Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 34 ലെ പി. ജെ. ജെ. ആന്റണിയുടെ 'സുന്ദരിയെ അറിയുന്ന വിധം' എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം.
Text Formatted

എന്തിനാണ് ഇല്ലാത്ത രാഷ്ട്രീയം മലയാള സിനിമയില്‍ ആരോപിക്കുന്നത്?

ലയാളത്തിലെ പുതിയ സിനിമകളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ (വെബ്‌സീന്‍ പാക്കറ്റ് 34) വേണ്ടത്ര ആഴമുള്ളതായില്ല. കെ.ജി. ജോര്‍ജിന്റെ  "ഇരകള്‍', ദിലീഷ് പോത്തന്റെ  ‘ജോജി' എന്നീ സിനിമകള്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചുള്ള സൂചന അതിവായനയായി തോന്നി. കാരണം, അടിയന്തരാവസ്ഥയില്‍നിന്ന് ഫാസിസ്റ്റ് പ്രവണതയുള്ള ഒരു ഭരണകൂട കാലത്തേക്കുള്ള രാഷ്ട്രീയ വ്യവസ്ഥയുടെ  "വികാസം', മലയാള സിനിമക്ക് ഉപരിപ്ലവമായി പോലും പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. "ജോജി'യില്‍ ഇല്ലാത്ത രാഷ്ട്രീയം ആരോപിക്കുകയും അതിലുള്ള യഥാര്‍ഥ സാമൂഹിക മനഃശാസ്ത്രം അവഗണിക്കുകയുമാണ് ലേഖകന്‍ ചെയ്യുന്നത്. വിഷയസ്വീകരണത്തിലും പുതിയൊരു സിനിമാഭാഷ കണ്ടെത്തുന്നതിലും സംഭവിച്ച മാറ്റമല്ലാതെ, അതിനെ രാഷ്ട്രീയമായി അനുഭവിപ്പിക്കുന്ന ഒരു തലത്തിലേക്ക് ഉയര്‍ത്താന്‍ പുതിയ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടില്ല. സാറാസും മാലിക്കും വരെയുള്ള സിനിമകള്‍ ഇത് ഉദാഹരിക്കും. ഒരു സ്ത്രീപക്ഷ വിഷയത്തെ സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് സാറാസ്. സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ട സ്വയം നിര്‍ണയാവകാശത്തെ പുരുഷാധിപത്യപരമായ വീക്ഷണത്തോടെ പുരോഗമനമെന്ന മട്ടില്‍ അവതരിപ്പിക്കുന്നു. ഫലത്തില്‍, കുടുംബാധിപത്യപരമായ വാദങ്ങളുടെ സ്ഥിരീകരണമാണ് ഈ സിനിമയുടെ ഫലശ്രുതി. സംവിധായകന്റെ രാഷ്ട്രീയബോധ്യമില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. 

malik
'മാലിക്കി'ല്‍ നിന്ന് ഒരു രംഗം

മാലിക് സൂക്ഷ്മനോട്ടത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തില്‍നിന്നുപോലും വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു സിനിമയാണ്.  "സത്യസന്ധമല്ലാത്ത ഒരു സിനിമ' എന്ന എന്‍.എസ്. മാധവന്റെ വിമര്‍ശനം കൃത്യമാണ്. ബീമാ പള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട താരതമ്യം ഉപേക്ഷിക്കുക, എന്നാലും ഈ കാലത്തിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഭൂരിപക്ഷവാദപരമായ ഒരു തലത്തില്‍നിന്നാണ് മാലിക് വിശദീകരിക്കുന്നത്. അതുകൊണ്ടാണ്, ഈ സിനിമ ചരിത്രവിരുദ്ധം കൂടിയാണ് എന്നു പറയേണ്ടിവരുന്നത്. രാഷ്ട്രീയ സിനിമകളുടെ വലിയ ചരിത്രമൊന്നും മലയാളത്തിനില്ല; അനുഭവങ്ങള്‍ പാളിച്ചകള്‍, കബനീനദി ചുവന്നപ്പോള്‍, പഞ്ചവടിപ്പാലം, ഒരിടത്ത് തുടങ്ങിയ ചില ശ്രമങ്ങളല്ലാതെ. അത്തരം ശ്രമങ്ങളിലേക്കുപോലും ഈ പറയുന്ന പുതുസിനിമകള്‍ എത്തുന്നില്ല എന്നു പറയേണ്ടിവരും. പുത്തന്‍ സാങ്കേതിക വിദ്യ ഒരു പുതിയ രാഷ്ട്രീയത്തെ കൂടിയാണ് ഉല്‍പാദിപ്പിക്കുന്നത്. മൂലധനത്തിന്റെ ദുഃസ്വാധീനങ്ങളില്‍നിന്ന് മുക്തമായ ഒരു സ്വതന്ത്രാസ്തിത്വം അത് സാധ്യമാക്കി. അത്, ഏറ്റവും സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കല സിനിമയാണ്. എന്നാല്‍, മലയാള സിനിമയില്‍ ഈ സാങ്കേതികക്കുതിപ്പ് മെയ്ക്കിഗിനെ മാത്രമേ പുരോഗമിപ്പിച്ചിട്ടുള്ളൂ, കല എന്ന നിലയില്‍ അതിപ്പോഴും മുടന്തുക തന്നെയാണ്.
സി. അനിരുദ്ധൻ 
ചേർത്തല, ആലപ്പുഴ 


പച്ചയായ യാഥാര്‍ഥ്യങ്ങളുടെ ഫഹദ് ഫാസില്‍

പുതിയ മലയാള സിനിമയില്‍ ഫഹദ് ഫാസിലിന്റെ ഇടം രേഖപ്പെടുത്തുന്ന വെബ്‌സീന്‍ സ്‌റ്റോറി ഉചിതമായി (പാക്കറ്റ് 34). സ്റ്റാര്‍ഡം എന്ന, സിനിമയുടെ വ്യവസായികഭാരം പേറാത്തവരാണ് പുതുതലമുറയിലെ നടന്മാര്‍. അവരില്‍, ഓരോ സിനിമയിലും സ്റ്റാര്‍ഡമിനെ ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ഫഹദ് ഫാസിലിന്റെ പ്രസക്തി. നടന്റെ പ്രതിച്ഛായയെക്കുറിച്ച് സിനിമ സൃഷ്ടിച്ചുവച്ചിരിക്കുന്ന വ്യാജമായ പ്രതീതിബോധത്തില്‍നിന്ന് കുതറിമാറുകയും തീര്‍ത്തും സാധാരണമായ അനുഭവങ്ങളോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന ഒരുതരം ഋജുത്വം ഈ നടന്റെ മുഖമുദ്രയാണ്.

packet-34-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 34 കവര്‍

കള്ളനും കൊലപാതകിയും സൈക്കോയും വഞ്ചകനുമെല്ലാമായ ഒരു മനുഷ്യനെ നായകനാക്കാന്‍, മൂന്നുപതിറ്റാണ്ടിലേറെയായി സൂപ്പര്‍സ്റ്റാര്‍ഡം ഭരിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമക്ക് ചങ്കൂറ്റം നല്‍കുന്നത് ഫഹദ് ഫാസിലിനെപ്പോലൊരു നടന്റെ ഇടപെടലാണ്. ചുറ്റുപാടുകളെയും വ്യക്തികളെയും നിരീക്ഷിക്കുക എന്ന പ്രാഥമികമായ തലം വിട്ട്, സാമൂഹികവും രാഷ്ട്രീയവുമായ ഒരു വായന താന്‍ ജീവിക്കുന്ന കാലത്തെക്കുറിച്ചും ഇടത്തെക്കുറിച്ചും ഇന്നത്തെ നടന്മാര്‍ വച്ചു പുലര്‍ത്തുന്നുണ്ട്. മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ടല്ല ഒരു നടന്‍ അത് പ്രകടിപ്പിക്കേണ്ടത്, മറിച്ച്, സ്‌ക്രീനിലെ തന്റെ സാന്നിധ്യത്തിലൂടെയാണ്. ഫഹദ് സ്‌ക്രീനില്‍ കഥാപാത്രങ്ങളെ വ്യാഖ്യാനിക്കുന്നത്, പച്ചയായ മനുഷ്യരുടെ പക്ഷത്തുനിന്നാണ്. അത്, തകര്‍ക്കുന്നത് സിനിമയുടെ ഭാഷയെയും ഉള്ളടക്കത്തെയും സംബന്ധിച്ച് സൃഷ്ടിച്ചുവച്ചിരിക്കുന്ന പൊതുബോധങ്ങളാണ്. അങ്ങനെയാണ്, വിമതത്വം ഒരു നരേഷനിലേക്ക് മലയാള സിനിമ വികസിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയുടെ രാഷ്ട്രീയത്തിനും സംസ്‌കാരത്തിനും കഴിയാത്ത, പുരോഗമന പരമായ ഒരു മുന്നേറ്റമാണ് ഫഹദിനെപ്പോലുള്ള നടന്മാരിലൂടെ മലയാള സിനിമ സാധ്യമാക്കുന്നത്.
ശരണ്യ എ. എസ്. 
തൃക്കാക്കര, കൊച്ചി 


ജെ. ദേവികയുടെ പഠനം സമീപകാലത്ത് വായിച്ചതില്‍ ഏറ്റവും മികച്ചത്

മ്മമാരെ പ്രതികളാക്കുന്ന ബാലാവകാശം എന്ന ജെ. ദേവികയുടെ ലേഖനം (വെബ്‌സീന്‍, പാക്കറ്റ് 34) മലയാളത്തില്‍ സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച ഒരു സാമൂഹിക ശാസ്ത്ര പഠനം കൂടിയാണ്. രക്ഷാകര്‍തൃത്വത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളും അത് കുട്ടികളില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മേലുള്ള രാഷ്ട്രീയ പ്രയോഗങ്ങളുമെല്ലാം മൗലികമായി തന്നെ ദേവിക രേഖപ്പെടുത്തുന്നു. ജനസംഖ്യാ പഠനമെന്നത് സ്റ്റാറ്റിസ്റ്റിക്കല്‍ മാത്രമായി പോകുന്ന ഒരു വിപര്യയത്തെ കൂടി ഈ പഠനം പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. മാത്രമല്ല, കുടുംബം എന്ന സാമൂഹിക ഘടകത്തെ സ്ത്രീവാദപരമായി തന്നെ സമീപിക്കുന്ന വളരെയധികം നിരീക്ഷണങ്ങള്‍ സമീപകാലത്തുണ്ടാകുന്നുണ്ട്. രക്ഷാകര്‍തൃത്വം എന്നൊരു ഘടകത്തെയും ഇത് കുടുംബത്തിനകത്ത് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളെയുമൊന്നും പല പഠനങ്ങളും അഭിസംബോധന ചെയ്യുന്നതേയില്ല. മാത്രമല്ല, കുട്ടികളുടെ വളര്‍ച്ചയും വിദ്യാഭ്യാസവും വ്യക്തിത്വ രൂപീകരണവുമൊക്കെ ഇന്നും പുരുഷാധിപത്യ സ്‌കെയിലുകളുടെ അളവുകളിലാണ് കുരുങ്ങിക്കിടക്കുന്നത്.

devika
ജെ. ദേവിക

ജാതിയുടെയും മതത്തിന്റെയും ചങ്ങലകളില്‍ കെട്ടിയിടപ്പെട്ട നമ്മുടെ കുടുംബങ്ങള്‍ക്ക് ബാലപരിചരണവുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന യുക്തിസഹമായ ഒരു കോണ്‍സെപ്റ്റിനെയും സ്വീകരിക്കാന്‍ കഴിയില്ല. കുട്ടികളുടെ കുടുംബങ്ങളോടുള്ള ആശ്രിതത്വം ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാക്കാം, ഈ ആശ്രിതത്വം പുതിയ കാലത്ത് കൂടിവരികയാണ് ചെയ്യുന്നത്. അതായത്, സ്വയം തീരുമാനമെടുക്കാനുള്ള ബൗദ്ധികവും വൈകാരികവുമൊക്കെയായ ശേഷി കൈവന്നുകഴിഞ്ഞാലും വിവാഹം, അടുത്ത തലമുറയുടെ സൃഷ്ടി, തുടങ്ങി മരണം വരെ നീളുന്നു ഈ ആശ്രിതത്വം. കുടുംബങ്ങളുടെ ഒരുതരം പിന്തിരിപ്പന്‍ തുടര്‍ച്ചയാണ് ഇതിലൂടെ സംഭവിക്കുന്നത്. അതായത്, പുതിയ കാലത്തും വ്യക്തിക്ക് തന്റേതായ ഒരു പിന്തിരിപ്പന്‍ കുടുംബസംവിധാനത്തിനകത്ത് കഴിഞ്ഞുകൂടേണ്ടിവരുന്നു. അമ്മുവിന്റെ ആട്ടിന്‍കുട്ടിയെപ്പോലുള്ള കൃതികളെക്കുറിച്ച് ദേവിക സൂചിപ്പിക്കുന്നുണ്ടല്ലോ. എന്നാല്‍, ഇന്ന് മലയാളിയെ നിര്‍ണയിക്കുന്ന സംസ്‌കാരത്തിന്റെയും കലയുടെയും രാഷ്ട്രീയത്തിന്റെയുമെല്ലാം ലോകങ്ങള്‍ "മാതൃകാ സ്ത്രീരത്‌ന'ങ്ങളെ പോറ്റിവളര്‍ത്തുന്ന ഗര്‍ഭപാത്രങ്ങളായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയുമെല്ലാം സ്വയം നിര്‍ണയാവകാശം നേടാന്‍ പ്രാപ്തരാകുന്ന വ്യക്തികളെ അസ്വതന്ത്രരായി തന്നെ തളച്ചിടാന്‍ തക്ക പാകത്തിലുള്ളതാണ് അവര്‍ ഇടപെടുന്ന സാമൂഹിക സ്ഥാപനങ്ങളെല്ലാം. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ തുടങ്ങുന്നു ഈ അധികാര വ്യവസ്ഥയുടെ ഇടപെടലുകള്‍. "നല്ല' വിദ്യാര്‍ഥികളായി വളര്‍ത്തിയെടുക്കാനുള്ള കുടുംബ വ്യവസ്ഥ മുതല്‍ "നല്ല' പൗരന്മാരാകുന്ന ഭരണകൂട വ്യവസ്ഥ വരെ അടങ്ങുന്നതാണ് ഈ അധികാരപ്രയോഗം. അതില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേപോലെ ഇരകളാക്കപ്പെടുന്നു.

സമീപകാലത്ത്, ഭരണകൂടത്തിന്റെ രൂപത്തില്‍ യുവാക്കള്‍ക്കുമേല്‍ ചുമത്തപ്പെടുന്ന മുദ്രകളെക്കുറിച്ചും ദേവിക വിശദീകരിക്കുന്നുണ്ട്. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പൊലീസ് പറഞ്ഞത്, 19 വയസ്സുകാരായ ആ ചെറുപ്പക്കാരെ, അഞ്ചുവര്‍ഷമായി തങ്ങള്‍ നിരീക്ഷിച്ചുവരികയാണ് എന്നാണ്. "വഴിതെറ്റിപ്പോയ' ആ കുട്ടികളെ "തിരിച്ചുകൊണ്ടുവരാനുള്ള'  സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയുടെ അന്തഃസ്സത്തയായിരുന്നത് എന്നും ഓര്‍ക്കാം.
റോജ ഡേവിഡ് 
മെൽബൺ, ആസ്‌ട്രേലിയ 


ജാതീയതയുടെ കുതറിത്തുള്ളലുകള്‍

സി. ഗണേഷിന്റെ നോവല്‍ "നൈതിക മണ്ഡലം' ആറാം അദ്ധ്യായം (പാക്കറ്റ് 34) വായിച്ചു. മികച്ചു നില്‍ക്കുന്ന ആഖ്യാനപാടവം. സൂക്ഷ്മമായ നിരീക്ഷണങ്ങളാലും, പ്രയോഗങ്ങളാലും കഥാസന്ദര്‍ഭങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ജോജിയും അഥീനയും തമ്മിലുള്ള ചര്‍ച്ചയിലൂടെ  നോവല്‍ പുരോഗമിക്കുമ്പോള്‍, സൂര്യനാരായണ മിശ്ര ഖുര്‍ഷിദ് ആയി മാറിയ കഥയും അതിലൂടെ ഉത്തര- ദക്ഷിണ ബ്രാഹ്‌മണ്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. രാജാവും രാജാവിന്റെ മൂലധനമായ ബ്രാഹ്‌മണനും. ആ കണ്ണികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാജാവിന്റെ അസ്തിത്വം ബ്രാഹ്‌മണ്യവുമായി ചേര്‍ന്നുനില്‍ക്കുന്നതിന്റെ കാരണവും സൂക്ഷമമായി എഴുത്തുകാരന്‍ വിലയിരുത്തുന്നു.

people (1).jpg
ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം

"മനുഷ്യന്‍ ജീവിക്കുന്നത് കുതറിതുള്ളലിനാണ്' എന്ന പ്രയോഗം ഏറെ അര്‍ത്ഥവത്താണ്, ജാതീയതയുടെ കുതറി തുള്ളലുകള്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് പാടത്ത് പണിയെടുക്കുന്നവരോടുള്ള ബംഗാളി ബ്രാഹ്‌മണന്റെ സമീപനത്തിലൂടെ  മനസിലാക്കാന്‍ സാധിക്കുന്നു. ഹില്‍സ ബിംബാത്മകമായി കടന്നുവരുമ്പോള്‍, ഹില്‍സ എന്ന പേര്  ചൂണ്ടുന്നതും ബ്രാഹ്‌മണ്യം എന്ന ഭൂതത്തിലേക്കാണ്. തീര്‍ത്തും ഉചിതമായ പദപ്രയോഗമാണിത്. കാലാനുസൃതമായ ചേര്‍ത്തുവയ്ക്കലുകള്‍ക്കൊപ്പം തൊണ്ടയില്‍ കുടുങ്ങുന്ന മുള്ളുപോലെയാണ് ജാതിവ്യവസ്ഥ എന്നും ഈ അദ്ധ്യായം പുനരോര്‍മപെടുത്തുന്നു.
ഹരിത എച്ച്. ദാസ് 
മുണ്ടലൂര്‍, പെരളശ്ശേരി


കോവിഡിന്റെ സാമൂഹികശാസ്ത്ര വായനകള്‍

കോവിഡുമായി ബന്ധപ്പെട്ട മികച്ച സാമൂഹികശാസ്ത്ര നിരീക്ഷണങ്ങളും പഠനങ്ങളും പ്രത്യേകമായി തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്ന വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡിനെ അഭിനന്ദിക്കട്ടെ. കെ.എം. സീതി എഴുതിയ ലേഖനം (പാക്കറ്റ് 34), മഹാമാരിയുടെ കാണാമറയത്തുള്ള പ്രത്യാഘാതങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന ഒന്നായിരുന്നു. കോവിഡിന്റെ ആഘാതത്തെ മറികടക്കാന്‍ ചൈനയും ജപ്പാനും കൊറിയയുമെല്ലാം തങ്ങളുടെ ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തുകയാണ്. എന്നാല്‍, ഇന്ത്യയില്‍ എന്തു സംഭവിക്കും? കഠിനമായ ദാരിദ്ര്യം നിലനില്‍ക്കുന്ന പത്തുരാജ്യങ്ങളില്‍, ഇന്ത്യയിലായിരിക്കും ദാരിദ്ര്യവല്‍ക്കരണം രൂക്ഷമാകുക എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കാരണം, ജനസംഖ്യയില്‍ ഏറ്റവും "വള്‍നറബ്ള്‍' പൊസിഷനിലുള്ള വിഭാഗങ്ങള്‍ കൂടുതലുള്ളത് ഇന്ത്യയിലാണ്. 2020ല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വളര്‍ച്ചാനിരക്ക് മൈനസ് 11 ശതമാനമായിരുന്നു എന്നോര്‍ക്കുക. ഇത് ആഗോളതലത്തിലെ തന്നെ ഏറ്റവും മോശം സാമ്പത്തികാവസ്ഥയുമാണ്. ഏറ്റവും ദരിദ്രരായവരുടെ എണ്ണത്തില്‍ ഇന്ത്യ 2020ല്‍ നൈജീരിയയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

km seethi
കെ.എം. സീതി,

എന്നാല്‍, ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍, പുതിയ ജനസംഖ്യാ നയങ്ങളില്‍ എങ്ങനെ പ്രതിഫലിക്കും എന്നത് ആശങ്കാജനകമാണ്. കാരണം, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിലവില്‍ വരാന്‍ പോകുന്ന പരിഷ്‌കാരങ്ങളില്‍ കുടുംബാസൂത്രണവുമായും ജെന്‍ഡര്‍ ഇക്വാലിറ്റിയുമായും ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകള്‍ ഏതുവിധത്തിലായിരിക്കുമെന്നത് കണ്ടറിയേണ്ടതാണ്. കാരണം, കോവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗം സ്ത്രീകളാണ്. അവര്‍ക്ക് തൊഴില്‍ നഷ്ടമായെന്നു മാത്രമല്ല, കടുത്ത ഗാര്‍ഹിക വിവേചനത്തിന്റെ ഇരകളാകുകയും ചെയ്തുവെന്ന് സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ കാണിക്കുന്നു. 2021 കഴിയുമ്പോഴേക്കും ലോകത്തുതന്നെ 96 ദശലക്ഷം പേരാണ് പുതുതായി കൊടും ദാരിദ്ര്യത്തിന്റെ പിടിയിലാകുകയെന്ന് "യു.എന്‍. വിമണ്‍' മുന്നറിയിപ്പുനല്‍കുന്നു. ഇവരില്‍ 47 ദശലക്ഷവും സ്ത്രീകളായിരിക്കും. അതായത്, നിലവിലുള്ള "ജെന്‍ഡര്‍ പോവര്‍ട്ടി ഗ്യാപ്' വികസിക്കുകയാണ്- അതായത്, പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടുന്നു. ഒന്നോ രണ്ടോ ദശകം കൊണ്ട് സ്ത്രീകള്‍ നേടിയ സാമൂഹികവും സാമ്പത്തികവുമായ കുതിപ്പാണ് രണ്ടു വര്‍ഷം കൊണ്ട് റദ്ദായിപ്പോയത്. സ്ത്രീകളുടെ ലൈംഗിക, പ്രജനന അവകാശങ്ങളും തെരഞ്ഞെടുപ്പുകളും ഇല്ലാതായതിനെക്കുറിച്ച് ലേഖകന്‍ പരാമര്‍ശിക്കുന്നുണ്ട്. കോവിഡ് ഇതുവരെ ഇല്ലാതിരുന്ന പുതിയൊരു പുരുഷാധിപത്യക്രമമാണ് സ്ഥാപിച്ചെടുത്തത് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കോവിഡിന് മെഡിക്കല്‍ സയന്‍സ് വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞു, നല്ലത്. എന്നാല്‍, കോവിഡാനന്തര ലോകത്ത് മനുഷ്യന്റെ അതിജീവനം എത്രമാത്രം സംഘര്‍ഷഭരിതമായിരിക്കും എന്ന് ആലോചിക്കാന്‍ കൂടി വയ്യ.
കെ.എം. അൻസാരി 
അബൂദബി, യു.എ.ഇ 


'സ്‌പേഷ്യല്‍ ജസ്റ്റിസ്'; കൊണ്ടിട്ടും പഠിക്കാത്ത കേരളം

പ്രകൃതി ദുരന്തങ്ങളിലെ "സ്‌പേഷ്യല്‍ ജസ്റ്റിസ്' എന്നൊരു ഘടകത്തെ മുന്‍നിര്‍ത്തി ഡോ. രതീഷ് പാണമ്പറ്റ നടത്തിയ വിശകലനം (പാക്കറ്റ് 34) ശ്രദ്ധേയമായി. പ്രത്യേകിച്ചും, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ ജാതി പോലും ഘടകമാകുന്നു എന്ന നിരീക്ഷണം ശ്രദ്ധയാകര്‍ഷിക്കുന്നു. സാമൂഹികക്ഷേമ പദ്ധതികളുടെയും വെല്‍ഫെയര്‍ രാഷ്ട്രീയത്തിന്റെയും പിന്തുണയോടെ കേരളം ദാരിദ്ര്യവല്‍ക്കരണത്തിന്റെ രൂക്ഷതയില്‍നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശവാദങ്ങള്‍ക്കിടയിലും, അധകൃതവിഭാഗങ്ങളുടെ അരികുവല്‍ക്കരണം കേരളത്തില്‍ രൂക്ഷമായി വരികയാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. റേഷനും ഭക്ഷ്യക്കിറ്റും ഫ്‌ളാറ്റ് പദ്ധതികളും പാര്‍ശ്വവല്‍കൃതരുടെ സാമൂഹിക പദവികളെ ഒരുതരത്തിലും പരിഷ്‌കരിക്കാന്‍ പ്രാപ്തമല്ല എന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിഭവങ്ങളുടെ ന്യായമായ വിതരണവും അവയിന്മേലുള്ള സ്വയം നിര്‍ണയാവകാശവുമാണ് ഇതിനുള്ള പരിഹാരമെന്നിരിക്കേ, അവ ഭരണകൂട അജണ്ടകളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ കൂടുതല്‍ പരാശ്രിതത്വത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.

chellanam

പാരിസ്ഥിതികമായി കൂടി ഏറെ ദുര്‍ബലമായ മേഖലകളിലേക്കാണ് ഇവരുടെ ഒഴിച്ചുപോക്ക്. നവ ഉദാരവല്‍ക്കരണ നയങ്ങളാല്‍ തീരുമാനിക്കപ്പെടുന്ന വികസനത്തിന്റെ ഇരകള്‍ കൂടിയാണിവര്‍. ഈയിടെ, വെബ്‌സീനിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിലെ നാല് വിമാനത്താവളങ്ങളുടെ കാര്യം അഭിമാനത്തോടെ എടുത്തു പറഞ്ഞുവല്ലോ. വരാന്‍ പോകുന്ന കെ. റെയില്‍ എന്ന അതിവേഗ ട്രെയിനും കേരളത്തിന്റെ അഭിമാന മുദ്രയാകാന്‍ പോകുകയാണ്. എന്നാല്‍, 2018നുശേഷമുള്ള രണ്ട് പ്രളയങ്ങളിലും ഉരുള്‍പൊട്ടലുകളിലും മണ്ണിടിച്ചിലുകളിലുമെല്ലാം ദുരിതമനുഭവിക്കേണ്ടിവന്ന മനുഷ്യരെയും ഇപ്പോഴും സമാനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെയും പരിണഗിക്കുന്ന ഒരു പദ്ധതി എന്തുകൊണ്ടാണ് സര്‍ക്കാറിന് ഇല്ലാതെ പോകുന്നത്? പ്രളയത്തിനുശേഷം നല്‍കുന്ന സഹായമല്ല, പ്രളയത്തില്‍ അകപ്പെടാതിരിക്കാനുള്ള സഹായമാണ് ഇവര്‍ക്കുവേണ്ടത്. മൂന്നുനാലു മാസം മുമ്പ് പെയ്ത കൊടുംമഴയിലും കടല്‍ക്ഷോഭത്തിലും തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരദേശവാസികളും ചതുപ്പുനിവാസികളുമാണ് സ്വന്തം വാസസ്ഥലങ്ങളില്‍ നിന്ന് പിഴുതെറിയപ്പെട്ടത്. ഇത്തരം മനുഷ്യരുടെ ആവാസവ്യവസ്ഥയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യം എന്നാണ് ഇനി ഉണ്ടാകുക?
ജെയ്സൺ 
തേവര, കൊച്ചി


 അപ്പോള്‍ ചെങ്ങറയിലേത് ഒരു മദ്യവിരുദ്ധ സമരമായിരുന്നു അല്ലേ?

ളാഹ ഗോപാലനുമായി അരുണ്‍ ടി. വിജയന്‍ നടത്തിയ അഭിമുഖം (പാക്കറ്റ് 35) കൗതുകകരമായിരുന്നു. ഒരു കാലത്ത് കേരളത്തിലെ ഭൂസമരങ്ങളിലെ തീപ്പൊരി സാന്നിധ്യമായിരുന്ന ഒരു നേതാവ് ഇപ്പോള്‍ അവയെയെല്ലാം തള്ളിപ്പറയുന്നു. അതിന് തക്ക ന്യായമോ അതിവിചിത്രവും. ചെങ്ങറയുടെ കാര്യമെടുക്കാം. താനുണ്ടായിരുന്നപ്പോള്‍ അവിടേക്ക് മദ്യം കടത്താന്‍ അനുവദിച്ചിരുന്നില്ലെന്നും സമരം ചെയ്തിരുന്നവരെ സി.പി.എം മദ്യം കൊടുത്ത് മയക്കി സമരം പൊളിച്ചു എന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. സ്വന്തം സമൂഹത്തിന്റെ സമരവീര്യത്തെ ഒറ്റുകൊടുക്കുകയാണ് ളാഹ ഗോപാലന്‍ ചെയ്യുന്നത്. ചെങ്ങറയില്‍ അദ്ദേഹം നയിച്ചത് ഒരു മദ്യവിരുദ്ധ സമരമായിരുന്നുവോ എന്നുപോലും സംശയം തോന്നുന്നു. "ഒരു ആദിവാസിപ്പെണ്ണ് കലക്ടറായി, എനിക്ക് വലിയ അല്‍ഭുതം തോന്നി, അത് ദൈവ സഹായം കൊണ്ട് സംഭവിച്ചതാണെന്നേ പറയാനാകൂ' എന്ന് പരമപുച്ഛരസത്തില്‍ ളാഹ ഗോപാലന്‍ പറയുന്നുണ്ട്. ആദിവാസി വിഭാഗത്തിന്റെ പുതുതലമുറയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങളെയാണ് താന്‍ തള്ളിപ്പറയുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാനാകുന്നില്ല എന്നുതോന്നുന്നു.

laha-cover_0.jpg
2011 ആഗസ്​റ്റിൽ ചെങ്ങറയിൽനിന്ന്​ തുടങ്ങിയ അടിസ്​ഥാന വർഗ മോചനയാത്രയിൽ ളാഹ ഗോപാലൻ സംസാരിക്കുന്നു

വിദ്യാഭ്യാസത്തിനുവേണ്ടി ഇന്നും ആദിവാസികള്‍ സമരം ചെയ്യുന്നുണ്ട്, പ്രതിഷേധിക്കുന്നുണ്ട്, അവകാശങ്ങള്‍ പിടിച്ചുപറ്റുന്നുണ്ട്. തങ്ങളുടെ ഉപരിപഠന അവകാശത്തിനായി വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. അത്തരം അവകാശബോധത്തില്‍നിന്നാണ് ശ്രീധന്യയെപ്പോലൊരു പെണ്‍കുട്ടി ഐ.എ.എസ് നേടുന്നത് എന്ന് ളാഹ ഗോപാലന് തിരിച്ചറിയാനാകുന്നില്ല. "പത്തുമുപ്പതുപേരെ തിരുവനന്തപുരത്തെത്തിച്ച് കുടില്‍കെട്ടി സമരം നടത്തിച്ചത്' എ.കെ. ആന്റണിയുടെ തന്ത്രമായിരുന്നു എന്ന് അദ്ദേഹം പറയുന്നത് എന്തടിസ്ഥാനത്തിലാണ്? അതിനുള്ള തെളിവൊന്നും അദ്ദേഹം ഹാജരാക്കുന്നുമില്ല. അയ്യങ്കാളിയുടെയോ അംബേദ്കറുടെയോ പേര് ഉപയോഗിക്കാതെ എന്ത് ദളിത് സ്‌നേഹമാണ് എന്നൊക്കെയുള്ള ബാലിശമായ ന്യായങ്ങളാണ്, കേരളത്തിലെ  ഏറ്റവും ശക്തയായ ഒരു ആദിവാസി നേതാവിനെതിരെ അദ്ദേഹം നിരത്തുന്നത്. ഒരു രാഷ്ട്രീയ സമരത്തിന്റെ അരാഷ്ട്രീയ നേതൃത്വത്തെ മറയില്ലാതെ പുറത്തുനിര്‍ത്തുന്നതാണ് ഈ അഭിമുഖം. എന്തുകൊണ്ടാണ്, കേരളത്തില്‍ ദളിത്, പിന്നാക്ക പക്ഷ സമരങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് എന്നതിന്റെ മുഖംമൂടിയഴിച്ച ഒരു ഉദാഹരണമായി ഈ അഭിമുഖത്തില്‍ ളാഹ ഗോപാലന്‍ നഗ്‌നനാക്കപ്പെട്ട് നില്‍ക്കുന്നു.
അനിത ഗോപൻ 
റാന്നി, പത്തനംതിട്ട 


പാര്‍ട്ടിയോട് കാലുഷ്യമില്ലാത്ത 'വെയില്‍ക്കാലങ്ങള്‍'

സി.പി.എമ്മിന്റെ അനിഷ്ടം സമ്പാദിക്കുന്നവരുടെ ഭാവി ജീവിതത്തെക്കുറിച്ച് "വിലപ്പെട്ട' സൂചനകളാണ് യു. ജയചന്ദ്രന്റെ വെയില്‍ക്കാലം നല്‍കുന്നത് (പാക്കറ്റ് 34). എന്‍.കെ. വാസുദേവനെക്കുറിച്ചുള്ള ഈ ഓര്‍മക്കുറിപ്പ് അതുകൊണ്ടുതന്നെ അവിസ്മരണീയമായി. 

vasudevan.jpg
എന്‍.കെ. വാസുദേവന്‍

മൂന്നാലുവര്‍ഷം മുമ്പ് മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച മഹാരാജകീയം പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി എസ്. രമേശന്‍ എഴുതിയ കുറിപ്പില്‍ വാസുദേവനെക്കുറിച്ച് പരാമര്‍ശിച്ചത് ഓര്‍ക്കുന്നു. 1973-74ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പി.ജിക്ക് ചേരാന്‍ തയാറെടുത്തുനിന്ന രമേശനെ തോമസ് ഐസക്കും എന്‍.കെ. വാസുദേവനും ചേര്‍ന്നാണ് മഹാരാജാസില്‍ തിരികെയെത്തിച്ചത്. അത്തവണ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കായിരുന്നു ജയം. കെ.എസ്.യുവിന്റെ പാനലില്‍നിന്ന് ജയിച്ചത് ഒരാള്‍ മാത്രം, എസ്.എഫ്.ഐയിലെ എന്‍.കെ. വാസുദേവനെ തോല്‍പ്പിച്ച് ഗോപകുമാര്‍. മഹാരാജാസിനെ എസ്.എഫ്.ഐ കോട്ടയായി നിലനിര്‍ത്താന്‍ വാസുദേവന്റെയൊക്കെ നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ചരിത്രസംഭാവനകള്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. അങ്ങനെയൊരാള്‍ തന്റെ സുഹൃത്തിനുമുന്നില്‍ കണ്ണുകള്‍ കലങ്ങിനിന്ന കാഴ്ച മറക്കാനാവാത്തതാണ്. ചരിത്രത്തില്‍ ഇല്ലാത്ത ഇത്തരം വിലപ്പെട്ട സന്ദര്‍ഭങ്ങളാല്‍ സമ്പന്നമാണ് "വെയില്‍ക്കാലങ്ങള്‍'. പാര്‍ട്ടിയോട് ഒട്ടും കാലുഷ്യമില്ലാതെ തന്നെ യു. ജയചന്ദ്രന് അവ തുറന്നെഴുതാനും കഴിയുന്നുണ്ട്.
പ്രമോദ് കൃഷ്ണൻ 
ആലുവ 


അപ്പോള്‍ കോവിഡ് മൂന്നാം തരംഗത്തെ വിചാരിച്ചാല്‍ ഒഴിവാക്കാം...

കോവിഡിന്റെ മൂന്നാം തരംഗം അനിവാര്യമായ ഒന്നല്ല, അത്, രോഗത്തെ കൈകാര്യം ചെയ്യുന്നതിലുള്ള പിഴവുമൂലം സംഭവിക്കുന്നതാണെന്ന ഡോ. ബി. ഇക്ബാലിന്റെ നിരീക്ഷണം (പാക്കറ്റ് 35) ശ്രദ്ധേയമായി തോന്നി. നിയന്ത്രണ മാര്‍ഗങ്ങളിലെ പാളിച്ചകളും വാക്‌സിന്‍ വിതരണത്തിലെ വീഴ്ചകളുമാണ് മൂന്നാം തരംഗത്തിന് കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമായി തന്നെ പറയുന്നുണ്ട്. അതിനര്‍ഥം, ഇനിയുള്ള കോവിഡ് പ്രതിരോധം സാമൂഹികവും രാഷ്ട്രീയവുമായ പ്രക്രിയ കൂടിയാണ് എന്നതാണ്. അതായത്, രോഗപ്രതിരോധത്തിന് സാമൂഹിക നിയന്ത്രണം ശക്തമാക്കുകയും ഒപ്പം, വാക്‌സിന്‍ ലഭ്യതയില്‍ ജനാധിപത്യപരമായ നീതിയും തുല്യതയും ഉറപ്പുവരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുകയും ചെയ്യുക. ഇത് എത്രത്തോളം സാധ്യമാണ് എന്ന് ഇന്നത്തെ  അവസ്ഥയില്‍ ഉറപ്പു പറയാനാകില്ല. കാരണം, പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കുമുന്നില്‍ നമ്മുടെ സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഫലമോ, തൊട്ടടുത്ത ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.

iqbal
ഡോ.ബി. ഇക്ബാല്‍

വൈകാരികമായ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന ഭരണകൂടം വ്യാപാരികള്‍ അടക്കമുള്ള അടിസ്ഥാന വിഭാഗങ്ങളുടെ ആവശ്യങ്ങളെ യുക്തിസഹമായി സമീപിക്കുന്നുമില്ല. ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. ലോക്ക്ഡൗണിന്റെയും കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിക്കുന്നതിന്റെയുമെല്ലാം അടിസ്ഥാനങ്ങളില്‍ വീണ്ടുവിചാരം അനിവാര്യമായിരിക്കുന്നു. മാത്രമല്ല, വാക്‌സിന്‍ വിതരണത്തില്‍ ആവശ്യമായ വേഗം കൈവരിക്കാന്‍ കേരളത്തിനായിട്ടില്ല. ആദ്യ ഡോസ് കിട്ടാന്‍ കാത്തിരിക്കുന്നവര്‍ ഏറെയുണ്ട് ഇപ്പോഴും. അടുത്ത മാസം ഓണമാണ്. സമ്മര്‍ദങ്ങളാകരുത്, ശാസ്ത്രീയതയും യുക്തിയുമായിരിക്കണം ഓണക്കാലത്തെ കോവിഡ് തീരുമാനങ്ങളെ നിര്‍ണയിക്കേണ്ടത്.
നസീമ ബി. 
തിരൂർ, മലപ്പുറം 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media