Friday, 26 November 2021

കവിത


Text Formatted

കിനാവള്ളി  

Text Formatted
vijayalakshmi
വിജയലക്ഷ്മി

ഒന്ന്​

...എന്തൊരു നിലാവാണ് ,
മുക്കുവന്‍, പെരുംതോണി
കൈവിടാതന്നും നീട്ടി
ത്തുഴയും കടല്‍ക്കോളില്‍,

ചന്ദ്രിക വഴിഞ്ഞൊറ്റ
പ്പാറമേല്‍ , വെളിച്ചത്താല്‍
സങ്കടം തുടയ്ക്കുന്ന
മത്സ്യകന്യയെക്കണ്ടു.

തിര കണ്‍ചിമ്മി, കൈയു
വിട്ടുപോയ് , അകന്നേപോയ്
തുഴയും,  പെരുംതോണി
തേങ്ങിയോ പാറക്കെട്ടില്‍...

രണ്ട്​

ആരുടെ പനീര്‍പ്പൂവോ
പാറ, യിങ്ങരക്കെട്ടില്‍
താണിരുന്നെന്നോ മേഘം?
ആരു കണ്ണടയ്ക്കുന്നു ?

തളരും ചുണ്ടത്താരോ
തളിരാല്‍, ഇളന്നീരോ
പകരുന്നിപ്പോള്‍ ? കടല്‍
ക്കോളുപോല്‍ സ്വപ്‌നോദ്വേഗം .

ദീര്‍ഘചുംബനം ഗാഢ-
മാക്കിയ രാത്രിക്കാറ്റും
യാത്രയായ് , മോഹത്തിന്റെ
കാറ്റുപായകള്‍ കെട്ടി.

മൂന്ന്​

പാതിയും മുഖം മൂടി
യെത്തിയ സൂര്യന്‍  വെള്ള -
സ്രാവുകള്‍ വലംവയ്ക്കും
പാറ വീണ്ടെടുക്കുമ്പോള്‍ 

പാടവീണതാം കണ്‍കള്‍
ഞണ്ടുകള്‍ തുരന്നിട്ടും
വാ പിളര്‍ന്നതില്‍ നിന്നും
മൂടല്‍മഞ്ഞുയര്‍ന്നിട്ടും

നാകവിസ്മയം പൂണ്ടു
കിടക്കുന്നോനെച്ചുറ്റി,
പോവുകില്ലെന്നേ കെട്ടി -                    
പ്പുണര്‍ന്നൂ  കിനാവള്ളി.
​​​​​​​


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

വിജയലക്ഷ്​മി

കവി. മൃഗശിക്ഷകന്‍, തച്ചന്റെ മകള്‍, മഴതന്‍ മറ്റേതോ മുഖം, ഒറ്റമണല്‍ത്തരി, വിജയലക്ഷ്മിയുടെ കവിതകള്‍, വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍ എന്നിവ പ്രധാന സമാഹാരങ്ങള്‍.
 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM