Wednesday, 20 October 2021

കത്തുകള്‍


Image Full Width
Image Caption
Photo: pxhere
Text Formatted

​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

​​​​​​​ബോളിവുഡും കാമാത്തിപുരയും; തീക്ഷ്ണമായ രണ്ട് കോവിഡനുഭവങ്ങള്‍

റെ ഹൃദ്യമായൊരു വായനാനുഭവമായിരുന്നു കെ.സി. ജോസ് എഴുതിയ അന്നം മുട്ടിയ ആര്‍ട്ടിസ്റ്റുമാരുടെ ബോളിവുഡ് (പാക്കറ്റ് 44) എന്ന ലേഖനം. താരങ്ങളുടെ കോവിഡുകാല ജീവിതം ആഘോഷിക്കപ്പെടുമ്പോള്‍, ശരിക്കും അന്നം മുട്ടിയ, സിനിമാതൊഴിലാളികളുടെ ജീവിതം നേരിട്ട് അവരില്‍നിന്നുതന്നെ പകര്‍ത്തിയത് ശ്രദ്ധേയമായി.

വര്‍ഷം രണ്ടായിരം സിനിമകള്‍ നിര്‍മിക്കുന്ന ബോളിവുഡ്, എത്ര കലാകാരന്മാരുടെ ജീവിതമാര്‍ഗമാണെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ബോളിവുഡില്‍നിന്ന് ഒരു വര്‍ഷം 18,000 കോടി രൂപയാണ് ബോക്‌സ് ഓഫീസ് വരുമാനമായി ലഭിച്ചിരുന്നത്, 2019 വരെ. കഴിഞ്ഞ വര്‍ഷം ഇത് മൂന്നിലൊന്നായി ചുരുങ്ങി. ഈ വര്‍ഷം മാത്രം ബോളിവുഡിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 1500ലേറെ തിയറ്ററുകളാണ് അടച്ചിട്ടത്. ഒരു സിനിമ മുടങ്ങുമ്പോഴും ഒരു തിയറ്റര്‍ അടച്ചിടുമ്പോഴും അനുബന്ധമായി നിരവധി തൊഴിലാളികളുടെ ജീവിതമാണ് വഴിമുട്ടുന്നത്. മിക്കവാറും തിയറ്ററുടമകള്‍ മറ്റു ബിസിനസുകളിലേക്ക് തിരിഞ്ഞു. ജോസ് എഴുതുന്നതുപോലെ, മുമ്പ് തുണിമില്ലുകള്‍ ഷോപ്പിംഗ് മാളുകളായതുപോലെ, ഇനി തിയറ്ററുകളും രൂപമാറ്റം സംഭവിച്ച് മാളുകളേക്കാള്‍ ലാഭകരമായ ബിസിനസ് സെന്ററുകളായി മാറാനാണ് സാധ്യത. ഫോട്ടോഗ്രാഫര്‍മാര്‍, ഡ്രസ് മേക്കേഴ്‌സ്, സ്റ്റണ്ട് മാസ്റ്റര്‍മാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍, തെരുവുതമാശ കലാകാരന്മാര്‍, നാടകപ്രവര്‍ത്തകര്‍ തുടങ്ങി എത്രയോ കലാകാരന്മാരാണ് കടപുഴകി വീണത് എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.

cover-
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 44 കവര്‍

ബോളിവുഡിനുപുറമേ, ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചുകൂടി ജോസ് എഴുതുന്നുണ്ട്. കാമാത്തിപുരയിലേക്ക് എത്തിപ്പെടുന്ന നിസ്സഹായരായ സ്ത്രീകളുടെ അവസ്ഥ എത്ര പരിതാപകരമാണ്. വലിയ സ്വപ്‌നങ്ങളുടെ ശ്മശാനഭൂമിയാണ് ഇവിടം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും നല്ല കുടുംബജീവിതം സ്വപ്‌നം കണ്ടുമൊക്കെ പുരുഷന്മാര്‍ക്കൊപ്പം ഇവിടെയെത്തുന്ന സ്ത്രീകള്‍ എങ്ങനെയാണ് ലൈംഗികത്തൊഴിലാളികളായി മാറുന്നത് എന്ന്, തുള്‍സി എന്ന ഒരൊറ്റ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നിന്ന് പൂര്‍ണമായും മനസ്സിലാകും. റെയില്‍വേ ട്രാക്കില്‍ മുട്ടിനുതാഴെ രണ്ടു കാലും കൈയും മുറിച്ചുമാറ്റപ്പെട്ട്, ജീവച്ഛവമായി കിടന്ന ആ പെണ്‍കുട്ടിയെപ്പോലെ, അറിയപ്പെടാത്ത എത്രയോ ജീവച്ഛവങ്ങള്‍ അവിടെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകാം.

കോവിഡ് സ്ത്രീകളടക്കമുള്ള അടിസ്ഥാനവര്‍ഗങ്ങളുടെ ജീവിതമാര്‍ഗത്തെയാണ് ഏറെ ബാധിച്ചത് എന്ന വസ്തുത യു.എന്‍. അടക്കമുള്ള നിരവധി ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അത് ശരിവെക്കുന്നതാണ്, ജോസിന്റെ ലേഖനവും. ബോളിവുഡിലായാലും കാമാത്തിപുരയിലായാലും ചെറുകിട തൊഴിലാളികളും സ്ത്രീകളുമാണ് ഇരകള്‍. വലിയ താരങ്ങളെയും തിയറ്ററുടമകളെയും നിരവധി മറുവഴികള്‍ കാത്തുകിടക്കുമ്പോള്‍, ഈ സാധാരണ മനുഷ്യര്‍ക്കുമുന്നില്‍ എല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
കെ. ശ്രീവത്സന്‍
ദാദര്‍, മുംബൈ


സഭ- ബി.ജെ.പി ബാന്ധവത്തിന്റെ പണ ധാരണകള്‍

ക്രിസ്ത്യന്‍ സഭയും ബി.ജെ.പിയും തമ്മിലുള്ള ബാന്ധവത്തിന്റെ കൃത്യമായ ചിത്രം നല്‍കുന്നതായിരുന്നു മുജീബ്‌റഹ്മാന്‍ കിനാലൂര്‍ എഴുതിയ ലേഖനം (പാക്കറ്റ് 44). സഭയെ സംബന്ധിച്ച് പരമപ്രധാനമായ കാര്യം സാമ്പത്തികം തന്നെയാണ്. കേരളത്തിലെ പള്ളിത്തര്‍ക്കങ്ങള്‍ മുതല്‍, സ്ഥാപന നടത്തിപ്പുമുതല്‍, ഇടവകപ്പള്ളി നിര്‍മാണം വരെയുള്ള കാര്യങ്ങളെടുത്താല്‍ കോടികളുടെ വിനിമയം നടത്തുന്ന ഒരു വ്യാപാര സംവിധാനമായി സഭകള്‍ മാറിക്കഴിഞ്ഞു. ഇതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയത്തോടാണ് അവര്‍ ചായ്‌വ് കാണിക്കുക. കേരളത്തിലെ ഇക്കാര്യത്തിലെ അവരുടെ സഖ്യകക്ഷി കേരള കോണ്‍ഗ്രസായിരുന്നു, നേതാവ് കെ.എം. മാണിയും.

mujeeb.
മുജീബ്‌റഹ്മാന്‍ കിനാലൂര്‍

ഈ സഖ്യം വേര്‍പെടുകയും വിലപേശല്‍ ശേഷി ഇല്ലാതാകുകയും ചെയ്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിനുകാരണം. കോടികളുടെ വിദേശഫണ്ട് ക്രിസ്ത്യന്‍ സഭകള്‍ എന്തിനാണ് വിനിയോഗിക്കുന്നത്? അത് സംസ്ഥാനത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള പൊതുതാല്‍പര്യ വിഷയമാണോ? തീര്‍ച്ചയായും അല്ല. സഭ എന്ന അധികാര വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ഈ സാമ്പത്തികം ചെലവിടുന്നത്. കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിച്ചത് 17 കോടി രൂപയാണത്രേ. എന്തുതരം കുഴല്‍ക്കിണറാണിത്? ഇത്രയും കാലം കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്ത് ക്രിസ്ത്യന്‍ സഭയുണ്ടായിരുന്നില്ല, തീവ്രമായ വര്‍ഗീയത അകമേ സൂക്ഷിച്ചിരുന്നുവെങ്കിലും. എന്നാല്‍, മോദി സര്‍ക്കാറിന്റെ സ്ഥാനാരോഹണശേഷം, സംഘ്പരിവാറുമായുള്ള പുതുബാന്ധവത്തിനുശേഷം, സഭ ഒളിഞ്ഞും തെളിഞ്ഞും വിദ്വേഷ പ്രചാരണത്തിന്റെ ആയുധമായി മാറിയിരിക്കുന്നു. ഭാവി സാധ്യത മുന്നില്‍ക്കണ്ട് രണ്ടു മുന്നണികളും കമാ എന്നൊരക്ഷരം മിണ്ടാതെ ഈ തീവ്രവംശീയതക്ക് വളംവെച്ചുകൊടുക്കുകയും ചെയ്യുന്നു.
ജെയ്‌സണ്‍ പീറ്റര്‍
കടവന്ത്ര, കൊച്ചി


സഭാ സ്വത്ത് നിയന്ത്രണ ബില്‍ എവിടെയാണ്?

ക്രിസ്ത്യന്‍ സഭയുടെ വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട് മുജീബ്‌റഹ്മാന്‍ കിനാലൂര്‍ എഴുതിയ ലേഖനത്തില്‍ (പാക്കറ്റ് 44) ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ച് പറയുന്നുണ്ട്. വിദേശ നാണ്യ വിനിമയചട്ടം ലംഘിച്ചതിന്റെ നിരവധി കണക്കുകള്‍ പുറത്തുവന്നിട്ടും ഈ സ്ഥാപനത്തിനെതിരെ കാര്യമായ നടപടികള്‍ ഒരിക്കലുമുണ്ടായിട്ടില്ല. എഫ്.സി.ആര്‍.എ, ഫെമ തുടങ്ങിയ ആക്റ്റുകളുടെ ലംഘനങ്ങള്‍ ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ കണ്ടെത്തിയതായി നിരവധി വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് ബിലീവേഴ്‌സ് ചര്‍ച്ചിനെ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. എഫ്.സി.ആര്‍.എ ചട്ടം ലംഘിച്ച് സഭ 6000 കോടിയുടെ ഇടപാട് നടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു നടപടി.

check-indian-tax-officials
ഏറ്റവും കൂടുതല്‍ വിദേശ പണം എത്തിയത് കെ. പി. യോഹന്നാന്റെ തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്കാണ്. ഒരു വര്‍ഷം 159,91,67,620 രൂപ.

സഭകളിലെയും പള്ളികളിലെയും സ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ കൊണ്ടുവന്നുവെങ്കിലും അതിന്റെ തുടര്‍നടപടി എന്തായി എന്ന് അറിയില്ല. സഭാസ്വത്തുക്കള്‍ കാലങ്ങളായി കൈകാര്യം ചെയ്യുന്നത് പുരോഹിതവര്‍ഗമാണ്. ഇക്കാര്യത്തില്‍ ഒരുവിധ കൂടിയാലോചനകളും നടക്കാറില്ലെന്ന് വിശ്വാസികള്‍ തന്നെ സമ്മതിക്കും. ഒരു പരാതി നല്‍കാന്‍ പോലുമുള്ള സംവിധാനം സഭാക്കുള്ളില്‍ ഇല്ല. എറണാകുളം- അങ്കമാലി അതിരൂപകകളിലെ ഭൂമിക്കച്ചവടത്തിലെ ക്രമക്കേടുകളാണ് ഇത്തരമൊരു ബില്ലിന് ഇടയാക്കിയതുതന്നെ. ഇതെല്ലാം മുന്നില്‍ കണ്ടാണ് സഭയുടെ മുഴുവന്‍ സ്ഥാവര- ജംഗമ സ്വത്തും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരാനുള്ള വ്യവസ്ഥകളോടെ ബില്‍ കൊണ്ടുവന്നത്. എപ്പിസ്‌കോപ്പല്‍ സഭകളെയും പെന്തക്കോസ്ത് വിഭാഗങ്ങളെയുമെല്ലാം ഒരേപോലെ ബാധിക്കുന്ന ഈ നിയമത്തിനെതിരെ എന്തുമാത്രം ആക്രോശങ്ങളാണ് പുരോഹിതവര്‍ഗത്തില്‍നിന്നുണ്ടായത്. അതോടെ, ആ ബില്ലിന്റെ പൊടിപോലും കാണാതായി. അതുകൊണ്ടുതന്നെ, സഭയും ബി.ജെ.പിയും തമ്മിലുള്ള ധാരണയെ വിമര്‍ശിക്കാന്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും യാതൊരു ധാര്‍മിക അവകാശവുമില്ല.
നീന അഗസ്റ്റിന്‍
വേളി, തിരുവനന്തപുരം


നൂര്‍ബീന റഷീദിന്റെ ഫത്‌വയും പലതരം ജിഹാദുകളും

ലതരം ജിഹാദുകളുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍, യഥാര്‍ത്തില്‍ സ്ത്രീകളെ ഉന്നം വെക്കുന്നവായണെന്ന അഞ്ജലി മോഹന്റെ വിലയിരുത്തല്‍ ശരിയാണ് (പാക്കറ്റ് 44). മതങ്ങള്‍, മറ്റുമതങ്ങളേക്കാള്‍ ഭയപ്പെടുന്നത് സ്വന്തം വിശ്വാസിക്കൂട്ടത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുന്നോട്ടുവരുന്ന മനുഷ്യരെയാണ്. അവരിലേറെയും സ്ത്രീകള്‍ കൂടിയാകുമ്പോള്‍ മതത്തിന്റെ വിറളിയേറുന്നു. കാരണം, മതം എന്ന സ്ഥാപനത്തെ തീറ്റിപ്പോറ്റാനുള്ള അട്ടിപ്പേറവകാശം സ്ത്രീകള്‍ക്കാണല്ലോ. ലവ് ജിഹാദ് എന്ന കെട്ടുകഥയിലൂടെ പ്രണയത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ് മതങ്ങള്‍ ഇതിന് തുടക്കമിട്ടത്. ലവ് ജിഹാദ് ലക്ഷ്യം വെച്ചത് ഇസ്‌ലാമിനെയാണെങ്കിലും, എല്ലാ മതങ്ങളിലെയും പെണ്‍കുട്ടികളെ അത് ലക്ഷ്യം വെച്ചിരുന്നുവെന്ന് വ്യക്തം. കാരണം, ശുദ്ധാശുദ്ധി നിയമങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാമും ഹിന്ദുമതവും ക്രിസ്ത്യാനിറ്റിയും തമ്മില്‍ ഭേദമില്ല. ഇവര്‍ക്കെല്ലാം ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന വിശ്വാസികളെ പേടിയാണ്. ഈ പേടിയാണ് പലവിധ ആധികളായി മതങ്ങളില്‍നിന്ന് പുറത്തുവരുന്നത്.

Noorbeena Rasheed
നൂര്‍ബീന റഷീദ്

മുസ്‌ലിം ലീഗിലെ വനിതാ നേതാവ് നൂര്‍ബീന റഷീദ് കഴിഞ്ഞദിവസം പറഞ്ഞത് നോക്കുക: "ലിംഗ് രാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുസ്‌ലിംലീഗ് മുന്നോട്ടുവെക്കുന്നത്. മുസ്‌ലിംലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‌ലിം ആണെന്നത് മറക്കരുത്. കുടുംബത്തിനുവേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് ലീഗിലെ മാതൃക. സമുദായത്തെ മറന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുത്.'' പൊതുസമൂഹത്തിലേക്കുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ ധീരമായ സഞ്ചാരമാണ് അതിനെതിരായ ആണ്‍കോയ്മാ മുന്നറിയിപ്പായി ഒരു സ്ത്രീയില്‍നിന്നുതന്നെയുണ്ടാകുന്നത്. അഞ്ജലി മോഹന്‍ പറയുന്നുണ്ട്, ന്യൂനപക്ഷ സമുദായങ്ങള്‍ക്കു പോലും സംഘപരിവാറിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കാനാകുന്നില്ല എന്ന്. നൂര്‍ബീന റഷീദിനെപ്പോലുള്ളവരാണ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന സ്ത്രീകള്‍ എന്നതുകൊണ്ടുകൂടിയാണ് ഈ ദുര്യോഗം. ലവ് ജിഹാദിനെതിരെ പ്രതിഷേധിക്കുമ്പോഴും ഇസ്‌ലാമിലെ ഇത്തരം സ്ത്രീവിരുദ്ധകള്‍ അവരെ സ്വയം ഇരകളാക്കുകയാണ് ചെയ്യുന്നത്.
കെ.കെ. ജസീല
പരപ്പനങ്ങാടി, മലപ്പുറം


പുതിയ സ്ത്രീ വരുന്നു; സമൂഹമാധ്യമങ്ങളിലൂടെ 

മൂഹമാധ്യമങ്ങളിലൂടെയുള്ള ആവിഷ്‌കാരങ്ങള്‍ സ്ത്രീകളെ സ്വതന്ത്രവ്യക്തികളായി മാറ്റുന്നുണ്ടെന്ന ആശ ഉണ്ണിത്താന്റെ നിരീക്ഷണം വാസ്തവമാണ് (പാക്കറ്റ് 44). വിവാഹം, കുടുംബം, മതം തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ത്രീവിരുദ്ധ അടിത്തറകളെ പൊളിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങള്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ ഇടങ്ങള്‍ നല്‍കിയത്. അവിടം ഒരു സമത്വസുന്ദരലോകമാണ് എന്നല്ല അര്‍ഥമാക്കുന്നത്. എന്നാല്‍, ഒരുതരത്തിലുമുള്ള വിവേചനവും ഇല്ലാതെയും അതേസമയം, എല്ലാതരം വിവേചനങ്ങളെയും വെല്ലുവിളിച്ചും ഒരു സ്ത്രീക്ക് അവിടെ സ്വന്തമായി ഒരിടം സ്ഥാപിക്കാന്‍ കഴിയും. ഇത്തരം പ്രഖ്യാപനങ്ങളാണ് മീ ടൂ പോലെയും വണ്‍ ബില്യന്‍ റൈസിങ് പോലെയുമുള്ള തുറവികളായി വരുന്നത്. എന്നാല്‍, സ്ത്രീകളുടെ ഈ പുതുലോകത്തെക്കുറിച്ച് ഇപ്പോഴും നമ്മുടെ ആണുങ്ങള്‍ക്ക് വേണ്ടത്ര ധാരണയില്ല. ആണുങ്ങള്‍ ഭരിക്കുന്ന സ്ഥാപനങ്ങള്‍ക്കും. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമാത്രമല്ല, ജെന്‍ഡര്‍ ഇക്വാലിറ്റിയെക്കുറിച്ചും രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളാണ് ഉറക്കെയുറക്കെ പറയുന്നത്. നമ്മുടെ മുഖ്യാധാരാ മാധ്യമങ്ങള്‍ മായാവതിയെയും ജയലളിതയെയും മമതാ ബാനര്‍ജിയെയും മാത്രമല്ല, നമുക്കിടയിലെ ഒരു സാധാരണ വനിതാ പഞ്ചായത്തുപ്രസിഡന്റിനെ വരെ കോമാളികളായി പ്രതിഷ്ഠിക്കുമ്പോള്‍, രാഷ്ട്രീയരംഗത്തെ സ്ത്രീപ്രാതിനിധ്യത്തെ പുരുഷക്കോയ്മയുടെ വാലാക്കി ചുരുട്ടിക്കെട്ടുമ്പോഴാണ്, സ്വന്തം സ്വത്വവും രാഷ്ട്രീയവും തുറന്നുപ്രഖ്യാപിക്കുന്ന സ്ത്രീകള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ പുതിയൊരിടം സൃഷ്ടിക്കപ്പെട്ടത്. മീ ടൂ പോലുള്ള മൂവ്‌മെന്റുകള്‍ക്ക് ഏറെ പരിമിതികളുണ്ടെങ്കിലും വൈയക്തികമായ തലത്തില്‍നിന്ന്, സ്വത്വബോധമാര്‍ന്ന സംഘടിത തലത്തിലേക്ക് തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരായ തുറന്നുപറച്ചിലിനെ വികസിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞുവെന്നത് ഓര്‍ക്കണം. ഏത് മുഖ്യധാരാ മാധ്യമമാണ് സ്ത്രീപക്ഷത്തുനിന്ന് ഇത്തരമൊരു തുറന്നുപറച്ചിലിന് ഇടം നല്‍കാന്‍ തയാറാകുക?

cover 44
ആശ ഉണ്ണിത്താൻ, അഞ്ജലി മോഹന്‍ എം. ആര്‍.

അതുകൊണ്ടുതന്നെ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നത് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാക്കിസ്ഥാനില്‍ ട്വിറ്റര്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലെന്ന് ഖത്തര്‍ കമ്പ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നൊരു സ്ഥാപനം നടത്തിയ ഗവേഷണത്തില്‍ കണ്ടിട്ടുള്ളതായി വായിച്ചിട്ടുണ്ട്. മാത്രമല്ല, പൊളിറ്റിക്കല്‍ ആക്റ്റിവിസത്തിന്റെ തലത്തില്‍നിന്ന് സമൂഹമാധ്യമ ഇടപെടല്‍ നടത്തുന്നവരിലും സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം. എല്ലാത്തരം സ്റ്റീരിയോടൈപ്പുകളെയും ഭേദിക്കാനും പുറത്തുവരാനും സമൂഹമാധ്യമങ്ങള്‍ ഇന്ന് സ്ത്രീയെ സഹായിക്കുന്നുണ്ട്. അങ്ങനെ പുറത്തുവരുന്ന പുതിയ സ്ത്രീ ആര്‍ക്കും തടയാനാകാത്ത ഒരു കരുത്തായി വികസിക്കുക തന്നെ ചെയ്യും.
നവാസ് മുഹമ്മദ്
​​​​​​​വെള്ളമുണ്ട, വയനാട്


ദ്രാവിഡ ദേശീയതയുടെ അനിവാര്യത

ധിപത്യപരവും ബ്രാഹ്മണികമായ ഹൈന്ദവതയുടെ അടിസ്ഥാനത്തിലുള്ളതുമായ ദേശീയതക്കെതിരായ നീക്കങ്ങള്‍ പല കാലങ്ങളിലും ദ്രാവിഡ രാഷ്ട്രീയം മുന്നോട്ടുവച്ചിട്ടുണ്ട്. പെരിയാര്‍ ഇ.വി. രാമസ്വാമി തന്നെ ദ്രാവിഡ നാട് എന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഈ ആവശ്യത്തിന് സ്വന്തം സംസ്ഥാനത്തുതന്നെ വേണ്ടത്ര പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. എങ്കിലും, ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റെയും ബഹുസ്വരതയുടെയും മൂല്യമുള്‍ക്കൊള്ളുന്ന ഉപ ദേശീയതകളുടെ രാഷ്ട്രീയം ദ്രാവിഡ പ്രസ്ഥാനങ്ങള്‍ തന്നെയാണ് ഏറ്റവും തീവ്രമായി ഉയര്‍ത്തിപ്പിടിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം, കേന്ദ്ര സര്‍ക്കാറുകളുടെ അവഗണന, പ്രാദേശിക ദേശീയതകളോടുള്ള മുഖ്യധാരാ രാഷ്ട്രീയത്തിന്റെ എതിര്‍പ്പ് തുടങ്ങി നിരവധി ഘടകങ്ങള്‍ ചേര്‍ന്നാണ് ദ്രാവിഡ ദേശീയതക്കും ദ്രാവിഡ രാഷ്ട്രീയത്തിനും രൂപം നല്‍കിയത്. മാത്രമല്ല, തമിഴ് എന്ന സാംസ്‌കാരികവും ആശയപരവുമായ അടിത്തറയും ഈ രാഷ്ട്രീയത്തിന് പിന്‍ബലമേകി. ജാതി- മത ചിന്തകള്‍ക്കും സവര്‍ണതക്കും എതിരായതും സാമൂഹിക നീതിയുടേതുമായ ഒരു ആത്മാഭിമാന പ്രസ്ഥാനമായി അത് വികസിച്ചുവന്നു. ദക്ഷിണേന്ത്യ എന്നൊരു രാഷ്ട്രീയാസ്തിത്വം മുന്നോട്ടുവക്കപ്പെട്ടതും ഇതിന്റെ ഭാഗമായാണ്. ഹിന്ദിയെ മാത്രമല്ല, ബ്രാഹ്മണിസത്തെയും പിന്നീട് അതിന്റെ രാഷ്ട്രീയ രൂപമായി മാറിയ സംഘ്പരിവാറിനെയും ഐഡിയോളക്കിലായി തന്നെ നേരിടാന്‍ കഴിഞ്ഞുവെന്നതാണ് ഈ മൂവ്‌മെന്റിന്റെ പ്രാധാന്യം.

akshay-pp
അക്ഷയ്​ പി.പി.

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ ഭാഗമായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയുമെല്ലാം ബി.ജെ.പിയുമായി സഖ്യങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ഇന്നും ബി.ജെ.പിക്ക് സ്വതന്ത്രമായ ഒരു വഴി തുറന്നുകിട്ടിയിട്ടില്ല എന്നതും കാണണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന സ്റ്റാലിന്‍ ഒരുതരത്തില്‍ പറഞ്ഞാല്‍, പഴയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുതുകാലത്തെ തുടര്‍ച്ചക്ക് പരിമിതമായെങ്കിലും ശ്രമിക്കുന്നുണ്ട്. സ്റ്റാലിനെക്കുറിച്ച് മുമ്പൊരു പാക്കറ്റിലും ദ്രാവിഡ ദേശീയതയെക്കുറിച്ച് കഴിഞ്ഞ പാക്കറ്റിലും വന്ന രണ്ട് വിശകലനങ്ങളും ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ന് അനിവാര്യമായ ഒരു സാംസ്‌കാരിക- രാഷ്ട്രീയ അസ്തിത്വത്തെക്കുറിച്ചുള്ള വിചാരങ്ങളെന്ന നിലയ്ക്ക് പഠനാര്‍ഹമാണ്.
സുസ്‌മേഷ് പി.
കോയമ്പത്തൂര്‍


ജനസംഖ്യയേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍, എന്നിട്ടും...

1996 മുതലുളള കേരളത്തിന്റെ മൊബൈല്‍ ഫോണ്‍ ചരിത്രം സൂചിപ്പിക്കുന്ന ഷഫീക്ക് മുസ്തഫയുടെ അനുഭവക്കുറിപ്പ് (പാക്കറ്റ് 44) രസകരമായ വായനാനുഭവമായിരുന്നു. ഒരു ചെറിയ ഇഷ്ടികയുടെ വലുപ്പമുണ്ടായിരുന്ന യന്ത്രത്തില്‍നിന്ന് എന്തുമാത്രം സാധ്യതകളിലേക്ക് മൊബൈല്‍ ഫോണ്‍ വികസിച്ചിരിക്കുന്നു. ആ വരവില്‍ നമ്മുടെയെല്ലാം പ്രിയപ്പെട്ട എത്രയോ ഉപകരണങ്ങള്‍ മരണം വരിച്ചു. ഇന്ന് കേരളത്തിലെ ജനസംഖ്യമൂന്നര കോടിയാണെങ്കില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നാലര കോടിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളേക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണ് കണക്ഷണുകളെങ്കില്‍ കേരളത്തിന് ഗ്രാമ- നഗര വ്യത്യാസമില്ല. എങ്കിലും ഈ മൊബൈല്‍ ഫോണ്‍ സാച്ചുറേഷന്‍ ചില സംശയങ്ങളും ഉയര്‍ത്തുന്നു.

shafeeq
ഷഫീഖ് മുസ്തഫ

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം വന്നപ്പോള്‍, നമ്മുടെ അടിസ്ഥാന വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളാണ് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയത്. ആദിവാസി, പിന്നാക്ക, കടലോര, ദലിത് സമൂഹങ്ങളിലെ വിദ്യാര്‍ഥികളായിരുന്നു ഇവരിലേറെയും. ഇതില്‍നിന്ന്, മൊബൈല്‍ ഫോണ്‍ ലഭ്യതയിലെ വിവേചനം പ്രകടമാണ്. ജനസംഖ്യയേക്കാള്‍ ഒരു കോടിയിലേറെ കണക്ഷനുകളുള്ള ഒരു സംസ്ഥാനത്താണ് ഈ വിവേചനമെന്നതും ശ്രദ്ധിക്കേണ്ടതാണ്. 
റജി വാസന്‍,
പെരുമ്പാവൂര്‍


വായനക്കാരിലേക്കു പകരുന്ന വേദന

ന്ദുമേനോന്റെ ആത്മകഥയില്‍ രണ്ട് അധ്യായങ്ങളിലായി അവര്‍ അനുഭവിച്ച തീവ്രമായ ഒരനുഭവത്തെക്കുറിച്ചാണ് എഴുതുന്നത്. അത് ഒരു സ്ത്രീയുടെ സവിശേഷമായ ഒരു വേദന കൂടിയാണ്- മരിച്ചുപോയ ഒരു കുഞ്ഞിനെ ഉദരത്തില്‍ വച്ചുകൊണ്ട് ഉറങ്ങിയ, സ്വയം ഒരു ശവപ്പെട്ടിയായി മാറിയ നിമിഷങ്ങളെക്കുറിച്ചുള്ള വിക്ഷുബ്ധമായ രേഖപ്പെടുത്തല്‍.

indu menon
ഇന്ദുമേനോൻ

പിറക്കുന്നതിനുമുമ്പ് കുഞ്ഞ് ഇല്ലാതാകുന്നതില്‍ ഒരമ്മ എത്രത്തോളം ആത്മസംഘര്‍ഷം അനുഭവിക്കുന്നു എന്ന് ഈ വരികളില്‍നിന്ന് വായിച്ചറിയാം. വയറ്റില്‍നിന്ന് ഭ്രൂണത്തെ ചുരണ്ടിയെടുക്കുക എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആ വേദനയുടെ ആഴം വായനക്കാരിലേക്കും പകരുന്നു. ഒരു കഥാകൃത്ത് അവരുടെ ജീവിതകഥ പറയുന്നതുപോലെ വായനക്കാര്‍ക്ക് ഇത് വായിക്കാം എന്ന് ഇന്ദുമേനോന്‍ പറയുന്നുണ്ട്. എന്നാല്‍, ഇവിടെ ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയേ ഇല്ല, പകരം, ശരീരത്തിന്റെ അടിമുടി വേദനയില്‍ കുതിര്‍ന്ന ഒരു സ്ത്രീ മാത്രമേയുള്ളൂ.
റസിയ കെ.കെ.
പാലക്കാട്


ഡോ. എ.കെ. ജയശ്രീയുടെയും ഇന്ദുമേനോന്റെയും മനുഷ്യസഞ്ചാരങ്ങള്‍

വെബ്‌സീനില്‍ ഞാന്‍ ആദ്യം വായിക്കുന്നത്, ഡോ. ജയശ്രീയുടെയും ഇന്ദുമേനോന്റെയും ആത്മകഥകളാണ്. കാരണം, അവ രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ വ്യത്യസ്തങ്ങളായ ജീവിതമാണ്. മാത്രമല്ല, സ്വന്തം സ്വത്വത്തെ ഒരുതരത്തിലുമുള്ള അലങ്കാരങ്ങളുമില്ലാതെ തുറന്നുവക്കുകയാണ് ഇരുവരും. ഡോ. ജയശ്രീയുടെ "എഴുകോണ്‍' ആ പേര് സൂചിപ്പിക്കുന്നതുപോലെ, നാനാവിധങ്ങളിലേക്ക് കാഴ്ചകളും സഞ്ചാരങ്ങളുമുള്ള ജീവിതമാണ്. തന്നില്‍നിന്ന് ഒരു സ്ത്രീ ഇവ്വിധം പച്ചയായി പുറത്തേക്ക് സഞ്ചരിക്കുന്ന ആത്മാനുഭവം മലയാളത്തില്‍ മറ്റൊരിടത്തും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രകൃതിയോടും മനുഷ്യരോടുമുള്ള സഹഭാവം മാത്രമല്ല, ഇവയുടെയെല്ലാം അണുവിലും അണുവായ കലര്‍പ്പുമാത്രമാണ് ഞാന്‍ എന്നൊരു നിസ്സാരതയും നിസ്സംഗതയും അവരുടെ വരികളില്‍ നിഴലിച്ചുനില്‍ക്കുന്നു.

jayasree
ഡോ. എ.കെ. ജയശ്രീ

കോളേജിലേക്കുള്ള ബസ് യാത്രകളെക്കുറിച്ച് കഴിഞ്ഞ അധ്യായത്തില്‍ (പാക്കറ്റ് 44) അവര്‍ എഴുതുന്നുണ്ട്. ബസിലിരിക്കുമ്പോള്‍ ഓരോ സ്‌റ്റോപ്പില്‍നിന്നും കയറുന്ന മനുഷ്യരെ അവര്‍ നിരീക്ഷിക്കുന്ന വിധം രസകരമായി എഴുതുന്നു. ഒപ്പം, വഴികളിലേക്ക് പിന്നിട്ടുപോകുന്ന റബര്‍ തോപ്പുകള്‍, മലകള്‍ള്‍, ആറുകള്‍, ചെറുവഞ്ചികള്‍, വയലുകള്‍, ആമ്പല്‍ക്കുളങ്ങള്‍ എന്നിവയെല്ലാം ഓരോ ദിവസത്തെയും എങ്ങനെയെല്ലാം വൈവിധ്യപൂര്‍ണമാക്കുന്നു എന്നും. ഓരോ വായനക്കാരുടെയും ഉള്ളിലുള്ള അനുഭവങ്ങളാണിതെല്ലാം. അതിസാധാരണമായ അനുഭവങ്ങളെ സവിശേഷമാക്കി മാറ്റുന്ന വിദ്യ. ജയശ്രീയുടെ വരികള്‍, സമാന അനുഭവം പങ്കിടുന്ന ഓരോ വായനക്കാരെയും സവിശേഷ വ്യക്തികളായി മാറ്റുന്നു.

ഇന്ദുമേനോന്റെ "എന്റെ കഥ'യിലെ കഥാപാത്രങ്ങള്‍, ആഖ്യാതാവടക്കം അസാധാരണക്കാരായ സാധാരണക്കാരാണ്. ഏതൊരു സാധാരണത്വത്തിലും ഒരു അസാധാരണത്വം അടങ്ങിയിരിക്കുന്നു എന്നും അത് ജീവിതത്തിലെ ഏറ്റവും തീവ്രമായ ഒരു ഘട്ടത്തില്‍ പുറത്തുവരുന്നു എന്നും ഇന്ദുമേനോന്റെ മനുഷ്യര്‍ കാണിച്ചുതരുന്നു. അസാധാരണമായ ഭാഷ ഈ ആത്മകഥയെ വിങ്ങുന്ന അനുഭവമാക്കി മാറ്റുന്നു.
​​​​​​​ഫായിസ് നാസര്‍
കുറ്റിപ്പുറം, മലപ്പുറം


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM