Sunday, 28 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 23: പുലര്‍ച്ചെ കൃത്യം മൂന്നുമണിക്ക് മേരി കൈത്തണ്ടയില്‍ നിന്നും ഗ്ലൂക്കോസ് വള്ളികള്‍ പറിച്ചെറിഞ്ഞ് ചെവിയില്‍ ഹെഡ്‌ഫോണുകള്‍ തിരുകി

ര്‍മകളുടെ കഥ പറച്ചില്‍ ഏകദേശം തീര്‍ന്നെന്ന് സോളമനു തോന്നി. പുലര്‍ച്ച വന്നെത്തിയോ എന്നറിയുവാന്‍ അയാൾ ജനലിലോട്ടൊന്ന് നോക്കി. നീരാളിയുടെ രക്തത്തിനത്രയും കൊഴുപ്പില്‍ നീല ഇരുട്ട് കനം കൂടി ഒഴുകുന്നുണ്ടായിരുന്നു. സൂര്യന്‍ രഥമഴിച്ച് കുതിരകള്‍ക്ക് വെള്ളം കൊടുക്കുന്നേയുണ്ടായിരുന്നുള്ളൂ. ഏറളാന്‍ പക്ഷിയുടെ കരച്ചിലെത്തുന്ന അവസാന വീട്ടിലേക്ക് മരണം യാത്ര തുടങ്ങിക്കാണണം. രാത്രികളില്‍ ഉണര്‍ന്നു ജോലിചെയ്യുന്ന ഐ.ടി. കമ്പനികളുടെ മുറ്റത്തേയ്ക്ക് വാടക ടാക്‌സികള്‍ ഉന്നമിട്ടുരുണ്ടു. തടാകത്തില്‍ പൊങ്ങിക്കിടക്കും പാവക്കുട്ടി കണ്ണുചിമ്മി. പാര്‍ട്ടി നടക്കുന്ന പബ്ബില്‍ ട്രാഫിക് സിഗ്‌നലുകളുടെ മിന്നല്‍പ്പിണരുകള്‍ വള്ളികളായി ഇഴഞ്ഞ് അണഞ്ഞു. സാധാരണക്കാരായ മനുഷ്യരിലേയ്ക്ക് സ്വപ്നത്തിന്റെ രണ്ടാംതട്ട് ചെരിഞ്ഞുതുടങ്ങി. ഓര്‍മ കഥ തുടര്‍ന്നു.

ലില്ലിയുടെ നിര്‍ദേശപ്രകാരം മേരിയെ സന്ദര്‍ശിച്ച കൊച്ചൈപ്പോര കാണാതായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ മേരിക്ക് കൈമാറിയിരുന്നു. മുറിയില്‍ കുറിപ്പെഴുതി വച്ച് അപ്രത്യക്ഷയായ മേരി ആദ്യനാളുകളില്‍ പെണ്‍കുട്ടികളെക്കുറിച്ചുള്ള പ്രാഥമികമായ അന്വേഷണം നടത്തിയതിനുശേഷം നഗരത്തില്‍ തിരിച്ചെത്തി. അതിന് ഒരൊറ്റ കാരണം മാത്രമേ ഉള്ളുവാര്‍ന്നു. സോളമന്‍. അയാളുടെ നിഴലായി നഗരത്തില്‍ ഒളിച്ചുപാര്‍ത്ത് അയാളുടെ ഓര്‍മയെ അവള്‍ പുതുക്കിക്കൊണ്ടിരുന്നു. ആകാശയാത്രികന്‍ മേഘങ്ങള്‍ വകഞ്ഞ് പുതിയ ദ്വീപ് കാണുംപോലെ അയാളുടെ ഓര്‍മയിലെ മൂടല്‍മഞ്ഞില്‍ നിന്നും തന്റെ മുഖം തെളിയിക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ അവളൊരുക്കി.

അയാള്‍ നടന്നുപോകുമ്പോള്‍ അയാള്‍ക്കുചുറ്റും ഇണക്കുരുവികളായി ദമ്പതികള്‍ നടന്നുപോയി. ട്ടൂട്ടി ഫ്രൂട്ടി ബ്രഡ് വാങ്ങുന്ന ബേക്കിങ് കടയില്‍ മേരിക്കിഷ്ടമുള്ള വിഭവം കണ്ട് അസ്വസ്ഥനായി. പൂക്കടക്കാരന്‍ അയാള്‍ക്ക് മേരിയുടെ ഇഷ്ടപൂവുകള്‍ സൗജന്യമായി നല്‍കി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മേരി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഞെളിഞ്ഞുനിന്നു. അവള്‍ കക്ഷങ്ങളില്‍ പൂശുന്ന ഡിയോയുടെ സാമ്പിള്‍ അടിച്ചവര്‍ അയാള്‍ക്കരികിലൂടെ നടന്നുനീങ്ങി. അവളുടെ മണം അയാള്‍ക്കുചുറ്റും നിറഞ്ഞു. അവളുടെ രൂപത്തോട് സാമ്യമുള്ള നൂറുപേര്‍ അയാളെ താണ്ടി കടന്നുപോയി. മേരി ഉപയോഗിച്ചിരുന്ന വാചകങ്ങള്‍ പുതിയ ഉത്പന്നത്തിന്റെ പരസ്യവാചകങ്ങളായി ബോര്‍ഡില്‍ തൂങ്ങി. അവളെപ്പറ്റി എല്ലാവരും സോളമനോട് അന്വേഷിച്ചു.

മരണപ്പെട്ട ആളുകളെക്കുറിച്ച് അതിപ്രശംസ ചൊരിയുന്നപോലെ സോളമനുചുറ്റുമുള്ളവര്‍ മേരിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടി. അമൂല്യയായ സ്ത്രീ. ഇതുപോലൊരു സ്ത്രീയെ ലഭിച്ച സോളമന്‍ ഭാഗ്യവാന്‍ തന്നെയെന്ന് മേരി അവധിക്ക് നാട്ടില്‍ പോയതെന്ന് കരുതിയ കൂട്ടുകാര്‍ അടക്കം പറഞ്ഞു. അവളെ ഓര്‍മിപ്പിക്കുന്ന ശകലങ്ങള്‍ അയാള്‍ ചുറ്റുപാടില്‍ നിന്നും ഓരോ മിനിറ്റിലും കണ്ടെടുത്തു കൊണ്ടിരുന്നു. അയാളവളുടെ ഓര്‍മയേറ്റ് നീറി. ഉറങ്ങുമ്പോള്‍ അവളുടെ സ്ഥലം ഒഴിച്ചിട്ടു. ബാല്‍ക്കണിയില്‍ കാപ്പികുടിക്കുമ്പോള്‍ രണ്ട് കപ്പ് കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു. അടുക്കളയില്‍ അനക്കം കേട്ട് ഓടി വന്നുനോക്കി. സ്വപ്നങ്ങള്‍ കണ്ട് മൂന്നുമണിക്ക് ഞെട്ടിയുണരുക പതിവാക്കി. എല്ലാ സന്തോഷങ്ങള്‍ക്കടിയിലും മേരിയെന്ന വേദന വിങ്ങി. ഒന്ന് തിരികെ കൊണ്ടുവരുവാന്‍ അയാള്‍ ആകാശത്തിനോട് കേണപേക്ഷിച്ചു. അകലെ ഇതെല്ലാം കണ്ടുകൊണ്ട് സോളമനെന്നും സന്ദര്‍ശിക്കുന്ന കാപ്പിക്കടയില്‍ തന്റെ പേരു വരയ്ക്കുകയായിരുന്നു മേരി. അയാളുടെ നിഴലില്‍ അവള്‍ ഒളിച്ചു. അയാള്‍ നടന്നപ്പോളവള്‍ നടന്നു. നിന്നപ്പോള്‍ അവളും നിന്നു. അയാളുടെ കാലടി ശബ്ദങ്ങളില്‍ അവളും കാല്‍ ചവിട്ടി. അയാള്‍ തിരിഞ്ഞപ്പോള്‍ അവള്‍ വശങ്ങളിലേയ്ക്ക് മാറി. മേരിയുടെ സാന്നിധ്യം അയാള്‍ക്ക് അപ്പോഴെല്ലാം അനുഭവപ്പെട്ടു. കൂടെ ഇല്ലാതിരുന്നിട്ടും മേരിയുടെ മണം തന്നെ വിട്ടുപോകാഞ്ഞതില്‍ അയാള്‍ക്ക് സങ്കടം തോന്നി.

സോളമന്‍ അവളെപ്പറ്റി കണ്ടെടുത്ത മിക്കവാറും തെളിവുകള്‍ മേരിയുടെ വ്യാജനിര്‍മിതിയായിരുന്നു. അതിനായി അവള്‍ പണം കൊടുത്ത് യുവമിഥുനങ്ങളെ സോളമനരികിലൂടെ കടന്നുപോകുവാന്‍ നിര്‍ബന്ധിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സോളമന്‍ സന്ദര്‍ശിക്കുന്ന ഭാഗത്ത് പ്രത്യേക ഉത്പന്നങ്ങള്‍ കൊണ്ട വച്ചു. തന്റെ ശരീരപ്രകൃതിയുള്ള പെണ്‍കുട്ടികളെ സോളമനുചുറ്റും നിരത്തി. പഴയ താക്കോല്‍ ഉപയോഗിച്ച് ഒറ്റമുറി തുറന്ന് താന്‍ ഉപയോഗിക്കുന്ന മുടിപ്പിന്ന് കിടക്കയില്‍ അലസമായി ഇട്ടു. മുടിയിഴകള്‍ സോളമന്റെ വസ്ത്രങ്ങളില്‍ ഞാത്തി. അവളുടെ സുഗന്ധദ്രവ്യം കിടക്കവിരികളില്‍ പുരട്ടി. വസ്ത്രങ്ങള്‍ ജനാലകളില്‍ വിരിച്ചു. അയാള്‍ക്ക് അവളില്‍നിന്നും രക്ഷപ്പെടാനാകാത്തവിധം മേരി കെണി പണിതുവച്ചു. ആ സമയം പ്രകൃതിയും അതിനായി മേരിയെ സഹായിച്ചു. മുകള്‍നിലയില്‍ ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങള്‍ മഴകൊണ്ട് പലവട്ടം നനഞ്ഞു. തുറന്നിട്ട ജനലിലൂടെ കാറ്റടിച്ച് വിരികള്‍ വന്നു അയാളെ തൊട്ടുവിളിച്ചു. മിന്നലുതട്ടി മരം ജനലിനടുത്തേക്ക് ചരിഞ്ഞു. സോളമന്‍ മേരിയെ ഓര്‍ക്കുകയായിരുന്നു. മഴ പാതികൊണ്ട വസ്ത്രങ്ങള്‍ എടുക്കുവാനോടി അടുക്കിയിട്ട നനഞ്ഞ വസ്ത്രങ്ങള്‍ക്കുമീതെ രതിയില്‍ ഏര്‍പ്പെട്ടത്, ജനല്‍വിരികളില്‍ പിണഞ്ഞ് കൂട്ടിമുട്ടിയത്, മരത്തിലെ ഇലകളിലേയ്ക്ക് പേസ്റ്റ് പത തുപ്പിയത്, ഒരേ ബ്രഷുപയോഗിച്ച് പല്ല് തേച്ചത്, ടോയ്‌ലറ്റ് സീറ്റ് ഇട്ട് വയ്ക്കാത്തതിന് വഴക്കുകൂടിയത്, അന്‍പത് പാനിപ്പൂരി ഒരുമിച്ച് കഴിച്ചത്, ചീനച്ചട്ടിയില്‍ ഭക്ഷണം കഴിച്ചത്, ഒരുമിച്ച് ഓടിയ ദൂരങ്ങള്‍, നടന്ന രാവുകള്‍, ഒരുമിച്ച് പാടിയ പാട്ടുകള്‍, ഉറങ്ങിയ രാത്രികള്‍, ജീവിച്ച സ്വപ്നങ്ങള്‍, കറങ്ങിയ മെട്രോ ട്രെയിന്‍, പങ്കുവച്ച ഹെഡ്സെറ്റ് വയറുകള്‍, പിടിച്ച പനികള്‍, കുടിച്ച മദ്യം, കോരിയ ഛര്‍ദില്‍.

0022

സോളമനെ നിരീക്ഷിച്ചുകൊണ്ട് ഒളിച്ചു ജീവിക്കുന്നതിനിടെ പതിനാലുതവണ ദിവസവും മൂത്രമൊഴിക്കുവാന്‍ തുടങ്ങിയതില്‍ മേരിക്ക് സംശയമൊന്നും തോന്നിയില്ല. ക്രമാതീതമായ വിശപ്പ് അവളെ കീഴടക്കിയപ്പോഴും സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടെ തിയേറ്ററില്‍വച്ച് തലകറങ്ങിക്കിടന്നപ്പോഴും ഒരു ആകുലതയും അവളെ തൊട്ടുതീണ്ടിയില്ല. മയക്കത്തില്‍നിന്നും എഴുന്നേറ്റ് ചിത്രത്തില്‍ വിട്ടുപോയ ഭാഗങ്ങളെപ്പറ്റിയും അത് കഥയില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റിയുമാണ് മേരി വ്യാകുലപ്പെട്ടത്. മുറി മാറിയതിന് നാല്‍പ്പത്തഞ്ചു ദിവസത്തിനുശേഷവും മാസമുറ വന്നെത്താതിരുന്നതിലാണ് ആപത്ശങ്ക തോന്നി മേരി അന്‍പതുരൂപയുടെ രണ്ട് ഗര്‍ഭപരിശോധനാകിറ്റുകള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയത്. പരിശോധിച്ചപ്പോള്‍ കണ്ട രണ്ടുവരകള്‍ സാധാരണമെന്ന് കരുതി ശ്രദ്ധ സോളമനിലേയ്ക്ക് തിരിക്കുവാനിരിക്കെയാണ് കിറ്റിനുപിറകിലെ നിര്‍ദേശാനുസരണങ്ങള്‍ ഒരിക്കല്‍ കൂടി വായിക്കുന്നത്. നെഞ്ചില്‍ കൂടെ പാഞ്ഞൊരു മിന്നല്‍ അവളെ ആ സമയം ദുര്‍ബലയാക്കി. എത്രയൊക്കെ കൈകള്‍ വഴങ്ങാതിരുന്നിട്ടും മൂത്രസഞ്ചി നിറയുംവരെ അവള്‍ കുപ്പിയില്‍ നിന്നും ജലം കുടിച്ചുകൊണ്ടിരുന്നു. മഞ്ഞപ്പ് കുറഞ്ഞ വെളുത്ത മൂത്രത്തില്‍ പരിശോധിച്ച കിറ്റിലും രണ്ട് വരകള്‍ കണ്ട് അവള്‍ മിഴിച്ചു.

കുഞ്ഞിലേ പരീക്ഷയ്ക്കു തോറ്റുപോയതു പോലെയൊരു വികാരം അവളില്‍ നിറഞ്ഞു. കരച്ചില്‍ വന്നു. ഷവര്‍ തുറന്നിട്ടു കുളിമുറിയുടെ തണുത്ത ഓടുകളില്‍ അവളിരുന്നു. മുകളില്‍ നിന്നും നൂലുനൂലായി വീഴുന്ന ജലത്തിനെ പിടിച്ച് കരയുവാനവളൊരു വിഫലശ്രമം നടത്തി. അവളില്‍ നിന്നും കരച്ചിലിന്റെ ശബ്ദം മരത്തിന്റെ വളര്‍ച്ച പോലെ പതിയെ ഉയര്‍ന്നു. അതില്‍ നിന്നും പക്ഷികള്‍ ആകാശത്തേക്കുയര്‍ന്നു. തൊരപ്പന്മാര്‍ മാളങ്ങളിലേക്കൊളിച്ചു. കീരികള്‍ പാമ്പുകളെന്നു കയറി കരച്ചിലിനെ തിരഞ്ഞുവന്നു. നാളുകളായി അവളുടെ കരച്ചിലിനു ആ മുറി കാത്തിരിക്കുകയായിരുന്നു. അവളുടെ കരച്ചിലിന്റെ വള്ളി പൊട്ടിപ്പോയി. വിയര്‍പ്പും മൂത്രവും ജലാംശവുമെല്ലാം കണ്ണുനീരായി പുറത്തുവന്നു. വെളിച്ചെണ്ണ തീരുംവരെ അവളെ ആരോ ചക്കിലിട്ടു ആട്ടി. കണ്ണുനീര്‍ തീരുംവരെ അവള്‍ തേങ്ങി. ഷവറിലെ വെള്ളം അതുമായി ചേര്‍ന്നൊഴുകി. നൂലുപോലുള്ള വിരലുകള്‍കൊണ്ട് ജലം അവളെ ചുറ്റിപ്പിടിച്ചു. മേരിയ്ക്കത് മനസിലായി. അതേ വിരലുകള്‍ കൊണ്ട് ജലം അവളുടെ കണ്ണിലെ അവസാന തുള്ളിയും തുടച്ചുകൊടുത്തു. മേരി ആ വിരലുകളില്‍ കൂടുതല്‍ മുറുക്കത്തില്‍ അഭയം പ്രാപിച്ചു. എല്ലുകള്‍ നുറുങ്ങിയിട്ടും ജലം ആ പിടി വിട്ടില്ല. മണിക്കൂറുകളോളം കരഞ്ഞ് മേരി കരിമ്പിന്‍ചണ്ടി പോലെ ആയിപ്പോയി. ഉറക്കം അവളെ എളുപ്പം കീഴടക്കി.

ഉറക്കത്തില്‍ മേരി അന്നമ്മേച്ചിയമ്മയെ സ്വപ്നം കണ്ടു. അവര്‍ കിണറില്‍ നിന്നും വെള്ളം കോരിയെടുത്ത് ഒരു കുടത്തിലാക്കി മേരിക്കരികില്‍ വച്ചു. മേരിയുടെ വയറു തുരന്ന് അതിലൊരു ഓറഞ്ചുചെടി വച്ചുപിടിപ്പിച്ച് മേലെ വെള്ളമൊഴിച്ച് കൈകള്‍ കഴുകി. അതിന്റെ വേരുകളിറങ്ങിയപ്പോള്‍ മേരിക്ക് നൊന്തു. അധികം താമസിയാതെ ചെറിയ ഒരു ഓറഞ്ച് മരം പച്ചനിറത്തിലുള്ള കായ്കള്‍ നല്‍കി. അന്നമ്മേച്ചിയമ്മ അതിനെ വെള്ളമൊഴിച്ച് നനച്ചുവളര്‍ത്തി. അന്നമ്മേച്ചിയമ്മ മേരിക്ക് പറഞ്ഞുകൊടുത്തു. നമ്മളുള്ളിലൊരു മരം നട്ടു. എല്ലാ മാസവും അതില്‍ നിന്നോറഞ്ചുകള്‍ പൊഴിയും. ഓറഞ്ചുചെടി അത് കണ്ട് വേദനിക്കും. ആ വേദന വേരുകളിലൂടിറങ്ങി നമ്മളിലെത്തും. തന്റെ കായ്കളിലെ വിത്ത് മുളച്ച് ചെടികളാകുവാന്‍ അവരെന്നും പ്രാര്‍ഥിക്കും. ദൈവം ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടു മരത്തിനോട് പറഞ്ഞു ആരാണോ ഓറഞ്ചിന്റെ അല്ലികള്‍ നുണഞ്ഞ് കുരുക്കളെ തുപ്പിയിട്ടിട്ടു പോകുന്നവന്‍ അവന്റെ വായ്‌നീരിനാല്‍ ഇവിടെ ഓറഞ്ചുചെടികള്‍ മുളയ്ക്കും. മേരി തന്റെ കൈകളിലെ ജലച്ചായം വച്ച് ചെടികളുടെ ഇലകള്‍ക്ക് ചായം പൂശിക്കൊണ്ടിരുന്നു. ഓറഞ്ചു പറിക്കുവാനെത്തിയ കൈകളെ അവള്‍ ബ്രഷു കൊണ്ട് ആട്ടിയോടിക്കുകയോ മായ്ക്കുകയോ ചെയ്തു. അതിനിടയിലെയൊരു വിരലു കണ്ടവളൊരു നഖംവെട്ടി കൈകളില്‍ വരച്ചുകൊടുത്തു. ആ കൈകള്‍ നഖംവെട്ടി ഉപയോഗിച്ച് ഓറഞ്ചിന്റെ ഞെട്ടുമുറിച്ചു.

മഴയില്‍ കുതിര്‍ന്ന് ഇടിഞ്ഞുവീണ മണ്‍വീടായി അപ്പോള്‍ അവള്‍ തകര്‍ന്നുകിടന്നതിനുള്ള കാരണം മേരിക്കുള്ളില്‍ നടന്നുകൊണ്ടിരുന്ന ദ്വന്ദ്വയുദ്ധമായിരുന്നു. അമ്മയാകുവാന്‍ പോകുന്നു എന്ന വാര്‍ത്ത ഏറ്റവും സന്തോഷിപ്പിക്കേണ്ടിയിരുന്നത് മേരിയെ ആയിരുന്നു. സോളമനിലേയ്ക്ക് പാഞ്ഞുപോകുന്നതിനായി ഹൃദയം തുടിതുടിക്കേയാണ് ഒരോര്‍മ മേരിയുടെ മനസിലേക്ക് കയറിവന്നത്. ആ ഓര്‍മ സത്യമോ അസത്യമോ എന്ന് തിരിച്ചറിയുവാന്‍ കഴിയാതെ മേരി അസ്വസ്ഥയായി. അത് ഇപ്രകാരമായിരുന്നു.

ഉഭയസമ്മതമില്ലാതെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി പരിഗണിക്കുന്ന നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ആലോചനയിലാണെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി പ്രസ്താവിച്ച ദിവസമായിരുന്നു മുന്‍കാമുകന്‍ മേരിയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തില്‍ അധികാരം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തിയത്. സോളമനൊപ്പം താമസിക്കുമ്പോഴും ഒന്നില്‍ കൂടുതല്‍ പ്രേമങ്ങള്‍ മേരി കൊണ്ടുനടന്നിരുന്നു. ബ്രേക്കപ്പിനുശേഷവും തനിക്കുപിറകേ നടന്ന് ശല്യം ചെയ്യുന്ന മുന്‍കാമുകനെ മേരി ഒഴിവാക്കാതിരുന്നത് അയാള്‍ കണ്ടുമുട്ടുമ്പോഴെല്ലാം വാങ്ങിത്തന്നിരുന്ന ചോക്ലേറ്റുകള്‍ മൂലമായിരുന്നു. സോളമനുമായി പിണങ്ങി മുറിവിട്ട് ഇറങ്ങിപ്പോയ മേരി പഴയ കാമുകനെ ഫോണ്‍ ചെയ്തു. സോളമനൊപ്പം കഴിഞ്ഞുതുടങ്ങിയതില്‍ പിന്നെ കണ്ടുമുട്ടാറുണ്ടായിരുന്ന, നഗരത്തിനരികിലെ മുന്തിരിത്തോട്ടത്തില്‍ വച്ച് യാത്ര പറയുവാനായി മുന്‍കാമുകനെ മേരി അവസാനമായി വിളിച്ചുവരുത്തി.

