ഭക്ഷണം, സമൂഹം
ഉഷ എസ്.
നിർബന്ധിത ഭക്ഷ്യ സമ്പുഷ്ടീകരണം
പോഷകാഹാരത്തോടുള്ള
ജനാധിപത്യവിരുദ്ധ സമീപനം
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയില്‍, സമൂഹത്തിന് ദോഷകരമായ കോര്‍പറേറ്റ് നിയന്ത്രിത പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുമ്പോള്‍, വൈവിധ്യമാര്‍ന്ന പ്രാദേശികവും പ്രകൃതിദത്തവുമായ പരിഹാരങ്ങള്‍ അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

പോഷകാഹാരക്കുറവും അനീമിയയും വളരെയധികമുള്ള രാജ്യമാണ് ഇന്ത്യ. അഞ്ചു വയസ്സിന് താഴെയുള്ളവരില്‍ പകുതിയിലധികവും വിളര്‍ച്ചാപ്രശ്‌നം നേരിടുന്നു. ഗര്‍ഭിണികളില്‍ പകുതി പേരും അനീമിയ ബാധിതരാണ്. ഇതിനുള്ള കാരണം, കാലങ്ങളായി നമ്മുടെ ആരോഗ്യ- സാമൂഹിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പോഷകമൂല്യങ്ങളുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഇതില്‍ പ്രധാനം. എന്നാല്‍, അതിനുവേണ്ട നടപടികളിലേക്ക് കൃത്യമായ ആസൂത്രണത്തോടെ നീങ്ങുന്നതിനുപകരം ഭക്ഷ്യ സമ്പുഷ്ടീകരണം എന്ന ആധുനികമെന്ന് തോന്നിക്കുന്ന നയത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. 2700 കോടി രൂപയാണ് ഇതിന് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
ഭക്ഷ്യ സമ്പുഷ്ടീകരണം എന്നാല്‍ എന്താണ്?
വിളവെടുപ്പിനുശേഷമുള്ള ഭക്ഷണങ്ങളില്‍ പ്രകൃതിദത്തമായി ലഭ്യമല്ലാത്ത രാസ/സിന്തറ്റിക് വിറ്റാമിനുകളും ധാതുക്കളും (അയേണ്‍, ഫോളിക് ആസിഡ്, അയോഡിന്‍, സിങ്ക്, വിറ്റാമിന്‍ ബി 12, എ, ഡി മുതലായവ) ചേര്‍ക്കുന്നതിനെ ഭക്ഷ്യ സമ്പുഷ്ടീകരണം എന്നുപറയുന്നു. ജനിതക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ വഴി സസ്യഇനങ്ങളുടെ പ്രജനനത്തിലൂടെ സമ്പുഷ്ടീകരിക്കുന്നതിനെ ബയോ ഫോര്‍ട്ടിഫിക്കേഷന്‍ എന്നുവിളിക്കുന്നു.
കുട്ടികളില്‍ അനീമിയ പോലെ, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അവസ്ഥ കൂടുന്നതിനെക്കുറിച്ച് അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് എല്ലാവര്‍ക്കും അറിയാം. മാത്രവുമല്ല, ഗൗരവമേറിയതും ശാസ്ത്രീയവും സുരക്ഷിതവും സുസ്ഥിരവുമായ ഇടപെടലുകളിലൂടെ ഇത്തരം പോഷകാഹാരക്കുറവ് ഗവണ്‍മെന്റുകള്‍ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.

സമ്പുഷ്ടീകരണം: ആശങ്കകൾ
ഇന്ത്യയിൽ, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയില്‍, നമ്മുടെ മുഖ്യ ആഹാരത്തില്‍ (അരി, ഗോതമ്പ്, എണ്ണ, ഉപ്പ്, പാല്‍) സമ്പുഷ്ടീകരണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെൻറ് തുടക്കമിട്ടുകഴിഞ്ഞു. ഭക്ഷ്യ എണ്ണയും പാലും വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയാല്‍ ശകതിപ്പെടുത്തുന്നു. ഇരുമ്പും അയഡിനും ഉപയോഗിച്ച് ഉപ്പ് ശക്തിപ്പെടുത്തുന്നു. സര്‍ക്കാര്‍ ഭക്ഷ്യ പദ്ധതികളെ (പി.ഡി.എസ്, ഐ.സി.ഡി.എസ്, എം.ഡി.എം.എസ്) ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും അരി സമ്പുഷ്ടീകരണം നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ സൂചന നല്‍കിക്കഴിഞ്ഞു. അതിലൂടെ സര്‍ക്കാര്‍ ഭക്ഷ്യപദ്ധതികളിലെ ഭക്ഷ്യ വസ്തുക്കള്‍ കൃത്രിമമായി ശക്തിപ്പെടുത്തുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത്തരം വലിയ തോതിലുള്ള, നിര്‍ബന്ധിത സമ്പുഷ്ടീകരണം ഗുരുതര ആശങ്കയുണ്ടാക്കുന്നു.
മൈക്രോ ന്യൂട്രിയൻറ് ഫോര്‍മുല ഉപയോഗിച്ച് ഒരു മൈക്രോ ന്യൂട്രിയൻറ് ഭക്ഷണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് എത്ര ഗുണകരമാണ് എന്നതിനെ പറ്റി വിദഗ്ദ്ധരുടെ ഇടയില്‍തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുകയാണ്. അതിന് സമഗ്രപഠനം ആവശ്യമാണ്.
യഥാര്‍ത്ഥ കമ്യൂണിറ്റി നിയന്ത്രിത പരിഹാരങ്ങള്‍ അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു:
സമൂഹത്തിന് ദോഷകരമായ കോര്‍പറേറ്റ് നിയന്ത്രിത പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുമ്പോള്‍, വൈവിധ്യമാര്‍ന്ന പ്രാദേശികവും പ്രകൃതിദത്തവുമായ പരിഹാരങ്ങള്‍ അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ പരിഹാരങ്ങള്‍ പ്രാഥമികമായി ഭക്ഷണ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവര്‍ക്ക് മതിയായ കലോറി നല്‍കുന്നതിനെ പറ്റിയുമാണ് പറയുന്നത്. മൈക്രോ ന്യൂട്രിയൻറ് ഫോര്‍മുല ഉപയോഗിച്ച് ഒരു മൈക്രോ ന്യൂട്രിയൻറ് ഭക്ഷണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് എത്ര ഗുണകരമാണ് എന്നതിനെ പറ്റി വിദഗ്ദ്ധരുടെ ഇടയില്‍തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുകയാണ്. അതിന് സമഗ്രപഠനം ആവശ്യമാണ്. ഉദാഹരണത്തിന്, ഹീമോഗ്ലോബിന്‍ സംശ്ലേഷണം നടക്കണമെങ്കില്‍, അതിനാവശ്യമായ എന്‍സൈമുകള്‍, ഗുണമേന്മയുള്ള പ്രോട്ടീനുകള്‍, മറ്റ് വിറ്റാമിനുകള്‍, അയണ്‍ എന്നിവ ആവശ്യമാണ്. ഭക്ഷണത്തില്‍ കൂടുതല്‍ അയണ്‍ കൂട്ടിചേര്‍ക്കുമ്പോള്‍ ആ അയണ്‍ ശരീരം ആഗിരണം ചെയ്യില്ല, മറിച്ച് അവ ശരീരത്തില്‍ ഫെറിറ്റിന്റെ അളവ് കൂട്ടുക മാത്രമാണ് ചെയ്യുന്നത് എന്ന് ലഭ്യമായ തെളിവുകളില്‍ നിന്ന് വ്യക്തമാണ്. ശരീരം ഇത്തരത്തില്‍ ഇരുമ്പിനെ ശേഖരിച്ചുവയ്ക്കുന്നത് അപകടകരമാണ്.

ഗവണ്‍മെന്റിന്റെ അരി സമ്പുഷ്ടീകരണ നയം പോളിഷ് ചെയ്ത വെള്ള അരിയെ മിക്ക പോഷകങ്ങള്‍ക്കും ആശ്രയിക്കേണ്ട പ്രധാന ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്നു. ഇടുങ്ങിയ ജനിതകാടിത്തറയില്‍നിന്ന് പിറവിയെടുക്കുന്ന വെളുത്ത അരി, എല്ലാത്തിനും അനുയോജ്യമായ പരിഹാരമായി വീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ‘ഇന്ത്യന്‍ ഭക്ഷണക്രമത്തിന്റെ ധാന്യവല്‍ക്കരണം' എന്ന് വിളിക്കപ്പെടുന്ന അരി പോലുള്ള ധാന്യങ്ങളുടെ അമിത ഉപഭോഗം യഥാര്‍ത്ഥത്തില്‍ ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. അമിതമായ കാര്‍ബോഹൈഡ്രേറ്റ് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും അതിന്റെ ഫലമായി, ശരീരത്തില്‍ വലിയ തോതില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അപകടസാധ്യത കൂടിയ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. മറുവശത്ത്, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍, തിന, മില്ലറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പോഷകഗുണമുള്ള പരമ്പരാഗത അരി ഇനങ്ങള്‍, പകുതി പോളിഷ് ചെയ്തതോ പോളിഷ് ചെയ്യാത്തതോ ആയ അരി, പോഷകങ്ങള്‍ സംരക്ഷിക്കാന്‍ പരമ്പരാഗതമായി സംസ്കരിച്ച പ്രധാന ധാന്യങ്ങള്‍, പ്രാദേശിക (കൃഷി ചെയ്യാത്ത) പച്ചിലകള്‍, വൈവിധ്യമാര്‍ന്ന വനവിഭവങ്ങള്‍, ദശലക്ഷക്കണക്കിന് അടുക്കളത്തോട്ടങ്ങളില്‍ നിന്നും പ്രാദേശികമായി നടത്തുന്ന മറ്റ് ശ്രമങ്ങളില്‍ നിന്നും ലഭിക്കുന്ന മറ്റ് വസ്തുക്കൾ തുടങ്ങിയവ ഇത്തരമൊരു നയത്താല്‍ അവഗണിക്കപ്പെടാനുള്ള സാധ്യത കൂടാനുമിടയുണ്ട്.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ പേരിലുള്ള ഇറക്കുമതി-ആശ്രിത സമീപനത്താല്‍, നമ്മുടെ ഭക്ഷണ ശൃംഖല കൂടുതല്‍ കോര്‍പറേറ്റ് നിയന്ത്രണത്തിലാകുകയും സമൂഹങ്ങളുടെ കൈകളില്‍ നിന്നും പ്രാദേശിക സര്‍ക്കാറുകളുടെ കൈകളില്‍ നിന്നും ഭക്ഷ്യസുരക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.
ഭക്ഷണ സമ്പുഷ്ടീകരണം ദശലക്ഷക്കണക്കിന് ഡോളര്‍ കോര്‍പറേറ്റ് നിയന്ത്രിത വ്യവസായമാണ്:
സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന വളരെ ഇടുങ്ങിയ സമീപനത്തില്‍, ലാഭം കൊയ്യുന്നത് വന്‍കിട ബഹുരാഷ്ട്ര കമ്പനികളായിരിക്കും. ഭക്ഷ്യ സമ്പുഷ്ടീകരണത്തിനുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ ആഗോള വിതരണം നിയന്ത്രിക്കുന്നത് കുത്തക വ്യവസായമാണ്. സമ്പുഷ്ടീകരണത്തിനുള്ള മൈക്രോ ന്യൂട്രിയന്റുകള്‍ ഭൂരിഭാഗവും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടാത്തതിനാല്‍ ഇന്ത്യക്ക് ഇവ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ പേരിലുള്ള ഇത്തരം ഇറക്കുമതി-ആശ്രിത സമീപനത്താല്‍, നമ്മുടെ ഭക്ഷണ ശൃംഖല കൂടുതല്‍ കോര്‍പറേറ്റ് നിയന്ത്രണത്തിലാകുകയും സമൂഹങ്ങളുടെ കൈകളില്‍ നിന്നും പ്രാദേശിക സര്‍ക്കാറുകളുടെ കൈകളില്‍ നിന്നും ഭക്ഷ്യസുരക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.

കൃത്രിമമായ സംപുഷ്ടീകരണം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, മാത്രമല്ല സുരക്ഷിതമല്ലാത്തതും ആകാം:
മറ്റു രാജ്യങ്ങളില്‍ പൊതുവിതരണ കേന്ദ്രം വഴി ഇത്തരം സമ്പുഷ്ടീകരിച്ച ഭക്ഷണം വിതരണം ചെയ്യ്തിട്ടുണ്ട്. അവ ഭക്ഷിച്ച് അവരുടെ പോഷകാഹാര കുറവ് ക്രമീകരിക്കപ്പെട്ടു എന്നതിന് യാതൊരു പഠനവും നടന്നിട്ടില്ല. ഇത് ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഭക്ഷണ പദാര്‍ത്ഥത്തില്‍ ഇരുമ്പ് അമിത അളവില്‍ സമ്പുഷ്ടീകരിക്കുന്നതിൽ ഗുരുതര ആശങ്കയുണ്ട്. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചില്ലെങ്കില്‍ അത് വളരെ വിഷലിപ്തമായേക്കാം. സിക്കിള്‍ സെല്‍ അനീമിയ, താലിസീമിയ, മറ്റ് ഹീമോഗ്ലോബിനോപ്പതികള്‍, അല്ലെങ്കില്‍ മലേറിയ, ക്ഷയം പോലുള്ള അണുബാധകള്‍ ഉള്ളവര്‍ക്ക് ഇരുമ്പ് നല്‍കിയാല്‍ അവരുടെ ആരോഗ്യം വഷളായേക്കാം. അതായത് ഇരുമ്പിന്റെ വിരുദ്ധ സൂചനകളുള്ളവർക്ക് ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നത് അപകടസാധ്യത കൂട്ടുന്നു. ഇത്തരത്തില്‍ ഒറ്റമൂലി ഉപയോഗിക്കുമ്പോഴുണ്ടാവാന്‍ സാധ്യതയുള്ള ദോഷവശങ്ങളെക്കുറിച്ച് പഠിക്കാതെയാണ് സമ്പുഷ്ടീകരിച്ച അരി നല്‍കുന്നത്. വയനാട്ടിലെ സാമൂഹിക- പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആശങ്ക പങ്കുവക്കുകയും സര്‍ക്കാരിന്‍ നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ഇരുമ്പിന്റെ അളവ് ജനങ്ങളില്‍ നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനങ്ങളും ഇല്ലാത്തതിനാല്‍, ഇരുമ്പിന്റെ സുരക്ഷിതമായ പരിധി കടക്കുമ്പോള്‍ അവ തടയാന്‍ ഒരു മാര്‍ഗവുമില്ല. മലേറിയ, ക്ഷയം തുടങ്ങിയ രോഗമുള്ളവര്‍ക്ക് അവ കൂടാന്‍ സാധ്യതയുണ്ട്.
ഭക്ഷ്യ സുരക്ഷ അതോറിറ്റി ഗുരുതരമായ ഈ അപകടസാധ്യത തിരിച്ചറിയുന്നു, എന്നാല്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങളുടെ അപകടസാധ്യതകളില്‍ നിന്ന് അത്തരം രോഗികളെ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ മാത്രമാണ് ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനുകീഴില്‍ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടവരാണിവര്‍. എന്നാല്‍ നിയമപരമായ ചട്ടങ്ങള്‍ ഒന്നും തന്നെ ഇക്കാര്യത്തില്‍ ഉണ്ടാക്കിയിട്ടില്ല.
ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഫോര്‍ട്ടിഫിക്കേഷന്‍ ഓഫ് ഫുഡ് റെഗുലേഷന്‍ നിയമം, 2018-ല്‍ താലിസീമിയ ഉള്ളവർ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം മെഡിക്കല്‍ മേല്‍നോട്ടത്തില്‍ മാത്രമേ കഴിക്കാവൂ എന്ന് നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിക്കിള്‍ സെല്‍ രോഗമുള്ളവര്‍ ഇരുമ്പ് കഴിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. കൂടാതെ, ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ദ്ധിക്കുന്നത് (ഫെറിറ്റിന്‍) സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം, രക്താതിമര്‍ദ്ദം മുതലായവ.

ഇരുമ്പിന്റെ അളവ് ജനങ്ങളില്‍ നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനങ്ങളും ഇല്ലാത്തതിനാല്‍, ഇരുമ്പിന്റെ സുരക്ഷിതമായ പരിധി കടക്കുമ്പോള്‍ അവ തടയാന്‍ ഒരു മാര്‍ഗവുമില്ല. മലേറിയ, ക്ഷയം തുടങ്ങിയ രോഗമുള്ളവര്‍ക്ക് അവ കൂടാന്‍ സാധ്യതയുണ്ട്. മലേറിയ സ്ഥിരമായി കാണപ്പെടുന്ന സ്ഥലങ്ങളിലെ ആളുകളില്‍ ഇത് ഭക്ഷിക്കുന്നതുമൂലം ഇരുമ്പിന്റെ അളവ് കൂടുകയും രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും. അയണ്‍ സപ്ലിമെന്റുകള്‍ ദരിദ്രരായ ജനങ്ങളുടെ ഇടയില്‍ മലേറിയക്കുള്ള സാധ്യത ഉണ്ടാക്കും. കൂടാതെ, ബാക്ടീരിയ, വൈറല്‍ അണുബാധക്ക് സാധ്യത കൂട്ടുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ സര്‍ക്കാറിനെ ഓര്‍മിപ്പിക്കുന്നുണ്ട്.
സമ്പുഷ്ടീകരണത്തിലേക്കുള്ള ഏതൊരു നീക്കവും ധാര്‍മികവും പാരിസ്ഥിതികവും ആരോഗ്യകരവുമായ ഭക്ഷ്യവിതരണം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഉപജീവനത്തിന് ഭീഷണിയാകും. ഇത് ചെറുകിട അരിമില്ലുകാരുടെയും ഉപജീവനത്തിന് ഭീഷണിയാണ്.
പ്രാദേശിക ഉപജീവനത്തിന് ഭീഷണി:
നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും അസംഘടിത മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുകയും സംസ്കരിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരാണ്. മെച്ചപ്പെട്ട സാങ്കേതികവിദ്യകളിലൂടെയും സമ്പ്രദായങ്ങളിലൂടെയും അരി സമ്പുഷ്ടീകരിക്കാൻ അടിസ്ഥാന സൗകര്യങ്ങളുള്ള ജര്‍മനി, ഫ്രാൻസ്, നെതർലാൻറ്, സ്വിസ്സർലാൻറ് എന്നീ രാജ്യങ്ങളിലെ മൈക്രോ ന്യൂട്രിയൻറ്- ഫുഡ് പ്രോസസിംഗ് കുത്തക കമ്പനികള്‍ക്ക് അരി സമ്പുഷ്ടീകരണത്തിൽ അനുകൂലമായ വിപണികള്‍ സൃഷ്ടിക്കാവാന്‍ കഴിയും. ഇത്തരം സമ്പുഷ്ടീകരണത്തിലേക്കുള്ള ഏതൊരു നീക്കവും ധാര്‍മികവും പാരിസ്ഥിതികവും ആരോഗ്യകരവുമായ ഭക്ഷ്യവിതരണം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഉപജീവനത്തിന് ഭീഷണിയാകും. ഇത് ചെറുകിട അരിമില്ലുകാരുടെയും ഉപജീവനത്തിന് ഭീഷണിയാണ്. കേരളത്തില്‍ സമീപകാലത്തായി സര്‍ക്കാർ സഹായത്തോടെ തന്നെ പ്രാദേശിക അരിമില്ലുകള്‍ വളര്‍ന്നുവരുന്നുണ്ട്. ഇത് പ്രാദേശിക ഭക്ഷ്യോല്‍പ്പാദനം ഉയര്‍ത്തുന്നതിനും ഭക്ഷ്യാധിഷ്ഠിത സംരംഭങ്ങള്‍ വളരുന്നതിനും ഇടയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം സാവധാനം ഇല്ലാതാക്കാന്‍ വികലമായ ഭക്ഷ്യ സുരക്ഷാ നയങ്ങളിലൂടെ സാധിക്കും. ഇത് യഥാര്‍ത്ഥ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി തന്നെയാണ്.
നയപരമായ തീരുമാനങ്ങള്‍ താല്‍പര്യങ്ങളുടെ വൈരുദ്ധ്യത്താല്‍ നിറഞ്ഞതാണ്:

ഗവണ്‍മെന്റിന്റെ അരി സമ്പുഷ്ടീകരണ നീക്കത്തില്‍, വിദേശ കോര്‍പറേറ്റ് ലോബികളുടെ സാന്നിധ്യം വ്യക്തമാണ്. ഭക്ഷ്യ സുരക്ഷാ അതോറിറ്റി പോലുള്ള റെഗുലേറ്ററി ബോഡികളില്‍ പോലും അരി സമ്പുഷ്ടീകരണം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദരിദ്രരായ പ്രാഥമിക പങ്കാളികളെ അറിയിക്കുകയോ കൂടിയാലോചിക്കുകയോ ചെയ്തിട്ടല്ല ഇവര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നു മാത്രമല്ല, ഈ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആനുപാതികമല്ലാത്ത വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. പ്രാഥമിക പഠനങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. വാസ്തവത്തില്‍, പൊതു വിലയിരുത്തലിനോ ചര്‍ച്ചയ്‌ക്കോ സൂക്ഷ്മപരിശോധനയ്‌ക്കോ കാത്തുനില്‍ക്കാതെയാണ് ഇത് നടപ്പാക്കുന്നത്.
വൈവിധ്യമാര്‍ന്ന ഭക്ഷണരീതികള്‍, പോഷകസമൃദ്ധമായി സംസ്കരിച്ച വസ്തുക്കള്‍, വിളകള്‍, അഗ്രോ ഇക്കോളജി വളര്‍ത്താന്‍ കഴിയുന്ന കര്‍ഷകരുടെ ഇനങ്ങള്‍ എന്നിങ്ങനെയുള്ള യഥാര്‍ത്ഥ ബദലുകൾ, സമ്പുഷ്ടീകരണത്തിലൂടെ ഒഴിവാക്കപ്പെടും.
മുകളില്‍ പറഞ്ഞ ആശങ്കകള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗവണ്‍മെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന് തൃപ്തികരമോ ശാസ്ത്രീയമായി സ്വീകാര്യമോ ആയ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ, രാജ്യത്തുടനീളമുള്ള നിരവധി ജില്ലകളിലെ എല്ലാ അങ്കണവാടികളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. വൈവിധ്യമാര്‍ന്ന ഭക്ഷണരീതികള്‍, പോഷകസമൃദ്ധമായി സംസ്കരിച്ച വസ്തുക്കള്‍, വിളകള്‍, അഗ്രോ ഇക്കോളജി വളര്‍ത്താന്‍ കഴിയുന്ന കര്‍ഷകരുടെ ഇനങ്ങള്‍ എന്നിങ്ങനെയുള്ള യഥാര്‍ത്ഥ ബദലുകളെ ഇത് ഒഴിവാക്കുമെന്ന് വ്യക്തമാണ്. പോഷകങ്ങളും മണ്ണിന്റെ ആരോഗ്യനിലയും ചെടിയുടെ പോഷകനിലയും അതുവഴി മനുഷ്യ പോഷണവും നിര്‍ണയിക്കുന്നു എന്നത് ഇന്ന് ശാസ്ത്രീയമായിതന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതിനാല്‍ ഗവണ്‍മെന്റിന്റെ അരി സമ്പുഷ്ടീകരണം പോഷകാഹാരക്കുറവ് എന്ന പ്രശ്‌നം പരിഹരിക്കാന്‍ സാധ്യതയില്ല; മറിച്ച് നമ്മുടെ ഭക്ഷ്യസമ്പ്രദായം കോര്‍പറേറ്റുകൾ പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ▮