Monday, 29 November 2021

​​​പ്രണയവും ജീവിതവും


Text Formatted

ബിഷപ്പിനും  ‘തേപ്പി'നുമിടയില്‍
​​​​​​​മലയാളി സ്ത്രീയുടെ പ്രണയജീവിതം

നമ്മുടെ കൂട്ടക്കാരെ വിവാഹം ചെയ്ത്, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിച്ച്, നമ്മുടെ ജാതി/മതം ശക്തിപ്പെടുത്തേണ്ട നമ്മുടെ സ്ത്രീകള്‍ ഈ പരിധികള്‍ക്കപ്പുറത്തേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാ മതങ്ങളുടെയും തലവേദനയാണ്. 

Image Full Width
Image Caption
എന്‍.ജി. നയനതാര
Text Formatted

തവും പാട്രിയാര്‍ക്കിയും സമൂഹത്തിലെ എല്ലാ അധികാരവ്യവസ്ഥകളും സ്ത്രീയുടെ പ്രണയമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഒരുപോലെ ആശങ്കാകുലരാകുന്ന ഈ വേള പ്രിയപ്പെട്ട സാറാമ്മമാരേ, നിങ്ങളെങ്ങനെ വിനിയോഗിക്കുന്നു? അതിവിചിത്രമെങ്കിലും അപ്രതീക്ഷിതമല്ല ഈ കാലം. സ്ത്രീകളെ സംബന്ധിച്ച് ഒരു ചരിത്രസന്ധിയിലേക്കുള്ള വേദനാപൂര്‍ണമായ പരിണാമം അദൃശ്യമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യവസ്ഥയില്‍ നിന്നുള്ള ഏറ്റവും വിനീതമായ കുതറിമാറലുകള്‍ പോലും അത്രയേറെ ആയാസകരമാകുന്നത് ഈ കാലത്തിന്റെ സവിശേഷത കൊണ്ടുതന്നെയാകണം. 

വ്യവസ്ഥാപിതമായ വിവാഹത്തില്‍നിന്ന് പലപ്പോഴും വ്യത്യസ്തമല്ല, എല്ലാ വ്യവസ്ഥകളുടെയും വിഴുപ്പുകള്‍ താങ്ങേണ്ടി വരുന്ന പ്രണയവും. ചെറിയ കാര്യങ്ങള്‍പോലും അപകടസൂചനകളായിക്കണ്ട് അത്തരം ബന്ധങ്ങളില്‍നിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകളിന്ന് അപൂര്‍വതയല്ല.

പ്രണയമെന്ന ഒരൊറ്റ മാനകം കൊണ്ട് ഇക്കാലത്തെ അളക്കാന്‍ കഴിയുമെങ്കില്‍ അതില്‍ പ്രണയിക്കാനും പ്രണയിക്കാന്‍ വിസമ്മതിക്കാനും പ്രണയമുള്‍പ്പെടെയുള്ള ബന്ധങ്ങളില്‍നിന്ന് ആരോഗ്യകരമായി, പരിക്കേല്‍ക്കാതെ പുറത്തുവരാനുമുള്ള സ്ത്രീയുടെ സ്വയംനിര്‍ണയാവകാശത്തെക്കുറിച്ചാണ് സംസാരിക്കേണ്ടിവരിക. "ലവ് ജിഹാദ്'എന്ന വാക്ക് പ്രതിലോമകരമാകുന്നത് പ്രണയമെന്ന സ്വാഭാവികതയെ വര്‍ഗീയതയുടെ കുഴിയിലേക്ക് തള്ളിയിടുന്നതുകൊണ്ടു മാത്രമല്ല, സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ സ്വാഭാവികമായി സ്വീകരിക്കാനുള്ള മതത്തിന്റെയും പാട്രിയാര്‍ക്കിയുടെയും മടികൊണ്ടു കൂടിയാണ്. സ്ത്രീ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന വസ്തുതയാണ് ഇതര മതത്തോടുള്ള അസഹിഷ്ണുതയേക്കാള്‍ പലപ്പോഴും ഇവരുടെ ഉറക്കം കളയുന്നത്. സ്ത്രീകളുടെ ലോകം വലുതാകുന്നതും അവിടെ ഇണയുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ടാകുന്നതും അംഗീകരിക്കുന്നതിലുമെളുപ്പം ഒരു അപരന്‍ അവളെ വശപ്പെടുത്തിയെടുക്കുന്നു എന്ന വാദഗതി ഉയര്‍ത്തുകയാണ്. സ്ത്രീകളുടെ നിസ്സഹായതയും, തീരുമാനമെടുക്കുന്നതിലെ പക്വതയില്ലായ്മയും മറുവശത്തെ പുരുഷനെ പ്രതിനിധീകരിക്കുന്ന മതത്തിന്റെ/ ജാതിയുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്ന ദുരുദ്ദേശ്യങ്ങളും ഈ വാദത്തിലൂടെ വളരെ കൃത്യമായി സ്ഥാപിച്ചെടുക്കാനും സാധിക്കും. 

kismath
സ്ത്രീ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന വസ്തുതയാണ് ഇതര മതത്തോടുള്ള അസഹിഷ്ണുതയേക്കാള്‍ പലപ്പോഴും ഇവരുടെ ഉറക്കം കളയുന്നത്

ഒരു അപര ഓരോ സ്ത്രീക്കുള്ളിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. ജീവിതത്തിന്റെ തുടക്കകാലം വ്യവസ്ഥാപിതമായി ജീവിച്ചുതീര്‍ക്കുകയും വളരെ വൈകി മാത്രം ജീവിതത്തെക്കുറിച്ചറിയാന്‍- അത് വിര്‍ച്വല്‍ ആയിട്ടാണെങ്കിലും- അവസരം ലഭിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് ഉള്ളിലെ ഈ അപരയെ ആദ്യം തിരിച്ചറിയുകയും, ആ അപരയാണല്ലോ യഥാര്‍ഥത്തില്‍ താനെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുള്ളത്. കൗമാരത്തിലും ഇരുപതുകളിലും നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഈ തിരിച്ചറിവിനായി ഇത്രകാലം കാത്തുനില്‍ക്കേണ്ടി വരുന്നില്ല. അംഗീകരിക്കാന്‍ മടിയും ഭയവുമുണ്ടെങ്കിലും, അവര്‍ അവര്‍ക്കുള്ളിലെ ആ അപരയുമായി മുഖാമുഖം നില്‍ക്കുന്നുണ്ട്. ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നുണ്ട്. അതുമായി പൊരുത്തപ്പെടാത്ത ഘടകങ്ങളില്‍നിന്ന് മാറിനടക്കുന്നുണ്ട്. 

ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാള്‍ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവന്‍ റദ്ദുചെയ്യുന്നതായി മാറുന്നു.

വളരെവേഗം വ്യവസ്ഥയ്ക്കുള്ളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകാമായിരുന്ന ഈ ഒരു തലമുറയുടെ പരിണാമമാണ് മതമുള്‍പ്പെടെയുള്ള എല്ലാ അധികാരസ്ഥാപനങ്ങളുടെയും പേടിസ്വപ്നം. അവര്‍ ഭാവിയില്‍ ഉപയോഗിച്ചേക്കാവുന്ന സ്വാതന്ത്ര്യമാണ് സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നത്. വഴിതെറ്റിപ്പോകുന്ന പെണ്‍കുട്ടികളെ നേര്‍വഴിക്കു നടത്താന്‍ പൊലീസ് മുതല്‍ പുരോഹിതര്‍ വരെയുള്ളവര്‍ കിണഞ്ഞുശ്രമിക്കുന്നത്, വ്യവസ്ഥാനുസാരികളല്ലാത്ത സ്ത്രീകളാണ് സമൂഹത്തിലുള്ള എല്ലാ മര്‍ദകവ്യവസ്ഥകളുടെയും ശവപ്പെട്ടിയിലെ ആദ്യത്തെ ആണിയാവുകയെന്ന തിരിച്ചറിവുകൊണ്ടാണ്. 

മാരകമായ പ്രണയത്തെറ്റുകള്‍

പ്രണയവും സൗഹൃദവും വിശ്വാസവുമുള്‍പ്പെടെയുള്ള മാനസികമായ ഓരോ ബന്ധവും, ആ വ്യക്തിയുടെ അതതുകാലത്തെ ശരികള്‍ക്കും രാഷ്ട്രീയബോധത്തിനും അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നതാണ്. പിന്നോട്ടു നോക്കുമ്പോള്‍ സ്വയം ചൂളിപ്പോകുന്ന അബദ്ധങ്ങള്‍ ഓര്‍ക്കാനില്ലാത്ത മനുഷ്യരുണ്ടാവുമോ? അപക്വമായ തീരുമാനങ്ങളില്‍നിന്ന് അവസാനനിമിഷം ഓടിരക്ഷപ്പെട്ടതിന്റെ ഓര്‍മകളുണ്ടാവും, ചില തെറ്റുകള്‍ ജീവിതത്തെ പൂര്‍ണമായും പുനര്‍നിര്‍ണയിച്ചതിന്റെ തെളിവുകളുണ്ടാവും... അതെല്ലാം തുറന്നെഴുതിയ മഹാപുരുഷന്മാരുടെ ആത്മകഥകള്‍ക്കാണല്ലോ നാം ഇതിഹാസസമാനമായ ആദരവു നല്‍കുന്നത്. 

uyare
ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാള്‍ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവന്‍ റദ്ദുചെയ്യുന്നതായി മാറുന്നു. ഉയരെ എന്ന സിനിമയില്‍ നിന്ന്

സ്ത്രീകളുടെ കാര്യത്തില്‍, ഈ സാധ്യതയുടെ വാതിലുകള്‍ എപ്പോഴും അടഞ്ഞുതന്നെയാണ്. ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാള്‍ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവന്‍ റദ്ദുചെയ്യുന്നതായി മാറുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള പൊരുത്തക്കേടിനും അതേത്തുടര്‍ന്നുള്ള പിരിയലിനുമപ്പുറം, ഒരു പക്ഷത്തിന്റെ അഭിമാനത്തിനുമേലുള്ള കനത്ത ആഘാതമാകുന്നു. പ്രണയംകൊണ്ടു മുറിവേല്‍ക്കുംപോലെ തന്നെ, പ്രണയനിരാസം കൊണ്ടും സ്ത്രീകള്‍ക്കു മുറിവേല്‍ക്കുന്നുണ്ട്. നൈസര്‍ഗികമായി എതിര്‍ലിംഗത്തോടു തോന്നുന്ന ആകര്‍ഷണത്തെപ്പോലും ഭയപ്പെടാന്‍ സ്ത്രീകള്‍ ശീലിക്കുന്നത്, പ്രണയമെന്ന വികാരത്തിന്റെ പല വര്‍ണരാജികള്‍ മാനസികമായോ ശാരീരികമായോ ആസ്വദിക്കാന്‍ അവര്‍ക്കു സാധിക്കാതെ പോകുന്നത്, മുറിവേല്‍ക്കുമെന്ന ഈ ഭയം കൊണ്ടാണ്. 

പിരിഞ്ഞുപോയ കാമുകിയുടെ ഓര്‍മയ്ക്ക് ബലൂണുകള്‍ കെട്ടിത്തൂക്കുന്ന കാമുകന്റെ വാര്‍ത്തയ്ക്കു താഴെ നിറയുന്നത് "അവന്‍ ഒന്നുമില്ലെങ്കിലും അവളുടെ മുഖത്ത് ആസിഡൊഴിച്ചില്ലല്ലോ, പാവം!' എന്ന കമന്റുകളാണ്

ഈ പ്രണയപ്പേടിയില്‍ തുടങ്ങുകയും പല തട്ടുകളിലെ ആന്തരികമായ ഭയങ്ങളെ അതിജീവിച്ച് തുടരുകയും ചെയ്യുന്ന ബന്ധങ്ങളെ വിവാഹത്തിലേക്കെത്തിക്കുകയോ, വീട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അവസാനിപ്പിക്കുകയോ ചെയ്യുക എന്ന രണ്ടു സാധ്യതകളാണ് പലപ്പോഴും സ്ത്രീകള്‍ക്കുമുന്നില്‍ അവശേഷിക്കാറ്. ഈ രണ്ടു സാധ്യതകളും ദുരഭിമാന-ജാതിക്കൊലകള്‍ക്കും പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലകള്‍ക്കും കാരണമാകാമെന്നതിന് കേരളത്തില്‍ത്തന്നെ ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ. പ്രണയത്തില്‍നിന്ന് പിന്മാറിയ "തേപ്പുകാരി'കളുടെ ഒരു പുതുനിരയാണ് ഇതിന്റെ ബാക്കിപത്രം. ഏതൊരു ബന്ധത്തില്‍നിന്നുമുള്ള പരസ്പരസമ്മതത്തോടെയും പരസ്പരബഹുമാനത്തോടെയും വളരെക്കുറച്ച് മുറിവുകള്‍ അവശേഷിപ്പിച്ചുകൊണ്ടുമുള്ള പിന്മാറ്റം ഏറെക്കുറേ ഈയവസ്ഥകളില്‍ അസാധ്യമാവുകയും ചെയ്യുന്നു.  

Arjun-reddy
ബന്ധങ്ങളിലെ ടോക്‌സിസിറ്റിയും അധികാരസ്ഥാപനവും കാല്‍പനികവത്കരിക്കപ്പെടുകയും രണ്ടു മനുഷ്യര്‍ തമ്മിലുള്ള പരസ്പരബഹുമാനകേന്ദ്രീകൃതമാകേണ്ട എല്ലാ ബന്ധങ്ങളെയും അത് വിഷലിപ്തമാക്കുകയും ചെയ്യുമ്പോള്‍, വൈകിയെങ്കിലും അതു മനസ്സിലാക്കുന്ന സ്ത്രീകള്‍ക്ക് അതില്‍നിന്ന് ഇറങ്ങിനടക്കാന്‍ കഴിയാതെ വരുന്നത് ഈ ഭയം കൊണ്ടുതന്നെയാവും. അർജുൻ റെഡ്ഡി എന്ന സിനിമയില്‍ നിന്ന്

പിരിഞ്ഞുപോയ കാമുകിയുടെ ഓര്‍മയ്ക്ക് ബലൂണുകള്‍ കെട്ടിത്തൂക്കുന്ന കാമുകന്റെ വാര്‍ത്തയ്ക്കു താഴെ നിറയുന്നത് "അവന്‍ ഒന്നുമില്ലെങ്കിലും അവളുടെ മുഖത്ത് ആസിഡൊഴിച്ചില്ലല്ലോ, പാവം!' എന്ന കമന്റുകളാണ്. പ്രണയം തിരസ്‌കരിക്കപ്പെട്ടാലുള്ള ആക്രമണവും കൊലയും ഞെട്ടിക്കുന്ന തരത്തിലാണ് സാധാരണവത്കരിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള കൊലകളുടെ വാര്‍ത്തകള്‍ക്കുതാഴെ "അവനെ ന്യായീകരിക്കുകയല്ല, പക്ഷേ..' എന്ന മട്ടിലുള്ള എത്രയോ കമന്റുകള്‍ കാണാന്‍ കഴിയും. ടിക് ടോക് വസന്തം കഴിഞ്ഞിട്ടും ഹിറ്റ് ചാര്‍ട്ടില്‍നിന്ന് പുറത്താകാത്ത കലിപ്പന്‍- കാന്താരി പ്രണയത്തെക്കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ബന്ധങ്ങളിലെ ടോക്‌സിസിറ്റിയും അധികാരസ്ഥാപനവും കാല്‍പനികവത്കരിക്കപ്പെടുകയും രണ്ടു മനുഷ്യര്‍ തമ്മിലുള്ള പരസ്പരബഹുമാനകേന്ദ്രീകൃതമാകേണ്ട എല്ലാ ബന്ധങ്ങളെയും അത് വിഷലിപ്തമാക്കുകയും ചെയ്യുമ്പോള്‍, വൈകിയെങ്കിലും അതു മനസ്സിലാക്കുന്ന സ്ത്രീകള്‍ക്ക് അതില്‍നിന്ന് ഇറങ്ങിനടക്കാന്‍ കഴിയാതെ വരുന്നത് ഈ ഭയം കൊണ്ടുതന്നെയാവും. പോറ്റിവളര്‍ത്തിയ വീട്ടുകാരെ ചതിച്ചവളോ കാമുകനെ "തേച്ചിട്ടു'പോയവളോ ആവുകയാണ് എണ്‍പതുശതമാനം പ്രണയങ്ങളിലും സ്ത്രീയുടെ കഥാഭാഗം.  

ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വരുന്നതിലെ ആണത്തമോ ധീരതയോ ഇറങ്ങിപ്പോകുന്ന സ്ത്രീയുടെ പ്രവൃത്തിയിലില്ല. സ്വന്തം ഇഷ്ടം വിവാഹത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ ഒരു പറ്റം വ്യവസ്ഥകളെക്കൂടെയാണ് സ്ത്രീകള്‍ക്ക് നിരാകരിക്കേണ്ടി വരുന്നത്.

മനുഷ്യരെയും അതിലൂടെ ലോകത്തെയും അറിയുക എന്നത് എല്ലാവര്‍ക്കും ഒരു ട്രയല്‍ ആന്‍ഡ് എറര്‍ പ്രോസസ്സാണ്. അതില്‍ സ്ത്രീകള്‍ക്കുമാത്രം നേരിടേണ്ടിവരുന്ന സദാചാര ഓഡിറ്റിങ് ലോകത്തെ സ്വാഭാവികമായി മനസ്സിലാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്. പല പ്രണയങ്ങളിലൂടെ കടന്ന് പക്വതയും പാകതയും നേടുന്ന പുരുഷന്റെ കഥ സിനിമകളിലും സാഹിത്യത്തിലും ആഘോഷിക്കപ്പെടാറുള്ളപ്പോള്‍ സ്ത്രീകളുടെ അത്തരത്തിലുള്ള ഒരു ശ്രമം പോലും അവളെക്കുറിച്ചുള്ള കടുത്ത മുന്‍വിധികളിലേക്കു നയിക്കുകയാണ് ചെയ്യാറ്. 

പ്രണയപ്പോരാട്ടങ്ങള്‍

പ്രണയത്തെ വിവാഹത്തിലേക്കെത്തിക്കുകയെന്ന കടമ്പയാണ് ഈ പരീക്ഷണഘട്ടത്തിനുശേഷം കടക്കേണ്ടത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വരുന്നതിലെ ആണത്തമോ ധീരതയോ ഇറങ്ങിപ്പോകുന്ന സ്ത്രീയുടെ പ്രവൃത്തിയിലില്ല. സ്വന്തം ഇഷ്ടം വിവാഹത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ ഒരു പറ്റം വ്യവസ്ഥകളെക്കൂടെയാണ് സ്ത്രീകള്‍ക്ക് നിരാകരിക്കേണ്ടി വരുന്നത്. മതം, ജാതി, കുടുംബം, സമൂഹത്തിന്റെ സദാചാരസമവാക്യങ്ങള്‍ തുടങ്ങിയവയെല്ലാം ഉടച്ചുകളഞ്ഞുകൊണ്ടുള്ള ഈ യാത്ര അവള്‍ക്ക് ഒട്ടും സുഗമമല്ല. രണ്ടു മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ മതം സ്വീകരിക്കേണ്ടി വരുന്നത് ഒട്ടും ലളിതവുമല്ല. പ്രണയത്തിനുവേണ്ടി ഈ മാറ്റങ്ങള്‍ക്ക് ഒരാള്‍ മാത്രം വിധേയയാകുന്നതിന്റെ യുക്തിയും അയുക്തിയും ചര്‍ച്ചയാകുന്നത് അപൂര്‍വം. മതം രണ്ടുപേര്‍ക്കിടയില്‍ തീരെ കടന്നുവരാതിരിക്കുകയും നൂറുശതമാനം മതേതരമായ ജീവിതം സാധ്യമാവുകയും ചെയ്യുന്നത് കേരളത്തില്‍ ഇന്നും അപൂര്‍വമായി മാത്രമാണ്. 

നമ്മുടെ കൂട്ടക്കാരെ വിവാഹം ചെയ്ത്, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിച്ച്, നമ്മുടെ ജാതി/മതം ശക്തിപ്പെടുത്തേണ്ട നമ്മുടെ സ്ത്രീകള്‍ ഈ പരിധികള്‍ക്കപ്പുറത്തേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാ മതങ്ങളുടെയും തലവേദനയാണ്. സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ, സ്ത്രീകള്‍ക്ക് ലഭ്യമായ പ്ലാറ്റ്‌ഫോമുകള്‍ വിശാലമാകുന്തോറും അതിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്കും ശക്തികൂടും. സ്ത്രീകളുടെ സാമൂഹികമായ ഏതു വ്യവഹാരത്തെയും ലൈംഗികതയുടെ തട്ടില്‍വച്ചു തൂക്കിനോക്കുകയാണ് ലോകത്തിന്റെ ശീലം. തീരുമാനങ്ങളെടുക്കുന്ന, ഉറച്ച നിലപാടുകളുള്ള സ്ത്രീകള്‍ക്കും ഏതെങ്കിലും കുറ്റകൃത്യങ്ങളിലോ വിവാദങ്ങളിലോ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കുമൊക്കെ ലൈംഗികച്ചുവയുള്ള ഇത്തരം പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത് നാട്ടുനടപ്പാണല്ലോ. എല്ലാ മതങ്ങളും ആത്യന്തികമായി നടപ്പിലാക്കുന്നത് സ്ത്രീകളുടെ ശരീരവത്കരണമാണ്. ആ മതശരീരത്തില്‍നിന്ന് സ്വതന്ത്രമായി സ്വന്തം ശരീരത്തെയും പ്രണയത്തെയും ലൈംഗികതയെയും തിരിച്ചറിയുന്ന സ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ ശക്തമായി സാമൂഹികമണ്ഡലത്തിലേക്കിറങ്ങുന്തോറും യാഥാസ്ഥിതികതയും പിടിമുറുക്കിക്കൊണ്ടേയിരിക്കും. ജാതിമാറി പ്രണയിച്ച മകളെ അച്ഛന്‍ തന്നെ കൊലചെയ്യും, ഞങ്ങളുടെ ആണുങ്ങള്‍ കെട്ടാതെ നില്‍ക്കുമ്പോള്‍ അവരുടെ കൂടെ ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങളെക്കുറിച്ച് ഇനിയും ഇടയലേഖനങ്ങളുണ്ടാകും, ഒന്നിച്ചുനിന്നുള്ള ഫോട്ടോകള്‍ പോലും വ്യഭിചാരമാണെന്ന് യൂട്യൂബ് മൗലവിമാരുടെ ഫത്വകളിറങ്ങും. പല തലത്തിലുള്ള ഈ ആക്രമണങ്ങളെ രാഷ്ട്രീയമായും വൈകാരികമായും ശാരീരികമായും നേരിടേണ്ടിവരുമെന്നതാണ് പുതുതലമുറ സ്ത്രീകള്‍ക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ജീവിതം മുഴുവന്‍ പോരാടിക്കൊണ്ടിരിക്കാന്‍ സ്ത്രീകളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. 

Thappad.
ജീവിതം ഏതെങ്കിലുമൊരു വ്യക്തിയില്‍ തളച്ചിടാനുള്ളതല്ലെന്ന ഉറച്ച വിശ്വാസവും വലിയ സ്വപ്നങ്ങളുമുള്ള പെണ്ണുങ്ങളുടെ എണ്ണം മെല്ലെയെങ്കിലും വര്‍ദ്ധിക്കുക തന്നെയാണ്. ദപ്പട് എന്ന സിനിമയില്‍ നിന്ന്

എങ്കിലും ചന്ദ്രികേ...

വ്യവസ്ഥാപിതമായ വിവാഹത്തില്‍നിന്ന് പലപ്പോഴും വ്യത്യസ്തമല്ല, എല്ലാ വ്യവസ്ഥകളുടെയും വിഴുപ്പുകള്‍ താങ്ങേണ്ടി വരുന്ന പ്രണയവും. ഒരു സ്ത്രീപുരുഷബന്ധം ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന കെട്ടുപാടുകളുടെ മിനിമല്‍രൂപമായി, പരിശീലനമായി പ്രണയങ്ങള്‍ മാറുന്നത് അപൂര്‍വവുമല്ല. ചെറിയ കാര്യങ്ങള്‍പോലും അപകടസൂചനകളായിക്കണ്ട് അത്തരം ബന്ധങ്ങളില്‍നിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകളിന്ന് അപൂര്‍വതയല്ല. ജീവിതം ഏതെങ്കിലുമൊരു വ്യക്തിയില്‍ തളച്ചിടാനുള്ളതല്ലെന്ന ഉറച്ച വിശ്വാസവും വലിയ സ്വപ്നങ്ങളുമുള്ള പെണ്ണുങ്ങളുടെ എണ്ണം മെല്ലെയെങ്കിലും വര്‍ധിക്കുക തന്നെയാണ്. മുന്‍പു പറഞ്ഞപോലെ, വേദനാകരമായ ഒരു ചരിത്രസന്ധിയാണിത്. അതു മറികടക്കുകയല്ലാതെ മറ്റെന്ത്!   

 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എന്‍.ജി. നയനതാര

മാധ്യമപ്രവർത്തക, കവി, എഴുത്തുകാരി. എന്റെ പൂക്കളും നീയും, അപു ആറ്​ ബി എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM