Sunday, 28 November 2021

കവിത


Text Formatted

രണ്ടു കവിതകൾ

Text Formatted

​​​​​​​

sandhya
സന്ധ്യ എൻ.പി.

 

ഉറക്കത്തില്‍ വേദന

രാത്രിയില്‍
ഉറക്കത്തിലാണതു സംഭവിച്ചത്..
രാവിലെ വരും വരെ
ഞാന്‍ അതിന്റെ
വേദനയില്‍ ഞരങ്ങി
മുറിവില്‍ത്താങ്ങി
ഉറക്കത്തിനവസാനം വരെ നടന്നു.

വളരെ
പരിചിത
മുഖം.
മുഷ്ടിക്കുള്ളിലിട്ട് ഞെരിച്ച്
ചുരുട്ടിയ
കടലാസ്
നിവര്‍ത്തിയ പോലെ.
മഷി തീര്‍ന്ന പേനയാല്‍ 
അമര്‍ത്തി വരച്ച പോലെ
കണ്ണ്.
ചുരുട്ടലിന്റെ ശക്തിയില്‍ 
തുള വീണ ചുണ്ട്!

ഇത്രയുമേ കണ്ടുള്ളൂ.
രക്തബന്ധത്താലല്ലാതെ
വളരെ വേണ്ടപ്പെട്ടവള്‍.

ഉറങ്ങിക്കിടക്കും
കിടക്കയില്‍ത്തന്നെ
കിടത്തി
വയറ്റില്‍ വലിയൊരു മുറിവുണ്ടാക്കി
ഘനമുള്ള ഉരുണ്ട പാത്രം എടുത്തു പുറത്തേയ്ക്കു കളയും പോലെ 
അവര്‍ 
അത് 
എടുത്ത് എവിടേയ്ക്കു
കളഞ്ഞു?

തൊലി ചേര്‍ത്തുതുന്നി
മുറിവ് മാത്രം
എനിക്ക് തന്ന്
ആ സ്ത്രീ
മുറിവിട്ടു പോയി 

മുറി
വേദന എന്ന നീളന്‍ മുറിവ്
ഞാന്‍ മാത്രം!

നിറ ബലൂണ്‍

വളുടെ മകള്‍
 പ്രസവവേദനയുമായി ചുമരിന്നപ്പുറം
ചുമരൊരു തുണിശീല.
നോക്കിയിരിക്കേ
വലിയ കാലുകള്‍ക്കിടയില്‍
രണ്ടു ചെറിയ കാലുകള്‍ താഴോട്ടു
മുളയ്ക്കും
നിഴല്‍.
അവള്‍
പാഞ്ഞു ചെന്ന് അതിന്‍ ചോടെ
കൈകള്‍ കുമ്പിളാക്കിപ്പിടിച്ചു
പ്രാര്‍ത്ഥിച്ച കൈകള്‍ വിടര്‍ത്തി
നീട്ടിപ്പിടിച്ചു ഞാനും.

രണ്ടു പേരുടെയും
കൈകള്‍ക്കിടയിലൂടെ
നിലത്തേക്കൂര്‍ന്നു,
പൊക്കിള്‍ക്കൊടിയറ്റം
പാലു നിറച്ച 
ബലൂണ്‍ പോലെ
വീര്‍ത്ത
കുഞ്ഞു പയ്യന്‍. 
ഞെട്ടിപ്പിന്നിലേക്കു മാറി
കണ്ണുമിഴിച്ചു നോക്കുമ്പോള്‍
പൊക്കിള്‍ക്കൊടിബലൂണ്‍,
പതുക്കെ
മുകളിലേക്കു പൊങ്ങി
കുഞ്ഞുമായി മുറി മുഴുവന്‍ 
പറക്കുന്നു!

ബലൂണില്‍ നിന്നും
പാലു തന്നെ പുറത്തേക്കു കവിഞ്ഞൊഴുകുന്നു.
നിലത്തൊഴുകും പാലില്‍ച്ചവിട്ടി 
പിന്നാലെ പായുമ്പോള്‍
പാരച്യൂട്ടിലെന്നണ്ണം താഴേക്കിറങ്ങി
നിലത്തൂടെ
തുരുതുരാ പാഞ്ഞു
ഒരു മുക്കോണില്‍
പതുങ്ങുന്നു കുഞ്ഞ്!

അവള്‍
അവനെ കൈയ്യിലെടുത്തു
മെല്ല പൊക്കിള്‍ക്കൊടി പൊട്ടിച്ചു.
വേരില്‍ നിന്നടര്‍ന്ന കാപോലെ
കുഞ്ഞു പയ്യന്‍,
അവളുടെ കൈയ്യില്‍ക്കിടന്നു.
അവള്‍ കുഞ്ഞിനെ ഊയലാട്ടി. 

കാറ്റത്തനങ്ങാത്തിലയായ്
എന്റെ കണ്ണുകള്‍
ഒരൊറ്റ ദിശയില്‍
നോക്കി നിന്നു.

ചുമര്‍ത്തിരശ്ശീലയില്‍ അവളുടെ മകള്‍
കുഞ്ഞിന്‍ വായില്‍ അമ്മിഞ്ഞ തിരുകുന്നു!

​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM