കത്തുകള്‍
വായനക്കാർ

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍
letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.
ഇ.ഡിക്കും ഐ.ടിക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയുന്ന മാധ്യമ കോര്‍പറേറ്റിസം
ഇന്നു നടക്കുന്ന പലതരം മാധ്യമ ചര്‍ച്ചകള്‍ക്കിടയില്‍ ഏറ്റവും മികച്ച ഒന്നായിരുന്നു ജോസി ജോസഫുമായി മനില സി. മോഹന്‍ നടത്തിയ അഭിമുഖം (പാക്കറ്റ് 46). മാധ്യമങ്ങളെ ഒരു ബിസിനസ് എന്ന നിലയ്ക്കുകൂടി യാഥാര്‍ഥ്യബോധത്തോടെ പരിഗണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ഏറെ ശ്രദ്ധേയമായി തോന്നി. ഏത് പ്രൊഡക്റ്റിനെയും പോലെ, മാധ്യമങ്ങളും ഉപഭോക്താവിനെ തീരെ പരിഗണിക്കാത്ത ഒന്നായി തീരുമ്പോള്‍ അത് വാങ്ങാനും കാണാനും ആളില്ലാത്ത അവസ്ഥ സ്വഭാവികമായും ഉണ്ടാകും. മാധ്യമങ്ങളുടെ കാര്യത്തില്‍, ഇത് അവയുടെ ഉള്ളടക്കത്തിന്റെ വിശ്വാസ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, വായനക്കാരും പ്രേക്ഷകരും മാധ്യമങ്ങളില്‍നിന്ന് അകന്നുപോകുന്നു. പകരം, പരസ്യദാതാക്കളുടെ മീഡിയ ആയി ഇവ മാറുന്നു. ഇന്ത്യയില്‍ സമീപകാലത്ത് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തനത്തിനും സംഭവിച്ച തകര്‍ച്ച നോക്കുക. രാജ്യത്തിന്റെ ഭരണഘടനയെ വരെ വെല്ലുവിളിക്കുന്ന പൗരത്വനിയമഭേദഗതി പോലുള്ള നിയമനിര്‍മാണങ്ങളുണ്ടായിട്ടും അവയുടെ പേരില്‍ വിഭജനരാഷ്ട്രീയം അരങ്ങുതകര്‍ത്തിട്ടും അവയെ ജനപക്ഷത്തുനിന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മെനക്കെടാതിരുന്ന "മുഖ്യധാര'യാണ് നമ്മുടേത്. യഥാര്‍ഥത്തില്‍, അടിയന്തരാവസ്ഥയുടേതുപോലെ നേരിട്ടുള്ള സെന്‍സറിങ് ഇപ്പോഴില്ല. ചോദ്യം ചോദിക്കുന്നത് വിലക്കപ്പെട്ടിട്ടില്ല. എന്നാല്‍, എത്ര മാധ്യമങ്ങള്‍ ഈ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്? സര്‍ക്കാര്‍ നിലപാടുകളെ തുറന്നെതിര്‍ക്കുന്നുണ്ട്? ഒരു തരം സെന്‍സര്‍ഷിപ്പും ഇല്ലാതെ മീഡിയ നരേറ്റീവിനെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ ഭരണകക്ഷിക്ക് നിഷ്പ്രയാസം കഴിയുന്നു.

മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരായി ഒരു ഭരണകൂടം തന്നെ പ്രവര്‍ത്തിക്കുമ്പോള്‍, നമ്മുടെ "നാലാം തൂണു'കള്‍ എന്തു ചെയ്തു എന്നത്, ഭാവിയിലെ മാധ്യമ വിദ്യാര്‍ഥികള്‍ക്ക് നല്ലൊരു പഠനവിഷയമായിരിക്കും. ഈ മാധ്യമങ്ങളെയെല്ലാം ഭരിക്കുന്നത് അവയെ നിയന്ത്രിക്കുന്ന ബിസിനസ് താല്‍പര്യ
ങ്ങളാണ് എന്നതാണ് ഇതിനുപുറകിലെ താല്‍പര്യം. ഭരണകക്ഷിയോട് കൂറുള്ള വ്യവസായി സമൂഹത്തിന്റെ നിയന്ത്രണത്തിലാണിന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ ഏറിയ കൂറും. "വയര്‍' എന്ന ബദല്‍ മീഡിയക്കെതിരെ 14 അപകീര്‍ത്തി കേസുകളാണ് ഭരണകക്ഷി രാഷ്ട്രീയക്കാരും അവരുടെ കുടുബാംഗങ്ങളും ബിസിനസുകാരും ഒരു ആള്‍ദൈവവും നല്‍കിയതെന്ന് സിദ്ധാര്‍ഥ വരദരാജന്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നത് ഓര്‍ക്കുന്നു. വിമര്‍ശനങ്ങളെ നേരിടാന്‍ എന്ഫോഴ്സ്മെൻറ്ഡയറക്ടറേറ്റിനെയും ഇന്‍കം ടാക്സ് വകുപ്പിനെയും വരെ ഉപയോഗിക്കുന്നു.
ഈയിടെ നടന്ന ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്ക് മാധ്യമങ്ങള്‍ സാക്ഷികളായിരുന്നു. പട്ടാപ്പകലാണ്, വൈകീട്ട് മൂന്നിന്, ഈ സംഭവം നടന്നത്. അരമണിക്കൂറിനകം ആ കൂട്ടക്കൊലയുടെ ഉത്തരവാദിയായ ആളെക്കുറിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച മാധ്യമങ്ങള്‍ക്ക് വ്യക്തമായ വിവരം നല്‍കി. എന്നാല്‍, കല്ലെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കുന്ന ജനക്കൂട്ടത്തിന്റെ വാര്‍ത്തയും പടങ്ങളുമാണ് ആ മണിക്കൂറുകളില്‍ ദേശീയ മാധ്യമങ്ങളക്കം പ്രചരിപ്പിച്ചത്. "Unruly farmers on rampage in Uttar Pradesh, 6 lost lives' എന്നായിരുന്നു രാജ്യത്തെ ഏറ്റവും സര്‍ക്കുലേഷനുള്ള ദൈനിക് ജാഗരണ്‍ എന്ന പത്രത്തിന്റെ തലക്കെട്ട്, മറ്റു നിരവധി പത്രങ്ങളുടെ തലക്കെട്ടുകളും.
ഇപ്പോള്‍ ഒരു വര്‍ഷം തികയ്ക്കാന്‍ പോകുന്ന, സമീപകാലത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായ കര്‍ഷക സമരത്തെ പ്രമുഖ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതുതന്നെ നോക്കുക. കര്‍ഷക സമരത്തിനെതിരായ കോര്‍പറേറ്റ്- സര്‍ക്കാര്‍ കുപ്രചാരണങ്ങള്‍ക്ക് കിട്ടുന്ന പ്രാധാന്യം പോലും സമരത്തിന്റെ ആവശ്യങ്ങള്‍ക്ക് കിട്ടുന്നില്ല. മാത്രമല്ല, ഈ സമരത്തിന് കാരണമായ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഒരു മാധ്യമവും വിപുലമായ ചര്‍ച്ചയായി പോലും ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല എന്നത്, അവയടെ കോര്‍പറേറ്റ് ദാസ്യവേലക്ക് മികച്ച ഉദാഹരണമാണ്.
കെ.എം. അന്‍സാരി
അബൂദബി, യു.എ.ഇ
മാധ്യമങ്ങളിലെ പുതിയ മുഖ്യധാരയും ഭരണകൂടപ്പേടിയും
ഇന്ത്യന്‍ മാധ്യമരംഗത്ത് ഒരു പുതിയ മെയിന്‍സ്ട്രീമിന്റെ വളര്‍ച്ച കാണാനുണ്ട് എന്ന ജോസി ജോസഫിന്റെ നിരീക്ഷണം ഏറെ പ്രാധാന്യമുള്ളതാണ്. കാരണം, മുഖ്യധാര എന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന മീഡിയ ഹൗസുകളെല്ലാം വന്‍കിട ബിസിനസ് സാമ്രാജ്യങ്ങളുടെ ഭാഗമായതോടെ, അവക്ക് ജനങ്ങളെയോ യഥാര്‍ഥ മാധ്യമ മൂല്യങ്ങളെയോ പ്രതിനിധീകരിക്കാന്‍ കഴിയാതെ വരുന്നുണ്ട്. അതുകൊണ്ട്, അത്തരം മാധ്യമങ്ങള്‍ അവയുടെ ഓഡിയന്‍സില്‍നിന്ന് അകന്നുപോകുകയും തല്‍സ്ഥാനത്ത് ഓഡിയന്‍സിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിവുള്ള പുതിയ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു. ടെക്നോളജി അധികാരത്തിലിരിക്കുന്നവരുടെ ടൂള്‍ ആയി മാറുമെന്ന ആശങ്ക ജോസി ജോസഫ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഇതേ ടെക്നോളജി തന്നെയാണ് പുതിയ മാധ്യമങ്ങളുടെ സൃഷ്ടിക്കും ഇടയാക്കുന്നത് എന്നുകൂടി കാണണം. വന്‍ മൂലധന നിക്ഷേപമില്ലാതെയും അതുകൊണ്ടുതന്നെ കോര്‍പറേറ്റുനിയന്ത്രണങ്ങളില്‍നിന്ന് മുക്തമായതും വായനക്കാരുടെ മൂലധന പങ്കാളിത്തം കൊണ്ട് നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതുമായ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്, ഒരു പുതിയ മാധ്യമ ഉള്ളടക്കത്തെ കൂടി സൃഷ്ടിക്കുന്നു.
ഇതാണ്, ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും നിലവിലെ മുഖ്യധാരയെ അപ്രസക്തമാക്കുന്നത്. കേരളത്തില്‍, വാര്‍ത്താ ചാനലുകളെ പോലും ഈ പുതിയ "മുഖ്യധാര' നന്നായി സ്വാധീനിക്കുന്നുണ്ട്. ചാനലുകളുടെ തനിനിറത്തിനപ്പുറത്തേക്ക്, അവിടത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നുകയറാന്‍ കഴിയുന്നത്, ഈ പുതിയ മാധ്യമ ഇടപെടല്‍ കൊണ്ടുകൂടിയാണ്.

അതോടൊപ്പം, ഉയര്‍ന്നുവരുന്ന മറ്റൊരു ഭീഷണിയെ കൂടി കാണേണ്ടതുണ്ട്. ‘റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സി’ന്റെ 2021ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡെക്സില്‍ മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഏറ്റവും അപകടം പിടിച്ച ഒരു രാജ്യമാണ് ഇന്ത്യ. ഇന്‍ഡെക്സിലെ 180 രാജ്യങ്ങളില്‍ 142ാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാനും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ "അയല്‍പക്ക'ങ്ങള്‍, ഇന്‍ഡെക്സിലും. ഇന്ത്യയുടെ ഈ മാധ്യമ ദുരവസ്ഥയുടെ കാരണമായി റിപ്പോര്‍ട്ട് പറയുന്നത്, ബി.ജെ.പിയും ഹിന്ദുത്വ ഐഡിയോളജിയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഇല്ലാതാക്കുന്നു എന്നതാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നു. പുതിയ ഐ.ടി നിയമത്തിലൂടെയും മറ്റും ഭരണകൂടം ഡിജിറ്റല്‍ ന്യൂസ് കണ്ടന്റിനെപ്പോലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍ ഈ സമ്മര്‍ദം ശക്തമാണ്. കോവിഡ് വ്യാപനം, പത്രമാരണ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ മോദി സര്‍ക്കാര്‍ എങ്ങനെ ദുരുപയോഗം ചെയ്തുവെന്നതിന്റെ വിവരങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒരുപക്ഷെ, പുതുതായി രൂപപ്പെട്ട ഈ വിമര്‍ശനാത്മക മാധ്യമ മുഖ്യധാരയാണ്, ഭരണകൂടത്തെ കൂടുതല്‍ തീവ്രമായ നടപടികളിലേക്ക് നയിക്കുന്നത് എന്നത് വ്യക്തമാണ്. അതിനെ അതിജീവിക്കാന്‍ ഇവര്‍ക്ക് എത്രമാത്രം കഴിയുമെന്നത് ഇന്ന് വലിയൊരു ചോദ്യം കൂടിയാണ്.
എല്‍. ദില്‍ഷാദ്
കരുനാഗപ്പള്ളി
സ്വന്തം വായനക്കാരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍
എഴുത്തുകാരുടെയും അവര്‍ എഴുതുന്ന മാധ്യമങ്ങളുടെയും നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചയായ സാഹചര്യത്തില്‍ ആനന്ദ് അടക്കമുള്ളവര്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയ വെബ്സീന്‍ പാക്കറ്റ് അതീവ ശ്രദ്ധേയമായി. മാധ്യമ ഇരട്ടത്താപ്പിനെക്കുറിച്ച് ആനന്ദ് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. മത യാഥാസ്ഥിതിക ചട്ടക്കൂടിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു മാധ്യമങ്ങള്‍, യാഥാസ്ഥിതികതയെ നിഷേധിക്കുന്ന ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരം മാധ്യമങ്ങളിലൂടെ സത്യസന്ധമായ സംവാദം എങ്ങനെ സാധ്യമാകും എന്ന ചോദ്യമാണ് ആനന്ദ് ഉയര്‍ത്തുന്നത്.

ആനന്ദ് പറയുന്ന തരത്തിലുള്ള പൊതുവായ ഇടങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുകയാണ്. ഓരോ മാധ്യമവും അതാതു സംഘങ്ങളുടെ മാത്രം സംവാദ ഇടങ്ങളായി മാറുന്നു. മലയാളത്തില്‍ മനോരമക്കും മാതൃഭൂമിക്കും ദേശാഭിമാനിക്കും മാധ്യമത്തിനും മാത്രമായി അവരുടേതായ വായനക്കാരുണ്ടാകുന്നത് അതുകൊണ്ടാണ്. ഏഷ്യാനെറ്റിന്റെ പ്രേക്ഷകന്‍ മാതൃഭൂമി ചാനലിന്റെ പ്രേക്ഷകനാകാന്‍ കഴിയാത്തത് അതുകൊണ്ടാണ്. പൊതുഇടങ്ങളുടെ നഷ്ടം നമ്മുടെ മാധ്യമങ്ങളെ ഒരുതരത്തിലും നിരാശരാക്കുന്നില്ല എന്നുമാത്രമല്ല, അത് സ്വന്തം ഐഡന്റിറ്റിയായി അവര്‍ തെറ്റിധരിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ട് എന്നിടത്ത് ആനന്ദ് സൂചിപ്പിച്ച ദുരന്തം പൂര്‍ത്തിയാകുന്നു.
സുരജ മോഹന്‍
വൈറ്റില, എറണാകുളം
"മാധ്യമം', "മാതൃഭൂമി'; വര്‍ഗീയതയുടെ കാര്യത്തില്‍ എന്തിനാണ് ഇരട്ടത്താപ്പ്
എഴുത്തുകാരന്റെയും മാധ്യമങ്ങളുടെയും നിലപാടുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ (പാക്കറ്റ് 46) ഷാജഹാന്‍ മാടമ്പാട്ടിന്റെ യുക്തിയോടാണ് യോജിപ്പ്. കാരണം, എഴുതുന്നത് വളച്ചൊടിക്കാതെയും വെട്ടിത്തിരുത്താതെയും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളില്‍ എഴുതുക തന്നെയാണ് വേണ്ടത്, സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കാതെ. പരിമിതമായ ഇടങ്ങളാണ് മലയാളി എഴുത്തുകാര്‍ക്കുള്ളത്. മാധ്യമത്തിന്റെ സ്ത്രീ വിരുദ്ധതയോടും മതബദ്ധ കാഴ്ചപ്പാടുകളോടും ഒത്തുപോകുന്ന നിലപാടുള്ളവയാണ് മിക്കവാറും മലയാള മാധ്യമങ്ങള്‍, അത് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കം. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാലത്ത് നാമത് കണ്ടതാണ്. എന്നാല്‍, മനോരമയും മാതൃഭൂമിയും നിലനില്‍ക്കുന്നത് മതേതരമായ ഒരു മുതലാളിത്ത വ്യാപാര ചട്ടക്കൂടിലാണെന്നും അത്തരം "തറവാടിത്ത'മാണ് ഈ പത്രങ്ങള്‍ക്കുള്ളതെന്നുമുള്ള പ്രമോദ് പുഴങ്കരയുടെ വാദത്തിന് അടിസ്ഥാനമില്ല.

കാരണം, മതം, വിശ്വാസം, വലതുപക്ഷ രാഷ്ട്രീയം തുടങ്ങിയവയുടെ കാര്യത്തില്‍, പൊതുബോധത്തെ ഒരിക്കലും മുറിപ്പെടുത്താന്‍ ഈ പത്രങ്ങള്‍ മെനക്കെടാറില്ല. അത്, വില്‍പനയുടെ മാത്രം രസതന്ത്രം വച്ചുകൊണ്ടല്ല. മനോരമയുടെ ഡി.എന്‍.എയില്‍ തന്നെ വലതുപക്ഷം കുടിയിരിക്കുന്നതുപോലെ മാതൃഭൂമിയില്‍ ഹിന്ദു ബോധവും അതിന്റെ സൃഷ്ടിയായ ഭൂരിപക്ഷ വര്‍ഗീയതയും കുടികൊള്ളുന്നുണ്ട്. മാധ്യമത്തിന്റെ മുസ്‌ലിം വര്‍ഗീയതയെ ചൂണ്ടിക്കാട്ടുന്ന പ്രമോദ് പുഴങ്കര പക്ഷെ, മാതൃഭൂമിയുടെ വര്‍ഗീയതയെ അപകടരഹിതമായ വിപണി താല്‍പര്യം മാത്രമായി ചുരുക്കുകയാണ് ചെയ്യുന്നത്. ആറ്റുകാല്‍ പൊങ്കാലയുടെ സചിത്രാഘോഷം കൂടുതല്‍ പരസ്യവരുമാനം കിട്ടുന്നതുകൊണ്ടുമാത്രമല്ല മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവിയുടെ ലേഖനം എഡിറ്റോറിയല്‍ പേജില്‍ കൊടുക്കുന്നതിനുപുറകിലെ വിപണി താല്‍പര്യം എന്താണ് എന്നുകൂടി പ്രമോദ് വ്യക്തമാക്കണം. ഷാജഹാന്‍ മാടമ്പാട്ട് പറയുന്നതുപോലെ, ഈ മാധ്യമങ്ങളുടെയെല്ലാം തനിനിറം വ്യക്തമാണ്, എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും മുന്നില്‍. അവിടെ ഒരു എഴുത്തുകാര്‍ക്ക് സ്വന്തം നിലപാട് വെട്ടിത്തുറന്ന് പറയാന്‍ അവസരം കിട്ടുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. എഴുതുന്ന പ്ലാറ്റ്ഫോമിന്റെ രാഷ്ട്രീയം ആര്‍ജവമുള്ള എഴുത്തുകാരുടെ നിലപാടിനെ ഒരുതരത്തിലും സ്വാധീനിക്കുകയില്ല. അത്തരം എഴുത്തുകാരും നമുക്കിടയിലുണ്ട്. പുരോഗമനകാരിയായി ചമഞ്ഞുകൊണ്ട് ആള്‍ദൈവങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ അവരെ പ്രണമിച്ച് എഴുതുന്നവരുണ്ട്. അത്തരക്കാരെ മലയാളി എളുപ്പം തിരിച്ചറിയും.
പി.പി. മുസ്തഫ
മഞ്ചേരി, മലപ്പുറം
ആനന്ദും സച്ചിദാനന്ദനും 'മാധ്യമ'ത്തില്‍ എഴുതുക തന്നെയാണ് വേണ്ടത്
എഴുത്തുകാരും അവര്‍ എഴുതുന്ന മാധ്യമങ്ങളുടെ നിലപാടുമായി ബന്ധപ്പെട്ട വെബ്സീന്‍ ചര്‍ച്ചയില്‍ (പാക്കറ്റ് 46) പൊളിറ്റിക്കല്‍ ഇസ്ലാമിനെയും ഹിന്ദുത്വ വര്‍ഗീയതയെയും ഒരൊറ്റ നുകത്തില്‍ തന്നെയാണ് കൂട്ടിക്കെട്ടുന്നത്, അങ്ങനെയല്ല ചെയ്യുന്നത് എന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും. പൊളിറ്റിക്കല്‍ ഇസ്ലാമിന്, മുസ്‌ലിം ജനസാമാന്യത്തിലുള്ള സ്വാധീനശക്തിയെക്കുറിച്ച് മലയാളിക്കെങ്കിലും അവശ്യം ബോധമുണ്ട്. അതിന് ഒരിക്കലും മുസ്ലിമിനെ ഒരു സമുദായമെന്ന നിലയില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാത്രമല്ല, മത രാഷ്ട്രീയത്തെ "വിമത'മാക്കി പടിക്കുപുറത്തുനിര്‍ത്തുന്നതും അതേ സമുദായമാണ്.

മാത്രമല്ല, ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന ലിംഗപരവും ബൗദ്ധികവുമായ ഉണര്‍വുകള്‍ മതബദ്ധമായ കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചാണ് മുന്നേറുന്നത്. ഇതുണ്ടാക്കുന്ന അസ്വസ്ഥത മറ്റു സഹോദര സമുദായങ്ങളെ എങ്ങനെ വിറളി പിടിപ്പിക്കുന്നു എന്നതും അതിനെ സംഘ്പരിവാര്‍ എങ്ങനെ ക്യാഷ് ചെയ്യാന്‍ ശ്രമിക്കുന്നു എന്നതും സമീപകാല യാഥാര്‍ഥ്യം. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന പ്രതീകം വച്ചുകൊണ്ട് മുസ്‌ലിം ജനതയെ ലക്ഷ്യം വെക്കുന്ന സൂത്രപ്പണിയാണ് പ്രമോദ് പുഴങ്കര ഈയൊരു സമീകരണത്തിലൂടെ ചെയ്യുന്നത്. ഇന്ത്യയില്‍ മുസ്‌ലിം
അപരത്വത്തെ സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ പ്രയോഗിക്കുന്ന അതേ സൂത്രം.
"മലയാളത്തിന്റെ മികച്ച രാഷ്ട്രീയ കവികളില്‍ ഒരാള്‍' എന്ന് പ്രമോദ് പുഴങ്കര വിശേഷിപ്പിക്കുന്ന സച്ചിദാനന്ദന്‍ ഈ കാലഘട്ടത്തില്‍ എഴുതേണ്ട പ്രസിദ്ധീകരണം, തീര്‍ച്ചയായും മാധ്യമം തന്നെയാണ്. ആനന്ദിനെയും ഷാജഹാന്‍ മാടമ്പാട്ടിനെയും പോലുള്ളവരും മാധ്യമത്തില്‍ എഴുതുക തന്നെയാണ് വേണ്ടത്. അത് ഈ കാലഘട്ടത്തിന് അനിവാര്യമായ രാഷ്ട്രീയ പ്രതിരോധം കൂടിയാണ്.
സുവീഷ് ചന്ദ്രന്‍
കോട്ടയം
ലൈവില്‍നിന്ന് ഈ ശവമൊന്ന് എടുത്തുകിട്ടിയാല്‍ മതിയായിരുന്നു!
ഒ.വി. വിജയന്റെ സംസ്‌കാര ചടങ്ങ് ലൈവായി റിപ്പോര്‍ട്ടു ചെയ്യേണ്ടിവന്ന ദുരന്തം വി.എം. ദീപ എഴുതിയത് വായിച്ചപ്പോള്‍ വലിയ അന്തംവിടലുണ്ടായില്ല. കാരണം, വിജയനെപ്പോലെയുള്ളവര്‍ മരിക്കുമ്പോഴെല്ലാം മലയാളി നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതാണ് ഇത്തരം ലൈവ് പ്രഹസനങ്ങള്‍. അതില്‍, ആത്മനിന്ദ തോന്നുക എന്നത് വലിയ കാര്യമാണ്. ശവസംസ്‌കാര ചടങ്ങുകള്‍ മാത്രമല്ല, പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗും ഇന്ന് വലിയ തമാശയാണ് ചാനലുകളില്‍. മരിച്ച പ്രമുഖരുടെ വീടുകളില്‍നിന്നും പൊതുദര്‍ശന സ്ഥലങ്ങളില്‍നിന്നും റിപ്പോര്‍ട്ടര്‍മാര്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? എങ്ങനെയെങ്കിലും ഈ ശവമൊന്ന് എടുത്തുകിട്ടിയാല്‍ മതിയെന്ന മട്ടിലുള്ള കരച്ചിലുകളാണ് അവ എന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം അറിയാം, അറിയാത്തത് ചാനലിനകത്തിരിക്കുന്നവര്‍ക്കാണ്. വാര്‍ത്താസമ്മേളനങ്ങളില്‍ നമ്മുടെ രാഷ്ട്രീയനേതാക്കളോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍, വൈകുന്നേരത്തെ പ്രൈം ടൈം ചര്‍ച്ചകളില്‍ അവതാരകര്‍ നടത്തുന്ന അഭ്യാസങ്ങള്‍ എല്ലാം, മാധ്യമപ്രവര്‍ത്തകരുടെ വിഷയങ്ങളെക്കുറിച്ചുള്ള അറിവിലെ പാപ്പരത്തം മാത്രമല്ല, രാഷ്ട്രീയബോധത്തിന്റെ ദയനീയാവസ്ഥയും വെളിപ്പെടുത്തുന്നു.

അര്‍ണബിനെപ്പോലുള്ളവരുടെ ഏറ്റവും മോശം ഉദാഹരണങ്ങള്‍ പകര്‍ത്തുന്ന മീഡിയകളാണ് ഇന്ന് മലയാളത്തിലുള്ളത്. സമീപകാലങ്ങളില്‍ പല തലങ്ങളില്‍നിന്ന് ലൈവ് റിപ്പോര്‍ട്ടിനെക്കുറിച്ചും പ്രൈം ടൈം ചര്‍ച്ചകളെക്കുറിച്ചുമെല്ലാം ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, അവയൊന്നും തങ്ങളെ ബാധിക്കുന്നതേയല്ല എന്ന നാട്യം തുടരുകയാണ് ഈ നാലാം തൂണുകള്‍. ന്യൂസ് റിപ്പോര്‍ട്ടിഗിലും ചര്‍ച്ചകളിലുമെല്ലാം സാമ്പ്രദായികത ഊട്ടിയുറപ്പിക്കലും ഒരേ മുഖങ്ങളുടെ തനിയാവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. സ്വന്തം വായനാഗ്രൂപ്പുകളെക്കുറിച്ചുപോലും ശരിയായ ബോധ്യങ്ങളില്ലാത്ത എഡിറ്റോറിയല്‍ വിഭാഗങ്ങളാണ് നമ്മുടെ ചാനലുകളെ ഭരിക്കുന്നത് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഷീന പ്രകാശ്
ദുബായ്
എന്‍ഡോസള്‍ഫാന്‍ എന്തുകൊണ്ട് പൊതുശബ്ദമാകുന്നില്ല?
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായവരുടെ അവസാനിക്കാത്ത പോരാട്ടങ്ങളെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണന്‍ എഴുതിയ ലേഖനം വായിച്ചു. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ മനുഷ്യര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സമരം ചെയ്യേണ്ടിവരുന്നു എന്നത്, കേരളീയ മനഃസാക്ഷി ഒന്നടങ്കം മറുപടി പറയേണ്ട വിഷയമാണ്. പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്ന ഒരു ദുരന്തമായിട്ടും സര്‍ക്കാറുകളും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഈ പ്രശ്നത്തെ, ദുരിതബാധിതരുടെ പക്ഷത്തുനിന്നല്ല കാണുന്നത് എന്നത് വലിയൊരു പ്രശ്നമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകാലത്തുമാത്രം ഓര്‍മ വരുന്ന ഒരു വിഭാഗമാണിവര്‍.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി പിണറായി വിജയന്‍ നടത്തിയ നവകേരള മാര്‍ച്ച് തുടങ്ങിയത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് മധുരം കൊടുത്തുകൊണ്ടാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ദുരിതബാധിതരുടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചികിത്സാകുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളിലേറെയും ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അതിന് പ്രധാന കാരണം, ഉദ്യോഗസ്ഥ തലത്തിലെ ചരടുവലികളാണ്. രോഗബാധിതരുടെ എണ്ണത്തിലും ലിസ്റ്റിലും കള്ളക്കളി നടത്തിയും ആനുകൂല്യങ്ങള്‍ നിഷേധിച്ചും അവരെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്നത് ജില്ലാ ഭരണകൂടം അടക്കമുള്ള സംവിധാനങ്ങളാണ്. മാത്രമല്ല, കാസര്‍കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ള രോഗികളുടെ കൃത്യമായ കണക്കുപോലും സര്‍ക്കാറിന്റെ പക്കലില്ല.

ഇപ്പോഴിതാ, ഉപയോഗിച്ചശേഷം ബാക്കിയായ എന്‍ഡോസള്‍ഫാന്‍ കുഴിവെട്ടി മൂടാനൊരുങ്ങുകയാണ് അധികൃതര്‍. എന്‍ഡോസള്‍ഫാന്‍ ഗോഡൗണുകളില്‍നിന്ന് നീക്കി നീര്‍വീര്യമാക്കി നശിപ്പിക്കാന്‍ 2014ന് സര്‍ക്കാര്‍ തല യോഗത്തില്‍ തീരുമാനമായതാണ്. എന്നാല്‍, ഇതുവരെ അതിന് നടപടിയുണ്ടായില്ല. ഇപ്പോഴിതാ, ഗോഡൗണുകള്‍ക്ക് സമീപം കുഴിയെടുത്ത് ഒരുവിധത്തിലുള്ള സുരക്ഷാ നടപടികളുമില്ലാതെ സംസ്‌കരിക്കാനൊരുങ്ങുകയാണ്. ഇതിന് കേരള കാര്‍ഷിക സര്‍വകലാശാല അടക്കമുള്ളവയുടെ ഒത്താശയും. പരിസ്ഥിതി സംരക്ഷണത്തിന്റെയും മനുഷ്യാവകാശത്തിന്റെയും തലങ്ങളില്‍ എന്തുമാത്രം മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ള സംസ്ഥാനമാണിത്. എന്നിട്ടും ഒരു ജനതയെ കൊന്നുതീര്‍ക്കുന്ന വിഷത്തിനെതിരെ പൊതുസമൂഹത്തിന്റെ യോജിച്ചുള്ള ശബ്ദം ഉയരുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
പി. രാധാകൃഷ്ണന്‍
പയ്യാമ്പലം, കണ്ണൂര്‍
മേതില്‍, മുമ്പേ എഴുതപ്പെട്ട ഒരു കവിത
മേതില്‍ രാധാകൃഷ്ണന്റെ കവിതകള്‍ സുധീഷ് കോട്ടേമ്പ്രം വായിച്ചവിധം നന്നായിരുന്നു. (പാക്കറ്റ് 46). മലയാള കവിതയില്‍ ഇപ്പോള്‍ പോലും പ്രത്യക്ഷപ്പെടാതിരിക്കുന്ന പ്രവണതകളെ വര്‍ഷങ്ങള്‍ക്കുമുമ്പേ രേഖപ്പെടുത്തിയ കവിയാണ് മേതില്‍. വസ്തുനിഷ്ഠമായ പാരിസ്ഥിതികത കവിതയെ മുദ്രാവാക്യ സമാനമാക്കിയ കാലത്ത്, അതിനെ ജീവപ്രപഞ്ചത്തിന്റെ മിഡിപ്പുകളായി, ഏറ്റവും "നിസ്സാര'മായ ഒരു പ്രാണിയുടെ പോലും നിശ്വാസമായി വീണ്ടെടുത്തു ഈ കവിതകള്‍. അന്ന്, ആധുനികതയുടെ വിമതസ്വരമായി ഒതുക്കപ്പെട്ടുപോയ ആ കവിതകള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതിന് പുതിയ കാലത്തെ കവി കൂടിയായ സുധീഷിന്റെ വായന തന്നെയാണ് തെളിവ്. മുദ്രാവാക്യങ്ങള്‍ മരിക്കുകയും കവിത നിലനില്‍ക്കുകയും ചെയ്യും. ആധുനികതയില്‍ വൈലോപ്പിള്ളിയാണ് പ്രകൃതിയെ ശാസ്ത്രാവബോധത്തോടെ പ്രമേയവല്‍ക്കരിച്ച കവി. പി. കുഞ്ഞിരാമന്‍ നായരുടെ കേവല സൗന്ദര്യത്തിന്റെയും ചമല്‍ക്കാരത്തിന്റെയും ഭാവപ്രപഞ്ചത്തെ തിരുത്തിയ കവിതകളായിരുന്നു വൈലോപ്പിള്ളിയുടേത്. മേതിലാണ് ആ അര്‍ഥത്തില്‍ വൈലോപ്പിള്ളിയില്‍നിന്നുള്ള അര്‍ഥവത്തായ തുടര്‍ച്ച എന്നുതോന്നുന്നു.

പാരിസ്ഥിതികാവബോധത്തെ ഒരു രാഷ്ട്രീയമായി തന്നെ വികസിപ്പിച്ചെടുത്ത അധികം കവികളെ വേറെ കാണാന്‍ കഴിയില്ല, മലയാളത്തില്‍, സച്ചിദാനന്ദനെ മാറ്റിനിര്‍ത്തിയാല്‍. "ജീവനെയും ജീവിക്കലിനെയും കുറിച്ച് ഏറ്റവും ആഴത്തില്‍ തോന്നലുകളുള്ള വെറും ഒരു ജീവി, ജീവി പോലുമല്ല, ഒരു വെറും വാസന' എന്ന് എഴുതുന്നിടത്ത് മേതില്‍ ജന്തുജീവിതത്തിന്റെ ഏറ്റവും നൈസര്‍ഗികമായ അടരുകളിലേക്ക്, ഏറ്റവും പ്രധാനപ്പെട്ടതെന്ന അഹന്തയെ ചേര്‍ത്തുവക്കുകയാണ്.
കവിതയുടെ പല വിതാനങ്ങളെ, അതിഗഹനമായി രേഖപ്പെടുത്തുന്നവയാണ്, കവി വായന എന്ന പംക്തി എന്നുകൂടി പറയട്ടെ.
കെ.സി. സുരേന്ദ്രന്‍
കല്‍പ്പറ്റ, വയനാട്
യു.പി തുടര്‍ഭരണത്തിലേക്കോ?
വെങ്കിടേശ് രാമകൃഷ്ണന്‍, യു.പി ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ വിശകലനത്തില്‍ ശ്രദ്ധിക്കേണ്ട പല രാഷ്ട്രീയ പ്രക്രിയകളുമുണ്ട്. അതില്‍ പ്രധാനമായി തോന്നിയത്, വിഭജന രാഷ്ട്രീയത്തിനും സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കും പൊതു സമൂഹത്തിലുണ്ടാകുന്ന സ്വീകാര്യതയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാറിനുകീഴില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ കണക്ക് അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, ഇതിന്റെ സര്‍ക്കാര്‍ ഭാഷ്യത്തിന് വലിയ സ്വീകാര്യത കിട്ടുന്നു എന്നത് ആശങ്കാജനകമായ ഒരു കാര്യമാണ്. ഈ ഏറ്റുമുട്ടലുകളെല്ലാം മുസ്‌ലിംകള്‍ അടക്കമുള്ള ഹിന്ദുത്വയുടെ ശത്രുക്കള്‍ക്കെതിരെയായിരുന്നു. മരിച്ചവരിലും അറസ്റ്റ് ചെയ്യപ്പെട്ടവരിലും ഏറെയും മുസ്‌ലിംകളും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുമാണ്. ഇവരെയാണ് "കൊടുംക്രിമിനലുകള്‍' എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.

ഇത്തരം സെക്ടേറിയന്‍ പൊളിറ്റിക്സ്, വര്‍ഗീയതയുടെ സാമ്പ്രദായികമായ പ്രയോഗത്തിന് വഴിമാറുകയും സാധാരണത്വമായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെ ചെറുക്കാന്‍ ശേഷിയുള്ള ഒരു രാഷ്ട്രീയ ശക്തി ഉത്തരേന്ത്യയില്‍ ഇപ്പോള്‍ ഇല്ല എന്നു മാത്രമല്ല, ബി.എസ്.പിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ഇന്ന് ഹിന്ദുത്വയുടെ പതാകാവാഹകരാകാനുള്ള മത്സരത്തിലുമാണ്. പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന വര്‍ഗീയ കലാപങ്ങളിലൂടെ യു.പിയില്‍ ഈ വിഭജനരാഷ്ട്രീയം വിജയകരമായി നടപ്പാക്കിയാല്‍, യോഗിക്ക് തുടര്‍ഭരണം നിഷ്പ്രയാസം സാധിക്കും. കര്‍ഷക സമരത്തിന്റെ നേട്ടം കൈപ്പറ്റി, സമാജ്വാദി പാര്‍ട്ടിക്ക് ഭരണത്തില്‍ വരാനുള്ള സാധ്യതയെക്കുറിച്ച് വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ
തുടര്‍ന്നുള്ള നിഗമനങ്ങള്‍ അതിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
സി.കെ. ആനന്ദ്
കുന്നുകുഴി, തിരുവനന്തപുരം
ആ ആത്മകഥകളിലേക്ക് എത്താനാഗ്രഹം
വെബ്സീനില്‍ ആദ്യ വായിക്കുന്നത് രണ്ട് ആത്മകഥകളാണ്, ഡോ. എ.കെ. ജയശ്രീയുടേതും ഇന്ദുമേനോന്റെതും. രണ്ട് വ്യക്തികള്‍ രണ്ടുതരം ജീവിതങ്ങള്‍, ഇരുവരും കടന്നുപോകുന്ന മനുഷ്യരുടെ അപൂര്‍വതകള്‍, അവരോടുള്ള സമീപനങ്ങള്‍, സ്വന്തത്തിലേക്കുള്ള അന്വേഷണങ്ങള്‍...ഇവയെല്ലാം തീക്ഷ്ണവും ഒരുപക്ഷേ വിചിത്രവുമായ വായനാനുഭവമാണ് നല്‍കുന്നത്.
ഇന്ദുമേനോന്റെ "എന്റെ കഥ'യിലെ സ്ത്രീയും സ്ത്രീകളും കെട്ടുപൊട്ടിച്ച് പാറി നടക്കുന്നവരാണ്. ഏറ്റവും അടിത്തട്ടിലെ സ്ത്രീകളുടെ കുതറലുകളുടെ ആത്മകഥ കൂടിയാണിത്. ബന്ധങ്ങളെക്കുറിച്ച് നാമൊക്കെ ഉറപ്പിച്ചുവച്ച ബോധ്യങ്ങളെ തകര്‍ത്തുകളയുന്നവര്‍. "ഗ്രാമീണമായ നന്മ'കളെക്കുറിച്ച് നാം കൊള്ളുന്ന ഊറ്റം ഇന്ദുമേനോന്‍ പൊളിച്ചുകളയുന്നു. ആ "നന്മ' കാപട്യമാണെന്ന്, അതേ കഥാപാത്രങ്ങളെവച്ചുതന്നെ അവര്‍ സ്ഥാപിച്ചെടുക്കുന്നു.

ഡോ. ജയശ്രീയിലുമുള്ളത് ഏറ്റവും നിസ്വരായ മനുഷ്യരുമായുള്ള സഹവാസമാണ്. സ്വന്തം ഐഡന്റിറ്റിയെ, അതിന്റെ സങ്കോചങ്ങളെയും വികാസങ്ങളെയും ഇത്രമേല്‍ തുറന്നുകാട്ടുന്ന ഒരാഖ്യാനം അപൂര്‍വമാണ്. എല്ലാതരം നിയന്ത്രണളെയം ഭേദിച്ച്, പുതിയ കാഴ്ചകള്‍ക്കുവേണ്ടി എല്ലാ അതിരുകളും ലംഘിച്ച് അകമേയുള്ള ബോധ്യങ്ങളെ തന്നെ പരിഷ്‌കരിച്ചും പരിഹസിച്ചുമൊക്കെയുള്ള ഒരു യാത്ര. പലതരം ചട്ടക്കൂടുകള്‍ക്കുള്ളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യരെ സംബന്ധിച്ച്, എന്നെങ്കിലും എത്തിച്ചേരാനാഗ്രഹിക്കുന്ന ഒരു ഇടമാണ് "എഴുകോണി'ലൂടെ ഡോ. ജയശ്രീ എന്നെപ്പോലുള്ള വായനക്കാരിക്കുനല്‍കുന്നത്.
സി. തുളസീദേവി
പൂജപ്പുര, തിരുവനന്തപുരം
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media