Sunday, 28 November 2021

ഓർമവര


Text Formatted

ഓർമയിലെ തസ്​വികൾ

നബിദിനറാലികളിൽ മദ്ഹബുകള്‍ ഏറ്റുപാടി ആണ്‍കുട്ടികള്‍ക്കുപിന്നില്‍ നടന്ന കാലം, 'ഹൈള്' മാറി കുളിച്ച് ശുദ്ധിവരുത്തിയ ശേഷം അലമാരയുടെ മുക്കുകളില്‍ പാത്ത് വെച്ചിരുന്ന മുടിക്കെട്ടുകളുടെ ഓർമ... മുസ്​ലിം പെൺകുട്ടിക്കാലത്തിന്റെ ഓർമകളുടെ എഴുത്തും വരയും

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

 ചീർണി

ദ്യകാല മദ്രസയോര്‍മകളില്‍ നബിദിന റാലികള്‍ ഞങ്ങള്‍ പെണ്‍കുട്ടികളുടേത് കൂടിയായിരുന്നു. പാട്ടുകൊട്ടുകളും തക്ബീറുകളും നിറഞ്ഞ വര്‍ണാഭമായ ഘോഷയാത്രയില്‍ മദ്ഹബുകള്‍ ഏറ്റുപാടി ആണ്‍കുട്ടികള്‍ക്കുപിന്നില്‍ ഞങ്ങളും നടന്നു. തോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ട വഴികളിലൂടെ പുത്തനുടുപ്പണിഞ്ഞ്, വഴിയോരങ്ങളില്‍ നിന്ന് മിഠായികളും ചീര്ണിപ്പൊതികളും ഏറ്റുവാങ്ങി ആള്‍ക്കൂട്ടത്തിനൊപ്പം ഞങ്ങളും നീങ്ങി. മദ്രസയ്ക്ക് നിറമുണ്ടാകുന്ന ആണ്ടിലെ ഏക ദിവസം. എന്നാല്‍ ഇടക്കെപ്പൊഴോ വന്ന  ‘പരിഷ്‌കാര'ങ്ങളില്‍ നബിദിന ഘോഷയാത്രകള്‍ ആണ്‍കുട്ടികളുടേത് മാത്രമായി. കൊടികളുയര്‍ത്തി മദ്ഹബുപാടി നീങ്ങുന്ന ആണ്‍റാലികളെ ഞങ്ങള്‍ മതിലിനുമറവില്‍ നിന്ന്​ നോക്കി നില്‍ക്കേണ്ടി വന്നു. മിഠായികളും ചീര്ണിപ്പൊതികളും ബന്ധുക്കളായ ആണ്‍കുട്ടികള്‍ മനസ്സലിഞ്ഞു നല്‍കുന്ന പങ്കുകളായി ചുരുങ്ങി.

Cheerni

 അടയാളം

വീക്കിലികളില്‍ നിന്ന് കീറിയെടുക്കുന്ന വീതി കുറഞ്ഞ, നീളം കൂടിയ കടലാസ് കഷണം ചെറുതായി മടക്കി മടക്കിയാണ്  "അടയാളം'  എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ബുക്മാര്‍ക് ഉണ്ടാക്കിയിരുന്നത്. മുസ്ആഫിന്റെ (ഖുര്‍ആന്‍) ഓതി നിര്‍ത്തിയ ഏടിന്റെ ഇടയില്‍ ഇത്​ അടയാളമായി തിരുകിവെക്കും.  ‘ഏടി, ന്റെ അടയാളം പൊയ്ക്ക്ണ്, ഓത്തെവ്ടെത്തീ...', മദ്രസ്സയിലെ സ്ഥിരം സംഭാഷണങ്ങളിലൊന്നായിരുന്നു.

Adayalam

മുല്ലപ്പൂ സ്ലൈഡ് 

മുല്ലപ്പൂ സ്ലൈഡുകള്‍ക്ക് മുല്ലപ്പൂവിനേക്കാളടുപ്പം തട്ടത്തോടായിരുന്നു. തട്ടവും മുടിയും ചേര്‍ത്ത് കുത്തിയുറപ്പിച്ച സ്ലൈഡുകളായിരുന്നു തട്ടം തലയില്‍ നിന്നൂര്‍ന്ന് വീഴാതെ കാത്തത്. പിന്നീട്,  ‘ഫാഷന്‍' കൂടിയപ്പോള്‍ അറ്റത്ത് കളര്‍മുത്തുകള്‍ പിടിപ്പിച്ച നീളന്‍ മൊട്ടുസൂചികള്‍ക്കായി ഔറത്തിന്റെ കാവല്‍ ദൗത്യം.

Mullappoo-Slide

മുല്ലമൊട്ടുകള്‍

മുല്ലമൊട്ടുകള്‍ സുഗന്ധത്തിന്റെ ഓര്‍മയാണ്. വെളുത്ത നിസ്‌ക്കാരക്കുപ്പായത്തോടൊപ്പം രണ്ടോ മൂന്നോ മുല്ലമൊട്ടുകളും കൂട്ടിയാണ് നിസ്‌ക്കാരപ്പായ മടക്കി വെക്കുന്നത്.

