Friday, 26 November 2021

മാതൃത്വം: ശാസ്​ത്രവും മിഥ്യയും


Text Formatted

കാല്‍പനിക അമ്മ, പരിണാമത്തിലെ അമ്മ

മാതൃത്വം എന്നത്​ മനുഷ്യരുടെ പ്രത്യേക സിദ്ധിയാണെന്ന് തെറ്റിദ്ധരിച്ച്​ അതിനെ ദൈവികവും ദാര്‍ശനിക സിദ്ധിവിശേഷവുമായി വിശേഷിപ്പിക്കുന്ന പൊതു​ബോധത്തെ ശാരീരിക- സാമൂഹിക യാഥാർഥ്യങ്ങൾ കൊണ്ട്​ ശാസ്​ത്രീയമായി തിരുത്തുന്ന  ഒരു വിശലകനം.

Image Full Width
Image Caption
പ്രശസ്ത ഫ്രഞ്ച് ചിത്രകാരി ലൂയിസ് ബൂർഷ്വയുടെ the umbilical cord എന്ന ചിത്രം / Photo: Museum of Modern Art
Text Formatted

റെ ദിവ്യത്വം കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുണ്ട് സാംസ്‌കാരിക വ്യവഹാരത്തിലെ അമ്മയ്ക്ക്. പൊക്കിള്‍ക്കൊടിബന്ധം എന്നത് ജൈവികമായ ഒരു തീവ്ര അടുപ്പം സൃഷ്ടിയ്ക്കുകയാണെന്നും ഒരു മനുഷ്യന്​ ഏറ്റവും അടുത്ത ബന്ധം അമ്മയോടാണെന്നും സ്ഥാപിച്ചെടുക്കാന്‍ ഈ ഫിസിക്കല്‍ സ്ട്രക്ചര്‍ സഹായിക്കുന്നുണ്ട്. ബന്ധങ്ങളുടെ മേന്മയുടെ തോത് അളന്നെടുക്കേണ്ടത് ആവശ്യമായി വരികയും ഈ ബന്ധം നിസ്തുലവും അദ്വിതീയവുമാണെന്ന് അങ്ങനെ എളുപ്പം തെളിയിക്കപ്പെട്ട് പരിപാവനത്വത്തിലേക്ക് കയറിയതാണ് മനുഷ്യര്‍ സങ്കല്‍പ്പിച്ചെടുത്ത മാതൃത്വം.

ദൈവങ്ങളെ അമ്മയായി കാണാനും ഇത് പ്രേരിപ്പിച്ചിട്ടുണ്ട്. പ്രകൃതി തന്നെ അമ്മ എന്നത് സര്‍വ പ്രദായിനി എന്ന അനുഭവത്തില്‍ നിന്ന് ഉടലെടുത്തതാകണം. പ്രകൃതി പോലെ ക്ഷണപ്രഭാചഞ്ചലമാണ് അമ്മ മനസും എന്ന യുക്തി കണ്ടുപിടിയ്ക്കാനുഴറിയ മനുഷ്യമനസ്​ കല്‍പ്പിച്ചെടുത്തിരിക്കണം. ഭാരതീയ അമ്മദൈവങ്ങള്‍ ഉഗ്രരൂപിണികളും കരാളവതികളും ആകുന്നതും ഈ പ്രകൃതിദര്‍ശന സമന്വയ സവിശേഷതകൊണ്ടായിരിക്കണം. ജീവിയുടെ ഉദ്ഭവവും നിലനില്‍പ്പും അമ്മദൈവങ്ങളുടെ നിയന്ത്രണത്തിലാണെന്ന സങ്കല്‍പ്പം അമ്മയുടെ പ്രതാപം പ്രോജ്വലിപ്പിക്കുന്നതുമാണ്. ഗര്‍ഭധാരണം, പ്രസവം എന്നതിലെ അദ്ഭുതങ്ങള്‍ നിര്‍വചിച്ചെടുക്കാന്‍ അമ്മദൈവങ്ങളുടെ വിദ്യകളാണവ എന്ന് സങ്കല്‍പ്പിച്ചാല്‍ മതി.  ‘മുക്കാല്‍ പിള്ളയെ ഗര്‍ഭതി കൊല്ലും, മുഴുപ്പിള്ളയാകുമ്പൊ ഈറ്റതി കൊല്ലു’ന്നവളുമാണ് ആ അമ്മ,  ‘അന്നു പിറന്നൊരിളമ്പിള്ളയെത്താന്‍ അമ്മാനമാടി രസിപ്പവളു’മാണ് ഈ നിഷ്ഠൂര. അമ്മയുടെ ഔദാര്യത്തില്‍ മാത്രം കുഞ്ഞ് ജീവനോടെ ഇരിയ്ക്കും എന്നത് ഭീതി ഉളവാക്കുന്നതാണ്. ഈ ഭീതിയിലൂടെ അമ്മ = ദൈവത്തിന് തുല്യമാണ്  എന്നത് രൂഢമൂലമാകുന്നു, അമ്മ ദൈവമായി മാറുന്നതും ദൈവം അമ്മയായി മാറുന്നതും ഒരുമിച്ച് സംഭവിക്കുന്നു.

അമ്മവിളികള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പെണ്‍ശിശുഹത്യ നടക്കുന്നത് എന്നത് വിരോധാഭാസമെന്ന് കരുതേണ്ട, അമ്മ എന്ന വിഗ്രഹം പെട്ടെന്നുടയുന്നതാണെന്ന മുന്‍കൂര്‍ അറിവുള്ളതുകൊണ്ടാണ്.

ആവിഷ്‌ക്കാരങ്ങളുടെ വിസ്തൃതി അനുവദിക്കപ്പെട്ട് ദൈവത്തിനും ഒരു അമ്മയുണ്ട് എന്ന് പ്രഖ്യാപിക്കാം. ‘ആദിയില്‍ മാനവും ഭൂമിയും തീര്‍ത്തത് ദൈവമായിരിക്കാം, ആറാം നാളില്‍ മനുഷ്യനെ തീര്‍ത്തത് ദൈവമായിരിക്കാം, പക്ഷേ ആ ദൈവത്തെ പെറ്റുവളര്‍ത്തിയത്, മുലപ്പാലൂട്ടിയത് അമ്മയാണ്’ എന്ന് പ്രഖ്യാപിച്ച് ദൈവസങ്കല്‍പ്പത്തിനും മുന്‍പ് അമ്മദൈവ സങ്കല്‍പ്പം രൂഢമൂലമായെന്ന് കവികള്‍ക്ക് ശഠിയ്ക്കാം, തെറ്റില്ല താനും. മാനുഷികമായതില്‍ നിന്നൊക്കെ വിടുതല്‍ നല്‍കി അമേയവും അമൂര്‍ത്തവുമായ പ്രഭാപൂരത്തില്‍ വിലയിക്കപ്പെടുമ്പോള്‍ അമ്മ ദാര്‍ശനിക മാനങ്ങളും കൈക്കൊള്ളുകയാണ്. എന്നാല്‍ ആദ്യമായി ‘അമ്മ' എന്ന പേരില്‍ നോവല്‍ എഴുതപ്പെടുമ്പോള്‍ പ്രായോഗിക ചിന്തക്കാരിയെ ആവിഷ്‌ക്കരിക്കാനാണ്​ മാക്‌സിം ഗോര്‍ക്കി തുനിഞ്ഞത് എന്നത് ശ്രദ്ധിക്കേണ്ടതു തന്നെ. അപനിര്‍മ്മാണത്തിന്റെ ഉദാഹരണമായി വാഴ്ത്തപ്പെട്ട ഈ കഥാപാത്രം അണ്ഡകടാഹം നിര്‍മ്മിച്ചെടുത്ത ദൈവത്തിന്റെ അമ്മയല്ല, വെറും മനുഷ്യസ്ത്രീയാണ്. 

gorky
മാക്‌സിം ഗോര്‍ക്കി / Photo: Wikimedia Commons

ഇന്ത്യയില്‍ പൊതുബോധത്തിലെ അമ്മസ്വരൂപത്തിന്റെ പശ്ചാത്തല നിര്‍മ്മിതി അമ്മദൈവങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ടുകൊണ്ടു തന്നെയാണ്. മതങ്ങളിലെ അമ്മ സാധാരണസമൂഹത്തിലെ അമ്മയുമായി താദാത്മ്യം പ്രാപിക്കുന്നതോടെ വിഗ്രഹവല്‍ക്കരിക്കപ്പെട്ട അമ്മയ്ക്ക് ദൈനംദിനവ്യഹാരങ്ങളില്‍ നിന്ന് അകല്‍ച്ച പ്രഖ്യാപിക്കപ്പെട്ടു. തെക്കേ ഇന്ത്യയില്‍ സ്ത്രീകളെ ‘അമ്മ' ചേര്‍ത്ത് വിളിച്ചാല്‍ അവര്‍ ബഹുമാനിക്കപ്പെടുകയാണെന്ന് പ്രഖ്യാപിക്കാനുള്ള കരുത്ത് ഇങ്ങനെയാണ് നേടിയെടുക്കപ്പെട്ടത്. ഇങ്ങനെ അമ്മവിളികള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പെണ്‍ശിശുഹത്യ നടക്കുന്നത് എന്നത് വിരോധാഭാസമെന്ന് കരുതേണ്ട, അമ്മ എന്ന വിഗ്രഹം പെട്ടെന്നുടയുന്നതാണെന്ന മുന്‍കൂര്‍ അറിവുള്ളതുകൊണ്ടാണ്. മുഴുപ്പിള്ളയാകുമ്പോള്‍ ഈറ്റില്ലത്തില്‍ വച്ച് കുഞ്ഞിനെക്കൊല്ലുന്ന അമ്മ ദൈവമായി തുണയുണ്ടായിരിക്കും എന്ന ലളിതയുക്തിയെക്കാള്‍ വിഷപ്പാല്‍ ഇറ്റിച്ച് കുഞ്ഞിനെക്കൊല്ലുന്നതില്‍ സമൂഹം സൃഷ്ടിച്ച -അതും ആണുങ്ങള്‍ സൃഷ്ടിച്ച- സ്ത്രീധനം എന്ന പ്രായോഗികപ്രശ്‌നം കണ്മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണെന്നുള്ളതും കൃത്യമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്. മാതൃത്വത്തോടോ സ്ത്രീയോടോ ഉള്ള മിനിമം ആദരവ് ഇല്ലാതെ പോകുന്നത് ‘അമ്മ' എന്ന സംബോധന കൊണ്ട് മറയ്ക്കപ്പെടുന്നു.

മനുഷ്യര്‍ക്ക് മാത്രമുള്ളതാണ് പ്രസവവേദന. നൊന്ത് പ്രസവിക്കുക എന്നത് ത്യാഗത്തിന്റെ ലക്ഷണമൊന്നുമല്ല, പരിണാമം തല്‍ക്കാലം നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് മാത്രമാണെന്ന് സാരം.

സ്ത്രീയോടുള്ള ആദരവും അമ്മയോടുള്ള ആദരവും വേര്‍പെടുന്നില്ലിവിടെ, ഹിംസാത്മകതയുടെ ഭാഗം തന്നെയാകുകയാണ്. അന്ന് പിറന്നൊരിളം പിള്ളയെ കൊല്ലുന്നത് അമ്മദൈവങ്ങളല്ല, പ്രത്യുത മാനുഷിക ചിന്തകളും പ്രായോഗികതയും മനസ്സിലേറ്റിയ അമ്മ തന്നെയാണ്. മതങ്ങളിലെ അമ്മ ആധുനിക സമ്പദ്​വ്യവസ്ഥയ്ക്കനുസരിച്ച് പെരുമാറുന്ന അമ്മയ്ക്ക് വഴിമാറുന്നു.

 കാല്‍പ്പനിക അമ്മയെ ആര്‍ക്കാണ് വേണ്ടത്?

ബന്ധങ്ങളിലെ ഊഷ്മളത ഊര്‍ജ്ജം നിറയ്ക്കുന്ന തലച്ചോര്‍ വയറിങ്ങാണ്​മനുഷ്യനുള്ളത്. ഹോര്‍മോണ്‍ ഫിസിയോളജിയും ഇതിനു സഹായകമാകുന്നുണ്ട്. ഇതിനുവേണ്ടിയുള്ള അന്വേഷണം സ്വാഭാവികമാകുന്നു അപ്രകാരം. ബന്ധങ്ങളിലെ ആശ്രയപരത ആധാരമാകുകയാണിവിടെ. പരിപാലനവേളയില്‍ ദൃഢീകരിക്കപ്പെട്ട അമ്മബന്ധം നിതാന്ത ഓര്‍മയായി മനുഷ്യരില്‍ കുടികൊള്ളും, തിരിച്ച് ഗര്‍ഭപാത്രത്തില്‍ കയറി സുഷുപ്തിയിലാകുന്നത്, കാവ്യാവിഷ്‌ക്കാരങ്ങളില്‍ കടന്നുവരുന്നത് സ്വപ്നസാഫല്യ സമമാണ്. മനുഷ്യനെ അമ്മയുമായി ബന്ധിക്കാനുള്ള ത്വര ആക്കം കൂട്ടപ്പെട്ടത് കാല്‍പ്പനിക ചിന്താശേഷി അവർക്ക്​ലഭ്യമായതുകൊണ്ടാണ്. പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വേറിട്ടു പോയി ഇണയുമായി ബന്ധപ്പെട്ടാലും അത് താല്‍ക്കാലികമാണെന്ന് തീര്‍ച്ചയുണ്ട്, ഇണ പിന്നീട് മാറപ്പെടുന്നതുമാണ്. ചിമ്പാന്‍സികളില്‍ പ്രായപൂര്‍ത്തിയായ ആണുങ്ങള്‍ ദീര്‍ഘകാലം കഴിഞ്ഞും അമ്മയെ കണ്ടെത്തിയാല്‍ മമത പുലര്‍ത്തുന്നതായി ഇക്കാര്യത്തിൽ വിശദപഠനം നടത്തിയ പ്രസിദ്ധ ബിഹേവിയർ ശാസ്​ത്രജ്ഞ ജെയ്ന്‍ ഗുഡാള്‍ (Jane Goodall) കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ആനകളിലും ഇത് നിരീക്ഷിക്കപ്പെട്ടിടുണ്ട്. കുടുംബവ്യവസ്ഥ നിലവില്‍ വന്ന ശേഷം അമ്മ, ഭാര്യ എന്നീ ദ്വന്ദങ്ങള്‍ക്കിടയ്ക്ക് പെട്ടുപോകുകയാണ് ആണുങ്ങള്‍.

bharat-matha
ഭാരത് മാതാ. അബനിന്ദ്രനാഥ് ടാഗോറിന്റെ പെയിന്റിങ്ങ് (1905) / Photo: Wikimedia Commons

അമ്മായിയമ്മ എന്ന മറ്റൊരു സ്വഭാവരൂപം ഉടലെടുക്കുന്നത് പ്രായോഗിക തലത്തില്‍ ഭാര്യയ്ക്കാണ് ബുദ്ധിമുട്ട് ഉളവാക്കുന്നതെങ്കിലും മാനസികമായി ആണിനാണ്​ പ്രശ്‌നം. അല്ലെങ്കില്‍ത്തന്നെ മാതൃഭാവത്തില്‍ വ്യതിചലനം സ്വാഭാവികമായി സംഭവിയ്ക്കുന്നുമുണ്ട്. പ്രായോഗിക അമ്മ തന്നെയാണ് മറ്റൊരിടത്തെ അമ്മായിയമ്മ. ഈ ദ്വന്ദവ്യക്തിത്വം ചിന്താക്കുഴപ്പത്തിലാക്കിയ 
ആണിന്​ കാല്‍പ്പനികമായ അമ്മയെ ആവശ്യമായി വരികയാണ്. സര്‍വ്വം സഹയായ, നിതാന്തവാല്‍സല്യവതിയായ അമ്മയെ പ്രത്യേകിച്ചും ആണുങ്ങള്‍ക്കാണ്​ വേണ്ടത്. വിഗ്രഹവല്‍ക്കരിക്കപ്പെട്ട അമ്മ അവന്​  ആശ്വാസമാണ്. നിത്യ മാതൃത്വം ഉദാരമായി സംഭാവന ചെയ്യുന്ന, സൗജന്യമായി ആലിംഗനം ചെയ്യുന്ന അമ്മമാരെ തേടുകയായി അയാള്‍. പച്ചമനുഷ്യരായ അമ്മദൈവങ്ങള്‍ ആവിര്‍ഭവിക്കുകയായി, ആണുങ്ങള്‍ അവരെ നിലനിറുത്തുകയുമായി, മാത്രമല്ല വിപണിയുടെ ഭാഗവുമായി മാറുന്നു ‘നിത്യാനന്ദ നിര്‍വ്വാണപ്രസാരിണി’ അമ്മമാര്‍. കലണ്ടര്‍ ചിത്രങ്ങളെ വെല്ലു വിളിയ്ക്കും വിധം ദേവീവേഷം ധരിച്ച് സ്വയം ദൈവമായി പ്രഖ്യാപിക്കുമ്പോള്‍ രണ്ട് സിദ്ധിലാഭങ്ങള്‍ ലഭിയ്ക്കുകയായി അവന്​, അമ്മയും ദൈവവും. അമ്മയായി, അമ്മ എന്നതിന്റെ തനിമ മനസ്സിലാക്കിക്കഴിഞ്ഞ സ്ത്രീയ്ക്ക് അത്രമാത്രം ഈ കാല്‍പനിക അമ്മയെ ആവശ്യം വരുന്നില്ല. ആണുങ്ങളില്‍ ഈ സ്വര്‍ത്ഥചിന്ത അടിയുറയ്ക്കുകയും മാതൃത്വം വിഗ്രഹവല്‍ക്കരിക്കപ്പെടുന്നതിന്​ ആക്കം കൂട്ടുകയും ചെയ്യുന്നു. 

പരിണാമത്തിലെ അമ്മ

കാല്‍പനിക അമ്മയിൽനിന്ന്​ വളരെ വ്യത്യസ്തയാണ് പരിണാമത്തിലെ അമ്മ. പരിണാമം നിഷ്‌ക്കര്‍ഷിക്കുന്നത് ജീവികളുടെ നൈരന്തര്യമാണ്, ഏറ്റവും അനുയോജ്യവരായവര്‍ അതിജീവിക്കുന്ന വ്യവസ്ഥ. അതിനു സഹായിക്കാന്‍ ചെറുപ്രായത്തില്‍ തുണയേറ്റുന്നവരാണ് അമ്മമാര്‍. എല്ലാ ജന്തുക്കളിലും പല തരത്തില്‍ ഇത് പ്രായോഗികമാക്കപ്പെടുന്നു. അതുകൊണ്ട് ദിവ്യത്വം കല്‍പ്പിക്കേണ്ടതോ ആരാധിക്കപ്പെടേണ്ടതോ അല്ല മാതൃത്വം. ഏതു ഹിംസ്രജന്തുവും പ്രസവിച്ചു കഴിഞ്ഞാല്‍ സ്വന്തം കുഞ്ഞുങ്ങളുടെ അടുത്ത് സ്‌നേഹമസൃണകളും തരളിതഹൃദയവതികളും ആയിരിക്കും. ഒരു മുതല മറ്റ് ജന്തുക്കളെ നിഷ്‌ക്കരുണം കടിച്ചുകീറാന്‍ ഉപയോഗിക്കുന്ന, പേടിപ്പെടുത്തുന്ന പല്ലുകള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ കൊണ്ടുനടക്കുന്നത് കാണാം. അല്ലെങ്കില്‍ ഒരു എലിയോ സിംഹമോ എങ്ങനെ അമ്മയായി പരിപാലിയ്ക്കുന്നുവോ അത്രയുമുള്ളു മനുഷ്യരിലെ അമ്മയുടെ പരിപാവനത്വം.

ജീവികളില്‍ സ്വയം പര്യാപ്തത നേടാന്‍ ഏറ്റവും കാലയളവ് ആവശ്യമായത് മനുഷ്യശിശുക്കള്‍ക്കാണ്. എഴുന്നേറ്റ് നില്‍ക്കാന്‍ ഇത്രയും കാലതാമസമുള്ള മറ്റൊരു ജന്തുവില്ല. തലച്ചോറിന്റെ പല കേന്ദ്രങ്ങളും വളര്‍ച്ച പ്രാപിക്കുന്നത് പിറന്നതിനു ശേഷം ആദ്യ വര്‍ഷങ്ങളിലാണ്

മുട്ടയിടുന്ന ജീവികളും വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്, മല്‍സ്യങ്ങളില്‍ മുതല്‍ ഇങ്ങോട്ട് പരിണാമവഴിയില്‍. ചില മീനുകളുടെ ശരീരത്തില്‍ നിന്ന് ഉറവയെടുക്കുന്ന മുലപ്പാലിനു സമാനമായ സ്രവങ്ങള്‍ മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളെ അമ്മയുടെ ശരീരത്തില്‍ പറ്റിത്തൂങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മറ്റു ചില മീനുകള്‍ സ്വശരീരത്തിലെ ചെറിയ അറകളിലോ വായിലോ കുഞ്ഞുങ്ങളെ കൊണ്ട് നടക്കാറുണ്ട്. പക്ഷികളുടെ ശിശുപരിപാലനം സുവിദിതമാണ്. താന്‍പോരിമ നേടിക്കഴിഞ്ഞാല്‍ ഈ മഹിമയിയന്ന മാതൃത്വം ഇല്ലാതാകുകയാണ്, അടുത്ത തലമുറയ്ക്ക് അതിജീവനം സാദ്ധ്യമാക്കുക എന്നതേ മാതൃത്വത്തിന്റെ സാധുത ഉദ്ദേശിക്കുന്നുള്ളു. സസ്തനികള്‍ക്ക് ഇത് ചിലപ്പോള്‍ നീണ്ടകാലം ആയിരിക്കാം.

അമ്മയാകല്‍ ഒരു അവകാശവും അധീശ സ്വഭാവാധികാരവുമാണ് ചില സസ്തനികളില്‍. ഹയെന സംഘത്തെ നയിക്കുന്നത് ഏറ്റവും കരുത്തുള്ള ഹയെനപ്പെണ്ണാണ്. ഏറ്റവും മെച്ചപ്പെട്ടവനെ ബീജധാരണത്തിനു തെരഞ്ഞെടുക്കുന്നതും അവള്‍ തന്നെ. പ്രസവിക്കാനുള്ള അവകാശം ഇവള്‍ക്കും മറ്റ് ചില ചുരുക്കം ഹയെനപ്പെണ്ണുങ്ങള്‍ക്കും മാത്രമേ ഉള്ളൂ. വിഭവങ്ങള്‍ സ്വാംശീകരിക്കാനും ഇവര്‍ക്ക് പ്രത്യേക അവകാശമാണ്. സമൂഹത്തിന്റെ അതിജീവനം സാദ്ധ്യമാക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗങ്ങള്‍ നിക്ഷേപിക്കപ്പെടുകയാണ് മാതൃത്വത്തില്‍. തേനീച്ചക്കൂട്ടത്തിലെ രാജ്ഞിയ്ക്ക് ലഭിയ്ക്കുന്ന സൗകര്യലാഭങ്ങള്‍ക്ക് സമാനമാണിത്. അതിജീവനത്തിനു വേണ്ടി നിജപ്പെടുത്തിയിട്ടുള്ള ഘടനാവിന്യാസങ്ങളുടെ ഒരു പ്രധാനകണ്ണി ആകുക എന്നത് പരിണാമനിയമം മാത്രമാണ്. മെച്ചപ്പെട്ട ജനിതക ഘടകങ്ങള്‍ അടുത്ത തലമുറ യ്ക്ക് കൈമാറുക എന്ന ലളിതകര്‍ത്തവ്യം മാത്രമേ ഉള്ളൂ മാതൃത്വത്തിനു എന്ന് വാദിച്ചാല്‍ മറുവാദങ്ങള്‍ അധികമില്ല.

മനുഷ്യരിലെ ശിശുസംരക്ഷണകാലം നീണ്ടതാണ്. ജീവികളില്‍ സ്വയം പര്യാപ്തത നേടാന്‍ ഏറ്റവും കാലയളവ് ആവശ്യമായത് മനുഷ്യശിശുക്കള്‍ക്കാണ്. എഴുന്നേറ്റ് നില്‍ക്കാന്‍ ഇത്രയും കാലതാമസമുള്ള മറ്റൊരു ജന്തുവില്ല. തലച്ചോറിന്റെ പല കേന്ദ്രങ്ങളും വളര്‍ച്ച പ്രാപിക്കുന്നത് പിറന്നതിനു ശേഷം ആദ്യ വര്‍ഷങ്ങളിലാണ്, പ്രത്യേകിച്ചും ചലനങ്ങളെ നിയന്ത്രിക്കുന്ന motor cortex ന്​. ഭാഷണകേന്ദ്രങ്ങളും സാവധാനം ഉണര്‍ന്നു വരുന്നവയാണ്. ഖരാഹാരം സാദ്ധ്യമല്ലാത്ത നിസ്സഹായജീവികള്‍. അതുകൊണ്ട് പരാധീനതയില്‍ നിന്നുളവാകുന്ന തീവ്രമായ ബന്ധനം നെടുനാളത്തെ ബന്ധത്തിന്​ വഴിതെളിയ്ക്കുന്നു. ഈ പരാധീനതയുടെ ഓര്‍മശേഷിപ്പുകള്‍ സങ്കീര്‍ണമായി പരിണമിച്ച തലച്ചോര്‍ സ്ഥിരം കൊണ്ടു നടക്കുമ്പോള്‍ മാതൃത്വം വിഗ്രഹവല്‍ക്കരിക്കപ്പെടാനുള്ള സാദ്ധ്യതയേറുന്നു. ദൈവചിന്തയുടെ ആവിര്‍ഭാവത്തോടെ സംഭവിച്ചതാകണമിത്.

pelvis
ആണിന്റേയും പെണ്ണിന്റേയും ഇടുപ്പെല്ലുകള്‍ നിര്‍മ്മിയ്ക്കുന്ന ദ്വാരത്തിലെ വ്യത്യാസം

പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ചതാണ് എന്ന അവകാശവാദം പരിണാമത്തിലെ അമ്മയക്ക് ഉയര്‍ത്താനാവില്ല. പത്തു മാസത്തില്‍ക്കൂടുതല്‍ ഗര്‍ഭധാരണകാലമുള്ള മറ്റ് ജന്തുക്കള്‍ ഇതിനെ പ്രതിരോധിച്ചേയ്ക്കും. ആനകളുടെ ഗര്‍ഭകാലം രണ്ടു കൊല്ലത്തോളമാണ്. നൊന്ത് പ്രസവിയ്ക്കുക എന്നത് വാസ്തവത്തില്‍ വളരെ പെട്ടെന്ന് പരിണമിച്ച് വികാസം പ്രാപിച്ച തലച്ചോര്‍ ലഭിച്ചതിന്​ കൊടുത്ത വിലയാണ്. കൂടുതല്‍ വിസ്താരമുള്ള മസ്തിഷ്‌ക്ക കോര്‍ടെക്‌സിന് ഇടം കിട്ടാന്‍ ധാരാളം മടക്കുകള്‍ നിര്‍മ്മിച്ചെടുത്തെങ്കിലും ശരീരത്തെ അപേക്ഷിച്ച് വലിയ തലയോട്ടിയാണ് മനുഷ്യനുള്ളത്. അതിജീവനത്തിനുള്ള വിദ്യകള്‍ ചമച്ചെടുക്കാന്‍ സങ്കീര്‍ണ മസ്തിഷ്‌ക്കം ആവശ്യമായി വന്നപ്പോള്‍ സംഭവിച്ചതാണിത്. തലയോട്ടി സ്വല്‍പം വലുതായിട്ടുണ്ട്. ഈ വലിപ്പത്തിനനുസരിച്ച് ഇടുപ്പെല്ലുകള്‍ സൃഷ്ടിയ്ക്കുന്ന, കുഞ്ഞിന്​ നൂഴ്​ന്ന്​ പുറത്ത് കടക്കേണ്ട ദ്വാരം വലുതായിട്ടില്ല. പരിണാമം അത് ശരിയാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. രണ്ട് ഇടുപ്പെല്ലുകള്‍ കൂടി യോജിച്ച് തീര്‍ക്കപ്പെടുന്ന ത്രികോണ ഇടത്തിന്​ കൂടുതല്‍ പരപ്പും വികാസവുമുണ്ട് പുരുഷന്മാരുടേതിനേക്കാള്‍ സ്ത്രീകളില്‍. കുഞ്ഞിന്റെ കടന്നു വരവ് എളുപ്പത്തിലാക്കുവാൻ  വേണ്ടി. ഇനിയും അത് വികസിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ് പ്രസവവേദന. നൊന്ത് പ്രസവിക്കുക എന്നത് ത്യാഗത്തിന്റെ ലക്ഷണമൊന്നുമല്ല, പരിണാമം തല്‍ക്കാലം നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് മാത്രമാണെന്ന് സാരം.

കടം വാങ്ങുന്ന മാതൃത്വം അഥവാ Allomaternal care 

പ്രസവിച്ചര്‍ മാത്രം മാതൃത്വം എന്ന വിശിഷ്ട പദവിയ്ക്ക് അര്‍ഹരാകണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല ജന്തുലോകത്തിന്​. ഹനുമാന്‍ കുരങ്ങുകളില്‍ പല സീനിയര്‍ സ്ത്രീകളും ശിശുപരിപാലനത്തിന്​ സന്നദ്ധരാണ്. നീണ്ടവാലന്‍ കുരങ്ങുകളില്‍ ഒരു സ്ത്രീ മാത്രം ഇതിന്​ ഒരുമ്പെടുകയാണ് പതിവ്. ആനകളില്‍ അമ്മായിമാരും ചിറ്റമാരും മൂത്ത ചേച്ചിയുമൊക്കെ കുട്ടിയാനയ്ക്ക് പരിചരണം നല്‍കുക പതിവാണ്. ഇവരില്‍ പ്രസവിച്ചവരുണ്ടെങ്കില്‍ മറ്റ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടലും പതിവാണ്. സ്വന്തം ജനിതകവസ്തു ശാശ്വതീകരിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായിട്ട് ഇതിനെ കാണാം. അതുകൊണ്ടുതന്നെ പെണ്‍ശിശുക്കള്‍ക്കാണ് ഈ പരിചരണം കൂടുതല്‍ കിട്ടാറ്. ചിമ്പാന്‍സികളിലും ചിലയിനം വവ്വാലുകളിലും ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്ന മാതൃത്വം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം അമ്മയോടെന്നവണ്ണം സ്‌നേഹാതിരേക ബന്ധത്തില്‍ പെട്ടു പോകാറുണ്ട് ചില ചിമ്പാന്‍സിക്കുട്ടികള്‍. ഗോത്രകാലം മുതലോ അതിനും മുന്‍പോ മനുഷ്യര്‍ ശിശുപരിപാലനപ്രക്രിയ കുടുംബശ്രീ കൂട്ടായ്മയുടെ ഭാഗമാക്കിയിരുന്നു എന്നത് സത്യമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിലും ഇത് പരിപാലിക്കപ്പെട്ടിരുന്നു. മാതൃത്വത്തിന്റെ നിര്‍വ്വചനം ഇടുങ്ങിയതല്ല.

മാതൃത്വം മനുഷ്യരുടെ പ്രത്യേക സിദ്ധിയാണെന്ന് തെറ്റിദ്ധരിച്ചവരാണ് അതിനെ ദൈവികവും ദാര്‍ശനിക സിദ്ധിവിശേഷവുമായി കരുതിയത്. ദൈവത്തിന്​മുലപ്പാലൂട്ടുന്ന കവിഭാവനയിലെ അമ്മ ഒരു മനുഷ്യസ്ത്രീ ആയിരിക്കണമെന്നില്ല.

അച്ഛന്മാര്‍ അമ്മമാരില്‍ നിന്ന് ഈ കുത്തക ഏറ്റുവാങ്ങിയത് മനുഷ്യര്‍ക്ക് വളരെ മുന്‍പേ തന്നെ സംഭവിച്ചതാണ്. മുയല്‍ വര്‍ഗത്തില്‍പ്പെട്ട പ്രെയറി വോള്‍, ദാമ്പത്യജീവിതം നെടുനാള്‍ കാത്തു സൂക്ഷിയ്ക്കുന്നവരാണ്. അച്ഛന്മാര്‍ക്ക് വലിയ താല്‍പ്പര്യമാണ് കുഞ്ഞുങ്ങളെ താലോലിച്ചു വളര്‍ത്താന്‍. ചിലയിനം കിളികളില്‍ കുഞ്ഞുങ്ങളെ പാട്ട് പഠിപ്പിക്കുന്നത് അച്ഛന്മാരാണ്. വ്യാവസായിക വിപ്ലവത്തിനു ശേഷം അമ്മമാര്‍ ജോലി ചെയ്യുന്നവരാകുകയും കൂടുതല്‍ അച്ഛന്മാര്‍ പരിപാലനത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നത് വ്യാപകമായി. ഇന്ന് മാതൃത്വം എന്നത് വിഘടീകരിക്കപ്പെട്ട് തുല്യ പങ്കാളിത്തത്തില്‍ എത്തിനില്‍ക്കുന്നതു പോലെ മാറിയിട്ടുമുണ്ട്. ‘താരാട്ട്​ പാടുവാന്‍ അമ്മയുണ്ടെങ്കില്‍ താളം പിടിയ്ക്കുവാന്‍ അച്ഛനുണ്ട്’ എന്നുമാത്രമല്ല ആ ബലിഷ്ഠ കൈകൾ തൊട്ടിലാട്ടാൻ പരിശീലക്കപ്പെട്ടും തരളിതമാക്കപ്പെട്ടും തുടങ്ങിയിരിക്കുന്നു.

മാതൃത്വം മനുഷ്യരുടെ പ്രത്യേക സിദ്ധിയാണെന്ന് തെറ്റിദ്ധരിച്ചവരാണ് അതിനെ ദൈവികവും ദാര്‍ശനിക സിദ്ധിവിശേഷവുമായി കരുതിയത്. ദൈവത്തിന്​മുലപ്പാലൂട്ടുന്ന കവിഭാവനയിലെ അമ്മ ഒരു മനുഷ്യസ്ത്രീ ആയിരിക്കണമെന്നില്ല. മല്‍സ്യമോ മുതലയോ ചിമ്പാന്‍സിയോ ആകാം. ദൈവങ്ങള്‍ തന്നെ മല്‍സ്യവും കൂര്‍മ്മവും വരാഹവുമൊക്കെ ആവുമ്പോള്‍ അവരുടെ അമ്മമാരും അങ്ങനെയൊക്കെ ആകണമല്ലോ. എന്നാല്‍ പിറന്നു വീണ സ്വന്തം പെണ്‍കുഞ്ഞിന്റെ വായില്‍ വിഷം ഇറ്റിക്കുന്ന അമ്മമാര്‍ ജന്തുകുലത്തില്‍ ഇല്ല.  


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM