Friday, 14 January 2022

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 58-ന്റെ കവറിന് സൈനുല്‍ ആബിദിന്റെ ഡിസൈന്‍.
Text Formatted

ഉരുളക്കിഴങ്ങിന്റെ സാംസ്‌കാരിക ചരിത്രം

രുളക്കിഴങ്ങിന്റെ സാംസ്‌കാരിക ചരിത്രം രസാവഹമാണ്. ഒരുകാലത്ത് സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതിരുന്ന രാജകീയ ഭോജ്യമായിരുന്നത്രേ ഈ പുതിയ കിഴങ്ങ്. 1780 നോടടുത്ത് അന്നത്തെ ബംഗാള്‍ ഗവര്‍ണറായിരുന്ന വാറെന്‍ ഹെസ്റ്റിങ്സിന് ഒരു കുട്ട ഉരുളക്കിഴങ്ങ് സമ്മാനമായി ലഭിച്ചതും തന്റെ  കൗണ്‍സില്‍ അംഗങ്ങളെ ക്ഷണിച്ചുവരുത്തി രാജകീയ വിരുന്ന് നടത്തി, സുഹൃത്തുക്കള്‍ക്ക് മിച്ചം വന്ന ഉരുളക്കിഴങ്ങ് നല്‍കുകയും ചെയ്ത കഥ കെ. ടി. അചയ തന്റെ "Indian Food- A Historical Companion' എന്ന പുസ്തകത്തില്‍  വിവരിച്ചിട്ടുണ്ട്. 1830 ആയപ്പോഴേയ്ക്കും ഡെറാഡൂണ്‍ മലത്തട്ടുകളില്‍ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമായിരുന്നത്രെ. ബ്രിട്ടീഷുകാരുടെ വന്‍ താല്‍പര്യം ഇതിനു പിന്നിലുണ്ടായിരുന്നു. മുസ്സൂറിയിലും ലാണ്ഡോറിലും Captain Youns ഉം   Mr. Shore ഉം ഇതേസമയം ഉരുളക്കിഴങ്ങ് കൃഷി വ്യാപകമാക്കിയ ചരിത്രം പ്രസിദ്ധ ബ്രിട്ടീഷ് - ഇന്ത്യന്‍ എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ട് വിവരിച്ചിട്ടുണ്ട്. 1760 ആയപ്പൊഴേക്കും അയര്‍ലണ്ടിലെ പ്രധാന ആഹാരം ഉരുളക്കിഴങ്ങ് ആയതിന് രാഷ്ട്രീയ / സാമൂഹ്യകാരണങ്ങളുണ്ട്. 1845 മുതല്‍ 1852 വരെ നടമാടിയ രൂക്ഷമായ ക്ഷാമത്തില്‍ മില്ല്യണ്‍ കണക്കിന് ആള്‍ക്കാരാണ് മരിച്ചത്. ഇത്രമാത്രം ജനങ്ങളുടെ മരണത്തിനെ സ്വാധീനിക്കാന്‍ കെല്‍പ്പുണ്ടായ മറ്റൊരു പച്ചക്കറി ലോക ചരിത്രത്തില്‍ ഇല്ല തന്നെ. അക്കാലത്ത് ഒരേ ഒരു ജെനെറ്റിക് വെറൈറ്റി ഉരുളക്കിഴങ്ങേ ഉണ്ടായിരുന്നുള്ളു, പൂപ്പല്‍ ബാധ കൊണ്ട് അയര്‍ലണ്ടിലെ മൊത്തം ഉരുളക്കിഴങ്ങ് കൃഷിയും നശിക്കുകയായിരുന്നു. പ്രതിരോധശക്തിയുള്ള ജനിതക വൈവിധ്യമിയന്നവ പിന്നീടാണ് എത്തിയത്. 

osla
ഉത്തരാഖണ്ഡിലെ ഒസ്ല ഗ്രാമത്തിലെ ഉരുളക്കിഴങ്ങ് കർഷകർ / Photo: A.J. Joji

യൂറോപ്യന്‍സ് ഉരുളക്കിഴങ്ങ് ആദ്യം കാണുന്നത് 1537 ല്‍ സൗത്ത് അമേരിക്കയിലാണ്. 1570ല്‍ ഒരു സ്പാനിഷ് കപ്പലാണ് നടാടെ യൂറോപ്പില്‍ ഉരുളക്കിഴങ്ങ് കൊണ്ടിറക്കിയത്. 1597 ല്‍ ജോണ്‍ ജെറാര്‍ഡ് എന്നൊരാള്‍ ഇംഗ്ളീഷില്‍ ഇതിനെ വിവരിച്ചത് "ബടാറ്റാ' എന്ന പേരിലാണ്. സൗത്ത് അമേരിക്കയില്‍ മധുരക്കിഴങ്ങിന്റെ ഈ പേര് തെറ്റിദ്ധരിച്ച് ഇട്ടതാണ്. പോര്‍ച്ചുഗീസുകാര്‍ "ബടാറ്റ' എന്ന പേര്‍ സ്ഥിരപ്പെടുത്തി. പിന്നീട് ഇത് "പൊട്ടറ്റൊ' എന്നായി മാറി ഇംഗ്ളീഷില്‍. മധുരക്കിഴങ്ങും യൂറോപ്യന്‍ സായിപ്പിനു പുതിയ ആഹാരവസ്തു ആയിരുന്നു.  

പോര്‍ച്ചുഗീസ്‌കാരാണ് ഇന്ത്യയില്‍ പൊട്ടറ്റോ അവതരിപ്പിച്ചതെങ്കിലും ഡച്ചുകാരാണ് ഒരു "ഉരുളക്കിഴങ്ങ് സംസ്‌കാരം' ഇവിടെ പ്രചലിതമാക്കിയത്. സായിപ്പിന്റെ വിശിഷ്ടഭോജ്യം ആയിരുന്നെങ്കിലും നാട്ടുകാരുടെ അടുക്കളയിലെത്താന്‍  ഉരുളക്കിഴങ്ങ് താമസിച്ചുപോയി. ബ്രാഹ്‌മണര്‍ പൊട്ടറ്റോയും റ്റൊമാറ്റോയും തീരെ വര്‍ജ്ജിച്ചു. അമ്പലങ്ങളില്‍ സമര്‍പ്പിക്കപ്പെടുന്ന കായ്കനി/പച്ചക്കറികളില്‍ മധുരക്കിഴങ്ങ് പണ്ടേ സ്ഥാനം പിടിച്ചിരുന്നു എങ്കിലും ഉരുളക്കിഴങ്ങ് അതിനു യോജ്യമല്ല എന്നായിരുന്നു തീരുമാനം, ഇന്നും. കേരളത്തില്‍ 1965 കഴിഞ്ഞപ്പോഴേക്കുമാണ് ചെറിയ പട്ടണങ്ങളില്‍ ഉരുളക്കിഴങ്ങ് എത്തിത്തുടങ്ങിയത്. ഇന്ന് സാമ്പാറിലെ പ്രധാന കഷണം ഉരുളക്കിഴങ്ങാണ്. 
കൂടുതല്‍ വായനയ്ക്ക്: Achaya  K. T. Indian Food-A Historical Companion. Oxford University Press. 1994. Upadhya M. N. "Potato' in Diversity and Change in the Indian  Subcontinent. J. B. Hutchinons (ed). Cambridge University Press, 1974.
Pushkarnath M. The Potato in India. Indian Council of Agricultural Research, New Delhi,
 1964.

എതിരന്‍ കതിരവന്‍,
ചിക്കാഗോ.


ഉരുളക്കിഴങ്ങ്, കക്ഷിരാഷ്ട്രീയത്തിന്റെ ഇഷ്ടഭോജ്യം

രുളക്കിഴങ്ങിന്റെ രാഷ്ട്രീയ ജീവചരിത്രം ഗംഭീരമായി. ഉരുളക്കിഴങ്ങ് ഒരേസമയം, പാവപ്പെട്ടവരുടെ ഭക്ഷ്യവസ്തുവും ഇന്ത്യന്‍ പൗരജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാഷ്ട്രീയ ഉല്‍പ്പന്നവുമാണ്. വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയ "ആലുവിന്റെ അത്ഭുതലോകങ്ങള്‍' (പാക്കറ്റ് 58) എന്ന ലേഖനത്തില്‍ ഉരുളക്കിഴങ്ങ് എങ്ങനെ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ രുചിക്കൂട്ടുകളെ നിര്‍ണിയിക്കുന്നു എന്നതിന്റെ സൂചനകളുണ്ട്. സാധാരണക്കാരന്റെ ഇമേജുള്ള രാഷ്ട്രീയനേതാവായ ലാലു പ്രസാദ് യാദവിന്റെ ഉരുളക്കിഴങ്ങുമായുള്ള സമീകരണം ഒന്നാന്തരം ഉദാഹരണം. വോട്ടര്‍മാരുടെ അകത്തേക്ക് കയറിച്ചെല്ലാന്‍ എല്ലാ പാര്‍ട്ടികളും നേതാക്കളും പയറ്റുന്ന ഒരു തന്ത്രം- "സമൂസമയില്‍ ആലു ഉള്ള കാലത്തോളം ലാലുവും ഉണ്ടാകും' എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍.

lalu

വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിലും ഉരുളക്കിഴങ്ങ് ഒരു നായകനും വില്ലനുമായി പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനകള്‍ ഇപ്പോഴേയുണ്ട്. യു.പിയില്‍നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതി തെലുങ്കാന നിരോധിച്ചതാണ് ഒരു പ്രശ്നം. 50 കിലോയുള്ള 500 ചാക്ക് ഉരുളക്കിഴങ്ങുമായി 100 ട്രക്കുകളാണ് ദിവസവും തെലുങ്കാനയിലേക്ക് യു.പിയില്‍നിന്ന് പോകാറ്. പഴയ സ്റ്റോക്കാണ് എന്നു പറഞ്ഞാണ് തെലങ്കാന ഇറക്കുമതി നിര്‍ത്തിയത്. ഗ്രാമീണ കര്‍ഷകരുടെ ജീവിതത്തില്‍ എന്നും തിളച്ചുകൊണ്ടിരിക്കുന്ന, എന്നാല്‍ ഒരിക്കലും വേവാത്ത ഒരു പ്രശ്നം കൂടിയാണ് ഉരുളക്കിഴങ്ങിന്റേത്. അത്, കക്ഷിരാഷ്ട്രീയത്തിന്റെ ഇഷ്ടഭോജ്യമാകുന്നതില്‍ അതുകൊണ്ടുതന്നെ വിസ്മയമില്ല.
ഈയിടെ, ഐ.എം.എഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ്, ഉരുളക്കിഴങ്ങ് വേവിച്ചതും സവോളയും പുളിവെള്ളവുമൊക്കെ ചേര്‍ത്ത് തയാറാക്കുന്ന പാനിപൂരി കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു, പുതുവര്‍ഷത്തിന്. അസ്സല്‍ പാനിപൂരി കഴിക്കാന്‍ ഇന്ത്യന്‍ തെരുവുകളില്‍ പോകൂ എന്നായിരുന്നു അതിന് ലഭിച്ച ഒരു കമന്റ്. അതേ, ഇന്ത്യയുടെ തെരുവുകളിലാണ് ഉരുളക്കിഴങ്ങിന്റെ സ്ഥാനവും അതിന്റെ രുചിയും. 
ജീവന്‍ രാജ്,
ന്യൂഡല്‍ഹി.


വ്യത്യസ്തമായ ഒരു ഉരുളക്കിഴങ്ങ് പാക്കറ്റ്

ന്ത്യന്‍ ഭക്ഷണത്തിലെ ഒരു പ്രിയ വിഭവത്തെ രാഷ്ട്രീയമായി അടയാളപ്പെടുത്തിയ ഒരു ഇഷ്യുവായിരുന്നു വെബ്സീനിന്റെ 58ാം പാക്കറ്റ്. ഒരു കാര്‍ഷിക വവിഭവമെന്ന നിലയ്ക്കും സാധാരണക്കാരുടെ ഭക്ഷണം എന്ന നിലയ്ക്കും മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് ചെലുത്തുന്ന സ്വാധീനവും കൂടിച്ചേര്‍ന്നപ്പോള്‍, ഉരുളക്കിഴങ്ങ് പാക്കറ്റ് വ്യത്യസ്തമാണ്.

potato

കാലത്തിനൊത്ത് സഞ്ചരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ് എന്നുതോന്നിയിട്ടുണ്ട്. അതുകൊണ്ടാണ്, വി. മുസഫര്‍ അഹമ്മദ് എഴുതിയതുപോലെ, അത് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാം വെജിറ്റേറിയന്മാരുടെയും നോണ്‍ വെജിറ്റേറിയന്മാരുടെയുമെല്ലാം കൂട്ടായി മാറിയത്. ചിക്കന്‍ കഴിക്കുകയാണെന്ന ഒരു തൃപ്തിയോടെ, എന്നും ചിക്കന്‍ വാങ്ങാന്‍ കഴിയാത്ത, ഗള്‍ഫില്‍ ഒരു കാലത്തുണ്ടായിരുന്ന ഉത്തരേന്ത്യന്‍ സഹപ്രവര്‍ത്തകര്‍ ഉരുളക്കിഴങ്ങുകറി കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഏതു രുചിക്കും ഇണങ്ങുംവിധമുള്ള രൂപങ്ങളിലേക്ക് മാറാനുള്ള കഴിവാണ് ഉരുളക്കിഴങ്ങിനെ വ്യത്യസ്തമാക്കുന്നത്. ഇപ്പോള്‍ അത് ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെയായി വിപുലപ്പെട്ടു എന്നു മാത്രം. ഒരുപക്ഷെ, ഇന്ത്യന്‍ ഗ്രാമങ്ങളിലെ പോഷകാഹാരക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാകാം ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങും പാലും ചേര്‍ന്നാല്‍ സമീകൃതാഹാരമായി എന്ന് വിഗ്ധര്‍ പറയുന്നുണ്ട്. കന്നുകാലികള്‍ക്കുള്ള  തീറ്റയായിരുന്ന ഉരുളക്കിഴങ്ങ് യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിട്ടും വര്‍ഷങ്ങളോളം അത് ഒരു വിഷഭക്ഷണമായിട്ടാണ് പരിഗണിക്കപ്പെട്ടത്. പിശാചിന്റെ വിള എന്നൊക്കെ പറഞ്ഞ് അതിനുനേരെ മതപൗരോഹിത്യത്തിന്റെ ആക്രമണവുമുണ്ടായിരുന്നു. വ്യവസായ വിപ്ലവവും ജനസംഖ്യയിലുണ്ടായ കുതിച്ചുചാട്ടവുമാണ് ഉരുളക്കിഴങ്ങിനെ ജനകീയമാക്കിയത്. ഫാക്ടി തൊഴിലാളികളുടെ ഇഷ്ടഭോജ്യമായിരുന്നു ഉരുളക്കിഴങ്ങ്. ഇങ്ങനെ, നമ്മുടെ രുചികളില്‍ മാത്രമല്ല, ചരിത്രത്തിലും അതിനെ രൂപപ്പെടുത്തിയ രാഷ്ട്രീയത്തിലുമൊക്കെ വെന്തും വേവാതെയും കിടക്കുന്ന ഒരു വിഭവത്തെ വെബ്സീന്‍ കണ്ടെടുത്ത വിധം അഭിനന്ദനീയമാണ്.
​​​​​​​ഫസീല അമന്‍,
ബര്‍ക്ക, ഒമാന്‍.


അടിസ്ഥാനവര്‍ഗത്തിന്റേതാണ് ഉരുളക്കിഴങ്ങനുഭവങ്ങള്‍

ന്ദഗോപാല്‍ ആര്‍. മേനോന്‍ എഴുതിയ ഉരുളക്കിഴങ്ങനുഭവങ്ങള്‍ (പാക്കറ്റ് 58) വായിച്ചു. ഓരോ രാജ്യത്തിന്റെയും കാലാവസ്ഥക്കും മനുഷ്യരുടെ രുചിഭേദങ്ങള്‍ക്കും വിപണിനിലവാരത്തിനുമെല്ലാമൊപ്പിച്ച് തരംപോലെ രൂപം മാറാനുള്ള വിദ്യ ഉരുളക്കിഴങ്ങിനെപ്പോലെ മറ്റൊരു ഭക്ഷ്യവസ്തുവിനും ഇല്ല എന്നാണ് ഈ ലേഖനം വായിച്ചപ്പോള്‍ തോന്നിയത്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത വായിച്ചു, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തീന്‍മേശയില്‍നിന്ന് ഉരുളക്കിഴങ്ങ് ഒഴിവാക്കിയെന്ന്. യൂറോപ്യന്‍ വരേണ്യത എല്ലാ കാലത്തും ഉരുളക്കിഴങ്ങിനോട് ഒരുതരം വിവേചനം പുലര്‍ത്തിയിരുന്നതായി കാണാം.

potato
ഡച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമായ ഉരുളക്കിഴങ്ങിന്റെ വകഭേദങ്ങളില്‍ ചിലത്‌

കാരണം, അത് ഏതു കാലത്തും ഏതിടത്തും അടിസ്ഥാനവര്‍ഗത്തിന്റെ ഭക്ഷണമായിരുന്നുവല്ലോ. പഴയ റഷ്യന്‍ കുട്ടിക്കഥകളിലെ നായകന്‍ ഉരുളക്കിഴങ്ങായിരുന്നുവല്ലോ. ഇന്ത്യയിലും ഇപ്പോള്‍ ഏറ്റവും ജനപ്രിയമായ തെരുവുഭക്ഷണം വേവിച്ച ഉരുളക്കിഴങ്ങും വെള്ളക്കടലയുമൊക്കെ ചേര്‍ത്ത് തയാറാക്കുന്ന പാനിപൂരിയാണ്. കുത്തകകള്‍ പാനിപൂരിയെ പലതരത്തില്‍ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റോഡരികിലെ തട്ടുകട ഭക്ഷണമെന്ന നിലയ്ക്കാണ് ഇന്നും പാനിപൂരിക്ക് പ്രിയമുള്ളത്. കാരണം, അതിന്റെ വില തന്നെ. ഡല്‍ഹി അതിര്‍ത്തിയില്‍ നടന്ന കര്‍ഷക സമരത്തില്‍, അവരുടെ വിശപ്പ് പിടിച്ചുനിര്‍ത്തിയത് ഉരുളക്കിഴങ്ങാണ്. അടിസ്ഥാന വര്‍ഗത്തിന്റെ വിശപ്പും സമ്പത്തും നിര്‍ണയിക്കുന്ന ഒരു വിഭവമായി അങ്ങനെ ഉരുളക്കിഴങ്ങ് മാറുന്നു.
കെ.ടി. മുസ്തഫ,
തിരൂരങ്ങാടി, മലപ്പുറം.


വിത്തിന്റെ അവകാശം കര്‍ഷകര്‍ക്കുതന്നെയാണ്

വിത്തിനുമേല്‍ ആര്‍ക്കാണ് അവകാശം എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യമാണ്. (ഉരുളക്കിഴങ്ങിന്റെ അവകാശികള്‍, ഉഷ എസ്, പാക്കറ്റ് 58). ലോകമാകെ കൃഷി നിലനില്‍പുഭീഷണി നേരിടുകയും ഈ മേഖലയിലേക്ക് കോര്‍പറേറ്റ് അധിനിവേശം രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഈ ചോദ്യം ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടണം. കര്‍ഷക സമരത്തിന്റെ വിജയവും ഉരുളക്കിഴങ്ങ് വിത്തിന്മേലുള്ള പെപ്സി കമ്പനിയുടെ കുത്തകാവകാശം റദ്ദാക്കിയ വിധിയും ഈ ദിശയിലുള്ള കര്‍ഷക മുന്നേറ്റത്തിന് ബലം പകരുന്നതാണ്. പെപ്സിക്കെതിരായ വിധി, വിത്ത് കൈവശപ്പെടുത്തുന്ന കോര്‍പറേറ്റ് ആക്രമണങ്ങള്‍ക്കെതിരായ സുപ്രധാന നീക്കം കൂടിയാണ്. കാലങ്ങളായി ഇവിടെ കൃഷി ചെയ്തുവരുന്ന ഒരു വിത്തിന്മേല്‍ അവകാശമുന്നയിച്ച് ഒരു കുത്തക കമ്പനി കര്‍ഷകരുമായി ഒരു കരാറുണ്ടാക്കുകയും അതിന്റെ പേരില്‍, കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകരെ കോടതി കയറ്റുകയും ചെയ്ത നടപടി ഒരു ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.

usha s
ഉഷ എസ്.

തൊണ്ണൂറുകള്‍ക്കുശേഷം ഇന്ത്യന്‍ ഭരണകൂടങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ കോര്‍പറേറ്റ് അനുകൂല നയങ്ങളുടെ ഒരു പ്രത്യാഘാതം കൂടിയായിരുന്നു പെപ്സി കമ്പനിയുടെ ഈ അധിനിവേശം എന്നും ഓര്‍ക്കേണ്ടതുണ്ട്. കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെറുത്തുനില്‍പ്പുണ്ടായിരുന്നില്ലെങ്കില്‍ പെപ്സി തന്നെ ഇന്നും കുത്തകയായി തുടരുമായിരുന്നു. സമ്മര്‍ദം ശക്തമായപ്പോള്‍, നഷ്ടപരിഹാരം വേണ്ടെന്നും മേലില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് തങ്ങളുടെ ഉപാധി അനുസരിച്ചാകണമെന്നുമുള്ള വ്യവസ്ഥ മുന്നോട്ടുവക്കുകയാണ് കമ്പനി ചെയ്തത്. എന്നാല്‍, ഇത് അംഗീകരിക്കാതെ, കേസുമായി മുന്നോട്ടുപോകുകയായിരുന്നു കര്‍ഷക സംഘടനകള്‍. വിളയുടെ വകഭേദങ്ങളും കര്‍ഷകര്‍ക്കുള്ള അവകാശങ്ങളും സംരക്ഷിക്കുന്ന നിയമം നിലവിലുള്ള ഒരു രാജ്യത്താണ്, കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരക്കേസ് കൊടുക്കാന്‍ ഒരു കുത്തക കമ്പനിക്ക് ധൈര്യം വന്നത് എന്നുകൂടി ഓര്‍ക്കണം. തീര്‍ച്ചയായും, ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് അവര്‍ക്ക് ഈ ധൈര്യം നല്‍കിയത്. കാര്‍ഷിക വിളകള്‍ മാത്രമല്ല, വിഭവങ്ങള്‍ കൂടി കുത്തകവല്‍ക്കരിക്കാനും പാട്ടവ്യവസ്ഥയിലേക്ക് കൊണ്ടുപോകാനുമുള്ള നീക്കമായിരുന്നുവല്ലോ, മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ഇന്ത്യയെപ്പോലൊരു രാജ്യത്ത്, കാര്‍ഷിക മേഖലയാണ് ഭാവിയിലെ സാമ്പത്തിക വിഭവസ്രോതസ്സ് എന്ന് മനസ്സിലാക്കി തന്നെ, കുത്തകകളുടെ അടുക്കളയില്‍ വേവിക്കപ്പെട്ടതായിരുന്നു ഈ നിയമങ്ങള്‍. നിയമം നടപ്പാകുമെന്ന പ്രതീക്ഷയില്‍ റിലയന്‍സ് അടക്കമുള്ളവര്‍ വന്‍തോതില്‍ ഒരുക്കങ്ങളും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജീവിക്കുന്ന മണ്ണ് നഷ്ടമാകുന്നുവെന്ന തിരിച്ചറിവ് ഇന്ത്യന്‍ കര്‍ഷകര്‍ക്കുണ്ടായി എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയ വശം. 540 കര്‍ഷക സംഘടനകളാണ് സമരത്തിനായി ഒത്തുചേര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും വിപുലമായ കര്‍ഷക പ്ലാറ്റ്ഫോമായി അത് മാറി. ഒരുപക്ഷേ, ഭാവിയിലെ ഏതു ഭരണകൂടവും ഇത്തരം കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കായി ചെറുചുവടെങ്കിലും വക്കുമ്പോള്‍, അവര്‍ക്കുമുന്നില്‍ ഈ കര്‍ഷക പ്രക്ഷോഭം വലിയൊരു പാഠമായി അവശേഷിക്കും.  
ദിലീപ്കുമാര്‍ ആര്‍.,
വൈപ്പിന്‍, എറണാകുളം.


അതിര്‍ത്തികള്‍ ഭേദിക്കുന്നു, എന്‍. സുകുമാരന്റെ തമിഴ് കഥകള്‍

കേരളവും തമിഴ്നാടും തമ്മിലുള്ള സാംസ്‌കാരിക വിനിമയങ്ങളെക്കുറിച്ച് ഈയിടെ വെബ്സീനില്‍ ജയമോഹനുമായി ഒരു അഭിമുഖം വന്നിരുന്നുവല്ലോ. അത് ഏറെ താല്‍പര്യത്തോടെയാണ് വായിച്ചത്. കാരണം, ഭാഷാടിസ്ഥാനത്തില്‍ രണ്ട് സംസ്ഥാനങ്ങളായെങ്കിലും ഭൂപ്രകൃതിയുടെയും ജൈവബന്ധങ്ങളുടെയും കാര്യത്തില്‍ വിഭജിക്കപ്പെടാതെ കിടക്കുകയാണ് ഇന്നും ഈ രണ്ട് പ്രദേശങ്ങളും. പ്രത്യേകിച്ച്, "അതിര്‍ത്തി'കളില്‍. ജയമോഹന്‍ എന്ന, രണ്ടു ദേശങ്ങളുള്ള എഴുത്തുകാരനെ രൂപപ്പെടുത്തിയ ഈ സാംസ്‌കാരിക സമ്പര്‍ക്കങ്ങളുടെ ഒരു തുടര്‍ച്ചയായി തോന്നി, വെബ്സീനില്‍ തുടങ്ങിയ എന്‍. സുകുമാരന്റെ തമിഴ് കഥകള്‍ എന്ന പരമ്പര. പുതിയ ദേശരാഷ്ട്ര രൂപീകരണങ്ങള്‍ക്കും അതിര്‍ത്തിനിര്‍ണയങ്ങള്‍ക്കും അപ്പുറത്ത്, എങ്ങനെയാണ് മനുഷ്യരും വിശ്വാസങ്ങളും തമ്മില്‍ ഇടകലരുന്നത് എന്ന, നരവംശശാസ്ത്രപരമായ ഒരു ആഖ്യാനമാണ് സുകുമാരന്റെ ആദ്യ ലേഖനത്തിലുള്ളത്. കീഴടങ്ങി ജീവിക്കാന്‍ മടിയുള്ളവരുടെ ധീരമായ പലായനങ്ങളും കുടിയേറ്റങ്ങളും ഒരു പുതിയ ഭൂഭാഗത്തെ തന്നെയാണ് പുനസൃഷ്ടിക്കുന്നത്. അവര്‍ക്കൊപ്പം അവരുടെ ദേവതകളും വിശ്വാസങ്ങളും കൃഷിയും വിളകളും മണ്ണുമൊക്കെ സഞ്ചരിക്കുന്നു. അവരും ഈ മനുഷ്യര്‍ക്കൊപ്പം കുടിയേറുകയാണ്.

sukumaran
എൻ. സുകുമാരൻ

തങ്ങള്‍ സൃഷ്ടിച്ച ഒരു ദേശത്തെയാണ് അവര്‍ അകമേ ആവാഹിക്കുന്നത്. ഒ.വി. വിജയന്‍ സ്മാരകത്തിനുമുന്നിലെ കടയിലുള്ള ആ സ്ത്രീയോട് തസ്രാക്കില്‍ നിന്ന് പാലക്കാട്ടേക്ക് എത്ര ദൂരം എന്നുചോദിച്ചപ്പോള്‍, ഇത് ഖസാക്കാണ് എന്ന് മറുപടി പറഞ്ഞത്, അവരുടെ ബോധതലത്തില്‍ തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക പരിസരമാകണം. "തനത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്‌കാരങ്ങളുടെ അസ്തിവാരത്തിലേക്കാണ് ഇത്തരം അനുഭവങ്ങള്‍ ചെന്നെത്തുന്നത്.
ഷമീര്‍ ബാബു,
കന്യാകുമാരി.


സംഘ്പരിവാറിന്റെ സാംസ്‌കാരിക ആക്രമണങ്ങള്‍

വിമതവും വ്യത്യസ്തവുമായ സാംസ്‌കാരിക ധാരകളിലേക്കുള്ള സംഘ്പരിവാറിന്റെ ഹിംസാത്മകമായ കടന്നുകയറ്റത്തിന്റെ പാശ്ചാത്തലത്തില്‍, അത്തരം വിമതത്വങ്ങളെ രേഖപ്പെടുത്തുക എന്നത് ഒരു രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്. വെബ്സീനില്‍ ലിംഗായത ദര്‍ശനത്തെയും ബസവണ്ണയുടെ ദാര്‍ശനിക ഇടപെടലുകളെയും കുറിച്ച് കെ.വി. മനോജ് എഴുതിയ ലേഖനപരമ്പര ആ നിലയ്ക്ക് ഏറെ കാലിക പ്രസക്തിയുള്ളതാണ്. വൈദിക ബ്രാഹ്‌മണ്യത്തിനെതിരായ ചെറുത്തുനില്‍പ്പാണ്, സമകാലികമായിപ്പോലും സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കാനുള്ള ഏക വഴിയെന്നു വരുന്നു. പുതിയ വിഗ്രഹവല്‍ക്കരണത്തിന്റെയും ചരിത്രനിര്‍മിതികളുടെയും ഈ കാലത്ത്, യഥാര്‍ഥ ഇന്ത്യ എന്നത് ഹൈന്ദവേതരമായ ബഹുസ്വരതയാല്‍ സമ്പന്നമായിരുന്ന ഒരു ജീവിതപദ്ധതിയായിരുന്നുവെന്ന് സ്ഥാപിക്കപ്പെടേണ്ടതുണ്ട്.

തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമൊക്കെ ഈ വൈവിധ്യങ്ങളുടെയും പലതരം ഉപ സംസ്‌കാരികതകളുടെയും വിളഭൂമിയാണ്. അതിനെയാണ്, സംഘ്പരിവാര്‍ ഏകതാനമായ ഒരു ഐഡന്റിറ്റിയിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ പദ്ധതി തയാറാക്കുന്നത്. ഈ പദ്ധതി തുറന്നുകാട്ടാന്‍ കെല്‍പ്പുള്ള ബൗദ്ധികസ്രോതസ്സുകളെ കൊന്നുകളഞ്ഞും ആ സമൂഹങ്ങളെ ധൃതരാഷ്ട്രാലിംഗനത്തിന് വിധേയമാക്കിയുമാണ് സംഘ്പരിവാര്‍, ഇവിടങ്ങളിലേക്ക് കടന്നുകയറുന്നത്. യഥാര്‍ഥത്തില്‍, ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ നിര്‍വഹിക്കുന്ന, സ്വേച്ഛാധിപത്യപരമായ ഭരണകൂട ഇടപെടലുകളേക്കാള്‍ എത്രയോ ഗുരുതരമാണ് സംഘ്പരിവാര്‍, ഇന്ത്യയിലെ ബദല്‍ സാംസ്‌കാരികതകള്‍ക്കുമേല്‍ നടത്തുന്ന ആക്രമണങ്ങള്‍ എന്ന് വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടില്ല. ഇത്തരം പഠനങ്ങള്‍ ആ വഴിക്കുള്ള അന്വേഷണങ്ങളാകട്ടെ.
സെല്‍മ ഇംത്യാസ്,
മലാപ്പറമ്പ്, കോഴിക്കോട്


സര്‍വകാലശാല, രാഷ്ട്രീയം, ബോധനശാസ്ത്രത്തിന്റെ അരാഷ്ട്രീയവല്‍ക്കരണം

കേരള യൂണിവേസിറ്റി ക്യാമ്പസില്‍ എം.എ മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുകയും പത്തുവര്‍ഷത്തോളം കാമ്പസിനെ ചുറ്റി ജീവിക്കുകയും പിന്നീട് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപനകനായും ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലക്ക് കേരളത്തിലെ സര്‍വകാലശാലകളെ ഗൗരവമായി തന്നെ കാണണം എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകന്‍ (പാക്കറ്റ് 57). രാഷ്ട്രീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് കേരളത്തിലെ സര്‍വകലാശാലകളുടെ പ്രത്യേകത. ജനാധിപത്യ സമൂഹത്തില്‍ അക്കാദമിക് മേഖലയെ പൂര്‍ണമായും രാഷ്ട്രീയമുക്തമാകാന്‍ കഴിയില്ല. ജനാധിപത്യത്തില്‍  വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുണ്ടാകും. കേരളം പോലെ കക്ഷി രാഷ്ട്രീയ മേധാവിത്തമുള്ള ഒരു സമൂഹത്തില്‍ ഒരു സര്‍വകലാശാല മാത്രം മാറിനില്‍ക്കില്ല. 

ഇടതുരാഷ്ട്രീയ പാര്‍ട്ടിക്കാണ് കേരളത്തിലെ സര്‍വകലാശകളില്‍ വലിയ തോതില്‍ സ്വാധീനമുള്ളത് എന്നാലും  കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള അധികാര പാര്‍ട്ടികള്‍ക്കും അധ്യാപക നിയമത്തിലും വൈസ് ചാന്‍സലര്‍ നിയമനത്തിലും ഊഴമനുസരിച്ച് അവസരം കിട്ടുന്നുണ്ട്. അതില്‍ തന്നെ, വലിയ തോതില്‍ രാഷ്ട്രീയ സ്വാധീനമുള്ള ഇടതു പാര്‍ട്ടികള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളിലെ പഠനരീതിയുടെയും ജ്ഞാനോല്‍പാദനത്തിന്റെയും കാര്യത്തില്‍ നവ നിബറല്‍ കാലത്തുണ്ടാകേണ്ട വൈജ്ഞാനിക പ്രതിരോധം ഉണ്ടാകുന്നില്ല എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. 

ഇന്നത്തെ നവലിബറല്‍ കാലഘട്ടത്തില്‍, കേരളം പോലെ രാഷ്ട്രീയ നിയന്ത്രിത സര്‍വകലാശാലകളുള്ളിടത്ത്, പ്രത്യകിച്ചും സാമൂഹികശാസ്ത്ര മേഖലകളില്‍ വലിയ വൈജ്ഞാനിക പ്രതിരോധ ബോധനശാസ്ത്രങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഒരു അഭിപ്രായ പ്രകടനത്തിനപ്പുറം ചര്‍ച്ച ചെയ്യേണ്ടതാണ് ഈ വിഷയം.  ഇത്തരം പരിശോധനക്കുള്ള മാനദണ്ഡം ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക് പ്രസിദ്ധീകരണങ്ങളുമാണ്. കേരളത്തില്‍ സാമൂഹിക ശാസ്ത്ര ഗവേഷണം കേവലം അഭിപ്രായപ്രകടനത്തിനപ്പുറം ഒന്നും തന്നെ മുന്നോട്ട് വെക്കുന്നില്ല. കേരള മോഡല്‍ വികസനം, തീരദേശ സമൂഹങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, പരിസ്ഥിതി, നിയോ-ഹിന്ദുത്വ, മതരാഷ്ട വാദം എന്നീ സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തില്‍ എങ്ങനെയാണ് അക്കാദമിക് ഗവേഷണ വിഷയമാകുന്നത് എന്ന് ഗൗരവമായി പഠിച്ചാല്‍ ഇത് മനസിലാകും. 

കേരള വികസന മാതൃക, ഭൂപരിഷകരണം എന്നീ വിഷയങ്ങല്‍ കേരളത്തിലെ സര്‍വകാലശാലകളില്‍ എങ്ങനെയാണ് ഗവേഷണ വിധേയമാകുന്നത് എന്നതിനെ കുറിച്ച് മനസിലാക്കാന്‍  ശ്രമിച്ചപ്പോഴാണ് കക്ഷിരാഷ്ട്രീയം കേരളത്തിലെ സാമൂഹിക ശാസ്ത്ര ഗവേഷണ മേഖലയെ എത്രത്തോളം പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് മനസിലാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപിത രാഷ്ട്രീയ നേട്ടങ്ങളെയും ആഖ്യാനങ്ങളേയും ചോദ്യം ചെയ്യാതെ പിന്തുണക്കുക എന്നതിനപ്പുറം അക്കാദമിക് ഗവേഷണങ്ങള്‍ പോകുന്നില്ല എന്നത് ഗൗരവമായ ഒരു വസ്തുതയാണ്. ഇതിന്റെ മറുവശം,  വിദേശ ഗവേഷകര്‍ കേരളത്തില്‍ നടത്തുന്ന ഗവേഷണങ്ങള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നതാണ്. നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും,  ഉദാഹരണമായി, അനാ ലിന്‍ബെര്‍ഗ് എന്ന ഗവേഷക കേരളത്തിലെ കശുവണ്ടി തൊഴിലാളികളെ കുറിച്ചു നടത്തിയ, "Experience and Identity. A Historical Account of Class, Caste and Gender among the Cashew Workers of Kerala' എന്ന ഗവേഷണം. രാഷ്ട്രീയ മുന്‍വിധികളില്ലാത്തതുകൊണ്ടാകാം കേരളത്തിലെ കശുവണ്ടി തൊഴില്‍ എങ്ങനെ ജാതീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടിയത്, കേരളത്തില്‍ ഒരു പുതിയ അറിവായിരുന്നില്ല എന്ന് വാദിക്കാം. പക്ഷെ കേരളത്തിലെ സാഹചര്യത്തില്‍ തൊഴില്‍ വിഭജനം എന്നത് ആദം സ്മിത്തിന്റെ തൊഴില്‍ വിഭജന സിദ്ധാന്തം മാത്രമാണ്, എന്നാല്‍ കേരളത്തില്‍ വര്‍ത്തമാന കാലത്തും കശുവണ്ടി തൊഴില്‍ ജാതീയമായും ലിംഗപരമായും വിഭജിക്കപ്പെട്ടിരിക്കുന്നു എന്നത് ഒരു അക്കാദമിക് ഗവേഷണ വിഷയമാകില്ല, പകരം തൊഴിലാളി സംഘടനകളുടെ ഇടപെടല്‍ മൂലമുണ്ടായ കൂലിവര്‍ധനവിനെക്കുറിച്ചും അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേട്ടങ്ങളെ കുറിച്ചും ആയിരിക്കുമെന്നുമാത്രം. ഗവേഷണ വിഷയത്തെ കക്ഷിരാഷ്ട്രീയവല്‍ക്കരിച്ചതോടെ വലിയൊരു സാമൂഹിക പ്രശ്നം അവഗണിക്കപ്പെട്ടു. എന്തുകൊണ്ട് ഒരു വിദേശ ഗവേഷക ജാതിയെ കണ്ടു, വരുമാനം കണ്ടില്ല എന്ന ചോദ്യം ഉയരാം, വേണമെങ്കില്‍ കേരളത്തിലെ നേട്ടങ്ങളെ അവഗണിക്കാനും ജാതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടുവച്ച് കേരളത്തെ കുറച്ചുകാണിക്കാനും വേണ്ടിയാണ് എന്നൊക്കെ വേണമെങ്കില്‍ അഭിപ്രായം പറയാം. ഇതേ പ്രശ്നം തന്നെ തീരദേശത്തെ കുറിച്ചുള്ള പഠനങ്ങളിലും കാണാം. ഈ മേഖലയിലെ ആധുനികവല്‍ക്കരണം ഉണ്ടാക്കിയ നേട്ടങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ കേരളത്തിലെ സര്‍വകലാശാകളില്‍ നിന്നുണ്ടാകുന്നുണ്ട്, എന്നാല്‍ തീരദേശത്തെ  വികസനം മൂലം കുടിയിറക്കപ്പെടുന്നവരെ കുറിച്ചുള്ള പഠനങ്ങള്‍ തീരെയില്ല എന്നുതന്നെ പറയാം. ശാസ്ത്രമേഖലയില്‍ തീരശോഷണത്തെ കുറിച്ചുള്ള ഒറ്റപ്പെട്ട ചില പഠനങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതുമാത്രമാണ് എടുത്തുപറയാന്‍ കഴിയുന്നത്. 

"മര്‍ദ്ദിതന്റെ ബോധന ശാസ്ത്രം' എന്ന പൗലോ ഫ്രെയര്‍ പുസ്തകം വലിയ രീതിയില്‍ വായിക്കപ്പെട്ട കേരളത്തിലാണ് പണം കൊടുത്ത് അധ്യാപകരാകുന്നവരും രാഷ്ട്രീയ പാര്‍ട്ടികളുടെ നവ ലിബറല്‍ ആശയങ്ങളുടെ പ്രചാരകരുമായ ഒരു വലിയ സമൂഹമുള്ളത്. പ്രതിരോധ ബോധനശാസ്ത്രം എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് ഫ്രെയര്‍ വ്യക്തമാക്കുന്നുണ്ട്. അതായാണ്, ആദ്യമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ ചൂഷണത്തെ തുറന്നു കാട്ടുകയും, തുടര്‍ന്ന് മര്‍ദ്ദിത ജനവിഭാഗത്തിന്റേതായ ഒരു ബോധന ശാസ്ത്രം രൂപപ്പെടുത്തുകയും ക്രമേണ ആ ബോധനശാസ്ത്രം പൊതു ബോധനശാസ്ത്രമാകുകയും ചെയ്യും. എന്നാല്‍ ഇന്ത്യ മഹാരാജ്യത്തെ ഉന്നത  വിദ്യാഭാസം ഇന്നും അധികാരത്തിന്റെ ബോധനശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് തുറന്നുപറയേണ്ടിവരും.  ഈ ലേഖകന്‍ അടക്കമുള്ള അധ്യാപക സമൂഹത്തിന്റെ ഇടപെടലുകള്‍ എല്ലാം നവലിബറല്‍ ആശയങ്ങളെ പിന്തുണക്കുന്നതാണ് എന്ന് തുറന്നു പറയേണ്ടിവരും. 

ആദിവാസി ഭൂസമരം നടന്നപ്പോഴും കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയോടെ ആദിവാസി ഭൂമി ഏറ്റെടുക്കാന്‍ ഇന്ത്യ കണ്ട പ്രഗല്‍ഭനായ പ്രഡിഡന്റ് കെ. ആര്‍. നാരായണനെ അവഹേളിക്കുന്ന തരത്തില്‍ ബില്‍ പാസാക്കിയപ്പോള്‍ കേരളത്തിലെ അക്കാദമിക് സമൂഹം ഇടതു-വലതു രാഷ്ട്രീയത്തോടൊപ്പമായിരുന്നു. കേരളത്തിലെ സര്‍വകലാശാലകള്‍ ഒരു തരത്തില്‍ വരേണ്യബോധത്തോടൊപ്പമായിരുന്നു.  കേരളത്തില്‍ ഭൂപരിഷ്‌കരണം എന്നും ഒരു അക്കാദമിക് ഗവേഷണ വിഷയമല്ല, അതിനുകാരണം വരേണ്യ അക്കാദമിക് സമൂഹം ഭൂപരിഷ്‌കരണം മൂലം കേരത്തിലെ ഭൂരാഹിത്യം പരിഹരിച്ചു എന്ന് പ്രഖ്യാപിച്ചതുകൊണ്ടുകൂടിയാണ്. വരേണ്യ സാമൂഹിക വീക്ഷണത്തിലൂടെ കേരളത്തിലെ ഭൂപരിഷ്‌കരണത്തെ കുറിച്ചുള്ള അക്കാദമിക് നിലപാടുകള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ഒരു വൈരുധ്യമാണ്. കേരത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ഇന്നും കേരളം എന്നാല്‍ സമ്പൂര്‍ണ ഭൂപരിഷകരണം നടപ്പിലാക്കിയ സംസ്ഥാനമായിട്ടാണ് പഠിപ്പിച്ചുപോരുന്നത്. കാരണം കേരളത്തിലെ ഭൂപരിഷ്‌കരണത്തെകുറിച്ച് ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ അക്കാദമിക്  പഠനങ്ങളെല്ലാം നേരത്തെ സൂചിപ്പിച്ച ഒരു വരേണ്യ ഇടതു- വലതു ഗവേഷകരുടേതായതുകൊണ്ടുകൂടിയാണ്.

cumpus
Photo: Muhammed Fasil

രജനി എസ്. ആനന്ദ്  എന്ന ദലിത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയോട്  കേരളത്തിലെ അക്കാദമിക് സമൂഹം സ്വീകരിച്ച നിലപാടുകളും നമ്മുടെ മുന്നിലുണ്ട്. പരിസ്ഥിതി വിഷയങ്ങളിലും ഏറെക്കുറെ ഭരണകൂടത്തോടൊപ്പമാണ് കേരളത്തിലെ അക്കാദമിക് സമൂഹം. ഇതിനുദാഹരണമാണ് അനധികൃത പാറഖനനത്തെകുറിച്ചുള്ള  ഡോ. ടി. എ. സജീവിന്റെ പഠനത്തെ അതിന്റെ ഗൗരവത്തില്‍ കേരളീയ അക്കാദമിക് സമൂഹം പരിഗണിച്ചില്ല എന്നത്. കേരളത്തിലെ സാമൂഹിക മാധ്യമങ്ങളും പത്രങ്ങളും ഏറ്റവും കൂടുതല്‍ പരിഗണിച്ച ഒരു അക്കാദമിക് പഠനവും  ഇതുതന്നെയാകും. എന്‍ഡോസള്‍ഫാന്‍ പ്രശ്നം കേരളത്തിലെ സര്‍വകലാശകളിലെ സാമൂഹികശാസ്ത്ര വിഭാഗം ഇതുവരെ  ഗൗരവമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടില്ല. അതിനുകാരണം ഇടതുപക്ഷം സ്വീകരിച്ച  സങ്കുചിതമായ ശാസ്ത്ര യുക്തിയായിരുന്നു. പിന്നീട് വലിയ തോതിലുള്ള പ്രാദേശിക മുന്നേറ്റങ്ങള്‍ ഉണ്ടായപ്പോഴാണ് ഡി. വൈ.എഫ്.ഐ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നും കേരളത്തിലെ സര്‍വകലാശകളില്‍ എന്‍ഡോസള്‍ഫാന്‍ ഒരു സാമൂഹിക പ്രശ്നമോ ഗവേഷണ വിഷയമോഅല്ല. ചില പത്രങ്ങള്‍ മാത്രമാണ് ഈ വാര്‍ത്തകള്‍ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നത്. 

കീഴാള സമൂഹത്തെ കുറിച്ചുള്ള ഗൗരവകരമായ ഒരു പഠനകേന്ദ്രം കേരളത്തില്‍ എന്തുകൊണ്ട് ഇല്ല എന്നത് പരിഗണിക്കേണ്ട വിഷയമാണ്. കീഴാള പഠനമെന്നാല്‍ കേരത്തില്‍ സ്വത്വരാഷ്ട്രീയ പഠനം മാത്രമാണ്.  സ്വത്വരാഷ്ട്രീയത്തെകുറിച്ചുള്ള സങ്കുചിതമായ ഒരു ഇടതുവായന കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരന്‍ നിലനില്‍ക്കുന്നത് വിവിധങ്ങളായ അവകാശങ്ങളുടെ പിന്‍ബലത്തിലാണ്. അതുകൊണ്ടു തന്നെ ഭരണകൂടവും വ്യവസ്ഥിതിയും വ്യക്തികളുടെ അവകാശങ്ങള്‍ക്കുമേല്‍ നടത്തുന്ന ഏതൊരു ഇടപെടലിനെതിരെയും ആ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധമുണ്ടാകും. അതുതന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യേകതയും. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം സംവരണം അട്ടിമറിക്കപ്പെടുന്നത് ഒരു സ്വത്വ രാഷ്ട്രീയ പ്രശ്നം കൂടിയാണ്. കാരണം സംവരണം എന്നത് ഭരണഘടന പിന്നാക്ക വിഭാഗത്തിന് നല്‍കുന്ന ഉറപ്പാണ്. ഈ അവകാശം അട്ടിമറിക്കുമ്പോള്‍ പൗരസമൂഹം ഒന്നാകെ പ്രതികരിക്കില്ല, പകരം അതാത് അവകാശം അനുഭവിക്കിക്കേണ്ട സമൂഹം മാത്രമേ പ്രതികരിക്കുകയുള്ളു. അതുതന്നെയാണ് സ്വത്വവാദത്തിന്റെ വര്‍ത്തമാനകാല വ്യാഖ്യാനവും. ഈ ചരിത്ര പാശ്ചാത്തലത്തിലാണ് 'ബ്ലാക്ക് മാര്‍ക്സിസം' പോലെയുള്ള പുസ്തകങ്ങള്‍ രചിക്കപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ചരിത്ര ബോധത്തില്‍ നിന്നാണ്, അല്ലാതെ മാര്‍ക്സിന്റെ രചനകളെ സാങ്കേതികാര്‍ത്ഥത്തില്‍ വായിച്ചതുകൊണ്ടല്ല. കേരളത്തില്‍ ഒരു കീഴാള അക്കാദമിക- സാമൂഹിക പരിപ്രേഷ്യം ഇല്ല എന്ന എം. കുഞ്ഞാമന്റെ അഭിപ്രയം ഇതിനോട് ചേര്‍ത്തുവായിക്കണം. 

സര്‍വകാലശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ എന്നത് നിയമനത്തിലെ സ്വജനപക്ഷപാതം മാത്രമല്ല പകരം ബോധനരീതിശാസ്ത്രത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതും കൂടിയാണ് എന്ന വസ്തുത കൂടി ഗൗരവമായി കാണണം. 
​​​​​​​എസ്. മുഹമ്മദ് ഇര്‍ഷാദ്.
അസിസ്റ്റന്റ് പ്രൊഫസര്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ. 


​​​​​​​TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍ 

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM