Thursday, 08 December 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

എംപതിയില്ലാത്ത കല കളവുമാത്രമാണ്

ചുറ്റുമുള്ള മനുഷ്യരെ ഉപദ്രവിക്കുന്ന ഒരു ആർട്ടിസ്റ്റ് ധാർമികതയെ കുറിച്ചും ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ എഴുതുകയും വരയ്ക്കുകയും പാടുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്നത് ആർട്ടല്ല. അത് നുണയാണ്.

Image Full Width
Image Caption
റിമ കല്ലിങ്കല്‍
Text Formatted

മനില സി. മോഹന്‍ : മീ ടൂ പ്രസ്ഥാനത്തെയും അതിന്റെ അനുഭവങ്ങളെയും അടുത്ത തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട് എന്ന് തോന്നുന്നു.
താഴെത്തട്ടിലുള്ള തൊഴിലാളി സ്ത്രീകളുടെ നേർക്ക് നടന്നിരുന്ന അതിക്രൂരമായ ലൈംഗികാക്രമണങ്ങൾക്കെതിരായ തുറന്നു പറച്ചിലുകൾ എന്ന നിലയിലാണ് ഈ പ്രസ്ഥാനം ആരംഭിക്കുന്നത്. പിന്നീടൊരു ഘട്ടത്തിൽ അത് മധ്യവർഗ്ഗ സ്ത്രീകൾ ഏറ്റെടുക്കുന്നു. അപ്പോൾ സംഭവിച്ചത് എന്താണെന്നു വെച്ചാൽ, ഈ തൊഴിലാളി സ്ത്രീകളുടെ അനുഭവങ്ങളുടെ വിസിബിലിറ്റി ഇല്ലാതായി. അവർ വിസ്മരിക്കപ്പെട്ടു. മറ്റൊരു കാര്യം സംഭവിച്ചത്, വ്യാജമായ ആരോപണങ്ങൾ ഉണ്ടാവാൻ തുടങ്ങി. "മീ ടൂ' വിന്റെ സാധ്യതകൾ ദുരുപയോഗം ചെയ്യാൻ തുടങ്ങി. അത് ജനുവിനായ, സത്യസന്ധമായ ആരോപണങ്ങൾക്ക് കിട്ടേണ്ട ന്യായത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു. മറ്റൊരു കാര്യം, തൊഴിലിടങ്ങളിലെ, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ  സ്ത്രീ പ്രാതിനിധ്യം കുറയാൻ തുടങ്ങുന്നതിന്റെ സൂചനകൾ വരുന്നു എന്ന വസ്തുത. ഒരു സ്ത്രീയെ നിയമിക്കേണ്ടി വരുമ്പോൾ അത് വേണോ എന്ന് സ്ഥാപനങ്ങൾ ആലോചിക്കുന്ന അവസ്ഥ. ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ സ്ത്രീകൾ തുറന്നു പറച്ചിലിന് കാണിക്കുന്ന ധൈര്യം, ശരീരത്തിനു മേലുള്ള അവകാശത്തെക്കുറിച്ചുള്ള ആത്മബോധം സ്ത്രീകൾക്ക് വർധിച്ചത്, തുടങ്ങി ഒട്ടേറെ പോസിറ്റീവായ കാര്യങ്ങളും സംഭവിക്കുന്നു.
ഈ വിഷയത്തെ നിരന്തരം പിന്തുടരുന്ന ആളെന്ന നിലയിൽ എന്താണ് ഇപ്പോഴത്തെ വിലയിരുത്തൽ?

റിമ കല്ലിങ്കല്‍ : മീ ടൂ പ്രസ്ഥാനത്തിന്റെ കഴിഞ്ഞ കുറേ വർഷങ്ങൾ, സ്ത്രീകളെ വിശ്വസിക്കുക എന്ന ഒറ്റ കാര്യത്തിലേക്കാണ് എന്നെ എത്തിച്ചത്. സ്ത്രീകൾ പറയുന്ന കഥകൾ വിശ്വസിക്കുക. അവർ പറയുന്ന, ഭയത്തിന്റേയും കടന്നു പോകുന്ന ആഘാതത്തിന്റേയും കഥകൾ. സ്വപ്നങ്ങൾ തകർത്തു കളഞ്ഞതിന്റേയും ആത്മാഭിമാനം കടത്തിക്കൊണ്ടു പോയതിന്റേയും കഥകൾ. ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതിന്റേയും നിശ്ശബ്ദമാക്കപ്പെട്ടതിന്റേയും കഥകൾ. അങ്ങേയറ്റം നിസ്സഹായമായിപ്പോവുകയും പിൻതുടരാന്‍ ത്രാണിയില്ലാതെ തളർന്ന് പോവുകയും ചെയ്ത നിമിഷങ്ങളുടെ  കഥകൾ.

മീ ടൂ ഒരു പെർഫെക്റ്റ് പ്രസ്ഥാനമൊന്നുമല്ല, ശരിയാണ്. വ്യാജമായ കേസുകൾ ഉണ്ടാവുന്നുണ്ട്. പ്രിവിലേജ് കുറഞ്ഞവരുടെ ശബ്ദങ്ങൾ മുങ്ങിപ്പോവുന്നുണ്ട്. അത്തരം തിരസ്കാരങ്ങൾ മാപ്പർഹിക്കുന്നതല്ലെന്നറിയാം. ഇരയാക്കപ്പെട്ടവർക്ക് ബഹുമാനവും ആത്മവിശ്വാസവും ഉണ്ടാവുന്ന, തെറ്റു ചെയ്തവർ തിരിച്ചറിവിലേക്ക് നയിക്കപ്പെടുന്ന, ഒരു സംവാദത്തിന് അവസരമൊരുങ്ങേണ്ടതിനു പകരം ഇരയാക്കപ്പെടുന്നവരും ആരോപണമേൽക്കുന്നവരും ഒരുപോലെ മോബ് ലിഞ്ചിങ്ങിന് വിധേയരാവുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിപ്പെടുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്. പക്ഷേ അതോടൊപ്പം, ഈ വലിയ ആശയം പുറന്തള്ളപ്പെടാതിരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഞാൻ നിരന്തരം അന്വേഷിക്കുക തന്നെ ചെയ്യും.

കൂടുതൽ സ്ത്രീകളെ ഞാൻ ശ്രദ്ധിച്ചു കേൾക്കും, ഇത്തരം സംഭാഷണങ്ങൾ തുടരും. കാരണം ഈ പ്രസ്ഥാനം അതിനായുള്ളതാണ്. ഒരു പുതിയ തുടക്കമാണിത്. ഒടുവിൽ സ്ത്രീകൾ സ്വന്തം ശബ്ദം കണ്ടെത്തിയതിന്റേയും ആ ശബ്ദം ഉറക്കെ കേൾപ്പിക്കാൻ തുടങ്ങിയതിന്റേയും ആരംഭം. ഈ ശബ്ദങ്ങൾക്ക് ഇനി കൂടുതൽ വ്യക്തത വരും, ഈ ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലാവും. അത് കൂടുതൽ മികച്ചതായി പുറത്ത് കേൾക്കും.

vairamuthu
വെെരമുത്തു

ഉള്ളിലുള്ള അമർഷം അമർത്തി വെയ്ക്കാനും ഒളിച്ചു വെയ്ക്കാനും നിർബന്ധിതമായ, ഒരുപാടു തലമുറകളുടെ തിളച്ചുമറിയുന്ന രോഷ പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ ഘട്ടത്തിൽ, മീ ടൂ പ്രസ്ഥാനത്തിന്റെ നിർണായക സന്ധിയിൽ നിൽക്കുമ്പോൾ സ്ത്രീകളുടെ ശബ്ദങ്ങളെ വലിച്ച് താഴെയിട്ടവരോട്, ആണുങ്ങളോട് എനിക്ക് ചിലത് ചോദിക്കാനുണ്ട്. എവിടെ നിന്നാണ് നിങ്ങൾക്കീ രോഷം വരുന്നത്? ഒടുക്കം നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു എന്നതുകൊണ്ടാണോ? നിങ്ങളുടെ പരമാധികാരങ്ങൾ എടുത്തു മാറ്റപ്പെടുന്നതുകൊണ്ടോ? അതോ ഒരിക്കൽ നിങ്ങൾ തെറ്റായിരുന്നു എന്ന് നിങ്ങളോട് തന്നെ പറയുന്നതു കൊണ്ടോ?
​​​​​​​"എന്തുകൊണ്ടാണ് ഇപ്പോൾ പറയുന്നത്?' "തെളിവെവിടെ?' എന്നീ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് സ്വയം ഈ ചോദ്യം ചോദിക്കുന്നത് നന്നായിരിയ്ക്കും. എവിടെ നിന്നാണ് നിങ്ങളുടെ ഈ രോഷം മുളയ്ക്കുന്നത്?

വൈരമുത്തുവിന് ഒ.എൻ.വി. പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഏറ്റവും അടുത്തുള്ള പശ്ചാത്തലം. 20 ഓളം സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. അപ്പോഴും വൈരമുത്തുവിന്റെ പാട്ടുകൾ / കവിതകൾ നിലനിൽക്കുമോ? പല രംഗത്ത്, പല തരം അവാർഡുകൾ നേടിയിട്ടുള്ള നിരവധി ആർടിസ്റ്റുകളുണ്ട്. അവർക്കെല്ലാമെതിരായി ആരോപണങ്ങൾ ഉയർന്നാൽ അവാർഡുകൾ തിരിച്ചു വാങ്ങേണ്ടി വരുമോ?  "കുറ്റം'  ചെയ്ത വ്യക്തിയെ സാമൂഹികമായി ബഹിഷ്കരിക്കേണ്ടതുണ്ടോ? വിഷയം സങ്കീർണമാണ്. ആർട്ടും ആർട്ടിസ്റ്റും തമ്മിലുള്ള ബന്ധം വായനക്കാരെ, പ്രേക്ഷകരെ, ശ്രോതാക്കളെ സംബന്ധിച്ച് എന്തായിരിക്കണം എന്നാണ് തോന്നുന്നത്? വ്യക്തികളെ കേന്ദ്രീകരിച്ചല്ല, ആശയത്തെ മുൻനിർത്തിയാണ് ചോദ്യം.

ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന നാമെല്ലാവരും സാധാരണ മനുഷ്യരാണ്. അതിൽ നമ്മളിൽ ചിലർ കലാപരമായ കഴിവുകളുള്ളവരാവും. അതിൽത്തന്നെ ചിലർക്ക് ആ കലയെ ഉദ്ദീപിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒത്തുവരും. അവർക്ക് ജീവിതത്തിൽ നിന്ന്, മനുഷ്യരിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന് ആർട്ട് ഉണ്ടാക്കാനാവും. അത് എംപതിയിൽ നിന്നുണ്ടാവുന്നതാണ്.
അതു കൊണ്ടു തന്നെ,  തന്റെ ചുറ്റുമുള്ള മനുഷ്യരെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ആഘാതങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ഒരു ആർടിസ്റ്റ്, എഴുന്നേറ്റ് ചെന്ന് ധാർമികതയെ കുറിച്ചും ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ എഴുതുകയും വരയ്ക്കുകയും പാടുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്നത് ആർട്ടല്ല. അത് നുണയാണ്. എംപതിയില്ലാത്ത കല കളവുമാത്രമാണ്.

റിമ കല്ലിങ്കല്‍

നടി, മോഡൽ, നർത്തകി. 

മനില സി. മോഹന്‍

ട്രൂകോപ്പി എഡിറ്റർ ഇന്‍ ചീഫ്