Monday, 29 November 2021

കത്തുകള്‍


Image Full Width
Image Caption
ഷംഷാദ്​ ഹുസൈൻ കെ.ടിയുടെ മലപ്പുറം പെണ്ണിന്റെ ആത്മകഥയ്ക്ക് ജാസില ലുലുവിന്റെ ചിത്രീകരണം
Text Formatted

മലപ്പുറത്തെ പെണ്ണുങ്ങള്‍ വെബ്‌സീനിലൂടെ

വെബ്‌സീനില്‍ തുടങ്ങിയ ഷംഷാദ് ഹുസൈന്‍ കെ.ടി.യുടെ "മലപ്പുറത്തെ പെണ്ണിന്റെ ആത്മകഥ' (പാക്കറ്റ് 47) ആവേശത്തോടെയാണ് ആദ്യ അധ്യായം വായിച്ചത്. കാരണം, ഇത്തരമൊരു രേഖപ്പെടുത്തല്‍ ഈ കാലഘട്ടത്തെ സംബന്ധിച്ച് അനിവാര്യമാണ്.

ചരിത്രം, ഭൂമിശാസ്ത്രം, ജീവിതാഖ്യാനങ്ങള്‍, സാമൂഹികശാസ്ത്രം തുടങ്ങിയ ബ്രഹദാഖ്യാനങ്ങളിലൊന്നും എന്തിന് ജന്‍ഡര്‍ സ്റ്റഡീസില്‍ പോലും അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നാണ് പ്രാദേശിക സ്ത്രീ ജീവിതങ്ങള്‍. ഈയിടെ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം "കൊണ്ടാടി'യപ്പോള്‍ ഇത്തരം ചരിത്രമെഴുത്തിന്റെ ദൗര്‍ബല്യം നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. മലബാര്‍ കലാപത്തിലെ സ്ത്രീ പങ്കാളിത്തത്തെ പുറത്തുകൊണ്ടുവരാന്‍ ഗവേഷണം നടത്തിയ വ്യക്തിയെന്ന നിലയ്ക്കുകൂടി ഷംഷാദിന്റെ ഈ എഴുത്ത് പ്രസക്തമാകുന്നുണ്ട്.

shamsad-hussain
ഷംഷാദ്​ ഹുസൈൻ കെ.ടി.

മറ്റൊരു കാര്യം, മലപ്പുറവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചെടുത്തിട്ടുള്ള, ഇപ്പോഴും തുടരുന്ന ഒരുതരം സാമൂഹിക- സാംസ്‌കാരിക അപരത്വമാണ്. മതവുമായി ബന്ധപ്പെട്ട അപരത്വത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, മലപ്പുറത്തെ സാമൂഹിക ജീവിതവും സാംസ്‌കാരിക ഐഡന്റിറ്റികളും അതിലുമേറെ തമസ്‌കരിക്കപ്പെട്ട ഒന്നാണ്. അതിന് മതത്തിന്റെയും മതബാഹ്യവുമായതും ആധുനികമായതുമായ മാനവികതയുടെ ചേരുവകളുമുണ്ട്. അതിലെ പ്രധാന കഥാപാത്രങ്ങളാണ് ഈ മുസ്‌ലിം സ്ത്രീകള്‍. 

വിജ്ഞാനവുമായി ബന്ധപ്പെട്ട് ഔപചാരിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ രൂപപ്പെട്ട സങ്കുചിതമായ ആശയധാര "നിരക്ഷരര്‍' എന്ന കള്ളിയില്‍ ഇവരെ കെട്ടിയിട്ടു. ഈ "അപരിഷ്‌കൃതത്വ'മായിരിക്കണം കാഴ്ചയില്‍നിന്ന് ഇവരെ അപ്രത്യക്ഷമാക്കിയത്. അക്ഷരങ്ങളോളം തന്നെ ആധികാരികമാണ് ജീവിതമെന്ന യാഥാര്‍ഥ്യം ഇപ്പോഴും തിരിച്ചറിയപ്പെട്ടിട്ടില്ല. അതുകൊണ്ടാണല്ലോ, മലപ്പുറത്തെ പുതിയ തലമുറ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തെ, മലപ്പുറത്തിന്റെ പൊതുധാരയില്‍നിന്ന് വിച്‌ഛേദിച്ചുകാണിക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമമുണ്ടാകുന്നത്. മലപ്പുറത്തുനിന്നുയരുന്ന പെണ്‍ശബ്ദങ്ങള്‍ ഒരു പുതുപ്രവണതയാക്കി മാറ്റുന്നതിനുപുറകില്‍ നേരത്തെ പറഞ്ഞ, അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു അപരത്വം കുടികൊള്ളുന്നുണ്ട്. അതിനെ പൊളിച്ചുകാട്ടുന്ന ഒന്നായിരിക്കും ഷംഷാദ് ഹുസൈന്റെ പരമ്പര എന്നുതന്നെ കരുതുന്നു.
സിനില എസ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി


ആരോപിക്കപ്പെടുന്നതല്ല മലപ്പുറത്തിന്റെ യാഥാര്‍ഥ്യം

ലപ്പുറവുമായി ബന്ധപ്പെട്ട ചില കെട്ടുകഥകളെ ഇല്ലാതാക്കാന്‍ ഷംഷാദ് ഹുസൈന്‍ കെ.ടിയുടെ ജീവിതാഖ്യാനങ്ങള്‍ക്ക് (പാക്കറ്റ് 47) കഴയുമെന്ന് വിശ്വസിക്കുന്നു. ജില്ലാ രൂപവത്കരണം മുതല്‍ മലപ്പുറം വര്‍ഗീയവും സാംസ്‌കാരികവുമായ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. "അവിടത്തെ പെണ്ണുങ്ങള്‍ പന്നികളെ പ്രസവിച്ചുകൂട്ടുന്നു' എന്നുപോലും ഒരു ബി.ജെ.പി നേതാവിന്റെ ആക്ഷേപമുണ്ടായി. പുരോഗമനനാട്യമുള്ള പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കും മലപ്പുറത്തോട് ഒരുതരം "അയിത്തം' നിലനില്‍ക്കുന്നുണ്ട്. ആലപ്പാട് കരിമണല്‍ ഖനന വിരുദ്ധ സമരം നടത്തുന്നത് മലപ്പുറത്തുനിന്നെത്തിയവരാണെന്നും അവര്‍ രാത്രി കരിമണല്‍ കടത്തിക്കൊണ്ടുപോകുന്നുവെന്നും ആക്ഷേപിച്ചത് ഇടതുമന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ്. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നത് എന്ന പ്രസ്താവന സാക്ഷാല്‍ വി.എസ്. അച്യുതാനന്ദേതായിരുന്നു. രാഷ്ട്രീയവും സിനിമയും സാഹിത്യവുമെല്ലാം മലപ്പുറത്തെ ഇങ്ങനെ അപരവല്‍ക്കരിക്കാന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്.

packet-cov
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 47 കവര്‍

മതത്തെയും വര്‍ഗീയതയെയും തീവ്രവാദത്തെയും വിമര്‍ശിക്കുമ്പോള്‍ അത്, സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക തനിമകളെയും റദ്ദാക്കിക്കളയുന്ന ഒന്നായി മാറരുത് എന്ന ജാഗ്രത, ഈ വിമര്‍ശകരൊന്നും കാണിച്ചില്ല. ഫലമോ, ഹിന്ദുത്വ ഫാസിസം നടത്തുന്ന വംശീയാക്രമണങ്ങളുടെ നിലയിലേക്ക് സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആക്രോശങ്ങള്‍ പലപ്പോഴും അധഃപ്പതിക്കുന്നു. എന്നാല്‍, മലപ്പുറത്തെ മനുഷ്യരെ സംബന്ധിച്ച് ഇതൊന്നുമല്ല യാഥാര്‍ഥ്യം. അതിന് സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും നന്മയുടെയുമെല്ലാം വലിയൊരു ജീവധാരയുണ്ട്. മതത്തേക്കാള്‍ അതിന് മാനവികതയുമായാണ് ബന്ധം. അതിന്റെ പതാകാവാഹകര്‍ തീര്‍ച്ചയായും ഇവിടുത്തെ പെണ്ണുങ്ങളാണ്. 'മതമില്ലെങ്കില്‍ നന്മയും മാനവികതയും അസാധ്യമാണ്' എന്നൊരുതരം യാഥാസ്ഥിതിക നരേഷനുകള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിലേക്ക്, മലപ്പുറത്തെ മനുഷ്യരെയും തള്ളിയിടാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനെതിരായ ചെറുത്തുനില്‍പ്പുകളാണ് ഇപ്പോള്‍ അവിടത്തെ പെണ്‍കുട്ടികളടക്കമുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ രേഖപ്പെടുത്തുക എന്നത് ഒരു ചരിത്രദൗത്യം കൂടിയാണ്. അത് ഏറ്റെടുത്ത ട്രൂ കോപ്പി വെബ്‌സീനിന് അഭിനന്ദനം.
സെല്‍മ ഇംത്യാസ്,
മലാപ്പറമ്പ്, കോഴിക്കോട്


'കല്‍ക്കരി ക്ഷാമ'ത്തിന്റെ അണിയറക്കഥകള്‍ തമസ്‌കരിക്കുന്ന മാധ്യമങ്ങള്‍

ല്‍ക്കരിക്ഷാമം ഒരു നുണക്കഥയാണ് എന്ന കെ. സഹദേവന്റെ ലേഖനം (പാക്കറ്റ് 47) ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കിടയില്‍ കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു. സഹദേവന്റെ വാദഗതികളോട് ചേര്‍ത്തുവക്കാവുന്ന നിരവധി സംഗതികളുണ്ട്. 1993 മുതല്‍ 2010 വരെ പൊതു- സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് സുപ്രീംകോടതി തന്നെ ആറുവര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു. ഇങ്ങനെ അനുവദിച്ച 218ല്‍ 214 എണ്ണത്തിന്റെ അനുമതിയാണ് അന്ന് കോടതി റദ്ദാക്കിയത്. ലാഭകരമായി നടന്നുപോകുന്ന ഏതു മേഖലയെയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുക എന്നത് ഒരു നയമായി സ്വീകരിച്ച ഭരണകൂടമാണ് മോദിയുടേത്. അതുകൊണ്ടുതന്നെ, സ്വകാര്യ ഖനിയുടമകള്‍ക്ക് അനുകൂലമായ ഒരു നിയമനിര്‍മാണത്തിനുള്ള മുന്നൊരുക്കമാണ് കല്‍ക്കരിക്ഷാമം എന്ന പ്രചാരണം. സഹദേവന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യയുടെ പീക്ക് വൈദ്യുതി ഡിമാന്റ് ഇപ്പോള്‍ ശരാശി 1.5 ലക്ഷം മെഗാവാട്ടാണ്. ഇതിന് 50 കോടി ടണ്‍ കല്‍ക്കരിയാണ് പ്രതിവര്‍ഷം വേണ്ടത്. കോള്‍ ഇന്ത്യ ലിമിറ്റഡ് മാത്രം 60 കോടി ടണ്‍ കല്‍ക്കരി ഉല്‍പാദിപ്പിക്കുന്നുണ്ട്. മറ്റു ഖനികളില്‍നിന്ന് ആറു കോടി ടണ്‍ വേറെയും. മാത്രമല്ല, ഖനികളില്‍ ഏതാണ്ട് ഒരു മാസത്തെ വൈദ്യുതി ഉല്‍പാദനത്തിനുള്ള സ്‌റ്റോക്കുമുണ്ടെന്ന് മന്ത്രി തന്നെ പറയുന്നു.

കല്‍ക്കരി ക്ഷാമം എന്ന കാമ്പയിന്‍ ഒരു ആലോചനയുമില്ലാതെ ഏ

sahadevan
കെ. സഹദേവൻ

റ്റെടുത്ത മുഖ്യധാരാ മാധ്യമങ്ങള്‍ക്കുമുന്നില്‍ നിരവധി വസ്തുതകളുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ, ജാര്‍ക്കണ്ഠ് എന്നിവിടങ്ങളിലായി 41 കല്‍ക്കരിപ്പാടങ്ങള്‍ ഖനനം ചെയ്യാന്‍ അദാനി, ജിന്‍ഡാല്‍ എന്നീ കോര്‍പറേറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കല്‍ക്കരിപ്പാടങ്ങള്‍ ഖനനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതന്നെ നിബന്ധന എടുത്തുമാറ്റിയാണ്, മോദി സര്‍ക്കാറിന്റെ ഒത്താശക്കാരായ ഇവര്‍ക്ക് അനുമതി നല്‍കിയത്. ഇത്തരം സ്വകാര്യവല്‍ക്കരണ നടപടികളും മുതലാളിമാരുണ്ടാക്കുന്ന കൃത്രിമക്ഷാമങ്ങളുമാണ് യഥാര്‍ഥ പ്രതിസന്ധിക്ക് കാരണം. ഇതിനായി, പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിനെ തകര്‍ക്കുയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 80 ശതമാനം കല്‍ക്കരിയും ഉല്‍പ്പാദിപ്പിക്കുന്നത് കോള്‍ ഇന്ത്യയാണ്. ഇറക്കുമതി ചെയ്ത് കല്‍ക്കരി ഉപയോഗിച്ച് ഊര്‍ജ്ജോല്‍പാദനം നടത്തുന്ന സ്വകാര്യ കമ്പനികള്‍ രാജ്യാന്തര വിപണയിലെ കല്‍ക്കരി വിലവര്‍ധനയുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ച് പ്ലാന്റുകള്‍ അടച്ചിട്ട് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ഇതിന് മോദി സര്‍ക്കാറിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. നിരവധി അണിയറക്കഥകളുള്ള ഒരു കാമ്പയിനാണ്, ഊര്‍ജ്ജക്ഷാമത്തിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത്. അത് വെളിപ്പെടുത്താന്‍ ഒരു മുഖ്യധാരാ മാധ്യമവും മെനക്കെടുന്നില്ല എന്നിടത്താണ് കെ. സഹദേവനെപ്പോലുള്ളവരുടെ പ്രസക്തി.
പി.ബി. ഹരീഷ്‌കുമാര്‍
കൊടുങ്ങല്ലൂര്‍, തൃശൂര്‍


സഹകരണം എന്ന പാര്‍ട്ടി തറവാട്ടുകാര്യം

പ്രാദേശിക ജനതയുടെ സാമ്പത്തിക സ്രോതസ്സായിരുന്ന സഹകരണ സംഘങ്ങളില്‍ വ്യാപകമാകുന്ന അഴിമതിയുടെ വെളിച്ചത്തില്‍, അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുന്ന അഡ്വ. കെ.പി. രവിപ്രകാശിന്റെ ലേഖനം നന്നായി (പാക്കറ്റ് 47). അദ്ദേഹം ചൂണ്ടിക്കാട്ടുന്നതുപോലെ, സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലമാകുകയും ബാങ്കിംഗിന്റെ തലത്തിലേക്ക് മാറുകയും ചെയ്തപ്പോള്‍, ധനവിനിയോഗം നല്ല ഉത്തരവാദിത്തവും വൈദഗ്ധവും ആവശ്യപ്പെടുന്ന മേഖലയായി മാറി. മുമ്പത്തെ വായ്പാ സംഘങ്ങളല്ല ഇന്ന് സഹകരണ സംഘങ്ങള്‍. എന്നാല്‍, അതിന്റെ നിയന്ത്രണവും നടത്തിപ്പും കക്ഷി രാഷ്ട്രീയത്തില്‍ തന്നെ ഉറച്ചുനിന്നു. കക്ഷിരാഷ്ട്രീയ നിയന്ത്രണമുണ്ടെങ്കിലും തികച്ചും പ്രൊഫഷണലായ ഒരു ഡയറക്ടര്‍ ബോര്‍ഡ് ഒരിടത്തുമുണ്ടായില്ല. അതുകൊണ്ടാണ്, കരുവന്നൂരിലടക്കം ഏതാനും ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ വന്‍ അഴിമതി നടത്താന്‍ കഴിയുന്ന സാഹചര്യമുണ്ടായത്. കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഇപ്പോഴും പാര്‍ട്ടി ആരോപണങ്ങളായി നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ അവ നിയമപരമായി പരിശോധിക്കപ്പെടാതെ ഒത്തുതീര്‍പ്പ് ശ്രമങ്ങളാണ് നടക്കുന്നത്. മലപ്പുറത്തെ എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടി രൂപയുടെ കള്ളപ്പണ ബിനാമി ഇടപാട് നടന്നുവെന്നത് ആരോപണമാണോ കണ്ടെത്തലാണോ എന്ന് ഇനിയും വ്യക്തമല്ല. അത് മുസ്‌ലിം ലീഗിന്റെ ഒരു തറവാട്ടുതര്‍ക്കമായി മാറിയിരിക്കുന്നു. കുപ്രസിദ്ധമായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയും സി.പി.എം തലത്തില്‍ സമാനമായ ഒത്തുതീര്‍പ്പുശ്രമങ്ങളിലൂടെയാണ് ഏറെ കാലം മുന്നോട്ടുപോയത്. പാര്‍ട്ടി തലത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടും അത് "നാണക്കേടാകും' എന്ന കാരണത്താല്‍ മൂടിവെക്കുകയും സാധാരണ ജനങ്ങളുടെ നിക്ഷേപമുള്ള ഒരു സ്ഥാപനത്തെ തകര്‍ക്കുകയുമാണ് ചെയ്തത്. ഉത്തരവാദികളായ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തും തരം താഴ്ത്തിയും "ശിക്ഷിച്ചു', അത്, ഗുരതരമായ ഒരു കുറ്റകൃത്യത്തിന്റെ പരിഹാരമായി മാറുകയും ചെയ്യുന്ന വിചിത്രമായ കാഴ്ച. സി.പി.എമ്മും ലീഗും മാത്രമല്ല, കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംഘങ്ങളിലെല്ലാം വന്‍ അഴിമതികള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. അവ, പാര്‍ട്ടി തല നടപടികളില്‍ ഒതുക്കി നിര്‍വീര്യമാക്കാനാണ് ശ്രമം. അത് കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുകയേ ഉള്ളൂ.
സാബു ഷാജി
മൂവാറ്റുപുഴ


നാലാം വ്യവസായ വിപ്ലവത്തിലും പെണ്ണ്  'സുന്ദരി'യും 'വെളുത്ത'വളും തന്നെ

വിപണിയിലെ ലിംഗനീതിയുമായി ബന്ധപ്പെട്ട ചിന്ത പങ്കുവെക്കുന്ന ഡോ. അരവിന്ദ് രഘുനാഥന്റെ ലേഖനം (പാക്കറ്റ് 47), ജന്‍ഡര്‍ സ്റ്റഡീസിലെ പുതിയ തലത്തെയാണ് വിശകലനം ചെയ്യുന്നത്. കാലങ്ങളായി, വിപണി സ്ഥാപിച്ചെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചകളെ മറികടന്ന്, സ്ത്രീമുന്നേറ്റങ്ങളുടെ രാഷ്ട്രീയവും സാമൂഹികശാസ്ത്രവും വിപണിയിലേക്കുകൂടി കടന്നുവരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. അത് വിപണിയുടെ മേല്‍ സൂചിപ്പിച്ച കോംമ്പിനേഷനെ ഒരുപരിധി വരെ ദുര്‍ബലമാക്കുകയും ചെയ്യുന്നുണ്ട്. 

നവസാങ്കേതിക വിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്ന നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്താണ് നമ്മള്‍. അതിന്റെ ഏറ്റവും ചടുലമായ ടൂള്‍ മാര്‍ക്കറ്റാണ്. ഏതുതരം ഉല്‍പാദനവും അന്തിമമായി മാര്‍ക്കറ്റിനെ ലക്ഷ്യമാക്കിയാകണം എന്ന തിയറികളാണ് നാലാം വ്യവസായ വിപ്ലവത്തെ നിര്‍ണയിക്കുന്നത്. എന്നാല്‍, വിചിത്രമെന്നു പറയട്ടെ, മനുഷ്യസമൂഹം കാലങ്ങളായി സൃഷ്ടിച്ചുവച്ചിട്ടുള്ള സാമൂഹിക സ്ഥാപനങ്ങളുടെ അതേ ഐഡിയോളജിക്കല്‍ കോംപോസിഷനിലാണ്, പുതിയ കാലത്തെ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നത്. അതായത്, ലിംഗപരമായ അസമത്വവും അനീതികളും അതേപടി പിന്‍പറ്റിക്കൊണ്ട്, തീര്‍ത്തും ഒരു പുരുഷ ഇടപാടായി. 

നമ്മുടെ സ്വര്‍ണക്കടകളുടെ പരസ്യത്തില്‍നിന്ന് സര്‍വാഭരണവിഭൂഷിതയായി നില്‍ക്കുന്ന വധുവിന്റെ പടങ്ങള്‍ ഒഴിവാക്കണമെന്ന വാദം പോലും ശക്തമായി ഉയര്‍ന്നത്, ക്രൂരമായ കൊലപാതകങ്ങള്‍ക്കുശേഷമാണ് എന്നോര്‍ക്കണം. ഇപ്പോഴും സ്ത്രീകള്‍ക്കുവേണ്ടിയെന്നോണം പ്രസിദ്ധീകരിക്കപ്പെടുന്ന മാധ്യമങ്ങള്‍, ഏതു തരം സ്ത്രീയെയാണ് പ്രതിനിധീകരിക്കുന്നത് എന്നത് ചിരിയുണര്‍ത്തുന്നതാണ്. ഇത്തരത്തല്‍ ഒരു മാധ്യമാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്, "സുന്ദരി'കളായ സ്ഥാനാര്‍ഥികളെ തെരഞ്ഞുപിടിച്ച് അവതരിപ്പിച്ചത്. വിപണികളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള പല സ്ഥാപനങ്ങളിലും സ്ത്രീപ്രാതിനിധ്യം കൂടിവരുന്നുണ്ടെങ്കിലും, അവയുടെ മേല്‍ പറഞ്ഞ കോമ്പോസിഷനെ ഭേദിക്കാന്‍ തക്ക സ്വാധീനം ഈ പ്രാതിനിധ്യത്തിന് ചെലുത്താന്‍ കഴിഞ്ഞിട്ടില്ല.

എന്തിനേറെ പറയുന്നു, കുട്ടികളില്‍ പോലും ഇത്തരം ആധിപത്യവാസനകള്‍ ബലപ്പെടുത്തുന്ന പാഠങ്ങളാണ് ഇന്നും നല്‍കി വരുന്നത്. സംസ്ഥാന വനിത- ശിശു വികസന വകുപ്പിന്റെ ജന്‍ഡര്‍ ഓഡിറ്റ് കമ്മിറ്റി ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്കായി തയാറാക്കിയ "അങ്കണ പൂമഴ' എന്ന പുസ്തകത്തില്‍ സ്ത്രീകള്‍ അധ്യാപകരും നഴ്‌സുമാരുമൊക്കെയാണ്. ഡോക്ടര്‍, ഡ്രൈവര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ പുരുഷന്മാരും. പുറത്ത് കൂടുതല്‍ പുരുഷന്മാരും അകത്തിരിക്കുന്നത് സ്ത്രീകളും. സിംഹം, കടുവ തുടങ്ങിയ വന്യമൃഗങ്ങള്‍ പുരുഷന്മാരാണ്. സ്ത്രീകളാകട്ടെ താറാവും കോഴിയും തത്തയം. ആണ്‍കുട്ടി വിത്തുവിതക്കുന്നു, പെണ്‍കുട്ടി അത് നോക്കിനില്‍ക്കുന്നു. അതായത്, അധ്വാനിക്കുന്നത് പുരുഷന്മാരാണ് എന്നര്‍ഥം. സ്വന്തം വീടും പരിസരവും കുട്ടികളെ പരിചയപ്പെടുത്താനായി കാണിക്കുന്ന ഈ ചിത്രങ്ങള്‍, ചെറിയ കുട്ടികളിലേക്ക് പകരുന്ന ആശയം എന്തായിരിക്കും?
കസീമ സെയ്ദ്
​​​​​​​അഞ്ചല്‍, കൊല്ലം


നെടുമുടി വേണുവിന്റെ മാസ്റ്റര്‍ പീസുകള്‍

നെടുമുടി വേണുവിന്റെ കഥാപാത്രങ്ങളെക്കുറിച്ച് വന്ന മികച്ച നിരീക്ഷണങ്ങളില്‍ ഒന്നാണ് വെബ്‌സീന്‍ പ്രസിദ്ധീകരിച്ച കരോള്‍ ത്രേസ്യാമ്മ അബ്രഹാമിന്റെ "ശൃംഗാരവേണു' എന്ന ലേഖനം (പാക്കറ്റ് 47). വേണുവിന്റെ പ്രധാന വേഷങ്ങളില്‍ സാധാരണ പെടാതെ പോകുന്നവയാണ് ശൃംശാരവേഷങ്ങള്‍, അതാണ് ഈ നടന്റെ മാസ്റ്റര്‍പീസും. മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ഡം ശക്തമായതോടെ, അരികുവല്‍ക്കരിക്കപ്പെട്ട വേണുവിന്റെ അസാമാന്യ പ്രകടനങ്ങള്‍ കാണാനാകുക ഈ വേഷങ്ങളിലാണ്. നടന്മാര്‍ക്കുവേണ്ടി കഥാപാത്രങ്ങളെയുണ്ടാക്കാതെ, കഥാപാത്രങ്ങളായി നടന്മാരെ മാറ്റാന്‍ കഴിവുള്ള എഴുത്തുകാരുടെയും സംവിധായകരുടെയും കാലം കൂടിയായിരുന്നു അത്. "ആരവ'ത്തിലെ മരുതും "തകര'യിലെ ചെല്ലപ്പനാശാരിയും "പറങ്കിമല'യിലെ കൊട്ടുവടി വേലുവും "കോലങ്ങളി'ലെ പരമുവുമെല്ലാം അങ്ങനെയാണ് ഉണ്ടായത്.

carol-thresiamma-abraham
കരോള്‍ ത്രേസ്യാമ്മ അബ്രഹാം

മലയാള സിനിമയില്‍ കഥാപാത്രസൃഷ്ടിയുടെ ഒരു ബദല്‍ കോണ്‍സെപ്റ്റാണ് വേണുവും ഗോപിയും അടങ്ങുന്ന തലമുറ രൂപപ്പെടുത്തിയത്. "എല്ലാ ഗുണങ്ങളും തികഞ്ഞ' നായകന്മാര്‍ക്കുപകരം "പൗരുഷ'ത്തെയും "സൗന്ദര്യ'ത്തെയുമെല്ലാം സാധാരണത്വത്തിലേക്ക് സംക്രമിപ്പിക്കുകയായിരുന്നു വേണു. ഏറ്റവും നിസ്വനായ ഒരു മനുഷ്യന്റെ ശൃംഗാരവും പ്രണയവും കാമവുമെക്കെയാണ് ഈ കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്, ആ കഥാപാത്രങ്ങള്‍ക്ക് ഒരുതരത്തിലുള്ള ന്യായങ്ങളും നല്‍കാത്ത പ്രമേയങ്ങളായിരുന്നു അവ എന്നും ശ്രദ്ധിക്കേണ്ടതാണ്. അവര്‍ വില്ലന്മാരും പെണ്ണുപിടിയന്മാരും വഷളന്മാരുമായി തന്നെയാണ് നിലനിന്നത്. "കള്ളന്‍ പവിത്രനി'ല്‍ എപ്പോഴും വിജയിക്കുന്നത് പെണ്ണുങ്ങളാണ്, നായകനല്ല. "തകര'യിലെ പെണ്ണും പ്രണയത്തിനായി സ്വന്തം പുരുഷനെ കണ്ടെത്താന്‍ പ്രാപ്തയാണ്. നായകത്വങ്ങളെ തേച്ചൊട്ടിച്ച ഇത്തരം കഥാപാത്രങ്ങളാണ് വേണുവിന്റെ ബലം, അവരിലൂടെയാണ് ഈ നടന്‍ അമരനാകുന്നതും.
ഷെറിന്‍ തോമസ്
കോട്ടയം


റിമ കല്ലിങ്കലിലേക്ക് എത്തിയ മായ ആഞ്ചലോ

വിതകളേക്കാള്‍ മായ ആഞ്ചലോയുടെ ജീവിതമായിരുന്നു മാധ്യമങ്ങള്‍ക്ക് പ്രിയം. അവരുടെ കവിതകളെക്കുറിച്ചുള്ള വായന (പാക്കറ്റ് 47) അതുകൊണ്ടുതന്നെ ശ്രദ്ധേയമായി.

സ്വന്തം ജീവിതത്തില്‍ അവര്‍ നേരിട്ട ആക്രമണങ്ങളും തിരസ്‌കാരങ്ങളും വേദനകളും സംഘര്‍ഷങ്ങളും ചുറ്റും അതേ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യന്റെയും അനുഭവമാക്കി മാറ്റി എന്നതാണ് ആ കവിതകളുടെ സത്ത, പ്രത്യേകിച്ച് അത് ആഫ്രിക്കയെപ്പോലൊരു ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുമ്പോള്‍.

maya-angelou
മായ ആഞ്ചലോ

ലോക കവിതയിലെ സമീപകാല സ്ത്രീ പ്രാതിനിധ്യങ്ങളിലെ സവിശേഷമായ ഒരേടാണ് ഇവരുടെ കവിതകള്‍. വര്‍ണവിവേചനം കറുത്ത വര്‍ഗക്കാരിയായ ഒരു സ്ത്രീയുടെ അനുഭവത്തിലൂടെ ലോകം വായിച്ചത് മായ ആഞ്ചലോയുടെ കവിതകളിലൂടെയാണ്. "എന്നെപ്പോലെ ഒരാള്‍ക്ക് തകര്‍ന്നുവീഴുമെന്ന് തോന്നുമ്പോഴൊക്കെ വീണ്ടും ഉണര്‍വോടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രചോദനമായ കവിത' എന്ന് ഇങ്ങകലെ, കേരളത്തിലെ ഒരു കലാകാരിയായ റിമ കല്ലിങ്കലിനെക്കൊണ്ട് പറയിക്കാന്‍ കഴിഞ്ഞ കവിതയാണ് അവരുടേത്. ഇങ്ങനെയാണ് കവിത കാലവും സ്ഥലവും കടന്ന് സഞ്ചരിക്കുന്നത്. 
ആര്‍. ഉമാ മഹേശ്വരി
കാട്ടാക്കട, തിരുവനന്തപുരം
​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM