Wednesday, 07 December 2022

കത്തുകള്‍


Image Full Width
Image Caption
Photo: Shafeeq Thamarassery
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


Social Exclusion: പ്രസക്തമായ ഒരു തീം

Social Exclusion എന്ന തീം അതിശക്തമായി തന്നെ അവതരിപ്പിക്കാന്‍ ട്രൂ കോപ്പി വെബ്‌സീനിന് കഴിഞ്ഞു. ഡോ. കെ.എസ്. മാധവന്‍ എഴുതിയ ലേഖനം, ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നതായിരുന്നു. ഇന്ത്യയിലെ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ ഹൈറാര്‍ക്കിയുടെ രൂപപ്പെടലും വികാസവും സാമൂഹിക വേര്‍തിരിവുകളുടെ അടിസ്ഥാനത്തിലാണുണ്ടായിട്ടുള്ളത്. ജാതിയും വര്‍ണവും സൃഷ്ടിച്ച അപരവല്‍ക്കരണം തന്നെയാണ് മുന്നാക്ക- പിന്നാക്ക വേര്‍തിരിവുണ്ടാക്കിയതും അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക വിഭജനക്രമം സ്ഥാപിച്ചെടുത്തതും.

ഈ വിഭജനപ്രക്രിയ ദുര്‍ബലമായ ചോദ്യം ചെയ്യലുകള്‍ക്കല്ലാതെ, ശക്തമായ ചെറുത്തുനില്‍പിന് വിധേയമായിട്ടില്ല. ഇന്ത്യ ഒരു ജനകീയ ദേശീയതയുടെ സൂചന പ്രകടിപ്പിച്ച ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാന കാലഘട്ടത്തിന് ഈ ഹൈറാര്‍ക്കിയെ, ആധുനിക മാനവിക മൂല്യങ്ങളുടെയും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും ടൂളുകള്‍ കൊണ്ട് നവീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഗാന്ധി അടക്കമുള്ള നേതൃത്വത്തിന് അപ്പോഴും ജാതിയുടെയും വര്‍ണത്തിന്റെയും ഈ മനുഷ്യവിരുദ്ധമായ മുന്നാക്ക- പിന്നാക്ക വിഭജനത്തെ അഭിസംബോധന ചെയ്യാനായില്ലെന്നുമാത്രമല്ല, അതിനെ ബലപ്പെടുത്തുന്ന സവര്‍ണതയുടെയും ഫ്യൂഡലിസത്തിന്റെയും കോയ്മകള്‍ക്ക് മുഖ്യധാരയില്‍ ഇടം നല്‍കുകയും ചെയ്തു.

കെ. എസ്. മാധവന്‍
കെ. എസ്. മാധവന്‍

ദേശീയ പ്രസ്ഥാനത്തിന് സംഭവിച്ച ഈ വീഴ്ചയാണ്, ഇന്നത്തെ ഭരണകൂട രാഷ്ട്രീയം വരെ നിയന്ത്രിക്കാന്‍ തക്ക ശേഷി ഈ ശക്തികള്‍ക്ക് നേടിക്കൊടുത്തത്. അതോടൊപ്പം, തൊണ്ണൂറുകളില്‍ തുടക്കമിട്ട നവ ലിബറലിസത്തിന്റെയും ആഗോളീകരണത്തിന്റെയും ഏറ്റവും വലിയ സഖ്യകക്ഷി ഇന്ത്യയിലെ തീവ്ര വംശീയ ശക്തികളായിരുന്നുവെന്നതും കാണേണ്ടതാണ്. വൈദിക ബ്രാഹ്മണ്യത്തിന്റെ സ്ഥാനത്ത് നവ ലിബറല്‍ ബ്രാഹ്മണ്യം പകരം വന്നുവെന്നുമാത്രം. കാല്‍നൂറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവായി തീവ്ര വംശീയത മാറിയതിലൂടെ അതിന് ഒരുതരം സാധൂകരണം കൂടി കിട്ടുകയാണ് ചെയ്തത് എന്നുപറയാം. ഇന്നും അപര നിര്‍മിതിയിലൂടെയും വര്‍ഗീയ ചേരിതിരിവിലൂടെയും സാമൂഹിക വിഭജനം സാധ്യമാകുന്നത് ഇതുമൂലമാണ്.

ടി.എം. അരവിന്ദാക്ഷന്‍,
വരാപ്പുഴ, എറണാകുളം


ഇനിയും എന്തിന് വിശ്വാസിയായി തുടരണം?

റിമ മാത്യു എഴുതിയ കുഞ്ഞുകുഞ്ഞനുഭവങ്ങള്‍ (സ്ത്രീ, വിശുദ്ധി, സ്വത്ത്, ആളെണ്ണം: കുത്തിത്തിരുപ്പുണ്ടാക്കുന്നവരുടെ തുറുപ്പുചീട്ടുകള്‍, പാക്കറ്റ് 43) അമ്പരപ്പിക്കുന്നവയാണ്. മതം, അതിന്റെ ആന്തരിക ഘടനയിലും വിശ്വാസികള്‍ക്കുമേലും ചെലുത്തുന്ന അപരിഷ്‌കൃതത്വം എത്ര തീവ്രമാണ്!

എനിക്കുതോന്നുന്നത്, മുമ്പ് മതങ്ങള്‍ക്കിടയില്‍ ഇത്ര തീവ്രമായ വിഷം വമിക്കലുകള്‍ ഉണ്ടായിരുന്നില്ല എന്നാണ്. മതാതീതമായ ഒരു പൊതുസ്‌പെയ്‌സില്‍ മതങ്ങള്‍ക്കുപോലും മുമ്പ് നിലനില്‍ക്കാനാകുമായിരുന്നു. അതായത്, വിശ്വാസം, ആചാരങ്ങള്‍ എന്നിവക്ക് ജനകീയമായൊരു തലം കൂടിയുണ്ടായിരുന്നുവെന്ന് തോന്നുന്നു. അവ മനുഷ്യവിരുദ്ധമാകുന്നതിനെതിരെ സാമൂഹികമായ ഒരു കരുതല്‍ മതത്തിനുള്ളില്‍നിന്നുതന്നെയുണ്ടായിരുന്നു. അതുകൊണ്ടാണ്, ഇന്ന് വസ്ത്രധാരണത്തിലും ആരാധനകളിലും ബാഹ്യപ്രകടനങ്ങളിലുമൊക്കെയുള്ള കടുത്ത തോതിലുള്ള യാഥാസ്ഥിതികത അന്ന് ഇല്ലാതെ പോയത്.

അധികാര രാഷ്ട്രീയവുമായുള്ള അവിശുദ്ധ ചങ്ങാത്തമാണ് എക്കാലത്തും മതത്തിനെ ദുഷിച്ച ഒരു സ്ഥാപനമാക്കി മാറ്റിയതിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന്. അത് ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്നാണ്, ക്രിസ്ത്യന്‍ സഭയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാണിക്കുന്നത്. അധികാരകേന്ദ്രങ്ങളില്‍നിന്ന് നിഷ്‌കാസിതമാകുന്നതിന്റെ പരിഭ്രമമാണ് കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള കപട ഉല്‍ക്കണ്ഠകളായി പുറത്തുവരുന്നത്. സഭകള്‍ക്കുകീഴിലുള്ള സ്ഥാപനങ്ങളിലും തിരുമേനിമാരുടെ മൂക്കിനുതാഴെയും മഠങ്ങളിലുമൊക്കെ നടക്കുന്ന കുറ്റകൃത്യങ്ങളെ ഈ സത്യവാദികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന സംഭവങ്ങളേക്കാള്‍ എത്രയോ ഉണ്ടാകും അകത്ത് ഹിംസിക്കപ്പെടുന്ന സംഭവങ്ങള്‍.

റിമ മാത്യു
റിമ മാത്യു

ചര്‍ച്ച്, പുരോഹിതന്മാര്‍, അവര്‍ ഭരിക്കുന്ന ഇടവക - വിശ്വാസ സമൂഹം എല്ലാം ചോദ്യം ചെയ്യാനാകാത്ത, സ്വേച്ഛാധിപത്യപരമായ ഐഡന്റിറ്റികളാണ്. പിറന്നുവീഴുന്നതുമുതല്‍ വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്നുകയറി, സ്വതന്ത്രരായി വളരുന്നതിനുള്ള എല്ലാ സാഹചര്യവും ഇല്ലാതാക്കി വെറും അടിമ സമൂഹമാക്കുകയാണ് ഇന്നും മതങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

