കത്തുകള്‍
വായനക്കാര്‍

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.
കെ.കെ. കൊച്ചിനെപ്പോലുള്ളവര്‍ എഴുതിക്കൊണ്ടിരിക്കട്ടെ
മതത്തിന് രാഷ്ട്രീയത്തില്‍ ലഭിക്കുന്ന അപ്രമാദിത്തത്തിന്റെ അപകടങ്ങള്‍ കൃത്യമായി കെ.കെ. കൊച്ച് എഴുതുന്നു (പാക്കറ്റ് 42). ജനാധിപത്യത്തിനും മാനവികതയുടെ മുന്നോട്ടുള്ള സഞ്ചാരത്തിനും ഇന്ന് ഏറ്റവും പ്രതിബന്ധം മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളാണ്. മുമ്പ്, സാമൂഹികവും നവോത്ഥാനപരവുമായ മൂല്യങ്ങളാല്‍ നടന്നിരുന്ന നാമമാത്രമായ പരിഷ്‌കരണങ്ങള്‍ പോലും ഇന്ന് മതങ്ങള്‍ക്കകത്ത് അസാധ്യമാക്കുംവിധം ഈ മൗലികവാദം തീവ്രമായിരിക്കുന്നു. ഏറ്റവും പ്രാഥമികമായി തന്നെ മനുഷ്യവിരുദ്ധമായ അക്രമിസംഘമായ താലിബാനെ അപലപിക്കുന്നതില്‍ പോലും ഈ മതശക്തികള്‍ക്ക് രണ്ടും മൂന്നും നാലും വട്ടം ചിന്തിക്കേണ്ടിവരുന്നു.
ജനാധിപത്യത്തിനും മതനിരപേക്ഷതക്കും നല്‍കാത്ത സാധ്യതയാണ് കേരളത്തിലെ ചില മുസ്‌ലിം സംഘടനകളും അവര്‍ നടത്തുന്ന മാധ്യമങ്ങളും താലിബാന് നല്‍കുന്നത്. താലിബാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നവീകരണത്തെക്കുറിച്ചാണ് ചര്‍ച്ച. അത് മതത്തിന്റെ ഏറ്റവും മോശം ധാരകളെ പ്രതിനിധാനം ചെയ്യുന്ന സംഘമാണ് എന്ന വസ്തുത മറച്ചുപിടിക്കുകയാണ്. ലോകത്ത് ആധിപത്യപരമായ സംഘാടനങ്ങള്‍ക്ക് പ്രസക്തി നഷ്ടമാകുകയും സാമ്രാജ്യത്വശക്തികള്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും അരികുകളില്‍ നിന്നിരുന്ന രാഷ്ട്രങ്ങളും സമൂഹങ്ങളും സ്‌പെയ്‌സ് കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍, അതിനെ അട്ടിമറിക്കുകയാണ് മതരാഷ്ട്രീയവാദികള്‍ ചെയ്യുന്നത്.

കേരളത്തില്‍ പോലും സ്ത്രീകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പുരോഗമനവാദികളുമെല്ലാം ഇവരുടെ നിരന്തര ആക്രമണത്തിന് വിധേയരാകുന്നത് നാം കാണുന്നു. മധ്യകാല മൂല്യങ്ങളെ പുനരാനയിക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നു. അത് രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് രാഷ്ട്രീയത്തെയും ഈ മതയാഥാസ്ഥിതികത്വത്തിന്റെ കൈപ്പിടിയിലാക്കാന്‍ ഗൂഢനീക്കം നടക്കുന്നു. വെബ്‌സീനിന്റെ കഴിഞ്ഞ പാക്കറ്റില്‍ കെ.എസ്. ഇന്ദുലേഖയും പ്രമോദ് പുഴങ്കരയും എഴുതിയതിന്റെ മറ്റൊരു തുടര്‍ച്ചയായി കൊച്ചിന്റെ നിലപാടിനെ വായിക്കാം. അദ്ദേഹത്തെപ്പോലുള്ള ചിന്തകര്‍ വിട്ടുവീഴ്ചയില്ലാതെ എഴുതിക്കൊണ്ടിരിക്കട്ടെ. അതിന് വെബ്‌സീന്‍ നല്‍കുന്ന സ്‌പെയ്‌സ് അത്യന്തം വിലപ്പെട്ടതുമാണ്. നമ്മുടെ സമൂഹത്തെ പുറകോട്ടുനയിക്കുന്ന ശക്തികള്‍ക്കെതിരായ നിലപാട് തുടരുന്ന വെബ്‌സീനിന് അഭിനന്ദനം.
അര്‍ജുന്‍ എസ്.,
വെള്ളമുണ്ട, വയനാട്
കടല്‍ കാലാവസ്ഥയെക്കുറിച്ചുള്ള ഗംഭീര പഠനം
കാലാവസ്ഥാ പ്രവചനത്തെ കടല്‍പ്പണിക്കാരുടെ അനുഭവവും ജീവിതവുമായി ചേര്‍ത്തുവെച്ച് പരിശോധിക്കുന്ന അന്വേഷണം (ഡോ. മാക്സ് മാര്‍ട്ടിന്‍, പാക്കറ്റ് 42) വേറിട്ട ഒന്നായി. ശാസ്ത്രവും സാമൂഹിക അനുഭവങ്ങളുമായുള്ള വിനിമയങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം കൊടുക്കല്‍ വാങ്ങലുകളുടെ പ്രസക്തി വലുതാണ്.
കേരളത്തിന്റെ തീരഭൂമി സമീപ കാലത്ത് വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് പ്രധാനമായും വികസനത്തിന്റെ പേരിലുള്ള ബാഹ്യ ഇടപെടലുകള്‍ മൂലമാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളാകട്ടെ, ആദിവാസി സമൂഹം കാടിനെയെന്നപോലെ, തങ്ങളുടെ ജീവനോപാധിയായ കടലിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. കടല്‍ കാലാവസ്ഥയിലുണ്ടായ വന്‍തോതിലുള്ള വ്യതിയാനം ശാസ്ത്രലോകത്തിന്റെ ശ്രദ്ധക്ക് പാത്രമായിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം വേണ്ടവിധം കടലോര നിവാസികളുടെ ജീവിതത്തിലുണ്ടായിട്ടില്ല എന്ന് അനുഭവം തെളിയിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ദുരന്തമാണ് ഓഖിയിലുണ്ടായ മരണങ്ങള്‍.

ഇന്ത്യന്‍ മെറ്റീരിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ കാലാവസ്ഥാ പ്രവചനങ്ങള്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളില്‍ എത്തിക്കാന്‍ ആവശ്യമായ സംവിധാനം ഇന്നും ഇല്ല. അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള സുരക്ഷാമുന്‍കരുതലുമില്ലാതെയാണ് ഇവര്‍ കടലില്‍ പോകുന്നത്. ഡോ. മാക്സ് മാര്‍ട്ടിന്‍ ഉദ്ധരിക്കുന്ന വില്‍സണ്‍ ഫ്രാങ്ക്‌ളിന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ പോലെ, "മഴക്കാലത്ത് രണ്ടും കല്‍പ്പിച്ചുള്ള പോക്കാണ്.' ഓഖി ദുരന്തമുണ്ടായ സമയത്ത് മുരളി തുമ്മാരക്കുടി എഴുതിയ ഒരു കുറിപ്പില്‍ ബംഗ്ലാദേശിലെ കാലാവസ്ഥാ മുന്നറിയിപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവിടെ മുന്നറിയിപ്പ് യഥാസമയം നാട്ടുകാരെ അറിയിക്കാനും ദുരന്ത സമയത്ത് വള്ളവും വലയുമെല്ലാം സുരക്ഷിതമാക്കിവെക്കാനും സര്‍ക്കാറും മതമേധാവികളും സാമൂഹിക സംഘടനകളും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളുണ്ടത്രേ.
കടലിലെ കാലാവസ്ഥ ഏറക്കുറെ പ്രവചനാതീതമായി വരികയാണ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, സ്ഥിരമായി കാറ്റുണ്ടാകുന്ന ബംഗാള്‍ ഉള്‍ക്കടല്‍, കരീബിയന്‍, സൗത്ത് ചൈന കടലിലെപ്പോലെ അത്ര കൃത്യത അറബിക്കടലിലെ ചുഴലിക്കാറ്റിന്റെ പ്രവചനത്തില്‍ സാധ്യമല്ല എന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഡോ. മാക്സ് മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നടത്തുന്ന ഗവേഷണത്തിന്റെ പ്രസക്തി. ശാസ്ത്രത്തോടൊപ്പം കടല്‍ പരിസ്ഥിതിയുടെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്താനും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ശാസ്ത്രവുമായി ഇണക്കിച്ചേര്‍ക്കാനും കഴിഞ്ഞാല്‍, ഇന്നത്തെ പ്രവചനങ്ങള്‍ക്ക് കുറെക്കൂടി കൃത്യത മാത്രമല്ല, ജനകീയത കൂടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നുതോന്നുന്നു.
പി. രാധാകൃഷ്ണന്‍
പറവൂര്‍
ദുരന്തങ്ങളെ പ്രവചിക്കാം, ദുരന്തനിര്‍മാതാക്കളെ എന്തുചെയ്യും?
ഡോ. മാക്സ് മാര്‍ട്ടിന്‍ എഴുതിയ "പ്രവചനത്തിനും അപ്പുറത്താണ് കടല്‍പ്പണിക്കാരുടെ കടല്‍' എന്ന പഠനം (പാക്കറ്റ് 42) കേരളം അഭിമുഖീകരിക്കുന്ന കടല്‍ ദുരന്തങ്ങളുടെ പാശ്ചാത്തലത്തില്‍ അത്യന്തം ശ്രദ്ധേയമായ ഒന്നാണ്. 2030ഓടെ കേരള തീരത്തെ കടല്‍ നിരപ്പ് 11 സെന്റീമീറ്റര്‍ ഉയരുമെന്നും ഇതിന്റെ ഫലമായി ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് നാസയുമായി ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു. കൊച്ചി, കുട്ടനാട് മേഖലകളെയാണ് ഇത് ഏറ്റവും തീവ്രമായി ബാധിക്കുക.
കേരളത്തില്‍ സമീപകാലത്തുണ്ടായ തീരദുരന്തങ്ങളുടെയെല്ലാം പ്രധാന കാരണം മനുഷ്യനിര്‍മിതികളാണ്. പുലിമുട്ടുകള്‍, കടല്‍ഭിത്തികള്‍, ഹാര്‍ബറുകളുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍, വിഴിഞ്ഞം തുറമുഖം പോലുള്ള അശാസ്ത്രീയമായ വന്‍കിട പദ്ധതികള്‍ തുടങ്ങിയവ ഉദാഹരണം. ആറുലക്ഷം മത്സ്യത്തൊഴിലാളികളാണ് ഈ ദുരന്തത്തിന്റെ ഇരകള്‍. വള്ളവും വലയും സുരക്ഷിതമാക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. സമുദ്രതീരത്തുനിന്ന് 10 മീറ്ററിനുള്ളില്‍ 3367 വീടുണ്ടെന്ന് ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 50 മീറ്ററിനുള്ളില്‍ 18,685 വീടുകളുമുണ്ട്. തീരദേശത്തെ അശാസ്ത്രീയ നിര്‍മാണങ്ങള്‍ ഈ മനുഷ്യരുടെ ജീവിതമാണ് ഇല്ലാതാക്കുന്നത്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖല കടലോരമാണ്. എന്നാല്‍, തീരദേശ പരിസ്ഥിതിയിലെ ഇടപെടലിന് ഒരുതരത്തിലുമുള്ള കരുതലുകളുമുണ്ടായിട്ടില്ല. കരിമണല്‍ ഖനനം, അഴിമുഖങ്ങളിലെ മണല്‍വാരല്‍, കടല്‍ഭിത്തിയുടെ അശാസ്ത്രീയ നിര്‍മാണം തുടങ്ങി എത്രയോ ഘടകങ്ങള്‍ വിദഗ്ധ പഠനങ്ങളില്‍ പുറത്തുവന്നിട്ടും ചെറുവിരലനക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കടല്‍ഭിത്തികള്‍ അടക്കമുള്ള തീരദേശ നിര്‍മാണങ്ങള്‍ തീരദേശ ശോഷണത്തിന് ഒരുതരത്തിലും ശമനമുണ്ടാക്കിയില്ലെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിന്റെ പഠനങ്ങള്‍ പറയുന്നുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തും കൊച്ചിയിലെ ചെല്ലാനത്തുമെല്ലാം കടല്‍ സംഹാരരൂപം പൂണ്ടത് ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ മൂലമാണ്. എന്നിട്ടും ചെല്ലാനത്ത് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത് കടല്‍ഭിത്തിയാണ്. ലേഖനം പ്രതീക്ഷിക്കുന്നതുപോലെ, കാലാവസ്ഥാ പ്രവചനങ്ങള്‍ എത്ര ശാസ്ത്രീയമായാലും ദുരന്തങ്ങള്‍ ഒഴിവാക്കാനായില്ലെങ്കില്‍ എന്താണ് ഫലം?
എന്‍. ലത്തീഫ്,
നെയ്യാറ്റിന്‍കര
കോവിഡ്: ആക്ഷേപങ്ങള്‍ക്ക് ശാസ്ത്രീയമായ മറുപടി
കോവിഡിന്റെ കേരളത്തിലെ ആശങ്കാജനകമായ വ്യാപനത്തിന്റെ ശാസ്ത്രീയമായ ഉത്തരമാണ് ഡോ. ബി. ഇക്ബാലിന്റെ ലേഖനം (പാക്കറ്റ് 42). മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കേരളത്തിന്റെ നേട്ടങ്ങളെ കുറച്ചുകാട്ടാന്‍ പല കോണുകളില്‍നിന്ന് ഉയരുന്ന ശ്രമങ്ങളെയും അദ്ദേഹം സമര്‍ഥമായി നേരിടുന്നു. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനവും മരണവും അതിരൂക്ഷമാകുകയും മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകിനടക്കുന്ന സംഭവങ്ങള്‍ വരെയുണ്ടാകുകയും ചെയ്തതാണ്. ഈ സമയത്ത് കേരളമായിരുന്നു മാതൃക.

ജനകീയാരോഗ്യമേഖലയില്‍ നാം കൈവരിച്ച സാക്ഷരത കോവിഡിന്റെ ചെറുക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. നമ്മുടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞില്ല. പരമാവധി പേര്‍ക്ക് ചികിത്സ ലഭിച്ചു. രണ്ടാം ഘട്ടത്തില്‍, ജനിതക മാറ്റം വന്ന് അപകടകാരിയായി മാറിയ ഡെല്‍റ്റ വൈറസിന്റെ വ്യാപന സമയത്ത് വാക്‌സിനേഷന്‍ വ്യാപകമാക്കാനും അതുവഴി രോഗത്തിന്റെ തീവ്രത കുറയ്ക്കാനും കഴിഞ്ഞു. രോഗം പരിധി വിട്ട് വ്യാപിച്ചപ്പോഴും നമ്മുടെ മരണനിരക്കും ഗുരുതരാവസ്ഥയും കുറവായിരുന്നു എന്നുകാണാം. മാത്രമല്ല, കേരളത്തിലെ കോവിഡ് മരണങ്ങളില്‍ ഏറെയും വാക്‌സിന്‍ എടുക്കാത്തവരിലാണ് എന്ന കണക്കും വന്നു.
വാക്‌സിന്‍ എടുത്തശേഷം മരിച്ചവരില്‍ തന്നെ അനുബന്ധരോഗങ്ങളാണ് മരണകാരണമായത്. ശാസ്ത്രീയമായ രീതികളുപയോഗിച്ചും നമ്മുടെ ജനകീയമായ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇതുവരെ കോവിഡിനെ കേരളം കൈകാര്യം ചെയ്തത് എന്ന് വ്യക്തമാണ്. എന്നാല്‍, ഈ നേട്ടങ്ങളെയെല്ലാം റദ്ദാക്കുന്ന ആസന്നഭീഷണിയെക്കുറിച്ചും ഡോ. ഇക്ബാല്‍ സൂചിപ്പിക്കുന്നുണ്ട്. കോവിഡിനശേഷമുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധിച്ച രോഗാതുരതയാണ് ഇതില്‍ ഒന്ന്. കൂടാതെ, വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പകര്‍ച്ചേതര രോഗങ്ങളുടെ വര്‍ധനയും. നിപ്പ പോലുള്ള പകര്‍ച്ചവ്യാധികളുടെ തുടര്‍ച്ചയായ ആക്രമണം കേരളം എത്തിപ്പെട്ട ഭീഷണിയെ സൂചിപ്പിക്കുന്നു. ജനകീയാരോഗ്യമേഖലയും ജനങ്ങളും തമ്മില്‍ മുമ്പില്ലാത്തവിധം ഊഷ്മളമായ ബന്ധമുണ്ടായ കാലം കൂടിയാണ് കോവിഡിന്റേത്. ഈ ബന്ധം ഉപയോഗപ്പെടുത്തി ഭാവിയുടെ മറ്റൊരു കേരള ആരോഗ്യമാതൃക സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അത് കോവിഡിനെ നേരിട്ടതിലെ ഏറ്റവും വലിയ അനുഭവ പാഠം കൂടിയാകും. അതിനുള്ള ഒരു പ്ലാന്‍ കൂടി ഡോ. ഇക്ബാലിന്റെ ലേഖനത്തിലുണ്ട്.
സുജീഷ് രാജ്,
ചെന്നൈ
'കടല്‍ക്കോള്'; കപട സദാചാര വിചാരണ
"രാത്രിയില്‍ ആകാശത്തിനും ഭൂമിയ്ക്കും എന്തൊരു ചന്തമാണെന്നറിയാമോ? പകല്‍ മൂടിക്കെട്ടിവെച്ചതെല്ലാം രാത്രി പുറത്തെടുത്ത് ആസ്വദിക്കും. എല്ലാ സത്യങ്ങളും നുണകളെ നോക്കി കൊഞ്ഞനം കുത്തുന്നത് രാത്രിയിലാണ്'.
റീന പി.ജി.യുടെ പുതിയ കഥ "കടല്‍ക്കോളി'ല്‍ (പാക്കറ്റ് 42) ലാസര്‍ എന്ന കഥാപാത്രത്തിന്റെ മനോനിലയിയില്‍നിന്ന് ഉരുവംകൊള്ളുന്ന കവിതയോടടുക്കുന്ന വരികളാണിവ. കവിയായ റീനയുടെ കഥയെഴുത്തിലും കാവ്യസ്വാധീനം അങ്ങിങ്ങായി ചിതറിക്കിടക്കുന്നതിന്റെ സുന്ദരദൃശ്യങ്ങള്‍ ഈ കഥയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമാണ്.
ഏകാന്തത അനുഭവിക്കുന്ന മനുഷ്യന്റെ ആത്മസംതൃപ്തിക്ക് കഥ കൊണ്ട് സൈദ്ധാന്തിക ഭാഷ്യം രചിക്കുന്നതില്‍ വിജയിക്കുന്ന കഥ കൂടിയാണ് "കടല്‍ക്കോള്.' പിലാത്തോസും ലാസറും തമ്മിലുള്ള ബന്ധത്തില്‍ നിന്ന് കരുണയും ദയയും വന്യമായ ഭാഷാ സൗന്ദര്യം കൊണ്ട് മികവുറ്റതാക്കുന്ന ശൈലി സ്വീകരിക്കുന്നതും റീനയുടെ കഥയുടെ മാറ്റ് കൂട്ടുന്നു.

വലയില്‍ കുടുങ്ങിയത് ജീര്‍ണിച്ച സ്ത്രീശരീരമായിട്ടും പിലാത്തോസിന് അമ്മയില്‍ നിന്ന് ലഭിക്കാതെപോയ മുലപ്പാലും സ്‌നേഹവും ആ മൃതശരീരത്തില്‍നിന്ന് മതിയാവോളം ആസ്വദിക്കാന്‍ തോന്നിയ കൊതി, പക്ഷേ ജനക്കൂട്ടം അവനില്‍ കാണുന്നത് നീചമായ ലൈംഗിക അശ്ലീലതയും.
കപട സദാചാരത്തിന്റെ നടപ്പുദീനത്തിനപ്പുറം ചിന്തിക്കാനാവാത്ത ആള്‍ക്കൂട്ടത്തിന്റെ വികലമായ മാനസികാവസ്ഥയെ ശരിക്കും വിചാരണക്ക് വിധേയമാക്കുന്ന റീന പി.ജി. കഥയെഴുത്തില്‍ ഭാഷയുടെ വന്യസൗന്ദര്യവും ശൈലിയിലെ നവീനതകൊണ്ടും പുതിയ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു ഈ കഥയിലൂടെ.
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി,
കാളികാവ്, മലപ്പുറം.
ശാരദക്കുട്ടിയുടെ മമ്മൂട്ടിയില്‍ ഒളിഞ്ഞിരിക്കുന്നത്
മമ്മൂട്ടിയുടെ എഴുപതാം വയസ്സിനെ വെബ്‌സീന്‍ വ്യത്യസ്തങ്ങളായ രണ്ട് അഭിപ്രായങ്ങളിലൂടെയാണ് "ആഘോഷിച്ചത്'. ശാരദക്കുട്ടിയുടേത് അത്യന്തം വ്യക്തിനിഷ്ഠമായ സമീപനമാണെന്നതുകൊണ്ടുതന്നെ, അതിനോട് വിയോജിക്കുന്നതില്‍ അര്‍ഥമില്ല. എങ്കിലും, ചില പരാമര്‍ശങ്ങളെക്കുറിച്ച് എഴുതാതിരിക്കാന്‍ വയ്യ. മമ്മൂട്ടി കരയുമ്പോള്‍ ചിരി വന്ന സന്ദര്‍ഭങ്ങളുണ്ട് എന്നു പറഞ്ഞിട്ട്, "അമരം' എന്ന സിനിമയെ ഉദാഹരിച്ചത് അല്‍പം കടന്ന കൈയായിപ്പോയി. കാരണം, മമ്മൂട്ടിയിലുള്ള എല്ലാ മാനറിസങ്ങളെയും കുടഞ്ഞുകളഞ്ഞാണ് ആ നടന്‍ "അമര'ത്തിലെ കഥാപാത്രമായത്.

"ഭൂതക്കണ്ണാടി' മാത്രമാണ് അമരത്തിനുതുല്യമായി ഈ ആംഗിളില്‍ ഉദാഹരിക്കാവുന്ന മറ്റൊരു സിനിമ. "വടക്കന്‍ വീരഗാഥ'യിലെ ചന്തു മമ്മൂട്ടിക്ക് ഒരുതരത്തിലും വെല്ലുവിളിയാകാത്ത കഥാപാത്രമാണ്. അത് അദ്ദേഹത്തിന്റെ ശരീരത്തിന്റെയും ശബ്ദത്തിന്റെയും ഭാവത്തിന്റെയും സ്വഭാവികമായ അര്‍പ്പണം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല, വേണമെങ്കില്‍ "വടക്കന്‍ വീരഗാഥ' ഒരു ശബ്ദരേഖയായി കേട്ടാല്‍ പോലും പൂര്‍ണ തൃപ്തി നല്‍കുന്ന ഒന്നാണ്. അത്രത്തോളമുണ്ട്, സിനിമക്കുചേരാത്ത അതിന്റെ നാടകീയത. എന്നാല്‍, "തനിയാവര്‍ത്തന'വും "അമര'വും "ഭൂതക്കണ്ണാടി'യുമെല്ലാം മമ്മൂട്ടിയെ പൂര്‍ണമായും മമ്മൂട്ടിത്തത്തില്‍നിന്ന് മോചിപ്പിച്ച സിനിമകളാണ്, അരവിന്ദന്റെ "വാസ്തുഹാര' മോഹന്‍ലാലിനെ അദ്ദേഹത്തില്‍നിന്ന് മോചിപ്പിച്ചതുപോലെ.

സുകുമാരനാണ് ശാരദക്കുട്ടിയുടെ നടന്‍ എന്ന് മുമ്പ് എഴുതിയ ചില കുറിപ്പുകളില്‍നിന്ന് മനസ്സിലായിട്ടുണ്ട്. കുസൃതിത്തരം നിറഞ്ഞ ഒരുതരം പ്രണയത്തിന്റെയും കൂസലില്ലാത്ത പൗരുഷത്തിന്റെയും ഭാവങ്ങള്‍ അനായാസമായി പ്രകടിപ്പിക്കും സുകുമാരന്‍. ആ അനായാസത മമ്മൂട്ടിയില്‍ എത്രത്തോളമുണ്ട് എന്നതിന്റെ ഒരു പരോക്ഷമായ പരിശോധന കൂടിയായിരുന്നു അവരുടെ ഈ മമ്മൂട്ടി ലേഖനം എന്നുതോന്നുന്നു.
ജെ.എച്ച്. ഇന്ദു,
പൂങ്കുന്നം, തൃശൂര്‍
മമ്മൂട്ടിയുടെ രാഷ്ട്രീയ(മില്ലായ്മ)
എഴുപതാം വയസ്സില്‍ ഒരു സിനിമാതാരത്തെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ അവസാനിക്കാത്ത യൗവനവും ശരീരഭംഗിയും വച്ചുകൊണ്ടുമാത്രമല്ല, അയാള്‍ ജീവിച്ചിരുന്ന കാലത്തിനും സമൂഹത്തിനും നല്‍കിയ തിരിച്ചറിവുകളും അയാള്‍ പുലര്‍ത്തിയ നിലപാടുകളിലെ രാഷ്ട്രീയവും വച്ചുകൊണ്ടാണ്. ഈ അര്‍ഥത്തില്‍ ട്രൂ കോപ്പി വെബ്‌സീന്റെ മമ്മൂട്ടി വായന പൂര്‍ണ തൃപ്തി നല്‍കുന്നതായിരുന്നില്ല.
പി.എസ്. റഫീക്കിന്റെ ലേഖനത്തിലെ ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ് അല്‍പം ആശ്വാസമായത്. മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ അപകടത്തെക്കുറിച്ച് സൂചിപ്പിച്ചശേഷം, ആ അപകട സമൂഹത്തിന്റെ ഏറ്റവും ആദര്‍ശപുരുഷനായി മമ്മൂട്ടി തിളങ്ങുന്നു എന്ന വിലയിരുത്തല്‍ ഒരു വിമര്‍ശനമായും എടുക്കാം. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മമ്മൂട്ടിയുടെ അറുമുഷിപ്പന്‍ കുടുംബചിത്രങ്ങള്‍ ഈ പൊള്ളയായ ആദര്‍ശപരിവേഷത്തിന് തെളിവാണ്. കുടുംബം, ഭര്‍ത്താവ്, കുട്ടികള്‍ എന്ന യാഥാസ്ഥിതിക ത്രയത്തിന്റെ ഏറ്റവും പിന്തിരിപ്പന്‍ ആവിഷ്‌കാരങ്ങളായിരുന്നു അക്കാലത്തെ മമ്മൂട്ടി കഥാപാത്രങ്ങള്‍ മുഴുവനും.

മലയാളിയുടെ സാമൂഹിക ജീവിതത്തിലെ ചില പ്രതിസന്ധികളെ ഇക്കാലത്ത് മോഹന്‍ലാലിന് ആവിഷ്‌കരിക്കാന്‍ കഴിഞ്ഞെങ്കിലും മമ്മൂട്ടി, മലയാളിയുടെ പിന്തിരിപ്പന്‍ മൂല്യബോധത്തെ സ്ഥാപിച്ചെടുക്കാനാണ് തന്റെ താരസ്വരൂപത്തെ ഉപയോഗപ്പെടുത്തിയത്. "ഇടതുപക്ഷ നിഷ്പക്ഷ മതനിരപേക്ഷത'യുടെ കൂടെത്തന്നെ നില്‍ക്കുന്ന മമ്മൂട്ടി' എന്നൊരു പരാമര്‍ശവും റഫീക്ക് നടത്തുന്നുണ്ട്. ഈ നിലപാടുകള്‍ തന്റെ വേഷഭൂഷാധികള്‍ പോലെ വെറും അലങ്കാരങ്ങളായി മാത്രം ഉപയോഗിച്ച താരമാണ് മമ്മൂട്ടി എന്നതാണ് അനുഭവം. അദ്ദേഹം ഇടതുപക്ഷത്തുനിന്ന് ധീരമായ ഒരു നിലപാട് എടുത്തതായി ഓര്‍മ വരുന്നതേയില്ല. സിനിമ എന്ന സ്വന്തം തട്ടകത്തില്‍ പോലും ആക്രമിക്കപ്പെടുന്നവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയുമൊന്നും പക്ഷത്തുനിന്ന് സംസാരിക്കുന്ന ഒരാളായി മമ്മൂട്ടിയെ കണ്ടിട്ടില്ല. കേരളം അഭിമുഖീകരിച്ച പ്രതിസന്ധിഘട്ടങ്ങളില്‍ ഒരുതരത്തിലുമുള്ള നിലപാട് പ്രഖ്യാപനം ഈ താരത്തില്‍നിന്ന് മലയാളികള്‍ കേട്ടിട്ടില്ല. എഴുപതാം വയസ്സിലും ഇളക്കം തട്ടാതെ കാത്തുസൂക്ഷിക്കാന്‍ പാടുപെടുന്ന താരസാമ്രാജ്യത്തിന്റെ ഉറപ്പിനുള്ള ചേരുവകള്‍ മാത്രമാണ് മമ്മൂട്ടിയുടെ രാഷ്ട്രീയം(രാഷ്ട്രീയമില്ലായ്മ) എന്നുവേണമെങ്കില്‍ പറയാം.
ജെന്നിഫര്‍ കെ. മാര്‍ട്ടിന്‍,
കെന്റക്കി, യു.എസ്.എ
പഴയ അതേ ക്ലാസ് റൂമിലേക്കാണ് കുട്ടികളുടെ പോക്ക് എങ്കില്‍...
ജോസഫ് കെ. ജോബിന്റെ ലേഖനം (പാക്കറ്റ് 42) ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തോട് ഒരുതരം യാഥാസ്ഥിതികമായ സമീപനം വച്ചുപുലര്‍ത്തുന്നതായി തോന്നി. കേരളത്തില്‍ കോവിഡിനെ തുടര്‍ന്ന്, ഒരുതരത്തിലുമുള്ള മുന്നൊരുക്കമില്ലാതെ തികച്ചും പുതിയൊരു പാഠ്യസമ്പ്രദായത്തിലേക്ക് പ്രവേശിക്കേണ്ടിവന്നപ്പോഴുണ്ടായ പരിമിതികളെയും പ്രശ്‌നങ്ങളെയും ക്രിയാത്മകമായി നേരിടുകയാണ് അഭികാമ്യം. അതിനുപകരം, പൂര്‍ണമായി അതിനെ നിഷേധിക്കുന്നതില്‍ അര്‍ഥമില്ല. കാരണം, ഭാവിയുടെ പഠനമാധ്യമം ഡിജിറ്റലാണ്.

കോവിഡ്, അതിലേക്ക് വാതില്‍ തുറന്നിട്ടു എന്നേയുള്ളൂ. നിലവിലെ ക്ലാസ്മുറികളിലെ യാഥാസ്ഥിതിക വിദ്യാഭ്യാസത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ സഹായിച്ചു എന്നതാണ്, ഓണ്‍ലൈന്‍ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ നേട്ടം. അധ്യാപനത്തിന്റെ പരിമിതികള്‍, അധ്യാപകരുടെ അടഞ്ഞുപോയ വൈജ്ഞാനികതയുടെ പ്രശ്‌നങ്ങള്‍, പരീക്ഷാ സമ്പ്രദായത്തിന്റെ പോരായ്മ തുടങ്ങി നിരവധി പ്രതിസന്ധികള്‍ പുറത്തുവന്നു. ഇതിനെല്ലാം ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് പരിഹാരം എന്നല്ല, പുതിയൊരു സംവിധാനത്തെക്കുറിച്ച് ഇനിയും ആലോചിക്കാതിരുന്നാല്‍, വൈജ്ഞാനികമായി സ്തംഭിച്ചുപോയ ഒരു തലമുറയെയായിരിക്കും കേരളം ഉല്‍പാദിപ്പിക്കുക എന്ന തിരിച്ചറിവുണ്ടാക്കാനായി എന്നതാണ് പ്രധാനം.
ക്ലാസ് മുറിയില്‍നിന്ന് മൊബൈല്‍ സ്‌ക്രീനിലേക്ക് മാറിയ അധ്യാപകരല്ല അതിന്റെ പരിഹാരം. കഴിഞ്ഞ ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന രീതിയില്‍ നടക്കുന്നതുമല്ല പരിഹാരം. പകരം, പാഠപുസ്തകങ്ങള്‍ തൊട്ട്, ക്ലാസ്മുറിയിലെ ജനാധിപത്യവല്‍ക്കരണം തൊട്ട്, വിജ്ഞാനത്തിന്റെ കുത്തകാധികാരികളായി ചമയുന്ന അധ്യാപകരുടെ പുനസംഘാടനം തൊട്ട്... അങ്ങനെ നിരവധിയായ പ്രശ്‌നങ്ങളുടെ പരിഹാരങ്ങളിലേക്ക് നീളുന്ന ഒരു ഭാവിയാണ് അഭികാമ്യം, അല്ലാതെ, ഒന്നര വര്‍ഷത്തിനുശേഷം, ചായം പൂശി, സാനിറ്റൈസര്‍ അടിച്ച് ശുദ്ധിയാക്കിയ പഴയ അതേ കെട്ടിടങ്ങളിലേക്കാണ്, ക്ലാസ്മുറിയിലേക്കാണ് വിദ്യാര്‍ഥികളുടെ പ്രവേശനം എങ്കില്‍ അത് വലിയ ദുരന്തത്തിലാണ് കലാശിക്കുക.
ഹര്‍ഷ ദീപ്തി,
കണ്ണൂര്‍
അധ്യാപകരുടെ വിദ്യാര്‍ഥി പ്രണയങ്ങള്‍
വിദ്യാര്‍ഥികളില്ലാതായ കാമ്പസിലെ അധ്യാപകരുടെ സ്വത്വപ്രതിസന്ധിയെക്കുറിച്ചുള്ള ലേഖനം, "വെല്‍ക്കം ടു കാമ്പസ്, നൈസ് ടു സീ യൂ' (പാക്കറ്റ് 42) ഗംഭീരമായി. കാമ്പസിനെ ശരിക്കും കാമ്പസാക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്ക് അധ്യാപകരുടെ പക്ഷത്തുനിന്ന് ഇത്ര യാഥാര്‍ഥ്യബോധത്തോടെ രേഖപ്പെടുത്തപ്പെട്ടത് മുമ്പ് വായിച്ചിട്ടില്ല. "ആളനക്കമില്ലാത്ത കോളേജിലെ ഒരു ക്ലാസ് മുറിയില്‍ ഒന്നു കയറി നിന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന തിരിച്ചറിവുണ്ടായത്' എന്ന ലേഖനത്തിലെ വാക്കുകള്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായിരിക്കേണ്ട ജൈവികമായ ബന്ധത്തെ കാണിച്ചുതരുന്നു.

അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധമല്ല. അക്കാദമികമായ തലത്തില്‍ നില്‍ക്കുമ്പോഴും ഒരു സിസ്റ്റത്തെ രാഷ്ട്രീയമായ വിനിമയങ്ങളിലേക്ക് സംക്രമിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചുകൂടിയുള്ളതാണ്. കാരണം, വിജ്ഞാനത്തിന്റെ സര്‍വാധികാര്യക്കാര്‍ എന്ന പഴയ നില അധ്യാപകരില്‍നിന്ന് നഷ്ടമായിരിക്കുന്നു. ഇന്ന് അധ്യാപകരും മറ്റൊരു തരം വിദ്യാര്‍ഥികളാണ്. ക്ലാസ് മുറിയുടെ ഘടന തന്നെ വലിയ ജനാധിപത്യവല്‍ക്കണത്തിന് വിധേയമായിക്കഴിഞ്ഞു. ലേഖനത്തില്‍ പറയുന്ന, കഴിഞ്ഞ കാല കാമ്പസിലെ വിദ്യാര്‍ഥി സമരങ്ങളുടെ തുടര്‍ച്ചയെക്കുറിച്ചുള്ള നിലപാട് ഇതാണ് സൂചിപ്പിക്കുന്നത്. ക്ലാസ് മുറിക്കുപുറത്ത് സമരം ചെയ്ത, സ്വന്തം മനുഷ്യര്‍ക്കുവേണ്ടി ഒച്ചയുയര്‍ത്തിയ എത്രയോ വിദ്യാര്‍ഥികളാണ് ഇന്നും ജയിലില്‍ കിടക്കുന്നത്.
ക്ലാസ് മുറിയില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ എത്രയോ വലിയ തിരിച്ചറിവുകളായിരിക്കും അവര്‍ക്ക് ആ തടവറകള്‍ നല്‍കിയത്? ഒരുപക്ഷെ, ഭാവിയിലെ നമ്മുടെ സമൂഹത്തെ നിര്‍ണയിക്കുക ഇത്തരം കാമ്പസ് ബഹിഷ്‌കൃതരുടെ കൂട്ടങ്ങളായിരിക്കാം. അതുകൊണ്ട്, കാമ്പസുകളെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന ലേഖകരുടെ നിലപാട് അതീവ പ്രാധാന്യമുള്ളതാണ്. കാരണം, കൂടുതല്‍ വലതുപക്ഷവല്‍ക്കരിക്കപ്പെട്ട, വര്‍ഗീയവല്‍ക്കരിക്കപ്പെട്ട, വിദ്വേഷവല്‍ക്കരിക്കപ്പെട്ട, അകലം ഒരു സാമൂഹിക നിയമമായി മാന്യത നേടിയ ഒരു ഇടവേളയില്‍നിന്നാണ് കാമ്പസുകള്‍ക്ക് മോചനമാകുന്നത്. ഇത്തരം ശക്തികള്‍ക്ക് ഇനിയും കാമ്പസുകളില്‍ ഇടം ലഭിച്ചുകൂടാ. ഒറ്റക്കുനിന്നാല്‍ ഒരു മനുഷ്യനും രക്ഷയില്ല എന്നാണ് ഈ രോഗം നമ്മളെ പഠിപ്പിച്ചത്. ഒരാള്‍ മാസ്‌ക് ധരിക്കുന്നത് അടുത്തുള്ളയാളുടെ സുരക്ഷക്കുകൂടിയാണ് എന്ന വലിയ പാഠം നമ്മളില്‍ ബാക്കിയുണ്ട്. ശാരീരികമായി അടച്ചിരുന്നുകൊണ്ട്, മാനസികമായി ആര്‍ജിച്ചെടുത്ത മാനവികതയുടെ പാഠങ്ങളാല്‍ സമ്പന്നമാകട്ടെ, തുറക്കാന്‍ പോകുന്ന നമ്മുടെ കാമ്പസുകള്‍.
പി.കെ. സുഭാഷിതന്‍,
ആലത്തൂര്‍, പാലക്കാട്
ബിഷപ്പിന്റെ കൈവശമുള്ള വിഷം കൊണ്ടുള്ള പ്രയോജനങ്ങള്‍
ബെന്യാമിന്‍ തുറന്നുതന്നെ പറഞ്ഞു, കാര്യങ്ങള്‍ (രണ്ടു ചോദ്യങ്ങള്‍, പാക്കറ്റ് 42). മധ്യതിരുവിതാംകൂറിലെ സഭാ പ്രാമാണികതയുടെ സ്വരമാണ് പാലാ ബിഷപ്പിലൂടെ കേരളം കേട്ടത്. ഒപ്പം, കേരളത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന അധികാരവുമായുള്ള ചങ്ങാത്തവും അത് കേന്ദ്രത്തില്‍ ലഭിക്കുമ്പോഴുള്ള ചാരിതാര്‍ഥ്യവുമെല്ലാം കൂടിക്കുഴഞ്ഞ വികാരമായിരുന്നു ബിഷപ്പിന്റേത്. വെറും ആചാരമായി മാത്രം മതത്തെ കാണുകയും അതിന്റെ പേരില്‍ സ്വന്തം വിശ്വാസികളെ പലതട്ടുകളിലാക്കുകയും ചെയ്യുന്ന പുരോഹിതവര്‍ഗത്തിന്, മാനവഐക്യം എന്നത് ദഹിക്കാത്ത യാഥാര്‍ഥ്യമാണ്.

സ്വന്തം വിശ്വാസികളുടെ ഏറ്റവും വലിയ ശത്രുവാണ് സംഘ്പരിവാര്‍ എന്ന കാര്യം സഭകള്‍ക്ക് അറിയാത്തതാകില്ല. എന്നാല്‍, അതിലും വലുതാണ് സ്വന്തം പരമാധികാരം സ്ഥാപിച്ചെടുക്കുക എന്നത്. മനുഷ്യര്‍ തമ്മിലുള്ള യോജിപ്പിലൂടെ അവര്‍ തങ്ങളുടെ യജമാനന്മാരെ കുടഞ്ഞെറിയുകയാണ് ചെയ്യുന്നത്. സ്വന്തം വിശ്വാസങ്ങളുടെ പൊള്ളത്തരം തിരിച്ചറിയുകയാണ് ചെയ്യുന്നത്. വിശ്വാസങ്ങളില്‍നിന്ന് മോചിതരാകുകയാണ് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തന്നെയാണ് പാലാ ബിഷപ്പിന്റെ കൈവശമുള്ള വിഷം. ബെന്യാമിന്‍ ഇത് തുറന്നുകാട്ടിയിരിക്കുന്നു.
എന്‍.ആര്‍. ജയിംസ്,
ഈരാറ്റുപേട്ട
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media