കത്തുകള്‍
വായനക്കാര്‍

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍
letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.
യൂണിഫോം മാറുന്നു, മനസ്സോ?
വസ്ത്രത്തിലെ ലിംഗതുല്യതയെക്കുറിച്ച് അപര്‍ണ വിശ്വനാഥ് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ശ്രദ്ധേയമായി (പാക്കറ്റ് 51). അവര്‍ പ്രകടിപ്പിക്കുന്ന ഒരു ആശങ്ക പ്രധാനമാണ്: സ്‌കൂളില്‍നിന്ന് ജെന്റര്‍ ന്യൂട്രല്‍ വസ്ത്രവുമായി നമ്മുടെ കുട്ടികള്‍ തിരിച്ചെത്തുന്ന വീടുകള്‍ എങ്ങനെയുള്ളതാണ്? കുടുംബത്തിനകത്തെ ലിംഗവിവേചനങ്ങള്‍ കുട്ടിയിലുണ്ടാക്കുന്ന ആശയക്കുഴപ്പം ഗുരുതരമായിരിക്കും. എന്നാല്‍, സ്‌കൂള്‍ യൂണിഫോമില്‍ വരുത്തുന്ന മാറ്റം പോലെ ലളിതമായി വീടിനകത്തെ ഒരു കാര്യത്തിലും മാറ്റം വരുത്താനാകില്ല. കാരണം, ഇന്നത്തെ അണുകുടുംബങ്ങള്‍ പോലും ആണധികാരത്തിന്റെയും സ്ത്രീകളോടുള്ള വിവേചനങ്ങളുടെയും കാര്യത്തില്‍, പഴയ ഫ്യൂഡല്‍ മൂല്യങ്ങള്‍ അതേപടി പിന്തുടരുന്നവയാണ്.
സ്വന്തം അച്ഛനും അമ്മയും സഹോദരനും സഹോദരിയും തമ്മിലുള്ള ഗാര്‍ഹിക വിനിമയങ്ങള്‍ അടിമുടി വിവേചനപരമായാണ് കുടുംബങ്ങള്‍ നിശ്ചയിച്ചുവച്ചിട്ടുള്ളത്. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയുമൊക്കെ കാര്യത്തില്‍ സ്ത്രീകള്‍ എത്ര മുന്നേറിയിട്ടുണ്ടെങ്കിലും ആത്യന്തികമായി അവള്‍ ഭര്‍ത്താവിന്റെ ഒരാശ്രിതയായി കഴിയാന്‍ "വിധിക്ക'പ്പെട്ടവളാണ്. ഈയൊരു ബോധത്തിലൂടെയാണ് നമ്മുടെ കുട്ടികളും വളര്‍ന്നുവരുന്നത്. രാവിലെ കസേരയില്‍ കാലും കയറ്റിയിരുന്ന് പത്രം വായിക്കുന്ന ആണിന് ചൂടുള്ള ചായ ഉണ്ടാക്കിക്കൊടുക്കുന്ന സ്ത്രീകളെയാണ് നമ്മുടെ കുട്ടികള്‍ കണ്ടു വളരുന്നത്. ഏതു മതവും വിശ്വാസവും ഈ മട്ടിലുള്ള ആണധികാര വ്യവസ്ഥയാണ് പെണ്ണിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

ഈയിടെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് നടി മുക്ത പറഞ്ഞത് വിവാദമായിരുന്നുവല്ലോ. മകളെ വീട്ടുപണികള്‍ പഠിപ്പിക്കാറുണ്ടെന്നും അവളും മറ്റൊരു വീട്ടിലേക്ക് ചെന്ന് കേറേണ്ടതല്ലേ എന്നുമാണ് അവര്‍ ചോദിച്ചത്. വിവാഹം കഴിക്കുന്നതുവരെ മാത്രമേ ആര്‍ട്ടിസ്റ്റ് ഉള്ളൂ എന്നും അതുകഴിഞ്ഞാല്‍ നമ്മളൊക്കെ വീട്ടമ്മമാരായി എന്നും അതുകൊണ്ട് വീട്ടുജോലികള്‍ പഠിക്കണം എന്നുമൊക്കെ പറഞ്ഞതിന് അവര്‍ക്കെതിരെ ബാലാവകാശ കമീഷന് പരാതി കൊടുത്തിരുന്നു. എന്നാല്‍, അവര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണം തികച്ചും ബാലിശമായിരുന്നു എന്നാണ് തോന്നിയത്. കാരണം, നമ്മള്‍ അടക്കമുള്ളവരുടെ പൊതുബോധത്തിലുള്ള ഒരു കാര്യം ആവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ഈ പരിപാടി സംപ്രേഷണം ചെയ്ത ചാനലും ഇതേപോലുള്ള എത്രയോ പരിപാടികള്‍ നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ചാനലുകളുമാണ് മുക്തയേക്കാള്‍ കുറ്റവാളികള്‍!
മുക്തക്കെതിരെ രംഗത്തുവന്നവരിലേറെ പേരും സ്ത്രീവിരുദ്ധമായ കുടുംബസംവിധാനത്തിനകത്ത് ഒരു പരാതിയുമില്ലാതെ കഴിഞ്ഞുകൂടുന്നവരാണുതാനും. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, യൂണിഫോമില്‍ മാത്രം വരുത്തുന്ന മാറ്റം കൊണ്ട് അടിസ്ഥാന ബോധത്തെ എന്തുമാത്രം മുറിവേല്‍പ്പിക്കാന്‍ കഴിയും എന്ന് ഗൗരവമായി ആലോചിക്കേണ്ടിവരും.
പ്രീത കെ.ആര്‍,
എസ്.എന്‍. പുരം, തൃശൂര്‍
ലിവിങ് ടുഗെതറിനെ എല്ലാ കാലവും കോടതികള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല
ലിവിങ് ടുഗെതര്‍ ബന്ധങ്ങളെ നമ്മുടെ നിയമസംവിധാനങ്ങള്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ വ്യക്തമായ ഒരു വിശകലനമായിരുന്നു സല്‍വാ ഷെറിന്‍ കെ.പി. എഴുതിയ ലേഖനം (പാക്കറ്റ് 51).
ഇത്തരം ബന്ധങ്ങളെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ അതേപടി, കോടതികളും പങ്കിടുന്നു എന്നാണ് ഈ വിഷയത്തെ സമീപിക്കുന്ന കോടതി വ്യാഖ്യാനങ്ങള്‍ കാണിക്കുന്നത്.

ലിവിങ് ടുഗെതര്‍ കുറ്റകരമല്ലെന്ന് വ്യക്തമാക്കിയ പഞ്ചാബ്- ഹരിയാന ഹൈകോടതിയുടെ വിധിയില്‍, ഇത് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും കുറ്റകരമായി കാണാനാകില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍, ലിവിങ് ടുഗെതര്‍ ബന്ധത്തിലേര്‍പ്പെട്ടവര്‍, ബന്ധുക്കളില്‍നിന്ന് ഭീഷണിയുണ്ടെന്നുചൂണ്ടിക്കാട്ടി നല്‍കിയ മറ്റൊരു ഹര്‍ജിയില്‍, സംരക്ഷണം നല്‍കാന്‍ പൊലീസിനോട് ഉത്തരവിട്ട ഇതേ കോടതി, ഈ ഉത്തരവ് പരാതിക്കാരുടെ ബന്ധം അംഗീകരിക്കുന്നതിന്റെ ഭാഗമായി കാണാനാകില്ലെന്നാണ് പറഞ്ഞത്.
ലിവിങ് ടുഗെതര്‍ ബന്ധത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലൂടെയുണ്ടായ കുട്ടികളുടെ അവകാശങ്ങളുണ്ടെന്ന് കേരള ഹൈകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ലേഖനത്തിനാധാരമായ, മദ്രാസ് ഹൈകോടതി വിധി നേരെ മറിച്ചാണ്. എന്തുകൊണ്ടാണ്, രാജ്യത്തെ ഹൈകോടതികള്‍ ഒരു വിഷയത്തില്‍ ഇത്ര ആശയക്കുഴപ്പത്തിലാകുന്നത്? ഇത്തരം ബന്ധങ്ങളെ കൃത്യമായി വ്യഖ്യാനിക്കുകയും അതിനുവേണ്ടി ഒരു മൂലനിയമം ഇല്ലാത്തതുമാണെന്നുതോന്നുന്നു പ്രശ്‌നം രൂക്ഷമാക്കുന്നത്. അതുകൊണ്ടുതന്നെ, പൊതുസമൂഹം ചോദിക്കുന്ന സംശയം കലര്‍ന്ന ചോദ്യങ്ങളാണ് കോടതിയിലെത്തുന്ന ഈ ബന്ധങ്ങളിലെ പങ്കാളികളോട് ന്യായാധിപന്മാര്‍ ചോദിക്കുന്നത്.

പരമ്പരാഗത വിവാഹ ബന്ധങ്ങള്‍ വ്യക്തികള്‍ക്ക് കാരാഗൃഹമായി മാറുകയും ലിവ്- ഇന്‍ ബന്ധങ്ങള്‍ കൂടിവരികയും ചെയ്യുകയാണ്. എങ്കിലും, സമൂഹം ഇപ്പോഴും ഇവരെ സംശയദൃഷ്ടികളോടെയാണ് വീക്ഷിക്കുന്നത്. വിവാഹബന്ധത്തില്‍, 'സര്‍വം സഹ'യായി ജീവിക്കാനാണ് സമൂഹം സ്ത്രീയെ നിര്‍ബന്ധിക്കുന്നത്. വിവാഹമോചനം പോലും സ്ത്രീയെ സംബന്ധിച്ച് കുറ്റകരമായ ഒരു കൃത്യമായി നിലനില്‍ക്കുകയാണ്. യാഥാസ്ഥിതിക വിവാഹ- കുടുംബബന്ധങ്ങളെക്കുറിച്ച് അവിശ്വാസവും ഭീതിയും- കമ്മിറ്റഡ് ഫോബിയ- യുവാക്കള്‍ക്കിടയില്‍ കൂടിവരികയാണെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നുണ്ട്. പകരം, സ്വന്തം വ്യക്തിത്വവും കരിയറുമെല്ലാം സംരക്ഷിക്കുന്ന, എല്ലാകാലത്തേക്കും വിലങ്ങ് സൃഷ്ടിക്കാത്ത സ്വതന്ത്രമായ ബന്ധങ്ങളെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ഒന്നിച്ചുജീവിക്കാന്‍ പറ്റില്ലെങ്കില്‍ വേര്‍പിരിയുക എന്നത് സ്വഭാവികമായി സംഭവിക്കേണ്ടതാണ് എന്ന തിരിച്ചറിവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് പുതിയ തലമുറ. ഇത് നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ക്ക് എല്ലാ കാലവും അവഗണിക്കാന്‍ കഴിയില്ല.
സുമി വിജേഷ്,
ഒറ്റപ്പാലം
കോവിഡ്: യൂറോപ്പ് ഇഫക്ട് ഉണ്ടാകില്ല; പക്ഷേ...
കോവിഡ് രണ്ടുവര്‍ഷം തികഞ്ഞു. യൂറോപ്പിലെ സാഹചര്യമല്ല കേരളത്തിലുള്ളത് എന്നതുകൊണ്ട്, യൂറോപ്പില്‍ ഇപ്പോള്‍ കാണുന്ന വ്യാപനം അതേ രീതിയില്‍ കേരളത്തിലുണ്ടാകില്ല എന്ന അഭിപ്രായം വായിച്ചു. (റിദാ നാസര്‍, പാക്കറ്റ് 51). എന്നാല്‍, യൂറോപ്പിലെ വ്യാപനം കേരളത്തിന് നല്‍കുന്ന പാഠങ്ങളെ തീര്‍ത്തും അവഗണിക്കാനാകില്ല. അതില്‍ പ്രധാനമാണ്, വാക്‌സിനേഷനോടുള്ള നമ്മുടെ വിമുഖത.
മതപരമായ കാരണങ്ങള്‍ കൊണ്ടുപോലും കേരളത്തില്‍ വാക്‌സിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന അധ്യാപകരുണ്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. മാത്രമല്ല, വാക്‌സിനാണ് കോവിഡിനുള്ള ഏക പരിഹാരം എന്ന് തെളിയിക്കപ്പെട്ടിട്ടും, വാക്‌സിനെക്കുറിച്ച് തെറ്റിധാരണയും സംശയവും പരത്തി, വിട്ടുനില്‍ക്കാനുള്ള പ്രചാരണം കൂടിവരികയുമാണ്. പല വികസിതരാജ്യങ്ങളിലും വാക്‌സിനെതിരായ പ്രചാരണം ശക്തമാണത്രേ. ഡെല്‍റ്റ വൈറസിനെ നേരിടാന്‍ 80% എങ്കിലും രണ്ട് ഡോസ് വാക്‌സിനേഷനും നടക്കേണ്ടതുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒന്നാം ഡോസ് എടുത്തശേഷം, രണ്ടാം ഡോസ് എടുക്കാന്‍ കാണിക്കുന്ന വിമുഖത, രോഗം വ്യാപിക്കാന്‍ കാരണമാകുന്നു. എന്നാല്‍, 80% പേര്‍ വാക്‌സിനെടുത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വളരെ കുറഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ കാണിക്കുന്നു.

കേരളത്തില്‍, മികച്ച മാതൃക സൃഷ്ടിച്ച കാസര്‍കോട് ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏറ്റവും കുറവുള്ള ജില്ലയില്‍, വാക്‌സിനോടുള്ള വിമുഖത വര്‍ധിച്ചതിനെതുടര്‍ന്ന് രോഗികളുടെ എണ്ണവും കൂടിവരുന്നതായി പത്രവാര്‍ത്തകള്‍ കാണിക്കുന്നു. ജില്ലയിലെ ബീച്ചുകളില്‍ വന്‍ ആള്‍ക്കൂട്ടമാണ്. ഒറ്റ ഡോസ് വാക്‌സിന്‍ മതി എന്ന മട്ടിലാണ് ജില്ലയിലും സംസ്ഥാനത്ത് ഒട്ടാകെയും ജനം. ഇത് തീര്‍ച്ചയായും അപകടരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നതില്‍ സംശയമില്ല.
എം. അബ്ദുല്‍ നാസര്‍,
അബുദാബി, യു.എ.ഇ.
ആധുനിക വൈദ്യശാസ്ത്രം അറബിന്റേതുകൂടിയാണ്
ആധുനിക വൈദ്യശാസ്ത്രം പാശ്ചാത്യ സൃഷ്ടിയാണ് എന്ന ചിന്ത സ്ഥാപിച്ചെടുക്കേണ്ടത് ഒരുകാലത്ത് യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെയും ഇന്ന് നവകോളനിവാദികളുടെയും താല്‍പര്യമാണ്, അതിനെതിരായ വസ്തുതകള്‍ ചുറ്റുമുള്ളപ്പോള്‍ തന്നെ. പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തിലെ ബലഹീനതകളായി മാറിയ പല പ്രവണതകളെയും തുടക്കം മുതല്‍ എതിര്‍ത്തിരുന്ന അബുബക്കര്‍ അല്‍ റാസിയുടെ സംഭാവനകള്‍ സമഗ്രമായി വിലയിരുത്തി ഡോ. ജോളി കെ. ജോണ്‍ എഴുതിയ ലേഖനം ഏറെ പ്രസക്തമാണ്.
ആധുനിക വൈദ്യാശാസ്ത്രത്തിലെ പല പ്രവണതകള്‍ക്കും തുടക്കമിട്ടത് അറബ് രാജ്യങ്ങളില്‍നിന്നാണ്. സുസജ്ജമായ ആശുപത്രി സംവിധാനം, യോഗ്യതയുള്ള ഡോക്ടര്‍മാരും ജീവനക്കാരും, ചികിത്സ രേഖാമൂലം സൂക്ഷിക്കുക, ഫാര്‍മസി സംവിധാനം തുടങ്ങിയക്ക് വ്യവസ്ഥാപിത രൂപം ആവിഷ്‌കരിച്ചത് അറബ് ലോകമാണ്. ഡിസ്റ്റിലേഷന്‍, ക്രിസ്റ്റലൈസേഷന്‍, ആള്‍ക്കഹോളിലെ ആന്റിസെപ്റ്റിക്കായി ഉപയോഗിക്കുന്ന വിദ്യ തുടങ്ങിയ നിരവധി ശാസ്ത്രീയ- സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ അറബ് ലോകത്തുനിന്നുണ്ടായി.

അറബ് ശാസ്ത്രത്തിന്റെ സുവര്‍ണകാലം എന്നറിയപ്പെടുന്ന ഒമ്പത്, 13 നൂറ്റാണ്ടുകളില്‍ മെഡിസിനിലും ഫാര്‍മസിയിലുമാണ് പ്രധാന കുതിപ്പുണ്ടായത്. ലോകത്തെങ്ങുമുള്ള വൈജ്ഞാനികധാരകളെ അറബ് ലോകം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഗ്രീക്ക്, പൗരസ്ത്യ ക്രിസ്ത്യന്‍ പണ്ഡിതരുടെ ഭാഷയായ സിറിയക്, ഇറാനിലെ പ്രാചീന ഭാഷയായ പഹ്‌ലവി, സംസ്‌കൃതം തുടങ്ങിയവയില്‍ എഴുതപ്പെട്ട വൈജ്ഞാനിക കൃതികള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഇബ്ന്‍ സിന എഴുതിയ അഞ്ചു വാള്യങ്ങളുള്ള 'ദി ലോ ഓഫ് മെഡിസിന്‍' എന്ന പുസ്തകം വൈദ്യശാസ്ത്ര ചരിത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളോളം അറബിക് ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര സ്രോതസ്സായി തുടര്‍ന്നു. ലോകത്തെ മറ്റു വൈജ്ഞാനിക ശാഖകളുമായുള്ള വിനിമയങ്ങളാണ് അറബ് ഇടപെടലുകളെ സമഗ്രവും വൈവിധ്യപൂര്‍ണവുമാക്കിയത്. അതാണ്, പിന്നീടുവന്ന യൂറോപ്യന്‍- കൊളോണിയല്‍ ധാരകള്‍ റദ്ദാക്കിക്കളഞ്ഞത്. അങ്ങനെയാണ് ഒരു ഏകധാരാ ശാസ്ത്രമായി ആധുനിക വൈദ്യശാസ്ത്രത്തെ ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങളുണ്ടായത്.
കെ.വി. ഷഫീക്ക്,
സുല്‍ത്താന്‍ബത്തേരി
ട്രാന്‍സ്ജന്ററുകളോടുള്ള 'കേരള മാതൃക'
അക്കൈ പദ്മശാലിയുമായുള്ള സംഭാഷണവും അവരുടെ പുതിയ പുസ്തകത്തില്‍നിന്നുള്ള ഭാഗവും വായിച്ചു. സാമൂഹിക വര്‍ഗ രാഷ്ട്രീയം ഇത്ര മുന്നേറിയിട്ടും ട്രാന്‍സ് കമ്യൂണിറ്റി നേരിടേണ്ടിവരുന്ന വിവേചനം എത്ര ക്രൂരമാണെന്ന് അവരുടെ ഓരോ വാക്കും തെളിയിക്കുന്നു. പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ട്രാന്‍സ് ആക്റ്റിവിസ്റ്റുകള്‍ കേരളത്തിലടക്കമുണ്ടെങ്കിലും അവര്‍ അവിടേക്കെത്താന്‍ എത്ര കൊടുംപാതകള്‍ താണ്ടിയെന്ന് അക്കൈ പറയുന്നുണ്ട്. തെരുവില്‍ ഭിക്ഷയെടുത്തും ലൈംഗികതൊഴില്‍ ചെയ്തുമാണ് അവര്‍ വളര്‍ന്നത്.

നമ്മുടെ ഉന്നതമായ നീതിന്യായ സ്ഥാപനങ്ങള്‍ക്കുപോലും ട്രാന്‍സ്‌ജെന്ററുകളെയും എല്‍.ജി.ബി.ടി.ക്യു. വിഭാഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത എത്രത്തോളമാണ് എന്ന് ഈയിടെ മദ്രാസ് ഹൈകോടതി തന്നെ തെളിയിച്ചുവല്ലോ. മധുര സ്വദേശികളായ സ്വവര്‍ഗാനുരാഗികളായ രണ്ട് യുവതികള്‍ നല്‍കിയ ഹരജിയില്‍, ഈ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുണ്ടായിരുന്ന അജ്ഞത ദൂരീകരിക്കാന്‍ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് സ്വയം മുന്നിട്ടിറങ്ങി. ""LGBTQIA+ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും വ്യക്തിയെ നേരിട്ട് കാണാനോ അവരുടെ വികാരങ്ങള്‍ മനസിലാക്കാനോ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കേസ് എന്നെ സംബന്ധിച്ച് എന്റെ പരിധിക്ക് പുറത്തുള്ള കാര്യമായിരുന്നു. ഞാനാണ് എന്റെ മുന്‍വിധികളെ തിരുത്താനും അവരെ മനസിലാക്കാനും അംഗീകരിക്കാനും മുന്നോട്ടുപോകേണ്ടതെന്നും, അല്ലാതെ സാമൂഹ്യധാര്‍മ്മികയും പരമ്പരാഗത കാഴ്ചപ്പാടുകളും തകര്‍ക്കാന്‍ അവരല്ല മുന്നോട്ടുവരേണ്ടതെന്നും ഹരജിക്കാരുമായി സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കി.'' എന്നാണ് അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞത്.

സ്വവര്‍ഗാനുരാഗത്തെ ഉള്‍ക്കൊള്ളാനാകാത്ത പൊതുബോധത്തിന്റെ അടിമയായിരുന്നു ഈ ജഡ്ജിയും. എന്നാല്‍, അദ്ദേഹം അത് സ്വയം തിരുത്താന്‍ തയാറായി. ഭരണകൂട സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന എത്രപേര്‍ ഇത്തരം തിരുത്തലുകള്‍ക്ക് തയാറാകും? ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ട്രാന്‍സ് ജെന്ററുകള്‍ അംഗീകരിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തില്‍ സ്ഥിതി വിഭിന്നമാണ്. പൊതുനിരത്തില്‍ ഇറങ്ങിനടക്കാന്‍ പോലും കഴിയാത്തവിധം കേരളം അവരോട് മുഖംതിരിച്ചുനില്‍ക്കുകയാണ്.
ട്രാന്‍സ് ജെന്റര്‍ പോളിസി നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന ഖ്യാതി സ്വന്തമായുള്ള ഒരു സംസ്ഥാനത്ത്, പൊലീസ് സ്‌റ്റേഷനുകളില്‍ പോലൂം ഇന്നും അവര്‍ അപമാനിക്കപ്പെടുകയാണ്. പിടിച്ചുപറിക്കേസില്‍ പരാതി പറയാന്‍ പൊലീസ് സ്‌റ്റേഷനില്‍ ചെന്ന ട്രാന്‍സ്‌ജെന്ററുകളെ പ്രതിയാക്കി അറസ്റ്റുചെയ്തത് കേരള പൊലീസാണ്. ട്രാന്‍സ് വ്യക്തികളെ ജോലിക്കെടുത്ത ആദ്യ സര്‍ക്കാര്‍ സ്ഥാപനമെന്ന കീര്‍ത്തി ഇന്നും കൊച്ചി മെട്രോക്കുണ്ട്. എന്നാല്‍, ആ തൊഴില്‍ ജീവിതം അവര്‍ക്ക് നിലനിര്‍ത്താന്‍ കഴിയാത്ത ചുറ്റുപാടുകള്‍ നമ്മുടെ സമൂഹം തന്നെ സൃഷ്ടിച്ചുകൊടുത്തു. നാമമാത്രമായ, വാര്‍ത്തകളില്‍ ഇടം നേടുന്ന നേട്ടങ്ങളുടെ പേരില്‍ വ്യക്തികളെ ഉയര്‍ത്തിക്കാട്ടുകയും ഒരു സമൂഹത്തെയാകെ ഇരുട്ടില്‍തന്നെ നിര്‍ത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേരളം ട്രാന്‍സ് സമൂഹത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്.
ഷീന കുമാരി,
തിരുവനന്തപുരം
ഹിജ്‌റകളുടെ ലിംഗഛേദ കൊലകള്‍ തന്നെയല്ലേ ആശുപത്രികളില്‍ നടക്കുന്നത്?
അക്കൈ പദ്മശാലിയുടെ, സ്ത്രീയാകാനുള്ള സാഹസം വായിച്ച് ഞെട്ടിപ്പോയി. ലിംഗമാറ്റ ശസ്ത്രക്രിയകളുടെ പേരില്‍ നടക്കുന്ന കൊടും ചതികളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇവരുടെ അനുഭവം അതില്‍നിന്നെല്ലം വേറിട്ടുനില്‍ക്കുന്നു. സ്വന്തം സ്വത്വം ഉള്‍ക്കൊണ്ട് ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചെടുത്തുകഴിഞ്ഞാല്‍ തന്നെ അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമം എത്ര കഠിനമാണ്? സമൂഹവും അധികാര സ്ഥാപനങ്ങളുമെല്ലാം അവര്‍ക്കെതിരെയാകുന്നു. സ്വന്തം സമുദായം അടിച്ചേല്‍പ്പിക്കുന്ന ക്രൂരതയില്‍നിന്ന് രക്ഷപ്പെടുക തന്നെ ശ്രമകരം. കൊലയ്ക്കുതുല്യമാണ് ഹിജ്‌റകളുടെ "ലിംഗഛേദ' ശസ്ത്രക്രിയ. അടക്കം ചെയ്യാന്‍ ശവക്കുഴി അടക്കം ഒരുക്കിവച്ചുകൊണ്ടുള്ള ഏര്‍പ്പാട്. ഇതുതന്നെയല്ലോ, അല്‍പം മുന്തിയ തോതില്‍, നമ്മുടെ ആശുപത്രികളിലും നടക്കുന്നത്?

മാസങ്ങള്‍ക്കുമുമ്പ് ആത്മഹത്യ ചെയ്ത ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് അനന്യകുമാരിക്ക് ശസ്ത്രക്രിയക്കുശേഷം ഒരു വര്‍ഷത്തോളം സ്വകാര്യഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇത് പരാതിപ്പെട്ടതിന് അവരെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നും താന്‍ മാനസിക- ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനുതൊട്ടുപുറകേയാണ് അവര്‍ ജീവനൊടുക്കിയത്. ചൂടാക്കിയ കത്തി കൊണ്ട് ലിംഗം അറുത്തെടുത്ത് മുറിവില്‍ തിളപ്പിച്ച ആവണക്കെണ്ണ ഒഴിക്കുന്ന അതേ അനുഭവമാണ്, എന്റെ യോനീഭാഗം ചെത്തിക്കളഞ്ഞപോലെയാണുള്ളത്, പച്ചമാംസം പുറത്തേക്ക് ഇരിക്കുന്നതുപോലെയാണുള്ളത്' എന്ന അനന്യകുമാരിയുടെ മരണത്തിനുമുമ്പുള്ള വെളിപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ തോന്നുക. ട്രാന്‍സ് ശരീരങ്ങളോടും അവരുടെ വ്യക്തിത്വങ്ങളോടുമുള്ള കൊടും അവഗണന തന്നെയാണ് ഇത്തരം നടപടികളില്‍ പ്രതിഫലിക്കുന്നത്.
പ്രവീണ എസ്.കെ,
ന്യൂഡല്‍ഹി
കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കഥകളിക്ക് പ്രവേശനം കിട്ടാന്‍ 90 വര്‍ഷം കഴിയേണ്ടിവന്നു
സ്വന്തം വ്യക്തിത്വത്തെ തടവിലിടുന്ന വേഷം അടക്കം എല്ലാതരം വിവേചനങ്ങളോടുമുള്ള പ്രതിഷേധമാണ് പുണ്യ സി.ആറും അനുരാധ സാരംഗും പ്രകടിപ്പിക്കുന്നത് (പാക്കറ്റ് 51). കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ശരീരത്തെ വെറുമൊരു ഒളിഞ്ഞുനോട്ടവസ്തുവായി കാണാന്‍ നമ്മള്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുകയാണ്, അടിച്ചേല്‍പ്പിക്കുന്ന വേഷങ്ങളിലൂടെ. കുട്ടികളെ പോലും അടിമുടി വസ്ത്രം കൊണ്ടുമൂടാന്‍ നിര്‍ബന്ധിക്കുന്ന മതപാഠശാലകളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറ വച്ച് പഠിപ്പിക്കുന്ന ക്ലാസുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള നാടാണ് കേരളവും.
എന്തിന് മതപാഠശാലകളെ പറയണം? സഹവിദ്യാഭ്യാസമാണ് കുട്ടികളുടെ മാനസിക, സാമൂഹിക വളര്‍ച്ചക്കും പക്വമായ ആണ്‍- പെണ്‍ ബന്ധങ്ങള്‍ക്കും നല്ലത് എന്ന് ശാസ്ത്രം പറഞ്ഞിട്ടും കേരളത്തില്‍ 380 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളാണ് മിക്‌സഡ് അല്ലാതെ പ്രവര്‍ത്തിക്കുന്നത് എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍, മിക്‌സഡ് സ്‌കൂളുകള്‍ മനഃപൂര്‍വം ഒഴിവാക്കുന്ന രക്ഷിതാക്കള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മിണ്ടിയാല്‍ ശിക്ഷിക്കുന്ന അധ്യാപകരുള്ള സ്‌കൂളുകളും നമുക്കിടയിലുണ്ട്.

കേരളത്തിന്റെ "അഭിമാന സ്തംഭ'മായി പലരും കൊണ്ടാടുന്ന കലാമണ്ഡലത്തില്‍, കഥകളി പഠിക്കാന്‍ വിദേശ സ്ത്രീകള്‍ക്കുപോലും അവസരമുള്ളപ്പോള്‍, കഴിഞ്ഞവര്‍ഷം വരെ അത് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നിഷിദ്ധമായിരുന്നു. കലാമണ്ഡലം സ്ഥാപിച്ച് 90 വര്‍ഷം കാത്തിരിക്കേണ്ടിവന്നു, ഈ വര്‍ഷം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍. പെണ്‍കുട്ടികള്‍ക്ക് ചവുട്ടി ഉഴിച്ചില്‍ പറ്റില്ലെന്നും ആര്‍ത്തവമുണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു ഈ വിവേചനം. എന്നാല്‍, സദനം, കലാനിലയം എന്നീ സ്ഥാപനങ്ങളില്‍ ഈ "പ്രശ്‌ന'ങ്ങളെല്ലാമുള്ള പെണ്‍കുട്ടികളെ കഥകളി അഭ്യസിപ്പിക്കുന്നുണ്ടുതാനും. കഥകളിയില്‍ സ്ത്രീകളുടെ മാത്രമായി ട്രൂപ്പുകളുമുണ്ട്. ജനിച്ചതുമുതല്‍, വേഷം അടക്കമുള്ള "ആചാര'ങ്ങളില്‍നിന്നുതുടങ്ങുന്ന വിവേചനങ്ങളാണ് പെണ്‍കുട്ടികളെ പല തലങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുന്നതിന്റെ അടിസ്ഥാനം. യൂണിഫോമില്‍ വരുത്തുന്ന സമത്വം, ചെറിയൊരു തുടക്കമാണെങ്കിലും ഏറെ പ്രധാനമാകുന്നത് അതുകൊണ്ടാണ്.
ജമാല്‍ മുഹമ്മദ്,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മലപ്പുറം
ആധുനിക വിദ്യാഭ്യാസത്തിലേറി മലപ്പുറം മുന്നോട്ട്
ഷംഷാദ് ഹുസൈന്റെ മലപ്പുറം പെണ്ണിന്റെ ആത്മകഥ വളരെ താല്‍പര്യത്തോടെയാണ് വായിക്കുന്നത്. കഴിഞ്ഞ പാക്കറ്റില്‍ അവര്‍ എഴുതിയ "ക്ലാസ് മുറിയില്‍നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്' എന്ന ലേഖനം, ആധുനിക വിദ്യാഭ്യാസം തുറന്നുവിട്ട സാധ്യതകളെ രേഖപ്പെടുത്തുന്നു, പ്രത്യേകിച്ച്, സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്ന വിഭാഗങ്ങളില്‍.
എല്ലാതരം / വിഭാഗം കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്ന ക്ലാസ് മുറികള്‍ സൃഷ്ടിക്കുന്ന പൊതുഇടം വളരെ പ്രധാനമാണ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളെ മറികടക്കാന്‍ അത് കുറച്ചൊന്നുമല്ല സഹായിക്കുന്നത്. പ്രത്യേകിച്ച്, പലതരം കെട്ടുപാടുകള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന മലപ്പുറത്തെപ്പോലൊരു പ്രദേശത്തുനിന്ന്. ഗള്‍ഫ് പ്രവാസമായിരുന്നു മലപ്പുറത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് പറയപ്പെട്ടിരുന്ന ഏക സൂചകം. എന്നാല്‍, ഇപ്പോള്‍ അത് അക്കാദമിക് നേട്ടത്തിലേക്ക് കുതിക്കുകയാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍.
മലപ്പുറത്തെ ചൊല്ലിയുള്ള സ്ഥിരം വിശേഷണങ്ങള്‍ ഇന്ന് പഴഞ്ചൊല്ലുകളായി മാറിയിട്ടുണ്ട്. പഠിച്ച് ജോലി കിട്ടിയശേഷം വിവാഹം എന്നതിലേക്ക് പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും മാറുന്നു. പത്താം ക്ലാസ് കഴിഞ്ഞാലുടന്‍ ഗള്‍ഫിലേക്ക് കടക്കുക എന്ന വ്യാമോഹം ആണ്‍കുട്ടികള്‍ ഉപേക്ഷിച്ചുതുടങ്ങുന്നു. മലപ്പുറത്തെ പല അറബിക് വിദ്യാകേന്ദ്രങ്ങളും ആധുനിക വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറിയത്, ഗുണപരമായി വലിയ കുതിച്ചുചാട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഡോ.കെ.കെ.എന്‍. കുറുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മതപണ്ഡിതന്മാര്‍ പഴയ കാലത്തേക്കാള്‍ പുരോഗമനപരമായി ചിന്തിക്കുന്നതും അദ്ദേഹം എടുത്തുപറയുന്നു. എന്നാല്‍, ഇതിനാനുപാതികമായി മലപ്പുറത്തിന് ഒരുവിധത്തിലുമുള്ള പരിഗണന ലഭിക്കുന്നില്ല. എല്ലാ വര്‍ഷവും പ്ലസ് വണ്‍ അഡ്മിഷന്‍ സമയത്ത്, സീറ്റില്ലാത്തതിന്റെ പരാതി ഉയരുന്നത് ഇതിന് ഉദാഹരണമാണ്. പത്തുവര്‍ഷമായി, മികച്ച വിജയം നേടുന്നവര്‍ക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം എസ്.എസ്.എല്‍.സിക്ക് ജില്ലയില്‍ 99.39 ശതമാനമാണ് വിജയം. അത്, ഈ വര്‍ഷത്തെ പ്രത്യേകമായ മാര്‍ക്കിടല്‍ രീതിയിലൂടെ നേടിയതല്ല, 2012 മുതല്‍ എസ്.എസ്.എല്‍.സിക്ക് ജില്ലയില്‍ 90 ശതമാനത്തിനുമേലാണ് വിജയം. എന്നാല്‍, ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് ആഗ്രഹിച്ച കോഴ്‌സുകള്‍ ലഭിക്കാതെ പോകുന്നത്. ഒരു പ്രദേശത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള വിവേചനം, അത് എന്തിന്റെ പേരിലായാലും ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ആശാസ്യമല്ല.
ഫൗസിയ നാസര്‍,
പരപ്പനങ്ങാടി, മലപ്പുറം
വിവാഹം ലൈംഗികാക്രമണ ലൈസന്‍സോ?
ഭര്‍ത്താവിന്റെ ലൈംഗികാക്രമണം കുറ്റകരമാക്കലാണ് സാമൂഹിക നീതി (മുഹമ്മദ് അജീര്‍, പാക്കറ്റ് 51) എന്ന ലേഖനം പഠനാര്‍ഹമായ ഒന്നായിരുന്നു. കുടുംബവ്യവസ്ഥയുമായി ബന്ധപ്പെട്ട വ്യാജ ധാര്‍മികതകളാല്‍, ഇന്നും മൂടിവെക്കപ്പെടുന്ന ക്രൂരതയാണിത്. എന്നിട്ടും നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ പോലും ഇതേ വ്യാജ ധാര്‍മികബോധത്തിനടിമപ്പെട്ട്, ഇതിനെതിരെ മുഖംതിരിക്കുകയാണ്. "മാരേജ് ഈസ് എ ലൈസന്‍സ്ഡ് പ്രോസ്റ്റിറ്റിയൂഷന്‍' എന്നുപറഞ്ഞത് ബര്‍ണാഡ് ഷാ ആണ്. നമ്മുടെ കുടുംബവ്യവസ്ഥയെ സംബന്ധിച്ച് ഈ ആക്ഷേപം യാഥാര്‍ഥ്യമാണ്. സ്ത്രീയുടെ സമ്മതമില്ലാതെയോ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ചതിച്ചോ സമ്മതം നേടിയെടുത്ത് നടത്തുന്ന ലൈംഗികവേഴ്ചകളെ കുറ്റകൃത്യമായി പരിഗണിക്കുന്ന നിയമം, ഇതേ കുറ്റം ചെയ്യുന്ന ഭര്‍ത്താവിനെ വിവാഹബന്ധം എന്ന ജാമ്യത്തില്‍ വെറുതെവിടുന്നു.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 70 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനത്തിനിരയാകുന്നുണ്ട്. ഇവരിലേറെ പേര്‍ക്കും ഭര്‍ത്താക്കന്മാരില്‍നിന്നാണ് പീഡനം. അതായത്, വിവാഹം കഴിഞ്ഞാല്‍ ഒരു സ്ത്രീക്ക് തന്റെ ശരീരത്തില്‍ ഒരുതരം അവകാശവുമില്ലെന്നര്‍ഥം. നിയമനിര്‍മാണം നടത്തേണ്ട ഭരണകൂടങ്ങള്‍ വിവാഹം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ച് പിന്തിരിപ്പന്‍ ബോധനിലവാരം പങ്കിടുന്നവരാണ്. ഭര്‍തൃപീഡനത്തെ കുറ്റകൃത്യമാക്കുന്ന നിയമം വന്നാല്‍ അത് വിവാഹം എന്ന സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുമെന്നാണ് മുമ്പ്, ഇതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത്തരം പൊതുബോധങ്ങളാല്‍ ഭരിക്കപ്പെടുന്ന നിയമനിര്‍മാണസഭകളില്‍നിന്ന് ഇക്കാര്യത്തില്‍ പുരോഗമനപരമായ ഒരു നിയമം പ്രതീക്ഷിക്കുക വയ്യ.
കൃഷ്ണപ്രിയ പി.
യു.സി. കോളേജ്, ആലുവ
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media