Friday, 09 December 2022

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 31 ലെ അഖില്‍ എസ്.മുരളീധരന്റെ 'മൃഗത്തര്‍ മക്ക്' എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം.
Text Formatted

പശു പരീക്ഷകളും പതഞ്ജലി പരീക്ഷണങ്ങളും; ശാസ്ത്രം എന്തെടുക്കുകയാണ്?

രേന്ദ്രമോദി സര്‍ക്കാറിനുകീഴില്‍ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാനപങ്ങളുമെല്ലാം എന്തുമാത്രം അശാസ്ത്രീയതക്കും അന്ധവിശ്വാസങ്ങള്‍ക്കും അടിമപ്പെട്ടു എന്നത് ഞെട്ടലോടെ മാത്രമേ കാണാനാകൂ. വെബ്‌സീന്‍ പാക്കറ്റ് 31ല്‍ എതിരന്‍ കതിരവന്‍ എഴുതിയ "ചാണകശാസ്ത്രം രാഷ്ട്രതന്ത്രമാകുമ്പോള്‍' എന്ന ലേഖനം ഈ അവസ്ഥയില്‍ കാലിക പ്രസക്തമായ ഒന്നായിരുന്നു.

modi
ഹരിദ്വാറിലെ പതഞ്ജലി റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്ര മോദി (2017) / Photo: Twitter, PMO

കഴിഞ്ഞ ഫെബ്രുവരിയില്‍, കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനുകീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് എന്നൊരു സംവിധാനം ഒരു "പശു ശാസ്ത്ര' പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നുവല്ലോ. കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് അത് മാറ്റിവെക്കേണ്ടിവന്നുവെങ്കിലും യു.ജി.സി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്ത കടുംകൈകള്‍ വിസ്മരിക്കാനാകില്ല. ഈ പരീക്ഷയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കണമെന്ന് 900 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കി. എന്തായിരുന്നു ഈ പരീക്ഷക്കുള്ള പഠനസാമഗ്രികളില്‍ പറയുന്നത്? ഇന്ത്യയിലും റഷ്യയിലും ആണവകേന്ദ്രങ്ങളില്‍ റേഡിയേഷന്‍ തടയാന്‍ ചാണകം ഉപയോഗിക്കുന്നു. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയില്‍ കൂടുതല്‍ മരണം ഉണ്ടാകാതെ കാത്തത് ചാണകമാണത്രേ. മുതുകിലെ മുഴയുടെ സഹായത്തോടെ ഇന്ത്യയിലെ പശുക്കള്‍ക്ക് സൂര്യന്റെ ഊര്‍ജം കണ്ടെത്താന്‍ കഴിയും....എവിടെയാണ് ഈ പരീക്ഷണങ്ങളൊക്കെ നടന്നത്? കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ സ്വാസ്രി കൊറോണില്‍ കിറ്റിന്റെ വില്‍പനയിലൂടെ 250 കോടി രൂപയുടെ മരുന്നാണ് ഇവിടെ വിറ്റഴിച്ചത്. വിവാദമായപ്പോള്‍ മാത്രമാണ് ഇത് "പ്രതിരോധ മരുന്നാണ്' എന്ന് ബാബ രാംദേവ് വിശദീകരണക്കുറിപ്പിറക്കിയത്. അതുവരെ വില്‍പനക്ക് ഒത്താശ ചെയ്തത് കേന്ദ്രസര്‍ക്കാറായിരുന്നു, ആയുഷ് മന്ത്രാലയം ഇത് നോക്കിനിന്നു. ഇപ്പോള്‍ പുറത്തുവന്ന 2- ഡി ഗ്ലൂക്കോസ് എന്ന മരുന്നിന്റെയും "പരീക്ഷണം' സാക്ഷാല്‍ ബാബാ രാം ദേവിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണത്രേ നടത്തിയത്. ശാസ്ത്രലോകത്തിന്റെ പിന്തുണയില്ലാതെ എങ്ങനെയാണ് ഭരണതലത്തില്‍ മാത്രം ഇത്ര വലിയ ഗൂഢാലോചനകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നത്? ഇല്ലാത്തതാണ് എന്നറിഞ്ഞുകൊണ്ടുതന്നെ ജനങ്ങള്‍ക്കുമേല്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരികള്‍ ശരിക്കും ക്രിമിനലുകളാണ്. ഈ അശാസ്ത്രീയതകളെ എന്തുകൊണ്ടാണ് ഇന്ത്യന്‍ ശാസ്ത്രലോകത്തിന് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ കഴിയാത്തത് എന്നത് അല്‍ഭുതകരമായി അവശേഷിക്കുന്നു.
അനസൂയ ദേവരാജ്
കൂർക്കഞ്ചേരി ,തൃശൂർ


മാപ്പിളമാര്‍ക്കൊപ്പം എന്തുകൊണ്ട് അവര്‍ സമരത്തില്‍ പങ്കെടുത്തില്ല?

വെബ്‌സീന്‍ പാക്കറ്റ് 31 ല്‍ ഡോ. കെ.എസ്. മാധവന്‍ മലബാര്‍ കലാപത്തെ ക്കുറിച്ച് എഴുതിയ ലേഖനം വളരെ നന്നായിരുന്നു. പാരമ്പര്യമായി ദക്ഷിണ മലബാറില്‍ നിലനിന്ന കാര്‍ഷികബന്ധങ്ങളെ മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണം പുതുക്കിപ്പണിയുകയും അതിന്റെ ഫലമായി കര്‍ഷകരുടെ ആത്മാഭിമാനവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുകയും ചെയ്ത കാര്യം അദ്ദേഹം ശരിയായിത്തന്നെ രേഖപ്പെടുത്തുന്നു. എന്നാല്‍ മലബാറിന്റെ ഭരണം 1792 നു ശേഷം വീണ്ടും ബ്രിട്ടീഷുകാരില്‍ എത്തിയപ്പോള്‍ അത്തരം മാറ്റങ്ങളെ അവര്‍ തിരുത്തുകയും ജന്മി മേല്‍ക്കോയ്മ പുനസ്ഥാപിക്കുകയും ചെയ്തു. ദക്ഷിണ മലബാറിലെ മുസ്‌ളിം ജനവിഭാഗങ്ങളെയാകെ അസ്വസ്ഥരാക്കിയത് ഈ മാറ്റങ്ങളായിരുന്നു എന്ന് പ്രൊഫ.മാധവന്‍ നിരീക്ഷിക്കുന്നു. പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണിത്.

ks.jpg
ഡോ. കെ.എസ്. മാധവന്‍

അതേസമയം മാപ്പിളമാരുടെ കീഴാളസ്വത്വത്തെ കുറിച്ച് അദ്ദേഹം എഴുതിവെച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുതോന്നുന്നു. യഥാര്‍ത്ഥത്തില്‍ മാപ്പിളമാര്‍ക്കു മാത്രമായി എന്ത് കീഴാളസ്വത്വമാണ് ഉണ്ടായിരുന്നത് ? മലബാറിലെ അക്കാലത്തെ കീഴാളജാതികള്‍ അടക്കമുള്ള  ദരിദ്ര-പിന്നോക്ക സമൂഹങ്ങളില്‍ നിന്നും വ്ത്യസ്തമായി അവര്‍ക്ക് എന്ത് സ്വത്വ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത് ? യഥാര്‍ത്ഥത്തില്‍ പ്രൊഫസര്‍ സൂചിപ്പിക്കുന്ന കീഴാളസ്വത്വം മലബാര്‍ സമരത്തിന്റെ പഠനത്തില്‍ അപ്രസക്തമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

അങ്ങേയറ്റം ദുരിതത്തില്‍, അടിമസമാനമായ സാഹചര്യത്തില്‍, കഴിഞ്ഞിരുന്ന സാമൂഹികവിഭാഗങ്ങള്‍ മാപ്പിളമാരോടൊപ്പം  കലാപത്തില്‍ എന്തുകൊണ്ട് പങ്ക് ചേര്‍ന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു. 
സ്ഥാനത്തും അസ്ഥാനത്തും ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന സ്വത്വം എന്ന വിഷയം ചരിത്രവസ്തുതകളുടെ പിന്‍ബലമില്ലാതെ എല്ലായിടത്തും യാന്ത്രികമായി എടുത്തുപയോഗിക്കുന്നത് ശരിയല്ല എന്ന് മാത്രമാണ് സൂചിപ്പിക്കാന്‍ ശ്രമിച്ചത്.
പ്രതിഭ ഉണ്ണി
കൃഷ്ണപ്രഭ​​​​​​​, കോട്ടപ്പടി, മലപ്പുറം.


ബ്രിട്ടീഷുകാരുടെ പിന്മുറക്കാര്‍ മലബാറില്‍ ഇപ്പോഴും അവശേഷിക്കുന്നു

ഡോ. കെ.എസ്. മാധവന്റെ മലബാര്‍ സമരചരിത്രത്തിന്റെ പുനര്‍വായന (പാക്കറ്റ് 31) കാലിക പ്രസക്തവും പണ്ഡിതോചിതവുമായിരുന്നു. ഇതില്‍ രണ്ടു കാര്യങ്ങള്‍ കൃത്യമായി തന്നെ ഉന്നയിച്ചിരിക്കുന്നു. ഒന്ന്, മലബാര്‍ സമരത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുമ്പോള്‍ അതിന്റെ യഥാര്‍ഥ ചരിത്രം അട്ടിമറിച്ച് പുതിയ ഒരാഖ്യാനം നിര്‍മിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം. മലബാര്‍ സമരത്തെ മുന്‍നിര്‍ത്തി മലപ്പുറം കേന്ദ്രമാക്കി, ഒരു മതപരിവര്‍ത്തന ആഖ്യാനം ഉണ്ടാക്കിയെടുക്കല്‍. ലവ് ജിഹാദ് പോലുള്ള വ്യാജ പ്രചാരണം ഒരുവേള മൃദുവാദികളെ ഹൈജാക്ക് ചെയ്തുവെങ്കിലും അത് കേരളീയ പൊതുസമൂഹം തള്ളിക്കളഞ്ഞതിനുപുറകേയാണ് നാളുകളായി ഉന്നയിക്കുന്ന ഈ വാദം അവര്‍ ശക്തമാക്കിയത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വര്‍ഗീയമായ ഇത്തരം ചരിത്രവായനകള്‍ക്ക് വളം വെക്കുന്നതാണ്, മലബാര്‍ സമരചരിത്രത്തെ വൈകാരികമായി ആഘോഷിക്കുന്നവര്‍ ചെയ്യുന്നത്. ഡോ. മാധവന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, സമരത്തിന്റെ കൃത്യമായ പ്രതിനിധാനങ്ങളെക്കുറിച്ചും അതിനുപുറകിലെ സാമൂഹിക- രാഷ്ട്രീയ അടിസ്ഥാനങ്ങളെക്കുറിച്ചും ശാസ്ത്രീയമായ ഒരു ചരിത്രാന്വേഷണം നടത്താനുള്ള ശ്രമം ഇല്ലെന്നുമാത്രമല്ല, കഥകളുടെയും ഭാവനകളുടെയും പുറകെ പോകുകയാണ് ആഘോഷക്കമ്മിറ്റികള്‍ ചെയ്യുന്നത്. ഇതില്‍ പങ്കാളികളാകുന്ന ചില സംഘടനകള്‍ തങ്ങളുടെ ശാക്തീകരണമാര്‍ഗമായാണ് മലബാര്‍ സമരത്തെ വ്യാഖ്യാനിക്കുന്നത് എന്നതും അപകടകരമായ ഒരു കാര്യമാണ്.

Wikimedia Commons
ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

മലബാറിന്റെ ആധുനികവല്‍ക്കരണശ്രമങ്ങള്‍ക്കെതിരെ നടന്ന വലിയൊരു ബ്രിട്ടീഷ് അട്ടിമറി കൂടിയായിരുന്നു മലബാര്‍ സമരമെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നു. അതായത്, ജന്മിത്വത്തിന് എതിരായി നടന്ന കാര്‍ഷിക പരിഷ്‌കാരങ്ങള്‍, ഉല്‍പാദനമേഖലയില്‍ കര്‍ഷകരുടെ അവകാശം ഉറപ്പാക്കാനുള്ള നടപടികള്‍, ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ തുടങ്ങിയ അടിസ്ഥാന സാമൂഹിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്ന ഒരു കാലത്താണ് ബ്രിട്ടീഷുകാര്‍ ഇതെല്ലാം അട്ടിമറിച്ച് ജന്മിത്വം പുനഃസ്ഥാപിക്കുന്നത്. ഇതിനെതിരെയായിരുന്നു 1921 വരെ നീണ്ട സമരപരമ്പരകളുണ്ടായത്. അടിസ്ഥാന വര്‍ഗത്തിന്റെ ഒരു അതിജീവന സമരം കൂടിയായിരുന്നു ഇത്. സവര്‍ണതയുമായുള്ള കൊളോണിയല്‍ ചങ്ങാത്തമാണ് മലബാറിലെ അപരത്വ നിര്‍മിതിയെ ബലപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ഈ അപരത്വപ്രക്രിയയെ ബലപ്പെടുത്തുകയാണ് നൂറുവര്‍ഷങ്ങള്‍ക്കുശേഷവും, മലബാര്‍ സമരങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ആഖ്യാനങ്ങളും ആഘോഷങ്ങളും എന്നത് ചരിത്രത്തിന്റെ ഒരു ദുരന്തം കൂടിയാകുന്നു.
ഡോ. നാദിയ ഹസൻ
ഷാർജ, യു.എ.ഇ


ശാസ്ത്രത്തില്‍ വിശ്വാസിയും അവിശ്വാസിയും ഇല്ല

ശോകകുമാര്‍ വി. എഴുതിയ ലേഖനത്തില്‍ (പാക്കറ്റ് 31) ഇങ്ങനെ പറയുന്നു: "വിശ്വാസിയും അവിശ്വാസിയും ഒന്നിച്ചുറങ്ങുന്ന ഒരു കട്ടിലാണ് ആധുനിക ശാസ്ത്രം. എപ്രകാരമാണോ  ഭരണകൂടാധികാരത്തോടും മൂലധനത്തോടും മതം താദാത്മ്യപ്പെട്ടിരിക്കുന്നത് അതേ വിധത്തില്‍ സയന്‍സും അധികാരത്തിന്റെയും മൂലധനത്തിന്റെയും പതാകയേന്തുന്നുണ്ടിന്ന്.' ഇത് തെറ്റിധാരണാജനകമായ ഒരു പ്രസ്താവനയാണ്. കാരണം, സയന്‍സിന് ഒരിക്കലും വിശ്വാസത്തിന്റെ അടിത്തറയല്ല, യുക്തിയുടെ ബോധ്യമാണുള്ളത്. അതില്‍ വിശ്വാസി- അവിശ്വാസി ദ്വന്ദ്വത്തെ തിരുകിക്കയറ്റുന്നത് ശാസ്ത്രമാത്രവാദത്തിന്റെ സൂത്രവും കെണിയുമാണ്. സയന്‍സ് അല്ല അധികാരത്തിന്റെയും മൂലധനത്തിന്റെയും പതാക ഏന്തുന്നത്, അതിന്റെ പ്രയോഗങ്ങളാണ് എന്നത് കോമണ്‍സെന്‍സ് വെച്ച് ആലോചിച്ചാല്‍ എളുപ്പം പിടികിട്ടുന്ന ഒന്നാണ്. ഗവേഷണങ്ങള്‍ക്ക് നല്‍കപ്പെടുന്ന ഫണ്ട് ഒരിക്കലും ശാസ്ത്രത്തിന്റെ സത്തയെ ബാധിക്കുന്ന ഒന്നല്ല.

packet-31-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 31 കവര്‍

ശാസ്ത്രത്തിന്റെ സ്വതന്ത്രാന്വേഷണങ്ങളെ ഒരു അധികാരത്തിനും മൂലധനത്തിനും തട്ടിയെടുക്കാനാകില്ല. പകരം, മൂലധനം അത്തരം അന്വേഷണങ്ങളുടെ കര്‍തൃത്വത്തില്‍ വരുന്നതോടെ അവ സ്വതന്ത്രമല്ലാതായി മാറുകയാണ് ചെയ്യുന്നത്. കോവിഡ് വാക്‌സിന്റെ കോര്‍പറേറ്റുവല്‍ക്കരണം വരെ, നമുക്കുമുന്നിലുള്ള സംഭവങ്ങള്‍ ഇതാണ് കാണിക്കുന്നത്. ലേഖകന്‍ സൂചിപ്പിക്കുന്ന കാര്‍ഷിക ശാസ്ത്രത്തിന്റെയും കാര്‍ഷിക ഗവേഷണങ്ങളുടെയും കോര്‍പറേറ്റുവല്‍ക്കരണം ഒരു രാഷ്ട്രീയപ്രശ്‌നമാണ്. ആ കാര്‍ഷിക രാഷ്ട്രീയമാണ് ലേഖകന്‍ സൂചിപ്പിക്കുന്ന അധിനിവേശാധികാരമായി മാറിയത്. ശാസ്ത്രത്തിന്റെ ശരിയായ പ്രയോഗമാണ് ഇതിനുള്ള പരിഹാരം. നമ്മുടെ സമകാലിക പ്രശ്‌നങ്ങളായി ലേഖകന്‍ ഉന്നയിക്കുന്ന ഉല്‍പാദന കേന്ദ്രീകരണം, സാമ്പത്തികാസമത്വം, മലീനീകരണം തുടങ്ങിയ പൊതു പ്രശ്‌നങ്ങള്‍ക്കും കോവിഡ് വിരുദ്ധ യുദ്ധം പോലുള്ള സമകാലിക പ്രതിസന്ധികള്‍ക്കും മനുഷ്യനും പ്രകൃതിക്കും വഴികാട്ടുന്നത് ശാസ്ത്രം മാത്രമാണ്. അതിന്റെ പ്രയോഗം കുറെക്കൂടി ജൈവികമാക്കാനുള്ള ഉത്തരവാദിത്തം മനുഷ്യന്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിനാണുള്ളത്.
സുദേഷ് എം. കൃഷ്ണൻ
സിംഗപ്പൂർ


ഒരു കവിതയിലെ രണ്ടു കവികള്‍

നിത തമ്പിയുടെ കവിത, "ഭരണഘടനക്ക് ഒരടിക്കുറിപ്പ്' (പാക്കറ്റ് 31) പുതിയൊരു വായനാനുഭവമായിരുന്നു. അടിക്കുറിപ്പു കവിതകള്‍ ഏറെ വായിച്ചിട്ടുണ്ട്. എന്നാല്‍, അടിക്കുറിപ്പ് തന്നെ കവിതയായി മാറുന്നു ഈ കവിതയില്‍. മുകളില്‍ കൊടുത്ത വരികള്‍ വിട്ടുപോയാലും അടിക്കുറിപ്പുകള്‍ അതിശക്തമായ ഒരു കവിതാഖണ്ഡമായി നിലനില്‍ക്കുന്നു. മാത്രമല്ല, കവിതാശരീരത്തില്‍ കവി നടത്തുന്ന ഒരു പരീക്ഷണം കൂടിയാണിത്.

anitha.jpg
അനിത തമ്പി

പ്രത്യക്ഷത്തിലുള്ള വരികളില്‍ മാത്രമായി ഇന്ന് കവിതക്ക് കെട്ടിക്കിടക്കാന്‍ കഴിയില്ല എന്നത് കാവ്യാനുഭവത്തിന്റെ അടിസ്ഥാനമാണ്. എന്നാല്‍, കാവ്യഘടനയുടെ പ്രതീക്ഷിതത്വത്തെ പൊളിച്ചുകളഞ്ഞ് പലമട്ടുകളിലേക്ക്, പല വിതാനങ്ങളിലേക്ക്, പലതരം നാനാര്‍ഥങ്ങളിലേക്ക് ഒരു വാക്കിനെ എറിഞ്ഞുവിടുകയാണ് കവി. കവിതയിലെ കവി അടിക്കുറിപ്പിലെ കവിയെ നിരസിക്കുകയും പരിമിതത്വത്തെ ഒട്ടൊക്കെ പരിഹസിക്കുകയും സ്വന്തം വാക്കുകള്‍ തന്നെ കെണികളാകുന്ന ദുരന്തത്തെ ധീരമായി തിരുത്തുകയും ചെയ്യുന്നു. അങ്ങനെ രണ്ടു വ്യത്യസ്ത കവികള്‍ ഒരു കവിതയെ പലമട്ടില്‍ വികസിപ്പിച്ചെടുക്കുന്ന അപൂര്‍വമായ ഒരനുഭവം.
ഏഞ്ചൽ അഗസ്റ്റിൻ
നിരവിൽപുഴ, വയനാട്

കവിതയില്‍ ഭാഷയുടെ അഴിഞ്ഞാട്ടം തീവ്രമാകട്ടെ

വി വായന എന്ന പംക്തില്‍ ശ്രീകുമാര്‍ കരിയാട് എഴുതിയ തൊലിപ്പുറത്തല്ല തോലന്‍ (പാക്കറ്റ് 31) എന്ന പഠനം വളരെ മികച്ചതായി. മലയാളത്തിലെ പുതിയ കവിതയുടെ ഭാഷ പലതരം ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന ഒരു സമയം കൂടിയാണിത്. ദളിതനും സ്ത്രീക്കും കടലോരവാസിക്കും ഗോത്രവര്‍ഗക്കാരനുമൊന്നും അവരുടേതായ കാവ്യഭാഷ ആവശ്യമില്ലെന്നും പൊതുഭാഷയിലേക്ക് ഈ ഭാഷാ അസ്തിത്വങ്ങളെ 'വികസിപ്പിക്കണം' എന്നുമുള്ള വാദങ്ങള്‍ വരുന്നുണ്ട്. എന്നാല്‍, ഭാഷയെ മൂര്‍ച്ചയുള്ള രാഷ്ട്രീയായുധമായി ഉപയോഗിച്ചതിന്റെ സാക്ഷ്യങ്ങളാണ് തോലന്റെ വാക്ക്പ്രയോഗങ്ങള്‍. ഭാഷയുടെ രാഷ്ട്രീയമായ പ്രയോഗസാധ്യതകള്‍ 'പ്രാചീനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കാലത്തുപോലും കവിതയിലുണ്ടായിരുന്നുവെന്നത് വിസ്മയകരമാണ്. അധികാരവും ആണത്തവും സവര്‍ണതയും ആഢ്യത്തവുമെല്ലാം കുടഞ്ഞെറിഞ്ഞ മൊഴികള്‍. ശ്രീകുമാര്‍ എഴുതുന്നതുപോലെ 'ഹൈ കള്‍ച്ചറിനെതിരെ ലോ കള്‍ച്ചര്‍' നടത്തിയ ഒരു ഒളിപ്പോര്. കുഞ്ചന്‍ നമ്പ്യാരിലെ പ്രകടന പരതയേക്കാള്‍ അടക്കിപ്പിടിച്ച രൂക്ഷവികടത്വങ്ങളായിരുന്നു തോലനില്‍ പ്രവര്‍ത്തിച്ചത്.

sreekumar
ശ്രീകുമാർ കരിയാട്

കാവ്യഭാഷയെക്കുറിച്ചുള്ള ചര്‍ച്ചയെ ഏറെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു നിരീക്ഷണം കൂടിയാണ് ഈ ലേഖനം മുന്നോട്ടുവെക്കുന്നത്. അധികാരത്തിന്റെ ആയുധമായിരുന്നു എക്കാലത്തും ഭാഷ. കല, ്അതിന്‍േറതായ സ്വന്തം ഭാഷ രൂപപ്പെടുത്തിക്കൊണ്ടാണ് ഭാഷയുടെ അധികാരപ്രയോഗത്തെ നേരിട്ടത്. ഭാഷയുടെ ബഹുസ്വരതയാണ് ശരിക്കും അതിന്റെ ബലം. സ്ത്രീയുടെയും ഗോത്രവര്‍ഗക്കാരന്റെയും ദളിതന്റെയും ഭാഷ അവരുടെ ആവിഷ്‌കാരങ്ങളേക്കാളുപരി അവരുടെ രാഷ്ട്രീയ പ്രയോഗങ്ങള്‍ കൂടിയായിരുന്നുവെന്ന് ഓര്‍ക്കണം. മലയാള കവിതയിലും ഇത്തരം ഭാഷാപ്രയോഗങ്ങളുണ്ടായി വന്നത്, കവിത രാഷ്ട്രീയമായി വികസിച്ചതിന്റെ അടയാളമായിട്ടാണെടുക്കേണ്ടത്. അല്ലെങ്കില്‍ അത് മണിപ്രവാളത്തില്‍ കെട്ടിനിന്നേനേ. അത്തരം വൈവിധ്യങ്ങളെ സമീകരിച്ചുകൊണ്ടല്ല, കവിതക്ക് 'പൊതുവിടം' സൃഷ്ടിച്ചെടുക്കേണ്ടത്. മാത്രമല്ല, കവിതക്ക് പൊതുവിടങ്ങള്‍ ആവശ്യമേയില്ല. പുതിയ മലയാള കവിത തന്നെ ശ്രദ്ധിക്കൂ. എന്തുമാത്രം ശബ്ദങ്ങളും ഭാഷകളുമാണ് അതില്‍ അഴിഞ്ഞാടുന്നത്. ആ അഴിഞ്ഞാട്ടങ്ങള്‍ തീവ്രമാകട്ടെ എന്നുമാത്രമേ നല്ല കവിതയെ സ്‌നേഹിക്കുന്നവര്‍ക്ക് ആഗ്രഹിക്കാന്‍ കഴിയൂ.
സി.എം.റഫീക്ക്
പെരിന്തൽമണ്ണ, മലപ്പുറം


ക്ലാസ് റൂമില്‍നിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവം

ക്ലാസ് റൂം ഓര്‍മകളില്‍ ബി. രവികുമാര്‍ എഴുതിയ നൂറുകിലോ ഭാരമുള്ള ഗുണ്ട എന്ന അനുഭവക്കുറിപ്പ് (പാക്കറ്റ് 31) ശരിക്കും ഞെട്ടിക്കുന്നതാണ്. വിദ്യാര്‍ഥികളുടെ ഭാവിയെ ഒരു മുതിര്‍ന്ന അധ്യാപകന്‍ എങ്ങനെയാണ് പന്താടുന്നത് എന്നതിന്റെ വെളിപ്പെടുത്തല്‍. എന്തുമാത്രം ഉദാസീനതയോടെയാണ് സ്വതവേ പിന്തിരിപ്പനായ നമ്മുടെ പരീക്ഷാസമ്പ്രദായത്തെ ഇത്തരം അധ്യാപകര്‍ കൂടുതല്‍ വിദ്യാര്‍ഥി വിരുദ്ധമാക്കുന്നത് എന്ന് രവികുമാര്‍ സരസമായി എഴുതുന്നു.

ravikumar
ബി.രവികുമാർ

സമാനമായ എത്രയോ അനുഭവങ്ങള്‍ ഈ അധ്യാപകന്റെ മറ്റു വിദ്യാര്‍ഥികള്‍ക്കുണ്ടായിക്കാണണം? സര്‍വകലാശാലാ പരീക്ഷകളെ വൈജ്ഞാനികമായി ജനാധിപത്യവല്‍ക്കരിക്കേണ്ടതിന്റെ അനിവാര്യത കൂടി ബി. രവികുമാര്‍ എഴുതിയ കുറിപ്പിലുണ്ട്. അതിന് ഏറ്റവും തടസമായി നില്‍ക്കുന്നത് അധ്യാപകര്‍ തന്നെയാകും. കാരണം സ്വയം പഠിക്കാനും തിരുത്താനും ഏറ്റവും വിമുഖരായവര്‍ അധ്യാപകര്‍ ആണെന്നത് ഒരു സത്യമാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവരുന്ന ഏതൊരു മാറ്റത്തെയും പരിഷ്‌കരണത്തെയും നിശ്ശബ്ദമായി അട്ടിമറിക്കുന്നത് അധ്യാപകരാണ്. കോവിഡ് ഉണ്ടാക്കിയ നല്ല പ്രത്യാഘാതങ്ങളിലൊന്ന്, ഇത്തരം അധ്യാപകരില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യമാണ്.
ഡോ. നിർമല വാരിയർ
കോട്ടക്കൽ, മലപ്പുറം


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media