Wednesday, 07 December 2022

മതവും വധശാസനയും


Text Formatted

മൂന്നു പതിറ്റാണ്ടിനുശേഷം
​​​​​​​ഒരു  ‘ഫത്‌വ' കൊലക്കത്തിയായി വന്നപ്പോള്‍

ലോകമാകെ പടരുന്ന ലിഖിതവും അലിഖിതവുമായ വധശാസനകളും ഗ്രന്ഥവിലക്കുകളും ലിബറല്‍ ഇടത്തെ അനുദിനം  ശോഷിപ്പിക്കുന്നു എന്നു മാത്രമല്ല, ലിബറല്‍ എഴുത്തുകാര്‍ പോലും ഇത്തരം ഫത്‌വകളെ ആന്തരികവല്‍ക്കരിച്ച് സ്വയം സെന്‍സര്‍ഷിപ്പിനുമുതിരുന്ന അഭിശപ്തകാലവുമാണിത്. 

Image Full Width
Image Caption
ന്യൂയോർക്കിൽ കുത്തേറ്റുവീണ റുഷ്​ദിക്ക്​ പ്രഥമശുശ്രൂഷ നൽകുന്നു
Text Formatted

1989 ഫെബ്രുവരി 14നാണ് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹൊല്ല ഖൊമൈനി സല്‍മാന്‍ റുഷ്ദിയെയും 1988ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നോവലായ  ‘ദ സാത്താനിക് വേഴ്‌സസി'ന്റെ പ്രസാധകരെയും വധിക്കാന്‍ ഒരു ഫത്‌വ (മതവിധിന്യായം) ഇറാന്‍ റോഡിയോയിലൂടെ പുറപ്പെടുവിച്ചത്. ആ ‘വിധിന്യായം' ഇങ്ങനെയായിരുന്നു:  ‘‘നമ്മള്‍ അള്ളാവില്‍നിന്ന് വന്നവരാണ്. അള്ളാവിലേക്ക് തന്നെ തിരിച്ചുപോകും. സാത്താനിക് വേഴ്‌സസിന്റെ ഗ്രന്ഥകര്‍ത്താവും അത് എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത എല്ലാവരും വധശിക്ഷക്ക് അര്‍ഹരാണ്. ലോകത്തിന്റെ ഏതു ദിക്കിലുമുള്ള ശൂരരും ധീരരുമായ മുസ്‌ലിംകള്‍ ഇവരെ താമസംവിനാ കൊന്നുതള്ളാന്‍ പ്രതിജ്ഞാബദ്ധരാണ്. മുസ്‌ലിംകളുടെ വിശുദ്ധ വിശ്വാസങ്ങളെ നിന്ദിക്കാന്‍ ഇനിമുതല്‍ ആരും ധൈര്യപ്പെടരുത്.'' റുഷ്ദിയെ വധിക്കുന്നവര്‍ രക്തസാക്ഷികളായി നേരെ സ്വര്‍ഗത്തിലേക്ക് പോകുമെന്നും ഖൊമൈനി കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ റുഷ്ദിക്കെതിരായ വധോദ്യമത്തെയോ അക്രമിയെയോ അപലപിച്ചില്ലെന്നുമാത്രമല്ല,  ‘മതനിന്ദകനും മതപരിത്യാഗി’യുമായ  ‘പിഴച്ച' റുഷ്ദിയെ വകവരുത്താന്‍ ശ്രമിച്ച അക്രമിയെ  ‘ഭയരഹിതനും കര്‍ത്തവ്യബോധവുമുള്ളവനുമായി' ഉദ്‌ഘോഷിക്കുകയാണ് ചെയ്തത്.

salman
സല്‍മാന്‍ റുഷ്ദി

ഭൂപ്രദേശങ്ങളെയും രാജ്യങ്ങളെയും കവിഞ്ഞുനില്‍ക്കുന്ന ഈ അഭൂതപൂര്‍വമായ വധാഹ്വാനം പാന്‍ ഇസ്‌ലാമിസ്റ്റ് മതോന്മാദവും വികാരവിജ്രംഭിതത്വവും ആളിക്കത്തിക്കാനുള്ള ബോധപൂര്‍വ ശ്രമമായിരുന്നു. റുഷ്ദിയുടെ നോവല്‍ പ്രസിദ്ധീകരിച്ച് ഒരു പതിറ്റാണ്ടിനുശേഷം പിറന്ന അമേരിക്കന്‍ പൗരനും ലബനന്‍ വംശജനുമായ ഒരു 24കാരന്‍, 33 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ആ ഫത്‌വയുടെ കൊലക്കത്തി, ന്യൂയോര്‍ക്കില്‍ വച്ച് റുഷ്ദിയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലുമായി കുത്തിയിറക്കി. പാന്‍ ഇസ്‌ലാമിസ്റ്റ് മതഭീകരവാദത്തിന് ഒരു ആഗോളമാനമുണ്ട് എന്നതിന്റെ സുവ്യക്തവും സ്പഷ്ടവുമായ നിദര്‍ശനമാണ് ഈ ലബനീസ് വംശജനായ അമേരിക്കന്‍ പൗരന്റെ വധോദ്യമം. വധശ്രമത്തിന് മുതിര്‍ന്ന വ്യക്തിയുടെ സമൂഹമാധ്യമപോസ്റ്റുകളില്‍ ഖൊമൈനി- ഇറാന്‍ അനുകൂല പോസ്റ്റുകള്‍ ധാരാളമുണ്ടായിരുന്നു.

ayathullah
ആയത്തുല്ല റൂഹൊല്ല ഖൊമൈനി

ഇറാന്‍ പക്ഷേ, റുഷ്ദിക്കെതിരെ നടന്ന വധോദ്യമത്തെയോ അക്രമിയെയോ അപലപിച്ചില്ലെന്നുമാത്രമല്ല,  ‘മതനിന്ദകനും മതപരിത്യാഗി’യുമായ  ‘പിഴച്ച' റുഷ്ദിയെ വകവരുത്താന്‍ ശ്രമിച്ച അക്രമിയെ  ‘ഭയരഹിതനും കര്‍ത്തവ്യബോധവുമുള്ളവനുമായി' ഉദ്‌ഘോഷിക്കുകയാണ് ചെയ്തത്. റുഷ്ദിയും അദ്ദേഹത്തെ പിന്തുണക്കുന്നവരുമാണ് ഇതിനുത്തരവാദികള്‍ എന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. 1980- 88 കാലത്ത് നടന്ന ഇറാന്‍- ഇറാഖ് യുദ്ധത്തെതുടർന്ന്​ രൂക്ഷമായ തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും  പണപ്പെരുപ്പത്തിലും അസ്വസ്ഥരായ ഇറാനിലെ ജനങ്ങളെ ഈ ദുരിതങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള പിടിവള്ളിയായിരുന്നു ഖൊമൈനിയുടെ ഫത്‌വ.

മതനിന്ദയെക്കുറിച്ചും മതപരിത്യാഗത്തെക്കുറിച്ചും ആഴത്തില്‍ അന്വേഷിച്ച ഇസ്‌ലാമിക പണ്ഡിതന്മാര്‍ മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ ഈ സന്ദർഭത്തിൽ പ്രസക്തമാണ്.

എന്നാല്‍, രണ്ട് വ്യാഴവട്ടം മുമ്പ്, 1998ല്‍ ഇറാന്റെ വിദേശകാര്യമന്ത്രിയായിരുന്ന കമാല്‍ കറാസ്സി, ന്യൂയോര്‍ക്കില്‍ വച്ച്, റുഷ്ദിയെ വധിക്കാന്‍ ഇറാന് പരിപാടിയില്ലെന്ന് പ്രസ്താവിച്ചിരുന്നു. അദ്ദേഹം പരിഷ്‌കരണവാദിയായ മുഹമ്മദ് ഖത്തമിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഈ പ്രസ്താവം പഴയ ഫത്‌വ അസാധുവാക്കുന്നതാണെന്ന് തീര്‍പ്പിലെത്തിയ ബ്രിട്ടന്‍, ഇറാനുമായുള്ള നയന്ത്രബന്ധം സാധാരണ നിലയിലാക്കി. എന്നാല്‍, രണ്ടുതവണ ഇറാന്റെ ഭരണം കൈയാളിയശേഷം 2005ല്‍ തീവ്രനിലപാടുള്ള ഷിയ ഇസ്‌ലാമിസ്റ്റുകള്‍ ഇറാനില്‍ പിടിമുറുക്കി. പിന്നീട് ഇറാന്റെ പരമോന്നത മതമേലധ്യക്ഷനായ ആയത്തുല്ല അലി ഖൊമൈനി  ‘റുഷ്ദി മതനിന്ദകനാണെന്നും ഇസ്‌ലാമിലെ അനുശാസനങ്ങള്‍ക്കനുസരിച്ച് വധിക്കപ്പെടേണ്ടവനാണെന്നും' വീണ്ടും ആവര്‍ത്തിച്ചു. 2019ലെ ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഈ രണ്ടാം ഖൊമൈനി പഴയ ഫത്‌വ ‘സുദൃഢവും മാറ്റാനാകാത്തതു'മാണെന്ന് കുറിക്കുകയും ചെയ്തു. ഇത് റുഷ്ദിയുടെ ചുറ്റും ഉരുണ്ടുകൂടിയിരുന്ന കാളമേഘങ്ങളെ കനപ്പിച്ചെങ്കിലും അദ്ദേഹം എഴുത്ത് തുടര്‍ന്നു.

books
ബന്ധനസ്ഥനായ എഴുത്തുകാര്‍ക്ക് ഭാവനക്ക്​ ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ തെറ്റായ പ്രമാണവാക്യത്തിനെതിരെയായിരുന്നു റുഷ്ദിയുടെ പിന്നീടുവന്ന സൃഷ്ടികള്‍

ഒരു പതിറ്റാണ്ട്​ ഒളിവിലും പിന്നീട് കുറെയൊക്കെ സ്വതന്ത്രമായി പുറത്തും കഴിഞ്ഞ നാളുകളിലാണ് റുഷ്ദിയുടെ പല മികച്ച രചനകളും പുറത്തുവന്നത്. ബന്ധനസ്ഥനായ എഴുത്തുകാര്‍ക്ക് ഭാവനക്ക്​ ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ തെറ്റായ പ്രമാണവാക്യത്തിനെതിരെയായിരുന്നു റുഷ്ദിയുടെ പിന്നീടുവന്ന സൃഷ്ടികള്‍. 2021ല്‍ പുറത്തുവന്ന  ‘ദ ലാംഗ്വേജസ് ഓഫ് ട്രൂത്ത്'  ഒരുദാഹരണം. ഈ വധശ്രമത്തിന് ഒരാഴ്ച മുമ്പ് ഇന്ത്യയിലെ ഫാസിസ്റ്റ് സമാന ഹിന്ദുത്വ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ- പൗര- ന്യൂനപക്ഷ വിരുദ്ധ വിധ്വംസകവൃത്തികളെ അപലപിച്ച് റുഷ്ദിയും സമാനമനസ്‌കരായ പ്രശസ്ത എഴുത്തുകാരും പുതിയ രാഷ്ട്രപതിക്ക് അവരവരുടെ വീക്ഷണങ്ങള്‍ ശക്തമായി വെവ്വേറെ അവതരിപ്പിച്ച് കത്ത് അയച്ചിരുന്നു.

എസ്. ഇര്‍ഫാന്‍ ഹബീബ് എഴുതുന്നു:  ‘‘ശരീഅത്ത് ആണ് മാറ്റത്തിനുള്ള ഏറ്റവും വലിയ തടസ്സം.’’

മതനിന്ദയും ഖുർആനും വ്യാഖ്യാനങ്ങളും

മതനിന്ദയെക്കുറിച്ചും മതപരിത്യാഗത്തെക്കുറിച്ചും ആഴത്തില്‍ അന്വേഷിച്ച ഇസ്‌ലാമിക പണ്ഡിതന്മാര്‍ മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. താരീഖ് റമദാന്‍  ‘ദ മീനിങ്‌സ് ഓഫ് ദ ലൈഫ് ഓഫ് പ്രോഫറ്റ് മുഹമ്മദ്' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:  ‘‘പ്രവാചകനായ മുഹമ്മദ് അപ്രമാദിത്വം അവകാശപ്പെട്ടിരുന്നില്ല. വിമര്‍ശനങ്ങള്‍ക്ക് താന്‍ അതീതനാണെന്ന് അദ്ദേഹം ഒരിക്കലും വാദിച്ചിരുന്നില്ല. അദ്ദേഹം മറ്റുള്ളവര്‍ പറയുന്നത് കേട്ടു. അവരുമായി സംവാദത്തിലേര്‍പ്പെട്ടു. അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ പരിശ്രമിച്ചു. തന്റെ അപൂര്‍ണതയിലും വീഴ്ചകളിലും പ്രവാചകന്‍ ഇടവിടാതെ ജാഗ്രത പുലര്‍ത്തി. ദിവസേന തന്റെ കുറവുകളിലും ദോഷങ്ങളിലും നോട്ടപ്പിഴകളിലും മാപ്പ് തരാന്‍ അദ്ദേഹം ദൈവത്തോട് അഭ്യര്‍ഥിച്ചു. അദ്ദേഹം സ്‌നേഹിച്ചു, അദ്ദേഹം പൊറുത്തു, മാപ്പു കൊടുത്തു. ഏതെങ്കിലും പുരുഷനോ സ്ത്രീയോ തങ്ങള്‍ക്ക് പിശകുപറ്റി എന്നുപറഞ്ഞ് പ്രവാചകനെ സമീപിച്ചാല്‍ ആ തെറ്റ് എത്ര ഗൗരവതരമായിരുന്നാലും അദ്ദേഹം അവരുടെ അന്തഃകരണത്തെ ഗ്രഹിക്കുകയും അവളെയോ അവനെയോ മാപ്പിന്റെ മാര്‍ഗം കാണിക്കുകയും ചെയ്തു.''

ed hussain
ഏദ് ഹുസൈന്‍

‘ദ ഹൗസ് ഓഫ് ഇസ്‌ലാം: എ ഗ്ലോബല്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തില്‍ ഏദ് ഹുസൈന്‍ എഴുതുന്നു:  ‘‘വ്യഭിചാരികളെ കല്ലെറിഞ്ഞുകൊല്ലണമെന്ന പരാമര്‍ശം ഖുര്‍ആനിലില്ല. മതനിന്ദകരെയും മതപരിത്യാഗികളെയും വധിക്കണമെന്നോ സ്വവര്‍ഗാനുരാഗികളെ ഉയരം കൂടിയ കെട്ടിടത്തില്‍നിന്ന് എറിഞ്ഞുകൊല്ലണമെന്നോ ഖുര്‍ആന്‍ പറയുന്നില്ല. പുരുഷന്മാര്‍ താടി വളര്‍ത്തണമെന്നോ സ്ത്രീകള്‍ മുടി ചുറ്റിപ്പൊതിയണമെന്നോ ഖുര്‍ആനിലില്ല. ഇക്കാര്യങ്ങളെല്ലാം പ്രവാചകന്‍ പറഞ്ഞതായി ആരോപിതമായ ഹദീസുകളിലാണുള്ളത്. ഖുര്‍ആനുമായി പൊരുത്തപ്പെടാത്ത ഹദീസുകളെ ചോദ്യം ചെയ്യാനുള്ള ധൈര്യം പൊതുവേ മുസ്‌ലിംകള്‍ക്ക് നഷ്ടമായിരിക്കുന്നു.''

s. irfan habib
എസ്. ഇര്‍ഫാന്‍ ഹബീബ്

എസ്. ഇര്‍ഫാന്‍ ഹബീബ് ഇതേ കാര്യം ഇങ്ങനെ സംക്ഷേപിക്കുന്നു:  ‘‘ശരീഅത്ത് ആണ് മാറ്റത്തിനുള്ള ഏറ്റവും വലിയ തടസ്സം. ശരീഅത്ത് തത്വങ്ങളുടെ നാല് സ്രോതസ്സുകളില്‍ ഒന്ന് ഖുര്‍ആനും മറ്റുള്ളവ ഖിയാസ് (മനുഷ്യ യുക്തിവിചാരം), ഇജ്മാത് (പൊതുസമ്മതം), സുന്നത്ത് (പ്രവാചകചര്യകള്‍, ഉദീരണങ്ങള്‍) എന്നിവയുമാണ്. പ്രവാചക വചനങ്ങളില്‍ മിക്കവാറും മുഹമ്മദ് നബിയുടെ മരണശേഷം 200 കൊല്ലം കഴിഞ്ഞ് എഴുതപ്പെട്ടതാണ്. അവയില്‍ പലതിനും ആധികാരകത്വമില്ല.''

അറബി ഭാഷയില്‍ ശരീഅത്ത് എന്നതിന്റെ അക്ഷരാര്‍ഥം വഴി, മാര്‍ഗം എന്നാണ്. കുടിവെള്ളമുള്ള ഇടത്തേക്ക് നയിക്കുന്ന പാത എന്നൊക്കെയായിരുന്ന ആ വാക്കിന്റെ അര്‍ഥം. ഇസ്‌ലാം മതത്തിന്റെ ആവിര്‍ഭാവത്തിനുശേഷം മതാനുയായികള്‍ ഇസ്‌ലാമിക നിയമങ്ങളുടെയും ധാര്‍മികതയുടെയും വഴിയായി അതിനെ കണ്ടു. അത് ദൈവത്തിന്റെ മാറ്റാന്‍ പറ്റാത്ത നിയമമായി നിഷ്‌കര്‍ഷിക്കപ്പെട്ടു. പക്ഷേ, സിയാവുദ്ദീന്‍ സര്‍ദാറിനെപ്പോലുള്ള ലിബറല്‍ മുസ്‌ലിം ചിന്തകര്‍ പറയുന്നത്, ശരീഅത്ത് ഒരു ഖുര്‍ആന്‍ ആശയമല്ല എന്നാണ്. ഖുര്‍ആനില്‍ ഈ പദം രണ്ടു പ്രാവശ്യമേ വരുന്നുള്ളൂ. അത് ദ്യോതിപ്പിക്കുന്നത് പ്രവാചകന്മാരിലൂടെ  എല്ലാ ജനതകള്‍ക്കും സമുദായങ്ങള്‍ക്കും ദൈവം നല്‍കിയ മാര്‍ഗനിര്‍ദേശമായാണ്. ഇങ്ങനെ രണ്ടര്‍ഥത്തിലും ശരീഅത്ത് എന്നത് കാലാതീതമായി മാറ്റമില്ലാതെ നിലനില്‍ക്കേണ്ട ക്രോഡീകൃത നിയമസംഹിതയല്ലെന്ന്  ‘റീഡിങ് ദ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തില്‍ സര്‍ദാര്‍ വിശദീകരിക്കുന്നുണ്ട്. താലിബാനെയും അല്‍ ഖായ്ദയെയും ഐ.എസിനെയും പോലുള്ള രണോല്‍സുക ഇസ്‌ലാമിസ്റ്റുകള്‍  ‘ശുദ്ധ ശരീഅത്തി'ലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവരാണ്. ശരീഅത്ത് നിയമങ്ങള്‍, പല മുസ്‌ലിം രാജ്യങ്ങളിലും പരിഷ്‌കരണത്തിന് വിധേയമാക്കിയിട്ടുണ്ടെങ്കിലും,  പ്രത്യേകിച്ച് സ്ത്രീഅവകാശങ്ങളുടെ കാര്യത്തില്‍,   ഇന്ത്യയിലെ ആ മേഖല ഇപ്പോഴും പ്രവേശനവിലക്കുള്ളതായി തുടരുന്നു.

hassan
ഹസ്സന്‍ സുരൂര്‍

ഹസ്സന്‍ സുരൂര്‍  ‘ഹു കില്‍ഡ് ലിബറല്‍ ഇസ്‌ലാം' (2019) എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:  ‘‘എന്താണ് യഥാര്‍ഥ പ്രശ്‌നം? മുഴുവന്‍ പിഴവും ഇസ്‌ലാമിന്റെ വ്യാഖ്യാതാക്കളില്‍ മാത്രം ചുമത്തേണ്ടതല്ല. തങ്ങളുടെ തീവ്രവാദ നിലപാടുകള്‍ക്കനുസരിച്ച് കരുതിക്കൂട്ടി ദുര്‍വ്യാഖ്യാനിക്കുന്നവരും ഇവരില്‍ ഉള്‍പ്പെടും. ഇസ്‌ലാമിക ദൈവശാസ്ത്രത്തില്‍ തന്നെ ദുര്‍വ്യാഖ്യാനത്തിനും തെറ്റിധാരണക്കും വഴിവെക്കാന്‍ സാധ്യതയുള്ള പലതുമുണ്ട്. ഖുര്‍ആന്‍ പാഠം അനിശ്ചിതാര്‍ഥങ്ങളുടെ, അവ്യക്തതകളുടെ ഒരു കുഴിബോംബ് പ്രദേശമാണ്. തീവ്രവാദികള്‍ക്ക് സന്ദര്‍ഭനിരപേക്ഷമായി തന്നിഷ്ടപ്രകാരം പെറുക്കിയെടുത്ത് താന്താങ്ങളുടെ ദുഷ്‌കൃത്യങ്ങളെ സാധൂകരിക്കാവുന്ന ആയത്തുകള്‍ (സൂക്തങ്ങള്‍) അതിലുണ്ട്. യഥാര്‍ഥ സന്ദര്‍ഭത്തില്‍നിന്ന് പിഴുതുമാറ്റിയാണ് അവരത് ഉപയോഗിക്കുന്നത്. അതുപോലെ, മുഹമ്മദ് നബിയുടെ വചനങ്ങളും പ്രബോധനങ്ങളുമായ ഹദീസുകളെ ഉപായങ്ങളാല്‍ വളച്ചൊടിക്കാനും പറ്റും. അവ ധാരാളമുണ്ട് എന്നതും പല സന്ദര്‍ഭങ്ങളില്‍ ഉണ്ടായതുമാണ് എന്നതും നബിയുടെ മരണശേഷം അനേക പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ഉണ്ടായതാണെന്നതും മാത്രമല്ല, കാരണം. അവ മിക്കപ്പോഴും യഥാതഥ സന്ദര്‍ഭത്തില്‍നിന്ന് ബാഹ്യമായി ഉദ്ധരിക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. ആധികാരികത്വമോ പ്രാമാണ്യമോ ഇല്ലാത്ത ധാരാളം ഹദീസുകള്‍ പ്രവാചകന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പല ആധികാരിക ഹദീസുകള്‍ക്കും ദുര്‍വ്യാഖ്യാനത്താലും സാന്ദര്‍ഭികമായ പ്രമാദങ്ങളാലും ഊനം വരുത്തിയിട്ടുണ്ട്.’’

ഗ്രന്ഥകാരന്മാര്‍ക്ക് വധശിക്ഷ വിധിക്കുകയോ പുസ്തകങ്ങള്‍ നിരോധിക്കുകയോ എഴുത്തുകാരുടെ വായടപ്പിക്കുകയോ ചെയ്യുന്ന ‘ആയത്തുല്ലമാര്‍' എല്ലാ മതങ്ങളിലുമുണ്ട്.

ഗ്രന്ഥകാരന്മാര്‍ക്ക് വധശിക്ഷ വിധിക്കുകയോ പുസ്തകങ്ങള്‍ നിരോധിക്കുകയോ എഴുത്തുകാരുടെ വായടപ്പിക്കുകയോ ചെയ്യുന്ന ‘ആയത്തുല്ലമാര്‍' എല്ലാ മതങ്ങളിലുമുണ്ട്. ഇന്ത്യയില്‍ കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേിഷനെയും ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ധാബോല്‍ക്കറെയും പട്ടാപ്പകല്‍ വധിച്ചത് സംഘ്പരിവാറിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം അടിമുടി ഗ്രസിച്ച ഹിന്ദുത്വ നരാധമ സംഘങ്ങളാണ്. പെരുമാള്‍ മുരുകന്റെ  ‘മാതൊരു ഭാഗനെ'തിരെയും എസ്. ഹരീഷിന്റെ  ‘മീശ'ക്കെതിരെയും ചന്ദ്രഹാസമിളക്കി കലാപാന്തരീക്ഷം സൃഷ്ടിച്ചതും ഹിന്ദുത്വ പ്രഘോഷകരായ ഇന്ത്യന്‍ ആയത്തുല്ലമാരാണ്. ഇങ്ങനെ ലോകമാകെ നിര്‍ഭാഗ്യവശാല്‍ പടരുന്ന ലിഖിതവും അലിഖിതവുമായ വധശാസനകളും ഗ്രന്ഥവിലക്കുകളും ലിബറല്‍ ഇടത്തെ അനുദിനം  ശോഷിപ്പിക്കുന്നു എന്നു മാത്രമല്ല, ലിബറല്‍ എഴുത്തുകാര്‍ പോലും ഇത്തരം ഫത്‌വകളെ ആന്തരികവല്‍ക്കരിച്ച് സ്വയം സെന്‍സര്‍ഷിപ്പിനുമുതിരുന്ന അഭിശപ്ത കാലവുമാണിത്.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം. 

എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​),  Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

 

 

Audio