Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് എട്ടിലെ കിമോത്തി അല്‍ബാനി എന്ന ഷഫീക്ക് മുസ്തഫയുടെ അനുഭവ കുറിപ്പിന് ദേവപ്രകാശിന്റെ ചിത്രീകരണം


Text Formatted

അരികുകവിതകളുടെ വെബ്സീന്‍

 ട്രൂ കോപ്പി വെബ്സീന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ അതിന്റെ പുതുമ കൊണ്ടും മൗലികത കൊണ്ടും സമഗ്രത കൊണ്ടും മലയാളത്തിലെ മറ്റെല്ലാ ആനുകാലികങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്നതാണ്. ഇതിനകം പുറത്തിറങ്ങിയ എട്ട് പാക്കറ്റുകളുടെയും വിഷയവൈവിധ്യം ഞങ്ങളെപ്പോലുള്ള വായനക്കാരെ സംബന്ധിച്ച് തികച്ചും പുതിയ അനുഭവമാണ്. കോണ്‍ഡത്തെക്കുറിച്ചും ഇസ്ലാമോഫോബിയയെക്കുറിച്ചും പ്രവാസത്തെക്കുറിച്ചും കോവിഡുകാലത്തെ ഡോക്ടര്‍മാരുടെ ഇടപെടലുകളെക്കുറിച്ചുമുള്ള പാക്കറ്റുകള്‍  എടുത്തു പറയേണ്ടവയാണ്. സാഹിത്യം അടക്കമുള്ള വിഷയങ്ങളോടുള്ള വെബ്സീനിന്റെ എഡിറ്റോറിയല്‍ സമീപനം, ഈ കാലഘട്ടത്തില്‍ അനിവാര്യമായും ഉണ്ടാകേണ്ട വായനയുടെ രാഷ്ട്രീയത്തോട് ചേര്‍ന്നുപോകുന്ന ഒന്നാണ്. പുതിയ കവിതകളും കവികളുടെ രാഷ്ട്രീയവും ശ്രദ്ധിക്കുന്ന ഒരാളെന്ന നിലക്ക്, പുതിയ തലമുറയിലെ കവികളെ, അവരുടെ കവിതകള്‍ക്കൊപ്പം വിശകലനം ചെയ്യുന്ന പംക്തി, Reading a Poet, സമകാലിക മലയാള കവിതയെ ഏറ്റവും ശക്തമായി രേഖപ്പെടുത്തുന്ന ഒന്നാണ്. ഇന്ന് മലയാളത്തില്‍ കഥയേക്കാളും മുന്നിലാണ്, കവിതയുടെ സ്ഥാനം.

Cover-out-hi.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് എട്ടിന്റെ കവർ

മലയാള കവിത ഇന്ന് മുമ്പില്ലാത്തവിധം അത്യന്തം ബഹുസ്വരമായ വഴികളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ വേറിട്ട ശബ്ദം കേള്‍പ്പിക്കുന്ന എത്രയോ കവികള്‍. മുമ്പൊക്കെ മുഖ്യധാര എന്നു പറയുന്ന ഒരുതരം വരേണ്യഭാവുകത്വത്തിന് ചൂട്ടുപിടിച്ചിരുന്ന വായനക്കാര്‍- മാധ്യമങ്ങള്‍- നിരൂപകര്‍ ത്രയത്തിനെ പൂര്‍ണമായും റദ്ദാക്കിക്കളയുകയും അരികുകളില്‍നിന്നുള്ള രചനകള്‍ പ്രധാനമായി മാറുകയും ചെയ്തിരിക്കുന്നു. കവിതയിലെ ഈ അട്ടിമറിയെ കൃത്യമായി ഉള്‍ക്കൊള്ളുന്നതാണ് Reading a Poet എന്ന കോളവും വെബ്സീന്‍ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുന്ന കവിതകളും.
കെ.പി.ആനന്ദന്‍ 
ചോറോട്, വടകര


മുത്തുപിള്ള ആനന്ദ തീര്‍ഥനിലേക്കും പൊയ്കയില്‍ അപ്പച്ചനിലേക്കുമൊക്കെ പറക്കുമ്പോള്‍

ക്ഷിശാസ്ത്ര പുസ്തകം തിരുത്തുക മാത്രമല്ല ‘മുത്തുപിള്ള' ചെയ്യുന്നത്; കേരളീയ ജീവിതത്തിന്റെ പലവിധ അടരുകളെ അത് കൊത്തി പുറത്തിടുകയും ചെയ്യുന്നു. ആനന്ദ തീര്‍ഥനിലേക്കും പൊയ്കയില്‍ അപ്പച്ചനിലേക്കുമൊക്കെ ചിറകുകള്‍ വീശി പടരുന്ന ആഖ്യാനം, മലയാളത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ ഒരു രചനയായി ‘മുത്തുപിള്ള'യെ മാറ്റുന്നു. പ്രകൃതിയെയും അത് ആന്തരികവല്‍ക്കരിച്ച ജൈവികതയെയും ഇതുവരെ ആവിഷ്‌കരിക്കാത്തവിധത്തിലുള്ള സാമൂഹിക- രാഷ്ട്രീയ മുദ്രകളോടെ അടയാളപ്പെടുത്തുകയാണ് ഇ. ഉണ്ണികൃഷ്ണന്‍. ഇവിടെ, പക്ഷികള്‍ക്കും കുരങ്ങന്മാര്‍ക്കും ഭഗവതിമാര്‍ക്കും പൂക്കള്‍ക്കും കായ്കള്‍ക്കും അരുവികള്‍ക്കും കാവുകള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം അസാധാരണമായൊരു പാരസ്പര്യം വന്നുചേരുന്നു. ഇതാ, ആ അനുഭവത്തിന് ഒരു പ്രയോഗം: ‘‘ചന്ദ്രമാസപരിവൃത്തത്തില്‍ ഒരില മാത്രം കൊഴിയുന്ന  സോമരാജിച്ചെടിയുമായി ദൃഢാനുരാഗത്തിലായിരുന്ന ഒരു തുന്നാരന്‍പക്ഷി പുതിയ വീടിന് കുറ്റിയടിക്കാന്‍ ഇലകളില്‍ കൊക്കുകള്‍ കൊണ്ട് മുട്ടിയുരുമ്മി എന്തോ കൂട്ടുകയും കിഴിക്കുകയും ചെയ്തു. ഞങ്ങളെ സംശയപൂര്‍വം നോക്കിയ ശേഷം അത്  പതിവുപോലെ മാറാല തൂത്തെടുക്കാന്‍ പോയി.''

MUTHIU.jpg
മുത്തുപിള്ള

നാം സാധാരണ വ്യവഹരിക്കുന്ന ഒരുതരം സാമ്പ്രദായികമായ ആവാസവ്യവസ്ഥയെ പൊളിച്ചുകളഞ്ഞ് ജീവിതത്തിന്റെ ഏറ്റവും നൈസര്‍ഗികമായ ഉറവകളിലേക്ക് ഈ അസ്തിത്വങ്ങളെല്ലാം ഒഴുകിച്ചേരുന്നു. മാണിക്കമ്മയും ഒരു കുഞ്ഞുപക്ഷിയും തമ്മിലുള്ള ബന്ധത്തെ ഉണ്ണികൃഷ്ണന്‍ അടയാളപ്പെടുത്തുന്നത് എന്തുമാത്രം ആകര്‍ഷകമായാണ്. അത്, നാട്ടിലെ അതിസാധാരണമായ നന്മയുടെയോ സഹവര്‍ത്തിത്വത്തിന്റെയോ രേഖപ്പെടുത്തല്‍ മാത്രമല്ല, അവസാനഅണു കൊണ്ടുപോലും മണ്ണിനെ ജീവസ്സുറ്റതാക്കുന്ന രണ്ട് ജീവനുകളുടെ ചേര്‍ച്ചയെക്കുറിച്ച ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. നമ്മുടെ അനുഭവങ്ങളും അറിവുകളും ബോധ്യങ്ങളുമെല്ലാം മുത്തുപിള്ള എന്ന ഉരകല്ലിലിട്ട് ഉരച്ചെടുക്കുകയാണ് ഉണ്ണികൃഷ്ണന്‍, അവശേഷിക്കുന്ന തരികളില്‍ ഒന്നില്‍ പോലും നാം അവശേഷിക്കാതെ.
സി.എം.റിയാസ്
ന്യൂഡല്‍ഹി


വെങ്കിടേഷ് രാമകൃഷ്ണന്റെ റിപ്പോര്‍ട്ട് ശ്രദ്ധേയം

ല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത ഒരു വിവരമാണ് വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നത്. നിലനില്‍പിനായി സമരം ചെയ്യുമ്പോള്‍ തന്നെ കൃഷി മുടക്കാതിരിക്കാനുള്ള വിവേകവും ഇവര്‍ പ്രകടിപ്പിക്കുന്നു. മുതിര്‍ന്നവരെ സമരഭൂമിയിലേക്ക് വിട്ട് അവര്‍ ചെയ്തിരുന്ന കൃഷി ഗ്രാമങ്ങളില്‍ ഏറ്റെടുത്തുനടത്തുന്ന പുതിയ തലമുറയുടെ കര്‍മവീര്യം പുതിയ ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരമാണ്.

Venkitesh Ramakrishnan.
വെങ്കിടേഷ്​ രാമകൃഷ്​ണൻ

ഡല്‍ഹി അതിര്‍ത്തിയിലെ സമരഭൂമിയും കിലോമീറ്ററുകള്‍ക്കപ്പുറത്തെ കൃഷിഭൂമികളും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍, കൃഷിയെ മാത്രമല്ല സംരക്ഷിച്ചുനിര്‍ത്തുന്നത്. ഒപ്പം, സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള, പോരാട്ടസജ്ജരായ ഭാവി തലമുറയെ കൂടി രൂപപ്പെടുത്താനുള്ള ഒരു മണ്ണൊരുക്കല്‍ കൂടിയാണിത്. കര്‍ഷകര്‍ക്ക് എങ്ങനെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കാന്‍ കഴിയുന്നു എന്നതിന്റെ ഉത്തരം കൂടിയാണിത്. സമരക്കാര്‍ക്ക് ഗ്രാമങ്ങളില്‍നിന്ന് ട്രാക്റ്ററുകളില്‍ ഭക്ഷണമെത്തിക്കുന്നു, ഗ്രാമനേതൃത്വം തീരുമാനിക്കുന്ന കുടുംബങ്ങള്‍, സ്ത്രീകളും കുട്ടികളുമടക്കം സമരത്തിനെത്തുന്നു, അവര്‍ തിരിച്ചുപോയി മറ്റൊരു കുടുംബം എത്തുന്നു.ഇങ്ങനെ വളരെ പ്ലാനിംഗോടെയാണ് കര്‍ഷക സമരം പിടിച്ചുനിന്നത്. ഇതിനൊപ്പം, ഗ്രാമങ്ങളില്‍ കൃഷി മുടങ്ങാതിരിക്കാന്‍ കൂടിയുള്ള ജാഗ്രത കര്‍ഷക കുടുംബങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്നത് ആവേശകരമായ ഒരനുഭവമായി മാറുന്നു.
എം.അഷ്‌റഫ് അത്തോളി
കുവൈത്ത്


കര്‍ഷക പ്രക്ഷോഭത്തിലേക്ക് എങ്ങനെ ഇടതുപക്ഷമെത്തി?

ന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന എം. കുഞ്ഞാമന്റെ ലേഖനം വ്യത്യസ്തമായ ഒരു ആംഗിളിലൂടെ ഈ പ്രശ്നത്തെ സമീപിക്കുന്നു. ഹരിത വിപ്ലവത്തിന്റെ ഫലമായി ഇന്ത്യന്‍ കര്‍ഷകരിലുണ്ടായ വര്‍ഗ രൂപീകരണം, അത് ഭൂമിയുടെ ഉടമസ്ഥാവകാശത്തിലുണ്ടാക്കിയ കേന്ദ്രീകരണം, കര്‍ഷക തൊഴിലാളികളുടെ ഭൂമിയില്‍നിന്നും കൃഷിയില്‍നിന്നുമുള്ള അന്യവല്‍ക്കരണം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ അദ്ദേഹം ചര്‍ച്ചക്കുവെക്കുന്നു.

kunjaman.jpg
എം. കുഞ്ഞാമന്‍ / ഫോട്ടോ: ധനൂജ്

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഉപരിതല വിഷയങ്ങള്‍ മാത്രമാണ് മാധ്യമങ്ങളും രാഷ്ട്രീയ സമൂഹവും ചര്‍ച്ച ചെയ്യുന്നുള്ളൂ. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും കൃഷിഭൂമി ആരുടെ കൈവശമാണ്, കൃഷിയുടെയും വിളകളുടെയും നിയന്ത്രണം ആര്‍ക്കാണ്, പുതിയ കാലത്ത് ഭൂപരിഷ്‌കരണത്തിന് ആരാണ് തടയിട്ടുകൊണ്ടിരിക്കുന്നത്, ഭരണകൂടങ്ങള്‍ എങ്ങനെയാണ് അടിസ്ഥാന വര്‍ഗങ്ങളെ അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍നിന്ന് ആട്ടിയോടിക്കുന്നത് തുടങ്ങിയ നിരവധി വിഷയങ്ങള്‍, ഇന്ത്യന്‍ കാര്‍ഷിക പ്രതിസന്ധിയോടൊപ്പം ചേര്‍ത്തുവെച്ചാല്‍ മാത്രമേ, കോര്‍പറേറ്റ്വല്‍ക്കരണം അടക്കമുള്ള കാര്‍ഷിക വിരുദ്ധ നിലപാടുകളെ നേരിടാന്‍ കഴിയൂ. അതിനുപകരം, ചില സംസ്ഥാനങ്ങളിലെ കര്‍ഷക സമൂഹത്തിന്റെ മാത്രം പ്രശ്നമായി ഇത് ന്യൂനീകരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ക്കും ഇത്തരം ന്യൂനീകരണമാണ് ആവശ്യം. കാരണം, അതിലൂടെ, ഭൂപരിഷ്‌കരണം, അന്യാധീനപ്പെട്ട ഭൂമിയുടെ പുനര്‍വിതരണം, കൃഷിഭൂമിയുടെയും കൃഷിയുടെയും ജനാധിപത്യപരമായ വിനിയോഗം തുടങ്ങിയ വിഷയങ്ങളെ കാണാമറയത്തുനിര്‍ത്താം. കര്‍ഷക വിരുദ്ധമായ മൂന്ന് നിയമങ്ങളുടെ ഉരകല്ലില്‍, രാജ്യത്തെയാകെ കര്‍ഷകസമൂഹത്തെ വിലക്കെടുക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്, ഈ കൗശലത്തില്‍ ഇവിടുത്തെ ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ പോലും അകപ്പെട്ടുപോയിട്ടില്ലേ എന്നു സംശയിക്കണം. കാരണം, ഭൂമി അടക്കമുള്ള വിഭവങ്ങളുടെ പുനര്‍വിതരണം എന്ന ഭൂരഹിത കര്‍ഷകതൊഴിലാളികളുടെയും ആദിവാസികളുടെയും ഏറ്റവും അടിസ്ഥാനപരമായ ആവശ്യത്തെ ക്രൂരമായി അടിച്ചമര്‍ത്തിയിട്ടുള്ളവരാണ് പശ്ചിമബംഗാളിലെയും കേരളത്തിലെയും ഇടതുപക്ഷ സര്‍ക്കാറുകള്‍. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണമെന്ന ഭരണഘടനാനുസൃതമായ ആവശ്യം അട്ടിമറിച്ചവരാണ് കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും. ഇവര്‍ക്ക് എങ്ങനെയാണ് ഇപ്പോള്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കാന്‍ കഴിയുക. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ്, കര്‍ഷക പ്രക്ഷോഭത്തിന്റെ വര്‍ഗാടിസ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നത്. അത്, ഹരിതവിപ്ലവത്തിനുശേഷമുണ്ടായ, മധ്യ- സമ്പന്ന വര്‍ഗമായി രൂപാന്തരപ്പെട്ട പുതിയ കാര്‍ഷിക സമൂഹത്തിന്റെ പ്രതിനിധാനമാണ്. അത്തരമൊരു വര്‍ഗത്തെ ഒപ്പം നിര്‍ത്താന്‍ ഇന്നത്തെ ഇടതുപക്ഷത്തിന് എളുപ്പം കഴിയും. കാരണം, ഇടതുപക്ഷം എന്നത്, വര്‍ഗേതരമായ ഒരു അഡ്ജസ്റ്റുമെന്റാണ്. വര്‍ഗാടിസ്ഥാനങ്ങളെക്കുറിച്ച് അതിന് പിടിവാശികളില്ല എന്നുമാത്രമല്ല, കേരളത്തില്‍ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസിനെ പോലും സ്വീകരിക്കാന്‍ കഴിയും വിധം അതിന്റെ അടിത്തറ 'വിപുല'വുമാണ്. ജോസ് കെ. മാണി, അദ്ദേഹത്തിന്റെ പിതാവ് അവകാശപ്പെടുന്നതുപോലെ ‘അധ്വാനവര്‍ഗ'മെന്ന നിലയ്ക്കല്ല, ഇടതുമുന്നണിയില്‍ പ്രവേശിച്ചത്, തികച്ചും സമ്പന്ന ക്രൈസ്തവ പ്രാതിനിധ്യത്തിന്റെ തിണ്ണബലത്തിലാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തെ ഇന്ന് നയിക്കുന്ന ഈ മധ്യ- സമ്പന്ന വര്‍ഗാടിത്തറയാണ്, കര്‍ഷകപ്രക്ഷോഭത്തിന്റെയും നേതൃത്വം ഏറ്റെടുക്കാന്‍ അതിനെ പ്രാപ്തമാക്കുന്നത് എന്ന ലളിതസത്യം വായിച്ചെടുക്കാന്‍ വിഷമമില്ല. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകരെ ആട്ടിയോടിച്ച, ചെങ്ങറയിലും മുത്തങ്ങയിലും അധസ്ഥിതരെ കായികമായി നേരിട്ട ഒരു രാഷ്ട്രീയ സംവിധാനം, ഭൂരഹിതരെയും ഭൂമിയെത്തന്നെയും ഇരുട്ടില്‍നിര്‍ത്തുന്ന ഒരു നിലപാടിനൊപ്പമാകുന്നതില്‍ അല്‍ഭുതമില്ല.
കെ.അനിരുദ്ധന്‍
തഞ്ചാവൂര്‍, തമിഴ്‌നാട്


ബി. രാജീവന്റെ അതിവായന

ഗ്രാമീണ കര്‍ഷകരുടെയും കൈവേലക്കാരും തൊഴിലാളികളുമെല്ലാം അടങ്ങുന്ന ജനവിഭാഗങ്ങളുടെ സമരത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി വികസിക്കുമെന്ന ബി. രാജീവന്റെ സ്വപ്നം, ജനാധിപത്യസംവിധാനത്തിലെ രാഷ്ട്രീയപ്രക്രിയകളെക്കുറിച്ചുള്ള അതിവായനയില്‍നിന്നുണ്ടായതാണ്. അദ്ദേഹം ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യങ്ങളെ കൃത്യമായി വിവരിക്കുന്നുണ്ട്: പെരുകുന്ന സാമ്പത്തിക അസമത്വം, ഭരണ- സമ്പന്നവര്‍ഗങ്ങളുടെ ചങ്ങാത്തം, ആഗോള മൂലധനാധിനിവേശം, സ്വേച്ഛാധിപത്യ ഭരണകൂടം...ശരിയാണ്, ഇതൊക്കെയാണ് ഓരോ സമരത്തിന്റെയും പ്രേരണാശക്തി. എന്നാല്‍, പുതിയൊരു രാഷ്ട്രീയ വിമോചന പ്രക്രിയയെ സാധ്യമാക്കുന്ന ഒരു വിച്ഛേദനം ഇതുമൂലമുണ്ടാകും എന്ന് കരുതാന്‍ വയ്യ.

rajeevan.jpg
ബി. രാജീവൻ

കാരണം, അസംതൃപ്തരും അനീതിയുടെ ഇരകളുമായ ജനവിഭാഗങ്ങളുടെ സമരങ്ങള്‍ കൊണ്ടുമാത്രം സംഭവിക്കുന്ന ഒരു മാറ്റമല്ലിത്. ഇത്തരം സമരങ്ങളെ വിപുലായൊരു രാഷ്ട്രീയ പരിപാടിയിലേക്കും മൂവ്മെന്റിലേക്കും പരിവര്‍ത്തിപ്പിക്കപ്പെടണം, വ്യക്തമായ ഒരു രാഷ്ട്രീയ പ്രക്രിയയിലൂടെയും കൃത്യമായ വര്‍ഗാടിത്തറയുള്ള സംഘാടനത്തിലൂടെയും. അത് ഇവിടെ സംഭവിക്കുന്നില്ല. മുമ്പ്, ടിക്കായത്തിന്റെയും ശരത് ജോഷിയുടെയുമൊക്കെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്റെയും രാജീവന്‍ തന്നെ എടുത്തുപറയുന്ന, അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുവന്ന പിന്നാക്ക- ദളിത് സമുദായങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനും എന്തു സംഭവിച്ചു എന്നതിന് ചരിത്രത്തില്‍ അധികം പരതേണ്ട കാര്യമില്ല. കുത്തക മൂലധനത്തിന്റെയും സവര്‍ണ ദേശീയതയുടെയും ഒരു കോംമ്പോ ഓപ്പറേഷന്‍ ഇപ്പോഴത്തെ ചെറുത്തുനില്‍പ്പുകള്‍ക്കും മുന്നില്‍ സടകുടഞ്ഞ് നില്‍ക്കുന്നുണ്ട്. അതിനെ നേരിടാന്‍ ലളിത യുക്തികള്‍ മതിയാകില്ല എന്ന യാഥാര്‍ഥ്യം, ബി. രാജീവനെപ്പോലെ, സമൂഹത്തെക്കുറിച്ചും രാഷ്ട്രീയപ്രക്രിയകളെക്കുറിച്ചും തികഞ്ഞ ബോധ്യമുള്ളവര്‍ തിരിച്ചറിയാതെ പോകരുതെന്നുമാത്രം.
ജെന്നിഫര്‍ കെ.മാര്‍ട്ടിന്‍
കെന്റക്കി, യു.എസ്.എ


പ്രഭാകരന്റെ ആത്മകഥയിലൂടെ ഞാന്‍ എന്റെ ആത്മകഥ വായിക്കുന്നു

വെബ്സീനില്‍ ആദ്യം വായിക്കുന്നത് എന്‍. പ്രഭാകരന്റെ ആത്മകഥ- ഞാന്‍ മാത്രമല്ലാത്ത ഞാന്‍- ആണ്. അതില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തൊട്ട് ആവിഷ്‌കരിക്കപ്പെടുന്ന ജീവിതങ്ങള്‍ വരെ, ഏറ്റവും സാധാരണക്കാരനായ ഒരു മനുഷ്യനെ വരെ ഉള്‍ക്കൊള്ളുന്നതാണ്.

prabhakaran.jpg
എൻ. പ്രഭാകരൻ

മാഷ് പറയുന്നതുപോലെത്തന്നെ, ആത്മകഥാകാരനില്‍ തന്നെ ഈ മനുഷ്യരെല്ലാം കുടികൊള്ളുന്നതായി അനുഭവിക്കാം. അതുകൊണ്ട്, ആത്മകഥയിലെ നായകന്റെ സ്വത്വം, അദ്ദേഹം മാത്രമല്ലാത്ത, അനവധി മനുഷ്യരിലേക്ക് പടരുന്നു. പ്രഭാകരന്‍ മാഷ് മാടായിപ്പാറയെക്കുറിച്ചും എരിപുരത്തെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചുമെല്ലാം പറയുന്നത്, എന്റെ നാട്ടില്‍ എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. എന്തിന്, അദ്ദേഹം പറയുന്ന കുടുംബബന്ധങ്ങള്‍ പോലും എന്റെ സ്വന്തം തന്നെയാണ്. ഓരോ വായനക്കാരനെയും സ്വന്തം ആത്മകഥാവായനയിലേക്ക് നയിക്കുന്ന വിസ്മയകരമായ ഒരനുഭവത്തിന് നന്ദി.
​​​​​​​രവിചന്ദ്രന്‍ കെ.
കൂത്തുപറമ്പ്, കണ്ണൂര്‍


ഇതാണ്, കവിതയുടെ ചൂര്

​​​​​​​

d anil kumar
ഡി. അനില്‍കുമാര്‍

ലമുരുട്ടി പ്രാണി. മലത്തിന്‍ മോളിലാണ് നാടും വീടും. ഉരുട്ടുന്നത് ലോകമാണെന്ന് അറിയുന്നുണ്ട്. പാട്ടയുരുട്ടാന്‍ പോകുന്ന മനുഷ്യനും മലമുരുട്ടി പ്രാണിയും തമ്മിലെന്തുഭേദം? കുറ്റിക്കാടുകള്‍ തെളിച്ചപ്പോള്‍, പഴയ പാട്ടകള്‍ തൂക്കി വിറ്റപ്പോള്‍ കുറ്റിയറ്റു മലമുരുട്ടി, കുറ്റിയറ്റിട്ടും മുളയ്ക്കുന്നു പാട്ടയുരുട്ടി. ഇതാണ് പുതിയ കവിതയുടെ കരുത്ത്. പാട്ടയുരുട്ടികളെയും മലമുരുട്ടികളെയും കൊണ്ടുവന്ന് കവിതയുടെ ചൂര് വീണ്ടെടുക്കുന്നു ഡി. അനില്‍കുമാര്‍.
ലിസ സെബാസ്റ്റ്യന്‍
കലിക്കറ്റ് യൂണിവേഴ്‌സിറ്റി, മലപ്പുറം


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍   സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media


​​​​​​​