയും കണക്കെടുപ്പില്‍ നാം ഒരു ജനതയുടെ അസ്തിത്വത്തെ തന്നെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഇതില്‍, പ്രവാസികളുടെ നാട്ടിലുള്ള ഭാര്യമാരും കുടുംബങ്ങളും അനുഭവിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍, ഒരു സ്ത്രീപ്രശ്‌നമെന്ന നിലയ്ക്കുതന്നെ പരിശോധിക്കപ്പെടണം. സ്ത്രീപ്രശ്‌നമായതുകൊണ്ടുതന്നെ അവയെ സ്വയം അമര്‍ത്തിവെക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. അതുകൊണ്ടാണ്, അവരെഴുതിയ കത്തുകള്‍ ചരിത്രത്തിന്റെ ഭാഗമാകാതെ പോയത്.
​​​​​​​ശിൽപ്പ ജിതേഷ്
കലിക്കറ്റ് യൂണിവേഴ്സിറ്റി

Artwork-2.jpg
ചിത്രീകരണം : ജാസില ലുലു

കടല്‍ക്കൊല കേസ് ഒത്തുതീര്‍പ്പിലെ അനീതികള്‍

ടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് ബാക്കിയായ ആശയക്കുഴപ്പത്തെക്കുറിച്ച് കെ.എം. സീതി ഉന്നയിക്കുന്ന സംശയങ്ങള്‍ കൃത്യമാണ് (പാക്കറ്റ് 30). സമുദ്രാതിര്‍ത്തി ലംഘനം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇനിയും ഇത്തരം സംഭവങ്ങളും കേസുകളും ഉണ്ടാകാം. അതുകൊണ്ടുതന്നെ, രാജ്യത്തെ പൗരന്മാരുടെ ജീവനും ആത്മാഭിമാനവും സംരക്ഷിക്കുന്ന നിയമങ്ങളാണ് വേണ്ടത്. ഇവ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളായി മാറുമ്പോള്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാറാണ് പതിവ്. കടല്‍ക്കൊല കേസ് ഒരു നാവികത്തര്‍ക്കമായി മാറ്റി അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ മുന്നിലെത്തിക്കാന്‍ ഇറ്റലിക്കുകഴിഞ്ഞുവെന്നുമാത്രമല്ല, അത് അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുകയും ചെയ്തു. സുപ്രീംകോടതി തന്നെ കൊലക്കുറ്റത്തിന് വിചാരണക്ക് അനുമതി നല്‍കിയ വിദേശികളായ പ്രതികളെ ഇത്തരമൊരു ധാരണയുടെ പുറത്ത് മോചിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യം നിയമവിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഒരു വശത്ത് നഷ്ടപരിഹാരം എന്ന ധാരണയിലേക്ക് ഇരകളുടെ ബന്ധുക്കളെ എത്തിക്കുകയും മറുവശത്ത് വലിയൊരു കുറ്റകൃത്യം പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നത് വലിയ അനീതിയാണ്.

ജെയ്സൺ പീറ്റർ
കടവന്ത്ര, കൊച്ചി

marines.jpg
2012ല്‍ നടന്ന കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികർ; മാസ്സിമിലിയാനോ ലെത്തോറും സാല്‍വത്തോര്‍ ജിറോണിയും

ഡോ. ജയശ്രീയുടെ ആത്മകഥ വിലപ്പെട്ട ഒരു ഡോക്യുമെന്റേറഷന്‍

കേരളത്തിലെ സ്ത്രീപക്ഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ (എഴുകോണ്‍, ഡോ. എ.കെ. ജയശ്രീ, പാക്കറ്റ് 30) വിലപ്പെട്ട ഒരു ഡോക്യുമെന്റേറഷനാണ്. ലൈംഗികത്തൊഴിലാളികളുടേതായ ചില ആഖ്യാനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവരുടെ സംഘാടനചരിത്രം അതിന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ തന്നെ എഴുതുന്നു എന്നതാണ് ഡോ. ജയശ്രീയുടെ ആത്മകഥയുടെ പ്രത്യേകത. രാത്രി ലൈംഗികത്തൊഴിലാളികളെ തേടിയെത്തുന്ന മനുഷ്യരും അധികാരികളും അടങ്ങുന്ന സമൂഹം പകല്‍വെളിച്ചത്തില്‍ അവരോട് എത്ര ക്രൂരമായാണ് പെരുമാറുന്നതെന്ന് ജയശ്രീയുടെ അനുഭവക്കുറിപ്പുകളില്‍ വായിച്ചറിയാം.

women2.jpg
ദുര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയുടെ പരിപാടിയില്‍ നിന്ന്. / Photo: durbar.org

പൊലീസിനും ക്രിമിനലുകള്‍ക്കും ഇടയില്‍ പെട്ട് ഓരോ നിമിഷവും അത്യന്തം സങ്കീര്‍ണമായ ഒരു ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ഇവരെ ഈയൊരു ജീവിതത്തിലേക്ക് തള്ളിവിടുന്നത്, സമൂഹം പവിത്രമായി സംരക്ഷിച്ചുവെച്ചിരിക്കുന്ന കുടുംബങ്ങള്‍ തന്നെയാണ് എന്നതാണ് "വൈരുധ്യം'. പ്രണയവും വിവാഹവും കുഞ്ഞുങ്ങളും കുടുംബവുമെല്ലാമാണ് ഈ സ്ത്രീകളുടെയും ജീവിതസ്വപ്നങ്ങള്‍ എന്ന് ഡോ. ജയശ്രീ എഴുതുന്നുണ്ട്. ഈ തൊഴിലിലേക്കുവരുന്നവരില്‍ ഭൂരിപക്ഷവും വിവാഹിതരാണ് എന്നു പറയുമ്പോള്‍, വിവാഹം എന്ന സ്ഥാപനത്തിന്റെ സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയുമാണ് വെളിവാകുന്നത്. വിവാഹവും കുടുംബങ്ങളുമൊന്നും ഒരുകാലത്തും സ്ത്രീപക്ഷമായിരുന്നിട്ടില്ല എന്നതിന്റെ ഏറ്റവും ക്രൂരമായ സാക്ഷ്യപത്രങ്ങള്‍ കൂടിയാണ് നിസ്സഹായരായ ഈ സ്ത്രീകള്‍. അതുകൊണ്ടുതന്നെ, ഇവരെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്താന്‍ സമൂഹത്തിന് ധാര്‍മികമോ, നിയമപരമോ ആയ ഒരു അവകാശവുമില്ലെങ്കിലും നമ്മുടെ കപട സദാചാരത്തിന്റെ ആയുധങ്ങള്‍ ഇവര്‍ക്കെതിരെ നിരന്തരം പ്രയോഗിക്കപ്പെടുന്നു. പൊലീസും കോടതിയും അടക്കമുള്ള നിയമസംവിധാനങ്ങള്‍ പോലും ഇന്നത്തെ കാലത്തും ലൈംഗികത്തൊഴിലിനോട് പുലര്‍ത്തുന്നത്, പൊതുബോധത്തിലുള്ള ഈ കപട സദാചാര പ്രയോഗങ്ങളാണ്. കേരളത്തില്‍ മിക്ക ലൈംഗികത്തൊഴിലാളികളുടെയും കൈത്തണ്ടയില്‍ കൈ മുറിച്ച്  ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലമായുള്ള മുറിവടയാളങ്ങള്‍ കാണാം എന്ന ജയശ്രീയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍, ആന്ധ്രയിലെ സ്ത്രീകള്‍ക്കിടയില്‍ ഇത് കാണുന്നില്ല. കൊല്‍ക്കത്തയും ആന്ധ്രയുമൊക്കെ, ലൈംഗികതയുടെ കാര്യത്തില്‍ കേരളത്തേക്കാള്‍ സത്യസന്ധമായ സമൂഹമാണ് എന്നതുകൊണ്ടായിരിക്കാം. കേരളത്തില്‍ ഇവര്‍ക്ക് ഇരുട്ടില്‍ മറഞ്ഞിരിക്കേണ്ടിവരുന്നതും അതുകൊണ്ടാകാം. ജീവിക്കാനായി പൊരുതുന്ന ഒരു സമൂഹത്തെ, ദൃശ്യതയിലേക്കും അവകാശബോധത്തിലേക്കും പരിവര്‍ത്തിപ്പിച്ചതിന്റെ ആവേശകരമായ ഒരു സാക്ഷ്യമാണ് ജയശ്രീയുടെ ആത്മകഥ.
മീന രഘുരാമൻ
കുഴൽമന്ദം, പാലക്കാട്


ഏത് സംവിധാനമാണ് ലൈംഗികത്തൊഴിലാളികളെ പരിഗണിച്ചിട്ടുള്ളത്?

ലൈംഗികത്തൊഴിലിനോട് കേരളീയ സമൂഹം പുലര്‍ത്തുന്ന മനോഭാവം ഡോ. ജയശ്രീയുടെ ആത്മകഥാ അധ്യായങ്ങളില്‍ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. പൊലീസും മാധ്യമങ്ങളും ആരോഗ്യവകുപ്പിനെപ്പോലുള്ള സംവിധാനങ്ങളുമെല്ലാം ഇന്നും ഒരു കുറ്റകൃത്യമായി തന്നെയാണ് ഈ തൊഴിലിനെയും സ്ത്രീകളെയും കാണുന്നത്. വ്യക്തിപരമായ ഇടപെടലുകളില്‍ ഒതുങ്ങുന്നു അധികാരികളുടെ സൗമനസ്യം. കേരളത്തില്‍ നടന്ന ആദ്യത്തെ ലൈംഗികത്തൊഴിലാളി സമ്മേളനത്തില്‍ വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ സുഗതകുമാരി പങ്കെടുത്തതായി ഡോ. ജയശ്രീ എഴുതുന്നുണ്ട്. അത് അവരുടെ വ്യക്തിപരമായ ഒരു സാന്നിധ്യം മാത്രമായിരിക്കാം. കാരണം, വനിത കമീഷന്‍ എന്ന സ്ഥാപനം സ്ത്രീപ്രശ്‌നങ്ങളില്‍ എങ്ങനെയാണ് ഇടപെടുന്നത് എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചയാണല്ലോ. ലൈംഗികത്തൊഴിലാളികളുടെ കദനകഥകള്‍ മാധ്യമങ്ങളും നന്നായി കൊടുക്കും. അതുകഴിഞ്ഞ് അവര്‍ "കുലസ്ത്രീ'കളിലേക്ക് തിരിച്ചുപോകുമെന്നുമാത്രം.

ഈ സമൂഹത്തിനുനേരെയുള്ള സാമൂഹികമായ ആക്രമണങ്ങള്‍ മനുഷ്യാവകാശലംഘനത്തിന്റെ തലത്തിലേക്ക് വളരാതിരിക്കുന്നത് കേരളീയ സമൂഹത്തിന്റെ സഹജമായ കപടസദാചാരബോധം ഒന്നുകൊണ്ടുമാത്രമാണ്.
""ഞാന്‍ ഒരു ലൈംഗിക തൊഴിലാളിയാണ്'' എന്നുപറഞ്ഞ്? പൊതുജന മധ്യത്തിലിറങ്ങി നില്‍ക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ എന്നത് ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു എന്ന് ഡോ. ജയശ്രീ പറയുന്നു. ഇന്നും അതുതന്നെതല്ലേ അവസ്ഥ? ഏത് സംവിധാനമാണ് തിരസ്‌കാരവും സഹതാപവുമല്ലാതെ ഇവരോട് പരിഗണന കാട്ടിയിട്ടുള്ളത്.
ജിത വി.എസ്.
ഏറ്റുമാനൂർ, കോട്ടയം


​​​​​​​ദേശാഭിമാനി ഒരു സമരമുഖം തന്നെയാണ്

പാര്‍ട്ടി പത്രം ഒരു ഉല്‍പ്പന്നമെന്ന നിലയ്ക്ക് കച്ചവടമാണ്, എന്നാല്‍, അത് ഒരു ആശയപ്രയോഗം എന്ന നിലയ്ക്ക് അതൊരു ആയുധം കൂടിയാണ് എന്ന്, കേരളത്തിന്റെ സവിശേഷമായ ഒരു കാലം രേഖപ്പെടുത്തുന്ന യു. ജയചന്ദ്രന്‍ മറന്നതുപോലെ തോന്നുന്നു (പാര്‍ട്ടി പത്രം, എനിക്ക് മനസ്സിലാകാത്ത ഒരു സങ്കല്‍പം, പാക്കറ്റ് 30). "ദിനപത്രപ്രവര്‍ത്തനത്തിന് എന്നെ കൊള്ളില്ല' എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവില്‍ അദ്ദേഹത്തിന്റെ സന്ദേഹത്തിന് ഉത്തരവുമുണ്ട്.

deshabimani.jpg
1970 ഡിസംബര്‍ 31 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തില്‍ നിന്ന്

ജയചന്ദ്രന്‍ സൂചിപ്പിക്കുന്ന ഡെസ്‌കിലെ സന്ദര്‍ഭങ്ങള്‍ ഏതു പത്രത്തിലും ഉണ്ടാകുന്നവയാണ്, ദേശാഭിമാനിയിലടക്കം. ഒരു വലിയ അപകടമുണ്ടായാല്‍, അതിനോടുള്ള വൈകാരികമായ പ്രതികരണത്തേക്കാള്‍ വായനക്കാരിലേക്ക് അത് എത്രത്തോളം തീക്ഷ്ണമായി എത്തിക്കാം എന്നായിരിക്കും ഒരു മാധ്യമപ്രവര്‍ത്തകന്‍ ആലോചിക്കുക. അതുമായി ബന്ധപ്പെട്ട കമന്റുകള്‍ സാന്ദര്‍ഭികം മാത്രമാണ്. ഒരു അപകടത്തിന്റെ റിപ്പോര്‍ട്ടിങ്ങും അതിനോടുള്ള രാഷ്ട്രീയമായ ഒരു അനുതാപം തന്നെയാണ്, വൈകാരികതക്ക് അടിമപ്പെടാന്‍ മാധ്യമപ്രവര്‍ത്തകന് സമയമില്ല എന്നുമാത്രം. ഇതൊന്നും ഒരു പത്രമെന്ന നിലയ്ക്കുള്ള ദേശാഭിമാനിയുടെ ആശയാടിത്തറ ഇല്ലാതാക്കുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിഷം കുടിച്ചുമരിക്കും എന്ന് പ്രഖ്യാപിച്ച ഒരു പത്രാധിപരുള്ള ഒരു നാട്ടില്‍, ആ "കമ്യൂണിസ്റ്റ് പേടി' സദാ നിലനിര്‍ത്തുന്ന അനേകം പത്രസന്തതികളുള്ള ഒരു നാട്ടില്‍ ദേശാഭിമാനിക്ക് പ്രസക്തിയുണ്ട്. യഥാര്‍ഥത്തില്‍, മാധ്യമങ്ങളുടെ ജീര്‍ണതകളായി ജയചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്ന സെന്‍സേഷണലിസം അടക്കമുള്ളവയെ കേരളത്തില്‍ ഒരുപരിധി വരെ പ്രതിരോധിച്ചത് ദേശാഭിമാനിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ളതുകൊണ്ടുമാത്രം ജനങ്ങള്‍ വായിക്കുന്ന പത്രമല്ല ഇത്, മറിച്ച്, ജനകീയ രാഷ്ട്രീയത്തിന്റെ സമരമുഖം കലര്‍പ്പില്ലാതെ പ്രയോഗിക്കുന്നതുകൊണ്ടാണ് അത് മലയാളികള്‍ വായിക്കുന്ന ഒരു പത്രമായി നിലനില്‍ക്കുന്നത്. കച്ചവടം ഒരു മോശം കാര്യമല്ല എന്നുകൂടി ഓര്‍ക്കുക.
ആർ.ബി.രതീഷ്
താഴെ ചൊവ്വ, കണ്ണൂർ

മാര്‍കേസിനെപ്പോലും പറ്റിക്കുന്ന മലയാള പ്രസാധനം

ണ്ടു ചോദ്യങ്ങള്‍ എന്ന പംക്തിയില്‍ റൈറ്റ്‌സ് കണ്‍സല്‍ട്ടന്റായ വി.സി. തോമസ് പങ്കുവെച്ച അഭിപ്രായങ്ങള്‍ പലതും വെളിപ്പെടുത്തലുകള്‍ കൂടിയാണ്. എഴുത്തുകാരുടെ വിയര്‍പ്പില്‍ പ്രസാധകര്‍ കുത്തക വ്യവസായമായി മാറിയതിന്റെ അണിയറക്കഥകള്‍ തോമസ് പറയാതെ പറയുന്നുണ്ട്. എഴുത്തും പുസ്തകവും ഒരു വൈകാരികതലത്തിലാണ് ഏറെ എഴുത്തുകാരും കരുതുന്നത്. അതുകൊണ്ടുതന്നെ തന്റെ ബൗദ്ധികമായ സമര്‍പ്പണത്തിന് അര്‍ഹമായ വില ചോദിച്ചുവാങ്ങാന്‍ അവര്‍ മടിക്കും. ഏതാനും പ്രമുഖ എഴുത്തുകാരെമാത്രമേ പ്രമുഖ പ്രസാധകര്‍ കൃത്യമായി അവരുടെ പുസ്തകങ്ങളുടെ കണക്കുകള്‍ ബോധിപ്പിക്കാറുള്ളൂ എന്ന് ഈയിടെ ഫേസ്ബുക്കില്‍ വന്ന കുറിപ്പുകളില്‍ വായിച്ചു. മാത്രമല്ല, സുതാര്യതയും ജനാധിപത്യവും ഇല്ലാത്തതാണ് കേരളത്തിലെ പുസ്തക വില്‍പ്പനയും വിതരണവും പ്രതിഫലം നിശ്ചയിക്കലുമെല്ലാം. ശരിക്കുപറഞ്ഞാല്‍ ഒരു ചൂഷണവ്യവസ്ഥ. അതിനിരയാകുന്നവര്‍ എഴുത്തുകാരായതുകൊണ്ടും പ്രസാധനവ്യവസായത്തിലെ കുത്തകവല്‍ക്കരണം കൊണ്ടുമാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവരാത്തത്. ഈയടുത്ത് ചില യുവ എഴുത്തുകാര്‍, ചില പ്രമുഖ പ്രസാധകര്‍ തങ്ങളെ പറ്റിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

vc thomas
വി.സി.​ തോമസ്

എന്നാല്‍, അല്‍ഭുതകരമെന്നു പറയട്ടെ, ഈ പ്രസാധകര്‍ക്കെതിരെ ഒരു നിയമനടപടി പോലും ഉണ്ടാകുന്നില്ല. പകര്‍പ്പാവകാശലംഘനങ്ങളെ തുടര്‍ന്ന് 2016ല്‍ മാര്‍കേസിന്റെ കൃതികളുടെ മലയാള പ്രസാധനം നിര്‍ത്തലാക്കിയിട്ടും അവ പ്രചാരത്തിലുണ്ടായിരുന്നു എന്ന വിവരം അമ്പരപ്പിക്കുന്നതാണ്. ഇത്ര വിപുലമായ വില്‍പന- വിപണി സംവിധാനമുള്ള ഒരു ആഗോള എഴുത്തുകാരനെപ്പോലും മലയാള പ്രസാധനത്തിന് സമര്‍ഥമായി പറ്റിക്കാന്‍ കഴിയുന്നു!
കോവിഡ് ലോക്ക്ഡൗണ്‍ സൃഷ്ടിച്ച പുതിയ സാധ്യതകള്‍ ഈ കുത്തകവല്‍ക്കരണത്തെ തകര്‍ക്കാന്‍ പോന്നതാണ് എന്നു പറയുമ്പോള്‍ തന്നെ, തട്ടിപ്പിന്റെ പുതിയ സാങ്കേതിക വിദ്യകളും അരങ്ങേറാന്‍ സാധ്യതയുണ്ട്. കാരണം, പുസ്തകരൂപത്തില്‍നിന്ന് എഴുത്ത് പലതരം മാധ്യമങ്ങളിലേക്ക് മാറിയിട്ടുണ്ടല്ലോ. അവയുടെ കാഴ്ചയും കേള്‍വിയും എഴുത്തുകാരന്റെ അധ്വാനവുമായി എങ്ങനെയാണ് കണക്റ്റുചെയ്യുക എന്നതുകൂടി പരിഗണിച്ചുള്ള പുതിയ കോപ്പിറൈറ്റ് സംവിധാനങ്ങള്‍ അനിവാര്യമാണ്.
റഷീദ് ടി.സി.
ഷാർജ, യു.എ.ഇ
​​​​​​​

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media