Friday, 09 December 2022

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 54 കവറില്‍ സൈനുല്‍ ആബിദിന്റെ ഡിസൈന്‍
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ ​​​​​​​ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


യു.പി ആരെ തുണയ്ക്കും? കാണാന്‍ കാത്തിരിക്കേണ്ടതില്ല

യു.പിയില്‍ ബി.ജെ.പി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതുപോലെ യോഗി സര്‍ക്കാറിനെ ജനം ഉടന്‍ മാറ്റുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞദിവസം പറഞ്ഞു. അതിനുള്ള കാരണങ്ങള്‍ നിരത്തിയ അദ്ദേഹം, വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ച ഒരു സര്‍ക്കാറാണ് യോഗിയുടേത് എന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വ്യജ ഏറ്റുമുട്ടലുകളെ യു.പിയിലെ മധ്യവര്‍ഗം ഒരു "സാമൂഹിക സുരക്ഷാ' പരിപാടിയായാണ് വിലയിരുത്തുന്നതെന്നും ഇത് യോഗി സര്‍ക്കാറിനുള്ള പിന്തുണ കൂട്ടിയിട്ടുണ്ടെന്നും, വെബ്സീനില്‍ മുമ്പ് വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയത് ഓര്‍ക്കുന്നു. ബി.എസ്.പിയുടെ ശക്തി ക്ഷയിക്കുകയും അവരില്‍നിന്ന് ദലിത് വോട്ടുബാങ്ക് ഒലിച്ചുപോകുകയും ചെയ്തത്, തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് എന്നാണ് വാര്‍ത്തകള്‍.

എന്നാല്‍, യു.പിയില്‍ ഇന്ന് ദലിത് വിഭാഗത്തിന്റെ ഏറ്റവും വലിയ "സഖ്യ'കക്ഷി ബി.ജെ.പിയാണ് എന്നതാണ് യാഥാര്‍ഥ്യം. ഒരോ ബി.ജെ.പി പ്രവര്‍ത്തകരും ദലിതര്‍ക്കിടയിലെത്തി, അവര്‍ക്കൊപ്പം ഒരു ചായ കുടിക്കണം എന്നാണ് ബി.ജെ.പി യു.പി ഘടകം പ്രസിഡന്റ് സ്വതന്ത്രദേവ് സിങ് ആഹ്വാനം ചെയ്യുന്നത്. അങ്ങനെ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ നൂറ് ദലിതര്‍ക്കൊപ്പം ചായ കുടിച്ചാല്‍ അവര്‍ ജാതിക്കും പണത്തിനും പ്രാദേശികതക്കും വോട്ട് ചെയ്യുന്നതിനുപകരം ദേശീയതക്ക് വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ മാത്രമല്ല, അതിനുള്ള പരിപാടികള്‍ കൂടി സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വെങ്കിടേഷ് രാമകൃഷ്ണന്റെ ലേഖനത്തില്‍ (പാക്കറ്റ് 54) ബി.ജെ.പിയുടെ സംസ്ഥാനതല സംഘാടനത്തിന്റെ വ്യക്തമായ ചിത്രമുണ്ട്. അവര്‍ പറയുന്നതുപോലെ, പുറമെനിന്ന് നോക്കിയാല്‍ വന്‍ തിരിച്ചടിക്കുള്ള എല്ലാ സാധ്യതകളും യു.പിയില്‍ ബി.ജെ.പിക്കുണ്ടെങ്കിലും അതെല്ലാം "പുഷ്പം' പോലെയാക്കി മാറ്റാന്‍ ഇത്തവണ പ്രതിപക്ഷം കൂടി ബി.ജെ.പിയുടെ സഹായത്തിനെത്തും. കാരണം, സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും കോണ്‍ഗ്രസുമെല്ലാം കാണുന്നതിന്റെയും ഏറെ അപ്പുറത്താണ് ബി.ജെ.പിയുടെ കണ്ണ്. കോവിഡ് കാലത്തെ യോഗിയുടെ ഭരണപരാജയവും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് രാജ്യത്തോട് മാപ്പു പറഞ്ഞ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രവുമെല്ലാം, പ്രതിപക്ഷത്തിന്റെ നയരാഹിത്യത്താല്‍ ബി.ജെ.പി അനുകൂല വോട്ടായി മാറാനാണ് സാധ്യത. മുമ്പത്തെപ്പോലെ, വര്‍ഗീയ ചേരിതിരിവ് ഇത്തവണ അത്ര ഫലിക്കില്ലെന്നു കണ്ട സംഘ്പരിവാര്‍, ഓരോ ജാതി വിഭാഗത്തിനും വേണ്ടിയുള്ള "തനതു' പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ബ്രാഹ്‌മണ, യാദവ്, ദലിത് വിഭാഗങ്ങള്‍ക്കുവേണ്ടി പ്രത്യേകമായ പ്രതിനിധി സമ്മേളനങ്ങള്‍ നടത്തുകയാണ് സംഘ്പരിവാര്‍.

venkidesh
വെങ്കിടേഷ് രാമകൃഷ്ണന്‍

ഇവയുടെയെല്ലാം ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, 403ല്‍ 325 സീറ്റ് ഇത്തവണ നേടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീണര്‍ക്ക് റേഷനും എല്‍.പി.ജി സിലിണ്ടറും വൈദ്യുതിയും വൈഫൈയും വിദ്യാഭ്യാസവുമെല്ലാം നല്‍കിയതിനുള്ള വോട്ടാണിതെന്നുകൂടി യോഗി പറഞ്ഞുവെക്കുന്നു.
ബി.ജെ.പി ഇത്തവണ യു.പിയില്‍ പയറ്റുന്ന ബഹുമുഖ തന്ത്രങ്ങള്‍ക്ക് അനുയോജ്യമായതൊന്നും സമാജ്വാദി പാര്‍ട്ടിയുടെ പക്കലില്ല എന്നതാണ് യാഥാര്‍ഥ്യം.

ചെറുകിട പാര്‍ട്ടികളുമായുള്ള സഖ്യമാണ് ഇത്തവണ അഖിലേഷിന്റെ തുരുപ്പുചീട്ട്. ഏറ്റവും പിന്നാക്ക സമുദായങ്ങളില്‍ വേരുകളുള്ളവയാണ് ഈ ചെറുകിട പാര്‍ട്ടികളെങ്കിലും ഇവയ്ക്ക് തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ വോട്ടിങ് പാറ്റേണിനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ എത്രകണ്ട് കഴിയും എന്നത് സംശയകരമാണ്. മാത്രമല്ല, ഇവയിലേറെയും തെരഞ്ഞെടുപ്പുസമയത്തുമാത്രം പൊട്ടിമുളച്ച് പിന്നീട് അസ്തമിക്കുന്നവയുമാണ്. വൈകാരികമായ ജനരോഷമായിരിക്കും ഇവയുടെ ബേസ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്നിടത്ത്, ഇത്തരം പാര്‍ട്ടികളുമായുള്ള സഖ്യം അഖിലേഷിനെ തുണയ്ക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം.
യാക്കൂബ് തോമസ്
ന്യൂഡല്‍ഹി.


യു.പിയുടെ കൃത്യമായ ചിത്രങ്ങള്‍

യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെങ്കിടേഷ് രാമകൃഷ്ണനും വി.എസ്. സനോജും എഴുതിയത ലേഖനങ്ങള്‍ വായിച്ചു (പാക്കറ്റ് 54). വരാനിരിക്കുന്ന സഖ്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ കൃത്യമാണ്. എന്നാല്‍, ഇത്തവണ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആന്റി ക്ലൈമാക്സ്, സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബി.എസ്.പിയുമാണ്, ജാതി- സമുദായ വോട്ടുകേന്ദ്രീകരണത്തില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് എന്നതാണ്. ഇക്കാര്യത്തില്‍ യോഗി ആദിത്യനാഥുമായി അഖിലേഷ് യാദവും മായാവതിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഹിന്ദുത്വയെ ജിഹാദി ഇസ്ലാമിസ്റ്റുകളുമായി താരതമ്യപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന ഇതില്‍ ഒടുവിലത്തേതാണ്. 

VS SANOJ
വി.എസ്. സനോജ്‌

ചന്ദ്രശേഖര്‍ ആസാദിന്റെ മൂവ്മെന്റ് ബി.എസ്.പിയുടെ പരമ്പരാഗത വോട്ടുബാങ്കില്‍ സൃഷ്ടിച്ച പിളര്‍പ്പാണ് മായാവതിയെ ബ്രാഹ്‌മണ പക്ഷത്തേക്ക് അടുപ്പിച്ചത്. ഇത് മുന്നില്‍ കണ്ട്, അഖിലേഷ് യാദവും ബ്രാഹ്‌മണര്‍ക്ക് വന്‍തോതില്‍ സീറ്റ് കൊടുക്കാനുള്ള നീക്കത്തിലാണെന്ന് വാര്‍ത്തകള്‍ വരുന്നു. കോണ്‍ഗ്രസാകട്ടെ, ഊര്‍ധ്വന്‍ വലിക്കുന്ന പാര്‍ട്ടിയാണ് യു.പിയില്‍. പ്രിയങ്ക ഗാന്ധിയെ കാണാന്‍ തടിച്ചുകൂടുന്നവര്‍ പോലും അവരുടെ പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ പോകുന്നില്ല. പ്രിയങ്ക ലക്ഷ്യമിടുന്ന സ്ത്രീ- യുവ വോട്ടര്‍മാര്‍ തന്നെയാണ് മോദിയുടെ ശക്തിയും.

20 ലക്ഷം ജോലിയും സ്ത്രീകള്‍ക്ക് 40 ശതമാനം സീറ്റും നല്‍കുമെന്നൊക്കെ പ്രിയങ്ക പറയുന്നുണ്ടെങ്കിലും അത് വോട്ടായി മാറുക അസാധ്യമാണ്. 
ദലിത് വോട്ടുബാങ്കിന്റെ ഷിഫ്റ്റ് എവിടേക്കാണ് എന്നതാണ് ഇത്തവണ നിര്‍ണായകമാകുക. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 പട്ടിക വിഭാഗ സംവരണ സീറ്റുകളില്‍ 61ഉം നേടിയത് ബി.എസ്.പിയാണ്. എന്നാല്‍, പത്തുവര്‍ഷത്തിനുശേഷം, 2017ല്‍ 86 സംവരണ സീറ്റില്‍ 70ഉം നേടിയത് ബി.ജെ.പിയാണ്. ബി.എസ്.പിക്ക് വെറും രണ്ടെണ്ണം. ഈ വിജയമാണ് യഥാര്‍ഥത്തില്‍ ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കുന്നതില്‍ തുണയായത്. ഇത്തരം കൗതുകകരമായ അടിയൊഴുക്കുകളുടെ അടിസ്ഥാന കാരണങ്ങള്‍ വിലയിരുത്തുന്നതായിരുന്നു വെങ്കിടേഷ് രാമകൃഷ്ണന്റെയും സനോജിന്റെയും യു.പി വിശലകനങ്ങള്‍.
ജിഷ്ണു രാജ്,
പള്ളിക്കുന്ന്, കണ്ണൂര്‍.


കോവിഡിനുമുന്നിലും സമ്പന്നരാജ്യങ്ങള്‍ക്ക് ദുരഭിമാനം!

മിക്രോണ്‍ വേരിയന്റുമായി ബന്ധപ്പെട്ട ശാസ്ത്രീയവും രാഷ്ട്രീയവുമായ മികച്ച വിലയിരുത്തലാണ് എതിരന്‍ കതിരവന്‍ നടത്തിയത് (പാക്കറ്റ് 54). വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ പുലര്‍ത്തിയ വിവേചനമാണ് പുതിയ വേരിയന്റ് ഉണ്ടാകാനിടയാക്കിയതെന്ന് വിദഗ്ധര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. കോവിഡിന് ലോകം മുഴുവന്‍ ഉപയോഗിക്കാവുന്ന വാക്സിനുകള്‍ അതിവേഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ശാസ്ത്രത്തിന്റെ നേട്ടം തന്നെയാണ്.

എന്നാല്‍, ആ നേട്ടം, ലോകജനതക്ക് തുല്യമായും അര്‍ഹമായും എത്തിക്കുന്നതില്‍ നാം പരാജയപ്പെട്ടു. കോവിഡിനെ തുരത്താന്‍ പ്രാദേശികമായല്ല, ആഗോളീയമായുള്ള പ്രയത്നവും ഷെയറിങ്ങും അനിവാര്യമാണെന്ന പ്രാഥമിക പാഠമാണ് സമ്പന്നരാജ്യങ്ങള്‍ വിസ്മരിച്ചത്. യു.എസിലും യൂറോപ്പിലും 58 ശതമാനം ജനങ്ങള്‍ വാക്സിനേഷനുവിധേയമായപ്പോള്‍ ആഫ്രിക്കയില്‍ ഇത് വെറും 7.3 ശതമാനമാണ്. യു.എസിലും യൂറോപ്പിലുമാകട്ടെ, ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസും നല്‍കാന്‍ പോകുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വാക്സിന്‍ എത്തിക്കുന്നതില്‍ കമ്പനികള്‍ കുറ്റകരമായ അലംഭാവമാണ് കാണിച്ചത്. നമീബിയയില്‍ 50,000 ഡോസ് ആസ്ട്ര സെനക്ക വാക്സിനുകളാണ്, കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് നശിപ്പിക്കാന്‍ പോകുന്നത്. 11 ശതമാനം പേര്‍ മാത്രം വാക്സിനേഷന് വിധേയമായ ഒരു രാജ്യത്താണിത് സംഭവിക്കുന്നതെന്നോര്‍ക്കണം.

ethiravan kathiravan
എതിരൻ കതിരവൻ

വാക്സിനേഷിലെ താഴ്ന്ന നിരക്ക് പുതിയ വേരിയന്റുകളെ സൃഷ്ടിക്കുമെന്ന് ശാസ്ത്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, അഡീഷനല്‍ ഡോസുകള്‍ വാങ്ങിക്കൂട്ടി, നമ്മുടെ നാട്ടില്‍ കരിഞ്ചന്തക്കാര്‍ ചെയ്യുന്നതിനേക്കാളും കൊടും കുറ്റകൃത്യമാണ് ഈ രാജ്യങ്ങള്‍ ചെയ്തത്. അതുകൂടാതെ, പുതിയ വകഭേദത്തെക്കുറിച്ച് മറച്ചുവെക്കാതെ ലോകത്തെ അറിയിച്ച ആ രാജ്യത്തെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്നു. ഒരു അപകടമുനമ്പില്‍ നില്‍ക്കുമ്പോള്‍ പോലും മനുഷ്യരാശി സങ്കുചിതത്വം കൈവിടുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്.
മുഹമ്മദ് ബഷീര്‍,
തൊട്ടില്‍പാലം, കോഴിക്കോട്.


അട്ടപ്പാടിയിലെത്തിയ മന്ത്രിമാരുടെ മുതലക്കണ്ണീര്‍

കേരളത്തിലെ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് നന്നായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത ആളാണ് എം. കുഞ്ഞാമന്‍. അതുകൊണ്ടുതന്നെ അദ്ദേഹം എഴുതുന്ന ഓരോ വാക്കും കൃത്യമാണ്. "അട്ടപ്പാടിയില്‍ ഭരണകൂടമാണ് പ്രതി' എന്ന ലേഖനത്തില്‍ (പാക്കറ്റ് 54) അദ്ദേഹം എഴുതുന്നു: "പ്രശ്‌നം വരുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് സാധാരണ ചെയ്യുന്നത്. ഉദ്യോഗസ്ഥരിലെ അഴിമതിയും അനീതിയുമൊക്കെയാണ് കാരണമെന്നാണ് പറയുന്നത്. ഇത് പറഞ്ഞ് ഭരണാധികാരികള്‍ക്ക് രക്ഷപ്പെടാനാവില്ല.' ഈ പരാമര്‍ശം സത്യമായി, അട്ടപ്പാടിയിലെ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. പ്രഭുദാസിനെതിരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പടയൊരുക്കം നടക്കുകയാണ്. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് തെറിപ്പിക്കാനുള്ള നീക്കത്തിന് ബലം പകരാന്‍ സി.പി.എം പ്രാദേശിക നേതൃത്വത്തെക്കൊണ്ട് അഴിമതി ആരോപണങ്ങള്‍ ഉന്നയിപ്പിക്കുകയാണ്. ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ബിനാമി ഇടപാട് നടക്കുന്നു, കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ അഴിമതി എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

kunjamn
എം. കുഞ്ഞാമന്‍

എന്നാല്‍, ഇടതുപക്ഷത്തോടൊപ്പമുള്ള ആരോഗ്യവിദഗ്ധര്‍ തന്നെ ഡോ. പ്രഭുദാസിന്റെ ഇടപെടലുകളെ അംഗീകരിക്കുന്നുണ്ടെന്നോര്‍ക്കണം. ഡോ. കെ.പി. അരവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു: ""അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ ആരോഗ്യസ്ഥിതി കഴിഞ്ഞ മൂന്നോ നാലോ ദശകങ്ങളില്‍ മെച്ചപ്പെടുകയല്ലാതെ മോശമായിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. ഈ മാറ്റത്തില്‍ ചെറുതല്ലാത്ത പങ്കു വഹിച്ച ആളാണ് ഡോ പ്രഭുദാസ്. ആദിവാസി സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുത്താണ് അദ്ദേഹത്തിന് ഇതു സാധിച്ചത് എന്നാണ് നേരിട്ടു കണ്ട അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും അവിടെ ലഭ്യമാവുമെന്ന് തന്നെ കരുതുന്നു.'' ഒരു സംഭവം വാര്‍ത്തയാകുമ്പോള്‍ ഓടിയെത്തി ഉദ്യോഗസ്ഥന്മാരുടെ അഴിമതി "തുറന്നു കാട്ടുക' എന്ന സാമര്‍ഥ്യം നമ്മുടെ ഭരണാധികാരികള്‍ എന്നാണ് ഉപേക്ഷിക്കുക. അട്ടപ്പാടിയിലെ ആരോഗ്യമേഖലയിലേക്ക് ഇത്രയേറെ പണം ഒഴുകിയിട്ടും അവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്‌കാനിങ് സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സോ ഇല്ലാത്തത് എന്തുകൊണ്ടാണ്? താന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വന്നപ്പോള്‍ കണ്ട അതേ അവസ്ഥയിലാണ് ഇപ്പോഴും അട്ടപ്പാടിയിലെ ആദിവാസികള്‍ എന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറയുന്നു. ഇതിന് അദ്ദേഹത്തിന്റെ പാര്‍ട്ടി കൂടി അടങ്ങുന്ന സര്‍ക്കാറുകളല്ലേ ഉത്തരവാദികള്‍. അത് ഏറ്റുപറയുന്നതിനുപകരം, മുതലക്കണ്ണീരൊഴുക്കുകയാണ് ഈ മന്ത്രിമാരെല്ലാം ചെയ്യുന്നത്. നവജാതശിശുക്കളുടെ മരണത്തില്‍ പട്ടികജാതി- വര്‍ഗ കമീഷന്‍ സ്വമേധയാ കേസെടുത്തുവത്രേ. ആര്‍ക്കെതിരെ? എന്തിന്?
പി.ആര്‍. കൃഷ്ണപ്രസാദ്,
പാലക്കാട്


ബ്ലൂ ഇക്കോണമി എന്ന കറവപ്പശു

ന്ത്യന്‍ കടലിനെ വളയുന്ന ബ്ലൂ ഇക്കോണമി; ചില കാണാക്കാഴ്ചകള്‍ എന്ന ലേഖനം (പാക്കറ്റ് 54) ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ വിഭവങ്ങള്‍ക്കുനേരെയുള്ള അധിനിവേശങ്ങളുടെ നല്ലൊരു ചിത്രമാണ് നല്‍കുന്നത്. 
കരയിലൂടെയുള്ള ചൈനയുടെ ഭീഷണിയേക്കാള്‍ ഇന്ത്യ കരുതിയിരിക്കേണ്ടത്, കടലിലൂടെയുള്ള ഭീഷണിയാണ്. കാരണം, സമുദ്ര നിരീക്ഷണത്തിനുള്ള നാവിഗേഷന്‍ സംവിധാനത്തിന്റെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നിയന്ത്രണം ചൈനീസ് ശക്തിക്കുമുന്നില്‍ ഇന്ന് വന്‍ പ്രതിസന്ധിയിലാണെന്നുപറയാം. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മാല ദ്വീപ് എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ തുറമുഖങ്ങള്‍ ഉപയോഗിച്ചാണ് ചൈന ഇന്ത്യന്‍ സമുദ്രഭാഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍, പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലുമല്ല. പാക്കിസ്ഥാന്‍ എന്നത് ചൈനയെ സംബന്ധിച്ച് ഏറ്റവും വലിയ സഖ്യകക്ഷിയാകുന്നത് ഇന്ത്യയെ മുന്‍നിര്‍ത്തിയാണ്. സാര്‍ക്ക് എന്ന സംവിധാനത്തെപ്പോലും വരുതിയിലാക്കാന്‍ ചൈനക്കുകഴിയുന്നു.

ആഗോളീയമായി മാത്രമല്ല, ആഭ്യന്തരമായും ഇന്ത്യക്ക് ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഒരു നയമില്ല. ഇന്ത്യയിലെ തീരദേശവാസികളെയും പാരിസ്ഥിതികമായി ദുര്‍ബലമായ പ്രദേശങ്ങളെയും ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ബ്ലൂ ഇക്കോണമി നയം തന്നെ നടപ്പാക്കുന്നത്. നിയന്ത്രണമില്ലാത്ത ആഴക്കടല്‍ ഖനനവും കോര്‍പറേറ്റുകള്‍ക്കുള്ള ഇളവുകളും കടല്‍ ജല മലിനീകരണ പ്രശ്നങ്ങള്‍ അവഗണിക്കുന്നതും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളുമൊന്നും സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. ബ്ലൂ ഇക്കോണമി ഒരു നല്ല കറവപ്പശുവാണ്, ആഗോളീയമായും ആഭ്യന്തരമായും എന്നതാണ് അവസ്ഥ.
എന്‍. ലത്തീഫ്,
നെയ്യാറ്റിന്‍കര.


സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചുള്ള പ്രകൃതിവിരുദ്ധ വാദങ്ങള്‍

ഫാസിസ്റ്റ് വിരുദ്ധര്‍ നിര്‍മിച്ചെടുക്കുന്ന സ്വവര്‍ഗ ലൈംഗികപ്പേടി എന്ന ആദിയുടെ ലേഖനം (പാക്കറ്റ് 54) പ്രസക്തമായ ഒരു വാദമാണ് മുന്നോട്ടുവക്കുന്നത്. സ്വവര്‍ഗ ലൈംഗികതയെ ഒരു മാനസിക വൈകല്യമായാണ് അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്‍ പോലും ഒരു കാലത്ത് കണക്കാക്കിയിരുന്നത്. മതപരവും മറ്റുമായ നിരവധി കാരണങ്ങളാണ് ഇത്തരമൊരു വികലകാഴ്ചപ്പാടിലേക്ക് പൊതുസമൂഹത്തെ എത്തിക്കുന്നത്. മാത്രമല്ല, പിന്നീട് മാര്‍ക്സിസവും ഇടതുപക്ഷവും പോലുള്ള ബൃഹദാഖ്യാനങ്ങളും "പ്രകൃതി വിരുദ്ധം' എന്ന സംജ്ഞയിലേക്ക് സ്വവര്‍ഗ ഐഡന്റിറ്റികളെ തളച്ചിട്ടു. പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം നിരോധിക്കുന്ന ജര്‍മന്‍ ക്രിമിനല്‍ കോഡിലെ 175ാം പാരഗ്രാഫ് ഉപയോഗിച്ച് 1933നും 45നും ഇടയില്‍ നാസി ഭരണകൂടം ആയിരക്കണക്കിന് സ്വവര്‍ഗാനുരാഗികളെയാണ് അറസ്റ്റുചെയ്ത് പീഡിപ്പിച്ചത്. അര ലക്ഷത്തിലേറെ പേരാണ് ഹോമോ സെക്ഷ്വാലിറ്റി എന്ന 'കുറ്റകൃത്യ'ത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടത്, 15,000ഓളം പേര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലടക്കപ്പെട്ടു.

aadhi
ആദി

സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട മിത്തുകള്‍, ആധുനിക സാമൂഹിക സംവര്‍ഗങ്ങളുടെ രൂപീകരണപ്രക്രിയയുമായി ബന്ധപ്പെട്ട് തകര്‍ന്നുതുടങ്ങിയെങ്കിലും ഇന്നും ഇന്ത്യയടക്കമുള്ള യാഥാസ്ഥിതിക സമൂഹങ്ങളില്‍ അതൊരു പ്രകൃതിവിരുദ്ധ ഏര്‍പ്പാടായാണ് ഗണിക്കപ്പെടുന്നത്. സ്വവര്‍ഗ ലൈംഗിക ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്നയുടന്‍, സൈന്യത്തില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കില്ലെന്ന പ്രസ്താവനയുമായി അന്നത്തെ കരസേന മേധാവി രംഗത്തെത്തിയത് ഓര്‍ക്കുന്നു. സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട് സൈന്യത്തിന് സ്വന്തം നിയമമുണ്ടെന്നും ഇക്കാര്യത്തില്‍ സൈന്യം വളരെ യാഥാസ്ഥിതികമാണെന്നും അദ്ദേഹം നിര്‍ലജ്ജം സമ്മതിക്കുകയും ചെയ്തു. "അന്തസ്സില്ലാത്തതും പ്രകൃതിവിരുദ്ധവുമായ' പ്രവൃത്തികള്‍ സേനാനിയമത്തില്‍ ഏഴു വര്‍ഷം വരെ ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. ഈ വകുപ്പുപയോഗിച്ചാണ് സ്വവര്‍ഗ ലൈംഗികതയെയും സൈന്യം നേരിടുക. ആദി എഴുതുന്നതുപോലെ, ഇന്നുപോലും സിനിമയില്‍ സ്വവര്‍ഗ ലൈംഗികതയെ ഭീതിജനകമായി അവതരിപ്പിക്കാനാണ് ശ്രമം. 'മുംബൈ പൊലീസ്' എന്ന സിനിമയില്‍ ആന്റണി മോസസ് എന്ന പൊലസുകാരന്‍, താന്‍ ഒരു ഹോമോ സെക്ഷ്വലാണ് എന്നു പറയുന്നതിനെ ഔട്ട്സ്റ്റാന്റിങ് ട്വിസ്റ്റ് എന്നാണ് നടന്‍ പൃഥ്വിരാജ് വിശേഷിപ്പിച്ചത്. എന്നാല്‍, ആ നായകന്റെ മേക്കിംഗ് ഒരു പ്രതിനായകന്‍േറതായിരുന്നു എന്നുമാത്രം. പ്രതിനായകന്മാരും പ്രകൃതിവിരുദ്ധരുമായ ഒരു സമൂഹമല്ല സ്വവര്‍ഗാനുരാഗികള്‍ എന്ന് നിരന്തരം നാം പറഞ്ഞുകൊണ്ടേയിരിക്കുക.
ഫാബി മുഹമ്മദ്,
ഇടപ്പള്ളി, എറണാകുളം.


ഹൈ സ്പീഡില്‍ സഞ്ചരിക്കുന്ന ന്യൂനപക്ഷത്തിന്റെ താല്‍പര്യം എത്ര വേഗം സാക്ഷാല്‍ക്കരിക്കുന്നു!

"ത്തരം വികസന പദ്ധതികളുടെ ആവശ്യം ശരിക്കും കേരളത്തിനുണ്ടോ' എന്ന ഡോ. രാജേന്ദ്ര സിങ്ങിന്റെ ചോദ്യം (പാക്കറ്റ് 54) കെ- റെയില്‍ അടക്കമുള്ള പദ്ധതികളുടെ പാശ്ചാത്തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നദികളുടെ ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം ചോദിക്കുന്ന ഒരു കാര്യം, സമുഹത്തിലെ പിന്നാക്കം നില്‍ക്കുന്നവരുടെ ഉപജീവനമാര്‍ഗമായതുകൊണ്ടാണോ നദികള്‍ക്കുമേല്‍ ഭരണകൂടങ്ങളുടെ ആക്രമണം നടക്കുന്നത് എന്നാണ്. അതേ എന്നാണ് അതിനുള്ള ഉത്തരം. കേരളത്തില്‍ നദികള്‍ അടക്കമുള്ള ജലസ്രോതസ്സുകളില്‍ 73 ശതമാനവും മലിനമാണെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍, 21 നദികളും മലിനമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡുതന്നെ പറയുന്നു. വ്യാവസായിക മാലിന്യങ്ങളാണ് കേരളത്തിലെ നദികളെ പ്രധാനമായും മലിനമാക്കുന്നത്.

Rajendra-
ഡോ. രാജേന്ദ്ര സിങ്

ഇതിലേറെയും രാസമാലിന്യങ്ങളുമാണ്. ശുദ്ധജലത്തിനുമാത്രമല്ല, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ജീവിതമേഖലകളാണ് നദികളെ ആശ്രയിച്ച് നടക്കുന്നത്. സാധാരണക്കാരുടെ ജീവിതമാര്‍ഗമായതിനാല്‍, നദികളുടെ സംരക്ഷണം ഒരു ഭരണകൂടത്തിന്റെയും ഉറക്കം കെടുത്തുന്നില്ല. രണ്ടു പ്രളയങ്ങള്‍ സംഭവിച്ചിട്ടും ഈ നദികള്‍ക്ക് എന്തു സംഭവിച്ചു എന്നതിന്റെ ശാസ്ത്രീയമായ വിലയിരുത്തലുണ്ടായില്ല. എന്നാല്‍, ഹൈ സ്പീഡില്‍ സഞ്ചരിക്കുന്ന ന്യൂനപക്ഷത്തിന്റെ താല്‍പര്യം എത്ര വേഗമാണ് സാക്ഷാല്‍ക്കരിക്കുന്നത്. കെ- റെയില്‍ വന്നാല്‍ പശ്ചിമഘട്ടം ഏതാണ്ട് അപ്രത്യക്ഷമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വന്‍ കടക്കെണിയിലേക്കും സാധാരണക്കാരുടെ കുടിയൊഴിക്കലിനും പ്രകൃതിവിരുദ്ധമായ ഭൂവിനിയോഗ നടപടികള്‍ക്കും മാത്രം ഇടയാക്കുന്ന കെ- റെയില്‍ ആരുടെ ആവശ്യമാണ്? ഇതിന്റെ സാമ്പത്തികാഘാതം പേറാന്‍ പോകുന്നത് തീര്‍ച്ചയായും കേരളത്തിലെ സാധാരണ മനുഷ്യരായിരിക്കും, ഈ പാത ഒരിക്കല്‍ പോലും ഉപയോഗിക്കേണ്ടിവരാത്ത മനുഷ്യര്‍. 
രണ്ട് പ്രളയങ്ങളിലൂടെയും നിരവധി മണ്ണിടിച്ചിലുകളിലൂടെയും കടല്‍ക്ഷോഭങ്ങളിലൂടെയും കേരളത്തിന് പ്രകൃതി നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, വലതുപക്ഷത്തിന്റെ മുതലാളിത്ത ചൂഷണ നയങ്ങള്‍ തന്നെയാണ് വികസന കാര്യത്തില്‍ ഇടതുപക്ഷം പോലും പിന്തുടരുന്നത് എന്നിടത്താണ് കേരളത്തിന്റെ ദുരന്തം.
സക്കീര്‍ ഹുസൈന്‍ പറമ്പത്ത്,
വൈപ്പിന്‍, എറണാകുളം.


വൈദ്യത്തെ രാഷ്ട്രീയം ആക്രമിക്കുമ്പോള്‍

കോവിഡുകാലത്തെ മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള മികച്ചൊരു ദാര്‍ശനിക പഠനമാണ് ടി.വി. മധു എഴുതിയ മരണവും വൈദ്യവും തമ്മിലെന്ത് എന്ന ലേഖനം (പാക്കറ്റ് 54). ജീവനൊപ്പം രോഗവും മരണവും സഹവസിക്കുന്ന ശരീരത്തെക്കുറിച്ച് വലിയ സന്ദേഹങ്ങളും കൃത്യതയില്ലായ്മയും അഭിമുഖീകരിച്ച ഒരു സമയം കൂടിയായിരുന്നു കോവിഡ് കാലം. ഒരുപക്ഷെ, രണ്ടുവര്‍ഷമായി ഈ ലോകത്തെ മനുഷ്യശരീരങ്ങള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ പ്രക്രിയകളാകെ, ആധുനിക വൈദ്യത്തിന്റെ യുക്തിയും യുക്തിരാഹിത്യങ്ങളുമായും കെട്ടുപിണഞ്ഞുകിടക്കുകയാണ്.

tv madhu
ടി.വി. മധു

(യുക്തിരാഹിത്യം എന്നത് ശാസ്ത്രനിഷേധിയായ ഒരു പരാമര്‍ശമായല്ല, പകരം, ഇതുവരെ യുക്തിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ഒരു സന്ദര്‍ഭം എന്ന നിലയ്ക്കാണ് പ്രയോഗിക്കുന്നത്). വാക്സിന്‍ കണ്ടുപിടിക്കാനായെങ്കിലും, ആധുനിക വൈദ്യം, കോവിഡിനുമുന്നില്‍ വലിയ ആശയക്കുഴപ്പങ്ങളോടെയാണ് നിലനില്‍ക്കുന്നത്, അത് സ്വഭാവികമാണുതാനും. എന്നാല്‍, ഈ ആശയക്കുഴപ്പം വ്യക്തികളിലേക്കും ശരീരങ്ങളിലേക്കും സംക്രമിക്കുമ്പോള്‍ അത് രോഗശേഷമുള്ള ഒരു ആധിയും വ്യാധിയുമായി മാറുന്നു. ഒരു രോഗസന്ദര്‍ഭത്തെ അഭിമുഖീകരിക്കാന്‍ തക്ക ശേഷി തീര്‍ച്ചയായും ആധുനിക ശാസ്ത്രത്തിനുണ്ട്, എന്നാല്‍, അതിനെടുക്കുന്ന സമയം വിലപ്പെട്ടതാണ്. കാരണം, ശരീരങ്ങളുടെ നിയന്ത്രണം വൈദ്യത്തിനുപകരം, ഭരണകൂടങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്, മാസ്‌ക് നിര്‍ബന്ധമാക്കുന്നത്, ക്വാറന്റയിന്‍ കാലം തീരുമാനിക്കുന്നത്, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എല്ലാ ശാസ്ത്രത്തെ മുന്‍നിര്‍ത്തി ഭരണകൂടങ്ങളാണ്. ലേഖകന്‍ സൂചിപ്പിക്കുന്ന വിലക്കുകളുടെ യുക്തി, ഒരു രാഷ്ട്രീയാധിനിവേശമായാണ് രോഗമുള്ളതും ഇല്ലാത്തതുമായ ശരീരങ്ങളെ ആക്രമിക്കുന്നത്. അതുകൊണ്ടാണ്, മനുഷ്യശരീരങ്ങളെയൊന്നാകെ; രോഗ- അരോഗ ഭേദമില്ലാതെ- നിയന്ത്രണത്തിലാക്കാനായത്. വൈദ്യവ്യവഹാരത്തിനുമേല്‍ രാഷ്ട്രീയക്രമത്തിന് കൈവരിക്കാന്‍ കഴിഞ്ഞ ഈ ആധിപത്യം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആശങ്ക നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള സൂചന കൂടിയാണ്.
അനസൂയ ദേവരാജ്,
കൂര്‍ക്കഞ്ചേരി, തൃശൂര്‍.

പ്രതീക്ഷ കെടുത്തുന്നു, എ.എ. റഹിമുമാരുടെ ന്യായങ്ങള്‍


ബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാലത്ത് അന്നത്തെ ഇടതപക്ഷ സര്‍ക്കാര്‍ എടുത്ത പുരോഗമനപരമായ നിലപാടിന് തുടര്‍ച്ചയുണ്ടായില്ല എന്ന വിമര്‍ശനം വസ്തുതാപരമായി ശരിയല്ല എന്നാണ് എ.എ. റഹിം പറയുന്നത്. (രണ്ടുചോദ്യങ്ങള്‍, പാക്കറ്റ് 54). എന്നാല്‍, അതിന് ഉപോല്‍ബലകമായ വസ്തുതകള്‍ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുമാകുന്നില്ല.

AA rahim
എ.എ. റഹിം

വലതുപക്ഷവല്‍ക്കരണത്തിനെതിരായ വലിയ സമരം എന്നൊക്കെ റഹിം പറയുന്നത് കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നുണ്ട്, എന്നാല്‍, അത് മലയാളികളായ ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നില്ല എന്നുമാത്രം. തുടര്‍ന്നുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും അത് ഒരു വിഷയമായി ഉയര്‍ത്തിയില്ലെന്നുമാത്രമല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയെ ഈ വിഷയവുമായി പാര്‍ട്ടി തന്നെ കൂട്ടിയിണക്കുകയും ചെയ്തു. അത് ജനങ്ങള്‍ക്കുമുന്നിലെത്തി വിശദീകരിക്കുക എന്ന പരിഹാസ്യമായ അവസ്ഥ പോലുമുണ്ടായി. സംഭവങ്ങളുണ്ടാകുമ്പോള്‍, അവിടെയെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത് ഡി.വൈ.എഫ്.ഐയെ പോലൊരു സംഘടനയുടെ പ്രവര്‍ത്തന പരിപാടിയാകാം. എന്നാല്‍, ഭരണകൂടത്തിന് ഈ പോപ്പുലിസം മതിയാകില്ല, അതിന് നയപരമായ സമീപനം തന്നെ ആവശ്യമാണ്. അനുപമയുടെ വിഷയത്തില്‍, ഇടതുപക്ഷ ഭരണകൂടത്തിന്റെയും സി.പി.എമ്മിന്റെയും സമീപനം തീര്‍ത്തും സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായിരുന്നു എന്ന സമ്മതിക്കുകയായിരുന്നു റഹിം ചെയ്യേണ്ടിയിരുന്നത്. ഈ വിഷയത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിനുള്ള ആയുധമായി ചിലര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞതുതന്നെ, സര്‍ക്കാറിന്റെ പിന്തിരിപ്പന്‍ നിലപാടു മൂലമാണ്. സി.പി.എമ്മിന് പുറത്തുകടക്കാന്‍ കഴിയാത്ത, ആണധികാരത്തിന്റെയും ഫ്യൂഡലിസത്തിന്റെയും സ്വാധീനങ്ങളെ സ്വയം വിമര്‍ശനപരമായി തിരിച്ചറിയാന്‍ റഹിമിനെപ്പോലുള്ള യുവനേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ല എന്നതിനേക്കാള്‍, അവയെക്കുറിച്ച് നിരത്തുന്ന ന്യായങ്ങളാണ്, ഭാവിയിലെ ഇടതുപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷ തന്നെ ഇല്ലാതാക്കുന്നത്.
അബീഷ് മോഹന്‍
കുണ്ടറ, കൊല്ലം.


ലിംഗായതില്‍നിന്ന് ഗൗരി ലങ്കേഷിലേക്ക്; ഒരു സംഘ്പരിവാര്‍ തോക്കുകഥ

ഹൈന്ദവത എന്നത് ഒരു മതത്തേക്കാളുപരി, സമഗ്രാധിപത്യത്തിന്റെ സാംസ്‌കാരികമായ രാഷ്ട്രീയം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ബദല്‍ സാംസ്‌കാരികധാരകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ഏറെ പ്രസക്തമാകുന്നു. ബ്രാഹ്‌മണിസത്തെ നേര്‍ക്കുനേര്‍ നിന്ന് എതിര്‍ത്ത ലിംഗായതതെന്ന ശൈവ ദര്‍ശനത്തെ പരിചയപ്പെടുത്താനുള്ള ശ്രമം (പാക്കറ്റ് 54) അതുകൊണ്ടുതന്നെ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഒന്നാണ്. തങ്ങളുടെ ശൂദ്രാടിത്തറക്കെതിരെ സമരം ചെയ്താണ് ലിംഗായതുകള്‍ ഒരു മതമെന്ന ഐഡന്റിറ്റിയിലേക്ക് വരുന്നത്. ശങ്കരാചാര്യരുടെ അദ്വൈത വേദാന്ത ദര്‍ശങ്ങളെയും വൈദികമായ ആത്മീയതയെയും ജാതി വ്യവസ്ഥയെയുമെല്ലാം നിഷേധിക്കാനുള്ള ആര്‍ജവം ഈ ധാരക്കുണ്ടായിരുന്നു. പുതിയ കാലത്തും, പല ഹൈന്ദവേതര ധാരകളും, ഹിന്ദുത്വയുടെ പുതപ്പിനകത്തേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുമ്പോഴും തങ്ങള്‍ ബ്രാഹ്‌മണിക്കല്‍ ഹൈന്ദവതയുടെ ഭാഗമല്ലെന്ന് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

manoj
കെ.വി. മനോജ്

2017ല്‍ ലിംഗായത് വിഭാഗം കര്‍ണാടകയില്‍ നടത്തിയ റാലിയില്‍ ആര്‍.എസ്.എസിനോട് തങ്ങളുടെ സമുദായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് അവര്‍ താക്കീതു നല്‍കുകയുണ്ടായി. "ഞങ്ങള്‍ വിശ്വസിക്കുന്നത് അംബേദ്കറുടെ ഭരണഘടനയിലാണ്, മനുവാദികളുടേതിലല്ല' എന്ന് ലിംഗായത് നേതാവ് ജയ ബാസവ മൃത്യജ്ഞജ സ്വാമി തുറന്നുപറഞ്ഞു. സംഘ്പരിവാറിന്റെ ഹിന്ദുത്വക്ക് ഒരിക്കലും പ്രവേശനം അനുവദിക്കാത്ത ഒരു വലിയ സാംസ്‌കാരിക പ്രതിരോധം കൂടിയാണ് ദക്ഷിണേന്ത്യ പ്രതിനിധീകരിക്കുന്ന സംസ്‌കാര സത്ത. കര്‍ണാടകയിലുടെ ബി.ജെ.പിക്ക് ഒരു രാഷ്ട്രീയവഴി തുറന്നുകിട്ടിയപ്പോള്‍, ലിംഗായതുകളടക്കമുള്ള ധാരകളെ സ്വന്തമാക്കാന്‍ സംഘ്പരിവാര്‍ നേരിട്ട് ഇടപെട്ടുതുടങ്ങി. അതിനെതിരെ രാഷ്ട്രീയമായ ചെറുത്തുനില്‍പ്പ് സാധ്യമാക്കിയ വ്യക്തിയെന്ന നിലയ്ക്കാണ്, ഗൗരി ലങ്കേഷിനെയും അവരുടെ രക്തസാക്ഷിത്വത്തെയും കാണേണ്ടത്. മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന ഈയൊരു "കണക്ഷന്‍' നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാണ്.
പി. ജ്യോതിര്‍മയി,
ഇന്ദിരാ നഗര്‍, ബംഗളൂരു.


​​​​​​​TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media