Wednesday, 07 December 2022

കത്തുകള്‍


Image Full Width
Text Formatted

അഫ്ഗാന്‍ ജനതക്കുമേലുള്ള മതവിധി

താലിബാന്‍ എന്ന മുസ്‌ലിം ഭീകരസംഘടനയുടെ മുന്നേറ്റം സമകാലിക ലോകസാഹചര്യത്തിലുണ്ടാക്കാന്‍ പോകുന്ന അപകടങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതായിരുന്നു ഷാജഹാന്‍ മാടമ്പാട്ടിന്റെ ലേഖനം (വെബ്‌സീന്‍, പാക്കറ്റ് 37). മുമ്പ് റഷ്യയും പിന്നീട് അമേരിക്കയും പകുത്തെടുത്ത അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യം ഇപ്പോള്‍ ആരുടെയും രാഷ്ട്രീയലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. അത്, ഏതാനും ചില രാജ്യങ്ങളുടെ ഇടത്താവളം എന്ന പദവി മാത്രം അലങ്കരിക്കുന്നു. അപ്പോള്‍, അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അവരുടെ ആഭ്യന്തരം മാത്രമായി ഒതുങ്ങിപ്പോകുന്നു. എന്നാല്‍, താലിബാന്‍ എന്ന സംഘടനക്ക് അത്തരത്തിലുള്ള ഒരു ആഭ്യന്തര അസ്തിത്വം മാത്രമല്ല ഉള്ളത് എന്ന് അതിന്റെ ചരിത്രം നോക്കിയാല്‍ മനസ്സിലാകും.

ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക ഭീകരവാദത്തിന് വെള്ളവും വളവുമേകാന്‍ കഴിവുന്ന സംഘടനയാണിത്. തകര്‍ന്നടിഞ്ഞിട്ടും "ലോകത്തിന്റെ' സഹായം അവര്‍ക്ക് നിര്‍ലോഭം കിട്ടിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിനുമുന്നോടിയായി, 2020ല്‍ അവര്‍ സമാഹരിച്ചത് ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ്. അമേരിക്കന്‍ സൈന്യത്തോട് എതിരിടുമ്പോള്‍ തന്നെയാണ് അവര്‍ ഇത്രയും പണം സമാഹരിച്ചതെന്ന് അവരുടെ ആത്മീയ നേതാവ് മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാഖൂബ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. മയക്കുമരുന്ന് കച്ചവടമാണത്രേ അവരുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്. ആഗോള ഓപ്പിയം ഉല്‍പാദനത്തിന്റെ സിഹംഭാഗവും വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാനിലാണ് എന്ന് യു.എന്‍ ഡ്രഗ് റിപ്പോര്‍ട്ടിലുണ്ട്.

Shajahan-Madampat
ഷാജഹാന്‍ മാടമ്പാട്ട്

അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് കേന്ദ്രങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. അഫ്ഗാനിലെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തും അവ വന്‍കിട കമ്പനികള്‍ക്ക് മറിച്ചുവിറ്റുമൊക്കെ താലിബാന്‍ പണമുണ്ടാക്കുന്നു. വിവിധ മേഖലകളിലെ ചുങ്കപ്പിരിവുകള്‍, മതപ്രചാരണത്തിന് വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന വന്‍തോതിലുള്ള സംഭാവനകള്‍, വ്യവസായങ്ങള്‍...ഒരു മനുഷ്യവിരുദ്ധ കോര്‍പറേറ്റിനുവേണ്ട എല്ലാം തികഞ്ഞ സംഘമാണ് താലിബാന്‍.

മതത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ അതിന് സമര്‍ഥമായി കഴിയുന്നു. അതിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ കിട്ടുന്നു. റഷ്യക്കും ചൈനക്കുമൊന്നും ഇപ്പോള്‍ ഒരുതരത്തിലുമുള്ള ആഗോള രാഷ്ട്രീയ താല്‍പര്യങ്ങളില്ല, സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് ഈ രാജ്യങ്ങളെ ഭരിക്കുന്നത്. അമേരിക്കയുമായുള്ള കൊടുക്കല്‍വാങ്ങലുകള്‍ക്കുള്ള ഒരു ഉപാധി മാത്രമാണ് പല രാജ്യങ്ങള്‍ക്കും ഇന്ന് അഫ്ഗാനിസ്ഥാന്‍. അതുകൊണ്ടുതന്നെ അഫ്ഗാന്‍ ജനതക്കുമേല്‍ തൂങ്ങിയാടുന്ന മതവിധി അവര്‍ തന്നെ അതിക്രൂരമായി അനുഭവിച്ചുതീര്‍ക്കേണ്ടിവരും.

സവാദ് ഇര്‍ഷാദ് മുഹമ്മദ്
ജിദ്ദ, സൗദി അറേബ്യ


താലിബാനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന ലോകം

ലോകത്ത് ഇന്ന് ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്ന എല്ലാതരം മതതീവ്രവാദങ്ങള്‍ക്കും താലിബാന്റെ മുന്നേറ്റം ഉത്തേജനം പകരുമെന്ന ഷാജഹാന്‍ മാടമ്പാട്ടിന്റെ നിരീക്ഷണം കൃത്യമാണ് (പാക്കറ്റ് 37). അതുകൊണ്ടാണ്,
സ്വേച്ഛാധിപത്യത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും പതിക്കാനിടയുള്ള ഒരു ജനാധിപത്യത്തെ ചുമന്നുകൊണ്ടുനടക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍, ഉയ്ഗൂര്‍ മുസ്‌ലിംകളെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ചൈനീസ് ഭരണകൂടം, ഭീകരവാദത്തിന് ചെല്ലും ചെലവും നടത്തുന്ന ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ താലിബാനോട് മൃദുസമീപനം പുലര്‍ത്തുന്നത്.

രാജ്യങ്ങള്‍ മാത്രമല്ല, മനുഷ്യാവകാശസംഘടനകളുടെയോ യു.എന്നിനെപ്പോലുള്ള ആഗോള കൂട്ടായ്മകളുടെയോ ഭാഗത്തുനിന്ന് ഒരു ശബ്ദവും താലിബാനെതിരെ മുഴങ്ങുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ വരവില്‍ അവര്‍ ഒരു ലോകസമ്മതി നേടിയെടുത്തുകഴിഞ്ഞു, അവരുടെ കൊടുംക്രൂരതകള്‍ക്ക്.
മതവാദ ഭരണകൂടത്തിന് ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാനുള്ള സമര്‍ഥമായ ചില നയതന്ത്രങ്ങള്‍, ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഈ വരവില്‍ താലിബാന്‍ പയറ്റുന്നത് ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കയും ചൈനയുമായി താലിബാന്‍ നടത്തുന്ന ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമാണ്. അതേസമയം, ഇസ്‌ലാമിനെ മുന്‍നിര്‍ത്തിയുള്ള ക്രൂരതകള്‍ക്ക് ഒരു കുറവും വരുത്തുന്നുമില്ല.

താലിബാന്‍ പ്രതിനിധി മുല്ല ബരാദര്‍ അഖുന്ദ്, ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ് യിയെ സന്ദര്‍ശിച്ചപ്പോള്‍ / Screen Grab from South China Morning Post's Video.
താലിബാന്‍ പ്രതിനിധി മുല്ല ബരാദര്‍ അഖുന്ദ്, ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ് യിയെ സന്ദര്‍ശിച്ചപ്പോള്‍ / Screen Grab from South China Morning Post's Video.

രണ്ടാം വരവിലെ താലിബാന്‍ പഴയ താലിബാനായിരിക്കുകയില്ല എന്ന തരത്തിലുള്ള പ്രചാരണം നമ്മുടെ നാട്ടിലെയും ചില ഇസ്‌ലാമിക സംഘങ്ങള്‍ എടുത്തുപയറ്റുന്നുണ്ട്. എന്നാല്‍, അവിടെനിന്നുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ സത്യം പറയുന്നവയാണ്. തങ്ങളുടെ നിയന്ത്രണത്തിലായ നഗരങ്ങളിലെ സ്ത്രീകളോട് വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഉത്തരവിറക്കിയതായി തദ്ദേശ സ്ത്രീകളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. താലിബാന്‍ കള്‍ചറല്‍ കമീഷന്റെ പേരില്‍ വിതരണം ചെയ്ത കത്തില്‍ ഇങ്ങനെ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: ""തങ്ങള്‍ കീഴടക്കിയ സ്ഥലങ്ങളിലുള്ള 15- 45 വയസ്സിനിടക്കുള്ള സ്ത്രീകളുടെ ലിസ്റ്റ് എല്ലാ ഇമാമുമാരും മുല്ലമാരും ഉടന്‍ നല്‍കണം, ഇവരെ താലിബാന്‍ പട്ടാളക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കണം.''
മതഭീകരത മുന്നോട്ടുവെക്കുന്ന, തികച്ചും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമെന്ന് സ്വയം തെളിയിച്ചിട്ടുള്ള ഒരു ഭീകരവാദസംഘടനക്ക് ഒരു ജനതയുടെ പരമാധികാരത്തിലേക്ക് എത്താന്‍ കഴിയുന്നു എന്നത് ഇന്നത്തെ ലോകത്തെയാകെ ലജ്ജിപ്പിക്കേണ്ടതാണ്.

സുബൈര്‍ പി.എം
അബുദാബി


താലിബാന്റെ അന്ത്യം താലിബാനിലൂടെ തന്നെയാകുമോ?

ഷാജഹാന്‍ മാടമ്പാട്ടിന്റെ താലിബാന്‍ ലേഖനം ശ്രദ്ധേയമായി. ഒരു മതഭീകരസംഘത്തിന് സ്വഭാവികമായി സംഭവിക്കാനിടയുള്ള ആഭ്യന്തരശൈഥില്യത്തിന്റേതായ അന്ത്യത്തിലൂടെയല്ലാതെ താലിബാന്‍ അവസാനിക്കില്ലെന്ന് കരുതേണ്ടിവരും. യാക്കൂബ്, ബരാദാന്‍ എന്നീ നേതൃത്വങ്ങള്‍ ഇപ്പോഴത്തെ താലിബാനെ ഒരു "പുതിയ താലിബാനാ'യി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് ചില വിശകലനങ്ങളുണ്ട്. അതായത്, 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന്‍ ഭരിച്ച താലിബാനായിരിക്കുകയില്ല, കുറെക്കൂടി ലിബറലായതും സംഘടിതമായതും വിദ്യാഭ്യാസത്തോടും സാങ്കേതികവിദ്യകളോടുമൊക്കെ ആഭിമുഖ്യം പുലര്‍ത്തുന്നതും നയതന്ത്രപരമായി പെരുമാറുന്നതുമായ ഒരു താലിബാന്‍. പുരുഷന്മാര്‍ക്കൊപ്പം വീടുവിട്ട് പുറത്തുപോകാന്‍ സ്ത്രീകളെ അനുവദിക്കുന്ന തരത്തിലുള്ള ചില "പരിഷ്‌കാര'ങ്ങളെക്കുറിച്ചും ചില താലിബാന്‍ അനുകൂലികള്‍ തെളിവ് നല്‍കുന്നുണ്ട്.

ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 36 കവര്‍
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 36 കവര്‍

എന്നാല്‍, എന്താണ് യാഥാര്‍ഥ്യം? താലിബാന്‍ കനിഞ്ഞനുവദിക്കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളേക്കാള്‍ ഏറെ മുന്നേറിയിട്ടുണ്ട് ഇന്ന് അഫ്ഗാന്‍ സ്ത്രീകള്‍. 86 ശതമാനം അഫ്ഗാന്‍ സ്ത്രീകളും, വനിതകള്‍ക്ക് വിദ്യാഭ്യാസം വേണമെന്ന് വാദിക്കുന്നവരാണെന്ന് രണ്ടുവര്‍ഷം മുമ്പ് ഏഷ്യ ഫൗണ്ടേഷന്‍ നടത്തിയ ഒരു സര്‍വേയില്‍ പറയുന്നുണ്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള മേഖലകളിലും ഇത്തരം വാദങ്ങള്‍ ഉയരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ജനകീയമായ ഇത്തരം സംഘര്‍ഷങ്ങളും സ്വാതന്ത്ര്യാഭിവാഞ്ചകളും തീവ്രമാണ്. ഇതിനെ മത ഭീകരത എന്നൊരു ഒറ്റ ആയുധം കാട്ടി എത്രകാലം അടിച്ചമര്‍ത്താനാകും എന്നത് വലിയ ചോദ്യമാണ്.

ഒരു ഭീകരവാദ- ജിഹാദി സംഘടനയെന്ന നിലയ്ക്കുള്ള താലിബാന്റെ നിലനില്‍പ്, അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭരണത്തിലെത്തുന്നതോടെ സംഘര്‍ഷഭരിതമാകാനുള്ള സാധ്യതയും ഏറെയാണ്. ഇത് ഐസിസിനെയും അല്‍ ഖായിദയെപ്പോലെയുമുള്ള കൊടുംഭീകര പ്രസ്ഥാനങ്ങളുമായുള്ള ആഭ്യന്തര യുദ്ധത്തിലേക്കുവരെ നയിച്ചേക്കാം. അഫ്ഗാന്‍ ജനതയുടെ അകത്ത് ഇപ്പോഴുള്ള പ്രതിഷേധത്തിന്റെ ആളിക്കത്തലിലൂടെ മാത്രമേ താലിബാനെപ്പോലോരു ഭീകരസംഘത്തിന്റെ അന്ത്യം കുറിക്കാന്‍ കഴിയൂ.

ഗീത റേച്ചല്‍
മയാമി, യു.എസ്.എ.


അന്ന് ഇന്ദിരാഗാന്ധി, ഇന്ന് ഭരണകൂടം ഒന്നാകെ

പെഗാസസ് വിവാദവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും നിശ്ശബ്ദതയെ അതിനിശിതമായി വിമര്‍ശിക്കുന്ന ജോണ്‍ ബ്രിട്ടാസിന്റെ ലേഖനം (പാക്കറ്റ് 37) സന്ദര്‍ഭോചിതമായി. സ്വന്തം എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരുമെല്ലാം ചാരവലയത്തിലായിട്ടും പല മാധ്യമങ്ങളും അതിനോട് പൊരുത്തപ്പെട്ടുപോകുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ മാധ്യമലോകത്ത് സംഭവിച്ച മുട്ടിലിഴയല്‍ പ്രക്രിയയുടെ സ്വഭാവിക പരിണതി കൂടിയാണിത്. "ദി വയറി'നെപ്പോലുള്ള സമാന്തര മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പെഗാസസ് ഇഷ്യൂ ആരുമറിയാതെ പോകുമായിരുന്നു.

ദി ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങി 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ പെഗാസസ് പ്രൊജക്റ്റ് എന്ന അന്വേഷണമാണ്, ലോകത്തെ ഭരണകൂടങ്ങളുടെ നിഗൂഢപദ്ധതിയെ പുറത്തുകൊണ്ടുവന്നത്. ഒരുപക്ഷെ, ഇപ്പോള്‍ പുറത്തുവന്നതിലും വിപുലമായ വലയാണ് പെഗാസസ് എന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയില്‍ 50,000ലേറെ സ്മാര്‍ട്ട് ഫോണ്‍ നമ്പറുകളെ ലക്ഷ്യമിട്ടതായും 75 ഫോണുകളെ നിയന്ത്രണത്തിലാക്കിയിരുന്നതായും മാധ്യമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത സര്‍ക്കാറുകളുമായി മാത്രമേ തങ്ങള്‍ക്ക് ഇടപാടുള്ളൂ എന്ന് പെഗാസസ് വ്യക്തമാക്കിയ സ്ഥിതിക്ക്, പ്രതിക്കൂട്ടില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെയാണ്.

John-Britas
ജോണ്‍ ബ്രിട്ടാസ്

ഭീമ കൊറേഗാവ് കേസില്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഹാക്കര്‍മാര്‍ വഴി തിരുകിക്കയറ്റിയതാണ് എന്ന വസ്തുത, മോദി ഭരണകൂടത്തിന്റെ ഇത്തരം ചെയ്തികള്‍ക്ക് അടിവരയിടുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് സംശയമുള്ളവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കുകയോ തടവില്‍ പാര്‍പ്പിക്കുകയോ ആണ് ചെയ്തിരുന്നത്. അന്നത്തെ ഒരു ഭരണാധികാരിയുടെ ചെയ്തികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്‍പ്പിച്ചത് മാരകമായ മുറിവാണ്. എന്നാല്‍, ഇപ്പോള്‍ ഏതാനും വ്യക്തികളല്ല, ഭരണകൂടം തന്നെ സ്വന്തം പൗരന്മാരെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്.

വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനും വിധേയന്മാരെ സൃഷ്ടിക്കാനുമുള്ള ഇരുതലമൂര്‍ച്ചയുള്ള വാളാണ് പെഗാസസ്. അത് മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കിക്കഴിഞ്ഞു, ഇനി ജുഡീഷ്യറിയെയും ബ്യൂറോക്രസിയെയും നിയമനിര്‍മാണ സഭകളെയും കൂടി വരുതിയിലാക്കിയാല്‍ സ്വേച്ഛാധിപത്യത്തിന് കാര്യങ്ങള്‍ എളുപ്പമാകും.

ഏലിയാസ് തോമസ്
വാകത്താനം, കോട്ടയം


കോവിഡും ഒരു സര്‍വൈലന്‍സ് ടൂളാകുമ്പോള്‍

പുത്തന്‍ ജനാധിപത്യ സമൂഹങ്ങളില്‍ സ്‌റ്റേറ്റ് സര്‍വെയ്‌ലന്‍സ് എങ്ങനെയാണ് പൗരന്മാരുടെ മേല്‍ നിയന്ത്രണം സ്ഥാപിച്ചെടുക്കുന്നത് എന്ന കാര്യമാണ് രാജേഷ് കെ. പരമേശ്വരന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് (പാക്കറ്റ് 37). തീര്‍ച്ചയായും ജനാധിപത്യത്തെ മുന്‍നിര്‍ത്തിയാകണം ഇത്തരം കടന്നുകയറ്റങ്ങളെ വിലയിരുത്താന്‍. ഇന്ത്യ തന്നെയാണ് അതിന്റെ ഏറ്റവും "മികച്ച' ഉദാഹരണം. ഇവിടെ, ആധാര്‍ മുതല്‍ തുടങ്ങിയ വിവരശേഖരണം ഇപ്പോള്‍ കോവിഡ് കാലത്തെ പലതരത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിപുലമായിരിക്കുന്നു.

surveillance

വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തന്നെ, പൗരന്മാരുടെ വന്‍തോതിലുള്ള വിവരശേഖരണത്തിന് അനുയോജ്യമായ വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതായത്, വാക്‌സിന്‍ ലഭ്യതയേക്കാള്‍ അത് ഊന്നുന്നത് ആളുകളുടെ വിവരം ശേഖരിച്ചുവെക്കുക എന്നതിലാണ്. എന്നാല്‍, ഒരു മഹാമാരിയുടെ കാലത്ത് ഒരു ജനാധിപത്യരാജ്യത്തെ സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യുമോ എന്ന ചോദ്യം തന്നെ ചോദിക്കാന്‍ കഴിയാത്തവിധം പലതരം സ്‌റ്റേറ്റ് സര്‍വൈലന്‍സുകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

സാങ്കേതിക വിദ്യയുടെ അതിദ്രുതമായ തോതിലുള്ള ഇടപെടല്‍ ജനാധിപത്യത്തില്‍ അറിവിന്റെയും വിനിയോഗശേഷിയുടെയും കാര്യത്തില്‍ കടുത്ത അസമത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതായത്, ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് അറിയാതെ തന്നെ അതിന് വിധേയനാകാന്‍ നിര്‍ബന്ധിതനാകുകയാണ് പൗരന്മാര്‍. ഇത് അടിമബോധത്തോളം പോന്ന അടിമത്തം സ്‌റ്റേറ്റ് സംവിധാനങ്ങളോട് സൃഷ്ടിക്കുന്നു. അത്, ആന്ത്യന്തികമായി ജനാധിപത്യത്തെയാണ് ദുര്‍ബലമാക്കുക.
ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍, നിങ്ങളുടെ സുരക്ഷക്കുവേണ്ടി ഞങ്ങള്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ് ഭരണകൂടം നമ്മളോട് പറയുന്നത്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന സര്‍വൈലന്‍സ് നിയമപ്രകാരം മൂന്ന് ഏജന്‍സികള്‍ക്കാണ് ദേശസുരക്ഷയുടെ പേരില്‍ പൗരന്മാരുടെ ഫോണും ഇ- മെയിലും ചോര്‍ത്താന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍, 2019ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വരുന്നതിനുതൊട്ടുമുമ്പാണ് പത്തോളം ഏജന്‍സികള്‍ക്ക് സ്‌നൂപ്പിങ്ങിന് അനുമതി നല്‍കിയത്. ഇത് പിന്നീട് എങ്ങനെയൊക്കെ വിനിയോഗിക്കപ്പെട്ടു എന്നത് നമുക്കുമുന്നിലുണ്ട്.

രാജേഷ് കെ. പരമേശ്വരന്‍
രാജേഷ് കെ. പരമേശ്വരന്‍

കോവിഡ് കാലം ഒരു പുതിയ പ്രതിസന്ധി കൂടി മനുഷ്യനുമുന്നില്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് എല്ലാത്തിലുമുള്ള അവിശ്വാസമാണ്. ആധുനിക മെഡിക്കല്‍ സയന്‍സിനുപോലും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാത്ത പരിണാമങ്ങളിലൂടെയാണ് കോവിഡ് എന്ന മഹാമാരി കടന്നുപോകുന്നത്. ഏക പേംവഴിയായി നമ്മുടെ മുന്നിലുള്ള വാക്‌സിനുപോലും എത്ര കാലത്തേക്ക് നമ്മെ രക്ഷിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും ഉറപ്പുനല്‍കാനാകുന്നില്ല. യഥാര്‍ഥത്തില്‍ ആശയക്കുഴപ്പം നിറഞ്ഞ ഇത്തരമൊരു അവസ്ഥയാണ് ഭരണകൂട സര്‍വൈലന്‍സിന് കൂടുതല്‍ കരുത്തുപകരുന്നത്. എതിര്‍ ശബ്ദങ്ങളെ മാത്രമല്ല, ഏതു വ്യക്തികളെയും എളുപ്പം ട്രാക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ദൈനംദിനമെന്നോണം അടിച്ചേല്‍പ്പിക്കപ്പെടുന്നു. അത് സമഗ്രാധിപത്യത്തിന്റേതായ ഒരു പുതിയ ലോകം സൃഷ്ടിച്ചിരിക്കുന്നു. അത് ഫലത്തില്‍ അട്ടമറിക്കുക ജനാധിപത്യത്തെ തന്നെയാകും.

ഡോ. ഇന്ദു മക്കാട്ട്
ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി


ഇന്ത്യ എന്ന സര്‍വൈലന്‍സ് മുതലാളിത്തം

സ്‌റ്റേറ്റ് സര്‍വൈലന്‍സുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവെച്ച വെബ്‌സീന്‍ പാക്കറ്റ് 37 ശ്രദ്ധേയമായി. സര്‍വൈലന്‍സ് സ്‌റ്റേറ്റ് ജനാധിപത്യത്തിന് ഏല്‍പ്പിക്കുന്ന മുറിവുകള്‍ പരിശോധിക്കുന്ന രാജേഷ് കെ. പരമേശ്വരന്റെ വിശലകനം സമഗ്രമാണ്. സാങ്കേതിക സംവിധാനങ്ങളിലെ ഡാറ്റ സുരക്ഷക്കോ സ്വകാര്യതാ സംരക്ഷണത്തിനോ കൃത്യമായ നിയമങ്ങളില്ലാത്ത ഇന്ത്യയെപ്പോലൊരു രാജ്യത്ത് ദുരൂഹമായ ഇത്തരം സംവിധാനങ്ങള്‍ വരുന്നതിലുള്ള ആശങ്ക ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ സുപ്രീംകോടതി വരെയെത്തിയിട്ടും ശാസ്ത്രീയമായ ഒരു ന്യായീകരണത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല.

മനുഷ്യന്റെ സ്വകാര്യതയെ തങ്ങളുടെ കമ്പോളയുക്തിയുടെ ചാലകശക്തിയായി ദുരുപയോഗിക്കാനുള്ള നവമുതലാളിത്തത്തിന്റെ ശേഷി ഇന്ന് ഇന്ത്യയിലടക്കം പ്രകടമാണ്. കോവിഡ് കാലത്ത്, ഡിജിറ്റല്‍ സാങ്കേതികവിദ്യയിലുണ്ടായ കുതിപ്പിനെക്കുറിച്ച് പറയുമ്പോള്‍, അത് ഇത്തരം സാങ്കേതിക കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ വളര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല. വ്യക്തികളെ സമ്പൂര്‍ണമായി കീഴടക്കിയും അറിവില്‍നിന്ന് അരികുവല്‍ക്കരിച്ചും തീര്‍ത്തും അസമത്വത്തിന്റേതായ ഒരു സ്മാര്‍ട്ട് ലോക സൃഷ്ടി. ഈ സര്‍വൈലന്‍സ് മുതലാളിത്തത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് മോദി സര്‍ക്കാര്‍. ഇന്ത്യയിലേതുപോലെ, അത്യന്തം ദുര്‍ബലമായ ഒരു ജനാധിപത്യവും അതിനെ ഹൈജാക്ക് ചെയ്യാന്‍ സമര്‍ഥമായ ഒരു ഭരണകൂട പ്രത്യയശാസ്ത്രവും നിലനില്‍ക്കുന്നിടത്തോളം ഈ സര്‍വൈലന്‍സ് മുതലാളിത്തത്തിന് പേടിക്കേണ്ടതില്ല.

ഷീബ പരമേശ്വരന്‍
ചങ്ങമ്പുഴ നഗര്‍, ഇടപ്പള്ളി


തമിഴ് സംവിധായകര്‍ അഥവാ ഫിലിം പൊളിറ്റീഷ്യന്‍സ്

ജാതിയെയും സവര്‍ണ രാഷ്ട്രീയത്തെയും കൃത്യമായി അടയാളപ്പെടുത്തുന്ന പുതിയ തമിഴ് സിനിമകളുടെ കാഴ്ച (ജോഫിന്‍ മണിമല, പാക്കറ്റ് 36) തികച്ചും പ്രസക്തമായ ഒന്നായിരുന്നു. മുഖ്യധാരാ സിനിമയുടെ പലവിധ ചേരുവകളും ഉള്ളതാണെങ്കിലും, പുതിയ തമിഴ് സിനിമ മറയില്ലാതെയാണ് രാഷ്ട്രീയം പറയുന്നത്. അതിലൂടെ, രാഷ്ട്രീയത്തെ മുഖ്യധാരയുടെ തന്നെ ആഖ്യാനവിഷയമാക്കുക കൂടി ചെയ്യുന്നു ഈ സംവിധായകര്‍.

vetri-maran
വെട്രിമാരന്‍

വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍, ജാതി ബന്ധങ്ങളും ഭൂമി പ്രശ്‌നവുമാണ് കൈകാര്യം ചെയ്യുന്നത്. സംഘട്ടനങ്ങളും അതി വൈകാരികതയും വയലന്‍സുമെല്ലാം ഉണ്ടെങ്കിലും, ജനപ്രിയതയുടെ മുഖംമൂടിയിട്ട സവര്‍ണ ജാതി ആവിഷ്‌കാരങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ സിനിമയുടെ അടിസ്ഥാന പ്രമേയം. വൈജ്ഞാനികമായ ശാക്തീകരണത്തിലൂടെ ചൂഷകനോട് പ്രതികാരം ചെയ്യാനും അധികാരം കൈയടക്കാനുമാണ് ഈ സിനിമ ആഹ്വാനം ചെയ്യുന്നത്. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് മുമ്പ് ഒരു അഭിമുഖത്തില്‍ വെട്രിമാരന്‍ പറഞ്ഞത് ഇങ്ങനെയാണ്: ""നാഷണല്‍ ഐഡന്റിറ്റി പൊളിറ്റിക്സാണ് എന്റെ രാഷ്ട്രീയം. പ്രത്യേകിച്ചും ഭാഷ, ജാതി എല്ലാം ഉള്‍പ്പെടുന്ന എത്നിക്സ് പൊളിറ്റിക്സ്. എനിക്ക് ഇന്ത്യ ഒരു രാജ്യമല്ല അതൊരു കണ്‍വീനിയന്‍സാണ്. നമ്മുടെ സൗകര്യത്തിനായി നമ്മള്‍ ഇന്ത്യയില്‍ ഒരുമിച്ച് കഴിയുന്നു. സൗകര്യങ്ങളുള്ളതു വരെ നമ്മള്‍ ഇവിടെ ഒരുമിച്ച് കഴിയും. അത്രയേയുള്ളൂ.''

ഒരു കലാകാരനെന്ന നിലയ്ക്കുള്ള ധീരമായ ഒരു തുറന്നുപറച്ചില്‍ കൂടിയാണിത്. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സിനിമയില്‍ ഇടം വേണം എന്ന നിശ്ചയത്തില്‍നിന്നാണ് വെട്രിമാരന്‍ അടക്കമുള്ളവര്‍ സിനിമയെടുക്കുന്നത്. സിനിമ നന്നായോ മോശമായോ എന്നതിനേക്കാള്‍ ഒരു ഫിലിം പൊളിറ്റീഷ്യന്‍ എന്ന നിലയ്ക്കുള്ള ഐഡന്റിറ്റിയാണ് ഇവര്‍ സ്വയം മുന്നോട്ടുവെക്കുന്നത്. ജാതി മാത്രമല്ല, ഭാഷയും ജീവിതവും വിശ്വാസവും ജെന്ററും എല്ലാം ഉള്‍ക്കൊള്ളുന്ന ദ്രവീഡിയന്‍ സംസ്‌കാരത്തിന്റെ വളരെ കാലികമായ ഒരു വീണ്ടെടുപ്പുകൂടിയാണ് പുതിയ തമിഴ് സംവിധായകര്‍ നടത്തുന്നത്.

അസുരന്‍ സിനിമയുടെ പോസ്റ്റര്‍
അസുരന്‍ സിനിമയുടെ പോസ്റ്റര്‍

അതിന് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുമുണ്ട്. കാരണം, ഒരുതരം സവര്‍ണ ദേശീയതയും ഹിന്ദുത്വം അടിസ്ഥാനമാക്കിയുള്ള ഏക സാംസ്‌കാരിക ലോകവും സ്ഥാപിച്ചെടുക്കാന്‍ ആസൂത്രിത ശ്രമം നടക്കുമ്പോള്‍ കലയിലൂടെ തമിഴ് സംവിധായകര്‍ നടത്തുന്നത് ശരിക്കും ഒരു കലാപം തന്നെയാണ്. ദ്രവീഡിയന്‍ കള്‍ച്ചര്‍ എന്നത് ഒരു കാലത്ത് ബ്രാഹ്മണിക് ഹിന്ദുത്വത്തിനെതിരായ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒരു ചെറുത്തുനില്‍പ്പുകൂടിയായിരുന്നു എന്നോര്‍ക്കണം. വിശ്വാസത്തിന്റെ സ്ഥാനത്ത് യുക്തിയെയും സവര്‍ണതയുടെ സ്ഥാനത്ത് അവര്‍ണതയെയും പുരുഷാധിപത്യത്തിനെ റദ്ദാക്കുന്ന സ്ത്രീപക്ഷത്തെയും മുന്നില്‍വച്ചുനടന്ന ഒരു മൂവ്‌മെന്റ്. അതിന്റെ രാഷ്ട്രീയമായ പരിണാമമാണ് തമിഴ്‌നാട് എന്ന സംസ്ഥാനത്തിന് അസ്തിത്വം നല്‍കുന്നത്. ഇന്നും സംഘ്പരിവാര്‍ അടക്കമുള്ള ഹിംസാത്മക ദേശീയതകള്‍ മുന്നോട്ടുവെക്കുന്ന ഏകാശിലാ സംസ്‌കാരത്തോട് ഏറ്റുമുട്ടാനുള്ള ശേഷി അതിനുണ്ട്. സിനിമ എന്ന കലയിലൂടെ സംസ്‌കാരത്തിന്റെ പുരോഗമനകരമായ വീണ്ടെടുപ്പ് സാധ്യമാണ് എന്ന് തെളിയിക്കുകയാണ് പുതിയ തമിഴ് സംവിധായകര്‍ ചെയ്യുന്നത്. അതിനെ ശരിയായി അടയാളപ്പെടുത്തിയ വെബ്‌സീനിന് നന്ദി.

എന്‍.കെ. മുഹമ്മദ് ഷാ
ചെന്നൈ


കെ. അംബുജാക്ഷന്റെയും എം. കുഞ്ഞാമന്റെയും ബാല്യങ്ങള്‍

കെ. അംബുജാക്ഷനുമായുളള അഭിമുഖത്തില്‍ (പാക്കറ്റ് 37), അദ്ദേഹം പിന്നിട്ട ബാല്യകാലത്തെക്കുറിച്ച് പറയുന്നുണ്ട്. അച്ഛന്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും അമ്മ ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഉന്നത സര്‍ക്കാര്‍ ജോലി ചെയ്ത ആളുമാണ്. മാത്രമല്ല, അന്ന് ദളിതര്‍ക്ക് അനുഭവിക്കാന്‍ കഴിയാതിരുന്ന സ്വന്തമായ ഭൂമി എന്ന അവകാശം കൂടി അംബുജാക്ഷന്റെ കുടുംബത്തിന് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. ഇതെല്ലാം ഒരു ദലിത് വിദ്യാര്‍ഥിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം  ചെറുതല്ല എന്ന് അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഒരുപക്ഷെ, ചുറ്റുപാടുകളെ ചോദ്യം ചെയ്യാനും സ്വതന്ത്രനായ ഒരു വ്യക്തിയായി വളരാനും അദ്ദേഹത്തെ പ്രാപ്തമാക്കിയത് തീര്‍ച്ചയായും ഈ വിഭവങ്ങളില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധ്യമായ അവകാശങ്ങളാണ്. ഇതെല്ലാമുണ്ടായിട്ടും സ്‌കൂളിലുണ്ടായ മാറ്റനിര്‍ത്തലുകളെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. എന്നാല്‍, അതിനെ ചോദ്യം ചെയ്യാനുള്ള ശേഷി അക്കാലത്തുതന്നെ അദ്ദേഹത്തിലുണ്ട് എന്നതും ശ്രദ്ധിക്കണം. എല്ലാത്തരം അപമാനങ്ങള്‍ക്കും എതിരായി ശക്തമായി പ്രതികരിക്കുകയും അപമാനം എത്രത്തോളം കൂടുന്നുവോ അത്രയും പ്രതികരണത്തിന്റെ തീവ്രതയും കൂടും എന്നും അദ്ദേഹം പറയുന്നുണ്ട്.

ഈ അഭിമുഖം വായിച്ചപ്പോള്‍, എം. കുഞ്ഞാമന്‍ എഴുതിയ "എതിര്' എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ ബാല്യകാലം ഓര്‍മ വന്നു. അംബുജാക്ഷന്റേതില്‍ നിന്ന്‌ തീര്‍ത്തും ഭിന്നമായ കാലവും സാഹചര്യവുമാണ് കുഞ്ഞാമന്റേത്‌ എങ്കിലും ദലിതത്വം എന്ന അവസ്ഥ സമാനമായിരുന്നു. ഭക്ഷണം പോലും അന്യമായിരുന്ന കാലം, നായക്കും മനുഷ്യനും ഒരേ കുഴി കുത്തി കഞ്ഞിയൊഴിച്ചുകൊടുക്കുന്ന ജന്മിത്വം, ഒന്നാം റാങ്കിന്റെ മികവിനെ പുച്ഛത്തോടെ പരിഹസിക്കുന്ന നാട്. ഇതെല്ലാമാണ് കുഞ്ഞാമന്‍ എന്ന പില്‍ക്കാല മനുഷ്യനെ രൂപപ്പെടുത്തിയത്. അന്ന് ജീവിതത്തിലുറച്ചുപോയ ഭയത്തില്‍നിന്നും ആത്മവിശ്വാസമില്ലായ്മയില്‍നിന്നും മോചനം നേടാനായിട്ടില്ലെന്ന് കുഞ്ഞാമന്‍ തുറന്നുപറയുന്നുമുണ്ട്.

കെ. അംബുജാക്ഷന്‍, എം. കുഞ്ഞാമന്‍
കെ. അംബുജാക്ഷന്‍, എം. കുഞ്ഞാമന്‍

ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ഒരു സാമ്പത്തികകാര്യ വിദഗ്ധരും ചിന്തകനുമെല്ലാമായി വളര്‍ന്നിട്ടും കുഞ്ഞാമനെ ഇന്നും ആ തീവ്രമായ അനുഭവങ്ങളുടെ ആഘാതത്തില്‍നിന്ന് മുക്തനാകാന്‍ കഴിഞ്ഞിട്ടില്ല എന്നത്, ദലിത് ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട ഒരു പാഠം കൂടിയാണ്. അംബുജാക്ഷന്റെ ജീവിതം ഇതോടൊപ്പം ചേര്‍ത്തുവക്കുമ്പോള്‍, അതിന് കൃത്യമായ ഒരു വിശദീകരണം കൂടിയാകുന്നു. വ്യക്തിപരമായ കീഴടങ്ങലുകള്‍ക്കൊപ്പം സാമൂഹികവും രാഷ്ട്രീയവുമായ മാറ്റിനിര്‍ത്തലുകള്‍ കൂടി സംഭവിക്കുമ്പോള്‍ ദലിതരുടെ പാര്‍ശ്വവല്‍ക്കരണം പൂര്‍ത്തിയാകുന്നു. വിഭവാധികാരം നല്‍കുന്ന സ്വാതന്ത്ര്യബോധത്തിന്റെ രണ്ടുതരം അനുഭവങ്ങളാണ് ഈ രണ്ടുവ്യക്തികളുടെ ജീവിതം എന്നുകാണാം. ദലിതന് വേണ്ടത് സ്വന്തം വിഭവങ്ങളിലുള്ള അവകാശവും അത് കൈകാര്യം ചെയ്യാനുള്ള അവകാശവുമാണ്. അതുണ്ടായാല്‍, അവരെ ആര്‍ക്കും ചൂഷണം ചെയ്യാനാകില്ല എന്ന പാഠവും അംബുജാക്ഷന്റെ ജീവിതം നമ്മോട് പറയുന്നു.

സുബ്രഹ്മണ്യന്‍ വടക്കുഞ്ചേരി
പാലക്കാട്


ഏതാണ് ശരിയായ സുഗതകുമാരി?

വായനക്കാര്‍ പുസ്തകങ്ങളിലൂടെയും മറ്റും അറിയുന്ന ചില പ്രമുഖ വ്യക്തികള്‍, യു. ജയചന്ദ്രന്റെ സമീപക്കാഴ്ചയില്‍ തീര്‍ത്തും വ്യത്യസ്തരായ ആളുകളായി മാറുന്നത് കൗതുകത്തോടെയാണ് വായിക്കുന്നത്. കവി കടമ്മനിട്ടയെക്കുറിച്ച് ജയചന്ദ്രന്‍ നേരത്തെ എഴുതിയിരുന്നുവല്ലോ. കഴിഞ്ഞ പാക്കറ്റില്‍ സുഗതകുമാരിയെക്കുറിച്ചുള്ള അനുഭവ വിവരണവും കൗതുകത്തോടെയാണ് വായിച്ചത്.

സുഗതകുമാരി
സുഗതകുമാരി

അത്യന്തികം ഔചിത്യത്തോടെയാണ് അദ്ദേഹം സുഗതകുമാരിയുമായുള്ള സന്ദര്‍ഭം വിവരിക്കുന്നത്. യു. ജയചന്ദ്രന്റെ വിവാഹക്കാര്യം അറിഞ്ഞ് അവര്‍ പറഞ്ഞ വാക്കുകളുടെ അര്‍ഥം എന്താണ് എന്നത് ദുരൂഹമായി അവശേഷിക്കുന്നു. "നിങ്ങള്‍ക്കൊക്കെ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്ന അച്ഛനമ്മമാരുടെ വേദന അറിയാമോ? അറിയില്ല' എന്ന് എന്തുകൊണ്ടായിരിക്കും അവര്‍ പറഞ്ഞത്? പ്രണയത്തെക്കുറിച്ചും സ്ത്രീപരുഷബന്ധങ്ങളെക്കുറിച്ചുമെല്ലാം കവിതകളില്‍ എഴുതുന്ന ഒരു സുഗതകുമാരിയെയല്ല ഇവിടെ കാണാന്‍ കഴിയുന്നത്, തീര്‍ത്തും യാഥാസ്ഥിതികയായ ഒരു കുടുംബസ്ഥയെയാണ്. എങ്ങനെയാണ് ഇത്ര വിരുദ്ധ ധ്രുവങ്ങളിലേക്ക് ഒരാള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നത്?

അനീറ്റ പ്രകാശ്
വര്‍ക്കല, തിരുവനന്തപുരം


'എന്റെ കഥ'യിലെ സ്ത്രീകള്‍

ന്ദുമേനോന്റെ ആത്മകഥയിലെ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഭാഗങ്ങള്‍, കേരളീയ സമൂഹത്തിന്റെ സദാചാര പൊലീസിങ്ങിനെതിരായ അതിനിശിതമായ വിമര്‍ശനം കൂടിയാണ്. "ജലവണ്ടികള്‍ക്ക് ദാഹം തീര്‍ക്കുന്ന പൊല്യാട്ച്ചിപ്പെണ്ണുങ്ങള്‍' (പാക്കറ്റ് 37) എന്ന അധ്യായത്തില്‍ വിവരിക്കുന്ന അനില എന്ന സ്ത്രീയുടെ തന്റേടമാര്‍ന്ന  ജീവിതം ആണഹന്തയുടെ മുഖത്തേക്കുള്ള ആഞ്ഞുതുപ്പാണ്. ഗള്‍ഫില്‍ വര്‍ഷങ്ങളോളം ജോലി  ചെയ്ത് കുടുംബത്തെ രക്ഷിച്ചെടുത്ത് ഒടുക്കം വെറും ചണ്ടിയായി അതേ വീട്ടില്‍ കഴിയേണ്ടിവരുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ മുമ്പും കേട്ടിട്ടുണ്ട്. എന്നാല്‍, ഒരു അടിമയായി കഴിയാന്‍ വിസമ്മതിക്കുകയാണ് അനില എന്ന സ്ത്രീ.

ആദ്യമായി സ്വന്തം ശരീരത്തിന്റെ അവകാശം അവള്‍ സ്ഥാപിച്ചെടുക്കുന്നു. തന്റെ കുഞ്ഞിന്റെ പിതാവ് ആരാകണം എന്നും എത്ര കുഞ്ഞുങ്ങളെ പ്രസവിക്കണം എന്നുമൊക്കെയുള്ള സ്വയം നിര്‍ണയത്തിലേക്ക് അവള്‍ വളരുന്നു. ഒരു പ്രതികാര ഗര്‍ഭം എന്നാണ് അവള്‍ അതേക്കുറിച്ച് പറയുന്നത്. ആ ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയെ തൊട്ട് അവള്‍ പറയുന്നത്, ഇത് ഗര്‍ഭമല്ല, വല്യ പൈസേന്റെ ഡെപ്പോസിറ്റാണ് എന്നാണ്. ഗ്രാമീണമായ ഒരു അന്തരീക്ഷത്തില്‍നിന്ന് ഇത്തരം വലിയ തിരിച്ചറിവുകളുണ്ടാകുക എന്നത് തീര്‍ച്ചയായും വലിയ കാര്യമാണ്. സ്വന്തം ജീവിതം പറഞ്ഞാണ് ഇന്ദുമേനോന്‍ തുടങ്ങിയത്. സ്വന്തം ജീവിതത്തേക്കാള്‍ പ്രധാനപ്പെട്ടതെന്ന് അവര്‍ കരുതുന്ന എത്രയോ സ്ത്രീജീവിതങ്ങളെയാണ് ഈ ആത്മകഥ പുറത്തുകൊണ്ടുവരുന്നത്.

അനിത എം.എസ്.
മുളങ്കുന്നത്തുകാവ്, തൃശൂര്‍


​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media