Sunday, 25 September 2022

മുസ്​ലിം ജീവിതം


Text Formatted

ഉറക്കമില്ല, ട്രോമയിലും ഡിപ്രഷനിലും വേവുന്ന
​​​​​​​ഒരു മുസ്​ലിം പെൺകുട്ടിയാണ്​ ഞാൻ

ഉള്ളില്‍ കടന്നുകൂടിയ ഭയം എന്നെ വിട്ടുപോയില്ല. മരുന്ന് ശരീരത്തെയും മനസ്സിനെയും തളര്‍ത്തി. ബോധമില്ലാതെ മൂന്നോളം ദിവസം ഐ.സി.യുവില്‍ കിടന്നു. ഒരു മാസത്തോളമെടുത്തു, പഴയ രീതിയിലേക്ക് തിരിച്ചുവരാന്‍. വിദ്വേഷത്തിന്റെയും വേട്ടയാടലുകളുടെയും സംഘർഷഭൂമിയിൽനിന്ന്​ ഒരു മുസ്​ലിം പെൺകുട്ടി എഴുതുന്നു.

Image Full Width
Image Caption
റാഷിദ നസ്രിയ
Text Formatted

സ്വപ്നങ്ങളുടെ തടവറയില്‍നിന്ന് പുറത്തുചാടാന്‍ കഴിയാതെ, ജീവിതം മുഴുവന്‍ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാല്‍ വേട്ടയാടപ്പെടുന്ന ഒരു ജീവിതം ജീവിക്കുന്ന ആളാണ് ഞാന്‍. പലപ്പോഴും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളുടെ തുടര്‍ച്ച, വിഷാദം എന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്ന അവസ്ഥ. വ്യക്തിയുടെ സ്വകാര്യമായ ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ സാമൂഹികവും രാഷ്ട്രീയവുമായ അര്‍ത്ഥങ്ങളുണ്ടാക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ഒരിക്കല്‍, ഏതോ ഒരു അര്‍ദ്ധരാത്രി ഞാന്‍ ഒരു ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. സ്വപ്നം ഇങ്ങനെയായിരുന്നു: ഇന്ത്യന്‍ ഭരണകൂടം ഇന്ത്യയിലെ ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
യുദ്ധം തുടങ്ങുന്നു. മരിച്ചുവീഴുന്ന ആയിരങ്ങള്‍ക്കിടയിലൂടെ ഞാനൊരു കുഞ്ഞിനെയുമെടുത്ത് പ്രാണരക്ഷാര്‍ത്ഥം ഓടുന്നു. ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ ആദ്യമായിട്ടൊന്നുമല്ല കാണുന്നത്. എന്നാല്‍ അന്ന് ഞാന്‍ കണ്ട ദുഃസ്വപ്നം ഒരു രാജ്യത്ത് സമാധാനം പുലര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ട ഭരണകൂടം എനിക്ക് സമ്മാനിച്ചതാണെന്ന് ഓര്‍ത്തപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. സമാനാധാനത്തോടെ ജീവിക്കേണ്ട എത്ര ജീവിതങ്ങളെയാണ് രാജ്യത്തെ ഭരണകൂടം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത് എന്നോർത്തു. 

ജനാധിപത്യവും മതേതരത്വവും ഒക്കെ പതിയെ നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന ഭയം ഉണ്ടായിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചശേഷമാണ് ജീവന്‍ തന്നെ പോകുമെന്ന ഭയം തുടങ്ങിയത്.

മനുഷ്യന്റെ അബോധത്തില്‍ കയറിക്കൂടിയ ചില ഭയങ്ങള്‍ പിന്നീട് സ്വപ്നങ്ങളായി നമ്മളെ ഭയപ്പെടുത്തുമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. എന്റെ സ്വപ്നങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. രാജ്യത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ചിന്തകള്‍ പലതരം കഥകളായി ഓരോ സന്ദര്‍ഭങ്ങളില്‍ സ്വപ്നങ്ങളായി പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്നതായിരുന്നു വാസ്തവം. സ്വന്തം രാജ്യത്ത് അന്യവല്‍ക്കരിക്കപ്പെടുന്നു എന്ന തോന്നല്‍ എന്നിലെ ഭയം വര്‍ദ്ധിപ്പിച്ചു. ഇടക്ക് സ്വപ്നങ്ങളില്‍ പട്ടാളക്കാര്‍ വന്നുപോയി. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ ഒരു ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.

രണ്ടാമത്തെ സ്വപ്നം ഇങ്ങനെയായിരുന്നു: ഞാന്‍ വീട്ടില്‍ വളരെ ആഹ്ലാദത്തോടെ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളെല്ലാവരും പൊട്ടിച്ചിരിക്കുന്നുണ്ട്. ഉപ്പയും ഉമ്മയും ഇത്താത്തമാരും ഒരു ഒത്തുചേരലെന്നപോലെ വീട്ടിലുണ്ട്. വീടാകെ അലങ്കരിച്ചിട്ടുണ്ട്. ഞാന്‍ അതീവ സന്തോഷവതിയാണ്. പെട്ടെന്നാണ് കുറെ പട്ടാളക്കാര്‍ വീട് വളയുന്നത്. ചില പട്ടാളക്കാര്‍ വീടിനകത്ത് കയറുന്നു. ഞങ്ങളെയെല്ലാവരെയും നിരനിരയായി നിര്‍ത്തുന്നു. കുട്ടികള്‍ കരയാന്‍ തുടങ്ങി. പെട്ടെന്ന് അവരിലൊരാള്‍ കയ്യിലെ തോക്കെടുത്ത് എന്നെ മുട്ടിനുതാഴെ വെടിവെച്ചു. വേദനകൊണ്ട് പുളയുന്നതിനിടയില്‍ ഞാന്‍ ആ പട്ടാളക്കാരനോട് എന്തിനെന്നെ വെടിവെച്ചു എന്നുചോദിച്ചു. അയാള്‍ അല്‍പം സിനിമാറ്റിക് ആയി,  Because you are a Muslim എന്ന് മറുപടി പറഞ്ഞു.

women
''സമാനാധാനത്തോടെ ജീവിക്കേണ്ട എത്ര ജീവിതങ്ങളെയാണ് രാജ്യത്തെ ഭരണകൂടം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത്.'' സുപ്രീം കോടതി വിധിയെ മറികടന്ന് ഭരണകൂടം ജഹാംഗിര്‍പുരിയില്‍ പൊളിച്ചു മാറ്റിയ വീടിന്റെ അവശിഷ്ടങ്ങള്‍ക്കു മുന്നിലെ മുസ്‌ലിം സ്ത്രീകള്‍. / Photo: Altaf Qadri

നമ്മുടെ ഭരണഘടനാമൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും ഒക്കെ പതിയെ നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന ഭയം ഉണ്ടായിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചശേഷമാണ് ജീവന്‍ തന്നെ പോകുമെന്ന ഭയം തുടങ്ങിയത്. എന്റെ വീട്ടിലെ കുട്ടികള്‍, പ്രിയപ്പെട്ടവര്‍, ഈ രാജ്യത്തെ പാവങ്ങളായ മനുഷ്യര്‍... അങ്ങനെ പലതരത്തില്‍ ചിന്തകള്‍ മാറിയും മറിഞ്ഞും നഷ്ടപ്പെടുന്ന ജീവിതത്തെകുറിച്ച് വേവലാതിയുണ്ടാക്കി. ചിന്തകള്‍ കൂടുകയും ഉറക്കം കുറയുകയും ചെയ്തതോടെ എന്റെ ട്രോമകൾ ദുഃസ്വപ്നങ്ങളില്‍നിന്ന് ഡിപ്രഷനിലേക്ക് മാറി. ഉള്ളില്‍ കടന്നുകൂടിയ ഭയം എന്നെ വിട്ടുപോയില്ല. മരുന്ന് ശരീരത്തെയും മനസ്സിനെയും തളര്‍ത്തി. ബോധമില്ലാതെ മൂന്നോളം ദിവസം ഐ.സി.യുവില്‍ കിടന്നു. ഒരു മാസത്തോളമെടുത്തു, പഴയ രീതിയിലേക്ക് തിരിച്ചുവരാന്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ എം.ഫിലിന് പഠിക്കുകയായിരുന്ന ഞാന്‍ കോഴ്‌സ് നിര്‍ത്തി ഒരു വര്‍ഷത്തോളം വീട്ടിലിരിക്കേണ്ടിവന്നു. 

ഡിപ്രഷനില്‍നിന്ന് കരകയറി എന്ന് വിചാരിച്ചെങ്കിലും, കുട്ടികളുടെ കൂടെ ഇരിക്കുമ്പോള്‍ അവരെയൊക്കെ നഷ്ടപ്പെടുമെന്ന തോന്നല്‍ എന്നെ അസ്വസ്ഥപ്പെടുത്തി. അവരുടെ നിഷ്‌കളങ്കമായ ചിരി എന്നെ ഭയപ്പെടുത്തി. എങ്കിലും ഇടക്ക് എല്ലാം മറന്ന് അവരുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ഫിക്ഷനില്‍ നിന്ന് രാഷ്ട്രീയ വായനകളിലേക്ക് മാറിയതോടെ എന്റെ ചിന്തകള്‍ക്ക് ഒരുറപ്പ് വന്നപോലെ അനുഭവപ്പെട്ടു. വലിയ അരക്ഷിതാവസ്ഥ തന്നെയാണ് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്നത് എന്ന ചിന്ത എന്നെ അലട്ടിയിരുന്നെങ്കിലും മരണംവരെ ഇതിനെതിരെ പോരാടുമെന്ന് മനസ്സ് പറയുന്നത് ഞാന്‍ കേട്ടു. പതിയെ ഭയങ്ങളുടെ സ്ഥാനത്ത് ചില ഉറപ്പുകള്‍ ഉണ്ടാവുന്നത് ഞാന്‍ ശ്രദ്ധിച്ചു. 

ആദ്യ ഡിപ്രഷന്‍ എപ്പിസോഡില്‍ ഞാന്‍ കൂടുതല്‍ സമയം സി.എ.എയെ കുറിച്ചാണ് സംസാരിച്ചിരുന്നതെങ്കില്‍ അടുത്ത ഡിപ്രഷന്‍ വന്നപ്പോള്‍ ഞാന്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചിന്തകളിലും അതുണ്ടാക്കുന്ന അസ്വസ്ഥകളിലുമായിരുന്നു.

ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, നീ ഇത്ര ഭീതികൊണ്ട് നടക്കണ്ട. ഒരു പക്ഷേ സി.എ.എ കൊണ്ട് മുസ്​ലിംകൾ രണ്ടാം പൗരരായിത്തീരുമായിരിക്കും. പക്ഷേ വേറെ ഒന്നും സംഭവിക്കില്ല. ഒരുപക്ഷേ രാജ്യത്തെ അരക്ഷിതാവസ്ഥയെ ഇത്രയും ചെറുതാക്കി സംസാരിക്കുന്ന ആ സുഹൃത്തിനോട് ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല. പിന്നീട് ഞങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ ഉണ്ടായതേയില്ല. എന്റെ പല സുഹൃത്തുക്കളും സി.എ.എ ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനില്‍നിന്ന് വന്ന മുസ്​ലിംകളെയും മാത്രമേ ബാധിക്കുന്നുള്ളൂ എന്നുപറഞ്ഞ് എന്നോട് തര്‍ക്കിക്കാന്‍ വരാറുണ്ട്. എന്നാല്‍ ഇന്ത്യയിലുള്ള മുസ്​ലിംകൾ ആരൊക്കെയാണ് എന്ന കണക്കെടുപ്പിനുവേണ്ടിയാണ് എൻ.ആർ.സി (National Register of Citizens). ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും എൻ.ആർ.സി നടത്തുന്നതിന്​ നടപടി തുടങ്ങുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചു. എൻ.ആർ.സിയില്‍ 1950നുശേഷം നമ്മള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കണം. പല സംസ്ഥാനങ്ങളും എൻ.ആർ.സി നിഷേധിച്ചു എന്നത് പ്രതീക്ഷയുണ്ടാക്കുന്നതായിരുന്നു എനിക്ക്. എങ്കിലും ഗോള്‍വാക്കറിന്റെ ഉന്മൂലനസിദ്ധാന്തം ഇന്ത്യയില്‍ നടപ്പിലാവുമെന്ന പേടി അലട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ജീവിതത്തെ ഏറ്റവും സന്തോഷത്തോടെയും, ആത്മവിശ്വാസത്തോടെയും സമീപിച്ചിരുന്ന ഞാൻ, സി.എ.എയെക്കുറിച്ചും എൻ.ആർ.സിയെക്കുറിച്ചുമുള്ള വേവലാതി കാരണം ശുഭാപ്തി വിശ്വാസമില്ലാത്ത ആളായി മാറി. എത്ര സന്തോഷം വന്നാലും ഇതെല്ലാം പെട്ടെന്ന് ഇല്ലാതാവുക എന്ന തോന്നല്‍ എല്ലാ സമയത്തും മനസ്സിനെ അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. 

എന്റെ ചിന്തകള്‍ പലപ്പോഴും സ്വപ്നങ്ങളുടെ ട്രോമകളില്‍നിന്ന് ഡിപ്രഷന്‍ എന്ന മാരകാവസ്ഥയിലേക്ക് വരിഞ്ഞുമുറുക്കിയിരുന്നു. മുമ്പ് ഡിപ്രഷന്‍ പ്രശ്‌നങ്ങളുണ്ടായപ്പോൾ, ജീവിതത്തിന്റെ നല്ല സമയങ്ങൾ നഷ്ടപ്പെടാന്‍ തുടങ്ങി. ആദ്യ ഡിപ്രഷന്‍ എപ്പിസോഡില്‍ ഞാന്‍ കൂടുതല്‍ സമയം സി.എ.എയെ കുറിച്ചാണ് സംസാരിച്ചിരുന്നതെങ്കില്‍ അടുത്ത ഡിപ്രഷന്‍ വന്നപ്പോള്‍ ഞാന്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചിന്തകളിലും അതുണ്ടാക്കുന്ന അസ്വസ്ഥകളിലുമായിരുന്നു.

caa
പൗരത്വഭേദതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം / Photo: Altaf Qadri

ഉറക്കം വളരെ കുറഞ്ഞിരുന്ന ഞാന്‍ രാത്രി അരക്ഷിതാവസ്ഥകളെ കുറിച്ചോര്‍ത്ത് നേരം വെളുപ്പിച്ചു. സച്ചിദാനന്ദന്‍ മാഷിന്റെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കവിത മാതൃഭൂമിയില്‍ വായിച്ചതോര്‍ക്കുന്നു. ആ കവിതയില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ അടിവയര്‍ പിളര്‍ത്തി കുഞ്ഞിനെ പുറത്തെടുത്ത് കത്തിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഡല്‍ഹി കലാപസമയത്ത് മനുഷ്യര്‍ കത്തിക്കരിഞ്ഞതോര്‍ത്ത് എനിക്ക് പഴയ പേടി വന്നു. എന്തോ ഭാഗ്യത്തിന് ഞാന്‍ ഡിപ്രഷനിലേക്ക് പോയില്ല. ഇടക്ക് മനുഷ്യര്‍ കത്തിക്കരിഞ്ഞ വാര്‍ത്തകള്‍ കേട്ട് ഞാന്‍ ഉറക്കെ നിലവിളിച്ചു. പുതിയ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും എത്രകാലം ഈ മനോബലം ഉണ്ടാവുമെന്നറിയില്ല എന്നതാണ് വാസ്തവം. ഡിപ്രഷന്‍ സമയത്ത് ഞാന്‍ ഗര്‍ഭിണിയാണെന്നും എനിക്ക് വലിയ വയറുണ്ടെന്നുമുള്ള വിചിത്രചിന്ത എനിക്കുണ്ടായി. വീട്ടില്‍ വരുന്ന ഓരോ ആളുകളെയും ഞാന്‍ സൂക്ഷിച്ചുനോക്കാന്‍ തുടങ്ങി. ഓരോ കോളിങ്ങ്‌ബെല്‍ അടിയുമ്പോഴും ഞാന്‍ നടുങ്ങി. 

വിഷാദമൂറ്റിയ മനസ്സുമായി ജീവിക്കേണ്ടിവരുന്നത് എത്ര ദുരന്തമാണ്. സാമൂഹികമായ കാരണങ്ങളില്‍ ജീവിതത്തിന്റെ തുടര്‍ച്ച വറ്റിയ ഒരു മുസ്​ലിം പെണ്‍കുട്ടിയാണ് ഞാന്‍. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്ന ഒരു ആള്‍ക്കൂട്ടവിചാരണയില്‍ നഷ്ടപ്പെട്ട ഒരു കൗമാരക്കാരിയുടെ ഓര്‍മകളുടെ ഒഴുക്ക് നിന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. മോറല്‍ പൊലീസിംഗിന് വിധേയയായ ഞാന്‍ അതേ മോറല്‍ കോഡുകളെ തന്നെ തകര്‍ത്തുകൊണ്ടുള്ള ജീവിതം ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ആദ്യമായി അടിവയറ്റിലുണ്ടായ ഭയം കൊണ്ട് തുടര്‍ച്ചയായി മൂന്നുദിവസം പുതച്ചുകിടന്നത് ഓര്‍ക്കുന്നു. പിന്നീട് ലോകത്തെ അറിയാനുള്ള ശ്രമമായിരുന്നു. വിദ്യാഭ്യാസം നേടുക എന്നത് സ്വയമേ അറിയാനും നമുക്കു ചുറ്റുമുള്ള ലോകത്തെ അറിയാനും കൂടിയുള്ള ഒന്നാണെന്ന ചിന്തയില്‍ ഡിഗ്രിക്കുശേഷം പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എം. ലിറ്ററേച്ചറിന് ചേര്‍ന്നു. നാട്ടില്‍നിന്ന് വണ്ടി കയറുമ്പോള്‍ സുന്ദരമായ ഒരു അക്കാദമിക് സ്പേസിലുള്ള ജീവിതവും, കോഴ്‌സ് കഴിഞ്ഞ് ഇന്ത്യയിലെ ഏതെങ്കിലും കോളേജില്‍ ​പ്രൊഫസറായി കയറുന്ന എന്നെയുമായിരുന്നു സങ്കല്‍പിച്ചത്. എന്നാല്‍ ജീവിതം കൈവിട്ടുപോയി എന്ന് മനസ്സിലായതോടെ കോഴ്‌സ് നിര്‍ത്തി പോരേണ്ടിവന്നു. ട്രീറ്റ്‌മെൻറ്​ എടുത്ത് വീണ്ടും പോണ്ടിച്ചേരിയിലേക്ക് പോയെങ്കിലും രണ്ടാമതുതവണയും കോഴ്‌സ് നിര്‍ത്തി. പിന്നീട് കാലടി യൂണിവേഴ്‌സിറ്റിയില്‍ എം.എ. ചെയ്തു.

എന്നെപ്പോലെ ഇരയാക്കപ്പെടാന്‍ കുറെ മനുഷ്യര്‍. ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന മുസ്​ലിം ഐഡന്ററി. അങ്ങനെ സ്വകാര്യജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കുപരി സാമൂഹിക, രാഷ്ട്രീയ ചോദ്യങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു.

കോഴ്‌സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റുമായി പാര്‍ട്ട്ണറുടെ അടുത്ത് ചെന്നപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉമ്മ തന്നതോര്‍ക്കുന്നു. എല്ലാം വിഷമഘട്ടങ്ങളിലും കൂടെയുണ്ടായിരുന്നവന്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ എം.ഫിലിന് അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ അതിരറ്റ് സന്തോഷിച്ചതോര്‍ക്കുന്നു. എന്നാല്‍ വിഷാദം എന്നെ വിട്ടുപോകാത്തതുകൊണ്ടും, മരുന്നിന്റെ ക്ഷീണം കൊണ്ടും ഞാന്‍ കോഴ്‌സ്​ നിര്‍ത്തി​പ്പോരുകയാണ് ചെയ്തത്. ഒമ്പതുമണിക്ക് ക്ലാസിലെത്തി ക്ലാസ്​ ശ്രദ്ധിക്കാന്‍ കഴിയാതെ ഉറങ്ങിവീഴുന്ന എന്നോട് എനിക്കുതന്നെ സഹതാപം തോന്നിയിരുന്നു. കോഴ്‌സ് വീണ്ടും ഡിസ്കണ്ടിന്യൂ ചെയ്തു. ഒന്നും ആലോചിക്കാതെ പെട്ടിയും കിടക്കയുമെടുത്തിട്ട് നാട്ടിലേക്ക് പോന്നു. 

എന്റെ അക്കാദമിക്‌സിന്റെ ചരിത്രം എന്നത് പരാജയങ്ങളുടെ ഒരു തുടര്‍ച്ചയായിരുന്നു. ഈ കാലഘട്ടങ്ങളിലൊക്കെ സമൂഹം എന്നോടുചെയ്ത ഹിംസയെ കുറിച്ചാലോചിച്ച് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിരുന്നു. എന്റെ ജീവിതത്തിന്റെ ദുരന്തങ്ങള്‍ എന്നത് ചരിത്രം എന്നോടുകാണിച്ച അനീതിയാണ്. ആ സമയത്ത് ഫാസിസം വരുന്നു എന്ന ചര്‍ച്ചകളുണ്ടാകുമ്പോള്‍ എനിക്ക് ചെറിയ തോതില്‍ ഭയം തോന്നാന്‍ തുടങ്ങിയിരുന്നു. എന്നെപ്പോലെ ഇരയാക്കപ്പെടാന്‍ കുറെ മനുഷ്യര്‍. ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന മുസ്​ലിം ഐഡന്ററി. അങ്ങനെ സ്വകാര്യജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കുപരി സാമൂഹിക, രാഷ്ട്രീയ ചോദ്യങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു. ഈ സമയത്ത് വായനകളും, എഴുത്തുമാണ് ആശ്വസിപ്പിച്ചത്. എന്നാല്‍ സമൂഹത്തെക്കുറിച്ചും, നിലനില്‍ക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുമുള്ള രാഷ്ട്രീയ വായനകള്‍ അസ്വസ്ഥതകളിലേക്ക് കൊണ്ടുപോയി. ഞാന്‍ ഈ ലോകത്തെ വെറുത്തു. എങ്കിലും മനുഷ്യരില്‍ എനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.   

namaz
Photo: Muhammed Fasil

ഓരോ എപ്പിസോഡ് ഡിപ്രഷന്‍ സമയത്തും ഏറ്റവും അടുത്ത സുഹൃത്തായ ഇന്ദുവിനോട് ഞാന്‍ പങ്കുവെച്ചപ്പോള്‍ അവളും കരഞ്ഞു. എന്റെ തോന്നലുകളെല്ലാം സത്യമാണെന്ന് അവള്‍ ഉറക്കെ പറഞ്ഞു. പല സമയത്തും എന്റെ ചിന്തകള്‍ക്ക് കൂട്ടായി അവള്‍ കൂടെനിന്നു. രാജ്യത്തുള്ള അരക്ഷിതാവസ്ഥയെക്കുറിച്ചും, കര്‍ഷക സമരത്തെക്കുറിച്ചും ഉപ്പയോട് സംസാരിക്കുമായിരുന്നു. സമാധാനമായി ഉറങ്ങൂ എന്ന് ഉപ്പ എന്നോട് പറയുന്നുണ്ടെങ്കിലും ചിന്തകള്‍ ഏറ്റവും ട്രോമാറ്റിക്കായിതന്നെ എന്നെ തളര്‍ത്തി. കര്‍ഷകനായിരുന്ന ഉപ്പയോട് ഞാന്‍ മണിക്കൂറുകള്‍ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. കാഴ്ചക്കുറവായിട്ടുപോലും ദിവസവും വാര്‍ത്ത കാണുന്ന ഉപ്പ എന്നോട് തിരിച്ചും സംസാരിച്ചു. ഈ ലോകം ഇങ്ങനെയൊക്കെയാണെന്നുപറഞ്ഞ് ഉപ്പ സമാധാനിപ്പിച്ചതോര്‍ക്കുന്നു.

ഒരുപക്ഷേ നമ്മള്‍ ജീവിക്കുന്ന രാജ്യത്തിൽ, നമ്മുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസ്സിലാക്കിയാല്‍ പിന്നീട് സമാധാനത്തോടെ ജീവിക്കുക എന്നത് ദുരന്തപൂര്‍ണവും അസാധ്യവുമാണ്.

ഡിപ്രഷന്‍ സമയത്ത് ദിവസേന രാവിലെയും രാത്രിയിലുമെന്നപോലെ അടുത്ത കൂട്ടുകാരി ഇന്ദു എന്നെ വിളിച്ച് സമാധാനിപ്പിച്ചുകൊണ്ടേയിരുന്നു. എല്ലാ അവസ്ഥകളും മാറുമെന്നും അവളുടെ പ്രശ്‌നങ്ങളില്‍ ഒരു കേള്‍വിയായിരുന്ന എന്നെ തിരിച്ചുവേണമെന്നും അവള്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു. ഇടയ്ക്ക് അവള്‍ എനിക്ക് പാട്ടുകള്‍ അയച്ചുതന്നു. എല്ലാം മാറി ഞങ്ങള്‍ പോകുന്ന യാത്രകളെക്കുറിച്ച് അവള്‍ വാതോരാതെ സംസാരിച്ചു.

എന്റെ നെഞ്ചില്‍ പച്ച മുളക്കുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങി. എല്ലാം പഴയതുപോലെയാവുമെന്ന് കുറച്ചു സമയത്തേക്ക് ഞാനും വിശ്വസിച്ചു. പക്ഷേ സമാധാനം എന്നതിന് ഒരു തുടര്‍ച്ചയില്ല എന്നു ഞാൻ മനസ്സിലാക്കി.  എന്റെ രാജ്യത്ത് നടന്ന, നടക്കാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചേർത്ത്​ വീണ്ടും ട്രിഗര്‍ ആവാന്‍ തുടങ്ങി. ആ സമയത്ത് സ്വന്തം സഹോദരി നാസി കോണ്‍സൺട്രേഷൻ ക്യാമ്പില്‍, തന്റെ മുമ്പില്‍ മരിച്ചുവീഴുന്നതു കണ്ട് മനോബലം നഷ്ടപ്പെട്ട ആന്‍ ഫ്രാങ്കിനെ ഞാനോര്‍ത്തു. ലോകം മുഴുവന്‍ സമാധാനം പുലരണമെന്ന് വിശ്വസിച്ച പ്രകാശം പരത്തുന്ന പെണ്‍കുട്ടി- അതായിരുന്നു എനിക്ക് ആന്‍ ഫ്രാങ്ക്. 

depression

സി.എ.എ​ക്കെതിരെയുള്ള സമരത്തില്‍ Modi you gave us depression  എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ ഓര്‍ക്കുന്നു. ഒരുപക്ഷേ നമ്മള്‍ ജീവിക്കുന്ന രാജ്യത്തിൽ, നമ്മുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസ്സിലാക്കിയാല്‍ പിന്നീട് സമാധാനത്തോടെ ജീവിക്കുക എന്നത് ദുരന്തപൂര്‍ണവും അസാധ്യവുമാണ്. നമുക്കുചുറ്റും നടക്കുന്ന അനീതിയോര്‍ത്ത് നമ്മുടെതന്നെ ജീവിതത്തെ ബാധിക്കുന്നതോര്‍ത്ത്, നാനാത്വത്തില്‍ ഏകത്വം എന്ന ജനാതിപത്യ ശരികള്‍ മാറ്റിത്തുടങ്ങുന്ന ഫാസിസം രാജ്യത്തെ പിടിമുറുക്കുന്നതു കണ്ട് എനിക്കെങ്ങനെ സമാധാനായി ഉറങ്ങാന്‍ പറ്റും?.

പട്ടാളക്കാര്‍ക്ക് റോസാപൂ കൊടുത്ത് അഭിവാദനം ചെയ്യുന്ന പെണ്‍കുട്ടിയെ ഞാന്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് നോക്കുന്നത്. ഒരുപക്ഷേ പ്രതീക്ഷകള്‍ നഷ്ടപ്പെടാതെ ഞാന്‍ വീണ്ടും ചിരിക്കുന്നതും നന്മ വറ്റാത്ത ലോകത്തെ കുറിച്ചോര്‍ത്താണ്. എങ്കിലും പലപ്പോഴും മനുഷ്യര്‍ തമ്മില്‍ അനീതി കാണിക്കുന്നതില്‍ ഞാന്‍ വേദനിച്ചു. രാജ്യത്ത് നടക്കുന്ന ഓരോ സംഘര്‍ഷത്തിലും സംഘട്ടനത്തിലും ജീവന്‍ നഷ്ടപ്പെടുന്ന നിരപരാധികള്‍, ആള്‍ക്കൂട്ട വിചാരണക്ക് ബലിയാടാവുന്ന മനുഷ്യര്‍, ജാതിയുടെയും മതത്തിന്റെയും പേരിലും സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിലും ദുരന്തപൂര്‍ണമായ ജീവിതം ജീവിക്കുന്നവര്‍... ഇവരെക്കുറിച്ചോർത്ത്​ ഞാൻ വേദനിച്ചു.

സ്വന്തം രാജ്യത്തുനിന്ന് തുടച്ചുമാറ്റുമെന്ന ഭയത്തില്‍ ജീവിക്കേണ്ടിവരുന്നത് എന്ത് ദുരന്തമാണ്.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

റാഷിദ നസ്രിയ

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എഡ് ചെയ്യുന്നു.

Audio