കത്തുകള്‍
വായനക്കാര്‍

താലിബാനിലുള്ള ഇസ്‌ലാമിനെ മറച്ചുപിടിക്കുന്നത് എന്തിനാണ്?
സിദ്ദിഹ എഴുതിയ ലേഖനത്തില്‍ (വെബ്‌സീന്‍, പാക്കറ്റ് 40) താലിബാനെ മനുഷ്യവിരുദ്ധം എന്ന് വിമര്‍ശിക്കുമ്പോഴും, മതത്തെയും അതിന്റെ യാഥാസ്ഥിതികമായ സ്ട്രക്ചറിനെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. താലിബാന്‍ സമം ഇസ്‌ലാം എന്ന സമീകരണം വേണം എന്നല്ല പറയുന്നത്, എന്നാല്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഏതു മതത്തെയും പോലെ ഇസ്‌ലാമും ആധുനിക കാലത്ത് മനുഷ്യവിരുദ്ധമായ ഒരു പ്രയോഗം തന്നെയാണ്. പ്രവാചകന്റെ കാലത്തെ "സ്ത്രീ സ്വാതന്ത്ര്യ'ത്തെ ചൂണ്ടിയാണ് മതത്തിനകത്തെ പുരോഗമനപക്ഷം പുതിയ കാലത്ത് വ്യാഖ്യാനങ്ങള്‍ നടത്താറ്. സിദ്ദിഹയും ഇത്തരം ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്:
""കുതിരയിലും ഒട്ടകത്തിലും പടനയിച്ച സ്ത്രീകളിലൊരാള്‍ നബിയുടെ പത്നി കൂടിയാണ്..., ജനിച്ചയുടനെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം കൊടുത്ത ഇസ്‌ലാം, സ്ത്രീ ആവശ്യപ്പെടുന്ന വിവാഹദ്രവ്യം കൊടുത്തുകൊണ്ടല്ലാത്ത വിവാഹം അസാധുവാണെന്ന് പറഞ്ഞ ഇസ്‌ലാം, വിവാഹമോചനത്തിനു മുന്‍കൈയെടുക്കാന്‍ സ്ത്രീക്ക് അവകാശം കൊടുത്ത ഇസ്‌ലാം, സ്ത്രീക്ക് സ്വത്തവകാശം കൊടുത്ത ഇസ്‌ലാം, വിദ്യ ആര്‍ജ്ജിക്കല്‍ ആണിനും പെണ്ണിനും ഒരു പോലെ കടമയാണെന്നു പഠിപ്പിച്ച ഇസ്ലാം...''.
ഇത്തരമൊരു ഇസ്‌ലാം പ്രയോഗാര്‍ഥത്തില്‍ എവിടെയാണ് നിലനില്‍ക്കുന്നത്? "കൊടുക്കപ്പെട്ട' അവകാശങ്ങളാണോ നിഷേധിക്കപ്പെട്ട അവകാശങ്ങളാണോ മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച് സത്യമായിരിക്കുന്നത്?

കുതിരപ്പുറത്ത് പട നയിച്ച കഥ പറയുന്ന ലേഖിക, സൗദിയില്‍ വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത് ഇതേ മതത്തിന്റെ പ്രമാണം മുന്‍നിര്‍ത്തിയാണല്ലോ? ആവിര്‍ഭാവ കാലത്ത് ഏതു മതവും, സാമൂഹിക സംഘാടനത്തിന് ഉപയോഗിക്കുന്ന ചില വഴികളുണ്ട്. അവയില്‍, അക്കാലത്ത്, ആ പ്രദേശത്ത് നിലനില്‍ക്കുന്ന ചില രീതികളുടെ പ്രയോഗങ്ങള്‍ കടം കൊള്ളാറുണ്ട്. ഗോത്രജീവിതമടക്കം മതബാഹ്യമായ സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വഭാവികമായ മുന്‍കൈകളുടെ അടയാളങ്ങളാണ് ഇസ്‌ലാമിന്റെ പേരില്‍ ആഘോഷിക്കപ്പെടുന്നത്.
യഥാര്‍ഥത്തില്‍, സ്ത്രീജീവിതത്തിനും സ്വത്വത്തിനും പരിധി കല്‍പ്പിക്കുകയും അതിനെ രണ്ടാംതരമാക്കി അധഃപ്പതിപ്പിക്കുകയുമാണ് ഇസ്‌ലാം അടക്കമുള്ള മതങ്ങള്‍ ചെയ്തത്. മാത്രമല്ല, പൗരോഹിത്യവും വംശീയതയും വിദ്വേഷവും അടക്കമുള്ള, മാനവികതക്ക് വിരുദ്ധമായ പ്രമാണങ്ങളാണ് മറ്റേതൊരു മതത്തെയും പോലെ ഇസ്‌ലാമിനെ ഒരു ആധുനിക മത സ്ഥാപനമായി വളര്‍ത്തിയെടുത്തത്. താലിബാന്റെ സൃഷ്ടിക്കുപുറകില്‍ തീര്‍ച്ചയായും സാമ്രാജ്യത്വമുണ്ട്; എന്നാല്‍ അതിന്റെ മത ഉള്ളടക്കത്തെ പൂര്‍ണമായി നിഷേധിച്ചുകൊണ്ട് ഒരു വിലയിരുത്തല്‍ മനുഷ്യവിരുദ്ധം കൂടിയാണ് എന്ന് ഓര്‍മിപ്പിക്കട്ടെ.
ഖദീജ സവാദ്,
ദുബൈ
പാതിവെന്ത ഓണ്‍ലൈന്‍ പഠനം
മറ്റു സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുകയും ജനജീവിതം ഏതാണ്ട് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിട്ടും കേരളം, തപ്പിയും തടഞ്ഞും മുന്നോട്ടുപോകുന്നതിനെ വിശകലനം ചെയ്യുന്ന രണ്ട് ലേഖനങ്ങള്‍ തീര്‍ത്തും ഉചിതമായി (കെ.ടി. ദിനേശ്, അമൃത് ജി. കുമാര്‍, പാക്കറ്റ് 40). സ്‌കൂളുകളും തിയറ്ററുകളും കടകളും പൂര്‍ണമായും തുറക്കുകയും പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പിന്തുടരാന്‍ ആളുകളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടല്ലാതെ കോവിഡിന്റെ അടുത്ത ഘട്ടത്തെ നേരിടാനാകില്ല എന്നത്, മറ്റു രാജ്യങ്ങളിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും അനുഭവങ്ങളില്‍നിന്നുള്ള പാഠമാണ്. എന്നാല്‍, ഇത്തരം അന്വേഷണങ്ങളിലേക്ക് കേരളം ഇതുവരെ ഒന്നെത്തിനോക്കിയിട്ടുപോലുമില്ല എന്നത് ഖേദകരമാണ്.

കോവിഡിന്റെ തുടര്‍വ്യാപനങ്ങളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ വിശകലനം ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. ആര്‍ജിത പ്രതിരോധശേഷി എത്രമാത്രം ഫലപ്രദമാണ്, വാക്‌സിന്‍ മൂലമുള്ള പ്രതിരോധം എത്ര കാലത്തേക്ക് നീണ്ടുനില്‍ക്കും തുടങ്ങിയ കാര്യങ്ങളില്‍ പുതിയ അറിവുകള്‍ അതുവരെയുള്ള അറിവുകളെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍, കൂടുതല്‍ യുക്തിസഹമായി കാര്യങ്ങളെ സമീപിക്കുകയാണ് ഉചിതം.
സ്‌കൂളുകള്‍ അടച്ചിട്ട് പഠനം ഓണ്‍ലൈനിലൂടെയാക്കിയതുമൂലം ഡിജിറ്റല്‍ ഡിവൈഡ് എന്ന പ്രശ്‌നം മാത്രമല്ല സൃഷ്ടിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയാകെ അത് ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചോ വിദ്യാഭ്യാസത്തിലെ അതിന്റെ പ്രയോഗങ്ങളെക്കുറിച്ചോ ഒരു അറിവും പരിശീലനവും ലഭിക്കാത്ത, എന്തിന് സ്മാര്‍ട്ട് ഫോണ്‍ പോലും പേടിച്ചുപേടിച്ച് ഉപയോഗിക്കുന്ന അധ്യാപകരുള്ളിടത്താണ് പൊടുന്നനെ ഒരു പുതിയ സിസ്റ്റത്തിലേക്ക് പോകുന്നത്. സാമ്പ്രദായിക ക്ലാസ്‌റൂമുകളുടെ അത്യന്തം വികൃതമായ അനുകരണം എന്നല്ലാതെ, ഒന്നര വര്‍ഷമായി തുടരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ വിശേഷിപ്പിക്കാനാകില്ല.

ഓണ്‍ലൈനിലൂടെയുള്ള ആശയവിനിയമം, പാഠഭാഗങ്ങളുടെ ലക്ചറിങ്, വിദ്യാര്‍ഥികളുടെ ഗ്രഹണസംബന്ധമായ പ്രശ്‌നങ്ങള്‍, ചര്‍ച്ചയുടെയും സംവാദത്തിന്റെയും പുതിയ സാധ്യതകള്‍ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കാതെയുള്ള വഴിപാടുമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം പോലെ തന്നെ ചിട്ടയായ മുന്നൊരുക്കവും പരിശീലനവും കരിക്കുല മാതൃകകളും ആവശ്യമായ ഒന്നാണ് ഓണ്‍ലൈന്‍ സിസ്റ്റത്തിലേക്കുള്ള മാറ്റം. ഇപ്പോള്‍ നമ്മുടെ അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം തൃപ്തരാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശരിയാണ്, അരികിലേക്ക് മാറ്റപ്പെട്ട ചില വിദ്യാര്‍ഥികളുടെ പ്രശ്‌നം മാത്രമേ അപൂര്‍വമായെങ്കിലും കേള്‍ക്കുന്നുള്ളൂ, ബാക്കിയുള്ളവരെല്ലാം പരാതികളില്ലാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് വലിയ ഒരപകടം കൂടിയാണ്.
മുഹമ്മദ് ഹാഷിം ഇ.കെ.,
വര്‍ക്കല, തിരുവനന്തപുരം
സര്‍ക്കാറിനെ ആര് പഠിപ്പിക്കും?
ഒന്നര വര്‍ഷമായി സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പഠിച്ച നമ്മുടെ കുട്ടികള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പഠനക്കമ്മി എന്ന ഗുരുതര പ്രശ്‌നത്തെക്കുറിച്ചുള്ള അമൃത് ജി. കുമാറിന്റെ ലേഖനം (പാക്കറ്റ് 40) ഞെട്ടിപ്പിക്കുന്ന വസ്തുതകളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. സ്വന്തം കഴിവുകേട് മറച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണോ, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ ഇത്തവണ എ പ്ലസുകളാല്‍ അനുഗ്രഹിച്ചത് എന്നുപോലും തോന്നിപ്പോകുന്നു.

പാഠഭാഗങ്ങളുടെ ഡിക്‌റ്റേഷന്‍ മാത്രമാണ് പഠനം എന്ന സമീപനമാണ് നമ്മുടെ അധികാരികളുടേത്. അതുകൊണ്ടാണ്, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും, കോവിഡ് പ്രതിരോധത്തിന് നൂതനവഴികളാരാഞ്ഞശേഷം സ്‌കൂളുകള്‍ തുറക്കാനുള്ള വഴികള്‍ മറ്റു സംസ്ഥാനങ്ങള്‍ തേടുമ്പോഴും നമ്മുടെ സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കുന്നത്. കോവിഡിന്റെ കാര്യത്തിലും സര്‍ക്കാറും ഈ വിദഗ്ധരും പറയുന്നതില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. അതായത്, പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞതും രോഗ സ്ഥിരീകരണ നിരക്കിലുണ്ടായ കുറവുമാണ് മറ്റു സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കാരണമായതെന്ന് പറയുന്നു. എന്നാല്‍, രോഗം വന്ന് ഭേദമായവരുടെയും ഒരു ഡോസെങ്കിലും വാക്‌സിന്‍ എടുത്തവരുടെയും കണക്കെടുത്താല്‍, കോവിഡിനെതിരെ കേരളം തൃപ്തികരമായ നിലയില്‍ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട് എന്ന് ന്യായമായും കരുതാവുന്നതാണ്.
ഇന്ത്യയില്‍ പല പ്രദേശങ്ങളിലും ഡെല്‍റ്റാ വകഭേദം വന്നതിനുശേഷം, എഴുപതു ശതമാനത്തോളം പേര്‍ക്ക് രോഗം വരികയും ഇനി ആര്‍ക്കും രോഗം വരാനില്ല എന്ന അവസ്ഥ വന്നാല്‍, രോഗത്തെ പേടിക്കേണ്ട അവസ്ഥയില്‍നിന്ന് പുറത്തുവരാനാകുമെന്നും ഡോ. കെ.പി. അരവിന്ദന്‍ ഒരു പരിപാടിയില്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ തുടക്കത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ മൂലം രോഗവ്യാപനം സാവധാനമായിരുന്നുവെന്നും അത് വാക്‌സിനേഷന് കൂടുതല്‍ സമയം ലഭ്യമാക്കിയുമെന്നുമാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍, വാക്‌സിനേഷന്റെ വേഗം കൂട്ടിയും മറ്റു പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയും കേരളത്തിനും മുന്നോട്ടുപോകാന്‍ കഴിയും. രോഗം തടയാനുള്ള ശാസ്ത്രീയവഴികള്‍, സാമൂഹിക ജീവിതത്തെ ചലനാത്മകമാക്കുന്നതിലേക്ക് വ്യാപിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരം. സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള സന്ദേഹം ഇപ്പോഴും മാറാത്തത് ഇതുമൂലമാണ്.
പ്രമോദ് സി.ജോസഫ്,
കലിഫോര്‍ണിയ യു.എസ്.
വ്യാജ ചരിത്രങ്ങള്‍ക്കിയില്‍ ഷംഷാദ് ഹുസൈനെ വായിക്കുമ്പോള്‍
മലബാര്‍ കലാപത്തിനെക്കുറിച്ച് ഷംഷാദ് ഹുസൈന്‍ കെ.ടി. എഴുതിയ കുറിപ്പും പുസ്തക ഭാഗവും വായിച്ചു (പാക്കറ്റ് 40). നൂറാം വര്‍ഷത്തില്‍, പലതരം വ്യാഖ്യാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന സമയത്ത്, ഈ പുസ്തകം വേറിട്ട ഒന്നാകുമെന്ന് ഉറപ്പാണ്. കാരണം, ചരിത്രത്തില്‍, അനുഭവങ്ങളുടെ വീണ്ടെടുപ്പ് എന്നത് ഏറെ പ്രാധാന്യമുള്ള സംഗതിയാണ്. ദൃക്‌സാക്ഷ്യങ്ങള്‍, ഏതൊരു സംഭവത്തിന്റെയും യഥാര്‍ത്ഥമായ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നവയായിരിക്കും. വ്യാഖ്യാതാക്കളെപ്പോലെ, അത് അനുഭവിച്ച മനുഷ്യര്‍ക്ക് ആ സംഭവത്തെ ഫിക്ഷനലൈസ് ചെയ്യേണ്ട കാര്യമില്ലല്ലോ. ഒരു സംഭവത്തിന്റെ കാര്യകാരണങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശേഷിക്കുറവ് ഒരുപക്ഷേ ഈ മനുഷ്യര്‍ക്കുണ്ടായിരിക്കാം. എന്നാല്‍, കൃത്യമായ വിശകലനത്തില്‍ എത്തിച്ചേരാനുള്ള വസ്തുതകളുടെ വലിയൊരു ഖനിയാണ് ഇത്തരം ഓര്‍മകള്‍.

ജന്മികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരായും ശക്തമായിക്കൊണ്ടിരുന്ന ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജമേറ്റുവാങ്ങിയും പടര്‍ന്നുപിടിച്ച മലബാര്‍ കലാപത്തിന് അനവധി വഴികളുണ്ടായിരുന്നതായി ഇന്ന് ഏതാണ്ട് അനുമാനിക്കാം. അത് ഒരു നേതൃത്വത്തിനുകീഴില്‍, ഒരു സംഘം മനുഷ്യര്‍ നടത്തിയ മുന്നേറ്റമായിരുന്നില്ല. മതത്തിന്റെയും മനുഷ്യാവകാശ നിഷേധങ്ങളുടെയും ദാരിദ്ര്യത്തിന്റെയും സര്‍വണതയുടെയുമൊക്കെ അനവധി അടരുകള്‍ അതിലുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ഈ സമരത്തെ ഓരോരുത്തരും വിശദീകരിക്കുന്നത്, താന്താങ്ങളുടെ നിറത്തിനനനുസരിച്ചാണ്.
നൂറുവര്‍ഷം മുമ്പത്തെ ചരിത്രം വ്യാഖ്യാനിക്കുമ്പോള്‍ അതിന് ആധാരമായ തെളിവുകള്‍ എന്താണ് എന്ന കാര്യം ഏറ്റവും പ്രാഥമികമായ ഒന്നാണ്. മലബാര്‍ സമരത്തിലെ ഏറ്റവും സൂക്ഷ്മമായതെന്ന് തോന്നിപ്പിക്കുന്ന ചില സംഭവങ്ങളും സംഭാഷണങ്ങളും വരെ പലരും എടുത്തുപയോഗിക്കുന്നത് കാണാം. അന്ന് എഴുതപ്പെട്ട ചരിത്രപുസ്തകങ്ങളില്‍ പോലുമില്ലാത്ത "വസ്തുതകള്‍' ചാനല്‍ ചര്‍ച്ചകളില്‍ "പുതുചരിത്രമെഴുത്തുകാര്‍' കണ്ടെടുക്കുന്നു. ഇത്തരം കള്ളനാണയങ്ങള്‍ക്കിടക്ക്, വസ്തുത കണ്ടെത്താനുള്ള വലിയൊരു ശ്രമമാണ് ഷംഷാദ് ഹുസൈന്റേത്. ഏറ്റവും അടിസ്ഥാന വിവരങ്ങള്‍ തേടിയുള്ളതാണ് അവരുടെ ഈ പുസ്തകം. അതിന്റെ വായനയിലേക്കുനയിച്ച വെബ്‌സീനിന് നന്ദി.
ഷാഹിദ ഫാസില്‍ കെ.കെ.,
പെരിന്തല്‍മണ്ണ, മലപ്പുറം
തിരസ്‌കരിക്കപ്പെട്ട 'കുരുക്ഷേത്ര'വും ചുള്ളിക്കാടുമാരും സൃഷ്ടിച്ച ആധുനികത
പി.കെ. രാജശേഖരന്റെ "പക്ഷിക്കൂട്ടങ്ങള്‍' എന്ന പുസ്തകം മുന്‍നിര്‍ത്തി റഫീഖ് ഇബ്രാഹിം നടത്തിയ ലിറ്റില്‍ മാഗസിനുകളെക്കുറിച്ചും ഭാഷാ വിനിമയങ്ങളെക്കുറിച്ചുമുള്ള പഠനം (പാക്കറ്റ് 40) നല്ലൊരു വായനാനുഭവമായി. മലയാളത്തില്‍ മുഖ്യധാരയെ മറികടക്കുന്ന എഴുത്തിന്റെയും വായനയുടെയും ഭാവുകത്വത്തെ പ്രതിനിധീകരിക്കുന്നവയാണ് ലിറ്റില്‍ മാഗസിനുകള്‍. ഓരോ കാലത്തെയും ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയത്തിന്റെ വാഹകരായിരുന്നു ഓരോ ലിറ്റില്‍ മാഗസിനും.

ആഖ്യയിലും ആഖ്യാതാവിലും രമിച്ചുകിടന്നിരുന്ന മുഖ്യധാരക്ക് പുറത്തായിരുന്നുവല്ലോ നമ്മുടെ കാമ്പുള്ള എഴുത്തും എഴുത്തുകാരും അണിനിരന്നത്. കടുത്ത വിയോജിപ്പുകളും വിമര്‍ശനങ്ങളുമാണ് ഇവയെ ബദലുകളാക്കി മാറ്റിയത്. അറുപതുകളിലും എഴുപതുകളിലും ഉയര്‍ന്നുവന്ന ശ്രദ്ധേയരായ കവികളും കഥാകൃത്തുക്കളും വിമര്‍ശകരും ലിറ്റില്‍ മാഗസിനുകളുടെ സംഭാവനകളാണ്. ചെറിയ സംഘങ്ങളുടെ സംഘാടകനും ഊര്‍ജവുമായി വര്‍ത്തിച്ച എം. ഗോവിന്ദനെ പോലുള്ളവര്‍, സാഹിത്യ ചിന്തയെ മൗലികമാക്കിയ അയ്യപ്പപ്പണിക്കരെപ്പോലുള്ളവര്‍, ലോകത്തെ വിക്ഷുബ്ദമായ എഴുത്തിനെ മലയാളത്തിലെത്തിച്ച സച്ചിദാനന്ദനെപ്പോലയുള്ളവര്‍... എത്ര ഔന്നത്യമുള്ളതായിരുന്നു അന്നത്തെ ടീം. ആനന്ദിന്റെ "മരണസര്‍ട്ടിഫിക്കറ്റും' ബഷീറിന്റെ "പാത്തുമ്മായുടെ ആടും' പ്രസിദ്ധീകരിച്ചത് ഗോവിന്ദന്റെ "സമീക്ഷ'യിലാണ്. സച്ചിദാനന്ദന്റെ "ജ്വാല' ഏതാനും ലക്കങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അതിന്റെ ടൈറ്റിലുകള്‍ നോക്കൂ: മൗനപ്പതിപ്പ്, ക്ഷോഭപ്പതിപ്പ്, ഖസാക്ക് പതിപ്പ്, വിദ്യാഭ്യാസ പതിപ്പ്, മരണപ്പതിപ്പ്... പിന്നീട് മുഖ്യധാരകള്‍ പോലും അനുകരിച്ച മാതൃകകള്‍.

റഫീക്ക് ഇബ്രാഹിം എഴുതുന്നതുപോലെ, മലയാളത്തില്‍ ആധുനികതയെ തുറന്നുവിട്ടത് ഈ ലിറ്റില്‍ മാഗസിനുകളാണ്. എഴുത്തിനെയും വായനയെയും അത് നവീകരിച്ചു. മാതൃഭൂമികളും കൃഷ്ണവാര്യന്മാരും തിരസ്‌കരിച്ച "കുരുക്ഷേത്ര'ങ്ങളും ചുള്ളിക്കാടുമാരുമെല്ലാമാണ് ആ പുതുസൃഷ്ടിയുടെ പതാകാവാഹകരായത്. ഒരുപക്ഷെ, ഇന്നത്തെ സോഷ്യല്‍ മീഡിയ ആ ബദലുകളുടെ ഒരുതരം തുടര്‍ച്ച തന്നെയാണ് എന്നു പറയാം. മുഖ്യധാരയെ പുല്ലുപോലെ അവഗണിച്ച്, കവിതയുടെയും കഥയുടെയും നിരീക്ഷണങ്ങളുടെയും വായനയുടെയുമെല്ലാം ഇടമായി ഇന്ന് സോഷ്യല്‍ മീഡിയ വികസിച്ചുവരികയാണ്. കാലത്തിന്റെ സാര്‍ഥകമായ ഒരു പരിണാമദശയായിരിക്കാം.
സി. ജോസഫ്,
മണ്ണുത്തി, തൃശൂര്‍
ഇടതുപക്ഷത്തിന് ദഹിക്കാത്ത ഗെയില്‍ ഓവെദ്
ഗെയില്‍ ഓംവെദിനെക്കുറിച്ച് മലയാളത്തില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച വിശകലനമായിരുന്നു വെബ്‌സീനില്‍ എം. കുഞ്ഞാമന്‍ എഴുതിയത്. ജാതിയെ മനുഷ്യാവകാശത്തിന്റെ തലത്തിലേക്ക് മാറ്റിക്കൊണ്ടുള്ള ഒരു വിചാരരീതിയായിരുന്നു അവരുടേത് എന്ന കുഞ്ഞാമന്റെ നിരീക്ഷണം കൃത്യമാണ്. അതുകൊണ്ടുതന്നെയാണ് അംബേദ്കറിസത്തെ ഇത്ര സൂക്ഷ്മമായി തിരിച്ചറിയാന്‍ അവര്‍ക്കായത്. ഏറ്റവും ദുര്‍ബലരായ മനുഷ്യര്‍ക്കുവേണ്ടിയുള്ളതാണ് അടിസ്ഥാനപരമായ മനുഷ്യാവകാശം എന്ന് ഓംവെദ് കണ്ടു. മാത്രമല്ല, അവരുടെ വിഷയമാണ് ഇന്ത്യയെ സംബന്ധിച്ച പാഠത്തിന്റെ കേന്ദ്രപ്രമേയമാകേണ്ടത് എന്നും അവര്‍ നിഷ്‌കര്‍ഷിക്കുന്നു.
സാമൂഹിക പ്രക്രിയയെ വിദശീകരിക്കുമ്പോള്‍, സാമ്പത്തികമാത്രവാദികളായ ചിന്തകര്‍ സ്വീകരിക്കുന്ന അമിതമായ വസ്തുനിഷ്ഠത, അനുഭവജ്ഞാനത്തിന്റെ ഇല്ലായ്മയില്‍നിന്ന് രൂപപ്പെടുന്നതാണ് എന്ന് കുഞ്ഞാമന്‍ പറയുന്നു. അത്, ഇന്ത്യന്‍ ജാതിവ്യവസ്ഥയെക്കുറിച്ച് പഠിച്ച ഏതു ചിന്തകര്‍ക്കും ബാധകമായ ഒന്നാണ്. ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ ജാതി വായനയെയും ഈ അര്‍ഥത്തില്‍ നമുക്ക് ശരിയായി നിരീക്ഷിക്കാനാകും.

കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടുന്ന അത്യന്തം പ്രസക്തമായ ഒരു കാര്യം; അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷം ചേരുന്നുവെന്ന് അവകാശപ്പെടുന്ന മാര്‍ക്‌സിസത്തിന്, എന്തുകൊണ്ട് ഈ വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്താനാകാതെ പോകുന്നു എന്നതാണ്. ഒരു മധ്യവര്‍ഗ- ഉപരിവര്‍ഗ പ്രക്രിയ എന്ന നിലയ്ക്കുള്ള ആകര്‍ഷണമാണ് മാര്‍ക്‌സിസത്തിന് ഉണ്ടായത് എന്ന കുഞ്ഞാമന്റെ നിരീക്ഷണം ഇന്ത്യന്‍ അവസ്ഥയില്‍ ശരിയാണെന്നു സമ്മതിക്കണം. കാരണം, മാര്‍ക്‌സിസത്തിനും അതിന് നിയന്ത്രണമുള്ള ഇടതുപക്ഷത്തിനും സ്വാധീനമുണ്ടായ ഇന്ത്യന്‍ മേഖലകളില്‍, അത് രൂപപ്പെടുത്തിയ പ്രത്യയശാസ്ത്ര- രാഷ്ട്രീയ സഖ്യവും അതിനെ നേതൃപരമായി പ്രതിനിധാനം ചെയ്ത വര്‍ഗഘടനയും ഈ മധ്യ- ഉപരിവര്‍ഗമായിരുന്നു. കേരളവും ബംഗാളും മികച്ച ഉദാഹരണങ്ങള്‍.
പ്രത്യയശാസ്ത്രത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള മധ്യ- ഉപരി വര്‍ഗം, കീഴാളര്‍ കൂടി അടങ്ങുന്ന അണികളെ ഷണ്ഠീകരിച്ചതിന്റെ ചരിത്രമാണ് ഇന്ത്യന്‍ മാര്‍ക്‌സിസത്തിന് പറയാനുള്ളത്. അതുകൊണ്ടാണ്, ഇന്ത്യയിലെ ഏറ്റവും തീക്ഷ്ണമായ യാഥാര്‍ഥ്യമായ ജാതിയെ അവര്‍ അവഗണിച്ചുകളഞ്ഞത്. ജാതിയെക്കുറിച്ചും അംബേദ്കറിസത്തിനെക്കുറിച്ചുമുള്ള വിചാരങ്ങള്‍ ഇത്രയേറെ വികസിച്ചുകഴിഞ്ഞിട്ടും ജാതി എന്ന യാഥാര്‍ഥ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പം ഇടതുപക്ഷത്തിന് വിട്ടൊഴിഞ്ഞിട്ടില്ല.
ഉത്തരേന്ത്യയില്‍ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു കീഴാള രാഷ്ട്രീയം ഉയര്‍ന്നുവന്നത് അംബേദ്കറിസത്തില്‍നിന്നായിരുന്നു, മാര്‍ക്‌സിസത്തില്‍നിന്നായിരുന്നില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. അതുവരെ, "ഒപ്പം ചേര്‍ത്തുനിര്‍ത്തി' എന്ന് ഇടതുപക്ഷം അവകാശപ്പെട്ടിരുന്ന കീഴാള വിഭാഗം പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിന്റെയും "സൗജന്യം' പറ്റുക മാത്രമായിരുന്നുവെന്ന്, കീഴാള രാഷ്ട്രീയത്തിന്റെ വരവോടെയാണ് നാം തിരിച്ചറിഞ്ഞത്. അധികാരത്തെ ചോദ്യം ചെയ്യുകയും അധികാരം പിടിച്ചെടുക്കുകയുമാണ് യഥാര്‍ഥ രാഷ്ട്രീയം എന്ന് കീഴാളരെ ബോധ്യപ്പെടുത്തിയത് അംബേദ്കറിസമാണ്; അന്നും ഇന്നും.
ഇന്ത്യയില്‍ മാര്‍ക്‌സിസത്തിനോ അത് നിര്‍ണയിക്കുന്ന ഇടതുപക്ഷത്തിനോ ഒരിക്കലും ഒരു കീഴാള മുന്നേറ്റത്തിന് നേതൃത്വം നല്‍കാനാകില്ല. കാരണം, ഇന്ത്യയെ സംബന്ധിച്ച് അപ്രസക്തമായ വര്‍ഗവിശകലനത്തിലാണ് ഇപ്പോഴും അതിന്റെ ഊന്നല്‍. ഇടതുപക്ഷത്തെ പ്രത്യയശാസ്ത്രപരമായി പോലും ഹൈജാക്ക് ചെയ്യാന്‍ മേലാളവര്‍ഗത്തിന് സാധിക്കുംവിധം, മാര്‍ക്‌സിസം ഇന്ത്യനവസ്ഥയില്‍ അപ്രസക്തമാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മാര്‍ക്‌സിസവും അംബേദ്കറിസവും തമ്മിലുള്ള സഖ്യം എന്ന പുതുരാഷ്ട്രീയ താരതമ്യങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്. ഇതിന്റെ പൊള്ളത്തരം എടുത്തുകാട്ടുന്നതാണ് ഗെയില്‍ ഓവെദിന്റെ ധൈഷണിക ജീവിതം. ഇടതുപക്ഷത്തിന് അവര്‍ ദഹിക്കാതെപോയും ഈ സത്യം പറഞ്ഞതുകൊണ്ടുതന്നെയാണ്.
അശോകന്‍ വി.എം.,
മാനന്തവാടി
വര്‍ഗേതര സമരങ്ങളുടെ കാലം
ഗെയില്‍ ഓവെദിനെക്കുറിച്ചുള്ള എം. കുഞ്ഞാമന്റെ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ഏറെ ശ്രദ്ധേയമായി തോന്നി. അതായത്, വര്‍ഗ സമരങ്ങളല്ല, വര്‍ഗേതരമായ പ്രസ്ഥാനങ്ങളും അവരുടെ സമരങ്ങളുമാണ് ചരിത്രത്തില്‍ മാറ്റം കൊണ്ടുവരുന്നത് എന്ന കാര്യമാണത്. പുതിയ കാലത്തെ, നവ സാമൂഹിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് ശരിയാണ്, പ്രത്യേകിച്ച് ഇന്ത്യന്‍ കോണ്‍ടെക്‌സ്റ്റില്‍.
സ്ത്രീവാദ ചിന്തക്കും കീഴാള രാഷ്ട്രീയത്തിനും മതവിരുദ്ധ മൂവ്‌മെന്റുകള്‍ക്കുമെല്ലാം വളക്കൂറുള്ള മണ്ണാണ് നമ്മുടേത്. എന്നാല്‍, മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും പ്രസ്ഥാനങ്ങളുടെയും അജണ്ടയില്‍ ഈ വിഷയങ്ങള്‍ ഒരിക്കലും മൂര്‍ത്തമായ രീതിയില്‍ ഉണ്ടായിരുന്നില്ല. മാറ്റം കൊണ്ടുവരുന്നത്, ചൂഷണത്തിന് വിധേയരാകുന്നവരാണ് എന്ന തത്വം ഇവിടെ പ്രസക്തമാണ്.

അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് മാറ്റങ്ങള്‍ക്ക് കാരണമാകുന്നത്. ഇന്ത്യയില്‍ പ്രാന്തവല്‍കൃതര്‍ക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്ന സമീപകാല ഉണര്‍വുകള്‍, രാഷ്ട്രീയമായ ഒരു ബോധ്യത്തിലേക്ക് അവയെ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം ഈ നിരീക്ഷണത്തിന് അടിയവരയിടുന്നതാണ്. സമൂഹത്തില്‍ നടക്കുന്ന ഇത്തരം സൂക്ഷ്മവും അടിസ്ഥാനപരവുമായ പ്രക്രിയകളെ ആഴത്തില്‍ പരിശോധിച്ച ഓംവെദിന്റെ വിയോഗം പുതിയ കാലത്തെ രാഷ്ട്രീയത്തിന് തീരാത്ത നഷ്ടം തന്നെയാണ്.
എം.അഷ്റഫ് അത്തോളി,
കുവൈത്ത്
സിതാരയുടെ കഥകളും പുതിയ പെണ്‍കുട്ടികളും
മലയാളത്തില്‍ വേറിട്ടുനില്‍ക്കുന്ന കഥകളുടെ എഴുത്തുകാരിയാണ് സിതാര എസ്. പ്രസ്ഥാനത്തിന്റെയോ ഏതെങ്കിലുമൊരു ഘട്ടത്തിന്റെയോ പ്രതിനിധിയായി സ്വയം മാറാതെ, കഥാ ഭാവുകത്വത്തെ മുന്നില്‍ നടന്ന് നയിക്കാന്‍ അവര്‍ക്കുകഴിഞ്ഞിട്ടുണ്ട്. "സ്ത്രീകളെ കൈപിടിച്ചുകൊണ്ടുവന്ന് പ്രമേയമാക്കുക' എന്ന ഔദാര്യപരമായ സമീപനത്തെ മറികടക്കുകയും സ്ത്രീസ്വത്വത്തെ നൈസര്‍ഗികമായി തന്നെ അടയാളപ്പെടുത്തുകയും ചെയ്തിടത്താണ് അവരുടെ കഥകള്‍ വീണ്ടും വായിക്കപ്പെടുന്നത്.

ഒരുപക്ഷേ, മാധവിക്കുട്ടിയാകും നമ്മുടെ കാലത്ത്, ഈയൊരു പക്ഷത്തെ നിര്‍ണയിച്ച പ്രധാന എഴുത്തുകാരികളില്‍ ഒരാള്‍. സിതാര എഴുത്തില്‍ സജീവമായിരുന്ന കാലത്തെ പെണ്‍കുട്ടയും സ്ത്രീയുമല്ല ഇപ്പോഴുള്ളത്. അവര്‍ തന്നെ സൂചിപ്പിക്കുന്നതുപോലെ, സ്വന്തം ശരീരത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമെല്ലാം ശരിയായ ധാരണകളുള്ള, പ്രതികരണോന്മുഖമായ ഐഡന്റിറ്റിയുള്ളവരാണവര്‍. എഴുത്തുകൊണ്ട് സമൂഹത്തില്‍ മാറ്റമൊന്നും ഉണ്ടാക്കാനാകില്ലെന്ന് പൊതുവേ എഴുത്തുകാര്‍ തന്നെ പറയാറുണ്ട്. എന്നാല്‍, ഒരു വായനക്കാരി എന്ന നിലയ്ക്ക് എനിക്കുതോന്നുന്നത്, സരസ്വതിയമ്മയും മാധവിക്കുട്ടിയും സിതാരയുമെല്ലാം സൃഷ്ടിച്ച ഭാവനാലോകങ്ങള്‍ വാസ്തവങ്ങളുടെ ചോരയിറ്റുന്നവയായിരുന്നു. അതുകൊണ്ടുതന്നെ, പുതിയ പെണ്‍കുട്ടിയെ സൃഷ്ടിക്കുന്നതില്‍ അവയും ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്നുതന്നെയാണ്.
ലിസ സെബാസ്റ്റ്യന്‍,
കലിക്കറ്റ് യൂണിവേഴ്സിറ്റി, മലപ്പുറം
'വാരഫലം', പേര് അന്വര്‍ഥമാക്കിയ പംക്തിയും വ്യക്തിയും
യു. ജയചന്ദ്രന്‍ "വെയില്‍ക്കാലങ്ങള്‍' എന്ന ഓര്‍മക്കുറിപ്പില്‍ എം. കൃഷ്ണന്‍ നായരെക്കുറിച്ച് എഴുതിയത് വായിച്ചു. അദ്ദേഹം പറയുന്ന തരത്തിലുള്ള ഒരു കൃഷ്ണന്‍നായര്‍ ആരാധകനാണ് ഞാനും. എന്നാല്‍, ജയചന്ദ്രന്‍ പങ്കുവെച്ച അഭിപ്രായം തന്നെയാണ് എനിക്ക് കൃഷ്ണന്‍നായരെക്കുറിച്ചുള്ളതും. അമിത മാധ്യമവല്‍ക്കരണത്തിന്റെ ദോഷങ്ങളില്‍ ഒന്നായ ഉപരിപ്ലവതയാണ് കൃഷ്ണന്‍നായരെ പ്രിയങ്കരനാക്കിയതെന്ന് തോന്നിയിട്ടുണ്ട്.
ഇന്നാണെങ്കില്‍, പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സിന്റെ പേരില്‍ ഏറ്റവും ആക്രമിക്കപ്പെടുന്ന ഒരു എഴുത്തുകാരനായി അദ്ദേഹം മാറുമായിരുന്നു. കാരണം, സ്ത്രീവിരുദ്ധവും ഫ്യൂഡലും പൊതുബോധത്തെ സ്ഥാപിക്കുന്നതും വേറിട്ട ചിന്തകളെ നിരാകരിക്കുന്നതുമായ സങ്കുചിത വ്യക്തിവാദമായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്. സാഹിത്യവാരഫലം എല്ലാ ലക്കങ്ങളും കാത്തിരുന്ന് വായിച്ചിരുന്ന ഒരാളെന്ന നിലയ്ക്ക് പറയട്ടെ, വായനയിലെ വോയറിസമായിരുന്നു അടിസ്ഥാനപരമായി ആ പംക്തി എന്ന് ഇന്ന് തിരിച്ചറിയുന്നു.

പുതിയ പുസ്തകങ്ങളെ അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു, എന്നാലതില്‍ സങ്കുചിതമായ ഒരുതരം വ്യക്തിവാദത്തിന്റെ നിഴല്‍ വീണുകിടന്നിരുന്നു. പല കൃതികളുടെയും വായനയെ അത് വഴിതെറ്റിച്ചുവിട്ടമായി എന്റെ അനുഭവത്തില്‍ തന്നെയുണ്ട്. എത്രയോ അബദ്ധജഡിലങ്ങളായ താരതമ്യങ്ങള്‍ അദ്ദേഹത്തില്‍നിന്നുണ്ടായി. സിനിമയോടുളള നിഷേധാത്മക സമീപനം, കുശുമ്പുകളെയും കുന്നായ്മകളെയും തിയറികളായി അവതരിപ്പിക്കല്‍, വ്യക്തിവിരോധത്തിന് പംക്തിയെ ദുരുപയോഗിക്കല്‍ തുടങ്ങി എത്രയോ അനഭിലഷണീയ സംഗതികളുടെ ഒരു വായനാനുഭവം കൂടിയായിരുന്നു, അതിന്റെ പേര് അന്വര്‍ഥമാക്കുന്ന "വാരഫലം' "മീഡിയോകര്‍' മനോഭാവങ്ങളെ അത് നന്നായി തൃപ്തിപ്പെടുത്തിയിരുന്നു, അതില്‍നിന്ന് രക്ഷപ്പെടുക വിഷമകരമാണ്, അതാണ് ഇന്നും കൃഷ്ണന്‍നായര്‍ ഫാനുകള്‍ നിലനില്‍ക്കുന്നതിന് കാരണം.
സി.കെ. ആനന്ദന്‍,
മുംബൈ
ഭൂപടമില്ലാത്ത സങ്കടങ്ങള്‍
അന്യന്റെ അനുഭവം അവനവന്റെ കൂടിയാണെന്ന് ഒരാള്‍ക്ക് തോന്നുന്നിടത്ത് ശരിക്കും വലിയൊരു അധിനിവേശം നടക്കുന്നുണ്ട്. അതിര്‍ത്തികള്‍ ഓരോന്നായി പൊളിഞ്ഞുവീഴുന്നുണ്ട്. ഒരുപക്ഷേ എല്ലാ കലാസൃഷ്ടികളും ലക്ഷ്യമിടുന്നത് ഈ അതിരുപൊളിക്കലാണ്. "അഫ്ഗാന്‍' എന്ന കവിതയില്‍ (വെബ്‌സീന്‍, പാക്കറ്റ് 39) മധു ബി. ഇത് വളരെ ഭംഗിയായി ചെയ്തുവച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള വലിയൊരു കാന്‍വാസിലെ ഭീകരതയെ, നമ്മുടെ മനസ്സിന്റെ അതിരുകളിലൂടെ നുഴഞ്ഞുകയറ്റിവിടുന്നതിന് മധു സ്വീകരിച്ച വഴിയാണ് ഈ കവിതയുടെ ക്രാഫ്റ്റ്. കുറേക്കൂടി മനസ്സിലാവുന്ന സാഹചര്യത്തില്‍, എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ മധു അഫ്ഗാനെ നമ്മളുടെ ജീവിത പരിസരത്ത് കൊണ്ടുവന്ന് കെട്ടുന്നു. സിനിമയില്‍ കെ.ജി. ജോര്‍ജ്ജിനേപ്പോലുള്ളവര്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിത്.

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രമാണ്' എന്ന ബെന്യാമിന്റെ "ആടുജീവിത'ത്തിലെ വരികള്‍ തുറന്നുവെക്കുന്നതും ഒരു വലിയ വെളിച്ചമാണ്. ഈ വെളിച്ചത്തിലിരുന്ന് എഴുതിയ ഒരു കവിതയായും അഫ്ഗാന്‍ വായിക്കപ്പെടേണ്ടതുണ്ട്.
സൂക്ഷിച്ചുവായിച്ചാല്‍ സ്വാതന്ത്ര്യം എന്ന ആണിയില്‍ തൂങ്ങിയാടുന്ന വലിയൊരു ഭൂപടമാണ് അഫ്ഗാന്‍ എന്നു കാണാം. കാലങ്ങളായി ഒരേ വേഗത്തില്‍, ഒരേ വൃത്തത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതത്തിന്റെ താളമാണ് കവിതയുടെ ആരംഭത്തിന്. ഈ പതികാലം ബോധപൂര്‍വ്വം കൊട്ടിയുണ്ടാക്കിയതാണ്. നഷ്ടപ്പെടുമ്പോള്‍ മാത്രം വിലതോന്നുന്ന കണ്ണുകളാണ് സ്വാതന്ത്ര്യം എന്ന തിരിച്ചറിവിലേക്കാണ് കവിത മെല്ലെ ഒഴുകിപ്പരക്കുന്നത്.
"നഗരത്തില്‍ നിന്ന്
അവധിക്ക് വന്ന ജോണേട്ടന്‍
ഇത്തവണത്തെ
സ്വാതന്ത്ര്യ ദിനം ശരിക്കും
ആഘോഷിക്കണമെന്ന്
പറഞ്ഞപ്പോഴാണ്
സ്വാതന്ത്ര്യത്തിന്റെ
മഹത്വം ഞങ്ങള്‍
തിരിച്ചറിഞ്ഞത്.'
നിങ്ങള്‍ അനുഭവിക്കുന്നതല്ല സ്വാതന്ത്ര്യം എന്നു ധ്വനിപ്പിച്ച് ശരിക്കുള്ള സ്വാതന്ത്ര്യം ആഘോഷിക്കാനെത്തുന്ന ജോണേട്ടന് ഇവിടെ ലോകപോലീസിന്റെ മുഖഛായയാണ്. അനുഭവിക്കുന്നതിന് അപ്പുറത്തേക്ക് ആഘോഷിക്കപ്പെടേണ്ടതുകൂടിയാണ് സ്വാതന്ത്യം എന്ന ബോധത്തിലേക്കുള്ള വഴിതെറ്റിക്കല്‍ അയാള്‍ സമര്‍ത്ഥമായി നടപ്പാക്കുന്നുണ്ട്.
നമ്മളുടെയെല്ലാം നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തിന് ജാതിയും മതവും ഇല്ല, ഒരേ മൂര്‍ച്ചകൊണ്ടുതന്നെ മുറിവേറ്റവരാണ് എല്ലാവരും എന്നീ സത്യങ്ങളെ കരുണാകര മേനോന്‍, തോമസ്, ഹമീദ് തുടങ്ങിയ മനുഷ്യരിലൂടെ കവിത വിടര്‍ത്തിയിടുന്നു.
മരണ പ്പാച്ചിലിനിടയിലും അവരെല്ലാം തിരഞ്ഞിട്ടുകാണാത്ത മുഖവും ജോണ്‍ എന്ന ലോകപോലീസിന്റേതാണ്. ഇത് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ പകര്‍പ്പാണ്.
ചന്ദ്രന്‍ വല്ലാത്തൊരു ബിംബമായി "അഫ്ഗാനി'ല്‍ പലയിടങ്ങളിലും ഉദിച്ചുനില്‍ക്കുന്നുണ്ട്. ഒരേ ചന്ദ്രനെ പല അവസ്ഥകളിലും ഒരേ മനുഷ്യര്‍ കാണുന്നു. ഓരോ സമയത്തും തങ്ങളുടെ അപ്പോഴത്തെ മനസ്സിനിണങ്ങുന്ന തരത്തില്‍ അവരെല്ലാം അതിനെ വായിച്ചെടുക്കുന്നു.
1
"രാവിലെ കുന്നിന്‍ മുകളില്‍
സൂര്യന്‍ ഉദിക്കുമ്പോള്‍
ഞങ്ങള്‍ ഉണരും.
വൈകീട്ട്
ചന്ദ്രന്‍ ഉദിക്കും വരെ
ജീവിക്കും.'
2
"രാത്രി
പാടത്തിനപ്പുറത്തുള്ള
കുന്നിന്മേല്‍
പതിവു പോലെ
ചന്ദ്രനെത്തി.
പരിഭ്രാന്തരായ
ഞങ്ങള്‍ക്ക്
അന്നത് കണ്ടുനില്‍ക്കാനുള്ള
സമയമുണ്ടായിരുന്നില്ല.'
3
"അതിവേഗത്തില്‍
കുന്നിറങ്ങി വരുന്ന
അതിന്റെ
പുറകിലാകാശത്ത്
ഒരു ചീള് ചന്ദ്രന്‍
മുറിഞ്ഞു തൂങ്ങി നിന്നു .'
അഫ്ഗാനെ ചന്ദ്രക്കലയോട് ചേര്‍ത്തുവായിക്കുമ്പോള്‍ അതില്‍നിന്നും പുറത്തേക്കൊഴുകുന്നത് നിലാവല്ല എന്ന് ബോധ്യപ്പെടുന്നുണ്ട്. ഒറ്റനോട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ വെടിക്കോപ്പുകള്‍ നിറച്ചുവച്ച വലിയൊരു ആയുധപ്പുരയാണ് അത്. നിങ്ങളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങള്‍ നിങ്ങള്‍ക്കുമേല്‍ പ്രയോഗിക്കുവാന്‍ കുന്നിറങ്ങിവരുന്ന രൂപമാണ് അതിനെ ഭീകരമാക്കുന്നത്. ഇത് അഫ്ഗാന്റെ മാത്രമല്ല മറിച്ച് മതത്തെ, വംശീയതയെ ആയുധമാക്കുന്ന എല്ലാത്തിനേയും പ്രതിനിധാനംചെയ്യുന്ന രൂപമാണ്. ഇവരുടെ പ്രകടനങ്ങള്‍ക്കു മുന്നില്‍ വെറും കാഴ്ച്ചക്കാരും കേള്‍വിക്കാരുമായി നിശ്ചലമായി ഇരിക്കേണ്ടി വരുന്ന ഒരു ജനതയെക്കൂടി കവിത കാണിച്ചുതരുന്നുണ്ട്.
പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ ഇല്ലാത്ത കവിതയാണ് "അഫ്ഗാന്‍'. പക്ഷേ അവസാനം ഒരു ഗ്രാമം മുഴുവനും വലിയൊരു യോനിയായി രൂപംമാറുന്നുണ്ട്.
"അതിന്റെ മൂര്‍ച്ചയുടെ മുന്‍പില്‍
ഞങ്ങള്‍ വലിയൊരു യോനിയായി.
പേടിയുടെ മൂത്രച്ചൂടില്‍ കുതിര്‍ന്ന
ഞങ്ങളുടെ
മഞ്ഞ ഭൂപടം
മുറിഞ്ഞു.'
ഏതൊരു അധിനിവേശവും ഒരു നാടിനുനേരെയുള്ള ബലാത്സംഗമാണെന്നുതന്നെയാണ് ഇതു പറഞ്ഞുവയ്ക്കുന്നത്. അധിനിവേശം കീഴടക്കുന്നത് രാജ്യമെന്ന സ്ത്രീയെയാണെന്നും, അതിന്റെ അതിരുകള്‍ക്കുള്ളില്‍ ഒറ്റപ്പെടുന്ന മറ്റു സ്ത്രീകള്‍ വെറും ഉപകരണങ്ങള്‍ മാത്രമായി മാറ്റപ്പെടുന്നുവെന്നും മധു ഒന്നുകൂടി അമര്‍ത്തി പറയുന്നു.
"അഫ്ഗാന്‍' എന്ന കവിത ഒരുപാട് സങ്കടങ്ങളുടെ വലിയൊരു രാജ്യമാണ്. വേരുകള്‍ ഒരുപാട്
പ്രദേശങ്ങളിലേക്ക് പടര്‍ന്നുകിടക്കുന്നതുകൊണ്ട് ഈ സങ്കടങ്ങളുടെ കൃത്യമായൊരു ഭൂപടം വരച്ചെടുക്കുക പക്ഷേ പ്രയാസമാണ്.
പ്രതീഷ് നാരായണന്‍,
വൈറ്റില, എറണാകുളം
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media