കത്തുകള്‍
വായനക്കാർ

ജെനി റെവേനയുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന മലയാളിയായ പ്രൊഫ. ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവേനയുടെ വെളിപ്പെടുത്തലിന്റെ (വെബ്സീന്‍, പാക്കറ്റ് 33) ഞെട്ടലില്‍നിന്ന് ഇതുവരെ മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ജയിലുകളില്‍ തടവില്‍ കിടക്കുന്ന യു.എ.പി.എ തടവുകാരുടെ ജീവിതം മാത്രമല്ല, അവര്‍ വരച്ചുകാട്ടുന്നത്, ഒപ്പം, നിയമവിരുദ്ധമായി തടവില്‍ കിടക്കുന്ന മനുഷ്യരുടെ കുടുംബങ്ങളുടെ അവസ്ഥ കൂടി അവരുടെ എഴുത്തിലുണ്ട്.
വേട്ടയാടപ്പെടുന്ന സ്വന്തം ജീവിതത്തിനുമുന്നില്‍നിന്ന് എന്തുമാത്രം പാകതയോടെയും രാഷ്ട്രീയബോധ്യത്തോടെയാണ് അവര്‍ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുന്നത്. വീട്ടിലെത്തി പൊലീസ് നടത്തിയ റെയ്ഡും അതിനോടുള്ള അവരുടെ 15 വയസ്സുകാരിയായ മകളുടെ പ്രതികരണവും മറക്കാനാകാത്തതാണ്. ഒപ്പമുള്ള ഒരാളെ പൊലീസ് അന്യായമായി പിടിച്ചുകൊണ്ടുപോയിട്ടും, അത് നിയമവിരുദ്ധമായ ഒരു നടപടിയാണെന്ന തിരിച്ചറിവുണ്ടായിട്ടും ഈ കുടുംബം പിടിച്ചുനില്‍ക്കുന്നത് അവര്‍ പുലര്‍ത്തുന്ന രാഷ്ട്രീയം നല്കുന്ന ബലം കൊണ്ടു കൂടിയാണ്.

എങ്ങനെയാണ് ഒരു നിരപരാധിയായ പൗരനെ, പ്രതികരണശേഷിയുള്ള ഒരു പൗരനെ ഭരണകൂടം വേട്ടയാടുന്നത് എന്നതിന്റെ കൃത്യമായ ദൃക്സാക്ഷ്യമാണ് ജെനിയുടെ ജീവിതം. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അരങ്ങേറുന്ന സംഘ്പരിവാര്വല്ക്കരണത്തിനെതിരായ നിലപാടു തന്നെയാണ് പ്രൊഫ. ഹാനി ബാബുവിനെ "പ്രതി'യാക്കിയതെന്ന് വ്യക്തമാണ്. അദ്ദേഹം നടത്തിയ ഒ.ബി.സി സംവരണത്തിനുവേണ്ടിയുള്ള സമരം, ഒ.ബി.സി അധ്യാപകരുടെ സംഘടനാരൂപീകരണം, ജാതീയതക്കെതിരായ നിലപാടുകള്‍ തുടങ്ങി ബ്രാഹ്മണിക്കല്‍ സിസ്റ്റം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ നടത്തിയ ശ്രമങ്ങളാണ് ഹാനി ബാബുവിന് വിനയായത്. ഈ കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട എല്ലാവരും ഇത്തരത്തില്‍ ബൗദ്ധികമായി സംഘ്പരിവാറിനെ നേരിടാന്‍ ധൈര്യം കാട്ടിയവരാണ് എന്നത് യാദൃച്ഛികമല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ടുവരുന്ന പാര്ശ്വവല്കൃതരുടേതായ ശാക്തീകരണപ്രക്രിയയെ മുളയിലേ നുള്ളാന്‍ പരസ്യമായ ഗുണ്ടാപ്രവര്‍ത്തനം നടന്നത്, കഴിഞ്ഞവര്‍ഷങ്ങളില്‍ ഡല്‍ഹിയിലെ കാമ്പസുകളില്‍ നാം കണ്ടു. എന്നാല്‍, വിദ്യാര്‍ഥികളുടെ ചെറുത്തുനില്പ് അവയെ നിര്‍വീര്യമാക്കി. കാമ്പസില്‍നിന്ന് ആ സമരവീര്യമുള്ക്കൊണ്ട് പുറത്തുവന്നവരാണ് ഇന്ന് ഉത്തരേന്ത്യയില്‍ പുതുരാഷ്ട്രീയത്തിന് അടിത്തറ നല്‍കുന്നത് എന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല. പുതിയ രാഷ്ട്രീയത്തിന്റെ ഉദയത്തിനുള്ള നാമ്പ് കരിച്ചുകളയുക എന്നതുതന്നെയാണ് ഇത്തരം നടപടികളുടെ പ്രേരണ.
കെ.കെ.പ്രേംകുമാർ
ചെന്നൈ
ഇന്സ്റ്റിറ്റിയൂഷന് മര്ഡറിലേക്ക് ഇനിയും എത്ര പേര്?
പ്രൊഫ. ഹാനി ബാബുവിന്റെ തടവുജീവിതവുമായി ബന്ധപ്പെട്ട പ്രസ്താവനകളും വാര്‍ത്തകളും കാണാറുണ്ടെങ്കിലും അദ്ദേഹത്തെ ജയിലിലേക്കുനയിച്ച സാഹചര്യങ്ങള്‍ ഇത്ര ഗുരുതരമാണെന്ന് കഴിഞ്ഞ വെബ്സീന്‍ പാക്കറ്റില്‍ ജെനി റൊവേനയുടെ ലേഖനം വായിച്ചപ്പോഴാണ് മനസ്സിലായത്. കൃത്യമായ രാഷ്ട്രീയ നിലപാടാണ് ഈ കേസിലെ "പ്രതി'കളെ ഇപ്പോഴും ജയിലില്‍ പാര്പ്പിച്ചിരിക്കുന്നതിന് കാരണം. കേസിന് ആധാരമായ തെളിവുകളെല്ലാം തീര്‍ത്തും കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടും, ഒരു നിരപരാധിയായ മനുഷ്യന് അതിക്രൂരമായി കൊല്ലപ്പെട്ടുകഴിഞ്ഞിട്ടും നീതിന്യായ സംവിധാനം പോലും ഒരു ഇടപെടലും നടത്തുന്നില്ല.

ഈ കേസിന്റെ തുടക്കം മുതല്‍ ഭരണകൂട ഇടപെടല്‍ വ്യക്തമാണ്. 2019ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കേസ്, സംസ്ഥാന സര്ക്കാറിനോടുപോലും ആലോചിക്കാതെ എന്‍.ഐ.എക്ക് കൈമാറിയത്. ഇതിനുമുമ്പ്, 2018ല്‍ അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകളില്‍നിന്ന് കണ്ടെത്തിയ വിവരങ്ങളെന്ന വ്യാജേന നുണക്കഥകള്‍ അവര്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു. 'അര്‍ബന്‍ നക്സലുകള്‍' എന്നൊരു പ്രയോഗത്തിലൂടെയാണ്, മുഴുവന്‍ വിമതസ്വരങ്ങളെയും ഭരണകൂടം സംശയാസ്പദമാക്കിയത്. പ്രധാനമന്ത്രിക്കെതിരായ വധശ്രമം എന്ന കേസ് ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല. പകരം, അറസ്റ്റിലായവരുടെ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഇവര്‍ക്കൊപ്പം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ദല്‍ഹിയിലെ കോളേജുകളിലെ വിദ്യാര്‍ഥികള്‍ ഒരു വര്‍ഷമായി ജയിലില്‍ കിടക്കുകയാണ്. വിമതത്വത്തിനെയും ചോദ്യം ചെയ്യലുകളെയും ഇന്‍സ്റ്റിറ്റിയൂഷനല്‍ മര്ഡറിനിവിധേയമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
സിനില എസ്
കലിക്കറ്റ് യൂണിവേഴ്സിറ്റി
രാഷ്ട്രീയ തടവുകാരുടെ ഇന്ത്യ
മലയാളിയായ പ്രൊഫ. ഹാനി ബാബുവിനെ അടച്ച ജയിലിലുള്ള വിചാരണ തടവുകാരില്‍ ഏറെയും കീഴാളരാണ് എന്ന അദ്ദേഹത്തിന്റെ ഭാര്യ ജെനി റൊവേന നല്കുന്ന വിവരം ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുമായി ബന്ധപ്പെട്ട്, എല്ലാ തടവുകാരും യഥാര്‍ഥത്തില്‍ രാഷ്ട്രീയ തടവുകാരാണ് എന്ന അവരുടെ നിഗമനവും ഏറെ മൗലികമാണ്. കാരണം, ജയിലിലടക്കപ്പെടുന്ന ആദിവാസി- ദളിത്- പിന്നാക്ക- മുസ്ലിംകളിലേറെയും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലല്ല ജയിലില്‍ കിടക്കുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2019ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ജയിലുകളിലുള്ള 4.78,600 പേരില്‍, പത്തില്‍ ആറുപേരും വിചാരണ തടവുകാരാണ്. ഇവരില്‍ 65 ശതമാനവും പിന്നാക്ക- ദളിത്- ആദിവാസി വിഭാഗക്കാരാണ്. വിചാരണ തടവുകാരില്‍ അഞ്ചില്‍ ഒരാള്‍ മുസ്ലിം ആണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ മുതല്‍ ആവശ്യത്തിന് നിയമസഹായം ലഭ്യമല്ലാത്തതുവരെയാണ് ഇവരുടെ ജയില്വാസത്തിനിടയാക്കുന്നത്. സമൂഹത്തിലെ മേലാളരുടെ അടിച്ചമര്‍ത്തലുകളെ നേരിടുന്നവരെ കള്ളക്കേസുകളില്‍ കുടുക്കിയാണ് അകത്തിടുന്നത്. സവര്‍ണ മേധാവിത്തം പ്രകടമായ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവരിലേറെയും. ജയിലിലായാല്‍ പിന്നെ വിചാരണ അനിശ്ചിതമായി നീളുന്നു. മിക്കവര്‍ക്കും കോടതി നടപടികള്‍ക്ക് അഭിഭാഷകരുടെ സേവനം ലഭിക്കില്ല, പൊലീസ് അകമ്പടി ലഭിക്കാത്തതിനാല്‍, കേസ് പരിഗണിക്കുന്ന തീയതികളില്‍ കോടതിയില്‍ ഹാജരാകാന്‍ പോലും കഴിയാതെ ദീര്‍ഘനാള്‍ ജയിലില്‍ തുടരേണ്ടിവരുന്ന തടവുകാരുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഈ വസ്തുതകളില്നിന്നുതന്നെ, ഇന്ത്യയിലെ തടവുകാരില്‍ ബഹുഭൂരിപക്ഷവും കുറ്റകൃത്യങ്ങളുടെയല്ല, സാമൂഹിക വിവേചനത്തിന്റെ ഇരകളാണ് എന്നാണ് തെളിയിക്കുന്നത്. ഭരണകൂടങ്ങളുടെയും നീതിന്യായ സംവിധാനത്തിന്റെയും പിഴവുകൊണ്ടാണ് ഇവര്‍ അകത്തുകിടക്കുന്നത്. അതുകൊണ്ടുതന്നെ, ജെറി റെവേന അഭിപ്രായപ്പെടുന്നതുപോലെ, ഇവരെ രാഷ്ട്രീയ തടവുകാരായി അടയാളപ്പെടുത്തുന്ന ഒരു കാമ്പയിന് തുടങ്ങേണ്ട സമയം അതിക്രമിച്ചു. എന്നാല്‍, ഫാദര്‍ സ്റ്റാന്‍ സ്വാമിയെപ്പോലൊരു വയോധികന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുപോലും ഇത്തരം യാഥാര്‍ഥ്യങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ എത്തുന്നില്ല എ ന്നത് പരിതാപകരമാണ്.
ജാസ്മിൻ വാഹിദ്
പേട്ട, തിരുവനന്തപുരം
ഫാദര്‍ സ്റ്റാന്‍ സ്വാമിക്കൊപ്പം ഇബ്രാഹിമിനെ ഓര്‍ത്തത് നന്നായി
സ്റ്റാന്‍ സ്വാമിയുടെ ഭരണകൂടക്കൊലയില് ഞെട്ടല്‍ പ്രകടിപ്പിക്കുന്നവരിലേറെ പേരും കണ്ണടക്കുന്ന ഒരു മനുഷ്യന്റെ, തടവുകാരന്റെ നേര്‍ക്ക് വെബ്സീന്‍ കണ്ണുതുറന്നുവച്ചത് ഉചിതമാണ്. എന്‍.കെ. ഇബ്രാഹിമിന്റെ ജയിലിലെ അവസ്ഥയെക്കുറിച്ച് അറിയാന്‍ ഏതെങ്കിലും മാവോവാദികളുടെ ഫേസ്ബുക്ക് പോസ്റ്റ് തെരയണം. ഭക്ഷണം കഴിക്കാന്‍ പോലും കഴിയാതെ നരകിക്കുന്ന ഈ മനുഷ്യന് ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. എഴുത്തുകാരും ബുദ്ധിജീവികളുമൊന്നും ഒരു മലയാളിയുടെ യു.എ.പി.എ ജീവിതത്തിന് അത്ര വില കല്പ്പിക്കുന്നുണ്ടാകില്ല.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യു.എ.പി.എ കണക്കുകളെക്കുറിച്ച് രോഷം പൂണ്ടവര്‍ കേരളത്തില്‍ കഴിഞ്ഞ യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ ചുമത്തിയ യു.എ.പി.എ കേസുകളെക്കുറിച്ച് മൗനം പാലിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ 145 പേര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. ഇതില്‍ എട്ടെണ്ണത്തിനുമാത്രമേ പ്രോസിക്യൂഷന് അനുമതി കിട്ടിയിട്ടുള്ളൂ. പൊലീസ് സ്വന്തം ഇഷ്ടപ്രകാരം ചുമത്തുന്ന കേസുകളാണിവ എന്നാണ് പറയുന്നത്. എന്നാല്‍, ഈ പൊലീസിനുപിന്നിലെ ഭരണകൂടമാണ് യഥാര്‍ഥ വില്ലന്‍ എന്ന് കാണാന്‍ ദിവ്യദൃഷ്ടി ആവശ്യമില്ല. 2011- 16 കാലത്ത് ചുമത്തപ്പെട്ട 165 യു.എ.പി.എ കേസുകളില്‍ 42 എണ്ണം നിലനില്‍ക്കില്ല എന്ന് കണ്ടെത്തിയിരുന്നു. കാരണം, പൊലീസ് ജാഗ്രത കാട്ടിയില്ലത്രേ. ഇത്തരം ജാഗ്രതക്കുറവുകളാണ് ഇബ്രാഹിമിനെപ്പോലുള്ള വയോധികരെ ഇപ്പോഴും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. യു.എ.പി.എക്കെതിരെയാണെന്ന് നടിക്കുന്ന സി.പി.എം, സുത്യര്യതയോടെ ഒരിക്കലും ഈ വിഷയത്തില്‍ നിലപാടെടുത്തിട്ടില്ല. യു.ഡി.എഫും എല്‍.ഡി.എഫും ഒരേപോലെ ഷെയര്‍ ചെയ്യുന്ന ഒരു കരിനിയമം അതുകൊണ്ടുതന്നെ കേരളത്തില്‍ ചര്‍ച്ചയാകാതെ പോകുന്നു.
ഷറഫലി എം.
ജിദ്ദ, സൗദി അറേബ്യ
അപകടകരമായ സമ്മതികള്‍
"സാംസ്കാരിക ദേശീയതയാണ് ഫാസിസത്തിന് ഏണിവെച്ചു കൊടുക്കുകയെന്ന തൊണ്ണൂറുകളിലെ ലിബറല്‍ ബുദ്ധിജീവികളുടെ ആശങ്ക തെറ്റിയില്ലെങ്കിലും പ്രയോഗഘട്ടത്തില്‍ അത് ദേശീയതയെ തന്നെ പ്രശ്നവല്‍ക്കരിക്കുമെന്ന് കാണേണ്ടതായിരുന്നു' എന്ന് പ്രമോദ് രാമന് എഴുതുന്നത് (വെബ്സീന്‍, പാക്കറ്റ് 33) ശരിയാണ്. രാജ്യത്തിന്റെ ഭരണഘടനക്കും നിയമസംവിധാനത്തിന്റെ പ്രയോഗത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നവരാണ് ഇന്ന് രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെടുന്നത്. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് ഒരു വര്‍ഷത്തിലേറെയായി എത്ര വിദ്യാര്‍ഥികളാണ് ജയിലില്‍ അവരുടെ ഭാവി പണയം വെച്ച് ജീവിച്ചിരിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയെയും കോടതിയെയും നിര്‍വീര്യമാക്കിയത് ദൃശ്യമായ ഒരു പ്രക്രിയയായിരുന്നു. എന്നാല്‍ ഇന്ന്, പ്രതിരോധിക്കാന്‍ പോലും കഴിയാത്ത വിധം അദൃശ്യമായി ഭരണകൂടം പൗരനെ വേട്ടയാടുന്നു. അതിനുമുമ്പേ, അവരെ കുറ്റവാളികളായി സ്ഥാപിക്കാന്‍ വേണ്ട തെളിവുകള്‍ ചമയ്ക്കുന്നു, പൊതുസമൂഹം അവരുടെ രാജ്യദ്രോഹത്തിന് സമ്മതി നല്കുന്നു. യു.എ.പി.എക്കും രാജ്യദ്രോഹ വകുപ്പിനുമൊന്നും എതിരെ ഒരുതരത്തിലുമുള്ള രാഷ്ട്രീയ പ്രതിരോധം ഉയരാത്തതിന് കാരണമിതാണ്. അപകടകരമായ ഒരുതരം സമ്മതി ഇവയുടെ പേരിലെല്ലാം ഭരണകൂടം ആര്‍ജിച്ചുകഴിഞ്ഞു. ഒരു ഭരണകൂടം പ്രാഥമികമായി തന്നെ പ്രതിക്കൂട്ടിലാകേണ്ട സംഭവമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം. എന്നാല്‍, ആ മരണത്തിന്റെ ഉത്തരവാദിത്തം ഇന്ന് ആരുടെയും പേരിലില്ല. അതൊരു സ്വഭാവിക മരണമായി മാറിയിരിക്കുന്നു. ഈ സ്വഭാവികതയും സമ്മതവും രാജ്യത്തെ ഇടിച്ചുതകര്‍ക്കാന്‍ നില്ക്കുന്ന കൂറ്റന്‍ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്.
അനുമോൾ ജേക്കബ്
ഏറ്റുമാനൂർ കോട്ടയം
പുരുഷന് അടുക്കളയില്‍ തന്നെ നില്‍ക്കണമെന്നില്ല
കോവിഡ് സമൂഹത്തില്‍ സാധ്യമാക്കിയ ചില പൊരുത്തപ്പെടലുകളെക്കുറിച്ചുള്ള എതിരന്‍ കതിരവന്റെ ലേഖനം വായിച്ചു (വെബ്സീന്‍, പാക്കറ്റ് 33). അദ്ദേഹം എഴുതിയതുപോലെ ലോകത്ത് പലയിടത്തും നിയന്ത്രണങ്ങള്‍ നീക്കി, കരുതല്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി പുതിയ ജീവിതത്തിലേക്കിറങ്ങുകയാണ് ജനം. ന്യൂയോര്‍ക്കില്‍ 70 ശതമാനം പേര്‍ക്കും വാക്സിന് ലഭ്യമായതിനെതുടര്‍ന്ന് പടക്കം പൊട്ടിച്ചാണ് നിയന്ത്രണം നീക്കുന്ന പ്രഖ്യാപനം നടത്തിയത്. ആധുനിക സയന്‍സിന്റെ നേട്ടം കൂടിയാണ് പുതിയ കാലത്തിലേക്കുള്ള ഇറക്കം. കാരണം, പ്രധാനമായും വാക്സിന്റെ പെട്ടെന്നുള്ള കണ്ടുപിടുത്തമാണ് ലോകത്തിന് ഒരു ആത്മവിശ്വാസം നല്‍കിയത്.

എന്നാല്‍, സാമൂഹികമായി ഇക്കാലത്ത് സംഭവിച്ച പെരുമാറ്റരീതികള്‍ സ്ഥായിയായ സ്വഭാവമായി മാറാനിടയുണ്ടെന്ന എതിരന്‍ കതിരവന്റെ ശുഭാപ്തി അത്ര വിശ്വാസ്യയോഗ്യമല്ല. ലോക്ക്ഡൗണ്‍ കാലത്ത് അടുക്കളയില്‍ പാചകം ചെയ്യാനെത്തിയ ആള്- പുരുഷന്- അതൊരു സ്വഭാവമാക്കിയെടുക്കാന് ശ്രമിക്കില്ല. കാരണം, കോവിഡുകാലത്ത് സൃഷ്ടിക്കപ്പെട്ട പുരുഷശീലങ്ങളിലേറെയും വീടുകളില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന സുഖലോലുപതയുടെ എക്സ്റ്റന്‍ഷനുകള്‍ മാത്രമായിരുന്നു. വീട്ടിലെ സ്ത്രീക്കൊപ്പം അടുക്കള പങ്കിടുക എന്ന രാഷ്ട്രീയബോധ്യമായിരിക്കുകയില്ല അയാളെ അവിടേക്കുനയിച്ചത് എന്നത് തീര്‍ച്ചയാണ്. അതൊരു "പുരുഷ നേരമ്പോക്ക്' മാത്രമായിരുന്നു. അടുക്കള മാത്രമല്ല, കോവിഡുകാലത്ത് പുരുഷന് വീട്ടില്‍ ലഭ്യമായതതെല്ലാം നേരമ്പോക്കുകളാണ്. മറിച്ച്, സ്ത്രീകള്‍ക്കോ? അവരുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദം പീഡനത്തിന്റെ തലത്തിലേക്കുവരെ എത്തി. സ്ത്രീകള്‍ക്കുമേല്‍ കോവിഡ് കെട്ടിയേല്‍പ്പിച്ച ഭര്‍ത്താവിന്റെയും കുട്ടികളുടെയും അധികഭാരങ്ങള്‍ ഹോബികളായി ഒടുങ്ങുകയല്ല, അവ സ്ഥിരമാക്കപ്പെടുകയാണ് ചെയ്യുക. തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഇനി തൊഴിലിടങ്ങളിലേക്കുള്ള മടക്കം അസാധ്യമാകും. ഇത്തരം മാറ്റങ്ങള്‍ കുടുംബബന്ധങ്ങളിലെ വിവേചനങ്ങളെ രൂക്ഷമാക്കുകയോ ഉള്ളൂ.
മയൂരി വിജയ്
ബംഗളൂരു
കോവിഡുകാലത്തെ ക്ലാസിക് പുനര്‍വായന
വിനീത വെള്ളിമന ക്ലാസിക്കുകളുടെ വായനയില്‍ തുടങ്ങിവെച്ച ഡെക്കാമറണ്‍ കഥകള്‍ താല്പര്യത്തോടെ വായിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ച ഈ പുസ്തകം പുതിയൊരു വെളിച്ചത്തോടെ ഈ കോവിഡുകാലത്ത് വായിക്കാനാകുന്നു. കോവിഡിനെക്കുറിച്ച് എഴുതപ്പെടുന്ന ഒരു കൃതി, നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, അക്കാലത്തെ മറ്റൊരു മഹാമാരിയുടെ കാലത്ത് വായിക്കുമ്പോഴും നാം ഇപ്പോള്‍ അനുഭവിക്കുന്ന ഈ വിസ്മയവും കൗതുകവും ആവര്ത്തിച്ചെന്നുവരാം.

ലോകത്തെയാകെ വരിഞ്ഞുമുറുക്കുന്ന മഹാമാരികളുടെ അനുഭവം ഏതു കാലത്തും സമാനമാണ് എന്ന് ഡെക്കാമറനെപ്പോലുള്ള രചനകള്‍ കാണിച്ചുതരുന്നു. നൂറ്റാണ്ടുകളിലൂടെ പടര്‍ന്ന പ്ലേഗ് നഗരങ്ങളെ ശ്മശാനങ്ങളാക്കി, മനുഷ്യര്‍ മൃതശരീരങ്ങളായി തെരുവില്‍ കിടന്നു, ശ്മശാനങ്ങളില്‍ ശവങ്ങള് കുന്നുകൂടി. ലോക്ക്ഡൗണിനുസമാനമായ അവസ്ഥയില്‍ ഏഴു സ്ത്രീകളും മൂന്നു യുവാക്കളും. അവര്‍, ചുറ്റുമുള്ള മരണത്തില്‍നിന്ന് രക്ഷ തേടി കഥകള്‍ പറഞ്ഞുതുടങ്ങുന്നു. ജീവിതത്തിലെ തിന്മകളും ഇരുണ്ട സ്ഥലികളും ദുരന്തപ്രണയങ്ങളും സാഫല്യങ്ങളുമെല്ലാം അവര്‍ കഥകളായി പറയുന്നു. ഒരുപക്ഷെ, കോവിഡില്‍നിന്ന് മുക്തരായി ഇന്നത്തെ മനുഷ്യന് സഞ്ചരിക്കാനാഗ്രഹിക്കുന്ന ലോകങ്ങളെക്കുറിച്ചുള്ള രസകരമായ ഭാവനകള്‍. ഈ പരമ്പര മികച്ച വായനാനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോ. അനിത അശോക്
തിരൂർ, മലപ്പുറം
ഓരോരുത്തരിലുമുണ്ട് സെല്ബിയച്ചന്മാര്

സ്മിത ഗിരീഷിന്റെ കഥ ദ്വൈതം (പാക്കറ്റ് 33) ഇഷ്ടമായി. ഒരു വ്യക്തിയിലുള്ള മറ്റൊരു വ്യക്തിയെ രസകരമായി പുറത്തെടുക്കുന്ന വിദ്യ. "എന്നില്‍ ഞാനല്ലാത്ത രഹസ്യമുണ്ട്, ഞാനാകെ എന്റേതല്ലാത്ത സങ്കടങ്ങളാണ്...' എന്ന പ്രാര്‍ഥന വാസ്തവത്തില്‍ ഓരോ മനുഷ്യന്റേതുമാണെന്നുതോന്നുന്നു. ഒരുപക്ഷെ, പലതരം നിയമങ്ങളാല്‍ ബന്ധിതമാക്കപ്പെട്ട ഒരവസ്ഥയില്‍, തരം കിട്ടുമ്പോള്‍ പുറത്തുചാടുന്ന രഹസ്യമാണ് വാസ്തവത്തിലുള്ള മനുഷ്യന് എന്ന് ഈ കഥ പറയുന്നു. താന്‍ എന്ന യാഥാര്‍ഥ്യത്തിന് പുറത്തുവരാന്‍ ക്ഷമാപൂര്‍വം കാത്തിരുന്ന സെല്‍ബിയച്ചന്റെ വേഷ മാറ്റം ഗംഭീരമായി. എല്ലാവരുടെയുമുള്ളിലുണ്ട്, സെല്ബിയച്ചനെപ്പോലെ സാരി ഞൊറിഞ്ഞുടുത്ത്, ചുവന്ന സിന്ദൂരം കൊണ്ട് പൊട്ടുതൊട്ട് കൈവളകളണിയുന്ന ഒരു അപരന്. ലാളിത്യമുള്ള ആഖ്യാനവും സരസമായ ഭാഷയും ഈ കഥയെ ഹൃദ്യമാക്കുന്നു.
സൗമ്യ കെ.എം.
പൂങ്കുന്നം തൃശൂർ
"നൈതിക മണ്ഡലം' വായിക്കുന്നു, അസ്വസ്ഥമായ മനസ്സോടെ...
സി. ഗണേഷിന്റെ നൈതിക മണ്ഡലം വായിക്കുന്നു. ഒരു കൈ പൊള്ളലിന്റെ കാഴ്ചയാണ് "പഞ്ഞിക്കുരു' എന്ന അധ്യായം.
"അഥ കേന പ്രയുക്തോയം
പാപം ചരതി പുരുഷാ:
അനിച്ഛന്നപി വാര്‍ഷ്ണേയ
ബാലാദിവ നിയോജണ:'
( ആഗ്രഹിക്കുന്നില്ലെങ്കിലും ബലമായി നിയോഗിക്കപ്പെട്ട വനെപ്പോലെ ഈ പുരുഷന് പാപം ചെയ്യുന്നത് എന്തുകൊണ്ട് )
കുരുക്ഷേത്രത്തില്‍ അര്ജ്ജുനന് നടത്തുന്ന ഈ വിലാപം എക്കാലത്തും പ്രസക്തമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ഭാഗം. ഇതൊരു കേവലകഥ മാത്രമല്ല കഥക്കുമുകളില് നില്ക്കുന്ന അനുഭവങ്ങളുടെ ഒരു പ്രതിച്ഛായ കൂടിയാണ്. മറ്റു ചിലപ്പോള്‍ ചിലരുടെയെങ്കിലും അനുഭവ തലങ്ങളുടെ നേര്‍ക്കാഴ്ചയാണ്. അപ്പാ ഗോകുലുവിനെ ഒന്നടുത്തു നിരീക്ഷിച്ചാല്‍ മനസ്സിലാവും, ചിന്തകളുടെ കണ്ണികള്‍ തമ്മിലടുക്കാത്ത തീപ്പൊള്ളല്‍ പരമ്പരയാണ് എരിയാതെ നില്ക്കുന്ന "പഞ്ഞിക്കുരു'. കോളനിയാനന്തര ഇന്ത്യയില്‍ പരിഷ്കൃതമെന്ന് തോന്നുന്ന സമൂഹങ്ങളില്‍ പോലും നിലനില്‍ക്കുന്ന അപരിഷ്കൃതമായ ആചാരങ്ങളില്‍ എത്ര ജീവിതങ്ങള്‍ ഇതുപോലെ നിലനില്ക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അങ്ങനെയുള്ള സമൂഹങ്ങളുടെ അകക്കാമ്പിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അദ്ധ്യായം. ഇവിടെ പുഴയൊഴുകുന്നിടത്ത് കടലും കടല്‍മണലില്‍ അടുത്ത് പഞ്ഞിമരവും കാണുന്നത് അതുകൊണ്ടുതന്നെയാവാം. ഖസാക്കിന്റെ ഇതിഹാസത്തില്‍ നാം കാണുന്ന ഒരു പ്രകൃതി ഉണ്ടല്ലോ? അതുപോലെതന്നെ അമ്പരപ്പിക്കുന്ന നിഴല്ചിത്രങ്ങളാണവിടെ തെളിഞ്ഞുവരുന്നത്. അത് വായനക്കാരനില്‍ തെല്ലസ്വസ്ഥത ഉണര്‍ത്തുന്നതില്‍ അതിശയിക്കാനില്ല.
"ശൂന്യതയുടെ നിഴല്‍നിറം അവിടെയെങ്ങും വ്യാപിച്ചു' എന്നു പറയുന്നിടത്ത് നോക്കുക, സിനിമയുടെ ഫ്രെയിമിലെന്നതുപോലെ കഥാപാത്രങ്ങളും സംഭവങ്ങളും മാറിമറിയുകയാണ്. ഇടര്ച്ചയുള്ളവയായിട്ടാണ് (breakpoints) കഥാഗതി ഇവിടെ പലനിറമണിഞ്ഞ് നില്‍ക്കുന്നത്. അതില്‍ നിന്ന് ഒറ്റനിറം മാത്രം വേര്‍തിരിച്ച് എടുക്കുക എന്നത് വായനക്കാരന്റെ ഛായാഭിരുചിയുടെ (self image) പരിശ്രമമായിരിക്കും. ആധുനികാനന്തരതയുടെ (post post modernism) ഉത്തമ ഉദാഹരണമായി നാളെ ഇത് ചര്‍ച്ച ചെയ്യപ്പെടും എന്നതില്‍ സംശയമില്ല. കഥാപാത്രങ്ങളുടെ കാര്യമെടുത്താല്‍ അപ്പനും അമ്മയും മാത്രമല്ല അപ്പാ ഗോകുലും, കൃഷ്ണവേണിയും, അഥീനയും ഉമ്മിണിയും അസ്തമിച്ചു പോകുന്ന ചെറുപ്രകാശങ്ങളല്ല, ഒന്നു മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന വിവര്‍ത്തന കവിത പോലെ മനോഹരമാണ്.
ആന്‍സ് സി. ദാസ്,
ഗവേഷകന്, മലയാള വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലടി.
കെ.പി. അപ്പന് എന്ന കാന്തം

മറക്കാന്‍ കഴിയാത്ത ചില വ്യക്തിത്വങ്ങളെ ഓര്‍മയില്‍ തിരികെയെത്തിക്കുന്ന യു. ജയചന്ദ്രന്റെ വെയില്ക്കാലങ്ങള് ഓര്‍മകളുടെ അതി ഗംഭീരമായ ഒരു വീണ്ടെടുപ്പാണ്. കെ.പി. അപ്പനെക്കുറിച്ചുള്ള കഴിഞ്ഞ അധ്യായം (പാക്കറ്റ് 33) വളരെ ഇഷ്ടത്തോടെയാണ് വായിച്ചത്. യു. ജയചന്ദ്രന് വിശേഷിപ്പിച്ചത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്, അപ്പന് സാര്‍ ഒരു കാന്തം തന്നെയായിരുന്നു. എത്രയെത്ര വിദ്യാര്‍ഥികളാണ് ആ സാമീപ്യത്തിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടത്. വിദ്യാര്‍ഥികളുമായി അദ്ദേഹത്തിന് സവിശേഷമായ ഒരു സൗഹൃദവും ആത്മബന്ധവുമുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. ആ കാലത്തിന്റെ പ്രത്യേകത കൂടി അപ്പന് സാറിന്റെ സാന്നിധ്യത്തിന് മിഴിവേകിയിരുന്നു എന്നുതോന്നുന്നു. എന്തിനെയും അവിശ്വസിക്കുകയും ചോദ്യം ചെയ്യുകയും മൗലികമായവയെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്ന ഭ്രാന്തമായ സര്‍ഗാത്മക യൗവനത്തിന്റെ ഒരു കാലമായിരുന്നു അത്. എന്നാല്‍, തികച്ചും ശാന്തനായും ഒട്ടൊക്കെ മൗനിയായും പുതു കാലത്തെ നിര്‍വചിക്കുകയായിരുന്നു അദ്ദേഹം. അത് സാഹിത്യത്തില്‍ മാത്രമല്ല, മനുഷ്യരുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും സഞ്ചരിച്ചിരുന്നു. ധൈഷണികമായ ഇത്തരം സാന്നിധ്യങ്ങള്‍ "വെയില്ക്കാലങ്ങളി'ല്‍ കടന്നുവരുന്നത് ആഹ്ളാദഭരിതമായ വായനാനുഭവമാണ്.
അനസൂയ പ്രക്കാട്ട്
തിരുച്ചിറപ്പിളളി
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്ഷന് സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന് എക്സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന് ടെക്നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന് ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്സ്ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്സ്ക്രിപ്ഷന് സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media