Sunday, 17 October 2021

കാമുക ജീവിതം


Text Formatted

എല്ലാ കാമുകരും ആത്മഹത്യ ചെയ്യാറില്ല,
​​​​​​​പക്ഷേ എല്ലാ പ്രേമങ്ങളിലും മനുഷ്യര്‍ കരയാറുണ്ട് 

ഞാന്‍ വിദ്യാര്‍ഥിയായിരിക്കെ ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. അവളുടെ നടത്തം, നോട്ടം, ചലനം, പിന്നിയിട്ട മുടി,  ഇതെല്ലാം പ്രേമത്തെ പ്രസരിപ്പിച്ചു. അവള്‍ എഴുതിക്കൂട്ടിയ ഒരു ഡയറി എനിക്കുതന്നു. അത് എന്തിനെന്നു സംശയിച്ചു ഞാന്‍ വീട്ടിലേക്കു മടങ്ങി

Image Full Width
Image Caption
അജയ് പി. മങ്ങാട്ട്
Text Formatted

​​​​​​​തിനെട്ടാം നൂറ്റാണ്ടിലെഴുതിയ ഗൊയ്‌ഥേയുടെ The Sorrows of Young Werther മുന്‍നിര്‍ത്തിയാണ് A Lover's Discourse ല്‍ പ്രണയത്തെപ്പറ്റി റൊളങ് ബാര്‍ത്ത് എഴുതുന്നത്. കാമുകനായ വെര്‍തര്‍ ധാരാളം കരയുന്നു, കരച്ചിലിന്റെ പ്രവാഹത്തില്‍ അവന്‍ ഒഴുകിപ്പോകുന്നു. എപ്പോഴും കണ്ണീരൊഴുകിക്കൊണ്ടിരിക്കും. പ്രണയത്തിലാണ് പുരുഷന് തടസ്സമില്ലാതെ കരയാന്‍ അവസരം ലഭിക്കുക എന്ന് ഗൊയ്‌ഥേയുടെ നായകനെ ചൂണ്ടി ബാര്‍ത്ത് പറയുന്നു. കരച്ചിലില്‍ ഞാന്‍ മറ്റൊരാളുടെ മതിപ്പു പിടിച്ചുപറ്റാന്‍ നോക്കുകയാണ്. നോക്കൂ, എന്റെ വേദന ഒരു മിഥ്യയല്ല, അത് കണ്ണീരായി പുറത്തുവരുന്നു. പ്രണയത്തില്‍ ഇതൊരു അടയാളമാണ്. ഇതിലൂടെ ഞാന്‍ ഒരു കഥ പറയാന്‍ ശ്രമിക്കുന്നു. 

നമുക്ക് ടെലിഗ്രാം അയയ്ക്കാം, ഒരു വിലാസം പറയൂ എന്ന് അയാള്‍ പ്രോത്സാഹിപ്പിക്കുന്നു, ഞാന്‍ ആലോചിക്കുന്നു, പിന്നിയിട്ട മുടി മനസ്സിലേക്കു വരുന്നു, അവളുടെ വിലാസം പറയുന്നു

ഞാന്‍ വിദ്യാര്‍ഥിയായിരിക്കെ ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. അവളുടെ നടത്തം, നോട്ടം, ചലനം, പിന്നിയിട്ട മുടി,  ഇതെല്ലാം പ്രേമത്തെ പ്രസരിപ്പിച്ചു. അവള്‍ എഴുതിക്കൂട്ടിയ ഒരു ഡയറി എനിക്കുതന്നു. അത് എന്തിനെന്നു സംശയിച്ചു ഞാന്‍ വീട്ടിലേക്കു മടങ്ങി. അക്കാലത്തു നാട്ടില്‍ എന്റെ വീടിനോടു ചേര്‍ന്നാണു തപാല്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. യുവാവായ പോസ്റ്റ്മാസ്റ്റര്‍ ആ തപാല്‍ ഓഫീസിനകത്തുതന്നെയായിരുന്നു താമസം. ഓഫീസ് സമയം കഴിഞ്ഞ് അയാള്‍ ഒറ്റക്ക് ഓഫീസിലിരിക്കുമ്പോള്‍, തുറന്ന ജനാലയുടെ പുറത്തുനിന്ന് അകത്തേക്കു ഞാന്‍ എത്തിനോക്കുന്നു. അയാള്‍ എന്നെ അകത്തേക്കു വിളിക്കുന്നു. പകലെല്ലാം കത്തുകളിലെ സ്റ്റാമ്പുകള്‍ക്കുമേല്‍ മുദ്ര കുത്തുന്ന ഒച്ച ഉയരാറുള്ള ആ മുറിയില്‍ ഇപ്പോള്‍ ഒച്ചയുമനക്കവും ഇല്ല. കത്തുകള്‍ സോര്‍ട്ട് ചെയ്യുന്ന വിശാലമായ മേശപ്പുറത്ത് ഇപ്പോഴൊന്നുമില്ല. പകല്‍ മെയില്‍ ബാഗുകള്‍ തുറന്ന് അതിലേക്കാണ് തപാല്‍ ഉരുപ്പടികള്‍ കുടഞ്ഞിടുക. ഒരുദിവസം ഞങ്ങള്‍ മാത്രമുള്ള സമയം ഞാന്‍ എനിക്ക് ടെലിഗ്രാം എങ്ങനെയാണ് അയയ്ക്കുന്നതെന്ന് അറിയണം എന്നു പറയുന്നു. നമുക്ക് ടെലിഗ്രാം അയയ്ക്കാം, ഒരു വിലാസം പറയൂ എന്ന് അയാള്‍ പ്രോത്സാഹിപ്പിക്കുന്നു, ഞാന്‍ ആലോചിക്കുന്നു, പിന്നിയിട്ട മുടി മനസ്സിലേക്കു വരുന്നു, അവളുടെ വിലാസം പറയുന്നു. മൂന്നോ നാലോ വാക്കുകള്‍ മാത്രമേ  പാടുള്ളു എന്ന് അയാള്‍ ആവശ്യപ്പെടുന്നു. പ്രേമത്തിലായിരിക്കുന്നവര്‍ക്ക് കുറച്ചുവാക്കുകളില്‍ സംസാരിക്കാനാവില്ല. എന്നാല്‍ മറ്റുള്ളവര്‍ കേള്‍ക്കേ ഒന്നും പറയുകയുമില്ല, പക്ഷേ ഇവിടെ രണ്ടോ മൂന്നോ വാക്കുകള്‍ കൂടിയേ തീരൂ. come to library on 24 എന്നോ മറ്റോ ആയിരുന്നു ആ വാക്കുകള്‍ എന്നു തോന്നുന്നു. 
ടെലിഗ്രാം അടിയന്തര സന്ദേശമാണ്, പ്രേമലേഖനമല്ല. ഭാഗ്യത്തിന് അത് അവിടെ എത്തുമ്പോള്‍ അവളും സഹോദരിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ആശങ്കയോടെ ടെലിഗ്രാം തുറന്ന ചേച്ചി,  കഷ്ടം തന്നെ എന്ന് അനിയത്തിയെ നോക്കി പറഞ്ഞു. 

Sairat
പ്രേമത്തിലായിരിക്കുന്നവര്‍ക്ക് കുറച്ചു വാക്കുകളില്‍ സംസാരിക്കാനാവില്ല. 'സെെറാത്ത്' സിനിമയിലെ രംഗം

എല്ലാ കാമുകരും ആത്മഹത്യ ചെയ്യാറില്ല, പക്ഷേ എല്ലാ പ്രേമങ്ങളിലും മനുഷ്യര്‍ കരയാറുണ്ട്. കരച്ചില്‍ കൊണ്ടല്ലാതെ പ്രേമത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാവില്ല. നിങ്ങള്‍ പ്രേമം കൊണ്ട് ഉറക്കെ കരഞ്ഞിട്ടില്ലെങ്കില്‍, പിന്നീട് അതോര്‍ക്കുമ്പോള്‍ എവിടെനിന്നാണ് ആ കണ്ണീരു വന്നതെന്നോര്‍ത്ത് അമ്പരന്നില്ലെങ്കില്‍ എനിക്കു നിങ്ങളോടു പ്രേമത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. 

വര്‍ഷങ്ങള്‍ക്കുശേഷം ഒരാള്‍ താന്‍ വിദ്യാര്‍ഥിയായിരിക്കേ താമസിച്ചിരുന്ന ആ ചെറിയ പട്ടണത്തിലേക്കു മടങ്ങിച്ചെല്ലുന്നു. ഒരു ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തീര്‍ന്ന് അവനും കൂട്ടുകാരനും പുതിയ വീട്ടില്‍ നിന്നിറങ്ങി തൊട്ടടുത്ത പറമ്പിലെ പഴയ വാടകക്കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു പോകുന്നു. പലകകള്‍ പാകിയ തറ ഒച്ച വയ്ക്കുന്ന ഒന്നാം നില. ലോകത്തെവിടെ പോയാലും ഇത്തരം ഒന്നാംനിലകള്‍ ഞാന്‍ തിരയും. അവര്‍ സന്ധ്യ മുതല്‍ അവിടെയിരുന്നു കുടിക്കുന്നു. വര്‍ത്തമാനം പറയുന്നു. സിഗരറ്റ് വലിക്കുന്നു. പഴയ ഒരു പ്രേമം അതിനിടെ പൊടുന്നനെ വാതില്‍ക്കല്‍ എത്തി അകത്തെ ഗന്ധങ്ങളിലേക്കു കയറാതെ അവിടെത്തന്നെ നിന്നു നോക്കുന്നു. ലഹരി ഇരുവരെയും ഉദാസീനരാക്കുന്നു. വേഗം ഉറക്കത്തിലേക്കു കൊണ്ടുപോകുന്നു. ഇടയ്‌ക്കെപ്പോഴോ ഉറക്കം ഞെട്ടിയുണരുമ്പോള്‍ പുറത്തു മഴയുടെ വലിയ ശബ്ദം കേള്‍ക്കാം. കാറ്റില്‍ മരം വീഴുന്ന പോലെ ഒച്ച ഉയരുന്നു. കൂട്ടുകാരനെ ഉണര്‍ത്താതെ അവന്‍ വാതില്‍ തുറന്നു പുറത്തിറങ്ങുന്നു. മഴവെള്ളം ഒലിക്കുന്ന പടികള്‍ കയറി മട്ടുപ്പാവിലേക്കു പോകുന്നു. അവിടെ അലറുന്ന മഴയിലേക്ക്, മിന്നലുകള്‍ക്കു താഴെ ഇറങ്ങിനിന്ന് അവളുടെ പേര് ഉറക്കെ വിളിച്ചു കരയുന്നു. കൂട്ടുകാരന്‍ ഉണരുമ്പോള്‍ തുറന്ന വാതിലിനു പുറത്തെ മഴ കാണുന്നു. മട്ടുപ്പാവിലേക്കു ചെന്നു മഴ കൊള്ളുന്ന നിരാശനെ വിളിച്ച് അകത്തു കൊണ്ടുവന്ന് തല തോര്‍ത്തുന്നു. ഉടുപ്പുകള്‍ മാറ്റാന്‍ സഹായിക്കുന്നു.  

ഒരാള്‍ പ്രേമത്തിലാകുന്നതോടെ അയാള്‍ക്ക് സംസാരിക്കാന്‍ ഒരുപാടുണ്ടാകുന്നു. ചന്ദ്രിക എന്തെല്ലാം കാര്യങ്ങളാണ് അവനോടു പറയുന്നത്. എന്നാല്‍ മധുര പ്രേമത്തിലായിരിക്കുന്ന സമയം രമണന്‍ പക്വതയുള്ള പുരുഷനെ പോലെ പെരുമാറുന്നു

രണ്ട്

തുടുതുടെയൊരു ചെറുകവിത വിടര്‍ന്നൂ
തുഷ്ടിതുടിക്കും മമഹൃത്തില്‍!
ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂ
ചോര തുളുമ്പിയ മമഹൃത്തില്‍!
 
(ചങ്ങമ്പുഴ- മനസ്വിനി)

ഒരാള്‍ പ്രേമത്തിലാകുന്നതോടെ അയാള്‍ക്ക് സംസാരിക്കാന്‍ ഒരുപാടുണ്ടാകുന്നു. ചന്ദ്രിക എന്തെല്ലാം കാര്യങ്ങളാണ് അവനോടു പറയുന്നത്. എന്നാല്‍ മധുര പ്രേമത്തിലായിരിക്കുന്ന സമയം രമണന്‍ പക്വതയുള്ള പുരുഷനെ പോലെ പെരുമാറുന്നു. അയാളിലെ ഉഗ്രനായ കാമുകന്‍ അപ്പോള്‍ ഒളിച്ചിരിക്കുന്നു. പ്രേമം അവസാനിപ്പിച്ച് സമുദായനീതിക്കു വഴങ്ങാന്‍ ചന്ദ്രിക തീരുമാനിക്കുമ്പോഴാണ് മറ്റൊരു രമണനെ നാം കാണുന്നത്. അയാള്‍ മരണം കൊണ്ടുവരുന്നു. അത്രയും കണ്ണീരും ശാപവും മറ്റൊരു നായകനിലും നാം കാണുന്നില്ല. കാല്‍പനികന്‍ തന്റെ വേദനയുടെ പ്രതികാരം സ്വന്തം ശരീരത്തിലാണ് പ്രയോഗിക്കുക. താന്‍ സമുദായത്തിനു പുറത്താണ് എന്നു സ്വന്തം കഴുത്തില്‍ കുരുക്കിട്ട് അയാള്‍ പ്രഖ്യാപിക്കുന്നു. ചങ്ങമ്പുഴയില്‍ പ്രണയഭാജനം കാമുകനു ദിവ്യമായ പ്രതിഷ്ഠയാണ്. അതിനാല്‍ ആ പ്രതിഷ്ഠയ്ക്കു മുന്നില്‍ സ്വന്തം തല പൊട്ടിക്കുകയോ കഴുത്തില്‍ കുരുക്കിടുകയോ ചെയ്യുന്നതു അസാധാരണമാകുന്നില്ല. ചിലപ്പോള്‍ പ്രണയത്തിന്റെ ഹിംസ പുറത്തേക്കും സഞ്ചരിക്കാറുണ്ട്. പുരുഷന്റെ അധികാരത്തെ അത് ഉണര്‍ത്തുന്നു. അപ്പോള്‍ താന്‍ ആരെ പ്രേമിച്ചോ ആ ആളെത്തന്നെ കൊന്നുതിന്നുന്നു. 

be-with-you
ഏറ്റവും കഷ്ടം നിറഞ്ഞ കാലത്താണ് മനുഷ്യര്‍ ഏറ്റവും പ്രേമസമ്പന്നരായി കഴിയുക. Be With You എന്ന സിനിമയില്‍ നിന്ന്

വളരെ വലിയതാണ് മലയാളികളുടെ വ്യഥ.
അവര്‍ രാഷ്ട്രീയമായി കാല്‍പനികതയെ പരിഹസിച്ചു. ജീര്‍ണകാല്‍പനികതയെ നിര്‍വചിച്ചു. എന്നാല്‍ അകത്ത്, ഭാവനയില്‍, സ്വപ്നങ്ങളില്‍ അതിനെ ആശ്ലേഷിക്കുകയും ചെയ്തു. നിറവും സമുദായവും ഭാഷയും ദേശവും നല്‍കുന്ന വിലക്കും സുരക്ഷയും ലംഘിച്ച് കാമുകര്‍ പലായനം ചെയ്യുന്നതും ആത്മത്യാഗം ചെയ്യുന്നതും ഒരു തലമുറയിലും കുറവായിരുന്നില്ല. ജീവനൊടുക്കിയ കമിതാക്കളുടെ വാര്‍ത്തകള്‍ മുറിച്ചെടുത്ത് ഒരു ഡയറിയില്‍ സൂക്ഷിക്കുന്ന ഒരാളെ ഞാന്‍ പരിചയപ്പെട്ടു. എട്ടോ പത്തോ വര്‍ഷത്തെ പ്രണയമരണങ്ങളുടെ വാര്‍ത്തകളടങ്ങിയ ആ പുസ്തകം ഞാന്‍ മറിച്ചുനോക്കി. ആയുര്‍വേദ, പച്ച മരുന്നുകള്‍ വില്‍ക്കുന്ന കച്ചവടമാണ് അയാള്‍ക്ക്. മരുന്നുകളുടെ കടുംഗന്ധമുള്ള വേണ്ടത്ര പ്രകാശമില്ലാത്ത ആ കടയുടെ അകത്തേക്ക് അയാള്‍ നടന്നു. ചുമരുകളും വാതിലും ജനാലകളും ഉണ്ടെങ്കിലും മേല്‍ക്കൂരയില്ലാത്ത ഒരു മുറിയിലിരുന്നു ഞങ്ങള്‍ സംസാരിച്ചു. പത്തൊന്‍പതാം വയസ്സില്‍ ഇതരസമുദായത്തിലെ പതിനാറുകാരിയുമായി അയാള്‍ പ്രേമത്തിലായി. അവളെയും കൂട്ടി നാടുവിടാന്‍ ഒരുങ്ങിയതാണ്. അത് സംഭവിച്ചില്ല. നാട്ടിലും വീട്ടിലും കലുഷിതമായ ആഴ്ചകള്‍ കടന്നുപോയി. അവനെ മറ്റൊരു നാട്ടിലേക്ക് വീട്ടുകാര്‍ അയച്ചു. അവന്‍ നാടുവിട്ടു കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പിന്നീട് അയാള്‍ നാട്ടിലേക്കു തിരിച്ചുപോയിട്ടില്ല. കൂട്ടില്‍ കുടുങ്ങിയ പക്ഷി ചിറകടിക്കുന്നതുപോലെ ഒരു ഒച്ച അയാളുടെ കാതില്‍ വരാറുണ്ട്, ഉറങ്ങാന്‍ കിടക്കുമ്പോള്‍. ഭയം, ഭയം മാത്രമാണ് സ്ഥായിയായ വികാരം എന്ന് അയാള്‍ പറഞ്ഞു. മരിക്കാന്‍ കഴിയാത്തതിലുള്ള ലജ്ജ കൊണ്ടാണ് ആ മനുഷ്യന്‍ സ്വന്തം ശരീരത്തെ ഉരുക്കുന്നതെന്ന് എനിക്ക് മനസിലായി.

ഞാന്‍ തമിഴകത്തുകൂടി സഞ്ചരിച്ചപ്പോള്‍ എനിക്ക് എന്റെ പ്രേമത്തെക്കാള്‍ മറ്റുള്ളവരുടെ പ്രേമങ്ങളാണ് മനോഹരമായി തോന്നിയത്. അതിശയകരമായ ആനന്ദവിസ്മൃതികളെ അവര്‍ കൊണ്ടുവരുന്നതായി എനിക്ക് അനുഭവപ്പെട്ടു

ഇടപ്പള്ളി രാഘവന്‍ പിള്ളയെ ഓര്‍ത്തെഴുതിയ തകര്‍ന്ന മുരളി എന്ന കവിതയില്‍ ‘‘താവക ജീവിതം മന്നിലേതോ ഭാവനപ്പൊന്‍കിനാവായിരുന്നു'' എന്ന് ചങ്ങമ്പുഴ എഴുതുന്നു. യഥാര്‍ഥ ജീവിതത്തോടു ഭാവന ഏറ്റുമുട്ടുന്ന ഒരു സന്ദര്‍ഭം ചിലരുടെ ജീവിതത്തില്‍ വരും. നിങ്ങള്‍ ചുറ്റുപാടുകളെ വിട്ട് ഭാവനയ്‌ക്കൊപ്പം, സങ്കല്‍പത്തിനൊപ്പം ഹൃദയത്തിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്നു. ഒരു വ്യക്തി ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നത്​ അപ്പോഴാണ്. വ്യക്തി പ്രണയത്തിലായതിനാല്‍ സമുദായം അതിനെതിരെ നില്‍ക്കുന്നു. കുടുംബം സ്തബ്ധമാകുന്നു. കഠിനവാക്കുകള്‍ക്കു മുന്നിലും ഉറച്ചുനില്‍ക്കാനും യുക്തിയുടെ വാചാലതകള്‍ക്കെതിരെ ഉറച്ചുനില്‍ക്കാനും സാധാരണ മനുഷ്യരെ പ്രേരിപ്പിക്കുന്നത് അവരുടെ അകങ്ങളില്‍ അപാരത പരിലസിക്കുന്നതുകൊണ്ടാണ്.

മൂന്ന്

സംഘകാല കവിതകളെ അകം പുറം എന്നാണ് വിഭജിക്കുക. അകം എന്നാല്‍ പ്രണയം. പുറം എന്നാല്‍ യുദ്ധം. എ.കെ.രാമാനുജന്‍ 15 വര്‍ഷം ചെലവഴിച്ച് ക്ലാസിക്കല്‍ തമിഴ് കവിതകളുടെ ഒരു സമാഹാരം ഇംഗ്ലിഷിലാക്കി. രാമാനുജന്‍ പറയുന്നത്, താന്‍ കണ്ടെത്തിയ സംഘം കവികളില്‍ 307 കവികള്‍ പ്രേമം മാത്രം എഴുതി. 89 പേര്‍ യുദ്ധവും. പതിനായിരക്കണക്കിനു കവിതകളിലേറെയും നഷ്ടപ്പെട്ടുപോയി.

photo : pexels
പ്രേമത്തിലായിരിക്കുമ്പോള്‍ അതിന്റെ വിരഹതാപത്താല്‍, തിരസ്‌കാരത്താല്‍ ചത്താല്‍ മതിയെന്ന് ഒരിക്കലും വിചാരിക്കാത്ത കാമുകരുണ്ടാവില്ല. /Photo : pexels

ഞാന്‍ തമിഴകത്തുകൂടി സഞ്ചരിച്ചപ്പോള്‍ എനിക്ക് എന്റെ പ്രേമത്തെക്കാള്‍ മറ്റുള്ളവരുടെ പ്രേമങ്ങളാണ് മനോഹരമായി തോന്നിയത്. അതിശയകരമായ ആനന്ദവിസ്മൃതികളെ അവര്‍ കൊണ്ടുവരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഏറ്റവും കഷ്ടം നിറഞ്ഞ കാലത്താണ് മനുഷ്യര്‍ ഏറ്റവും പ്രേമസമ്പന്നരായി കഴിയുക എന്നും എനിക്കു മനസിലായി. അവര്‍ സമുദായത്തിന്റെയോ നാടിന്റെയോ ഭാഷയുടെയോ അധികാരങ്ങള്‍ ലംഘിച്ച് പുറത്തേക്കു പറക്കുന്നതും അപ്പോഴാണ്. എന്നാല്‍ പ്രേമം ജീവിതത്തെ സ്‌നേഹിക്കുന്നു. മരണത്തെ ഭയപ്പെടാതെ മുന്നേറുകയും ചെയ്യുന്നു. വെര്‍തറുടെ മരണശേഷം അവന്റെ മൃതദേഹം പാതിരാത്രി സെമിത്തേരിയുടെ ഒരു മൂലയില്‍ അടക്കം ചെയ്യുമ്പോള്‍ ആ കല്ലറയിലേക്ക് ഒരു പുരോഹിതനും വന്നില്ല എന്നു പറഞ്ഞാണ് ഗൊയ്‌ഥേ നോവല്‍ അവസാനിപ്പിക്കുന്നത്. ദുര്‍മരണം വരിച്ചതുകൊണ്ട് മാത്രമല്ല മതം അവനെ നിരസിച്ചതെന്ന് ബാര്‍ത്ത് പറയുന്നു. കാമുകന്‍, സ്വപ്നജീവി, സമുദായ നിന്ദകന്‍, തന്നിലേക്ക് അല്ലാതെ മറ്റൊന്നിലേക്കും ബന്ധിതനല്ലാത്ത ഒരു മനുഷ്യന്‍. 

ആത്മഹത്യാചിന്ത ശക്തമായ ആശ്വാസമാണ്. അതു മതിയാകും ഒരാള്‍ക്ക്​ കഠിനരാത്രികളെ അതിജീവിക്കാന്‍ എന്നു നീത്‌ഷെ പറഞ്ഞത് എനിക്കു വ്യക്തമാകുന്നു. യഥാര്‍ഥ ജീവിതത്തില്‍ നാം ഈ വേദന സഹിക്കില്ലെങ്കിലും.

‘തണുത്ത കടലുകളുള്ള ഒരു നാട്ടിലേക്ക് അവന്‍ പോയി’ എന്ന് അകം കവിതയില്‍ ഒരു കവി- കടലോരത്തെ ഒരു ചെറിയ പട്ടണത്തില്‍ കുറച്ചു മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന ഒരിടത്ത്. അവിടെയിരുന്നാല്‍ തിരകള്‍ വരുന്നതും പോകുന്നതും കാണാം. ഒരു പെണ്ണ് അവളുടെ കൂട്ടുകാരിയോടാണ് ഇക്കാര്യം പറയുന്നത്. എന്നിട്ട് അവള്‍ താന്‍ ഒരു കവിതയിലേക്കു പ്രവേശിക്കുകയാണെന്ന് അറിഞ്ഞ് കൂട്ടുകാരിയെ ഓര്‍മിപ്പിക്കുന്നു- അകലെയാണെങ്കിലും അവന്‍ എന്നെ ഉപേക്ഷിച്ചുപോയെങ്കിലും അവന്‍ എന്റെ ഹൃദയത്തോട് അടുത്താണ്. 

പ്രേമത്തിലായിരിക്കുമ്പോള്‍ അതിന്റെ വിരഹതാപത്താല്‍, തിരസ്‌കാരത്താല്‍ ചത്താല്‍ മതിയെന്ന് ഒരിക്കലും വിചാരിക്കാത്ത കാമുകരുണ്ടാവില്ല. ശരിയാണത്. മദനന്‍ കുറെ ശ്രമിച്ചതാണ്. ലീലയുടെ തോഴി അവളുടെ എല്ലാ യുക്തിയും ഉപേക്ഷിച്ചു കൂടെ നിന്നതാണ്. എന്നിട്ടും വിധിയെ തടുക്കാനായില്ല. പക്ഷെ മരണത്തിലേക്കു ഞാന്‍ പോകുകയില്ല. പകരം മരണം പോലെ വേദനിക്കുമെന്നാണ്​ അകം കവികളില്‍ കണ്ടത്. അവര്‍ വേദനയെ അനുഭൂതിയാക്കും. എന്നിട്ട്​ ജീവിതത്തില്‍ തന്നെ ഞാന്‍ തുടരും. ആത്മഹത്യാചിന്ത ശക്തമായ ആശ്വാസമാണ്. അതു മതിയാകും ഒരാള്‍ക്ക്​ കഠിനരാത്രികളെ അതിജീവിക്കാന്‍ എന്നു നീത്‌ഷെ പറഞ്ഞത് എനിക്കു വ്യക്തമാകുന്നു. യഥാര്‍ഥ ജീവിതത്തില്‍ നാം ഈ വേദന സഹിക്കില്ലെങ്കിലും.

Tamasha
കരച്ചില്‍ കൊണ്ടല്ലാതെ പ്രേമത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാവില്ല. Tamasha എന്ന സിനിമയില്‍ നിന്ന്

റിയലിസ്റ്റായ  പി. കേശവദേവിന്റെ ഒരു കഥയില്‍, ഒരു പെണ്ണ് ഒരു എഴുത്തുകാരനുമായി ഇഷ്ടത്തിലാകുന്നു. അയാളും അവളെ ഇഷ്ടപ്പെടുന്നു. ഒരു കഥ എഴുതിയിട്ട് ഇത് നിന്നെക്കുറിച്ചാണെന്ന് അവളോടു പറയുന്നു. അത് അവളെ ആനന്ദത്തിലാക്കുന്നു. ഏതു രചനയും ആദ്യമായും അവസാനമായും പ്രേമഭാജനത്തിന്റെ ശ്രദ്ധ കിട്ടാനുള്ള പരിശ്രമമാണ്. കേശവദേവിന്റെ എഴുത്തുകാരനെ തേടി ആരാധികമാര്‍ വരാറുണ്ട്. കാമുകി അതു കാണുന്നു. അവള്‍ക്കു വേദനിക്കുന്നു. അവള്‍ ഗോസിപ്പുകള്‍ കേള്‍ക്കുന്നു. പ്രേമത്തില്‍ മരണത്തെക്കാള്‍ ശക്തി അപവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമാണ്. അയാള്‍ സ്ത്രീകളെ പറ്റിച്ചു കടന്നുകളയുന്നവന്‍ ആണെന്നും അവള്‍ കേള്‍ക്കുന്നു. ഇനി അയാളെ അടുപ്പിക്കില്ലെന്നു നിശ്ചയിക്കുന്നു. അയാള്‍ ഇപ്പോള്‍ എഴുതുന്നതെല്ലാം മറ്റേതോ സ്ത്രീയെപ്പറ്റിയാണെന്ന് അവള്‍ സംശയിക്കുന്നു. എഴുത്തുകാരന്‍ കാമുകിയെ അന്വേഷിച്ചുവരുമ്പോള്‍ അവള്‍ നിരസിക്കുന്നു. അയാളെ പുറത്താക്കുന്നു. ഇനി വരരുത് എന്നു പറയുന്നു. എഴുത്തുകാരന്‍ പോകുന്നു. അയാള്‍ തിരിച്ചുവരുന്നില്ല. പിന്നീട് അവള്‍ കേള്‍ക്കുന്നത് എഴുത്തുകാരന്‍ ജീവനൊടുക്കി എന്ന വാര്‍ത്തയാണ്. ഇവിടെ കാമുകനാണോ എഴുത്തുകാരനാണോ കൂടുതല്‍ ദുര്‍ബലന്‍ എന്നു നമുക്കറിയില്ല. കേശവദേവ് അതു വ്യക്തമാക്കുന്നുമില്ല. ഞാന്‍ ഒരു സത്യം പറഞ്ഞു. പ്രേമം വച്ച് ആരും കളിക്കരുത് എന്നാവും കഥാകൃത്ത് ഉദ്ദേശിച്ചത്. 

പോകും പോകും എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല.
കളിയാണെന്നു കരുതി -അകം കവി എഴുതുന്നു;
വേഗം പോകൂ, എന്നെ വിട്ടേക്കൂ എന്നു ഞാന്‍ പറഞ്ഞു.
പക്ഷേ അയാള്‍ ശരിക്കും പോയല്ലോ. എവിടേക്കാണു പോയത്.

‘കാമുകന്‍ പര്‍വതങ്ങളില്‍നിന്നുവന്നവന്‍. അവന്റെ പ്രേമം എന്നും നല്ലതാണ് സുഹൃത്തേ, പക്ഷേ, അതു താങ്ങാനുള്ള കരുത്ത് വേണമെന്നുമാത്രം. അവന്‍ പോയിക്കഴിയുമ്പോള്‍ കരയാതിരിക്കാനുള്ള കരുത്തു വേണമെന്നു മാത്രം’

The place between my breasts
is filled with tears
a pool where
black-legged white heron
feed on fish
​​​​​​​
എന്ന് എ.കെ. രാമാനുജന്‍ മൊഴിമാറ്റുന്നു.
പുതിയ യുദ്ധകാഹളങ്ങള്‍ ഉയരുന്ന ഒരു കാലത്തിരുന്നു നാം ഈ മൊഴി പല ദിക്കിലേക്കു പടരുന്നതു കാണുന്നു. രാത്രിയുടെ മറുചെരുവില്‍ പ്രണയം സാധ്യമാണെന്ന് അലഹന്ത്രോ പിസാര്‍നീക് പറയുന്നു. എന്നെ അവിടേക്കു കൊണ്ടുപോകൂ എന്നും. കപിലരുടെ കവിതയിലാകട്ട നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് പിസാര്‍നീക് ഭാവന ചെയ്ത അതേ ഇടം തെളിഞ്ഞുകാണാം:  ‘‘കാമുകന്‍ പര്‍വതങ്ങളില്‍നിന്നുവന്നവന്‍. അവന്റെ പ്രേമം എന്നും നല്ലതാണ് സുഹൃത്തേ, പക്ഷേ, അതു താങ്ങാനുള്ള കരുത്ത് വേണമെന്നുമാത്രം. അവന്‍ പോയിക്കഴിയുമ്പോള്‍ കരയാതിരിക്കാനുള്ള കരുത്തു വേണമെന്നു മാത്രം.'' 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

അജയ് പി. മങ്ങാട്ട്

മാധ്യമപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, വിവര്‍ത്തകന്‍. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം തുടങ്ങിയവ പ്രധാന കൃതികള്‍.

 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM