Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
യവനികയില്‍ നിന്ന്
Text Formatted

​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍
​​​​​​​ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


ഒരു പ്രതീക്ഷയും വേണ്ട, കമ്പോള വിദ്യാഭ്യാസത്തിന്റെ പുഷ്‌കല കാലമാണ് വരുന്നത്

ന്നത വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന വാണിജ്യവല്‍ക്കരണത്തെ തുറന്നുകാട്ടുന്ന അന്വേഷണമായിരുന്നു ഡോ. സെബാസ്റ്റ്യന്‍ ജോസഫും ലിജോ സെബാസ്റ്റിയനും ചേര്‍ന്ന് എഴുതിയ ലേഖനം (പാക്കറ്റ് 48).

പണമുള്ളവര്‍ക്കുമാത്രമാണ് ഉന്നത വിദ്യാഭ്യാസം എന്നത് "ആധുനിക നീതി'യായി മാറിയിരിക്കുന്നു. പണം കൊടുത്തുവാങ്ങാവുന്ന ഒരു ചരക്ക്. ആ ചരക്കിന്റെ ഉപഭോക്താക്കളാകാന്‍ പാവപ്പെട്ടവര്‍ പോലും കമ്പോളത്തില്‍ മത്സരിക്കുന്നു.

അഖിലേന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ കണക്കനുസരിച്ച് ബി.ടെക്, എം.ടെക്, ഡിപ്ലോമ സീറ്റുകളുടെ എണ്ണം കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പത്തുലക്ഷത്തോളമാണ് കുറഞ്ഞത്. 2014-15 കാലത്ത് ഇന്ത്യയില്‍ 32 ലക്ഷം എഞ്ചിനീയറിങ് സീറ്റുകളാണുണ്ടായിരുന്നതെങ്കില്‍ ആറുവര്‍ഷത്തിനിടെ അത് 23.28 ലക്ഷമായി കുറഞ്ഞു. ഈ കാലത്ത് 400ലേറെ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടി. ഈ വര്‍ഷം മാത്രം 63 കോളേജുകള്‍ പൂട്ടാനാണ് എ.ഐ.സി.ടി.ഇ അനുമതി നല്‍കിയത്. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് രണ്ടുവര്‍ഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ലിജോ സെബാസ്റ്റ്യന്‍
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ലിജോ സെബാസ്റ്റ്യന്‍

കേരളത്തില്‍ കൊട്ടിഘോഷിച്ചുതുടങ്ങിയ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ഇതുതന്നെയാണ്. ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്ന, ഫ്രാന്‍സില്‍ വിപ്ലവാനന്തര കാലത്ത് സ്ഥാപിക്കപ്പെട്ട ഇക്കോള്‍ പോളിടെക്‌നിക്കിന്റേതു പോലെ, ഭരണവര്‍ഗത്തിന്റെ താല്‍പര്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കച്ചവട വിദ്യാഭ്യാസം അതിന്റെ ദ്രംഷ്ടകള്‍ കേരളത്തിലും പുറത്തെടുത്തുകഴിഞ്ഞു. നവ ലിബറലിസത്തിനും ഉദാരവല്‍ക്കരണത്തിനും വേണ്ട കമ്പോള വിജ്ഞാന നിര്‍മിതി ഉന്നത വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യമായി മാറിക്കഴിഞ്ഞു. ഈ മേഖലയില്‍നിന്ന് സര്‍ക്കാറുകള്‍ പിന്മാറുകയും അവിടം സമ്പന്നവര്‍ഗം കൈയടക്കുകയും ചെയ്തു.

കേരളത്തില്‍ സമീപകാലത്ത് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നിലവില്‍വന്ന രണ്ട് സ്ഥാപനങ്ങളാണ് സാങ്കേതിക സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും. അതാതുമേഖലകളില്‍ ഈ സര്‍വകലാശാലകള്‍ എന്ത് മാറ്റമാണ് കൊണ്ടുവന്നത് എന്ന് ആര്‍ക്കും അറിയില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തില്ലെന്നുമാത്രമല്ല, അയല്‍സംസ്ഥാനങ്ങളില്‍ അറവുശാല കണക്കെ കെട്ടിപ്പൊക്കുന്ന വിദ്യാഭ്യാസ തൊഴുത്തുകളിലേക്ക് നമ്മുടെ വിദ്യാര്‍ഥികള്‍ ആട്ടിത്തെളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം രൂക്ഷമാക്കും വിധം ഇതാ, പുതിയ വിദ്യാഭ്യാസ നയവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കമ്പോള വിദ്യാഭ്യാസത്തിന്റെ പുഷ്‌കല കാലമാണ് വരാനിരിക്കുന്നത് എന്നര്‍ഥം.

കെ.ആര്‍. സജിത,
കലൂര്‍, എറണാകുളം


ഗവേഷണത്തിനുള്ള അവകാശത്തിനായി ദലിത് വിദ്യാര്‍ഥിനി നിരാഹാരം കിടക്കുന്ന കേരളം

ന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നതായിരുന്നു കഴിഞ്ഞ പാക്കറ്റില്‍ ഡോ. സെബാസ്റ്റിയന്‍ ജോസഫും ലിജോ സെബാസ്റ്റിയനും നടത്തിയ അന്വേഷണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് നാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഫാക്കല്‍റ്റികള്‍ വരെ വികസിപ്പിക്കാന്‍ മുഴുവന്‍ സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും കാലാനുസൃതമായ കോഴ്‌സുകള്‍  തുടങ്ങും എന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നുണ്ട്. എന്നാല്‍, ഈയിടെ പുറത്തുവന്ന ഒരു കണക്ക് നോക്കുക: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ കേരളത്തില്‍ നിന്ന് ആകെ അഞ്ച് കോളേജുകള്‍ മാത്രമാണുള്ളത്. എന്‍.ഐ.ടി കാലിക്കറ്റ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഐ.ഐ.എം കോഴിക്കോട് മാനേജുമെന്റ് വിഭാഗത്തില്‍ നാലാം സ്ഥാനവും നേടി. കഴിഞ്ഞു, നക്ഷത്രത്തിളക്കം. കേരളത്തില്‍നിന്നുള്ള മികച്ച കോളേജുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ദേശീയ തലത്തില്‍ 25ാം സ്ഥാനത്താണ് എന്നോര്‍ക്കണം.

ജാതി വിവേചനത്തിനെതിരെ എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാരം ആരംഭിച്ച  ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ
ജാതി വിവേചനത്തിനെതിരെ എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാരം ആരംഭിച്ച ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ

കേരള മോഡല്‍ എന്ന് പലപ്പോഴും തെറ്റായി വിശേഷിപ്പിക്കപ്പെടുന്ന വികസന സൂചികയില്‍, വിദ്യാഭ്യാസത്തിനായിരുന്നു മുന്‍തൂക്കം. സാര്‍വത്രിക വിദ്യാഭ്യാസത്തില്‍ നാം നേടിയ മുന്നേറ്റം നിലനിര്‍ത്താനും വികസിപ്പിക്കാനും കഴിയാതെ പോയി. അതില്‍ ഭരണകൂടങ്ങളുടെ നയരാഹിത്യത്തിന് വലിയ പങ്കുണ്ട്. നമ്മുടെ വിദ്യാര്‍ഥികള്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നുവെന്ന ന്യായം പറഞ്ഞാണ് ആന്റണി സര്‍ക്കാര്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ത് സംഭാവനയാണ് അര്‍പ്പിച്ചത് എന്ന് വിലയിരുത്തിയാല്‍ വട്ടപ്പൂജ്യമായിരിക്കും കിട്ടുക. പിന്നീടുവന്ന ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കുപോലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ കഴിഞ്ഞില്ല, പ്രത്യേകമായി ഒരു മന്ത്രിയെ സംഭാവന ചെയ്തതൊഴിച്ചാല്‍. ഇപ്പോഴിതാ, ഗവേഷണം നടത്താനുള്ള അവകാശത്തിനുവേണ്ടി ഒരു ദലിത് വിദ്യാര്‍ഥിനി എം.ജി യൂണിവേഴ്‌സിറ്റിയുടെ മുന്നില്‍ മരണം വരെ നിരാഹാരം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

താജുദ്ദീന്‍ അനസ്,
ആലുവ, എറണാകുളം


അട്ടിമറിക്കപ്പെടുന്ന ദലിത്- പിന്നാക്ക സംവരണം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണവുമായി ബന്ധപ്പെട്ട് ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടാകാനിടയുള്ള നഷ്ടങ്ങള്‍ വിശദമായി തന്നെ സുദേഷ് എം. രഘു എഴുതിയിരിക്കുന്നു. (പാക്കറ്റ് 48). ലേഖകന്‍ പറയുന്നതുപോലെ, നിലവില്‍ സവര്‍ണ സംവരണത്തിന്റെ തോതുവച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്.

പാക്കറ്റ് 48 - കവര്‍ ചിത്രം
പാക്കറ്റ് 48 - കവര്‍ ചിത്രം

പട്ടികവര്‍ഗ വിഭാഗ ഉദ്യോഗാര്‍ഥികള്‍ ഉയര്‍ന്ന തസ്തികകളിലെ നിയമനങ്ങളില്‍നിന്ന് പുറത്താണ്. നിയമമനുസരിച്ച് പി.എസ്.സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം 44,92 എന്ന ക്രമത്തിലാണ് പട്ടിക വര്‍ഗ വിഭാഗത്തിന് രണ്ടുശതമാനം സംവരണം നല്‍കുന്നത്. ഇതനുസരിച്ച് ഓരോ സ്ട്രീമിലും 35 പേര്‍ക്കുവീതം സംവരണം നല്‍കുമ്പോള്‍ ഒരു പട്ടികവര്‍ഗ ഉദ്യോഗാര്‍ഥിക്ക് സംവരണപ്രകാരം നിയമനം നിഷേധിക്കപ്പെടും. ഉന്നത തസ്തികകളില്‍ ഈ നഷ്ടം ഉയരും. ആദിവാസി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ് ഇതുമൂലമുണ്ടാകുക.

സുദേഷ് എം. രഘു
സുദേഷ് എം. രഘു

കെ.എ.എസിന്റെ തുടക്കം മുതല്‍ പിന്നാക്ക സംവരണം അട്ടിമറിക്കാന്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് വന്‍ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിച്ചിരുന്നു. പൊതുവായി അപേക്ഷിക്കാവുന്ന ഒന്നാം സ്ട്രീമില്‍ മാത്രമാണ് സര്‍ക്കാര്‍ ആദ്യം സംവരണം ഏര്‍പ്പെടുത്തിയത്. ഗസറ്റഡ് റാങ്കിനുതാഴെയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം സ്ട്രീമിലും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാം സ്ട്രീമിലും സംവരണം ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് മൂന്നു സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് എന്‍.എസ്.എസ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് രണ്ടു മാസം സമയം ലഭിച്ചിട്ടും അത് നീട്ടിക്കൊണ്ടുപോയി. ഇതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അടിസ്ഥാനപരമായി സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാറിനുള്ളത്. ദലിത്- പിന്നാക്ക സംവരണം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബിക്ക് തുണയാകുന്നതും ഈ നിലപാടുതന്നെയാണ്. ഈ ഇരട്ടത്താപ്പ്, ഇത്തരം ലേഖനങ്ങളിലൂടെ തുറന്നുകാട്ടുന്നത് സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക് ഊര്‍ജം പകരും.

കെ.വി. സുബ്രഹ്മണ്യന്‍,
മണ്ണാര്‍ക്കാട്


കാലാവസ്ഥാ ഉച്ചകോടിയിലെ ചുഴലിവാതങ്ങള്‍

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വെബ്‌സീന്‍ പ്രസിദ്ധീകരിച്ച, ഡോ. എസ്. അഭിലാഷ്, ഡോ. സന്തോഷ് മാത്യു എന്നിവരുടെ പഠനങ്ങള്‍ സന്ദര്‍ഭോചിതമായി (പാക്കറ്റ് 49). സമീപവര്‍ഷങ്ങളില്‍ കേരളവും ഇന്ത്യയും ഇതുമൂലം നേരിടുന്ന പ്രശ്‌നങ്ങള്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുകയാണ്.

ഡോ. എസ്. അഭിലാഷ്
ഡോ. എസ്. അഭിലാഷ്

നമ്മുടെ കൃഷിക്കും കൃഷിയില്‍നിന്നുള്ള ആദായത്തിനും കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഗോതമ്പ്, അരി, എണ്ണക്കുരു, പയറുവര്‍ഗം, പച്ചക്കറി എന്നീ കൃഷികളില്‍നിന്നുള്ള വരുമാനം വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. ഭാവിയില്‍ ഇന്ത്യയാകും പാലിന്റെയും പയറുവര്‍ഗങ്ങളുടെയും പ്രധാന ഇറക്കുമതി രാജ്യം  എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ അഭിമാനിക്കുന്ന ഇന്ത്യയില്‍, 2030 ആകുമ്പോഴേക്കും, 65 മില്യന്‍ ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമമുണ്ടാകുമെന്നാണ് പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ലോകത്ത് 20 കോടിയിലധികം പേര്‍ സ്വന്തം നാടുകളില്‍നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന ഞെട്ടിപ്പിക്കുന്ന കണക്കും ഈയിടെ ലോകബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. "കാലാവസ്ഥാ കുടിയേറ്റക്കാര്‍' എന്ന പ്രത്യേക വിഭാഗം തന്നെ രൂപപ്പെടാന്‍ പോകുകയാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും മേഖലകളായ ആഫ്രിക്കന്‍, ഉപ സഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ, പസഫിക് എന്നിവിടങ്ങളിലെ സാധാരണ മനുഷ്യരായിരിക്കും ഈ പട്ടം കിട്ടാന്‍ പോകുന്നത്.

ഡോ. സന്തോഷ് മാത്യു
ഡോ. സന്തോഷ് മാത്യു

ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ, ഈ ദിവസങ്ങളില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് അഭിസംബോധന ചെയ്യാനാകുമോ എന്നത് വലിയ ചോദ്യചിഹ്‌നമാണ്. കാരണം, ഓരോ രാജ്യവും അവരവര്‍ക്കുവേണ്ട നയനിലപാടുകളില്‍ ഉറച്ചുനിന്നാണ് വാദിക്കുന്നത്. ആഗോള നയത്തിനുവേണ്ടിയുള്ള ഇനീഷ്യേറ്റീവിന് ലോക സംഘടനകള്‍ക്കുപോലും കഴിയുന്നില്ല. 2015ലെ പാരിസ് ഉടമ്പടിയില്‍, ഒന്നര മുതല്‍ രണ്ടു വരെ ഡിഗ്രി  പരിധിക്കകത്ത് താപവര്‍ദ്ധന ഒതുക്കണമെന്ന ധാരണ ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ മുതലാളിത്ത രാജ്യങ്ങള്‍ ഈ വ്യവസ്ഥ പാലിച്ചില്ല. മുന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് ആകട്ടെ, കാലാവസ്ഥാ വ്യതിയാനമെന്നത് കെട്ടുകഥയാണെന്നുപോലും തട്ടിവിട്ടു. ഈ വര്‍ഷത്തെ ഉച്ചകോടിയും ചൈനയും ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ശാക്തിക സമവാക്യങ്ങളില്‍ തട്ടി തകിടം മറിയാനാണ് സാധ്യത. 

പ്രിയ അഗസ്റ്റിന്‍,
ഷെഫീല്‍ഡ്, യു.കെ.


ജാതീയ ആക്രമണങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാതായ കേരളം

മല്‍ പ്രസി എഴുതിയ "സോഷ്യല്‍ മീഡിയ കാലത്തെ ജാതി കൗണ്ടറടികള്‍' എന്ന ലേഖനം (പാക്കറ്റ് 48), ഏറ്റവും പുതിയ കാലത്തെ ജാതീയതയുടെ പ്രത്യക്ഷാക്രമണങ്ങളെ തുറന്നുകാട്ടുന്ന ഒന്നായിരുന്നു. കാലം മുന്നോട്ടുപോകുക എന്നതിനെ പുരോഗമനത്തിന്റെ ലക്ഷണമായി കൂടി സാധാരണ  വിലയിരുത്താറുണ്ട്. അത് അബദ്ധമാണെന്നാണ് അനുഭവം തെളിയിക്കുന്നത്.

അകത്തുള്ള ജാതിക്കും വംശീയതക്കും പുറത്തുവരാന്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായി എന്നതാണ് ഈ മാറ്റം. സോഷ്യല്‍ മീഡിയ അതിനുള്ള ഉത്തമ ദൃഷ്ടാന്തം കൂടിയാണ്. പരിഹാസങ്ങളില്‍ മുതല്‍ വിമര്‍ശനങ്ങളില്‍ വരെ ജാതിയുടെയും വംശീയതയുടെയും പ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സുലഭമായി കാണാം. പൊതുബോധത്തെ സ്വാധീനിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ സമൂഹവും സാമൂഹിക സ്ഥാപനങ്ങളുമെല്ലാം സവര്‍ണതയുടേതായ കോയ്മ നിര്‍ലജ്ജം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്, താന്‍ നടത്തിയ പ്രയോഗത്തിന്റെ അശ്ലീലം പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. "കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷെ, വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്' എന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ തിരുവനന്തപുരത്തെ മേയറെ ആക്ഷേപിച്ചത്. "നല്ല സൗന്ദര്യം' എന്നൊക്കെ പറയുമ്പോള്‍ ഇവരുടെ മനസ്സില്‍ എന്താണുള്ളത് എന്നോര്‍ത്ത് ഞെട്ടലാണുണ്ടാകുന്നത്. കോണ്‍ഗ്രസ് മാത്രമല്ല, സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളും ഇത്തരം ബോധങ്ങളില്‍നിന്ന് മുക്തമല്ല. ആലത്തൂരിലെ എം.പി രമ്യ ഹരിദാസിനെതിരെ, തെരഞ്ഞെടുപ്പുസമയത്ത് വിജയരാഘവന്‍ അടക്കമുള്ളവര്‍ നടത്തിയ ആക്ഷേപങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയിലെല്ലാം ഈ ഫ്യൂഡല്‍ സവര്‍ണബോധമാണ് പ്രകടമാകുന്നത്.

അമല്‍ പ്രസി
അമല്‍ പ്രസി

ഇന്ന് വിവാഹാലോചനയില്‍ മാത്രമല്ല, വീട്ടില്‍ അടുക്കള പണിക്ക് ആളെ അന്വേഷിക്കുമ്പോള്‍ പോലും ബ്രാഹ്മണ കുടുംബങ്ങള്‍ ബ്രാഹ്മണരായ ജോലിക്കാരെ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. അതിന്റെ പരസ്യങ്ങള്‍ പത്രങ്ങളില്‍ നാം വായിക്കാറുണ്ട്. മുമ്പ്, ജാതിക്കെതിരെ, ബൗദ്ധികമായ ഒരു പ്രതിരോധം കേരളീയ സമൂഹത്തിലുണ്ടായിരുന്നു. സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒരു ചെറുത്തുനില്‍പ് സമൂഹത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പ്രകടമായിരുന്നു. എന്നാല്‍ ഇന്ന്, അത്തരം പുരോഗമന ശബ്ദങ്ങള്‍ തീര്‍ത്തും ദുര്‍ബലമായിരിക്കുന്നു, അത്തരം ആക്രമണങ്ങളുടെ പ്രതിലോമപരത തിരിച്ചറിയാന്‍ പോലും കഴിവില്ലാത്തതായിരിക്കുന്നു സമൂഹം.

മുസ്തഫ എ.ആര്‍.,
ഷാര്‍ജ, യു.എ.ഇ


ധാരാവി പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും ചേരി കൂടിയാണ്

കെ.സി. ജോസ് വെബ്‌സീനില്‍ എഴുതുന്ന മഹാനഗരത്തിന്റെ കഥ കൗതുകത്തോടെയാണ് വായിക്കുന്നത്. ധാരാവിയുടെ ചരിത്രം (പാക്കറ്റ് 48) പല അപൂര്‍വ വിവരങ്ങളും നല്‍കി. എങ്ങനെയാണ് ധാരാവി എന്ന സ്ഥലം, വര്‍ഗീയ രാഷ്ട്രീയത്തിന്റെ വലിയൊരു ചേരിയായി മാറ്റിയതെന്ന് അദ്ദേഹം വ്യക്തമായി വരച്ചിടുന്നു.

ഏതു നഗരത്തിന്റെയും മറുപുറത്ത് ധാരാവിയെപ്പോലെയുള്ള "അധോലോക'ങ്ങള്‍ ആവശ്യമുള്ളവരുണ്ടാകും. നഗരങ്ങളുടെ എല്ലാത്തരം വിശപ്പുകളെയും ശമിപ്പിക്കുന്ന ഇടങ്ങള്‍. എന്നാല്‍, ചില അടിസ്ഥാന മനുഷ്യരുടെ ജീവിതങ്ങളിലൂടെ, വ്യത്യസ്തമായ ഒരു ധാരാവിയെയാണ് ജോസ് കാണിച്ചുതരുന്നത്. തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പാര്‍ശ്വവല്‍ക്കരണത്തെ കൃത്യമായി തിരിച്ചറിയുന്ന, തങ്ങള്‍ക്കിടയില്‍ വര്‍ഗീയതയുടെ വിഷം തളിക്കുന്ന ശക്തികളെ തിരിച്ചറിയുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരിലെ ധീരയായ ഒരു കഥാപാത്രമാണ്, അദ്വാനിയുടെ മൈക്ക് പിടിച്ചുവാങ്ങി അദ്ദേഹത്തെ ചോദ്യം ചെയ്ത നൂര്‍ജഹാന്‍. "മരിച്ചവരുടെ കണക്കെടുക്കാനാണോ നിങ്ങള്‍ വന്നത്' എന്ന ചോദ്യം മുമ്പും ശേഷവും അദ്വാനി അഭിമുഖീകരിച്ചുകാണില്ല.

കെ.സി. ജോസ്
കെ.സി. ജോസ്

കലാപശേഷം ധാരാവിയിലെ മനുഷ്യര്‍ തന്നെയാണ് വര്‍ഗീയതക്കെതിരായ നീക്കങ്ങള്‍ നടത്തിയത്. ഇത്തരം രാഷ്ട്രീയപ്രതികരണങ്ങള്‍ എക്കാലവും ധാരാവിയില്‍നിന്നുണ്ടായിരുന്നു. പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ പതിനായിരങ്ങളെ അണിനിരത്തിയാണ് ധാരാവി പ്രതിഷേധിച്ചത്. കോവിഡിനെ പ്രതിരോധിച്ചതില്‍ ധാരാവി ഇന്ത്യക്കുതന്നെ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒരു ചതുരശ്രകിലോമീറ്ററില്‍ 2,27,136 പേര്‍ താമസിക്കുന്ന ഈ ചേരി ഒറ്റക്കെട്ടായിനിന്നാണ് കോവിഡിനെ തുരത്തിയത്. 

കോവിഡ്കാലത്ത് ധാരാവിയില്‍നിന്ന് നാലു പെണ്‍കുട്ടികളുടെ കൂടി കഥയെത്തി. 13നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെക്കുറിച്ച് ഒരു ഷോര്‍ട്ട് ഫിലിമെടുത്തു. വിഷയം തെരഞ്ഞെടുത്തതും തിരക്കഥ എഴുതിയതും അഭിനയിച്ചതുമെല്ലാം ഇവര്‍ തന്നെ. തങ്ങളുടെ ചുറ്റുമുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന വലിയൊരു പ്രശ്‌നത്തെയാണ് അവര്‍ പ്രമേയമാക്കിയത്. എല്ലാം കണ്ടില്ലെന്നുനടിക്കാനാണ് ചെറുപ്പം മുതല്‍ എല്ലാവരും തങ്ങളോട് പറയുന്നതെന്നും എന്നാല്‍, ഇനിയും അതിന് കഴിയില്ലെന്ന് സിനിമയിലൂടെ കാട്ടിക്കൊടുക്കുകയുമാണ് ചെയ്തതെന്നുമാണ് അവര്‍ പറഞ്ഞത്. സ്വന്തം സെല്‍ ഫോണുകളിലാണ് അവര്‍ സിനിമ ഷൂട്ട് ചെയ്തത്. ഇത്തരം നിരവധി അനുഭവങ്ങള്‍ കൂടി നിറഞ്ഞതാണ് ധാരാവി എന്ന ചേരി. അവിടെ പ്രതികരിക്കുന്നവരും പ്രതിഷേധിക്കുന്നവരുമായ മനുഷ്യര്‍ കൂടിയുണ്ട്, അവരെക്കുറിച്ചാണ് ഇനി എഴുതേണ്ടത്. കെ.സി. ജോസിന്റെ ലേഖനം അതിന്റെ ഭാഗമായിത്തീരട്ടെ.

കെ.കെ. നാരായണന്‍കുട്ടി,
അംബര്‍നാഥ്, മഹാരാഷ്ട്ര


'യവനിക' പുതിയ കാലത്തെ സോഷ്യോ- പൊളിറ്റിക്കല്‍ രചന

നാലുപതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന "യവനിക'യെക്കുറിച്ച്, ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരാഖ്യാനമാണ് യാക്കോബ് തോമസ് നടത്തുന്നത് (പാക്കറ്റ് 48). കലയിലേക്കുള്ള ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഒളിഞ്ഞുനോട്ടം എന്ന സമകാലികതയെ, സമര്‍ഥമായി, ഈ സിനിമയുമായി ചേര്‍ത്തുവച്ചത് പുതിയൊരു കാഴ്ചയും വായനയുമായി തോന്നി. ഇന്ന് നിയമ- നീതിന്യായ സംവിധാനങ്ങള്‍ പൗരന്മാരെ എങ്ങനെ ഉപകരണങ്ങളാക്കി മാറ്റുന്നു എന്നതിന്റെ സൂക്ഷ്മമായ വായനകള്‍ "യവനിക'യില്‍ കണ്ടെത്താം.

എഴുപതുകള്‍ പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങളുടെ കൂടി നാളുകളായിരുന്നുവെന്ന് ഓര്‍ക്കാം. അടിയന്തരാവസ്ഥ അതിന് മൂര്‍ച്ച കൂട്ടി. അടിയന്തരാവസ്ഥക്കുശേഷം, അതിന്റെ സകല ക്രൗര്യങ്ങളും പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ്, "യവനിക'യും തിരശ്ശീലയിലെത്തുന്നത്. ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, പൊലീസ് ഒരു പീഡനകനായല്ല സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്, ഒളിഞ്ഞുനോട്ടക്കാരനായ ഒരു ബിഗ് ബ്രദര്‍ ആയാണ്. കാണാമറയത്തുനിന്ന് നമ്മെ നിരീക്ഷിക്കുന്ന ഒരു സംവിധാനം. ആ ഒളിനിരീക്ഷണം സൃഷ്ടിക്കുന്ന ഭീതി, ആ നാടക ക്യാമ്പിലെ സകലരുടെയും പ്രകൃതത്തില്‍ കാണാം.

യവനികയില്‍ നിന്ന്
യവനികയില്‍ നിന്ന്

പ്രതികളുടെയെന്ന പോലെ. അതായത്, ഒളിഞ്ഞുനോട്ടത്തിന് വിധേയമാകുന്ന ഒരു സമൂഹത്തിന്റെ സാക്ഷാല്‍ പ്രതിനിധാനത്തിലേക്ക് ആ നാടക ക്യാമ്പിനെ സംവിധായകന്‍ ഒരുക്കിനിര്‍ത്തുന്നു. ഇവിടെ യഥാര്‍ഥ പ്രതി, നിസ്സഹായരായ മനുഷ്യരെ ഇരകളാക്കുന്ന സമൂഹം തന്നെയാണ്. സാമ്പത്തിക- ആണധികാര വ്യവസ്ഥകള്‍ ഇരയാക്കിയ നിസ്സഹായയായ ഒരു സ്ത്രീയുടെ പ്രതികരണം മാത്രമാണ് ഈ കൊല. ജലജയുടെ കഥാപാത്രം പ്രതിയാക്കപ്പെടുന്നതിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങളെ സംവിധായകന്‍ സമര്‍ഥമായി കൂട്ടിയിണക്കുന്നുമുണ്ട്. കൊല്ലപ്പെട്ട അയ്യപ്പനും അയാളെ രൂപപ്പെടുത്തിയ സാഹചര്യങ്ങളും ഒടുവില്‍ പ്രതിസ്ഥാനത്തുവരുന്നു. ഒരു കുറ്റാന്വേഷണ സിനിമ എന്ന നിലയില്‍നിന്ന് പുതിയ കാലത്ത് "യവനിക' ഒരു സോഷ്യോ- പൊളിറ്റിക്കല്‍ രചന കൂടിയായി മാറുകയാണ്.

എസ്. സുധര്‍മ,
പെരുമ്പാവൂര്‍, എറണാകുളം


വരവരറാവുവിനെ ഓര്‍ക്കേണ്ട കാലം

രവരറാവുവിന്റെ കാവ്യജീവിതത്തെ ഓര്‍ക്കേണ്ട ഒരു കാലത്ത്, ആ കവിതകളുടെ വായന ഒരുക്കിയ വെബ്‌സീനിന് നന്ദി (വാക്കുകള്‍ സമരായുധങ്ങളായി മാറുമ്പോള്‍, അശ്വതി എ, പാക്കറ്റ് 48). ഒരു കവിയുടെ വാക്കുകള്‍ എങ്ങനെ ഒരു ഭരണകൂടത്തെ വിറളി പിടിപ്പിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കവിതകള്‍. ഒരുപക്ഷെ, സമരമുഖങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തേക്കാള്‍, ആ കവിതകളെയാണ് ഭരണകൂടങ്ങള്‍ ഭയക്കുന്നത്.

വരവര റാവു
വരവര റാവു

ഭീമ കൊറേഗാവ് കേസില്‍ സ്റ്റാന്‍ സ്വാമിയെപ്പോലെ ജയിലിലെ മരണം അദ്ദേഹത്തിന്റെ തൊട്ടരികെയെത്തിയതാണ്. മൂത്രനാളിയിലിട്ട ട്യൂബ് നീക്കാന്‍ പോലും കഴിയാതെ, ഡോക്ടര്‍മാരുടെ പരിശോധനകളില്ലാതെ അദ്ദേഹത്തെയും പീഡിപ്പിച്ചു. ആ കവിതകളുടെ കരുത്തുപോലെ, കവിയും തളരാതെ നിന്നു. പ്രതിഷേധം ഭയന്നാകണം ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തയാറായത്. 

അശ്വതി എ.
അശ്വതി എ.

ഇന്ത്യയില്‍ സമകാലിക കവിത രാഷ്ട്രീയത്തില്‍ നേരിട്ടുതന്നെ ഇടപെട്ടാണ് വികസിച്ചുവരുന്നത്. തമിഴ്, മറാഠി, ബംഗാളി പുതുകവിതകളെല്ലാം സ്വേച്ഛാധികാരത്തിനെതിരായ വിമത രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവയാണ്. ഇവക്കെല്ലാം ഊര്‍ജം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു കാവ്യസ്രോതസ്സാണ് വരവരറാവു. ആ രാഷ്ട്രീയത്തെ ശരിയായി രേഖപ്പെടുത്തുന്നതായിരുന്നു ഈ കവിവായന.

ജീവന്‍ പ്രമോദ്,
സുല്‍ത്താന്‍ ബത്തേരി


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media