Sunday, 14 August 2022

കത്തുകള്‍


Image Full Width
Image Caption
ഹരിത പ്രവര്‍ത്തകര്‍
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


ആ പെണ്‍കുട്ടികള്‍ക്കുമേല്‍ നടപ്പായത് മതങ്ങളുടെ സ്വഭാവിക നീതി മാത്രം

"മതങ്ങള്‍ പെണ്ണുങ്ങളെ ഭയക്കുന്നു, ഇടതുപക്ഷത്തെയും ഭയക്കുന്നു' എന്ന ലേഖനം (പാക്കറ്റ് 41) സമകാലിക സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. കാരണം, കമ്യൂണിസത്തിനെതിരെ മാത്രമല്ല, ഈ കാലഘട്ടത്തില്‍ പുരോഗമനപരമായ നിലപാടെടുക്കുന്ന ഏതു പ്രത്യയശാസ്ത്രത്തെയും വിദ്വേഷപൂര്‍വം നേരിടുക എന്നത് മതവര്‍ഗീയതയുടെ കൊടിയടയാളമായി മാറിയിരിക്കുകയാണ്. വര്‍ഗീയത ആളിക്കത്തിച്ചാലല്ലാതെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങളുടെ പേരില്‍ പിഴച്ചുപോകുന്ന പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പില്ല.

ശരിക്കും, മത വിശ്വാസികളിലുണ്ടാകുന്ന നേരിയ വീണ്ടുവിചാരങ്ങളെപ്പോലും മുളയിലേ നുള്ളുക എന്ന ദൗത്യമാണ് ഇത്തരം സംഘടനകള്‍ക്കുള്ളത്. ഇസ്‌ലാമിലെ പല വിശ്വാസങ്ങളെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുതന്നെ നിലപാടെടുക്കുന്ന വിശ്വാസികളുടെ എണ്ണം കൂടിവരുന്നുണ്ട്, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍. വിദ്യാഭ്യാസം അതില്‍ ഒരു പ്രധാന ഘടകമാണ്. കൂടാതെ, ആധുനിക ലോകവുമായുള്ള വിനിമയസാധ്യതകള്‍ ഇന്ന് പെണ്‍കുട്ടികള്‍ക്ക് ധാരാളമായി ലഭിക്കുന്നുണ്ട്. മതത്തിന്റെ അടഞ്ഞ ചട്ടക്കൂടുകളില്‍നിന്ന്, അതിന്റ പുരുഷാധിപത്യപരമായ ഘടനയില്‍നിന്ന്, മനുഷ്യത്വവിരുദ്ധതയില്‍നിന്നെല്ലാം പുറത്തുവന്ന് സ്വതന്ത്ര വ്യക്തികളാകാനുള്ള ത്വര ശക്തമാണിന്ന്.

കെ.എസ്. ഇന്ദുലേഖ
കെ.എസ്. ഇന്ദുലേഖ

എന്നാല്‍, ഇസ്‌ലാം അടക്കമുള്ള മതങ്ങളാകട്ടെ, അവക്കുള്ളിലെ നേരിയ നവീകരണ ശ്രമങ്ങളെപ്പോലും റദ്ദാക്കി മൗലികവാദത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പൊട്ടക്കിണറുകളില്‍ സുഖവാസം നടത്തുകയാണ്. മതസംഘടനകളാണ് ഈ തിരിച്ചുപോക്കിന്റെ പതാകാവാഹകര്‍. കാരണം, മതത്തിന് ഒരുതരത്തിലുമുള്ള "പോറലേല്‍ക്കാതെ' സംരക്ഷിച്ചാലേ ഇത്തരം സംഘടനകള്‍ക്ക് നിലനില്‍പ്പുള്ളൂ. കേരളത്തിലെ അവസ്ഥ തന്നെ നോക്കൂ, ഇസ്‌ലാമിനകത്ത് എന്തെങ്കിലും പരിഷ്‌കരണസംബന്ധമായ ചര്‍ച്ചകളോ സംവാദങ്ങളോ ഉയര്‍ന്നുവന്നാല്‍, അതുവരെ പരസ്പരം കടിച്ചുകീറുന്ന സംഘടനകളെല്ലാം ഒന്നാകും. സ്വന്തം മതത്തെ ഏറ്റവും "ശുദ്ധി'യോടെ ഉയര്‍ത്തിപ്പിടിക്കുന്നവരാകും.

ഇപ്പോള്‍, തന്നെ മുസ്‌ലിംലീഗിലെ "ഹരിത' എന്ന പെണ്‍കുട്ടികളുടെ വേദി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയം എന്നതിനൊപ്പം ലിംഗപരവും മതപരവും കൂടിയായ തലങ്ങളുണ്ട്. മതപരം, എന്നാല്‍, ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരാല്‍ "അനുവദിക്കപ്പെടേണ്ട' സ്‌പെയ്‌സിനെക്കുറിച്ചുള്ള ചട്ടം പാലിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, ഏത് മുസ്‌ലിം സംഘടനയാണ് പരസ്യമായി ഇവരെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്? പല "പുരോഗമന' മുസ്‌ലിം സംഘടനകളുടെയും വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ആണുങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമാണ് സംഘടന. ഇപ്പോഴും ആണ്‍- പെണ്‍ കുട്ടികളെ മറയിട്ട് മറച്ച് പഠിപ്പിക്കുന്ന ക്ലാസ്‌റൂമുകളുണ്ട്, "ഇടകലരല്‍' അപകടകരമാണ് എന്ന് മതശാസന അണുവിട തെറ്റാതെ പാലിക്കുന്ന പുരോഗമനവാദികളുണ്ട്.

ശ്രീജ നെയ്യാറ്റിന്‍കര
ശ്രീജ നെയ്യാറ്റിന്‍കര

അടിച്ചേല്‍പ്പിക്കപ്പെടുന്ന ആണധികാര മത ഫത്‌വകള്‍, സ്ത്രീകളുടെ സ്വയംനിര്‍ണയാവകാശമായി അവരെക്കൊണ്ടുതന്നെ ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ബൗദ്ധികകേന്ദ്രങ്ങളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച സംസ്ഥാന പ്രസിഡന്റായിരുന്ന ശ്രീജ നെയ്യാറ്റിന്‍കര ട്രൂകോപ്പി തിങ്കില്‍ എഴുതിയത് ഓര്‍മ വരുന്നു: ""എന്റെ അനുഭവം പറയുകയാണെങ്കില്‍, രാഷ്ട്രീയ സംഘടനയില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഞാന്‍ പോരാടി നേടിയെടുത്തതായിരുന്നു. അതെന്തേ എന്നോട് ചോദിച്ചില്ല, അതെന്തേ എന്നോട് പറഞ്ഞില്ല, ആ കമ്മിറ്റിയില്‍ എന്തുകൊണ്ട് സ്ത്രീ പ്രാതിനിധ്യം ഇല്ല എന്ന  ചോദ്യങ്ങള്‍ ഞാന്‍ നിരന്തരം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചു കൊണ്ടേയിരുന്നു. എന്റെ ഉറക്കെയുള്ള സംസാരവും ചിരിയും പോലും പുരുഷ നേതാക്കളെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ നിരവധി തവണ എന്നെ  പാര്‍ട്ടി നടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. രാജിക്ക് തൊട്ടു മുന്‍പുള്ള സസ്‌പെന്‍ഷന്‍ നടപടിയും അഭിപ്രായം പറഞ്ഞതിന്റെ പേരിലായിരുന്നു. ഫെമിനിസം  എന്നത് എന്തോ കുഴപ്പം പിടിച്ച വാക്കായാണ് പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തപ്പെട്ടത്.'' ഇതാണ് ഇപ്പോഴുമുള്ള പുരോഗമനത്തിന്റെ അവസ്ഥ. അപ്പോള്‍, "ഹരിത'യിലെ പെണ്‍കുട്ടികള്‍ മതത്തിന്റെ സ്വഭാവിക നീതിക്ക് ഇരയാകുകയായിരുന്നുവെന്നുവേണം പറയാന്‍.

ഖദീജ അന്‍വറലി,
ദുബായ്, യു.എ.ഇ


ഇടതുപക്ഷമോ സംഘ്പരിവാറോ? ആരാണ് മുഖ്യശത്രു?

വെബ്‌സീനില്‍ കെ.എസ്. ഇന്ദുലേഖ എഴുതിയ ലേഖനം വായിച്ചതിന്റെ തൊട്ടുപുറകേയാണ് പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം കേട്ടത്. കുര്‍ബാനക്കിടെ അല്‍ത്താരയില്‍നിന്ന് നടത്തിയ ഒരു പ്രസംഗം കൂടിയായിരുന്നു ഇത്. തന്റെ അജഗണങ്ങള്‍ക്കായി പിതാവ് നടത്തിയ ഉപദേശം എന്നാണ് രൂപതാവക്താക്കള്‍ ഈ വിഷംചീറ്റലിനെ വിശദീകരിക്കുന്നത്. ഇത് ആരെ ഉന്നംവെച്ചാണ് എന്ന് വിശദീകരിക്കേണ്ടതില്ല. പൊടുന്നനെ തുടങ്ങിവെച്ച ഒരു പ്രചാരണവുമല്ല ഇത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നുശേഷം സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ശക്തിപ്പെട്ട മുസ്‌ലിംവിരുദ്ധതയുടെ ഏറ്റവും വലിയ സഖ്യകക്ഷി ക്രിസ്ത്യന്‍ പുരോഹിതവര്‍ഗവും സഭകളുമാണ്.

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

കേരളത്തില്‍ ഭരണകൂടവുമായുള്ള വിലപേശല്‍ ചങ്ങാത്തം വിലപ്പോകാതെ വരികയും കക്ഷിരാഷ്ട്രീയത്തില്‍ അവിഹിതമായി ഇടപെടാനുള്ള സ്‌പെയ്‌സ് കുറഞ്ഞുവരികയും ചെയ്തപ്പോഴാണ് സഭ പുതിയ സഖ്യകക്ഷിയെ കണ്ടെത്തിയത്; സംഘ്പരിവാര്‍. സഭാ തര്‍ക്കം തീര്‍ക്കാനെന്ന മട്ടില്‍, കേന്ദ്രമന്ത്രിയുടെയൊക്കെ ഒത്താശയോടെ നടന്ന പിതാക്കന്മാരുടെ ഡല്‍ഹി യാത്രകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളം കണ്ടു. അതിന്റെ പ്രതിഫലനമെന്നോണം, ക്രിസ്ത്യന്‍- മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത കൂടിവരുന്നു എന്ന മട്ടിലുള്ള കാമ്പയിനും ഇവര്‍ തന്നെ തുടങ്ങിവച്ചു. അത്, തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച "വിജയം' നേടിയില്ല. മാത്രമല്ല, സ്വന്തം കക്ഷി ഇടതുപാളയത്തിലേക്ക് പോയതും വലിയ തിരിച്ചടിയായി.

ഇടതുപക്ഷ കക്ഷി എന്ന നിലയ്ക്കുള്ള പ്രാരാബ്ദം ജോസ് കെ. മാണിയുടെ ചുമലിലുള്ളതിനാല്‍, ഒരു സ്വഭാവിക സഖ്യകക്ഷി എന്ന നിലക്ക് കേരള കോണ്‍ഗ്രസുമായുള്ള ബന്ധവും അറ്റുപോയിരിക്കുന്നു. പിതാക്കന്മാരുടെ ഈ കാമ്പയിനുകളുടെ അടിസ്ഥാനം, ഇത്തരം വിറളികളില്‍നിന്നുണ്ടാകുന്നതാണ്. അത് നിരുപദ്രവമായ ഉപദേശങ്ങളല്ല. എന്നാല്‍, മുസ്‌ലിം സംഘടനകള്‍ ഈ വസ്തുതകള്‍ ശരിയായി ഗ്രഹിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് ഖേദകരം. അവര്‍ "മുഖ്യശത്രു'വായി കാണുന്നത്, സംഘ്പരിവാറിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെയാണ്. വിശ്വാസത്തെ തങ്ങള്‍ ജീവിക്കുന്ന ലോകത്തെ യാഥാര്‍ഥ്യങ്ങളിലേക്ക് പരിവര്‍ത്തിപ്പിച്ച പരിഷ്‌കരണവാദികളുണ്ടായിരുന്നതുകൊണ്ടാണ് മതം ഇന്നത്തെ നിലയില്‍ നിലനില്‍ക്കുന്നത്.

മതത്തെ നിഷേധാത്മകമായി കാണുന്ന കമ്യൂണിസം എവിടെയാണ് നിലനില്‍ക്കുന്നത് എന്ന് ഈ മതസംഘടനകള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇടതുപക്ഷം എന്നതുതന്നെ വര്‍ഗേതരമായതും ജനാധിപത്യപരമായതുമായ വിവിധ സംവര്‍ഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനമാണ്. അത് ഒരുകാലത്തും മതവിരുദ്ധമായിരുന്നിട്ടില്ല. അതേസമയം, മതത്തിന്റെ പിന്തിരിപ്പത്തരങ്ങളെ എതിര്‍ക്കാതിരുന്നിട്ടുമില്ല. അതുകൊണ്ടാണ്, മുസ്‌ലിം വിഭാഗത്തിന് കേരളത്തില്‍ ഇടതുപക്ഷം സ്വീകാര്യമായത്. എന്നാല്‍, ഇടതുപക്ഷവല്‍ക്കരിക്കപ്പെടുക എന്നാല്‍ പുരോഗമനവല്‍ക്കരിക്കപ്പെടുക എന്ന അര്‍ഥം കൂടിയുള്ളതുകൊണ്ട്, വിശ്വാസികളുടെ ഇടതുപക്ഷവല്‍ക്കരണത്തെ മത സംഘടനകള്‍ ഭയപ്പെടുന്നു. പൗരത്വം പോലും നിഷേധിച്ച് ആട്ടിപ്പായിക്കാനൊരുങ്ങുന്ന ഒരു സംഘത്തിനാണ് ഇതിലൂടെ അവര്‍ തലവെച്ചുകൊടുക്കുന്നത്, വളം വെച്ചുകൊടുക്കുന്നത്.

റീന എലിസബത്ത്,
ചങ്ങനാശ്ശേി, കോട്ടയം


രണ്ടാം വിമോചന സമരം ഉണ്ടാകില്ല; പക്ഷേ...

പ്രമോദ് പുഴങ്കര എഴുതിയ ലേഖനം, "കമ്യൂണിസ്റ്റ് ഭൂതം ആരെയാണ് ഭയപ്പെടുത്തുന്നത്' (പാക്കറ്റ് 41) വായിച്ചു. വിമോചന സമരകാലത്തെ അതേ അവിശുദ്ധസഖ്യം പിന്നീടും ഒരു പൊട്ടന്‍ഷ്യല്‍ ത്രെട്ട് എന്ന നിലയ്ക്ക് കേരള രാഷ്ട്രീയത്തില്‍ നിലനിന്നുപോന്നിരുന്നു. അനുകൂല സാഹചര്യം കിട്ടിയാല്‍ അത് തലപൊക്കും. അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍. അതായത്, ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടിയപ്പോള്‍, ഇടതുപക്ഷത്തെ കടപുഴക്കാന്‍ ശ്രമിച്ച വര്‍ഗീയ ശക്തികളെല്ലാവരും ഒന്നായി മാറുന്ന കാഴ്ച.

പ്രമോദ് പുഴങ്കര
പ്രമോദ് പുഴങ്കര

നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള വ്യാജസ്തുതികളില്‍ അഭിരമിക്കുന്നവരാണ് നമ്മള്‍, എന്നാല്‍, നവോത്ഥാനമല്ല, വെറും പരിഷ്‌കരണശ്രമങ്ങള്‍ മാത്രമാണ് കേരളീയ സമൂഹത്തിലുണ്ടായിട്ടുള്ളത്. അതിന്റെ ഫലമായി പാതിവെന്ത ജാതി- മത- സാമുദായിക സംഘങ്ങള്‍, അനുകൂല സന്ദര്‍ഭങ്ങളിലെല്ലാം തലപൊക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ അടിസ്ഥാനം മുന്നണി സംവിധാനമായതോടെയാണ്, ഇത്തരം സാമൂഹിക വിരുദ്ധശക്തികള്‍ക്ക് വിലപേശല്‍ ശേഷി വന്നത്. അതിന് ഇടതുപക്ഷം കൊടുത്ത വില ചില്ലറയുമല്ല. യു.ഡി.എഫില്‍നിന്ന് സാരമായ മാറ്റമൊന്നുമില്ലാത്ത ഒന്നായി എല്‍.ഡി.എഫ് മാറിയതും അതുകൊണ്ടാണ്. എങ്കിലും അല്‍പമെങ്കിലും പ്രതീക്ഷ ബാക്കിവെക്കുന്നവരെ സംബന്ധിച്ച് ഇടതുപക്ഷമല്ലാതെ ഇന്ന് മറ്റൊരു ഓപ്ഷനുമില്ല.

പുരോഗമനപക്ഷത്തിന്റെ അത്തരമൊരു സഹഭാവം ഇന്നും ഇടതുപക്ഷത്തോടൊപ്പമുള്ളതുകൊണ്ടാണ്, മത വര്‍ഗീയത, ഇടതുപക്ഷത്തെ മുഖ്യശത്രുവായി ഗണിക്കുന്നത്. മാത്രമല്ല, നിയമനിര്‍മാണങ്ങളിലൂടെ പോലും കേരളത്തിലെ ജാതി- ഫ്യൂഡല്‍ ഘടനക്ക് ഏറ്റവും പരിക്കേല്‍പ്പിച്ചിട്ടുള്ളത് ഇടതുസര്‍ക്കാറുകളുടെ നടപടികളാണ്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സാധ്യമാക്കിയ ആ വിടുതല്‍, കൂടുതല്‍ തനിമയുള്ള ഒരു സമൂഹസൃഷ്ടിക്ക് വിത്തുവിതച്ചുവെന്നത് മറക്കാനാകില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ശക്തികള്‍ക്ക് പിടിവള്ളി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോഴത്തെ ആക്രോശങ്ങള്‍ നാം കേള്‍ക്കുന്നത്. എന്‍.എസ്.എസും സമസ്തയും സഭകളുമെല്ലാം "പൊതുശത്രു'വിനെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ മുന്നേറുന്നത്. അതിന് കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയും. രണ്ടാമതൊരു വിമോചന സമരം സാധ്യമാക്കാന്‍ ഇവര്‍ക്ക് കഴിയാത്തവിധം കേരളീയ സമൂഹം മുന്നേറിയിട്ടുണ്ട്, എന്നാല്‍, ആ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തിന് ഒരു ഭരണകൂടം എന്ന നിലയ്ക്കും രാഷ്ട്രീയ സംവിധാനം എന്ന നിലയ്ക്കും എത്രത്തോളം കഴിയും എന്നതാണ് ചോദ്യം.

കെ.പി. രവീന്ദ്രന്‍,
എസ്.എന്‍. പുരം, തൃശൂര്‍


പിണറായിയുടെ അള്‍ത്താര വാര്‍ത്താസമ്മേളനം

പ്രമോദ് പുഴങ്കരയുടെയും കെ.എസ്.  ഇന്ദുലേഖയുടെയും "പ്രത്യാശാനിര്‍ഭരമായ' ലേഖനങ്ങള്‍ (പാക്കറ്റ് 41) വായിച്ചു. ഇവര്‍, ഇടതുപക്ഷത്തുനിന്നുകൊണ്ട് പ്രകടിപ്പിച്ച പ്രതീക്ഷയുടെ ആയുസ്സ് എത്രയാണ്? ഒരു ഉദാഹരണം മാത്രം: പാലാ ബിഷപ്പിന്റെ പ്രകോപന പ്രസംഗമാണല്ലോ ഇപ്പോള്‍ കേരളത്തെ "കത്തിച്ചു'കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പലയിടങ്ങളിലും അജഗണം പരസ്യമായ ആഹ്വാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ തന്നെ നമ്മുടെ സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്നതാണ് ബിഷപ്പിന്റെ പ്രസംഗം. അതിനെ ആദ്യമായി തള്ളിപ്പറയേണ്ട ആള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ""പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതന്‍ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ നാം എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയില്‍ ഒക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണ്.'' മറ്റൊരു അല്‍ത്താരയില്‍നിന്ന് പറയുന്നപോലുള്ള ഉപദേശ സ്വരം.

പിണറായി വിജയന്‍
പിണറായി വിജയന്‍

"ബഹുമാന്യനായ' പാലാ ബിഷപ്പിനെ വേദനിപ്പിക്കാതിരിപ്പിക്കാന്‍ പ്രത്യേകം തെരഞ്ഞെടുത്ത വാക്കുകള്‍. കൂടാതെ, നാര്‍ക്കോട്ടിക്കിനെക്കുറിച്ച് ഉദ്‌ബോധനവും. നാര്‍ക്കോട്ടിക്കല്ല പാലാ ബിഷപ്പിന്റെ യഥാര്‍ഥ ഉല്‍ക്കണ്ഠ എന്ന് തിരിച്ചറിഞ്ഞ് ആ വിഷപ്രസ്താവനയെ തള്ളിക്കളയുകയും ചേരിതിരിവുണ്ടാക്കുന്ന ഈ പ്രസ്താവനക്കെതിരെ നടപടിയെടുക്കും എന്നുമായിരുന്നില്ലേ മുഖ്യമന്ത്രി പറയേണ്ടിയിരുന്നത്? "വര്‍ഗീയതക്കും ചേരിതിരിവിനും ഇടയാക്കുന്ന നിലപാട് ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല എന്നതാണ് സി.പി.എം നിലപാട്' എന്ന ഒരു പൊതുതത്വം പറഞ്ഞ പാര്‍ട്ടി ആക്റ്റിങ് സെക്രട്ടറി എ. വിജയരാഘവന്‍, അത്തരം നിലപാട് സ്വീകരിച്ച പാലാ ബിഷപ്പിനെ പരാമര്‍ശിക്കുകയോ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയോ ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരം ഒളിച്ചുകടത്തലുകള്‍ക്കിടയില്‍, ഇടതുപക്ഷത്തെ എങ്ങനെയാണ് പ്രതീക്ഷയോടെ കാണാനാകുക?

സി.ജെ. ജോഷി,
കാക്കനാട്, എറണാകുളം


ഐ.എം.എ നിഷേധാത്മകമാകരുത്, ക്രിയാത്മകമാകണം

ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ഡോ. എം. മുരളീധരന്റെ ലേഖനം (പാക്കറ്റ് 41) വായിച്ചു. കോവിഡുകാലത്ത് ഐ.എം.എ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്, അതിനോട് ഒട്ടൊക്കെ നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം, കോവിഡുകാലത്ത് ഐ.എം.എയുടേതും നിഷേധാത്മക നിലപാടു തന്നെയായിരുന്നു. തുടക്കം മുതല്‍ സര്‍ക്കാര്‍ നടപടികളെ ഒരുതരം ശത്രുതയോടെയാണ് അവര്‍ സമീപിച്ചത്. എന്തിലും കുറ്റം കാണുന്ന പ്രതിപക്ഷത്തെപ്പോലെ, നിരന്തരം ആക്ഷേപങ്ങളുന്നയിക്കുക. ആരോഗ്യപരിപാലനത്തോടൊപ്പം, സാമൂഹിക പ്രതിബദ്ധത കൂടി സര്‍ക്കാര്‍ നടപടികളില്‍ പ്രതിഫലിക്കേണ്ടതുണ്ട്.

ഡോ. എം. മുരളീധരന്‍
ഡോ. എം. മുരളീധരന്‍

അതനുസരിച്ച്, അതാതുസമയത്ത് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാറിന് ചെയ്യേണ്ടിവരും. ലോക്ക്ഡൗണ്‍, ഇളവുകള്‍, നിയന്ത്രണം കര്‍ശനമാക്കല്‍, കടകള്‍ അടച്ചിടല്‍, ഞായറാഴ്ച നിയന്ത്രണം, രാത്രി കര്‍ഫ്യൂ തുടങ്ങിയ കാര്യങ്ങള്‍ ഇങ്ങനെയാണ് ചെയ്യുക. ഇതിലൊന്നും മുന്‍കാല അനുഭവങ്ങളില്ലാത്തതുകൊണ്ട്, ചില പാളിച്ചകളും സംഭവിക്കും. എന്നാല്‍, അതിനെ ക്രിയാത്മകമായി വിമര്‍ശിക്കുന്നതിനുപകരം ആക്ഷേപ സ്വരമാണ് ഐ.എം.എയില്‍നിന്നുണ്ടായത്. മറ്റൊന്ന്, ഈയൊരു ഒന്നര വര്‍ഷത്തെ കാര്യങ്ങള്‍ വച്ചുകൊണ്ടുമാത്രം ഐ.എം.എയോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തെ വിലയിരുത്താന്‍ കഴിയില്ല. കാരണം, ഡോക്ടര്‍മാരുടെ സംഘടന എന്ന നിലയ്ക്ക്, കേരളത്തിന്റെ പൊതുജനാരോഗ്യമേഖലക്കും ആധുനിക മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട വൈജ്ഞാനിക മേഖലക്കും ഐ.എം.എയുടെ സംഭാവന എന്താണ്? അത് എന്നാണ് ഒരു ട്രേഡ് യൂണിയന്‍ സംഘടനയായിരിക്കുമ്പോള്‍ തന്നെ, ശാസ്ത്രസംഘടന എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുള്ളത്? ഐ.എം.എ ഒരു വിദഗ്ധ സമിതി അല്ലെന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പറയിച്ചതും മുന്‍കാല നിലപാടുകളാണ്.

പി.എന്‍. ശ്രീവത്സന്‍,
ആറ്റിങ്ങല്‍, തിരുവനന്തപുരം


മലബാര്‍ സമരത്തിന്റെ വേറിട്ട വായന

നൂറാം വാര്‍ഷികത്തില്‍ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ നടക്കുകയും പുസ്തകങ്ങള്‍ വരികയും ചെയ്യുന്നുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായ ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന ജി. ഉഷാകുമാരിയുടെ ലേഖനം (പാക്കറ്റ് 41) എന്തുകൊണ്ടും വിലപ്പെട്ട ഒന്നായി. മുമ്പ്, വെബ്‌സീനില്‍ ഡോ. കെ.എസ്. മാധവന്‍ എഴുതിയ "മലബാര്‍ സമരങ്ങളിലെ
പോരാളികള്‍ ഏതുതരം മുസ്‌ലിംകളാണ്' എന്ന ലേഖനത്തില്‍ ഉന്നയിച്ച വാദങ്ങളോട് ചേര്‍ത്തുവെക്കാവുന്ന വാദങ്ങളാണ് ഈ പുസ്തകവും ഉന്നയിക്കുന്നത്. ഏതുതരം മുസ്‌ലിംകളാണ് മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നേരിട്ട് പോരാളികളായി പങ്കെടുത്തത്?, കലാപകാരികളുടെ കീഴാളസ്വത്വം ജനവംശീയമായും കീഴാള രാഷ്ട്രീയമായും അടയാളപ്പെടുത്തിയിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് ഡോ. മാധവന്‍ ഉന്നയിക്കുന്നത്.

അബ്ദുള്‍കലാം മാട്ടുമ്മല്‍
ജി. ഉഷാകുമാരി , അബ്ദുള്‍കലാം മാട്ടുമ്മല്‍

അബ്ദുല്‍ കലാം മാട്ടുമ്മലിന്റെ പുസ്തകമാകട്ടെ, ചേറുമ്പില്‍ എന്ന പ്രദേശത്തെയും അവിടുത്തെ കര്‍ഷകരായ മുസ്‌ലിംകളുടെയും ദലിതരുടെയും പ്രാതിനിധ്യങ്ങളെയും പ്രമേയമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഡോ. ഷംഷാദ് ഹുസൈന്റെ ഗവേഷണത്തില്‍ ഒഴികെ, മലബാര്‍ കലാപത്തിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. എന്നാല്‍, ഈ പുസ്തകം, കലാപശേഷവുമുള്ള, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ മാളു ഹജ്ജുമ്മയുടെ നിയമപോരാട്ടത്തെ വരെ രേഖപ്പെടുത്തുന്നു. ചരിത്രപഠനത്തില്‍ പ്രാദേശികമായ വീണ്ടെടുപ്പുകള്‍ക്കും ആഖ്യാനങ്ങള്‍ക്കും പ്രാധാന്യമേറിവരികയാണ്. അതിലൂടെ, മുഖ്യധാരാ- പൊതുബോധ ചരിത്രനിര്‍മിതികള്‍ തമസ്‌കരിക്കുന്ന നിരവധി ആംഗിളുകള്‍ തെളിഞ്ഞുവരും. നൂറാം വര്‍ഷത്തിലാണെങ്കിലും, മലബാര്‍ സമരത്തെക്കുറിച്ചുള്ള പക്ഷം പിടിച്ച വ്യാഖ്യാനങ്ങളില്‍നിന്ന് വസ്തുതകളിലേക്ക് സഞ്ചരിക്കാന്‍ സഹായിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ ഇനിയും പുറത്തുവരട്ടെ.

കെ.കെ. ഉബൈദ്,
മസ്‌ക്കറ്റ്, ഒമാന്‍


തകഴി ഉപയോഗിച്ച 'സ്വാതന്ത്ര്യം'

ലയിലെ രാഷ്ട്രീയം, കലയുടെ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കരുണാകരന്റെ നിരീക്ഷണം (പാക്കറ്റ് 41) കൗതുകകരം കൂടിയാണ്. നമ്മുടെ എഴുത്തുകാരുടെ രാഷ്ട്രീയാസ്തിത്വങ്ങളെക്കുറിച്ചുള്ള പലതരം ആലോചനകളിലേക്ക് അത് നയിക്കുന്നു. തകഴിയെ സൂചിപ്പിച്ചതുകൊണ്ടാണ്, കൗതുകകരം എന്ന വാക്ക് ഉപയോഗിച്ചത്. ചെമ്മീന്‍, കയര്‍ എന്നീ കൃതികളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം "കലയിലെ സ്വാതന്ത്ര്യ'ത്തിനുവേണ്ടിയായിരുന്നിരിക്കണം എന്ന് കരുണാകരന്‍ എഴുതുന്നുണ്ട്.

തകഴി ശിവശങ്കരപ്പിള്ള
തകഴി ശിവശങ്കരപ്പിള്ള / Photo: Punalur Rajan

എന്നാല്‍, രണ്ടിടങ്ങഴി അടക്കമുള്ള മുന്‍കാല കൃതികളില്‍ ഈ "സ്വാതന്ത്ര്യം' അത്യന്തം "ഭംഗിയായി' അദ്ദേഹം എടുത്തിട്ടുണ്ട്. സവര്‍ണതയെയും ദലിതത്വത്തെയും തകഴി കൈകാര്യം ചെയ്യുന്നത് സംശയാസ്പദമായ രീതിയിലാണ്. "സവര്‍ണ വായനക്ക് അനുകൂലവും ദലിത് വിരുദ്ധവുമായ വ്യവസ്ഥ രണ്ടിടങ്ങഴി എന്ന നോവല്‍ രൂപവത്കരിക്കുന്നു' എന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ വിമര്‍ശനം ശ്രദ്ധിക്കുക.

റിയലിസ്റ്റിക് കാലഘട്ടത്തിനുശേഷമുള്ള മലയാള സാഹിത്യത്തിലെ ഉള്‍പിരിവുകളെ, കരുണാകരന്‍ പറഞ്ഞ ആശയവുമായി ബന്ധിപ്പിച്ചാലും ഇതേ കൗതുകം ആവര്‍ത്തിക്കുന്നതായി അനുഭവിക്കാം, നമ്മുടെ സച്ചിദാനന്ദനില്‍ വരെ.

ഉമ ബാലന്‍,
കണ്ണൂര്‍


മുസ്‌ലിം; ജനത എന്ന നിലയിലും സംഘടന എന്ന നിലയിലും

"താലിബാന്റെ രണ്ടാം വരവിനെ മുസ്‌ലിംകള്‍ വിമര്‍ശിച്ചില്ല എന്നും അതിനെ സ്വാഗതം ചെയ്‌തു എന്നുമുള്ള പൊതുകാഴ്ചപ്പാട് വളരെ വേഗം രൂപപ്പെട്ടു' എന്ന് എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു (പാക്കറ്റ് 41). ഇത്തരമൊരു കാഴ്ചപ്പാട് ഗൂഢോദ്ദേശ്യത്തോടെ രൂപപ്പെടുത്തിയതാണ് എന്ന് ഇതിനെ തിരുത്തേണ്ടിവരും. അത് ചെയ്തത് ഇവിടുത്തെ നിക്ഷിപ്ത താല്‍പര്യക്കാരായ മുസ്‌ലിം സംഘടനകള്‍ തന്നെയാണ്. സംഘടനകള്‍ തങ്ങളുടെ പ്രാതിനിധ്യത്തെ സമുദായത്തിന്റെ ഒന്നാകെയുള്ള പ്രാതിനിധ്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന സൂത്രമാണ് ഇതിലൂടെ നിറവേറ്റുന്നത്.

കേരളത്തില്‍ മത തീവ്രവാദവും അപകടകരമായ സ്വത്വബോധവും നിര്‍മിച്ചെടുക്കുന്ന സംഘടനകള്‍ ഉണ്ട് എന്നത് സത്യമാണ്. അതിന് മുസ്‌ലിം സമുദായവുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല. സംഘടനകളുടെ അപകടകരമായ നീക്കങ്ങളെ ചൂണ്ടിക്കാട്ടിയാല്‍ "സമുദായത്തെ വിമര്‍ശിക്കുന്നു' എന്ന മട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. അങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം സമുദായ സംരക്ഷകരായി മാറുന്നത്. ഇത്തരം വിഭാഗങ്ങള്‍ക്ക് സമുദായത്തില്‍ എന്തുമാത്രം സ്വാധീനമുണ്ട് എന്നത് ആലോചിക്കേണ്ട വിഷയമാണ്.

മുഹമ്മദ് ഇര്‍ഷാദ്
മുഹമ്മദ് ഇര്‍ഷാദ്

താലിബാന്‍ ആശയങ്ങളോടുള്ള അനുകൂല സമീപനം വിമര്‍ശിക്കപ്പെടുമ്പോള്‍ അതിനെ സമുദായവിമര്‍ശനമെന്ന കരച്ചിലാക്കി മാറ്റുകയാണ് മുഹമ്മദ് ഇര്‍ഷാദും ചെയ്യുന്നത്. ദേശീയപാത വികസനത്തിനും ഗെയില്‍ പദ്ധതിക്കും എതിരെ നടന്ന സമരങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യത്തിന് കാരണം, മതം മാത്രമല്ല എന്ന് അദ്ദേഹം എഴുതുന്നു. അതിനര്‍ഥം, മതവും ഒരു ഘടകമാണ് എന്നാണ്. ഇത്തരം ജനകീയ ഇഷ്യൂകളില്‍ മതവും വിശ്വാസവും ഘടകങ്ങളായി വരുന്നത് എങ്ങനെയാണ്? ആരാണ് അതിന് ഉത്തരവാദികള്‍? വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കുന്ന ഈ ഇടപെടലുകള്‍ക്ക് മുസ്‌ലിം സംഘടനകള്‍ തന്നെയല്ലേ ഉത്തരവാദികള്‍?

മുഹമ്മദ് ബഷീര്‍,
തൊട്ടില്‍പ്പാലം, കോഴിക്കോട്


പെരിയാറില്‍ എവിടെയാണ് മലിനീകരണം കുറഞ്ഞത്?

പെരിയാറിലെ ജലമലിനീകരണം ആദ്യകാലങ്ങളില്‍നിന്ന് വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്ന്, കെമിസ്റ്റ് എന്ന നിലയ്ക്കുന്ന തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രദീപ് പുരുഷോത്തമന്‍ എഴുന്നതില്‍ ആശയക്കുഴപ്പം തോന്നുന്നു. അതിന് ഒരുതരം ഔദ്യോഗിക ഭാഷ്യത്തിന്റെ ചുവയുണ്ട്. കാരണം, ലോക്ക്ഡൗണ്‍ കാലത്തുപോലും, വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നിട്ടും പെരിയാറിലെ മലിനീകരണത്തിന് ഒരു ശമനവുമുണ്ടായിട്ടില്ലെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ പോലും തെളിഞ്ഞിട്ടുണ്ട്.

പാതാളം- ഏലൂര്‍ വ്യവസായ മേഖലയിലാണ് മലിനീകരണം രൂക്ഷമായി തുടരുന്നത്. ഘനലോഹങ്ങളുടെ സാന്നിധ്യവും ജലത്തില്‍ കാലങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളുമാണ് പ്രശ്‌നത്തിന് കാരണമെന്ന് പഠനത്തില്‍ കാണാം. അതുകൊണ്ട്, ഫാക്ടറികളില്‍നിന്നുള്ള മാലിന്യത്തിന്റെ ഒഴുക്കിന് താല്‍ക്കാലിക ശമനമുണ്ടായാലും പെരിയാറിലെ ജലം മലിനമായി തന്നെ അവശേഷിക്കും.

പ്രദീപ്​ പുരു​ഷോത്തമന്‍റെ ആത്മകഥ 'ആവര്‍ത്തനപ്പട്ടികയിലെ ജീവിത'ത്തില്‍ ലേഖകന്‍റെ ചിത്രീകരണം.
പ്രദീപ്​ പുരു​ഷോത്തമന്‍റെ ആത്മകഥ 'ആവര്‍ത്തനപ്പട്ടികയിലെ ജീവിത'ത്തില്‍ ലേഖകന്‍റെ ചിത്രീകരണം.

പൊതുജനം കൂടുതല്‍ ജാഗരൂകമായതിനാല്‍ ഫലപ്രദമായ മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഫാക്ട് നിര്‍ബന്ധിതമായി എന്നെല്ലാം പ്രദീപ് പുരുഷോത്തമന്‍ എഴുതുന്നുണ്ട്. ഇതില്‍ അല്‍പം പോലും വാസ്തവം ഇല്ല എന്നാണ് വിദഗ്ധ സമിതികളുടെയും നിയമസഭാ സമിതികളുടെയുമെല്ലാം റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പെരിയാറിനെ മലിനീകരിക്കുന്നവരുടെ പട്ടിക തയാറാക്കി നല്‍കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ട് അധിക കാലമായിട്ടില്ല. ഏലൂര്‍ നഗരസഭയിലും കടുങ്ങല്ലൂര്‍ പഞ്ചായത്തിലും 300ഓളം കമ്പനികളുണ്ട്, ഇവയില്‍ നൂറിലേറെ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവയാണ്. ഈ കമ്പനികള്‍ രാസമാലിന്യം നേരിട്ട് പെരിയാറിലേക്ക് ഒഴുക്കിവിടുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ. യുറേനിയം കലര്‍ന്ന മാലിന്യം തള്ളിയതായി നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഏലൂര്‍ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് കാഡ്മിയത്തിന്റെ അംശമുള്ള മാലിന്യം ധാരാളമായി വേമ്പനാട് കായലില്‍ വരെ എത്തുന്നുണ്ടത്രേ. വെള്ളത്തിന്റെ നിറം മാറുന്നതും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്നതും സംസ്‌കരിക്കാത്ത മാലിന്യം തള്ളുന്നതുകൊണ്ടാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പെരിയാറില്‍ 35 ഇനം മത്സ്യമുണ്ടായിരുന്നത് ഇന്ന് 15 ഇനമായി ചുരുങ്ങി. ഇത്തരം വസ്തുതകള്‍ മറച്ചുപിടിച്ച്, മലിനീകരണം കുറഞ്ഞുവരികയാണെന്നും കമ്പനികള്‍ ഫലപ്രദമായ മലിനീകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നുമൊക്കെ പറയുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

പി. സത്യചന്ദ്രന്‍,
ഏലൂര്‍, കൊച്ചി


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media