Sunday, 14 August 2022

കത്തുകള്‍


Image Full Width
Image Caption
അൻവർ അലി
Text Formatted

അന്‍വര്‍ അലീ,  "ഡും ഡും ഡും'

മീപകാലത്ത് മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും ശക്തമായ രാഷ്ട്രീയ കവിതകള്‍, അത് സാഹിത്യത്തിന്റെയും കാലഘട്ടത്തിന്റെയും പള്‍സ് അറിഞ്ഞുകൊണ്ട് കവര്‍ സ്‌റ്റോറിയായിതന്നെ അവതരിപ്പിക്കാനുള്ള തീരുമാനം- ട്രൂ കോപ്പി വെബ്‌സീന്‍ സാഹിത്യത്തിലെ രാഷ്ട്രീയവായനയുടെ പ്രധാന പ്ലാറ്റ്‌ഫോമായി മാറുകയാണ്.

16 വര്‍ഷം മുമ്പ്, 2005ല്‍ നടന്ന അതിക്രൂരമായ ഒരു ഭരണകൂടക്കൊല. രാജസ്ഥാന്‍- ഗുജറാത്ത് പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി തയാറാക്കിയ പദ്ധതിയെന്ന് സി.ബി.ഐ തന്നെ വാദിച്ച കേസ്. ഹൈദരാബാദിലെ ഒരു സുഹൃത്തിനെ കാണാന്‍ പോയിരുന്ന സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ ബി, തുള്‍സി റാം എന്നിവരെ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചുകൊല്ലാന്‍ പോകുന്നുവെന്നാരോപിച്ച് പിടികൂടി രഹസ്യ ഓപ്പറേഷനിലൂടെ കൊലപ്പെടുത്തുന്നു. സി.ബി.ഐ ഏറ്റെടുത്ത കേസില്‍ അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ അടക്കമുള്ളവരായിരുന്നു പ്രതികള്‍.

കേസില്‍ വാദം കേട്ട ജസ്റ്റിസ് ലോയ ദുരൂഹമായി മരിക്കുന്നു, പിന്നീട് വാദം കേട്ട ജസ്റ്റിസ് എം.ബി. ഗോസാവി അമിത് ഷായെ കുറ്റമുക്തനാക്കുന്നു. മൂന്നുവര്‍ഷം മുമ്പ് കേസിലെ 22 പ്രതികളെയും വെറുതെവിടുന്നു. അപ്പോള്‍, ആ കൊലപാതകങ്ങള്‍ നടത്തിയത് ആര്? അന്‍വര്‍ അലി പാടുന്നതുപോലെ "ഡും'.
16 വര്‍ഷത്തിനുശേഷം, ഇതാ പ്രതികള്‍ തന്നെയില്ലാത്ത മറ്റൊരു "കൊലപാതകം'. അതിന് കേസ് തന്നെയില്ല എന്നുതോന്നുന്നു. വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോ ആവശ്യപ്പെട്ട ഒരു വയോധികന്‍ അതുപോലും നിഷേധിക്കപ്പെട്ട് കസ്റ്റഡിയില്‍, നീതിന്യായസംവിധാനത്തിന്റെ കണ്‍മുന്നില്‍ വീണ് മരിക്കുന്നു. കുറ്റം; ഭരണഘടനാദത്തമായ അവകാശങ്ങളെക്കുറിച്ച് അധികാരികളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

packet-36-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 36 കവര്‍

മറ്റൊന്ന്, ആണ്‍പെണ്‍ ദ്വന്ദ്വങ്ങള്‍ക്കുപുറത്തുള്ള ശരീരങ്ങളെ ഏതുവിധേനയും കീറിമുറിക്കാനും ആക്രമിക്കാനും ആക്ഷേപിക്കാനും തിട്ടൂരം കിട്ടിയ "കുലീന' സമൂഹം. കൊല്ലപ്പെടുന്നവരെല്ലാം ഒരേതരം മനുഷ്യരാണ്. ഹിംസാത്മകമായ ആധിപത്യ വ്യവസ്ഥയോട് ഏറ്റുമുട്ടുന്നവര്‍, അതില്‍ അവര്‍ നേടുന്ന വിജയങ്ങളാണ് അവരുടെ മരണങ്ങള്‍ എന്നുമാത്രം. ഈ മൂന്നിലേക്ക് എത്രപേരെ വേണമെങ്കിലും ചേര്‍ത്തുവെക്കാം, കോവിഡ് കാലത്ത് ജീവിതം വഴിമുട്ടി കഴിഞ്ഞദിവസങ്ങളില്‍ ആത്മഹത്യ ചെയ്ത മനുഷ്യരെയടക്കം. ഈ കവിതയെ അങ്ങനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കാം; ഓരോ കൊലപാതകങ്ങളെയും ചേര്‍ത്തുവച്ചുകൊണ്ട്. അപ്പോഴും നമുക്കുമുന്നിലെ സ്വേച്ഛാധികാരത്തിന്റെ രാവണന്‍കോട്ടകള്‍ ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുകതന്നെ ചെയ്യും.
മുഹമ്മദ് റാഫി എന്‍.എന്‍
മേലുകാവുമറ്റം, കോട്ടയം


വായനക്കാരെയും രാഷ്ട്രീയജീവിയാക്കുന്ന കാവ്യവിദ്യ

പ്പോള്‍, മലയാളത്തില്‍ ഏറ്റവും മികച്ച പുതുരചനകളുണ്ടാകുന്നത് കവിതയിലാണ് എന്ന് നിസ്സംശയം പറയാം. അതിനൊരു കാരണമായി എനിക്കുതോന്നിയിട്ടുള്ളത്, കവികളുടെയും ആഖ്യാനങ്ങളുടെയും സവിശേഷമായ ഭിന്നരുചി പ്രാതിനിധ്യങ്ങളാണ്. മറ്റൊന്നിനെ ആശ്രയിക്കാത്തതും അതിനൊപ്പം യോജിക്കാന്‍ വിസമ്മതിക്കുന്നതും ഒരുപരിധി വരെ സഹകവിതകളെ ചോദ്യം ചെയ്യുന്നതുമായ കവിതകള്‍. അതായത്, ഒരു കവിക്ക് മറ്റൊരു കവി നല്‍കുന്ന ലൈക്ക് സ്വയം പരിഹാസമായി മാറുന്ന സ്ഥിതി. അത്രയേറെ വൈരുധ്യങ്ങള്‍ കവിതകളിലേക്ക് നിഷ്‌കരുണം കയറിവരുന്നു. മൂര്‍ത്തത, അമൂര്‍ത്തത, ലാളിത്യം, ദുരൂഹത, പൊതുഭാഷ തുടങ്ങിയ കാവ്യബാഹ്യമായി റദ്ദാക്കപ്പെടുകയാണ്. ആര്‍ക്കും എഴുതാന്‍ കഴിയുന്ന മട്ടില്‍ കവിത നൈസര്‍ഗികമായിരിക്കുന്നു. ആ നൈസര്‍ഗിതകതക്കുമേല്‍ ചൂരലുകൊണ്ട് പ്രഹരം ചൊരിയുന്ന അക്കാദമിക്കുകള്‍ എക്കാലത്തെയും പോലെ ഇന്നുമുണ്ട്. എന്നാല്‍, അവര്‍ അതിവേഗം നഗ്‌നരാക്കപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. സോഷ്യല്‍ മീഡിയയില്‍ നടന്ന ഒരു കവിതാ ചര്‍ച്ചയില്‍ കവി എം.ആര്‍. രേണുകുമാര്‍ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കട്ടെ: ""മനസിലാകല്‍ ആപേക്ഷികമാണ്. ലളിതമായി പറഞ്ഞതുകൊണ്ട് പറഞ്ഞകാര്യം എല്ലാവര്‍ക്കും മനസ്സിലാകണമെന്നുമില്ല. കൂടംകൊണ്ട് അടിച്ചാല്‍ മാത്രം പൊട്ടുന്നതിനെ അതുകൊണ്ടുതന്നെ അടിക്കണമല്ലോ. ജീവിതമങ്ങനെ ലളിതമായ ഒന്നല്ലല്ലോ, ആകയാല്‍ കവിതയും അത്ര ലളിതമാകേണ്ട കാര്യമില്ല എന്നുതോന്നുന്നു.''

എന്നാല്‍ ഇന്നത്തെ കവിതകളെക്കുറിച്ചുള്ള ഇത്തരം യാഥാര്‍ഥ്യങ്ങള്‍ യാഥാസ്ഥിതിക കൂപമണ്ഡൂകങ്ങള്‍ക്ക് പിടിക്കുകകയില്ല. അവര്‍, പൊട്ടക്കിണറ്റില്‍ കിടന്ന് അമറിക്കൊണ്ടിരിക്കും.  പുതിയ കവിതയെക്കുറിച്ച് ഇങ്ങനെ തോന്നിയത്, വെബ്‌സീനില്‍ വരുന്ന കവിതകളെ ഓര്‍ത്തപ്പോഴാണ്. പുതിയ മനുഷ്യരുടെ വ്യാകരണവും ഭാഷയും അബോധങ്ങളും അധഃകൃതത്വവുമെല്ലാം ഒത്തുചേര്‍ന്ന കവിതകളാണ് വെബ്‌സീന്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. അതിന്റെ ഏറ്റവും ശക്തമായ ഒരു ഉദാഹരണമായിരുന്നു അന്‍വര്‍ അലിയുടെ മൂന്ന് ചാവെഴുത്തുകള്‍ (പാക്കറ്റ് 36). ഈ കവിതകള്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തോടൊപ്പം എന്നെ ആകര്‍ഷിച്ചത്, അന്‍വര്‍ അലി കണ്ടെത്തിയ തീതുപ്പുന്ന ആഖ്യാനമാണ്. ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, വായിച്ചുപോകുമ്പോള്‍, വായനക്കാരുടെ ശ്വാസമിടിപ്പിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ വിക്ഷുബ്ധമാക്കുന്ന ഒരുതരം അന്ധാളിപ്പ് ഈ കവിത തരുന്നു. കവിതക്കൊപ്പം വായനക്കാരനെയും ഒരു രാഷ്ട്രീയജീവിയാക്കി മാറ്റുന്ന കാവ്യവിദ്യ, അന്‍വര്‍ അലിക്ക് നന്ദി.
സുമി ജയറാം
ആലത്തൂര്‍, പാലക്കാട്


യെമന്‍ കഥക്കുശേഷം ഇനിയൊരു അഫ്ഗാന്‍ കഥയുമാകാം

താനും പാക്കറ്റുമുമ്പ് പ്രസിദ്ധീകരിച്ച ഷോഭ ശക്തിയുടെ കഥക്കുശേഷം വായിച്ച ഒരു മികച്ച വിവര്‍ത്തനകഥയാണ് "ദയവായി ബോംബിടരുത്' (പാക്കറ്റ് 36). ലോകത്തെങ്ങുമുള്ള നിസ്സഹായരായ മനുഷ്യരോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന രചന. ഇവിടെ മതവാദ രാഷ്ട്രീയത്തിന്റെയും ഭീകരവാദത്തിന്റെയും സൈനികാക്രമണങ്ങളുടെയുമൊന്നും ആക്രോശങ്ങളില്ല, നിശ്വാസങ്ങളെ പോലും നിശ്ശബ്ദമാക്കുന്ന ഭയത്തിന്റെയും നിസ്സഹായതയുടെയും മുഖങ്ങള്‍ മാത്രം. ബോംബ് വീഴുന്നത് എളുപ്പം അറിയാന്‍ രാത്രി പമ്പുഹൗസിന്റെ ടെറസില്‍ സ്വഭാവികമായി കിടക്കുന്ന മനുഷ്യന്‍. ആക്രമണത്തിന്റെ ലക്ഷ്യമല്ല താന്‍ എന്ന് ബോംബര്‍ വിമാനത്തിന്റെ പൈലറ്റിനെ അറിയിക്കാന്‍ വീടിന്റെ മേല്‍ക്കൂരയില്‍ "ദയവായി ബോംബിടരുത്' എന്ന് എഴുതിവെക്കുന്ന നിസ്സഹായനായ മനുഷ്യന്‍. ആ ഒരു ഉപാധിരഹിതമായ വാചകം ലോകത്ത് ഇന്ന് ഒരു മനുഷ്യനെയും രക്ഷിക്കില്ല എന്ന് അവര്‍ തിരിച്ചറിയുന്നു: ഇതൊരു പൗരന്റെ വീടാണ്, ദയവായി ബോംബിടരുത് എന്നെഴുതിവച്ചാല്‍ രക്ഷപ്പെടാനാകുമോ? പൗരത്വമാണ് ഇന്ന് ഒരു മനുഷ്യനെ കൊന്നുകളയുക എന്ന് അവര്‍ക്ക് അറിയില്ലല്ലോ.

story-cover.jpg
പാക്കറ്റ്​ 36ൽ പ്രസിദ്ധീകരിച്ച ലുതുഫ് അല്‍ സരാരിയുടെ യെമൻ കഥക്ക്​ ജാസില ലുലു വരച്ച ചി​ത്രം

ഈ കഥ വായിക്കുമ്പോള്‍, ആറുവര്‍ഷമായി യെമനില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ പോലെ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് വാര്‍ത്തകള്‍ വരുന്നു. ഏറ്റവും ദരിദ്രമായ അറേബ്യന്‍ രാജ്യമാണ് യെമന്‍. സൗദിയുടെയും ഇറാന്റെയും താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ഈ യുദ്ധം. സൗദിയെ മുന്നില്‍നിര്‍ത്തി അമേരിക്ക നയിക്കുന്ന ഒരുതരം പോര്. ഇറാനെ വരച്ചവരയില്‍ നിര്‍ത്താനുള്ള ശ്രമം, കോടികളുടെ ആയുധവ്യാപാരം.

ഇന്ന് കുഞ്ഞുങ്ങള്‍ അവിടെ പട്ടിണികിടന്ന മരിക്കുകയാണ്. വീടുകളും ആശുപത്രികളും സ്‌കൂളുകളും ബോംബിങ്ങിനിരയാകുന്നു. എണ്‍പതുലക്ഷത്തിലധികം മനുഷ്യരാണ് അവിടെ പട്ടിണിമരണത്തിന്റെ വക്കില്‍ എന്ന് യു.എന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇനി, നമുക്ക് അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സമാന വാര്‍ത്തകള്‍ കേള്‍ക്കാം. മനുഷ്യപക്ഷത്ത് നില്‍ക്കേണ്ട രാഷ്ട്രീയവും ഭരണകൂടങ്ങളും ഇന്ന് എവിടെയാണ് എന്ന് കഠിനമായ വേദനയോടെ ഓര്‍മിപ്പിക്കുന്ന ഒരു കഥ.
ഫൗസിയ നാസര്‍
പരപ്പനങ്ങാടി, മലപ്പുറം


മതംമാറ്റത്തോട് ഒരുനയവും ജാതീയതയോട് മറ്റൊരു നയവും പുലര്‍ത്തുന്ന മലയാളി

"ഇസ്‌ലാമിലേക്കുള്ള മതംമാറ്റം: ഭീതിയും വിരോധവും അവബോധങ്ങളായി മാറുമ്പോള്‍' എന്ന അഞ്ജലി മോഹെന്റ പഠനം (പാക്കറ്റ് 36) മതംമാറ്റത്തെയും ലൗ ജിഹാദ് വ്യാജ ആരോപണത്തെയും കുറിച്ച് കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പൊതുബോധ ധാരണയെ ചോദ്യം ചെയ്യുന്നതാണ്. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളും ആശങ്കകളുമുണ്ടാക്കിയ മതംമാറ്റങ്ങളെയും അവരുടെ മരണത്തിനുശേഷം ലിബറലുകള്‍ സ്വീകരിച്ച നിലപാടിനെയും അഞ്ജലി വിമര്‍ശിക്കുന്നു. ചരിത്ര വസ്തുതകളും ആധികാരിക രേഖകളും വച്ചുകൊണ്ടാണ് അവരുടെ പഠനം വികസിക്കുന്നത്. 

വസ്തുതകള്‍ ഇതായിരുന്നിട്ടും ഈ വ്യാജപ്രചാരണങ്ങള്‍ക്ക് ഇത്രയധികം സ്വാധീനം ലഭിക്കുന്നതെന്തുകൊണ്ടെന്നത് ഒരു ചോദ്യമാണ്. പലപ്പോഴും ഇത്തരം ഇസ്‌ലാമോഫോബിക് ആയ സംഘപരിവാര്‍ പ്രചാരണത്തിനൊപ്പം ഇടതു ലിബറല്‍ പ്രൊഫൈലുകളും വസ്തുതാവിരുദ്ധമായ ധാരണകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് കേരളത്തില്‍ ഇടതുപക്ഷം സ്വീകരിച്ച പൊളിറ്റിക്കല്‍ സ്ട്രാറ്റജി തന്നെ ഒരുദാഹരണം. സി.പി.എം നേതാക്കളും ഇടതുമുന്നണി കണ്‍വീനറും നടത്തിയ പ്രസ്താവനകള്‍ പലതും ഭൂരിപക്ഷ വോട്ടുബാങ്ക് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇസ്‌ലാംപേടിയില്‍ നിന്നുള്ളതായിരുന്നു. 
നേതാക്കന്മാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രസ്താവനകളാണ് അണികള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്നതിന് കാരണമാവുന്നത്.

Anjali Mohan
അഞ്ജലി മോഹന്‍ എം.ആര്‍

മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ മീഡിയാവണ്‍ ചാനല്‍ എഡിറ്ററായി സ്ഥാനമേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിനു താഴെ വന്ന കമന്റുകളുടെ കൂട്ടത്തില്‍ കേരളത്തിലെ ഒരെഴുത്തുകാരെന്റ കമന്റ് ഏറെ ആശങ്കയുണ്ടാക്കുന്നതായിരുന്നു. വളരെ സീനിയറായ ഒരു പത്രപ്രവര്‍ത്തകന്റെ നിലപാടിലുള്ള വിശ്വാസം പോലും മീഡിയാവണ്‍ ചാനലില്‍ ഉത്തരവാദിത്തമേല്‍ക്കുന്നതിലൂടെ ആ എഴുത്തുകാരന്‍ സംശയിക്കുകയാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മതംമാറ്റ വാര്‍ത്തകളുടെ താഴെ വരുന്ന കമന്റുകള്‍ മാത്രം നിരീക്ഷിച്ചാല്‍ മതി, കേരളത്തില്‍ സജീവമായിക്കഴിഞ്ഞ മുസ്‌ലിം വിദ്വേഷത്തിന്റെ പൊരുളറിയാന്‍. സംഘപരിവാറിന്റെ തണലില്‍ വികസിച്ചു വരുന്ന സി. രവിചന്ദ്രന്‍, ജബ്ബാര്‍ വിഭാഗത്തിന്റെ യുകതിവാദി സംഘം, മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ട ഇടതു ലിബറല്‍ വിഭാഗങ്ങള്‍ എല്ലാം ഇതില്‍ പ്രതികളാണെന്നു പറയാതെ വയ്യ. തൃപ്പൂണിത്തറയിലുള്ള ഘര്‍വാപ്പസി കേന്ദ്രത്തില്‍ മുസ്‌ലിം വിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനായി ജബ്ബാര്‍ മാഷ് പോയിരുന്നുവെന്ന് അവിടെനിന്ന് രക്ഷപ്പെട്ടുവന്ന കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. മതപരിവര്‍ത്തനം എന്ന ആശയത്തോട് കേരളത്തിന്റെ മുഖ്യധാരാ വിഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച ഈ വിപ്രതിബത്തി വ്യകതമാക്കുന്ന രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.  
1987 ജൂണ്‍ രണ്ടിന് മഞ്ചേരി കോടതി മുറിയില്‍ കൈകുഞ്ഞുമായി നില്‍ക്കുമ്പോള്‍ ചിരതക്കുട്ടിയെന്ന ആമിനക്കുട്ടി വെട്ടേറ്റുമരിച്ചു. കാരണം ചിരത ഇസ്‌ലാം മതം സ്വീകരിച്ചതായിരുന്നു. കോടതി മുറിയില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നത് ഇന്ത്യയില്‍ തന്നെ ആദ്യ സംഭവമായിരുന്നു. എന്നിട്ടും ഇന്നുവരേക്കും നമ്മുടെ ഒരു മാധ്യമവും അതു ചര്‍ച്ചയാക്കിയില്ല. 1989 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്ന ഡോ. സത്യനാഥന്‍ സാദിഖ് എന്ന പേര് സ്വീകരിച്ച് ഇസ്‌ലാമിലേക്ക് കണ്‍വര്‍ട്ട് ചെയ്തപ്പോള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ വീടും ആക്രമിക്കപ്പെട്ടു. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ആര്‍.എസ്.എസുകാര്‍ സായുധരായി സംഘടിച്ചിരുന്നു. ഡോ. സാദിഖ് ഇന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്നു. 

മതംമാറ്റം എന്ന ആശയത്തെ എതിര്‍ക്കുന്നവര്‍ ആള്‍ദൈവങ്ങളെക്കുറിച്ചും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയതയെ കുറിച്ച് മൗനം പാലിക്കുകയാണ്. ലോകത്തിലെ എല്ലാ മതങ്ങളും ഏതെങ്കിലും രീതിയിലുള്ള ഫിലോസഫി മുന്നോട്ടു വയ്ക്കുന്നുണ്ട്. ആള്‍ദൈവങ്ങളും ജാതീയതയെന്ന സങ്കല്‍പ്പവും എന്ത് ഫിലോസഫിയാണ് മുന്നോട്ടു വയ്ക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മലപ്പുറം ജില്ലയില്‍ അരീക്കാട് ദുരഭിമാനക്കൊല നടന്നത്. പ്രണയമായിരുന്നു കാരണം. കീഴ്ജാതിക്കാരനായ പട്ടാളക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നടന്ന ഈ ജാതിക്കൊല യാതൊരു കോളിളക്കവുമുണ്ടാക്കാതെ പോയി. 
മതംമാറ്റത്തോട് ഒരുനയവും ജാതീയതയോട് മറ്റൊരു നയവും സ്വീകരിക്കുന്ന മലയാളിയുടെ കാഴ്ചപ്പാട് തിരുത്തപ്പെടേണ്ടതുതന്നെയാണ്. സമൂഹത്തില്‍ ഇത്തരം ചോദ്യങ്ങളുയര്‍ത്തുന്നതിന് അഞ്ജലിയുടെ പഠനം സഹായകമാവുകതന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. ഇത്തരമൊരു ചിന്തയുയര്‍ത്താന്‍ വേദിയൊരുക്കിയ വെബ്‌സീനിന് അഭിനന്ദനങ്ങള്‍.
എ. എം. നജീബ്
കരുവന്‍പൊയില്‍, കോഴിക്കോട്.


ഇസ്‌ലാംഭീതിയെക്കുറിച്ചുതന്നെ

ഞ്ജലി മോഹന്‍ എം.ആര്‍. എഴുതിയ "ഇസ്‌ലാമിലേക്കുള്ള മതംമാറ്റം: ഭീതിയും വിരോധവും അവബോധങ്ങളായി മാറുമ്പോള്‍' എന്ന ലേഖനം (പാക്കറ്റ് 36) സമകാലികമായി ഏറെ പ്രധാനപ്പെട്ട വായനാനുഭവമായി. കേരളത്തെപോലുള്ള ഒരു സമൂഹത്തില്‍ പോലും എങ്ങനെയാണ് ഒരു മതത്തോട് ഭീതിയും വിരോധവും സൃഷ്ടിക്കപ്പെടുന്നത് എന്നും അത് എങ്ങനെയാണ് പൊതുബോധസൃഷ്ടിയായി മാറ്റപ്പെടുന്നത് എന്നുമുള്ള കൃത്യമായ അന്വേഷണം.

ഒരു പത്രത്തില്‍വന്ന റിപ്പോര്‍ട്ട് ലേഖിക പരാമര്‍ശിക്കുന്നത് നോക്കുക: 
2020 ല്‍ നടന്ന 506 മതം മാറ്റങ്ങളില്‍ 241 പേരും ഹിന്ദു മതത്തിലേക്കാണ് എന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്‌ലാം മതം സ്വീകരിച്ചത് 144 പേരും ക്രിസ്ത്യന്‍ മതം സ്വീകരിച്ചത് 119 പേരുമാണ്. 
യഥാര്‍ഥത്തില്‍, മതംമാറ്റത്തെ ഏറ്റവും മനുഷ്യവിരുദ്ധമായ ഒരു സിസ്റ്റമാക്കിയെടുത്തത് ഇസ്‌ലാം അല്ല, അത് വൈദിക ബ്രാഹ്‌മണ്യമാണ് എന്നത് യാഥാര്‍ഥ്യമാണ്. നിലനില്‍ക്കുന്ന വര്‍ണശ്രേണീ അധികാരഘടനകള്‍ക്ക് ഒരു പോറലുമേല്‍ക്കാതെയും ജാതി വ്യവസ്ഥയെ മുറിവേല്‍പ്പിക്കാതെയുമാണ് ഹിന്ദുമതം, മതം മാറ്റത്തെ കൈകാര്യം ചെയ്യുന്നത്. ഹിന്ദു മതത്തില്‍നിന്ന് പുറത്താണ് എന്ന് സ്വയം അവകാശപ്പെടുന്ന ഗോത്ര വിഭാഗങ്ങളെയും ജാതിയുടെ പേരില്‍ വിവേചനത്തിനിരയാക്കുന്ന ദളിതരെയും പിന്നാക്കക്കാരെയുമെല്ലാം ആഗിരണം ചെയ്യാനുള്ള വിദ്യകള്‍ ബ്രാഹ്‌മണ മതം സമീപകാലത്ത് ഊര്‍ജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയാധികാരത്തിലേക്കുള്ള വിജയകരമായ യാത്രയാണ് "മത വിപുലീകരണ'ത്തിന്റെ സാധ്യതകളെക്കുറിച്ച് വൈദിക ബ്രാഹ്‌മണ്യത്തിന് വെളിപാടുണ്ടാക്കിയത്. അങ്ങനെ, തങ്ങളാണ് ദളിതരുടെയും ആദിവാസികളുടെയും യഥാര്‍ഥ രക്ഷകര്‍ എന്ന ന്യായം നിരത്തി അവരെ കുറെയൊക്കെ രാഷ്ട്രീയമായി പാട്ടിലാക്കാനും സംഘ്പരിവാറിന് കഴിഞ്ഞിട്ടുണ്ട്.

ദളിതരുടെ രാഷ്ട്രീയാധികാര പങ്കാളിത്ത ശ്രമങ്ങള്‍ നിര്‍വീര്യമാക്കാനാണ് സംഘ്പരിവാര്‍, അവരെ ഹിന്ദുത്വവല്‍ക്കരിക്കുന്നത്. ഇതിനെ നേരിടാന്‍ കേരളത്തില്‍ ഇടതുപക്ഷം ചെയ്യുന്നതോ, അതേ തന്ത്രം തന്നെ. സ്വത്വ രാഷ്ട്രീയ ബോധത്തെ പ്രീണിപ്പിക്കാനല്ലാതെ, അതിന്റെ യാഥാര്‍ഥ്യം പരിഗണിക്കാന്‍ ഇതുവരെ ഇടതുപക്ഷം മെനക്കെട്ടിട്ടില്ല. മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുവേണ്ടിയുള്ള മുന്നണി സംവിധാനമായി മാറിയപ്പോള്‍ വോട്ടുബാങ്കുകള്‍ എന്ന നിലയ്ക്കുള്ള അധഃപ്പതനമുണ്ടായി ഈ വിഭാഗങ്ങള്‍ക്ക്. എന്നാല്‍, ദളിതരും മുസ്‌ലിംകളും ആദിവാസികളുമെല്ലാം പുതിയ സാമൂഹിക ശക്തികളായി സ്വന്തം നിലയ്ക്കുതന്നെ വിപുലപ്പെടാനുള്ള വലിയ സാധ്യതകളാണ് ഇന്ത്യയിലുള്ളതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ബ്രാഹ്‌മണിസത്തിനെതിരായ മുന്നേറ്റം പല തലങ്ങളില്‍ ഇന്ത്യയില്‍ ശക്തമാകുന്നുണ്ട്. അത്, ലേഖിക ചൂണ്ടിക്കാണിക്കുന്ന പൊതുബോധങ്ങളെ മാരകമായി മുറിവേല്‍പ്പിക്കാന്‍ ശക്തമാണ്.
പി.എം. നസീറുദ്ദീന്‍
കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍


അവര്‍ണ മേല്‍ശാന്തി; ചില സംശയങ്ങള്‍ 

ഡോ. അമല്‍ സി. രാജന്‍ എഴുതിയ ശബരിമലയിലെ അവര്‍ണ മേല്‍ശാന്തി: സവര്‍ണത ഇടപെടുന്ന വിധം (പാക്കറ്റ് 36) വായിച്ചു. ലേഖകന്‍ മുന്നോട്ടുവെക്കുന്ന വാദത്തോട് പൊതുവായി മാത്രമേ യോജിക്കാനാകൂ. ദളിതരെ, ആ കാരണത്താല്‍ മാറ്റിനിര്‍ത്തുന്ന ഒരു സിസ്റ്റത്തിലേക്ക് അവര്‍ക്ക് പങ്കാളിത്തം വേണം, അത് അവരുടെ അവകാശമാണ് എന്നത് ശരിയായ വാദം തന്നെയാണ്. എന്നാല്‍, ക്ഷേത്രപ്രവേശന വാദത്തിന്റെ അതേ സാമൂഹികാന്തരീക്ഷവും രാഷ്ട്രീയവും വച്ചുകൊണ്ട്, ഇപ്പോള്‍ ബ്രാഹ്‌മണ ക്ഷേത്രങ്ങളില്‍ അവര്‍ണരെ പൂജാരിമാരായി നിയമിക്കാന്‍ അവസരം നിഷേധിക്കുന്നതിനെ കാണാനാകില്ല. കാരണം, ഹിന്ദുത്വത്തിന്റെ സ്വാംശീകരണതന്ത്രത്തിന് തലവെച്ചുകൊടുക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഹൈന്ദവക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പൂജക്ക് അധികാരം കിട്ടുക എന്നു പറഞ്ഞാല്‍, കുറെ സവര്‍ണ പൂജാരിമാരെ സൃഷ്ടിക്കുക എന്നതാണ് അര്‍ഥം. 

amal c rajan
ഡോ. അമല്‍ സി. രാജന്‍

വാര്‍ത്താപ്രാധാന്യം നേടിയ ചെട്ടിക്കുളങ്ങരയിലെ അബ്രാഹ്‌മണ ശാന്തി സുധികുമാറിന്റെ അനുഭവം വാര്‍ത്തകളില്‍ വന്നതാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുള്ള ഒരു ക്ഷേത്രമാണിത്. അബ്രാഹ്‌മണനെ ശാന്തിക്കാരനാക്കിയാല്‍ ദേവീകോപമുണ്ടാകുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് മറുപടി പറയേണ്ടിവരുമെന്നും ക്ഷേത്രം തന്ത്രി തന്നെ രംഗത്തെത്തി. ദേവസ്വം ഈ വാദം തള്ളിക്കളഞ്ഞുവെങ്കിലും ബ്രാഹ്‌മണിക്കല്‍ ആചാരങ്ങള്‍ക്കകത്തുനിന്നുകൊണ്ടേ ശാന്തിയെന്ന നിലയില്‍ അദ്ദേഹത്തിന് കഴിയാനാകൂ. അല്ലെങ്കില്‍, അതൊരു ദളിത് മൂര്‍ത്തിയായിരിക്കണം. ക്ഷേത്രങ്ങളെല്ലാം ബ്രാഹ്‌മണികമായ വിധികളാല്‍ പരിപാലിച്ചുപോരുന്നതാണ്. അവിടേക്ക് ഒരു ദളിതന്‍ പൂജാരിയായി എത്തുക എന്നു പറഞ്ഞാല്‍, ആ ബ്രാഹ്‌മണിക വിധികള്‍ പാലിക്കാന്‍ ഒരാള്‍ കൂടി എത്തി എന്നതില്‍ കവിഞ്ഞ ഒരു മാറ്റവും സംഭവിക്കുന്നില്ല.

2017ല്‍, ഒരു വിപ്ലവകരമായ സംഗതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നാണ് തിരുവല്ല വളഞ്ഞവട്ടം മഹാദേവ ക്ഷേത്രത്തില്‍ ഒരു  പട്ടികജാതിക്കാരനെ മേല്‍ശാന്തിയായി സര്‍ക്കാര്‍ നിയമിച്ച തീരുമാനം. ഇനി അവര്‍ണ മേല്‍ശാന്തിയുടെ സ്ഥാനാരോഹണം നോക്കൂ: രാഹുകാലം കഴിഞ്ഞാണ് യദുകൃഷ്ണ ക്ഷേത്രത്തിലെത്തിയത്. പൂര്‍ണകുംഭം നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി പുതിയ ശാന്തിയുടെ പാദവന്ദനം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും പാദവന്ദനം നടത്തി. ഹിന്ദു ഐക്യവേദിയെ കൂടാതെ ആര്‍.എസ്.എസ്, ഭാരതീയ വിചാര കേന്ദ്രം, ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുടെ കാര്‍മികത്വത്തിലായിരുന്നു ഈ അവര്‍ണ ശാന്തിയുടെ അരങ്ങേറ്റം.

ഇനി അദ്ദേഹം ആ ക്ഷേത്രത്തില്‍ ചെയ്യാന്‍ പോകുന്ന പൂജകളോ?. അത് പൂര്‍ണമായും ബ്രാഹ്‌മണികമായ വിധികളാല്‍ നിര്‍ണയിക്കപ്പെട്ടവയാണ്. അതിലൊന്നും ഇടപെടാന്‍ അദ്ദേഹത്തിന് കഴിയില്ല. അതായത്, ഈ ക്രിയ ചെയ്യുന്നയാളെ തന്നെ കൃമികീടത്തിനേക്കാള്‍ മ്ലേച്ചമായി പരിഗണിക്കുന്ന ഒരു സംവിധാനത്തിലേക്ക് അറിഞ്ഞുകൊണ്ടുതന്നെ തലവച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെയ്യേണ്ടത് വൈദിക ബ്രാഹ്‌മണ്യത്തിലധിഷ്ഠിതമായ ക്ഷേത്രാചാരങ്ങളെ ഉടച്ചുവാര്‍ക്കുകയാണ് (അങ്ങനെ ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നില്ല), പിന്നീടാകാം, ഒരു പിന്നാക്കക്കാരനെ ബ്രാഹ്‌മണനാക്കി മാറ്റാതെ, പിന്നാക്കക്കാരന്‍ എന്ന നിലയ്ക്കുതന്നെയുള്ള ശ്രീകോവില്‍ പ്രവേശം. 
കെ.എന്‍. മോഹനന്‍
തിരുവല്ല, പത്തനംതിട്ട

പത്മയും ചിന്നിയും പിന്നെ ഡോ. ജയശ്രീയും

ലൈംഗിക തൊഴിലാളികളുടെ അതിജീവനാനുഭവങ്ങള്‍ അവരുടെതന്നെ ഹൃദയത്തില്‍നിന്നെന്നപോലെയാണ് ഡോ. എ.കെ. ജയശ്രീ തന്റെ ആത്മകഥയില്‍ വിവരിക്കുന്നത്. എങ്ങനെയാണ് തെരുവില്‍ കഴിയുന്ന ഒരു കൂട്ടം മനുഷ്യരോട് ഇത്രമേല്‍ അനുതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നത് എന്നത് അല്‍ഭുതകരമാണ്. 
കഴിഞ്ഞ പാക്കറ്റില്‍ (36) ഡോ. ജയശ്രീ വിവരിക്കുന്ന പത്മയുടെയും ചിന്നിയുടെയും കൊണ്ടമ്മയുടെയുമെല്ലാം ജീവീതങ്ങള്‍ എന്തുമാത്രം സങ്കീര്‍ണങ്ങളാണ്! ഇവര്‍ അനുഭവിക്കുന്ന എല്ലാ ചൂഷണങ്ങളുടെയും മറുവശത്ത്, പ്രതിസ്ഥാനത്തുള്ളത് പുരുഷന്മാരായിരിക്കും, മിക്കവാറും ഭര്‍ത്താവ്. നരകജീവിതത്തിനൊടുവില്‍ എയ്ഡ്‌സ് ബാധിച്ച് മരണവും. 

ak jayasree
2003ല്‍ 'വാതില്‍' എന്ന LGBTQ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ സംസാരിക്കുന്ന എ.കെ ജയശ്രീ

വ്യക്തിപരമായ, സൂക്ഷ്മമായ വിവരങ്ങള്‍ പോലും അന്വേഷിച്ചറിഞ്ഞ് ഓരോ സ്ത്രീയെയും സംഘാടനത്തിലേക്കും അവകാശബോധത്തിലേക്കും നയിക്കുന്ന പ്രവര്‍ത്തനം വലിയൊരു രാഷ്ട്രീയത്തോടൊപ്പം മാനവികതയും കൂടി ഉള്‍ച്ചേര്‍ന്നതാണ്. പഞ്ചായത്തുകളും പൊലീസ് അധികാരികളുമെല്ലാം തങ്ങളുടെ ജീവിതത്തിന്റെ കൂടി ഭാഗമാണ് എന്ന ബോധ്യത്തിലേക്കുവരുമ്പോള്‍ ഈ സ്ത്രീകളിലുണ്ടാകുന്ന ആത്മവിശ്വാസവും ഊര്‍ജവും ഡോ. ജയശ്രീ വിവരിക്കുന്നുണ്ട്. നിയമലംഘനങ്ങളുടെയും ക്രൂരതകളുടെയും ഇരയാകുന്നതില്‍നിന്ന് രക്ഷപ്പെടാനുള്ള അവകാശബോധം ഇത്തരം സാമൂഹികവല്‍ക്കരണത്തിലൂടെ മാത്രമേ സാധ്യമാകൂ. 
ക്ലിന്റ തോമസ്
അബുദാബി


വി.എസ്. സനോജിന്റെ ഗ്രാമയാത്രകള്‍

vs-sanoj.jpg
വി.എസ്. സനോജ്

രു മാധ്യമപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിംഗ് ജീവിതത്തിലെ യഥാര്‍ഥ വാര്‍ത്തകളാണ് വി.എസ്. സനോജ് എഴുതുന്ന മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ എന്ന പരമ്പര. ഒരുപക്ഷെ, സനോജ് ജോലിയെടുത്തിരുന്ന പത്രത്തിന് ചിട്ടപ്രകാരം നല്‍കിയിരുന്ന വാര്‍ത്തകളേക്കാള്‍ എത്രയോ മൂല്യമുള്ള സ്‌റ്റോറികളാണിവ. ഒരു യാത്ര എന്നതിനേക്കാള്‍, ഇന്ത്യന്‍ ഗ്രാമങ്ങളുടെ ജീവിതമാണ് സനോജ് വിവരിക്കുന്നത്. അതില്‍ ഭക്ഷണവും പ്രകൃതിയും മുതല്‍ സംസ്‌കാരവും രാഷ്ട്രീയവും വരെയുള്ള സംഗതികളുണ്ട്. സനോജ് സഞ്ചരിക്കുന്ന ഗ്രാമങ്ങള്‍ യഥാര്‍ഥത്തില്‍ എത്രമാത്രം സമ്പന്നമാണ് എന്നുകൂടി തോന്നിപ്പോകുന്നു. സ്വന്തമായ സംഗീതവും പാട്ടും ഇഴകലരുന്ന ലളിത ജീവിതവും പ്രകൃതിയുടെ നൈസര്‍ഗികതയോട് ചേര്‍ന്നുള്ള രാപകലുകളും ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ നിറഞ്ഞ ജീവിതങ്ങള്‍. ഒരുപക്ഷെ, ബാഹ്യമായ അധിനിവേശങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ കരുത്തുള്ള ലാളിത്യമാണ് ഈ ഗ്രാമീണരുടെ മുഖമുദ്ര. ഖജിയാറിലെയും ധരംശാലയിലെയും മനുഷ്യര്‍ക്കുപോലുമുണ്ടല്ലോ, ബുദ്ധിസത്തിന്റെ പരമമായ നിര്‍മമത്വം.
എന്‍. വിനോദ്കുമാര്‍
അല്‍ ഖോബാര്‍, സൗദി അറേബ്യ


പെഗാസസ്: ഇഴയുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍

ണ്ടു ചോദ്യങ്ങള്‍ എന്ന പംക്തിയില്‍ (പാക്കറ്റ് 36) അനിവര്‍ അരവിന്ദിന്റെ നിരീക്ഷണം കൃത്യമാണ്: ""ഇത് ഒരുതരത്തില്‍ ലോയല്‍റ്റി ചെക്ക് മെക്കാനിസം കൂടിയായി വര്‍ക്കുചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് പൊളിറ്റിക്കല്‍ നരേറ്റീവിനെ കണ്‍ട്രോള്‍ ചെയ്യുന്ന ലോയലായ ഒരു സംഘത്തെ സൃഷ്ടിക്കുന്ന, മറുഭാഗത്ത് എതിര്‍ക്കുന്നവരെ കൂടി നിരീക്ഷിക്കുന്ന പൊളിറ്റിക്കല്‍ കണ്‍ട്രോളും പൊളിറ്റിക്കല്‍ നരേഷനുമാണ് പെഗാസസ് നിരീക്ഷണത്തിന്റെ ഉദ്ദേശ്യം എന്ന് കൃത്യമായി പറയാം.'' അതായത്, ഒരേ സമയം വിധേയന്മാരെയും മുട്ടിലിഴയുന്നവരെയും സൃഷ്ടിക്കുക. പെഗാസസസ് ചോര്‍ത്തലുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ ശ്രദ്ധിച്ചാലറിയാം, മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിനെ അത്ര കാര്യമായി ഗൗനിച്ചിട്ടില്ല.

anivar_2.jpg
അനിവർ അരവിന്ദ്

മോദി സര്‍ക്കാറിന്റെ രണ്ടം വരവോടെ മുട്ടിലിഴയല്‍ പൂര്‍വാധികം ഭംഗിയാക്കിയ "മുഖ്യധാര' സ്വഭാവിക വിധേയന്മാരായി മാറിയിരിക്കുകയാണ്. പ്രിന്റ്, വിഷ്വല്‍ മീഡിയകളേക്കാള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ് പെഗാസസ് വിഷയം ഏറ്റെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയും ബഹളങ്ങളും സംയുക്ത പ്രതിപക്ഷ നീക്കവുമൊക്കെയാണ് ഈ വിഷയം ലൈവായി നിലനിര്‍ത്തുന്നത്. മാധ്യമപ്രവര്‍ത്തകരും എഡിറ്റേഴ്‌സ് ഗില്‍ഡും സുപ്രീംകോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ മാധ്യമരംഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി, അവര്‍ തന്നെ ലഘൂകരിച്ചുകാണുകയാണ്.
​​​​​​​ജിഷിത്ത് കെ,
കല്യാണ്‍, മഹാരാഷ്ട്ര


​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media