Sunday, 28 November 2021

കവിത


Text Formatted
vm girija
വി.എം. ഗിരിജ

 

ആ വീട്ടിലില്ല വെളിച്ചം​​​​​​​​​​​​​​

​​​​​​​ വീട്ടിലില്ല വെളിച്ചം, പാതി
രാവുകളാണ് പകലും.
‘‘കിറ്റീ  പ്രിയപ്പെട്ട തോഴീ'' നോട്ട്-
ബുക്കില്‍ കുറിക്കയാണെല്ലാം.

ആ വീട്ടിലില്ലാ വെളിച്ചം, ഇരുള്‍
കോരിക്കുഴച്ച കുഴലാല്‍ 
പാരുന്നു വേഗം പരക്കും മൃതി,
പോലൊരു നീലനിരാശ.

‘‘ഹാനുക്ക'' ഏഴു ദീപങ്ങള്‍, വച്ചു  
പൂഞ്ചില്ല പോലുള്ള തണ്ടില്‍
ഉല്ലാസം, ഓര്‍മ പ്രാചീനം,അതില്‍   
തെല്ലു വെളിച്ചം കൊളുത്തി! 

എല്ലാരും വേദനിക്കുമ്പോള്‍, വീണു 
മഞ്ഞില്‍ക്കിടന്ന് വേവുമ്പോള്‍ 
ചൂടുള്ള കോസറിക്കാരി, ഒളി - 
ത്താവളത്തില്‍ നിന്നു ചൂളീ!

തട്ടിന്‍പുറത്തെയിരുട്ടില്‍ കറും-
കട്ടിത്തിരശ്ശീല കയ്യാല്‍ 
ഒട്ടു വകയവേ കാണും തെരു-
വെത്ര വിദൂരം അപ്രാപ്യം.

താഴോട്ട് പാളി നോക്കുമ്പോള്‍ 
റോട്ടില്‍ ഓടുന്നു പിള്ളേര്‍ അലമ്പര്‍   
ചൂടുടുപ്പും ഷൂസുമില്ലാ കൂട്ടി -
നാരെന്ന് നിശ്ചയമില്ലാ!

സ്‌കൂളില്‍ മിടുക്കരായ് പോയീ 
ബാഗില്‍ പ്രാതലിന്‍ ചൂടു മാഞ്ഞില്ലാ, 
വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ -ആരും
ബാക്കിയില്ലാ, കൊണ്ട് പോയീ;

അങ്ങതാ കാണാം തെരുവില്‍ ചെളി-
മഞ്ഞിലുരുളും കിടാങ്ങള്‍ 
തല്ല് കൂടുന്നത, വരെ പുല്‍കിയൊന്ന്
ചോറേകുവാന്‍ മോഹം. 

അങ്ങനെ ആന്‍ ഇരിക്കുന്നൂ, കണ്ടു 
കൊണ്ടും വിചാരിച്ചു കൊണ്ടും 
തന്റെ ഒളിവില്‍ ലജ്ജിച്ചും ലോകം 
എന്തിങ്ങനെ എന്നു നൊന്തും.    

മഞ്ഞ നക്ഷത്രം ഇടത്തെ നെഞ്ചില്‍  
പര്‍വതം പോല്‍ കനക്കുന്നൂ
ജാതി മതം പാര്‍ട്ടി പെണ്ണെന്നെല്ലാം
നാമും അത് ധരിക്കുന്നൂ  

എല്ല് തുളയ്ക്കും തണുപ്പേ, ചോര
മഞ്ഞാക്കി മാറ്റും ഭയമേ,
അന്യോന്യം കൊല്ലും വിശപ്പേ,
ലോകം ഒന്നു നശിച്ചു പോയെങ്കില്‍! 

(൧. ആ വീട്ടിലില്ല വെളിച്ചം: ആ വീട് എന്നിവിടെ  സൂചിപ്പിച്ചിരിക്കുന്നത് നാസികളുടെ കയ്യേറ്റത്തെ ഭയന്ന് ആന്‍ ഫ്രാങ്ക് ഒളിച്ചു താമസിച്ച തട്ടിന്‍പുറ വീട്. ൨.കിറ്റീ: ആന്‍ ഫ്രാങ്ക് തന്റെ നോട്ട്ബുക്കിനെ സംബോധന ചെയ്ത പേര്
൩. ഹാനൂക്ക: ജൂത ദീപാവലി എന്നു പറയാം. 
൪. മഞ്ഞ നക്ഷത്രം: ആറു വയസ്സിനു മുകളിലുള്ള ജൂതന്മാര്‍ തിരിച്ചറിയപ്പെടാൻ വേണ്ടി മഞ്ഞ നക്ഷത്രം
ധരിക്കണം എന്ന നിയമം 1941-ല്‍ നിലവില്‍ വന്നു.)


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

വി.എം. ഗിരിജ

കവി. ആകാശവാണി കൊച്ചി നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സറായിരുന്നു. ​​​​​​​പ്രണയം ഒരാല്‍ബം, ജീവജലം, പാവയൂണ്, ഇരുപക്ഷംപെടുമിന്ദുവല്ല ഞാന്‍ എന്നിവ കൃതികള്‍.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM