Tuesday, 19 October 2021

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് 20 ല്‍ അജിജേഷ് പച്ചാട്ട് എഴുതിയ കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം
Text Formatted

ജാനകിയും നവീനും ഡാന്‍സ് ചെയ്യുന്ന കേരളത്തിലിരുന്ന് ഡോണയെ വായിക്കുമ്പോള്‍

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിയും നവീനും പി.ജി. വിദ്യാര്‍ഥികളുടെ ക്വാര്‍ട്ടേഴ്‌സ് വരാന്തയില്‍ ചെയ്ത ആകര്‍ഷകമായ നൃത്തത്തെക്കുറിച്ചുള്ള പലതരം മലയാളി വിചാരണകള്‍ വായിക്കുന്നതിനിടെയാണ്, ഡോണ മയൂരയുടെ "കവിത ശരീരം രാഷ്ട്രീയം' (വെബ്‌സീന്‍ പാക്കറ്റ് 20) എന്ന ലേഖനം വായിച്ചത്. സുഹൃത്തുക്കളായ ഈ വിദ്യാര്‍ഥികളുടെ ആവിഷ്‌കാരത്തോട് ഡോണയുടെ കുറിപ്പ് ചേര്‍ത്തുവായിക്കുന്നത് ഏറെ പ്രസക്തമാണ്.

ശരീരം ഏറ്റവും ശക്തമായ പൊളിറ്റിക്കല്‍ ആവിഷ്‌കാരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഡോണ മയൂരയുടെ എഴുത്തും അതിലൂടെ അവര്‍ നടത്തുന്ന പ്രഖ്യാപനങ്ങളും ഏറെ ശ്രദ്ധേയമാണ്. "ബോഡി ഈസ് ആര്‍ട്ട്, പോയം ആന്റ് പൊളിറ്റിക്‌സ്' എന്ന ഒരു വ്യാഖ്യാനത്തിലേക്ക് സ്വന്തം സര്‍ഗജീവിതത്തെ വിപുലപ്പെടുത്തുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് അവരുടെ എഴുത്തിന് മറ്റുള്ളവരുടേതില്‍നിന്ന് ഭിന്നമായ ഒരു സമകാലിക പ്രസക്തി കൂടിയുണ്ട്.

Dona Mayoora
ഡോണ മയൂര

അവരുടെ കവിതകളും കുറിപ്പുകളും മാത്രമാണ് ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അവര്‍ വിദേശത്തിരുന്ന് ചെയ്യുന്ന ദൃശ്യകവിതകളെ ജീവിതാവബോധത്തോടെ രേഖപ്പെടുത്തുന്ന എഴുത്ത് വെബ്‌സീനിലൂടെയാണ് ആദ്യമായി വായിക്കുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഏതൊരു സാധാരണ പെണ്‍കുട്ടിയും ജീവിക്കുന്ന ജീവിതം നയിക്കുകയും കുടുംബത്തിന്റെയും ചുറ്റുപാടുകളുടെയും ചിട്ടവട്ടങ്ങള്‍ക്കിരയാകുകയും ചെയ്തശേഷം കേരളത്തിന് പുറത്തുപോയി പലതരം മനുഷ്യരുമായി സഹവസിച്ച്, മനുഷ്യന്റ യഥാര്‍ഥ രാഷ്ട്രീയജീവിതം തിരിച്ചറിഞ്ഞ വലിയൊരു അനുഭവ പരിസരമാണ് ഡോണയുടെ വാക്കുകളില്‍ നിന്ന് വിടര്‍ന്നുവരുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ചെറിയതെന്ന് കരുതുന്ന വലിയ കാര്യങ്ങളെ സൂക്ഷ്മമായി ഡോണ വരച്ചിടുന്നത് കൗതുകകരമാണ്. പുരികവും കണ്‍പീലികളും ഇല്ലാത്തതിനാല്‍ അവര്‍ നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങാണ് അതിലൊന്ന്. ശരീരപ്രകൃതിയുടെയും വസ്ത്രധാരണത്തിന്റെയും നടത്തത്തിന്റെയും ഇരിപ്പിന്റെയും ചിരിയുടെയും വരെ കാര്യങ്ങളിലുള്ള അത്തരം ആക്രമണങ്ങള്‍ ഇന്ന് കേരളത്തില്‍ രൂക്ഷമായിട്ടുമുണ്ട്. ഈയിടെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച ശ്രീജ നെയ്യാറ്റിന്‍കര ട്രൂ കോപ്പി തിങ്കില്‍ എഴുതിയ ഒരു ലേഖനത്തില്‍ "എന്റെ ഉറക്കെയുള്ള സംസാരവും ചിരിയും പോലും പുരുഷ നേതാക്കളെ അസ്വസ്ഥപ്പെടുത്തിയിരുന്നു' എന്ന് എഴുതിയിരുന്നു. ഈ കാലത്താണ്, പുരോഗമനം പറയുന്ന ഒരു രാഷ്ട്രീയ പരിസരത്ത് ഒരു സ്ത്രീക്ക് ഇത്തരം അവഹേളനങ്ങള്‍ സഹിക്കേണ്ടിവരുന്നത് എന്നോര്‍ക്കണം.

dance
തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകി ഓംകുമാറും നവീൻ റസാഖും

യാഥാസ്ഥിതികത്വം ഉറപ്പിച്ചുവച്ചിരിക്കുന്ന കള്ളികളില്‍ ജീവിക്കുന്ന സ്ത്രീകളാണ് ഇന്നും "മലയാളി സ്ത്രീ'. അതുകൊണ്ടാണ്, സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ഒന്നിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ അവരുടെ ലിംഗവും ജാതിയും മതവുമെല്ലാം തെരഞ്ഞുപോയത്. ജാനകിയെയും നവീനെയും ആക്രമിച്ചത് കേരളത്തിലെ ഒരു ന്യൂനപക്ഷമാണെന്നുപറഞ്ഞ് ആ സംഭവത്തെ ലഘൂകരിച്ചുകാണാനാകില്ല. കേരളീയ പൊതുബോധം ആ ന്യൂനപക്ഷത്തിന്റെ വികാരം പങ്കിടുന്നവരാണ്. ജീവിതത്തിലൂടെയും കലയിലൂടെയും ഈയൊരു പൊതുബോധത്തെ തിരുത്തുക എന്ന വലിയ കാര്യമാണ് ഡോണ ഈ എഴുത്തിലൂടെ ചെയ്യുന്നത്. ശരിയായ ഒരു സമയത്താണ്  വെബ്‌സീന്‍ ഇത്തരമൊരു എഴുത്തിന് ഇടം നല്‍കിയത് എന്നതും എടുത്തുപറയേണ്ടതാണ്.
ജെന്നിഫർ കെ. മാർട്ടിൻ
കെന്റക്കി, യു.എസ്.എ.

എഴുത്തുകാരന്റെ മുന്നിലെ തെരഞ്ഞെടുപ്പ്

വെബ്സീന്‍ പാക്കറ്റ് 19-ല്‍ കരുണാകരൻ എഴുതിയ ഈ തിരഞ്ഞെടുപ്പും ഈ എഴുത്തുകാരും എന്ന ലേഖനത്തെപ്പറ്റിയാണ് ഈ കത്ത്​. ആദ്യമേ പറയട്ടെ, പറയുന്ന കാര്യത്തെപ്പറ്റി കരുണാകരന് ഒരു വ്യക്തതക്കുറവുള്ളതായി ലേഖനത്തിലുടനീളം തോന്നി. ഇതെനിക്കു മാത്രം തോന്നിയതാണെങ്കിൽ എന്റെ അറിവുകേടിനോട് പൊറുക്കുക. 

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടി ചില എഴുത്തുകാർ നിലകൊണ്ടതിലുള്ള പ്രതിഷേധമാണ് പ്രസ്തുത ലേഖനത്തിലൂടെ അദ്ദേഹം മുന്നോട്ടു വെക്കാൻ ശ്രമിച്ചിട്ടുള്ളത്. അതിനായി ജനാധിപത്യവുമായി ബന്ധപ്പെട്ട ചില താത്വിക വിചാരങ്ങൾക്കാണ് കരുണാകരൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ സമകാലിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാവാത്ത ഒരു കമ്യൂണിസ്റ്റു വിരുദ്ധന്റെ ജല്പനങ്ങളായി അവ തരംതാണു പോയി എന്നാണ് എനിക്കു തോന്നിയത്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തെ ഏകകക്ഷി അധീശത്വത്തിലാക്കാൻ ആർ.എസ്.എസിനു കഴിഞ്ഞു എന്നദ്ദേഹം പറയുന്നു. അതായത് കോൺഗ്രസും മറ്റു കക്ഷികളും ഇന്ത്യൻ ജനാധിപത്യത്തിൽ അപ്രസക്തരായിരിക്കുന്നു എന്നർത്ഥം. ഈ ജനാധിപത്യ അപചയത്തോട് ചേർന്നു നിൽക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എടുത്തത് എന്നും കരുണാകരൻ വാദിക്കുന്നു. അതിനാൽ നമ്മുടെ എഴുത്തുകാർ സി.പി.എം അനുകൂല നിലപാട് എടുക്കരുതായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ കാതലായ വാദം. കാരണം അത് ജനാധിപത്യ വിരുദ്ധ രാഷ്ടീയത്തിനുള്ള പിൻതുണയായി അദ്ദേഹം വായിച്ചെടുക്കുന്നു.

cpim

ഇതിൽ പ്രധാനമായും രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് നിലവിലെ സാഹചര്യത്തിൽ ആർ.എസ്.എസും സി.പി.എമ്മും ഒരേ ദിശയിൽ സഞ്ചരിച്ച് ഏക പാർട്ടി അധീശത്വത്തിനു വേണ്ടി നിലകൊള്ളുന്നു എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? എങ്കിൽ ആ ചിന്തയിൽ കാര്യമായ എന്തോ പിശകുണ്ട്. ആർ.എസ്.എസിനേയും സി.പി.എമ്മിനേയും ഒരു പോലെ കരുതുക പ്രയാസം. അത് ഇന്ത്യൻ യാഥാർത്ഥ്യത്തിന്റെ മുന്നിൽ നിന്നുകൊണ്ടുള്ള കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇനി കരുണാകരൻ അങ്ങനെ കരുതുന്നുവെങ്കിൽ അതദ്ദേഹം ഈ ലേഖനത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അഥവാ അയാൾ അതിൽ പരാജയപ്പെട്ടു പോയി. സി.പി.എമ്മിനെ കേരളത്തിന്റെ ജനാധിപത്യ പരിസരത്തു നിന്നു കൊണ്ട് അങ്ങനെ നോക്കി കാണാൻ എന്തായാലും ഈ ലേഖകൻ തയ്യാറല്ല. ഞാനൊരു സി.പി.എം ഭക്തനോ, അനുയായിയോ അല്ലെന്നും ചേർത്തു വായിക്കുക. എന്നാൽ തീർച്ചയായും ഇടതു രാഷ്ട്രീയത്തിന്റെ വക്താവാണ്. ഏറ്റവും മോശം ഇടതു രാഷ്ട്രീയം പോലും ഏറ്റവും മികച്ച വലതു രാഷ്ട്രീയത്തേക്കാൾ മെച്ചമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ പ്രശ്നം, സി.പി.എമ്മിനെ ഇങ്ങനെ ഒഴിച്ചു നിർത്തിയാൽ കേരളത്തിന്റെ മുന്നിൽ ജനാധിപത്യ പാർട്ടി എന്നു വിശേഷിപ്പിക്കാവുന്ന മറ്റേതു പാർട്ടിയുണ്ട് എന്ന വലിയ ചോദ്യമാണ്. ഈ ചോദ്യം കരുണാകരനെപ്പോലുള്ള ചിന്തകർക്കു പ്രശ്നമായിരിക്കില്ല. എന്നാൽ സാധാരണ മനുഷ്യർക്കും സാമാന്യ യുക്തിയോടെ മാത്രം ആലോചിച്ച് കാര്യങ്ങളെ കാണുന്ന എഴുത്തുകാർക്കും ഇതൊരു പ്രശ്നമാണ്. (എല്ലാവർക്കും ഒക്​ടോവിയ പാസിനെ പോലെ ഉയർന്നു ചിന്തിക്കാൻ കഴിഞ്ഞെന്നു വരില്ലല്ലോ!)

ഇവിടെ ഉയർന്നു വരാവുന്ന മറ്റൊരു ജനാധിപത്യ ബദൽ കോൺഗ്രസ്​ എന്ന പാർട്ടിയാണ്. എന്നാൽ ഇന്നത്തെ നിലയിൽ കേരളത്തിലെ കോൺഗ്രസിനെ സി.പി.എമ്മിനേക്കാൾ മെച്ചപ്പെട്ട ജനാധിപത്യ പാർട്ടിയെന്നു കരുതാമോ? കരുണാകരൻ അങ്ങനെ കണക്കാക്കുന്നുണ്ടോ? എങ്കിൽ അത് വിശദീകരിക്കേണ്ടതുണ്ട്. ലേഖനത്തിൽ അങ്ങനെയൊരു ശ്രമം ഉണ്ടായിട്ടില്ല. ശബരിമല വിവാദം പോലുള്ള പുതിയ പ്രശ്നങ്ങളിൽ കോൺഗ്രസ് കൈക്കൊണ്ട നിലപാടും ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. അതും കണ്ടില്ലെന്ന് നടിക്കാൻ ഒരു ജനാധിപത്യവാദിക്കു കഴിയില്ലല്ലോ.