കൂടുതല്‍ സന്താനങ്ങളെ പ്രസവിച്ചുകൂട്ടാനും പ്രണയബന്ധങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും കുടുംബങ്ങള്‍ക്കുള്ളിലേക്ക് ഒതുങ്ങാനുമുള്ള പച്ചയായ ആഹ്വാനങ്ങള്‍ നടത്താന്‍ തിരുമേനിമാര്‍ക്ക് ഈ കാലത്തും ഒരു ലജ്ജയുമില്ല. മുയലുകളെപ്പോലെ പെറ്റുകൂട്ടുന്നതിനുപകരം ഉള്ള സന്താനങ്ങളെ ആരോഗ്യത്തോടെ വളര്‍ത്താനാണ് മാര്‍പാപ്പ പറയുന്നത് എങ്കില്‍, പാലാ രൂപത പറയുന്നത് നോക്കുക: ""സഭയില്‍ ആളുകള്‍ കുറയുകയാണ്, അതുകൊണ്ട് അഞ്ചാമത്തെ കുട്ടിക്ക് മാസം തോറും രൂപത 1500 രൂപ വീതം നല്‍കും.'' മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മനുഷ്യാന്തസ്സിനെ തന്നെ അവഹേളിക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ അനുസരിക്കുന്ന ഒരു സമൂഹമായി തുടരാന്‍ എന്ത് ന്യായമാണ് ഇനിയും വിശ്വാസികളില്‍ ബാക്കിയുള്ളത്?

ഷീന എലിസബത്ത്,
മേലുകാവുമറ്റം, കോട്ടയം


ഞാന്‍ പൊടുന്നനെ മുസ്‌ലിമായി മാറിയ സന്ദര്‍ഭം

ലുഷിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍നിന്നുള്ള പേടിപ്പെടുത്തുന്ന അനുഭവങ്ങള്‍ പങ്കിട്ട മൈന ഉമൈബാന്‍ (പാക്കറ്റ് 43) വായനക്കാരെയും തീവ്രമായ ഒരുതരം ഉല്‍ക്കണ്ഠയിലേക്ക് നയിക്കുന്നു. വ്യക്തികള്‍ തമ്മില്‍ പരസ്പരമുള്ള ബന്ധം പോലും, മതത്തിന്റെയും വിശ്വാസത്തിന്റെയും അതുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളുടെയും പേരിലൊക്കെ ഇല്ലാതാകുന്ന അവസ്ഥയെക്കുറിച്ചാണ് അവര്‍ എഴുതുന്നത്. ഇത്തരം ചില അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്.

ഉറ്റ സൗഹൃദക്കൂട്ടായ്മകളില്‍ പോലും മുസ്‌ലിം- അമുസ്‌ലിം എന്ന വേര്‍തിരിവ് തോന്നുന്ന സന്ദര്‍ഭങ്ങള്‍. പൗരത്വ ഭേദഗതി നിയമത്തിന്റെ കാലത്ത് കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മുസ്‌ലിംകളുടെ അവസ്ഥ ഭിന്നമാണെന്ന മട്ടില്‍ ഒരു അഭിപ്രായപ്രകടനം നടത്തിയ അടുത്ത സുഹൃത്തിന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയപ്പോള്‍ അയാള്‍ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചു. എനിക്ക് മറുപടി തന്നാല്‍, അത് എന്നിലെ മുസ്‌ലിം ഐഡന്റിറ്റിയെ മുറിവേല്‍പ്പിക്കുമെന്ന് പിന്നീട് ചോദിച്ചപ്പോള്‍ പറഞ്ഞു. അത് രസകരമായ ഒരുത്തരമായി എനിക്കുതോന്നി. ഞങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അതേവരെ കടന്നുവരാതിരുന്ന ഒരുതരം ഐഡന്റിറ്റിയായിരുന്നു അത്.
അതുവരെ ഇല്ലാതിരുന്ന മതസ്വത്വം പൊടുന്നനെയാണ് എന്നില്‍ ആരോപിക്കപ്പെട്ടത്.

മൈന ഉമൈബാന്‍
മൈന ഉമൈബാന്‍

ഇതുമാത്രമല്ല, വര്‍ഗീയത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സംസാരങ്ങളില്‍ തുടങ്ങി വ്യക്തിപരമായ ഇഷ്ടനിഷ്ടങ്ങളിലേക്കുപോലും ഇത്തരം സ്‌കെയിലുകള്‍ പെട്ടെന്ന് കടന്നുവരികയാണ്. പതുക്കെപ്പതുക്കെ നമ്മള്‍, അത്തരം സൗഹൃദങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുന്നതായും വെറുമൊരു മുസ്‌ലിം മാത്രമായി മാറുന്നതായും പിന്നീട് മനസ്സിലാകും. ഇപ്പോള്‍ നടക്കുന്ന തരത്തിലുള്ള വിദ്വേഷപ്രചാരണത്തിന്റെ ആത്യന്തിക ഫലങ്ങളില്‍ ഒന്നാണിത്. മൈന എഴുതുന്നതുപോലെ, ആചാരങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറയാം, എന്നാല്‍ മതം എന്ന സ്വത്വത്തില്‍നിന്ന് പുറത്തുകടക്കുക എളുപ്പമല്ല.

ഫസീല അമന്‍,
ബര്‍ക്ക, ഒമാന്‍


ഭാവിയിലെ സാധ്യത യു.പി. പറഞ്ഞുതരും

വി. അബ്ദുല്‍ ലത്തീഫ് "ഇന്ത്യന്‍ മുസ്‌ലിമിന്റെ രാഷ്ട്രീയ ഭാവി' എന്ന ലേഖനത്തിലൂടെ (പാക്കറ്റ് 43) മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ യുക്തിഭദ്രമാണ്. പുതിയ ആഗോള സാഹചര്യം- സാമ്പത്തികവും രാഷ്ട്രീയവുമായത്- പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിന് അനുകൂലമായ നിരവധി ഘടകങ്ങളുള്‍ക്കൊള്ളുന്നതാണ്. ഇന്ത്യയില്‍ തന്നെ ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സമീപകാലത്ത് ബൗദ്ധികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങള്‍ രൂപപ്പെടുന്നുണ്ട്.

കടുത്ത വംശീയതയുടെ പ്രത്യയശാസ്ത്രം വമിപ്പിക്കുന്ന സംഘ്പരിവാറിനെ പ്രതിരോധത്തിലാക്കാന്‍ പോന്ന ഒരു പൊളിറ്റിക്കല്‍ സ്‌പെയ്‌സ്, സംഘടിതമായല്ലെങ്കിലും ഇന്ന് രൂപപ്പെട്ടുവരുന്നുണ്ട്. അതിലെ പ്രധാന ഘടകകക്ഷികള്‍ ദലിത്- പിന്നാക്ക വിഭാഗമാണെന്നി നിസംശയം പറയാം. എന്നാല്‍, അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടുന്ന സാധ്യതയെ ദുര്‍ബലമാക്കുന്ന ഒരു ഘടകം പ്രവര്‍ത്തിക്കുന്നുണ്ട്. അത്, ഉത്തരേന്ത്യയിലും മറ്റും അതിശക്തമായി വരുന്ന, ദലിത്- പിന്നാക്ക വിഭാഗങ്ങളിലെ സംഘ്പരിവാര്‍വല്‍ക്കരണമാണ്. അംബേദ്ക്കറെ തന്നെ ഏറ്റെടുത്തുകൊണ്ടാണ് ഈ സ്വാംശീകരണ പ്രക്രിയ മുന്നേറുന്നത്.

വി. അബ്ദുല്‍ ലത്തീഫ്
വി. അബ്ദുല്‍ ലത്തീഫ്

അംബേദ്കറിനെ "മനുഷ്യത്വത്തിന്റെ നേതാവ്' എന്ന് മോദി വിശേഷിപ്പിച്ചിട്ടുണ്ട്. അംബേദ്കര്‍ നേരിട്ട "രാഷ്ട്രീയ അയിത്തം' താനും നേരിട്ടിട്ടുണ്ട് എന്ന് മുമ്പൊരിക്കല്‍, അംബേദ്കര്‍ ജന്മദിന റാലിയില്‍ മോദി പറഞ്ഞിട്ടുണ്ട്. ദലിത്-ആദിവാസി വിഭാഗത്തെ "(ഹൈന്ദവ) മുഖ്യധാര'യിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വിശ്വഹിന്ദു പരിഷത്തിനെപ്പോലെ നിരവധി സംഘപരിവാര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവര്‍ക്ക് ഇതിനായി പ്രത്യേക പദ്ധതികള്‍ തന്നെയുണ്ട്. ചെറുപ്പത്തിലേ പിടികൂടി "വിദ്യാഭ്യാസം' ചെയ്യിച്ച്, സ്വന്തം മൂശയില്‍ വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്ന ഇത്തരം "സംഘ് സമൂഹങ്ങള്‍' പൊതുസമൂഹത്തിന്റെ ശ്രദ്ധ കടന്നുചെല്ലാത്തയിടങ്ങളില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാറിന്റെ രണ്ടു ടേമുകളില്‍, ഏറ്റവും സമര്‍ഥമായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതി കൂടിയാണിത്.

എന്നാല്‍, ദലിത് വിഭാഗത്തിന്റെ പ്രാതിനിധ്യമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും ഇതിന്റെ അപകടം തിരിച്ചറിയുന്നില്ല. യു.പിയിലെയും ബീഹാറിലെയും ഹരിയാനയിലെയും മറ്റും ദലിത് വിഭാഗത്തിന്റെ വിലപേശല്‍ ശേഷി ഈ പാര്‍ട്ടികള്‍ അപഹരിക്കുകയാണ് ചെയ്യുന്നത്. മായാവതിയുടെയും രാം വിലാസ് പാസ്വാന്റെയുമെല്ലാം പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചത് ചരിത്രമാണ്. തെരഞ്ഞെടുപ്പുകാലത്തെ നീക്കുപോക്ക് എന്നതില്‍ കവിഞ്ഞ് ദലിത് അധികാര പങ്കാളിത്തം ഉറപ്പാക്കുന്ന ഒരുതരത്തിലുള്ള നയങ്ങളും ഇവര്‍ക്കില്ല. മാത്രമല്ല, പ്രാതിനിധ്യം എടുത്തുനോക്കിയാല്‍ ബി.ജെ.പിയാണ് ഇക്കാര്യത്തില്‍ മുന്നില്‍ എന്നും കാണാം. വരാന്‍ പോകുന്ന യു.പി തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത് ഇതാണ്.

ചന്ദ്രശേഖര്‍ ആസാദ്
ചന്ദ്രശേഖര്‍ ആസാദ്

പതിവുപോലെ കോണ്‍ഗ്രസ് ഒരുതരം ബ്രാഹ്മണ രാഷ്ട്രീയമാണ് പ്രിയങ്കയിലൂടെ പയറ്റാന്‍ പോകുന്നത്, യോഗിയുടെ കൈവശമുള്ള പത്തുശതമാനം സവര്‍ണ വോട്ടുബാങ്കിനുവേണ്ടിയായിരിക്കും കോണ്‍ഗ്രസിന്റെ മത്സരം. ചന്ദ്രശേഖര്‍ ആസാദ് ഒരു ആക്റ്റിവിസ്റ്റ് നേതാവ് ആണെങ്കിലും അദ്ദേഹത്തിനും ഭീം ആര്‍മിക്കും ദലിത് വോട്ടുകളെ സമഹാരിക്കാന്‍ തക്ക രാഷ്ട്രീയശേഷി കൈവന്നിട്ടില്ല. ബി.എസ്.പിയേക്കാളും എസ്.പിയേക്കാളും യു.പിയില്‍ ദലിത് -പിന്നാക്ക വിഭാഗങ്ങളുടെ "യഥാര്‍ഥ' സഖ്യകക്ഷി ബി.ജെ.പി തന്നെ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടേ, ഭാവിയുടെ രാഷ്ട്രീയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയൂ.

സുമിത് പ്രഭാകരന്‍,
കോയമ്പത്തൂര്‍


മതത്തില്‍നിന്ന് ഒരു മുസ്‌ലിം എങ്ങനെ പുതിയ കാലത്തേക്ക് സഞ്ചരിക്കും?

ന്ത്യന്‍ മുസ്‌ലിമിന്റെ രാഷ്ട്രീയ ഭാവി എന്ന വി. അബ്ദുല്‍ ലത്തീഫിന്റെ ലേഖനം (പാക്കറ്റ് 43) ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി കാര്യങ്ങള്‍ അടങ്ങുന്നതാണ്. ഇന്ത്യയിലെ മുസ്‌ലിം ജനസാമാന്യം സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും രാഷ്ട്രഘടനയിലെ നിര്‍ണായക ഘടകമായി വര്‍ത്തിച്ച ഒന്നാണ്. മുസ്‌ലിം പങ്കാളിത്തമാണ് ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒരു ഹിന്ദുത്വ മൂവ്‌മെന്റായി പരിണമിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കിയ ഒരു ഘടകം. പിന്നീട് ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ നേടിയ മേല്‍ക്കൈ, മുസ്‌ലിമിനെ ഒരു അപരജനതയാക്കി മാറ്റിയെങ്കിലും, അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാണിച്ചപോലെ, ആഗോളീകരണത്തിന്റെ സാധ്യതകള്‍ ക്രിയ്ത്മകമാക്കി മാറ്റിയ ഒരു സമൂഹം കൂടിയാണ് മുസ്‌ലിംകള്‍.

സാമ്പത്തികമായ മുന്നേറ്റം മാത്രമല്ല, വിദ്യാഭ്യാസത്തിലൂടെയും ജനാധിപത്യപരമായ ഇടപഴകലുകളിലൂടെയും പുതിയൊരു സ്വതന്ത്ര കര്‍തൃത്വം മുസ്‌ലിമിന് സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍, മുന്നിലുള്ളത് സ്ത്രീകളാണെന്നതാണ് ഏറ്റവും സവിശേഷമായ വസ്തുത. കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ബൗദ്ധികമായ മുന്നേറ്റത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്യുന്ന സമയം കൂടിയാണിത്, കേരളത്തില്‍ മാത്രമല്ല, വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, പുതിയ തലമുറകളുടെ സാന്നിധ്യം പ്രകടമാകുന്ന ഇടങ്ങളിലെല്ലാം മുസ്‌ലിം സ്ത്രീ പങ്കാളിത്തം കൂടിവരികയാണ്. എന്നാല്‍, ഇതില്‍ ഏറ്റവും അസ്വസ്ഥമാകുന്നത് ഹിന്ദുത്വ വര്‍ഗീയതയല്ല, ഇസ്‌ലാം യാഥാസ്ഥിതികത്വമാണ് എന്നതാണ് ദുരന്തം.

'ഹരിത' പ്രവര്‍ത്തകര്‍
'ഹരിത' പ്രവര്‍ത്തകര്‍

കേരളത്തിലേക്ക് നോക്കുക, "ഹരിത' എന്ന സംഘടനയിലെ പെണ്‍കുട്ടികളുടെ ധീരമായ നിലപാടുകള്‍ക്കെതിരെ മാതൃസംഘടനമായ മുസ്‌ലിം ലീഗ് രംഗത്തുവന്നപ്പോള്‍, എത്ര മുസ്‌ലിം സംഘടനകള്‍ ഈ പെണ്‍കുട്ടികള്‍ക്ക് പരസ്യമായ പിന്തുണ നല്‍കി? ലീഗിന്റെ സ്ത്രീവിരുദ്ധതയെ, പൗരോഹിത്യ രാഷ്ട്രീയത്തെ നിര്‍ലജ്ജം അംഗീകരിക്കുകയാണ് എല്ലാ മുസ്‌ലിം പുരോഗമനവാദികളും ചെയ്തത്. അതായത്, മുസ്‌ലിമിന്റെ ആധുനികമായ കര്‍തൃത്വ രൂപീകരണത്തിന് ഇന്ന് ഏറ്റവും ഭീഷണിയായി നില്‍ക്കുന്നത് ഇസ്‌ലാം എന്ന, സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും യാഥാസ്ഥിതികമാക്കപ്പെട്ടതുമായ മതമാണ്. ഈ ഭീഷണിയില്‍നിന്ന് ഒരു മുസ്‌ലിം എങ്ങനെ പുതിയ കാലത്തേക്കും ലോകത്തേക്കും സഞ്ചരിക്കും  എന്നതാണ് യഥാര്‍ഥ ചോദ്യം.

എം.കെ. റിയാസ്,
അബൂദബി, യു.എ.ഇ


കുട്ടനാട് പഠനം ചര്‍ച്ച ചെയ്യപ്പെടണം

കുട്ടനാടിന്റെ വികസനുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് (പാക്കറ്റ് 43) ശ്രദ്ധേയമായി. കാരണം, കുട്ടനാടിന്റെ പരിസ്ഥിതിയെ, ഇതുവരെ നടന്ന ഒരു "വികസന'വും പരിഗണിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങളില്‍ ദുരിതാശ്വാസം ചെയ്യുക എന്നതില്‍ കവിഞ്ഞ് കുട്ടനാടിനുവേണ്ടി ഫലപ്രദമായ ഒരു പ്ലാനും പ്രയോഗവല്‍ക്കരിക്കപ്പെട്ടിട്ടുമില്ല. വെബ്‌സീന്‍ മുന്നോട്ടുവെക്കുന്ന ഇത്തരം പഠനങ്ങള്‍ അതുകൊണ്ടുതന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് തുടങ്ങിയ പദ്ധതികള്‍ കുട്ടനാടിന്റെ സ്വഭാവിക പരിസ്ഥിതിയില്‍ എന്ത് ആഘാതമാണുണ്ടാക്കിയത് തുടങ്ങിയ പരിശോധനകളില്‍നിന്നുതന്നെ തുടങ്ങണം.

തണ്ണീര്‍മുക്കം ബണ്ട്
തണ്ണീര്‍മുക്കം ബണ്ട്

അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ബണ്ടിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നതാണ്. എന്നാല്‍, ബണ്ട് വന്നതോടെ കൃഷിയുടെ ക്രമം ആകെ തെറ്റി. ബണ്ട് കൂടുതല്‍ കാലം അടച്ചിടേണ്ടിവരുന്നതിനാല്‍ സ്വഭാവിക ജലസ്രോതസ്സുകളില്‍ മലിനീകരണം രൂക്ഷമായി. ഓരുവെള്ളം കയറാതായതോടെ കീടങ്ങളുടെ
ആക്രമണം കൂടി, കീടനാശിനി പ്രയോഗവും. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെയും ക്രോമിയം, കാഡ്മിയം, ലെഡ്, സള്‍ഫേറ്റ് തുടങ്ങിയവയുടെയും സാന്നിധ്യം ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ മുതല്‍ മാലത്തിയോണ്‍ വരെയുള്ള കീടനാശിനികളാല്‍ കായല്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു.

നെല്‍കൃഷിയുടെ വിസ്തൃതി കുട്ടനാട്ടില്‍ 40 ശതമാനമാണ് കുറഞ്ഞത്. നെല്ല് മാത്രമല്ല, മത്സ്യം, കക്ക, ആറ്റുകൊഞ്ച് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയുമ അളവ് വന്‍തോതില്‍ കുറഞ്ഞു. ഇത് കുട്ടനാടിന്റെ ദാരിദ്ര്യവല്‍ക്കരണം അതിവേഗത്തിലാക്കി.
കുട്ടനാടിന് നല്ലൊരു കൃഷി മാതൃക എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളുമായി ശില്‍പശാലകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇവ വെറും സര്‍ക്കാര്‍ പരിപാടികളായി ഒതുങ്ങുകയാണ്. കുട്ടനാടിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് ആവശ്യം. ഇതുവരെയുള്ളവ, ഈ സ്വഭാവിക പ്രകൃതിക്കുമേലുള്ള കടന്നുകയറ്റങ്ങളായിരുന്നു. ഇടതുപക്ഷത്തിന്റെ പാളിച്ചയെക്കുറിച്ച് ലേഖകര്‍ സൂചിപ്പിക്കുന്നുണ്ട്. അത് വലിയ പ്രശ്‌നമാണ്. ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാട്, മധ്യവര്‍ഗത്തിന്റേതുതന്നെയായതിനാല്‍ കുട്ടനാടിനുവേണ്ടി ഭിന്നമായൊരു നയം പ്രതീക്ഷിക്കുക വയ്യ.

ജെയ്ക് ആന്റണി,
തിരുവല്ല, പത്തനംതിട്ട


സിലബസ് വിവാദം, എം. കുഞ്ഞാമന്‍ പറഞ്ഞതാണ് ശരി

ണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസ് വിവാദത്തിന്റെ പാശ്ചാത്തലത്തില്‍, അക്കാദമിക് ആംഗിളില്‍ ഊന്നിക്കൊണ്ടുള്ള എം. കുഞ്ഞാമന്റെ വിശകലനം സന്ദര്‍ഭോചിതമായി (പാക്കറ്റ് 43). സിലബസിനെക്കുറിച്ചുള്ള വിവാദം തന്നെ അപ്രസക്തമാണെന്ന് ഇത് വായിച്ചപ്പോള്‍ തോന്നി. കാരണം, സിലബസ്, പഠനത്തിനുള്ള ഒരു ടൂള്‍ മാത്രമാണ്. അതിലെ വിഷയങ്ങള്‍ അകത്തോ പുറത്തോ എന്ന ചോദ്യത്തിന് സാംഗത്യമില്ല. മാത്രമല്ല, ബിരുദാനന്തര ബിരുദ ക്ലാസില്‍ നടക്കുന്ന വിനിമയങ്ങളെക്കുറിച്ച് ഇന്നും വേണ്ടത്ര ധാരണയില്ലെന്ന് പലരുടെയും അഭിപ്രായപ്രകടനങ്ങള്‍ കേട്ടാല്‍ തോന്നും.

ഡോ. എം. കുഞ്ഞാമന്‍
ഡോ. എം. കുഞ്ഞാമന്‍

അറിവ് നേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് സിലബസ് എന്ന തെറ്റിധാരണയില്‍നിന്നാണ് ഇത്തരം വാദങ്ങളുണ്ടാകുന്നത്. വായനയില്‍ നിരോധിക്കപ്പെടേണ്ട ഒരു ആശയവും ഇല്ല. മാത്രമല്ല, വായനയുടെയും പഠനത്തിന്റെയും കേന്ദ്രം ക്ലാസുമുറികളുമല്ല. മറിച്ച്, ഭാവിയിലേക്കുവേണ്ട ഒരു മനുഷ്യനെ രൂപപ്പെടുത്താന്‍ ഒരു ക്ലാസ്മുറിക്ക് എന്തുമാത്രം ശേഷിയുണ്ട് എന്നതാണ് പ്രധാന ചോദ്യം. അതിനനുസരിച്ച സിലബസാണ് വേണ്ടത് എന്ന് എം. കുഞ്ഞാമന്‍ കൃത്യമായി പറയുന്നുണ്ട്. മതത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറയുന്നു. മതം പഠിപ്പിക്കാന്‍ കഴിയാത്ത സംഗതിയാണ്. കാരണം, അത് മനുഷ്യപുരോഗതിയെ പുറകോട്ടുവലിക്കുന്ന ഒന്നാണ്. അതുപോലെ, ഫാസിസത്തെക്കുറിച്ച് ഇന്ന് പഠിപ്പിക്കുമ്പോള്‍ നമുക്കുമുന്നിലുള്ള യാഥാര്‍ഥ്യങ്ങളിലൂടെ ആ പഠനം കടന്നുപോകേണ്ടിവരും. അങ്ങനെയൊരു വിമര്‍ശനാത്മക കാഴ്ചപ്പാടിലൂടെയാണ് പഠനം ഭാവിയുടേതാകുക. അതുകൊണ്ട് ഒരു പ്രത്യേക പുസ്തകത്തിലോ ഗ്രന്ഥകര്‍ത്താവിലോ മാത്രം ഊന്നിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ഒരു പ്രസക്തിയുമില്ല.

കെ.പി. ചന്ദ്രപ്രകാശ്,
മാനന്തവാടി, വയനാട്


ലീഗിലെ ആണധികാരത്തെക്കുറിച്ച് സി.പി.എം!

ഷംഷാദ് ഹുസൈന്‍ പറഞ്ഞതുതന്നെയാണ് ശരി, പൊരുതിത്തോറ്റെങ്കിലും "ഹരിത'യിലെ പെണ്‍കുട്ടികള്‍ക്ക് ഒന്നും സംഭവിക്കാനില്ല. മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയുടെ ജീര്‍ണതക്ക് അത് ആക്കം കൂട്ടുകയേ ഉള്ളൂ. ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്ന ആണധികാര- പൗരോഹിത്യ നിലപാടുകള്‍ അധികകാലം ഇതേപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്ന മുന്നറിയിപ്പുകൂടിയാണ് ഈ സ്ത്രീകള്‍ നല്‍കുന്നത്.

രാഷ്ട്രീയപാര്‍ട്ടികളില്‍ മാത്രമല്ല, മതങ്ങളുടെ മറവില്‍ വ്യക്തികളെ നിയന്ത്രിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലും ഇത്തരം ചോദ്യം ചെയ്യലുകള്‍ നടക്കണം. പ്രത്യയശാസ്ത്രത്തിന്റെ സങ്കുചിതത്വങ്ങളുപയോഗിച്ച് ആണധികാരം നടപ്പാക്കുന്ന സംഘടനകളിലേക്കും ഈ റെബല്യന്‍ എത്തേണ്ടതുണ്ട്. കേരളത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനുമൊന്നും ഈ പാപഭാരത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ലീഗിനൊപ്പമാണ് ഈ പാര്‍ട്ടികളുടെയും അതിന്റെ നേതാക്കളുടെയും അവസ്ഥ. അപ്പോള്‍, മതം മാത്രമല്ല, പാട്രിയാര്‍ക്കി കൂടിയാണ് പ്രതി.

ഷംഷാദ് ഹുസൈന്‍
ഷംഷാദ് ഹുസൈന്‍ കെ.ടി.

മതം പ്രതിസ്ഥാനത്തുവരുമ്പോള്‍, പ്രത്യേകിച്ച് ഇസ്‌ലാം, അതിനൊരു പ്രത്യേക രുചിക്കൂട്ട് ഒരുക്കപ്പെടാറുണ്ട്. എന്നാല്‍, പൊളിറ്റിക്കല്‍ പാട്രിയാര്‍ക്കികള്‍ അത്രമേല്‍ വിമര്‍ശിക്കപ്പെടാറില്ല. ആണധികാരത്തിന്റെ പേരുപറഞ്ഞ് ലീഗിനുമേല്‍ കുതിര കയറാന്‍ സി.പി.എമ്മിന് കഴിയുന്നത് അതുകൊണ്ടാണ്. താരതമ്യേന ദുര്‍ബലമായ രാഷ്ട്രീയ ഘടനയുള്ള ഒരു പാര്‍ട്ടിയായിരുന്നിട്ടും ലീഗില്‍നിന്ന് ഇത്തരമൊരു പ്രതിഷേധം രൂപപ്പെടാന്‍ ഇത്രയും കാലം വേണ്ടിവന്നു. ഇതൊരു മൂവ്‌മെന്റായി മുന്നേറേണ്ടതുണ്ട്.

പി.പി. അബ്ദുറസാക്ക്,
ആറ്റിങ്ങല്‍, തിരുവനന്തപുരം


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media