Sunday, 25 September 2022

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീന്‍, പാക്കറ്റ് 61 - കവര്‍
Text Formatted

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ ​​​​​​​ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


ഈ നിയമങ്ങളോളം അപകടകരം പൊതുസമൂഹത്തിന്റെ നിസ്സംഗമായ സമ്മിതി

ത പരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാമൂഹിക- രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമായിരുന്നു ഷാഹീന്‍ അകേലിന്റേത് (പാക്കറ്റ് 61). "ഹൈന്ദവം' എന്ന ഒരൊറ്റ ഭൂരിപക്ഷ സത്തയിലേക്ക്, ബഹുസ്വര ഇന്ത്യയിലെ മറ്റെല്ലാ മതസംഹിതകളെയും ചേര്‍ത്തുകെട്ടാനുള്ള ഹിന്ദുത്വ പദ്ധതിയുടെ ആസൂത്രിതമായ ഒരു അജണ്ടയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഈ നിയമത്തിലൂടെ നടപ്പാക്കപ്പെടുന്നത്. എന്നാല്‍, ഇതിനെതിരെ, ന്യൂനപക്ഷക്കാരടക്കമുള്ളവരുടെ ഭാഗത്തുനിന്ന് വലിയ ഉല്‍ക്കണ്ഠകള്‍ പ്രകടിപ്പിക്കപ്പെടുന്നില്ല എന്നത് ആശങ്കാജനകമാണ്. അത് ഈ രാഷ്ട്രീയ തന്ത്രത്തിന്റെ വേഗം കൂട്ടുകയും ചെയ്യുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരിലാണ് യു.പിയിലും കര്‍ണാടകയിലുമൊക്കെ ഈ നിയമം കൊണ്ടുവരുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യം വച്ച് ഹിന്ദുത്വ സംഘടനകളുടെ ആക്രമണം തന്നെ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന റാക്കറ്റുകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് കര്‍ണാടകയില്‍ പള്ളികളിലെ പ്രാര്‍ഥനാലയങ്ങളിലേക്ക് അതിക്രമിച്ചുകയറിയുള്ള അതിക്രമങ്ങള്‍ വ്യാപകമാകുകയാണ്. ബി.ജെ.പി ഭരണത്തിന്റെ തണലിലാണ് യു.പിയിലും ഹിമാചല്‍ പ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലുമൊക്കെ ഈ നിയമം കൊണ്ടുവന്നത്. മതം മാറാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷയും പിഴയുമടക്കമാണ് പുതിയ നിയമങ്ങള്‍ വരുന്നത്. പണം, സൗജന്യ വിദ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള മതം മാറ്റവും ശിക്ഷാപരിധിയില്‍ വരുന്നു. 

വര്‍ഷങ്ങളായി തുടരുന്ന സംഘ്പരിവാര്‍ ആക്രമണങ്ങളുടെ ഒരു "ഫലശ്രുതി'യെന്നോണമാണ് ഇപ്പോള്‍ ഈ നിയമം വരുന്നത് എന്നതും ശ്രദ്ധിക്കണം. അതായത്, രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന വ്യാജപ്രതീതിയുണ്ടാക്കി, ഒടുവില്‍ അതിനെതിരെ നിയമം കൊണ്ടുവന്ന് പൊതുസമ്മതി നേടിയെടുക്കുക. അത് സംഘ്പരിവാര്‍ ഭംഗിയായി സാധിച്ചെടുത്തിരിക്കുന്നു.

ലവ് ജിഹാദ് എന്ന ഇല്ലാക്കഥ സൃഷ്ടിച്ചാണ് യു.പിയില്‍ മത പരിവര്‍ത്ത നിരോധന നിയമം കൊണ്ടുവന്നത്. മതം മാറുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതിന് രണ്ടു മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റില്‍നിന്ന് അനുവാദം വാങ്ങുന്നതടക്കമുള്ള വ്യവസ്ഥകള്‍ നിയമവിദഗ്ധരടക്കമുള്ളവരുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയതാണ്. മുസ്‌ലിം യുവാക്കളും ഹിന്ദു യുവതികളുമായുള്ള പ്രണയവിവാഹം തടയുകയാണ് യു.പിയിലെ നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്ന് വ്യക്തവുമാണ്. 

akel
2021 ഡിസംബറില്‍ കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി. സര്‍ക്കാര്‍ പാസാക്കിയ Right to Freedom of Religion Bill, അഥവാ മതപരിവര്‍ത്തന നിരോധന ബില്ലിനെതിരെ ബംഗളുരുവില്‍ നടന്ന പ്രതിഷേധം. /Photo: Newsclick.in

ആസാമിലാകട്ടെ, വിവാഹ നിയമങ്ങളില്‍ പോലും പിന്തിരിപ്പന്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. വിവാഹത്തിന് വധുവിന്റെയും വരന്റെയും മതവും വരുമാനവും നിര്‍ബന്ധമായി രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. 

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് തെരഞ്ഞെടുക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനം കൂടിയാണ് ഈ നിയമങ്ങള്‍. അതും ചില പ്രത്യേക മതങ്ങള്‍ക്കുമാത്രമേ ഈ വിലക്കുള്ളൂ. ഹിന്ദുമതത്തിലേക്കുള്ള മാറ്റങ്ങളെ, അത് ഭീഷണിയുടെയോ ബലപ്രയോഗങ്ങളുടെയോ വാഗ്ദാനങ്ങളുടെയോ പേരിലാണെങ്കില്‍ പോലും മതം മാറ്റ പരിധിയില്‍ വരാറില്ല. മാത്രമല്ല, ഹിന്ദുമതത്തിലേക്കുള്ള മാറ്റങ്ങളെ സംഘ്പരിവാര്‍ ആഘോഷിക്കാറുമുണ്ട്. മതപരിവര്‍ത്തനം, ദേശീയ സ്വാതന്ത്ര്യ സമരകാലത്തുതന്നെ ചൂടേറിയ സംവാദ വിഷയമായിരുന്നു. ഹിന്ദു ദേശീയവാദികള്‍ ഇതിനെ രാഷ്ട്രീയായുധമായും പ്രയോഗിച്ചിരുന്നു. എന്നാല്‍, മനുഷ്യവകാശങ്ങളെക്കുറിച്ചുള്ള ബോധം വിപുലമായതോടെ മതവിശ്വാസം എന്നത് മതം മാറാനുള്ള അവകാശം കൂടിയാണെന്ന്, മനുഷ്യാവകാശ പ്രഖ്യാപനം അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരവും മാനവികവുമായ ഇത്തരം അവബോധങ്ങള്‍ കൂടുതല്‍ വിപുലമായി വരുന്ന ഒരു കാലഘട്ടത്തിലാണ് ഇവിടെ, "ഏകസംസ്‌കാര'ത്തിലേക്ക് മനുഷ്യരെ ചുരുക്കാനുള്ള ഗൂഢപദ്ധതി, ഔദ്യോഗിക നിയമങ്ങളുടെ തന്നെ പിന്‍ബലത്തില്‍ ഭരണകൂടങ്ങള്‍ കൊണ്ടുവരുന്നത്. ഇവയോടുള്ള പൊതുസമൂഹത്തിന്റെ നിസ്സംഗമായ സമ്മിതി, ഈ നിയമങ്ങളോളം അപകടകരമാണ്.
ഏഞ്ചല്‍ അഗസ്റ്റിന്‍
നിരവില്‍പുഴ, വയനാട്


കാസര്‍കോടും കെ റെയിലും തമ്മിലെന്ത്?

കാസര്‍കോടിനുവേണ്ടിയുള്ള ഇ. ഉണ്ണികൃഷ്ണന്റെ എഴുത്ത്, കെ റെയിലുമായി ബന്ധപ്പെട്ട് പൊതുശ്രദ്ധയില്‍ വരാത്ത ഒരു വിഷയമാണ്. (പാക്കറ്റ് 61). കേരളത്തെ പോലൊരു പ്രദേശത്ത്, പ്രാദേശികമായ വികസനം എന്നത് അവഗണിക്കപ്പെടുകയും അധികാരത്തിന്റെ കേന്ദ്രീകരണം സുഗമമാക്കുംവിധം അടിസ്ഥാന സൗകര്യ വികസനമടക്കം നടപ്പാക്കുകയും ചെയ്യുന്ന ഒരുതരം ആധിപത്യപരമായ "ഡവലപ്‌മെന്റല്‍ പൊളിറ്റിക്‌സ്' കൂടി കെ റെയിലിന്റെ കാര്യത്തില്‍ സംഭവിക്കുന്നുണ്ട്.

E-unnikrishnan
ഇ.ഉണ്ണികൃഷ്ണന്‍

ഡി.പി.ആര്‍ പരിശോധിച്ചാലറിയാം, ഊഹക്കച്ചവടത്തിലധിഷ്ഠിതമായ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് വന്‍തോതില്‍ കുതിപ്പ് നല്‍കുന്നതാണ് കെ റെയില്‍ പദ്ധതി. സമീപകാലത്ത് സംസ്ഥാനം ഭരിച്ച യു.ഡി.എഫിന്റെ കാലത്ത് ശക്തിപ്പെട്ടതും പിന്നീടുവന്ന എല്‍.ഡി.എഫിനെ കാലത്ത് അതേ പ്രാബല്യത്തോടെ നിലനിന്നുവരുന്നതുമായ, ഭൂമി അടക്കമുള്ള വിഭവങ്ങളെ ചൂഷണം ചെയ്ത് നിലനില്‍ക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ ഒരു വസന്തകാലമാണ് കെ റെയിലിലൂടെ സംഭവിക്കാന്‍ പോകുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ ഒരു ആംഗിളില്‍ പരിശോധിക്കുമ്പോള്‍, കേരളത്തിലെ ചെറു നഗരങ്ങളുടെ "വികസന'വും തല്‍ഫലമായി സാധ്യമാകുന്ന വന്‍ വിഭവ- മനുഷ്യ ചൂഷണവും കെ റെയിലിന്റെ മറുപുറമാണ്. ഇതുമായി ചേര്‍ത്തുവച്ചുവേണം കാസര്‍കോടും കെ റെയിലും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍. കാസര്‍കോട്ടെ ഒരു സാധാരണ മനുഷ്യനെ നാലുമണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് എത്തിക്കുന്നത് എന്തിനാണ്. വിദഗ്ധ ചികിത്സക്ക്, സെക്രട്ടേറിയേറ്റില്‍ ചെന്ന് എന്തെങ്കിലും കാര്യം നടത്തിയെടുക്കാന്‍, തങ്ങളെ ഭരിക്കുന്ന അധികാരികളെ നേരിട്ടുകാണാന്‍, അവര്‍ക്കെതിരെ സമരം ചെയ്യാന്‍... അങ്ങനെ പലതരം ആവശ്യങ്ങള്‍ക്ക്. കാസര്‍കോടിനുവേണ്ടി, കണ്ണൂരിനും മലപ്പുറത്തിനും വയനാടിനുമൊക്കെ വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വികേന്ദ്രീകരിക്കുകയല്ലേ അഭികാമ്യം? കുട്ടനാടിനെപ്പോലെ കാസര്‍കോടിനും ഒരു പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവല്ലോ?. അതിന്റെ നടത്തിപ്പ് പ്രതീക്ഷിത വേഗത്തില്‍ മുന്നേറാത്തത് എന്തുകൊണ്ടാണ്? മലയോര മേഖലയിലെ വന്‍കിട റോഡുകളും തീരദേശ ഹൈവേയും കാഞ്ഞങ്ങാട്ടെ ആകാശപാതയുമെല്ലാം വലിയ ഉറപ്പുകളായിരുന്നുവല്ലോ? ബദിയടുക്കയില്‍ തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ കാര്യമോ? കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍, കര്‍ണാടക അതിര്‍ത്തിയടച്ചപ്പോള്‍ കാസര്‍കോട്ടുകാര്‍ക്കാണ് ശ്വാസം മുട്ടിയത്. 20ഓളം രോഗികളാണ് ആ സമയത്ത് ശരിയായ ചികിത്സ കിട്ടാതെ മരിച്ചത്. രണ്ടാം തരംഗത്തില്‍, വെന്റിലേഷന്‍ സൗകര്യമുള്ള ആശുപത്രികളുടെ കുറവാണ് ജില്ലയെ വീര്‍പ്പമുട്ടിച്ചത്. വെന്റിലേഷന്‍ സൗകര്യം വേണ്ടവര്‍ മംഗളൂരുവിലേക്ക് പോകേണ്ട സ്ഥിതിയാണ്. രോഗികളെ അവിടേക്ക് റഫര്‍ ചെയ്യുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍ തുക കമീഷനും കിട്ടും. ജില്ലക്കുവേണ്ടിയുള്ള ഓക്‌സിജന്‍ പ്ലാന്റിന്റെ നടപടി എവിടെയെത്തി? ആര്‍ക്കറിയാം?.

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നം മറ്റൊന്നാണ്. ഇവര്‍ക്ക്  മംഗലാപുരം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ മെഡിക്കല്‍ കോളേജുകളാണ് ആശ്രയം.  ന്യൂറോളജിസ്റ്റിനുവേണ്ടി ഇവര്‍ എത്ര കാലമായി കരയുന്നു. ഒരു ന്യൂറോളജിസ്റ്റിനെ കാസര്‍കോട് നിയമിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നത്? ഇങ്ങനെ എത്രയോ അടിസ്ഥാന പ്രശ്‌നങ്ങളുണ്ട് ജില്ലക്ക്. കാസര്‍കോടിനെ നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിക്കാന്‍ മെനക്കെടുന്ന സര്‍ക്കാറിന്റെ കണ്ണില്‍ ഇതെല്ലാം പെടുന്നത് എന്നാണ്?
സുധീഷ്‌കുമാര്‍ പി.
ഉദുമ, കാസര്‍കോട്


സമര സമിതി പറയുന്നത് രാഷ്ട്രീയമോ അരാഷ്ട്രീയമോ

കെ റെയിലിനെതിരെ ഒരു സമര സമിതി എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് എസ്. രാജീവന്‍ വിശദീകരിച്ചത് വായിച്ചു. (പാക്കറ്റ് 61). സമരസമിതിയുടെ ഇടപെടലിലൂടെ, പ്രതിഷേധത്തിന് ഒരു വിസിബിലിറ്റയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം. എന്നാല്‍, "സ്വന്തം കാര്യം മാത്രം നോക്കി അടുക്കളയിലും വീട്ടിലും മാത്രം കഴിഞ്ഞിരുന്ന പല സ്ത്രീകളും ഇന്ന് വലിയൊരു സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമായ, ആക്റ്റിവിസ്റ്റുകളായി മാറിയിരിക്കുകയാണ്' എന്നതിന്റെ "പിതൃത്വം' ഏറ്റെടുക്കാനുള്ള ശ്രമം വിലകുറഞ്ഞ ഒന്നാണ്. കാരണം, ഈ സമിതിക്കുമുമ്പും ഇവിടെ ഇത്തരം സമരങ്ങളുണ്ടായിരുന്നു, ഭൂമിക്കും കുടിവെള്ളത്തിനും കുടിയിറക്കിനുമെല്ലാം എതിരെ ഇതേ സ്ത്രീകളടക്കമുള്ളവരാണ് തെരുവിലേക്കുവന്നത്.

K-rail-virudha-march

എന്നാല്‍, മണ്ണില്‍നിന്നുയര്‍ന്നുവരുന്ന സ്വഭാവികമായ പ്രതിഷേധരൂപങ്ങളെ അട്ടിമറിക്കാനും അരാഷ്ട്രീയവല്‍ക്കരിക്കാനും ഇത്തരം സമിതികള്‍ തന്നെയാണ് മുന്നില്‍ നിന്നത് എന്ന ചരിത്രവും കേരളം കണ്ടിട്ടുള്ളതാണ്. തദ്ദേശീയ ജനത ഉയര്‍ത്തുന്ന സമരങ്ങളില്‍ ഇടപെട്ട്, അവയെ ഹൈജാക്ക് ചെയ്യുന്ന ആക്റ്റിവിസ്റ്റുകളുടെ കൂട്ടങ്ങള്‍ തന്നെ കേരളത്തില്‍ ഇന്ന് സജീവമായുണ്ട്. ഈ വെട്ടുകിളികളെ ഒന്നുകില്‍ തിരിച്ചറിയാനുള്ള രാഷ്ട്രീയശേഷി എസ്. രാജീവനെപ്പോലുള്ളവര്‍ക്ക് ഇല്ല, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത് എന്ന് പറയേണ്ടിവരും. ഒരു സമരത്തോളം തന്നെ പ്രധാനപ്പെട്ടതാണ്, സമരം ചെയ്യുന്നവരുടെ രാഷ്ട്രീയവും. കെ റെയിലിനെതിരായ സമരത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം അണിചേരുന്നത് എന്ത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഈ സമിതി ആലോചിച്ചിട്ടുണ്ടോ? അത് രാജീവന്‍ പറയുന്നതുപോലെ, "കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു സമരം എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ട്' അല്ല. കെ റെയില്‍ പോലുള്ള വന്‍കിട ജനവിരുദ്ധ വികസന പദ്ധതികളുടെ നടത്തിപ്പുകാരാണ് കോണ്‍ഗ്രസും ബി.ജെ.പിയും. അവര്‍ക്ക് ഇത്തരം പദ്ധതികളോട് താത്വികമോ രാഷ്ട്രീയമോ ആയ ഒരെതിര്‍പ്പുമില്ല. എതിര്‍പ്പുള്ളത് ഇടതുപക്ഷത്തോടുമാത്രം. ഇടതുപക്ഷം കെ റെയില്‍ നടപ്പാക്കരുത് എന്നതുമാത്രമാണ് അവരുടെ പ്രശ്‌നം. അല്ലാതെ, കേരളത്തിന്റെ പരിസ്ഥിതിയോ കുടിയിറക്കപ്പെടുന്നവരോ അവര്‍ക്ക് വിഷയമല്ല. എസ്.യു.സി.ഐയെപ്പോലൊരു സമരനേതൃത്വം, ജനകീയ സമരങ്ങള്‍ക്ക് നല്‍കിയ സംഭാവനകളുടെ സ്മാരകസ്തൂപങ്ങള്‍ കേരളത്തിലെമ്പാടും കാടുപിടിച്ചുകിടക്കുന്നുണ്ട് എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
എന്‍.വി. ഉസ്മാന്‍
തിരൂര്‍, മലപ്പുറം


കൊണ്ടിട്ടും പഠിക്കാത്ത ഇന്ത്യന്‍ ചര്‍ച്ച്

ഡോ. ജോ ജോസഫ് എഴുതിയ, ലാറ്റിനമേരിക്കയിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ (പാക്കറ്റ് 61) കാലിക പ്രസക്തിയുള്ളതാണ്. ഇടതുപക്ഷവും ലാറ്റിനമേരിക്കന്‍ ക്രിസ്ത്യാനിറ്റിയും തമ്മിലുള്ള വിനിമയങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ കാലം മുതല്‍ കാത്തലിക് ചര്‍ച്ചിന് ലാറ്റിനമേരിക്കയില്‍ സ്വാധീനമുണ്ട്. എന്നാല്‍, സമീപകാലത്ത്, ഈ ചര്‍ച്ചിന് പിന്തുണ കുറയുകയാണിവിടെ. 1960കള്‍ വരെ ലാറ്റിനമേരിക്കയിലെ 90 ശതമാനവും കത്തോലിക്കരായിരുന്നു. എന്നാല്‍, 2014ല്‍ ഇത് 69 ശതമാനമായി കുറഞ്ഞു, ഇത് 2018ലെത്തിയപ്പോള്‍ 59 ശതമാനമായി. പെറു, അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ പ്രവണത ശക്തമാണ്. കഴിഞ്ഞ ഒരു തലമുറയിലാണ്, കാത്തലിക് ചര്‍ച്ചിനോടുള്ള വിമുഖത ശക്തമായത്. അതിനുകാരണം, പാര്‍ശ്വവല്‍കൃതരോടും ഇടതുപക്ഷത്തോടും അനുഭാവം പുലര്‍ത്തുന്ന നവ ക്രൈസ്തവ മുന്നേറ്റങ്ങളാണ്. ലാറ്റിനമേരിക്കയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷവും മുഖ്യധാരാ- ഭരണകൂട രാഷ്ട്രീയത്തില്‍ നേടിയെടുക്കുന്ന ജനപിന്തുണ ഇത്തരം നവ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് വളമേകുന്നുണ്ട്.

Photo : Unsplash.com
Photo : Unsplash.com

2012ല്‍ പരാഗ്വേയില്‍ ഫെര്‍ണാഡോ ലുഗോക്ക് അധികാരം നഷ്ടമായതോടെയാണ് വലതുപക്ഷത്തിന് പിടി അയഞ്ഞുതുടങ്ങിയത്. 2018ല്‍ മെക്‌സിക്കോയലും അടുത്ത വര്‍ഷം പനാമയിലുമെല്ലാം ഇടതുപക്ഷക്കാര്‍ അധികാരത്തിലെത്തി. ഇവിടങ്ങളിലെല്ലാം നവ ലിബറല്‍ നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ സമരരംഗത്തുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ സമരങ്ങളില്‍ പുത്തന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെയും സാന്നിധ്യവുമുണ്ടായിരുന്നു. പാശ്ചാത്യ ക്രൈസ്തവ സഭകളുടെ മനുഷ്യത്വവിരുദ്ധവും സ്ഥാപനവല്‍കൃതവുമായ ആധിപത്യങ്ങളെ ചെറുത്തുനില്‍ക്കാനും മനുഷ്യപക്ഷത്തുനിന്നുകൊണ്ടുള്ള പുതിയൊരു ദൈവശാസ്ത്രം രൂപപ്പെടുത്താനും ഇവര്‍ക്കു കഴിയുന്നു. എന്നാല്‍, ഇന്ത്യയില്‍ സംഭവിക്കുന്നത് എന്താണ്? വിവിധ മത വിശ്വാസങ്ങള്‍ക്കുനേരെ ഭൂരിപക്ഷ മതം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തോട് ചങ്ങാത്തത്തിലാണ് ക്രിസ്ത്യന്‍ സഭകള്‍. പള്ളികള്‍ക്കും സുവിശേഷകര്‍ക്കുമെതിരായി ആക്രമണം നടത്തുന്ന, മത പരിവര്‍ത്തന നിരോധന നിയമത്തിലൂടെ, വിശ്വാസങ്ങള്‍ക്ക് വിലങ്ങിടുന്ന ഒരു രാഷ്ട്രീയത്തെ തന്നെ പുല്‍കുന്നതിന്റെ പുറകില്‍ എന്തായിരിക്കാം? അത് അധികാരത്തോടുള്ള വിലപേശല്‍ താല്‍പര്യമല്ലാതെ ഒന്നുമല്ല.
ഷീന എലിസബത്ത്
മേലുകാവുമറ്റം, കോട്ടയം


കെ റെയില്‍ വിവാദമാകുന്നതിനുപിന്നിലുണ്ട്, പ്രസാദ് മാഷെപ്പോലുള്ളവരുടെ അസാന്നിധ്യം

ന്തരിച്ച എം.കെ. പ്രസാദിനെക്കുറിച്ചുള്ള രണ്ട് അനുസ്മരണങ്ങള്‍, ആ മനുഷ്യന്റെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള സാര്‍ഥകമായ ഓര്‍മക്കുറിപ്പുകളായി. ടി.പി. കുഞ്ഞിക്കണ്ണന്‍ എഴുതുന്നതുപോലെ, പ്രസാദ് മാഷ് ഉണ്ടാകേണ്ടിയിരുന്ന ഒരു കാലമാണിത്. കെ റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടകരമാണ് എന്ന അഭിപ്രായം രേഖപ്പെടുത്തിയാണ് അദ്ദേഹം പോയത്. ആ പ്രസ്താവനയിലെ ആദ്യ ഒപ്പുകാരന്‍ അദ്ദേഹമാണ്, അത് ആ ജീവിതത്തിന്റെ സ്വഭാവികതയുമായിരുന്നു. പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരെ പരിഹസിക്കുന്ന ഒരുതരം രാഷ്ട്രീയ തീവ്രവാദം നിലനില്‍ക്കുന്ന ഇടമാണ് കേരളം. പ്രച്ഛന്ന ഇടതുപക്ഷത്തുള്ള ഒരു സംഘമാണ് എന്നും ഇതിനുപിന്നിലുണ്ടായിരുന്നത്. സൈലന്റ് വാലിയുടെ കാലം മുതല്‍ക്കേ ഇവര്‍ അരങ്ങുവാഴുന്നുണ്ട്. എന്നാല്‍, പരിസ്ഥിതിവാദത്തെ ഒരു കാല്‍പനിക യുക്തിയിലേക്ക് ഒതുക്കാതെയും അതിന്റെ ശാസ്ത്രീയ യുക്തിയെ അനിഷേധ്യമാം വണ്ണം ഉയര്‍ത്തിപ്പിടിച്ചും പ്രസാദ് മാഷ് നടത്തിയ ഇടപെടലുകള്‍ ഈ രാഷ്ട്രീയ തീവ്രവാദത്തിന്റെ മുനയൊടിച്ചുകളഞ്ഞു എന്നു പറയാം.

k rail
ഡോ. എം.കെ. പ്രസാദ്

സൈലന്റ് വാലി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ലേഖനം, മിത്രങ്ങളേക്കാള്‍ ശത്രുക്കളെയാണുണ്ടാക്കിയത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തുപോലും ഒരുവേള സന്ദേഹത്തോടെയാണ് ആ വാദങ്ങളെ കണ്ടത്. ഈ ലേഖനമാണ്, സൈലന്റ് വാലിയുമായി ബന്ധപ്പെട്ട ഒരു മൂവ്‌മെന്റിനുതന്നെ തുടക്കം കുറിക്കാന്‍ സഹായിച്ചത്. ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ ആ സമരം വിജയിച്ചപ്പോള്‍, കേരളത്തില്‍ പാരിസ്ഥിതികമായ ഒരു നവോത്ഥാനത്തിനാണ് തുടക്കമിട്ടതെന്നുപറയാം. പിന്നീട്, ഒരു പദ്ധതിയും ഏകപക്ഷീയമായി നടപ്പാക്കാന്‍ കഴിയാത്തവിധം പാരിസ്ഥിതിക സാക്ഷരതയുടെ തുറവിയാണ് സാധ്യമായത്. ഇന്ന്, കെ റെയില്‍ ആരോഗ്യകരമായ ചര്‍ച്ചയാകുന്നതിനുപകരം വിദ്വേഷവും അശാസ്ത്രീയതയും ജനവിരുദ്ധ രാഷ്ട്രീയവും സമ്മേളിക്കുന്ന വിവാദമായി മാറുന്നതിനുപുറകില്‍, പ്രസാദ് മാഷെപ്പോലുള്ളവരുടെ അസാന്നിധ്യം പ്രകടമാണ്.
എ.വി. അജയഘോഷ്
വൈപ്പിന്‍


പീഡനകാലത്തെ കവിതകള്‍

വെബ്‌സീനില്‍ വന്ന രണ്ടു കവിതകള്‍; മൂന്ന് പീഡന കഥകള്‍ - ജാലിഷ ഉസ്മാന്‍, എ എന്ന കന്യാസ്ത്രീ- സാജോ പനയംകോട്; ഏറ്റവും പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന രചനകളാണ്. കാഴ്ചകളെയും ബോധത്തെയും മൂര്‍ച്ചയോടെ മറിച്ചിടുകയാണ് ജാലിഷ. ഫ്രാങ്കോ കേസ് വിധിയില്‍ വരെ സംഭവിക്കുന്ന "ന്യായ'ങ്ങളുടെ കൃത്യമായ ഒരു വിശദീകരണം. റേപ്പില്‍ പരസ്പര സമ്മതം കണ്ടെത്തുന്ന നീതിന്യായം, രക്ഷപ്പെടാമായിരുന്നില്ലേ എന്ന് അതിജീവിതയോട് ചോദിക്കുന്ന കോടതി, പ്രതിയുടെയും കുടുംബത്തിന്റെയും സൗഖ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്ന മാധ്യമം - എല്ലാം ഓര്‍മിപ്പിക്കുന്ന വേദനിപ്പിക്കുന്ന വരികള്‍.

poetry
ജാലിഷ ഉസ്​മാൻ, സാജോ പനയംകോട്​

വിശ്വാസങ്ങളുടെ പലതരം പീഡനങ്ങളെക്കുറിച്ചും സഹനങ്ങളെക്കുറിച്ചും പൊട്ടിത്തെറികളെക്കുറിച്ചുമാണ് സാജോ എഴുതുന്നത്. അത് ജീസസ് മുതല്‍ മഗ്ദലന വരെ നീളുന്നതാണ്. "ആര്‍ത്തവം നനച്ചതും വറ്റിയതുമായ അടിവസ്ത്രങ്ങളുടെ അയ മുറുക്കിയ നൊവേന' എന്ന വരിയില്‍ ഒരു വിശ്വാസ ജീവിതത്തിന്റെ സകല ദുരന്തസത്തയും ഉറഞ്ഞുകൂടിയിരിക്കുന്നു.
ജസീന എം.ജെ
പോണ്ടിച്ചേരി


ദുരവസ്ഥയുടെ ചാപ്ലിന്‍ ചിത്രങ്ങള്‍

"ടപ്പടവുകള്‍' എന്ന കെ. രാമചന്ദ്രന്റെ പരമ്പര ഏറെ താല്‍പര്യത്തോടെ വായിക്കുന്നു. കാലത്തെ അതിജീവിച്ച ഒരു കലാകാരന്റെയും അദ്ദേഹത്തിന്റെ സൃഷ്ടികളുടെയും സമകാലിക വായനക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. കാരണം, ലോക സിനിമയിലെ ഒരു പ്രധാന ധാര, ചാപ്ലിന്‍ കൊളുത്തിവിട്ട രാഷ്ട്രീയാഖ്യാനങ്ങളുടെ പൈതൃകം വീണ്ടെടുക്കുന്ന കാലം കൂടിയാണിത്. മുഖ്യധാരാ സിനിമകളോട് കലഹിച്ച് വന്ന മൂന്നാം ലോക സിനിമ, തമസ്‌കരിക്കപ്പെട്ട ഒട്ടേറെ പ്രതിനിധാനങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. അത് കൊറിയയില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും ഇറാനില്‍നിന്നുമെല്ലാം വന്നുകൊണ്ടിരിക്കുന്നു. ചാര്‍ലി ചാപ്ലിന്റെ ഒരു തുടര്‍ച്ചയിലേക്കുള്ള രാഷ്ട്രീയമായ പരിണാമമാണ് സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഒരുതരം അതിരുകടന്ന ശുഭാപ്തിയോടെ പറയാം. അവ ഒരുപക്ഷേ, ഓസ്‌കാര്‍ നേടിയ കൊറിയന്‍ സിനിമ "പാരസൈറ്റ്' പോലെ അവിദഗ്ധമായി ഉണ്ടാക്കപ്പെട്ടതായിരിക്കാം. എങ്കിലും, ലോക സിനിമയുടെ കാഴ്ചകള്‍ക്ക് അവ ഒരു തിരുത്ത് സമ്മാനിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് പ്രധാനമാണ്.

ramachandran
കെ. രാമചന്ദ്രൻ

വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ട ആസ്‌ത്രേലിയന്‍ ചിത്രമായ സ്വീറ്റ് കണ്‍ട്രി ഓര്‍മ വരുന്നു. കറുത്തവരെ അടിമകളാക്കുന്ന വെളുത്തവരുടെ കോളനിവല്‍ക്കരണമാണ് ഈ സിനിമയുടെ പ്രമേയം. ഒരു ജനത അവരുടെ ജീവിതം കൊണ്ടും സംസ്‌കാരം കൊണ്ടും ദേശം കൊണ്ടും നടത്തുന്ന പോരാട്ടം. നീതിയെക്കുറിച്ചുള്ള കൊടും പരിഹാസം കറുത്ത ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന സിനിമ. അതേ, മൂന്നാം ലോകം ഇന്ന് ഏറെ കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്, മനുഷ്യന്റെ ദുരവസ്ഥയുടെ എക്കാലത്തെയും കലാകാരനോട്.
മിലന്‍ ജോഷി,
ചെന്നൈ


കഴിഞ്ഞ കോവിഡുകാലങ്ങള്‍ കേരളം എത്ര വേഗം മറക്കുന്നു!

മൈക്രോണിന്റെ കാലത്ത്, കേരളം എങ്ങനെ ജീവിക്കണം എന്ന് വ്യക്തമായി പറഞ്ഞുതരുന്നുണ്ട് ഡോ. ഷമീര്‍ വി.കെ (പാക്കറ്റ് 61). മൂന്നാം തരംഗത്തില്‍, അപകട മുനമ്പിലുള്ളത് ആരോഗ്യപ്രവര്‍ത്തകരാണ്. ഒരു നഴ്‌സിന് ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. ആശുപത്രികള്‍ തന്നെ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നു. രാപകല്‍, വിശ്രമമില്ലാതെ നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ളവര്‍ പണിയെടുത്തതിന്റെ ഫലമാണ് കേരളം ആദ്യ രണ്ടു തരംഗങ്ങള്‍ അതിജീവിച്ചത്. ഇപ്പോഴിതാ, അത്തരമൊരു സമര്‍പ്പണത്തിന്റെ ഘട്ടമാണെന്ന് ഡോ. ഷമീര്‍ ഓര്‍മിപ്പിക്കുന്നു.

q-and-a.
ഡോ. ഷമീർ വി.കെ

എന്നാല്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാത്രം മതിയോ ഈ സമര്‍പ്പണം? നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആരാധനാലയങ്ങളുമെല്ലാം അടങ്ങുന്ന പൊതുസമൂഹം എത്ര ലാഘവത്തോടെയാണ് ഈ ഗുരുതരാവസ്ഥയെ അവഗണിച്ചുതള്ളുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ സാധ്യമല്ലാത്ത ഒരവസ്ഥയില്‍, സ്വയം നിയന്ത്രണമാണ് ആരോഗ്യകരമായ ഒരു സമൂഹം പാലിക്കേണ്ടത്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രത്യേകിച്ച്, സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടി, അതിന്റെ സമ്മേളനങ്ങള്‍ എത്ര ലാഘവത്തോടെയാണ് കൊണ്ടാടുന്നത്. ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും തിമിര്‍ക്കുന്നു. നിയന്ത്രണങ്ങളെ വിമര്‍ശിക്കുന്നവര്‍ തന്നെ അനുകൂലാവസ്ഥകളെ മുതലെടുക്കുന്നു. ആരോഗ്യകരമായ ജാഗ്രതക്കൊപ്പം സാമൂഹികമായ ജാഗ്രത വേണ്ട ഒരു മഹാമാരിയാണിത്. അത് മൂന്നാം തരംഗത്തില്‍ കേരളം മറന്നുപോകുകയാണ്.
അനു എസ്.
​​​​​​​രാമനാട്ടുകര, കോഴിക്കോട്​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
കെ.വി. ദിവ്യശ്രീ​​​​​​​  സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍ 

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഷിനു ടി.എം.  വിഷ്വല്‍ എഡിറ്റർ
മഷ്ബൂബ് പി.പി. ജൂനിയർ വിഷ്വല്‍ എഡിറ്റർ​​​​​​​​​​​​​​
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media