Saturday, 22 January 2022

കത്തുകള്‍


Image Full Width
Image Caption
എം. മുകുന്ദന്‍ / Photo: Muhammad Hanan, Truecopy
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ ​​​​​​​ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


ആ കെണിയില്‍നിന്ന് എം. മുകന്ദന്‍ രക്ഷപ്പെട്ടു, എന്നിട്ടും...

ഴുത്തുകാര്‍ക്കുണ്ടാകേണ്ട നവീകരണത്തെക്കുറിച്ച് മലയാളത്തില്‍ പറയാന്‍ ഏറ്റവും അര്‍ഹനായ എഴുത്തുകാരനാണ് എം. മുകുന്ദന്‍. "നവീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വായനക്കാര്‍ പുറന്തള്ളും' എന്ന് വെബ്സീനുമായുള്ള അഭിമുഖത്തില്‍ (പാക്കറ്റ് 57) അദ്ദേഹം പറയുന്നു. 1974ല്‍ പ്രസിദ്ധീകരിച്ച "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന നോവലില്‍ നിന്ന് 2011ല്‍ പ്രസിദ്ധീകരിച്ച "ദല്‍ഹി ഗാഥകളി'ല്‍ എത്തുമ്പോള്‍ നാലു പതിറ്റാണ്ടിന്റെ വളര്‍ച്ച അദ്ദേഹത്തില്‍ പ്രകടമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനെക്കുറിച്ച് ഇന്നും മുകുന്ദന് അതിവൈകാരികത കലര്‍ന്ന ഒരടുപ്പമുണ്ടെന്ന് ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതേ വൈകാരികത മാത്രമാണ്, ഈ നോവല്‍ വായനക്കാരിലും സൃഷ്ടിച്ചിട്ടുള്ളൂ. അതുകൊണ്ടാണ്, ഇന്നും അത് ജനപ്രിയമായി നിലനില്‍ക്കുന്നത്.

എന്നാല്‍, ദല്‍ഹി ഗാഥകള്‍, താന്‍ ജീവിച്ചിരുന്ന കാലത്തെ ഒട്ടും വൈകാരികമല്ലാതെ രേഖപ്പെടുത്തിയ കൃതിയാണ്. മാത്രമല്ല, ഒരു എഴുത്തുകാരന്‍ കാലത്തോടും ജനതയോടും പുലര്‍ത്തേണ്ട നിലപാടും പ്രതിബന്ധതയും ആ കൃതിക്കുണ്ട്. ഈ നോവല്‍ ജനപ്രിയമാകാതിരുന്നതും അതേസമയം, ഗൗരവകരമായ വായനയില്‍ ഇടം നേടിയതും ഇതുമൂലമാണ്. ഇതാണ്, യഥാര്‍ഥത്തില്‍, വായനയും വായനക്കാരും എഴുത്തുകാരെ അകപ്പെടുത്തുന്ന കെണി എന്നുവേണം കരുതാന്‍. ജനപ്രിയ വായനക്കാരെയും കണ്ട്, അതില്‍ ഭ്രമിച്ച് കണ്ണുംപൂട്ടി എഴുതാനിരുന്നാല്‍, "മയ്യഴി'കള്‍ മാത്രമേ മുകുന്ദനില്‍ നിന്ന് ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോഴും മുകുന്ദനെ "മയ്യഴിയുടെ കഥാകാരന്‍' എന്ന് വിശേഷിപ്പിക്കുന്ന മാധ്യമ - വായനാസമൂഹ - പ്രസാധക കെണി നിലനില്‍ക്കുന്നുണ്ട്. എന്നോ, അദ്ദേഹം അതില്‍നിന്ന് പുറത്തുകടന്നുകഴിഞ്ഞു. അദ്ദേഹം ആദിത്യനും രാധയും മറ്റു ചിലരും എഴുതി. ഒരു ദളിത് യുവതിയുടെ കദനകഥ എഴുതി, കേശവന്റെ വിലാപങ്ങള്‍ എഴുതി, നൃത്തം എഴുതി... അങ്ങനെ മയ്യഴി സൃഷ്ടിച്ച മത്തില്‍നിന്നും മിത്തില്‍നിന്നും സ്വയം മോചിപ്പിക്കപ്പെട്ടു. ആ നിലയ്ക്ക്, മലയാളത്തിലെ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരില്‍ മുന്നിലാണ് മുകുന്ദന്റെ സ്ഥാനം.

ജയ്ക് ആന്റണി,
തിരുവല്ല, പത്തനംതിട്ട


മുകുന്ദന്റെ ആ 'നടുവില്‍ നിലപാട്' ശരിക്ക് മനസ്സിലായില്ല

പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിനെക്കുറിച്ചുള്ള ചോദ്യത്തിന് എം. മുകുന്ദന്‍ പറഞ്ഞ ഉദാഹരണ സഹിതമുള്ള മറുപടി രസകരമാണ്, നടുവില്‍ നിന്നുകൊണ്ടുള്ള നിലപാടാണ് തന്റേത് എന്നദ്ദേഹം പറയുന്നു. നടുവില്‍ എന്നു പറഞ്ഞാല്‍ എവിടെയാണ്? അത് അദ്ദേഹം പറയുന്നതുപോലെ, രണ്ട് എക്സ്ട്രീമുകളുടെ ഇടയിലുളള സ്വതന്ത്രമായ ഒരു സ്പെയ്സ് ആണോ? കെ. റെയിലിന്റെ ഉദാഹരണം വച്ച് അദ്ദേഹം ഈ സ്പെയ്സിനെ നിര്‍വചിക്കുമ്പോള്‍ ആ ഇടത്തിന്റെ അരാഷ്ട്രീയ പക്ഷം പുറത്തുവരുന്നു. പ്രകൃതിക്കും മനുഷ്യര്‍ക്കും പരിക്കേല്‍പ്പിക്കാത്ത വികസനമാണ് വേണ്ടത് എന്ന് പറയുന്ന ഒരാള്‍ക്ക് കെ- റെയിലിന്റെ കാര്യത്തില്‍ ഈ മാധ്യമാര്‍ഗം സ്വീകരിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാണ്. കാരണം, ഇതിനകം പുറത്തുവന്ന വിവരങ്ങളനുസരിച്ച് കെ- റെയില്‍ പ്രകൃതിക്കും സാധാരണ മനുഷ്യര്‍ക്കും വിനാശകരമായ ഒരു പദ്ധതിയാണ് എന്നത് വ്യക്തമാണ്.

packet-57-cover
ട്രൂകോപ്പി വെബ്സീന്‍ 57 ന്റെ കവർ

11.53 കിലോമീറ്റര്‍ ടണലും 13 കിലോമീറ്റര്‍ പുഴകള്‍ക്കുമീതെയുള്ള പാലങ്ങളും 292 കിലോമീറ്റര്‍ മണ്ണിട്ടുയര്‍ത്തിയ എംബാങ്ക്മെന്റും 88 കിലോമീറ്റര്‍ എലിവേറ്റഡ് വേകളും നിര്‍മിച്ചാണ് പാളം ഉണ്ടാക്കുന്നത്. ഓരോ 500 മീറ്ററിലും വെള്ളമ ഒഴുകിപ്പോകാനും റോഡ് ക്രോസിങ്ങിനും മറ്റുമായി അടിപ്പാതയും ഉണ്ടാകുമെന്ന് പറയുന്നു. ഇത് പ്രത്യക്ഷത്തില്‍ തന്നെ കേരളത്തിന്റെ ഭൂപ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമാണ്. മാത്രമല്ല, കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെയും അനുബന്ധമായുണ്ടായ മണ്ണിടിച്ചിലുകളുടെയും മറ്റും പ്രത്യാഘാതം എങ്ങനെയാണ് നമ്മുടെ ഭൂവിഭവങ്ങളെയും മണ്ണിനെയും ബാധിച്ചിരിക്കുന്നത് എന്ന ഒരു ശാസ്ത്രീയ പഠനം നടന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പഠിക്കാന്‍ ഒരു പാരിസ്ഥിതികാഘാത പഠനം പോലും നടത്താന്‍ സര്‍ക്കാര്‍ തയാറല്ല. റെയില്‍ നിര്‍മാണത്തിന് പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ല എന്ന വെറും സാങ്കേതികമായ ന്യായമാണ് അധികാരികള്‍ പറയുന്നത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് 'മെച്ചപ്പെട്ട' നഷ്ടപരിഹാരം നല്‍കുന്നതുകൊണ്ടുമാത്രം പ്രശ്നങ്ങള്‍ തീരുന്നില്ല. അതുവഴി, പ്രത്യക്ഷ സമരങ്ങളെ വഴിതിരിച്ചുവിടാന്‍ കഴിഞ്ഞേക്കാം, എന്നാല്‍, ഭൂപരിസ്ഥിതിയുടെ മേലുണ്ടാക്കുന്ന ആഘാതം കൂടി കണക്കിലെടുക്കേണ്ടതില്ലേ? ഇത്തരം അടിസ്ഥാന പ്രശ്നങ്ങളാണ് ബൗദ്ധിക സമൂഹം ഉയര്‍ത്തേണ്ടത്. അതിനുപകരം, ചൈനയിലെയും ഫ്രാന്‍സിലെയും ബുള്ളറ്റ് ട്രെയിനുകളെ ചൂണ്ടിക്കാട്ടി, നമുക്കും അത് വേണം എന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.

സെബി സാജു,
ഇരിങ്ങാലക്കുട, തൃശൂര്‍


എം.ജി. ശ്രീകുമാറിനെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം ഇടതുപക്ഷം ഫ്ളെക്സിബിളായി

ടതുപക്ഷം കേരളത്തിലെ എഴുത്തുകാരുടെ ഇഷ്ടപക്ഷമായിത്തീര്‍ന്നതിനുപുറകില്‍ പ്രത്യയശാസ്ത്രമല്ല, അവസരവാദമാണുള്ളത് (എം. മുകുന്ദനുമായുള്ള അഭിമുഖം, പാക്കറ്റ് 57). എഴുത്തുകാര്‍ക്കൊപ്പം, ഇടതുപക്ഷത്തിനും ഈ അവസരവാദത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഏറ്റവുമൊടുവില്‍, എം.ജി. ശ്രീകുമാറിനെപ്പോലെ, വലതുപക്ഷ നിലപാടിനൊപ്പം പരസ്യമായി സഞ്ചരിക്കുന്ന ഒരാളെ, പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനെടുത്ത  "ധാരണ' ഇടതുപക്ഷക്കാരെ തന്നെയാണല്ലോ ഞെട്ടിപ്പിച്ചുകളഞ്ഞത്. സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി നടന്‍ മുകേഷിനെ നിയമിച്ചതില്‍ വലിയ ദുരന്തമൊന്നും എം.ജി. ശ്രീകുമാറിനെക്കൊണ്ട് ഉണ്ടാകാനിടയില്ല. എങ്കിലും, മുകേഷിനുള്ള നാടകത്തിന്റെ "ബന്ധുബല'മെങ്കിലും ഒരു ആശ്വാസമായിരുന്നു. എന്നാല്‍, എം.ജി. ശ്രീകുമാറിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ യോഗ്യത വിലയിരുത്തിയ ആ മന്ത്രിസഭ, ഒരു ഇടതുപക്ഷമായിരുന്നു എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നുന്നു.

അതുപോലെ, ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവിധായകന്‍ രഞ്ജിത്തിന്റെ നിയോഗവും ഇടതുപക്ഷ അവസരവാദം തന്നെയാണ്. ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്ത് പുരോഗമനപര നിലപാടുള്ളയാളാണ് രഞ്ജിത്ത്? സിനിമയില്‍ മാത്രമാണല്ലോ അദ്ദേഹത്തിന് സംഭാവനയുള്ളത്. സവര്‍ണ, ഫ്യൂഡല്‍, മാടമ്പി നായകബിംബങ്ങളെ സൃഷ്ടിച്ച്, അതിന്റെ ബലത്തില്‍ ഒരു സ്റ്റാര്‍ഡമ്മിനെ വളര്‍ത്തിയെടുത്ത് മലയാള സിനിമയെ തന്നെ ഹൈജാക്ക് ചെയ്തവരില്‍ പ്രധാനിയാണ് ഈ സംവിധായകന്‍. രഞ്ജിത്തില്‍നിന്ന് പുതിയ ചെറുപ്പക്കാര്‍ മലയാള സിനിമയെ ഏറെ ദൂരം മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞു. രഞ്ജിത്തുമാര്‍ സൃഷ്ടിച്ച താരപ്രമാണിമാരെ പൂര്‍ണമായും ഒഴിവാക്കിയും കോടികളുടെ ക്ലബുകളെക്കുറിച്ച് ആശങ്കകളില്ലാതെയുമാണ് അവര്‍ സിനിമകളെടുക്കുന്നത്. പുതിയ മലയാള സിനിമയുടെ മുന്നോട്ടുള്ള സഞ്ചാരത്തെ അല്‍പമെങ്കിലും മന്ദഗതിയിലാക്കാന്‍ രഞ്ജിത്തിന്റെ അധ്യക്ഷപദവി സഹായിക്കും.

ഇടതുപക്ഷത്തുള്ള ജീവിതം, എഴുത്തുകാര്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും സുഖകരമായ ഒന്നാണ്. രാഷ്ട്രീയ നിലപാടെടുത്ത എഴുത്തുകാര്‍ എക്കാലത്തും കേരളത്തില്‍ വിരളമായിരുന്നു. വിമര്‍ശനത്തിന്റെ പേരില്‍ ഇരകളായവരാണ് കൂടുതലും, ഒ.വി. വിജയനെപ്പോലെ. അദ്ദേഹത്തിന് ഇങ്ങേയറ്റത്ത്, ഹൈന്ദവ ആത്മീയതക്കൊപ്പം ഒരു സീറ്റും അവര്‍ സംഘടിപ്പിച്ചുകൊടുത്തു. ഇത്തരം നഷ്ടങ്ങള്‍ സഹിക്കാനാകാത്ത വികാരജീവികളാണ് ഇന്നത്തെ എഴുത്തുകാര്‍, അവരെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം ഇടതുപക്ഷവും ഫ്ളെക്സിബിളായി മാറിയിരിക്കുന്നു.
രജിത അശോക്,
വഞ്ചിയൂര്‍, തിരുവനന്തപുരം


ബിജിബാലിന്റെ ഗുരുവായന

ശ്രീനാരായണ ഗുരുവിന്റെ കവിതകളെക്കുറിച്ചുള്ള വലിയ തിരിച്ചറിവായിരുന്നു സൗമ്യ സാജന്‍ ബിജിബാലുമായി നടത്തിയ സംഭാഷണം. ഗുരുവിന്റെ കവിത എന്ന നിലയ്ക്കുമാത്രമല്ല, കവിതകളെക്കുറിച്ചുകൂടിയുള്ള ഒരു മികച്ച സംഭാഷണമായിരുന്നു അത്.

BIJIBAL
ബിജിബാല്‍

ഗുരുവിന്റെ കവിതകളിലെ "ഭക്തിഭാവ'ത്തെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഒരുതരം ആത്മീയമായ അസ്തിത്വം അവക്ക് കൈവരികയും ചെയ്തു. "ഉപാസനാ കവി' എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ഇത്, ഗുരു നടത്തിയ സാമൂഹിക ഇടപെടലുകള്‍ക്ക് ഒട്ടൊക്കെ വിരുദ്ധമാണെന്ന തോന്നലും ഉണ്ടാക്കുന്നവയാണ്. ഗുരുവിന്റെ പേരില്‍ ആരോപിക്കാനിടയായ ഈ വൈരുധ്യത്തെ പുതിയ ഒരു കാലത്ത്, പുതുതലമുറയിലെ ഒരു സംഗീതസംവിധായകന്‍ സമീപിക്കുന്ന വിധം സവിശേഷതയുള്ളതായി തോന്നി. പ്രത്യേകിച്ച്, സംഗീതം എന്ന സാര്‍വലൗകികമായ ഒരു ടൂള്‍ വച്ച് ആ കവിതകളെ സമീപിക്കുമ്പോള്‍. മാത്രമല്ല, ഗുരുവിലെ ജൈവികമായ അംശത്തെ ബിജിബാല്‍ കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്. സംസ്‌കൃതക്കാര്‍ക്കും ശങ്കരാചാര്യര്‍ക്കും പുരാണേതിഹാസങ്ങള്‍ക്കുമൊക്കെ അനുകമ്പയെക്കുറിച്ച് ഒരു പേജുപോലും  ഉള്ളതായി എനിക്കറിയില്ല എന്ന നിരീക്ഷണം, ഗുരുവിന്റെ കാവ്യജീവിതത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന ഒന്നാണ്. 

ആര്‍. സുജിത്ത്,
പുന്നപ്ര, ആലപ്പുഴ


യശോദ ചോദിച്ചത്, ഇപ്പോള്‍ കേരളം ചോദിക്കുന്നു

കെ.സഹദേവന്‍ എഴുതിയ ശശി തരൂരും കിഴക്കേവീട്ടില്‍ യശോദയും എന്ന ലേഖനം (പാക്കറ്റ് 57), രണ്ട് വ്യക്തികളുടെ വികസന സമീപനം എന്നതിലുപരി, വികസന രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്ന് പ്രകടമായ രണ്ട് വിരുദ്ധസാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വീക്ഷണമാണ്. കുറെ അടിസ്ഥാന മനുഷ്യരെ കുടിയൊഴിപ്പിക്കുകയും മാരകമായ വിഭവചൂഷണത്തിനിടയാക്കുകയും ചെയ്യുന്ന കെ- റെയിലിന്റെ കാര്യത്തില്‍, സഹദേവന്‍ ചൂണ്ടിക്കാട്ടുന്ന ഈ രണ്ട് സമീപനങ്ങള്‍ തന്നെയാണ് മുഖ്യം. അതായത്, ഇത്തരം വന്‍കിട പദ്ധതികളുടെ ഗുണഭോക്താക്കളായ മേല്‍ത്തട്ടുവര്‍ഗവും അതിന്റെ ഇരകളാക്കപ്പെടുത്ത അടിസ്ഥാന വര്‍ഗവും. ഇക്കാര്യത്തില്‍, ഇന്ന് കെ- റെയിലിനെതിരെ സമരരംഗത്തുള്ള ശശി തരൂരിന്റെ പാര്‍ട്ടിയും മുന്നണിയും ഇടതുപക്ഷത്തിന്റെ അതേ നിലപാടുള്ളവര്‍ തന്നെയാണ്.

sahadevan-
കെ. സഹദേവൻ

രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണ് അവരുടെ മുതലക്കണ്ണീര്‍ എന്ന്, യു.ഡി.എഫിന്റെ കഴിഞ്ഞകാല ഭരണകൂടങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബി.ജെ.പിയാകട്ടെ, ഇത്തരം ജനവിരുദ്ധ പദ്ധതികളുടെയും നയങ്ങളുടെയും സംഘാടകരുമാണ്. വീടും സ്വന്തമായുള്ള ജീവിതപരിസരങ്ങളും നഷ്ടമാകും എന്ന "വൈയക്തിക'മായ വിഷയത്തെ യശോദയെപ്പോലുള്ള മനുഷ്യര്‍, ഭൂവിനിയോഗവുമായും പ്രകൃതിക്കുമേലുള്ള അധിനിവേശവുമായും ഈ വിഷയത്തെ വികസിപ്പിക്കുന്നു എന്നതാണ് നാം കാണേണ്ടത്. യശോദ മാത്രമല്ല, പദ്ധതിക്കായി കല്ലിടുകയും സര്‍വേ നടക്കുകയും ചെയ്ത എല്ലായിടത്തും ഇത്തരം മനുഷ്യര്‍, ഇതേ ചോദ്യങ്ങളാണ് ഭരണകൂടത്തോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. നിരവധി വീടുകളും കൃഷിയിടങ്ങളും നഷ്ടമാക്കി ജനവാസമേഖലയിലൂടെ പദ്ധതി കടന്നുപോകുന്ന കോട്ടയം ജില്ലയില്‍ നാട്ടുകാര്‍ സര്‍വേക്കല്ലുകള്‍ പറിച്ചുകളഞ്ഞ് ചോദിച്ചതും ഇതേ ചോദ്യങ്ങളാണ്. പദ്ധതിക്കായി ജില്ലയില്‍ ഏറ്റെടുക്കുന്ന നൂറിലേറെ ഹെക്ടര്‍ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. എന്നാല്‍, ഇവര്‍ക്കെതിരെ കേസെടുത്താണ് ഭരണകൂടം പ്രതികരിക്കുന്നത്. 

അക്ബറലി പി.പി,
പനച്ചിക്കാട്, കോട്ടയം


കേരളത്തില്‍ പൊതുസമൂഹം അറിയുന്ന വി.സിമാരില്ലാത്തത് എന്തുകൊണ്ടാണ്?

മ്മുടെ സര്‍വകലാശാലകളുടെ അക്കാദമിക് എക്സലന്‍സുമായി ബന്ധപ്പെട്ട് വെബ്സീനില്‍ വന്ന ലേഖനങ്ങള്‍, ഈ മേഖലയിലുള്ള എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. എതിരന്‍ കതിരവന്‍ പങ്കുവെച്ച നിരീക്ഷണങ്ങള്‍, ഇപ്പോഴത്തെ വിവാദങ്ങളുമായി ചേര്‍ത്തുവച്ചാല്‍ കൗതുകകരമാണ്. ഇവിടെ, വൈസ് ചാന്‍സലര്‍ മുതല്‍ അധ്യാപകര്‍ വരെയുള്ള നിയമനങ്ങളുടെ അടിസ്ഥാനം സങ്കുചിതമായ കക്ഷിരാഷ്ട്രീയവും പണവും മറ്റു സ്വാധീനങ്ങളുമാണ്. വൈസ് ചാന്‍സലര്‍ നിയമനം വലിയ വിവാദമാകുന്നതുതന്നെ, അതില്‍ തല്‍പരകക്ഷികള്‍ക്ക് നിക്ഷിപ്തതാല്‍പര്യങ്ങളുള്ളതുകൊണ്ടാണ്.

ethiravan kathiravan
എതിരൻ കതിരവൻ

കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല, സമീപകാലത്ത് വിദഗ്ധരായ ഏതെങ്കിലും വി.സിയുടെയോ അവര്‍ ആവിഷ്‌കരിച്ച പുതിയ വിദ്യാഭ്യാസ സമീപനങ്ങളുടെയോ പേരില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടോ? വിവാദങ്ങളില്ലാതെ, കേരളത്തിലെ വി.സിമാരെ പൊതുസമൂഹം ഓര്‍ക്കാറുപോലുമില്ല. വെറും അഡ്മിനിസ്ട്രേറ്റീവ് തലവനായി മാത്രമാണ് നമ്മുടെ വി.സിമാര്‍ പ്രത്യക്ഷപ്പെടുന്നത്. ഒരുതരത്തിലുമുള്ള അക്കാദമികമോ വൈജ്ഞാനികമോ ആയ ഇടപെടല്‍, സര്‍വകലാശാലാ നേതൃത്വത്തില്‍നിന്ന് കേരളീയ സമൂഹത്തിലുണ്ടാകുന്നില്ല. ആഗോളതലത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസം വലിയ തലമുറമാറ്റത്തിന് വിധേയമാകുമ്പോള്‍ നമ്മുടെ വിദ്യാര്‍ഥികള്‍, വില കുറഞ്ഞ വിവാദങ്ങളുടെ ഇരകളാകേണ്ടിവരികയാണ്. പുത്തന്‍ മൂലധനവും അത് നിയന്ത്രിക്കുന്ന പുതിയ വൈജ്ഞാനിക വിപണിയും മുന്നോട്ടുവെക്കുന്ന "പരിഷ്‌കാര'ങ്ങള്‍ ഉന്നത വിദ്യാഭ്യാസമേഖലയെ ഹൈജാക്കുചെയ്തുകഴിഞ്ഞു. വാണിജ്യവല്‍കൃതമായ വിദ്യാഭ്യാസത്തിനെതിരെ ശക്തമായ പ്രതിരോധമുയരേണ്ട സമയം കൂടിയാണിത് എന്നോര്‍ക്കണം. ഇതിനിടയിലാണ്, സാങ്കേതികമായ നടപടിക്രമങ്ങളുടെയും അധികാരത്തര്‍ക്കത്തിന്റെയും പേരില്‍ നമ്മുടെ അക്കാദമിക് മേഖല ഇരുട്ടില്‍ തപ്പുന്നത്. വിദേശ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ അടിസ്ഥാനമാക്കിയുള്ള ബ്ലെന്‍ഡഡ് ലേണിങ് വ്യാപകമാകുകയാണ്. ഈ സാഹചര്യത്തില്‍, വിദേശ പഠനം എന്നത് കൂടുതല്‍ സമീപസ്ഥമാണ്. ഇത് ഏറ്റവുമധികം പ്രയോജനപ്പെടുത്തുക, മലയാളി വിദ്യാര്‍ഥികളായിരിക്കുമെന്ന് ഉറപ്പാണ്. നമ്മുടെ സര്‍വകലാശാലകള്‍ അധ്യാപക നിയമനങ്ങളെച്ചൊല്ലി ഇങ്ങനെ തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍, ലേഖകന്‍ ചൂണ്ടിക്കാട്ടുന്ന പോലെ, കേരളം, ചെറുപ്പക്കാര്‍ ഒഴിഞ്ഞുപോകുന്ന ഒരു 'ഗോസ്റ്റ് ടൗണ്‍' ആകാന്‍ അധിക കാലം വേണ്ടിവരില്ല.

ബേബി ജോസ്.
കണ്ണൂര്‍


നമ്മുടെ സര്‍വകലാശാലകളില്‍ തീര്‍ത്തും ഉപയോഗശൂന്യമായിട്ടില്ല

ര്‍വകലാശാലകളുടെ സ്വയംഭരണത്തെക്കുറിച്ചുള്ള എം. കുഞ്ഞാമന്റെ നിരീക്ഷണങ്ങള്‍ (പാക്കറ്റ് 57) വ്യക്തതയുള്ളതാണ്. ഈ വിഷയം നാം എത്രയോ കാലമായി ചര്‍ച്ച ചെയ്യുന്നു. എന്നാല്‍, കക്ഷിരാഷ്ട്രീയത്തിന്റെ പിടിവലികളില്‍ ഉന്നതമായ ഈ ആശയം ബലികഴിക്കപ്പെടുകയാണ് ചെയ്യുന്നത്. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ കക്ഷിരാഷ്ട്രീയ നിയമനങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. പകരം, വിദഗ്ധരെ വേണം ഈ സമിതികളില്‍ ഉള്‍പ്പെടുത്താന്‍. പാഠ്യപദ്ധതി, പരീക്ഷാ സമ്പ്രദായം, സര്‍വകലാശാലാ ഭരണം എന്നീ മേഖലകളില്‍ പുരോഗമനപരമായ നിരവധി നിര്‍ദേശങ്ങള്‍ ഈ കമീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

kunjaman
എം. കുഞ്ഞാമന്‍

നമ്മുടെ സര്‍വകലാശാലകള്‍ തീര്‍ത്തും ഉപയോഗശൂന്യമായ സ്ഥാപനങ്ങളായി മാറിയിട്ടില്ല. നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ പല സര്‍വകലാശാലകളിലുമുണ്ട്. ഭാവനാശാലികളായ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍, ആഗോളീയമായി വൈജ്ഞാനിക കൈമാറ്റങ്ങള്‍ നടത്തുകയും പുതിയ പാഠ്യപരിപ്രേക്ഷ്യം അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവയാണ് ഈ വകുപ്പുകള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍, സാധാരണ പൊതുശ്രദ്ധയില്‍ വരാറില്ലെന്നുമാത്രം. എം. കുഞ്ഞാമന്‍ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് ഇവിടെയാണ് പ്രസക്തമാകുന്നത്. കാമ്പസ് രാഷ്ട്രീയം, മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വാലാകാതെ, അതിന്റെ ഉള്ളടക്കത്തെ തന്നെ തീരുമാനിക്കുന്ന ഒന്നാകണം എന്ന അദ്ദേഹത്തിന്റെ നിര്‍ദേശം വിലപ്പെട്ടതാണ്. കാരണം, അത്തരമൊരു രാഷ്ട്രീയപരിസരം സൃഷ്ടിക്കപ്പെട്ടാല്‍ ഇന്നുകാണുന്ന സങ്കുചിത കക്ഷിരാഷ്ട്രീയ ഇടപെടലുകള്‍ക്ക് അന്ത്യം കുറിക്കാനാകും. മുമ്പ്, എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത വിദ്യാഭ്യാസ കമീഷനെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചത് വിസ്മയത്തോടെയാണ് വായിച്ചത്. കാരണം, കേരളത്തില്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ മുന്‍കൈയില്‍ ഇത്തരമൊരു കമീഷനുണ്ടാക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത്തരം ഇനീഷ്യേറ്റീവുകള്‍, കാമ്പസ് രാഷ്ട്രീയത്തില്‍ നിന്ന് അന്യംനിന്നുപോയി. ഇന്ന് ഏത് വിദ്യാര്‍ഥി സംഘടനയാണ്, അക്കാദമികമായ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുന്നത്? വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല, സെനറ്റും സിന്‍ഡിക്കേറ്റും എന്തിന് വി.സിയുടെ ഓഫീസ് പോലും കക്ഷിരാഷ്ട്രീയത്തിന്റെ വിളനിലങ്ങളായി മാറിക്കഴിഞ്ഞു. ഇത്തരമൊരു അവസ്ഥയില്‍, സ്വയംഭരണം തന്നെയാണ് മുന്നോട്ടുവെക്കേണ്ട പ്രധാന പരിഹാരം. പക്ഷെ, അതിന് ആര് മണി കെട്ടും എന്നതാണ് പ്രശ്നം.

കെ.കെ. സതീഷ്,
എം.ജി. യൂണിവേഴ്സിറ്റി


മുഖ്യധാരാ സിനിമകളില്‍ ഇത്തരം കാഴ്ചകളുമുണ്ട്

ലയാളത്തിലെ മുഖ്യധാരാ സിനിമകളെക്കുറിച്ച് വെബ്സീനില്‍ തുടങ്ങിയ പരമ്പര താല്‍പര്യത്തോടെയാണ് വായിച്ചുതുടങ്ങുന്നത്. കാരണം, ആര്‍ട്ട്, കൊമേഴ്സ്യല്‍ എന്ന തരംതിരിവില്‍ പെട്ട് മുഖ്യധാരയെ പുച്ഛത്തോടെ കണ്ടിരുന്ന ഒരു കാലവും നിരൂപണ പദ്ധതിയും ഇവിടെയുണ്ടായിരുന്നു. ജനങ്ങള്‍ കാണുന്ന സിനിമകളാണെങ്കിലും പണത്തിനുവേണ്ടിമാത്രം ചുട്ടെടുക്കുന്നവ എന്ന ഒരുതരം അയിത്തം അവയോടുണ്ടായിരുന്നതുകൊണ്ട്, ഈ സിനിമകളെക്കുറിച്ച് ഗൗരവത്തിലുള്ള പഠനങ്ങള്‍ ഉണ്ടായിട്ടില്ല. കേരളീയ സമൂഹത്തിന്റെ പരിണാമഘട്ടങ്ങള്‍ കൃത്യമായ രേഖപ്പെടുത്തുന്ന പല  മികച്ച സിനിമകളും മുഖ്യധാരയുടെ സംഭാവനകളാണ് എന്ന സത്യം വിസ്മരിക്കപ്പെടുന്നു.

yacob thomas
യാക്കോബ് തോമസ്

സവര്‍ണതയും സ്ത്രീവിരുദ്ധതയും പിന്തിരിപ്പന്‍ സമീപനങ്ങളുമെല്ലാം അവയുടെ പൊതുസ്വഭാവങ്ങളാകാമെങ്കിലും, മറിച്ചുള്ള ചില സമീപനങ്ങള്‍ സൂക്ഷ്മവായനയില്‍ നമുക്ക് കണ്ടെത്താനാകും. "നിറക്കൂട്ടി'നെക്കുറിച്ച് യാക്കോബ് തോമസ് എഴുതിയ പഠനം (പാക്കറ്റ് 57) ഇതിന് തെളിവാണ്. ഈ സിനിമ ഇറങ്ങിയ കാലത്ത്, മമ്മൂട്ടി സിനിമക്കുവേണ്ടി തല മൊട്ടയടിക്കുന്നു എന്നായിരുന്നു പരസ്യവാചകം. ആ ദൃശ്യമാണ് "നിറക്കൂട്ടി'ന്റെ വാണിജ്യചേരുവയായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. സിനിമയിലെ മൂന്ന് നായികമാരും മമ്മൂട്ടി എന്ന നായകനോടൊപ്പം ചുറ്റിക്കറങ്ങുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാല്‍, പുതിയ കാലത്തുനിന്ന് ഈ സ്ത്രീകള്‍ക്ക് പുതിയൊരു വായന സാധ്യമാക്കുകയാണ് യാക്കോബ് തോമസ്. സ്ത്രീകളുടെ വിപുലമായി വരുന്ന പുതിയ തൊഴിലിടങ്ങള്‍, അവിടെ അവര്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണം, കരിയറും കുടുംബവുമായുള്ള സംഘര്‍ഷങ്ങള്‍, സദാചാര സങ്കല്‍പങ്ങള്‍, സ്ത്രീയുടെ സ്വയം നിര്‍ണയാവകാശം തുടങ്ങിയ കാര്യങ്ങള്‍ ഈ പഠനത്തിന്റെ സൂക്ഷ്മവായനയില്‍ തെളിഞ്ഞുവരുന്നു. ഇത്തരം കാര്യങ്ങളില്‍ സിനിമ പൊതുബോധത്തിന്റെ ഒത്തുതീര്‍പ്പുകളിലേക്ക് വീണുപോകുന്നുണ്ടെങ്കിലും, ഈ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നു എന്നത് പ്രധാനമായി തോന്നുന്നു.

സിന്ധു രജ്ഞിത്ത്,
വാകത്താനം, കോട്ടയം


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍ 

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM