കത്തുകള്‍
വായനക്കാര്‍

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.
ക്രൂരമാണ്, ആണുങ്ങളുടെ ആത്മകഥകള്‍
വെബ്‌സീന്‍ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്റെ "എന്റെ കഥ'യുടെ ഒന്നാം ഭാഗം ഏറെ ഇഷ്ടത്തോടെയാണ് വായിച്ചത്, പ്രത്യേകിച്ച്, അത് അവരുടെ മാത്രമല്ല, അവരുടെ ജീവിത്തിലെ സ്ത്രീകളുടെ കൂടി "എന്റെ കഥ'കള്‍ ആയിരുന്നുവല്ലോ. മലയാളിയുടെ മധ്യവര്‍ഗ- സവര്‍ണ ബോധത്തെ നിശിതമായി വിചാരണ ചെയ്യുന്നതും ആക്രമിക്കുന്നതുമായിരുന്നു ആ ആഖ്യാനങ്ങള്‍. സദാചാരം, കുടുംബവ്യവസ്ഥ, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട മൂല്യങ്ങളെയാണ് ഇന്ദുമേനോന്‍, അതില്‍ ചോദ്യം ചെയ്തത്.
സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തെക്കുറിച്ച് പറയുമ്പോള്‍, നമ്മളെല്ലാവരും ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങള്‍, പലതരം പ്രിവിലേജുകളുള്ള സ്ത്രീകളെയായിരിക്കും. അതായത്, ബോധപൂര്‍വമോ അല്ലാത്തയോ ആയ ഒരു തെരഞ്ഞെടുപ്പ് നടക്കാറുണ്ട്, അത് ഒരു വിഭാഗം സ്ത്രീകളെ അരികുവല്‍ക്കരിക്കാറുമുണ്ട്. എന്നാല്‍, ഈ സ്ത്രീപക്ഷ വിനിമയങ്ങളുടെ ഈ പക്ഷപാതിത്വത്തെ മറികടക്കുന്നതായിരുന്നു ഇന്ദുമേനോന്റെ ആഖ്യാനം. അവര്‍ അവതരിപ്പിച്ച ജീവിതങ്ങളെല്ലാം തികച്ചും നിസ്വരും ഗ്രാമീണരും ദരിദ്രരുമൊക്കെയായ സ്ത്രീകളായിരുന്നു, അതേസമയം, അവരാകട്ടെ, വിസ്മയകരമായ രീതിയില്‍ പുരുഷാധിപത്യത്തോടും കുടുംബ സംവിധാനത്തോടും ലിംഗവിവേചനത്തോടും സ്വന്തം ജീവിതങ്ങള്‍ കൊണ്ട് പോരടിക്കുന്നവരുമായിരുന്നു.

ആ ജീവിതങ്ങളുടെ മറുപുറമാണ് കഴിഞ്ഞ പാക്കറ്റില്‍ തുടങ്ങിയ "എന്റെ കഥ'യുടെ രണ്ടാം ഭാഗം എന്ന് തോന്നുന്നു. അതായത്, ജീവിതത്തിലെ ആണുങ്ങളുടെ ആത്മകഥ. സ്വന്തം ജീവിതത്തിലെ തന്നെ ആണുങ്ങളെയാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അത് അധികമാര്‍ക്കും കഴിയാത്ത സത്യസന്ധമായ ഒരു ഇടപെടല്‍ കൂടിയാണ്. ഭര്‍ത്താവ്, സഹോദരന്‍, അച്ഛന്‍ എന്നിവരെയാണ് അവര്‍ സ്വന്തം ജീവിതം വച്ച് മാറ്റുരക്കുന്നത്, തെളിഞ്ഞുവരുന്നതോ, കൊടും ദ്രോഹികളായ ചിലര്‍.
ഭര്‍ത്താവിനെക്കുറിച്ച് അവര്‍ എഴുതിയത് വായിച്ച് ഞെട്ടിപ്പോയി, അയാള്‍ കെട്ടിയിട്ട, "കാക്കപ്പൊന്നുപോലെ കറുത്ത' ആ താലി ഉപേക്ഷിച്ചുകളഞ്ഞ അവരുടെ ആര്‍ജവമോര്‍ത്ത് അഭിമാനവും തോന്നി.
സ്വന്തം സഹോദരന്റെ കൂടി അധികാരപ്രയോഗത്തിന് അവര്‍ ഇരയാകുന്നുണ്ട്. സാധാരണ വീടുകളില്‍ സംഭവിക്കാറുള്ളതേ ഇവരുടെ വീട്ടിലും സംഭവിച്ചിട്ടുള്ളൂ. എന്നാല്‍, അതിനോട് കലഹിക്കാന്‍ അവര്‍ പ്രകടിപ്പിക്കുന്ന ശേഷിയാണ്, ആ സാധാരണത്വത്തെ അസാധാരണമാക്കുന്നത്. "എന്റെ കഥ'യുടെ ബാക്കി ഭാഗങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.
ഷില്‍ജ ബാബു,
കക്കോടി, കോഴിക്കോട്
ഇന്ദുമേനോന്റെ തുറന്നെഴുത്തുകള്‍ക്ക് കാത്തിരിക്കുന്നു, സ്‌നേഹത്തോടെ
ഇന്ദുമേനോന്‍ എഴുതിത്തുടങ്ങിയ ആത്മകഥയുടെ രണ്ടാം ഭാഗം (പാക്കറ്റ് 56) വായിച്ചുതുടങ്ങിയതുതന്നെ എന്റെ സ്വന്തം അനുഭവത്തിലൂടെയാണ്. ബാധ്യതയാകുന്ന സ്‌നേഹാധിക്യത്തെക്കുറിച്ച് അവര്‍ പറയുന്നുണ്ട്, പ്രത്യേകിച്ച് അച്ഛന്മാര്‍ക്ക് പെണ്‍കുട്ടികളോടുള്ള അമിത വാത്സല്യം ഉണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ച്.
ഇന്ദു മേനോന്റെ അച്ഛനെപ്പോലൊരു അച്ഛന്‍ എനിക്കുമുണ്ടായിരുന്നു. സ്‌കൂളിലേക്ക്, ബസ് സ്‌റ്റോപ്പുവരെ കൂടെ വരികയും ആണ്‍സുഹൃത്തുക്കളെ സംശയത്തോടെ അകറ്റിനിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ഒരു കടയില്‍ പോലും പറഞ്ഞയക്കാതെ, കൂട്ടിലിട്ട കിളിയെപ്പോലെ, സമയാസമയത്ത് "എല്ലാം' ഒരുക്കിത്തന്നിരുന്ന, അതാണ് സ്‌നേഹം എന്ന് തെറ്റിധരിച്ച് ഒരു അച്ഛന്‍. ഒരു ദിവസം അദ്ദേഹം വീട്ടിലില്ലാതിരുന്ന സമയത്ത് പാചകഗ്യാസ് തീര്‍ന്നുപോയി. ഞാനൊറ്റക്കേയുള്ളൂ. ഞാന്‍ ഒരു ഓട്ടോറിക്ഷ വിളിച്ച് ഒഴിഞ്ഞ ഗ്യാസ് കുറ്റിയും കൊണ്ട് ഏജന്‍സി കടയില്‍ പോയി നിറച്ച കുറ്റിയും വാങ്ങി തിരിച്ചുവന്ന് ഭക്ഷണമുണ്ടാക്കി. പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു ഇത്.
വൈകുന്നേരം തിരിച്ചുവന്ന അച്ഛനോട് അഭിമാനത്തോടെ ഞാനിത് പറഞ്ഞു. എന്നെ ഞെട്ടിപ്പിച്ച്, ഒരു പൊട്ടിക്കരച്ചിലായിരുന്നു പ്രതികരണം. "എന്റെ മോള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നുവല്ലോ' എന്നത് ഒരു കുറ്റബോധം പോലുമായി ഏറെനാള്‍ അദ്ദേഹത്തില്‍ നീറിക്കിടന്നു! പിന്നെ, കോളേജില്‍ പഠിക്കുമ്പോള്‍, ഒരു ആണ്‍സുഹൃത്ത് പിറന്നാളിന് സമ്മാനമായി നല്‍കിയ, എന്റെ പേരുള്ള ഒരു ലോക്കറ്റ് മാലയില്‍നിന്നൂരിക്കളയിച്ച് ആരെയും പ്രേമിക്കില്ല എന്ന സത്യം ചെയ്യിച്ചു. ഇതെല്ലാം സ്‌നേഹത്തിന്റെ പേരിലാണെന്ന തെറ്റിധാരണയായിരുന്നു എനിക്കും. ഡിഗ്രിക്ക് കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് പഠിക്കാന്‍ വലിയ ആഗ്രഹമുണ്ടായി. എന്നാല്‍, 12 കിലോമീറ്റര്‍ ദൂരത്തുള്ള ഒരു കോളേജില്‍, എനിക്കിഷ്ടമില്ലാത്ത ഒരു വിഷയം മെയിനായെടുത്ത് എനിക്ക് മൂന്നുവര്‍ഷം പാഴാക്കേണ്ടിവന്നു- സ്‌നേഹം എന്ന ക്രൂരതയുടെ പേരില്‍. ആണധികാരം സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്കുമേല്‍ പ്രയോഗിക്കപ്പെടുന്ന വിചിത്രവഴികളെക്കുറിച്ച് തിരിച്ചറിയാനും അതിനെതിരെ നില്‍ക്കാനും ജീവിതത്തിന്റെ വിലപ്പെട്ട വര്‍ഷങ്ങളാണ് പാഴാക്കേണ്ടിവന്നത്. ഇന്ദുമേനോന്റെ തുറന്നെഴുത്ത്, തീര്‍ച്ചയായും വിലപ്പെട്ടതാണ്, നിരവധി സ്ത്രീകള്‍ക്ക് അത് വഴികാട്ടിയാകും, ഉറപ്പ്.
പി.എ. നയീമ,
മഞ്ചേരി, മലപ്പുറം.
യഥാര്‍ഥ ഹരിത വിപ്ലവകഥ, ഇതാ ജസ്ബീര്‍ കൗര്‍ പറയുന്നു
ഹരിതവിപ്ലവത്തിന്റെ പലതരം പ്രത്യാഘാതങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും, അത് കാര്‍ഷിക മേഖലയിലെ ഗ്രാമീണ സ്ത്രീകളെ എങ്ങനെയാണ് ബാധിച്ചത് എന്ന, പഞ്ചാബിലെ കര്‍ഷക നേതാവ് ജസ്ബീര്‍ കൗര്‍ നഥിന്റെ വിശദീകരണം, യഥാര്‍ഥത്തില്‍ ഒരു വെളിപ്പെടുത്തലാണ്. വിദഗ്ധര്‍ അവഗണിച്ചുകളഞ്ഞ ഗൗരവമുള്ള ഒരു പ്രശ്‌നമാണ്, അവരുമായി നീതു ദാസ് നടത്തിയ അഭിമുഖം (പാക്കറ്റ് 56) ചര്‍ച്ച ചെയ്യുന്നത്.
ഹരിതവിപ്ലവം ഭൂമിയില്‍ മാത്രമല്ല, സ്ത്രീകളുടെ ജൈവപ്രകൃതിയെപ്പോലും താറുമാറാക്കിയെന്ന വിവരം ഞെട്ടിപ്പിക്കുന്ന ഒന്നാണ്. കീടനാശിനികളുടെയും വളങ്ങളുടെയും അമിതമായ ഉപയോഗം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വ്യാപകമാക്കുകയും സ്ത്രീപുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷി തകരാറിലാക്കുകയും ചെയ്തതായി അവര്‍ പറയുന്നു. ഒരുതരം ആശ്രിത കാര്‍ഷിക സമൂഹത്തെയാണ് ഹരിത വിപ്ലവം യഥാര്‍ഥത്തില്‍ സംഭാവന ചെയ്തത്. വിളവിന്റെ കാര്യത്തിലുണ്ടായ "അഭിവൃദ്ധി' സമ്പന്നവര്‍ഗത്തെയാണ് സൃഷ്ടിച്ചത്. ചെറുകിടക്കാര്‍ക്ക് കുത്തകകളെയും വായ്പാസംഘങ്ങളെയുമെല്ലാം ആശ്രയിക്കേണ്ടിവന്നു.

അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍ക്കൊപ്പം രാസവളങ്ങളും കീടനാശിനികളും കൂടിയാണ് കര്‍ഷകരിലേക്ക് എത്തിയത്. അത്, ചെറുകിട കര്‍ഷകരിലെ ആശ്രിതത്വം വര്‍ധിപ്പിച്ചു. ഹരിത വിപ്ലവത്തിന്റെ പ്രധാന ഫലങ്ങളില്‍ ഒന്നാണ്, ഗ്രാമങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ എന്ന് പറയേണ്ടിവരും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ പഞ്ചാബില്‍ മാത്രം 7500ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം പറയുന്നു. ദാരിദ്ര്യവും കടക്കെണിയുമാണ് പകുതിയിലേറെ ആത്മഹത്യയുടെയും കാരണം. ചെറുകിട കര്‍ഷകരിലേറെ പേരും കടക്കെണിയിലായി. ഹരിത വിപ്ലവത്തിനുശേഷം പഞ്ചാബിലെ ധാന്യ ഉല്‍പദാനം പത്തുവര്‍ഷം കൊണ്ട് മൂന്നിരട്ടിയായി കുതിച്ചു. എന്നാല്‍, അത് അവിടുത്തെ കര്‍ഷകരുടെ ജീവിതത്തില്‍ എന്തുകൊണ്ട് പ്രതിഫലിച്ചില്ല? അവര്‍ക്ക് എന്തുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്നു? ഏതു ദുരന്തവും അടിസ്ഥാനപരമായി ആ സമൂഹത്തിലെ സ്ത്രീകളെയാണ് ഇരകളാക്കുക. ഈ ആത്മഹത്യകളുടെയും കടക്കെണിയുടെയും ഇരകളും ഗ്രാമീണ സ്ത്രീകള്‍ തന്നെയാണ്.
കെ.എന്‍. തിലകന്‍,
കരമന, തിരുവനന്തപുരം.
മാട്ടുംഗയിലെ ആ ജീവിതം ഓര്‍മിപ്പിച്ചു
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഞാന്‍ മുംബൈയിലെത്തുന്നത്. അന്നുമുതല്‍ മാട്ടുംഗയുടെ ഒരു ആരാധകനാണ്. ആദ്യ ആകര്‍ഷണം അവിടുത്തെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളായിരുന്നു. പിന്നെ, കെ.സി. ജോസ് എഴുതുന്നതുപോലെയുള്ള (പാക്കറ്റ് 56) സാധാരണ മനുഷ്യന്മാരുമായുള്ള സൗഹൃദങ്ങള്‍. അവരില്‍ മലയാളികള്‍ മാത്രമല്ല, മറാഠികളും തമിഴ്‌നാട്ടുകാരും ആന്ധ്രക്കാരുമെല്ലാമുണ്ട്. ബി.എസ്.ടി ബസുകള്‍, മലയാളം പത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍, കൊച്ചു ഗുരുവായൂരപ്പന്‍ ക്ഷേത്രം, വില കുറവിന് സ്വാദുള്ള ഭക്ഷണം കിട്ടുന്ന ചെറിയ ഹോട്ടലുകള്‍... വെബ്‌സീനിലെ മാട്ടുംഗ യാത്ര വായിച്ചപ്പോള്‍, എല്ലാം വീണ്ടും ഓര്‍മയിലെത്തി. ഷണ്‍മുഖാനന്ദ ഹാളില്‍ എത്രയോ നാടകങ്ങള്‍ കണ്ടിരിക്കുന്നു. രാത്രി നാടകവും കഴിഞ്ഞ് തെരുവോരത്തെ കടയില്‍ കയറി ഭക്ഷണവും കഴിച്ച്, പാതി രാത്രിയെപ്പോഴോ റൂമിലെത്തിയിരുന്ന, "ചോദിക്കാനും പറയാനും ആരുമില്ലാത്ത' ആ ദിനങ്ങള്‍ ശരിക്കും മാട്ടുംഗയുടെ സംഭാവനകളാണ്.

കെ.സി. ജോസ് എഴുതുന്ന ബോംബെ സ്‌കെച്ചുകള്‍, ഒരു ബോംബെ പ്രവാസി എന്ന നിലയ്ക്ക് അതീവ താല്‍പര്യത്തോടെയാണ് വായിക്കുന്നത്. അദ്ദേഹം സഞ്ചരിച്ച, ജീവിച്ച സ്ഥലങ്ങളെല്ലാം എന്റെ ജീവിതത്തിലെയും ഇടങ്ങളായിരുന്നു ഒരിക്കല്‍. വീണ്ടും അവിടങ്ങളിലേക്കുപോയി, ഓര്‍മ പുതുക്കാനുള്ള ഭാഗ്യം മാത്രമല്ല, അവ വായനക്കാരുടെ അനുഭവങ്ങളാക്കി മാറ്റാനും അദ്ദേഹത്തിന് കഴിയുന്നു.
ജോസഫ് അഗസ്റ്റിന്‍,
ദാദര്‍, മുംബൈ.
ആ പ്രസ്താവനയുടെ മുഖത്തേക്ക് തുപ്പുന്ന കവിത
വേദനിപ്പിക്കുന്ന ഒരു കവിതയാണ് ബിനു ആനമങ്ങാട് എഴുതിയ മൂന്നാം ക്ലാസിലെ ഒരു മഴ ദിവസം (പാക്കറ്റ് 56). കൂട്ടം ചേരാനാകാതെ, ഒലിച്ചുപോകുന്ന, കണ്‍മുന്നില്‍നിന്ന് പൊടുന്നനെ അപ്രത്യക്ഷരാകുന്ന മനുഷ്യരെക്കുറിച്ചുള്ള കവിത. എട്ടുവയസ്സില്‍ മാത്രമല്ല, ഇത്തരം കാണാതാകലുകളെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എത്ര വയസ്സിലായാലും നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും, ഒരുതരം പരിഹാരങ്ങളുമില്ലാതെ. കവിയുടെ കണ്ണില്‍ പതിഞ്ഞ വെള്ളാരങ്കണ്ണുകളും മഞ്ഞയില്‍ കറുപ്പുവരയുള്ള കുപ്പായവും നെഞ്ചത്തടുക്കിപ്പിടിച്ച സ്ലേറ്റും മാത്രം ബാക്കിയാകും.

തിണ്ടിനപ്പുറത്തുനിന്ന് ഒരു നിലവിളി പോലും ആരും കേള്‍ക്കില്ല. "ചെറിയ' ഓര്‍മകള്‍ വലിയ സത്യങ്ങളെ അനാവരണം ചെയ്യും. പ്രത്യേകിച്ച് കവിതയില്‍. "പെണ്‍കവികള്‍ തൊണ്ണൂറുശതമാനവും പാഴാണ്' എന്ന് ഒരു പുരുഷകവി ആക്രോശിച്ചത് ഈയിടെയാണല്ലോ. ബിനു ആനമങ്ങാടിന്റെ ഈ കവിത, ആ പ്രസ്താവനയുടെ മുഖത്തേക്കുള്ള ഒരു തുപ്പാണ്.
അനുപ്രിയ,
വടക്കാഞ്ചേരി, തൃശൂര്‍.
കോണ്‍ഗ്രസ് എന്ന ബ്രാഹ്മണ കക്ഷി
"രണ്ടു ചോദ്യങ്ങള്‍' എന്ന പംക്തിയില്‍ ടി.ടി. ശ്രീകുമാറിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ ഭരണയുക്തി മൃദുഹിന്ദുത്വത്തിന്റേതാണ് എന്ന അഭിപ്രായം തികച്ചും ശരിയാണ്. സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടം മാറി മറ്റൊന്ന് വന്നാലും അധികാര- ഭരണകൂട രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുക ഈ മൃദുഹിന്ദുത്വബോധമായിരിക്കും. ആ നിലയ്ക്ക് നോക്കിയാല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേക്കാള്‍ സുതാര്യത നരേന്ദ്രമോദിക്കുണ്ട് എന്ന് പറയേണ്ടിവരും. കാരണം, മതേതരമായ ഒരു സംഘടനാ ചട്ടക്കൂടിനകത്തുനിന്ന് എന്ന് തെറ്റിധരിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ മതിഭ്രമം മുമ്പും നാം കണ്ടിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഒരു തെരഞ്ഞെടുപ്പുകാലത്താണ്, താന്‍ ഒരു ദത്താത്രേയ ബ്രാഹ്മണനാണ് എന്ന് രാഹുല്‍ വീര്യം പ്രകടിപ്പിച്ചത്. ബി.ജെ.പിയോട് നേരിടാന്‍ കോണ്‍ഗ്രസിലെ കൈയിലുള്ള ഏക ആയുധം ഈ ബ്രാഹ്മണ്യമാണ്. ഇപ്പോള്‍, യു.പി. തെരഞ്ഞെടുപ്പിലും "ഹിന്ദു കോണ്‍ഗ്രസും' ഹിന്ദുത്വ ബി.ജെ.പിയും തമ്മിലാണല്ലോ മത്സരം. നെഹ്‌റുവിയന്‍ കാലത്തെ സെക്യുലറിസം കൈവെടിഞ്ഞ്, ദേശീയപ്രസ്ഥാനകാലത്തുതന്നെ, കോണ്‍ഗ്രസില്‍ ആന്തരികമായി തക്കം പാര്‍ത്തുകഴിഞ്ഞിരുന്ന വൈദിക ബ്രാഹ്മണ്യത്തിന്റെ വിത്ത് മുളക്കാനുള്ള വളക്കൂറുള്ള മണ്ണാണ് ഇപ്പോഴത്തെ നേതൃത്വം ഒരുക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരുമെല്ലാം അടങ്ങുന്ന പുതുതലമുറ നേതൃത്വം ഒരുതരം ബ്രാഹ്മണ നേതൃത്വം കൂടിയാണ്. യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നില്‍ കണ്ട് സംഘ്പരിവാര്‍ ദലിത്- പിന്നാക്ക- ഒ.ബി.സി വോട്ട്ബാങ്ക് സുരക്ഷിതമാക്കി നിര്‍ത്തുമ്പോള്‍, അവര്‍ ഒരു കാലത്ത് തങ്ങളുടെ വോട്ടുബാങ്കായിരുന്നു എന്ന ഓര്‍മ പോലും ഈ നേതൃത്വം സൗകര്യപൂര്‍വം മറക്കുന്നത്, അതൊരു ബ്രാഹ്മണ നേതൃത്വമായതിനാലാണ്.
ടി.എസ്. രഘുനാഥ്,
അജാനൂര്‍, കാസര്‍കോട്.
നിറവും വസ്ത്രവും നോക്കി ഹിംസിക്കുന്ന പൊലീസ്
ഭരണകൂടവും സമൂഹത്തിലെ അധികാര അസമത്വങ്ങളും പൗരന്മാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഹിംസകളെക്കുറിച്ചുള്ള വെബ്‌സീന്‍ പാക്കറ്റ് 55, ചില സമീപകാല സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ഒരു മൊബൈല്‍ ഫോണ്‍ മോഷണസംശയത്തിന്റെ പേരില്‍ എട്ടു വയസ്സുകാരിയെ നടുറോഡില്‍ വച്ച് പിങ്ക് പൊലീസ് ചോദ്യം ചെയ്ത സംഭവത്തില്‍, നഷ്ടപരിഹാരം നല്‍കാനാകില്ല എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ എടുത്ത നിലപാട്. അതിനായി, നാല് സാക്ഷിമൊഴികളെയും സര്‍ക്കാര്‍ ഹാജരാക്കി. എന്നാല്‍, കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍, പൗരന്മാര്‍ക്കുനേരെയുള്ള ഭരണകൂട ഹിംസ തുറന്നുകാട്ടുന്നതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോള്‍ പൊലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നുവെങ്കില്‍ കോടികള്‍ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നേനെ. ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍ നടക്കുന്നുണ്ടാകണം.
ഹിംസയെ ആധാരമാക്കിയുള്ള സാമൂഹിക- സാമ്പത്തിക വ്യവസ്ഥകളിലാണ് നാമെല്ലാവരും ജീവിക്കുന്നത് എന്ന അനാമിക അജയ് എഴുതിയത് ഈ സന്ദര്‍ഭവുമായി ചേര്‍ത്തുവായിക്കാം. അതായത്, ഭരണകൂട ഉപകരണമായ പൊലീസിനെ ഭരിക്കുന്ന ബോധം, നമ്മുടെ സമൂഹം വച്ചുപുലര്‍ത്തുന്ന അതേ ബോധം തന്നെയാണ്. ജാതിയും വംശവും നിറവും ലിംഗവുമെല്ലാമാണ് ഹിംസയുടെ ഇരയെ തീരുമാനിക്കുന്ന കാര്യങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് തൃശൂര്‍ ജില്ലയില്‍ വിനായകന്‍ എന്നൊരു ദലിത് യുവാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കുകയും ചെയ്ത സംഭവം ഇപ്പോള്‍ ആരുടെയും ഓര്‍മയില്‍ പോലുമുണ്ടാകില്ല. കാലില്‍ ബൂട്ടിട്ട് ചവുട്ടുകയും മുലക്കണ്ണ് ഞെരിച്ചുടക്കുകയും ലിംഗത്തിന് മുറിവേല്‍പ്പിക്കുകയുമൊക്കെയാണ് പൊലീസ് ചെയ്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍ പെട്ടയാള്‍ എന്ന സംശയത്തിലാണ് പൊലീസ് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

വിനായകന്‍ കഞ്ചാവ് വലിക്കുന്നയാളാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് പറഞ്ഞ ന്യായം, മുടി നീട്ടിവളര്‍ത്തിയിരിക്കുന്നു എന്നാണ്. അന്വേഷണത്തിനുശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു. ഏതാനും ദലിത് സംഘടനകളൊഴിച്ച്, മറ്റാരും, ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇടപെടാനുണ്ടായില്ല. തികച്ചും സാധാരണമായ ഒരു ഹിംസ എന്ന മട്ടില്‍ അത് അവഗണിക്കപ്പെട്ടു. ദലിത് യുവാവ് എന്ന ഒറ്റക്കാരണത്താലാണ് വിനായകന്റെ ഹിംസ സാധാരണമാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, അനാമിക അജയ് മുന്നോട്ടുവക്കുന്ന വാദം- സമൂഹത്തിലെ ദൈനംദിന ഹിംസയെ അഭിമുഖീകരിക്കാനുള്ള ഏക വഴി അംബേദ്കര്‍ ആണ് എന്നത്, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കൃത്യമാണ്.
വി.എസ്. കിഷോര്‍ബാബു,
പാലക്കാട്.
സ്വകാര്യബസുകളുടെ ശവപ്പറമ്പിലൂടെയാണ് കെ- റെയില്‍ വരുന്നത്
വെബ്‌സീന്‍ പാക്കറ്റ് 54ല്‍ പ്രസിദ്ധീകരിച്ച, കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഡോ. രാജേന്ദ്രസിംഗിന്റെ നിരീക്ഷണങ്ങള്‍ (ഇത്തരം വികസന പദ്ധതികളുടെ ആവശ്യം കേരളത്തിനുണ്ടോ?) ഏറെ പ്രസക്തമായ ഒരു സമയമാണിത്. കാരണം, സംസ്ഥാനത്തെ ഏറ്റവും വലിയ ഒരു നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നു. കെ- റെയില്‍ അടിസ്ഥാനപരമായി ആരുടെ സൗകര്യത്തിനുവേണ്ടിയുള്ളതാണ് എന്ന ചോദ്യം ഏറ്റവുമാദ്യം ചോദിക്കേണ്ട ഇടതുപക്ഷം തന്നെയാണ് ആ ചോദ്യം മറച്ചുപിടിച്ച് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍ എന്നതാണ് ഏറെ വിചിത്രവും ദുരന്തവും.

കാരണം, പൊതുവാഹനസൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരിക്കലും നാലുമണിക്കൂര്‍ കൊണ്ട് കാസര്‍കോടുനിന്ന് തിരുവനന്തപുരത്ത് എത്താന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഈ സംവിധാനം ഉപയോഗപ്പെടുത്താനാകില്ല. യാത്രാ ചെലവ് ഒന്നുകൊണ്ടുമാത്രം. എന്നാല്‍, ഈ പദ്ധതിയുടെ ഇരകള്‍ ആരാണ്? അവര്‍ തന്നെ. പ്രകൃതിവിഭവങ്ങളുടെ നാശം എന്നു പറയുമ്പോള്‍, പ്രകൃതിവാദികള്‍ എന്ന് ഇടതുപക്ഷക്കാര്‍ തന്നെ പരിഹസിക്കും. എന്നാല്‍, നശിക്കാന്‍ പോകുന്നത്, വെറും പ്രകൃതിവിഭവങ്ങളല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതോപാധികളായ ജലസ്രോതസ്സുകളും കൃഷിയിടങ്ങളും പാടങ്ങളുമൊക്കെയാണ്. സിംഹവാലന്‍ കുരങ്ങുകള്‍ക്കുവേണ്ടിയുള്ള നിലവിളി എന്ന, സൈലന്റ് വാലിക്കാലത്തെ പരിഹാസം, കെ- റെയിലില്‍ ബാധകമാകില്ല എന്നര്‍ഥം. ഇനി, കെ- റെയില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു വികസന പദ്ധതി തന്നെയാണെന്നു വക്കുക. എന്തുകൊണ്ട് അതിന്റെ വിശദാംശങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നില്ല.
എല്‍.ഡി.എഫ് പ്രകടനപത്രികയിലുള്ള കാര്യമല്ലേ? തുറന്ന ഒരു ചര്‍ച്ചക്ക് എന്തിനാണ് സര്‍ക്കാറിന് മടി? പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തന്നെയാണ്, ഇതിനെ ജനവിരുദ്ധമായ ഒന്നാക്കുന്നത്. ഇപ്പോഴിതാ, കല്ലിടലും സര്‍വേയും പല ഭാഗത്തും പുരോഗമിക്കുമ്പോള്‍, നിയമലംഘനങ്ങളും പുറത്തുവരികയാണ്. സര്‍വേ നിയമങ്ങള്‍ക്കു വിരുദ്ധമായി സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ കെ- റെയില്‍ എന്ന് രേഖപ്പെടുത്തിയ വലിയ കോണ്‍ക്രീറ്റ് കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈകോടതി തടഞ്ഞിരിക്കുകയാണ്. സ്ഥലമെടുപ്പിന് അംഗീകാരം ലഭിക്കുന്നതിനുമുമ്പാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. പലയിടത്തും ഭൂവുടകമകളെ അധികാരികള്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഒരുതരം കൈയേറ്റത്തിന്റെ സ്വരവും നടപടികളുമാണ് പലയിടത്തും നടക്കുന്നത്. ഇനി, സര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഒരിക്കലും വരാത്ത ഒരു കണക്ക് പറയാം: സംസ്ഥാനത്ത് സമീപകാലത്ത് ജോലി നഷ്ടപ്പെട്ട സ്വകാര്യബസ് ജീവനക്കാരുടെ എണ്ണം 32,000 ആണ്. 4100 ബസുകള്‍ സര്‍വീസ് നിര്‍ത്തിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. 32000 മനുഷ്യര്‍ക്ക് ജോലി നഷ്ടമായി എന്നു പറഞ്ഞാല്‍, അത്രയും കുടുംബങ്ങളുടെ ഉപജീവനം മുടങ്ങി എന്നുകൂടിയാണ് അര്‍ഥം. പൊതുഗതാഗതമേഖലയില്‍ കേരളത്തിന് അനുയോജ്യമായ മുന്‍ഗണനകളില്‍, ഈ മനുഷ്യര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ബസുകളും കൂടി പെടും എന്ന് ഭരണകൂടത്തെ ആരാണ് ബോധ്യപ്പെടുത്തിക്കൊടുക്കുക?
പി. സക്കീര്‍ഹുസൈന്‍,
അരീക്കോട്, മലപ്പുറം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
പ്രതീഷ് കെ.ടി. കവര്‍ ഇലസ്ട്രേഷന്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media