0055

സോളമനാണ് തന്റെ യഥാര്‍ഥ പ്രേമം എന്നറിയിച്ച് ബന്ധം അവസാനിപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ പ്രകോപനത്തില്‍ മേരിയെ അവന്‍ ചുംബിക്കുവാന്‍ കടന്നുപിടിച്ചു. മേരി ഒഴിഞ്ഞുമാറി. അവന്‍ പിറകില്‍ നിന്നും അവളെ കെട്ടിപ്പിടിക്കുവാന്‍ ആഞ്ഞു. ദേഹത്തിനായി പിറകേ വന്ന ആണുങ്ങളെ ഓര്‍മ വന്നപ്പോള്‍ മേരി അവനെ പ്രതിരോധിച്ചു. അപ്പോഴേയ്ക്കും മുന്‍കാമുകനെ ആസക്തി ഭരിച്ചുതുടങ്ങിയിരുന്നു. വീട്ടില്‍നിന്നും പോന്നതിനുശേഷം മേരിക്ക് അപരിചിത സ്പര്‍ശനങ്ങള്‍ അസഹ്യമായിരുന്നു എന്നുമാത്രമല്ല അത് അവളെ പലപ്പോഴും അപ്പനെ ഓര്‍മിപ്പിച്ചു. ആദ്യത്തെ ഉന്തലില്‍ നിന്നും അകന്നതിനുശേഷം അവന്‍ തിരിച്ചുവന്ന് ബലമായി അവളുടെ കൈകളില്‍ പിടിച്ചുതള്ളി. മണ്ണിന്റെ കൂന അവളെ താങ്ങിപ്പിടിച്ചു. മേരിയുടെ തല മണ്ണിന്റെ മാംസപേശികളില്‍ തട്ടി വേദനിച്ചു. മുന്തിരിത്തോട്ടത്തിന്റെ ഇലകള്‍ക്കുള്ളിലൂടെ സൂര്യന്‍ നൂലുകള്‍ പിടിച്ചു കയറുവാന്‍ അവള്‍ക്കു നീട്ടിക്കൊടുത്തു. മണ്ണില്‍ കിടന്ന് അവള്‍ ആശ്വസിച്ചു. അപ്പോഴേയ്ക്കും അയാള്‍ അവളുടെ ചുണ്ട് ആര്‍ത്തിയോടെ കടിച്ചുവലിച്ചു. വായ തുറക്കാതെ നിസഹായതയോടെ അവള്‍ അയാളെ സഹിച്ചു. നാവു വച്ചു തള്ളിയിട്ടും അവള്‍ വായ തുറക്കാഞ്ഞത് അയാളോടുള്ള അവജ്ഞയായി തോന്നി, വായ തുറക്കുവാനായി അവളുടെ വയറിന്റെ ഭാഗത്ത് പിടിച്ച് പീച്ചി ഞെരിച്ചു. വേദനയെടുത്ത് അവള്‍ അമ്മച്ചിയെ വിളിച്ചു. അയാള്‍ വായ പൊത്തി അവളുടെ മേല്‍ കയറിയിരുന്നു. അവള്‍ കൈകള്‍ കൊണ്ട് അയാളെ അടിച്ചുനോക്കി. എവിടെ നിന്ന് എന്നറിയാത്ത പോലെ ശക്തി അവനു കൈവന്നിരുന്നു. അവളുടെ ചെകിടത്ത് മൂന്നു വട്ടം വലിച്ചടിച്ചതോടെ അവളുടെ കൈകളുടെ ശക്തി ചോര്‍ന്നു. തുടയില്‍ കമ്പി കുത്തിയിറക്കിയ വേദന അവളറിഞ്ഞു. മുട്ടുകാല്‍ വച്ച് അവളുടെ തുടയില്‍ അമര്‍ത്തി. അവള്‍ ധരിച്ച ഷര്‍ട്ടിനു മുകളിലൂടെ മാറിടം പിടിച്ച് കശക്കി. ശരീരത്തിന്റെ മൂന്നു ഭാഗങ്ങളില്‍ അവള്‍ക്ക് ഒരു പോലെ നീറി. വായ പൊത്തിയ കൈയ്യില്‍ കടിച്ച് അവസാനത്തെ ശ്രമം മേരി നടത്തി. കൈ വേദനിച്ച് വശത്തേക്ക് ചരിഞ്ഞു. ബലത്തില്‍ നിന്നും ഭാരത്തില്‍ നിന്നും വിടുതി നേടിയ മേരി എഴുന്നേറ്റു നിന്നു. സമതുലനാവസ്ഥ വീണ്ടെടുക്കുവാന്‍ കഴിയാതെ നടന്നു നീങ്ങിയ അവള്‍, തോട്ടത്തെ ഉയര്‍ത്തിപ്പിടിച്ച കരിങ്കല്‍ താങ്ങില്‍ തലയടിച്ച് വീണു.വീണിടത്തു നിന്നും എഴുന്നേറ്റ മേരിയുടെ തലയില്‍ തോട്ടത്തിലെ കമ്പികളില്‍ ചാരിയ ദ്രവിച്ച മരക്കഷ്ണം വച്ചുള്ള അടിയേറ്റു. മേരി താഴെ വീണു. തലയില്‍ നിന്നും രക്തം മുന്തിരിച്ചാറു പോലെ ഒഴുകി. വീണുപോയ അവളെ അവന്‍ വലിച്ച് മാറ്റിയിട്ടു. മേരിയുടെ ബോധം മാഞ്ഞു തുടങ്ങുകയായിരുന്നു. മുന്‍കാമുകന്‍ ആര്‍ത്തിയോടെ മേരിയുടെ ചുറ്റും നോക്കി. പതിയെ രക്തം ഉണങ്ങിയ അവളുടെ ചുണ്ടില്‍ ചുണ്ടുരസി രുചിച്ചു. അവള്‍ രാവിലെ ധൃതിയില്‍ അണിഞ്ഞ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി. തന്നെ നിരാകരിച്ച അവളെ അവളുടെ ശരീരമായിക്കണ്ട് പക വീട്ടി. അവളുടെ മാംസളങ്ങളില്‍ പല്ലുകളാഴ്ത്തി. പകുതി ബോധത്തിലും വേദനയെടുത്ത് മേരി പിടഞ്ഞു. രാത്രിയില്‍ ദു:സ്വപ്നം കണ്ട് ഞെട്ടി വിറക്കുന്ന പോലെ മേരി പിടയുന്നത് മുന്തിരിച്ചെടികള്‍ മുന്തിരികളുടെ ആയിരം കണ്ണുകളും ഇലകളും വച്ച് നോക്കി നിന്നു. അവന്‍ അവളുടെ മുലകള്‍ പിഴിഞ്ഞു. കല്ലില്‍ ഉരസിപ്പൊട്ടിയ മാറിടത്തില്‍ നിന്നും ചുവന്ന ചോര വന്നു. പാന്റഴിച്ച് ഉയര്‍ന്ന തന്റെ ലിംഗത്തെ അവന്‍ അഭിമാനപൂര്‍വം നോക്കി. തളര്‍ന്നു കിടന്ന മേരിയുടെ തുടകളകറ്റി അതിനുള്ളിലേക്ക് പ്രവേശിച്ചു. വേദന മൂലം മേരിയുടെ ശരീരം അവളുടെ പാതി ഉണര്‍ച്ചയെ കെടുത്തി. അവളുടെ ശരീരമാകുന്ന വസതിയില്‍ കത്തിക്കൊണ്ടിരുന്ന ഒരു മെഴുകുതിരി വെളിച്ചം അണഞ്ഞു. ദേഹം കാറ്റിലാടുന്ന നാലുമണിപ്പൂ പോലെ ഇളകിക്കൊണ്ടിരുന്നു. തന്റെ രേതസ് അവളിലൊഴുക്കി കിതച്ച് മുലകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി രണ്ട് മിനിറ്റ് വിശ്രമിച്ച ശേഷം അവളുടെ ചെകിടത്ത് അയാള്‍ ആഞ്ഞാഞ്ഞ് അടിച്ചു. കയ്യില്‍ കിട്ടിയ ഒരു മണ്ണുകട്ട വച്ച് നെറ്റിയില്‍ അടിച്ചു. അതു പൊടിഞ്ഞു പോയി. അടിയുടെ ശക്തിയില്‍ പിറകിലായിരുന്ന മുടി കൈകള്‍ വച്ച് അവളുടെ മുഖം മൂടി ഇനിയും അരുതേയെന്ന് യാചിച്ചു. അവളെ കമഴ്ത്തിക്കിടത്തി. വെയിലേറ്റ ചേമ്പിന്‍ തണ്ടു പോലെ അവള്‍ കുഴഞ്ഞു കിടന്നു. താഴ്ന്നു പോയ ലിംഗത്തെ ഒരിക്കല്‍ കൂടി ഉദ്ദീപിപ്പിച്ചെടുക്കുവാന്‍ ശ്രമിച്ചു അതിനായി സ്വന്തം നെഞ്ചിലെ മുലക്കണ്ണില്‍ ഉരസിക്കൊണ്ടിരുന്നു. ഇടയ്ക്ക് കമിഴ്ന്നു കിടക്കുന്ന മേരിയുടെ മുലകളില്‍ പിടിച്ചു ഞെരിച്ചു. കുറച്ചു സമയത്തെ പരിശ്രമത്തില്‍ അയാള്‍ക്ക് ഉണര്‍ച്ച തിരിച്ചു കിട്ടിയപ്പോള്‍ അവളിലേയ്ക്ക് പുറകിലൂടെ പ്രവേശിക്കുവാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ മേരിയുടെ എല്ലുറപ്പുള്ള ഭാഗങ്ങള്‍ തട്ടി അയാളുടെ ലിംഗം വേദനിച്ചു. കോണ്ടം കയ്യില്‍ കരുതാഞ്ഞതില്‍ പശ്ചാത്തപിച്ചു. ലിംഗത്തില്‍ തുപ്പലം പുരട്ടി ഒരിക്കല്‍ കൂടി പിറകിലൂടെ ശ്രമിച്ചതിനു ശേഷം അയാളാ ശ്രമവും മേരിയേയും ഉപേക്ഷിച്ചു സ്വയംഭോഗം ചെയ്തു. പുറത്തു വന്ന രേതസ് അയാള്‍ അവളുടെ പിറകില്‍ തേച്ച് പിടിപ്പിച്ച് ലിംഗം വൃത്തിയാക്കി. പിന്നെ വസ്ത്രങ്ങളണിഞ്ഞ് തോട്ടത്തിലൂടെ നടന്നു മറഞ്ഞു. മുന്തിരി വള്ളികള്‍ മേരിയുടെ നഗ്‌നതയെ വന്നു മൂടി.

0055

ഈയൊരു ഓര്‍മ്മ സത്യമാണോ മിഥ്യയാണോ എന്നറിയുന്നതില്‍ മേരി പരാജയപ്പെട്ടു. തനിക്കുള്ളില്‍ വളരുന്ന കുട്ടിയുടെ പിതാവ് സോളമനാണോ അല്ലയോ എന്ന ചോദ്യചിഹ്നത്തില്‍ നോക്കി മണിക്കൂറുകള്‍ തള്ളി നീക്കി. ശാരീരികമായ വൈഷമ്യതകള്‍ തെളിവുകളായി. ഇത്രയൊക്കെ സംഭവിച്ചു കഴിഞ്ഞിട്ടും സോളമനെത്തേടി മേരി തിരികെ പോകുവാന്‍ കാരണം പെണ്‍കുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സംഭവിച്ച അസ്വാഭാവികമായ വഴിത്തിരിവുകള്‍ ആയിരുന്നു. സോളമന്റെ അതേ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തന്നെയാണ് അബ്രഹാം എന്ന് അറിയപ്പെടുന്ന സംഘത്തിലെ അംഗം വിശ്രമ ജീവിതം നയിക്കുന്നത് എന്ന അറിവ് അവളെ ആകര്‍ഷിച്ചു. സോളമനിലേയ്ക്ക് തിരികെപ്പോകുവാന്‍ മേരി തീര്‍ച്ചപ്പെടുത്തി. അതിനിടയിലാണ് ഭ്രൂണവും മേരിയും സംസാരിച്ചു തുടങ്ങിയത്. അവരുടേതു മാത്രമായ ഭാഷ ഭൂമിയില്‍ നിലവില്‍ വന്നു. ഓരോ അമ്മക്കും കുഞ്ഞിനുമിടയില്‍ അത് പല രൂപങ്ങളില്‍ പിറന്നു.

""മാതാവേ''
""എന്നെ മേരിയെന്ന് വിളിച്ചാല്‍ മതിയാകും''
""അമ്മയുടെ തലച്ചോറിലൂടെ പായുന്ന ചിന്തകള്‍ എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കും. കാരണങ്ങളില്ലാതെ ജീവനില്ലാതാക്കുന്നത് ശരിയല്ല. ഞാന്‍ അമ്മയുടെ തന്നെ ജീവന്റെ അംശമാണ്.''
""നീ എന്റെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജൈവികമായി നീ മറ്റൊരു ജീവനായിട്ടില്ല. വ്യക്തിയുമായിട്ടില്ല. എന്റെ ശരീരത്തിനവകാശി ഞാന്‍ മാത്രമാണ് എന്നിരിക്കെ നീ എനിക്കാവശ്യമില്ലെങ്കില്‍ മുറിച്ചു കളയാവുന്ന ഒരവയവം''

""വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് ഈ ജന്മത്തിലേക്ക് വേണ്ടി വന്നൊരു ആത്മാവാണ് ഞാന്‍. ജീവിതം കണ്ടറിഞ്ഞ് പരമാണുവില്‍ അലിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നോക്കൂ എത്രയനേകം ഉപാധികള്‍ ഉണ്ട്. ജീവിക്കുന്നതിനുള്ള ഒരാളുടെ അവകാശത്തെയാണ് വെല്ലുവിളിക്കുവാന്‍ പോകുന്നത്. കൊലപാതകിയായി കുറ്റബോധത്തില്‍ നിറഞ്ഞ് ജീവിതം തുടരാനാണോ അമ്മയുടെ തീരുമാനം? ജീവിതാനുഭവങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കുവാനായി ഞാന്‍ തെരഞ്ഞെടുത്തതാണീ അവസരം. ഇനിയും കാത്തിരിക്കുവാന്‍ വയ്യ. എനിക്കീ ഭൂമിയില്‍ ജനിക്കണം, കണ്ണു തുറക്കണം, വായ പൊളിച്ച് കരയണം, അമ്മയുടെ മുല കുടിക്കണം, നെഞ്ചില്‍ കിടന്നുറങ്ങണം, നിങ്ങളുടെ ഉറക്കം മുറിക്കണം, മുട്ടിലിഴയണം, കയ്യില്‍ കിട്ടുന്നതെല്ലാം വായിലേക്കെടുക്കണം, തുപ്പലം ഒലിപ്പിക്കണം, രാത്രിയില്‍ മുഴുവന്‍ എഴുന്നേറ്റിരിക്കണം, ചിരിക്കണം, സ്‌നേഹം അനുഭവിക്കണം, ദു:ഖം അനുഭവിക്കണം, ചതി അറിയണം, ഹൃദയം തകരുന്നതു പോലെ വേദനിക്കണം, വിരക്തിയെ അറിയണം, വിശന്നു വലയണം, കാമിക്കണം, യാത്ര ചെയ്യണം, രോഗിയാകണം, ജീവനു ജന്മം നല്‍കണം, കൃഷി ചെയ്യണം, സ്വപ്നം കാണണം, ആഗ്രഹിക്കണം, ആത്മഹത്യയെപ്പറ്റി ചിന്തിക്കണം, അപകടത്തില്‍ പെടണം, തത്വചിന്തയില്‍ മുഴുകണം, അറിവ് നേടണം, ആളുകളെ സഹായിക്കണം, ഈ ജീവിതത്തിലെ അനുഭവങ്ങള്‍ നേടിയെടുക്കണം, സ്‌നേഹിക്കണം, പ്രതീക്ഷിക്കണം, ക്ഷമിക്കണം, മരിക്കണം, ഒന്നുമല്ലാതാകണം.''

""എന്തിനു കുറ്റബോധം? ഈ ജന്മത്തില്‍ നിനക്കൊപ്പമുള്ള ജീവിതം പറഞ്ഞിട്ടില്ലയെങ്കില്‍ നിങ്ങള്‍ക്കും ഈ വിധി സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. ഓരോ ജന്മവും അതിന്റെ കര്‍മ്മങ്ങളാല്‍ പൂര്‍ണ്ണമാണ്. ഓരോ ജന്മവും അതില്‍ തന്നെ പൂര്‍ണ്ണമാണ്. സംഭവിക്കാന്‍ പാടുള്ളതേ ഇതിലും സംഭവിക്കുന്നുള്ളൂ. ദുരിതങ്ങളും ക്ലേശങ്ങളും മാത്രം അനുഭവിക്കുവാനായി നിന്നെ ഈ ഭൂമിയിലേക്ക് കൊണ്ടുവരുവാന്‍ എനിക്ക് ആഗ്രഹമില്ല. ഭൂമിയില്‍ മനുഷ്യര്‍ക്ക് ഒരു പഞ്ഞവുമില്ല''

0006

പുതിയ ഫ്‌ലാറ്റിലേക്ക് മാറിയ സോളമനെക്കാണുവാന്‍ യാത്ര തിരിച്ച മേരി പോകുന്ന വഴിയില്‍ കാണുന്ന കാഴ്ചകളെല്ലാം ഭ്രൂണത്തിനു പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. മരങ്ങളേയും കെട്ടിടങ്ങളേയും പ്രാവുകളേയും മനുഷ്യരേയും മേരി പരിചയപ്പെടുത്തി. ഭ്രൂണം തന്റെ പഴയ ജന്‍മങ്ങളിലെ ഓര്‍മ്മകളില്‍ ഇവയെ തിരയുവാന്‍ ശ്രമിക്കാതിരുന്നില്ല. എങ്കിലും ഇതു വരെയുള്ള ജന്മങ്ങളില്‍ പരിചയപ്പെടാതിരുന്ന പല വസ്തുക്കളും മേരി അതിനു വിവരിച്ചു കൊടുത്തു. ഇടയ്ക്ക് പേരു മറന്ന് പോകുമ്പോള്‍ ചുവന്ന ഗോളാകൃതിയിലുള്ള മധുരമുള്ള ഗോള്‍ഫ് പന്തുപോലുള്ള സാധനം എല്ലാവരും കഴിക്കും. അതിന്റെ മുഖത്ത് പട്ടുണ്ണി പോലെ ഒരു മുന്തിരി ഇരിക്കും, മഞ്ഞപ്പൂക്കളുള്ള പച്ച ചെടി, ഇലകള്‍ ഞെരടിയാല്‍ കനത്ത മണം വമിക്കും, തണുത്ത നനുനനുത്ത ഇതളകളുള്ള പൂക്കള്‍ തരും എന്നിങ്ങനെയെല്ലാം വസ്തുക്കളെ വിവരിച്ച് അവര്‍ പല സ്ഥലങ്ങള്‍ കടന്നു പോയി. അതിനിടെ ഭ്രൂണം ചോദിച്ചു.

""അമ്മയെ എന്താണിത്ര അലട്ടിക്കൊണ്ടിരിക്കുന്ന മനോവിഷമം?''
""എനിക്ക് മനോവിഷമങ്ങള്‍ ഒന്നുമില്ല''
""നിങ്ങളെന്നെ വേണ്ടെന്ന് വയ്ക്കുകയാണല്ലേ''
""ഇല്ല ഒരിക്കലുമില്ല''
""പിന്നെന്തിനാണ് ഇടയ്ക്കിടെ നഖം കടിക്കുന്നത്. വയറില്‍ തൊടുമ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നത്. മാനസിക സമ്മര്‍ദ്ദം അധികമാകുന്നത്?''

""നോക്കൂ അമ്മേ, ഈ ഭൂമിയെ ഈ തണുപ്പിനെ ചൂടിനെ കുതിര്‍പ്പിനെ പച്ചപ്പിനെ ഉണക്കത്തെ അമ്മയുടെ വാത്സല്യത്തെ ഞാന്‍ അറിയണ്ടേ?''
""അമ്മ ചെറുപ്പത്തില്‍ മൂത്രമൊഴിച്ചു വളര്‍ത്തിയ മുല്ലച്ചെടികളെ എനിക്ക് കാണിച്ചു തരണ്ടേ? അതേ മൂത്രത്തില്‍ നനഞ്ഞ ഉറുമ്പുകളുടെ പുതിയ തലമുറയുടെ കൂട്ടില്‍ കയ്യിടേണ്ടേ? പന്തു പോലെ ഉരുണ്ടുപോകുന്നവരെ വഴി തെറ്റിക്കേണ്ടേ? പുഴുപ്പല്ല് ഇളക്കിയെടുക്കേണ്ടേ? മുട്ടുകുത്തി വീണ ചരല്‍ക്കല്ലുകള്‍, ആദ്യമായി നട്ടു പിടിപ്പിച്ച തണല്‍ മരം ഒക്കെ കാണിക്കണ്ടേ?''

""അമ്മ മുട്ടിലിഴഞ്ഞ് വാരിത്തിന്ന മണ്ണ് എനിക്കും കഴിക്കണ്ടേ? അമ്മയുടെ ഈ കൈകള്‍. അച്ഛനു ഏറ്റവും ഇഷ്ടപ്പെട്ട ഈ കൈകളില്‍ എനിക്ക് കിടക്കണം. അമ്മയുടെ മുലക്കണ്ണു നൊട്ടി നുണയണം. വിരലുകള്‍ ഈമ്പി അമ്മയെ നോക്കി കിടക്കണം. സാരിക്കു പിറകിലൊളിക്കണം. മണ്ണില്‍ കാലു മുട്ടിച്ചു നടക്കണം. മണ്ണു കുഴക്കണം. സ്‌നേഹം കൊണ്ട് തളരണം, വെറുപ്പ് കൊണ്ട് പുകയണം. നമുക്കൊരുമിച്ച് സ്‌നേഹിച്ച് ജീവിച്ചു കൂടെ?''
""മിണ്ടാതിരിക്കൂ ഒന്ന്. ഒന്നാമതേ യാത്രയെനിക്ക് തലവേദന സമ്മാനിച്ചിരിക്കയാണ്. അതിനിടയിലാണ് നിങ്ങളുടെ ഇമോഷണല്‍ ടോര്‍ച്ചര്‍. എന്റെ മാനസിക നിലയെക്കുറിച്ച് നിങ്ങള്‍ക്കെന്താ ഒരു പരിഗണനയുമില്ലാത്തത്. ഇതെന്റെ ശരീരമാണ് എന്റെ തീരുമാനവും. നിങ്ങള്‍ക്ക് മാതാവിനെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെ എന്റെ കുഞ്ഞിനെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കാണ്.''

ഭ്രൂണം അമ്മയെ അനുസരിച്ചു. സോളമനോടൊത്ത് താമസിച്ചു കൊണ്ട് ഇരിക്കേത്തന്നെ പരിശോധനക്കായി മേരി ഗ്രാമത്തിനോട് ചേര്‍ന്ന ഹോസ്പിറ്റല്‍ തിരഞ്ഞെടുത്തതിന്റെ പ്രധാന കാരണം ഇവിടെ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ് എന്നറിഞ്ഞതിനാല്‍ മാത്രമായിരുന്നു. സോളമനൊപ്പം ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്ന സമയത്തായിരുന്നു മേരി ആദ്യമായി ഈ ആശുപത്രിയില്‍ കാലെടുത്തു വയ്ക്കുന്നത്. അന്ന് അരമണിക്കൂറോളം അധികം കാത്തു നിന്നതിനു ശേഷമാണു ഗൈനക്കോളജിസ്റ്റ് ഡോ. ടീനയെ കാണാന്‍ സാധിച്ചത്. മുന്‍പരിചയം ഇല്ലാതിരുന്നിട്ടും മേരി നേരിട്ട് കാര്യം പറഞ്ഞു. താനും ഭര്‍ത്താവും പുതിയ നഗരത്തിലേക്ക് താമസം മാറിയിട്ടേയുള്ളു. ഞാന്‍ പഠിക്കുകയാണ്. അതിനിടയിലാണ് സംഭവിച്ചത്. തന്റെ പരീക്ഷ വരാനിരിക്കെയാണ്. ഗുളിക ഉപയോഗിച്ചിരുന്നു. ഭര്‍ത്താവിനോട് പറഞ്ഞിട്ടില്ല. ഡേറ്റ് മിസ് ആയിട്ട് എത്ര ദിവസമായെന്ന് മാത്രമേ ഡോക്ടര്‍ ചോദിച്ചുള്ളു. അതു കഴിഞ്ഞ് സ്‌കാന്‍ ചെയ്യുവാന്‍ ഒരു കുറിപ്പ് എഴുതി തന്നു. വരിയില്‍ നിന്ന് അടച്ച ബില്ലുമായി സ്‌കാനിങ് സെന്ററില്‍ ചെന്നു. ഒരു സ്ത്രീ ഉള്ളിലേയ്ക്ക് അവളെ പിടിച്ചിരുത്തി. ആദ്യം വയറു പരിശോധിച്ചു. പിന്നെ ജീന്‍സ് അടിവസ്ത്രങ്ങള്‍ക്കൊപ്പം അഴിപ്പിച്ച് മേലെ വൃത്തിയുള്ള വെളുത്ത തുണി വിരിച്ചു. ട്യൂബു പോലെ എന്തോ അവര്‍ കയ്യിലെടുത്തു കൊണ്ടു വന്നു അതിനു മേലെ ഗര്‍ഭനിരോധന ഉറ പോലെ എന്തോ ചുറ്റിയിരുന്നു. സ്‌കാനിങ്ങിനു ആവശ്യമായ ലൂബ്രിക്കന്റ് അതില്‍ പുരട്ടി. കാലുകള്‍ അകത്തി വയ്ക്കുവാന്‍ ആംഗ്യം കാണിച്ചു. മേരി അനുസരിച്ചു. പാമ്പ് മാളത്തില്‍ കയറിയതു പോലെ ട്യൂബ് അകത്തേക്ക് കയറിപ്പോയി. സ്‌ക്രീനില്‍ അരിമണി പോലെ എന്തിലോ അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഫലം കുറച്ചു സമയങ്ങള്‍ക്കകം ലഭിക്കുമെന്ന് അവര്‍ അറിയിച്ചു. ആ സമയത്തില്‍ കാന്റീനില്‍ പോയി മേരി ഒരു മസാല ദോശ കഴിച്ചു. തിരിച്ചു വന്നപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടുമായി മേരി ഡോക്ടറെ കണ്ടു.

ആറാഴ്ച പ്രായമുള്ള ഇരട്ടക്കുട്ടികളുടെ ഭ്രൂണം മേരിക്കുള്ളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വിവരം ഡോക്ടര്‍ റിപ്പോര്‍ട്ട് വായിച്ച് അറിയിച്ചു. ഡോക്ടര്‍ ചെറിയ രീതിയില്‍ മേരിയെ കൗണ്‍സിലിംഗിനു വിധേയയാക്കി. ഇന്നത്തെ യുവത്വം ഇതാണ്. ദൈവം തരുന്ന കുട്ടികളെ വേണ്ടെന്ന് വയ്ക്കും പിന്നീട് കുട്ടികളുണ്ടാകുന്നതിനു ചികിത്സയും വഴിപാടും. കുഞ്ഞുങ്ങളെ വളര്‍ത്തണോ വേണ്ടയോ എന്ന തീരുമാനം മേരിക്ക് വിട്ടു കൊടുത്ത് ഗര്‍ഭച്ഛിദ്രമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ കഴിക്കുവാനായി മൂന്നു ഗുളികകള്‍ തന്നു വിട്ടു. രണ്ട് ഗുളികകള്‍ തീരുമാനമെടുക്കുന്ന ദിവസവും അവസാനത്തെ ഗുളിക അതിനടുത്ത ദിവസവും കഴിച്ച് നേരെ ആശുപത്രിയിലേക്ക് വന്നു കൊള്ളുവാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഇരട്ടക്കുട്ടികള്‍ എന്ന് കേട്ടതില്‍ മേരി ഒന്നിളകി. തന്നോട് സംസാരിച്ചത് ഭ്രൂണമല്ല ഭ്രൂണങ്ങളായിരുന്നുവെന്നത് അവളെ തളര്‍ത്തി. രണ്ട് ജീവനെ വഹിക്കുന്ന വയറില്‍ നോക്കി അവള്‍ കണ്ണുകള്‍ പൂട്ടി. തനിക്ക് മറ്റ് വഴികളില്ല എന്നതു പോലെ അവള്‍ അവരോട് ക്ഷമാപണം നടത്തി. അന്നു രാത്രി പതിവില്ലാത്ത വിധം മേരി കരഞ്ഞു. തലയണ കണ്ണീരില്‍ നനഞ്ഞു. വഴികളൊന്നും കാണാതെ കുഞ്ഞുങ്ങളുടെ അമ്മ ആ ഗുളികകള്‍ വിഴുങ്ങി. നേരത്തേ ആസൂത്രണം ചെയ്ത കണക്കേ സോളമനെ വിട്ടിട്ട് വരും വഴി മൂന്നാമത്തെ ഗുളിക വിഴുങ്ങി മേരി നേരെ ആശുപത്രിയെ ലക്ഷ്യമാക്കി വണ്ടി കയറി.

ആശുപത്രിയില്‍ കൂടെ നില്‍ക്കുവാന്‍ ഒരാള്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞതിനാല്‍ ആശുപത്രി അടിച്ചു വാരുന്ന എല്‍സിച്ചേച്ചിയോട് അവധിയെടുത്ത് കൂടെ നില്‍ക്കുവാനും സഹായിക്കുന്നതിനും മേരിയോട് സഹതാപം തോന്നിയ നഴ്‌സ് ലാലി ശുപാര്‍ശ ചെയ്തു. എല്‍സി ചേച്ചി സമ്മതം മൂളിയതിനു ശേഷം മേരി ആശുപത്രിയില്‍ അഡ്മിറ്റായി. ഉള്ളില്‍ നിറയെ ഭയവും കുറ്റബോധവും സങ്കടവും നിറയവേ ഇടയ്ക്കിടെ നഴ്‌സിന്റെ കൈകളില്‍ മേരി അമര്‍ത്തിപ്പിടിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് തൊട്ടപ്പുറത്തെ കിടക്കയില്‍ നിറഞ്ഞ വയറുമായി വന്ന പെണ്‍കുട്ടിയുടെ കഥ നഴ്‌സ് ലാലി പറയുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. ആരാണ് ഗര്‍ഭത്തിനു ഉത്തരവാദിയെന്ന് കുട്ടിക്കെന്നല്ല, ആര്‍ക്കുമറിയില്ല. കടുത്ത വയറുവേദന മൂലം ആശുപത്രിയില്‍ വന്നതായിരുന്നു ആ കുട്ടിയും അതിന്റെ അമ്മയും. പ്രസവം ഇന്നോ നാളെയോ ആയി ഉണ്ടാകാം. അവര്‍ക്കു മുന്‍പിലുള്ള അനിശ്ചിതത്വമായി തട്ടിച്ചു നോക്കുമ്പോള്‍ തനിക്ക് ആശ്വസിക്കാന്‍ ചിലതുണ്ടെന്ന് മേരി കരുതി. മനുഷ്യര്‍ അങ്ങനാണ് മറ്റുള്ളവരെ നോക്കി ആശ്വസിക്കുകയും ആശങ്കപ്പെടുന്നവരുമാണ്. ജീവിതം എന്നത് ഒരു എത്തും പിടുത്തവും കിട്ടാത്ത ഒന്നാണെന്നും സ്വന്തം അനുഭവജ്ഞാനം വച്ച് അതിനെ അളക്കുന്നത് മണ്ടത്തരമാണെന്നും അവള്‍ക്ക് ഡയറിയില്‍ കുറിക്കണമെന്ന് തോന്നി.

മേരി ആശുപത്രിയില്‍ എത്തിയതു മുതല്‍ മരണത്തിനെ ഭയന്നു തുടങ്ങിയിരുന്നു. മരണം വഴി കാര്യങ്ങള്‍ ആലീസോ അപ്പാപ്പനോ അറിയുന്നതിലെ അപകടം അവള്‍ മുന്‍കൂട്ടി കണ്ടു. ഡി ആൻഡ് സിക്ക് ആവശ്യമായ കടലാസുകളില്‍ അവള്‍ ഒപ്പിട്ടു നല്‍കി. ഈ പ്രക്രിയയാല്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന വരികളില്‍ വച്ച് അവള്‍ ദീര്‍ഘനിശ്വാസം വിട്ടു. മരണത്തിന്റെ മണം അവള്‍ക്ക് വളരെ അരികിലായി നിലനില്‍ക്കുന്നത് അനുഭവപ്പെട്ടതിനാല്‍ മൂക്കിനു ചുറ്റും, കരുതി വച്ചിരുന്ന വിക്‌സ് പുരട്ടി. ഓരോ അപരിചിതനെക്കാണുമ്പോഴും മരണത്തിനായി അവള്‍ കണ്ണുകളാല്‍ തിരച്ചില്‍ നടത്തി. ആശുപത്രിക്കിടക്കയിലേയ്ക്ക് കയറും മുന്‍പ് വാങ്ങി വച്ചിരുന്ന തന്റെ എഴുത്തു ഡയറി അവള്‍ കയ്യിലെടുത്തു. ലാലി നഴ്‌സ് അത് കൂടെ വയ്ക്കുവാന്‍ അനുവദിച്ചു. വെറുതെയിരുന്നു മടുത്തപ്പോള്‍ മേരി പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സമയാസമയങ്ങളില്‍ അതില്‍ കുറിച്ചിട്ടു. ഓര്‍മ്മ ഭദ്രമായി സൂക്ഷിച്ചിരുന്ന ആ ഡയറി എടുത്ത് വായന തുടങ്ങി.

7.30 pm

പണമടങ്ങിയ ബാഗ് എല്‍സി ചേച്ചിയെ ഏല്‍പിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. ആയിരം രൂപ അവര്‍ക്ക് കൂലിയായി മുന്‍കൂര്‍ നല്‍കി. മുന്നൂറു രൂപക്ക് ദിവസേന പണിക്ക് പോയിരുന്ന അവര്‍ക്കത് വലിയ ആശ്വാസമായിരിക്കുമെന്ന് സിസ്റ്റര്‍ ലാലി പറഞ്ഞു. നാളെ രാവിലെ എല്‍സി ചേച്ചി അടിച്ചു വാരാന്‍ വരില്ലെന്നറിഞ്ഞ മുറ്റത്തെ മൂവാണ്ടന്‍ മാവ് തന്റെ ഉണങ്ങിയതും പഴുത്തതും പുഴുക്കുത്തേറ്റതുമായ ഇലകളെ പൊഴിക്കാതെ പിടിച്ചു വച്ചു. ഇവിടെ നിന്നു ഇറങ്ങിയതിനു ശേഷം എല്‍സി ചേച്ചിയുടെ ചുണ്ടിലുള്ള കാക്കപുള്ളി ബ്യൂട്ടി സ്‌പോട്ടാണെന്ന് പറഞ്ഞു കൊടുക്കണം. ഡോക്ടര്‍ വരുവാന്‍ കാത്തു കിടക്കുന്നു. ഒറ്റയായതില്‍ വിഷമം തോന്നി. അന്നമ്മേച്ചിയമ്മയെ ഓര്‍മ്മ വന്നു.

8.30 pm

ഡോക്ടര്‍ വന്നപ്പോള്‍ നഴ്‌സിനോട് പറഞ്ഞ് രണ്ട് ഗുളികകള്‍ കൂടി കാലുകള്‍ക്കിടയിലേക്ക്; യോനിക്കുള്ളില്‍ തിരുകി വപ്പിച്ചു. ഇക്കിളി തോന്നി ഒപ്പം തന്നെ വിഷമം തോന്നി. എന്റെ ഇരട്ടകളെ ചിന്നി ചിതറിപ്പിക്കുന്നതിനുള്ള മൈന്‍ കുഴിച്ചിട്ടതാണ്. അവരെന്നോട് സംസാരിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഞാനാണ് കേള്‍ക്കാന്‍ തയ്യാറല്ലാത്തത്. നിങ്ങള്‍ കണ്ടെത്തിയത് എത്ര ക്രൂരയായ അമ്മയെയാണ് കുട്ടികളേ. അവര്‍ ഭയന്ന് ഒരു മൂലയില്‍ പതുങ്ങിയിരിക്കയാണ്. പ്രസവവാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ ചക്രകസേരയില്‍ ഇരുത്തിക്കൊണ്ടു പോയി. പുറത്ത് എല്‍സി ചേച്ചി നില്‍പ്പുണ്ടായത് കണ്ടപ്പോള്‍ ഓടി വന്നു. പാവം. മരണത്തെ അവിടെയൊന്നും കണ്ടില്ല. സയമാകുവാന്‍ കാത്തിരിക്കുകയാവും. ഉറങ്ങിക്കൊള്ളുവാന്‍ മറ്റൊരു നഴ്‌സ് പറഞ്ഞു. ഞാന്‍ ഉറങ്ങാന്‍ നോക്കട്ടെ. സോളമനെ ഓര്‍മ്മ വന്നു.

10.00 pm

നഴ്‌സ് വന്നു വസ്ത്രങ്ങള്‍ മാറുവാനായി പച്ച ഗൗണ്‍ നല്‍കി. പച്ച ഗൗണിന്റെ കനം കുറവ് എനിക്കിഷ്ടമായി. അതിനുള്ളിലൂടെയുണ്ടായിരുന്ന വായു സഞ്ചാരം ഉറക്കത്തിലുണ്ടായ വിയര്‍പ്പ് വറ്റിച്ചു. പച്ച പുല്ലുകള്‍ ചതച്ചരച്ച് ഉണ്ടാക്കിയതു പോലെ ഈ വസ്ത്രം ഇഞ്ചപ്പുല്ലു മണക്കുന്നു. കണ്‍പോളകളില്‍ ഇരുണ്ട മേഘം പോലെ ഒരു നിറം അടിഞ്ഞു കൂടിയിരിക്കുന്നു. സോളമനു കൂടി കയറിക്കിടക്കാവുന്നത്രയും ഇടം പച്ചഗൗണിനുള്ളിലുണ്ട്. ഓര്‍ക്കണ്ടെന്ന് കരുതിയതാണ്.

10.30 pm

യോനിയിലെ രോമങ്ങള്‍ വടിക്കുവാന്‍ നഴ്‌സ് വന്നു കൊണ്ടു പോയി. സ്വകാര്യഭാഗങ്ങളില്‍ ബ്ലേഡിന്റെ വായ്ത്തല വന്നു വീഴുന്നതു കാണാനാകാതെ കണ്ണുകളടച്ചു. നഴ്‌സ് അതിലൊരു വിദഗ്ധയാണെന്ന് കണ്ണു തുറക്കവേ മനസിലായി. അവരുടെ അനുഭവജ്ഞാനം അമ്പരിപ്പിക്കുന്നതു തന്നെ. ആ വാള്‍ത്തലപ്പ് ഭയപ്പെടുത്തുന്നതാണെങ്കിലും എന്നേക്കാള്‍ നന്നായി എന്റെ ശരീരത്തെ അറിയാമെന്ന പോലെ അവര്‍ പെരുമാറി. ഒരു പക്ഷെ ക്ഷുരകന്റെ മകളായിരിക്കാമിവര്‍. നനവെല്ലാം തുടച്ച് ഉണക്കി.

10.45 pm

തിരിച്ചു വന്നു.

10.55 pm

രക്തസ്രാവം ആരംഭിച്ചു. നനവ്. വഴുവഴുപ്പ്. ആയിരം കൈകളുമായി അവയെ തടുത്തു നിറുത്തുവാനെനിക്ക് കഴിയാത്തതില്‍ നിരാശ പൂണ്ടു. നഴ്‌സിനെ വിവരം അറിയിച്ചു. അവര്‍ വേഗത്തില്‍ നടന്നു പോയി. ഇരട്ടകള്‍ക്ക് ഓക്‌സിജനോ ഭക്ഷണമോ കൊണ്ടു പോയ ഒരു തുള്ളി എന്നെ നനച്ചു. പതിയെ വസ്ത്രം നനച്ചു. തുടകളെ നനച്ചു. കാല്‍പ്പാദങ്ങളെ നനച്ചു. മുറിയെ നനച്ചു. മുറി നിറഞ്ഞൊഴുകി. വഴികളിലേയ്ക്ക് കുതിച്ചു. നഗരത്തെ നനച്ചു. ഗ്രാമങ്ങളെ നനച്ചു. മലയിടുക്കുകളിലൂടെ തുടകള്‍ക്കിടയിലൂടെയെന്ന പോലെ ഒഴുകി. പര്‍വ്വതങ്ങളെ നനച്ചു. പുഴകളെ കലക്കി. സമുദ്രങ്ങളെ നിറച്ചു. ഭൂമിയെ നനച്ചു. ഇരട്ടകളെ ഇല്ലാതാക്കുന്നതിലെ കുറ്റബോധം തോന്നാതിരിക്കുന്നതിനു മന:പൂര്‍വ്വം കരുതലെടുത്തു.

11.00 pm

പാഡിനു പകരം പരുത്തി തുണി ചുറ്റി. തുണി ഇഴുകി ഇഴുകി വരുന്നതില്‍ അസ്വസ്ഥത തോന്നി. പഴയ കാലങ്ങളില്‍ അഴുക്കു നിറഞ്ഞ തുണിചുറ്റി ജീവിച്ച സ്ത്രീകളെക്കുറിച്ച് ഓര്‍മ്മ വന്നു. ബദാം മരങ്ങളുടെ പഴുത്ത ഇലകളുടെ മാര്‍ദ്ദവം പരുത്തിത്തുണിയിലെനിക്ക് അനുഭവപ്പെട്ടു. എനിക്കുള്ളില്‍ ചുട്ടു പഴുത്തു തുടങ്ങി. വൃക്ഷങ്ങളുടെ തണലുകള്‍ എനിക്കാശ്വാസം നല്‍കുവാന്‍ വന്നെത്തി. നിഴലെന്ന വാക്കും തണലെന്ന വാക്കും എത്ര വ്യത്യാസം.

12.00 pm

ദാഹം തോന്നി. വെള്ളം കിട്ടാതെ തൊണ്ട വരണ്ടു. എന്റെ ശരീരത്തിന്റെ തനത് മണം നാളുകള്‍ക്കു ശേഷം ഞാനറിഞ്ഞു. അതില്‍ മുങ്ങാം കുഴിയിട്ട് കിടക്കേ ചെകിളപ്പൂക്കളില്‍ കുമിള കണക്കേ ഓര്‍മ്മകള്‍. ഉറക്കം അനുഗ്രഹമായി കടന്നു വന്നു.

1.00 am

ഡോക്ടര്‍ വന്നുണര്‍ത്തി. രണ്ടു മണിക്കൂറിനു ശേഷം രക്തസ്രാവം കൂടിയില്ലെങ്കില്‍ ഡി എന്‍ സി വേണ്ടി വരുമെന്ന് ഡോക്ടര്‍ അറിയിച്ചു. വേണ്ടി വരും അത്ര പെട്ടന്നൊന്നും കുട്ടികള്‍ തന്നെ വിട്ടു പോകില്ല. വീടിനുള്ളിലെ മാറാല പോലെ അവര്‍ പറ്റിപ്പിടിക്കും. പുറത്തെ കിളികളുടെ ചിലചിലപ്പും പട്ടികളുടെ ഓരിയിടലും അവസാനമായൊന്ന് കേള്‍ക്കുവാന്‍ തോന്നി. ചുരുണ്ടു കിടക്കും ചാണകപ്പുഴുവിനെപ്പോലെ ഏറെ നേരം കിടന്നു. പുറത്ത് മഴ പെയ്യുന്ന ശബ്ദമോ അതോ കളിമണ്‍ ഫാക്ടറിയിലേയ്ക്ക് മണ്ണു കടത്തും ലോറികളോ? ഞാന്‍ പുതുമഴയുടെ ഉണങ്ങിയ മണം പിടിക്കുവാന്‍ മൂക്ക് വിടര്‍ത്തി. ഉറക്കത്തില്‍ സോളമന്റെ കൈകള്‍ക്കുള്ളില്‍ കിടക്കുന്ന സ്വപ്നം കണ്ടത് ഓര്‍മ്മ വന്നു.

2.00 am

രക്തസ്രാവം കൂടി. ഡോക്ടര്‍ വന്നു പരിശോധിച്ച് ശരിയെന്ന് പറഞ്ഞു. നഴ്‌സ് വന്നു ബാത്ത്‌റൂമില്‍ പോയിവരാന്‍ പറഞ്ഞു. എഴുന്നേറ്റപ്പോള്‍ തിരുകി വച്ച കോട്ടണ്‍ തുണി താഴെ വീണു. തറയില്‍ രക്തം പതിഞ്ഞു. നഴ്‌സ് താഴെ തുടച്ചു വൃത്തിയാക്കി. മനസില്‍ പലപ്പോഴായി വേണ്ട വേണ്ടയെന്ന ചിന്ത കയറി വന്നു. മഴക്കാലത്തു അലക്കിയിട്ട വസ്ത്രങ്ങളുടെ പൂതലിക്കുന്ന ഗന്ധം മൂക്കില്‍ തടഞ്ഞു.

2.15 am

മൂത്രമൊഴിച്ചു കൊണ്ട് ഇരുന്നപ്പോള്‍ എന്തോ ഉള്ളില്‍ നിന്നും ബ്ലും ശബ്ദത്തോടെ ക്ലോസറ്റില്‍ വീണു. അത് ഇരട്ടകളുടെ ഏതോ ഭാഗമാണെന്ന് മനസിലായി. നെഞ്ച് പൊള്ളി. ജീവന്‍ വെടിഞ്ഞ മാംസത്തരികളെ നോക്കുന്നേരം തലകറങ്ങി. നഴ്‌സിനെ വിളിച്ചു. ഈ കാഴ്ച ജീവിതത്തിലുടനീളം കൂടെ വരുമെന്ന് തോന്നി. ആരോ ചിലങ്കകളിട്ട് കാതില്‍ നൃത്തം ചെയ്തു. ചീവീടുകള്‍ ഒച്ച വച്ചു. കിടക്കയില്‍ കണ്ണുകളടച്ചു കിടന്നു

2.30 am

ഭയന്ന മുഖത്തോടെ കിടക്കുന്ന എന്നെ കണ്ടിട്ടാകണം വേദനയെടുക്കില്ലെന്ന് പറഞ്ഞ് നഴ്‌സ് ആശ്വസിപ്പിച്ചു. തരിപ്പ് തലയില്‍ നിന്നും മാഞ്ഞതില്ല. ചാഞ്ഞു നില്‍ക്കും മരങ്ങളിലൊക്കെ അണ്ണാനുകള്‍ ഓടിക്കയറിയപോലെ ദുര്‍ബലയെ ഭയം, കുറ്റബോധം എന്നിവ എളുപ്പം തീണ്ടി. ഗര്‍ഭിണിയായ എട്ടാം ക്ലാസുകാരി കിടക്കയില്‍ കിടന്നു ചിരിക്കുവാന്‍ ശ്രമിച്ചു. അവളെക്കാണുവാനൊരു പാവക്കുട്ടിയെപ്പോലെ തോന്നി. അവളുടെ വര്‍ഷാവസാന പരീക്ഷ കഴിഞ്ഞിരിക്കുമോ? പോകുന്നതിനു മുന്‍പ് അവള്‍ക്കൊരു പാവക്കുട്ടിയെ വാങ്ങി നല്‍കുവാന്‍ തീരുമാനിച്ചു.

3.00 am

മറ്റൊരു മുറിയിലേയ്ക്ക് മാറ്റി. പോകും വഴി ഉള്ളിലേയ്ക്ക് നോക്കിയിരിക്കുന്ന എല്‍സി ചേച്ചിയെ കണ്ടു. ആശുപത്രിക്കു പുറത്തെ ജീവിതം എത്ര സാധാരണമെന്ന് ഓര്‍ത്തു. മരണം ഒരു സ്ത്രീയായി നഴ്‌സിന്റെ വേഷത്തില്‍ പുറത്ത് കറങ്ങി നടപ്പുണ്ടായിരുന്നു. ഞാന്‍ കൈ കാട്ടി വിളിച്ചു. അപ്പാപ്പനും ആലീസിനും സുഖമാണോ എന്നന്വേഷിച്ചു. തലകുലുക്കിയതിനു ശേഷം എന്റെ വയറില്‍ തൊട്ടുഴിഞ്ഞു. ഇരട്ടകളുടെ ജീവന്‍ മരണത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. തേരുകള്‍ വലിക്കുന്ന കുതിരകള്‍ ചിനച്ചു കൊണ്ട് അവരെ കൊണ്ടു പോയി. മരണം ഉറങ്ങുവാന്‍ പറഞ്ഞു മുടിയിഴകളില്‍ തഴുകി യാത്രയായി. മരണത്തിന്റെ കുലുങ്ങുന്ന നിതംബങ്ങളില്‍ ഡോക്ടര്‍മാര്‍ കണ്ണു വയ്ക്കുന്നുണ്ടായിരുന്നു.

3.15 am

ഇഞ്ചക്ഷന്‍ വച്ചു.
ഉറങ്ങിപ്പോയി.

4.30 am

ഉണര്‍ന്നു.
നഴ്‌സ് ചായ കൊണ്ടു തന്നു.

4.35 am

ചായ ഛര്‍ദ്ദിച്ചു.
ഒന്‍പതാം ക്ലാസുകാരിയുടെ കാമുകന്‍ അവളുടെ അമ്മാവനാണെന്ന് നഴ്‌സ് പറഞ്ഞു. ഛര്‍ദിച്ചതെത്ര നന്നായെന്ന് ഓര്‍ത്തു. മനുഷ്യരോട് വെറുപ്പ് തോന്നി. ആണുങ്ങളുടെ സമൂഹവ്യവസ്ഥക്കെതിരെ പുച്ഛവും കോപവും. കോപം മുഴുവന്‍ സോളമന്റെ ദേഹത്തില്‍ തീര്‍ക്കുവാന്‍ തോന്നി.

5.00 am

രക്തസ്രാവം അവസാനിച്ചോയെന്ന് നോക്കി വരുവാന്‍ ബാത്ത് റൂമിലേക്ക് അയച്ചു. ഞാന്‍ കുളിമുറിയില്‍ കയറി വസ്ത്രമുരിഞ്ഞു പരിശോധിച്ചു. മാംസത്തിന്റെ ഒരു കെട്ടായി മാത്രം മനുഷ്യര്‍ മനുഷ്യരെ കാണുന്ന സമൂഹത്തില്‍ തിരികെ വന്ന് ഇല്ലയെന്ന് അറിയിച്ചു.

5.37 am

ഡോക്ടര്‍ വന്നു പരിശോധിച്ചു.കുഴപ്പമൊന്നും കാണുന്നില്ലെന്നും പോകാമെന്നും അറിയിച്ചു. ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണമെന്നും അറിയിച്ചു. വരാന്‍ പോകുന്ന പരീക്ഷകള്‍ക്ക് അവര്‍ എനിക്ക് വിജയം ആശംസിച്ചു. രക്തസ്രാവം രണ്ടു മൂന്നു ദിവസം കൂടി കാണുമെന്ന് അറിയിച്ചതിനാല്‍ ആശുപത്രിക്കരികിലായി ഒരു മുറി സംഘടിപ്പിക്കാമെന്നു കരുതുന്നു. രക്തസ്രാവം പൂര്‍ണ്ണമായും നിലച്ചതിനു ശേഷം മാത്രമേ ദീര്‍ഘദൂരയാത്ര പാടുള്ളുവെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്‍സി ചേച്ചിയെ കണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. സിസ്റ്റര്‍ ലാലിയോട് വിവരങ്ങള്‍ തിരക്കി. ഇനി കുട്ടിക്കായി ശ്രമിക്കുമ്പോള്‍ കഴിക്കേണ്ട ഫോളിക് ആസിഡ് അടങ്ങിയ മരുന്ന് എഴുതി നല്‍കിയ ചീട്ട് ചുളുക്കി ചവറ്റു കൊട്ടയിലിട്ട് ഞാനൊന്ന് കണ്ണടക്കുവാന്‍ നോക്കി.

7.00 am

ആശുപത്രിയില്‍ നിന്നും ഇറങ്ങണംഓറഞ്ചോര്‍മ്മ ഡയറിയില്‍ നിന്നും കൈകളെടുത്തു.ആശുപത്രിയില്‍ നിന്നിറങ്ങി മൂന്നു ദിവസമായിട്ടും മേരിയില്‍ രക്തം അടങ്ങിയിരുന്നില്ല. കൈകള്‍ കൊണ്ട് പൊത്തിയെടുത്ത ജലം പോലെ അത് താഴേക്ക് ഒലിച്ചു കൊണ്ടിരുന്നു. പുറത്തിറങ്ങി എല്‍സി ചേച്ചിയുടെ സഹായത്താല്‍ ആശുപത്രിക്ക് അരികിലായി ഒരു മുറി തല്‍ക്കാലത്തേയ്ക്ക് വാടകയ്ക്ക് എടുത്ത് താമസിക്കുന്നതിനിടെ രക്തസ്രാവത്താല്‍ തലകറങ്ങിയ ദിവസം മേരി ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു.

2.00 pm

ഡോക്ടര്‍ വന്നില്ലായിരുന്നു.കഴിഞ്ഞ വട്ടം പോകുന്നതിനു മുന്‍പ് ആയിരം രൂപ കിട്ടിയ നഴ്‌സ് ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടപ്പോള്‍ ചിരിച്ചു. എന്ത് പറ്റി എന്ന് കുശലം ചോദിച്ചു. വേദന കുറയ്ക്കുവാന്‍ ഗുളിക തരുമോ എന്ന് ചോദിച്ചു. ഡോക്ടര്‍ വരാതെ കഴിക്കുന്നത് അപകടമാണെന്ന് അറിയിച്ചു.

2.40 pm

ഡോക്ടര്‍ വന്നു. സ്‌കാനിങ്ങിനു ചീട്ടെഴുതി തന്നു.

2.50 pm

പണം അടച്ചു.

3.15 pm

സ്‌കാനിംഗ് ചെയ്യുവാന്‍ കട്ടിലില്‍ അഴിഞ്ഞു കിടന്നു. ട്യൂബ് ഉള്ളില്‍ കയറിപ്പോയി. ആ സമയമൊക്കെയും സോളമനെക്കുറിച്ചായിരുന്നു വിചാരങ്ങള്‍ മുഴുക്കെ. ആദ്യമൊരു അങ്കലാപ്പ് വരുമെങ്കിലും ഞാന്‍ പോയിക്കഴിഞ്ഞാലും മറ്റാരുടെയെങ്കിലും പ്രേമത്തില്‍ അയാള്‍ എല്ലാം മറന്നേക്കുമെന്ന് തോന്നുന്നു. മനുഷ്യര്‍ ഒരിക്കലും പിരിയുകയില്ല എന്ന് ഉറപ്പ് നല്‍കുന്നതും വിട്ട് പോകുന്നതുംമൊക്കെ സാധാരണമാണ്. He is going to be alright. I think so.

3.30 pm

റിപ്പോര്‍ട്ടിനായി കാത്തിരുന്നു. സോളമനെ ഇനിയൊരിക്കലും കാണാതിരിക്കട്ടെ. ""സ്വാതന്ത്ര്യം എന്നതിന്റെ ആദ്യവാക്ക് ജോലി എന്നാണ്.'' ഒരു ജോലി കണ്ടെത്തണം. മരണം വരെ സന്തോഷത്തോടെ ജീവിക്കണം. I want to be alone. I am strong when I am alone. എന്നെക്കുറിച്ചുള്ള അയാളുടെ ഓര്‍മ്മകളെ നശിപ്പിക്കുവാനുള്ളൊരു പദ്ധതി മനസിലുണ്ട്.

4.00 pm

കാത്തുകാത്തിരുന്നു. അന്നമ്മേച്ചിയമ്മയെ ഓര്‍മ്മ വന്നു. ഇപ്പോഴെവിടെയാകും. ജീവിച്ചിരിപ്പുണ്ടാകുമോ? സ്‌നേഹിച്ചവരെ എല്ലാം മരണക്കിടക്കയിലെന്ന പോലെ കാണുവാന്‍ തോന്നുന്നു. തെറിയെല്ലാം മറന്നു പോയ്ക്കാണുമോ? കണ്ടാല്‍ തിരിച്ചറിയുമോ? മള്‍ബറി കൃഷിയൊക്കെ നശിച്ചു പോയ്ക്കാണുമോ? ജീവിതം അവസാനിപ്പിക്കാന്‍ ഒരു ഉദ്ദേശവുമില്ല. തോറ്റു കൊടുക്കുന്ന പ്രശ്‌നമില്ല.

4.20 pm

റിപ്പോര്‍ട്ട് ലഭിച്ചു. മരിച്ചു പോകുമോ എന്ന് ഭയം തോന്നി. ഈ രീതിയില്‍ മരണം കൈവരിക്കുക എന്നതൊരു ദുരന്തമാകുമല്ലോ. ഇങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്. മുനമ്പിലെ പാറക്കെട്ടില്‍ നിന്നും പറക്കണം എന്നായിരുന്നു. അതിവേഗതയില്‍ പായുന്നൊരു കാറിനെ നദിയിലേയ്ക്ക് ചാടിച്ചായിരുന്നു. ബാങ്ക് കവര്‍ച്ചക്കിടെ സെക്യൂരിറ്റിയുടെ വെടിയേറ്റായിരുന്നു. ഐസ്‌ക്രീം കോപ്പയില്‍ വീണു പോയിട്ടായിരുന്നു.

4.25 pm

ഡോക്ടറുടെ അടുത്തേക്ക് എത്തി.

4.30 pm

റിപ്പോര്‍ട്ട് പരിശോധിച്ചു.ഇരട്ടക്കുട്ടികള്‍ പൂര്‍ണ്ണമായും വിട്ടു പോയില്ല എന്ന സത്യം ഡോക്ടര്‍ അറിയിച്ചു. കരച്ചില്‍ വന്നെങ്കിലും കരഞ്ഞില്ല. എത്രയും പെട്ടന്ന്, നിര്‍ബന്ധമായും അഡ്മിറ്റ് ആകുവാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു. എന്തുകൊണ്ടെന്ന് ആദ്യം മനസിലായില്ല. നഴ്‌സ് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

6.00 pm

വജ്രാഭരണം പണയം വച്ച പണം നഴ്‌സിനെ ഏല്‍പിച്ചു. പഴയ മുറിയില്‍ നഴ്‌സ് കൊണ്ട് പോയി കിടത്തി.

6.30 pm

പ്രത്യേക മുറിയിലേയ്ക്ക് മാറ്റി. ഇഞ്ചക്ഷന്‍ ലഭിച്ചാല്‍ ബോധം മറയുമെന്ന് നഴ്‌സ് അറിയിച്ചു.

9.00 pm

ബോധം തെളിഞ്ഞു.
കൂടെ ആരും വന്നില്ലേ എന്ന് നഴ്‌സ് ചോദിച്ചു.
ഇല്ലെന്ന് കണ്ണുകളടച്ച് കാണിച്ചു. 
എന്ത് കൊണ്ട് എല്ലാം സോളമനോട് തുറന്ന് പറയാതിരുന്നത് എന്ന് എത്ര ആലോചിച്ചും പിടികിട്ടിയില്ല. ഒരു പക്ഷെ അയാള്‍ കൂടെ നില്‍ക്കുമായിരിക്കും. അയാള്‍ക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. എങ്കിലും. എന്റെ ജീവിതം എന്റേത് മാത്രമാണ്. മറ്റൊരാളുടേയും ആശ്രയം ആവശ്യമില്ല. I am gonna miss him I know. But I have no other choice here.

9.30 pm

ഡോക്ടര്‍ വന്നുവീട്ടില്‍ നിന്നും ആരോടെങ്കിലും വരുവാന്‍ അറിയിച്ചു
എല്‍സി ചേച്ചി വീട്ടില്‍ പോയി.തനിക്ക് ആരുമില്ല എന്ന സത്യം അറിയിച്ചു
ഉറങ്ങുവാന്‍ ഒരു ഇഞ്ചക്ഷന്‍ കിട്ടി. ഉറക്കം വരുന്നുണ്ട്

3 am

പുലര്‍ച്ച കൃത്യം മൂന്നു മണിക്ക് ഞാന്‍ കൈത്തണ്ടയില്‍ നിന്നും ഗ്ലൂക്കോസ് വള്ളികള്‍ പറിച്ചെറിഞ്ഞ് ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകി പരിചയമുള്ള സംഗീതത്തില്‍ എനിക്കാശ്വാസം തോന്നി. ഓര്‍മ്മ ഡയറി വായന തുടര്‍ന്നു.

പിറ്റേ ദിവസം 8.30 am

ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു.
ഭക്ഷണം കഴിച്ചു.

9.30 am

ഡോക്ടര്‍ വന്നു. അന്നു ചെയ്ത ഗര്‍ഭഛിദ്രത്തില്‍ ഇരട്ടകളുടെ ഒരു ഭാഗം പുറത്തു വരാതെ ഉള്ളില്‍ തന്നെ തങ്ങി നിന്നു. അതു മൂലം യോനിക്കുള്ളില്‍ അണുബാധയേറ്റു. ജീവനു അപകടം സംഭവിക്കാമായിരുന്ന ഈ അണുബാധ പൂര്‍ണ്ണമായും നീക്കം ചെയ്തു. എന്നാല്‍ അണുബാധയേറ്റ് യോനിയുടെ ഉള്‍ഭാഗം തകര്‍ന്നു. ഇനിയൊരു കുഞ്ഞിനെ പേറുന്നതിനെനിക്ക് ആവുമോയെന്ന് ചോദിച്ചില്ല. എനിക്ക് വിഷമമൊന്നും തോന്നിയില്ല എന്നത് എന്നെത്തന്നെ അതിശയിപ്പിച്ചു. വികാരങ്ങളെല്ലാം വറ്റിയിരുന്നു. തീരെ കനം കുറഞ്ഞപോലെ തോന്നി. കാറ്റില്‍ പാറുന്നു. പക്ഷികള്‍ കൂടെ വന്നു.

0003

12.00 pm

ആശുപത്രിയില്‍ നിന്നും ഇറങ്ങുവാനായി കാത്തുകിടക്കുന്നു. ബില്ലുമായി ആരും വന്നില്ല ഇതു വരെ. പോകണം. ഗര്‍ഭഛിദ്രത്തിനു വിധേയയായ മേരിയില്‍ അവളറിയാതെ തന്നെ ചില മാറ്റങ്ങള്‍ സംഭവിച്ചിരുന്നു
1. സംഗീതത്തെക്കുറിച്ചുള്ള അവബോധം
2. കുഞ്ഞുങ്ങളോടുള്ള ഭയമോ സ്‌നേഹമോ എന്ന് തിരിച്ചറിയാനാകാത്ത വികാരം
3. യോനിയോടുള്ള അറപ്പ്

സംഗീതത്തെക്കുറിച്ചുള്ള അവബോധം:- ഗര്‍ഭച്ഛിദ്രം കഴിഞ്ഞശേഷം വഴിയിലെ വാദ്യോപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും കേട്ട സംഗീതത്തില്‍ വയലിന്‍ പ്രത്യേകമായി അവള്‍ക്ക് കേള്‍ക്കുവാന്‍ സാധിച്ചു. വയലിന്റെ എല്ലാ സ്വരങ്ങളും ഒരു വിദഗ്ദ്ധയെപ്പോലെ അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. അതുവരേയും സംഗീതത്തോട് അമിതഭ്രമമില്ലായിരുന്ന അവള്‍ കയ്യിലുള്ള ബാക്കി പണം കൊടുത്ത് ഒരു വയലിന്‍ വാങ്ങി തോളത്ത് തൂക്കി. അതുവരെ സംഗീതത്തിനോട് യാതൊരു ആഭിമുഖ്യവുമില്ലാതിരുന്ന മേരി ഡി ആൻഡ് സിക്കു ശേഷം അപ്പാടെ മാറി. അവള്‍ സംഗീതാക്ഷരങ്ങളെ വര്‍ഷങ്ങളായി അടുപ്പമുള്ള സ്വന്തം ശരീരാവയവത്തെപ്പോലെ തിരിച്ചറിഞ്ഞു. അവള്‍ക്ക് സംഗീതം വളരെ ലളിതമായി. പഴയ മേരി ഒരു അപരിചിത എന്ന വണ്ണം പുതിയ മേരിയെ നോക്കിക്കണ്ടു.

കുഞ്ഞുങ്ങളോടുള്ള ഭയമോ സ്‌നേഹമോ എന്ന് തിരിച്ചറിയാനാകാത്ത വികാരം:- ഇനിയൊരിക്കലും കുഞ്ഞുങ്ങള്‍ തന്റെ വയറിനുള്ളില്‍ മുളക്കുകയില്ല എന്ന അറിവ് മേരിക്ക് ഒരേസമയം ആശ്വാസവും ഭീതിയും നല്‍കി. കുട്ടികളെ ഇല്ലാതാക്കിയ തീരുമാനത്തില്‍ ഇരട്ടകള്‍ക്ക് തന്നോട് തോന്നാവുന്ന പക അവളുടെ ശിരസില്‍ പതിഞ്ഞതായി അവള്‍ കണക്കാക്കി. കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജീവനു വേണ്ടിയുള്ള അവരുടെ പ്രാണന്റെ അവസാനത്തെ പിടച്ചില്‍ പോലെ അവളുടെ ഹൃദയത്തില്‍ നിന്നുമുള്ള രക്തക്കുഴലുകള്‍ തുടിച്ചു. എന്നാല്‍ ഈ ലോകത്തേയ്ക്ക് തന്റെ വക കൂടി ഒരു മനുഷ്യക്കുട്ടിയുടെ ആവശ്യമില്ലയെന്ന് മേരിക്ക് അത്രയും ഉറപ്പുണ്ടായിരുന്നു.

യോനിയോടുള്ള അറപ്പ്:- തന്റെ സമ്മതമില്ലാതെ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നിനോടുള്ള അവജ്ഞ അവള്‍ക്ക് അറപ്പായി പുറത്തു വന്നു. ലിംഗത്തെപ്പോലെ ഉണരുന്നതു വരെ അടഞ്ഞു കിടക്കുന്നതിനുള്ള വാതില്‍ ദൈവം സ്ത്രീകളില്‍ സൃഷ്ടിക്കാത്തതില്‍ അമര്‍ഷം തോന്നി. യോനിയെ നരകക്കുഴിയെന്ന് വിളിച്ച് അതിനുള്ളില്‍ നിന്നും കിനിയുന്ന ദ്രാവകങ്ങളെ ഓര്‍ത്ത് ഛര്‍ദ്ദിക്കുവാനാരംഭിച്ചു.

മേരി പലയിടങ്ങളിലായി ഉപേക്ഷിച്ച ആശുപത്രിയോര്‍മ്മകളെ സന്ദര്‍ശനവേളയില്‍ സോളമന്‍ ശേഖരിക്കുകയാണ് ചെയ്തത്. പലയിടങ്ങളില്‍ നിന്നായി ഞങ്ങളെ സോളമന്‍ കണ്ടെടുത്തു. അയാളുടെ ബാഗിനുള്ളില്‍ ഞങ്ങള്‍ ദിവസങ്ങളോളം അനക്കമറ്റ് കഴിഞ്ഞു കൂടി. തിരികെ വീട്ടിലെത്തിയപ്പോള്‍ നിങ്ങളോട് ചേരുകയായിരുന്നു. ഓര്‍മ്മ തുടര്‍ന്നു.

​​​​​​​(തുടരും)


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

അരുണ്‍ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടല്‍ത്തീരങ്ങള്‍ etc  എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM