കത്തുകള്‍
വായനക്കാർ

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍
letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.
'മാര്‍ക്ക് ജിഹാദ്' വരെയെത്തിനില്‍ക്കുന്നു ഭരണകൂടത്തിന്റെ ശവനൃത്തം
ജനാധിപത്യം എന്ന, നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിലപ്പെട്ട ഒരു രാഷ്ട്രീയമൂല്യം എങ്ങനെയാണ് ഇന്ത്യയില്‍ അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നത് എന്നതിന്റെ ഭയാനകത വരച്ചുകാട്ടുന്ന ഒന്നായിരുന്നു ദാമോദര്‍ പ്രസാദ് എഴുതിയ "ഭരണകൂടത്തിന്റെ ശവനൃത്തം' എന്ന ലേഖനം. (പാക്കറ്റ് 45).
സ്വന്തം പൗരന്മാരെ ശാരീരിക ഹിംസക്ക് വിധേയമാക്കുന്ന ഒരു ഭരണകൂടത്തെക്കുറിച്ച് ഇനി എന്തു പ്രതീക്ഷയാണ് ഒരു പൗരന് പുലര്‍ത്താനുള്ളത്?
ഭരണഘടന അസംബ്ലിയിലെ പ്രസംഗത്തില്‍ അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്; രാഷ്ട്രീയ സ്വാതന്ത്ര്യം സ്വാര്‍ത്ഥകമാകണമെങ്കില്‍ സാമൂഹിക സ്വാതന്ത്രവും സാമ്പത്തിക സ്വാതന്ത്രവും ആദ്യം ഉറപ്പ് വരുത്തണം എന്ന്. ഈ രണ്ട് സ്വാതന്ത്ര്യങ്ങളുമാണ് ഇന്നത്തെ ഭരണകൂടം ആദ്യം പൗരന്മാരില്‍നിന്ന് അപഹരിക്കുന്നത്. അതായത്, മനുഷ്യരെ പരസ്പരം വിഭജിപ്പിക്കുന്ന രാഷ്ട്രീയം സമര്‍ഥമായി നടപ്പാക്കുന്നു, പിന്നെ, അപരനായി മുദ്രകുത്തപ്പെട്ട വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു. അപരന്‍ എന്നാല്‍, ഇവിടെ ഒരു മതവിഭാഗം മാത്രമല്ല, വിയോജിക്കുന്ന എല്ലാ മനുഷ്യരുമാണ്- അവരില്‍ വിദ്യാര്‍ഥികളും കര്‍ഷകരും തൊഴിലാളികളും ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം പെടും.

ലഖിംപുരില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകന്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ അടക്കമാണ് കൊല്ലപ്പെട്ടത് എന്നോര്‍ക്കുക. കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കാന്‍ പോകുകയാണ്. അത്, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിലെ തങ്ങളുടെ അധികാരക്കസേരയെ ഇളക്കും എന്ന ഭീതിയാണ് ബി.ജെ.പി ഭരണകൂടങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം. ക്രൂരമായ ഹിംസയിലൂടെയും ബലപ്രയോഗങ്ങളിലൂടെയും സമരക്കാരുടെ ആത്മവീര്യം തകര്‍ക്കാനാണ് ശ്രമം. ഈ ഹിംസകളെ ഒരു ലജ്ജയുമില്ലാതെ ഇതേ രാഷ്ട്രീയക്കാര്‍ ന്യായീകരിക്കുകയും ചെയ്യുന്നു, നമ്മുടെ കേരളത്തിലടക്കം. ഭരണകൂട ഹിംസ പലരൂപത്തില്‍, പല വിഭാഗം ജനങ്ങളിലേക്ക് സംക്രമിക്കുകയാണ്. വേട്ടക്കാര്‍ എവിടെനിന്നൊക്കെയാണ് ആയുധം പ്രയോഗിക്കുന്നത് എന്നോര്‍ത്താല്‍ ഞെട്ടിപ്പോകും. കഴിഞ്ഞദിവസം ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ രാകേഷ് പാണ്ഡെ പറഞ്ഞ "മാര്‍ക്ക് ജിഹാദ്' തന്നെ ഉദാഹരണം. ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് വന്‍തോതില്‍ പ്രവേശനം ലഭിക്കുന്നതിനെ വിദ്വേഷപ്രചാരമായി വികസിപ്പിക്കുകയാണ് ഈ അധ്യാപകന്‍. സംസ്ഥാന സര്‍ക്കാര്‍ ഫുള്‍ എ പ്ലസ് നല്‍കി വിടുന്ന മലയാളി വിദ്യാര്‍ഥികള്‍ കൂട്ടമായി ഡല്‍ഹി സര്‍വകലാശാലയില്‍ അനര്‍ഹമായി പ്രവേശനം നേടുന്നു എന്നാണ് ഈ അധ്യാപകന്‍ പറഞ്ഞത്. ഇത് നിരുപദ്രവകരമായ ഒരു പ്രസ്താവനയല്ല. കാരണം, ഡല്‍ഹിയിലെ കാമ്പസുകളാണ്, കേന്ദ്ര സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരെ കടുത്ത ചെറുത്തുനില്‍പ്പ് നടത്തുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പേരില്‍ ഇന്നും ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുണ്ട്. കാമ്പസുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ "അടക്കിനിര്‍ത്താനുള്ള' ഗൂഢാലോചനയുടെ ഭാഗമായി വരുന്നതാണ് ഇത്തരം പ്രസ്താവനകള്‍. ഭരണകൂടത്തിന്റെ ഇത്തരം ശവനൃത്തങ്ങളെ ദുര്‍ബലമായ നമ്മുടെ ജനാധിപത്യം കൊണ്ട് എത്രത്തോളം പ്രതിരോധിക്കാന്‍ കഴിയും?
ഷിഹാബുദ്ദീന്‍ പി.എ.
ന്യൂഡല്‍ഹി
അടിയന്തരാവസ്ഥ മുതല്‍ മോദി വരെ
നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തെ ഇത്ര സത്യസന്ധമായി രേഖപ്പെടുത്തുന്ന ഒരു ലേഖനം സമീപകാലത്ത് വായിച്ചിട്ടില്ല, ദാമോദര്‍ പ്രസാദിന് നന്ദി. (ഭരണകൂടത്തിന്റെ ശവനൃത്തം, പാക്കറ്റ് 45). ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയാണ് ഇന്ത്യയില്‍ ഭരണകൂട ഹിംസയെ സ്വഭാവികവല്‍ക്കരിക്കുന്ന പ്രക്രിയക്ക് തുടക്കമിട്ടത് എന്ന ലേഖകന്റെ നിരീക്ഷണം കൃത്യമാണ്. അടിയന്തരാവസ്ഥയില്‍ ഒന്നേകാല്‍ കോടി മനുഷ്യരെയാണ് നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയത്. ഡല്‍ഹിയിലെയും മറ്റും ചേരികളിലെ മനുഷ്യര്‍ തുടച്ചുനീക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന "സൗന്ദര്യവല്‍ക്കരണം' ചേരികളിലെ മുസ്‌ലികളെ ലക്ഷ്യം വച്ചായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ട സംഗതിയാണ്. ഒരുപക്ഷെ, ഭരണകൂട ഹിംസയുടെ അടിസ്ഥാനമായ അപരവല്‍ക്കരണത്തിന്റെ തുടക്കം തന്നെ അടിയന്തരാവസ്ഥയായിരിക്കാം. അധികാരനഷ്ടത്തോടുള്ള ഒരു ഭരണാധികാരിയുടെ ഭയത്തില്‍നിന്നാണ് അടിയന്തരാവസ്ഥ പൊട്ടിവീണതെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു "പൊട്ടന്‍ഷ്യല്‍ ത്രെട്ടാ'യി ഹിംസാത്മക സേച്ഛാധിപത്യം നിലനില്‍ക്കുന്നുവെന്ന മുന്നറിയിപ്പുകൂടിയായിരുന്നു അത്. എന്നാല്‍, മോദി സര്‍ക്കാറിന്റെ വരവോടെ ഈ പൊട്ടന്‍ഷ്യല്‍ ത്രെട്ട് സ്വഭാവിക ഭീഷണിയായി മാറിയിരിക്കുന്നു. അതായത്, പ്രഖ്യാപിക്കപ്പെടാത്ത ഒരു അടിയന്തരാവസ്ഥയുടെ സാഹചര്യം സൃഷ്ടിക്കാന്‍ മോദി സര്‍ക്കാറിന് നിഷ്പ്രയാസം കഴിഞ്ഞു. അതിനനുസരിച്ച് ജനാധിപത്യത്തെ വഴിനടത്താനും. ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ കൊണ്ടുവന്നും പൗരന്മാര്‍ക്കുനേരെ ബലപ്രയോഗങ്ങള്‍ നടത്തിയും മാധ്യമങ്ങളെ അടിച്ചമര്‍ത്തിയുമെല്ലാം ആടിത്തിമര്‍ത്ത സ്വച്ഛാധിപത്യഭരണം, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വഭാവിക പരുവപ്പെടലിന് ഇടയാക്കിയിരിക്കുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഈയിടെ സുപ്രീംകോടതി ചോദിച്ചത് നോക്കുക: ""കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്ത് ഹര്‍ജികള്‍ നല്‍കിയശേഷം നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടോ? നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കേ പിന്നെയെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്?''

പത്തുമാസം പിന്നിട്ടുകഴിഞ്ഞു കര്‍ഷക സമരം എന്നോര്‍ക്കണം. ഈ നിയമങ്ങള്‍ എന്തുകൊണ്ട് കര്‍ഷക വിരുദ്ധമാകുന്നു എന്ന ഒരു പരിശോധന സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പകരം, ഇന്ത്യ കണ്ട വലിയൊരു ജനകീയ സമരത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കോടതി ചെയ്തത്. സമരത്തിന് പിന്തുണയേറുന്നത് മുന്നില്‍ കണ്ടാണ്, സമരത്തിന്റെ സാധുത കോടതി പരിശോധിക്കട്ടെ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. രാഷ്ട്രശരീരത്തിലെ ഓരോ അണുവിലും ഇത്തരം ഹിംസകള്‍ പടര്‍ന്നുകയറുന്നുവെന്നുമാത്രമല്ല, അത് ന്യായീകരിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം.
വിശാഖ് രാജ്
ചെമ്പഴന്തി, തിരുവനന്തപുരം
കേരളത്തിലും എത്തിയ ചരിത്രത്തിന്റെ 'മോഡി'ഫിക്കേഷന്‍
റജില എഴുതിയ ഇന്ത്യ ചരിത്രം കമ്യൂണലൈസ് ചെയ്ത കാരിക്കേച്ചറായി മാറുകയാണ് എന്ന ലേഖനം (പാക്കറ്റ് 45) ചരിത്രരചനയില്‍ നടക്കുന്ന വലതുപക്ഷവല്‍ക്കരണത്തെ മാത്രമല്ല, വരും തലമുറകളുടെ ചരിത്രബോധത്തെ ഇല്ലാതാക്കുംവിധമുള്ള പുതിയ ചരിത്രനിര്‍മിതിയുടെ അപകടങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കുന്നു. കേവലം പാഠപുസ്തകങ്ങളിലെ തിരുത്തുകളിലൂടെയുള്ള പുതുചരിത്രനിര്‍മിതിയില്‍നിന്ന് വികസിച്ച്, സ്വാതന്ത്ര്യ സമരങ്ങളെയും ദേശീയ സൂചകങ്ങളെയും സാമൂഹിക ശ്രേണിയിലെ ചൂഷിതരെയുമെല്ലാം തുടച്ചുമാറ്റുന്ന ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നുവല്ലോ, മലബാര്‍ കലാപ രക്തസാക്ഷികളുടെ പേര്, രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി. നൂറുവര്‍ഷം മുമ്പ് നടന്ന ഒരു ചരിത്രസംഭവത്തെ പേടിയോടെ സമീപിക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ അധികാര സ്ഥാപനങ്ങളെ അധഃപ്പതിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷ് രേഖകള്‍ വച്ചുകൊണ്ട് ഇന്ത്യ ചരിത്രത്തെ വ്യാഖ്യാനിക്കുന്ന വിസ്മയമാണ് ഒരു വിഭാഗം സ്രഷ്ടാക്കള്‍ നടത്തുന്നത്. ബാബരി മസ്ജിദിനെതിരായ ആക്രമണത്തിനുശേഷം പ്രബലമായ മറ്റൊരു സംഗതിയാണ്, ചരിത്ര സ്മാരകങ്ങള്‍ക്കുനേരെയുള്ള അതിക്രമം. അത് താജ്മഹല്‍ വരെയെത്തിനില്‍ക്കുന്നു. മുഗള്‍ കാലഘട്ടത്തിലെയും മറ്റും നിര്‍മിതികളെ ലക്ഷ്യം വക്കുന്നത്, മുസ്‌ലിം അപരത്വം എന്ന പ്രക്രിയക്ക് ബലം നല്‍കാന്‍ കൂടിയാണ്. കേരളത്തിലെ ഒരു സര്‍വകലാശാലയുടെ സിലബസില്‍ പോലും നുഴഞ്ഞുകയറാനും അതിന് ഇടതുപക്ഷത്തിന്റെ ന്യായം ചമയ്ക്കാനും ഈ വലതുപക്ഷ ചരിത്രനിര്‍മിതിക്ക് എളുപ്പം കഴിയുന്നുവെന്നത്, അതിന്റെ അതിഭീകരമായ സ്വാധീനത്തെയാണ് വെളിവാക്കുന്നത്.
ഷാഹിന റഹിം
ഇരിട്ടി, കണ്ണൂര്‍
പ്രണയത്തെക്കുറിച്ച് തുറന്നുപറയുമ്പോള്‍
ആണും പെണ്ണും തമ്മിലുള്ള സൗഹൃദങ്ങള്‍ പോലും പ്രശ്‌നവല്‍ക്കരിക്കപ്പെടുന്ന കാലത്ത്, പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ആര്‍. രാജശ്രീയും എന്‍.ജി. നയനതാരയും സന്ധ്യ എന്‍.പിയും എഴുതിയ അനുഭവങ്ങളും നിലപാടുകളും ഒത്തുചേര്‍ന്ന ലേഖനങ്ങള്‍ അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാണ് (പാക്കറ്റ് 45).
രാജശ്രീയുടെ ലേഖനത്തില്‍ പറയുന്ന മൂന്ന് ഉദാഹരണങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ നടക്കുന്നതുതന്നെയാണ്. സ്വതന്ത്രമായ ജീവിതത്തിന് വിദ്യാഭ്യാസവും പുരോഗമന ചിന്താഗതിയുമെല്ലാം പിന്തുണ നല്‍കുമെന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാല്‍, ഇതെല്ലാം ഉണ്ടെങ്കിലും കുടുംബം, വിവാഹം എന്നീ കാര്യങ്ങളോടടുക്കുമ്പോള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെയും അവരെ നിര്‍ണയിക്കുന്ന കുടുംബവ്യവസ്ഥയുടെയും "മാനം' കാക്കാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമായി തീരുന്നു. വിവാഹത്തില്‍ മാത്രമല്ല, ഈ "ഉപകരണമാക്കല്‍' നടക്കുന്നത്. പെണ്‍കുട്ടികളെ "വളര്‍ത്തിക്കൊണ്ടുവരുന്ന' എല്ലാ ഘട്ടങ്ങളിലും അവര്‍ വ്യവസ്ഥിതിയോട് ചേര്‍ന്നുപോകാനാണ് പരിശീലിപ്പിക്കപ്പെടുന്നത്. പഠനത്തിന്റെ കാര്യം തന്നെയെടുക്കുക. പത്താം ക്ലാസുകഴിഞ്ഞാല്‍ പ്ലസ് ടു തൊട്ട് മാതാപിതാക്കളുടെ ഈ ഉല്‍ക്കണ്ഠ തുടങ്ങുകയാണ്. അത് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിലല്ല, തങ്ങളുടെ "അന്തസ്സും ആഭിജാത്യ'വും നിലനിര്‍ത്തുന്നതിലുള്ള ഉല്‍ക്കണ്ഠയാണ്. നാലും അഞ്ചും വര്‍ഷം കഴിയുമ്പോള്‍ വിവാഹക്കമ്പോളത്തില്‍ മികച്ച വിലപേശല്‍ ശേഷി നേടിയെടുക്കുന്നതിനുള്ള തയാറെടുപ്പാണ് കുടുംബം പെണ്‍കുട്ടികള്‍ക്ക് കല്‍പ്പിച്ചുകൊടുക്കുന്ന വിദ്യാഭ്യാസം. മറിച്ച്, സ്വന്തം ഇഷ്ടപ്രകാരം ഒരു വിഷയമോ കോഴ്‌സോ സ്ഥാപനമോ തെരഞ്ഞെടുക്കാന്‍ കഴിയുന്ന എത്ര പെണ്‍കുട്ടികളുണ്ട് ഇന്ന്?

പ്രണയം എന്നത് ആണിന്റെയും പെണ്ണിന്റെയും സ്വയം നിര്‍ണായവകാശം കൂടിയാണ്. അത് പ്രാഥമികമായും കുടുംബസംവിധാനത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ്, പ്രണയിനികള്‍ കുടുംബത്തിന് പുറത്താകുന്നത്. ഇന്ന് കുടുംബത്തെ നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായ മതം തന്നെ പ്രണയത്തിന് എതിരെ പരസ്യനിലപാടെടുക്കുന്നത് തികച്ചും സ്വഭാവികം മാത്രം.
വി. സുചിത്ര
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, എറണാകുളം
ആ കൊലപാതകികള്‍ കുടുംബങ്ങളുടെ ഓമനസന്താനങ്ങള്‍ കൂടിയാണ്
സന്ധ്യ എന്‍.പിയെപ്പോലെ, ജാതി മറന്ന് പ്രണയിക്കുകയും ചിന്തയുടെയും വായനയുടെയും സംസ്‌കാരമാണ് ഞങ്ങളെ ചങ്ങാതികളാക്കിയത്, അതാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത് (പാക്കറ്റ് 45) എന്നു പറഞ്ഞ് ഒന്നാകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്ന് ഏറെയുണ്ട്. എന്നാല്‍, അതോടൊപ്പം, പ്രണയത്തെ പലതരത്തില്‍ പ്രശ്‌നകലുഷിതമാക്കുന്ന അപകടങ്ങള്‍ മറുവശത്ത് ബലപ്പെട്ടുവരികയുമാണ്. മതവും കുടുംബസംവിധാനവും എത്ര യാഥാസ്ഥിതികമാകുന്നുവോ, അത്രയും ഈ അപകടങ്ങളും ബലപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, പ്രണയം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഇന്ന് അസഹ്യമായ തലത്തിലെത്തിയിരിക്കുന്നു എന്നു പറയാം.

അതിനെ അതിജീവിക്കുന്നവരേക്കാള്‍, അതിനുമുന്നില്‍ കൊഴിഞ്ഞുപോകുന്നവര്‍ കൂടിവരികയാണ് എന്നുതോന്നുന്നു. സമീപകാലത്തുനടന്ന കൊലകളുടെ കാര്യമെടുക്കുക. ഈ കൊലപാതകങ്ങളെ "പ്രണയക്കൊലകള്‍' എന്ന് വിശേഷിപ്പിക്കുന്നതിനുപുറകിലും പ്രണയവിരുദ്ധമായ പൊതുബോധം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കൊലപാതകികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ കുടുംബസംവിധാനം പരിപാലിച്ചുകൊണ്ടുവരുന്ന ഓമനസന്താനങ്ങള്‍ കൂടിയാണ് എന്നത് മറക്കരുത്. പെണ്‍കുട്ടികള്‍ക്കുമേലുള്ള ആണധികാരപ്രയോഗങ്ങള്‍ അണുവിട തെറ്റാതെ പാലിക്കാന്‍ പരിശീലിക്കപ്പെട്ടവരുടെ ഇച്ഛാഭംഗങ്ങളാണ് ഇത്തരം കൊലപാതകങ്ങളില്‍ കലാശിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച സന്ധ്യയെപ്പോലൊരാള്‍ക്ക് അതുകൊണ്ടാണ്, പുതുകാലം പ്രണയിക്കാന്‍ പറ്റിയ കാലമല്ല. പ്രണയികള്‍ക്ക് മുമ്പത്തേക്കാള്‍ മനക്കരുത്തും ധൈര്യവും ജാഗ്രതയും കുറച്ചധികം തന്നെ വേണ്ടിയിരിക്കുന്നു എന്നു പറഞ്ഞ് തന്റെ ലേഖനം അവസാനിപ്പിക്കേണ്ടിവരുന്നത്.
ജിഷ ജോസ്
പൈനാവ്, ഇടുക്കി
പ്രതാപ് ജോസഫ് നിലനില്‍ക്കുന്നതുതന്നെ വലിയ കാര്യം
സംവിധായകന്‍ പ്രതാപ് ജോസഫ് എഴുതിയ ലേഖനം (പാക്കറ്റ് 45), കേരളത്തില്‍ പോലും രൂക്ഷമായി വരുന്ന മതയാഥാസ്ഥിതികതയുടെ ഇടപെടലുകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. സിനിമക്കുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ് അടിച്ചുതകര്‍ക്കലും വാങ്കുവിളിയുടെ സമയത്ത് ഷൂട്ട് നിര്‍ത്താന്‍ ആജ്ഞാപിക്കുന്നതും പുരുഷകഥാപാത്രത്തെ തെറി പറയുന്ന സ്ത്രീകഥാപാത്രത്തെ വിലക്കുന്നതുമെല്ലാം എന്തുമാത്രം അപകടകരമായ സ്ഥിതിവിശേഷമാണുണ്ടാക്കുന്നത്!

സെന്‍സര്‍ബോര്‍ഡു പോലും ഈ മതസമൂഹങ്ങളുടെ അതേ പിന്തിരിപ്പന്‍ മൂല്യബോധമാണ് പിന്തുടരുന്നത്. ബീഫ് ഈറ്റര്‍, മാവോയിസ്റ്റ് എന്നീ വാക്കുകള്‍ വെട്ടിമാറ്റുന്നത് ഇതിന് ഉദാഹരണമാണ്. സനല്‍കുമാര്‍ ശശിധരന്റെ "സെക്‌സി ദുര്‍ഗ' എന്ന സിനിമയുടെ പേര് 'എസ് ദുര്‍ഗ' എന്നാക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതുപോലുള്ള കോമാളിത്തങ്ങള്‍ സെന്‍സര്‍ബോര്‍ഡില്‍നിന്നാണുണ്ടായത്. "ഈശോ' എന്ന സിനിമയുടെ അനുഭവം നോക്കുക. സിനിമക്ക് ദൈവത്തിന്റെ പേരിട്ടെന്നുകരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടും ഫിലിം ചേംബര്‍ അടക്കം ഓരോ ന്യായം പറഞ്ഞ് ഈ പേരിനെ വിലക്കുകയായിരുന്നു. "ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല, ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേരു മാത്രം' എന്ന് സംവിധായകന് ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കേണ്ടിവരുന്നത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളുയര്‍ത്തുന്നുണ്ട്. സിനിമയിലെ മിക്ക ഗുണ്ടകളും ക്രിസ്ത്യാനികളായിരിക്കും, അവന്റെ കഴുത്തില്‍ ഒരവു കുരിശും ഉണ്ടായിരിക്കും എന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്. എന്നാല്‍, സിനിമയിലെ ഇത്തരം കഥാപാത്ര പ്രാതിനിധ്യങ്ങള്‍ ക്രിസ്ത്യാനികളാകുമ്പോള്‍ മാത്രമാണ് ജോര്‍ജുമാരെ കാണുന്നത്. ക്രിസ്ത്യാനികളേക്കാള്‍ മുസ്‌ലിംകളാണ് മലയാള സിനിമയില്‍ അതിരൂക്ഷമായ അപരവല്‍ക്കരണത്തിന് വിധേയമായ സമൂഹം എന്നും ഇവര്‍ മറക്കുന്നു. ഇത്തരം പ്രതിലോമ ശക്തികള്‍ കലയില്‍ പിടിമുറുക്കുമ്പോള്‍, പ്രതാപ് ജോസഫ് എഴുതിയതുപോലെ, രചനക്കുമുമ്പേ കലാകാരന്‍ ഒരു സ്വയം സെന്‍സറിങ്ങിന് വിധേയനാകുന്നു. ഫത്‌വകളുടെ പരിധിയില്‍നിന്നുകൊണ്ടുള്ള ആവിഷ്‌കാരങ്ങള്‍ക്ക് അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന സ്വേച്ഛാധിപത്യത്തിന്റേതായ സാഹചര്യം മറ്റു മേഖലകളെയെല്ലാം ഇത്തരം സെല്‍ഫ് സെന്‍സറിങ്ങിന് വിധേയമാക്കിയിട്ടുണ്ട്, മാധ്യമങ്ങളക്കം. അതിനെ മറികടന്നുകൊണ്ട് പ്രതാപ് ജോസഫിനെപ്പോലുള്ളവര്‍ നിലനില്‍ക്കുന്നു എന്നതുതന്നെ വലിയ കാര്യം.
താജുദ്ദീന്‍ അനസ്
ആലുവ, എറണാകുളം
പെണ്ണിനെ പ്രതിയാക്കുന്ന പ്രണയം
പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ എന്‍. ജി. നയനതാര മുന്നോട്ടുവെക്കുന്ന ഒരു വാദം പ്രധാനമാണ്; അതായത്, പ്രണയമുള്‍പ്പെടെയുള്ള ബന്ധങ്ങളില്‍നിന്ന് ആരോഗ്യകരമായി, പരിക്കേല്‍ക്കാതെ പുറത്തുവരാനുള്ള സ്ത്രീയുടെ സ്വയം നിര്‍ണയാവകാശം. (പാക്കറ്റ് 45).

പുരുഷാധിപത്യപരമായ ഒരു സാമൂഹികാവസ്ഥയില്‍നിന്നുതന്നെയാണ് നമ്മുടെ പ്രണയവും രൂപപ്പെടുന്നത് എന്നതിനാല്‍, അതിലും അത്തരം പ്രവണതകള്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്. പ്രണയത്തിന്റെ പേരില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊലപാതകങ്ങളില്‍ പോലും പ്രതികള്‍ക്ക് തീവ്രാനുരാഗിയുടെ മുഖംമൂടി അണിയാന്‍ കഴിയുന്നത്, ഇതുമൂലമാണ്. പ്രണയങ്ങള്‍, അംഗീകരിക്കപ്പെടുന്നതുപോലും പുരുഷതാല്‍പര്യങ്ങള്‍ അപ്പടി വകവച്ചുകൊടുത്തശേഷമായിരിക്കും. അല്ലാത്തവ "തേപ്പു'കളുടെ ഗണത്തില്‍ പെടുത്തും. പുരുഷന് അവന്റെ ജാതിയും മതവും സമ്പത്തും പദവികളും കുടുംബവും അതേപടി സംരക്ഷിച്ചുകൊണ്ടുതന്നെ പ്രണയത്തിലേര്‍പ്പെടാന്‍ സമൂഹം സൗകര്യമൊരുക്കിയിരിക്കുന്നു. ഇതിന്റെയെല്ലാം നഷ്ടങ്ങളുടെ മുറിവുമായി പുറത്തുവരുന്നത് സദാ സ്ത്രീകളാകുന്നു. ദുരഭിമാനക്കൊലകളില്‍ പോലും പെണ്ണ് പ്രതിയാക്കപ്പെടുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ബന്ധങ്ങളില്‍നിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകള്‍ ഇന്ന് അപൂര്‍വതയല്ല എന്ന് നയനതാര എഴുതുന്നു, ഇത് ഒരു അപൂര്‍വതയായി മാത്രം ഈ കാലത്തും നിലനില്‍ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ മൂലമാണ്.
മിനു അഗസ്റ്റിന്‍
മുണ്ടക്കയം, കോട്ടയം
വീട്ടില്‍നിന്ന് വിട്ടുമാറാനാകാത്ത കവിത, കവി
ബിനു ആനമങ്ങാട് എഴുതിയ മൂന്ന് തട്ടുകളുള്ള ഒരു സ്വപ്‌നം എന്ന കവിത (പാക്കറ്റ് 45), സമകാലിക മലയാള കവിതയിലെ വേറിട്ട സ്ത്രീ ശബ്ദങ്ങളുടെ ഒരു കണ്ണിയായി തോന്നി. സ്ത്രീയുടെ ഇഷ്ടജീവിതം ഇന്നും ഒരു പ്രതീക്ഷയില്‍ മാത്രം ഒതുങ്ങുകയാണിപ്പോഴും. പ്രണയത്തിനും സിനിമ കാണാനും കെട്ടിപ്പിടിച്ചുകിടക്കാനും പാട്ടുകേട്ട് നൃത്തം ചെയ്യാനും വാല്‍നക്ഷത്രങ്ങളെ നോക്കി ഉമ്മ െ്‌വക്കാനും ചാമ്പക്ക വൈന്‍ കുടിക്കാനും ഉന്മാദങ്ങള്‍ക്കും നിന്നെയോര്‍ത്ത് നനയാനും പച്ചപ്പിനിടയില്‍ ഇരുന്നുറങ്ങാനുമെല്ലാം എനിക്കും നിനക്കുമുള്ള ഇടങ്ങള്‍ ഇപ്പോഴും പ്രതീക്ഷയില്‍ മാത്രമാണുള്ളത്.

ആന്തരിക ലോകമാണ് കവിതയുടെ പ്രമേയമെങ്കിലും അതിലൂടെ എതിര്‍വശത്തുള്ള ഒരു ബാഹ്യലോകത്തെ കൂടി പ്രത്യക്ഷീകരിക്കാന്‍ ബിനുവിന് കഴിയുന്നു എന്നതാണ് ഈ കവിതയുടെ സവിശേഷത. എന്നാല്‍, പ്രതീക്ഷാലോകത്ത് വ്യാപരിക്കുമ്പോള്‍ പോലും, അവളെ സദാ ബന്ധിച്ചിടുന്ന വീട് എന്ന പ്രതീകത്തെ വിട്ടൊഴിയാന്‍ കഴിയുന്നില്ല എന്നത് ഒരു ദൗര്‍ബല്യമാണ്, കവിതയുടെയും കവിയുടെയും. വീട് എന്ന ഘടനക്കുള്ളില്‍ ഒരു ഉന്മാദിയായ പെണ്ണിന് എവിടെയാണ് ഇടം?
കെ.കെ. സുബിത
വളാഞ്ചേരി, മലപ്പുറം
മനു എസ്. പിള്ള എഴുതുന്നത് ചരിത്രമല്ല, ചരിത്രകഥകളാണ്
തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള മനു എസ്. പിള്ളയുടെ വിശദീകരണം വായിച്ചു (പാക്കറ്റ് 45). നാട്ടുരാജ്യങ്ങളെയും രാജാക്കന്മാരെയും കുറിച്ച് എഴുതുമ്പോള്‍, കൊളോണിയലിസവുമായുള്ള അവരുടെ വിനിമയങ്ങളെ, ഉപരിപ്ലവമായ വസ്തുതകളുടെ വെളിച്ചത്തില്‍ വിലയിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തോടും അതില്‍നിന്ന് രൂപപ്പെട്ട ജനാധിപത്യ- മതനിരപേക്ഷ- ബഹുസ്വര ദേശീയതയോടുമുള്ള നാട്ടുരാജാക്കന്മാരുടെ സമീപനം, മനു എസ്. പിള്ള പറയുന്നതില്‍നിന്ന് ഏറെ ഭിന്നമാണ്. തിരുവിതാംകൂര്‍, കൊച്ചി ഭരണാധികാരികളുടെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസത്തിലുമുണ്ടായ നിക്ഷേപങ്ങളാണ് കേരള മോഡലിന്റെ അടിസ്ഥാന ഘടകം എന്ന വാദം തന്നെ, ഇതിനകം പൊളിച്ചുകാട്ടപ്പെട്ടതാണ്. കേരള മോഡലിന്റെ അടിസ്ഥാനമായ സാര്‍വത്രിക പൊതുജനാരോഗ്യ എന്ന കോണ്‍സെപ്റ്റ് ആയിരുന്നുവോ തിരുവിതാംകൂറിലുണ്ടായിരുന്നത്? ഏതു വിഭാഗം മനുഷ്യര്‍ക്കാണ് അന്ന് ആരോഗ്യസേവനം ലഭ്യമായിരുന്നത്? താഴ്ന്ന ജാതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും പ്രവേശനമില്ലാത്ത ആശുപത്രികള്‍ ഇതേ രാജകുടുംബത്തിന്റെ സംഭാവനയായിരുന്നു. എല്ലാവരെയും പരിശോധിച്ചുകഴിഞ്ഞ് ഡോക്ടര്‍ "ഇനിയാരെങ്കിലുമുണ്ടോ' എന്ന് വിളിച്ചുചോദിക്കുമ്പോള്‍ മാത്രം പുലയര്‍ അടക്കമുള്ളവര്‍ക്ക് മരുന്ന് പുറത്തേക്ക് കൊടുത്തുവിടുന്ന സമ്പ്രദായമുള്ള ആശുപത്രികള്‍. തിരുവനന്തപുരം സിവില്‍ ആശുപത്രിയില്‍ പുലയര്‍ക്ക് പ്രത്യേകമായി ഒരു വാര്‍ഡ് ഉണ്ടാകുന്നത് 1905ലാണ്. ഇതിലും പുരോഗമനപരമായി അതിനുമുമ്പേ കേരളത്തില്‍ മിഷനറി പ്രവര്‍ത്തനം നടന്നിരുന്നുവെന്ന് ഓര്‍ക്കണം.

ഈഴവനായ ഡോ. പല്‍പ്പു തിരുവിതാംകൂര്‍ സര്‍ക്കാറിനുകീഴില്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍ "കുലത്തൊഴിലിന് പോകാമല്ലോ' എന്നാണ് ഈ രാജവംശം പറഞ്ഞത്. മൈസൂരിലേക്കുപോയ അദ്ദേഹം അവിടത്തെ പ്ലേഗ് ബാധക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തത് മനു എസ്. പിള്ള വിവരിക്കുന്ന ചരിത്രത്തിന്റെ യഥാര്‍ഥ മുഖമാണ്.
ചരിത്രത്തെ സ്ഥൂലമായി വിവരിച്ച് വ്യഖ്യാനങ്ങളില്‍നിന്ന് രക്ഷപ്പെടുന്ന രീതിയാണ് മനു എസ്. പിള്ളയുടേത്. അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് ധാരാളം വിവരങ്ങള്‍ നമുക്കു കിട്ടും. എന്നാല്‍, വസ്തുനിഷ്ഠതയല്ല ചരിത്രവ്യാഖ്യാനത്തിന്റെ അടിത്തറയാകേണ്ടത് എന്ന പാഠം അദ്ദേഹം മറച്ചുപിടിക്കുന്നു. രാജവംശങ്ങളെക്കുറിച്ചും നാട്ടുരാജാക്കന്മാരെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കെല്ലാം ഈ ന്യൂനതയുണ്ട്. രാജാധികാരത്തിന്റെ മൂല്യങ്ങളെ അദ്ദേഹം സാമൂഹിക മൂല്യങ്ങളായി പ്രതിഷ്ഠിക്കുന്നു, അതിനെതിരായ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അങ്ങനെ തമസ്‌കരിക്കപ്പെടുന്നു. മനു എസ്. പിള്ള എഴുതുന്നത് ചരിത്രമല്ല, ചരിത്രകഥകളാണ്.
വിഷ്ണുപ്രകാശ്
യു.സി. കോളേജ്, ആലുവ
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media