Friday, 26 November 2021

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 30

ഖബറിനുള്ളില്‍ ദേവകീ സൈനു
അന്ത്യവിധി കാത്ത് കിടക്കുകയാണ്

പള്ളിക്കാട്ടില്‍ കുട്ട്യസ്സന്റെയും പിതാവ് കുഞ്ഞു ഹാജിയുടേയും ഖബറിടങ്ങള്‍ക്ക് നേരെ എതിര്‍ വശത്തായി മൈലാഞ്ചിച്ചെടികള്‍ അതിരിട്ട ഖബറിനുള്ളില്‍ ദേവകീ സൈനു അന്ത്യവിധി കാത്ത് കിടക്കുകയാണ്. അവര്‍ക്ക് സ്വര്‍ഗ്ഗമോ നരകമോ വിധിക്കാനാവാതെ ദൈവം തലകുനിച്ച് ഇരിക്കുകയാണ്.

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ങ്ങളുടെ വീട് നിന്ന വിശാലമായ പറമ്പിന്റെ അങ്ങേയറ്റത്തായിരുന്നു ദേവകീ സൈനുവിന്റെ വീട്. ഏക്കര്‍ കണക്കിന് പരന്നുകിടന്ന ആ പറമ്പിനിടയില്‍ അതിരുകളുണ്ടായിരുന്നില്ല. ദേവകീ സൈനുവിന്റെ വീടിനുതാഴെ കുത്തനെയുള്ള ഇറക്കമാണ്. ആ ഇറക്കം ഇറങ്ങിച്ചെന്നാല്‍ യു.പി. സ്‌കൂളും മദ്രസയുമുള്ള വില്ലൂരാണ്. ഞങ്ങളുടെ വീട്ടില്‍നിന്ന് നോക്കിയാല്‍ കളിവീട് പോലെ അവരുടെ വീട് കാണാം. 

വിശ്വസിക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ അനേകം കഥകളാണ് ദേവകീ സൈനുവിനെ കുറിച്ച് നാട്ടുകാര്‍ പറഞ്ഞത്. ഞാന്‍ കാണുന്ന കാലത്ത് അവര്‍ക്ക് നാല്‍പത്തഞ്ചിലേറെ പ്രായമുണ്ടായിരുന്നു. പക്ഷേ ഇരുപതിന്റെ ഉള്‍ക്കരുത്തും പുറംവടിവുകളുമായി അവരുടെ ഉടല്‍ ആരെയും മോഹിപ്പിക്കുന്ന തരത്തില്‍ ആ പറമ്പില്‍ ഒറ്റ മരമായി നിവര്‍ന്നങ്ങനെ നിന്നു. കറുത്ത് ഇടതൂര്‍ന്ന മുടി... അക്കാലത്ത് ആരും ധരിക്കാത്ത മാക്‌സിയായിരുന്നു അവരുടെ വീട്ടുവേഷം. പുലരിത്തുടിപ്പുള്ള അധരങ്ങള്‍ക്കുമേല്‍ നേര്‍ത്ത പൊടിമീശ... സാഗരങ്ങളെ ഗര്‍ഭം ധരിച്ച കണ്ണുകള്‍.. നെഞ്ചില്‍ ശ്വാസം മുട്ടി കിടന്ന മുലകള്‍... 

കുഞ്ഞു, ദേവകിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുവന്നു. അറ്റമില്ലാതെ പരന്നു കിടന്ന തന്റെ പറമ്പിന്റെ ഒരു മൂലയില്‍ അവള്‍ക്കായി വീട് പണിതു. കുഞ്ഞുവിന്റെ രണ്ട് ഭാര്യമാരും, അനേകം കാമുകിമാരും അയാളെ വെറുത്തു

അവരുടെ പറമ്പിലാണ് ഞങ്ങളുടെ വിശപ്പാറ്റാനുള്ള ചക്കയും കാച്ചിലും ചേമ്പും ചേനയും കിടന്നത്. അവര്‍ നീണ്ട തോട്ടി കെട്ടി പ്ലാവിന്റെ ഉയര്‍ന്ന കൊമ്പുകളില്‍ നിന്ന് ചക്ക പറിച്ചിട്ട് തരും. വരിക്കച്ചക്കയും പഴം ചക്കയും ആ പ്ലാവുകളില്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നു. അവരുടെ വീട്ട് പറമ്പ് ചെറിയൊരു കാടായിരുന്നു. നിറയെ പച്ചകള്‍. ആ പച്ചകള്‍ക്കുനടുവില്‍ ചാന്ത് തേക്കാത്ത വെട്ടുകല്ലിന്റെ ചുമരുകളുമായി നിന്ന വീട്. ആ ചുമര്‍വിടവുകളില്‍ ജീവന്‍ വെച്ച കുഞ്ഞുചെടികള്‍. പായല്‍ പിടിച്ച  മേല്‍ക്കൂര... 

അടക്കാ കച്ചവടവും കാളപൂട്ടും തല്ലും താന്തോണിത്തരവുമായി ഊരുചുറ്റുന്ന കുഞ്ഞു അങ്ങാടിപ്പുറത്തെ പേരുകേട്ട തറവാട്ടില്‍ അടക്കാ കച്ചവടത്തിനു പോയപ്പോഴാണ് ദേവകിയെ ആദ്യം കണ്ടത്. വെറും കാഴ്ചയല്ല. തറവാട്ട് കുളത്തില്‍ ഒറ്റമുണ്ടുടുത്ത് നീന്തിക്കുളിക്കുന്ന പത്തൊമ്പതിന്റെ ഉടല്‍ മുഴുപ്പുകളുടെ കണ്ണ് തള്ളിക്കുന്ന കാഴ്ച്... തന്നെത്തന്നെ നോക്കി നില്‍ക്കുന്ന മെലിഞ്ഞ് ഉയരം കൂടിയ മനുഷ്യനെ ദേവകിയും കണ്ണെടുക്കാതെ നോക്കി. തന്റെ നോട്ടത്തിനു മുമ്പില്‍ തലതാഴ്ത്തുന്ന പെണ്ണുങ്ങളെ മാത്രമേ അതുവരെ കുഞ്ഞു കണ്ടിരുന്നുള്ളൂ. ദേവകിയുടെ കണ്ണുകള്‍ പറഞ്ഞ ഭാഷക്കുമുമ്പില്‍ വമ്പുറ്റ കുഞ്ഞുവിന് തലതാഴ് ത്തേണ്ടി വന്നു. അയാളുടെ ഉള്ളില്‍ എന്തൊക്കെയോ കടപുഴകി.
അടക്കാ കച്ചവടം മുഴുവനാകും മുമ്പ് തന്നെ ആ രണ്ട് ഉടലുകള്‍ അവരുടെ ഭാഷ കൈമാറി. ചുംബനങ്ങളും നൊട്ടി നുണയലുകളും ചലനങ്ങളും ചലനവ്യതിയാനങ്ങളും ഉടല്‍ പെരുക്കങ്ങളും കയ്പ്പില്ലാത്ത കാഞ്ഞിരക്കാറ്റുകളായി അവരെ വട്ടംചുറ്റിച്ചു. ഉടല്‍ ഭാഷണങ്ങള്‍ പലയാവര്‍ത്തി കഴിഞ്ഞാണ് അവരുടെ ഹൃദയ ഭാഷണങ്ങള്‍ തുടങ്ങിയത്.

abbas

കുഞ്ഞു, ദേവകിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുവന്നു. അറ്റമില്ലാതെ പരന്നു കിടന്ന തന്റെ പറമ്പിന്റെ ഒരു മൂലയില്‍ അവള്‍ക്കായി വീട് പണിതു. കുഞ്ഞുവിന്റെ രണ്ട് ഭാര്യമാരും, അനേകം കാമുകിമാരും അയാളെ വെറുത്തു. അങ്ങാടിപ്പുറത്തുനിന്ന് ദേവകിയെ തിരഞ്ഞുവന്നവരെ കുഞ്ഞു ഒറ്റക്കുനേരിട്ടു. കൂട്ടയടിയുടെ ഒടുക്കം അങ്ങാടിപ്പുറത്തുകാര്‍ ദേഹത്ത് മുറിപ്പാടുകളുമായി മടങ്ങിപ്പോയി. നാട്ടിലെ മറ്റ് മുസ്‌ലിം പ്രമാണിമാര്‍ ഇടപെട്ടപ്പോള്‍ കരുവാരക്കുണ്ടിലെ തന്റെ മാളികവീട്ടില്‍ കുറച്ചുകാലം ദേവകിയെ കൊണ്ടുപോയി പാര്‍പ്പിച്ച് സൈനബയാക്കി പേരുമാറ്റി കുഞ്ഞു അവളെ മടക്കി കൊണ്ടുവന്നു.  

പ്രമാണിമാര്‍ക്കും പള്ളിക്കാര്‍ക്കും  മൊയ്​ല്യാർമാർക്കും നല്ല കുട്ടന്‍ ബിരിയാണി വെച്ചുവിളമ്പി  നിക്കാഹും കല്യാണവും ഒരുമിച്ച് നടത്തി. ദേവകി സൈനബ ആയി. നാട്ടുകാര്‍ക്ക് ദേവകീ സൈനുവായി. കുഞ്ഞുവിന് ദേവകി  കുഞ്ഞിമോളായിരുന്നു. അയാള്‍ ഒരിക്കലും അവളെ ദേവകി എന്നോ സൈനബ എന്നോ വിളിച്ചില്ല. കുഞ്ഞിമോളേന്ന് മാത്രം വിളിച്ചു. അവള്‍ക്ക് അങ്ങാടി കാണാനായി പുതിയ  കാര്‍ വാങ്ങി. കരുവാരക്കുണ്ടിലും വലിയപറമ്പിലുമായി അവര്‍ ജീവിച്ചു, പ്രണയിച്ചു, രതി ആഘോഷിച്ചു. തോന്നുന്ന ഭക്ഷണം കഴിച്ച് , തോന്നുമ്പോള്‍ ഉറങ്ങി , തോന്നുമ്പോള്‍ എഴുന്നേറ്റു. 

രതി എന്ന സൂര്യതേജസ്സിനുനേരെ കൈ മറ ഇടാതെ, സമൂഹത്തെ ഭയക്കാതെ, ദൈവങ്ങളെ ഒട്ടും ഭയക്കാതെ അവര്‍ ജീവിതത്തെ ആഘോഷമാക്കി മാറ്റി. 

ഉടലിന്റെ സാധ്യതകള്‍ അവര്‍ അത്ഭുതത്തോടെ പരസ്പരം അടയാളപ്പെടുത്തി. ഓരോ ഇണചേരലും ഓരോ പുതിയ അനുഭവങ്ങളായി. ദേവകീ സൈനുവിന്റെ മൂത്രം കുഞ്ഞു കുടിച്ചിരുന്നു എന്ന കഥ എനിക്കുതന്നെ വിശ്വാസമില്ലാത്തതിനാല്‍ അത് ഇവിടെ പറയുന്നില്ല. പക്ഷേ രതി എന്ന സൂര്യതേജസ്സിനുനേരെ കൈ മറ ഇടാതെ, സമൂഹത്തെ ഭയക്കാതെ, ദൈവങ്ങളെ ഒട്ടും ഭയക്കാതെ അവര്‍ ജീവിതത്തെ ആഘോഷമാക്കി മാറ്റി. 

കുഞ്ഞുവിന്റെ അടക്കാ കച്ചവടം പാടെ നിലച്ചു. കാളപൂട്ട് കണ്ടങ്ങളില്‍ കുഞ്ഞുവിന്റെ കന്നുകള്‍ ഇറങ്ങാതെയായി. മരം അതിന്റെ ഇല പൊഴിച്ചിടും പോലെ അവര്‍ക്കിടയിലേക്ക് ശിശിരം വന്നു. ഇണചേരലിന്റെ ഇടവേളകള്‍ കൂടിക്കൂടി വന്നു. കുഞ്ഞുവിന്റെ സമ്പത്ത് ചോര്‍ന്നു കൊണ്ടിരുന്നു. കരുവാരക്കുണ്ടിലെ മാളിക വീടും പറമ്പും വിറ്റു. കയ്യും കണക്കുമില്ലാതെ കിടന്ന വസ്തുവകകളെല്ലാം എല്ലാം ഓരോന്നായി വിറ്റു. ആറുവര്‍ഷം അവര്‍ ഒന്നിച്ചുതാമസിച്ചിട്ടും ദേവകി ഗര്‍ഭിണിയായില്ല. കുഞ്ഞുവിന് അതില്‍ സങ്കടമൊന്നും തോന്നിയില്ലാന്നുമാത്രമല്ല സന്തോഷം തോന്നുകയും ചെയ്തു. 

abbas

അവര്‍ക്കിടയില്‍ പ്രണയവും രതിയും ഇല പൊഴിച്ചിട്ട് നിന്നു. ദേവകിയോടുള്ള ഉന്മാദവസന്തം തീര്‍ന്നപ്പോഴാണ് തന്റെ ചോര്‍ന്നുപോയ സ്വത്തുക്കളെ കുറിച്ച് കുഞ്ഞുവിന് ബോധോദയമുണ്ടായത്. കുഞ്ഞു ഹജ്ജിന് പോയി. കുഞ്ഞഹമ്മദ് ഹാജിയായി മടങ്ങി വന്നു. വീടിരുന്ന ഒരേക്കര്‍ പറമ്പ് ദേവകിക്ക് എഴുതിക്കൊടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് പച്ചനിറമുള്ള ജലത്തില്‍ നീന്തിത്തുടിച്ച് തന്നെ മോഹിപ്പിച്ച പെണ്ണുടലിനോട് അയാള്‍ എന്നെന്നേക്കുമായി വിടപറഞ്ഞു. ശേഷം ആദ്യ ഭാര്യയുടെ വീട്ടില്‍ നിസ്‌കാരവും നോമ്പും ദിക്‌റുകളുമായി കാലം കഴിച്ചു. തനിക്ക് വേണ്ടി വാങ്ങിയ കാര്‍ ദേവകി ആവശ്യപ്പെട്ടപ്പോള്‍ യാതൊരു എതിരും പറയാതെ  കുഞ്ഞു ഹാജി അത് അവള്‍ക്ക് കൊടുത്തു. ആ പറമ്പില്‍ പറയത്തക്ക ആദായമൊന്നും ഉണ്ടായിരുന്നില്ല. കാറ് ടാക്‌സിയാക്കി അതിന് ഒരു ഡ്രൈവറെയും വെച്ച് ദേവകി പുതിയ ജീവിതം തുടങ്ങി. കുഞ്ഞു ഹാജി ദേവകിയെ കൈവിട്ടു എന്നറിഞ്ഞയുടന്‍ ജീവന്‍പോലും പകരം നല്‍കാന്‍ തയ്യാറായി അനേകം ഹാജിമാര്‍ ദേവകിയെ തേടിയെത്തി. ദേവകി അവരെയൊക്കെ ആട്ടിയോടിച്ചു.

പക്ഷേ തീരാത്ത പക ഉള്ളിലൊളിപ്പിച്ച് കുഞ്ഞു ഹാജിയുടെ ആദ്യഭാര്യയുടെ മൂത്തമകന്‍ കുട്ട്യസ്സന്‍ തന്റെ വാതിലില്‍ മുട്ടിയ രാത്രിയില്‍ ദേവകീ സൈനു കാലങ്ങള്‍ക്കു മുമ്പുള്ള ആ  ജലസന്ധ്യ കണ്ടു. അതേ ഉടല്‍ , അതേ പ്രായം, അതേ കണ്ണുകള്‍, അതേ ശരീരഭാഷ... കൊടുങ്കാറ്റുപോലെ അവന്‍ വീടിനുള്ളിലേക്കും ദേവകിയുടെ ഉള്‍ത്തടങ്ങളിലേക്കും പുതു പൂക്കളുടെ സുഗന്ധവുമായി ഇരച്ചുകയറി. 

ദിക്‌റുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഖുര്‍ആന്‍ ഓത്തിനുമൊക്കെ അപ്പുറം, വിദൂരമായൊരു ജലസന്ധ്യയില്‍ പച്ചനിറമുള്ള വെള്ളത്തില്‍ ഒറ്റമുണ്ടുടുത്ത ഒരു പെണ്ണുടല്‍ അയാള്‍ക്കുള്ളില്‍ നീന്തിത്തുടിച്ചു

കുട്ട്യസ്സന്‍ ടാക്‌സി ഡ്രൈവറെ പിരിച്ചുവിട്ടു. കുട്ട്യസ്സനും ദേവകിയും കാറില്‍ ഊരു ചുറ്റുന്നതും മധുവിധു ആഘോഷിക്കുന്നതും നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ച് കണ്ടുനിന്നു. കുഞ്ഞു ഹാജിയേക്കാള്‍ തന്റേടവും താന്തോണിത്തരവുമുള്ള കുട്ട്യസ്സനെ എല്ലാര്‍ക്കും പേടിയായിരുന്നു. കോട്ടക്കല്‍ അങ്ങാടിയിലെ എല്ലാ പ്രമുഖര്‍ക്കും കുട്ട്യസ്സന്‍ ദേവകിയെ പരിചയപ്പെടുത്തിക്കൊടുത്തു. പരിചയപ്പെട്ടവരൊക്കെ അവളുടെ ഉടല്‍ വടിവുകളിലും ഉയര്‍ച്ച താഴ്ച്ചകളിലും മുഴുപ്പുകളിലും തങ്ങളുടെ വന്യമോഹങ്ങളെ കുരുതികഴിച്ചിട്ടു.

കുട്ട്യസ്സന്‍ കല്യാണം കഴിച്ചിരുന്നില്ല. ഉപ്പാന്റെ ഭാര്യയെ കല്യാണം കഴിക്കാന്‍ ദീനില്‍ വിധിയില്ലെന്ന കാരണം പറഞ്ഞ് ദേവകിയേയും കല്യാണം കഴിച്ചില്ല. കുഞ്ഞുഹാജി ദേവകിയെ മൊഴി ചൊല്ലിയിരുന്നില്ല. ശറഹിന്റെ വിധിപ്രകാരം ദേവകി ഇപ്പോഴും കുഞ്ഞു ഹാജിയുടെ ഭാര്യയുമാണ്. ഉപ്പാന്റെ ഭാര്യയുടെ ഉടലില്‍, തന്റെ എളാമ്മയുടെ ഉടലില്‍ മുങ്ങി നിവരുന്നതില്‍ അവന്‍ ക്രൂരമായി ആനന്ദിച്ചു. അക്കാലത്ത് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം കോട്ടക്കല്‍ അങ്ങാടിയിലൂടെ അവളെ ചേര്‍ത്തുപിടിച്ച് നടന്നു. പരസ്യമായി ചുംബിച്ചു.

വിവരങ്ങളൊക്കെ കൃത്യമായി അറിഞ്ഞ കുഞ്ഞു ഹാജി മകനെതിരായി ഒന്നും പറഞ്ഞില്ല. ആര്‍ക്കെതിരെയും ഒന്നും പറഞ്ഞില്ല. അയാള്‍ ദിക്‌റുകളുടെ എണ്ണം കൂട്ടി. സുന്നത്ത് നിസ്‌കാരത്തിന്റെ എണ്ണം കൂട്ടി. ഖുര്‍ആന്‍ ഓതുന്നതിന്റെ സമയം കൂട്ടി. ദിക്‌റുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഖുര്‍ആന്‍ ഓത്തിനുമൊക്കെ അപ്പുറം, വിദൂരമായൊരു ജലസന്ധ്യയില്‍ പച്ചനിറമുള്ള വെള്ളത്തില്‍ ഒറ്റമുണ്ടുടുത്ത ഒരു പെണ്ണുടല്‍ അയാള്‍ക്കുള്ളില്‍ നീന്തിത്തുടിച്ചു. അതിന്റെ മുഴുപ്പുകളിലും വടിവുകളിലും അയാളുടെ പ്രാര്‍ത്ഥനകള്‍ക്ക് അക്ഷരങ്ങള്‍ തെറ്റി. വ്യാകരണങ്ങള്‍ പിഴച്ചു. തണുപ്പുകാലത്ത് ചൂടും, ചൂടുകാലത്ത് കുളിരും തന്ന ദേവകിയുടെ ശരീരം അയാള്‍ക്കുള്ളില്‍ നെടുകെ പിളര്‍ന്നു. ഖുര്‍ആന്‍ പാരായണത്തിനിടയില്‍ അയാള്‍ താന്‍  ദേവകിക്ക് പണ്ട് പാടിക്കൊടുത്ത തെറിപ്പാട്ടുകള്‍ പാടാന്‍ തുടങ്ങി. സ്ഥലകാലങ്ങളുടെ അടയാളങ്ങള്‍ നഷ്ടമായി. അവളുടെ ഉടലഴകിനെയും ആ ഉടലില്‍ നിന്ന് താന്‍ നേടിയ ആനന്ദങ്ങളെ കുറിച്ചും അയാള്‍ ഉറക്കെ പാടി.
പിന്നെ തറവാടിന്റെ അടുക്കളച്ചായ്പ്പില്‍ അയാള്‍ക്കായി കാലം കരുതിവെച്ച ചങ്ങല കാലിലണിഞ്ഞ്, പാട്ടും തെറിയും അലമുറയുമായി മറ്റൊരു ജീവിതത്തിലേക്ക് കടന്നു. അപ്പോഴേക്കും അയാളുടെ മകന്റെ ബീജത്തില്‍ നിന്നും ദേവകീസൈനു ഗര്‍ഭംധരിച്ച് കഴിഞ്ഞിരുന്നു. 

മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച വിധം ദേവകീ സൈനു ഗര്‍ഭിണിയായി. കൃത്യം മൂന്നാം മാസം കുട്ട്യസ്സന്‍ അവരെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ചങ്ങലയില്‍ കിടന്ന് ദേവകിയുടെ ഉടലിനെ വര്‍ണിച്ച് പാടുന്ന ഉപ്പാനോടാണോ താന്‍ പ്രതികാരം ചെയ്യുന്നതെന്ന് അയാള്‍ സ്വയം ചോദിച്ചില്ല. ഉപ്പ ദേവകിക്ക് കൊടുത്ത കാറ് അയാള്‍ വിറ്റു. അതില്‍ നിന്ന് ഒറ്റ പൈസയും ദേവകിക്ക് കൊടുത്തില്ല. 

അവര്‍ ഒരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിച്ചില്ല. പഴയതും പുതിയതുമായ ദൈവങ്ങള്‍ ഒന്നും അവരെ ആകര്‍ഷിച്ചില്ല. ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെ അതിന്റെ കറുപ്പിനെ വെളുപ്പിനെ കറുപ്പിനും വെളുപ്പിനും ഇടയിലെ അനേകം ചാരവര്‍ണങ്ങളെ അവര്‍ തനിയെ നേരിട്ടു.

കുട്ട്യസ്സന്റെ വരവും വരുമാനവും നിലച്ചപ്പോള്‍ ദേവകി ജീവിതത്തിനു മുമ്പില്‍ പകച്ചു നിന്നില്ല. കുഞ്ഞു ഹാജി വാങ്ങി കൊടുത്ത ആഭരണങ്ങള്‍ വിറ്റ് അവര്‍ ഗര്‍ഭകാലം കഴിച്ചുകൂട്ടി . കാളിചേച്ചിയുടെ മാത്രം സഹായത്താല്‍ കുട്ട്യസ്സന്റെ കുഞ്ഞിനെ പ്രസവിച്ചു. ഞാന്‍ ഓര്‍ത്തു നോക്കാറുണ്ട്... ഞങ്ങള്‍ അവിടെ താമസമാക്കും മുമ്പ് തികച്ചും വിജനമായി കിടന്ന ആ  വീട്ടില്‍ ഒരു പുലര്‍ച്ചയില്‍ പ്രസവവേദന കൊണ്ട് പുളയുന്ന, അലറിവിളിക്കുന്ന ദേവകിയെ... ദേവകീ സൈനുവിനെ... പ്രസവത്തിന്റെ എട്ടാംനാള്‍ മരിച്ചുപോയ ആ ആണ്‍കുഞ്ഞിനെ പള്ളിപ്പറമ്പില്‍ മറവ് ചെയ്യാന്‍ സമ്മതിക്കാത്തതിനാല്‍ സ്വന്തം വീട്ടുമുറ്റത്ത് താന്‍ നൊന്ത് പ്രസവിച്ച കുഞ്ഞിന് ഖബര്‍ കിളച്ച ദേവകിയെ, സൈനബയെ, ദേവകീ സൈനുവിനെ.

അവര്‍ ഒരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിച്ചില്ല. പഴയതും പുതിയതുമായ ദൈവങ്ങള്‍ ഒന്നും അവരെ ആകര്‍ഷിച്ചില്ല. ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെ അതിന്റെ കറുപ്പിനെ വെളുപ്പിനെ കറുപ്പിനും വെളുപ്പിനും ഇടയിലെ അനേകം ചാരവര്‍ണങ്ങളെ അവര്‍ തനിയെ നേരിട്ടു. തളരുമ്പോള്‍ ചാരി നില്‍ക്കാന്‍ അവര്‍ ഒരു ദൈവത്തൂണും സ്വീകരിച്ചില്ല. ഒരു മതത്തിന്റെയും ആചാരങ്ങള്‍ അവര്‍ അനുഷ്ഠിച്ചില്ല. നാട്ടിലെ സ്ത്രീകളൊക്കെ അവരെ പരസ്യമായി തെറി വിളിച്ചെങ്കിലും, ഉള്ളില്‍ അവരൊക്കെ ദേവകി എന്ന, സൈനബ എന്ന, ദേവകിസൈനുവെന്ന സ്ത്രീയെ ഇഷ്ടപ്പെട്ടു. ആരാധനയോളം എത്തിയ ഇഷ്ടമായിരുന്നു അത്. ഉപ്പയും മകനും ഉപേക്ഷിച്ച ദേവകിക്ക് സ്വന്തം ഉടല്‍ അല്ലാതെ മറ്റൊന്നും വില്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഉടലിന്റെ സാധ്യതകളെ അറിഞ്ഞുകഴിഞ്ഞ അവര്‍ക്ക് സ്വന്തം ഉടലിനോട്  ശ്രദ്ധയും മതിപ്പും തോന്നി തുടങ്ങിയതും അക്കാലത്താണ്. 
കോട്ടക്കല്‍ അങ്ങാടിയിലെ പ്രമുഖരുടെ വാഹനങ്ങള്‍ അവരെ തേടിയെത്തി. പടം പൊഴിച്ചിട്ട പാമ്പിനെപ്പോലെ ദേവകീ സൈനുവിന്റെ ഉടല്‍  കാലചുറ്റുകള്‍ അഴിച്ചിട്ട് കൂടുതല്‍ സുന്ദരമായി. അക്കാലത്തെ ഏറ്റവും പ്രശസ്തമായ കോഴിക്കോട്ടെ മഹാറാണി ഹോട്ടലില്‍ അവരെ കാത്ത് അതിഥികള്‍ ഇരുന്നു. ഒരു ബന്ധത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീളുന്ന ചങ്ങലയായി ആ കോഴിക്കോടന്‍ യാത്രകള്‍ നീണ്ടു.

പുതിയ വീടും പഴയ വീടിന്റെ പുതുക്കിപ്പണിയലുമൊക്കെ പലരും വാഗ്ദാനം ചെയ്‌തെങ്കിലും കുഞ്ഞു ഹാജി പണിയിച്ചു കൊടുത്ത വീട് അവര്‍ ഉപേക്ഷിച്ചില്ല. അതിന് യാതൊരു മാറ്റവും വരുത്തിയില്ല. വെട്ടുകല്ലുകളുടെ ആ ചുമരിന് ചാന്തുപോലും പൂശിയില്ല. ആ കല്‍വിടവുകളിലെ പച്ചപ്പുകളില്‍ കുഞ്ഞു വയലറ്റ് പൂക്കള്‍ വിരിഞ്ഞു നിന്നു. നാട്ടിലെ പ്രമാണിമാരും കോഴിക്കോടന്‍ യാത്രകള്‍ നടത്തി തുടങ്ങി. മെല്ലെ മെല്ലെ കുഞ്ഞു ഹാജിയേയും കുട്ട്യസ്സനെയും അങ്ങാടിപ്പുറത്തെയും ദേവകിയുമായി ബന്ധിപ്പിക്കുന്ന ചരടുകളെ നാട്ടുകാര്‍ മറന്നുതുടങ്ങി. തനിക്ക് ബോധിക്കാത്ത ആരുടെ കൂടെയും ഉടല്‍ പങ്കിടാന്‍ ദേവകീ സൈനു തയ്യാറായില്ല. കോട്ടക്കലും പരിസരവും ഗള്‍ഫ് പണത്തിന്റെ പച്ചപ്പുകളിലേക്ക് തലനീട്ടുന്ന കാലമായിരുന്നു അത്. വയസ് തിരുത്തി പാസ്‌പോര്‍ട്ട് എടുത്ത് ഗള്‍ഫിലേക്ക് പോയ ചെറുപ്പക്കാരുടെയെല്ലാം ഉള്ളില്‍ ദേവകീ സൈനു എന്ന സ്വപ്നം അതിന്റെ ഉടന്‍ വടിവുകള്‍ മാത്രമായി ഇടംപിടിച്ചിരുന്നു. ചിലരൊക്കെ നാട്ടിലെത്തി പരിസരമാകെ മണക്കുന്ന സ്‌പ്രേയും പൂശി, ചൈനാ സില്‍ക്കിന്റെ കുപ്പായവും ധരിച്ച് റാഡോ വാച്ചിന്റെ പവറും കാട്ടി ദേവകിയെ തേടി ചെന്നു. അവരുടെ അശാന്തമായ ശിരകള്‍ക്കുനേരെ ദേവകി കാര്‍ക്കിച്ചു തുപ്പി. 

‘അന്റെ വാപ്പ ഇന്റെ നെഞ്ഞത്ത് കേറീട്ട്ണ്ട്, ഞ്ഞ് അനക്ക് കേറണാ നായിന്റെ മോനേ... ' എന്ന ഒറ്റ ചോദ്യത്തില്‍, സത്യം മണക്കുന്ന ആ ഒറ്റ ചോദ്യത്തില്‍ അവരുടെ സിരകളില്‍ നിന്ന്  ദേവകി ഉരുകിയൊലിച്ചു പോയി. സ്വന്തം റാഡോ വാച്ചുകളോട് അവര്‍ക്കുതന്നെ പുച്ഛം തോന്നി. അങ്ങനെ ഉരുകിയൊലിക്കാത്തവര്‍ ദേവകീ സൈനുവിന്റെ കൈക്കരുത്ത് കവിളില്‍ അറിഞ്ഞു . അങ്ങനെ അറിഞ്ഞവര്‍ അവരുടെ സങ്കല്പങ്ങളെയൊക്കെ യാഥാര്‍ത്ഥ്യം പുരട്ടി കഥകളാക്കി കൂട്ടുകാരോട് വിളമ്പി ആശ്വാസം കൊണ്ടു. 

അക്കാലത്താണ് പുതിയ പള്ളി കമ്മിറ്റിയും അതിന് പ്രസിഡണ്ടും സെക്രട്ടറിയും ഖജാന്‍ജിയുമൊക്കെ ഉണ്ടാവുന്നത്. പുതിയ പള്ളികമ്മിറ്റിയുടെ ഭരണപരിഷ്‌കാരങ്ങളില്‍ ആദ്യത്തേത് , ദേവകീ സൈനുവിന്റെ  വീട്ടില്‍ നിന്ന് പള്ളിയിലെ മൊയ്​ല്യാർമാര്‍ക്ക് ഭക്ഷണം വേണ്ട എന്നതായിരുന്നു. പുതിയ കമ്മിറ്റിയില്‍ കയറിക്കൂടിയ നാലഞ്ചു ചെറുപ്പക്കാരുടെ കിട്ടാ മുന്തിരിയുടെ പുളിപ്പിന്റെ ഫലമായിരുന്നു സത്യത്തില്‍ ആ തീരുമാനം. നൂറ്റമ്പതോളം കുടുംബങ്ങളുള്ള മഹല്ലില്‍ മൊയ്​ല്യാർമാര്‍ക്ക് ചെലവിനു കൊടുക്കാന്‍ സാമ്പത്തികശേഷിയുള്ള അറുപതോളം കുടുംബങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. ഉസ്താദിനും മുക്രിക്കും ഭക്ഷണം കൊണ്ടു പോവുന്ന കുട്ടിക്കും ചേര്‍ത്ത് മൂന്നുപേര്‍ക്കുള്ള നാല് നേരത്തെ ഭക്ഷണം ഉണ്ടാക്കുക എന്നത് സാധാരണക്കാരന് താങ്ങാവുന്ന ഭാരമായിരുന്നില്ല. ദേവകി സൈനുവിന്റെ വീട്ടില്‍നിന്ന് ഭക്ഷണം വേണ്ട എന്ന തീരുമാനം കയ്യടിയോടെ പാസാക്കിയെങ്കിലും ആര് അത് അവരോട് ചെന്ന് പറയും എന്നത് ഒരു പ്രശ്‌നമായിരുന്നു. എല്ലാവരും പുതിയ സെക്രട്ടറിയുടെ മുഖത്തേക്ക് നോക്കിയെങ്കിലും മൂപ്പര്‍ "അദിപ്പൊ... ഞാനിപ്പൊ ... പറഞ്ഞാല് ...' എന്ന് വിക്കുന്നത് കണ്ടപ്പോള്‍ കൂടി നിന്നവര്‍ക്ക് കാര്യം മനസ്സിലായി. പ്രസിഡണ്ടും ഖജാന്‍ജിയും കൂടി വിക്കിയപ്പോള്‍ കമ്മിറ്റിയിലെ പുതിയ ചെറുപ്പക്കാര്‍ ആ ചുമതല സധൈര്യം ഏറ്റെടുത്തു.

abbas

മോന്തി നേരത്ത് വീട്ടില്‍ വന്ന് സലാം ചൊല്ലിയ ചെറുപ്പക്കാരോട് സലാം മടക്കി ദേവകീസൈനു അവരോട് ഇരിക്കാന്‍ പറഞ്ഞു.

‘ഇരിക്കാന്‍ വന്നതല്ല, ഒര് കാര്യം പറയാന്‍ വന്നതാണ്.'

എന്താണിപ്പോള്‍ സലാം ചൊല്ലി പറയേണ്ട പുതിയ കാര്യമെന്ന് അമ്പരപ്പോടെ ദേവകി അവരെ നോക്കി .

‘വേറൊന്നും അല്ല. ഇങ്ങളെ കുടീന്ന് ഇഞ്ഞ് മൊയ്​ല്യാർമാര്‍ക്ക് ചെലവ് മാണ്ട. അത് പറയാനാ ഞങ്ങള് വന്നത്.’
‘ചെലവ് മൊയ്​ല്യാർമാര്‍ക്കല്ലല്ലോ ഇന്ക്കല്ലേ' എന്നും പറഞ്ഞ് ദേവകി ചിരിച്ചു. 
‘കിളിച്ചാന്‍ പറഞ്ഞതല്ല, പുതിയ കമ്മറ്റിന്റെ തീരുമാനമാണ്.'
പുതിയ കമ്മിറ്റിയില്‍ ആരൊക്കെയാണെന്നും, വന്ന ചെറുപ്പക്കാരുടെ ഉപ്പമാര്‍ ആരൊക്കെയാണെന്നും ചോദിച്ചറിഞ്ഞിട്ട്, മാക്‌സി എടുത്തു കുത്തി ദേവകീ സൈനു അവരുടെ അടുത്തേക്ക് നീങ്ങി നിന്ന് ഇരുകൈയ്യും നിവര്‍ത്തിപ്പിടിച്ച് പറഞ്ഞു,  ‘അന്റെ ഒക്കെ ബാപ്പാരും ഇങ്ങളെ ചെക്കട്ടറീം പ്രസിഡണ്ടും ഇന്റെ നെഞ്ഞത്ത് കേറിയോരാ... അങ്ങനെ കേറാത്ത ഏതെങ്കിലും നായിന്റെ മക്കള് ണ്ടെങ്കി ഓല് വന്ന് പറയട്ടെ. അപ്പൊ നോക്കാ ... എറങ്ങിപ്പോയെടാ ന്റെ വളപ്പ്ന്ന്.'

ചെറുപ്പക്കാര്‍ ആദ്യമൊന്ന് പകച്ചെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം പിടി കിട്ടിയപ്പോള്‍ പൊന്തിവന്ന ദീനീബോധവും മുന്തിരിപ്പുളിപ്പും അവിടെ ഉപേക്ഷിച്ച് അവര്‍ തലതാഴ്​ത്തിപ്പിടിച്ച്​ മടങ്ങിപ്പോയി. ഭക്ഷണം കൊണ്ടുപോകുന്ന കുട്ടി ദേവകീ സൈനുവിന്റെ വീട്ടിലെ ഊഴം എത്തിയപ്പോള്‍ ഉയരമുള്ള അടുക്കു പാത്രവും തൂക്കി ആ വീട്ടിലേക്ക് വന്നു. പതിവിലും കൊശിയോടെ അവര്‍ ഭക്ഷണമുണ്ടാക്കി കൊടുക്കുകയും ചെയ്തു. സ്ഥലകാലങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞ് ഉന്മാദത്തിന്റെ പാലത്തില്‍ കയറുവോളം ദേവകീ സൈനുവിന്റെ വീട്ടിലെ ഭക്ഷണം മുസ്ലിയാര്‍ മാര്‍ രുചിയോടെ തന്നെ തിന്നു. 

രാത്രിയുടെ ഇരുളിലൂടെ കയ്യില്‍ ഒരു പെന്‍ ടോര്‍ച്ചുമായി വേച്ചുവേച്ച് നടന്നു പോകുന്നവരെ കാണുന്ന ഓരോ രാത്രിയിലും എന്താവും ആ ഉടലുകള്‍ തമ്മില്‍ സംസാരിക്കുന്നത് എന്ന് ഞാന്‍ അത്ഭുതം കൊണ്ടു

ആണ്‍ കാമങ്ങള്‍ക്ക് നടനമാടി ഒടുങ്ങാന്‍ പുതിയ പുതിയ പെണ്ണുടലുകള്‍ സമൂഹം സൃഷ്ടിച്ചുകൊണ്ടിരുന്നു. പുത്തനുടലുകള്‍ തേടി പ്രമാണിമാര്‍ നെട്ടോട്ടമോടി. പറമ്പുകള്‍ വിറ്റ് തുലച്ചു. എന്റെ ആദ്യത്തെ നാടുവിടലൊക്കെ കഴിഞ്ഞ് ഞാൻ മടങ്ങി വരുമ്പോള്‍ ഞങ്ങളുടെയും ദേവകീ സൈനുവിന്റെയും വീട് നിന്ന വിശാലമായ പറമ്പില്‍ നെടുകയും കുറുകയും മതിലുകള്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഒന്നുരണ്ട് പുരത്തറകളും അവിടവിടെയായി ഉയര്‍ന്നുവന്നിരുന്നു. ഗള്‍ഫ് പണത്തിന്റെ പച്ചപ്പ് ആ പറമ്പിലേക്കും മെല്ലെ അരിച്ചെത്തുകയായിരുന്നു. 

ആ കാലമായപ്പോഴേക്കും ദേവകീ സൈനുവിന്റെ ഉടലില്‍ വാര്‍ദ്ധക്യം കുറെ ചുവടുകള്‍ അളന്നെടുത്ത് കഴിഞ്ഞിരുന്നു. കാളപൂട്ടിയും ചീട്ടു കളിച്ചും പെണ്ണ് പിടിച്ചും പാരമ്പര്യ സ്വത്തുക്കളൊക്കെ നഷ്ടമായ പഴയ പ്രമാണിമാരില്‍ ചിലര്‍ വേച്ചുവേച്ച് ദേവകീ സൈനുവിന്റെ വീട്ടിലേക്ക് നടന്നു. പക്ഷേ അത് രാത്രികളിലായിരുന്നു. ഗള്‍ഫ് പണത്തിനോടൊപ്പം നാട് പല കാപട്യങ്ങളും എടുത്തണിഞ്ഞിരുന്നു. പ്രതാപകാലത്ത് പകല്‍ വേളകളില്‍ ദേവകിയെ തേടി ചെന്നവരായിരുന്നു ആ വാര്‍ദ്ധക്യങ്ങള്‍. ഇപ്പോള്‍ പേരിനോടൊപ്പം ഹാജി വാലുകള്‍ തൂങ്ങിയാടുന്നത് കൊണ്ടും, മക്കളൊക്കെ മുതിര്‍ന്ന് സദാചാരം ചര്‍ദ്ദിക്കുന്നത് കൊണ്ടും അവര്‍ ഊഴമിട്ട് രാത്രിയാവാന്‍ കാത്തിരുന്നു. 
വാര്‍ദ്ധക്യവും ഉന്മാദത്തിന്റെ പുതുവസ്ത്രങ്ങളും അണിഞ്ഞ ദേവകീ സൈനു അവരെ സ്വീകരിച്ചു. തന്നെ തേടിവരുന്നവരുടെ പേരുകള്‍ അവര്‍ക്ക് എപ്പോഴും തെറ്റി. പോക്കരാജി മയമാജിയായി. മയമാജി അബുഹാജി ആയി. പേരുകള്‍ തെറ്റിയെങ്കിലും അവരുടെ പഴയകാല വമനേശ്ചകളൊക്കെ ദേവകിക്ക് ഓര്‍മ്മയുണ്ടായിരുന്നു. 

രാത്രിയുടെ ഇരുളിലൂടെ കയ്യില്‍ ഒരു പെന്‍ ടോര്‍ച്ചുമായി വേച്ചുവേച്ച് നടന്നു പോകുന്നവരെ കാണുന്ന ഓരോ രാത്രിയിലും എന്താവും ആ ഉടലുകള്‍ തമ്മില്‍ സംസാരിക്കുന്നത് എന്ന് ഞാന്‍ അത്ഭുതം കൊണ്ടു. പക്ഷേ അവര്‍ക്കിടയില്‍ ഉടല്‍ ഭാഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ദേവകീസൈനു കൊടുക്കുന്ന മധുരമില്ലാത്ത കട്ടന്‍ചായ കുടിച്ച് അതിഥികള്‍ വരാന്തയിലെ ചേറ്റിയാംപടിയില്‍ ഇരുന്നു. ഒരു കാലം തങ്ങളുടെ ഉടല്‍ വേഗങ്ങള്‍ക്ക് കീഴില്‍ കിടന്ന് ശ്വാസം മുട്ടിയ ആ ഉടലിനെ അവര്‍ കരുണയോടെ നോക്കി. അവരുടെ വ്യാകരണപ്പിഴവുള്ള ചിന്തകളുടെ അക്ഷരം തെറ്റിയ വര്‍ത്തമാനങ്ങള്‍ നിശബ്ദം കേട്ടിരുന്നു. 

അതിഥികള്‍ക്ക് തങ്ങളുടെ ഓര്‍മകളുടെ മ്യൂസിയമായിരുന്നു ആ വീടും ആ ഉടലും. അതിന്റെ സാമീപ്യത്തില്‍ അവര്‍ യൗവനത്തിന്റെ തീച്ചൂട് അറിഞ്ഞു. ആര്‍ത്ത് വിളിച്ച് ഓടിയ ജീവിതപാതകളെ കണ്ടു. ഓട്ടത്തിനിടയില്‍ ചവിട്ടി ഞെരിച്ച ബന്ധങ്ങളുടെ വിലാപം കേട്ടു. നഷ്ടമായ സുഗന്ധങ്ങളെ വീണ്ടെടുത്തു. ഓരോ യാത്രയിലും അവര്‍ തങ്ങള്‍ക്ക് മക്കള്‍ തന്ന ചിലവ് കാശില്‍ നിന്ന് മിച്ചം പിടിച്ച എന്തെങ്കിലും കുറച്ച് ദേവകിക്ക് കൊടുത്തു. നരകയറിയ തലമുടിയില്‍ നിന്ന് പേനുകള്‍ നുള്ളിയെടുത്ത് ദേവകി അവര്‍ക്ക് കൊടുത്തു.
‘തിന്നോളീ ആജ്യാരേ ... നല്ല ചാദാണ്.'

അതെ; ദേവകി എന്ന, സൈനബ എന്ന, ദേവകീ സൈനു എനിക്കും ഒരു ഉടല്‍ മാത്രമായിരുന്നു. മുഴുപ്പുകളും വടിവുകളുമുള്ള ഉടല്‍ മാത്രം ...

മുമ്പില്‍ വിജനമായി കിടന്ന പറമ്പുകളില്‍ നിറയെ പേന്‍ പൂക്കള്‍ വിരിയുന്നത് അതിഥികള്‍ കണ്ടു. പേനുകള്‍ക്കുപകരം കൂറയും കല്‍ക്കുന്നനും, ദേവകി നീട്ടി തുടങ്ങിയപ്പോള്‍ ഒടുക്കത്തെ അതിഥിയും അവിടം വിട്ടുപോയി. ഓര്‍ത്തെടുക്കാന്‍ ഇടമില്ലാത്ത ഓര്‍മ്മകളുടെ ഭാരവുമായി തങ്ങളുടെ വാര്‍ധക്യത്തിലെ ഇരുണ്ട രാത്രികളെ അവര്‍ എണ്ണി തീര്‍ത്തു.

ഒടുക്കം സ്വന്തം മലമൂത്രങ്ങളില്‍ കുളിച്ച് ദേവകീസൈനു മരിക്കുമ്പോള്‍ ഞാന്‍ റാസല്‍ഖൈമയിലെ സിമന്റ് പ്ലാന്റില്‍ ഖലാസിയായി ജോലി നോക്കുകയായിരുന്നു. ദിവസമേറെ ചെന്ന് ആ മരണവാര്‍ത്ത എന്നെ തേടിയെത്തുമ്പോള്‍ മരുഭൂമിയുടെ ഉഷ്ണത്തേക്കാള്‍  തീച്ചൂടുള്ള കാഴ്ച്ചകള്‍ എന്റെ കണ്‍മുമ്പിലൂടെ ഒഴുകിപ്പോയി. 
നീണ്ട തോട്ടി പണിപ്പെട്ട് ഉയര്‍ത്തി ദേവകീ സൈനു ചക്ക വലിച്ചിട്ടു. വിശപ്പിന് ശമനം തരുന്ന ആ ചക്കകളില്‍ അല്ല എന്റ നോട്ടങ്ങള്‍ ഉടക്കിയത്, അവരുടെ നെഞ്ചില്‍ പുറം ചാടാന്‍ കൊതിക്കുന്ന കൗതുകങ്ങളായി ശ്വാസം മുട്ടിക്കിടന്ന മുലകളിലായിരുന്നു. അതെ; ദേവകി എന്ന, സൈനബ എന്ന, ദേവകീ സൈനു എനിക്കും ഒരു ഉടല്‍ മാത്രമായിരുന്നു. മുഴുപ്പുകളും വടിവുകളുമുള്ള ഉടല്‍ മാത്രം ...
ചുട്ടുപഴുത്തു കിടന്ന ഇരുമ്പു ബീമുകളിലൂടെ വേച്ചുവേച്ച് നടന്നു പോകുന്ന അബുഹാജിയേയും പോക്കരാജിയേയും ഞാന്‍ കണ്ടു. മക്കള്‍ കൊടുത്ത ചെലവുകാശില്‍ നിന്ന് മിച്ചം പിടിച്ച മുഷിഞ്ഞ നോട്ടുകള്‍ ആ കുപ്പായ കീശകളില്‍ കിടന്ന് ചിരിക്കുന്നതും കണ്ടു. വിദൂരമായൊരു അടുക്കളച്ചായ്പ്പില്‍ കാല്‍ച്ചങ്ങലയുമായി കുഞ്ഞു ഹാജി അലറിവിളിച്ചു. 

ഇപ്പോള്‍... 
പള്ളിക്കാട്ടില്‍ കുട്ട്യസ്സന്റെയും പിതാവ് കുഞ്ഞു ഹാജിയുടേയും ഖബറിടങ്ങള്‍ക്ക് നേരെ എതിര്‍ വശത്തായി മൈലാഞ്ചിച്ചെടികള്‍ അതിരിട്ട ഖബറിനുള്ളില്‍ ദേവകീ സൈനു അന്ത്യവിധി കാത്ത് കിടക്കുകയാണ്. അവര്‍ക്ക് സ്വര്‍ഗ്ഗമോ നരകമോ വിധിക്കാനാവാതെ ദൈവം തലകുനിച്ച് ഇരിക്കുകയാണ്. 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വലിയപറമ്പില്‍ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടില്‍ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയില്‍ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM