കത്തുകള്‍
വായനക്കാര്‍

സ്റ്റാലിന്‍ എന്തുകൊണ്ട് ഒരു പ്രതീകമാകുന്നു?
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ വിശലകലനം ചെയ്ത് എന്‍. സുകുമാരന്‍ എഴുതിയ ലേഖനം (പാക്കറ്റ് 38) മികച്ചതായിരുന്നു.
സമീപകാലത്ത്, ദേശീയ രാഷ്ട്രീയത്തെ തന്നെ പുരോഗമനപരമായി സ്വാധീനിക്കാന്‍ തക്കവിധം സംഭവിച്ച മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. കാരണം, ഫെഡറലിസം എന്ന ഭരണഘടനാപരമായ ആദര്‍ശത്തെ നിരന്തരം ആക്രമിക്കുകയും അതിനെ റദ്ദാക്കിക്കളയാനും നിരന്തര ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി- സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രബലമായി ഉയര്‍ന്നുവരേണ്ട ഒരു രാഷ്ട്രീയ-സംസ്‌കാരിക പ്രത്യയശാസ്ത്രമാണ് ദ്രാവിഡത എന്നത്.
തമിഴ്‌നാട് സംസ്ഥാന രൂപീകരണത്തിനും സ്വാതന്ത്ര്യ സമ്പാദനത്തിനും എത്രയോ മുമ്പേ ദ്രാവിഡം എന്നത് ആധിപത്യ രാഷ്ട്രീയത്തിനെതിരായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്. മദ്രാസ് പ്രസിഡന്‍സിയില്‍ സി. രാജഗോപാലാചാരിയുടെ കാലത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍, 1940കളുടെ തുടക്കത്തില്‍ ശക്തമായ സമരം നടന്നു. വെറും ഭാഷാ സമരമായല്ല, ബ്രാഹ്മണിക ഹിന്ദു സംസ്‌കാരത്തിനെതിരെ കൂടിയായിരുന്നു ഈ പ്രക്ഷോഭം.

രണ്ടു ദശാബ്ദം നീണ്ട കോണ്‍ഗ്രസ് ഭരണത്തെ കടപുഴക്കി 1967ല്‍ ഡി.എം.കെ അധികാരത്തിലെത്തുന്നത്, ഇത്തരം സമരങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ അവബോധത്തിലൂടെയാണ്. ഇന്ന് ഭരണഘടനയുടെ അന്തസ്സത്തയായ ഫെഡറലിസത്തെ തകര്‍ക്കാനുള്ള മോദി സര്‍ക്കാറിന്റെ നീക്കത്തെ ഫലപ്രദമായി ചെറുക്കാനുള്ള ശേഷി അവശേഷിക്കുന്നത് തമിഴ്‌നാടിനുമാത്രമാണ്. അതുകൊണ്ടുതന്നെയാണ്, "ഒന്റിയ അരസ്' എന്ന വാക്കിന് ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ളത്, അത് ഒരു പ്രയോഗ മാറ്റം മാത്രമല്ല, ഒരു മുന്നറിയിപ്പുകൂടിയാണ്. സംഘ്പരിവാര്‍ സംസ്‌കാരത്തിനെതിരായ ഇത്തരം മുന്നറിയിപ്പുകളാണ് ജാതിവാല്‍ മുറിക്കാനുള്ള തീരുമാനം, സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനം, സംസ്‌കൃതം ഒഴിവാക്കി തമിഴില്‍ പൂജ ചെയ്യാനുള്ള തീരുമാനം.
ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരാക്കാന്‍ 2006ല്‍ കരുണാനിധി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അമ്മദൈവങ്ങള്‍ക്ക് പ്രാധാന്യമുള്ള ദ്രവീഡിയന്‍ സംസ്‌കാരത്തില്‍ സ്ത്രീപൂജാരി എന്നത് ഒരു അല്‍ഭുത പ്രവൃത്തിയല്ല എന്നോര്‍ക്കണം. രാഷ്ട്രീയത്തിന്മേലും സംസ്‌കാരത്തിന്മേലുമുള്ള ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള വലിയ ശക്തിസ്രോതസ്സാണ് ഇന്ന് ഡി.എം.കെയും സ്റ്റാലിന്‍ നയിക്കുന്ന സര്‍ക്കാറും.
സ്റ്റീന്‍ ജോര്‍ജ്
ചെന്നൈ
കരുണാനിധിയുടെ തുടര്‍ച്ചയല്ലാത്ത സ്റ്റാലിന്‍
സ്റ്റാലിനെക്കുറിച്ചുള്ള വെബ്‌സീന്‍ ലേഖനത്തില്‍ (പാക്കറ്റ് 38) എന്‍. സുകുമാരന്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്: "സ്റ്റാലിന്‍ എതിരിട്ട് ജയിച്ചത് വിപ്ലവത്തെയല്ല; ജനങ്ങള്‍ വോട്ടുചെയ്ത തെരഞ്ഞെടുപ്പിനെയാണ്. ഇതിന്റെ ഫലമായി അടിമുടി മാറ്റങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങളെ പുതുക്കിയെടുക്കാന്‍ സാധിക്കും. അതുതന്നെയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതും. പരിഷ്‌കാരങ്ങളിലൂടെ ജനാധിപത്യപരമായ ആശയസംവാദങ്ങള്‍ സംഭവിച്ച് അത് ജനങ്ങളുടെ ഉന്നമനത്തിന് വഴിയൊരുക്കും എന്ന വിശ്വാസം.'
ഇത് അക്ഷരം പ്രതി ശരിയാണ്. പൂര്‍ണമായും കറ പുരളാത്ത ഒരു പാര്‍ട്ടിയോ നേതാവോ അല്ല ഡി.എം.കെയും സ്റ്റാലിനും. തമിഴ്‌നാട് രാഷ്ട്രീയത്തിന് അന്യമായിരുന്ന ബി.ജെ.പിക്ക് പരവതാനി വിരിച്ചുകൊടുത്ത പാര്‍ട്ടിയാണിത്. അധികാരത്തിനുവേണ്ടി കരുണാനിധിയും മകന്‍ സ്റ്റാലിനും പലതരം കളികളും കളിച്ചിട്ടുണ്ട്. സ്വേച്ഛാധിപത്യപരമായി തന്നെയാണ് കരുണാനിധി മരണം വരെയും പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കിവച്ചത്. എന്നാല്‍, മുഖ്യമന്ത്രിയായ സ്റ്റാലിന്‍ തന്റെ പിതാവിന്റെ പോലും കാലടികളല്ല പിന്തുടരുന്നത് എന്നത് ഇതുവരെയുള്ള നടപടികളില്‍ നിന്ന് വ്യക്തമാണ്.

ഒരു വിപ്ലവകാരിയായി ചമയാനല്ല, ജനാധിപത്യത്തിന്റെ സമ്മതി ഉപയോഗിച്ച് പുരോഗമനപരമായ പരിഷ്‌കരണങ്ങളിലൂടെ മുന്നോട്ടുപോകാനാണ് അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസവും ദൈവവുമായിരുന്നു ബി.ജെ.പിയുടെ തുരുപ്പുചീട്ട്. അയോധ്യയിലെ രാമനെപ്പോലെ തമിഴ്‌നാട്ടില്‍ മുരുകനെയാണ് അവര്‍ ഉപയോഗിച്ചത്. എന്നാല്‍, അധികാരമേറ്റശേഷം, സ്റ്റാലിന്‍ വിശ്വാസത്തെ യുക്തിസഹമാക്കാനുള്ള നടപടികളിലേക്കാണ് തിരിഞ്ഞത്.
സ്ത്രീ പൂജാരിമാരെ നിയമിക്കാനും തമിഴില്‍ പൂജ ചെയ്യാനുമൊക്കെയുള്ള തീരുമാനങ്ങള്‍ ഉദാഹരണം. തന്തൈ പെരിയോറിന്റെ ബ്രാഹ്മണവിരുദ്ധമായ പ്രത്യയശാസ്ത്രവും "ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴിക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തിയ ദ്രവീഡിയന്‍ ദേശീയതാവാദവും ആധുനിക ജനാധിപത്യത്തിന്റെ ഭൂമികയില്‍ എങ്ങനെ പ്രയോഗിക്കാം എന്ന ഒരു പരീക്ഷണത്തിലാണ് സ്റ്റാലിന്‍ എന്നുതോന്നുന്നു. അതുകൊണ്ടുതന്നെ, കരുണാനിധിയുടെയോ എം.ജി.ആറിന്റെയോ ഒന്നും തുടര്‍ച്ചയല്ല ഇന്നത്തെ സര്‍ക്കാറില്‍ കാണാന്‍ കഴിയുന്നത്. അത്, ബഹുസ്വരമായ ഒരു ജനാധിപത്യ സംസ്‌കാരത്തിന്റെ അര്‍ഥവത്തായ തുടര്‍ച്ചയാണ്.
കെ.വി. യാക്കൂബ്
എ.ടി.ടി. കോളനി, കോയമ്പത്തൂര്‍
നായ നായകനാകുന്ന മലയാള സിനിമ
നായയുടെ ആത്മാവും നായകന്റെ ശരീരവും എന്ന പഠനം (പാക്കറ്റ് 38) സവിശേഷമായ ഒന്നായിരുന്നു. നായാട്ട്, കള, ജോജി, ആര്‍ക്കറിയാം എന്നീ സിനിമകളെക്കുറിച്ച് നിരവധി വിശകലനങ്ങള്‍- ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലുള്ളവ- ഇതിനകം വന്നുകഴിഞ്ഞു. എന്നാല്‍, ഡോ. രാകേഷ് ചെറുകോട്, നായ എന്ന പ്രതീകത്തെ മുന്‍നിര്‍ത്തി വേറിട്ട ഒരു രാഷ്ട്രീയ വായനയാണ് നടത്തുന്നത്.
ജാതിയും സവര്‍ണതയുമായുള്ള സംഘര്‍ഷം കൈകാര്യം ചെയ്യുന്ന തമിഴ് സിനിമകളായ മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍, വെട്രിമാരന്റെ അസുരന്‍ എന്നീ സിനിമകളില്‍ നായകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. "കള' എന്ന സിനിമയിലെ വിദേശനായ ഒരു രാഷ്ട്രീയ പരിണാമത്തിനാണ് സിനിമയില്‍ വിധേയനാകുന്നത്. ഒരിക്കല്‍ വിധേയനും അടിമയുമായിരുന്ന ബ്ലാക്കി സ്വാതന്ത്ര്യത്തിന്റെ പ്രകാശത്തിലേക്ക് നടന്നുകയറുകയാണ്. നായാടിയുടെ മകന്റെ നായ അയാളെപ്പോലൊരു ഐഡന്റിറ്റിയാണ്, ബ്ലാക്കി തന്റെ യജമാനനെപ്പോലെ ഒരു ആധിപത്യ ചിഹ്‌നമാണ്. "കള' എന്ന സിനിമയിലെ നായയുടെ സീനുകളെല്ലാം നിരവധി വ്യംഗ്യങ്ങളുള്ളവയാണ്.

ഇതുവരെയുള്ള മലയാള സിനിമകളില്‍ നായകളെ വെറും നായകളായത്തന്നെയാണ് കാണിച്ചിരുന്നത്. നായകനൊപ്പം ഓടുകയും ചാടുകയും കോമാളിത്തം കാണിക്കുകയും ചെയ്യുന്ന ട്രെയിന്‍ഡ് ആനിമല്‍സ് എന്ന നിലയ്ക്ക്. പുതിയ സിനിമകള്‍, മനുഷ്യരുടെ ഐഡന്റിറ്റികളിലേക്ക് അവയെ ചേര്‍ത്തുവെക്കുന്നു. അങ്ങനെ സ്ഥാപിക്കപ്പെട്ട ചെല്ലുകളില്‍നിന്നും വിശേഷണങ്ങളില്‍നിന്നും അവ കുതറിമാറി, കഥാപാത്രങ്ങള്‍ തന്നെയാകുന്നു.
വിജീഷ് എൻ. നാഥ്
നെന്മാറ, പാലക്കാട്
ബോംബെയുടെ അറിയപ്പെടാത്ത കഥ
കെ.സി. ജോസ് എഴുതിയ ബോംബെയുടെ കഥ ഹൃദ്യമായ ഒരനുഭവമായിരുന്നു, ഒപ്പം, ബോംബെയെക്കുറിച്ച് അറിയാത്ത നിരവധി കാര്യങ്ങള്‍ അത് വെളിച്ചത്തുകൊണ്ടുവന്നു. ഏറെ വര്‍ഷമായി മുംബൈ നഗരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എനിക്കുപോലും ഈ ലേഖനത്തിലെ പല കാര്യങ്ങളും പുതിയ അറിവുകളായിരുന്നു. ഏറ്റവും കൗതുകകരമായി തോന്നിയത്, നഗരത്തിന്റെ സാമൂഹിക ഘടനയില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സംഭവിച്ച മാറ്റങ്ങളാണ്.
കോളികള്‍ എന്ന തദ്ദേശീയ സമൂഹത്തിനുമേല്‍ ഓരോരോ കാലത്തും വന്നുപതിച്ച അനവധി സമൂഹങ്ങള്‍ എങ്ങനെയാണ് ആധിപത്യം പുലര്‍ത്തുകയും ബോബെയുടെ തന്നെ സോഷ്യല്‍ ഫാബ്രിക്കിനെ മാറ്റിത്തീര്‍ത്തത് എന്നും ജോസ് ലളിതമായി വിവരിക്കുന്നു.

കോളികളും തമിഴ്‌നാട്ടുകാരുമായുള്ള സംഘര്‍ഷത്തിന്റെ തുടക്കം ഈ ലേഖനത്തില്‍ പറയുന്നുണ്ട്. വാറ്റുചാരായ കച്ചവടത്തില്‍ വരദരാജമുതലിയാര്‍ നേടിയ മേല്‍ക്കെ ഇരുവിഭാഗങ്ങളെ സമര്‍ഥമായി അകറ്റി. അത് പിന്നീട് വംശീയവും പ്രാദേശികവുമായ ചേരിതിരിവുകളിലേക്ക് തിരിയുന്നു. തമിഴരെ മാത്രമല്ല, കര്‍ണാടകക്കാരെയും മലയാളികളെയുമെല്ലാം അത് ശത്രുപക്ഷത്ത് നിര്‍ത്തി. എളുപ്പം കത്തിപ്പടരുന്ന പ്രാദേശിക വാദത്തിന്റെ ചിറകില്‍ ശിവസേന എന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ടാകുന്നു. ബോംബെയിലെ ദക്ഷിണേന്ത്യക്കാര്‍ മഹാരാഷ്ട്രക്കാരുടെ തൊഴിലും സമ്പത്തും കൊള്ളയടിക്കുന്നു എന്നായിരുന്നു ബാല്‍ താക്കറേയുടെ ആരോപണം. വര്‍ഗീയതയായിരുന്നു അതിന്റെ അടിസ്ഥാനം. മാത്രമല്ല, തൊഴിലാളി വിരുദ്ധം കൂടിയായിരുന്നതിനാല്‍ ശിവസേനക്ക് എക്കാലവും വന്‍കിട മുതലാളിവര്‍ഗത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു.
മുതലാളിത്തത്തിന്റെയും വര്‍ഗീയതയുടെയും നല്ലൊരു ചേരുവയാണ് മുംബൈയെ ഏറെക്കാലം നിയന്ത്രിച്ചത്. അംബേദ്കറിസത്തിന്റെയും ദലിത്പക്ഷ ചിന്തയുടെയുമെല്ലാം മണ്ണിലാണ് ഇത്തരം വംശീയത തകര്‍ത്താടിയത് എന്നും ഓര്‍ക്കാം.
എന്നാല്‍, അവിടുത്തെ തദ്ദേശീയ ജനതയെ ആട്ടിപ്പുറത്താക്കുന്നത് കോര്‍പറേറ്റിസമാണ്. മണ്ണും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് കോളി ജനത ഒരു ഭീഷണിയേയല്ല. അധികം താമസിയാതെ മുക്കുവഗ്രാമങ്ങളില്ലാത്ത ഒരു പ്രദേശമായി ഇന്നത്തെ മുംബൈ മാറും.
കെ.ടി. ഇസ്മായില്‍
ദാദര്‍, മുംബൈ
ബോംബെയിലെ ഓരോ മനുഷ്യനും ഓരോ കഥ
ഓരോ മനുഷ്യനും ഓരോ കഥകളാണ് എന്ന് തെളിയിക്കുന്നു കെ.സി. ജോസ് എഴുതിയ ബോംബെയുടെ കഥ. അവിടുത്തെ അടിസ്ഥാന മനുഷ്യരുടെ ജീവിതത്തിലൂടെ ബോംബെയുടെ കഥ പറയുകയാണ് അദ്ദേഹം.
പല നാടുകളില്‍നിന്ന് സ്ഥിരവാസമാക്കിയവരുടെ ഈ നാട് യഥാര്‍ഥത്തില്‍ ആരുടേതായിരുന്നു എന്ന അന്വേഷണമാണ് അദ്ദേഹം നടത്തുന്നത്. ഡ്രൈവറായിരുന്ന സുശീല്‍ ബാരാവി, മെഹര്‍, സില്‍വസ്റ്റര്‍ ഡിസൂസ, മുരുകേശന്‍, ശ്രീധര്‍ പൂജാരി തുടങ്ങി പലതരം മനുഷ്യര്‍ ഒരു പ്രദേശത്തെ അനുഭവിച്ചത് പറയുമ്പോള്‍, ബോംബെയുടെ സാമൂഹികശാസ്ത്രമാണ് വായനക്കാര്‍ക്കുമുന്നില്‍ തെളിഞ്ഞുവരുന്നത്.

സമാനമായ ഒരു ശ്രമം വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ടത് ഓര്‍ക്കുന്നു. "ഹ്യുമന്‍സ് ഓഫ് ബോംബെ' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ കരിഷ്മ മേത്ത എന്ന സ്ത്രീ ബോംബെക്കഥകള്‍ അവതരിപ്പിച്ചിരുന്നു. നഗരത്തിന്റെ ഭാഗമായി ജീവിക്കുന്ന നിരവധി പേരെയാണ് കരിഷ്മ ഈ പേജിലൂടെ പരിചയപ്പെടുത്തിയത്. അത് പക്ഷെ, നാഗരികമായ ഒരു ജീവിതപാശ്ചാത്തലത്തിലൂടെയാണ് സഞ്ചരിച്ചത്. എന്നാല്‍, കെ.സി. ജോസിന്റെ യാത്ര ബോംബെയുടെ ഗ്രാമങ്ങളിലൂടെയൂം അടിസ്ഥാന ജനതകളിലൂടെയുമാണ് എന്നതാണ് വ്യത്യാസം.
സ്മിത ഗോപന്‍
അംബര്‍നാഥ്, മഹാരാഷ്ട്ര
മാര്‍കേസിന്റെ അന്ത്യനിമിഷങ്ങള്‍
ഗബ്രിയേല്‍ മാര്‍കേസിന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ച് മകന്‍ റോഡ്രിഗോ മാര്‍കേസ് എഴുതിയ "A Farewell to Gabo and Mercedes - A Son's Memoir of Gabriel Garcia Marquez and Mercedes Barcha' എന്ന പുസ്തകത്തിന്റെ റിവ്യൂ മലയാളത്തില്‍ ആദ്യമായാണ് വായിക്കുന്നത്. (പാക്കറ്റ് 38). മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന മാര്‍കേസിന്റെ അറിയപ്പെടാത്ത വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം കൂടിയാണിത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറത്തുപറയരുത് എന്ന് മാര്‍കേസ് വീട്ടുകാരോട് പറഞ്ഞിരുന്നതായി എന്‍.ഇ. സുധീര്‍ സൂചിപ്പിക്കുന്നുണ്ട്.

മാര്‍കേസിന്റെ ഭാര്യ മേഴ്‌സിഡസും "നമ്മള്‍ പബ്ലിക് ഫിഗറുകളല്ല' എന്ന് മക്കളെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. "എല്ലാവര്‍ക്കും മൂന്നുതരം ജീവിതങ്ങളുണ്ട്; പബ്ലിക്, പ്രൈവറ്റ്, സീക്രട്ട്' എന്ന മാര്‍കേസും പറഞ്ഞിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ക്കുള്ളിലാകണം റോഡ്രിഗോ അടക്കമുള്ള മക്കള്‍ വളര്‍ന്നുവലുതായത്. ജീവിച്ചിരുന്ന കാലത്ത് ലോകത്തെ ഏറ്റവും വില പിടിച്ച, ഏറ്റവും പ്രശസ്തനായ എഴുത്തുകാരനായിട്ടും മാര്‍കേസ് വിവാദപുരുഷനായി മാറാതിരുന്നത് ഈ ചിട്ടകള്‍ മൂലമായിരിക്കാം.
ഓര്‍മയാണ് എന്റെ ടൂളും എന്റെ അസംസ്‌കൃത വസ്തുവും എന്ന് പ്രഖ്യാപിച്ച ആ എഴുത്തുകാരന്‍ അവസാന കാലത്ത് ഓര്‍മകള്‍ നഷ്ടപ്പെട്ടവനായി മാറി. അദ്ദേഹത്തിന് എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ മറ്റൊരു ജീവിതമാണ് യഥാര്‍ഥത്തില്‍ മകന്‍ എഴുതുന്നത്.
ജെന്നിഫര്‍ കെ. മാര്‍ട്ടിന്‍
കെന്റക്കി, യു.എസ്.എ.
അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത് സാമ്രാജ്യത്വം
പലായനങ്ങളുടെ സംഭ്രമജനകമായ പുതിയ കാഴ്ചകള്‍ക്കിടയിലാണ് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ "പുറപ്പെട്ടുപോകുന്നയിടങ്ങള്‍, ചിതറിത്തെറിക്കുന്ന ജീവിതങ്ങള്‍' എന്ന ലേഖനം വായിച്ചത് (പാക്കറ്റ് 38). പലായനത്തിന്റെ ചരിത്രവഴികളിലൂടെയാണ് ലേഖകന്‍ സഞ്ചരിക്കുന്നത്. എന്നാല്‍, അതിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ നമ്മെ തുറിച്ചുനോക്കുന്നത്. പഴയ കാലത്തെ പലായനങ്ങളുടെ ചരിത്രം ഇപ്പോള്‍ വിദ്വേഷത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ചരിത്രമായി മാറിയിരിക്കുന്നു. അതുവഴി പലായനങ്ങള്‍ കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പുനരാഗമനത്തോടെ ആയിരങ്ങളാണ് പാക്കിസ്ഥാനിലേക്കും മറ്റും ഓടിപ്പോകുന്നത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. ഇറാനിലൂടെ നിരവധി അഫ്ഗാനികള്‍ തുര്‍ക്കിയിലേക്കടക്കം പോകുന്നു. ബ്രിട്ടനും ചിലിയും അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്ന് പറയുന്നു. മതഭീകരതയുടെ പ്രത്യയശാസ്ത്രം, അതേ മതത്തില്‍ വിശ്വസിക്കുന്നവരെ എങ്ങനെ അഭയാര്‍ഥികളാക്കി മാറ്റുന്നു എന്ന് അഫ്ഗാന്‍ നമ്മളെ പഠിപ്പിക്കുന്നു. ഈ മതഭീകരതയെ ചികഞ്ഞുനോക്കിയാല്‍ അതിനകത്ത്, ഇസ്‌ലാം ഫണ്ടമെന്റലിസത്തെയും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയും പണവും ആയുധവും നല്‍കി പോഷിപ്പിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തെ കാണാന്‍ കഴിയും.
സൗദി അറേബ്യയിലെ വഹാബി വിഭാഗം, ഈജിപ്തിലെ ബ്രദര്‍ഹുഡ് തുടങ്ങിയ ശക്തികള്‍ അരങ്ങത്തുവരുന്നത് അങ്ങനെയാണ്. ശരിക്കുപറഞ്ഞാല്‍, സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളാണ് ഓരോ സമയത്തും ഓരോ പ്രദേശത്തും അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത് എന്നത് വ്യക്തമാണ്. ഇപ്പോള്‍ നമുക്കുമുന്നിലുള്ള അഫ്ഗാനിസ്ഥാന്റെ ചരിത്രവും അതില്‍നിന്ന് വ്യത്യസ്തമല്ല.
കെ.എം.റിയാസ്
പെരിന്തല്‍മണ്ണ, മലപ്പുറം
'തൈമൂര്‍' എന്ന പോരുപെണ്ണ്
സായ്‌റ എഴുതിയ തൈമൂര്‍ എന്ന കഥ (പാക്കറ്റ് 38) അടുത്തകാലത്ത് വായിച്ച കഥകളില്‍ ഏറ്റവും മികച്ച ഒന്നാണ്. തികഞ്ഞ ഒതുക്കമുള്ള ഭാഷ. പ്രമേയം കോഴിപ്പോരായിട്ടും ഒട്ടും രക്തം ചിന്താത്ത അന്തരീക്ഷം. ഒരു സ്ത്രീയെ അവളുടെ സകല കരുത്തോടെയും സ്വഭാവികമായി ആവിഷ്‌കരിക്കുന്ന ഇത്തരമൊരു കഥ മലയാളത്തില്‍ അപൂര്‍വമാണ്.
വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്ന പെണ്ണിന് വിശ്വസിച്ച പുരുഷന്റെ താങ്ങ് കിട്ടുന്നില്ല. അവള്‍ക്കുമുന്നില്‍ ആദ്യം ഭയം വിടര്‍ത്തിയ പോരുകോഴികള്‍ ഒടുവില്‍ അവളുടെ അഭയമായി മാറുന്നു. തനിക്കുവേണ്ടി അവള്‍ വളര്‍ത്തുന്ന പോരുകോഴിയാണ് തൈമൂര്‍. തഴച്ചുവളര്‍ന്ന അങ്കവാലുമായി ശൗര്യത്തോടെ അവനെ വളര്‍ത്തുകയാണ് ചിത്ര. പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ചതിന് ജയിലിടക്കപ്പെട്ട ഭര്‍ത്താവ് തെളിവില്ലാതെ പുറത്തുവരുമ്പോള്‍, അയാള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ചോദിക്കാന്‍ തീരുമാനിച്ച ഒരു ചോദ്യം അവളുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഒരു പോരുകോഴിയെപ്പോലെ അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി തളര്‍ന്നുകിടന്നുറങ്ങുന്ന അയാള്‍ക്കരികിലേക്ക് അവള്‍ തന്റെ തൈമൂറിനെ പറത്തിവിടുന്നു.

വെട്ടിയൊതുക്കിയ നഖവുമായി, കാലില്‍ കത്തി വെച്ചുകെട്ടി, ചിറകുകള്‍ക്കിടയില്‍ മുളകുപൊടി തേച്ചുപിടിപ്പിച്ച് അവനെ അവള്‍ അയാളുടെ മേല്‍ പറത്തിവിടുന്നു. തൈമൂറും മനുഷ്യനുമായുള്ള ഒരങ്കം തുടങ്ങുന്നു.
കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാലും നിസ്സഹായയാകാന്‍ വിസമ്മതിക്കുന്ന സ്ത്രീയാണിതിലെ നായിക. ഒരു പോരുകോഴിയെപ്പോലെ അവള്‍ കുതറുന്നു, കത്തിവെച്ചുകെട്ടിയ കാലുകൊണ്ട് അക്രമിയെ മാന്തുന്നു, ആ മുറിവില്‍ സ്വന്തം ചിറകില്‍ തേച്ചുപിടിപ്പിച്ച മുളകുപൊടി തേയ്ക്കുന്നു, അങ്ങനെ അവള്‍ സ്വന്തം ജീവിതത്തെ വീണ്ടെടുക്കുന്നു. മലയാളത്തിലെ ഉജ്വലമായ ഒരു സ്ത്രീപക്ഷ കഥ.
തുളസി പ്രകാശ്
തളിക്കുളം, തൃശൂര്‍
"തൈമൂര്‍' ഞെട്ടിപ്പിക്കുന്ന കഥാനുഭവം
മുദ്രാവാക്യമില്ല, കൃത്രിമത്വം നിറഞ്ഞ ഒരു വാചകമില്ല, ഒരു സ്തീജീവിതത്തിന്റെ നൈസര്‍ഗികതയൊന്നാകെ ആവാഹിച്ച കഥാശരീരം. സ്വന്തം ജീവിനെ ചവുട്ടമെതിച്ച പുരുഷനെ, കഴിയാവുന്നിടത്തോളം ക്രൂരമായി ഹിംസയ്ക്കിരയാക്കുമ്പോഴും ഒരു കോഴിപ്പോര് കാണും പോലെ സന്തോഷവതിയായി ജീവിതത്തെ ആശ്ലേഷിക്കുന്ന സ്ത്രീ. അപൂര്‍വമായൊരു പ്രമേയവും അതിനൊത്ത നരേഷനുമായി സായ്‌റയുടെ "തൈമൂര്‍' എന്ന കഥ (പാക്കറ്റ് 38) ഞെട്ടിപ്പിക്കുന്ന കഥാനുഭവമായി മാറി.
മലയാള കഥയിലെ പുതിയ എഴുത്തിന്റെ എണ്ണം പറഞ്ഞ ഒരു ഉദാഹരണം കൂടിയാണ് ഈ കഥ. അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ പക്ഷത്തുനിന്ന് ജീവിതത്തെ ആവിഷ്‌കരിക്കാനുള്ള ശ്രമം പുതിയ കഥാകൃത്തുക്കള്‍ നടത്തുന്നുണ്ട്. നിസ്സഹായതയുടെയോ ദുര്‍ബലതയുടെയോ നിലവിളികള്‍ നമുക്ക് ആ കഥകളില്‍ കേള്‍ക്കാന്‍ കഴിയില്ല. പകരം, സംഘര്‍ഷങ്ങളെ മനുഷ്യസാധ്യമായ അസാധാരണത്വത്തോടെയാണ് പുതിയ കഥകളുടെ പ്രമേയം കൈകാര്യം ചെയ്യുന്നത്. ഉദാഹരണത്തിന് ഫ്രാന്‍സിസ് നൊറോണയുടെ "തൊട്ടപ്പന്‍' എന്ന കഥയിലെ മോഷ്ടാവും "കടവരാലി'ലെ സെയില്‍സ് ഗേളും "കക്കുകളി'യിലെ കന്യാസ്ത്രീയാകാന്‍ പോയി, മഠത്തിലെ ഇരുട്ടിനെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന പെണ്‍കുട്ടിയും ഈ അസാധാരണത്വം പേറുന്നവരാണ്.

യമയുടെ കഥകള്‍ മറ്റൊരു ഉദാഹരണം. ശരീരത്തെയും സ്വത്വത്തെയും പെണ്‍ലോകങ്ങളെയും യമ ചടുലമായ ആവിഷ്‌കാരങ്ങളുടെ പ്രമേയമാക്കുന്നു. പുതിയ കഥയിലെ ഇത്തരം സ്ത്രീപക്ഷ രചനകളോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് "തൈമൂര്‍'. പുരുഷനെ വ്യക്തിയെന്ന നിലയ്ക്കും സ്വത്വമെന്ന നിലയ്ക്കും മറുപക്ഷത്തുനിര്‍ത്തുന്ന ആഖ്യാനങ്ങളാണ് മുമ്പ് സ്ത്രീപക്ഷ രചനകളുടെ പേരില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന്, ആണധികാരം എന്നത് സാമൂഹികവും രാഷ്ട്രീയവുമായ അധീശാവസ്ഥയാണ് എന്ന് പുതിയ കഥാകൃത്തുക്കള്‍ തിരിച്ചറിയുന്നു. കുടുംബം, ലൈംഗികത, സദാചാര സങ്കല്‍പങ്ങള്‍, മതം, ലിംഗ രാഷ്ട്രീയം തുടങ്ങിയ നിരവധി വിഷയങ്ങളെ പ്രശ്‌നാധിഷ്ഠിതമായി സമീപിക്കുമ്പോള്‍ മാത്രമേ ശരിയായ സ്ത്രീപക്ഷത്തേക്ക് പ്രമേയം വികസിക്കുകയുള്ളൂ എന്ന രാഷ്ട്രീയബോധ്യമാണ് ‘തൈമൂറി'നെപ്പോലുള്ള കഥകളെ സൃഷ്ടിക്കുന്നത്.
ഷില്‍ജ ശങ്കര്‍
കാക്കനാട്, എറണാകുളും
സുകുമാരന്‍ അശോകനെ വായിക്കുമ്പോള്‍
ഗോത്രത്തിന്റെയും കാടിന്റെയും സാഹോദര്യം ഏറ്റുവാങ്ങുന്ന രണ്ടു കവികള്‍ ഒരൊറ്റ കവി വായനയില്‍ പ്രത്യക്ഷപ്പെട്ടത് ഹൃദ്യമായി (കാടുടുത്തവന്റെ കവിതക്കറ, പാക്കറ്റ് 38). അശോകന്‍ മറയൂരും സുകുമാരന്‍ ചാലിഗദ്ദയും മലയാള കവിതയുടെ വേറിട്ട വരികളാണ്. അവരില്‍ ഒരാള്‍ മറ്റൊരാളുടെ കവിത വായിക്കുക എന്നാല്‍, സ്വന്തം കവിതയുടെ വായന തന്നെയാണ്. സുകുമാരന്‍ അത് വെളിപ്പെടുത്തുകയും ചെയ്യുന്നു: "അശോകന്റെ കവിതകളെ കുറിച്ച് ഒരുപാട് തവണ പലയാള്‍ക്കാരും പലതരം വായനകള്‍ നടത്തിട്ടുണ്ട്. ഞാനതിലേക്ക് നേരിട്ട് കടന്നുചെന്നിട്ടുണ്ട്?, എന്നിട്ട് ആ മറയൂര്‍ക്കാടിലെ നീലക്കുറിഞ്ഞികള്‍ക്കിടയിലൂടെ നടന്നിട്ടുണ്ട്. ആ നടത്തത്തിലെനിക്ക് കാടുടുത്ത കവിയുടെ കവിതകളുടെ വരികള്‍ സമ്മാനമായി ലഭിച്ചു.' ഒരേ പ്രകൃതിയും ഒരേ മണ്ണും ഒരേ ഭാഷയും പങ്കിടുന്നവരുടെ കവിതയിലും കാണാം ഈ സാഹോദര്യം.

സുകുമാരന്‍ ഇങ്ങനെ എഴുതുന്നു: ""ധ്യാനത്തിലിരുന്ന കാടിനകത്ത് / നടന്നതിനാണോ /
ചിരിച്ചതിനാണോ / ഈ ആകാശം വഴക്കിട്ടത്.''
അശോകന്‍ മറയൂരിന്റെ വരികള്‍ ഇങ്ങനെ: ""ആരാരോ കേള്‍ക്കെ കുയില്‍പോലെയൊച്ചയിട്ട് /
കൂടെയുള്ളയെല്ലാരും കേള്‍ക്കെ / മനസ്സിന് പിടിച്ച കാറ്റിന് മരുതാളമിട്ട് / എല്ലാരും ചിരിക്കെ ഇത്തിരിനേരം / കോപത്തോടെ ഞാന്‍ നടന്നു തീര്‍ക്കും കാടിത്.''
ഗോത്ര സ്ത്രീകളുടെ നന്മ നിറഞ്ഞ മുഖങ്ങളാണ് അശോകന്റെ കവിതകളുടെ തലക്കെട്ട്, അവിടെയാണ് സൗന്ദര്യമുള്ള കാടും കവിതയും പറയുന്നത് എന്ന് എഴുതുന്ന സുകുമാരന്‍ കവിതയില്‍ ഇങ്ങനെ എഴുതുന്നു: ""ഒരു പെണ്ണ് / മരത്തിന്റെ മണ്ടയിലിരുന്നാണ് / മുടി അഴിച്ചു വിതറുന്നത്. / അവളുടെ മുടിയില്‍ / നിന്നൂര്‍ന്നു വീഴുന്ന / പൂക്കളെ ചുംബിക്കാന്‍ / ഞാനതിന്റെ
ചോട്ടില്‍ ചെന്നിരിക്കും...''.
നമ്മുടെ കാലത്തെ ഏറ്റവും പ്രസക്തരായ രണ്ടു കവികളെക്കുറിച്ചുള്ള ആഴമേറിയ വായനക്ക് വെബ്‌സീനിന് നന്ദി.
സി.വി. പ്രകാശന്‍,
മാനന്തവാടി, വയനാട്
നാടക കാമ്പസിലെ സുന്ദരികളും സുന്ദരന്മാരും
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ ശ്രീജിത്ത് രമണന്‍ എഴുതിയ ക്ലാസ് റൂം ഓര്‍മകളിലെ ചില കാര്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നവയാണ്. ഉന്നത കലാപഠന സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ജാതിയും വംശവും നിറവുമെല്ലാം നോക്കി അവരെ അരികിലേക്ക് മാറ്റിനിര്‍ത്തുന്ന സാഹചര്യം ഇന്നും തുടരുന്നുണ്ട് എന്നത് സത്യമാണ്. "സുന്ദരീസുന്ദരന്മാരായ' വിദ്യാര്‍ഥികളെ വെച്ച് നാടകം ചെയ്യുകയും കോറസിന് "നിറവും സൗന്ദര്യവും ഇല്ലാത്ത' വിദ്യാര്‍ഥികളെ ഉപയോഗിക്കുകയും അവരെ അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുന്ന കലാ അധ്യാപകര്‍, എന്തുതരം നാടകമാണ് സമൂഹത്തിന് നല്‍കാന്‍ പോകുന്നത്?

മാറ്റിനിര്‍ത്തപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ആവിഷ്‌കാരത്തിന് അനുയോജ്യമായ ഒരു വേദി ലഭിച്ചപ്പോള്‍ അവര്‍ അതിനെ എന്തുമാത്രം ക്രിയേറ്റീവായാണ് ഉപയോഗപ്പെടുത്തിയത് എന്നും ശ്രീജിത്ത് രമണന്‍ വിശദീകരിക്കുന്നുണ്ട്. ഈ വിദ്യാര്‍ഥികളുടെ ഗ്രൂപ്പിലൂടെ എന്തൊക്കെ പരീക്ഷണങ്ങളാണ് സാധ്യമായത് എന്ന് അല്‍ഭുതത്തോടെയാണ് വായിച്ചുതീര്‍ത്തത്. നാട്ടിന്‍പുറത്തെ സൈക്കിള്‍ യജ്ഞം മുതല്‍ റോഡരികിലെ സാഹസിക കൃത്യങ്ങള്‍ വരെയുള്ളവയുടെ സാധ്യതകള്‍ ഇവരിലൂടെ പരീക്ഷിക്കുന്നു.
തങ്ങളുടെ ശരീരത്തിനും സ്വത്വത്തിനും ചേര്‍ന്ന സ്വഭാവികമായ ഒരു അരങ്ങില്‍ അവര്‍ ആവേശകരമായ ഒരു നാടകം രൂപപ്പെടുത്തുന്നു. ഈ വിദ്യാര്‍ഥികള്‍ ഇന്ന് കലയുടെ മേഖലയില്‍ ഉന്നത സ്ഥാനങ്ങളിലുണ്ട് എന്നുകൂടി എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ശ്രീജിത്ത് രമണന്‍ ഏറ്റെടുത്തത് എത്ര സാര്‍ഥകമായ ഒരു ദൗത്യമായിരുന്നു എന്ന് തിരിച്ചറിയുന്നു.
എം.എം.നസീര്‍
ദുബായ്
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media