Wednesday, 29 March 2023

വായ്​പയും വിദ്യാഭ്യാസവും


Text Formatted

ഉച്ചരിക്കാന്‍ പാടില്ലാത്ത ഒരു വാക്കായി മാറിയിരിക്കുകയാണ് വിദ്യാഭ്യാസവായ്പ!

ഇപ്പോള്‍ വിദ്യാഭ്യാസ വായ്പയെപ്പറ്റിയല്ല വേവലാതിപ്പെടേണ്ടത്, വിദ്യാഭ്യാസത്തെപ്പറ്റിത്തന്നെയാണ്. അതിനെ സാര്‍വത്രികവും സൗജന്യവും ആക്കി നിലനിര്‍ത്തുന്നതിനെച്ചൊല്ലിയാണ്. സൗജന്യം എന്ന വാക്ക് അപ്രത്യക്ഷമായിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍- പുതിയ കാലത്ത്​ വിദ്യാഭ്യാസ വായ്​പ എങ്ങനെ ഒരു കെണിയായി മാറുന്നു എന്ന അന്വേഷണം

Image Full Width
Text Formatted

ര്‍ഷങ്ങള്‍ക്കുമുമ്പ്, കര്‍ഷക ആത്മഹത്യകളുടെ പാശ്ചാത്തലത്തില്‍ ഇന്ത്യാവിഷന്‍ ചാനല്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. അന്ന് അതില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ ഒരു കാര്യം, നാളെ വിദ്യാര്‍ഥികള്‍ നടത്താനിടയുള്ള ആത്മഹത്യകള്‍ ഇന്ന് പ്രീപോണ്‍ ചെയ്‌തേറ്റെടുക്കുകയാണ് കര്‍ഷകര്‍ എന്നാണ്. രജനി എസ്. ആനന്ദിന്റെ ആത്മഹത്യ അതിനുശേഷമാണ് നടന്നത്. വായ്പ കിട്ടാത്തതിനാല്‍ വിദ്യാഭ്യാസം മുടങ്ങുമോ എന്ന ഭയമാണ് അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജി
നീയറിങ് വിദ്യാര്‍ഥിനിയായിരുന്ന രജനിയുടെ ആത്മഹത്യയ്ക്കുപിറകിലുണ്ടായിരുന്നത്. ഹോസ്റ്റല്‍ ഫീസടയ്ക്കാനാവാത്തതിനാല്‍ മാസങ്ങളോളം പഠനം മുടങ്ങുകയും ചെയ്തിരുന്നു. രണ്ടു സെൻറ്​ ഭൂമി മാത്രമുള്ള കുടുംബത്തിന് ലക്ഷങ്ങള്‍ കടം കൊടുത്താല്‍ തിരിച്ചുപിടിക്കുന്നതെങ്ങനെ എന്നായിരുന്നു ബാങ്കിന്റെ സംശയം.

പ്രതി ബാങ്ക്​ മാനേജരോ?

എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തതായിരുന്നു കര്‍ഷകരുടെ പ്രശ്‌നം. അതേ നിലയായിരിക്കും നാളെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവാത്ത വിദ്യാര്‍ഥികളുടെതും എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഭാരിച്ച സംഖ്യ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന വിദ്യാര്‍ഥികള്‍ക്ക് അതിന്റെ തിരിച്ചടവിനുപോലും തികയാത്ത സംഖ്യ മാത്രമേ വരുമാനമായി കിട്ടൂ എന്നതായിരുന്നല്ലോ അന്നത്തെയും ഇന്നത്തെയും സ്ഥിതി. അടവ് മുടങ്ങുന്നതിനുള്ള ന്യായമായി വരുമാനക്കുറവൊന്നും ബാങ്കുകള്‍ക്ക് പരിഗണിക്കാനാവില്ലല്ലോ. വിഷം കയറുന്നതു പോലെ പലിശ കുതിച്ചുയരും. പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ന്ന് കടക്കാരെ കെണിയിലാക്കും. 
അങ്ങനെ വരുമ്പോള്‍, എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകളാണോ പ്രതികള്‍, അതല്ല വിദ്യാഭ്യാസച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നവരാണോ എന്നതായിരുന്നു അന്നത്തെ ചോദ്യം.
എന്തിനെയും സെന്‍സേഷണലൈസ് ചെയ്തു ശീലിച്ചു പോന്ന നമ്മുടെ മാധ്യമങ്ങള്‍, ഈ ചോദ്യത്തിന് ഉത്തരം തേടാന്‍ ഒട്ടും  മിനക്കെട്ടിരുന്നില്ല. പകരം ഒറ്റപ്പെട്ട വ്യക്തികളുടെ ഒറ്റയൊറ്റ പ്രശ്‌നമാക്കി ചിന്തേരിട്ടവതരിപ്പിക്കുകയായിരുന്നു അവയൊക്കെയും.

rejani

രജനിയുടെ ആത്മഹത്യ ബാങ്ക് മാനേജര്‍മാര്‍ക്കെതിരെ കുതിര കയറാനുള്ള എളുപ്പവഴിയായാണ് മിക്ക മാധ്യമങ്ങളും  കണ്ടത്. സാമാന്യബോധത്തിന് ഇണങ്ങിയ ആ നിലപാട് ജനം ഏറ്റെടുക്കുകയും ചെയ്തു. കുറ്റക്കാര്‍ ഒറ്റയൊറ്റ മാനേജര്‍മാരായി, അവരുടെ ദയാരാഹിത്യമായി വില്ലന്‍. കനത്ത ഫീസ് ഈടാക്കിപ്പോരുന്ന സെല്‍ഫ് ഫിനാന്‍സിങ്ങ് സ്ഥാപനങ്ങള്‍ക്കായി വിദ്യാഭ്യാസ മേഖല തുറന്നിട്ടുകൊടുത്തതും വിദ്യാഭ്യാസം തന്നെ കച്ചവടവല്‍ക്കരിക്കപ്പെട്ടതും ആയിരുന്നു യഥാര്‍ത്ഥ പ്രശ്‌നം. വായ്പയെടുത്തേ പഠനം തുടരാനാവൂ എന്ന നില വരുന്നത് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ നിന്ന് തടിയൂരുന്നതുകൊണ്ടാണ് എന്ന കാര്യം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. ജി.ഡി.പിയുടെ 6 % എങ്കിലും വിദ്യാഭ്യാസത്തിന് നീക്കിവെക്കണം എന്നാണ് വിവിധ വിദ്യാഭ്യാസ കമീഷനുകളുടെ  നിര്‍ദേശം. എന്നാല്‍ ഇന്നും അത് അതിന്റ  നേര്‍പാതിയില്‍ സ്തംഭിച്ചു നില്‍ക്കുകയാണ് എന്നാണ് 2019-20 ലെ ഇക്കണോമിക് സര്‍വേ കുമ്പസാരിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള ജി.ഡി.പി പങ്ക് 2014-15 ലെ 2.8 ശതമാനത്തില്‍ നിന്ന് 2020 ല്‍ എത്തുമ്പോള്‍ 0.3 ശതമാനം മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂ എന്നാണ് കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നത്.   

കർഷകനും വിദ്യാർഥിയും ഒരേ തുലാസിൽ

ന്യായവില കിട്ടാത്തതുകൊണ്ട് ബാങ്ക് വായ്പ തിരിച്ചടക്കാനാവാത്ത കര്‍ഷകന്റെ അതേ നിലയാണ് പെരുത്ത ഫീസിനു വേണ്ട കനത്ത വായ്പയെടുത്ത് തൊഴില്‍ രഹിതനായി ക്കഴിയുന്ന / നിസാര ശമ്പളത്തിന് പണിയെടുക്കേണ്ടിവരുന്ന യുവാവിന്റെതും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കിക്കൊണ്ടും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടും മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവൂ എന്നത് ഊന്നിപ്പറയാന്‍ ആരും ശ്രമിച്ചതുമില്ല. 

rajani-s-anand
രജനി എസ്. ആനന്ദ്

പ്രതിമാസം 15000 രൂപ തിരിച്ചടവ് നടത്തേണ്ട ഒരു വായ്പയെടുത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ തേടുന്ന ഒരാള്‍ക്ക് പലപ്പോഴും കിട്ടുക 18,000 രൂപ മുതല്‍ 20,000 വരെ മാത്രമാണ്. എങ്ങനെ തിരിച്ചടയ്ക്കാനാവും എന്നതാണ് ചോദ്യം. ഒറ്റനോട്ടത്തില്‍ കുറ്റം വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ കഴിയുന്ന ചെറുപ്പക്കാരന്റെതാണ്. തൊഴില്‍ക്കമ്പോളത്തില്‍ ജോലിയന്വേഷിച്ച് അടിഞ്ഞുകൂടുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കൊടിയ ചൂഷണത്തിനിരയാക്കപ്പെടുകയാണ്. സ്ഥിരം ജോലി എന്നത് താല്‍ക്കാലിക പ്രതിഭാസവും താല്‍ക്കാലിക ജോലി എന്നത് സ്ഥിരം പ്രതിഭാസവുമായി മാറുകയാണ്. സ്ഥിരം തൊഴില്‍ തന്നെ ഏത് നിമിഷവും കൊഴിഞ്ഞു പോകാവുന്നതും താല്‍ക്കാലികവല്‍ക്കരിക്കപ്പെടാവുന്നതുമായി മാറുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് ഒരു ബാങ്കര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കാനാവുക? തിരിച്ചു കിട്ടാത്ത വായ്പകള്‍ പെരുകിപ്പെരുകി വന്നാല്‍ എങ്ങനെയാണ് ബാങ്കുകള്‍ പുതിയ വായ്പകള്‍ നല്‍കുക? വായ്പാ മേഖലയാകെ സ്തംഭിച്ചാല്‍ അത് സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കുന്ന ആഘാതം എത്ര കടുത്തതായിരിക്കും?
ഇതൊന്നും കണക്കിലെടുക്കാതെ, തല്‍ക്കാലം കണ്‍മുന്നില്‍ കാണുന്ന ‘ദയാരഹിതനായ' ബാങ്ക് മാനേജര്‍ക്ക് രണ്ടു വീക്കുവീക്കി സമാധാന മടയുക എന്ന എളുപ്പവഴിയില്‍ ക്രിയ ചെയ്യലാണ് നടന്നുപോന്നത് എന്നര്‍ത്ഥം.

കണക്കുകള്‍ പറയുന്നത്

3,66,260 അക്കൗണ്ടുകളിലായി 8587 കോടി രൂപയാണ്  കിട്ടാക്കടമായി മാറിയ വിദ്യാഭ്യാസ വായ്പ എന്നാണ് ഭാരത സര്‍ക്കാര്‍ 2021 മാര്‍ച്ചില്‍ പാര്‍ലമെന്റിനെ അറിയിച്ചത്. വര്‍ഷം കഴിയുന്തോറും അത് കൂടിക്കൂടി വരികയാണത്രെ. ഇതില്‍ എഞ്ചിനീയറിങ്ങ് കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിതിയാണ് ദയനീയം. 2020 ഡിസംബര്‍ 31 ന് കിട്ടാക്കടമായി മാറിയ 1,76,256 അക്കൗണ്ടുകളില്‍ കുടുങ്ങിക്കിടക്കുന്നത് 4041.68 കോടി രൂപയാണത്രെ. (മിൻറ്​: 2021 മാര്‍ച്ച് 15) കിട്ടാക്കടമായി മാറിയ 8587 കോടിയില്‍ 3490 കോടിയും തമിഴ്‌നാട്ടില്‍ നിന്നാണത്രെ. മുട്ടിനുമുട്ടിന് എഞ്ചിനീയറിങ്ങ് കോളേജുകള്‍ തഴച്ചു വളര്‍ന്ന സംസ്ഥാനമാണ് തമിഴ്‌നാട്. തൊട്ടുപിറകില്‍ത്തന്നെയുണ്ട് ബീഹാര്‍.
കുട്ടികള്‍ പഠനം പാതിവഴിക്കുനിര്‍ത്തി മതിയാക്കിപ്പോകുന്നത് തൊഴിലവസര സാദ്ധ്യത തീരെ ഇല്ലാതായിരിക്കുന്നു എന്ന് ബോദ്ധ്യപ്പെടുമ്പോഴാണ്. സ്ഥിതിവിവരക്കണക്കുകള്‍ മറിച്ച് പറഞ്ഞിട്ടും, അതൊന്നും കേള്‍ക്കാതെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കായി വാതിലുകള്‍ തുറന്നിട്ടുകൊടുത്തതിന്റെ ദുഷ്ഫലമാണ് പുതുതലമുറ അനുഭവിക്കുന്നത്.

വായ്പയാണ് പ്രശ്‌നം

പ്രശ്‌ന വായ്പകളെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ വായ്പ കൊടുക്കുന്നതുതന്നെയാണ് പ്രശ്‌നം എന്നതാണ് സത്യം. വിദ്യാഭ്യാസ കച്ചവടക്കാരുടെ അറവുശാലകളിലക്ക് ആട്ടിത്തെളിയിക്കപ്പെടുകയാണ് വിദ്യാര്‍ത്ഥികള്‍. പഠനം തുടരാന്‍ വായ്പകള്‍ തയാറാക്കികൊടുക്കാന്‍ അവര്‍ക്ക് ഏജന്‍സികള്‍ ഏറെയുണ്ട്.

ഇമ്മാതിരി വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മൂക്കുകയറിടാന്‍ മറ്റെന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും, അമേരിക്കയില്‍ ഒബാമ നടത്തിയ പരിശ്രമം ശ്ലാഘനീയമാണ്. അതിന്റെ വിശദാംശങ്ങളറിയാന്‍, ഒരു കോളേജിന്റെ കഥ മാത്രം നോക്കിയാല്‍ മതി. കൊറിന്തിയന്‍ കോളേജ് എന്ന ലാഭം നോക്കിക്കോളേജിന്റെ കഥ മതി വിവരമറിയാന്‍. കോടിക്കണക്കിന് ഡോളറിന്റെ പരസ്യങ്ങള്‍ വഴി ആയിരക്കണക്കിന് കുട്ടികളെ ആകര്‍ഷിച്ചു പോന്ന കോളേജാണത്. ഒരു പടുകൂറ്റന്‍ ഡിഗ്രി ഫാക്ടറി. ഏതാണ്ട് 84,000ലധികം വിദ്യാര്‍ത്ഥികള്‍. അതിന്റെ ഒരു ഡിവിഷനാണ് എവറസ്റ്റ് യൂനിവേഴ്‌സിറ്റി ഓണ്‍ലൈന്‍. മറ്റു സ്ഥാപനങ്ങള്‍ 10000 ഡോളര്‍ ഫീസ് ഈടാക്കിപ്പോരുന്ന ഒരു പാരാ ലീഗല്‍ കോഴ്‌സിന് അവര്‍ ചാര്‍ജ് ചെയ്തത് 68,800 ഡോളറാണ്. പരാതികള്‍ ഏറി വന്നു. ഒടുക്കം ലാഭംനോക്കിക്കോളേജുകളുടെ തട്ടിപ്പിനെപ്പറ്റി അന്വേഷണം നടത്താന്‍ കാലിഫോര്‍ണിയയിലെ അറ്റോണി ജനറല്‍ രംഗത്തെത്തി. കാമ്പസ് റിക്രൂട്ട്‌മെന്റില്‍ കിട്ടാവുന്ന ശമ്പളം പെരുപ്പിച്ചു കാണിച്ചും പരസ്യങ്ങളില്‍ മിലിട്ടറി സീല്‍ കൃത്രിമമായി ചേര്‍ത്തും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച കഥകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അത്. അക്കാലത്ത് സാര്‍വത്രികമായി ലഭിച്ചിരുന്ന ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ഫണ്ടിങ്ങ് വഴി ലഭ്യമാവുന്ന വായ്പയെ ഇരയാക്കിക്കൊണ്ടാണ് വിദ്യാഭ്യാസക്കച്ചവടക്കാര്‍ ചൂണ്ടയെറിഞ്ഞ് വിദ്യാര്‍ത്ഥികളെ അതില്‍ കോര്‍ത്തെടുത്ത്  ചതിക്കുഴികളില്‍ വീഴ്ത്തിയത്. പക്ഷേ 2014 ല്‍ ഒബാമ ഒരുത്തരവ് പുറപ്പെടുവിച്ചു. അതുപ്രകാരം ഫെഡറല്‍ സ്റ്റുഡന്റ് ഫണ്ടില്‍ നിന്ന് കിട്ടിപ്പോന്ന വായ്പ ഇക്കൂട്ടര്‍ക്ക് നിഷേധിച്ചു. അതോടെ നിന്നു ഇവരുടെ പവറും പത്രാസും. കുട്ടികള്‍ കുറഞ്ഞതോടെ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ, അടുത്ത വര്‍ഷം കൊറിന്ത്യന്‍ കോളജ് അതിന്റെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ തൂക്കി വില്‍ക്കാന്‍ നിര്‍ബന്ധിതമായി. പിന്നെ പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്ത് രംഗം കാലിയാക്കുകയായിരുന്നു അവര്‍. ഇമ്മാതിരി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡാറ്റാ സയന്‍സിനെ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത് എന്ന കാര്യം കാത്തീ ഓനീല്‍ അവരുടെ 'വെപ്പണ്‍സ് ഓഫ് മാത്ത് ഡിസ്ട്രക്ഷനി 'ല്‍ വെളിപ്പെടുത്തുന്നുണ്ട്.

corinthian-colleges
കോടിക്കണക്കിന് ഡോളറിന്റെ പരസ്യങ്ങള്‍ വഴി ആയിരക്കണക്കിന് കുട്ടികളെ ആകര്‍ഷിച്ചു പോന്ന കോളേജാണ് കൊറിന്തിയന്‍ കോളേജ്. അതിന്റെ ഒരു ഡിവിഷനാണ് എവറസ്റ്റ് യൂനിവേഴ്സിറ്റി ഓണ്‍ലൈന്‍.

വായ്പയല്ല വേണ്ടത്

കാത്തീ ഓനീല്‍ നേരിട്ട് അഭിപ്രായപ്പെട്ടിട്ടില്ലെങ്കിലും, ഒബാമയുടെ വായ്പാ നിഷേധ ഉത്തരവ് വരുത്തിയ ശുദ്ധീകരണത്തെക്കുറിച്ച് അവര്‍ നല്‍കിയ സൂചനകള്‍ ഉയര്‍ത്തുന്ന ചോദ്യം, ഇങ്ങനെയുള്ള വിദ്യാഭ്യാസ വായ്പകള്‍ വേണ്ടെന്നു വെച്ചാല്‍ എന്തു സംഭവിക്കും എന്നാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പ്രഗത്ഭമതികളായ കുട്ടികള്‍ക്ക് വേണ്ടത്ര സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും അന്യായമായ ഫീസ് പിരിവ് അവസാനിപ്പിച്ചും വേണം പ്രശ്‌നപരിഹാരത്തിന് ശമിക്കാന്‍.

എല്ലാവര്‍ക്കും വിദ്യാഭ്യാസ വായ്പ നല്‍കി പരിഹരിക്കാനാവുന്നതല്ല പ്രശ്‌നം. വിഷയത്തിന്റെ അസ്ഥിയില്‍ തൊടാനാവാതെ വായ്പയുടെ ലഭ്യതയില്‍, പലിശ നിരക്കില്‍, തിരിച്ചടവ് കാലാവധിയില്‍ ഒക്കെ ഉടക്കി നിന്നു പോവുന്നതാണ് നമ്മുടെ ചര്‍ച്ചകള്‍. പ്രഖ്യാപിക്കപ്പെട്ട  പുതിയ വിദ്യാഭ്യാസനയം  കാശുള്ളവനേ പഠിക്കേണ്ടൂ എന്നു തന്നെയാണ് പറയുന്നത്. ചെലവ് കൂടും. അത് താങ്ങാനാവില്ലെങ്കില്‍ ബിരുദ വിദ്യാര്‍ത്ഥിക്ക് ഒന്നാം വര്‍ഷം സലാം പറയാം. അവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കും. രണ്ടാം വര്‍ഷം കൂടി പഠിക്കാനുള്ള കാശുണ്ടോ, അയാള്‍ക്ക് ഡിപ്ലോമ കൊടുക്കും. മുഴുവന്‍ ഫീസും കൊടുത്ത് പഠിത്തം തുടരാനാവുമെങ്കില്‍ നിങ്ങള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടും. ഇങ്ങനെ കൊഴിഞ്ഞു പോക്കിന് ഇഷ്ടം പോലെ സാധ്യതകള്‍ ഒരുക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല. സെക്കണ്ടറി വിദ്യാഭ്യാസത്തിന് നടുക്കും വിട്ടുപോകാം. തൊഴിലധിഷ്ഠിത കോഴ്‌സുകളായതു കൊണ്ട് ആശാരി, മൂശാരി, പ്ലംബര്‍ തുടങ്ങിയ ജോലിക്ക് ആളെയന്വേഷിക്കുന്ന കമ്പനികള്‍ക്ക് വേണ്ടത്ര ആളെ കൊടുക്കാനുമാവും എന്നാണ് കണ്ടെത്തല്‍. എന്നു വെച്ചാല്‍ കാശുള്ളവനേ പഠിക്കേണ്ടു എന്നര്‍ത്ഥം.
അത്തരമൊരു കാലത്ത് വിദ്യാഭ്യാസ വായ്പ കിട്ടണം എന്ന ആവശ്യം ആരെങ്കിലും ഉയര്‍ത്തുന്നുവെങ്കില്‍ അത് ആത്യന്തികമായി സഹായിക്കുക ഭരണവര്‍ഗത്തിനെയാണ്.

obama
ബറാക്ക് ഒബാമ

ഇപ്പോള്‍ വിദ്യാഭ്യാസ വായ്പയെപ്പറ്റിയല്ല വേവലാതിപ്പെടേണ്ടത്. അത് വിദ്യാഭ്യാസത്തെപ്പറ്റിത്തന്നെയാണ്. അതിനെ സാര്‍വത്രികവും സൗജന്യവും ആക്കി നിലനിര്‍ത്തുന്നതിനെച്ചൊല്ലിയാണ്. സൗജന്യം എന്ന വാക്ക് അപ്രത്യക്ഷമായിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍. അതു കൊണ്ടു തന്നെ വിദ്യാഭ്യാസ മേഖലയിലെ യഥാര്‍ത്ഥ സമരം അത് തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാവണം. അവിടെ ഒരിക്കലും ഉച്ചരിക്കാന്‍ പാടില്ലാത്ത ഒരു വാക്കായി മാറിയിരിക്കുകയാണ് വിദ്യാഭ്യാസവായ്പ!

​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എ.കെ. രമേശ്

എഴുത്തുകാരന്‍, ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ എന്നിവ കൃതികള്‍
 

Audio