Mottumulla

മുടിക്കെട്ടുകള്‍ 

കൊഴിഞ്ഞ് വീഴുന്ന ഓരോ മുടിയും പെറുക്കിയെടുത്ത് ചെറുതും വലുതുമായ കെട്ടുകളാക്കി അലമാരയുടെ മുക്കുകളില്‍ പാത്ത് വെച്ചിരുന്ന ആര്‍ത്തവ കാലം. "വലിയ അശുദ്ധിയായ' "ഹൈള്' (ആര്‍ത്തവ രക്തം) മാറി കുളിച്ച് ശുദ്ധിവരുത്തിയ ശേഷം ഈ മുടിക്കെട്ടുകളും കഴുകി വൃത്തിയാക്കി കളയുകയാണ് വേണ്ടത്. കാലം ശീലങ്ങളെ കൈവിട്ടെങ്കിലും അലമാരയിലെ മുടിക്കെട്ടുകള്‍ ഓര്‍മകളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു.

Mudikkett

വളപ്പൊട്ട് 

പെരുന്നാള്‍ കാലം കുപ്പിവളകളുടെ സീസണ്‍ കൂടിയായിരുന്നു. കുപ്പിവളകള്‍ വലിയ കൊട്ടകളില്‍ തലച്ചുമടായേന്തി, വലിയ പെരുന്നാളിനും ചെറിയ പെരുന്നാളിനും മുമ്പായി, ചെട്ടിച്ചികള്‍ ഓരോ വീട്ടിലും വരും. ഒരാളുടെ കയ്യില്‍ കയറുന്ന ഏറ്റവും ചെറിയ കുപ്പിവളയാണ് അയാളുടെ വളയുടെ അളവ്. രണ്ടുകയ്യിലും നിറയെ ഈ ചെറിയ വളകള്‍ അവരുതന്നെ ഇട്ടുതരികയാണ് പതിവ്. പിന്നീടവ മുഴുവനായും പൊട്ടിപ്പോകുകയല്ലാതെ ഊരിവെക്കാന്‍ കഴിയില്ല. വളപ്പൊട്ടുകളിയാണ് അന്ന് പെണ്‍കുട്ടികള്‍ക്കിടയിലെ പ്രധാന വിനോദം. പൊട്ടിപ്പോകുന്ന ഓരോ വളപ്പൊട്ടും വളപ്പൊട്ടുകളിക്കായി കളയാതെ സൂക്ഷിക്കും. ഏറെ വൈവിധ്യമാര്‍ന്ന വളപ്പൊട്ട് കളക്ഷന്‍ സ്വന്തമായുണ്ടാവുക എന്നത് ശരിക്കും ഒരു ഗമ തന്നെയായിരുന്നു.

Valappott

സുറുമ 

സുറുമയെഴുതിയ കണ്ണ്... കുളി കഴിഞ്ഞു വന്നാല്‍ കണ്ണിലൊരു സുറുമയെഴുത്ത് പതിവായിരുന്നു. തണുത്ത ചില്ലുകൊള്ളികൊണ്ട് സുറുമ കണ്ണിലെഴുതുമ്പോള്‍ ആദ്യമെത്തുന്ന എരിവിനെക്കാളേറെ മനസ്സില്‍ തങ്ങുന്നത് പിന്നീടുള്ള തണുപ്പും കുളിരുമാണ്.
 

Suruma

ചരട് 

കുട്ടികളുടെ അരയിലെ കറുത്ത ചരടൊരു ആചാരമായിരുന്നു. ചിലര്‍ വളരുമ്പോള്‍ ചരടും വളരും. പഴകും തോറും പുതുക്കി, നീളം കൂട്ടി, കൂടുതല്‍ കാലത്തേക്ക് അരയില്‍ത്തന്നെ കിടക്കും. ഇടക്കെപ്പോഴോ ആ ചരടില്‍ ഒരു ഐക്കല്ലും കയറി. ഒടുവിലിവ ഒഴിവാക്കുന്ന ദിവസം കണ്ണാടിയില്‍ നോക്കിയാല്‍ എന്തോ വലിയ കുറവായിരുന്നു.

Karutha-Charad

മൈദ മൈലാഞ്ചി / പാട്ട മൈലാഞ്ചി 

ര്‍ക്കരപൊടി ഒരു പാട്ടയിലിട്ടടച്ച് കരിയിച്ച് അതിലെ നീരാവി ശേഖരിച്ച് മൈദയില്‍ ചേര്‍ത്താണ് മൈദമൈലാഞ്ചി ഉണ്ടാക്കിയിരുന്നത്. പുഴവക്കിലെ കൊമ്പൊടിച്ചരച്ച നാടന്‍ മൈലാഞ്ചിയെക്കാളേറെ നഖങ്ങളില്‍ ഇടാന്‍ നല്ലത് ഈ മൈദ മൈലാഞ്ചിയായിരുന്നു. മൈദമൈലാഞ്ചിയുടെ കരിംചുവപ്പ് നിറം കൂടുതല്‍ കാലം മങ്ങാതെ നില്‍ക്കുമെന്നതിനാല്‍ അതിന് പ്രിയമേറി. മൈദമൈലാഞ്ചിയുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന തുരുമ്പെടുത്ത പാല്‍പ്പൊടിപ്പാട്ടകള്‍ ഒരിക്കലും തുരുമ്പെടുക്കാത്ത ഓര്‍മകളാണ്.

Maida--Paatta-Mailaanji

മോതിരക്കല്ല്

മോതിരം കെട്ടിക്കാനുള്ള കല്ലുകള്‍ ഗള്‍ഫുകാരുടെ സ്ഥിരം സമ്മാനങ്ങളില്‍പെട്ടതായിരുന്നു. കടും പച്ച, ചുവപ്പ്, കറുപ്പ്, ഓറഞ്ച് എന്നിങ്ങനെ തിളങ്ങുന്നതും തിളങ്ങാത്തതുമായ പലവിധ കല്ലുകളുടെ ശേഖരം മിക്ക ഗള്‍ഫുകാരുടെയും വീടുകളില്‍ കാണുമായിരുന്നു. അവയില്‍ ചിലത് മാത്രം വെള്ളിയോ ചെമ്പോ വച്ച് കെട്ടിച്ച് മോതിരമായി ഉപയോഗിക്കും. ബാക്കിയുള്ളവ പരുത്തിത്തുണിയില്‍ പൊതിഞ്ഞ് എന്നുമങ്ങനെ അലമാരകളിലൊതുങ്ങും.

Mothirakkallu

മഷിയിലെഴുതിയ ഖുര്‍ആന്‍ വചനം 

ദ്രസയിലെ "സദറുസ്താദ്' (പ്രധാനാധ്യാപകന്‍) കടലാസില്‍ മഷിപ്പേനയുപയോഗിച്ച് ഖുര്‍ആന്‍ വചനമെഴുതി നല്‍കിയിരുന്നു. ആ മഷി വെള്ളത്തിലലിയിച്ച് ബിസ്മി ചൊല്ലി കുടിച്ചത്  "ബര്‍ക്കത്തിനായാണ്' (ഐശ്വര്യം) എന്നാണ് ഞാന്‍ കരുതുന്നത്. എന്താണെന്നോ എന്തിനാണെന്നോ ഒരിക്കലും അനേഷിച്ചിട്ടില്ലെങ്കിലും എന്തോ നന്മ ലഭിക്കുമെന്ന് കാലങ്ങളോളം വിശ്വസിച്ചുപോന്നു. കടലാസിലെഴുത്ത് കൂടാതെ പിഞ്ഞാണത്തിലും ഇത്തരത്തില്‍ ഖുര്‍ആന്‍ വചനങ്ങളെഴുതി വെള്ളത്തിലലിയിച്ചു കുടിക്കാറുണ്ടായിരുന്നു.

Mashiyilezhuthiya-Quran-Vachanam

മൊക്കന / മക്കന  

ക്കു മടക്കി തയ്ച്ച ത്രികോണാകൃതിയിലുള്ള കോട്ടണ്‍ തുണികളാണ് മൊക്കനയെന്ന് കേള്‍ക്കുമ്പള്‍ ആദ്യം മനസ്സിലെത്തുക. ഉപയോഗിച്ച് പഴകിയ, മുട്ടുസൂചികള്‍ കുത്തി ഓട്ടകള്‍ വീണ, തൊങ്ങുപൊന്തിയ മൊക്കനകള്‍ പിന്നീട് ലെയ്സ് പിടിപ്പിച്ചതും തൊങ്ങലുകള്‍ കൊണ്ടലങ്കരിച്ചതുമായ ദുബായ് മഫ്തകള്‍ക്ക് വഴിമാറി.

Makkana

 

സെന്റും കുപ്പി 

വാസനക്കായി അത്തറുപയോഗിച്ച് ശീലമില്ല. കടുത്ത ഗന്ധം ഒരുകാലത്തും ആകര്‍ഷിച്ചിട്ടില്ല എങ്കിലും അത്തറുകുപ്പികളും സെന്റുംകുപ്പികളും വീട്ടിലെ ഓഫീസ് മുറിയിലെ അലമാരയില്‍ അലങ്കാരമായി നിരന്നിരുന്നു.

Atharukuppi

തസ്‌വി

ജ്ജും ഉംറയും കഴിഞ്ഞെത്തുന്ന അടുത്ത ബന്ധുക്കള്‍ സമ്മാനിക്കുന്നതാണ് തസ്‌വികള്‍. അരുമയോടെ കോര്‍ത്തുവെച്ച ഭംഗിയുള്ള മുപ്പത്തിമൂന്ന് മുത്തുകള്‍ 

Daswih.

ജാസില ലുലു

ആർട്ടിസ്റ്റ്, ഫ്രീലാന്‍സ് ജേർണലിസ്റ്റ്. 

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM