വെറും മനുഷ്യർ- 83
മുഹമ്മദ് അബ്ബാസ്
കാറ്റുപാറയുടെ തുഞ്ചത്തുനിന്ന്
കോച്ചിയമ്മ മരണത്തിലേക്ക് പറന്നു
പരാജയപ്പെട്ട രണ്ടിലധികം ആത്മഹത്യാശ്രമങ്ങളുടെ അപമാനം കിടക്കപ്പായയില്‍ അഴിഞ്ഞുവീണ ഉടുമുണ്ടുപോലെ എന്നില്‍ അടയാളപ്പെട്ട് കിടപ്പുണ്ട്. പക്ഷേ 65 വയസ്സു കഴിഞ്ഞ കോച്ചിയമ്മ ആ മരണമുനമ്പില്‍ നിന്നപ്പോള്‍ അവരുടെ ഉള്ളിലൂടെ കടന്നുപോയ അഗ്‌നിക്കാറ്റുകളെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

ടാപ്പ് ചെയ്യുന്ന തോട്ടത്തിനും ഇടവേളകള്‍ ചെലവഴിക്കുന്ന കുന്നിന്‍ചരിവിന്റെയും ഇടതുഭാഗത്തായിട്ടാണ് കാറ്റുപാറ നിന്നത്. ഉയരത്തില്‍ ആകാശം തൊടുമാറ്...
അതിന്റെ തുഞ്ചത്തുകൂടി മേഘങ്ങള്‍ കടന്നുപോയിരുന്നു. ഏത് കൊടിയ വേനലിലും അവിടെ കാറ്റുണ്ടാവും. മഞ്ഞിന്‍ തണുപ്പുള്ള ആ കാറ്റുകള്‍ക്കുതാഴെ കരിമ്പാറകളും പാഴ്മരങ്ങളും ജീവിച്ചു. കാറ്റുപാറയുടെ ഉയരത്തില്‍ നിന്നാണ് ആ ദേശത്തെ പരാജിതജീവിതങ്ങള്‍ മരണത്തിലേക്ക് പറന്നത്.
ആ പാറകള്‍ക്കും പാഴ്മരങ്ങള്ക്കും പുല്‍ക്കാടുകള്‍ക്കും മരണത്തിന്റെ ഗന്ധമായിരുന്നു.
അവിടെ കയറിനിന്ന് ചുറ്റുമുള്ള ഹരിതാഭകള്‍ കാണുന്ന അവസരങ്ങളിലൊക്കെ ഞാന്‍ ഒക്കാലി മൂടിനെ ഓര്‍ത്തു. വെളിച്ചം പൂക്കുന്ന മരം കാണിച്ചുതന്ന താത്താനെ ഓര്‍ത്തു. ജീവിതത്തില്‍ ആദ്യം കണ്ട മഴവില്ലിനെ ഓര്‍ത്തു. മഴ നനഞ്ഞ ജമ്പറിനുള്ളില്‍നിന്ന് പുറംചാടാന്‍ കൊതിക്കുന്ന രണ്ട് മുയല്‍ക്കുഞ്ഞുങ്ങളെ ഓര്‍ത്തു. ആരുമില്ലാത്ത ആ വിജനതയില്‍നിന്ന് ഞാന്‍ ഉറക്കെ ഒച്ചയുണ്ടാക്കി. ചുറ്റുമുള്ള കുന്നുകളിലും മലകളിലും തട്ടി എന്റെ ഒച്ച എന്നിലേക്ക് തന്നെ മടങ്ങിവന്നു.

ദൂരെ കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കുംപോലെ കുറ്റ്യാടി പട്ടണം കിടന്നു.
അത്തരമൊരു കൂക്കിവിളിയുടെ അവസരത്തില്‍ മറുവിളിയായിട്ടാണ് ഞാന്‍ കോച്ചിയമ്മയെ ആദ്യം കണ്ടത്. ടാപ്പിങ് കഴിഞ്ഞ് ഞാന്‍ വിശ്രമിക്കാനിരിക്കുന്ന കുന്നിന്റെ മറുചെരുവിലെ പുല്‍ക്കാടുകളില്‍ ആടിനെ കെട്ടിയിട്ട്, കോച്ചിയമ്മ കരിമ്പാറയില്‍ മലര്‍ന്ന് കിടന്നു. അവരുടെ വെള്ള തലമുടി കാറ്റത്ത് പറന്നു. കരിംപച്ചകള്‍ക്കും പാറയുടെ ചാരവര്‍ണ്ണത്തിനുമിടയില്‍ അവരുടെ നരച്ച തലമുടി കാറ്റുപിടിച്ച അരുവിയായി ശൂന്യതയിലൂടെ ഒഴുകി. പിറ്റേന്ന് ടാപ്പിങ് കഴിഞ്ഞ് ഞാനവരെ തേടിച്ചെന്നു. സ്‌കൂള്‍ കുട്ടികളെയും നോക്കി വെള്ളമിറക്കി ഞാനിരുന്ന ദിവസങ്ങളിലെല്ലാം അവരാ കുന്നിന്റെ മറുചെരിവിലുണ്ടായിരുന്നു.
എന്റെ ചുണ്ടിനുമേല്‍ മീശ പൊടിഞ്ഞുവരുന്നുണ്ടെന്ന് കോച്ചിയമ്മയാണ് എനിക്കാദ്യം പറഞ്ഞുതന്നത്. ആ പൊടിമീശ വലുതാവുമെന്നും വലുതായാല്‍ അതിന്റെ അഹന്തയിലും ബലത്തിലും തന്റെ മകന്‍ കാട്ടിക്കൂട്ടുന്നതൊന്നും ഞാന്‍ കാട്ടരുതെന്നും അവരെനിക്ക് പറഞ്ഞുതന്നു.
അവരുടെ കൈയ്യില്‍ തൂക്കുപാത്രമുണ്ടാവും. അതില്‍ കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കുത്തിനിറച്ചിട്ടുണ്ടാവും. ചില ദിവസങ്ങളില്‍ വരട്ടിയ മത്തിത്തലകളും ഉണ്ടാവും. കൈലി മുണ്ടും വെള്ള ബ്ലൗസുമായിരുന്നു അവരുടെ വേഷം. ചുക്കിച്ചുളിഞ്ഞതാണെങ്കിലും ആ മുഖത്തിന് തേജസുണ്ടായിരുന്നു. അവര്‍ തനിയെ പാട്ടുപാടും. ഞാന്‍ ടാപ്പ് ചെയ്യുമ്പോള്‍ അവരവിടെയിരുന്ന് പാട്ടുപാടുന്നുണ്ടാവും. പക്ഷേ എന്റെ അരികിലേക്കെത്താതെ ആ പാട്ടുകളെ വയനാടന്‍ കാറ്റുകള്‍ പറത്തിക്കൊണ്ടുപോവും. ആരും കേള്‍ക്കാതെ ആ പാട്ടുകള്‍ വെറും ദൂരങ്ങളില്‍ ലയിച്ചുചേരും.
എന്നെ ആദ്യമായി കണ്ട അവസരത്തില്‍ തന്നെ അവര്‍ പറഞ്ഞു, ‘കുട്ടിന്റെ ഉള്ളില് സങ്കടം ണ്ടല്ലോ.'
എന്റെ ഒറ്റവഴി പ്രണയത്തിന്റെ ശവമഞ്ചം തോട്ടക്കാടിറങ്ങി പോയിട്ട് അന്നേക്ക് ആഴ്ച ഒന്ന് തികഞ്ഞിരുന്നു.

എന്റെയുള്ളില്‍ സങ്കടങ്ങളെയുള്ളൂ എന്ന് ഞാനവരോട് പറഞ്ഞില്ല.
ഞാനാ വെളുവെളുത്ത മുടിയിലേക്ക് കൗതുകത്തോടെ നോക്കി. ഉടയാത്ത ശരീരത്തിന് ആ മുടി നല്‍കുന്ന ചന്തം ചെറുതായിരുന്നില്ല. അവരുടെ ആട് എന്നെ തലയുയര്‍ത്തി നോക്കി എന്തോ ഓര്‍ത്തുനിന്നു. അതിനോട് തിന്നോളാന്‍ കോച്ചിയമ്മ ആംഗ്യം കാട്ടിയപ്പോള്‍ അത് വീണ്ടും പുല്‍ക്കാട്ടിലേക്ക് മുഖം താഴ്ത്തി.
ഞങ്ങളിരിക്കുന്ന പാറയ്ക്ക് തൊട്ടടുത്തായി ശിഖരങ്ങള്‍ പടര്‍ത്തിനിന്ന കാട്ടുമരമുണ്ടായിരുന്നു. അതിന്റെ കൊമ്പുകളില്‍ കയറിയിരുന്ന് കോച്ചിയമ്മ പാട്ടുകള്‍ പാടും.
കോച്ചിയമ്മ എന്നെ ചേര്‍ത്തുപിടിച്ച് താഴേക്ക് ചൂണ്ടിക്കാണിച്ചുതന്ന ഇടത്ത് പച്ചപ്പിനുള്ളില്‍ അവരുടെ ഓലവീട് ഒളിച്ചിരുന്നു. ആ വീട്ടിലേക്ക് പകലുകളില്‍ പോലും ചാത്തുണ്ണി പെണ്ണുങ്ങളുമായി കയറിവരും. ഒറ്റമുറി വീട്ടിൽ, തന്റെ അമ്മയവിടെയുണ്ടെന്ന കാര്യം ഒട്ടും ഓര്‍ക്കാതെ, അവന്‍ പെണ്ണുടലുകളെ വിവസ്ത്രമാക്കി ആഘോഷത്തോടെ ഇണ ചേര്‍ന്നു.
‘ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും തെന്നലേ’ എന്ന പാട്ട് അവര്‍ എപ്പോഴും പാടും. പള്ളിക്കൂടത്തിലൊന്നും പോവാത്ത കോച്ചിയമ്മയ്ക്ക് ചങ്ങമ്പുഴയുടെ രമണന്‍ കാണാപ്പാഠമായിരുന്നു. അന്ന് അവരത് ചൊല്ലുമ്പോള്‍ എനിക്കറിയില്ലായിരുന്നു, ഒരു കാലം നെഞ്ചേറ്റിയ കവിതയാണ് അതെന്ന്. മലയാളിയുടെ നഷ്ട പ്രണയങ്ങള്‍ക്ക് ചേക്കേറാന്‍ ലഭിച്ച ചില്ലയായിരുന്നു രമണനെന്നും അറിയില്ലായിരുന്നു.
പാട്ട് പാടിക്കൊണ്ടുതന്നെ അവര്‍ കാട്ടിലകളിലേക്ക് തൂക്കുപാത്രത്തിലെ കപ്പയും കാന്താരി ചമ്മന്തിയും കുടഞ്ഞിടും. ഞങ്ങള്‍ ഒരുമിച്ചുതിന്ന അന്നത്തിന്റെ, അതിലെ കാന്താരി ചമ്മന്തിയുടെ എരുവിനെ ഇപ്പോഴും എന്റെ കണ്ണുകള്‍ അറിയുന്നുണ്ട്. എന്റെ ചുണ്ടിനുമേല്‍ മീശ പൊടിഞ്ഞുവരുന്നുണ്ടെന്ന് കോച്ചിയമ്മയാണ് എനിക്കാദ്യം പറഞ്ഞുതന്നത്. ആ പൊടിമീശ വലുതാവുമെന്നും വലുതായാല്‍ അതിന്റെ അഹന്തയിലും ബലത്തിലും തന്റെ മകന്‍ കാട്ടിക്കൂട്ടുന്നതൊന്നും ഞാന്‍ കാട്ടരുതെന്നും അവരെനിക്ക് പറഞ്ഞുതന്നു.
കോച്ചിയമ്മയുടെ മകനായിരുന്നു ചാത്തുണ്ണി. അവന് പത്ത് വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. പിന്നീട് ആ മകനുവേണ്ടിയാണ് കോച്ചിയമ്മ ജീവിച്ചത്. രൂപത്തില്‍ മാത്രം അച്ഛനെ പകര്‍ത്തിയ ചാത്തുണ്ണി സ്വഭാവത്തില്‍ അച്ഛന്റെ നേര്‍വിപരീതമായിരുന്നു. ചാത്തുണ്ണി കള്ള് കുടിച്ചു, കഞ്ചാവ് വലിച്ചു, തോന്നിയ പെണ്ണിനെ കയറിപ്പിടിച്ചു. എമ്പാടും അടികൊണ്ടു. ഒരു ജോലിയിലും ഉറച്ചുനിന്നില്ല. ടാപ്പ് ചെയ്ത് ശേഖരിക്കുന്ന പാല്, കഞ്ചാവുലഹരിയില്‍ ചാത്തുണ്ണി റോഡില്‍ കൊണ്ടുപോയി ഒഴിച്ച കഥ എനിക്ക് പറഞ്ഞുതന്നത് കോച്ചിയമ്മ തന്നെയാണ്.

കോച്ചിയമ്മ എന്നെ ചേര്‍ത്തുപിടിച്ച് താഴേക്ക് ചൂണ്ടിക്കാണിച്ചുതന്ന ഇടത്ത് പച്ചപ്പിനുള്ളില്‍ അവരുടെ ഓലവീട് ഒളിച്ചിരുന്നു. ആ വീട്ടിലേക്ക് പകലുകളില്‍ പോലും ചാത്തുണ്ണി പെണ്ണുങ്ങളുമായി കയറിവരും. ഒറ്റമുറി മാത്രമുള്ള വീടാണെന്ന് ഓര്‍ക്കാതെ, തന്റെ അമ്മയവിടെയുണ്ടെന്ന കാര്യം ഒട്ടും ഓര്‍ക്കാതെ, അവന്‍ പെണ്ണുടലുകളെ വിവസ്ത്രമാക്കി ആഘോഷത്തോടെ ഇണ ചേര്‍ന്നു. ചിലരൊക്കെ അവന്റെ ഉടല്‍ക്കരുത്തിനെ തേടിവരാറുണ്ടെന്ന് കോച്ചിയമ്മ പറഞ്ഞു. മകനെ തെളിച്ച് നേരെയാക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ആ അമ്മ അവനെ തനിയെ മേയാന്‍ വിട്ടു. കഞ്ചാവിന്റെയും കള്ളിന്റെയും ലഹരിയില്‍ ചാത്തുണ്ണി ഉടുമ്പുകളെയും ഉടലുകളെയും നായാടി. ഉടുമ്പുകളുടെ നാവ് പച്ചയ്ക്ക് പിഴുതെടുത്ത് വിഴുങ്ങി വീടിനുചുറ്റും ഓടി. ഉടലുകളില്‍ ഉടുമ്പിന്‍ പിടുത്തമിട്ട് ആര്‍ത്തുചിരിച്ചു.
അവന്റെ പ്രാകൃതവാസനകള്‍ കണ്ടുനില്‍ക്കാന്‍ കഴിയാഞ്ഞിട്ടാണ് കോച്ചിയമ്മ ആടിനെ വാങ്ങിയത്.
മുഴുജീവിതത്തിന്റെയും ചോരമണവുമായി അവരാ തുഞ്ചത്ത് നിന്നിരിക്കണം. താഴേക്ക് പറക്കുന്നതിന്റെ തൊട്ടുമുമ്പ്, മരണത്തിന്റെ മണം മൂക്കില്‍ തൊടുംമുമ്പ്, അവര്‍ എന്നെ ഓര്‍ത്തിട്ടുണ്ടാവുമോ?
എന്തെങ്കിലും എതിര് പറഞ്ഞാല്‍ ചാത്തുണ്ണി തന്റെ ഉടുമ്പിന്‍കൈ കൊണ്ട് അമ്മയെ പൊതിരെ തല്ലും. മകന്‍ തല്ലിയ പാടുകള്‍ അവരെനിക്ക് കാണിച്ചുതന്നു. അവരുടെ ഇടത്തെ കാലില്‍ മകന്‍ തീക്കൊള്ളി കൊണ്ട് കുത്തിയ പാട് കണ്ടപ്പോള്‍ ഞാന്‍ ഉമ്മാനെ ഓര്‍ത്തു. ആടിനെ വാങ്ങിയപ്പോള്‍ തന്റെ എല്ലാ ദുഃഖങ്ങളും അവര്‍ അതിനോട് പറഞ്ഞുതീര്‍ത്തു. അവരുടെ പറച്ചില്‍ കേട്ടുകേട്ടാവണം, ആടിന് ഒരു മനുഷ്യനോളം ബുദ്ധിയും കേള്‍വിശക്തിയും കിട്ടിയത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ തീറ്റ നിര്‍ത്തി ചെവിടോര്‍ക്കുന്ന ആടിനെ കോച്ചിയമ്മ ചീത്ത പറയും. ആട് മുഖം വീര്‍പ്പിച്ച് തന്റെ തീറ്റയിലേക്ക് മടങ്ങിപ്പോവും. ആ കുന്നിനുതാഴെ അരുവിയുണ്ടെന്ന് കോച്ചിയമ്മ എനിക്ക് പറഞ്ഞുതന്നു.
കരിമ്പാറയുടെ നെഞ്ച് പിളര്‍ത്തി ഒലിച്ചുവരുന്ന ആ അരുവിയില്‍ ഏത് വേനലിലും വെള്ളമുണ്ടാവും. ആ വെള്ളത്തിന് കരിമ്പിന്‍ മധുരമുണ്ട്. കപ്പ തിന്നുകഴിഞ്ഞ് തൂക്കുപാത്രത്തില്‍ കരിമ്പിന്‍ മധുരമുള്ള ആ വെള്ളം ഞങ്ങള്‍ കൊണ്ടുവരും. കുന്നിനപ്പുറത്തെ കാട്ടുനെല്ലികളില്‍ കയറി നെല്ലിക്കകള്‍ ഉതിര്‍ത്തിയിടാന്‍ കോച്ചിയമ്മ എന്നെ പഠിപ്പിച്ചു. ഞാന്‍ അവര്‍ക്ക് പഴുത്ത അയനി ചക്കകള്‍ പറിച്ചു കൊടുത്തു. രമണനിലെ വരികള്‍ ഈണത്തില്‍ ചൊല്ലി അവരതിന്റെ ചുളകള്‍ ഓരോന്നായി ആസ്വദിച്ച് തിന്നും.

കാട്ടുനെല്ലികളും അയനിച്ചക്കകളും കപ്പയും കാന്താരിമുളകും പങ്കിട്ട് ഞങ്ങള്‍ ആ കുന്നിന്‍ചെരുവിനെ സ്വര്‍ഗമാക്കി. ഒരമ്മയും മകനും മാത്രമുള്ള സ്വര്‍ഗം. ദൈവങ്ങള്‍ കാവലില്ലാത്ത ആ സ്വര്‍ഗത്തിലേക്ക് ചാത്തുണ്ണി രാത്രിയില്‍ കൊടുത്ത അടിയുടെ പാടുകളുമായി കോച്ചിയമ്മ വന്നു. നീലിച്ചും ചോരപൊടിഞ്ഞും നിന്ന മുറിവുകളില്‍ ഞങ്ങള്‍ പച്ചിലകളുടെ നീരിറ്റിച്ചു. മകന്‍ തന്നോട് അത്രമാത്രം ക്രൂരമായി പെരുമാറിയിട്ടും ആ അമ്മ മറ്റെല്ലാ അമ്മമാരെയും പോലെ അവനെ സ്‌നേഹിച്ചു. ഞാന്‍ ചാത്തുണ്ണിയെ എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ അവര്‍ക്കത് ഇഷ്ടപ്പെടില്ല. നല്ലത് പറഞ്ഞാലും ഇഷ്ടപ്പെടില്ല. അതുകൊണ്ട്, ചാത്തുണ്ണിയെ സംസാരത്തില്‍നിന്ന് പാടെ ഒഴിവാക്കി ഞാന്‍ അവര്‍ പറയുന്നത് കേട്ടിരിക്കുക മാത്രം ചെയ്തു.
രാവിലെ ആടിനെയും കൊണ്ട് കുന്നുകയറുന്ന അവര്‍ സന്ധ്യ കഴിഞ്ഞാണ് കുന്നിറങ്ങുക. പാല് റാട്ടയില്‍ കൊണ്ടുപോയി ഉറയൊഴിച്ചുവെച്ച് ഒഴിഞ്ഞ കന്നാസുമായി ഞാനവരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലും. അവരവിടെയിരുന്ന് പാട്ട് പാടുന്നുണ്ടാവും. ഞങ്ങള്‍ കാട്ടുകാച്ചിലുകള്‍ മാന്തിയെടുത്ത് ചുട്ടുതിന്നും. കരിമ്പിന്‍ മധുരമുള്ള വെള്ളം കുടിക്കും. വാങ്ങിയതും വെട്ടിപ്പിടിച്ചതുമായ കുറേ നിലം കോച്ചിയമ്മക്കുണ്ടായിരുന്നു. അവരാ നിലത്തില്‍ കപ്പയും ചേനയും ചേമ്പും നട്ടിരുന്നു. അച്ഛന്‍ വാരിക്കൂട്ടിയതെല്ലാം മകന്‍ ലഹരിക്കും രതിക്കുമായി വിറ്റുതുലച്ചു. ഇനി വില്‍ക്കാന്‍ വീടും ആറ് സെൻറ് നിലവും മാത്രമേയുള്ളൂവെന്നും അതുകൂടി വിറ്റുകഴിഞ്ഞാല്‍ താന്‍ രാത്രികളിലും ഈ കുന്നില്‍ താമസിക്കേണ്ടിവരുമെന്നും കോച്ചിയമ്മ തമാശ പറയും.
ആ ഉയരങ്ങളില്‍നിന്ന് ഭൂമിയിലെ എല്ലാ ശബ്ദങ്ങളോടും വിടചൊല്ലി അവര്‍ മുന്നോട്ടുവെച്ച ചുവട്, അതിന്റെ താഴെ നിലാവ് പരന്നുകിടന്ന ശൂന്യദൂരങ്ങള്‍... രക്തം കാത്തുകിടന്ന കരിമ്പാറകള്‍... അവര്‍ എന്നില്‍നിന്ന് പഠിച്ച ഖുര്‍ ആനിലെ ചെറിയ ചില സൂറത്തുകള്‍... അവരെനിക്ക് പഠിപ്പിച്ചുതന്ന രമണനിലെ വരികള്‍...
എല്ലാ തമാശകള്‍ക്കും മുറിവുകള്‍ക്കും പങ്കിടലുകള്‍ക്കുംമേല്‍ കറുത്ത പുതപ്പിട്ട്, അവര്‍ കാറ്റുപാറയുടെ തുഞ്ചത്തുനിന്ന് താഴേക്ക് പറന്നു. നെഞ്ചത്ത് മകന്‍ തീക്കൊള്ളി കൊണ്ട് കുത്തിയ മുറിവിന്റെ നീറ്റലില്‍, അവന്‍ തട്ടിത്തെറിപ്പിച്ച കഞ്ഞിക്കലത്തിന്റെ പൊള്ളലില്‍, അവന്‍ ഇണചേരുന്ന പ്രാകൃതമായ ഒച്ചകളില്‍ മനംനൊന്ത് ചര്‍മവും മാംസവും പൊള്ളി രാത്രിയില്‍ അവര്‍ കാറ്റുപാറയിലേക്ക് കയറിയിരിക്കണം. ഞാനപ്പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.
അക്കണ്ട കയറ്റമെല്ലാം കയറുമ്പോള്‍ അവര്‍ എന്തൊക്കെയാവും ഓര്‍ത്തിട്ടുണ്ടാവുക? കാലങ്ങള്‍ക്കുമുമ്പ് തന്നെ തനിച്ചാക്കി പോയ ഭര്‍ത്താവിന്റെ വിയര്‍പ്പുമണങ്ങളെയോ? എന്നും പള്ളിക്കൂടത്തില്‍ അടിപിടിയുണ്ടാക്കി ടീച്ചര്‍മാരുടെ തല്ലും വാങ്ങി വരുന്ന ചാത്തുണ്ണിയെന്ന മകന്റെ ബാല്യത്തെയോ? അവന്‍ മുതിരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍ തീരുമെന്നുകരുതി കാത്തിരുന്നത് വെറുതെയായല്ലോ എന്ന സങ്കടത്തെയോ? തന്റെ കഴുത്തില്‍ കത്തിവെച്ച് ഒടുക്കത്തെ തരി സ്വര്‍ണവും ഊരിയെടുത്ത ചാത്തുണ്ണിയെന്ന സന്തതിയെയോ? തനിച്ചാവലിന്റെ കുളിരിലേക്ക് പൊടിമീശയും കീശ നിറയെ ദുഃഖങ്ങളുമായി കുന്നിറങ്ങിച്ചെന്ന എന്നെയോ?
ഓര്‍ക്കാതെ വയ്യ...
മുഴുജീവിതത്തിന്റെയും ചോരമണവുമായി അവരാ തുഞ്ചത്ത് നിന്നിരിക്കണം. താഴേക്ക് പറക്കുന്നതിന്റെ തൊട്ടുമുമ്പ്, മരണത്തിന്റെ മണം മൂക്കില്‍ തൊടുംമുമ്പ്, അവര്‍ എന്നെ ഓര്‍ത്തിട്ടുണ്ടാവുമോ? മനുഷ്യരെപ്പോലെ ബുദ്ധിയും കേള്‍വിയുമുള്ള ആ വെളുത്ത ആടിനെ ഓര്‍ത്തിരിക്കുമോ? ഞങ്ങള്‍ പങ്കിട്ട് കഴിച്ച കാട്ടു നെല്ലിക്കകളും അയനി ചക്കകളും കാച്ചിലും കപ്പയും ഓര്‍ത്തിരിക്കുമോ?
കോച്ചിയമ്മയുടെ വെളുവെളുത്ത മുടിയില്‍ വയനാടന്‍ കാറ്റുകള്‍ തൊടുന്നത് എനിക്കുകാണാം.

ആ ഉയരങ്ങളില്‍നിന്ന് ഭൂമിയിലെ എല്ലാ ശബ്ദങ്ങളോടും വിടചൊല്ലി അവര്‍ മുന്നോട്ടുവെച്ച ചുവട്, അതിന്റെ താഴെ നിലാവ് പരന്നുകിടന്ന ശൂന്യദൂരങ്ങള്‍... രക്തം കാത്തുകിടന്ന കരിമ്പാറകള്‍... അവര്‍ എന്നില്‍നിന്ന് പഠിച്ച ഖുര്‍ ആനിലെ ചെറിയ ചില സൂറത്തുകള്‍... അവരെനിക്ക് പഠിപ്പിച്ചുതന്ന രമണനിലെ വരികള്‍...
ജീവിതം മതിയെന്നു തോന്നുന്ന, അത് ഉറപ്പിക്കുന്ന ഒരാളുടെ മാനസികാവസ്ഥ എന്തെന്ന് എനിക്കിപ്പോള്‍ ഏതാണ്ട് ഒരൂഹമുണ്ട്.
പരാജയപ്പെട്ട രണ്ടിലധികം ആത്മഹത്യാശ്രമങ്ങളുടെ അപമാനം കിടക്കപ്പായയില്‍ അഴിഞ്ഞുവീണ ഉടുമുണ്ടുപോലെ എന്നില്‍ അടയാളപ്പെട്ട് കിടപ്പുണ്ട്. പക്ഷേ 65 വയസ്സു കഴിഞ്ഞ കോച്ചിയമ്മ ആ മരണമുനമ്പില്‍ നിന്നപ്പോള്‍ അവരുടെ ഉള്ളിലൂടെ കടന്നുപോയ അഗ്‌നിക്കാറ്റുകളെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവരുടെ മകന് അത് ഒട്ടും മനസ്സിലായിട്ടില്ല.
ആ രാത്രി തേടിപ്പിടിച്ചതോ തന്നെ തേടിവന്നതോ ആയ ഒരു ഉടലിന്റെ വസ്ത്ര വാതിലുകള്‍ അവന്‍ തുറക്കുന്ന നേരത്ത്, അവനെ ഉദരത്തില്‍ ചുമന്ന ഒരു അമ്മ തൊട്ടപ്പുറത്ത്, ഓലച്ചുമരിന്റെ മറവിനപ്പുറത്ത് അവനുകൂടി കഴിക്കാനുള്ള കഞ്ഞിക്ക് കനലൂതുകയായിരുന്നു. ‘ഒച്ചയുണ്ടാക്കല്ലെടാ പന്നീ' എന്നവര്‍ പറഞ്ഞിരിക്കണം. അവന്‍ കൂടുതല്‍ ഒച്ചയെടുത്തിരിക്കണം. അവന്റെ സിരകളില്‍ മനുഷ്യകുലത്തിന്റെ ആരംഭം മുതലുള്ള പുരാതനമായ സന്ദേശവും വഹിച്ചുകൊണ്ട് രക്തം പെരുമ്പാച്ചില്‍ പാഞ്ഞിരിക്കണം.
നമ്മള്‍ വായിച്ച് പുളകം കൊള്ളുന്ന അമ്മയെന്ന പുണ്യ പുരാതന ചവിട്ടുനാടകത്തെ മാറ്റിവെക്കുക. നൊന്തുപെറ്റ മകന്‍ തനിക്കുമുമ്പില്‍ യാതൊരു ലജ്ജയുമില്ലാതെ ഏതോ പെണ്ണുമായി ഇണചേരുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന ഒരു സ്ത്രീയെ കാണുക...
ഉന്മാദത്തോളമെത്തുന്ന ആനന്ദത്തിന്റെ ലഹരിപ്പടിയില്‍ തനിക്ക് തട്ടിക്കളിക്കാനുള്ള ഒരുപകരണമായി കോച്ചിയമ്മയെ അവന്‍ കണ്ടിരിക്കണം. യാതൊരു ദയയുമില്ലാതെ, ഇണചേരല്‍ പാതിയില്‍ നിര്‍ത്തി പാഞ്ഞുചെന്ന് അവന്‍ അമ്മയെ തൊഴിച്ചിരിക്കണം. തെറിച്ചുവീണ അവരുടെ നെഞ്ചിലേക്ക്, അവനെയോര്‍ത്ത് എന്നും വേദനിച്ച അതേ നെഞ്ചിലേക്ക് അടുപ്പില്‍നിന്ന് തീക്കൊള്ളിയെടുത്ത് അവന്‍ കുത്തിയിരിക്കണം.
കഥകളിലും നോവലുകളിലും കവിതയിലും നമ്മള്‍ വായിച്ച് പുളകം കൊള്ളുന്ന അമ്മയെന്ന പുണ്യ പുരാതന ചവിട്ടുനാടകത്തെ മാറ്റിവെക്കുക.
നൊന്തുപെറ്റ മകന്‍ തനിക്കുമുമ്പില്‍ യാതൊരു ലജ്ജയുമില്ലാതെ ഏതോ പെണ്ണുമായി ഇണചേരുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന ഒരു സ്ത്രീയെ കാണുക... അവന്‍ പാഞ്ഞുവന്ന് ചവിട്ടിയ നെഞ്ചിനെ കാണുക... തീക്കൊള്ളികൊണ്ട് അവന്‍ കുത്തിയ ആ ഇടത്തിന്റെ ഇരുവശത്തുമാണ് അവനുള്ള ഭൂമിയിലെ ആദ്യത്തെ അന്നം അവര്‍ കരുതിവെച്ചത്. അവിടെ കൊണ്ട പൊള്ളലിന്റെ നീറ്റല്‍ എന്റെ കോച്ചിയമ്മ അറിഞ്ഞിരിക്കില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്ന് ഒച്ചയുണ്ടാക്കാന്‍ പോലും കഴിയാത്ത ഒരു മാംസപിണ്ഡത്തെ അവിടെക്കാണ് അവര്‍ ചേര്‍ത്തുവെച്ചത്. എവിടെയാണ് അന്നമെന്ന് അറിയാത്ത ഇളംചുണ്ടുകള്‍ക്ക് വഴികാട്ടിക്കൊടുത്ത അതേ വിരലുകള്‍ കൊണ്ട് അവരാ തീപ്പൊള്ളലിന്റെ ക്രൂരമായ ന്യായവിധിയെ തൊട്ടിരിക്കണം. മഞ്ഞിന്‍ തണുപ്പുള്ള വയനാടന്‍ കാറ്റുകള്‍ തന്നെ തഴുകി കടന്നുപോവുമ്പോള്‍ അവരാ ഉയരങ്ങളില്‍നിന്ന് ഒട്ടും വേദനയില്ലാതെ തന്റെ നെഞ്ചില്‍ തൊട്ട് നോക്കിയിരിക്കണം. മരണത്തിലേക്ക് അവര്‍ നടന്നുകയറുമ്പോള്‍ പിറകില്‍ അവന്റെ ഉടല്‍ വിശപ്പിന്റെ ഉന്മാദരാഗങ്ങള്‍ അലറുകയായിരുന്നല്ലോ.
പിറ്റേന്നും അതിന്റെ പിറ്റേന്നും കഴിഞ്ഞാണ് അവരുടെ അഴുകിത്തുടങ്ങിയ ജഡം, പലതായി ചിതറിയ ജഡം, കരിമ്പിന്‍ മധുരമുള്ള ജലത്തെ നെഞ്ചേറ്റുന്ന അരുവിക്കുചുറ്റും നിന്ന് വാരിക്കൂട്ടിയത്. ഞാനങ്ങോട്ട് പോയില്ല. എന്റെ തൊട്ടുപിറകില്‍ നിന്ന് ആ വെളുവെളുത്ത തലമുടി എന്നെ തൊട്ടു. അതെന്റെ കണ്ണുകളെ തഴുകി ചോദിച്ചു, ‘കുട്ടീന്റെ ഉള്ളില് സങ്കടം ണ്ടല്ലോ...?'
സങ്കടങ്ങള്‍ മാത്രമേയുള്ളൂ കോച്ചിയമ്മേ എന്ന് ഞാന്‍ അപ്പോഴും മറുപടി പറഞ്ഞില്ല. ▮