Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് 35 ല്‍ ശ്രീജിത്ത് സുഗതന്‍ എഴുതിയ കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം
Text Formatted

ഇതാ, നാം അറിയാത്ത ഒരു അമര്‍ത്യാസെന്‍

മര്‍ത്യാസെന്നിന്റെ "ഹോം ഇന്‍ ദി വേള്‍ഡ്- എ മെമ്മയര്‍' എന്ന പുസ്തകത്തെക്കുറിച്ചുള്ള എന്‍.ഇ. സുധീറിന്റെ വായന (വെബ്സീന്‍, പാക്കറ്റ്​ 35) സന്ദര്‍ഭോചിതമായി. നമ്മുടെ കാലഘട്ടത്തിലെ മൗലികതയുള്ള ഒരു രാഷ്ട്രീയചിന്തയുടെ ഉടമയായ അമര്‍ത്യാസെന്നിനെ രൂപപ്പെടുത്തിയ ഒരു കാലത്തിന്റെ നഖചിത്രമാണ് ഈ കൃതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ചില കാര്യങ്ങള്‍ കൂടി ഈ പുസ്തകം വെളിപ്പെടുത്തുന്നു. അതാണ്, 18ാം വയസ്സില്‍, കൊല്‍ക്കത്തയില്‍ കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പിടിപെട്ട കാന്‍സര്‍. ആ രോഗത്തിനെ കീഴടക്കാന്‍ ആ പ്രായത്തിലും അദ്ദേഹം നടത്തിയ ചെറുത്തുനില്‍പ് ആവേശകരമായ ഒരു അറിവുകൂടിയാണ്. രോഗമുള്ള അവസ്ഥയില്‍ അദ്ദേഹം തന്റെ വൈജ്ഞാനികമായ അന്വേഷണങ്ങള്‍ തുടര്‍ന്നു. റേഡിയേഷനിടെ വായിച്ച ഷേക്സ്പിയറിന്റെ  "കൊറിയോലാനസ്' എന്ന നാടകത്തെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

packet-35-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 35 കവര്‍

മാനവികത എന്ന മൂല്യത്താല്‍ പ്രചോദിതമായ ഒരു ലോകത്തെക്കുറിച്ച കാഴ്ചപ്പാട് അമര്‍ത്യക്ക് രൂപപ്പെടുത്താനായത്, ടാഗോറിന്റെ പരിസരങ്ങളില്‍നിന്നായിരിക്കണം. ശാന്തിനികേതനില്‍ അദ്ദേഹം ജനിക്കുകയും വളരുകയും ചെയ്തു. അറിവിന്റെ ലോകങ്ങളിലേക്കുള്ള സഞ്ചാരം ശാന്തിനികേതന്റെ വിശാലഭൂമികയില്‍നിന്നാണ് അമര്‍ത്യ തുടങ്ങിവെച്ചതെന്ന് ഈ പുസ്തകത്തില്‍ വ്യക്തമാണ്. ടാഗോറിന്റെ ഒരു പ്രധാന നോവലിന്റെ പേരിനോട് - ഹോം ആൻറ്​ ദ് വേള്‍ഡ് - സാമ്യമുള്ള ഒരു പേരുതന്നെയാണല്ലോ അമര്‍ത്യ തന്റെ ആത്മകഥക്കും നല്‍കിയത്. ഇതില്‍നിന്നുതന്നെ ടാഗോറിന്റെ ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ രക്തബന്ധം തിരിച്ചറിയാന്‍ കഴിയുന്നു.

ബംഗാള്‍ ക്ഷാമം, ബംഗാള്‍ വിഭജനം ഏല്‍പ്പിച്ച മുറിവുകള്‍, ധാക്കയിലെ ബാല്യം, കേംബ്രിഡ്ജിലെ വിദ്യാഭ്യാസ അനുഭവങ്ങള്‍, മാര്‍ക്സ് വായന എന്നിങ്ങനെ നാം അറിയുന്ന ഇന്നത്തെ അമര്‍ത്യാസെന്നിനെ രൂപപ്പെടുത്തിയ എല്ലാ ഘടകങ്ങളുടെയും ജനിതകം പേറുന്ന ഒരു പുസ്തകമാണിത്. അതിനെ ഹൃദ്യമായി അനുഭവപ്പെടുത്തുന്ന ഒരു കുറിപ്പാണ് സുധീറിന്റേത്.
സുധീര്‍ബാബു പി.വി
ആറ്റിങ്ങല്‍


അമര്‍ത്യാസെന്നിന്റെ യഥാര്‍ഥ വീട് എവിടെയാണ്?

മര്‍ത്യാസെന്നിന്റെ ധൈഷണികലോകം രൂപപ്പെടുത്തിയ പല ലോകങ്ങളെക്കുറിച്ചുള്ള ആത്മകഥാകൃതിയെക്കുറിച്ച് എന്‍.ഇ. സുധീര്‍ എഴുതിയത് (പാക്കറ്റ് 35) താല്‍പര്യത്തോടെ വായിച്ചു. ഏവരും അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെ പരിചയപ്പെടുത്തിയ വെബ്സീനിന് നന്ദി പറയട്ടെ.
എവിടെയാണ് അമര്‍ത്യാസെന്നിന്റെ യഥാര്‍ഥ വീട്? അതോ, അനവധി വീടുകളുടെ, അവിടങ്ങളില്‍നിന്നെല്ലാം രൂപപ്പെട്ട അനവധി അനുഭവങ്ങളുടെ ഒരു സംഘാതമാണോ ഈ വ്യക്തി. കൗതുകകരമാണ് ആ സഞ്ചാരം. ശാന്തിനികേതനിലെ ജനനം, ധാക്കയിലെ ബാല്യം,  കേംബ്രിഡ്ജിലെയും എം.ഐ.ടിയിലെയും സ്റ്റാന്‍ഫോഡിലെയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെയും യൗവനം. രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനത്തില്‍നിന്ന് പഠനകാലത്ത് മാര്‍ക്സിലേക്ക് പടര്‍ന്ന ചിന്ത. 1943ല്‍ ബംഗാള്‍ ക്ഷാമത്തിന്റെ കുട്ടിക്കാലാനുഭവങ്ങള്‍ ഈ പുസ്തത്തില്‍ സെന്‍ പങ്കുവെക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം  െചയ്തതിന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ തടവിലാക്കപ്പെടുന്നു. അതേ ബ്രിട്ടന്‍ തന്നെ നാലര പതിറ്റാണ്ടിനുശേഷം അദ്ദേഹത്തെ "രാജകീയ'മായിത്തന്നെ സ്വീകരിക്കുന്നുമുണ്ട്; ട്രിനിറ്റിയിലേക്ക്.

Amarthya-Sen
അമര്‍ത്യാസെന്‍

സഹജീവികളില്‍നിന്ന് പഠിക്കാനുള്ള പാഠങ്ങളെക്കുറിച്ച്, ഈയിടെ എന്‍.ഡി.ടി.വിയിലെ പ്രണോയ് റോയിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. സൗഹൃദവും അടുത്ത ബന്ധങ്ങളും മറ്റുള്ളവരോടുള്ള വിശ്വാസവുമെല്ലാം വളരെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു. ഒരിക്കല്‍ വാഴ്സയിലേക്കുള്ള വിമാനം കിട്ടാതെ വന്ന് പണമില്ലാതെ, ഈസ്റ്റ്  ബെര്‍ലിന്‍ സ്റ്റേഷനിലെത്തി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോള്‍ ബര്‍ലിനില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ഒരു വിദ്യാര്‍ഥി അദ്ദേഹത്തിന്റെ സഹായത്തിനെത്തിയത് അമര്‍ത്യ പറയുന്നുണ്ട്. കൊളോണിയല്‍ ഭരണത്തിലെ ബാല്യത്തില്‍നിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പൗരനെന്ന നിലയ്ക്കുള്ള അസ്തിത്വത്തെ വിമര്‍ശനാത്കമായി പ്രശ്നവല്‍ക്കരിക്കുന്ന ഒരു ബൗദ്ധികജീവിതത്തിന്റെ സൃഷ്ടിയെക്കുറിച്ചുള്ള വിലപ്പെട്ട രേഖ കൂടിയാണ് ഈ ആത്മകഥ.
രാഖി പ്രദീപ്,
പനമ്പിള്ളി നഗര്‍, എറണാകുളം


ആദിവാസിയെ കുടിയിറക്കാനൊരുങ്ങുന്ന കേരളം

ഡോ. അഭിലാഷ് തടത്തില്‍, ഡോ. കെ.എസ്. ഹരി എന്നിവര്‍ എഴുതിയ ഭരണകൂട കുറ്റകൃത്യമായി മാറിയ ആദിവാസി ക്ഷേമം എന്ന പഠനം (പാക്കറ്റ് 35), കേരളത്തിലെ ആദിവാസി ക്ഷേമ പദ്ധതികളുടെയും നയസമീപനങ്ങളുടെയും പൊള്ളത്തരം പൊളിച്ചുകാട്ടുന്ന ഒന്നാന്തരം കണ്ടെത്തലുകളടങ്ങിയ ഒന്നാണ്.
2006ല്‍ നിലവില്‍വന്ന വനാവകാശ നിയമത്തിന്റെ കേരളത്തിലെ അവസ്ഥ പരിശോധിച്ചാല്‍, ഭരണകൂട സമീപനം വ്യക്തമാകും. വിഭവങ്ങളിന്മേലും വനത്തിലുമുള്ള ആദിവാസികളുടെ അവകാശം ഉറപ്പുനല്‍കുന്ന ഒന്നാണ് ഈ നിയമം. മാത്രമല്ല, ഗ്രാമസഭകളുടെ അടിസ്ഥാനത്തിലുള്ള ജനാധിപത്യവല്‍ക്കരണം, വികേന്ദ്രീകൃതമായ വനസംരക്ഷണം തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ നിയമം. എന്നാല്‍, പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷവും ഈ നിയമത്തിന്റെ നടത്തിപ്പ് തുടങ്ങിയേടത്തുതന്നെയാണ്. ലേഖനത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

study-report
ഡോ. കെ.എസ്​. ഹരി, ഡോ. അഭിലാഷ്​ തടത്തിൽ

കേരളത്തില്‍ സാമൂഹിക വനാവകാശ പ്രകാരം ആദിവാസികള്‍ക്ക് ലഭിക്കേണ്ടത് 21 ലക്ഷം ഏക്കര്‍ വനഭൂമിയാണ്. എന്നാല്‍, വനഭൂമിയെ റവന്യൂ ഭൂമിയാക്കി മാറ്റി, ആദിവാസികളുടെ ഭൂമിയിലുള്ള അവകാശം കവര്‍ന്നെടുക്കാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. ആദിവാസികള്‍ കൂടുതലുള്ള നാലു ജില്ലകളിലെ ആദിവാസി ഊരുകളിലെ ഭൂമിക്ക് 2006ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് നല്‍കിയ വനാവകാശരേഖകള്‍ റദ്ദാക്കപ്പെടുമെന്ന ആശങ്ക ആദിവാസി ഗോത്രമഹാസഭ പ്രകടിപ്പിച്ചിരുന്നു. കേരള ഭൂപതിവ് ചട്ടപ്രകാരം ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയായി മാറുന്നു. സംസ്ഥാനത്തെ 35000ഓളം വ്യക്തിഗത വനാവകാശ ക്ലെയിമുകളില്‍ 16000 ഓളം ഈ നാലു ജില്ലകളിലാണ് എന്നതും ശ്രദ്ധിക്കണം. സര്‍ക്കാര്‍ നീക്കം നടപ്പാകുകയാണെങ്കില്‍ ആദിവാസികള്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും ഒരേപോലെ പട്ടയം ലഭിക്കും. മാത്രമല്ല, ആദിവാസികള്‍ക്ക് വനവിഭവങ്ങളിന്മേലളുള്ള അവകാശം നഷ്ടമാകുകയും ചെയ്യും. ഗ്രാമസഭകളുടെ അധികാരത്തിന്മേലും അത് കത്തിവെക്കും.

പൂര്‍ണമായും കാടുകളെ മാത്രം ഉപജീവനം കഴിക്കുന്ന നിരവധി ഗോത്ര വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. കാണിക്കാര്‍, മലമ്പണ്ടാരം, മുതുവാന്‍, മന്നാന്‍, ഉള്ളാടര്‍, ഊരാളി, മലയരയര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വനത്തിലുള്ള അവകാശം പൂര്‍ണമായും നഷ്ടമാകാന്‍ പോകുകയാണ്. 

മറ്റു സംസ്ഥാനങ്ങളില്‍ വനവും വനവിഭവങ്ങളും കൊള്ളയടിക്കാന്‍ തക്കവണ്ണം സര്‍ക്കാര്‍ നയങ്ങള്‍ തന്നെ രൂപപ്പെടുത്തുന്നുണ്ട്. ആദിവാസികളെ സ്വന്തം ഭൂമിയില്‍നിന്ന് കുടിയിറക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടാകുന്നുണ്ട്. അണക്കെട്ടുകളുടെയും ഖനനത്തിന്റെയും പേരിലുള്ള കുടിയിറക്കങ്ങള്‍ കൂടിവരികയാണ്. അതിനെതിരായ ചെറുത്തുനില്‍പ്പുകളാണ് മാവോയിസം എന്ന പേരില്‍ സായുധസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാന- കേന്ദ്ര ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തുന്നത്. ആയിരക്കണക്കിന് ആദിവാസി ചെറുപ്പക്കാരാണ് ചെയ്യാത്ത കുറ്റത്തിന് ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്നത്. ഈയിടെ ഭരണകൂട കൊലക്കിരയായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആവശ്യങ്ങളില്‍ ഒന്ന്, സ്വന്തം ഭൂമി സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയതിന് അറസ്റ്റിലായി ജയിലിലടക്കപ്പെട്ട ആദിവാസി യുവാക്കളുടെ മോചനമായിരുന്നു. കേരളത്തിലും സര്‍ക്കാര്‍ സംവിധാനം വനത്തിലെത്തുന്നത് മാവോവാദികളെ പിടികൂടാന്‍ മാത്രമാണ്. ലേഖനത്തില്‍ പറയുന്നതുപോലെ, ഭക്ഷ്യക്കിറ്റ് നല്‍കിയതുകൊണ്ടും അങ്കണവാടി ടീച്ചറെ നിയോഗിച്ചതുകൊണ്ടും പരിഹരിക്കാവുന്നതല്ല ആദിവാസികളുടെ പ്രശ്നങ്ങള്‍. അതിന് നയപരമായ ഇടപെടല്‍ തന്നെയാണ് വേണ്ടത്. എന്നാല്‍, അതിനുള്ള ശേഷി കേരളത്തിലെ ഇരുമുന്നണികള്‍ക്കുമില്ല എന്ന് എന്നോ തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
എം.എന്‍. മന്‍സൂര്‍. 
വളാഞ്ചേരി, മലപ്പുറം


സര്‍ക്കാര്‍ കടന്നുചെല്ലാത്ത ആദിവാസി ജീവിതം

ദിവാസികളുടെ നീറുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ലേഖനം അതീവ പ്രാധാന്യമുള്ളതാണ്. (പാക്കറ്റ് 35). വനാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കം ആദിവാസി ഊരുകളിലുണ്ടാക്കിയിരിക്കുന്ന ആശങ്ക, ലേഖനത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. മുഖ്യധാരാ സമൂഹത്തിനുവേണ്ടിമാത്രമുള്ള ഒരു സംവിധാനമായി സംസ്ഥാന ഭരണകൂടം മാറുന്നതിന്റെ ക്രൂരമായ യാഥാര്‍ഥ്യം കൂടി ഈ വിശകലനം മുന്നോട്ടുവെക്കുന്നു.  വനാവകാശ നിയമം അതിന്റെ അന്തഃസ്സത്തയില്‍ നടപ്പാക്കപ്പെടാത്തതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ലേഖകര്‍ എടുത്തു പറയുന്നുണ്ട്. 

ആദിവാസികള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും അവകാശമുള്ള ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ലാത്തതും അനന്തരാവകാശികള്‍ക്കുമാത്രം കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതുമാണെന്നാണ് നിയമം പറയുന്നത്. സര്‍ക്കാറിന് ഇത് ഏറ്റെടുക്കാനാകില്ല. ഇങ്ങനെയൊരു സംരക്ഷണമുള്ളപ്പോഴാണ് വനമേഖലയിലെ ആദിവാസി സെറ്റില്‍മെന്റുകള്‍ 1964ലെ ഭൂമി പതിവ് ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഭൂമിയാണെന്ന വിചിത്രവാദമുന്നയിക്കുന്നത്. ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കുന്നത് മരവിപ്പിച്ചതിനുപിന്നിലും സര്‍ക്കാറിന്റെ ദുരൂഹമായ താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

wayanad
ഫോട്ടോ: മുഹമ്മദ് ഹനാന്‍

ആദിവാസികളുടെ പരമപ്രധാനമായ ഭൂമി എന്ന അവകാശത്തിനെതിരെ, അവര്‍ക്കെതിരെ ഒറ്റക്കെട്ടായതിന്റെ ചരിത്രം സംസ്ഥാനത്തെ നിയമസഭക്കുപോലുമുണ്ട് എന്ന കാര്യം മറന്നുകൂടാ. ജനസംഖ്യാനുപാതികമായി പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് സംസ്ഥാന ബജറ്റ് വിഹിതം മാറ്റിവെക്കുന്ന ഏക സംസ്ഥാനം എന്ന അവകാശവാദം വലിയ പ്രാധാന്യത്തോടെയാണ് എല്‍.ഡി.എഫിന്റെ കഴിഞ്ഞ പ്രകടനപത്രികയില്‍ എടുത്തുപറഞ്ഞിരുന്നത്. ഈ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച തുകയുടെ വിഹിതം രാജ്യത്തെ മറ്റേതൊരു സംസ്ഥാനം നീക്കിവെച്ചതിനേക്കാളും കൂടുതലാണെന്നും പ്രകടനപത്രിക സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, വെബ്സീനിലെ ലേഖനത്തില്‍ ചോദിക്കുന്നതുപോലെ, ഈ വിഹിതത്തിന്റെ ബാക്കിപത്രം എന്താണ് എന്ന പരിശോധന മാത്രം എന്താണ് നടത്താത്തത്? ഈ വിഹിതം ഉപയോഗിച്ച് എന്ത് സാമൂഹിക മാറ്റമാണ് കേരളത്തിലെ ആദിവാസി മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായത് എന്നൊരു ധവളപത്രം ഇടതുപക്ഷ സര്‍ക്കാറിന് ഇറക്കാന്‍ കഴിയുമോ?
സി. ജംഷീന
കൊല്ലങ്കോട്, പാലക്കാട്
​​​​​​​ 


അനന്യയുടെ മരണം അസാധുവാക്കിയ പൊതുസമൂഹം

ഫൈസല്‍ ഫൈസുവിന്റെ ജീവിതം വായിച്ച് വേദന തോന്നി (പാക്കറ്റ് 35). നമുക്കിടയില്‍ ഇങ്ങനെയും ചിലര്‍ ജീവിച്ചുപോകുന്നു എന്നത്, ഇത്രയേറെ വികാസം പ്രാപിച്ചുവെന്ന് അഹങ്കരിക്കുന്ന ഒരു പൊതുസമൂഹത്തിന് അപമാനകരമാണ്. 

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പോലും ട്രാന്‍സ് സമൂഹത്തെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന മനുഷ്യവിരുദ്ധത, അനന്യകുമാരിയുടെ മരണത്തെതുടര്‍ന്ന് പുറത്തുവന്നത് ഓര്‍ക്കുന്നു. ട്രാന്‍സ് ജെന്റര്‍ എന്നത് സിമ്പിളായി പറഞ്ഞാല്‍ ചാന്തുപൊട്ട് എന്ന സിനിമയില്‍ ദിലീപ് ചെയ്യുന്ന കഥാപാത്രമാണ് എന്ന് നിര്‍വചിച്ചത് ഒരു ഡോക്ടറാണ്. ശാരീരികമായി അപൂര്‍ണത ഒന്നുമില്ലാത്ത പുരുഷന്‍ മാനസികമായി താന്‍ ഒരു സ്ത്രീയാണെന്ന് അവകാശപ്പെടുന്ന അവസ്ഥയും ശാരീരികമായി അപൂര്‍ണതയില്ലാത്ത സ്ത്രീ, മാനസികമായി താനൊരു പുരുഷനാണ് എന്ന് അവകാശപ്പെടുന്ന അവസ്ഥയുമാണ് ട്രാന്‍സ്ജെന്റര്‍ എന്നാണ് ഈ ഡോക്ടര്‍ ഫേസ്ബുക്കില്‍ എഴുതിവെച്ചത്. സിനിമയില്‍ ദിലീപിന് കുട്ടിയുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി, ഇവര്‍ സന്താനോല്‍പാദനശേഷിയുള്ളവര്‍ കൂടിയാണെന്നും ഇദ്ദേഹം പറഞ്ഞുവെക്കുന്നു. 

Faisal fasu
ഫൈസൽ ഫൈസു

ശരീരത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ഒരു ഡോക്ടര്‍ തന്നെ ഇത്തരം അബദ്ധങ്ങള്‍ വിളമ്പിവെക്കുന്ന ഒരു നാട്ടില്‍, ഫൈസല്‍ ഫൈസുവിന്റെ നാട്ടുകാരായ സാധാരണ മത്സ്യത്തൊഴിലാളികളെയും നിര്‍മാണ തൊഴിലാളികളെയുമൊന്നും കുറ്റം പറയാന്‍ പറ്റില്ല. കാരണം, അവരുടെ അജ്ഞത ഒരു കുറ്റകൃത്യമാകുന്നില്ല. മാനസികമായ ഒരു തോന്നല്‍ മാത്രമായി ട്രാന്‍സ് സെക്ഷ്വാലിറ്റിയെ വിവരിക്കുന്നതിനുപുറകില്‍ അജ്ഞതയേക്കാളേറെ ദുരുദ്ദേശ്യമാണുള്ളത്. ആണ്- പെണ്ണ് എന്ന ദ്വന്ദ്വത്തില്‍നിന്നുമാറി ലൈംഗികതയെ കാണുന്ന കാഴ്ചപ്പാട് ആധുനിക മെഡിക്കല്‍ സയന്‍സ് തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. സ്വവര്‍ഗാനുരാഗബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കണമെന്ന് മാര്‍പാപ്പ പോലും ആഹ്വാനം ചെയ്യുന്ന കാലമാണിത്. സ്വവര്‍ഗാനുരാഗികള്‍ ദൈവമക്കളാണെന്നും അവര്‍ക്ക് കുടുംബജീവിതത്തിന് അവകാശമുണ്ടെന്നുമാണ് മാര്‍പാപ്പ പറഞ്ഞത്. ട്രാന്‍സ് വ്യക്തികള്‍ വൈദികരാകാന്‍ മുന്നോട്ടുവന്നാല്‍ എതിര്‍ക്കില്ലെന്ന് മാര്‍ത്തോമാ സഭയുടെ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മുമ്പ് പറഞ്ഞത് ഓര്‍ക്കുന്നു. ഭിന്ന ലൈംഗികതയുള്ളവരോട് ഏറ്റവും യാഥാസ്ഥിതികമായ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്ന മതങ്ങള്‍ പോലും സ്വീകാര്യമായ നിലപാടിലേക്ക് മാറുകയാണ്. എന്നിട്ടും പൊതുബോധം അതിനെതിരായി നില്‍ക്കുന്നു, കേരളത്തില്‍ പോലും. അനന്യയുടെ മരണം വെറുമൊരു വിവാദം മാത്രമായി ഒടുങ്ങിയതിനുപിന്നില്‍ കേരളീയ പൊതുസമൂഹത്തിന്റെ കുറ്റകരമായ അനാസ്ഥയല്ലാതെ മറ്റൊന്നുമല്ല.
മറ്റൊന്ന്, ലിംഗമാറ്റ ശസ്ത്രക്രിയയുടെ അപര്യാപ്തതയിലേക്കുകൂടി ഈ മരണം ശ്രദ്ധയാകര്‍ഷിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജുകളില്‍ പോലും ഇതിന് സംവിധാനമില്ല എന്നത് പരിതാപകരമാണ്. ട്രാന്‍സ് സമൂഹത്തിനോടുള്ള അവഗണനയാണ് ഇതിലും നിഴലിക്കുന്നത്.
ലിസി തോമസ്
പട്ടണക്കാട്, ചേര്‍ത്തല


ചരട് ജപിച്ചുകെട്ടി സ്ഥാനമേറ്റ ആരോഗ്യമന്ത്രിയുടെ നാടാണിത്

രോഗവും പൗരാണിക വിശ്വാസവും എന്ന വിഷയത്തില്‍ ഡോ. ടി.എസ്. ശ്യാംകുമാര്‍ എഴുതിയ ലേഖനം ശ്രദ്ധാര്‍ഹമായിരുന്നു. പ്രത്യേകിച്ച്, കോവിഡ് കാലത്ത് ഇത്തരം വേദകാല അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കാന്‍ നടക്കുന്ന സാഹചര്യത്തില്‍.

shyamkumar
ഡോ. ടി.എസ്. ശ്യാംകുമാര്‍

രണ്ടുമൂന്നുമാസം മുമ്പാണ്, കോവിഡിനുള്ള അല്‍ഭുത മരുന്ന് വാങ്ങാന്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ കൃഷ്ണപട്ടണം എന്ന സ്ഥലത്ത് ആയിരങ്ങള്‍ തടിച്ചുകൂടിയത്. ആയുര്‍വേദ ചികിത്സകനായ ബി. ആനന്ദയ്യ എന്നയാളാണ് മരുന്ന് വിതരണം ചെയ്തിരുന്നത്. അഞ്ച് പ്രകൃതിദത്ത മൂലികകളും തേനും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്താണ് ആനന്ദയ്യ മരുന്നുണ്ടാക്കുന്നത്. ഇത് കോവിഡ് രോഗികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇയാള്‍ എന്ത് ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്, മരുന്നിന്റെ ഫലപ്രാപ്തി എങ്ങനെയാണ് തീരുമാനിച്ചത്, എവിടെയതാണ് പരീക്ഷണം നടത്തിയത് തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. അല്‍ഭുതകരമായ കാര്യം, ആന്ധ്ര സര്‍ക്കാര്‍ മരുന്നിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയാണ് ചെയ്തത്, മാത്രമല്ല, ഫലപ്രാപ്തി പരിശോധിക്കാന്‍ ഐ.സി.എം.ആറിന് അയച്ചുകൊടുക്കുകയും ചെയ്തു.  നെല്ലൂര്‍ സ്വദേശി കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മരുന്നിനെക്കുറിച്ച് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടതായി വാര്‍ത്തയില്‍ പറയുന്നു.

എന്തിനേറെ പറയുന്നു! നമ്മുടെ പുതിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥാനമേറ്റത്, ഓഫീസില്‍ പ്രത്യേക പൂജ നടത്തിയതിനുശേഷമാണ്. മന്ത്രി കസേരയില്‍ ചരട് ജപിച്ചുകെട്ടിയശേഷമാണ് ആസനസ്ഥനായത്. ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ആളാണ് മാണ്ഡവ്യ. വളം, കെമിക്കല്‍ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനത്തുനിന്നാണ് ആരോഗ്യവകുപ്പിലേക്ക് അദ്ദേഹം വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്യാംകുമാര്‍ പറയുന്ന വേദകാലത്തെ 'രോഗശാസ്ത്രം' ഇന്ത്യയുടെ ഔദ്യോഗിക ശാസ്ത്രമായി മാറാന്‍ അധിക കാലമെടുക്കില്ല എന്നുതോന്നുന്നു.
സി.എന്‍. മുരളീനാഥ്
താഴത്തങ്ങാടി, കോട്ടയം


'പ്ലേഗ്' എന്ന അതിജീവനൗഷധം

കോവിഡ് കാലത്ത് ലോകത്ത് ഏറ്റവുമധികം പുനര്‍വായനക്ക് വിധേയമായ നോവലുകളില്‍ ഒന്നായിരിക്കാം പ്ലേഗ്. യൂറോപ്പില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വായനക്കാര്‍ ഏറ്റെടുത്ത ഒരു കൃതി പ്ലേഗ് ആയിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിനീത വെള്ളിമനയുടെ "ക്ലാസിക് വായന'യില്‍ പ്ലേഗ് വന്നത് സന്ദര്‍ഭോചിതമായി.

ജനങ്ങളെയാകെ ബാധിച്ച ഒരു മഹാമാരിയെക്കുറിച്ച് വിവരിക്കുന്നു എന്നു മാത്രമല്ല, അതിനോടുള്ള ഭരണാധികാരികളുടെ സമീപനം ത ന്നെ വിമര്‍ശനവിധേയമാക്കുന്ന ഒന്നാണ് ഈ നോവല്‍. നൂറുകണക്കിന് മരണങ്ങളും പടരുന്ന ദുരിതങ്ങളും പുറത്തറിഞ്ഞാല്‍ അത് പരിഭ്രാന്തിയുണ്ടാക്കും എന്ന വികല ന്യായം പറഞ്ഞ് അത് മൂടിവെക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികളെക്കുറിച്ച് കാമു പറയുന്നുണ്ട് ഈ നോവലില്‍. കോവിഡ് കാലത്ത് നാം ഇത്തരം ഭരണാധികാരികളുടെ കീഴിലാണ് ജീവിക്കുന്നത്. രോഗത്തെക്കുറിച്ച് ചോദ്യം ചോദിച്ച ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ്ങിന് മരണം തന്നെയാണ് ഭരണകൂടം വിധിച്ചത്. 
പുറംലോകവും പ്രിയപ്പെട്ടവരുമായുമുള്ള സകല ബന്ധങ്ങളും മുറിച്ച് ജീവിക്കുന്ന മനുഷ്യരെ കാമു വരച്ചിടുന്നു, ഈ കോവിഡുകാലത്തേതുപോലെത്തന്നെ. രോഗത്തെക്കുറിച്ച് തെറ്റിധാരണ പടര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ അന്നത്തെപ്പോലെ ഇന്നുമുണ്ട്. ചുറ്റും രോഗം പടരുകയും മനുഷ്യര്‍ മരിച്ചുവീഴുകയും ചെയ്യുമ്പോള്‍, തനിക്കുചുറ്റും ഒന്നും സംഭവിക്കുന്നില്ല എന്ന വ്യാജമായ വിശ്വാസത്തില്‍ മുഴുകിക്കഴിയുന്ന കാമുവിന്റെ മനുഷ്യരെ കോവിഡുകാലത്തും കാണാം. വന്നതുപോലെ തന്നെ പ്ലേഗ് തിരിച്ചുപോകും എന്നൊരു ആത്മവിശ്വാസം നോവലിലെ മനുഷ്യരില്‍ കാണാം. അതുകൊണ്ട്, ജീവിതത്തെ ഈ രോഗത്തിനുമുന്നില്‍ ചിട്ടപ്പെടുത്തേണ്ടതില്ലെന്ന് അവര്‍ കരുതി. ഈ കോവിഡുകാലത്തെ അതേ മനുഷ്യനെയാണ് കാമു ആവിഷ്‌കരിച്ചത്. മഹാമാരിയുമായി സന്ധിയില്ല എന്ന നിലപാടെടുത്ത ഡോ. റ്യൂവിനെപ്പോലുള്ളവര്‍ ഇപ്പോള്‍ നമുക്കിടയിലുണ്ട്, രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന മനുഷ്യരുണ്ട്, ആത്മവിശ്വാസത്തോടെ അതിജീവനത്തിന് ശ്രമിക്കുന്നവരുണ്ട്... സാഹിത്യം ഒരു അതിജീവനൗഷധം കൂടിയാണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് 'പ്ലേഗ്'.
കെ.ആര്‍. സജിത
പെരുമ്പാവൂര്‍


 മിത്ര നീലിമയുടെ പ്രേതഭാഷണം

mithra
മിത്ര നീലിമ

പുതിയ കവികള്‍ ദൈനംദിനമെന്നോണം എത്തിപ്പിടിക്കുന്ന ദൂരങ്ങളെ കാണിച്ചുതരുന്ന കവിതയായിരുന്നു മിത്ര നീലിമയുടെ 'സായിപ്പിന്റെ സ്‌കൂള്‍' (പാക്കറ്റ് 35). സാധാരണ മനുഷ്യരുടെ പലതരം വിനിമയങ്ങളെ മൂര്‍ച്ചയേറിയ വാങ്മയങ്ങളായി ഈ കവിത രേഖപ്പെടുത്തുന്നു. അവരുടെ ഭാഷ 'പ്രാകൃത'മായ ഒരുതരം നൈഗര്‍ഗികതയുടെ ചൂരും ചൂടുമുള്ളതാണ്; സായിപ്പിന്റെ സ്‌കൂളിലെ മൂത്രപ്പെരേലെ കെട്ട വാടക്കുനേരെയുള്ള ആമിനക്കുട്ടിയുടെ പ്രാകല്‍ പോലെ. സ്‌കൂളിന് കാവല്‍ നില്‍ക്കുന്ന സായിപ്പിന്റെ പ്രേതത്തെ പോലെ, നേരെച്ചൊവ്വെകളെയെല്ലാം വളവും തിരിവുമാക്കി മന്ത്രിച്ചുവിടുന്ന അദൃശ്യശരീരികള്‍. എല്ലാത്തിനോടും ഇടയുന്ന കാമ്പുള്ള മനുഷ്യര്‍. അന്തിക്രിസ്തുവിനുപോലും അസാധ്യമായ സാധ്യതകള്‍... പുതുകവിത കുതിക്കുക തന്നെയാണ്.
ഹൃദ്യ എസ്. കുമാര്‍
കാര്യവട്ടം, തിരുവനന്തപുരം

ജയചന്ദ്രന്‍ മറച്ചുപിടിക്കുന്ന വ്യക്തികള്‍

യു. ജയചന്ദ്രന്‍ പറയാതെ  പറയുന്ന സംഭവങ്ങളിലും വ്യക്തികളിലും വായന ഉടക്കിനില്‍ക്കുന്നു. വെയില്‍ക്കാലങ്ങളില്‍ മുമ്പൊരു അധ്യായത്തില്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക് ഒരു സംഘര്‍ഷത്തിനിടെ, കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍നിന്ന് "തട്ടിയെടുത്ത്' കാമ്പസിലേക്ക് ഓടിച്ചുകയറ്റിയ, ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രമുഖനെക്കുറിച്ച് എഴുതിയിരുന്നു. അതാരാകും എന്നാലോചിച്ച് മനസ്സുപുകഞ്ഞു, ഏറെനേരം. ഇതാ, കഴിഞ്ഞ അധ്യായത്തിലും (പാക്കറ്റ് 35) അങ്ങനെയൊരാള്‍. ഏറെ അടുപ്പമുണ്ടായിട്ടും (വായനക്കാരെ സംബന്ധിച്ച്) ഏറെ ദൂരുഹമായ കാരണങ്ങളാല്‍ ജയചന്ദ്രനോട് അപരിചിതത്വം നടിച്ച ഒരു പ്രിയ സഖാവ്. ആളെ മനസ്സിലാകാതിരിക്കാന്‍ അദ്ദേഹം കയറിപ്പോയ ബസിന്റെ സ്ഥലം പോലും ഒഴിവാക്കിയുള്ള സമര്‍ഥമായ ആഖ്യാനം! മറച്ചുപിടിച്ചിട്ടും ഈ വ്യക്തികളും സംഭവങ്ങളും വായനക്കാരെയും സ്തംഭിപ്പിക്കുന്നു എന്നിടത്താണ് ഈ എഴുത്തിന്റെ ബലം. അവര്‍ ആരാണ് എന്നത് ഒരു കൗതുകം മാത്രമാണ്, മറിച്ച്, ജീവിതത്തിന് അത് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍, കാലമേറെ കഴിഞ്ഞിട്ടും അത്തരം സംഭവങ്ങളിലൂടെ നടത്താന്‍ കഴിയുന്ന വീണ്ടെടുപ്പുകള്‍...എല്ലാം എഴുത്തുകാരനെപ്പോലെ വായനക്കാരെയും വേറിട്ടൊരു അനുഭവത്തിലേക്ക് കൊണ്ടുപോകുന്നു. 
വി.ആര്‍. സുഭാഷിതന്‍,
കരുനാഗപ്പള്ളി, കൊല്ലം


'എഴുകോണ്‍' ധീരമായ സ്ത്രീസ്വത്വ പ്രഖ്യാപനം

ഡോ. എ.കെ. ജയശ്രീ എഴുതുന്ന "എഴുകോണ്‍' എന്ന ആത്മകഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമായി തോന്നി, "പ്രതീക്ഷയുടെ പ്രണയോത്സവങ്ങള്‍' എന്നത് (പാക്കറ്റ് 35). കാരണം, ലൈംഗിക തൊഴിലാളി സമൂഹം ഇന്നും മറച്ചുപിടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഐഡന്റിറ്റിയെ ധീരമായി തുറന്നുപറയുകയാണ് ഡോ. ജയശ്രീ. വിലയ്ക്കുവാങ്ങാവുന്ന വെറും ശരീരമായി പൊതുസമൂഹം കാണുന്ന ഒരുകൂട്ടം മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും ഇത്ര തീവ്രമായി ഒരാത്മകഥയില്‍ ആവിഷ്‌കരിക്കുന്നത് ആദ്യമായിട്ടായിരിക്കാം. ലൈംഗികത്തൊഴിലാളികളുടെ സംഘാടകയായും അവരുടെ ആരോഗ്യസേവനത്തിനുവേണ്ടിയുമെക്കെ പ്രവര്‍ത്തിക്കുന്ന ഡോക്ടറെപ്പോലുള്ള ഒരാള്‍ എന്തുമാത്രം ആഴത്തിലും സഹഭാവത്തോടെയുമാണ് ഈ മനുഷ്യരെ ഉള്‍ക്കൊള്ളുന്നത് എന്നത് അല്‍ഭുതകരം കൂടിയാണ്.

jayasree2_0.jpg
ഡോ. എ.കെ ജയശ്രീ

അധികാരികളുടെയും പൊലീസ് അടക്കമുള്ള നിയമസംവിധാനത്തിന്റെയുമെല്ലാം പിന്തുണ നേടിയെടുക്കാനും അവരെ അവകാശബോധമുള്ളവരാക്കി മാറ്റാനുമുള്ള ശ്രമങ്ങളോടൊപ്പം പ്രധാനമാണ് തങ്ങളെക്കുറിച്ച് സ്വയം അഭിമാനബോധമുള്ളവരാക്കി മാറ്റുകയെന്നത്. അത്, അവരില്‍നിന്നുതന്നെ വികസിച്ചുവരുന്ന ഒരു പ്രക്രിയയായി കാണാന്‍ കഴിയുന്നത് എത്ര സന്തോഷകരമാണ്. ഡോ. ജയശ്രീ വിവരിക്കുന്ന ആ സംഭാഷണങ്ങളും തുറന്ന ആശയവിനിമയങ്ങളും ആ സ്വത്വപ്രകടനത്തിന്റെ ആവിഷ്‌കാരങ്ങളാണ്. തൊഴിലിന്റെ ഉപാധിയെന്ന നിലയ്ക്കുള്ള ശരീരത്തിന്റെ പരിചരണവും ലൈംഗികത എന്ന ആനന്ദം നിറഞ്ഞ പ്രവൃത്തിയെക്കുറിച്ചുള്ള ബോധ്യവും ആ ബോധ്യത്തിലേക്കുള്ള വികാസവും കുടുംബവുമായി ബന്ധപ്പെട്ട ദൗര്‍ബല്യങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന അപമാനവും കുറ്റബോധവും... അതി സങ്കീര്‍ണമായ ജീവിതാവസ്ഥകളോടുള്ള സാധാരണ സ്ത്രീകളുടെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളെക്കുറിച്ചാണ് ഈ ആഖ്യാനം. അതുകൊണ്ടുതന്നെ ഈ ആത്മകഥ, ഇതുവരെ ആരും പറയാത്ത സ്ത്രീസ്വത്വത്തെ പച്ചയായി രേഖപ്പെടുത്തുന്ന ഒന്നായി മാറുന്നു.
സിന്ധു സംഗീത്
വെള്ളിക്കുളങ്ങര, തൃശൂര്‍


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media