Friday, 09 December 2022

കത്തുകള്‍


Image Full Width
Image Caption
മരക്കാര്‍ സിനിമയുടെ പോസ്റ്ററില്‍ നിന്ന്.
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ ​​​​​​​ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


കോടികള്‍ പുതച്ചുകിടക്കുന്ന മരയ്ക്കാറും സീറോ ബജറ്റ് സിനിമയും 

സീറോ ബജറ്റില്‍ ഒരു സിനിമ സാധ്യമാണ് എന്ന പ്രതാപ് ജോസഫിന്റെ ലേഖനം വെബ്സീനില്‍ വായിച്ച് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ്, മലയാളത്തിലെ ഒരു നൂറുകോടി വില മതിക്കുന്നുവെന്നുപറയപ്പെടുന്ന ഒരു സിനിമ, ആദ്യ ഷോയില്‍ തന്നെ പൊളിഞ്ഞുപാളീസായ വിവരം പുറത്തുവന്നത്. എങ്കിലും, റിസര്‍വേഷനുകളില്‍നിന്നുമാത്രം ഈ നൂറുകോടിയും  ഉണ്ടാക്കിക്കഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന സ്ഥിതിക്ക് മരയ്ക്കാര്‍ ഒരു നഷ്ടക്കച്ചവടമാകില്ല എന്ന് നിര്‍മാതാക്കള്‍ക്കെങ്കിലും ആശ്വസിക്കാം. എന്നാല്‍, പ്രേക്ഷകരുടെ അവസ്ഥയോ? നമ്മുടെ സിനിമയെ വന്‍ മൂലധനങ്ങളുടെ ഇത്തരം വ്യാജമായ ആഘോഷങ്ങളിലേക്ക് ആനയിക്കുന്നതിനെതിരായ ചെറുത്തുനില്‍പ്പുകൂടിയാണ് പ്രതാപ് ജോസഫ് പറയുന്ന തരത്തിലുള്ള പുതിയ സിനിമകളും അതിനനുഗുണമായ സാങ്കേതിക വിപ്ലവവും സാധ്യമാക്കുന്നത്.

 പ്രതാപ് ജോസഫ്
പ്രതാപ് ജോസഫ്

സാങ്കേതികവിദ്യയിലെ നവീനത, കരയില്‍ കടലിനെ സൃഷ്ടിക്കുന്നതിലല്ല, മറിച്ച്, അതിന്റെ ഉള്ളടക്കത്തെ പുരോഗമനപരമാക്കുന്നതിലേക്കാണ് നയിക്കേണ്ടതെന്ന ബോധ്യമുള്ളവരാണ് പുതിയ ചലച്ചിത്രപ്രവര്‍ത്തകരിലേറെയും. മലയാളത്തിലും ഇവരുടെ ശക്തമായ ഒരു തലമുറ വന്നുകഴിഞ്ഞിട്ടുണ്ട്. ചുരുളി വരെയുള്ള സിനിമകള്‍ ഇതിന് സാക്ഷ്യങ്ങളാണ്. നിരവധി ചെറുപ്പക്കാര്‍, പരീക്ഷണമെന്ന നിലയ്ക്കുതന്നെ ഇത്തരം "സീറോ' ബജറ്റ് സിനിമകളുമായി വരുന്നുണ്ട്. "രംഗം ആറ് ദൈവമുണ്ട്', "ഓളം', "പൂവ്' എന്നീ സിനിമകളുടെ സംവിധായകനായ സമീര്‍ ബാബുവുമായുള്ള ഒരു അഭിമുഖം വായിച്ചതോര്‍ക്കുന്നു. ഒറ്റമുറിക്കുള്ളില്‍, ഒറ്റ ഫ്രെയ്മിലാണ് "ഓളം' എന്ന സിനിമ എടുത്തത്. സിനിമയുടെ മികവിന്റെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കുമില്ലെന്നാണ് ഇയാള്‍ പറയുന്നത്. സിനിമക്കുവേണ്ടിവന്ന ചെലവ് നല്‍കിയ സ്വാതന്ത്ര്യമാകാം, അദ്ദേഹത്തെക്കൊണ്ട് ഈയൊരു നിലപാടെടുക്കുന്നതിന് ധൈര്യം നല്‍കുന്നത്. സിനിമയുടെ പേരില്‍ മുടക്കുന്ന പണം താരങ്ങളും നിര്‍മാതാക്കളും വന്‍കിട തിയറ്ററുടമകളും ചേര്‍ന്ന മാര്‍ക്കറ്റിനും അതിന്റെ ബ്രാന്‍ഡിംഗിനും വേണ്ടി മാത്രമാകുമ്പോഴാണ് "മരയ്ക്കാര്‍' പോലുള്ള സിനിമകള്‍ സംഭവിക്കുന്നത്. ആ നിലയ്ക്ക്, ഇത്തരം കോടിച്ചിത്രങ്ങള്‍, പുതുസംവിധായകര്‍ക്ക് ഒരു ടെക്സ്റ്റ്ബുക്കും കൂടിയാണ്.

ഷാനവാസ് വി.എന്‍,
പരപ്പനങ്ങാടി, മലപ്പുറം.


എഴുത്തിന്റെ സൗകര്യം, വായനയുടെ സ്വാതന്ത്ര്യം

ഴുതാനുള്ള സാങ്കേതിക വിദ്യയുടെ വികാസം ഒരു ഒരെഴുത്തുകാരന്റെ താല്‍പര്യങ്ങളെയും സൗകര്യങ്ങളെയും എങ്ങനെ മാറ്റിത്തീര്‍ക്കുന്നു എന്ന് ഉണ്ണി ആര്‍ ഭംഗിയായി വിശദീകരിക്കുന്നു (പാക്കറ്റ് 53). പേനയും പേപ്പറും ഉപയോഗിച്ച് എഴുത്തുതുടങ്ങിയ ഏതൊരാള്‍ക്കും ഇന്നത്തെ രൂപത്തിലേക്കുള്ള മാറ്റം മാനസികമായ "അസൗകര്യം' സൃഷ്ടിക്കുന്നതായിരിക്കും തുടക്കത്തില്‍. എന്നാല്‍, പേനയ്ക്കുപകരം ഫോണില്‍ വിരലുകൊണ്ട് എഴുതുന്നത് നല്‍കുന്ന സ്വാതന്ത്ര്യം അപരിമിതമാണ്. ഐ പാഡില്‍ വെട്ടിയും തിരുത്തിയും മാത്രമല്ല, സ്വയം എഡിറ്റുചെയ്തും കോപ്പി പരമാവധി ഭംഗിയാക്കാനുള്ള "സൗകര്യം' എഴുത്തിന്റെ പെര്‍ഫെക്ഷന് മാറ്റുകൂട്ടുകയേയുള്ളൂ. ഭാഷയെ തന്നെ പുതുക്കുന്ന ഒരു പ്രക്രിയ കൂടിയാണിത്. എഴുത്തിന്റെ പ്ലാറ്റ്ഫോമിലുള്ള ഈ കുതിച്ചുചാട്ടമാണ് ഭാഷയെ ആധുനികവല്‍ക്കരിക്കുന്നതിലേക്കും ബഹുരൂപമാക്കുന്നതിലേക്കും നയിക്കുന്നത് എന്നു പറയാം. കുറെക്കൂടി ജനാധിപത്യപരമായി പലതരം വാക്കുകളും അര്‍ഥങ്ങളും കടന്നുവരാനും അവരെ കൃത്യതയാര്‍ന്ന രാഷ്ട്രീയപ്രയോഗങ്ങളിലേക്ക് കൊണ്ടുപോകാനും സാങ്കേതികവിദ്യയുടെ ഇടപെടല്‍ കൊണ്ട് സാധ്യമാകുന്നുണ്ട്.

ഉണ്ണി ആര്‍.
ഉണ്ണി ആര്‍.

ഭാഷാ കമ്പ്യൂട്ടിംഗ് എന്നത് ഇന്ന് ഏറെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മീഡിയമാണ്. ശബ്ദം നേരിട്ട് ടെക്സ്റ്റ് ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ, പരമ്പരാഗത ഭാഷാപഠനത്തിന്റെ നൂലാമാലകളില്‍നിന്ന് പുതിയ തലമുറയെ രക്ഷിച്ചെടുക്കുന്നു. മലയാളഭാഷയെക്കുറിച്ച് പൊതുവേ പറഞ്ഞുപോരുന്ന യാഥാസ്ഥിതികത്വവും സങ്കീര്‍ണതയുമെല്ലാം ഇ- എഴുത്തിലൂടെ അലിഞ്ഞില്ലാതാകുന്നതാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്, എഴുത്തിലെ സ്വാതന്ത്ര്യത്തെയും സൗകര്യങ്ങളെയും കുറിച്ച് ഉണ്ണി എഴുതിയതുപോലെ തന്നെ, വായനയിലും ഈ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. വായനയുടെ പരമ്പരാഗത ഇടങ്ങള്‍ അപ്രത്യക്ഷമാകുകയും അത് നമ്മുടെ ഏതുതരം സാന്നിധ്യങ്ങളിലേക്കും വികസിപ്പിക്കാവുന്ന ഇടമായി മാറുകയും ചെയ്തിരിക്കുന്നു. ട്രൂ കോപ്പി വെബ്സീന്‍ അടക്കമുള്ള മീഡിയകള്‍ അതിന് സാക്ഷ്യങ്ങളുമാണ്.

കെ.വി. ലത,
തൃപ്പുണിത്തുറ, എറണാകുളം.


വിഷ്വല്‍ വിപ്ലവം പുതിയ ഓഡിയന്‍സിനെ കൂടി സൃഷ്ടിക്കുന്നു

പ്രമോദ് രാമന്‍ എഴുതിയ വിഷ്വല്‍ വിമാനം കയറിവന്ന കാലം എന്ന ലേഖനം (പാക്കറ്റ് 53) വായിച്ചപ്പോള്‍, പണ്ട്, റേഡിയോ മാത്രമുണ്ടായിരുന്ന കാലം ഓര്‍ത്തുപോയി. വാര്‍ത്തയായാലും ചലച്ചിത്രഗാനങ്ങളായാലും നാടകമായാലും സിനിമയായാലും വിനോദോപാധിയായി ഈയൊരു മാധ്യമം മാത്രം. ഞായറാഴ്ച ഉച്ചക്കുശേഷം പ്രക്ഷേപണം ചെയ്തിരുന്ന സിനിമാ ശബ്ദരേഖകള്‍, ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍, പത്തുദിവസം നീണ്ടുനില്‍ക്കുന്ന നാടകോല്‍സവം, മാസ്റ്റേഴ്സ് അണിനിരക്കുന്ന ദേശീയ സംഗീതപരിപാടികള്‍... ജീവിതത്തിലെ ആഘോഷം തന്നെയായിരുന്നു അന്ന് റേഡിയോ.

പ്രമോദ് രാമന്‍
പ്രമോദ് രാമന്‍

ഇന്നോ, അഞ്ച് ഇന്ദ്രിയങ്ങള്‍ പോരാ, ആസ്വാദനത്തിനെന്ന വണ്ണം മാധ്യമങ്ങളുടെ എണ്ണം പെരുകിയിരിക്കുന്നു. ദൂരദര്‍ശനില്‍നിന്ന് എത്രയെത്ര ചാനലുകളിലേക്ക് നമ്മുടെ കാഴ്ചയും കേള്‍വിയും വികസിച്ചു. ഇന്ന് റേഡിയോയും ചാനലുകളുമെല്ലാം കൈയിലെ സ്മാര്‍ട്ട്ഫോണില്‍ സൗകര്യത്തിനനുസരിച്ച് കേള്‍ക്കാം, കാണാം. പത്തുവര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം നിര്‍ത്തുമെന്നും അതിന്റെ സ്ഥാനത്തേക്ക് ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ കൊണ്ടുവരുമെന്നുമാണ് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത. മാധ്യമങ്ങളുടെ സങ്കേതത്തിലും ഉള്ളടക്കത്തിലുമുള്ള കുതിപ്പ്, പുതിയൊരു ഓഡിയന്‍സിനെ കൂടി സൃഷ്ടിക്കാന്‍ തക്ക ആഴമേറിയതാണ്.

സുമേഷ് ബാബു,
കേശവദാസപുരം, തിരുവനന്തപുരം.


പോഡ്കാസ്റ്റുകളാണ് ഇന്ന് എന്റെ മീഡിയ

പോഡ്കാസ്റ്റുകളെക്കുറിച്ചുള്ള അനന്തപത്മനാഭന്റെ ലേഖനം (പാക്കറ്റ് 53) നന്നായി. കോവിഡ് കാലത്താണ് ഈ പുതിയ വിദ്യ ഞാന്‍ പരീക്ഷിക്കുന്നത്. അത് ഒരനുഭവം തന്നെയായിരുന്നു. അച്ചടിച്ച പുസ്തകം വായിച്ചാലേ, "ഭാവം കിട്ടൂ' എന്ന പഴഞ്ചന്‍ ധാരണയെ സ്വന്തം കേള്‍വികൊണ്ടുതന്നെ തിരുത്താന്‍ കഴിഞ്ഞു. കേള്‍വിക്കും വായനകൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന, ഒരുപക്ഷേ, അതിലും വ്യത്യസ്തമായ അനുഭവത്തിലേക്ക് നമ്മെ നയിക്കാനാകും എന്നുറപ്പാണ്.

പ്രിന്റ് മാധ്യമങ്ങള്‍ പോലും ഇന്ന് പോഡ്കാസ്റ്റുകള്‍ക്കുപുറകേ പോകുന്നത് അതുകൊണ്ടാണ്. ഇന്ന് എന്റെ വായന പൂര്‍ണമായും പോഡ്കാസ്റ്റുകളിലേക്കായിക്കഴിഞ്ഞു. പല കാരണങ്ങള്‍ കൊണ്ട് വായിക്കാതെയിരുന്ന എത്രയോ പുസ്തകങ്ങളാണ് ഈ രണ്ടുവര്‍ഷത്തിനിടയില്‍ കേട്ടുതീര്‍ത്തത്! ദിവസം മൂന്നു മണിക്കൂര്‍ യാത്രയിലെ മികച്ച സഹവാസികള്‍ കൂടിയായി ഈ സാങ്കേതിക വിദ്യ.

അനന്തപത്​മനാഭൻ
അനന്തപത്​മനാഭൻ

റേഡിയോയില്‍നിന്ന് ഭിന്നമായി, സ്വന്തം താല്‍പര്യമനുസരിച്ചുള്ള തെരഞ്ഞെടുപ്പ് നടത്താം എന്നതാണ് ഇതില്‍ ഏറ്റവും ആകര്‍ഷകമായി തോന്നുന്നത്. സ്മാര്‍ട്ട്ഫോണുകളായിരിക്കണം ഒരുപക്ഷേ, പോഡ്കാസ്റ്റുകള്‍ക്ക് ഇത്ര വ്യാപ്തി നല്‍കിയത് എന്നുവേണം കരുതാന്‍. എനിക്കുതോന്നുന്നത്, ചെറുപ്പക്കാരേക്കാള്‍, വീടുകളിലും മറ്റും കഴിയേണ്ടിവരുന്ന വയോധികരെയാണ് ഈ സാങ്കേതിക വിദ്യ പരിചയപ്പെടുത്തേണ്ടത്. ശാരീരിക അവശതകള്‍ മൂലം പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ക്ക്, പ്രത്യേക സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമിതികളില്ലാതെ, ചുറ്റുമുള്ള ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ കഴിയുമെന്നത്, അവരെ സംബന്ധിച്ച് വലിയ കാര്യമാകും.

അഗസ്റ്റിന്‍ പനയില്‍,
ഏറ്റുമാനൂര്‍, കോട്ടയം.


സഭകളുടെ ജാതി ഒരു യാഥാര്‍ഥ്യമാണ്

ലിത് ക്രൈസ്തവതയുമായി ബന്ധപ്പെട്ട വേറിട്ട ഒരു നിരീക്ഷണമാണ് റവ. ഡോ. ബൈജു മര്‍ക്കോസ് വെബ്സീനിലൂടെ അവതരിപ്പിച്ചത്. (പാക്കറ്റ് 53). അമേരിക്കയിലെ ക്രൈസ്തവ പൊതുബോധവും വെള്ളക്കാരുടെ മേല്‍ക്കോയ്മ പ്രത്യയശാസ്ത്രവും തമ്മിലുള്ള ആഗിരണങ്ങള്‍ക്കുസമാനമായി, എങ്ങനെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവിടുത്തെ സവര്‍ണ ബോധവും ജാതീയതുമായി ക്രൈസ്തവത നേരിട്ടുള്ള ചങ്ങാത്തത്തിലേര്‍പ്പെട്ടത് എന്ന് കൃത്യമായി അദ്ദേഹം വിശദമാക്കുന്നുണ്ട്.

ദലിതനായിരിക്കുക എന്നത് മതാതീതമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതിക്കുമുന്നിലുള്ള ഒന്നാണ്. ഇന്ത്യയിലെ ദലിത് ക്രൈസ്തവര്‍ നേരിടുന്ന കൊടും വിവേചനത്തിന്റെ അനുഭവം കൂടി അടങ്ങിയതാണ് ഈ ആവശ്യം. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരണശേഷം പോലും സഭകള്‍ ഈ മനുഷ്യരെ പുറത്തുതന്നെ നിര്‍ത്തുന്നു. രണ്ടുവര്‍ഷം മുമ്പ് കൊല്ലം കുന്നത്തൂരില്‍ ഒരു ദലിത് ക്രൈസ്തവ കുടുംബത്തിലെ വീട്ടമ്മയുടെ മൃതദേഹത്തോട് ചെയ്ത ക്രൂരതയാണ് ഇപ്പോഴും ഓര്‍മയിലുള്ളത്. നൂറിലേറെ വര്‍ഷം മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബത്തിലെ 75 വയസ്സുകാരിയായ അന്നമ്മയുടെ മൃതദേഹം, സംസ്‌കരിക്കാന്‍ പള്ളി സെമിത്തേരികള്‍ വിസമ്മതിച്ചു. വേണമെങ്കില്‍, കല്ലട പദ്ധതിയുടെ കനാലിന്റെ തീരത്തുള്ള ഒരു കുന്നിന്‍ചരിവിലെ ശവപ്പറമ്പില്‍ സംസ്‌കരിക്കാനായിരുന്നു ഉപദേശം. അവിടെ സംസ്‌കരിക്കുന്നത്, മൃതദേഹം വലിച്ചെറിയുന്നതിന് തുല്യമായതിനാല്‍ ബന്ധുക്കള്‍ അത് നിരസിക്കുകയായിരുന്നു.

ബൈജു മര്‍ക്കോസ്
ബൈജു മര്‍ക്കോസ്

തുടര്‍ന്ന്, ആ വയോധികയുടെ മൃതദേഹം ഒരു പ്രതിഷേധ പ്രതീകമാക്കി മാറ്റുകയായിരുന്നു. ഒടുവില്‍, മൃതദേഹം ഇമ്മാനുവേല്‍ മാര്‍തോമാ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ നിര്‍ബന്ധിതമായി. ഒരാള്‍ ക്രിസ്ത്യാനിയായിക്കഴിഞ്ഞാല്‍ ആ വ്യക്തി ക്രിസ്തുവിനുള്ളതാണ് എന്നൊക്കെയുള്ള ഭംഗിവാക്കുകള്‍ സഭകള്‍ ഉണര്‍ത്തുമെങ്കിലും, പള്ളികളില്‍ പോലും ശുശ്രൂഷ സമയത്ത് ഏറ്റവും പിന്നിലിരുത്തി ദലിത് ക്രൈസ്തവരെ അപമാനിക്കുന്ന സംഭവങ്ങളുണ്ട്. 'സവര്‍ണ' ക്രൈസ്തവര്‍ ഇവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാറില്ല. പൗരോഹിത്യവും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഹിന്ദുമതത്തിനുപുറത്താണെങ്കിലും, ആ മതത്തിന്റെ ജാതിഘടനയുടെ ഭാരം മുഴുവന്‍ പേറി, അതില്‍നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ ക്രിസ്തുമതത്തിലേക്കുവരുന്നത്. അവിടെയും അവര്‍, അതേതരം ജാതി വിവേചനത്തിനിരയാകുന്നുവെന്നത് എന്തൊരു വൈപരീത്യമാണ്. ഇന്ത്യന്‍ ക്രിസ്ത്യാനിറ്റിയും, ഹൈന്ദവതയുടെ അതേ ജാതിഘടനയും സവര്‍ണബോധവും പങ്കിടുന്നുവെന്നാണ് ഇത് കാണിക്കുന്നത്.

ക്രിസ്റ്റി തോമസ്,
അരൂര്‍, ആലപ്പുഴ.


ശുദ്ധിവാദം പൊളിച്ചടുക്കുന്ന "ചുരുളി'

"ചുരുളി' എന്ന സിനിമയുടെ ഭാഷ അസഭ്യമാണ് എന്ന മട്ടിലുള്ള കാഴ്ചകള്‍ അരങ്ങുതകര്‍ക്കുമ്പോഴാണ്, ആ സിനിമയെ മറ്റൊരു തലത്തില്‍നിന്ന് ജെറില്‍ ജോയ് വിലയിരുത്തുന്നത്. (പാക്കറ്റ് 53). പ്രേക്ഷകന്റെ കാഴ്ചക്കും വിനിമയങ്ങള്‍ക്കും പരിധികളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്ന ഒരു സിനിമ എന്ന നിലയ്ക്കാണ് 'ചുരുളി'യെ കാണേണ്ടത് എന്നുതോന്നുന്നു. അവസാനരംഗത്തിലെ മെലോഡ്രാമക്കുതുല്യമായ ഫിക്ഷനലൈസ്ഡ് നരേഷന്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വാസ്തവികതയും അതിന്റെ അന്തമില്ലാത്ത യുക്തിരാഹിത്യങ്ങളും ചേര്‍ന്ന, അപൂര്‍വമായ ഒരു മിശ്രം സമ്മാനിക്കുകയാണ് ഈ സിനിമ.

ജെറില്‍ ജോയ്
ജെറില്‍ ജോയ്

കഥ പറയുക എന്ന പരമ്പരാഗത മലയാള സിനിമാശൈലി പൊളിച്ചടുക്കിയവരില്‍ ഒന്നാം സ്ഥാനത്താണ് ലിജോയുടെ സ്ഥാനം. പുതിയ സെന്‍സിബിലിറ്റിയുടെ വക്താക്കളായ വിനോയ് തോമസും എസ്. ഹരീഷുമെല്ലാം ഒന്നിക്കുമ്പോള്‍, തീര്‍ത്തും പുതിയ സിനിമയുണ്ടായിവരുന്നു. സ്വകാര്യ ജീവിതത്തില്‍ ധാരാളം തെറി പറയുന്നവരാണെങ്കിലും സ്‌ക്രീനില്‍ അത് പാടില്ല എന്ന ശുദ്ധിവാദികളായ സദാചാരികളാണ് പൊതുവേ മലയാളികള്‍. ലിംഗത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മറ്റുമുള്ള ഇത്തരം ശുദ്ധിവാദങ്ങള്‍ പൊളിഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത്, ഭാഷകൊണ്ടുകൂടി ഈ പരിവര്‍ത്തനത്തിന് ഊര്‍ജം പകരുകയാണ് 'ചുരുളി' ചെയ്യുന്നത്.

കെ. ഹസിത,
കണ്ണൂര്‍


വരളി ചിത്രങ്ങള്‍ കോര്‍പറേറ്റു ചുമരുകളിലെ വ്യാജ കലയായി മാറുകയാണ്

കെ.സി. ജോസ് വെബ്സീനില്‍ തുടര്‍ച്ചയായി എഴുതുന്ന ബോംബെ സ്‌കെച്ചുകള്‍, ആ മഹാനഗരത്തിന്റെ പരിണാമങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്നവയാണ്. വരലി ഗോത്ര സമൂഹത്തെക്കുറിച്ചും അവരുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ചുമുള്ള ലേഖനം- ജീവിതത്തില്‍നിന്ന് വിപണിയിലേക്ക് നേര്‍രേഖ വരയ്ക്കാത്ത വരലി- (പാക്കറ്റ് 53), ആ ജനതയുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്നങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. വരലി ജനതയുടെ നിലനില്‍പ് എന്നാല്‍, ആ ചിത്രങ്ങള്‍ തന്നെയാണ്. കലയുടെ ആഗോളീകരണം ഏറ്റവും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു കലാരൂപം കൂടിയാണിന്ന് ഈ ചിത്രങ്ങള്‍. ഈ ഗോത്രകലയുടെ തനിമയാണ് ഇതോടെ ഭീഷണിയിലായിരിക്കുന്നത്.

warli
വരലി പെയ്ന്‍റിങ് / Photo: Wikimedia Commons

പലതരം സങ്കേതങ്ങള്‍ കടന്നുവന്ന്, വാര്‍ളി ചിത്രങ്ങള്‍ ഇന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിക്കൊണ്ടിരിക്കുകയാണ്. തദ്ദേശീയമായ സംസ്‌കാരങ്ങളെയും ജീവിതരീതികളെയും ഐഡന്റിറ്റികളെയും ഒരു ഏകകത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ് ഗ്ലോബലൈസേഷന്‍ ചെയ്യുന്നത്. സ്വന്തം ഇച്ഛക്കനുസരിച്ചാണോ ഇന്ന് ഒരു വരലി ചിത്രകാരന്‍ രചന നടത്തുന്നത് എന്നത് ഇന്ന് വലിയ ചോദ്യമാണ്. അവരുടെ ജീവിതം തന്നെയായിരുന്ന ആ സര്‍ഗക്രിയ ഇന്ന് ഒരു കൊമേഴ്സ്യല്‍ ആക്റ്റിവിറ്റിയായി മാറിയിരിക്കുന്നു. മെയിന്‍സ്ട്രീം വിപണിയുടെ ചേരുവകള്‍ക്കൊത്ത് അവര്‍ക്ക് വരക്കേണ്ടിവരുന്നു. വന്‍കിട കമ്പനികളുടെയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെയും മാളുകളുടെയുമെല്ലാം ചുവരുകളില്‍ ഈ വ്യാജകല തിളങ്ങിനില്‍ക്കുന്നു.

കെ.സി. ജോസ്
കെ.സി. ജോസ്

മണ്ണിന്റെയും മുളയുടെയും മാധ്യമങ്ങളില്‍നിന്ന് തുണികളിലേക്കും പേപ്പറിലേക്കും കോണ്‍ക്രീറ്റിലേക്കും മറ്റും മാധ്യമം മാറുന്നതിന്റെ പ്രശ്നം മാത്രമല്ല ഇത്. പുതിയ മാധ്യമം കണ്ടെത്തുക എന്നത് ഏതു കലയ്ക്കും അനിവാര്യമായ സംഗതിയാണ്. എന്നാല്‍, പൊതുബോധസൃഷ്ടിയായ മേലാള സൗന്ദര്യസങ്കല്‍പങ്ങളും പുത്തന്‍ അലങ്കാരങ്ങളും ജനപ്രിയ ചേരുവകളും വരലി ചിത്രങ്ങള്‍ക്ക് പുതിയ കോംപോസിഷന്‍ നല്‍കുന്നു. മാര്‍ക്കറ്റിന്റെ ആവശ്യത്തിനനുസരിച്ച് ഒരു കല പുതിയ രൂപം പ്രാപിക്കുന്നതിനെ വളര്‍ച്ച എന്നു പറയാനാകില്ല.

കെ.ടി. ഇസ്മായില്‍,
ദാദര്‍, മുംബൈ


പഴയ കാലം ഓര്‍ക്കാം, എന്നാല്‍, അതിലൂടെ പോകാന്‍ പറയരുത്

ഗൃഹാതുരമായ ഒരു ഓര്‍മയെന്ന നിലയ്ക്ക് "പ്രേരണ'യെക്കുറിച്ചും "സമീക്ഷ'യെക്കുറിച്ചുമെല്ലാം അന്നത്തെ ഒരു വായനക്കാരന് വേദനയോടെ ഓര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍, രണ്ടായിരത്തിനുശേഷമുള്ള വിദ്യാര്‍ഥി തലമുറക്ക്, അവയേക്കാള്‍ സമൃദ്ധമായ വായനാനുഭവമാണുള്ളത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ("പ്രേരണ'യും "സമീക്ഷ'യും വായിച്ചുവളര്‍ന്ന തലമുറ അത് വായിക്കാതെ വളര്‍ന്ന തലമുറകളോട്- ഡോ. ഉമര്‍ തറമേല്‍, പാക്കറ്റ് 53). ഇന്ന് ഒരു കോളേജ് മാഗസിന്‍ പോലും തികഞ്ഞ രാഷ്ട്രീയബോധ്യത്തോടെയും ജനപ്രിയതയോട് പടവെട്ടിയും പൊതുബോധത്തെ മറികടന്നുമാണ് പ്ലാന്‍ ചെയ്യപ്പെടുന്നത്.

ലേഖകന്‍ ചൂണ്ടിക്കാണിച്ച ചെറുമാസികകളുടെ വായനാഭാരമില്ലാതെ തന്നെ ഞങ്ങളുടെ തലമുറക്ക് അത് ചെയ്യാന്‍ കഴിയുന്നുണ്ട്. ഓണ്‍ലൈന്‍ എഡിഷന്‍ പ്രത്യേകമായി തയാറാക്കുന്ന ഒരു വായനാ വെബിനകത്താണ് സാമാന്യമായി പറഞ്ഞാല്‍ രണ്ടായിരത്തിനുശേഷമുള്ള വിദ്യാര്‍ഥി തലമുറ എന്ന വാദം അര്‍ഥമില്ലാത്തതാണ്. പ്രിന്റിനെക്കുറിച്ച് മുന്‍ തലമുറ പുലര്‍ത്തിവരുന്ന വ്യാജമായ ഒരു മൂല്യബോധവും "എഴുപതുകളെ'ക്കുറിച്ച് പാടിപ്പഴകിയ വീരകഥകളും തന്നെയാണ് ലേഖകനെ ഇപ്പോഴും നയിക്കുന്നത് എന്നുതോന്നുന്നു. ക്ലാസ്മുറിയില്‍നിന്ന് ഇന്ന് ഒരു വിദ്യാര്‍ഥിക്കും ഒന്നും പഠിക്കാനില്ല, ക്ലാസ്മുറിക്കു പുറത്തുനിന്നാണ് അവര്‍ പഠിക്കുന്നത്. അതുകൊണ്ടുതന്നെ, അധ്യാപകരടക്കമുള്ള വഴികാട്ടികളെ മറികടന്ന്, സ്വന്തം ചിന്താവഴി വെട്ടുകയാണവര്‍ ചെയ്യുന്നത്.

UMER
ഉമർ തറമേല്‍

അതുകൊണ്ടാണ്, ലേഖകന്റെ തലമുറ മുന്തിയതെന്ന് കരുതിയിരുന്ന പലതും അങ്ങനെയല്ല എന്ന് ഞങ്ങളുടെ തലമുറ വിശ്വസിക്കുന്നത്. ലേഖകന്‍ പറയുന്ന കാലത്തെ സമാന്തര വായനക്കുപോലും ഒരുതരം എക്സ്‌ക്ലൂസീവ്നെസ് ഉണ്ടായിരുന്നു. അത്, സാമാന്യ പൊതുവായനയിലേക്ക് സംക്രമിച്ചിരുന്നില്ല. അന്നത്തെ മുഖ്യധാരാ മാധ്യമങ്ങളുടേതില്‍നിന്ന്വേറിട്ടതെങ്കിലും, സമാന്തരമായി സഞ്ചരിച്ച ഒരുതരം ബൗദ്ധിക വരേണ്യത അത്തരം ചെറുമാസികകളെ ഭരിച്ചിരുന്നു. ആ എക്സ്‌ക്ലൂസീവ്നെസ് തകര്‍ക്കുകയാണ് ഞങ്ങളുടെ തലമുറ ചെയ്യുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോം അനുദിനം വൈവിധ്യങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. എല്ലാതരം വിവേചനങ്ങളെയും അത് മറികടക്കുന്നു. ഏത് ദുര്‍ബലമായ ശബ്ദത്തിനും അവിടെ ഇടം ലഭിക്കുന്നു. മൂല്യങ്ങളുടെ ഒരുതരം സ്‌കെയിലും അവരെ അവിടെ അളന്നുമുറിക്കാനില്ല. അരാജകത്വത്തിന്റെ മുഖംമൂടിയണിഞ്ഞ യാഥാസ്ഥിതികത്വമല്ല, എണ്ണം പറഞ്ഞ അരാജകത്വം തന്നെയാണ് ഞങ്ങളുടെ സെന്‍സിബിലിറ്റിക്ക് ഊര്‍ജം പകരുന്നത് എന്നുകൂടി പറയട്ടെ.

വിധുരാജ്,
മഹാരാജാസ് കോളേജ്, എറണാകുളം.


"എഴുകോണ്‍' ഒരു സാമൂഹിക- രാഷ്ട്രീയ ആത്മകഥ

ഡോ. ജയശ്രീയുടെ - എഴുകോണ്‍- മലയാളത്തിലെ വേറിട്ട ഒരു ആത്മകഥയാണ്. ചുറ്റുമുള്ള നിസ്വരായ മനുഷ്യരുടെ കൂടി ആത്മകഥയായി അത് മാറുന്നു എന്നിടത്താണ് എഴുകോണിന്റെ വ്യതിരിക്തത. മാത്രമല്ല, കേരളത്തിലും പുറത്തുമുള്ള ലൈംഗികത്തൊഴിലാളികളുടെ ജീവിതം, രാഷ്ട്രീയ സംഘാടനം, ഒരു സാമൂഹിക വര്‍ഗം എന്ന നിലയിലേക്കുള്ള അവരുടെ കടന്നുവരവ് എന്നിവയുടെ ആധികാരികമായ ചരിത്രം കൂടിയാണ് ഈ ആത്മകഥ.

ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 53
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 53 - കവര്‍

ജീവിക്കാന്‍ മാത്രമല്ല, സ്വത്വം അടയാളപ്പെടുത്താനും പൊരുതേണ്ടിവരുന്ന ഒരു വിഭാഗത്തെ അനുതാപത്തോടെ ചേര്‍ത്തുപിടിക്കുകയാണ് ഡോ. ജയശ്രീ. ഭരണകൂടങ്ങളും അധികാരികളും പൊലീസ് അടക്കമുള്ള ഉപകരണങ്ങളും പൊതുസമൂഹവുമെല്ലാം ഒരു ജനതയെ എങ്ങനെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പല അധ്യായങ്ങളിലുമുണ്ട്. ഇതെല്ലാം മറികടന്ന് അവര്‍ അവകാശബോധമുള്ള പൗരന്മാരായി മാറുന്നതിന്റെ ആവേശകരമായ അനുഭവമാണ്, ഈ ആത്മകഥാവായനയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്.
നജീറ ഫിറോസ്
മാങ്കാവ്, കോഴിക്കോട്.


പലതരം ജയശ്രീമാരുടെ പലതരം ആത്മകഥകള്‍

ഡോ.എ.കെ. ജയശ്രീയുടെ ആത്മകഥ പലതരം അടരുകളുള്ള ജീവിതത്തിന്റെ ആവിഷ്‌കാരമാണ്. ഓരോ അധ്യായത്തിലും ഓരോ ജയശ്രീയെയാണ് വായിക്കാന്‍ കഴിഞ്ഞത്. ഒരിടത്ത്, സ്വന്തമായി ആര്‍ജിച്ചെടുത്ത സ്വതന്ത്രബോധ്യങ്ങളുമായി വീട്ടിലും റിലേഷന്‍ഷിപ്പുകളിലും പുറത്തുമെല്ലാം ഇടപെടുന്ന അവര്‍, മറ്റൊരിടത്ത് ഇതേക്കുറിച്ചുള്ള സന്ദേഹങ്ങളുമായി, വൈകാരികതയാല്‍ ഭരിക്കപ്പെടുന്ന വ്യക്തിയായി, റിലേഷന്‍ഷിപ്പുകളില്‍ തീര്‍ത്തും സ്വാര്‍ഥമതിയായ ഒരാളായി മാറുന്നു.

jayasree
ഡോ. എ.കെ. ജയശ്രീ

അകത്തും പുറത്തുമുള്ള പലതരം ജയശ്രീമാരെ കണ്ടിരിക്കുക എന്നത് പലതരം ആത്മകഥകള്‍ വായിക്കുന്നതിന് തുല്യമായ ഒരനുഭവമായി മാറി. എക്സ്ട്രീമുകളിലേക്ക് അനായാസം സഞ്ചരിക്കുന്ന അവര്‍ തിരിച്ച്, പൊടുന്നനെ, അതിസാധാരണമായ ഒരു മനുഷ്യന്റെ പുതപ്പിലേക്ക് സുഖപ്പെടുന്നു. അവിടെ, വൈയക്തികമായ ആത്മീയതയുടെയും സ്വയം ബോധ്യപ്പെടുത്താന്‍ കഴിയാത്ത വിശ്വാസങ്ങളുടെയും ഉത്തരം കിട്ടാത്ത ബന്ധങ്ങളുടെയും ചുഴിയില്‍ കിടന്ന് കറങ്ങുന്നു. അടുത്ത നിമിഷം, ആ വ്യക്തിയെ കീറിമുറിച്ച് ബാഹ്യലോകത്തിന്റെ സങ്കീര്‍ണതകളിലേക്ക് ധീരയായി പാഞ്ഞുപോകുന്നു. സാധാരണ ആത്മകഥകളുടെ വായനയില്‍നിന്ന് ലഭിക്കാത്ത സുന്ദരമായ ഒരനുഭവം. ഒരാള്‍ക്ക് ഒരു ജീവിതമല്ല ഉള്ളത് എന്നാണ് 'എഴുകോണ്‍' ചുരുക്കത്തില്‍ പറഞ്ഞുവെക്കുന്നത്.
ശ്രീലത പി.,
ചേലക്കര, തൃശൂര്‍.


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media