Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 32 ലെ ശ്രുതിൽ മാത്യുവിന്റെ 'ഊത്ത' എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം.
Text Formatted

സമയംകൊല്ലികളുടെ ക്ലബ് ഹൗസ്

റെ പ്രസക്തമായ ഒരു വിഷയമാണ് വെബ്‌സീന്‍ പാക്കറ്റ് 32 ചര്‍ച്ച ചെയ്തത്. സംവാദങ്ങള്‍ക്കുള്ള സ്‌പെയ്‌സ് കൂടുംതോറും അത് അത്രയും ജനാധിപത്യവിരുദ്ധമാകുന്നു എന്നത് ഒരു വിരോധാഭാസം കൂടിയാണ്. മാത്രമല്ല, പൊതുമണ്ഡലത്തില്‍നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കാന്‍ മുമ്പ് പ്രയോഗിക്കപ്പെട്ടിരുന്ന അതേ ടൂളുകള്‍ ഇന്നും അതേ തീവ്രതയോടെ തിരിച്ചുവരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന സംവാദ പങ്കാളിത്തത്തിലുള്ള അസഹിഷ്ണുത ഇതാണ് കാണിക്കുന്നത്. ജെ. ദേവികയെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന ഈ അസഹിഷ്ണുത, സോഷ്യല്‍ മീഡിയ എന്ന "നവീന' പ്ലാറ്റ്‌ഫോമിന്റെ യാഥാസ്ഥിതികത നഗ്‌നമായി വെളിപ്പെടുത്തുന്നു. നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുവന്ന, കാമ്പില്ലാത്ത ഒരുതരം താര്‍ക്കികതയുടെ സംവാദ സംസ്‌കാരം സോഷ്യല്‍ മീഡിയയെയും വന്‍തോതില്‍ സ്വാധീനിച്ചതായി കാണാം.

packet-32-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 32 കവര്‍

മുഖ്യാധാരാ മാധ്യമങ്ങളുടെ ചര്‍ച്ചാ പ്ലാറ്റ്‌ഫോമുകളില്‍ രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീകളെ ഇന്നും കാണാന്‍ കിട്ടില്ല. പാര്‍ട്ടിക്കാര്‍ നിയോഗിക്കുന്ന വക്താക്കളുടെയും സ്ഥിരം നിരീക്ഷകരുടെയും ചര്‍വിതചര്‍വണങ്ങളാണ് ദിവസവും രാത്രികളില്‍ ഈ മാധ്യമങ്ങള്‍ കാണികള്‍ക്കുമേല്‍ ഛര്‍ദ്ദിച്ചിടുന്നത്. ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ പോലും ഇതിന്റെ വികൃതമായ അനുകരണം കാണാം. പല ക്ലബ് ഹൗസ് റൂമുകളും മൗലികമല്ലാത്ത സംസാരങ്ങളാല്‍ വിരസവും സമയം കൊല്ലികളുടെ താവളങ്ങളുമായി എത്രവേഗമാണ് മാറിയത്! സംസാരിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുതരത്തിലുമുള്ള തിരിച്ചറിവും ഇവിടെനിന്നും കിട്ടുന്നില്ല. മാത്രമല്ല, ഈ പ്ലാറ്റ് ഫോമുകളിലെല്ലാം മലയാളി അവരുടെ പിന്തിരിപ്പനായ എല്ലാ ക്ലാസിഫിക്കേഷനുകളും കൃത്യമായി പിന്തുടരുകയും ചെയ്യുന്നു.
ഒരു ജനാധിപത്യ പൗര സമൂഹത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സംവാദത്തിനുള്ള സ്‌പെയ്‌സ് വികസിപ്പിക്കുക എന്നത്. ഈ വിഷയത്തെ വിമര്‍ശനാത്മകമായും സമഗ്രമായും രേഖപ്പെടുത്തി ഈ പാക്കറ്റ്.
പ്രിയ അഗസ്റ്റിൻ
ഷെഫീൽഡ്, യു.കെ.


മാധ്യമങ്ങള്‍ സാധ്യമാക്കിയ ആ തുടര്‍ഭരണങ്ങള്‍ക്കുപിന്നില്‍

നാധിപത്യത്തിന്റെ കപടമായ ചില അനുഭവങ്ങളെ ഉറപ്പിച്ചെടുക്കാന്‍ മാധ്യമങ്ങള്‍ എന്തുമാത്രം ഉപയോഗിക്കപ്പെടുന്നു എന്ന ജയറാം ജനാര്‍ദ്ദനന്റെ നിരീക്ഷണം (പാക്കറ്റ് 32) ശരിയായ ഒന്നാണ്. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന, നരേന്ദ്രമോദിയുടെ "ജനപ്രീതി' തന്നെ മികച്ച ഉദാഹരണം. മോദിയുടെയും ബി.ജെ.പിയുടെയും തുടര്‍ഭരണം, രാജ്യത്ത് നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളുടെ വലിയൊരു നിഷേധമായിരുന്നു. മാത്രമല്ല, ഏറ്റവും കഴിവുകെട്ട സര്‍ക്കാര്‍ എന്ന് കോവിഡുകാലത്ത് ആഗോളതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിട്ടും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെയും നേതാവിന്റെയും "സമ്മതി'ക്ക് വലിയ ഇടിവൊന്നും സംഭവിക്കുന്നില്ല എന്നോര്‍ക്കണം.

jayaram
ജയറാം ജനാർദ്ദനൻ

നമ്മുടെ മാധ്യമങ്ങള്‍ക്ക് പൊതുബോധത്തെ എന്തുമാത്രം വലതുപക്ഷവല്‍ക്കരിക്കാന്‍ കഴിയുന്നു എന്നതിന്റെ കൂടി ഉദാഹരണമാണിത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന് ലഭിച്ച തുടര്‍ഭരണത്തിലും ഇതേ വലതുപക്ഷ യുക്തി തന്നെയാണ് പ്രവര്‍ത്തിച്ചത് എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമില്ല. കാരണം, പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ ചുറ്റിപ്പറ്റി പാര്‍ട്ടിയും ഫാന്‍ സമൂഹവും പ്രത്യക്ഷമായും അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളിലൂടെ എതിര്‍പക്ഷവും ഒന്നുചേര്‍ന്ന് സൃഷ്ടിച്ചെടുത്ത അരാഷ്ട്രീയമായ ഒരു പ്രതിച്ഛായാ നിര്‍മിതി കേരളത്തില്‍ ബലംവെച്ചുവരുന്ന വലതുപക്ഷ മധ്യവര്‍ഗത്തെ സ്വാധീനിച്ചതിന്റെ കൂടി ഫലമാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ തുടര്‍ഭരണം. എല്‍.ഡി.എഫിന്റെ ഈ വിജയത്തില്‍ "ഇടതുപക്ഷ' ത്തിന്റെ പങ്ക് എത്രമാത്രമുണ്ട് എന്നത് ശാസ്ത്രീയമായി വിലയിരുത്താനുള്ള ശേഷി നമ്മുടെ മാധ്യമങ്ങള്‍ക്കില്ലാതെ പോയി. ഇങ്ങനെ വ്യക്തിപരവും അരാഷ്ട്രീയവും വലതുപക്ഷവുമായ ഒരു പൊതുബോധ നിര്‍മിതിയാണ് ഇന്ന് സോഷ്യല്‍ മീഡിയ അടക്കമുള്ള സംവാദ മണ്ഡലങ്ങള്‍ നിര്‍വഹിക്കുന്നത്. അവ ഒരുതരത്തിലും നമ്മുടെ സമൂഹത്തെ മുന്നോട്ടുനയിക്കുകയല്ല ചെയ്യുന്നത്. പ്രസക്തമായ അഭിപ്രായപ്രകടനങ്ങളുടെ വേറിട്ട ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയ വെബ്‌സീനിന് അഭിനന്ദനങ്ങള്‍.
സി.എ.എ. റഹ്മാൻ
ദോഹ, ഖത്തർ

ഇടതുവലതുഭേദമില്ലാത്ത സംവാദ മണ്ഡലങ്ങള്‍

ലിബറല്‍, ജനാധിപത്യ സംവിധാനങ്ങള്‍ എങ്ങനെയാണ് ഫാസിസത്തിന് വളക്കൂറുള്ള മണ്ണാകുന്നത് എന്ന ദാമോദര്‍ പ്രസാദിന്റെ അന്വേഷണം (പാക്കറ്റ് 32) മാധ്യമങ്ങളില്‍ നടക്കുന്ന സംവാദങ്ങളുടെ അപകടകരമായ പോക്കിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയാണ്. ഉദാഹരണത്തിന്, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വതന്ത്രമായ അഭിപ്രായപ്രകടനമെന്ന അവകാശം റദ്ദാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ ശക്തികള്‍ തന്നെയാണ്, ഈ അവകാശത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എന്നു കാണാം. അഭിപ്രായപ്രകടനത്തിന്റെ ഏതൊരു സ്‌പെയ്‌സിനെയും ഏറ്റവും "കാര്യക്ഷമ'മായി ഉപയോഗപ്പെടുത്തുന്നത് വലതുപക്ഷമാണ്. സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ സമൂഹത്തെ മുന്നോട്ടുനയിച്ചിട്ടുള്ള ജനാധിപത്യത്തെയും ബഹുസ്വരതയെയും മതേതരത്വത്തെയും കുറിച്ചെല്ലാം കടുത്ത അവിശ്വാസം ജനിപ്പിക്കാന്‍ വലതുപക്ഷം ഏറ്റവും സമര്‍ഥമായി ഉപയോഗിക്കുന്നത് ഇത്തരം സംവാദ സ്‌പെയ്‌സുകളെയാണ്.

damodar-prasad-writes
ദമോദർ പ്രസാദ്

ഇടതുപക്ഷം അടക്കമുള്ള എല്ലാ എതിര്‍ ശബ്ദങ്ങളെയും തങ്ങളുടെ മാര്‍ഗത്തിലേക്കുനയിക്കാന്‍ കഴിഞ്ഞുവെന്നതാണ് വലതുപക്ഷം സമീപകാലത്ത് നേടിയെടുത്ത ഒരു വലിയ നേട്ടം. കേരളം പോലെ, പൊതുബോധത്തില്‍ ഇടതുപക്ഷം സ്വാധീനം ചെലുത്തുന്നുവെന്ന് കരുതപ്പെടുന്ന ഒരിടത്ത് നടക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഒരുതരത്തിലുമുള്ള ബൗദ്ധിക നിലവാരവുമില്ലാതെ, വ്യക്തികേന്ദ്രീകൃതമായ ആക്രമണങ്ങളാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ ഇടതുപക്ഷ പ്രതിനിധാനങ്ങള്‍ പോലും നടത്തുന്നത്. വലതുപക്ഷ അജണ്ടയുടെ സ്ഥിരീകരണമാണ് ഇതിലൂടെ സംഭവിക്കുന്നത്. അതുകൊണ്ടാണ്, ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ വ്യാജ പ്രൊഫൈലുകള്‍ക്ക് യഥാര്‍ഥ ഇടതുപക്ഷമെന്ന ഖ്യാതി നേടിയെടുക്കാന്‍ കഴിയുന്നത്. നിലവിലെ സംവാദ മണ്ഡലങ്ങള്‍ ഇടത്, വലത് ഭേദങ്ങള്‍ തീര്‍ത്തും മാച്ചുകളഞ്ഞിരിക്കുന്നു. എല്ലാം വലതായി മാറിക്കൊണ്ടിരിക്കുന്നു.
ജസീന എം.ജെ.
പോണ്ടിച്ചേരി


പാര്‍ശ്വവല്‍കൃതരുടെ ഇടം എവിടെയാണ്?

സംവാദങ്ങളിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍, എം. കുഞ്ഞാമന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമായി തോന്നി. കാരണം, സ്വന്തം പ്രവര്‍ത്തനമേഖലകളിലെല്ലാം ചോദ്യം ചെയ്യലുകളിലൂടെ സംവാദത്തെ വിട്ടുവീഴ്ചയില്ലാത്ത ഒരു ടൂളായി വികസിപ്പിച്ചെടുത്ത ആള്‍ കൂടിയാണ് അദ്ദേഹം. "എതിര്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴും അധ്യാപകനായിരിക്കുമ്പോഴും നടത്തിയ രണ്ട് സവിശേഷമായ ഇടപെടലുകളെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന്, അദ്ദേഹത്തിന്റെ റിസര്‍ച്ച് ഗൈഡായിരുന്ന ഡോ. കെ.എന്‍. രാജുമായി ബന്ധപ്പെട്ടതാണ്. ക്ലാസില്‍ രാജിനെ കുഞ്ഞാമന്‍ പലപ്പോഴും ചോദ്യം ചെയ്തിരുന്നു. "ഇത് വരേണ്യവര്‍ഗത്തിന്റെ സാമ്പത്തിക ശാസ്ത്രമാണ്' എന്ന് കുഞ്ഞാമന്‍ പറയും. "എങ്കില്‍, എന്താണ്? ഇതല്ലാത്തത്?' എന്ന് രാജ് തിരിച്ചുചോദിക്കും.
​​​​​​​"ഇത് എന്നെപ്പോലുള്ളവരുടെ സാമ്പത്തികശാസ്ത്രമല്ല എന്ന് അറിയാം, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളില്‍നിന്ന് ആളുകള്‍ വരണം എന്ന്' എന്ന് അദ്ദേഹം മറുപടി പറയും. "യു ആര്‍ ക്വസ്റ്റനിംഗ് ദി ഹൈറാര്‍ക്കി, വാട്ട് യു കാന്‍ ഡു?' എന്ന് ഒരിക്കല്‍ രാജ് ചോദിച്ചപ്പോള്‍ കുഞ്ഞാമന്‍ പറഞ്ഞു:  ""അങ്ങനെ ഉയരത്തില്‍നിന്ന് സംസാരിക്കരുത്. താങ്കള്‍ ബ്രിട്ടീഷുഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കള്‍ ഇങ്ങനെ ഉയര്‍ന്നുവന്നത് അനുകൂല സാഹചര്യങ്ങളില്‍നിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന്, നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വന്നവരാണ്. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെപ്പോലുള്ളവരോട് എതിര്‍പ്പുണ്ട്. എനിക്ക് ആ എതിര്‍പ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്റെ ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. താങ്കള്‍ക്ക് അത് ഇഷ്ടമല്ലെങ്കില്‍ ഒ.കെ എന്നുമാത്രമേ പറയാനാകൂ. താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു  നോബല്‍ സമ്മാനജേതാവായേനേ. ഈ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്.''

kunjaman-inside.jpg
എം. കുഞ്ഞാമൻ

മഹാരാഷ്ട്രയില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തുല്‍ജാപുര്‍ കാമ്പസില്‍ അധ്യാപകനെന്ന നിലയ്ക്കുള്ള മറ്റൊരു സന്ദര്‍ഭം കൂടി കുഞ്ഞാമന്‍ വിവരിക്കുന്നുണ്ട്, ഈ പുസ്തകത്തില്‍: ""അക്കാദമിക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദളിത് വിദ്യാര്‍ഥികളുടെ പങ്കാളിത്തം സജീവമല്ല. എന്നാല്‍, അംബേദ്കറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ സജീവമാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്, ഒന്ന്; അംബേദ്കറിസം അവരുടെ ഹോം ഗ്രൗണ്ട് ആണ്. രണ്ട്, ഇത്തരം ചര്‍ച്ചക്ക് ദളിത് വിദ്യാര്‍ഥികളേ വരൂ. അക്കാദമിക് പൊതുലോകം തങ്ങളുടേതല്ല എന്ന് അവര്‍ തിരിച്ചറിയുന്നു, അവിടെ അവര്‍ അന്യരും അപരരുമാണ്, ഇന്നും''. സംവാദത്തെ ഇങ്ങനെ റാഡിക്കലൈസ് ചെയ്യാന്‍ കഴിവുള്ളവര്‍ എത്രത്തോളം ഇന്ന് നമുക്കിടയിലുണ്ട്? ഭാഷയുടെയും തര്‍ക്കിക്കാനുള്ള ശേഷിയുടെയും അടിച്ചിരുത്താനുള്ള ബലത്തിന്റെയുമൊക്കെ മറവിലാണ് ഇന്ന് ഒരു വാദം സ്ഥാപിക്കപ്പെടുന്നത്. ഒന്നുകില്‍ ആരാധനയുടെയോ അല്ലെങ്കില്‍ വിദ്വേഷത്തിന്റെയോ ഒരു തലം മാത്രമേ ഇവിടെ സാധ്യമാകുന്നുള്ളൂ. കുഞ്ഞാമന്‍ പറയുന്നതുപോലെ, ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കുന്നത് അവരല്ല, അവരുടെ പേരില്‍ മറ്റുള്ളവരാണ്. പാര്‍ശ്വവല്‍കൃതര്‍ക്ക് തുറന്നിടപെടാന്‍ കഴിയുന്ന ഒരു സംവാദഭൂമി ഇനിയും ജനാധിപത്യപരമായി വികസിച്ചുവന്നിട്ടില്ല. ഡിജിറ്റല്‍ ഡിവൈഡുപോലെയുള്ള സാമൂഹികമായ ഒരു ഡിവൈഡ് ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരുതരം വരേണ്യത സംവാദത്തിന്റെയും അതിന്റെ ടൂളുകളിലും പിടിമുറുക്കിയിരിക്കുന്നു.
ബുഷ്റ സമീർ
പെരുമ്പാവൂർ, എറണാകുളം


ഡിജിറ്റല്‍ സ്‌പെയ്‌സ് കൂടുതല്‍ യാഥാസ്ഥിതികമാണ്

നാധിപത്യത്തില്‍ നിശ്ശബ്ദരാക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദങ്ങള്‍ക്കും അദൃശ്യമായ വിഷയങ്ങള്‍ക്കും ഇടം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന ജെ. ദേവികയുടെ കണ്ടെത്തല്‍ (തെറിവിളിയെ തൊലിയുരിക്കാന്‍ കഴിയുന്ന ഒരു മറുഭാഷയെക്കുറിച്ച്, പാക്കറ്റ് 32) വിശകലനം അര്‍ഹിക്കുന്ന ഒന്നാണ്. 
ഡിജിറ്റല്‍ മാധ്യമലോകം തുറന്നുവിട്ട സംവാദ സ്‌പെയ്‌സ് സാങ്കേതികമായ അര്‍ഥത്തില്‍ മാത്രമുള്ള ഒന്നാണെന്നും അത് ഒരുവിധത്തിലും ബൗദ്ധികമോ സാംസ്‌കാരികമോ ആയ സ്വാധീനമായി മാറുന്നില്ലെന്നുമാണ് ഇപ്പോഴത്തെ സംവാദങ്ങളുടെ സ്വഭാവം കാണിക്കുന്നത്.

jd
ജെ. ദേവിക

മാത്രമല്ല, ദേവിക ചൂണ്ടിക്കാട്ടുന്നതുപോലെ, മുമ്പ് സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ ഇടപെടുമ്പോള്‍ അഭിമുഖീകരിച്ചിരുന്ന പുരുഷാധിപത്യപരമായ ആക്ഷേപങ്ങള്‍ ഇന്ന് കുറെക്കൂടി നിശിതമാകുകയും ക്രൂരമാകുകയും ചെയ്തിരിക്കുന്നു. ചെറുത്തുനില്‍പ്പിനുള്ള ബലം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന സ്ത്രീകള്‍ ആര്‍ജിച്ചിട്ടുണ്ടെന്നത് ശരിയാണ്. എങ്കിലും, സംഘടിതമായ ആക്രമണങ്ങള്‍ ഒരു വലിയ വിഭാഗത്തെ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഇത് ഇടയാക്കും. പ്രത്യേകിച്ച്, സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ ഇന്നും നമ്മുടെ സംവിധാനങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെയാണെന്നുമാത്രമല്ല, എന്തിനാണ് പരാതി കൊടുക്കുന്നത് എന്ന പൊതുബോധത്തില്‍ ഉറച്ചതുമാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കുക സാധാരണക്കാര്‍ക്ക് എളുപ്പമല്ല.
ജെന്നിഫർ കെ. മാർട്ടിൻ
കെൻറക്കി, യു. എസ്. എ.


ആയുര്‍വേദവുമായി ആധുനിക വൈദ്യത്തിന് സംവാദമാകാം

ധുനിക വൈദ്യവും ഹോമിയോപ്പതിയും ആയുര്‍വേദവും തമ്മില്‍ ഒരു സംവാദത്തിന് പ്രസക്തിയില്ലെന്ന് ഡോ. കെ.പി. അരവിന്ദന്‍ പറയുന്നു (പാക്കറ്റ് 32). എന്നാല്‍, ഹോമിയോപ്പതിയെ മാറ്റിനിര്‍ത്തിയാല്‍, ആയുര്‍വേദവുമായി പല നിലയ്ക്കും മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ പലതരം സമ്പര്‍ക്കങ്ങള്‍ പുലര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആയുര്‍വേദവുമായി ചില തലങ്ങളിലെങ്കിലും മോഡേണ്‍  മെഡിസിന് സംവാദം സാധ്യമാകേണ്ടതാണ്. ഡോ. അരവിന്ദന്‍ സൂചിപ്പിക്കുന്ന ആയുര്‍വേദത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അതിന്റെ അകത്തുനിന്നുമാത്രമല്ല, ആധുനിക വൈദ്യത്തിന്റെ മെത്തേഡുകളും ഉപയോഗിക്കാനാകുമോ എന്നത് ചിന്തനീയമാണ്. അല്ലാതെ, ശാസ്ത്രത്തിന് അതിരുകള്‍ നിശ്ചയിക്കുന്നത്, അതിന്റെ മുരടിപ്പിനുമാത്രമേ സഹായിക്കൂ. ഡോ. വല്യത്താനെപ്പോലുള്ളവരുടെ സമീപനം ഇക്കാര്യത്തില്‍ മാതൃകാപരമാണ് എന്നുതോന്നിയിട്ടുണ്ട്.
ഡോ. ഷിബു എം.
മംഗലാപുരം

kp-a_0.jpg
ഡോ. കെ.പി. അരവിന്ദന്‍

വിമര്‍ശനത്തിന്റെ സര്‍ഗാത്മകത പരിഷത്ത് വീണ്ടെടുക്കണം

ടതുപക്ഷ സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിനോടുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റിന്റെ നിലപാട് വായിച്ചു (പാക്കറ്റ് 32). നവ ലിബറല്‍ നയങ്ങളിലൂന്നിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാറിന് വലിയ പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, കേരള സര്‍ക്കാറിന്റെ നയങ്ങളിലും ഇതേ നവ ലിബറലിസം സ്വാധീനം ചെലുത്തുന്നില്ലേ? ചര്‍ച്ച ചെയ്യുന്ന വികസനം തന്നെയെടുക്കാം. മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തുന്ന പദ്ധതികളല്ലേ ഇടതുസര്‍ക്കാറിന്റെ അജണ്ടയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നത്. കെ റെയില്‍ ഉദാഹരണം. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നാലുമണിക്കൂര്‍ നേരം കൊണ്ട് എത്തേണ്ടത് കേരളത്തില്‍ ആരുടെ ആവശ്യമാണ്? ഇതിനുവേണ്ടി വീടും ഭൂമിയും ഉപേക്ഷിച്ച് ഒഴിഞ്ഞുപോകേണ്ടിവരുന്നവരുടെ ശിഷ്ടജീവിതത്തിന് എന്തുഗ്യാരണ്ടിയാണ് സര്‍ക്കാറിനുള്ളത്? നവ ലിബറലിസത്തിന്റെ ഭാഗമായി ദരിദ്രവല്‍ക്കരിക്കപ്പെടുന്നവര്‍ക്കുള്ള സഹായമെന്ന നിലയ്ക്കാണ് വെല്‍ഫെയര്‍ പൊളിറ്റിക്‌സ് ഇടതുപക്ഷം പയറ്റുന്നത്.

muraleedharan (1).jpg
എ.പി. മുരളീധരന്‍

എന്നാല്‍, സ്ഥായിയായ എന്ത് പരിഹാരമാണ് ഈ ഭക്ഷ്യധാന്യക്കിറ്റുകള്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്നത്? ദാരിദ്ര്യത്തെ സ്ഥായിയായി നിലനിര്‍ത്തുന്ന ഒരു സംവിധാനമല്ലേ ഇത്? ഇടതുപക്ഷത്തെ വിമര്‍ശിക്കാനുള്ള നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍, അക്കാര്യങ്ങളിലൊന്നും പരിഷത്ത് വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല. പരിഷത്തിന്റെ ഇടതുപക്ഷം, ഇടതുപക്ഷ വിധേയത്വമായി പലപ്പോഴും മാറുന്നുണ്ട്. വിമര്‍ശനത്തെ സര്‍ഗാത്മകമായി വികസിപ്പിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു സംഘടനയാണ് പരിഷത്ത്. മുമ്പ് പലപ്പോഴും അത് സംഘടന നിറവേറ്റിയിട്ടുമുണ്ട്. എന്നാല്‍, അത്തരം വിമര്‍ശനം ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ പരിമിതികള്‍, സമ്മര്‍ദങ്ങള്‍ എന്നൊക്കെയുള്ള ദുര്‍ബലമായ വാദഗതികള്‍ ഉയര്‍ത്തുന്നത് പരിഹാസ്യമാണ്.
സി.കെ.അരവിന്ദ്
മാള, തൃശുർ


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media