Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
ഫോട്ടോ: മുഹമ്മദ് ഹനാന്‍
Text Formatted

കോവിഡ് അനുഭവങ്ങളുടെ വിലപ്പെട്ട സമാഹാരം

കോവിഡുകാലത്ത് വായിക്കാന്‍ കഴിഞ്ഞ അനുഭവങ്ങളുടെ ഒരു സമാഹാരമായിരുന്നു കഴിഞ്ഞ വെബ്‌സീന്‍ പാക്കറ്റ്. ഈ രോഗം ശാരീരികം എന്നതുപോലെ തന്നെ മാനസികവും സര്‍ഗാത്മകവും ചിന്താപരവുമൊക്കെയായ എന്തെല്ലാം ആഘാതങ്ങളാണുണ്ടാക്കുന്നതെന്ന് ഈ എഴുത്തുകളില്‍നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞു. സാമ്പത്തികമായ പ്രതിസന്ധി തുറന്നെഴുതുന്ന അഭിരാമി എസ്.ആറിന്റെ അനുഭവക്കുറിപ്പില്‍  പക്ഷേ, ഒന്നിച്ചുള്ള ഒരു വിദ്യാര്‍ഥി സഹവാസ കാലം നഷ്ടമായതിന്റെ നീറ്റലാണ് തുടിച്ചുനില്‍ക്കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാന പരിഗണനാ വിഷയമായി വരേണ്ട ഒന്നാണ്, വീട്ടില്‍ ഒറ്റക്കിരുന്ന് പഠിക്കുന്ന കുട്ടികളുടെ സംഘര്‍ഷങ്ങള്‍. അഭിരാമി എഴുതുന്നതുപോലെ, പരീക്ഷക്കും പേപ്പര്‍ പ്രസന്റേഷനും സെമിനാറിനുമൊക്കെ പലതരം കഴിവുകളുള്ള വിദ്യാര്‍ഥികള്‍ ഒന്നുചേരുന്നത് വലിയൊരു ആത്മവിശ്വാസമാണുണ്ടാക്കുക. ഇവിടെ അധ്യാപകരുടെ മാത്രമല്ല, സഹപാഠികളെ കൂടി കാണാതെ, വീട്ടിലെ ദുരിതവൃത്തങ്ങളില്‍ ഉലഞ്ഞ് മാനസികമായി തളര്‍ന്നുപോകുകയാണ് നമ്മുടെ കുട്ടികള്‍.

അഭിരാമി എസ്.ആര്‍.
അഭിരാമി എസ്.ആര്‍.

മാത്രമല്ല, ഈ രണ്ടുവര്‍ഷത്തെ പഠനാനനുഭവം എങ്ങനെയെല്ലാമാണ് നമ്മുടെ കുട്ടികളുടെ ഭാവിയില്‍ രേഖപ്പെടുത്തപ്പെടുക എന്നതും പ്രധാനമാണ്. എനിക്കുതോന്നുന്നു, ഒരുതരം ശൂന്യമായ അനുഭവമായിട്ടാകും കോവിഡ് കാല വിദ്യാഭ്യാസം അനുഭവവേദ്യമാകാന്‍ പോകുന്നത് എന്ന്. കാരണം, ശരിയായ കാഴ്ചപ്പാടില്ലാതെയാണ് കഴിഞ്ഞ വര്‍ഷം പൊടുന്നനെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കേണ്ടിവന്നത്.

യാഥാസ്ഥിതികമായ ക്ലാസ്‌റൂം പഠനത്തിന്റെ തന്നെ മറ്റൊരു തരത്തിലുള്ള വികൃതമായ അഡാപ്‌റ്റേഷനായിരുന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സംഭവിച്ചത്. പത്ത്, പന്ത്രണ്ട്, ബിരുദം എന്നിങ്ങനെ സുപ്രധാന വിദ്യാഭ്യാസ കാലങ്ങളിലൂടെ പോകേണ്ടിവന്നവരെ വൈജ്ഞാനികമായി മാത്രമല്ല, സാമൂഹികമായും വൈയക്തികമായും കൂടി ഇത് നന്നായി ബാധിക്കാനിടയുണ്ട്. ഇവരിലെ കവികളും കഥാകൃത്തുക്കളും എഴുത്തുകാരുമൊക്കെ അത്തരം ക്രിയേറ്റീവ് പ്രവര്‍ത്തനങ്ങളിലൂടെ കുറെയൊക്കെ അതിജീവിക്കും. എന്നാല്‍, അല്ലാത്തവരോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ചുറ്റും.

സി. അരവിന്ദ്
ബംഗളൂരു 


ആര്‍ദ്ര തനിക്കുതന്നെ എഴുതിയ കത്തുകള്‍

കോവിഡ് കാല അതിജീവനത്തിന്റെ വേറിട്ട വഴികള്‍ തുറന്നുകാട്ടുന്നതായിരുന്നു കഴിഞ്ഞ വെബ്‌സീന്‍ പാക്കറ്റ്. വായിച്ചും സിനിമകള്‍ കണ്ടും പാചകം ചെയ്തുമൊക്കെ പലരും ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിരുത്ത് നന്നായി ആഘോഷിച്ചത് വായിക്കുന്നതിനിടക്കാണ്, ആര്‍ദ്ര അക്ഷരിയുടെ വ്യത്യസ്തമായ അനുഭവം ഏറെ ഹൃദ്യമായി തോന്നിയത്. സ്വയം ഒരു യാത്രക്കിടയിലാണെന്ന് സങ്കല്‍പ്പിച്ച്, ഒരു മാസത്തോളം കാലം വീട്ടിലേക്ക് സ്വന്തം പേരില്‍ കത്തുകളെഴുതുക. മറ്റൊരു കാലത്തുനിന്ന്, മറ്റൊരു സാഹചര്യത്തില്‍ തന്നെത്തന്നെ വിശദീകരിക്കുന്ന കത്തുകളാണിവ എന്ന് അവര്‍ എഴുതിയ ഒരു കത്തില്‍നിന്ന് വ്യക്തമാണ്.

ആര്‍ദ്ര അക്ഷരി
ആര്‍ദ്ര അക്ഷരി

ഒരുപക്ഷേ, വിലപ്പെട്ട ഒരു മാനസിക വ്യായാമം കൂടിയായി ഇതിനെ കാണാം. ഭാവിയെക്കുറിച്ച് സ്വപ്‌നം കാണുന്ന ഒരാള്‍ എഴുതുന്ന കവിത പോലെ തോന്നി ആ കത്ത്. ഇന്നത്തെ ജീവിതത്തെ, സ്വഭാവികതയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള വഴികള്‍ തേടുന്ന ബുദ്ധിയുടെ സഞ്ചാരം. വെറും ഭാവന മാത്രമല്ല, അകത്ത് വിങ്ങിനില്‍ക്കുന്ന വാസ്തവങ്ങളുടെ തീക്ഷ്ണത ഓരോ വാക്കിലും കാണാം.

തന്നോടുതന്നെയും ലോകത്തോടും തോന്നിത്തുടങ്ങിയ നിര്‍വികാരതയെ ഇതിലും ഭംഗിയായി ഒരാള്‍ക്ക് മറികടക്കാനാകില്ല എന്നുതോന്നുന്നു ആര്‍ദ്രയുടെ അനുഭവം വായിച്ചപ്പോള്‍. കാരണം, ഒരാളെ മുന്നോട്ടേക്ക് വീണ്ടെടുക്കാനുള്ള വഴി കണ്ടെത്താന്‍ കഴിയുക ആ വ്യക്തിക്കുതന്നെയാണ്. അതില്‍ പരാജയപ്പെടാതിരിക്കാന്‍ എന്തുചെയ്യണം എന്നതാണ് ഈ കോവിഡുകാലത്ത് ഓരോ വ്യക്തിയും നേരിടുന്ന വലിയ വെല്ലുവിളി. 

അരുന്ധതി ഗോപന്‍
കളമശ്ശേരി, എറണാകുളം


ലോക്ക്ഡൗണ്‍ എന്ന മധ്യവര്‍ഗ ലീല

നൗഫല്‍ എന്‍. എഴുതിയതുപോലുള്ള (പാക്കറ്റ് 39) നിരവധി അനുഭവങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. തൃശൂര്‍ ഭാഗത്ത് ഉത്സവസീസണുകളില്‍ രാപകലില്ലാതെ നാടകങ്ങളില്‍ അഭിനയിച്ചുനടന്നിരുന്ന സുഹൃത്തുക്കളായ ചില നടന്മാരും നാടകപ്രവര്‍ത്തകരും റോഡരികില്‍ ബിരിയാണിപ്പാക്കറ്റ് വില്‍ക്കുന്ന അവസ്ഥക്ക് എനിക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ എന്നത് മധ്യവര്‍ഗത്തെ സംബന്ധിച്ച് സുരക്ഷിതമായ ഒരു അവസ്ഥയായിരുന്നു. എന്നാല്‍, വീട്ടില്‍ അങ്ങനെ സ്വസ്ഥമായിരിക്കാന്‍ കഴിയാത്ത മനുഷ്യര്‍ക്ക് മനസ്സിന്റെ മാത്രമല്ല, വയറിന്റെ കൂടി പ്രശ്‌നമായി മാറി ഇത്.

തൊഴില്‍ ചെയ്യാനുള്ള വഴികളെല്ലാം അടഞ്ഞുപോയവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെയാണ് കൈതാങ്ങ് ലഭിക്കേണ്ടത്. അല്ലാത്തവര്‍ക്ക് ഇത് ഏറെക്കുറെ ശാരീരികമായ ഒരു പ്രതിസന്ധി മാത്രമാണ്. കേരളത്തില്‍ സര്‍ക്കാര്‍ പോലും ലോക്ക്ഡൗണ്‍ എന്ന ഒറ്റമൂലിയിലേക്ക് ഒതുങ്ങിയത്, ലോക്ക്ഡൗണിനെ സുഖജീവിതമാക്കി മാറ്റാന്‍ കഴിഞ്ഞ മധ്യവര്‍ഗത്തിന്റെ സമ്മര്‍ദം മൂലമാണ്. ബസും ഓട്ടോറിക്ഷയും ഓടാതിരുന്നാലും കടകള്‍ അടഞ്ഞുകിടന്നാലും തിയറ്ററുകള്‍ പ്രവര്‍ത്തിക്കാതിരുന്നാലും ബാധിക്കുന്ന ഒരുകൂട്ടം മനുഷ്യരെ ഒരു വിദഗ്ധ സമിതിക്കും കാണാന്‍ കഴിഞ്ഞില്ല.

നൗഫല്‍ എന്‍.
നൗഫല്‍ എന്‍.

കോവിഡ് കഴിഞ്ഞാല്‍ കേരളം അടക്കമുള്ള സമൂഹങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി, സാധാരണ മനുഷ്യരുടെ തീവ്രമായ ദാരിദ്ര്യവല്‍ക്കരണമാണ്. ദൈനംദിനം ഭക്ഷണം കഴിച്ചുമാത്രം ഇന്ന് ഒരു വ്യക്തിക്കും കുടുംബത്തിനും മുന്നോട്ടുപോകാനാകില്ല. ഭാവിയിലെ സാമൂഹിക വികാസ പ്രക്രിയില്‍ ക്രിയാത്മകമായി പങ്കെടുക്കുന്നതിനുള്ള ശേഷിയാണ് അവരില്‍നിന്ന് അപഹരിക്കപ്പെടുന്നത്. പാപ്പരീകരിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനത, എല്ലാത്തരം ആശ്രിതത്വങ്ങളോടും കൂടി ജീവിക്കേണ്ടിവരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നും ആലോചിക്കേണ്ടതുണ്ട്.

നജിം ഫിറോസ്
അബുദാബി


തെയ്യം കലാകാരന്മാര്‍ പട്ടിണിയിലാകുമ്പോള്‍

കോവിഡ് അനുഭവങ്ങളുമായി ഇറങ്ങിയ 39ാം പാക്കറ്റില്‍, വി.കെ. അനില്‍കുമാര്‍ എഴുതിയ "മനുഷ്യര്‍ മാത്രമല്ല, ഇവിടെ ദൈവങ്ങളും കരയുന്നുണ്ട്' എന്ന ലേഖനം, അവഗണിക്കപ്പെട്ടുപോയ ഒരു പ്രശ്‌നത്തെ പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നു. തെയ്യം കലാകാരന്മാരുടെ കോവിഡുകാല ജീവിതം എത്ര ദുരിതപൂര്‍ണമാണെന്ന് അനില്‍കുമാര്‍ എഴുതിയത് വായിച്ചപ്പോഴാണ് തിരിച്ചറിയുന്നത്. കോവിഡുകാലത്ത് കേരളത്തില്‍ ഏറ്റവും പ്രതിസന്ധിയിലായ ഒരു വിഭാഗം കലാകാരന്മാരാണ്. നാടകം, സിനിമ, മറ്റു കലാപരിപാടികള്‍ എന്നിവയുടെ അരങ്ങിലും അണിയറയിലുമുള്ള ആയിരക്കണക്കിനുപേര്‍. ഗാനമേള, മിമിക്രി, ബാലെ കലാകാരന്മാരും ക്ഷേത്ര കലാകാരന്മാരുമെല്ലാം ഒന്നര വര്‍ഷമായി കൊടും പ്രതിസന്ധിയിലാണ്.

ഉത്സവഘോഷയാത്രകളില്‍ പന്തം പിടിക്കുന്നവര്‍, ആന പാപ്പാന്മാര്‍ അടക്കമുള്ള ആന തൊഴിലാളികള്‍ തുടങ്ങി പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരാത്ത നിരവധി വിഭാഗങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. ഇതുപോലെ, ക്ഷേത്രങ്ങളില്‍ മേളം, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത് എന്നിവ അവതരിപ്പിക്കുന്ന കലാകാരന്മാരുണ്ട്. അഞ്ചും ആറും മാസം നീളുന്ന സീസണില്‍ കിട്ടുന്ന പണം കൊണ്ടാണ് ഇവരെല്ലാവരും ഒരു വര്‍ഷം കഴിച്ചുകൂട്ടുന്നത്. ഒരു ഗാനമേള ട്രൂപ്പ് അമ്പതോളം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് എന്നറിയുമ്പോഴാണ് ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക.

പാടാര്‍കുളങ്ങര ഭഗവതി തെയ്യം
പാടാര്‍കുളങ്ങര ഭഗവതി തെയ്യം

ഇതുപോലെ ഒരു വിഭാഗമാണ് അനില്‍കുമാര്‍ സൂചിപ്പിക്കുന്ന തെയ്യം കലാകാരന്മാര്‍. അവര്‍ സാധാരണ കലാകാരന്മാരല്ല. നാടിന്റെ സാംസ്‌കാരികമായ ഈടുവെപ്പിന്റെ മുദ്രകള്‍ കൂടിയാണ്. ആ മനുഷ്യരാണ് ജീവിതത്തിനുമുന്നില്‍ ഒരു വരുമാനവുമില്ലാതെ പകച്ചുനില്‍ക്കുന്നത്. ഇതോടൊപ്പമുള്ള മറ്റൊരു പ്രതിസന്ധി കൂടി അനില്‍കുമാര്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. നാട്ടുസംസ്‌കൃതിയുടെ തിരോധാനം പലതരം സവര്‍ണ ആധിപത്യ അവതാരങ്ങളെ കാവുകളിലേക്ക് ഇറക്കുമതി ചെയ്യാനിടയാക്കും. അത് ജൈവികവും നൈസര്‍ഗികവുമായ സാംസ്‌കാരിക വിനിമയങ്ങളെ റദ്ദുചെയ്യും. ആ നിലയ്ക്ക് ഉപജീവനം മാത്രമല്ല, ഒരു ജനതയുടെ സാംസ്‌കാരികമായ അതിജീവനത്തിന്റെ കൂടി പ്രശ്‌നമാണ് കോവിഡ് മുന്നോട്ടുവെക്കുന്നത്. 

വിഷ്ണുപ്രസാദ്
കടലായി, കണ്ണൂര്‍


സൂപ്പിക്കയെപ്പോലെ ഇവിടെ നിരവധി പേരുണ്ട്

ഫീക്ക് തിരുവള്ളൂര് എഴുതിയ "അല്‍ ഹുസ്ന്‍ ആപ്പിലെ പച്ചവെളിച്ചം' എന്ന ലേഖനം (പാക്കറ്റ് 39) വായിച്ചു. വര്‍ഷങ്ങളായി ഗള്‍ഫില്‍ പണിയെടുത്ത് ജീവിക്കുന്ന ഒരാളെന്ന നിലയില്‍, സൂപ്പിക്കയെപ്പോലുള്ള നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്. ഒരുവിധത്തിലുള്ള പ്രതിഫലവും ഇല്ലാതെ, നിസ്വാര്‍ഥമായി സഹജീവികളെ സ്‌നേഹിക്കുക മാത്രമല്ല, അവര്‍ക്ക് സാധാരണ ഗതിയില്‍ അസാധ്യമായ സഹായങ്ങള്‍ പോലും ചെയ്യാന്‍ ഓടിനടക്കുന്ന എത്രയോ മലയാളികള്‍ ഗള്‍ഫിലുണ്ട്.

കോവിഡ് കാലത്ത് ഇത്തരം മനുഷ്യരുടെ കാരുണ്യം ഏറെ അനുഭവിച്ച ഒരു സമൂഹം കൂടിയാണ് പ്രവാസി മലയാളികള്‍. കാരണം, തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്ന ആയിരങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ടും എന്നാല്‍ നാട്ടിലേക്ക് വരാനാകാതെയും ഇവിടെ പെട്ടുപോയത്. ഇന്നോ നാളെയോ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലാണവര്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍, വിസ തീര്‍ന്നതോടെ നിരവധി പേര്‍ക്ക് ഇവിടെ തുടരാന്‍ കഴിയാതെ വന്നു. ഇത്തരം മനുഷ്യരെ കണ്ടെത്തി അവരെ നാട്ടിലെത്തിക്കുന്നത് കെ.എം.സി.സി. അടക്കമുള്ള പ്രവാസി സംഘടനകള്‍ വലിയ മനുഷ്യപ്രയത്‌നമാണ് വിനിയോഗിച്ചത്.

സൂപ്പിക്കയും റഫീക്ക് തിരുവള്ളൂരും
സൂപ്പിക്കയും റഫീക്ക് തിരുവള്ളൂരും

ആയിരക്കണക്കിന് മലയാളികളെയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍, ആദ്യഘട്ട ലോക്ക് ഡൗണില്‍ ഇങ്ങനെ സംഘടനകളുടെ മുന്‍കൈയില്‍ നാട്ടിലെത്തിച്ചത്. ഒരു പക്ഷെ, നാട്ടിലെത്തിയ വലിയൊരു വിഭാഗം വീണ്ടും ഗള്‍ഫിലേക്കുതന്നെ  തിരിച്ചുവരുന്നതും, ഇവിടെയുള്ള സഹാനുഭൂമതിയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ വറ്റാത്തതുകൊണ്ടായിരിക്കണം. 

സുബൈര്‍ മുഹമ്മദ്
ഷാര്‍ജ


നാടിനുവേണ്ടാത്ത പ്രവാസികള്‍

കോവിഡ് കാലത്തെ ഗള്‍ഫ് അനുഭവം (റഫീക്ക് തിരുവള്ളൂര്, പാക്കറ്റ് 39) ഹൃദയസ്പര്‍ശിയാണ്. മഹാമാരിയുടെ കാലത്ത് അന്യോന്യം ചേര്‍ത്തുനിര്‍ത്താനുള്ള മലയാളിയുടെ സന്മനസ്സ് വലിയ ഒരു കാര്യമാണ്. എന്തുപ്രതിസന്ധിയും വരട്ടെ, ഇവിടെ തന്നെ നില്‍ക്കാം എന്നു തീരുമാനിച്ച വലിയൊരു വിഭാഗം പ്രവാസികളുണ്ട്. അവരെ സംബന്ധിച്ച് സഹാനുഭൂതി നിറഞ്ഞ ഇത്തരം മനുഷ്യരുടെ സാന്നിധ്യം വലിയൊരു ആശ്വാസമാണ്. എന്നാല്‍, ഇത് എത്രകാലം നീണ്ടുനില്‍ക്കും എന്നത് ഒരു വലിയ ചോദ്യമാണ്. കാരണം, പത്തുലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍ രഹിതരായി കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയെന്നാണ് സര്‍ക്കാറിന്റെയും മറ്റും കണക്കുകള്‍ പറയുന്നത്.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍, കോവിഡുകാലത്ത് 57 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2020ല്‍ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം കൂടുതലായിരുന്നുവെന്ന് ഓര്‍ക്കണം. വരുമാനത്തിലെ വന്‍ ഇടിവ്, പ്രവാസികളുടെ  തൊഴില്‍ നഷ്ടത്തിന്റെ ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്. 

hospital-ddddddddddddddddddddd

ഇവിടെ നിര്‍മാണ മേഖല, ഹോട്ടല്‍- ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ അടിസ്ഥാനമേഖലകളില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന പതിനായിരങ്ങളാണ് കോവിഡുകാലത്ത് കേരളത്തിലേക്ക് മടങ്ങിയത്. ഇതിനകം കേരളത്തില്‍ തിരിച്ചെത്തിയ എട്ടുലക്ഷം പ്രവസികളില്‍ മൂന്നുലക്ഷത്തിനും ജോലി നഷ്ടപ്പെട്ടുവെന്ന് വാര്‍ത്തകളില്‍ കാണുന്നു. കേരളത്തിലെ ഇവരുടെ കുടുംബങ്ങള്‍ കൂടിയാണ് ഇതോടെ പട്ടിണിയിലാകുന്നത്. ഇത്ര വലിയ തിരിച്ചുവരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രായോഗികമായ ഒരു പദ്ധതിപോലും പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചിട്ടില്ല എന്നത് പ്രവാസി സമൂഹത്തോടുള്ള അവഗണനയുടെ ആഴം വ്യക്തമാക്കുന്നു.

വി. അബ്ദുല്‍ ജലീല്‍
ജിദ്ദ, സൗദി അറേബ്യ


വാക്‌സിന്‍ എടുത്തിട്ടും തീരാത്ത സന്ദേഹങ്ങള്‍

കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും വിതരണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള വലിയ ആശങ്കകള്‍ക്ക് ഉത്തരം നല്‍കുന്ന ഒന്നായിരുന്നു ഡോ. ജയകൃഷ്ണന്‍ ടി. എഴുതിയ ലേഖനം (പാക്കറ്റ് 39). കോവിഡിന്റെ തുടക്കം മുതല്‍ തന്നെ, വാക്‌സിന്‍ വിതരണത്തില്‍ സംഭവിക്കാനിടയുള്ള അനീതിയെക്കുറിച്ച് വെബ്‌സീനില്‍ നിരവധി വിശകലനങ്ങള്‍ വന്നിട്ടുണ്ട്. പ്രവചനാത്മകമായ ആ നിരീക്ഷണങ്ങള്‍, ഇപ്പോള്‍ സത്യമായിരിക്കുന്നു. ഇരുപതു കോടി മനുഷ്യരെ രോഗികളാക്കുകയും 50 ലക്ഷത്തോളം പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത ഈ മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി വാക്‌സിനാണ്. എന്നാല്‍, ഇപ്പോള്‍ ലഭ്യമായ വാക്‌സിനുകളെപ്പോലും തോല്‍പ്പിക്കുന്ന വിധത്തിലാണ് കോവിഡ് വൈറസിന്റെ പരിണാമങ്ങള്‍ എന്നത് ഭയപ്പെടുത്തുന്നു.

ഡോ. ജയകൃഷ്ണന്‍ ടി.
ഡോ. ജയകൃഷ്ണന്‍ ടി.

കേരളത്തില്‍ തന്നെ, രണ്ടു ഡോസും എടുത്ത നിരവധി പേര്‍ക്ക് രോഗം വന്നുകഴിഞ്ഞു. കോവിഷീല്‍ഡും കോവാക്‌സിനും കൊറോണ വൈറസിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് ഐ.സി.എം.ആര്‍. പറയുന്നു. ആല്‍ഫ വകഭേദത്തെ നേരിടുമ്പോള്‍ കോവാക്‌സിന്റെ പ്രതിരോധശേഷിക്ക് വലിയ കുറവ് സംഭവിക്കുന്നില്ല എന്നാണ് ഐ.സി.എം.ആറിന്റെ അവകാശവാദം. വിദഗ്ധര്‍ എന്നവകാശപ്പെടുന്ന മറ്റുചിലര്‍ സൃഷ്ടിക്കുന്ന മറ്റൊരു ആശയക്കുഴപ്പമുണ്ട്: വാക്‌സിന്‍ എടുക്കുന്നതിലൂടെ കിട്ടുന്ന രോഗപ്രതിരോധശേഷിയേക്കാള്‍ എത്രയോ മികച്ചതാണ് സ്വയം ആര്‍ജിക്കുന്ന പ്രതിരോധശേഷി എന്നാണ് ഇവര്‍ പറയുന്നത്. ആര്‍ജിത പ്രതിരോധശേഷി കൈവരിക്കാനുള്ള അവസരമാണ് അടച്ചിടല്‍ നീട്ടിയതുകൊണ്ട് കേരളത്തിന് നഷ്ടമായത് എന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. പി.കെ. ശശിധരന്‍ മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ മാത്രമേ ഗുണം ചെയ്യൂ എന്ന തെറ്റായ വഴി സ്വീകരിച്ചതാണ് കേരളത്തിന് വിനയായതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, ഈ വാദങ്ങളുടെ ശാസ്ത്രീയമായ അടിസ്ഥാനമെന്താണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. രോഗം വന്നുണ്ടാകുന്ന പ്രതിരോധശേഷിയും വാക്‌സിന്‍ മൂലമുണ്ടാകുന്ന പ്രതിരോധശേഷിയും തമ്മില്‍ എവിടെയാണ് താരതമ്യ പഠനം നടന്നത്? മാത്രമല്ല, കോവിഡ് പിടിപെട്ടവരില്‍, രോഗം മാറിയശേഷം, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. സ്വഭാവികമായ പ്രതിരോധശേഷിയുടെ വിപത്തല്ലേ ഇത് എന്ന് ന്യായമായും സംശയിക്കണം. അപ്പോള്‍, ഇന്നത്തെ നിലയ്ക്ക് വാക്‌സിന്‍ തന്നെയാണ് തുണ എന്നുവരുന്നു. അതേസമയം, വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിലയിരുത്തല്‍ വേണ്ടത്ര ഉണ്ടായിട്ടുണ്ടോ എന്നും സംശയമുണ്ട്.

ഒരുതരത്തിലുമുള്ള ശാസ്ത്രീയ പഠനങ്ങള്‍ കൂടാതെയും, വാക്‌സിനുകളുടെ തെറ്റായ പ്രയോഗത്തിന് ഇപ്പോഴും സമ്മര്‍ദമേറെയുണ്ട്. അതിന് ഒരു ഉദാഹരണമാണ്, ഈയിടെ ഐ.സി.എം.ആര്‍ മുന്നോട്ടുവച്ച വാക്‌സിന്‍ മിക്‌സിംഗ് രീതി. കോവീഷീല്‍ഡിനൊപ്പം കോവാക്‌സിന്‍ കൂടി കൊടുക്കാം എന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞത്. എന്നാല്‍, ഇതിന് ആധാരമായതോ, ഏതാനും പേരില്‍ മാത്രം നടത്തിയ നിരീക്ഷണവും. ഇത്തരം വികലമായ നീക്കങ്ങള്‍ വാക്‌സിന്‍ വിരുദ്ധതക്ക് വലിയ വളം നല്‍കുന്നതാണ്. ഡോ. ജയകൃഷ്ണന്‍ ചൂണ്ടിക്കാണിച്ച മറ്റൊരു ഭീഷണി- ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ ഇപ്പോള്‍ ഇന്ത്യയിലും മൂന്നാം ഡോസിന് ആവശ്യമുന്നയിക്കുന്നു- ഇപ്പോള്‍ ഒഴിവായിട്ടുണ്ടെങ്കിലും ഇത് തിരിച്ചുവന്നുകൂടെന്നില്ല. കാരണം, വാക്‌സിന്‍ വിതരണത്തിലെ അസമത്വം ഏറ്റവും പ്രകടമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വാക്‌സിനെ ഒരു കോര്‍പറേറ്റ് ഉല്‍പ്പന്നമാക്കി തരംതാഴ്ത്തിയ കേന്ദ്ര ഭരണകൂടമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം ആശയക്കുഴപ്പങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്.

ഹണി ജാസ്മിന്‍
കഴക്കൂട്ടം, തിരുവനന്തപുരം


ബൂസ്റ്റര്‍ ഡോഡ് ലോബിയിങ്ങിനെ മറികടക്കാന്‍ സര്‍ക്കാറിന് കഴിയുമോ? 

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലവിലുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ശാസ്ത്രീയമായ ഉത്തരം നല്‍കുന്നതായിരുന്നു ഡോ. ജയകൃഷ്ണന്‍ ടി. എഴുതിയ ലേഖനം (പാക്കറ്റ് 39). 

വാക്‌സിന്‍ തന്നെയാണ് കോവിഡിനുള്ള ഏക പരിഹാരം എന്ന് തീര്‍ച്ചപ്പെടുത്തുമ്പോഴും അതിന്റെ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഭാവിയിലെ രോഗവ്യാപനത്തെ വരെ സ്വാധീനിക്കാം എന്നാണ് അദ്ദേഹം എഴുതുന്നത്. വാക്‌സിന്‍ ലഭിച്ചവരില്‍ ആറുമാസം കഴിഞ്ഞിട്ടും വൈറസ് വകഭേദം മാറി ഡെല്‍റ്റാ വേരിയന്റ് ആയിട്ടും ഫലപ്രാപ്തിയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍, പരമാവധി പേര്‍ക്ക് ഫുള്‍ ഡോസ് ലഭിക്കാതിരുന്നാല്‍, ഈ സാഹചര്യം പൊടുന്നനെ മാറും. വാക്‌സില്‍ ലഭ്യതയുടെ കാര്യത്തില്‍ ഇപ്പോഴും വന്‍ വിവേചനം തുടരുകയാണ് എന്നത് വാസ്തവമാണ്.

covid.jpg

സമ്പന്ന രാജ്യങ്ങളുടെ കൈവശം തന്നെയാണ് വാക്‌സിന്‍ ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും കുത്തക നിയന്ത്രണം ഇപ്പോഴുമുള്ളത്. അതിനെ, ജനാധിപത്യപരമായും ശാസ്ത്രീയമായും പുനര്‍വിന്യസിക്കാനുള്ള ശ്രമങ്ങളില്‍ ലോകാരോഗ്യസംഘടന പോലും വിജയിച്ചിട്ടില്ല. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളില്‍ പകുതിയും സാമ്പത്തികശേഷിയുള്ള അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ബുക്ക് ചെയ്തുവച്ചിരിക്കുകയാണ്. രണ്ടു ഡോസും ലഭിച്ചുകഴിഞ്ഞ ഈ മനുഷ്യരാണ് ഇപ്പോള്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസിന് ബഹളം വെക്കുന്നത്. ബൂസ്റ്റര്‍ ഡോസ് വേണമെന്ന നിഗമനത്തിന് ശാസ്ത്രീയമായ പഠനങ്ങളുടെ പിന്‍ബലവുമില്ല, അത് സമ്പന്നരുടെ അമിത സുരക്ഷാഭീതിയുമായ ബന്ധപ്പെട്ട ഒരു വൈകാരിക പ്രശ്‌നം മാത്രമാണ്.

എന്നാല്‍, ഇത്തരം വൈകാരികതകള്‍ക്കുപുറകേയാണ്, ശാസ്ത്രത്തെയും മറികടന്ന് ലോകം സഞ്ചരിക്കുന്നത്. ദരിദ്രരാജ്യങ്ങളിലെ 1.3 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വാക്‌സിന്റെ ഫുള്‍ഡോസ് ലഭിച്ചിട്ടുള്ളൂ എന്ന കണക്ക് ഇതാണ് കാണിക്കുന്നത്. ഇന്ത്യയില്‍ കോവിഷീല്‍ഡ് ഉല്‍പാദിപ്പിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയടക്കമുള്ള ബൂസ്റ്റര്‍ ഡോസിനുവേണ്ടി നടത്തുന്ന ലോബിയിങ്ങിനെ നമ്മുടെ ഭരണകൂടത്തിന് മറികടക്കാന്‍ കഴിയുമോ? സംശയമാണ്. 

ഡോ. ഒ. മുഹമ്മദ്
ടൊറന്റോ, കാനഡ 


കേരളത്തിന്റെ കോവിഡ് കഷ്ടകാലത്തിന് കാരണമെന്താണ്?

കോവിഡുവാക്‌സിനുമായി ബന്ധപ്പെട്ട നിരവധി പുതിയ വിവരങ്ങള്‍ ഡോ. ജയകൃഷ്ണന്‍ ടി.യുടെ ലേഖനത്തിലൂടെ (പാക്കറ്റ് 39) അറിയാന്‍ കഴിഞ്ഞു. എന്നാല്‍, കേരളം പോലെ, ആദ്യഘട്ടത്തില്‍ രോഗപ്രതിരോധത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഒരു പ്രദേശത്ത് ഇപ്പോള്‍ സംഭവിച്ച സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായത് എന്നതിന് തൃപ്തികരമായ ഒരു ഉത്തരം വിദഗ്ധര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍ ഡോ. ബി. ഇക്ബാല്‍ പറയുന്നതനുസരിച്ച്, ഒന്നാം ഘട്ട രോഗവ്യാപന കാലത്തെ  നമ്മുടെ രോഗപ്രതിരോധ നടപടികളുടെ വിജയം മൂലം വലിയൊരു വിഭാഗം ജനങ്ങള്‍ രോഗം ബാധിക്കാതെ  രോഗവ്യാപന  സാധ്യതയുള്ളവരായിരുന്നത് കൊണ്ടും  വ്യാപനസാധ്യത കൂടുതലുള്ള ഡെല്‍റ്റാ വൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കേരളത്തില്‍ വര്‍ധിച്ച് നില്‍ക്കുന്നത്.

ഡോ. ബി. ഇക്ബാല്‍
ഡോ. ബി. ഇക്ബാല്‍

ഇതിനകം 18 വയസ്സിന് മുകളിലുള്ള 50% ശതമാനത്തിന് ഒരു ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി  അതിവേഗം വാക്‌സിനേഷന്‍ നടത്താന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ 70% പേര്‍ക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യപ്രതിരോധശേഷി കൈവരിച്ച് നമുക്ക് കോവിഡിനെ ഏതാണ്ട് പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ 68 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 24 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, ഇതേ സാഹചര്യമുള്ള മറ്റ് സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് കേരളത്തേക്കാള്‍ ഏറെ മുന്നോട്ടുപോയി? പ്രത്യേകിച്ച് മാസ്‌കുപോലും ധരിക്കാന്‍ മടിക്കുന്നവരാണ് കേരളത്തിനുപുറത്തുള്ളവര്‍.

തോമസുകുട്ടി വാഴയ്ക്കല്‍
ചവറ, കൊല്ലം


ആത്മാഭിമാനിനികളായവരുടെ ആത്മകഥകള്‍

ന്ദുമേനോന്റെ ആത്മകഥയിലെ വിചിത്ര സ്വഭാവികളായ മനുഷ്യരെ കഥയിലെ കഥാപാത്രങ്ങളെപോലെ അനുഭവപ്പെടുന്നു. അങ്ങനെയൊരു കഥാപാത്രമാണ് ശകുന്തള. പട്ടിണി കിടന്ന പെണ്‍കുട്ടിയെ ഭക്ഷണം കൊടുത്ത് വശത്താക്കി കൂടെക്കൂട്ടി വീണ്ടും പട്ടിണിക്കിടാന്‍ തുടങ്ങിയപ്പോള്‍  അവള്‍ പ്രതികാരത്തിന് തെരഞ്ഞെടുത്ത വഴി ഗംഭീരം: ഉടുക്കാന്‍ തുണി വാങ്ങിക്കൊടുക്കാത്തതിന് തുണിയില്ലാതെ പരസ്യമായി കുളത്തില്‍ കുളിക്കുക. പാറയില്‍ നഗ്‌നയായി മലര്‍ന്നുകിടന്ന് ആകാശം കാണുക. കുഞ്ഞിന് മുല കൊടുക്കുക. ഇത് ആരാണ് എന്നു ചോദിച്ചാല്‍ ആരും അവളുടെ പേര് പറയില്ല, അത് രമേശന്റെ ഓളാണ് എന്നേ പറയൂ. അങ്ങനെ തനിക്കെതിരെയുള്ള ഓരോ അപമാന നോട്ടവും അപമാന നിമിഷവും അവള്‍ അയാളുടേതാക്കി മാറ്റി.

ഇന്ദുമേനോന്‍
ഇന്ദുമേനോന്‍

ഒടുവില്‍ അവള്‍ തന്റെ പുരുഷനെ കണ്ടെത്തുന്നുണ്ട്. പൊതുബോധം "പിഴച്ചവള്‍' എന്നു വിധിച്ച് ആക്ഷേപിക്കുന്ന സ്ത്രീകളുടെ പക്ഷത്തുനില്‍ക്കുന്നതുകൊണ്ടാണ് ഇന്ദുമേനോന്റെ "എന്റെ കഥ' എന്ന ആത്മകഥ വേറിട്ടതാകുന്നത്. ശകുന്തള മാത്രമല്ല, അതുപോലുള്ള നിരവധി  തന്റേടികളായ സ്ത്രീകളുടെ കൂടി ആത്മകഥയാണിത്. എല്ലാവരും കുടുംബത്തെ ചോദ്യം ചെയ്യുന്നവര്‍, ലൈംഗിക പങ്കാളി ആരാകണമെന്ന് സ്വയം തീരുമാനിക്കുന്നവര്‍, മാനുഷികമായ സഹാനുഭൂതിയും അനുതാപവും വേണ്ടുവോളമുള്ളവര്‍, വൈകാരികത എന്നാല്‍ കീഴടങ്ങലല്ല എന്ന് പ്രഖ്യാപിക്കുന്നവര്‍...ആത്മാഭിമാനിനികളായ നിരവധി സ്ത്രീകളുടെ ആത്മകഥകളാണ് ഈ ഒരൊറ്റ ആത്മകഥയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്.

സിന്ധു ശ്രീകുമാര്‍
കുന്നംകുളം, തൃശൂര്‍


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media