Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍
​​​​​​​ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


ഗാന്ധിവധത്തിലെ പ്രതി ഒരു വ്യക്തിയല്ല, ആശയം തന്നെയാണ്

സ്റ്റിസ് കെ.ടി. തോമസിനുള്ള പി.എന്‍. ഗോപീകൃഷ്ണന്റെ കത്ത് (പാക്കറ്റ് 52), തൊട്ടുമുമ്പത്തെ പാക്കറ്റില്‍ ഇര്‍ഫാന്‍ ഹബീബുമായുള്ള അഭിമുഖവുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഹാജരാക്കപ്പെട്ട രേഖകള്‍ ഗാന്ധിവധക്കേസില്‍ സവര്‍ക്കറെ നിയമപരമായി ശിക്ഷിക്കാന്‍ മതിയായ തെളിവായിരുന്നിരിക്കില്ല എങ്കിലും, ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരു ചരിത്രകാരന് സവര്‍ക്കറിന്റെ പങ്ക് അവഗണിയ്ക്കാന്‍ കഴിയില്ല എന്നാണ് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത്. ഇതേ നിലപാടാണ് ഗോപീകൃഷ്ണനും കൂടുതല്‍ ചരിത്രവസ്തുതകളോടെ മുന്നോട്ടുവക്കുന്നത്. 

ദേശീയപ്രസ്ഥാനത്തിന്റെ ഉള്ളടക്കവുമായും സ്വതന്ത്യ ഇന്ത്യയുടെ രാഷ്ട്രീയ അസ്തിത്വവുമായുമെല്ലാം ബന്ധപ്പെട്ട ഗാന്ധിയന്‍ വിചാരങ്ങളെ അതിരൂക്ഷമായി എതിര്‍ക്കുകമാത്രമല്ല, അതിനെതിരായ കാമ്പയിന്‍ നടത്തിയ സംഘടന കൂടിയാണ് ആര്‍.എസ്.എസ്. ഗാന്ധി മുന്നോട്ടുവച്ച മതേതരത്വത്തിന്റെയും സമത്വത്തില്‍ അധിഷ്ഠിതമായ മാനവിക ജനാധിപത്യത്തിന്റെയും അടിത്തറകളെ തകര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് ഈ സംഘടനയുടേതെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധി വധത്തില്‍ നേരിട്ട് പ്രതിചേര്‍ക്കപ്പെട്ട ഹിന്ദു മഹാസഭയുടെ അതേ ആശയമാണ് ആര്‍.എസ്.എസിനും ഉണ്ടായിരുന്നത് എന്ന്, കോടതിയില്‍ എഴുതി നല്‍കിയ ഗോഡ്‌സേയുടെ പ്രസ്താവന തന്നെ തെളിവാണ്. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ 1970 ജനുവരിയില്‍ വന്ന ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ""നെഹ്‌റുവിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഗാന്ധി ഉപവാസമിരുന്നത്, അതിലൂടെ ജനതയുടെ ശാപം അദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു'' എന്നാണ്. മാത്രമല്ല, ഗോഡ്‌സേ എന്ന ഗാന്ധി ഘാതകന്റെ രൂപപ്പെടലില്‍, ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രചേരുവയാണ് പ്രധാന പങ്കുവഹിച്ചത് എന്ന് ഗോഡ്‌സേയുടെ തന്നെ എഴുത്തുകളില്‍ കാണാം.

pn GOPIKRISHNAN
പി.എന്‍. ഗോപീകൃഷ്ണന്‍

"ഗാന്ധിവധത്തില്‍ സവര്‍ക്കറുടെ പങ്കിനെക്കുറിച്ച് ധാര്‍മികമായി സംശയമുണ്ട്, എന്നാല്‍, ഇതിന് തെളിവുകളൊന്നുമില്ല' എന്നാണ് കോടതി പോലും പറഞ്ഞത്. തെളിവില്ല എന്നതിനര്‍ഥം, തെളിവുകള്‍ കോടതിക്കുമുമ്പാകെ എത്തിയിട്ടില്ല എന്നതുകൂടിയാണല്ലോ.

ഒരു മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നില്ല അന്ന് ആര്‍.എസ്.എസ് എന്നതുകൊണ്ടുമാത്രം ഗോഡ്‌സേ ആര്‍.എസ്.എസുകാരനായിരുന്നില്ല എന്ന് സാങ്കേതികമായി പറയാം. എന്നാല്‍, രാഷ്ട്രീയഹിംസയിലേക്കുനയിക്കുന്ന സാഹചര്യങ്ങളെ സാങ്കേതികമായല്ല കാണേണ്ടത്. ആ ഹിംസയുടെ പ്രതി ഒരാളല്ല, ഒരു സംഘം തന്നെയാണ്, ആ സംഘത്തിന് ഊര്‍ജം നല്‍കിയ ഒരാശയമാണ്. 
റംഷാദ് ഹുസൈന്‍
ഡോംബിവില്ലി, മഹാരാഷ്ട്ര


രാജീവ് വധത്തില്‍നിന്ന് ഗാന്ധി വധത്തിലെത്തുമ്പോള്‍ കെ.ടി. തോമസിന് സംഭവിക്കുന്നത്

രാജീവ്ഗാന്ധി വധക്കേസില്‍ പ്രതിയാക്കപ്പെട്ട നളിനിയുടെ വധശിക്ഷയില്‍ ഇളവു നല്‍കാനിടയാക്കിയ പരാമര്‍ശം നടത്തിയ ന്യായാധിപനെന്ന നിലക്കും ഇതേ കേസിലെ പ്രതികളുടെ ശിക്ഷാകാലാവധിയുടെ കാര്യത്തില്‍ മാനുഷികമായ സമീപനമെടുത്തയാളെന്ന നിലയ്ക്കുമാണ് ജസ്റ്റിസ് കെ.ടി. തോമസിനെ ശ്രദ്ധിച്ചിരുന്നത്. വധശിക്ഷയെ ജുഡീഷ്യര്‍ മര്‍ഡര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഈ വിവേകവും പാകതയുമെല്ലാം ഗാന്ധിവധത്തെ സമീപിക്കുന്നതിലും ആര്‍.എസ്.എസിനോടുള്ള സമീപനത്തിലുമൊന്നും കാണാന്‍ കഴിയാത്തത് ഖേദകരമാണ്. ആര്‍.എസ്.എസും ഹിന്ദു മഹാസഭയും ഒന്നല്ല എന്ന വാദമാണ്, അദ്ദേഹവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

cover
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 52 കവര്‍

വരണ്ടതും സാങ്കേതികവുമായ ഒരുതരം കോടതിന്യായമാണ് ഈ അഭിപ്രായങ്ങളില്‍ നിഴലിക്കുന്നത്. എന്നാല്‍, ഒരു കേസില്‍ ന്യായാധിപനുമുന്നില്‍ ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലല്ല, ഗാന്ധിവധം പോലുള്ള സംഭവങ്ങളെ വിലയിരുത്തേണ്ടത് എന്ന് ഇപ്പോഴും അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍, ഗോഡ്‌സേ തന്നെ ഗാന്ധിവധത്തിന്റെ "ന്യായ'ങ്ങള്‍ അക്കമിട്ട് വിശദീകരിച്ചിട്ടുള്ളതാണ്. അത് വായിക്കുന്ന ആര്‍ക്കും അറിയാം, ഗോഡ്‌സേയെ നയിച്ചിരുന്ന ആശയം എവിടെനിന്നാണെന്ന്. കൂടാതെ, ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ക്കുപുറമേ, ഗോസ്‌സേയുടെ സഹോദരനും ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളുമായ ഗോപാല്‍ ഗോഡ്‌സേ അടക്കമുള്ളവരുടെ പിന്നീടുള്ള വെളിപ്പെടുത്തലുകള്‍ നമുക്കുമുന്നിലുണ്ട്. സ്വന്തം രാഷ്ട്രീയപാര്‍ട്ടിയെ അധികാരത്തിലെത്തുകയും അത് നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന സംഘ്പരിവാറിന്, രാഷ്ട്രശരീരത്തിലെ ഏറ്റവും വലിയ കളങ്കത്തിന്റെ പാട് തേച്ചുമാച്ചുകളയേണ്ടതുണ്ട്. ദലിതരെയും പിന്നാക്കക്കാരെയും ഏറ്റെടുക്കുന്നതുപോലെ, അംബേദ്കറെ മുതല്‍ ശ്രീനാരായണഗുരുവിനെ വരെ ഏറ്റെടുക്കുന്നതുപോലെ, ഗാന്ധിവധത്തിന്റെ രക്തക്കറ തേച്ചുകളയാന്‍ ശ്രമം നടത്തുന്നത്. അത് ജസ്റ്റിസ് കെ.ടി. തോമസിനെപ്പോലുള്ളവര്‍ക്ക് മനസ്സിലാകാത്തതോ അതോ അങ്ങനെ നടിക്കുന്നതോ?
പി.കെ. സാം ജോര്‍ജ് 
കല്‍പ്പറ്റ, വയനാട്


ഗ്രാമങ്ങളിലെ പെണ്‍കര്‍ഷകരെ കര്‍ഷക സമരക്കാര്‍ എങ്ങനെ 'കൈകാര്യം' ചെയ്യും?

ര്‍ഷക സമരവുമായി ബന്ധപ്പെട്ട വെബ്‌സീന്‍ പാക്കേജ് (പാക്കറ്റ് 52) ഏറെ ശ്രദ്ധേയമായിരുന്നു. അതില്‍ ഡോ. പി. സ്മിത എഴുതിയ, സമരത്തിലെ പെണ്‍സാന്നിധ്യത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ പ്രസക്തമാണ്. സ്ത്രീകളും കുട്ടികളുമെല്ലാം വീടുവിട്ട്, തെരുവില്‍ തമ്പടിച്ച സമരം എന്ന നിലയ്ക്കുകൂടിയാണ് കര്‍ഷക പ്രക്ഷോഭം ശ്രദ്ധയാകര്‍ഷിച്ചത്. ഗ്രാമീണ കാര്‍ഷികമേഖലയിലെ സ്ത്രീസാന്നിധ്യം ആദ്യമായി പൊതുസമൂഹത്തിന് വിസിബിളായ സന്ദര്‍ഭം കൂടിയായിരുന്നു ഡല്‍ഹി ചലോ മാര്‍ച്ചും കുത്തിയിരിപ്പും. എന്നാല്‍, ആ സാന്നിധ്യത്തിനപ്പുറത്തേക്കുള്ള യാഥാര്‍ഥ്യത്തെ ഈ കാര്‍ഷിക സമൂഹം വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ എന്നത് വലിയ ചോദ്യമാണ്. തീര്‍ച്ചയായും, പ്രാതിനിധ്യത്തിന്റെ തലത്തില്‍, കര്‍ഷക സമരത്തില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്, എ.ആര്‍. സിന്ധുവിന്റെ ലേഖനത്തില്‍ പറയുന്നുമുണ്ട്. പാട്രിയാര്‍ക്കലായ സമൂഹങ്ങളില്‍ വലിയ ജനാധിപത്യ- രാഷ്ട്രീയവല്‍ക്കരണ പ്രക്രിയ ഈ സമരത്തിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നും അതിന്റെ ഫലമായി പഞ്ചാബിലും മറ്റും കോര്‍പറ്റേുകള്‍ക്കും മറ്റുമെതിരെ സ്ത്രീകളുടെ വന്‍തോതിലുള്ള പങ്കാളിത്തത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാനുമായി എന്നും സമരനേതാക്കള്‍ പറയുന്നു. ഇതിനിടെ, ഒരു രാഷ്ട്രീയപ്രസ്ഥാനം തന്നെയായി മാറിക്കൊണ്ടിരിക്കുന്ന മഹാ പഞ്ചായത്തുകളിലും സ്ത്രീകളുടെ വലിയ ദൃശ്യത പ്രകടമാണ്. ഇതെല്ലാം സാധ്യമാക്കിയത് കര്‍ഷക സമരത്തിന്റെ നേട്ടങ്ങള്‍ തന്നെയാണ്. എന്നാല്‍, ഭാവിയില്‍ ഈ പ്രക്രിയക്ക് എങ്ങനെയാണ് തുടര്‍ച്ചയുണ്ടാകുക എന്നതാണ് ചോദ്യം.

smitha
ഡോ. പി. സ്മിത

അടിസ്ഥാനപരമായ മാറ്റമുണ്ടാകേണ്ട നിരവധി കാര്യങ്ങളുണ്ട്. രാജ്യത്ത് 83 ശതമാനം കൃഷിഭൂമിയും പരമ്പരാഗതമായി ആണ്‍ അവകാശികള്‍ക്കാണ് കൈമാറിക്കിട്ടുന്നതെന്ന് ഇന്ത്യ ഹ്യുമന്‍ ഡവലപ്‌മെന്റ് സര്‍വേയില്‍ പറയുന്നുണ്ട്. രണ്ടു ശതമാനത്തില്‍ താഴെവരുന്ന സ്ത്രീകള്‍ക്കാണ് പരമ്പരാഗതമായി കൃഷിഭൂമി കൈമാറിക്കിട്ടുന്നത്. ഇത്, കാര്‍ഷികവൃത്തിയില്‍നിന്നും അതിന്റെ അവകാശങ്ങളില്‍നിന്നും അവളെ മാറ്റിനിര്‍ത്തുന്നു. നവലിബറല്‍ നയങ്ങളുടെ വരവിനുശേഷം, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കര്‍ഷകരെക്കുറിച്ച് നാം പറയാറുണ്ട്. എന്നാല്‍, ഇവര്‍ അവശേഷിപ്പിച്ചുപോയ കുടുംബങ്ങളിലുള്ള സ്ത്രീകളുടെ അവസ്ഥയെന്താണ്? "വിധവ' എന്ന സാമൂഹിക ഒറ്റപ്പെടുത്തലിനുപുറമേ, ഭര്‍ത്താവിന്റെ ഒരുതരം അവകാശങ്ങളും ഈ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. നഷ്ടപരിഹാരത്തെക്കുറിച്ചോ പെന്‍ഷനുകളെക്കുറിച്ചോ ഇവര്‍ക്കറിയില്ല. ഇന്ത്യന്‍ ഗ്രാമീണ സ്ത്രീകളില്‍ 85 ശ തമാനം കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരാണെങ്കിലും അവരില്‍ 10  ശതമാനത്തിനുമാത്രമാണ് സ്വന്തമായി ഭൂമിയുള്ളത്. ഗ്രാമീണ കാര്‍ഷിക മേഖലയില്‍നിന്ന് നഗരങ്ങളിലേക്കുള്ള പുരുഷ കുടിയേറ്റം, കാര്‍ഷികമേഖലയിലുണ്ടാക്കുന്ന സ്ത്രീവല്‍ക്കരണം പുരോഗമനപരമാണെന്ന വിദഗ്ധ വിലയിരുത്തലുകള്‍ കാണാം. എന്നാല്‍, ഇതിന്റെ മറുപുറമെന്താണ്? പുരുഷന്മാര്‍ അവശേഷിപ്പിച്ചുപോയ കടങ്ങളുടെയും ബാധ്യതകളുടെയും അടിമപ്പണികളുടെയുമെല്ലാം ഭാരമാണ് ഇവര്‍ക്ക് അവകാശമായി കിട്ടുന്നത്. ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ അഭിമുഖീകരിക്കാന്‍ തക്കശേഷിയുള്ള ഒരു രാഷ്ട്രീയപ്രക്രിയയിലേക്ക് കര്‍ഷക സമരത്തിന് വികസിക്കാന്‍ കഴിയേണ്ടതുണ്ട്.
സുനീത ആര്‍
കാക്കനാട്, കൊച്ചി.


ര്‍ഷക സമരത്തിന്റെ ഇടതുപക്ഷത്തെ രാജീവന്‍ എന്തിനാണ് മറച്ചുപിടിക്കുന്നത്

ര്‍ഷക സമര വിജയത്തെക്കുറിച്ചുള്ള ബി. രാജീവന്റെ വിലയിരുത്തല്‍ (പാക്കറ്റ് 52) യാഥാര്‍ഥ്യം മറച്ചുപിടിച്ചുള്ള യാന്ത്രികമായ "താത്വിക' അവലോകം മാത്രമായിപ്പോയി. 

ഒരുതരം നേതൃത്വവും സംഘാടനവുമില്ലാത്ത, ഒരു ഉടന്‍ പ്രതിഷേധസംഘത്തിന്‍റേതുപോലുള്ള ഒരു ജനസഞ്ചയമല്ല കര്‍ഷക സമരത്തിലുണ്ടായിരുന്നത് എന്ന് അതിന്റെ രാഷ്ട്രീയംപരിശോധിച്ചാല്‍ എളുപ്പം മനസ്സിലാക്കാം.

ദശാബ്ദങ്ങളായി, ഇന്ത്യന്‍ കര്‍ഷകര്‍, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതെയും കൃഷിഭൂമി അപഹരിക്കപ്പെട്ടും കടക്കെണിയില്‍ പെട്ടും ജീവിതത്തിനും മരണത്തിനുമിടയിലാണ്. ലക്ഷക്കണക്കിന് കര്‍ഷകരാണ് ജീവനൊടുക്കിയത്. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ എന്ന, നമുക്കുപരിചിതരായ പുതിയൊരു വര്‍ഗം തന്നെ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് ഓടിപ്പോകേണ്ടിവന്ന കര്‍ഷക തൊഴിലാളികളും ചെറുകിട കര്‍ഷകരുമാണ്. നവ ലിബറല്‍ നയങ്ങളും കോര്‍പറൈറ്റുവല്‍ക്കരണവും തൊഴില്‍രഹിതരാക്കിയ ഇവര്‍ക്കിടയിലേക്കാണ്, അവസാനത്തെ ആണിയെന്ന നിലയ്ക്ക് മൂന്ന് കോര്‍പറേറ്റ് നിയമങ്ങള്‍ വരുന്നത്. കര്‍ഷക പ്രശ്‌നങ്ങള്‍ നിരന്തരം ഉന്നയിക്കുകയും കര്‍ഷകരെയും അനുബന്ധ തൊഴിലാളികളെയും പ്രക്ഷോഭത്തിലേക്ക് ഒന്നിപ്പിക്കുകയും ചെയ്തത് ഇടതുപക്ഷ സംഘടനകളും യൂണിയനുകളുമാണ്. ബി. രാജീവന്‍ പറയുന്നതുപോലെ, ജനങ്ങള്‍ക്കിടയില്‍നിന്ന് സംഭവിച്ച പുതിയ വര്‍ഗധ്രുവീകരണമല്ല ഇത്, ഇവിടെ നിലനിന്നിരുന്ന വര്‍ഗങ്ങളുടെ തന്നെ, രാഷ്ട്രീയബോധ്യത്തിലൂന്നിയ ഒരു സംഘാടനമാണ് സംഭവിച്ചത്. അതിന് ഊര്‍ജമേകിയത്, തീര്‍ച്ചയായും ഇടതുപക്ഷ രാഷ്ട്രീയവുമാണ്.

b-rajeevan
ബി. രാജീവന്‍

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യത്തില്‍നിന്നുയര്‍ന്ന്, ഈ സമരം കോര്‍പറേറ്റുകള്‍ക്കും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണകൂടത്തിനും എതിരായി മാറിയത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വമുള്ളതുകൊണ്ടാണ്. പഞ്ചാബിലും ഹരിയാനയിലുമൊക്കെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമുന്നിലേക്ക് ഉപരോധവുമായി ജനം എത്തിയത്, അതിനെ അത്തരമൊരു രാഷ്ട്രീയലക്ഷ്യത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. മുസാഫര്‍പുരിലും കഴിഞ്ഞദിവസം നടന്ന ലഖ്‌നൗവിലും നടന്ന കിസാന്‍ മഹാപഞ്ചായത്തുകളില്‍, ബി.ജെ.പിക്കും കേന്ദ്ര ഭരണകൂടത്തിനുമെതിരെ കര്‍ഷകരെ അണിനിരത്തിയ രാഷ്ട്രീയം ഇടതുപക്ഷത്തിന്‍റേതാണ്. അഖിലേന്ത്യ കിസാന്‍ സഭ, കര്‍ഷകത്തൊഴിലാളി യൂണിയന്‍, സി.ഐ.ടി.യു തുടങ്ങിയവയുടെ സംഘാടനത്തിലാണ്, ഈ മഹാപഞ്ചായത്തുകളിലേക്ക് കര്‍ഷകര്‍ ഒഴുകിയെത്തിയത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരായ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട ഭൂമി അധികാര്‍ ആന്ദോളനും അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമന്വയ് സമിതിയുമാണ് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളെ ഏകോപിപ്പിച്ചത്. ഇതോടൊപ്പമുള്ള വിജൂ കൃഷ്ണന്റെയും പി. കൃഷ്ണപ്രസാദിന്റെയും സമരാനുഭവങ്ങള്‍ കൂടി വായിച്ചുനോക്കുക. 

ഏറ്റവും പ്രധാനം ഈ സമരത്തിന് ഒരു രാഷ്ട്രീയദിശ ഉണ്ടായതാണ്. അത് കോര്‍പറേറ്റുകള്‍ക്കും രാജ്യത്തെ വിഭജിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കും ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര ഭരണകൂടത്തിനും എതിരാണ്. അത്തരമൊരു രാഷ്ട്രീയം, പ്രതിപക്ഷത്ത് ഇന്നുള്ള ഒരു കക്ഷികള്‍ക്കും ഇല്ല എന്നുകൂടി ഓര്‍ക്കണം. തെരഞ്ഞെടുപ്പിലെ ജയമല്ല, ജനകീയ രാഷ്ട്രീയത്തിന്റെ അടിത്തറ, അത് ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലാണ് എന്ന് ഇന്ത്യന്‍ ഇടതുപക്ഷം തെളിയിച്ചിരിക്കുകയാണ്.
ബിജു ശേഖര്‍
വര്‍ക്കല, തിരുവനന്തപുരം


ലേബര്‍ കോഡ് ആക്റ്റിനെതിരെയും വേണം, തൊഴിലാളി പ്രക്ഷോഭം

ര്‍ഷക സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ച വിജൂ കൃഷ്ണനുമായുള്ള അഭിമുഖം, ഒരു ജനകീയ സമരം എങ്ങനെ കെട്ടിപ്പടുക്കാം, അതിനെ രാഷ്ട്രീയലക്ഷ്യത്തിലേക്ക് എങ്ങനെ നയിക്കാം എന്ന് കാണിച്ചുതരുന്നു. ഒരുപക്ഷെ, സമകാലിക ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാനമായ ഒരു ചുവടായി ഈ സമരം മാറിയത്, കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങള്‍ ഒരൊറ്റ ശബ്ദത്തിലൂടെ ഭരണകൂടത്തിനുമുന്നില്‍ ഉന്നയിക്കാനായി എന്നതുകൊണ്ടാണ്.

viju-krihsnan
വീജൂ കൃഷ്ണന്‍

പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കുസമാനമാണ്, നാല് ലേബര്‍ കോഡുകള്‍. ജോലി സമയം 12 മണിക്കൂറാക്കാനും നോട്ടീസ് കൊടുക്കാതെ പിരിച്ചുവിടാനും പണിമുടക്കുകള്‍ തടയാനും മിനിമം വേതനം ഇല്ലാതാക്കാനുമെല്ലാം വ്യവസ്ഥ ചെയ്യുന്ന, തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെയാകെ റദ്ദാക്കുന്ന നിയമങ്ങളാണ്, പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവില്‍ മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യപ്രതിപക്ഷം വേജ് കോഡിനെ അനുകൂലിച്ചപ്പോള്‍ ഇടതുപാര്‍ട്ടികളും ഡി.എം.കെയും സമാജ്‌വാദി പാര്‍ട്ടിയുമാണ് എതിര്‍ക്കാനുണ്ടായത്. 

കര്‍ഷകസമരത്തിന്‍േറതിനുതുല്യമായ ഒരു തൊഴിലാളി പ്രക്ഷോഭമാണ് ഇതിനെതിരെ നടക്കേണ്ടത്. ലേബര്‍ കോഡ് പിന്‍വലിക്കല്‍ കൂടി, കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാവി ലക്ഷ്യമാണെന്ന വിജൂ കൃഷ്ണന്റെ നിലപാട് ആശ്വാസകരമാണ്.
എന്‍. സുന്ദരരാജ്
പാലക്കാട്


ഓര്‍മയില്‍ "അമ്പിളി അമ്മാവന്‍'

വിചിത്ര ചിത്രകഥാജീവിതം എന്ന ജീവിതാഖ്യാനം (പാക്കറ്റ് 52) ഒരു കാലത്തെ കൗതുകകരങ്ങളായ ചില ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചിത്രകഥകളുടെ ഓര്‍മകളില്‍ ജീവിക്കുന്ന ഒരാളാണ് ഞാനും. മഹാഭാരതവും രാമായണവും ബൈബികള്‍ കഥകളുമെല്ലാം ഈ അമര്‍ചിത്രകഥകളിലൂടെയാണ് പരിചയപ്പെട്ടത്. എണ്‍പതുകളില്‍ വായിച്ചിരുന്ന അമ്പിളി അമ്മാവന്‍ എന്ന ഒരു മാസികയാണ് ഇപ്പോഴും ഓര്‍മയിലുള്ളത്. അതിലെ കഥകളേക്കാള്‍ കൂടുതല്‍ ചിത്രങ്ങളാണ് മനസ്സില്‍. ഭാവനയിലുള്ള രാജാക്കന്മാരും മന്ത്രവാദികളും വിക്രമാദിത്യവും വേതാളവുമെല്ലാം കണ്‍മുന്നിലെത്തിയപോലെയായിരുന്നു ആ വായനാനുഭവം.

kr-sunil
കെ.ആർ. സുനിൽ

എം.ടി.വി ആചാര്യ, ടി. വീര രാഘവന്‍, കേശവ റാവു, ശക്തിദാസ്, ശിവശങ്കരന്‍, ബാഷ എന്നിവരായിരുന്നു ചിത്രങ്ങള്‍ വരച്ചിരുന്നത്. മറ്റൊന്ന്, അന്ന് പ്രിന്റില്‍ കളര്‍ അച്ചടി അധികം കണ്ടിരുന്നില്ല. അമ്പിളി അമ്മാവനിലാകട്ടെ, കളറുകളുടെ ആറാട്ടാണ്. കഥകളോ, "സത്യ'ത്തില്‍നിന്നും "ധര്‍മ'ത്തില്‍നിന്നും അണുവിട വ്യതിചലിക്കാത്തവണ്ണമുള്ള സാരോപദേശങ്ങള്‍. ഇന്ന് നോക്കുമ്പോള്‍ ഒരുതരം സവര്‍ണബോധത്തിന്റെയും രാജഭക്തിയുടെയും പുരുഷാധികാരത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പൗരാണികമായ ബോധമാണ് ഈ കഥകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത് എന്നു മനസ്സിലാകും. എങ്കിലും, പുസ്തകങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്ന ഒരു കാലത്തെ വായനയെ അമ്പിളി അമ്മാവന്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 
രാമചന്ദ്രന്‍ വാക്കയില്‍
മണ്ണുത്തി, തൃശൂര്‍


പൗരാവകാശ സമരങ്ങളിലെ മതവും സ്വത്വവും

പൗരാവകാശങ്ങളുടെ പേരില്‍ നടക്കുന്ന സമരങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഗൗരവകരമായ ഒരു ആലോചനയാണ് ഡോ. യാസ്സര്‍ അറഫാത്ത് പി.കെ മുന്നോട്ടുവക്കുന്നത്. (പാക്കറ്റ് 52). രാജ്യവിരുദ്ധര്‍ തുടങ്ങി മാവോവാദികള്‍ എന്നുവരെയുള്ള ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ സംഘ്പരിവാറും മോദി ഭരണകൂടവും ഉയര്‍ത്തി. പരമോന്നത കോടതിപോലും, ഇതിനെ ഒരു വഴിമുടക്കി സമരമായി വിശേഷിപ്പിച്ചു. എന്നിട്ടും ഇത്, ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അണിചേരാന്‍ കഴിയുന്ന ഒരു സമരമായി വികസിച്ചു. 

arafath.
ഡോ. യാസ്സര്‍ അറഫാത്ത് പി. കെ.

മതം പ്രധാന വിഷയമായി വന്ന പൗരത്വഭേദഗതിക്കെതിരായ സമരത്തിനും ഭരണഘടനയുടെ അന്തഃസ്സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ചില മുസ്‌ലിം തീവ്രവാദ സംഘടനകള്‍ ഈ സമരങ്ങളെ ഒരു സ്വത്വാധിഷ്ഠിത സമരമാക്കി ചുരുക്കാന്‍ പുറകിലൂടെ ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. ജാമിയ മിലിയയിലെയും മറ്റും മുസ്‌ലിം വിദ്യാര്‍ഥിനികളുടെ പങ്കാളിത്തത്തെ ഈ മട്ടില്‍ തിരിച്ചുവിടാന്‍ ശ്രമം നടന്നു. ഈ നീക്കങ്ങളെ പൊളിച്ചുകാട്ടാന്‍ പൗരാവകാശസംഘടനങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ്, പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം പൊതുപ്രക്ഷോഭമായി വളര്‍ന്നത്. സമരങ്ങളിലെ പങ്കാളിത്തം അവയുടെ ലക്ഷ്യത്തെ ദുര്‍ബലമാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് അതീവജാഗ്രതയോടെ കാണേണ്ട ഒരു കാര്യമാണ്. ഈയിടെ, കേരളത്തില്‍ കെ- റെയിലിനെതിരായ ഒരു പ്രതിഷേധത്തില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇത്തരത്തിലൊരു സൂചകമായിരുന്നു. കെ- റെയില്‍ പോലുള്ള പദ്ധതികളുടെ പ്രയോക്താക്കളായ ഒരു രാഷ്ട്രീയപാര്‍ട്ടി, അതിനെതിരായ സമരത്തില്‍ എന്തിന് പങ്കെടുക്കുന്നു എന്ന ചോദ്യവും ഇതോടൊപ്പം ഉയരേണ്ടതുണ്ട്.
കെ.എന്‍. ഇസ്മയില്‍
പെരിന്തല്‍മണ്ണ


കോവിഡിനെ കേരളം നേരിട്ട വിസ്മയാനുഭവം

കോവിഡ് കാലത്തെ പൊതുജനാരോഗ്യമേഖലയുടെ ഒരു നഖചിത്രമാണ് ഡോ. ജയശ്രീ എഴുകോണ്‍ എന്ന ആത്മകഥയുടെ 49ാം അധ്യായത്തില്‍ വരച്ചുകാണിക്കുന്നത് (പാക്കറ്റ് 52). രോഗത്തിന്റെ ആശങ്കാജനകമായ വ്യാപനം ജനങ്ങളില്‍ മാത്രമല്ല ഡോക്ടര്‍മാരിലുണ്ടാക്കിയ ആശയക്കുഴപ്പവും അവര്‍ വിവരിക്കുന്നു. ആദ്യ രോഗി എത്തുന്ന സമയത്തുതന്നെ സര്‍ക്കാര്‍ ആശുപത്രി സംവിധാനം എങ്ങനെ സജ്ജമായി നിന്നു എന്നത്, എത്ര കാര്യക്ഷമമായാണ് നാം കോവിഡിനെ തുടക്കം മുതല്‍ നേരിട്ടത് എന്ന് കാണിച്ചതരുന്നു. ദൈനംദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍, വൈറസിനെക്കുറിച്ച് പുതുതായി ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകള്‍, രോഗവ്യാപനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ തുടങ്ങി തീര്‍ത്തും അജ്ഞാതമായ ഒരു രോഗസാഹചര്യം എത്ര കാര്യക്ഷമമായാണ് കേരളം നേരിട്ടത്.

jayasree
ഡോ. എ.കെ. ജയശ്രീ

അതില്‍, ഡോ. ജയശ്രീ പറയുന്നതുപോലെ, ടോയ്‌ലെറ്റില്‍ പോലും പോകാന്‍ കൂട്ടാക്കാതെ ഇരുന്ന വനിതാ ഡോക്ടമാരുണ്ട്, അവധിയെടുക്കാതെ ജോലി ചെയ്ത നഴ്‌സുമാരുണ്ട്, മാസങ്ങളോളം ആശുപത്രികളില്‍ തന്നെ താമസിച്ച് പണിയെടുത്ത ലാബ് ജീവനക്കാരുണ്ട്, ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ച ക്ലീനിങ് തൊഴിലാളികളുണ്ട്. ഇപ്പോള്‍, ആളുകള്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങിനടക്കാന്‍ കഴിയുന്ന ഒരു സാഹചര്യമൊരുക്കുന്നതില്‍ ഈ മനുഷ്യരും സംവിധാനങ്ങളും എന്തുമാത്രം അര്‍പ്പണബോധമാണ് കാഴ്ചവച്ചത് എന്ന് വിസ്മയത്തോടെ മാത്രമേ കാണാനാകൂ. എന്തൊക്കെ വിവാദങ്ങാണ് ഇക്കാലത്തിനിടയില്‍ ഉയര്‍ന്നുവന്നത്. രോഗികളുടെ ഡാറ്റ വില്‍ക്കുന്നു, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നതില്‍ ജനവിരുദ്ധ നടപടികളെടുക്കുന്നു, പൊലീസിന് അമിതാധികാരം നല്‍കുന്നു....എന്നാല്‍, അടിയന്തരാവസ്ഥക്കുതുല്യമായ ഒരു സാഹചര്യത്തില്‍, മുന്‍ മാതൃകകളൊന്നുമില്ലാത്ത അവസ്ഥയില്‍ സംഭവിക്കുന്ന അനിവാര്യമായ ചില പാളിച്ചകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, കേരളത്തിന്റെ കോവിഡ് നിയന്ത്രണം കുറ്റമറ്റതായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അതിന്, നമ്മുടെ പൊതുജനാരോഗ്യ സംവിധാനം പ്രവര്‍ത്തിച്ചത് എങ്ങനെയാണെന്ന് ഡോ. ജയശ്രീ ഒരുവിധ സന്ദേഹങ്ങള്‍ക്കും ഇടയില്ലാതെ വിവരിക്കുന്നു.
ലേഖ എസ്. രാജ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ.


യോന വൊല്ലാക്ക് എഴുതിക്കൊണ്ടിരിക്കുന്നു

samudra
സമുദ്ര നീലിമ

സ്രായേലി കവി യോന വൊല്ലാക്കിന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള സമുദ്ര നീലിമയുടെ കവി വായന (പാക്കറ്റ് 52), കവിത കൊണ്ട് വിവിധ അധികാരഘടനകളെ നേരിടുന്ന ഒരു എഴുത്തുകാരിയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. ഹീബ്രു മാത്രമല്ല, ഭാഷ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ടൂളായി മാറുന്നിടത്തെല്ലാം അതിന്റെ ആവിഷ്‌കാരം പ്രശ്‌നഭരിതമാകുന്നു. മിക്കവാറും ഭാഷകള്‍ പുരുഷ കേന്ദ്രിതമായതുകൊണ്ട്, അവയിലെ വാക്കുകളും പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയായിരിക്കും. സ്ത്രീയുടേത്, ഓരത്തേക്ക് തള്ളപ്പെട്ട പ്രയോഗങ്ങളുമായിരിക്കും. അവയ്ക്ക്, പൊതുധാരയില്‍ ഇടം നിഷേധിക്കപ്പെടുന്നു. ആണല്ലാത്ത ലിംഗങ്ങളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. ഭാഷയില്‍ മാത്രമല്ല, സാംസ്‌കാരികമായും രാഷ്ട്രീയമായും ഒരു വംശാധിപത്യത്തിന്റെ ഐഡന്റിറ്റി പേറുന്ന ഒരു രാഷ്ട്രത്തില്‍, പുതിയ ഭാഷ സൃഷ്ടിച്ചെടുക്കുന്ന യോനയുടെ എഴുത്ത്, പുതിയ കാലവും ഏറ്റെടുക്കുന്നുണ്ട് എന്നിടത്താണ് അവരുടെ പ്രസക്തി.
അനസൂയ കല്ലോട്
​​​​​​​ബംഗളൂരു


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media