Wednesday, 29 March 2023

Memoir


Text Formatted

അധ്യാപകന്റെ സമയം

കടലുകള്‍ക്കപ്പുറത്തു നിന്നും സങ്കടത്തിന്റെ ഒരു കടല്‍ എന്നിലേക്ക് ഇരച്ചു കയറിയ അനുഭവം. നിറഞ്ഞ കണ്ണുകളോടെയാണ് അന്നു രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നത്. പക്ഷേ ആ ഉപ്പ പറഞ്ഞ പോലെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കൂടിയായിരുന്നു അത്-  ഒരു അധ്യാപകന്‍ ജീവിതത്തിലെ വിലപ്പെട്ട നിമിഷം ഓര്‍ത്തെടുക്കുന്നു

Image Full Width
Image Caption
Photo: Wikimedia Commons
Text Formatted

ധ്യാപകന്റെ ജീവിതത്തിന് വേഗതയേറെയാണ്.
ഇത്ര കാലം എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത് എന്ന് ഒരു നിശ്വാസത്തോടെ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. അധ്യാപകര്‍ക്ക് സമയത്തിന്റെ യൂനിറ്റ് 3 മാസം കൂടുമ്പോഴുള്ള "പാദ വര്‍ഷങ്ങളാണ് '.

പാദവാര്‍ഷിക പരീക്ഷകളുടെ അര്‍ദ്ധവിരാമങ്ങളിലൂടെ സമയം കുതിച്ചുപായും. മൂന്നാമത്തെ പാദത്തില്‍ വാര്‍ഷിക പരീക്ഷയെന്ന ഒരു പൂര്‍ണവിരാമവും. എസ്.എസ്.എല്‍.സി പരീക്ഷയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇത്രയധികം പ്രാധാന്യം ഈ പരീക്ഷക്ക് എങ്ങനെ കൈവന്നു എന്ന് എപ്പോഴും അത്ഭുതപ്പെടും.
ഞാന്‍ SSLC പരീക്ഷ എഴുതിയ കാലത്തൊക്കെ പരീക്ഷാഫലം പത്രത്തിലാണ് വരിക. എസ്.എസ്.എല്‍.സി ഫലം വന്ന ദിവസത്തെ പത്രത്തിന്റെ വില പിന്നീട് ഒരിക്കലും ഒരു പത്രത്തിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. ഫസ്റ്റ് ക്ലാസ് നമ്പറിന് നക്ഷത്രചിഹ്നവുമുണ്ടാവും. അന്നൊക്കെ ഒരു ക്ലാസില്‍ പരീക്ഷ പാസാവുക വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഒരു ഭാഗ്യപരീക്ഷണമായേ രക്ഷിതാക്കളും SSLC പരീക്ഷയെ കണ്ടിരുന്നുള്ളൂ.

ഞാന്‍ പഠിച്ച സ്‌ക്കൂളിനടുത്തു തന്നെ ഒരു ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. അപ്പോഴും പരീക്ഷാ ഫലം പത്രത്തില്‍ വരാറുണ്ട്. അക്കാലത്തൊരിക്കല്‍ ഒരു രക്ഷിതാവ് കൈയിലൊരു പത്രവുമായി വളരെ നിരാശയോടെ ട്യൂഷന്‍ സെന്ററില്‍ കയറിവന്ന് പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍ക്കുന്നു: ""മാഷേ, ഒരൊറ്റ നമ്പറിനാണ് എന്റെ മോന്‍ തോറ്റു പോയത്.''
ആ കുട്ടിയുടെ തൊട്ടുമുമ്പുള്ള നമ്പര്‍ ജയിച്ച കുട്ടിയുടേതായിരുന്നു.

school

കാലമേറെ മാറി. ഇപ്പോള്‍ ഒരു സ്‌ക്കൂളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ തോല്‍ക്കുന്നുള്ളൂ. ഇക്കാലത്ത് പത്താംതരം ക്ലാസ് ടീച്ചറാവുക എന്നത് ചങ്കിടിപ്പുള്ള കാര്യമാണ്. അവരുടെ സമയവേഗമാകട്ടെ മറ്റു അധ്യാപകരുടേതിന്റെ ഇരട്ടിയാണ്. പരീക്ഷാഫലം വരുന്ന ദിവസം ജീവിതത്തില്‍ ഏറെ നിര്‍ണായകവുമാണ്. തോല്‍ക്കുന്ന ആ കുട്ടി... വല്ലാത്ത ആധിയാണ്. തലേന്നുരാത്രി ഉറക്കമേ ഉണ്ടാവില്ല. ചില മുന്‍കരുതലുകളൊക്കെ മുമ്പേ സ്വീകരിക്കും. എന്റെ ക്ലാസിലെ അവന്റെ കാര്യം പോക്കാ... എന്നൊക്കെ സ്റ്റാഫ് റൂമില്‍ നേരത്തേ പ്രഖ്യാപിക്കും. മുമ്പേ എറിയുന്ന ഒരു കല്ല്. നൂറ് ശതമാനമാണ് എല്ലാ വര്‍ഷവും ഞങ്ങളുടെ ലക്ഷ്യം.

ഞാന്‍ ജോലി ചെയ്യുന്ന സ്‌ക്കൂളില്‍ ആണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. അത്ര എളുപ്പമൊന്നുമല്ല നൂറ് ശതമാനത്തിലെത്താന്‍. പരീക്ഷയുടെ മൂന്നു മാസം മുമ്പ് മുതല്‍ സ്‌ക്കൂള്‍ 12 മണിക്കൂറിലധികം പ്രവര്‍ത്തിക്കും. രാവിലെ എട്ടുമണിക്ക് ആരംഭിച്ചാല്‍ രാത്രി 8.30 നേ സ്‌ക്കൂള്‍ അടയ്ക്കൂ. നമ്മുടെ വലിയ സഹായവും പരിഗണനയും ആവശ്യമുള്ള ഒരു വിഭാഗം കുട്ടികള്‍ക്ക് വേണ്ടിയാണിത്. തോറ്റുപോവാന്‍ വലിയ സാധ്യതയുളള്ള ഈ കൂട്ടരാണ് സ്‌ക്കൂളിലെ താരങ്ങള്‍. അവര്‍ക്ക് അത്രയധികം പരിഗണനയാണല്ലോ. വൈകുന്നേരം ലഘുഭക്ഷണമൊക്കെയുണ്ടാവും. ഒരു ദിവസം ഭക്ഷണം തയ്യാറാക്കി വെക്കാന്‍ പറ്റിയില്ല. അന്ന് ബേക്കറിയില്‍ നിന്ന് വാങ്ങിയ ഓരോ ചെറിയ കേയ്ക്കാണ് കൊടുത്തത്. മാഷ് അടുത്തുണ്ടെന്ന് ശ്രദ്ധിക്കാതെ ഒരു കുട്ടി മനസ്സു തുറന്നു: "ഓ ഒരു കെയ്ക്കും തന്നിട്ട് നൂറ് ശതമാനം ഉണ്ടാക്കാന്‍ നടക്കുന്നു.' താന്‍ സ്‌ക്കൂളിലെ VIP യാണെന് ബോധ്യപ്പെട്ട ഒരു കുട്ടിയുടെ തികച്ചും ആത്മാര്‍ത്ഥവും സത്യസന്ധവുമായ പ്രതികരണം.

school
പരീക്ഷയുടെ മൂന്നു മാസം മുമ്പ് മുതല്‍ സ്‌ക്കൂള്‍ 12 മണിക്കൂറിലധികം പ്രവര്‍ത്തിക്കും. രാവിലെ എട്ടുമണിക്ക് ആരംഭിച്ചാല്‍ രാത്രി 8.30 നേ സ്‌ക്കൂള്‍ അടയ്ക്കൂ.

രാത്രികാല ക്ലാസില്‍ ഉള്‍പ്പെട്ട ആരെങ്കിലും സ്‌ക്കൂളില്‍ വന്നില്ലെങ്കില്‍, പിറ്റേന്ന് വരുമ്പോള്‍ രക്ഷിതാവിനേയും കൂട്ടിയേവരാവൂ എന്നാണ് ചട്ടം. ഇക്കാര്യം ഓര്‍മിപ്പിച്ച് അന്നുവരാത്ത കുട്ടികളുടെ വീട്ടില്‍ വിളിക്കാറുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തില്‍ രാത്രി വൈകി രക്ഷിതാവിന്റെ മറുപടി ഫോണ്‍ വന്നു: "നിങ്ങള്‍ക്ക് 100% ചുട്ടു തിന്നാന്‍ ഞാനവിടെ വരണമല്ലേ. മനസ്സില്ല വരാന്‍... '; കൂടെ പറഞ്ഞത് ഇവിടെ പറയുന്നില്ല. പിറ്റേന്ന് പുലര്‍ച്ചേ കോളിംഗ്‌ബെല്‍ കേട്ടാണ് ഉണര്‍ന്നത്. ഇന്നലെ രാത്രി ഫോണിലൂടെ എന്നെ ഉപദേശിച്ചയാളാണ്. രാത്രി നടന്ന കാര്യം ഭാര്യ പുലര്‍ച്ചേ ഓര്‍മിപ്പിച്ചപ്പോള്‍ ക്ഷമ ചോദിക്കാന്‍ വന്നതാണ്. പരീക്ഷ തുടങ്ങുന്നതിന്റെ അടുത്ത ദിവസങ്ങള്‍ അധ്യാപകർക്ക് അത്ര നല്ല സമയമല്ല. 

ഗ്രില്‍സില്‍ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചപ്പോള്‍ വാതില്‍ തുറന്ന് പുറത്തുവന്നത് മൂന്ന് കുട്ടികളും രണ്ടു സ്ത്രീകളും പ്രായമുള്ള ഒരു ഉമ്മൂമ്മയുമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ച മുഖം മാത്രം അക്കൂട്ടത്തില്‍ കണ്ടില്ല.

ഗൃഹസന്ദര്‍ശനം പരീക്ഷാകാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. കുട്ടികള്‍ പുലര്‍ച്ചേ എഴുന്നേറ്റ് പഠിക്കുന്നുണ്ടോ എന്നുനോക്കണം. പ്രത്യേകിച്ച് പരീക്ഷാകാലത്തെ താരങ്ങള്‍. അന്ന് വളരെ നേരത്തേ പുറപ്പെട്ടു. അഞ്ചു പേരുണ്ടായിരുന്നു സംഘത്തില്‍. ഒമ്പതുമണിക്ക് സ്‌ക്കൂളിലെത്തേണ്ടതുകൊണ്ട് സമയത്തിന്റെ വില നന്നായറിയാം. റെയില്‍ കടന്ന് അപ്പുറം പോവണം. റെയിലിന്റെ ഇപ്പുറത്തുവരെ മാത്രമേ സ്‌ക്കൂട്ടര്‍ ഉപകരിക്കൂ. കുറച്ചധികം നടക്കേണ്ടതുണ്ട്. ചെറിയ ഇടവഴിയിലൂടെയാണ് യാത്ര.

ഇന്നത്തെ പ്രധാന ലക്ഷ്യം പഠനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന കുട്ടിയുടെ വീടാണ്. നൂറ് ശതമാനമെന്ന സ്വപ്ന ലക്ഷ്യത്തിലേക്കുള്ള യാത്ര. ഒടുവില്‍ എത്തിച്ചേര്‍ന്നത് ഒരു ചെറിയ ഒറ്റനിലയിലുള്ള വീടിനു മുമ്പില്‍. വരാന്ത ഗ്രില്‍ ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്. ആ കുട്ടിയെ എല്ലാവര്‍ക്കും നന്നായറിയാം. ക്ലാസിലും രാത്രി കാല ക്ലാസിലുമൊക്കെ വളരെ നിശബ്ദനാണ്. പരീക്ഷയില്‍ ജയിക്കുമെന്ന വലിയ പ്രതീക്ഷയൊന്നും വെച്ചു പുലര്‍ത്തുന്നില്ല എന്ന് തോന്നിക്കുന്ന കണ്ണുകള്‍. തീരെ മെലിഞ്ഞ പ്രകൃതം. വീട്ടുമുറ്റത്തെത്തിയപ്പോള്‍ ആരും ഉണര്‍ന്നിട്ടില്ല എന്നു തോന്നി. എഴുമണിയോടടുക്കുന്ന സമയം. ഗ്രില്‍സില്‍ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചപ്പോള്‍ വാതില്‍ തുറന്ന് പുറത്തുവന്നത് മൂന്ന് കുട്ടികളും രണ്ടു സ്ത്രീകളും പ്രായമുള്ള ഒരു ഉമ്മൂമ്മയുമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ച മുഖം മാത്രം അക്കൂട്ടത്തില്‍ കണ്ടില്ല. വലിയ സ്വീകരണമായിരുന്നു. ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ. സ്‌നേഹപൂര്‍വം വരാന്തയിലേക്ക് ക്ഷണിച്ചിരുത്തിയതിനു പുറമേ ഉമ്മൂമ്മ ചായയെടുക്കാന്‍ അവിടെയുളള സത്രീകളോട് ആവശ്യപ്പെട്ടു. വേണ്ട എന്നു പറഞ്ഞെങ്കിലും അവരതത്ര കാര്യമാക്കിയില്ല.

ഉമ്മൂമ്മ തന്നെയാണ് സംസാരിച്ചത്; ""അവന്‍ പഠിക്കാന്‍ മോശാ. എത്ര പറഞ്ഞാലും പുസ്തകം തുറക്കൂല്ല. സ്‌ക്കൂളില്‍ രാത്രിയൊക്കെ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ മാറ്റമുണ്ട്. ഇപ്പോള്‍ പുസ്തകമൊക്കെ വായിക്കുന്നുണ്ട്''; വലിയ സന്തോഷത്തോടെ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. 

"എന്നിട്ട് അവനെവിടെ? ' ഇടക്കുകയറി ഒരാള്‍ ചോദിച്ചു. 
"അവനുറങ്ങുകയാ ... ' ഇതുകേട്ട് ഞങ്ങള്‍ക്കുണ്ടായ അമ്പരപ്പിന് ഉടന്‍ മറുപടി വന്നു: ദിവസവും പുലര്‍ച്ചേ 4 മണിക്ക് അവന്റെ ഉപ്പ, എന്റെ മോന്‍ ഗള്‍ഫില്‍ നിന്ന് ഫോണ്‍ വിളിച്ച് അവനെ ഉണര്‍ത്തും. അവന്‍ പഠിക്കാനിരിക്കും. കുറേ സമയം പഠിച്ചു കഴിഞ്ഞാല്‍ അവന്‍ ഉറങ്ങും. അവനിപ്പോള്‍ ഉറങ്ങുകയാണ്. ചായയുമായി വന്ന ഉമ്മയ്ക്കും നല്ല സന്തോഷം. മോനിപ്പോള്‍ നന്നായി പഠിക്കുന്നുണ്ടെന്നാണ് അവരും പറഞ്ഞത്. അവനെ വിളിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്നാണ് ഞങ്ങള്‍ പറഞ്ഞത്. സ്‌ക്കൂളില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്ന കഷ്ടപ്പാടുകള്‍ക്കൊക്കെ ഏറെ നന്ദി പറഞ്ഞാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്. 
ആ വര്‍ഷത്തെ റിസല്‍ട്ട് വന്നു. നൂറുശതമാനം വിജയം. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌ക്കൂളാണ് ഞങ്ങളുടേത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 100 % വിജയം നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ബോയ്‌സ് സ്‌ക്കൂള്‍! സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ട ദിനം. രാത്രി വൈകുവോളം ധാരാളം ഫോണ്‍ വിളികള്‍. ജയിക്കില്ല എന്ന് ഉറപ്പിച്ചവരുടെ രക്ഷിതാക്കള്‍ സന്തോഷം പങ്കുവെക്കുകയായിരുന്നു. പിന്നെ സുഹൃത്തുക്കള്‍.

school

രാത്രി 11.30 കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍. ആ വിളി ഗള്‍ഫില്‍ നിന്നായിരുന്നു. എന്നും പുലര്‍ച്ചേ നാലുമണിക്ക് വിളിച്ച് മകനെ പഠിക്കാനിരുത്തുന്ന ആ ഉപ്പ. സ്വയം പരിചയപ്പെടുത്തിയതിനുശേഷം അദ്ദേഹം സംസാരിച്ചത് തൊണ്ട ഇടറിക്കൊണ്ടായിരുന്നു. 

""തിരക്കാക്കെ കഴിയട്ടെ എന്നു കരുതിയാണ് ഇത്ര വൈകി വിളിക്കുന്നത്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ ആളാണ്. എന്നെ പഠിപ്പിക്കാനൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലെ സ്ഥിതി തീരെ മോശമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഒരു ഹോട്ടലില്‍ പ്ലേറ്റ് കഴുകാന്‍ പോയി. കുറേക്കാലം അവിടെ ജോലി ചെയ്തു. അവിടെ നിന്നുള്ള ഒരു പരിചയത്തിലാണ് ഞാന്‍ ഗള്‍ഫിലെത്തിയത്. ഇവിടേയും പണി അതൊക്കെ തന്നെ. ഏഴാം ക്ലാസുകാരന് വേറെന്ത് പണി കിട്ടാന്‍. ഇന്നും ഏറെ കഷ്ടപ്പാട് തന്നെയാണ്. എന്തു കഷ്ടപ്പാടായാലും വേണ്ടില്ല, എന്റെ മോന് എന്റെ ഗതി വരരുത് എന്ന് മാത്രമാണ് ചിന്ത. മോന്‍ പഠിപ്പിലത്ര പോരാ എന്നറിയാം.

നിറഞ്ഞ കണ്ണുകളോടെയാണ് അന്നു രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നത്.
​​​​​​​പക്ഷേ ആ ഉപ്പ പറഞ്ഞ പോലെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കൂടിയായിരുന്നു അത്.

പത്താം ക്ലാസ് പാസായില്ലെങ്കില്‍ ഗള്‍ഫില്‍ പോലും പോവാന്‍ പറ്റില്ലല്ലോ. എന്റെ മോന്‍ പത്താം ക്ലാസ് ജയിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. എന്നെപ്പോലെ എന്റെ മോനും കഷ്ടപ്പെട്ടു പോവുമല്ലോ എന്നോര്‍ത്ത് എന്നും സങ്കടമാണ്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് നാട്ടില്‍ പോവുന്നത്. കഴിഞ്ഞ വര്‍ഷം പോയതാണ്. എന്നാല്‍ ഈ പരീക്ഷ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള ആഴ്ച രണ്ടു ദിവസത്തേക്ക് ഞാന്‍ നാട്ടില്‍ വന്നിരുന്നു. എന്റെ മുതലാളിയോട് ഏറെ അപേക്ഷിച്ചിട്ടാണ് സമ്മതിച്ചത്. എനിക്കെന്റെ മോനെ കാണണമായിരുന്നു. എന്റെ സങ്കടങ്ങള്‍ നേരിട്ട് അവനോട് പറയണമായിരുന്നു. എന്റെ ഗതി എന്റെ മോനുമുണ്ടാവരുത്. മാഷും ആ സ്‌ക്കൂളിലെ മറ്റുള്ളവരും എനിക്ക് ചെയ്തുതന്നതിന് ഒന്നും തിരിച്ചു തരാനില്ല. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണിന്ന്.''
ഒരു കരച്ചിലിലാണ് അദ്ദേഹം അവസാനിപ്പിച്ചത്. 

കടലുകള്‍ക്കപ്പുറത്തു നിന്നും സങ്കടത്തിന്റെ ഒരു കടല്‍ എന്നിലേക്ക് ഇരച്ചു കയറിയ അനുഭവം. നിറഞ്ഞ കണ്ണുകളോടെയാണ് അന്നു രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നത്.
​​​​​​​പക്ഷേ ആ ഉപ്പ പറഞ്ഞ പോലെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കൂടിയായിരുന്നു അത്. അധ്യാപകന്റെ സമയത്തിന് ഇത്ര വലിയ വിലയുണ്ടെന്ന് അനുഭവപ്പെട്ട ദിവസം. 

(അധ്യാപകര്‍ക്ക് തങ്ങളുടെ ഹൃദയസ്പര്‍ശിയായ സ്‌കൂള്‍ അനുഭവം എഴുതാം; ഇ- മെയില്‍: editor@truecopy.media)

പ്രഭാകരന്‍ വി. പി.

മടപ്പള്ളി ജി.വി.എച്ച്.എസ്.എസില്‍ പ്രധാനാധ്യാപകന്‍. 1993ല്‍ എച്ച്.എസ്.എസ് ആയി ജോലിയില്‍ പ്രവേശിച്ചു.
 

Audio