Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീന്‍ കവർ പാക്കറ്റ് 50
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍
​​​​​​​
 letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


സമകാലിക വായനയിലെ പുതുമയേറിയ അനുഭവം

ലയാള മാധ്യമചരിത്രത്തിലെ ഏറ്റവും നവീനവും പ്രതിബദ്ധവുമായ ഒരു കാല്‍വെപ്പിന്റെ അമ്പതാം ആഴ്ച, വായനക്കാരെ സംബന്ധിച്ചുകൂടി പ്രധാനപ്പെട്ട സന്ദര്‍ഭമാണ്. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ നൂറ്റൊന്നാവര്‍ത്തിക്കുകയും പുതിയ ദിശകളിലേക്ക് സഞ്ചരിക്കാന്‍ മടിച്ചുനില്‍ക്കുകയും ഉള്ളടക്കത്തെ പൈങ്കിളിവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, ഗഹനമായ കണ്ടന്റുമായി ട്രൂ കോപ്പി വെബ്‌സീന്‍ വരുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഗൗരവവായനക്ക് പറ്റിയതല്ല എന്ന പൊതുവിശ്വാസത്തെ തിരുത്തിയതുമാത്രമല്ല, വെബ്‌സീനിന്റെ പ്രാധാന്യം, വിഷയങ്ങളോടുള്ള എഡിറ്റോറിയല്‍ സമീപനവും വ്യതിരിക്തതയുള്ളതാണ്. ഓരോ വിഷയവും പല ആംഗിളുകളിലുള്ള സംവാദങ്ങള്‍ക്ക് സാധ്യമായ ഒരു അനലിറ്റിക്കല്‍ രീതിയില്‍ അവതരിപ്പിക്കുന്നത് സമകാലിക വായനയിലെ പുതുമയേറിയ അനുഭവമാണ്. കഥയിലും കവിതയിലും പോലും ഈയൊരു എഡിറ്റോറിയല്‍ നിലപാട് പ്രകടമാണ്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയയെ തങ്ങളുടെ ആവിഷ്‌കാരമാധ്യമായി സ്വീകരിച്ച നിരവധി പുതിയ കഥാകൃത്തുക്കളും കവികളും വെബ്‌സീനിനെ എഴുത്തുമാധ്യമമാക്കുന്നുവെന്നത് വായനക്കാരായ ഞങ്ങളെ സംബന്ധിച്ച് ആഹ്ലാദകരമാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കോളം കവി വായനയാണ്. നമ്മുടെ വായനയില്‍നിന്ന് വിട്ടുപോയ നിരവധി കവികളെ എനിക്ക് ഈ കോളത്തിലൂടെ വായിക്കാന്‍ കഴിഞ്ഞു. മലയാളത്തിലെ പുതുസാഹിത്യത്തിന്റെ മാധ്യമം വെബ്‌സീനായി മാറിയിട്ടുണ്ട്. കഴിഞ്ഞ 50 പാക്കറ്റുകളില്‍ പുലര്‍ത്തിയ വ്യത്യസ്തത, വരുന്ന പാക്കറ്റുകളിലും തുടരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ജെന്നി കെ. മാര്‍ട്ടിന്‍
ബംഗളൂരു


"എഴുകോണ്‍'; ഒരു വലിയ പ്രലോഭനം

ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ- എഴുകോണ്‍- ആണ് വെബ്‌സീന്‍ വായനക്കാര്‍ക്കു നല്‍കുന്ന ഏറ്റവും മികച്ച രചന എന്നാണ് എന്റെ അനുഭവം. ആദ്യ പാക്കറ്റ് മുതല്‍ ഞാന്‍ അവര്‍ക്കൊപ്പം സഞ്ചരിക്കുന്നു. ആദ്യ അധ്യായത്തില്‍, ഒരു കുഞ്ഞുകുട്ടിയുടെ കൗതുകങ്ങളിലേക്ക് പിറന്നുവീണ ഈ ആത്മകഥ, പിന്നീട് എവിടേക്കൊക്കെയാണ് സഞ്ചരിച്ചത്? തീര്‍ത്തും നിസ്സാരമെന്ന് അവര്‍ പറയുന്ന, ജീവിതത്തിലെ ഓരോ തെരഞ്ഞെടുപ്പും എന്നെപ്പോലെയുള്ള സാധാരണക്കാരെ സംബന്ധിച്ച് സാഹസങ്ങളായി തോന്നിയിട്ടുണ്ട്. ഡോക്ടര്‍ എന്ന പ്രൊഫഷനില്‍നിന്ന് സ്വന്തം ജീവിതം അടയാളപ്പെടുത്താനാഗ്രഹിക്കുന്ന വഴികളിലേക്കൊക്കെ അവര്‍ ധീരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ak jayasree
ഡോ: എ.കെ.ജയശ്രീ

ഒരുതരം കെട്ടുപാടുകളുമില്ലാത്ത ബന്ധങ്ങളാണ്, അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്; അങ്ങനെ ജീവിക്കാന്‍ കഴിയാത്തതുകൊണ്ടുള്ള വേദനയോടെ തന്നെ. പക്ഷെ, അത് എന്നെപ്പോലുള്ളവര്‍ക്കും സാധ്യമാണ് എന്നൊരു തോന്നല്‍ ഈ ആത്മകഥ അവശേഷിപ്പിക്കുന്നുണ്ട്. അതൊരു വലിയ പ്രലോഭനവും കുതിപ്പിനുള്ള പ്രേരണയുമാണ്. കുടുംബത്തിലേക്കുള്ള അവരുടെ വരവും കുടുംബത്തിനുപുറത്തേക്കുള്ള പോക്കും സ്വപ്‌നസമാനമായ അനുഭവങ്ങളാണ്. ഏറ്റവും എക്‌സ്ട്രീമായി ചിന്തിക്കുമ്പോള്‍ തന്നെ ഏറ്റവും അടിസ്ഥാനപരമായ വൈകാരികതകളാല്‍ തളച്ചിടപ്പെടുന്നു. "ഒരുപാട് കാലം മൈത്രേയന് മറ്റൊരു ബന്ധമുണ്ടാകുന്നത് എന്റെ സ്വപ്‌നങ്ങളില്‍ അഥവാ, ദുഃസ്വപ്‌നങ്ങളില്‍ കടന്നുവന്നിരുന്നു' എന്ന് അവര്‍ ഒരു മടിയും കൂടാതെയാണ് എഴുതുന്നത്. പച്ചയായ ഒരു സ്ത്രീയുടെ തുറന്നെഴുത്തിന് അഭിവാദ്യങ്ങള്‍ മാത്രം.
നയീമ ഹാരിസ്
ഏറ്റുമാനൂര്‍, കോട്ടയം


അമ്മപ്പദവിയെ പൊളിച്ചുകാട്ടുക തന്നെ വേണം

വെബ്‌സീന്‍ 50ാം പാക്കറ്റില്‍ എതിരന്‍ കതിരവന്‍ എഴുതിയ "കാല്‍പനിക അമ്മ, പരിണാമത്തിലെ അമ്മ' എന്ന ലേഖനം നിരവധി തിരിച്ചറിവുകള്‍ നല്‍കുന്നതായിരുന്നു. മാതൃത്വം എന്ന സങ്കല്‍പത്തിന് ദൈവികത്വം നല്‍കി അതിനെ വിശുദ്ധപദവിയില്‍ പ്രതിഷ്ഠിക്കുന്ന മതങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ശാസ്ത്രീയമായി തന്നെയുള്ള ഒരു വിശദീകരണം.

മാതൃത്വവുമായി ബന്ധപ്പെട്ട് സമൂഹം സൃഷ്ടിച്ചുവച്ചിട്ടുള്ള ചിട്ടകള്‍ ചെറുതല്ല. കുടുംബവ്യവസ്ഥ എത്ര മാറിയാലും മാതൃത്വത്തിനുമാത്രം ഒരു മാറ്റവും വരാന്‍ പാടില്ലെന്ന് അത് നിഷ്‌കര്‍ഷിക്കുന്നു. അണുകുടുംബങ്ങളില്‍ പോലും, അമ്മപ്പദവി പഴയ ഫ്യൂഡല്‍ മൂല്യങ്ങളാല്‍ ബന്ധിതമാണ്. വിദ്യാഭ്യാസം ചെയ്ത്, പുറത്തുപോയി ജോലി ചെയ്ത് തിരിച്ച് വീട്ടിനകത്തേക്കുവരുന്ന പുതിയ സ്ത്രീക്കും പഴയ അമ്മയാകാതെ വയ്യ. മാതൃത്വത്തിന്റെ ദൈവികവല്‍ക്കരണം എന്നത് ആണുങ്ങള്‍ക്കുവേണ്ടിയുള്ള സൃഷ്ടിയാണ്. മൂല്യങ്ങള്‍ കെട്ടിവെച്ചുകഴിഞ്ഞാല്‍ സ്ത്രീയെ കീഴ്‌പ്പെടുത്തിനിര്‍ത്താന്‍ എളുപ്പമാണ്.

ethiravan kathiravan
എതിരന്‍ കതിരവന്‍

വിശ്വാസങ്ങളെ എന്നും തിരുത്താന്‍ പ്രാപ്തിയുള്ളത് ശാസ്ത്രത്തിനാണ്. എതിരന്‍ കതിരവന്‍ എഴുതുന്നതുപോലെ, കുഞ്ഞിന് പുറത്തുവരാനുള്ള, ഇടുപ്പെല്ലുകള്‍ സൃഷ്ടിക്കുന്ന ദ്വാരം പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍ ഒന്നുകൂടി വികസിച്ചാല്‍ തീരും, "നൊന്തുപ്രസവിച്ച' എന്ന അവകാശവാദം. പ്രസവം ഒരു സ്വഭാവികതയായി മാറുമ്പോള്‍ അത് ഇരു പങ്കാളികളും തുല്യമായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമായി മാറും. അതുപോലെ തന്നെ, മനുഷ്യരിലെ ദീര്‍ഘമായ ശിശുസംരക്ഷണ കാലത്തിനും സാമൂഹിക പരിണാമപ്രക്രിയയിലൂടെ ഒരുതരം ഷെയറിങ് സംഭവിച്ചാല്‍ അപ്രസക്തമാകുന്നതേയുള്ളൂ ഈ 'ദിവ്യ മാതൃത്വം.'
ദിവ്യ കെ.വി.
പൊന്നാനി, മലപ്പുറം.


കൈകാലിട്ടടിക്കുന്നത് കുഞ്ഞുമാത്രമല്ല, അമ്മമാരും കൂടിയാണ്

ധുനിക മാതൃത്വം ഫെമിനിസത്തിന്റെ ബിസിനസല്ല എന്ന സിദ്ദിഹയുടെ ലേഖനം (പാക്കറ്റ് 50) ശക്തമായ ഒരു സാമൂഹിക വിമര്‍ശനമാണ്. ഗര്‍ഭകാലവും പ്രസവത്തിനുവേണ്ടിയുള്ള കാത്തിരിപ്പും ആശുപത്രിവാസം പോലും "പാവന'മായ ഒരു കര്‍ത്തവ്യനിര്‍വഹണമായാണ് സമൂഹം സ്ത്രീക്കുമേല്‍ ആരോപിക്കുന്നത്. എന്നാല്‍, അതിന്റെ പേരിലുള്ള നഷ്ടങ്ങള്‍ക്ക് പിന്നീടൊരിക്കലും പരിഹരിക്കപ്പെടുന്നില്ലെന്നുമാത്രമല്ല, അതിന്റെ ഓര്‍മകള്‍ പോലും ഒരുതരം കുറ്റബോധമുണ്ടാക്കുന്ന തരത്തിലാണ്, ഈ "വിശുദ്ധ പദവി'യുടെ സൃഷ്ടി. മുമ്പ് എഴുത്തുകാരിയായ ഗ്രേസി വെബ്‌സീനില്‍ എഴുതിയ ഒരു അനുഭവം ഓര്‍മ വരുന്നു. സ്വയം വെറുത്ത് മരിച്ചാല്‍ മതിയെന്നുതോന്നിയ കാലമായിരുന്നു ഗര്‍ഭകാലം എന്ന് അവര്‍ എഴുതുന്നു.

sidhiha
സിദ്ദിഹ

ഗര്‍ഭകാലത്ത് ചര്‍ദ്ദിച്ച് വശംകെട്ട് സകലതിനോടും വിരക്തിയുണ്ടായതും വിയര്‍പ്പിന്റെയും ചര്‍ദ്ദിയുടെയും മണം കൂടിക്കുഴഞ്ഞ് ഒരുതരം പൂച്ചമണമുണ്ടായതുമെല്ലാം അവര്‍ തുറന്നെഴുതിയിട്ടുണ്ട്. കുഞ്ഞിനെ പോറ്റുന്നത് തന്റെ ഭര്‍ത്താവിന്റെ ഒരുതരത്തിലുമുള്ള അലട്ടലേ അല്ലായിരുന്നു. ഒരു കൈ  കൊണ്ട് തൊട്ടിലാട്ടിയും മറുകൈ കൊണ്ട് എഴുതിയ ലളിതാംബിക അന്തര്‍ജനത്തെ അവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. മകളുടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സ്വന്തം എഴുത്തുജീവിതം കുരുതികൊടുത്ത സങ്കടം മുഴുവന്‍ ഗ്രേസിയുടെ ആ കുറിപ്പിലുണ്ടായിരുന്നു. സര്‍ഗാത്മകമായ സ്ത്രീജീവിതത്തെ തടവിലിടാന്‍ ആണധികാരം കല്‍പ്പിച്ചുവെച്ചതാണ് മാതൃത്വം എന്ന കാല്‍പനികത. അതിന്റെ വാസ്തവങ്ങളിലേക്ക് കടന്നുചെല്ലാന്‍ അയാള്‍ ഒരിക്കലും മുതിരുകയില്ല, അവിടെ കൈകാലിട്ടടിക്കുന്ന കുഞ്ഞിനെ മാത്രമല്ല, അമ്മയെയും കാണാന്‍ കഴിയും.
കെ.ആര്‍. ജസീല
തിരൂര്‍, മലപ്പുറം


ഇടതിനെ വിമര്‍ശിച്ച് ഐഡന്റിറ്റി പൊളിറ്റിക്‌സ് എവിടെയെത്തും? 

"യ് ഭീം' എന്ന സിനിമയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി അടയാളപ്പെടുത്തി വച്ചിരിക്കുന്ന ആരോപണങ്ങളെ പൊടിതട്ടിയെടുക്കാനുള്ള വലതുപക്ഷശ്രമങ്ങളെ തുറന്നുകാട്ടുന്നതായി സുദീപ് സുധാകരന്‍ എഴുതിയ ലേഖനം (പാക്കറ്റ് 50).

ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഏറ്റവും വലിയ സഖ്യകക്ഷി ഇടതുപക്ഷമാണെന്നിരിക്കേ, അതിനെതിരായ വലതുപക്ഷ നീക്കങ്ങള്‍ക്ക് കരുത്തുപകരുകയാണ് ചില സ്വത്വവാദികള്‍. ഐഡന്റിറ്റി പൊളിറ്റിക്‌സ് ഒരുതരം തീവ്രവാദമായി മാറി, സംഘ്പരിവാര്‍ രാഷ്ട്രീയത്തെ സേവിക്കുന്ന കാഴ്ചയാണ് രാജ്യം കാണാന്‍ പോകുന്നത്. "അടുത്ത മതവല്‍ക്കരണം അംബേദ്കറിസത്തിന്റേതാണ്' എന്ന്  എം. കുഞ്ഞാമന്‍ ട്രൂ കോപ്പിയില്‍ മുമ്പൊരിക്കല്‍ എഴുതിയത്, ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. അംബേദ്കറിസം ശാസ്ത്രീയവും വിശകലനാത്മകവുമായി സമീപിക്കപ്പെടുന്നില്ല എന്നും അംബേദ്കര്‍ സമം സംവരണം സമം സാമൂഹിക നീതി എന്ന വികല കാഴ്ചപ്പാടാണ് ഇന്ന് ഭരിക്കുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം, ഇന്നത്തെ അംബേദ്കറിസ്റ്റുകളെന്ന് നടിക്കുന്നവര്‍ ഉള്‍ക്കൊള്ളേണ്ടതാണ്.

sudheep
സുദീപ് സുധാകരന്‍

ഇന്ത്യയിലെ അടിസ്ഥാന വര്‍ഗപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്നും പ്രാപ്തിയുള്ളത് ഇടതുപക്ഷത്തിനുതന്നെയാണ്. എന്തുകൊണ്ടാണ്, അംബേദ്കറിസം ഒരു പ്രത്യയശാസ്ത്രമായുള്ള ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റിന് തടസമായി നില്‍ക്കുന്നത്? തീര്‍ച്ചയായും അംബേദ്കറിസത്തിന്റെ യാഥാസ്ഥിതികമായ പ്രയോഗമല്ലാതെ മറ്റൊന്നുമല്ല. ഇടതുപക്ഷത്തിന്റെ ക്ലാസ് ബേസിനെക്കുറിച്ച് വിമര്‍ശനമുന്നയിക്കാറുണ്ട്, സ്വത്വവാദികള്‍. എന്നാല്‍, ഇ.എം.എസും എ.കെ.ജിയും കൃഷ്ണപിള്ളയുമെല്ലാം ഡീ ക്ലാസിഫൈഡ് മനുഷ്യരായിരുന്നു. അവരുടെ ക്ലാസ് ബേസ് എന്നത് അടിസ്ഥാന വര്‍ഗത്തിന്റേതാണ്. അതുകൊണ്ടാണ്, ഇന്നും ഇന്ത്യയില്‍ അടിസ്ഥാനവര്‍ഗ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ ലഭിക്കുന്നത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും പിന്നാക്കക്കാരുടെയുമെല്ലാം അവകാശപ്പോരാട്ടങ്ങള്‍ ഏതു ബാനറിലാണ് രാജ്യത്ത് നടക്കുന്നത്? ഒരുതരം ഇമോഷണല്‍ ട്രോമ എന്ന നിലയ്ക്കല്ലാതെ, അരികുകളില്‍നിന്നുള്ള ഒരു രാഷ്ട്രീയത്തിലേക്ക് വികസിക്കാന്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ഈ സ്വത്വവാദത്തിന് കഴിഞ്ഞിട്ടുണ്ടോ?
മുഹമ്മദ് അഷ്‌റഫ് എ.
ദോഹ, ഖത്തര്‍.


എന്തിന് ഡോസ്‌റ്റോയെവ്‌സ്‌കിയെ വായിക്കണം?

വെബ്‌സീന്‍ 50ാം പാക്കറ്റിലെ ഡോസ്‌റ്റോയെവ്‌സ്‌കി പാക്കേജ് ഗംഭീരമായി. പല ആംഗിളുകളില്‍നിന്നുള്ള വായനകള്‍ പുതിയ കാലത്ത് അദ്ദേഹത്തിനുള്ള പ്രസക്തി അടയാളപ്പെടുത്തുന്നതായിരുന്നു. സി.ബി. മോഹന്‍ദാസിന്റെ വായന, ആ എഴുത്തുകാരന്റെ ആന്തരിക ലോകങ്ങളിലെ സംഘര്‍ഷങ്ങള്‍ എടുത്തുകാട്ടുന്നതായിരുന്നു. വിശ്വാസത്തിന്റെയും ജീവിതാവബോധത്തിന്റെയും പുതിയ ചിന്താരീതികള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുടെയുമെല്ലാം ആകത്തുകയായി ആ രചനകളെ കാണാം. അതുതന്നെയാണ് അവയുടെ സര്‍വകാല പ്രസക്തിയും.

cb mohandas
സി.ബി. മോഹന്‍ദാസ്

കാരണം, നിശ്ചിതമായ ഒരു ഉത്തരം നല്‍കുന്നയാളല്ല എഴുത്തുകാരന്‍, പകരം നിരന്തരം സന്ദേഹങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നയാളാകണം. യാഥാസ്ഥിതിക വിശ്വാസി സമൂഹമെന്ന നിലയില്‍നിന്ന് മനുഷ്യരാശി ശാസ്ത്രത്തിന്റെയും യുക്തിവിചാരത്തിന്റെയും പുതിയ പ്രപഞ്ചങ്ങള്‍ എത്തിപ്പിടിച്ചിട്ടുണ്ടെങ്കിലും ആന്തരികമായി അവര്‍ സന്ദിഗ്തകളുടെ ഒരു കൂടാരത്തിലാണ് കഴിയുന്നത്. മനുഷ്യന്റെ ആശയലോകത്തെ എന്നും നയിച്ചിട്ടുള്ളത് യുക്തിയേക്കാള്‍ സന്ദേഹഭരിതമായ ബോധ്യങ്ങളാണ്. "ദൈവത്തിന്റെ മരണ'ത്തിനുശേഷം ഒരു റാഷനല്‍ ലോകമല്ല ഉയര്‍ന്നുവന്നത് എന്നോര്‍ക്കണം. പകരം, വിശ്വാസം നല്‍കുന്ന ഒരുതരം "സമചിത്തത' പൂര്‍ണമായും നഷ്ടമായ ആശയക്കുഴപ്പം നിറഞ്ഞ അസ്തിത്വങ്ങളാണ്. ഒരുപക്ഷെ, ഡോസ്‌റ്റോയെവ്‌സ്‌കി ഇന്നും വായിക്കപ്പെടുന്നതും ഇത്തരം മനുഷ്യരുടെ ലോകമായി, ഈ ഭൂമി നിലനില്‍ക്കുന്നതുകൊണ്ടുകൂടിയാകണം.
എന്‍.വി. സുരേന്ദ്രന്‍
നീലേശ്വരം, കാസര്‍കോട്.


എം. കുഞ്ഞാമന്‍ വായനക്കാരനായപ്പോള്‍ സംഭവിച്ചത്

വെബ്‌സീനിലെ ഡോസ്‌റ്റോയെവ്‌സ്‌കി ലേഖനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണമായി തോന്നിയത് എം. കുഞ്ഞാമന്റേതാണ്. ഒരു സാമൂഹിക സന്ദര്‍ഭത്തില്‍ ഒരു എഴുത്തുകാരന്‍ എങ്ങനെയാണ് തന്റെ വായനക്കാരനിലൂടെ ഇടപെടുന്നത് എന്ന കാര്യമാണ് കുഞ്ഞാമന്‍ രേഖപ്പെടുത്തുന്നത്. തിരുനെല്ലിയിലെ പട്ടിണി മരണവും ആദിവാസികളുടെ ദാരിദ്ര്യവും "കുറ്റവും ശിക്ഷയും' എന്ന നോവലിലേക്കാണ് കുഞ്ഞാമന്‍ എന്ന വായനക്കാരനെ എത്തിക്കുന്നത്. ദാരിദ്ര്യത്തിന്റെയും മനുഷ്യര്‍ തമ്മിലുള്ള അസമത്വങ്ങളുടെയും ആഖ്യാനമായ ഈ പുസ്തകമാണ് താന്‍ ഏറ്റവും മനസ്സില്‍ തട്ടി വായിച്ചിട്ടുള്ളതെന്നും വൈകാരികമായി ഏറെ സ്വാധീനിച്ചതെന്നും കുഞ്ഞാമന്‍ പറയുന്നതില്‍ നിരവധി അര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിലൊന്നാണ്, ഈ ദാരിദ്ര്യവും വിവേചനവും സ്വന്തം ജീവിതത്തില്‍ ഏറ്റവും തീവ്രമായി അനുഭവിച്ച ഒരാള്‍ കൂടിയാണ് അദ്ദേഹം എന്നതാണ്.

kunjhaman
എം. കുഞ്ഞാമന്‍

എന്നാല്‍, അതിനെ വൈയക്തികമായ ഒരു തലത്തിലല്ല അദ്ദേഹം സമീപിക്കുന്നത്, പകരം, ദാരിദ്ര്യവും വിവേചനവും രൂപപ്പെടുന്ന സാമൂഹിക സന്ദര്‍ഭങ്ങളെ രാഷ്ട്രീയമായി അദ്ദേഹം അന്വേഷിക്കുന്നു. ഒരു സാധാരണ നോവല്‍ വായനയല്ല ഇവിടെ സംഭവിക്കുന്നത് എന്നര്‍ഥം. രാഷ്ട്രീയ വ്യവസ്ഥയും ഭരണകൂടങ്ങളും സമ്പത്തിനെ നിയന്ത്രിക്കുന്നവരുമെല്ലാം ചേര്‍ന്ന ഒരു അച്ചുതണ്ട് വൈരുധ്യങ്ങളെ മൂര്‍ച്ചിപ്പിക്കുകയും അതില്‍നിന്ന് മുതലെടുക്കുകയും ചെയ്യുന്നത് ഈ വായനയുടെ അര്‍ഥവത്തായ ഫലമായി മാറുന്നു. ആദിവാസികള്‍ക്കിടയില്‍ ഇന്നും തുടരുന്ന പട്ടിണിമരണങ്ങളുടെയും മധുവിനെപ്പോലുള്ള മനുഷ്യര്‍ ഹിംസക്കിരയാകുന്ന സന്ദര്‍ഭങ്ങളുടെയും യഥാര്‍ഥ ഉത്തരവാദികളെ അങ്ങനെ അടയാളപ്പെടുത്താന്‍ കഴിയുന്നു. ക്രിയേറ്റീവ് തിങ്കിംഗ് വരുന്നത്, വൈജ്ഞാനിക കൃതികളില്‍നിന്നല്ല, സാഹിത്യത്തില്‍നിന്നാണ് എന്ന് അദ്ദേഹം പറയുന്നത് എന്തുമാത്രം അര്‍ഥവത്തായ കാര്യമാണ്.
ഡോ. ഷീന ആര്‍.
കോയമ്പത്തൂര്‍


ഇന്ത്യയില്‍ സംഭവിക്കുന്നത് വെറുമൊരു സൂചനയായി കാണുന്നത് അപകടമാണ്

ഭൂരിപക്ഷവാദത്തിന് ലഭിക്കുന്ന പൊതുസ്വീകാര്യതയുടെയും അത് ആധിപത്യപരമായി വികസിച്ചുവരുന്നതിന്റെയും കാരണങ്ങള്‍ അന്വേഷിക്കുന്ന മുകുള്‍ കേശവന്റെ ചിന്തകളെ ആധാരമാക്കി കെ.എം. സീതി എഴുതിയ ലേഖനം (പാക്കറ്റ് 50) പ്രസക്തമായിരുന്നു. വിവിധ രാജ്യങ്ങളില്‍ ആധുനിക ഭൂരിപക്ഷവാദം വ്യത്യസ്ത തലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും എതിര്‍പക്ഷത്തെ ആക്രമിച്ചും അപരവല്‍ക്കരിച്ചുമൊക്കെയാണ് അത് എല്ലായിടത്തും ഇടപെടുന്നത്. ഭൂരിപക്ഷവാദം ഭരിക്കുന്ന രാജ്യങ്ങളിലെ ന്യൂനപക്ഷം അതുകൊണ്ടുതന്നെ സമാനമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചൈനയിലെയോ മ്യാന്‍മറിലെയോ ഭരണകൂടങ്ങള്‍ ചെയ്തതുപോലെ, ചെറിയ ന്യൂനപക്ഷ സമുദായത്തെ ചിതറിക്കാനോ പുറത്താക്കാനോ ഇന്ത്യന്‍ ഭരണകൂടം ആഗ്രഹിച്ചാല്‍ പോലും കഴിയില്ല എന്ന മുകുള്‍ കേശവന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്.

seethi.j
കെ.എം. സീതി

അദ്ദേഹം പറയുന്നതുപോലെ, ഗുജറാത്ത് വംശഹത്യയും മറ്റും ഭയപ്പെടുത്തി ഒതുക്കിനിര്‍ത്താനുള്ള കേവല ഉപകരണങ്ങളല്ലെന്ന് പിന്നീടുള്ള വര്‍ഷങ്ങള്‍ തെളിയിച്ചതാണ്. ഫാസിസത്തിന്റെ ചേരുവകളടങ്ങിയ വംശീയവാദം തന്നെയാണ് അണിയറയില്‍ പാകം ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ, വംശീയഛായയാര്‍ന്ന നടപടികളിലൂടെ, രാജ്യത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളെയും അരികുവല്‍ക്കരിക്കാന്‍, അപരവല്‍ക്കരിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും ഭരണകൂടാധികാരത്തിലേക്ക് വിഹിതമായും അവിഹിതമായും അവര്‍ കടന്നുവരുന്നത്, എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാകുന്നത് എല്ലാം വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനകളായി തന്നെ വിലയിരുത്തണം, അവ, മുകള്‍ പറയുന്നതുപോലെ അസാധ്യതകളല്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ച സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍നിന്ന് പൗരത്വ ഭേദഗതി നിയമം സൃഷ്ടിച്ച ഭയത്തിലേക്കെത്തുമ്പോള്‍ നിലനില്‍പുമായി ബന്ധപ്പെട്ട എത്ര ഗുരുതരമായ ചോദ്യങ്ങള്‍ക്കുമുന്നിലാണ് ഇന്ത്യയിലെ ന്യൂനപക്ഷം എന്ന് ആലോചിക്കണം. സിവില്‍ സമൂഹത്തിന്റെ കാര്യമായ എതിര്‍പ്പില്ലെന്നുമാത്രമല്ല, ന്യൂനപക്ഷങ്ങളുടെ തന്നെ വ്യജമായ പ്രാതിനിധ്യത്തിലേക്ക് വംശീയതക്ക് വളരാനും കഴിയുന്നുവെന്നത് നിസ്സാരമല്ല.
പി.പി. ജേക്കബ്,
വരാപ്പുഴ, എറണാകുളം.


ക്വാറികളെക്കുറിച്ച് പഠിക്കാന്‍ പോകുന്നതേയുള്ളൂ...

കോവിഡാനന്തര കേരളത്തിനുവേണ്ടിയുള്ള ഒരു ഹരിത രാഷ്ട്രീയം എന്ന പേരില്‍ പ്രൊഫ. എ. ബിജുകുമാര്‍ എഴുതിയ ലേഖനം വായിച്ചു (പാക്കറ്റ് 49). അദ്ദേഹത്തിന്റേത് ഒരു ശുഭാപ്തി വിശ്വാസം മാത്രമായി ഒടുങ്ങാനാണ് സാധ്യത. കാരണം, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള ഉള്‍ക്കാഴ്ചയോ നയനിലപാടുകളോ ഇല്ലാത്ത ഭരണകൂടങ്ങളാണ് കേരളം ഭരിക്കുന്നത് എന്നതുതന്നെ. രണ്ടു പ്രളയങ്ങളും അനവധി പ്രകൃതി ദുരന്തങ്ങളും ഇപ്പോഴിതാ, കാലം തെറ്റിയുള്ള അതിവര്‍ഷവുമൊക്കെ നിരന്തരം വേട്ടയാടുന്ന ഒരു സംസ്ഥാനത്തിനുവേണ്ട പരിസ്ഥിതി നയം എന്താണ് എന്നുപോലും ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാറിന് പിടിയില്ല. കഴിഞ്ഞ ദിവസം നമ്മുടെ വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയില്‍ പറഞ്ഞത്, പ്രകൃതിദുരന്തങ്ങള്‍ക്ക് ക്വാറികള്‍ കാരണമാകുന്നുണ്ടോ എന്ന് പഠനം നടത്തുമെന്നാണ്. ഉരുള്‍പൊട്ടലിന് ക്വാറികളാണ് കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനത്തിന് നിയന്ത്രണമുണ്ട് എന്നും അദ്ദേഹം പറയുന്നു. മന്ത്രി പറഞ്ഞ തരത്തിലുള്ള ശാസ്ത്രീയപരിശോധന ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം, പ്രാദേശിക തലങ്ങളില്‍ ക്വാറി മുതലാളിത്തം പിടിമുറുക്കുകയാണ്. ഇവര്‍ ഇടതുപാര്‍ട്ടികളെയും വിലക്കെടുക്കുന്നുണ്ട്. ഉദാഹരണത്തിന്, പരിസ്ഥിതിലോലമെന്ന് കണ്ടെത്തിയ സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ വന്‍തോതില്‍ അനധികൃത പാറ ഖനനമാണ് നടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ക്വാറികളേറെയും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. ഈയിടെ, എഴുമറ്റൂരില്‍ ഒരു ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തെ നിരവധി ഗ്രാമങ്ങളില്‍ ആഘാതമുണ്ടായി. നിരവധി വീടുകളാണ് നശിച്ചത്. നിരവധി ഗ്രാമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന തദ്ദേശീയ ജനതയുടെ ക്വാറി വിരുദ്ധ സമരങ്ങളെ ഒറ്റു കൊടുക്കുന്നത് ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവരാണ്. കേരളത്തില്‍ 604 അംഗീകൃത ക്വാറികളാണുള്ളത് എന്നാണ് വ്യവസായ മന്ത്രി പറയുന്നത്. ആറായിരത്തിലേറെയുണ്ടെന്ന് പ്രതിപക്ഷ നേതാവും പറയുന്നു. ആര് പറയുന്നതാണ് ശരി? അതിനുപോലും കണക്കില്ലാത്ത സ്ഥിതിയാണ്.

biju-kumar
പ്രൊഫ. എ. ബിജുകുമാര്‍

പ്രളയങ്ങള്‍ക്കുശേഷം കേരളത്തിലെ നദികള്‍ക്കു സംഭവിച്ച മാറ്റം, ഭൂവിനിയോഗത്തിലെ പ്രശ്‌നങ്ങള്‍, പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം, കടലോരങ്ങള്‍ നേരിടുന്ന ഭീഷണി തുടങ്ങി എത്രയോ അടിസ്ഥാന പ്രശ്‌നങ്ങള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നു. ദുരിതാശ്വാസം എന്ന വെല്‍ഫെയര്‍ രാഷ്ട്രീയത്തിനുചുറ്റും കറങ്ങി ഭരണകൂടങ്ങള്‍ ഇത്തരം വിഷയങ്ങളെയെല്ലാം മനഃപൂര്‍വം വിസ്മരിക്കുകയാണ്. ബിജുകുമാര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, പ്രാദേശിക തല പ്രവര്‍ത്തനം കൊണ്ടേ, പരിസ്ഥിതിവിരുദ്ധമായ രാഷ്ട്രീയത്തിന്റെ അധിനിവേശത്തെ ചെറുക്കാനാകൂ. അതിന് തുടക്കം കുറിക്കാന്‍ കഴിയുന്ന ഒരിടം തീര്‍ച്ചയായും കേരളം തന്നെയാണ്.
ഷീന്‍ പ്രകാശ്,
പാലക്കാട്


ജയമോഹന്‍ എന്ന പാരസ്പര്യം

യമോഹനുമായുള്ള എം.ജി. അനീഷിന്റെ അഭിമുഖം (പാക്കറ്റ് 49) ഹൃദ്യമായ ഒന്നായിരുന്നു. ദേശ സംസ്‌കാരങ്ങളുടെ അനവധി അടരുകളുള്ള ഒരു എഴുത്തില്‍ എങ്ങനെയാണ് എഴുത്തുകാരനിലെ വിഭിന്ന ദേശങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഈ അഭിമുഖം കാണിച്ചുതരുന്നു.

jayamohan
ജയമോഹന്‍

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവല്‍ക്കരണം സാംസ്‌കാരികമായി സൃഷ്ടിച്ച വിഭജനങ്ങളെ അദ്ദേഹം ഈ അഭിമുഖത്തിലൂടെ പുറത്തുകൊണ്ടുവരുന്നുണ്ട്. ഭാഷാ സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ കന്യാകുമാരി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ എങ്ങനെയാണ് മറികടക്കുന്നത് എന്നതിന് സ്വന്തം ജീവിതം തന്നെയാണ് സാക്ഷ്യം. കേരളത്തില്‍ ജനിച്ച അമ്മയും അച്ഛനും പിന്നീട് തമിഴ്‌നാടിന്റെ പ്രജകളായി മാറിയപ്പോള്‍ അവരുടെ മനസ്സ് തിരുവിതാംകൂര്‍ രാജ്യത്തായിരുന്നു എന്ന് പറയുന്നതില്‍ ഈയൊരു സാംസ്‌കാരികമായ അതിര്‍ത്തിലംഘനം കാണാം. കന്യാകുമാരി ജില്ലയിലെ തമിഴന്‍ തിരുനല്‍വേലിയില്‍ ചെന്നാല്‍ അവരെ മലയാളിയെന്നേ പറയൂ എന്ന അറിവ് ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. അതുപോലെ, ഉത്സവങ്ങള്‍, കുലദൈവങ്ങള്‍, ഗ്രാമദേവതകള്‍, ജീവിതരീതികള്‍ തുടങ്ങി എത്രയോ ഘടകങ്ങള്‍ പരസ്പരം ഇടകലര്‍ന്നിരിക്കുന്നു. രണ്ടു സംസ്‌കാരങ്ങളുടെ സംഘര്‍ഷമല്ല, അവയുടെ പാരസ്പര്യമാണ് ജയമോഹന്റെ എഴുത്തിനെ ബലപ്പെടുത്തുന്നത് എന്ന് ഈ അഭിമുഖം അടിവരയിടുന്നു.
സുനില്‍ ബാബു
നെയ്യാറ്റിന്‍കര, തിരുവനന്തപുരം


വിദ്യാഭ്യാസ വായ്പ എന്ന കെണി

വിദ്യാഭ്യാസ വായ്പ എന്ന കെണിയെക്കുറിച്ച് എ.കെ. രമേശ് എഴുതിയ ലേഖനം (പാക്കറ്റ് 49) സന്ദര്‍ഭോചിതമായി. കാരണം, എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം നടക്കുന്ന സമയമാണ്, നിരവധി വിദ്യാര്‍ഥികളാണ് ഈ കുരുക്കില്‍ അകപ്പെടാന്‍ പോകുന്നത്. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെയാണ് വിദ്യാഭ്യാസ വായ്പ ഒരു അനിവാര്യതയായി മാറിയത്. എന്നാല്‍, ഇത് ഒരു അവകാശമാണ് എന്നൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നുണ്ടെങ്കിലും വായ്പക്കാരായ വിദ്യാര്‍ഥികളുടെ ശിഷ്ട ജീവിതം എങ്ങനെയാണ് എന്ന് ആരും ചിന്തിക്കാറില്ല. കേരളത്തില്‍ ഏറ്റവും കൂടിതല്‍ ബാധ്യതയുള്ള വായ്പകളില്‍ ഒന്നാണ് വിദ്യാഭ്യാസ വായ്പ. അതായത്, നിഷ്‌ക്രിയ ആസ്തിയുടെ കണക്കില്‍ 14 ശതമാനമാണ് വിദ്യാഭ്യാസ വായ്പ വരുന്നത്. പ്രൊഫഷനല്‍ കോഴ്‌സുകളെന്നു പറഞ്ഞ് നിരവധി കോഴ്‌സുകളാണ് ദിനംപ്രതി പൊട്ടിമുളക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വായ്പാതിരിച്ചടവിനുള്ള തുക പോലും ശമ്പളമായി കിട്ടുന്ന ജോലി ലഭിക്കുന്നില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയാണ്, വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നമെന്നുതോന്നുന്നു. കാരണം, മികച്ച തൊഴില്‍ ലഭിക്കുന്നതിനുള്ള അടിസ്ഥാനശേഷി പോലുമില്ലാതെയാണ് എഞ്ചിനീയറിങ് അടക്കമുള്ള കോഴ്‌സുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഇന്ന് പുറത്തിറങ്ങിവരുന്നത്.

ak ramesh
എ.കെ. രമേശ്

എന്നാല്‍, പഠിക്കാന്‍ ചെലവാക്കേണ്ടിവരുന്നതോ, അമിതമായ തുകയും. സ്വാശ്രയ എഞ്ചിനീയറിങ്, മെഡിക്കല്‍ കോളേജുകളിലെ ഫീസ് നാലുലഷം മുതല്‍ ഏഴുലക്ഷം വരെയാണ് ഉയര്‍ന്നത്. പുറമേ, ഹോസ്റ്റല്‍, ഭക്ഷണം, പഠനസാമഗ്രികള്‍ എന്നിവയക്ക് വന്‍തുകയും ചെലവാകുന്നു. മെഡിക്കല്‍ അനുബന്ധ മേഖലകളായ നഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ മേഖലകളില്‍ ഇന്ന് കേരളത്തില്‍ ലഭിക്കുന്ന ശമ്പളം തുച്ഛമാണ്. നാലും അഞ്ചും ലക്ഷം രൂപ വന്‍ പലിശക്ക് വായ്പയെടുത്ത് പഠിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ഈ തുക, കിട്ടുന്ന ശമ്പളത്തില്‍നിന്ന് ഒരിക്കലും അടച്ചുതീര്‍ക്കാനാകില്ല എന്ന് വ്യക്തമാണ്. എന്നിട്ടും നമ്മുടെ വിദ്യാര്‍ഥികളുടെ ഭാവി, ഈ കുരുക്കില്‍ പെട്ടുകൊണ്ടിരിക്കുന്നു.
വി. ഷെറിന്‍,
​​​​​​​മൂവാറ്റുപുഴ


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media