packet-20-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 20-ന്റെ കവര്‍

കേരളത്തിലെ ഈ വർത്തമാന രാഷ്ട്രീയ പരിസരത്ത് ഒരു സാധാരണ ജനാധിപത്യവാദി ഈ തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് കൈക്കൊള്ളും? ഈ സന്ദേഹികളുടെ കൂട്ടത്തിലാണ്‌ ഞാൻ എഴുത്തുകാരെയും ഉൾപ്പെടുത്തുന്നത്. അവർ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കണമെന്നാണോ കരുണാകരൻ വാദിക്കുന്നത്? ജനാധിപത്യത്തിന്റെ പൂർണതയുടെ പേരിൽ അവർ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ അവഗണിക്കണമെന്നാണോ? നമ്മുടെ മുന്നിൽ നിലനിൽക്കുന്ന സാധ്യതകളിൽ നിന്നുള്ള ഒരു തെരഞ്ഞെടുപ്പ് എന്നാണ് ആധുനിക ജനാധിപത്യം പോലും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ പരിപ്രേക്ഷ്യം. അതിൽ മാത്രമെ എന്നെപ്പോലുള്ളവർക്ക് വിശ്വാസമർപ്പിക്കാൻ കഴിയൂ. ഉട്ടോപ്യൻ രാഷ്ട്രീയത്തിന് കാലത്തെ നേരിടുക എന്ന ഉത്തരവാദിത്തമില്ല എന്നെനിക്കറിയാം. എന്നാൽ നിലവിലെ രാഷ്ട്രീയത്തിന് വർത്തമാനകാലത്തെ നേരിട്ടല്ലേ പറ്റൂ. അതിന്റെ ഭാഗമായി ഉള്ളതിൽ മെച്ചപ്പെട്ടതിനോട് ചേർന്നു നിൽക്കുന്നതിനെ അപ്പാടെ തള്ളിപ്പറയുകയാണോ ലേഖകൻ? കഴിയും വിധം തിരുത്തിക്കൊണ്ട് ചരിത്രത്തോടൊപ്പം നടക്കുക എന്നതാണ് ഹ്രസ്വമായ ആയുസുകൊണ്ട് സാധാരണക്കാർക്കു ചെയ്യാനുള്ളത്. ധൈഷണിക ശേഷി കൂടിയവർ ചരിത്രത്തെ നിഷേധിക്കുകയും പുതിയ ചരിത്രത്തെ സ്വപ്നം കാണുകയും ചെയ്യട്ടെ. അവർക്കു മാത്രമെ "ഈ തെരഞ്ഞെടുപ്പിലും ഇടതോ വലതോ മുന്നണി വരും' എന്നങ്ങനെ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവാൻ കഴിയൂ. നിലവിലെ ഉപകരണങ്ങളെ ഉപയോഗിച്ച് ഫാസിസത്തെ കഴിയുംവിധം നേരിടാൻ ജനതയെ തയ്യാറെടുപ്പിക്കുക എന്ന ഉത്തരവാദിത്തം കെ.ആർ. മീരയും ബെന്യാമിനും എഴുത്തുകാരെന്ന നിലയിൽ ചെയ്തുവെങ്കിൽ അതിനവരെ അനുമോദിക്കാനാണ് എനിക്കു തോന്നുന്നത്. അതിനവരുടെ മുന്നിൽ നിലവിലെ സി.പി.എം നയിക്കുന്ന ഇടതു മുന്നണി മാത്രമേ ഉണ്ടായുള്ളൂ എന്നത് കാലത്തിന്റെ പരിമിതിയാണ്. അതിന് നമ്മുടെ തലമുറ ആരോടാണ് പരാതിപ്പെടുക? കരുണാകരൻ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഉദ്ധരിച്ച കെ. വേണുവുൾപ്പെട്ട മുൻ തലമുറയിലെ ഇടതുപക്ഷ പ്രവർത്തകരോട് ആദ്യം പരാതിപ്പെടേണ്ടി വരും എന്നാണ് ഞാൻ കരുതുന്നത്. 

എഴുത്തുകാർ നിലവിലെ പരിമിതികളുടെ ഔദാര്യം ഉപയോഗപ്പെടുത്തി  സ്വപ്നജീവികളാവണം എന്നോ, അരാഷ്ട്രീയ വാദികളാവണമെന്നോ ആവശ്യപ്പെട്ടാൽ അതിലും കടുത്ത ജനാധിപത്യവിരുദ്ധത വെറെയില്ല എന്നു പറയേണ്ടി വരും. നമുക്ക് കാലത്തോട് ചേർന്നു നിന്ന് ചുറ്റിലുമുള്ള വൈരുദ്ധ്യങ്ങളോട് ഏറ്റുമുട്ടാം. ഏറ്റവും മികച്ചതുമാത്രം സ്വീകരിക്കും എന്ന് വാശി പിടിക്കാനുള്ള സ്വാതന്ത്ര്യം നിലവിലെ ഫാസിസ്റ്റു പരിസരം അനുവദിക്കുന്നില്ല എന്ന് വിനയത്തോടെ തിരിച്ചറിയാം. ആ തിരിച്ചറിവാണ് പുതിയ കാലത്തെ എഴുത്തുകാരിൽ നിന്ന് എന്നെപ്പോലുള്ള വായനക്കാർ പ്രതിക്ഷിക്കുന്നത്. അതു കൊണ്ടു തന്നെ കരുണാകരന്റെ ഈ വിഷയത്തിലെ  നിലപാടുകളോട്  വിയോജിക്കുന്നു. നമുക്കിപ്പോൾ തെറ്റുകുറ്റങ്ങളോടെ ഫാസിസത്തെ പ്രതിരോധിക്കാം. ബാക്കിയാവുകയാണെങ്കിൽ പഴയ തർക്കങ്ങൾ പൊടിതട്ടി എടുത്തു വീണ്ടും രസിക്കാം. 
എന്‍.ഇ. സുധീര്‍
എറണാകുളം
​​​​​​​​​​​​​​

രണ്ടാം ക്ലാസും അവര്‍ക്ക് നഷ്ടപ്പെടുമോ?

ഷ്ടപ്പെട്ട ഒന്നാം ക്ലാസിനെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകള്‍ ആകര്‍ഷകമായി (വെബ്‌സീന്‍ പാക്കറ്റ് 20). വിനോയ് തോമസ് എഴുതിയത്, പഴയൊരു കുട്ടിയുടെ അനുഭവമാണെങ്കിലും അതിന് പുതിയ കാലത്തും വകഭേദങ്ങളുണ്ട്. ഇന്ന് ബസിലും സ്‌കൂള്‍ വാഹനങ്ങളിലുമൊക്കെയാണ് കുട്ടികള്‍ സ്‌കൂളുകളിലെത്തുന്നത്. ആറും കുന്നും പാടവും താണ്ടി ഒരു കുട്ടിക്കും ഇന്ന് സ്‌കൂളില്‍ പോകേണ്ട സാഹചര്യമില്ല.

vinoy-thomas.jpg
വിനോയ് തോമസ്

എങ്കിലും വീട്ടില്‍നിന്ന് കുട്ടികള്‍ ആദ്യമായി ഒരു വലിയ സമൂഹത്തോട് ഇടപഴകാന്‍ തുടങ്ങുന്നത് ഒന്നാം ക്ലാസുമുതലാണ്. അത് അവരെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത ഒരു അനുഭവം കൂടിയാണ്. കളികളുടെയും ഒന്നിച്ചുള്ള യാത്രകളുടെയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും പരസ്പരം വര്‍ത്തമാനം പറയുന്നതിന്റെയുമെല്ലാം സാമൂഹികമായ മാനങ്ങള്‍ ഏറെ വലുതാണ്. ഇപ്പോഴിതാ, രണ്ടാം ക്ലാസും അവര്‍ക്ക് നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. ഓണ്‍ലൈനിനുമുന്നില്‍നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ സാധ്യമായ ഒരു വിദ്യയെക്കുറിച്ച് അക്കാദമിക ലോകം ചിന്തിക്കേണ്ട സമയമായി.
അർജുൻ പത്മകുമാർ
മുംബൈ


ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസായിരിക്കണം പ്രധാന അജണ്ട

ന്നാം ക്ലാസിന്റെ നഷ്ടം വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല, അധ്യാപകര്‍ക്കും കൂടിയുള്ളതാണ് എന്ന് ബിജിന എഴുതിയ "സങ്കടത്തോടെ ആ ബലൂണ്‍ ദിനങ്ങളെക്കുറിച്ച്' (വെബ്‌സീന്‍ പാക്കറ്റ് 20) എന്ന ലേഖനം സൂചിപ്പിക്കുന്നു.

bijina.jpg
ബിജിന

ശരിയാണ് അവര്‍ എഴുതിയത്, ഒന്നാം ക്ലാസിലെ കുട്ടികളോട് സ്വന്തം മക്കളെപ്പോലൊരു അടുപ്പമായിരിക്കും അധ്യാപകര്‍ക്കുണ്ടായിരിക്കുക. കാരണം, ആ കുട്ടികള്‍ ശരിക്കും വിദ്യാര്‍ഥികളായിക്കഴിഞ്ഞിട്ടുണ്ടാകില്ല. അവരെ ചേര്‍ത്തുപിടിച്ചായിരിക്കും ഓരോ അധ്യാപകരും ഓരോ അക്ഷരവും എഴുതിപ്പഠിപ്പിക്കുക, ഓരോ വാക്കും പറഞ്ഞുകൊടുക്കുക. ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം ബിജിന പറയുന്നുണ്ട്: "സ്ലേറ്റ് പിടിക്കുന്ന വിധം, പെന്‍സില്‍ പിടിച്ച് എഴുതുന്ന വിധം എന്നിങ്ങനെ ഓരോ കുഞ്ഞു കാര്യങ്ങള്‍ ടീച്ചര്‍ നേരിട്ട് പറഞ്ഞും ചെയ്തും കൈ പിടിച്ചു കൊണ്ടുവരുന്ന മക്കളോട് അതൊക്കെ വീഡിയോ കോളിലൂടെ ചെയ്യാന്‍ നിര്‍ദേശിക്കുമ്പോഴുള്ള സങ്കടം വളരെ വലുതായിരുന്നു. ഓരോ കുട്ടിക്കും ഇതെല്ലാം മനസ്സിലാകുന്ന വിധത്തില്‍ ഒരു ഏകീകരണം ഉണ്ടാക്കാന്‍ ഓണ്‍ലൈന്‍ മാധ്യമം കൊണ്ട് സാധിച്ചിട്ടില്ല. അക്ഷരങ്ങള്‍ എഴുതിയും വായിച്ചും ആവര്‍ത്തിച്ചു പഠിപ്പിക്കേണ്ട സാഹചര്യത്തില്‍ കേട്ട് പഠനം മാത്രമായി ചുരുങ്ങി. ഓരോ കുട്ടിയേയും കൈപിടിച്ച് പുതിയ അക്ഷരങ്ങള്‍ എഴുതിച്ചിരുന്ന സാഹചര്യം നഷ്ടമായി. കുട്ടികള്‍ക്ക് കൂട്ടുകൂടാനുള്ള അവസരങ്ങള്‍ നഷ്ടമായി'. ഇത് ഗൗരവകരമായ ഒരു കാര്യമാണ്. അടുത്ത അധ്യയനവര്‍ഷം തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍, കോവിഡ് രൂക്ഷമായി തിരിച്ചുവരുന്ന അവസ്ഥയില്‍, ഒന്നാം ക്ലാസ് നമ്മുടെ പ്രധാന അജണ്ടയാകാന്‍ വെബ്‌സീനിന്റെ ഈ ഉദ്യമം സഹായിക്കട്ടെ.
നസീമ അഷ്റഫ്
അബുദാബി, യു.എ.ഇ.


ജോജി വെറും പനച്ചേല്‍ കുടുംബക്കാരനാണ്, അതാണ് പ്രശ്‌നവും

"ജോജി മുറിവേറ്റ ആണത്തം' എന്ന കുഞ്ഞുണ്ണി സജീവിന്റെ ഫിലിം റിവ്യു (വെബ്‌സീന്‍ പാക്കറ്റ് 20) വായിച്ചു. ജോജി ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന The society has fucked me, The society has killed me എന്ന പരിവേദനം, സാധൂകരിക്കുന്ന യാതൊന്നും സിനിമയില്‍ കാണില്ല. അതുകൊണ്ടുതന്നെ, ജോജി എന്ന കഥാപാത്രത്തിനും ആ സിനിമക്കുതന്നെയും സാമൂഹികമോ രാഷ്ട്രീയമോ ആയ തലങ്ങളിലേക്ക് വികസിക്കാന്‍ കഴിയുന്നില്ല. പനച്ചേല്‍ കുട്ടപ്പന്റെ അധികാരപ്രയോഗത്തിനിരയാകുന്ന വെറുമൊരു മകനായി ജോജി ചുരുങ്ങിപ്പോകുന്നു. "ജോജി' എന്ന സിനിമയുമായി പലരും താരതമ്യം ചെയ്ത കെ.ജി. ജോര്‍ജിന്റെ "ഇരകളി'ലെ ബേബിയെ രൂപപ്പെടുത്തുമ്പോള്‍, തന്റെ മനസ്സില്‍ അമിതാധികാരമെടുത്ത് ഉള്ളംകൈ കൊണ്ട് അമ്മാനമാടിയ സഞ്ജയ് ഗാന്ധിയായിരുന്നു എന്ന് ജോര്‍ജ് പറഞ്ഞിട്ടുണ്ട്.

irakal-joji.jpg

എന്നാല്‍, ഇവിടെ അത്തരം രാഷ്ട്രീയമായ ഒരു വിപുലീകരണത്തിലേക്കും ജോജി എന്ന കഥാപാത്രത്തിനും സിനിമക്കും സഞ്ചരിക്കാനാകുന്നില്ല. മലയാളത്തിലെ പുതിയ തിരക്കഥാകൃത്തുകളും സംവിധായകനും റിയലിസം എന്ന സങ്കേതത്തെ വസ്തുനിഷ്ഠത എന്ന തലത്തിലേക്ക് ചുരുക്കിക്കാണുന്നതിന്റെ ഫലമാണ് ഇത്തരം ന്യൂനോക്തികള്‍. അതായത്, സിനിമയുടെയും കഥാപാത്രങ്ങളുടെയും പാശ്ചാത്തലം കൃത്യമാക്കുന്നതില്‍ ഇവര്‍ ചെലുത്തുന്ന ശ്രദ്ധ, പ്രമേയത്തിന്റെ രാഷ്ട്രീയം കൃത്യമാക്കുന്നതില്‍ ഇവര്‍ പുലര്‍ത്തുന്നില്ല. മലയാളത്തില്‍ പുതുതായി ഇറങ്ങുന്ന സിനിമകള്‍ക്കെല്ലാം റിയലിസത്തിന്റെ ഈ ഒഴിയാബാധയുണ്ട്. അത്, അതിന്റെ പരിസരങ്ങളില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ്. 
സിൽവിയ പീറ്റർ
കോൺവാൾ, ഒണ്ടാറിയോ, കാനഡ


ഡോ. ജയശ്രീ പറയുന്ന ആ രാഷ്ട്രീയ പ്രക്രിയ ഇന്ന് എവിടെയാണ്?

""രാഷ്ട്രീയവും ആശുപത്രിയും പ്രണയവും സൗഹൃദവും യാത്രകളും ശരീരഭാരവും ചുറ്റിപ്പിണഞ്ഞ് തുള്ളിയാടുകയും ഇടക്കിടെ ശാന്തമാവുകയും ചെയ്ത് ചുഴലിയായി ചുറ്റിയ കാറ്റി''നൊപ്പമുള്ള ഡോ. ജയശ്രീയുടെ ജീവിതം നല്ലൊരു വായനാനുഭവമായി മാറിയിരിക്കുന്നു. ഫെമിനിസ്റ്റ് കൂട്ടായ്മകളില്‍ പങ്കാളിയായും തെരുവുയോഗങ്ങളില്‍ പ്രസംഗിച്ചും പുസ്തകങ്ങള്‍ വിറ്റുനടന്നും തിയറ്റര്‍ ഗ്രൂപ്പുണ്ടാക്കിയും ഒരു ഡോക്ടര്‍ ജീവിതത്തെ എത്രത്തോളം പ്രതികരണോന്മുഖമാക്കാമെന്ന് ഡോ. ജയശ്രീ കാണിച്ചുതരുന്നു.

jayasree2.jpg
ഡോ. എ.കെ ജയശ്രീ

കേരളത്തില്‍ ഒരു കാലത്ത്, മുഖ്യാധാരാ രാഷ്ട്രീയത്തിനുസമാന്തരമായി നടന്ന പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്രക്രിയയുടെ രൂപവത്കരണത്തെക്കുറിച്ചാണ് ജയശ്രീയുടെ ആത്മകഥ വിശദീകരിക്കുന്നത്. ലിംഗനീതിയുടെയും സ്ത്രീപക്ഷത്തിന്റെയും കലയുടെ ജനകീയവല്‍ക്കരണത്തിന്റെയുമെല്ലാം സാധ്യതകളെക്കുറിച്ചുള്ള ഈ അന്വേഷണങ്ങള്‍, തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ പ്രധാനപ്പെട്ടവയാണ്. കാരണം, അത്തരം അന്വേഷണങ്ങളുടെ തുടര്‍ച്ച ഇന്ന് എവിടെയെത്തിനില്‍ക്കുന്നു എന്ന കാര്യം, ഇന്ന് കൗതുകം മാത്രം നല്‍കുന്ന ഒന്നാണ്. ഫെമിനിസവുമായും ലിംഗനീതിയുമായും ബന്ധപ്പെട്ടതുമാത്രമല്ല, പുരോഗമന നിലപാടുകളെക്കുറിച്ചുള്ള എല്ലാ സംവാദങ്ങളും ഇന്ന് വൈയക്തിക വിവാദങ്ങളായി ചുരുങ്ങിയിരിക്കുന്നു. ഓരോ വ്യക്തിയും ഓരോ പ്രസ്ഥാനമായി മാറി സംവാദങ്ങള്‍ തന്നെ അസാധ്യമാക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചും അവരോട് സംസാരിച്ചും അവര്‍ക്കിടയില്‍ ആവിഷ്‌കാരങ്ങള്‍ സാധ്യമാക്കിയും, ഡോ. ജയശ്രീയടക്കമുള്ളവര്‍ രൂപപ്പെടുത്താന്‍ ശ്രമിച്ച പുതിയൊരു സംഘാടനത്തിന്റെ തുടര്‍ച്ച അസാധ്യമാക്കിയത്, പിന്നീട് അതിന്റെ പ്രാതിനിധ്യങ്ങളിലേക്കുവന്ന ആഴം കുറഞ്ഞ മനുഷ്യരാണ്. അത്തരം മനുഷ്യരുടെ ചുറ്റുമിരുന്ന് വായിക്കുമ്പോള്‍, ഡോ. ജയശ്രീയുടെ ആത്മകഥക്ക് ഒരു പ്രത്യേക ആകര്‍ഷകത്വം കൂടി തോന്നുന്നു.
ലേഖ എസ്.രാജ്
​​​​​​​കലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ.


ശരത് എന്ന വിദ്യാര്‍ഥി ഒരു പാഠമാണ്

വെബ്‌സീന്‍ പാക്കറ്റ് 20ല്‍ ഡോ. ഗോപകുമാര്‍ ബി. എഴുതിയ അധ്യാപക ജീവിതാനുഭവം പല നിലയ്ക്കും  പ്രധാനപ്പെട്ട ഒന്നായി തോന്നി. എന്‍ട്രന്‍സിന്റെ ഭാരവും ചുമന്നെത്തുന്ന വിദ്യാര്‍ഥികളുമായുള്ള അധ്യാപകരുടെ ബന്ധത്തെക്കുറിച്ച് അദ്ദേഹം ചില സൂചനകള്‍ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുമായി അടുപ്പമില്ലായ്മ, പഠിപ്പിക്കുന്നത് ഗണിത ശാസ്ത്രം, നീണ്ട സിലബസ്, സമയക്കുറവ്, പഠിപ്പില്‍ മാത്രം ശ്രദ്ധിക്കുന്ന വിദ്യാര്‍ഥികള്‍... അങ്ങനെ മൊത്തം ഒരു അരസികത നിറഞ്ഞ അന്തരീക്ഷം.

gopakumar.jpg
ഡോ. ഗോപകുമാര്‍

ഈ ദുര്‍ബലമായ അധ്യാപക- വിദ്യാര്‍ഥി ബന്ധത്തിന്റെ ബാക്കിപത്രമാണ് ഗോപകുമാര്‍ വിവരിക്കുന്ന ശരത് എന്ന വിദ്യാര്‍ഥിയുടെ അനുഭവം. എന്‍ട്രസിനുവേണ്ടി ഒരുക്കപ്പെട്ട്, പഠനത്തെയും പരീക്ഷയെയും ഒരു പേടിസ്വപ്‌നമായി വളര്‍ത്തിയെടുത്ത്, ചെറിയ തോല്‍വികളെപ്പോലും അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്ന മാനസികാവസ്ഥയുമായി എത്തുന്ന അനവധി വിദ്യാര്‍ഥികളില്‍ ഒരാളാണ് ശരത്ത്. നേരത്തെ പറഞ്ഞ കാമ്പസ് അന്തരീക്ഷം വിദ്യാര്‍ഥികളുടെ ഈ പിരിമുറുക്കം വര്‍ധിപ്പിക്കുന്നു. ഒരു അധ്യാപകനുപോലും ഈ വിദ്യാര്‍ഥികള്‍ക്ക് താങ്ങായി മാറാന്‍ കഴിയുന്നില്ല. പുതിയ കലാലയാന്തരീക്ഷത്തിന്റെ കൃത്യമായ ഒരു ചിത്രമാണ് ഗോപകുമാര്‍ വരച്ചിടുന്നത്. സര്‍ഗാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതാകുകയും വര്‍ഗീയതയുടെയും അക്രമത്തിന്റെയും കൊലക്കത്തികള്‍ പെരുകുകയും ചെയ്തപ്പോള്‍, ശരത്തിനെപ്പോലുള്ള വിദ്യാര്‍ഥികള്‍ അക്ഷരാര്‍ഥത്തില്‍ അനാഥരാക്കപ്പെട്ടു, അവരുടെ മാനസികനില തെറ്റിപ്പോയി. ശരത് ജീവിതത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍, ഇന്നും തോല്‍വികളില്‍പെട്ട് ഉഴലുന്ന എത്രയോ വിദ്യാര്‍ഥികളുണ്ടാകും അയാളെപ്പോലെ.
അവിനാശ് പുനത്തിൽ
​​​​​​​ബംഗളൂരു


എത്യോപ്യന്‍ യാത്ര ഗംഭീരമായി

പ്രമോദ് കെ.എസ് എഴുതിയ എത്യോപ്യന്‍ യാത്രാപരമ്പര വേറിട്ട ഒരു യാത്രാനുഭവമൊരുക്കി. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും നാട് എന്ന മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന ഈ രാജ്യം മനുഷ്യ സമ്പത്തിന്റെയും സാംസ്‌കാരിക വിനിമയങ്ങളുടെയും പ്രകൃതിവൈവിധ്യത്തിന്റെയും കാര്യത്തില്‍ എത്ര സമ്പന്നമാണ് എന്ന് ഈ യാത്ര കാണിച്ചുതരുന്നു. എത്യോപ്യയിലെ വൈവിധ്യങ്ങളെ അതിസൂക്ഷ്മമായി പകര്‍ത്തുന്നതാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍. ഏതു തനതായ ഭൂപ്രകൃതിയും പ്രാദേശിക വൈവിധ്യവും ജീവന്‍ തുടിച്ചുനില്‍ക്കുന്ന ഗ്രാമങ്ങളും. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിന്റെയല്ല, ലാളിത്യം നിറഞ്ഞ ജീവിതവീക്ഷണത്തിന്റെ മുദ്രകളാണ് ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. നമുക്ക് ഇല്ലായ്മയെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ അവരുടെ സമ്പത്താണ് എന്ന് ഈ ചിത്രങ്ങള്‍ പറഞ്ഞുതരുന്നു. 

gopakumar.jpg
ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ബസാറായ മെര്‍ക്കാറ്റോ മാര്‍ക്കറ്റ്. 1896ല്‍ ഇറ്റലിയ്‌ക്കെതിരായ യുദ്ധവിജയത്തിന്റെ ഓര്‍മയ്ക്ക് മെനലിക് ചക്രവര്‍ത്തി സ്ഥാപിച്ചതാണ് ഈ മാര്‍ക്കറ്റ്.

സാമ്പത്തികവും സാംസ്‌കാരികവുമായ തനിമകളെ തകര്‍ക്കുന്ന, ചൈന അടക്കമുള്ള പുത്തന്‍ അധിനിവേശ ശക്തികളുടെ ആക്രമണങ്ങള്‍ എത്യോപ്യയെയും എങ്ങനെ ബാധിക്കുന്നു എന്ന് പ്രമോദ് അടിവരയിട്ടു പറയുന്നുണ്ട്. ഈ മൂലധന അധിനിവേശത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞു ആഡിസ് അബാബ എന്ന നഗരം. 

കൂറ്റന്‍ കെട്ടിടങ്ങളുടെയും ഷോപ്പിങ്ങ് മാളുകളുടെയും നക്ഷത്രഹോട്ടലുകളുടെയും പുറകില്‍ മനുഷ്യര്‍ നരകജീവിതം നയിക്കുന്ന ചേരികളും ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങളും പെരുകുന്നത് ഇതിന്റെ അടയാളമാണ്.  ഇങ്ങനെ എത്യോപ്യയുടെ പലതരം തനിമകളെ സൂക്ഷ്മമായി വിശദീകരിക്കുന്ന ഒരു യാത്ര സമ്മാനിച്ച വെബ്‌സീന് നന്ദി.
ജമാൽ എം. താഹിർ
​​​​​​​ഷാർജ, യു.എ.ഇ


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM