Sunday, 25 September 2022

കത്തുകള്‍


Image Full Width
Image Caption
ജെന്റര്‍ ന്യൂട്രലായ പുതിയ യൂണിഫോമില്‍ ബാലുശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ ​​​​​​​ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


കസവുസാരി കുഴപ്പമില്ല, പാന്റിട്ടാല്‍ വ്രണപ്പെടും വിശ്വാസം

ക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്ക് വീണ്ടും കേരളം സാക്ഷിയാകുന്ന സമയത്ത്, ഹിംസയുടെ സാമൂഹ്യശാസ്ത്രത്തെക്കുറിച്ച് വെബ്‌സീന്‍ നടത്തിയ അന്വേഷണം പ്രസക്തമായി. അംബേദ്കറെ മുന്നോട്ടുവച്ച് അനാമിക അജയ് നടത്തിയ നിരീക്ഷണം (പാക്കറ്റ് 55) വേറിട്ട ഒരു ആംഗിളില്‍ ഈ വിഷയം കൈാകാര്യം ചെയ്യുന്നു. അവര്‍ എഴുതുന്നതുപോലെ, പ്രാദേശികമായ കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളെ മാത്രമേ സാധാരണ നിലയില്‍ ഹിംസ എന്ന ഗണത്തില്‍ പെടുത്താറുള്ളൂ. എന്നാല്‍, സാമ്പത്തികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മയും അധികാരവും കൈയാളുന്നവര്‍, അതില്ലാത്ത വിഭാഗങ്ങളെ വലിയതോതിലുള്ള ഹിംസാത്മകക്ക് വിധേയമാക്കുന്നത് സാധാരണത്വമായിക്കഴിഞ്ഞിരിക്കുന്നു.

ഇത് പല രീതിയില്‍ കേരളീയ സമൂഹത്തെ കലുഷിതമാക്കുന്നുണ്ട്. ഉദാഹരണത്തിന്, കേരളത്തില്‍ സമീപകാലത്ത് ഉയര്‍ന്നുവന്ന, ഭൂമിയടക്കമുള്ള അടിസ്ഥാന ജീവിതോപാധികള്‍ക്കുവേണ്ടിയുള്ള കീഴാളരുടെ സമരങ്ങളെ അടിച്ചമര്‍ത്തിയതിലൂടെ ഭരണകൂടങ്ങളും അവയെ നിസ്സംഗമായി അവഗണിച്ചതിലൂടെ മുഖ്യാധാരാ രാഷ്ട്രീയവും നടത്തിയത് ക്രൂരമായ ഹിംസ തന്നെയാണ്. മുത്തങ്ങ സമരത്തിന്റെ കാലത്ത്, പൊലീസ് മര്‍ദ്ദനത്തിനിരയായ സി.കെ. ജാനുവിന്റെ നീരുവന്ന് വിങ്ങിയ മുഖം ഈ ഹിംസയുടെ ഒരുദാഹരണം മാത്രമായിരുന്നു. മൂലമ്പിള്ളിയില്‍ ഇന്നും വഴിയാധാരമായി കഴിയുന്ന കുടുംബങ്ങള്‍ മറ്റൊരുദാരഹരണം. ഇപ്പോള്‍, കെ. റെയിലിന്റെ പേരില്‍ കുടിയിറക്കപ്പെടാന്‍ കാത്തുകഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍, ഭരണകൂട ഹിംസയുടെ ഭാവിയിലെ ഉദാഹരണം.

anamika ajay
അനാമിക അജയ്

പ്രകടനപത്രികയിലൂടെ ജനം അംഗീകരിച്ച പദ്ധതി എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കുന്ന ന്യായം. കേരളത്തില്‍, എല്‍.ഡി.എഫിന് വോട്ടുചെയ്ത എത്ര മനുഷ്യര്‍, ആ പ്രകടനപത്രിക വായിച്ചുകാണും? പ്രകടനപത്രികകളെ വോട്ടുചെയ്യാനുള്ള ഒരു ഉപാധിയായി എത്ര വോട്ടര്‍മാര്‍ കണക്കിലെടുക്കുന്നുണ്ട്? പരിഹാസ്യമായ ഒരു കാരണം ചൂണ്ടിക്കാട്ടി, കേരളത്തിലെ പ്രകൃതിക്കും സമ്പദ്‌വ്യവസ്ഥക്കും ജനങ്ങള്‍ക്കും അസ്വീകാര്യമായ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കുന്നതിലെ ഹിംസ ഇടതുപക്ഷം പോലും തിരിച്ചറിയാത്തിടത്താണ്, ഹിംസയുടെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രങ്ങളുടെ ഹിംസകള്‍ ചെറുതായിപ്പോകുന്നത്. ഭക്ഷണം, വസ്ത്രം, വ്യക്തിബന്ധങ്ങള്‍ എന്നിവയുടെ പേരില്‍ സമീപകാലത്ത് കേരളത്തില്‍ രൂപപ്പെട്ടുവരുന്ന വിദ്വേഷ രാഷ്ട്രീയം, മതവുമായി സഖ്യം ചേര്‍ന്നാണ് ആക്രമണമഴിച്ചുവിടുന്നത്. ഹിന്ദുത്വക്കാരും ഇസ്‌ലാമിസ്റ്റുകളുമാണ് മനുഷ്യവിരുദ്ധമായ ഈ മുന്നണിയിലുള്ളത്. ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം കൊണ്ടുവന്നപ്പോള്‍ എത്ര വേഗമാണ്, യാഥാസ്ഥിതിക മതത്തിന്റെ വസ്ത്രമണിഞ്ഞ് ഒരു സംഘം സ്‌കൂള്‍ഗേറ്റിലെത്തിയത്! അതുവരെ മതം അടിച്ചേല്‍പ്പിച്ച ഒരു ആചാരത്തില്‍നിന്ന് കുട്ടികള്‍ സ്വതന്ത്രരായി പുറത്തുപോകുന്നതിലുള്ള അസഹിഷ്ണുത, മതത്തിന്റെ പേരിലുള്ള ആക്രോശങ്ങളായി മുഴങ്ങുന്നുണ്ട് ഇപ്പോഴും. ആണിന്റെ വസ്ത്രം പെണ്ണുങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്നുവെന്നും വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നുവെന്നും പറഞ്ഞ് അവസര സമത്വത്തെയും ലിംഗനീതിയെക്കുറിച്ചുമൊക്കെ ഇതേ മതവാദ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് സംസാരിക്കുന്നവര്‍ മനഃപൂര്‍വം മറയ്ക്കുന്നത്, ഈ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവരുടെ മതം സ്വാതന്ത്ര്യം കൊടുത്തിരുന്നുവോ എന്നതാണ്. നമ്മുടെ പെണ്‍കുട്ടികള്‍ ധരിച്ചുകൊണ്ടിരിക്കുന്ന വസ്ത്രം ഈ മതങ്ങള്‍ കല്‍പ്പിച്ചരുളുന്ന ആണധികാരത്തിന്റെ സീമകള്‍ ലംഘിക്കാത്തതാണ്. പെണ്ണിന്റെ ശരീരത്തെ ചരക്കുവല്‍ക്കരിക്കുന്നതാണ്. പാന്റും ഷര്‍ട്ടും ആണിന്റെ മാത്രം വസ്ത്രമാണെന്ന് തീരുമാനിക്കുന്നതും ഈ സദാചാര നീതിയാണ്. 

പുതിയ കാലത്ത് ഏറ്റവും സൗകര്യപ്രദമായി സഞ്ചരിക്കാനും പുറത്ത് ഇടപഴകാനുമൊക്കെ പറ്റുന്ന ഒരു വസ്ത്രം പെണ്ണിനു സ്വന്തമായാല്‍... അതുതന്നെയാണ് പ്രശ്‌നം. മതത്തിന്റെ ഈ ഹിംസയെയാണ് ഇപ്പോള്‍, പാന്റും ഷര്‍ട്ടും ധരിച്ച പെണ്‍കുട്ടികള്‍ അതിജീവിക്കുന്നത്. ഈയിടെ, ആരോഗ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ "കേരളീയ' ശൈലിയെന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ കസവു സാരിയും ബ്ലൗസും ആണ്‍കുട്ടികള്‍ കസവുമുണ്ടും വെളുത്ത ജുബ്ബയും ധരിച്ചാണ് വന്നത്. സാക്ഷാല്‍ ഗവര്‍ണറുടെ അനുവാദത്തോടെയായിരുന്നു ഈ വേഷം മാറല്‍. കസവുസാരിയും മുണ്ടും ഏത് മലയാളിയുടെ വേഷമായിരുന്നു? കേരളത്തെ സവര്‍ണവേഷമണിയിക്കാന്‍ നടന്ന ഈ ഗൂഢാലോചനക്കെതിരെ ഒരക്ഷരം മിണ്ടിയില്ലെന്നുമാത്രമല്ല, അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുക കൂടിയാണ് ഈ പാന്റുവിരുദ്ധ വിശ്വാസികള്‍ ചെയ്തത്. മതങ്ങളെ ഭരിക്കുന്ന സവര്‍ണത തന്നെയാണ്, ബാലുശ്ശേരി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുന്നതും.
സുരജ മോഹന്‍,
വൈറ്റില, എറണാകുളം


ഭരണകൂട ഹിംസയില്‍ അദൃശ്യരാക്കപ്പെടുന്നവര്‍

നാമിക അജയും കുഞ്ഞുണ്ണി സജീവും എഴുതിയ ഹിംസയെക്കുറിച്ചുള്ള വിശകലനങ്ങള്‍, സമീപകാല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പങ്കിടുന്നവയാണ്. 
​​​​​​​ഭരണഘടനാ സംവിധാനത്തിന്റെ പ്രായോഗികതയിലും ധാര്‍മികതയിലുമുള്ള വിശ്വാസത്തിലൂന്നിക്കൊണ്ട്, അംബേദ്കറെ മുന്‍നിര്‍ത്തി അനാമിക അജയ് മുന്നോട്ടുവെക്കുന്ന നിരീഷണവും ഭരണകൂട ഹിംസക്കിരയാകുന്ന നിസ്വരായ മനുഷ്യരെക്കുറിച്ചുള്ള കുഞ്ഞുണ്ണി സജീവിന്റെ ആശങ്കകളും ഒരിടത്തുതന്നെയാണ് കൂടിച്ചേരുന്നത്. 

kunjunni-sajeev
കുഞ്ഞുണ്ണി സജീവ്

കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കും വിവരവും കേന്ദ്ര സര്‍ക്കാറിന്റെ പക്കല്‍ ഇല്ലാതെ പോയത് അത്, ഭരണകൂടത്തിന്റെ ഒരു കടലാസിലും ഇതവരെ വന്നിട്ടില്ലാത്ത മനുഷ്യരുടെ മരണമായതുകൊണ്ടാണ്. അവരുടെ ജീവിതം പോലെ മരണവും രേഖപ്പെടുത്തപ്പെടേണ്ട ഒന്നല്ല എന്ന് സ്‌റ്റേറ്റ് തീരുമാനിച്ചിരിക്കുന്നു. മരിച്ച കര്‍ഷകരുടെ മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടവരുടെ കണക്കും സര്‍ക്കാറിന്റെ പക്കലില്ല എന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം രാജ്യസഭയില്‍ അറിയിച്ചു. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയായതിനാല്‍, ഈ മനുഷ്യരുടെ കണക്ക് ശേഖരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണത്രേ. പല തരം ഹെഡുകളില്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്തുവിടാറുണ്ടെങ്കിലും, ആള്‍ക്കൂട്ട കൊലകള്‍ അവരുടെ "ഹെഡി'ല്‍ ഇതുവരെ വന്നിട്ടില്ല. നാഗാലാന്റില്‍ സൈന്യം വെടിവെച്ചുകൊന്ന 13 ഗ്രാമീണരുടെ കണക്കും അതിവേഗം സര്‍ക്കാറിന്റെ പട്ടികയില്‍നിന്ന് പുറന്തള്ളപ്പെടും. കോവിഡുമൂലം മരിച്ച സാധാരണ മനുഷ്യര്‍ പല സംസ്ഥാനങ്ങളുടെയും പട്ടികയില്‍ ഇല്ലാത്തതുപോലെ, ഭരണകൂട ഹിംസ എന്നത് സ്വന്തം പൗരന്മാരുടെ ഒരുതരം അദൃശ്യമാക്കല്‍ പ്രക്രിയയാണെന്ന് ആധുനിക ഭരണകൂടങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഷറഫ് അബ്ദുല്‍ മജീദ്,
കായംകുളം, കൊല്ലം


ഭാവി സമരം ചെയ്യുന്ന കര്‍ഷകസ്ത്രീകളുടേതാണ്

ഞ്ചാബിലെ കര്‍ഷക സംഘടനാ നേതാവായ ഹരീന്ദര്‍ കൗര്‍ ബിന്ദുവുമായി നീതു ദാസ് നടത്തിയ അഭിമുഖം (പാക്കറ്റ് 55), ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സംഭവിക്കുന്ന സ്ത്രീ ഉണര്‍വിന്റെ ആവേശകരമായ ചിത്രമാണ് വരച്ചുകാണിക്കുന്നത്. ഭൂരഹിതരും ചെറുകിടക്കാരുമായ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമിടയിലെ സ്ത്രീ സമൂഹം രാഷ്ട്രീയമായി സംഘടിച്ചതിലൂടെയാണ്, കര്‍ഷക പ്രക്ഷോഭത്തില്‍ ഇത്ര ജനകീയ പങ്കാളിത്തമുണ്ടായതെന്ന് അവരുടെ അനുഭവം വ്യക്തമാക്കുന്നു. സ്വന്തം കൃഷിഭൂമിയും വിളകളും അപഹരിക്കപ്പെടുന്നതുമാത്രമല്ല, അവക്കുപുറകിലെ രാഷ്ട്രീയം കൂടി തിരിച്ചറിയാന്‍ ഇവര്‍ക്കുകഴിയുന്നു എന്നതാണ് ഈ സംഘാടനത്തിന്റെ പ്രധാന വിജയങ്ങളില്‍ ഒന്ന്. അതുകൊണ്ടാണ്, സ്ത്രീകള്‍ കോര്‍പറേറ്റുകളുടെ മാളുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും മുന്നിലേക്ക് സമരവുമായി എത്തിയത്. പുരുഷന്മാരോടൊപ്പം കൃഷിസ്ഥലത്ത് ട്രാക്ടര്‍ ഓടിക്കാനും ജലസേചനം നടത്താനുമൊക്കെ മുന്നിട്ടിറങ്ങിയതുവഴി, കാര്‍ഷിക വൃത്തിയുടെ മുഖ്യ പങ്കാളിത്തത്തിലേക്കും അതിന്റെ അവകാശങ്ങളിലേക്കും സ്ത്രീകള്‍ കടന്നുവരികയാണ്. 

neethu das
നീതു ദാസ്

കഴിഞ്ഞ ഒരു ദശകത്തില്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ചയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത് സ്ത്രീ സമൂഹമാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരെക്കുറിച്ച് നാം പറയാറുണ്ടെങ്കിലും അവര്‍ അവശേഷിപ്പിച്ചുപോയ കുടുംബത്തിന്റെ ശിഷ്ടജീവിതം കൊടും ദുരിതത്തിലായിരിക്കും. കടക്കെണിയുടെയും അടിമജോലിയുടെയുമെല്ലാം ഭാരം ഈ "വിധവ'കള്‍ക്കുമേലാണ് പതിക്കുക. 80 ശതമാനം കാര്‍ഷികജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. എന്നാല്‍ അവരുടെ ഉടമസ്ഥതിയിലുള്ളതാകട്ടെ, 13 ശതമാനം മാത്രം കാര്‍ഷിക ഭൂമിയും. ഇന്ത്യന്‍ കാര്‍ഷിക തൊഴില്‍ സേനയുടെ 42 ശതമാനവും സ്ത്രീകളാണെന്ന് പഠനങ്ങളുണ്ട്. എന്നാല്‍, കൃഷിഭൂമിയുടെ രണ്ടുശതമാനം മാത്രമാണ് അവരുടെ കൈവശമുള്ളത്. മാത്രമല്ല, കൃഷിഭൂമി സ്വന്തമായുള്ള സ്ത്രീകളില്‍ 90 ശതമാനവും ചെറുകിട നാമമാത്രത കര്‍ഷകരുമാണ്. അതുകൊണ്ടുതന്നെ, കാര്‍ഷിക വായ്പകള്‍, വളം- വിത്ത് സബ്‌സിഡികള്‍ തുടങ്ങിയ അടിസ്ഥാന ആനുകൂല്യങ്ങളില്‍നിന്ന് ഇവര്‍ ഒഴിവാക്കപ്പെടുന്നു. കാര്‍ഷിക മേഖലയിലെ ഈ അസമത്വത്തിന്റെ വേരറുക്കാന്‍ കാര്‍ഷിക പ്രക്ഷോഭത്തിനും അതിനുവേണ്ടി വര്‍ഷങ്ങളായി നടത്തിയ മുന്നൊരുക്കങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നാണ് ഹരീന്ദര്‍ കൗര്‍ ബിന്ദുവിന്റെ അഭിമുഖം കാണിച്ചുതരുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു വര്‍ഷം നീണ്ട സമരം തന്നെ സ്ത്രീ സഖാക്കളുടെ രാഷ്ട്രീയ പ്രാതിനിധ്യത്താല്‍ സമ്പന്നമായിരുന്നത് നാം കണ്ടതാണല്ലോ.
റസിയ ബാനു പി.വി,
ന്യൂഡല്‍ഹി


കര്‍ഷക ആത്മഹത്യകളുടെ യഥാര്‍ഥ ഇരകള്‍ സ്ത്രീകളാണ് 

ഞ്ചാബിലെ ഭാരത് കിസാന്‍ യൂണിയന്‍ ഏകതാ ഉഗ്രഹാന്‍ എന്ന സംഘടനയുടെ നേതാവായ ഹരീന്ദര്‍ കൗര്‍ ബിന്ദുവുമായുള്ള അഭിമുഖം, കര്‍ഷക പ്രക്ഷോഭത്തിന്റെ അറിയപ്പെടാത്ത ഒരു മുഖമാണ് അനാവരണം ചെയ്തത് (പാക്കറ്റ് 55). കര്‍ഷക ആത്മഹത്യകളുടെ യഥാര്‍ഥ ഇരകള്‍ ഗ്രാമീണ സ്ത്രീകളാണ് എന്ന അവരുടെ കണ്ടെത്തലാണ് ഏറെ ശ്രദ്ധേയമായി തോന്നിയത്. സമരം തുടങ്ങിയശേഷം കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യകള്‍ കുറഞ്ഞുവെന്നും അവരില്‍ ജീവിക്കാനുള്ള പ്രതീക്ഷയുണ്ടായി എന്നും അവര്‍ പറയുന്നുണ്ട്. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെ ഇന്ത്യയില്‍ മൂന്നുലക്ഷത്തിലേറെ കര്‍ഷക ആത്മഹത്യകളാണുണ്ടായത് എന്നാണ് ഏകദേശ കണക്ക്. മഹാരാഷ്ട്രയില്‍ മാത്രം 60,000ഓളം "കര്‍ഷക വിധവ'കളുണ്ടത്രേ. മഹിള കിസാന്‍ അധികാര്‍ മഞ്ച് രണ്ടുവര്‍ഷം മുമ്പ് നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത്, മറാത്തവാഡ, വിദര്‍ഭ മേഖലയില്‍, "വിധവ'കളാക്കപ്പെട്ടവരില്‍ 40 ശതമാനത്തിനും കൃഷിഭൂമിയില്‍ അര്‍ഹമായ അവകാശങ്ങള്‍ കിട്ടിയിട്ടില്ല എന്നാണ്. കുടുംബനാഥന്‍ മരിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമിയുടെ അവകാശം, മതനിയമങ്ങള്‍ പ്രകാരം തീരുമാനിക്കുന്നിടത്തും സ്ത്രീകള്‍ കടുത്ത അനീതിക്കിരയാകുന്നുണ്ട്. കര്‍ഷകര്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍, മൂന്നു നിയമങ്ങള്‍ മാത്രമല്ല, ഗ്രാമീണ കാര്‍ഷികമേഖല നേരിടുന്ന ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടിയുണ്ട് എന്നതാണ്, ഈ പ്രക്ഷോഭത്തെ ജനകീയമാക്കിയതും ഒരു വര്‍ഷത്തിനിപ്പുറത്തേക്കും ശക്തി ചോരാതെ തുടരാന്‍ സഹായിച്ചതും. 
മിനി ജെ.,
കുസാറ്റ്, കൊച്ചി

farmers
ഹരീന്ദർ കൗർ ബിന്ദു / ഫോട്ടോ : കെ. സജിമോന്‍

ഒമിക്രോണ്‍ കാണിച്ചുതരുന്നത് ശാസ്ത്രത്തിന്റെ രാഷ്ട്രീയ ദുരുപയോഗം

മിക്രോണ്‍ അടക്കമുള്ള വൈറസ് വകഭേദങ്ങളുടെ പിറവിക്കുപിന്നില്‍ ജീവശാസ്ത്രത്തോടൊപ്പം സാമൂഹ്യശാസ്ത്രത്തിനും വലിയ പങ്കുണ്ടെന്ന ഡോ. ബി. ഇക്ബാലിന്റെ നിരീക്ഷണം (പാക്കറ്റ് 55) ശ്രദ്ധേയമാണ്. സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ കരിഞ്ചന്തയിലെന്നുപോലെ വാങ്ങിക്കൂട്ടിവക്കുകയും ദരിദ്രരാജ്യങ്ങള്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്തപ്പോള്‍ തന്നെ, വാക്‌സിനേഷന്‍ കുറഞ്ഞ മേഖലകളില്‍ വൈറസ് അപകടകരമായ രീതിയില്‍ ജനിതക വ്യതിയാനത്തിന് കാരണമാകുമെന്ന് മാസങ്ങള്‍ക്കുമുമ്പേ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയിരുന്നതാണ്.

നിര്‍മാണഘട്ടത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ഡോസുകളാണ് സമ്പന്നരാജ്യങ്ങള്‍ ബുക്ക് ചെയ്ത് സ്വന്തമാക്കിയത്. എന്നാല്‍, ദരിദ്രരാജ്യങ്ങള്‍ക്കാകട്ടെ, ലോകാരോഗ്യസംഘടനയടെ കൊവാക്‌സ് പോലുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ് കിട്ടിയത്. എത്യോപ്യ, താന്‍സാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു ശതമാനം മുതല്‍ ആറുശതമാനം വരെയാണ് വാക്‌സിനേഷന്‍ നിരക്ക്. ആഫ്രിക്കയില്‍ മൊത്തം എട്ടുശതമാനവും. എന്നാല്‍, സമ്പന്ന രാജ്യങ്ങളുടെ കണക്ക് നോക്കൂ: യു.കെ, ഫ്രാന്‍സ്, സ്വീഡന്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 70- 75 ശതമാനത്തിനുമേല്‍ ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിനുവേണ്ടിയുള്ള പിടിവലിയും നടക്കുന്നു.

b-iqbal
ഡോ. ബി ഇക്ബാല്‍

"എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ല' എന്നൊരു മുന്നറിയിപ്പുതന്നെ വാക്‌സിന്‍ ഉല്‍പാദനം നിയന്ത്രിക്കുന്ന സമ്പന്നരാജ്യങ്ങള്‍ക്ക് ശാസ്ത്രജ്ഞരും അക്കാദമീഷ്യന്മാരും മറ്റും നല്‍കിയിരുന്നു. എന്നാല്‍, അവ ബധിരകര്‍ണങ്ങളിലാണ് പതിച്ചത് എന്ന് ഒമിക്രോണിന്റെ വരവ് സൂചിപ്പിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും ഇവിടെ ആവശ്യത്തിന് വാക്‌സിന്‍ ലഭിച്ചിട്ടില്ല, നാലില്‍ ഒരു ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭിച്ചത് എന്ന് ലോകാരോഗ്യസംഘടനയുടെ കണക്ക് പറയുന്നു. ഇന്ത്യയില്‍ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വാക്‌സിനേഷനിലെ അസന്തുലിതാവസ്ഥ മൂലമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയോട് ലോകം ചെയ്ത അനീതിയുടെ ഫലമാണ്, അവിടുത്തെ ഉയര്‍ന്ന തോതിലുള്ള ഒമിക്രോണ്‍ വ്യാപനം. എന്നാല്‍, ഈ വേരിയന്റ്, ഒരു ദക്ഷിണാഫ്രിക്കന്‍ സൃഷ്ടിയാണ് എന്ന തരത്തില്‍, ആ രാജ്യത്തെ ഒറ്റപ്പെടുത്താനാണ് ലോകം ശ്രമിച്ചത്. ശാസ്ത്രത്തെ സാമൂഹികമായ ഉത്തരവാദിത്തത്തോടെയും മാനവികമായ ലക്ഷ്യങ്ങളോടെയും വിനിയോഗിക്കാന്‍ കഴിവുള്ള രാഷ്ട്രീയനേതൃത്വങ്ങളുടെ അഭാവമാണ് കോവിഡ് കാലത്തെ ഏറ്റവും വലിയ പ്രതിസന്ധി.
പ്രിയ അഗസ്റ്റിന്‍,
ഷെഫീല്‍ഡ്, യു.കെ.


രാജര്‍ഷി രാമവര്‍മ: തെളിവില്ലാത്ത ചരിത്രപഠനം

കൊച്ചി രാജകുടുംബം ഫൗണ്ടേഷനു വേണ്ടിയാണ് ഇത് എഴുതുന്നത്. വെബ്‌സീനിന്റെ 55ാം പാക്കറ്റില്‍ ചെറായി രാംദാസ്, നൂറുകൊല്ലം മുമ്പ് കൊച്ചി ഭരിച്ചിരുന്ന രാജര്‍ഷി  രാമവര്‍മ്മയെ പറ്റി എഴുതിയ ലേഖനം കണ്ടു. കൊച്ചി രാജ്യത്തിന്റെ വികസനത്തിന് അനിഷേധ്യമായ പങ്കുവഹിച്ചയാളാണ്  രാജര്‍ഷി രാമവര്‍മ്മ. ഷൊര്‍ണൂര്‍  വരെയുള്ള തീവണ്ടിപ്പാത കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നതും പശ്ചിമഘഘട്ടത്തില്‍  നിന്ന് മരം കൊണ്ടുവരാന്‍ ചാലക്കുടി വരെ ട്രാംവേ പണിഞ്ഞതും കൊച്ചിയില്‍ വിപുലമായ ഭരണപരിഷ്‌കാരങ്ങള്‍  നടപ്പാക്കിയതും ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ശക്തമായ നടപടി എടുത്തതും അദ്ദേഹമാണ്. രാജാക്കന്മാരില്‍ താരതമ്യേന പുരോഗമസ്വഭാവമുള്ളവയായിരുന്നു അദ്ദേഹത്തിന്റെ പല നടപടികളും. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്നും അദ്ദേഹം ഓര്‍മിക്കപ്പെടുന്നതും. അങ്ങനെയുള്ള ഒരു ആദര്‍ശ പുരുഷനെ അനാവശ്യമായി കരിവാരി തേയ്ക്കുകയും തന്മൂലം തനിക്കു ലഭിക്കുന്ന പ്രശസ്തിയുമാണ് രാംദാസിന്റെ ഉദ്ദേശ്യമെന്ന് തോന്നുന്നു. 

cherai-ramadas
​കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മ

റീജിയണല്‍ ആര്‍ക്കൈവ്സില്‍ നിന്ന് ലഭിച്ച രേഖകളും രാജര്‍ഷിയുടെ തന്നെ ഡയറികളും ആണത്രേ രാംദാസ് പരിശോധിച്ച ചരിത്ര രേഖകള്‍. രാജര്‍ഷിയുടെ അപൂര്‍ണമായ ആത്മകഥയും അദ്ദേഹത്തിന്റെ മകന്‍ ഐ.എന്‍. മേനോന്‍ രചിച്ച ജീവചരിത്രവും കൂടി നോക്കിയിട്ടുണ്ടത്രേ. ടി.എം.ചുമ്മാറിന്റെ "രാജര്‍ഷി' എന്ന ഗ്രന്ഥവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. രാംദാസ് അവയൊക്കെ നോക്കിയിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യം തന്നെ; ഡയറിയില്‍ നിന്ന് വിപുലമായി ഉദ്ധരിക്കുന്നുമുണ്ട്. 

പക്ഷെ അദ്ദേഹം പറയുന്ന ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.  വിശദമായ മറുപടി പോലും ഇത്തരം  ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്നില്ല. ഇത് ഒരു ചരിത്രപഠനമാണെന്നും പുതിയ വസ്തുതകള്‍ പുറത്തുകൊണ്ടുവരികയാണെന്നും സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊന്നും തെളിവ് നല്‍കാനായിട്ടില്ല. പലപ്പോഴും എന്താണ് പറയുന്നത് എന്നുപോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല. പിന്നെ ഇന്നത്തെ സാമൂഹിക സാഹചര്യം വെച്ച് അന്നത്തെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നത് എത്രത്തോളം ശരിയാണ് എന്നും ആലോചിക്കണം. അതുകൊണ്ടൊക്കെ തന്നെ ഈ ലേഖനം വായനക്കാര്‍ തള്ളിക്കളയുമെന്നു തീര്‍ച്ച. 
പി. കെ. സതീശ്, 
സെക്രട്ടറി, കൊച്ചി രാജകുടുംബം ഫൗണ്ടേഷന്‍


സാധാരണ പൗരന്മാര്‍ക്ക് കോടതികളില്‍ എത്ര വിശ്വാസമുണ്ട്?

ന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള ഗൗരവകരമായ ഒരാലോചനയാണ് ദാമോദര്‍ പ്രസാദ് മുന്നോട്ടുവക്കുന്നത്. (പാക്കറ്റ് 55). വിചാരണക്കിടെ ജനപ്രിയമായ നിരീക്ഷണങ്ങള്‍ നടത്തുന്ന ജഡ്ജമാര്‍ പോലും, വിധിന്യായത്തില്‍ അതിന് കടകവിരുദ്ധമായ സമീപനമെടുക്കുന്നതായി കാണാം. മാധ്യമങ്ങളുടെ ആഘോഷങ്ങള്‍ക്കപ്പുറം, നീതിന്യായ സംവിധാനത്തെ നവീകരിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തത്തില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറുകയാണ് പിന്നീട് ചെയ്യുന്നത്. 2000ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ സുപ്രീംകോടതിയെ "ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ പൊതുസ്ഥാപനം' എന്നാണ് വിശേഷിപ്പിച്ചത്.

damodar-prasad
ദാമോദര്‍ പ്രസാദ്

എന്നാല്‍, ആ വിശ്വാസ്യത, മേല്‍സൂചിപ്പിച്ച ജനപ്രിയ നിരീക്ഷണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നതാണ് പിന്നീട് കണ്ടത്. ഉന്നത ന്യായാധിപന്മാര്‍ക്കുമേലുള്ള ഭരണകൂട സ്വാധീനങ്ങളെക്കുറിച്ചുള്ള കഥകള്‍ ആ സംവിധാനത്തിനകത്തുനിന്നുതന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബാബറി മസ്ജിദ് കേസി വിധിക്കുശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി നടത്തിയ കഥ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്നെയാണ് വിവരിക്കുന്നത്. വിരമിച്ചശേഷം രാജ്യസഭയിലേക്ക് സര്‍ക്കാര്‍ നോമിനേറ്റു ചെയ്ത ആള്‍ കൂടിയാണിദ്ദേഹം എന്നും ഓര്‍ക്കുക. രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം, പ്രത്യേകിച്ച് ഒരു മെജോരിറ്റേറിയന്‍ ഭരണകൂടത്തിന്റെ സാന്നിധ്യമുള്ളപ്പോള്‍. ഇതാണ് സങ്കുചിതമായ രാഷ്ട്രീയവല്‍ക്കരണത്തിലൂടെ ഇന്ത്യന്‍ ജുഡീഷ്യറിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
ലെനിന്‍ എം.എന്‍,
ഇരിട്ടി, കണ്ണൂര്‍


രാജാക്കന്മാരുടെ ചരിത്രം തുറന്നുകാട്ടേണ്ടതുണ്ട്

രിത്രമാണ് ഇന്ന് ഏറ്റവുമധികം വളച്ചൊടിക്കപ്പെടുന്നത്. നായകന്മാരെ വില്ലന്മാരാക്കാനും ചരിത്രത്തില്‍ ഇല്ലാതിരുന്നവരെ ചരിത്രപുരുഷന്മാരാക്കാനും നിമിഷനേരം മതി. അതൊരു പ്രത്യയശാസ്ത്ര അജണ്ട കൂടിയാകുമ്പോള്‍, ചെറായി രാംമദാസ് നടത്തുന്നതുപോലുള്ള അന്വേഷണങ്ങള്‍ക്ക് (പാക്കറ്റ് 55) പ്രസക്തിയേറുന്നു. ചരിത്രപഠനം എന്നത് കേരളത്തെ സംബന്ധിച്ച് ശുഷ്‌കമായ ഒരു ശാഖയാണ്. വിരലിലെണ്ണാവുന്ന ചില പണ്ഡിതന്മാരുടെയും ഗവേഷകരുടെയും സംഭാവനയൊഴിച്ചാല്‍, കേരള ചരിത്രം പ്രാതിനിധ്യപരമായും രാഷ്ട്രീയപക്ഷത്തോടെയും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ്, മാധ്യമങ്ങളുടെയും സിനിമയുടെയും ജനപ്രിയ ചേരുവകള്‍ സൃഷ്ടിച്ചെടുക്കുന്ന ബിംബങ്ങളായി ചരിത്രാഖ്യാനങ്ങള്‍ മാറുന്നത്. നൂറുവര്‍ഷം മുമ്പു നടന്ന മലബാര്‍ കലാപത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ പോലും ബ്രിട്ടീഷ് രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ കലാപത്തിന്റെ ഓര്‍മകള്‍ പേറുന്ന മനുഷ്യരും സംഭവങ്ങളും ഇടങ്ങളും ഒന്നും വിഷയമായി വരാത്തവിധം നിക്ഷിപ്തതകള്‍, ആ വായനകളിലെല്ലാം അടിഞ്ഞുകൂടിയിരിക്കുന്നു. അതുകൊണ്ടാണ് കലാപത്തിലെ നായകന്മാര്‍ വില്ലന്മാരും മറിച്ചും ആകുന്നത്. ഒരു നൂറുകൊല്ലം കൂടി കഴിഞ്ഞാല്‍, മലബാര്‍ കലാപചരിത്രം ഒരു ഐതിഹ്യസമാനമായ ഒന്നായി മാറും.

ramdas
ചെറായി രാംമദാസ്

കേരളം ഭരിച്ച രാജാക്കന്മാരെക്കുറിച്ചുമുള്ള ഇത്തരത്തില്‍ ചരിത്രവിരുദ്ധമായ പൊതുബോധങ്ങള്‍. പ്രാദേശികമായ ബലാബലങ്ങള്‍ക്കിടയില്‍, സ്വന്തം സാമ്രാജ്യങ്ങള്‍ക്കകത്ത് സസുഖം വാഴുകയും സാധാരണ മനുഷ്യരുടെ ചെറുത്തുനില്‍പ്പുകളെ ഒറ്റിക്കൊടുക്കുകയുമൊക്കെ ചെയ്തു എന്നതാണ് ഇവരുടെ 'ഭരണനേട്ട'ങ്ങള്‍. പരസ്പരമുള്ള കലഹങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന വിദേശശക്തികളുമായി ചാഞ്ഞും ചരിഞ്ഞും നിന്നായിരുന്നു ഇവരുടെ ഉപജീവനം. ബ്രാഹ്മണരും നാടുവാഴികളും ഭൂപ്രഭുക്കന്മാരുമെല്ലാം അടങ്ങുന്ന മേലാളവര്‍ഗത്തെ സംരക്ഷിച്ചുനിര്‍ത്തിയത് ഈ രാജാക്കന്മാരാണ്. കേരളത്തില്‍ രാജഭരണം നിലനിന്നിടങ്ങളിലെല്ലാം, ജനകീയമായ ഉണര്‍വുകളെ എതിര്‍പക്ഷത്തുനിന്ന് ഒറ്റിക്കൊടുത്തതിന്റെ ചരിത്രമാണ് ഈ കൊട്ടാരങ്ങള്‍ക്ക് പറയാനുണ്ടാകുക.

കൊളോണിയല്‍ ആധുനികതയുടെ ഫലമായുണ്ടായ നവീകരണങ്ങളും സാമൂഹിക സമ്മര്‍ദവുമാണ് തിരുവിതാംകൂറിലേതടക്കമുള്ള രാജാക്കന്മാരെ പരിഷ്‌കാരങ്ങളുടെ പക്ഷത്തുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ഇന്നുപോലും, രാജാധിപത്യത്തെ വണങ്ങുന്ന ദാസ്യമനോഭാവം പ്രധാന രാഷ്ട്രീയകക്ഷികള്‍ക്കുപോലും ഉപേക്ഷിക്കാനായിട്ടില്ല. ചെറായി രാമദാസ് നടത്തുന്നതുപോലുള്ള പഠനങ്ങള്‍ അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ അനിവാര്യതയാകുന്നു.
ആദിത്യശേഖര്‍,
തൃപ്പുണിത്തുറ, എറണാകുളം


ആവിഷ്‌കാരത്തിന്റെ മാറിമറിയുന്ന പ്ലാറ്റ്‌ഫോമുകള്‍

siddarth-madhavu
സിദ്ധാര്‍ഥ് മാധവ്

ഖ്യാനങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ എങ്ങനെയെല്ലാം മാറിപ്പോകുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു പഠനമാണ് സിദ്ധാര്‍ഥ് മാധവ് എഴുതിയ "ഭാവിയിലെ പോപ്പുലര്‍ സാഹിത്യമാണ് വീഡിയോ ഗെയിമുകള്‍' എന്ന ലേഖനം (പാക്കറ്റ് 55). കോവിഡ് കാലമാണ് ഡിജിറ്റല്‍ യുഗത്തിന്റെ ഒരു ടേണിങ് പോയന്റായി മാറിയത്. ആവിഷ്‌കാരങ്ങളിലേറെയും ഡിജിറ്റലായി മാറി. പഠനം മാത്രമല്ല, വായനയും എഴുത്തും ആസ്വാദനങ്ങളും കാഴ്ചയും കേള്‍വിയും എല്ലാം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് പരിണമിച്ചു. ഒരുപക്ഷെ, വന്‍തോതിലുള്ള ഈ പെനിട്രേഷന്‍, ഈ പ്ലാറ്റ്‌ഫോമിന്റെ ബഹുസ്വരതയും രാഷ്ട്രീയമായ കൃത്യതയും ഉറപ്പുവരുത്താന്‍ കൂടി പര്യാപ്തമാണ് എന്നുവേണം കരുതാന്‍. അതായത്, വീഡിയോ ഗെയിമുകളടക്കമുള്ളവ അത് കാണുന്നവരെ വഴിതെറ്റിക്കും എന്ന ആക്രോശങ്ങള്‍ പതുക്കെ ഇല്ലാതാകുകയും അവ ആരോഗ്യപരമായ നരേറ്റീവുകളായി മാറുകയും ചെയ്തു. സിനിമ അടക്കമുള്ള കലയുടെ മേഖലകളിലെല്ലാം ദൃശ്യസംസ്‌കാരത്തിന്റെ കീഴ്‌മേല്‍ മറിച്ചില്‍ കാണാം. അതിന് സാഹിത്യത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും കരിക്കുലത്തിന്റെയുമെല്ലാം കണ്ടന്റ് ഡിജിറ്റല്‍ അധിഷ്ഠിതമാകുന്നതോടെ, ഭാവി തലമുറയുടെ പ്രധാന ആവിഷ്‌കാര മാധ്യമങ്ങളിലൊന്ന് വീഡിയോ ഗെയിമുകളാകാം.
ലിഖിത ബാലു
​​​​​​​തിരുവനന്തപുരം


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media