Cultural Study
ഡോ. മുഹമ്മദ് ബഷീര്‍ കെ. കെ.
പ്ര്ര്ര്...
വളി എന്തുകൊണ്ട് വിലക്കുവാക്കാകുന്നു, വിലക്കുപ്രവൃത്തിയാകുന്നു?

മണവും മണമില്ലായ്മയും ശബ്ദവും ശബ്ദമില്ലായ്മയും നിയന്ത്രണവും നിയന്ത്രണമില്ലായ്മയും ചേര്‍ന്ന് അപരസാന്നിധ്യത്തില്‍ പ്രയാസങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ദഹനപ്രക്രിയയുടെ ഉപോല്പന്നമായ വളിയുടെ സാംസ്കാരിക പരിസരം വിശകലനം ചെയ്യാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. സാര്‍വത്രികമായ ജൈവിക പ്രക്രിയയാണെന്ന് തിരിച്ചറിയുമ്പോഴും അത് സ്വകാര്യവും വൈകാരികവുമാണെന്നത് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്നു. മാനാപമാനങ്ങളും ശ്ലീലാശ്ലീലങ്ങളും കൂട്ടിക്കലര്‍ത്തിയാണ് നമ്മുടെ സാംസ്കാരിക പരിസരം വളിയെ വിലക്കുവാക്കും വിലക്കുപ്രവൃത്തിയുമായി നീക്കിനിര്ത്തിയിരിക്കുന്നത്. പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥക്കകത്ത് വളിയിടാനുള്ള സ്വാതന്ത്രത്തിനും സ്ത്രീ- പുരുഷഭേദങ്ങളുണ്ടെന്നത് അതിനെ പ്രശ്നവത്കരിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു.
വളിയുണ്ടാക്കിയ ദുരന്തങ്ങള്‍, യുദ്ധങ്ങള്‍, മരണങ്ങള്
2008 മുതല്‍ അന്താരാഷ്ട്ര വളിദിനം (ഫെബ്രുവരി 5) ആഘോഷിച്ചു വരുന്നുണ്ടെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ ഇതറിഞ്ഞ മട്ടു കാണിക്കാറില്ല. വാലന്റയിന്‍ ഡേ പോലെ സ്വീകരിക്കപ്പെടാറുമില്ല. കിഴക്കായാലും പടിഞ്ഞാറായാലും ഈ ദിനം ഇച്ചീച്ചി ദിനം തന്നെ. ജര്‍മന്‍ കാര്‍ട്ടൂണിസ്റ്റായ ബാസ്റ്റെയ്ന് മെയ്നിക്കിനെയാണ് ഈ ദിനത്തിന്റെ ആവിഷ്കര്‍ത്താവായി കണക്കാക്കുന്നത്.
എ.ഡി. 44-ല്‍ ജറുസലേമില്‍ പതിനായിരം പേരുടെ മരണത്തിനിടയാക്കിയ യുദ്ധമാണ് വളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം. ബി.സി. 569-ല്‍ ഈജിപ്തിലെ അപ്രിസ് രാജാവിനെ ജനങ്ങള്‍ പുറത്താക്കുന്നതിലേക്കു നയിച്ചതും വളി തന്നെയാണ്.
മനഃപ്പൂര്‍വമോ അറിയാതെയോ ഒരാള്‍ ചെയ്ത പ്രവൃത്തി അപരനിലും പൊതുവിടത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ വളിവിടല് നിസാര പ്രക്രിയയല്ല, നിയമപ്രശ്നം കൂടിയാണ്. പ്രേമഭംഗം മുതല്‍ മരണശിക്ഷ വരെ നേടിക്കൊടുത്ത ചരിത്രമാണ് ഈ ‘രംഗബോധമില്ലാത്ത കോമാളി'ക്കുള്ളത്. 2014-ല്‍ റിച്ചാര്‍ഡ് ക്ലെമിനി വെടിയേറ്റ കേസ് വന്നത് ഭാര്യയുടെ മുഖത്ത് വളിവിട്ടതിനാണ്. 2017-ല്‍ ഗള്‍ഫില്‍ മുഹമ്മദ് അല്‍ വഹാബിക്ക് മരണശിക്ഷ കിട്ടിയത് പുണ്യമാസമായ റമദാനില്‍ 6 പളളികളിലായി 17 തവണ വളിയിട്ടതിനാണ്. 2016-ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ കന്നുകാലികളുടെ വളി നിയന്ത്രിക്കാന്‍ ഫാം ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. 2011-ല്‍ മലാവിയന്സിലെ ബിങ്ക വാ മുതരികാസ് സര്‍ക്കാര്‍ പൊതുസ്ഥലത്തെ വളയിടല്‍ നിരോധിച്ച നിയമം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

എ.ഡി. 44-ല്‍ ജറുസലേമില്‍ പതിനായിരം പേരുടെ മരണത്തിനിടയാക്കിയ യുദ്ധമാണ് വളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം. ബി.സി. 569-ല്‍ ഈജിപ്തിലെ അപ്രിസ് രാജാവിനെ ജനങ്ങള്‍ പുറത്താക്കുന്നതിലേക്കു നയിച്ചതും വളി തന്നെയാണ്. വിമതരാജാവ് അമാസിസ് റോമിലേക്ക് ‘എന്റെ വളി തിരിച്ചുകൊണ്ടു പൊയ്ക്കോ' എന്നുപറഞ്ഞ് പറഞ്ഞയച്ച ദൂതന്റെ മൂക്കും കാതും മുറിച്ച് അംഗഭംഗം വരുത്തിയതിനെ തുടര്‍ന്നുണ്ടായ കലാപമാണ് അപ്രിസ് രാജാവിനെ നിഷ്കാസിതനാക്കിയത്. ഹിറ്റ്ലര്‍ അനിയന്ത്രിതമായ ഗ്യാസ്ട്രബിളും മലബന്ധവും കാരണം ബുദ്ധിമുട്ടിയ സസ്യാഹാരിയായ ആളായിരുന്നു. ആഴ്ചയില്‍ 120- 150 ഗുളികകള്‍ വരെ കഴിക്കുക വഴി ശരീരത്തില്‍ ധാരാളം വിഷാംശം എത്തിയിരുന്നു. സ്ട്രൈക്നൈന്‍, അട്രോപീന് എന്നിവയടങ്ങിയ മരുന്നുകളാണ് ഇതിനു കാരണമായത്.
വിമാനത്താവളങ്ങളിലെയും മറ്റും തെര്‍മല്‍, ഇന്‍ഫ്രാറെഡ് ക്യാമറയില്‍ വളി പീലിവിടര്‍ത്തി നിറങ്ങളില്‍ കാഴ്ചപ്പെടുന്നത് പലരും അറിഞ്ഞിട്ടില്ലാത്ത സത്യമാണ്
2018-ല്‍ ദുബൈയില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ട്രാന്‍സാവിയ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് അടിയന്തിരമായി വിയന്നയില്‍ ഇറക്കിയത് വളിവിട്ട യാത്രക്കാരനെ വഴിയില്‍ തള്ളാനായിരുന്നു. രാത്രി കിടക്കുമ്പോഴുള്ള സഹയാത്രക്കാരുടെ വളി പേടിച്ച് എ.സി.കമ്പാര്‍ട്ട്മെന്റിലെ ട്രെയിന്‍ യാത്ര ഒഴിവാക്കാറുള്ള സുഹൃത്തിനെ ഓര്‍ത്തുപോകുന്നു. വിമാനത്താവളങ്ങളിലെയും മറ്റും തെര്‍മല്‍, ഇന്‍ഫ്രാറെഡ് ക്യാമറയില്‍ വളി പീലിവിടര്‍ത്തി നിറങ്ങളില്‍ കാഴ്ചപ്പെടുന്നത് പലരും അറിഞ്ഞിട്ടില്ലാത്ത സത്യമാണ്.
ദൈവം തന്ന പീപ്പി
‘മലദ്വാരത്തിലൂടെ പുറത്താക്കപ്പെടുന്ന വായു' എന്നാണ് വൈദ്യശാസ്ത്ര സാഹിത്യത്തില്‍ വളിയെ നിര്‍വചിക്കുന്നത്. ദഹനത്തോടൊപ്പം പെരിസ്റ്റാല്‍ട്ടിക് പ്രക്രിയയിലൂടെ അധോവായുവും മലാശയത്തിലെത്തുന്നു. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാവുന്ന ഇതിലുള്ളത് വിവിധ വാതകങ്ങളുടെ മിശ്രിതമാണ്. 59 % നൈട്രജന്‍, 21 % ഹൈഡ്രജന്‍, 9% കാര്‍ബണ്‍ ഡൈ ഓക്സൈഡ്, 7% മീഥൈന്‍, 4% ഓക്സിജന്‍, 1 % സള്‍ഫര്‍ ഡൈ ഓക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഒരു സെക്കന്‍ഡില്‍ 10 അടിയും ഒരു മണിക്കൂറില്‍ ഏഴ് മൈലും ആണ് വളിയുടെ വേഗം. ആരോഗ്യമുള്ള ഒരു വ്യക്തി ദിവസം ശരാശരി 14 തവണ വളിവിടുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നഞ്ഞെന്തിന് നാനാഴി എന്ന് പറഞ്ഞതുപോലെ വളിയിലെ വാതക മിശ്രിതങ്ങളില്‍ 99 ശതമാനവും ഗന്ധമില്ലാത്തവയാണെങ്കിലും ഒരു ശതമാനം വരുന്ന സള്‍ഫൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, മീഥൈനെത്തിയോള് എന്നിവ പ്രശ്നക്കാരാണ്. മലദ്വാരത്തിലെ സ്ഫിങ്ക്റ്റര്‍ പേശിക്ക് വായുമര്ദ്ദത്താലുള്ള കമ്പനമാണ് കീഴ്ശ്വാസത്തിന് ശബ്ദം നല്‍കുന്നത്, അഥവാ ദൈവം തന്ന പീപ്പിയായി അതിനെ മാറ്റുന്നത്.

എല്ലാ സസ്തനികള്‍ക്കും ഉള്ള ഈ ജൈവിക പ്രക്രിയയില്‍ ലിംഗവ്യത്യാസം ഇല്ലെങ്കിലും നമ്മുടെ സമൂഹത്തില്‍ അതിന്റെ സ്വീകാര്യതയില്‍ ലിംഗഭേദം പ്രകടമാണ്. പുരുഷന് ചെയ്യുമ്പോള്‍ അതൊരു തമാശയും മേനി നടിക്കലുമാകുമ്പോള് സ്ത്രീയെ അപമാനിതയാക്കുകയാണ് ചെയ്യുന്നത്. ഹിന്ദി നടി നീനാഗുപ്തയെക്കൊണ്ട് സ്ത്രീകള്‍ക്കെന്താ ഗ്യാസില്ലേ? എന്ന് ട്വിറ്ററില്‍ ട്വീറ്റു ചെയ്യാന്‍ പ്രേരിപ്പിച്ചത് ഈ അസമത്വത്തിനെതിരായ ധാര്‍മികരോഷമാണ്. ഈ പുരുഷ അസഹിഷ്ണുതയുടെ പ്രതിഫലനമാണ് പൊതുസ്ഥലത്തെ സ്ത്രീയുടെ വളിയിടല്‍ മാത്രം വിലക്കിയുള്ള ചില രാജ്യങ്ങളുടെ വിവേചനപരമായ നിയമനീക്കങ്ങള്‍. ഈ നിയമം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ട സമയത്ത് ഇതിനെതിരായി കണ്ട ശക്തവും സര്‍ഗാത്മകവുമായ പ്രതികരണമായിരുന്നു ആശാലതയുടെ പ്രതിലോമകാരിഎന്ന കവിത.
ബഷീറെന്നും ഓവീ വിജയനെന്നും
പറഞ്ഞ രണ്ട് സാറന്മാര്
ഇതിനെയൊക്കെപ്പറ്റി ഏതാണ്ടൊക്കെ എഴുതീന്ന്
ആരാണ്ടോ പറഞ്ഞ് കേട്ടിട്ടുണ്ട്
ആ സാറമ്മാര്‍ക്കൊക്കെ ഒരു കൊഴപ്പോമില്ല
സാറേന്ന് ഞാന്‍ സഹികെട്ടപ്പോ ചോദിച്ചു.
സ്ത്രീ ചെയ്യുമ്പോള്‍ മാത്രം കുറ്റകരമാവുന്ന വ്യവസ്ഥയുടെ വിവേചനത്തെയാണ് കവിത അഭിമുഖീകരിക്കുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ മലീമസമായ രാഷ്ട്രീയത്തെ ധര്‍മ്മപുരാണം നോവലെഴുതിയാണ് ഒ.വി. വിജയന് വിമര്‍ശിച്ചത്. പ്രജാപതിയുടെ വിസര്ജ്ജനപ്രക്രിയയെ വിശദാംശങ്ങളോടെ വിവരിച്ചാണ് അദ്ദേഹം രാഷ്ട്രീയ വിമര്‍ശനം നിര്‍വഹിച്ചത്. മറ്റു പലതിലും എന്നപോലെ മലയാള സാഹിത്യത്തില്‍ വളിയെ ധീരമായി സമീപിച്ച എഴുത്തുകാരനാണ് ബഷീര്‍. ബഷീറിന്റെ "ഭര്ര്...' എന്ന കഥക്ക് ബാലസാഹിത്യത്തിന്റെ ലാളിത്യം ഉണ്ടെങ്കിലും വളിയിടലിലെ ലിംഗാസമത്വത്തെ ശക്തമായി പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. നിനക്കുള്ളതുപോലെ എല്ലാവര്ക്കും ഉള്ളതുതന്നെയാണ് ഇതെന്ന ഉമ്മയുടെ ഓര്‍മ്മപ്പെടുത്തലിന് ലിംഗനീതിയുടെ നിശ്ചയദാര്‍ഢ്യം ഉണ്ട്. പുതുതലമുറ എഴുത്തുകാര്‍ ആണ്‍പെണ്‍ ഭേദമില്ലാതെ എഴുത്തില്‍ വളിയെ സ്വീകരിക്കുന്നുണ്ട്. ഇന്ദു മേനോന്റെ ജനാഫ്രസിലെ തീട്ടവളി വിട്ടുനടന്ന മമ്മിക്കോയ, ബിനോയ് എം.ബി.യുടെ വ്യര്ത്ഥി തുടങ്ങിയ രചനയിലൊക്കെ വളി വിലക്കില്ലാതെ പ്രവേശിക്കുന്നുണ്ട്. മാതൃഭൂമി പത്രത്തോടൊപ്പം ഇടക്കാലത്ത് പ്രസിദ്ധീകരിച്ച നര്‍മഭൂമിയില്‍ നമ്പൂതിരി ഫലിതങ്ങള്‍ പലതും വളിയുമായി ബന്ധപ്പെട്ടവയായിരുന്നു.
വളി തമാശകള്‍
രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വളി തമാശ 1900 ബി.സി.യില്‍ സുമേറിയക്കാരുടെ പേരിലാണ്. ‘ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യമാണ്, ഭര്‍ത്താവിന്റെ മടിയില്‍ ഒരു യുവതി വളിവിടുക എന്നത്' എന്നാണ് ആ രേഖപ്പെടുത്തല്‍. ‘കാറ്റ് പൊട്ടിക്കല്‍' എന്നര്‍ത്ഥം വരുന്ന feortan എന്ന പഴയ ഇംഗ്ലീഷ് പദത്തില്‍ നിന്നാണ് fart എന്ന പദത്തിന്റെ നിഷ്പത്തി. ക്ലാസിക് കാലഘട്ടം മുതല്‍ സാഹിത്യത്തില്‍ വളി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഷേക്സ്പിയര്, ഡാന്റെ, ചോസര്‍, മില്ലര്‍, ജോനാഥന് സ്വിഫ്റ്റ് തുടങ്ങിയവരുടെ രചനകളില്‍നിന്നും ഇത് മനസ്സിലാക്കാന്‍ സാധിക്കും. 1532-ല്‍ ഫ്രാങ്കോയിസ് റാബെലൈസ് രചിച്ച ഗാര്ഗന്റെുവയിലും പാന്റഗ്രുയലും എന്ന ആദ്യത്തെ ഫാന്റെസി നോവലില്‍ അധോവായുവിട്ട് ആളുകളെ കുള്ളന്മാരാക്കുന്ന കഥാപാത്രത്തെ കാണാം. 53,000 പേരാണ് ഇങ്ങനെ കുള്ളന്മാരാക്കപ്പെട്ടത്.
ബ്രിട്ടീഷ് പാര്‍ലമെന്റംഗം ഹെന്റി ലുഡ്ലോക്ക് 1607 -ല്‍ പാര്‍ലമെന്റിലെ ഗൗരവപൂര്‍ണമായ രാഷ്ട്രീയ സംവാദത്തിനിടെ സംഭവിച്ച അബദ്ധം പിന്നീട് നാടോടിക്കഥയായും കവിതയായും സാംസ്കാരിക പ്രവേശനം നേടി. കാന്റര്‍ബറി കഥകളിലൊന്നായ ദി സമ്മര്‍സ് ടെയിലില്‍ പണം ചോദിച്ചു വന്ന കപട സന്യാസിയുടെ കയ്യിലേക്ക് വളിയിട്ടുകൊടുത്ത് എല്ലാ സന്യാസിമാരോടും തുല്യമായി എടുത്തോളാന്‍ പറയുന്ന ഭാഗം ഉണ്ട്.

മാധ്യമങ്ങളെ സംബന്ധിച്ച് വിനോദ വ്യവസായത്തിലെ വിപണിമൂല്യമുള്ള വില്‍പ്പന ചരക്കാണിത്. കുട്ടികളെ ഇത്രയേറെ ചിരിപ്പിക്കുന്ന മറ്റൊരു ശാരീരിക പ്രക്രിയയും ഇല്ലെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ സാമാന്യമായും കുടുംബസദസ്സുകളെ സവിശേഷമായും ലക്ഷ്യംവയ്ക്കുന്ന ചലച്ചിത്ര ടി.വി വിനോദ പരിപാടികളുടെ ഇഷ്ടചേരുവയാണിത്. സൂര്യ ടി.വി.യിലെ കുട്ടിപ്പട്ടാളത്തില്‍ അവതാരിക സുബി വീട്ടുവിലക്കിന്റെ നിയന്ത്രണങ്ങളെ സവിശേഷമായ വൈഭവത്തോടെ പൊളിച്ചടുക്കി ചികഞ്ഞെടുത്ത് മാതാപിതാക്കളെ കളിയാക്കിവിട്ട് ‘വളി വിടുന്ന നിന്റെ അച്ഛനെ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് കൊണ്ടു പോകാം' എന്നൊക്കെപ്പറഞ്ഞു ആഘോഷമാക്കി മാറ്റുന്നു.
മങ്കിപെന്നിലെ ‘എടാ ജുഗ്റു, ഞാന്‍ നിന്നോട് പല പ്രാവശ്യം പറഞ്ഞതാ ക്ലാസിലിരുന്ന് കുശു വിടാതെയെന്ന് ' എന്ന ഡയലോഗിനെ Tik Tok ല്‍ കൗമാരക്കാരികള്‍ ഏറ്റെടുത്താണ് തങ്ങളുടേതായ അവതരണങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയത്.
വളിയിടലിനെ ഒരു പ്രകടന കലയായി അഥവാ പെര്‍ഫോമിംഗ് ആര്‍ട്സ് ആയി വികസിപ്പിച്ചത് 1857- 1945 കാലഘട്ടത്തില്‍ ജീവിച്ച ജോസഫ് പുജോളാണ്. മലദ്വാരത്തിലൂടെ ശ്വസിക്കാനും നിശ്വസിക്കാനും കഴിവുണ്ടായിരുന്ന ഇദ്ദേഹം, ‘കല പെറ്റോ മാനേ' (ഫാര്‍ട്ട് മാനിയാക്) എന്ന അപരനാമത്തില്‍ അറിയപ്പെട്ടു.
പുലിവാല് കല്ല്യാണം എന്ന സിനിമയില്‍ പരിപ്പും ഉരുളക്കിഴങ്ങുമാണ് കഴിച്ചതെന്നു പറഞ്ഞ കൊച്ചിന്‍ഹനീഫയുടെ അടുത്ത് നിന്ന് റിസ്ക് എടുക്കേണ്ടെന്ന് പറഞ്ഞ് തലതിരിച്ചു കിടന്നാണ് സലിംകുമാര്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ചത്.
ഹം ദില്‍ ദേ ചുകേ സനം എന്ന ഹിന്ദി (1999) സിനിമയില്‍ സല്‍മാന്‍ഖാന്റ ഗ്യാസ്ട്രബിളിനെ ഐശ്വര്യ റായി കളിയാക്കുന്നത് സമീര്‍ ഹവാ കാ ജോ കാ എന്നുപറഞ്ഞാണ്.
തേന്മാവിന് കൊമ്പത്ത് എന്ന ചലച്ചിത്രത്തില്‍ ‘ശ്രീഹള്ളിയിലേക്കുള്ള വളി’ ചോദിച്ച മോഹന്‍ലാലിന്റെ രംഗം പ്രേക്ഷകലക്ഷങ്ങളെ കുടുകുടെ ചിരിപ്പിച്ചതാണ്.
നായകന്റെ നായകപരിവേഷത്തെ ഇത്തരം രംഗങ്ങള്‍ പൊലിപ്പിച്ചെടുക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാര സങ്കല്‍പ്പത്തിനനുസരിച്ചാണ്. അപൂര്‍വമാണെങ്കിലും ചില തിരുത്തലുകള്‍ ഷോര്‍ട്ട് ഫിലിമുകളില്‍ വരുന്നുണ്ട്. പത്മിനി എന്റര്ടൈംമിന്റെ ‘ഡൂ ഗേള്‍സ് ഫാര്‍ട്ട്?' എന്ന മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹിന്ദി വീഡിയോ പുരുഷന്മാരിരിക്കുന്ന കാറിനകത്തേക്ക് ഗ്യാസ് വിട്ട് ഡോറടച്ചിറങ്ങുന്ന നായികയെ താര പരിവേഷത്തോടെ സ്ലോമോഷനില്‍ അവതരിപ്പിക്കുന്നു.
സ്ത്രീകള്‍ക്ക് ഗ്യാസ് ഇല്ലെന്നു വിശ്വസിക്കുന്ന നിഷ്കളങ്കരുടെ എണ്ണവും അത്ര കുറവല്ല. 2019 സെപ്റ്റംബര്‍ 22 ന് ഗുജറാത്തിലെ സൂറത്ത് പ്രദേശം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വളിയിടല്‍ മത്സരം സംഘടിപ്പിക്കപ്പെട്ടതിലൂടെയായിരുന്നു. സൂറത്ത് നിവാസികളായ യതിന് സംഗോയിയും മുല് സാംഗ് വിയുമാണ് ഈ മത്സരത്തിന് നേതൃത്വം നല്‍കിയത്.
ദൈര്‍ഘ്യമേറിയത്, ഉയര്‍ന്ന ശബ്ദത്തിലുള്ളത്, സംഗീതാത്മകമായത് എന്നിങ്ങനെ മൂന്നിനങ്ങളില്‍ ആയിരുന്നു മത്സരം. വളിയിടലിനെ ഒരു പ്രകടന കലയായി അഥവാ പെര്‍ഫോമിംഗ് ആര്‍ട്സ് ആയി വികസിപ്പിച്ചത് 1857- 1945 കാലഘട്ടത്തില്‍ ജീവിച്ച ജോസഫ് പുജോളാണ്. മലദ്വാരത്തിലൂടെ ശ്വസിക്കാനും നിശ്വസിക്കാനും കഴിവുണ്ടായിരുന്ന ഇദ്ദേഹം, ‘കല പെറ്റോ മാനേ' (ഫാര്‍ട്ട് മാനിയാക്) എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. സിഗരറ്റ് വലിക്കുക, ഫ്ളൂട്ട് വായിക്കുക, മെഴുകുതിരികള്‍ ആളിക്കത്തിക്കുക എന്നിവ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഉള്‍പ്പെട്ടിരുന്നു. അക്കാലത്തെ ഫിലിം സെലിബ്രിറ്റി ആയിരുന്ന സാറാ ബെര്ണാഡിനെക്കാളും ജനപ്രിയനായിരുന്നു ഇദ്ദേഹം. ജോനാഥന് സ്വിഫ്റ്റ്, ഡോന് ഫര്‍ട്ടി നാന് എന്ന ഹാസ്യനാമത്തിലാണ് വളിയെക്കുറിച്ച് ലേഖനമെഴുതിയത്. ഷേക്സ്പിയുടെ The Comedy of Errors, മില്ലറുടെ നിക്കോളാസും അബ്സാലോമും തുടങ്ങിയ കൃതികളിലും വളി ഉണ്ട്. മാര്‍ക് ട്വയിനിന്റെ 1601 എന്ന ലഘുലേഖയില്‍ എലിസബത്ത് രാജ്ഞിയും എഴുത്തുകാരും തമ്മിലുള്ള ഭാവനാ സംഭാഷണത്തിലുമെല്ലാം വളി കടന്നുവരുന്നുണ്ട്.
ന്യൂസ്റൂമിലും ഉച്ചകോടിയിലും അഭിമുഖങ്ങളിലും ടാലന്റ്ഷോയിലും ആകസ്മികമായി നിയന്ത്രണംവിട്ട പ്രശസ്തരുടെയും അപ്രശസ്തരുടെയും ചമ്മലുകളെ ഒപ്പിയെടുത്ത് യു-ട്യൂബ് ചാനലുകളും ആഘോഷിക്കുന്നു. പ്രശസ്ത താരങ്ങളെ ഇത്തരം ചോദ്യങ്ങളാല്‍ ഞെട്ടിപ്പിക്കുന്നതും ചിലര്‍ക്ക് ഹരമാണ്. സല്‍മാന്‍ഖാനോട് ഒരിക്കല്‍ അഭിമുഖത്തില്‍ കൃഷ്ണ ചോദിച്ചത് നായികമാരുടെ ഫാര്ട്ടിനെക്കുറിച്ചാണ്. ബിഗ്ബോസ് പതിമൂന്നില്‍ ശില്പാ ഷെട്ടിയുടെ യോഗ പ്രാക്ടീസിനിടെ അര്തിക്ക് സംഭവിച്ച അബദ്ധവും കാഴ്ചക്കാരെ കൂട്ടി. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ടിക് ടോക് ഒന്നാം നമ്പര്‍ താരം ഹെലന് ഓഫ് സ്പാര്‍ട്ട എന്ന കൗമാരക്കാരി പെണ്‍കുട്ടി തിളങ്ങുന്നത് തന്റെ നേരെ വരുന്ന വിലക്കുവാക്കുകള്ക്കും പ്രയോഗങ്ങള്‍ക്കും അതേ നാണയത്തില്‍ മറുപടി പറഞ്ഞാണ്.
ദ നോട്ടി പ്രൊഫസര്‍ പോലുള്ള ധാരാളം ഇംഗ്ലീഷ് സിനിമകളിലും ഹിന്ദി സീരിയലുകളിലും വളിയിടലിന്റെ ഭ്രമാത്മകമായ ഭാവനകള്‍ കാണാം. വലിയ ശരീരത്തില്‍നിന്ന് കൊടുങ്കാറ്റുപോലെ വരുന്നവ ( നോട്ടി പ്രൊഫസര്‍ ) ആഹാരം കഴിച്ച് വിഷവാതക വളി ഉല്‍പ്പാദിപ്പിക്കാനും ആളുകളെ ഉപദ്രവിക്കാനും കഴിയുന്ന വില്ലന്‍ തുടങ്ങിയവരൊക്കെ പിറന്നത് ഇത്തരം ഭാവനകളില്‍ നിന്നാണ്.

2015ല്‍ 2.42 മിനിറ്റ് ദൈര്‍ഘ്യമുള്ള വളി വിട്ട ലണ്ടന്കാരന് ബെര്‍ണാഡ് ക്ലെമന്‍സിന്റെ പേരിലാണ് ഗിന്നസ് ലോക റെക്കോര്‍ഡ്. ബലൂണ്‍ പൊട്ടിച്ചും മെഴുകുതിരി കെടുത്തിയും റെക്കോര്ഡിട്ടവരെക്കൂടാതെ കണ്ണുകൊണ്ടും കക്ഷം കൊണ്ടും വായ് കൊണ്ടും വളി അനുകരിച്ച് റെക്കോഡിട്ടവരും ഉണ്ട്. എന്നാല്‍ പുരുഷകോയ്മകളുടെ ഈ റെക്കോര്‍ഡുകളില്‍ ഒരെണ്ണം 2017-ല്‍ ഷെല്ലി എന്‍ ഗുയെന്‍ എന്ന സസ്യാഹാരിയായ വനിതക്കുള്ളതാണ്. 2017-ല്‍ സ്ഥാപിച്ച 477 എണ്ണത്തിന്റെ റെക്കോര്‍ഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.
മുസ്ലിംകള് അവര്‍ക്കു നിര്‍ബന്ധമായ അഞ്ചുനേരം നമസ്കാരത്തിനു മുന്നോടിയായി ജലംകൊണ്ട് ശരീരശുദ്ധി വരുത്തണം, അഥവാ വുളു എടുക്കണം. എന്നാല്‍ വളി പോയാല്‍ വുളു മുറിയും, വീണ്ടും ശരീരശുദ്ധി വരുത്തണം. അതുകൊണ്ടുതന്നെ നമസ്കാരം പൂര്‍ത്തിയാവാതെ വീണ്ടും വുളു എടുത്ത് നമസ്കാരത്തില്‍ പ്രവേശിക്കേണ്ടിവരുന്ന സ്ത്രീക്ക് കുടുംബാംഗങ്ങളുടെ പരിഹാസം ഏല്‍ക്കേണ്ടി വരാറുണ്ട്.
ബി.ജി.ടി. 2019 ടാലന്റ് ഷോയില്‍ വയലിന് വായിക്കുന്ന പോലെ സംഗീതാത്മകമായി രണ്ട് മിനിറ്റ് വളി വിട്ട യുവാവിന്റെ അവിസ്മരണീയ പ്രകടനത്തെ വിധികര്‍ത്താക്കളും സദസ്സും എഴുന്നേറ്റുനിന്ന് ആദരിക്കുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തു. പ്രാങ്ക് വീഡിയോകളുടെ ഇഷ്ട വിഭവമാണിത്. ആണധികാരത്തിന്റെ മേല്‍ക്കോയ്മയിലാണ് ഇവയെല്ലാം നിലകൊള്ളുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കിഴക്കിനേക്കാള്‍ പടിഞ്ഞാറിന് ഇത്തരം കാര്യങ്ങളില്‍ സത്യസന്ധത കൂടുതലാണ്. നമ്മുടെ പുരാണേതിഹാസങ്ങളിലും പ്രാചീന സംസ്കൃത സാഹിത്യത്തിലും വളി വരുന്നില്ലെന്നത് ശുദ്ധാശുദ്ധിയെ നിര്‍ണയിക്കുന്നതില്‍ അധോവായുവിന് സ്ഥാനം കല്പിക്കാത്തതു കൊണ്ടാവാം. മലം, മൂത്രം തുടങ്ങിയ വിസര്‍ജ്യങ്ങള്‍ പോലെ പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും പ്രതിരോധത്തിന്റെയും ആയുധമായോ മാര്‍ഗമായോ വളി മാറാത്തത് അതിന്റെ അമൂര്‍ത്തതയും അല്പായുസും കൊണ്ടാവാം.
വാവിട്ട വാക്കും വയര്വിട്ട വളിയും
മലയാളിയുടെ ദൈനംദിന വ്യവഹാരത്തില്‍ ശൈലിയായും പഴഞ്ചൊല്ലായും കടങ്കഥയായും പ്രയോഗമായും വളി സ്ഥാനപ്പെടുന്നുണ്ട്. ‘ഇടി വന്നു പേടിച്ചിട്ടില്ലാ, പിന്നാ വളി' എന്ന ചൊല്ല് ശത്രുവിനെ നിസാരനാക്കുമ്പോള് ‘വാവിട്ട വാക്കും വയര്വിട്ട വളിയും തിരിച്ചെടുക്കാനാവില്ലെ'ന്നത് ആലോചിക്കാതെ പ്രവര്‍ത്തിക്കരുതെന്ന ഓര്‍മപ്പെടുത്തലാണ്. ‘ഒന്നു വളിയിടാനുള്ള ആവതു പോലും ഇല്ലാതായല്ലോ' എന്നതില്‍ ആരോഗ്യ ക്ഷയത്തെക്കുറിച്ചുള്ള വിലാപമാണ്. ‘തീട്ടവളി' തറ പ്രവൃത്തിയും ‘തീട്ടവെളവ് ' തരം താണ തന്ത്രവുമാണ്. ‘ഒച്ചയ്ക്ക് ഒച്ചയൊത്തു, മണത്തിനോ?' എന്നത് പാളിപ്പോയ അടവുകളാണ്. കുടുംബസദസ്സുകളില്‍ കടങ്കഥയായും ഇത് അവതരിക്കുന്നു.
‘ഇട്ടാല്‍ പൊട്ടും തിരഞ്ഞാല്‍ കാണില്ല', ‘ഇട്ടവന് ആശ്വാസം, കേട്ടവന് പരിഹാസം' എന്നിങ്ങനെ ബാലഭാവനകള് പരിലസിക്കുന്നു.
ചില വിരുതര്‍ നാവിനു വഴങ്ങാത്തവ വേഗത്തില്‍ ചൊല്ലാന്‍ കൊടുത്ത് നേരമ്പോക്കിനു വഴിയുണ്ടാക്കും. പുളി വടി-വടി പുളി പോലെ. കീഴ്ശ്വാസത്തിന്റെ ഭാഷാഭേദങ്ങള്‍ തെക്കും വടക്കുമായി രണ്ടായി മാത്രം മുറിയാതെ ഊസ്, ഊച്ച്, നസ്ക്, കുശു, കുച്ച്, പൊറി, പുയ്യ് എന്നിങ്ങനെ പലതായി പരക്കുന്നു. ഹിന്ദി ചലച്ചിത്ര ഗാനങ്ങളില്‍ സംഗീതസാന്ദ്രമായി ആസ്വദിക്കുന്ന കുച്ച് അതില്‍നിന്ന് വേര്‍പ്പെട്ട് മലപ്പുറത്ത് ഉച്ചരിക്കുമ്പോള്‍ സഭയില്‍ പ്രവേശനം കിട്ടാത്തതാകുന്നു. മുസ്ലിംകള്, അവര്‍ക്കു നിര്‍ബന്ധമായ അഞ്ചുനേരം നമസ്കാരത്തിനു മുന്നോടിയായി ജലംകൊണ്ട് ശരീരശുദ്ധി വരുത്തണം, അഥവാ വുളു എടുക്കണം. എന്നാല്‍ വളി പോയാല്‍ വുളു മുറിയും, വീണ്ടും ശരീരശുദ്ധി വരുത്തണം. അതുകൊണ്ടുതന്നെ നമസ്കാരം പൂര്‍ത്തിയാവാതെ വീണ്ടും വുളു എടുത്ത് നമസ്കാരത്തില്‍ പ്രവേശിക്കേണ്ടിവരുന്ന സ്ത്രീക്ക് കുടുംബാംഗങ്ങളുടെ പരിഹാസം ഏല്‍ക്കേണ്ടി വരാറുണ്ട്. വുളു മുറിയാതിരുന്നാല്‍ ഒരൊറ്റ വുളുകൊണ്ട് അഞ്ചുനേരവും നമസ്കരിക്കാം. ഈ സാഹചര്യത്തില്‍നിന്നാണ് മലബാറില്‍ ‘അവസാനത്തെ അത്വഹിയാത്തില് വളിവിട്ട പോലെ' എന്ന ചൊല്ലുണ്ടായത്. ജോലി പൂര്‍ത്തിയാകാന്‍ നില്ക്കുമ്പോള് പിണഞ്ഞ അബദ്ധം മൂലം ആദ്യം മുതല്‍ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയെയാണിത് വ്യക്തമാക്കുന്നത്. വുളുവും വുളു മുറിയലും ആര്‍ത്തവവും പ്രസവ രക്തവുമെല്ലാം ഈശ്വരാരാധനയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല് മുസ്ലിംകളുടെ മതവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
‘അലറിപ്പോയാല് ആപത്തില്ല, പുകഞ്ഞുപോയാല്‍ പരമദയനീയ’ മെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. ഇതേകാര്യം തന്നെ മറ്റൊരു രീതിയില്‍ അല്പം കപടമായും സൂചിപ്പിക്കാറുണ്ട്: ‘കുരക്കും പട്ടി കടിക്കില്ല', ‘മിണ്ടാപൂച്ച കലമുടയ്ക്കും' എന്നിങ്ങനെ. ഴ കാര മില്ലാത്ത തമിഴിലെ ള കാര ഉച്ചാരണം മലയാളിക്ക് ചിരിക്കാന്‍ ധാരാളം വക നല്‍കാറുണ്ട്. വളിയോടുള്ള വെറുപ്പ് വെറുപ്പുളവാക്കുന്ന ഇതര പ്രവൃത്തികളിലേക്കും വ്യാപിപ്പിക്കുന്നതിനാലാണ് ഭാഷയില്‍ വളിച്ച, വളിപ്പ് തുടങ്ങിയ പദങ്ങള്‍ ഉണ്ടാകുന്നത്. വിടുവായത്തത്തെ വളിപ്പാക്കാന് മലയാളിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല.

പരിപ്പും ഉരുളക്കിഴങ്ങും ചക്കക്കുരുവും മലയാളി ചിരിച്ചുകൊണ്ടേ സ്വീകരിക്കൂ. ചക്കക്കുരുവിന് ‘വെടിക്കുരു' എന്ന ഓമനപ്പേര് വന്നതിന് പിന്നില്‍ ചക്കയും ചക്കക്കുരുവും സുലഭമായ മലയാളിയുടെ അനുഭവസാക്ഷ്യം ഉണ്ട്. ആഹാരം കഴിക്കുന്ന വേളയില്‍ വളി വിടുന്നത് മലയാളിക്ക് ക്ഷമിക്കാന്‍ പ്രയാസമാണ്. ശാന്തനെ പോലും അത് പ്രകോപിതനാക്കി എന്ന് വരാം. കുറുക്കനെ പോലുള്ള ചില ജീവികള്‍ക്ക് ഇത് ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുള്ള ഉപായം കൂടിയാണ്.
അഭിമാനത്തോടെ വളി വിടൂ
‘സാഭിമാനം വളിവിടാന്‍' (fart proudly) ആഹ്വാനം ചെയ്തത് രണ്ടു നൂറ്റാണ്ടുമുമ്പ് ബെഞ്ചമിന്‍ ഫ്രാങ്ക്ലിന് ആണ്. ബ്രസല്‍സ്സിലെ റോയല്‍ അക്കാദമി ശാസ്ത്രീയ രചനകള്‍ ക്ഷണിച്ചപ്പോള്‍ അതിനുള്ള പ്രതികരണമെന്ന നിലയിലാണ് ബെഞ്ചമിന്‍ 1781-ല്‍ ‘ടു ദി റോയല്‍ അക്കാദമി ഓഫ് ഫാര്ടിംഗ് ' എന്നു കൂടി പേരുള്ള ലേഖനമെഴുതിയത്.
വളിയുടെ ശബ്ദത്തേക്കാള്‍ അതിനെ അപഹാസ്യവും അരോചകവും അപമാനകരവുമാക്കുന്നത് അതിന്റെ ദുര്‍ഗന്ധം ആയതിനാലാവാം സുഗന്ധപൂരിതമായ വളിയെക്കുറിച്ചുള്ള ഭാവന ചിറകുവിരിക്കാന്‍ തുടങ്ങിയത്. ക്രിസ്റ്റ്യന്‍ പോയിന് ഷെവാല്‍ എന്ന ഫ്രഞ്ച് വ്യവസായി ചോക്കളേറ്റിന്റെയും റോസാപ്പൂവിന്റെയും പരിമളം പരത്തുന്ന അകത്തു കഴിക്കാവുന്ന ക്യാപ്സൂള്‍ വിപണിയിലിറക്കിയാണ് ഭാവനയെ യാഥാര്‍ത്ഥ്യമാക്കിയത്.
ഫ്രാങ്ക്ലിന് അക്കാദമിയില്‍ സബ്മിറ്റ് ചെയ്തില്ലെങ്കിലും സ്വകാര്യമായി അച്ചടിച്ച് ബ്രിട്ടനിലെ മന്ത്രിക്കും ഗ്യാസ് ഉല്പാദിപ്പിക്കുന്ന കെമിസ്റ്റിനും സുഹൃത്തുക്കള്‍ക്കും നല്കി. ഭക്ഷണത്തിലും സോസിലും ചേര്‍ത്ത് കഴിക്കാന്‍ കഴിയുന്ന സുഗന്ധപൂരിതമായ ഗ്യാസ് ഉല്പാദിപ്പിക്കാനുള്ള മരുന്നുകള്‍ വികസിപ്പിച്ച് ജനനന്മയ്ക്കുതകുന്ന പ്രായോഗിക ഗവേഷണത്തിലേര്പ്പെടാനാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ ആവശ്യപ്പെട്ടത്. മരിച്ച് ദീര്‍ഘകാലം അദ്ദേഹത്തിന്റെ സമ്പൂര്ണരചനകളുടെ സമാഹാരത്തില്‍നിന്ന് ഈ ഉപന്യാസം ഒഴിവാക്കപ്പെട്ടതില്നിന്നും വളിയെ പടിക്കു പുറത്താക്കുന്നതില്‍ കിഴക്കിനും പടിഞ്ഞാറിനും ദേദമില്ലെന്നാണ് മനസ്സിലാക്കേണ്ടത്.
വളിയുടെ ശബ്ദത്തേക്കാള്‍ അതിനെ അപഹാസ്യവും അരോചകവും അപമാനകരവുമാക്കുന്നത് അതിന്റെ ദുര്‍ഗന്ധം ആയതിനാലാവാം സുഗന്ധപൂരിതമായ വളിയെക്കുറിച്ചുള്ള ഭാവന ചിറകുവിരിക്കാന്‍ തുടങ്ങിയത്. ക്രിസ്റ്റ്യന്‍ പോയിന് ഷെവാല്‍ എന്ന ഫ്രഞ്ച് വ്യവസായി ചോക്കളേറ്റിന്റെയും റോസാപ്പൂവിന്റെയും പരിമളം പരത്തുന്ന അകത്തു കഴിക്കാവുന്ന ക്യാപ്സൂള്‍ വിപണിയിലിറക്കിയാണ് ഭാവനയെ യാഥാര്‍ത്ഥ്യമാക്കിയത്.
ഗ്യാസ്ട്രബിള്‍ എന്നത് സര്‍വസമ്മതവും സാര്‍വത്രികമായി വ്യവഹരിക്കുന്നതും പൊതുസമ്മതിയുള്ളതുമായ പദമാണ്. മലയാളത്തിന് പ്രവേശനം കിട്ടാത്തിടത്ത് സായിപ്പ് മാന്യമായും അന്തസ്സായും സഭാപ്രവേശനം നേടുന്നതിനെ മലയാളിയുടെ കപട സദാചാരത്തോട് ചേര്‍ത്താണ് വിലയിരുത്തേണ്ടതെന്നു തോന്നുന്നു.▮