Islam and Politics
ഒ. അബ്ദുറഹ്‌മാന്‍
ജമാഅത്തെ ഇസ്ലാമിയുമായി
സി.പി.എം ചർച്ച നടത്തിയിട്ടുണ്ട്, ഞാൻ ദൃക്സാക്ഷിയാണ്
ഡല്‍ഹി എ.കെ.ജി ഭവനിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഞാന്‍ എസ്.ആര്‍.പിയോടങ്ങോട്ട് ചോദിച്ചതാണ്, കല്‍ക്കത്താ പ്ലീനറി പ്രമേയത്തില്‍ ജമാഅത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആ സംഘടനയോട് ബന്ധപ്പെടുന്നതില്‍ പാര്‍ട്ടിക്ക് തടസ്സമാവില്ലേ എന്ന്. ‘അതൊക്കെ ആര് പരിഗണിക്കാന്‍'! എന്നാണദ്ദേഹം പ്രതികരിച്ചത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ മുളപൊട്ടിയിട്ട് 100 സംവത്സരങ്ങളായി എന്ന കണക്കുകൂട്ടലില്‍ ശതാബ്ദിയാഘോഷ പരിപാടികള്‍ സി.പി.എം ആരംഭിച്ചിട്ട് മാസങ്ങളായി. ഇടക്ക് കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നുകയറിയതുകൊണ്ട് മുഴുശ്രദ്ധയും അതിലേക്ക് തിരിച്ചുവിടേണ്ടിവരുകയായിരുന്നു. കോവിഡ് മഹാമാരി കൊണ്ടുവന്ന ദുരിതങ്ങളും കടുത്ത നിയന്ത്രണങ്ങളും വിപുലമായ ആഘോഷങ്ങള്‍ക്ക് തടസ്സമാവുകയും ചെയ്തു. നൂറ്റാണ്ടുകാലത്തെ പുരോഗതി അഥവാ അധോഗതിയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും അന്വേഷണങ്ങളും സ്വാഭാവികമായും നടക്കേണ്ടതായിരുന്നെങ്കിലും കൂടുതല്‍ ഗൗരവപ്പെട്ട കാര്യങ്ങളില്‍ ഇടപെടേണ്ടി വന്നതിനാല്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവധി നല്‍കേണ്ടിവന്നു. ഇനി അഞ്ചാറു മാസക്കാലം കേരള നിയമസഭ തെരഞ്ഞെടുപ്പാവും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സത്വര പരിഗണനാ വിഷയം.
തൊഴിലാളി വര്‍ഗ പ്രസ്ഥാനം 1917ല്‍ റഷ്യയിലും 1949ല്‍ ചൈനയിലും വിജയകരമായ വിപ്ലവങ്ങളിലൂടെ അധികാരം പിടിച്ചെടുത്തപ്പോള്‍ തൊഴിലെടുത്തു ജീവിക്കുന്ന ജനകോടികളുടെ നാടായ ഇന്ത്യയില്‍ 100 വര്‍ഷങ്ങള്‍ക്കുശേഷവും ഒരേയൊരു സംസ്ഥാനത്ത് മാത്രമാണ് കമ്യൂണിസ്റ്റുകള്‍ക്ക് മേല്‍ക്കൈ. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇനിയൊരു തിരിച്ചുവരവ് അതിവിദൂര സാധ്യതയായി കരുതാന്‍ മാത്രം പ്രസ്ഥാനം ശോഷിച്ചുപോയിരിക്കുന്നു.

1948ല്‍ ബി.ടി. രണദിവെ നേതൃത്വം നല്‍കിയ തെലങ്കാന വിപ്ലവം അലസിയതിനെ തുടര്‍ന്ന് അമ്പതുകളുടെ തുടക്കത്തിലാണ് പാര്‍ലമെന്ററി ജനാധിപത്യം, ലക്ഷ്യം നേടാനുള്ള മാര്‍ഗമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അംഗീകരിച്ചത്. പിന്നീടുള്ള പ്രയാണത്തില്‍ പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷമായി മാറാനും, കേരളത്തിലും തുടര്‍ന്ന് ബംഗാളിലും ത്രിപുരയിലും അധികാരത്തിലേറാനും പാര്‍ട്ടിക്ക് കഴിഞ്ഞപ്പോള്‍ അണികളില്‍ ആവേശവും അനുകൂലികളില്‍ ശുഭപ്രതീക്ഷയും പ്രകടമായിരുന്നു. 1990കളുടെ തുടക്കത്തില്‍ ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂനിയന്‍ ചരിത്രത്തിന്റെ ഭാഗമാവുകയും രാഷ്ട്രാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നടിയുകയും ചെയ്തപ്പോഴും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ അവസരമൊരുക്കിയത്, രാജ്യത്തിന്റെ മേല്‍ ഹിന്ദുത്വ ഫാസിസം പിടിമുറുക്കിക്കൊണ്ടിരുന്നപ്പോള്‍ ചകിതരായ മതന്യൂനപക്ഷങ്ങളാണ്.
ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുള്ള തന്ത്രങ്ങളുടെ പരീക്ഷണമാണ് ഇപ്പോള്‍ കഴിഞ്ഞ നഗരസഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാം കണ്ടത്. അത് ഒട്ടൊക്കെ വിജയിച്ചെന്നും സമ്മതിക്കണം
45 വര്‍ഷത്തോളം ഭരണകുത്തക നിലനിര്‍ത്തിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഫാസിസ്റ്റുകളെ ഒറ്റക്ക് നേരിടാനാവില്ലെന്ന് ബോധ്യപ്പെട്ട ഇന്ത്യയിലെ മതേതര വിശ്വാസികളും മതന്യൂനപക്ഷങ്ങളും ഇടതുപക്ഷത്തെ പ്രതീക്ഷാപൂര്‍വം പിന്തുണച്ചപ്പോള്‍, 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ 60ല്‍പരം സീറ്റുകള്‍ നേടിയെടുത്തുകൊണ്ട് കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഇടതുമുന്നണി ശക്തിതെളിയിക്കുകതന്നെ ചെയ്തു. അതിനുമുമ്പ് കേന്ദ്രഭരണം അനിശ്ചിതത്വത്തിലായ ഇടവേളയില്‍ രാഷ്ട്രത്തെ നയിക്കാന്‍ സി.പി.എമ്മിന്റെ അതികായനായ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനെ വിളിക്കാന്‍ ഭരണത്തില്‍ പങ്കാളികളായ കക്ഷികള്‍ സന്നദ്ധമാവുന്നിടത്തോളം ചുവപ്പ് നക്ഷത്രത്തിളക്കം രാജ്യത്തെ വിസ്മയിപ്പിച്ചതാണ്.

എല്ലാം ഗതകാല സ്മരണകളായി ഭവിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. ബംഗാളില്‍ ജ്യോതിബസുവിന്റെ പിന്‍ഗാമി ബുദ്ധദേവ് ഭട്ടാചാര്യയുടെ പിടിവിടുകയും സംസ്ഥാനത്ത് സി.പി.എം നേതൃത്വത്തിലെ ഇടതുമുന്നണി തകര്‍ന്നടിയുകയും ചെയ്തത് പൊടുന്നനെ ആയിരുന്നു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നിലാണ് സി.പി.എം- സി.പി.ഐ പാര്‍ട്ടി കൂട്ടുകെട്ട് അടിയറവ് പറഞ്ഞതെങ്കിലും പ്രസ്താവ്യമായ പ്രത്യയശാസ്ത്രാടിത്തറയോ അച്ചടക്കപൂര്‍ണമായ സംഘടനാ സംവിധാനമോ അവകാശപ്പെടാനില്ലാത്ത തൃണമൂലിന്റെ ബലഹീനതകളില്‍നിന്ന് മുതലെടുത്ത് സമഗ്രാധിപത്യ സ്വഭാവമുള്ള, കേന്ദ്ര ഭരണകൂടത്തിന്റെ സമസ്ത സാധ്യതകളോടും കൂടി ബംഗാളിനെ വിഴുങ്ങാന്‍ തയാറെടുക്കുന്ന ബി.ജെ.പിക്ക് മുന്നില്‍ സി.പി.എം- കോണ്‍ഗ്രസ് തട്ടിക്കൂട്ട് മുന്നണി ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടുകണക്കെ അവസാനത്തെ പുല്‍ക്കൊടിയിന്മേലും പിടികൂടാന്‍ ദയനീയശ്രമം നടത്തുന്നതാണ് ഒടുവിലത്തെ കാഴ്ച. തിരിച്ചുവരവിന്റെ നേരിയ ലക്ഷണം പോലും കാണിക്കാത്ത ത്രിപുരയാണ് രണ്ടാമത്തെ നഷ്ടഭൂമി. കൗബെല്‍റ്റ് മുമ്പേ തന്നെ ചുവപ്പുകണ്ട കാളയാണ്. ചെങ്കൊടി കാണണമെങ്കില്‍ തീവണ്ടിയാപ്പീസുകളില്‍ പോവണം.

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നത് മൊത്തം ഇടതുപക്ഷത്തിന്റെ ശവമഞ്ചത്തിന്മേല്‍ സമര്‍പ്പിക്കേണ്ട റീത്തുമായാണ്. പിണറായി സര്‍ക്കാര്‍ പറയത്തക്ക വെല്ലുവിളികളില്ലാതെ സുഖഭരണം നടത്തുന്ന കേരളത്തില്‍ പോലും 19 മണ്ഡലങ്ങളില്‍ നിലംപരിശായപ്പോള്‍ ഒരേയൊരു ആലപ്പുഴ മാത്രം സി.പി.എമ്മിന്റെ ഏകാംഗനായി ആരിഫിനെ പാര്‍ലമെന്റിലേക്കയച്ചു. നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ കണക്കു നോക്കുമ്പോള്‍ 140ല്‍ 123ഉം രാഹുല്‍ഗാന്ധിയുടെ മുന്നണി കൊണ്ടുപോയിരിക്കുന്നു. അതുകൊണ്ട് മാത്രം രാഹുലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ രക്ഷപ്പെട്ടില്ലെന്നത് വേറെ കാര്യം. മാസങ്ങളുടെ ദൈര്‍ഘ്യത്തിലാണ് സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിന് നാലുമാസങ്ങള്‍ മാത്രം. സകലമാന അടവുനയങ്ങളും പുറത്തെടുത്ത്, സാധ്യമായ സര്‍വമാധ്യമങ്ങളും പ്രയോഗിച്ച് രംഗത്തിറങ്ങിയില്ലെങ്കില്‍ ഇന്ത്യാമഹാരാജ്യത്ത് അവശേഷിക്കുന്ന ഒരേയൊരു ചുവന്ന തുരുത്തും അപ്രത്യക്ഷമാവും എന്ന് സി.പി.എം ന്യായമായി വിലയിരുത്തുന്ന പശ്ചാത്തലം. അതിനാല്‍, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭ ഇലക്ഷനിലും ഒരുപോലെ യു.ഡി.എഫിന് സാരമായ ക്ഷതമേല്‍പിച്ചു ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുള്ള തന്ത്രങ്ങളുടെ പരീക്ഷണമാണ് ഇപ്പോള്‍ കഴിഞ്ഞ നഗരസഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാം കണ്ടത്. അത് ഒട്ടൊക്കെ വിജയിച്ചെന്നും സമ്മതിക്കണം. നിയമസഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മനക്കരുത്ത് ഇടതുമുന്നണി നേടിയെടുത്തുകഴിഞ്ഞു. അത് മൂലധനമാക്കി നാലഞ്ച് മാസം കൂടി പാര്‍ട്ടി അണികളെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തനക്ഷമമാക്കിയാല്‍, സംഘടനാപരമായി ബലഹീനവും ഗ്രൂപ്പിസത്തിന്റെ അതിപ്രസരത്താല്‍ വീര്‍പ്പുമുട്ടുന്നതും സര്‍വോപരി നേതൃതലത്തില്‍ ശിഥിലവുമായ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനും, തദ്വാരാ യു.ഡി.എഫിനെ തുടര്‍ന്നും പ്രതിപക്ഷത്തിരുത്താനും കഴിയുമെന്ന് പിണറായി വിജയന്‍ കണക്കുകൂട്ടുന്നു.

രണ്ട് പ്രളയങ്ങളും ഒരു നിപയും നീണ്ട കോവിഡ് കാലവും സാമാന്യം ഗുരുതരമായിത്തന്നെ കശക്കിയ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതാണ് തദ്വിഷയകമായ ക്രിയാത്മക പ്രവണത. തോമസ് ഐസക്കിന്റെ കിഫ്ബിയും, ശൈലജ ടീച്ചറുടെ ആരോഗ്യരംഗത്തെ അവസരോചിത ഇടപെടലും, സാധാരണ ജനങ്ങളുടെ കൃതജ്ഞത പിടിച്ചുപറ്റിയ സൗജന്യകിറ്റ് വിതരണവും, മുടക്കമില്ലാതെ തുടരുന്ന ക്ഷേമപെന്‍ഷനും ചേര്‍ന്ന് ഏറ്റവും ഒടുവില്‍ പ്രതിപക്ഷം ഉയര്‍ത്തിയ അഴിമതി-സ്വജനപക്ഷപാത ആരോപണങ്ങളെ നിര്‍വീര്യമാക്കുന്നതില്‍ പ്രസ്താവ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ കഴമ്പുള്ളതാണെന്നിരിക്കെത്തന്നെ, ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ ഒടുവിലത്തെ ഇടത് കോട്ടയെയും തകര്‍ത്തെറിയാനുള്ള തന്ത്രങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന പ്രചാരണം കേരളം തീവ്രവലതുപക്ഷത്തേക്ക് ചായരുതെന്ന് നിര്‍ബന്ധമുള്ളവരുടെ മനസ്സിനെ സ്വാധീനിച്ചിട്ടില്ലെന്നു കരുതിക്കൂടാ.

അതേയവസരത്തില്‍, ഈ പോസിറ്റിവ് പ്രവണത കൊണ്ട് തൃപ്തിപ്പെടാതെ സി.പി.എമ്മും പിണറായി സര്‍ക്കാറും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന കുതന്ത്രങ്ങളാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കെ.എം. മാണിയുടെ വിയോഗത്തോടെ യു.ഡി.എഫിനെ നിയന്ത്രിക്കുന്ന ചാലകശക്തി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുസ്‌ലിംലീഗ് മാത്രമായി മാറിയെന്നും ലീഗിനെ നയിക്കുന്നത് "തീവ്രവര്‍ഗീയ സംഘടന'യായ ജമാഅത്തെ ഇസ്‌ലാമിയാണെന്നും രാപ്പകല്‍ പ്രചാരണം നടത്തുക വഴി കേരളത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനാവുമെന്നും, അത് ഹൈന്ദവ-ക്രൈസ്തവ സമുദായങ്ങളില്‍ എല്‍.ഡി.എഫിനനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നും സി.പി.എമ്മും സര്‍ക്കാറും ഒരുപോലെ കണക്കുകൂട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്നതിനുമുമ്പേ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും വക്താക്കളും മാധ്യമങ്ങളും ആരംഭിച്ച ഈ ഇസ്‌ലാമോഫോബിയ സവര്‍ണ സമുദായങ്ങളെ ഒരളവോളം സ്വാധീനിച്ചതായി മധ്യ കേരളത്തിലെ ലോക്കല്‍ ബോഡി ഇലക്ഷന്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. നീതിരഹിതമായി നടപ്പാക്കിയ മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണത്തിലെ അനീതിയും അട്ടിമറിയും സോദാഹരണം ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അത് തങ്ങള്‍ക്കെതിരായ നീക്കമാണെന്ന് വ്യാഖ്യാനിക്കാന്‍ സമുന്നത സഭാ പിതാക്കള്‍പോലും തയാറായിരിക്കുന്നു.

യഥാര്‍ഥത്തില്‍ ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ ഇഷ്യൂ ആവേണ്ട പ്രസ്ഥാനമല്ല 1948 മുതല്‍ സ്വതന്ത്ര ഇന്ത്യയില്‍ നിയമാനുസൃതം പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്‌ലാമി. ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിതദര്‍ശനമായി പ്രമാണങ്ങളുടെയും ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഈ ധാര്‍മിക- സാംസ്‌കാരിക പ്രസ്ഥാനത്തിന്, രാഷ്ട്രീയം മൂല്യാധിഷ്ഠിതവും മാനവികതയിലും സാമൂഹികനീതിയിലും അധിഷ്ഠിതവുമായിരിക്കണമെന്ന കാഴ്ചപ്പാടുണ്ടെന്നത് ശരിയാണ്. അതേസമയം, സജീവ രാഷ്ട്രീയത്തിലിറങ്ങി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയല്ല ജമാഅത്ത്. 1986 മുതല്‍ സമഗ്രാധിപത്യ, ഏകാധിപത്യ സ്വഭാവമുള്ള പാര്‍ട്ടികളെ മാറ്റിനിര്‍ത്തി മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ജമാഅത്തംഗങ്ങള്‍ വോട്ട് ചെയ്തുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ജനതാദള്‍, തൃണമൂല്‍, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും ഉള്‍പ്പെടുന്നു. ഈ പാര്‍ട്ടികളുടെയെല്ലാം നേതാക്കളും വക്താക്കളും അതത് സന്ദര്‍ഭങ്ങളില്‍ ജമാഅത്ത് നേതൃത്വവുമായി സംവദിക്കുകയും പിന്തുണ നേടുകയും ചെയ്തിട്ടുമുണ്ട്. സി.പി.എം നേതാക്കളായ എസ്. രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എളമരം കരീം, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുമായി പല ഘട്ടങ്ങളിലും വട്ടങ്ങളിലും നടന്ന ചര്‍ച്ചകള്‍ക്ക് ഞാന്‍ ദൃക്‌സാക്ഷിയാണ്. ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെന്ന് ഇപ്പോള്‍ ആരോപിക്കുന്ന ‘മതരാഷ്ട്രവാദവും മതമൗലികതയും തീവ്രവര്‍ഗീയത'യുമൊന്നും ഈ ചര്‍ച്ചകളില്‍ വിഷയീഭവിച്ചതേ ഇല്ല.

ഡല്‍ഹി എ.കെ.ജി ഭവനിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഞാന്‍ എസ്.ആര്‍.പിയോടങ്ങോട്ട് ചോദിച്ചതാണ്, കല്‍ക്കത്താ പ്ലീനറി പ്രമേയത്തില്‍ ജമാഅത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആ സംഘടനയോട് ബന്ധപ്പെടുന്നതില്‍ പാര്‍ട്ടിക്ക് തടസ്സമാവില്ലേ എന്ന്. ‘അതൊക്കെ ആര് പരിഗണിക്കാന്‍'! എന്നാണദ്ദേഹം പ്രതികരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍ വന്നശേഷവും ഇതുതന്നെയായിരുന്നു സ്ഥിതി. 2015ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലേടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലേര്‍പ്പെട്ടാണ് സി.പി.എം മത്സരിച്ചത്. മുക്കം നഗരസഭയിലെ ഇരുപതാം വാര്‍ഡിലെ വോട്ടറാണ് ഞാന്‍. നഗരസഭയിലെ 18, 19, 20, 21, 22 വാര്‍ഡുകളില്‍ വെല്‍ഫെയറും എല്‍.ഡി.എഫും സംയുക്തമായി നിര്‍ത്തിയ സ്ഥാനാര്‍ഥികളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നഗരഭരണത്തിലും ഇവര്‍ അവസാനം വരെ സഹകരിച്ചിരുന്നു. ഈ അനിഷേധ്യ സത്യങ്ങളെ കണ്ണും ചിമ്മി നിഷേധിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ രാപ്പകല്‍ തീവ്രവാദ വര്‍ഗീയ മുദ്രകുത്താന്‍ മത്സരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും സി.പി.എം സെക്രട്ടറി മുതല്‍ എളമരം കരീം വരെയുള്ളവരും.
വെല്‍ഫെയറിന്റെ വോട്ടുകള്‍ ഒരു മണ്ഡലത്തിലും നിര്‍ണായകമല്ലെന്നും പകരം ജമാഅത്തിനെ എതിര്‍ക്കുന്ന മുസ്‌ലിം മതസംഘടനകളുടെ പിന്തുണ നേടിയെടുക്കാന്‍ ജമാഅത്തിന് അയിത്തം കല്‍പിക്കുന്നതാണ് ലാഭകരമെന്നുമുള്ള ജലീലിയന്‍ തന്ത്രത്തില്‍ വീഴുകയായിരുന്നു സി.പി.എം
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഹിന്ദുത്വ സഖ്യത്തെ തോല്‍പിക്കാന്‍ ശേഷിയുണ്ടെന്ന് കരുതപ്പെട്ട യു.പി.എ സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ ഭാഗമായി കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫിനോടൊപ്പം നിന്നു എന്നത് ശരിയാണ്. അങ്ങനെ ചെയ്യരുതെന്നും കേരളത്തില്‍ എല്‍.ഡി.എഫും മതേതര മുന്നണി എന്ന നിലയില്‍ പിന്തുണക്കര്‍ഹരാണെന്നും ആരാണ് വെല്‍ഫെയര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്? ഒരാള്‍ പോലും ബന്ധപ്പെട്ടിരുന്നില്ലെന്ന് കട്ടായമായും പറയാനാവും. വെല്‍ഫെയറിന്റെ വോട്ടുകള്‍ ഒരു മണ്ഡലത്തിലും നിര്‍ണായകമല്ലെന്നും പകരം ജമാഅത്തിനെ എതിര്‍ക്കുന്ന മുസ്‌ലിം മതസംഘടനകളുടെ പിന്തുണ നേടിയെടുക്കാന്‍ ജമാഅത്തിന് അയിത്തം കല്‍പിക്കുന്നതാണ് ലാഭകരമെന്നുമുള്ള ജലീലിയന്‍ തന്ത്രത്തില്‍ വീഴുകയായിരുന്നു സി.പി.എം. ഫലം പുറത്തുവന്നപ്പോള്‍ 20ല്‍ 19ലും എല്‍.ഡി.എഫ് ക്ലീന്‍ ഔട്ട്. വീണത് വിദ്യയാക്കാനുള്ള പുറപ്പാടായി പിന്നെ. ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ തെളിവുകളുടെ അംശമില്ലാതെ വര്‍ഗീയതയും തീവ്രവാദവും മതരാഷ്ട്രവാദവുമടക്കമുള്ള ദുരാരോപണങ്ങള്‍ വാമൊഴിയായും വരമൊഴിയായും ആവര്‍ത്തിക്കുമ്പോള്‍ ലക്ഷ്യമിട്ടത് പലതാണ്.
ഒന്ന്, ജമാഅത്തിനെ എതിര്‍ക്കുന്ന സുന്നി- സലഫി വിഭാഗങ്ങളില്‍ ചിലതിനെ കൂടെ കൂട്ടാം. അതിനു പാകത്തില്‍ വഖഫ് ബോര്‍ഡ്, മദ്‌റസ ക്ഷേമനിധി ബോര്‍ഡ് മുതല്‍ സര്‍ക്കാര്‍ വിലാസം സമിതികളില്‍ ചിലരെ തിരുകിക്കയറ്റുകയുമാവാം. രണ്ട്, തങ്ങള്‍ ഹിന്ദുത്വത്തെ മാത്രമല്ല മുസ്‌ലിം വര്‍ഗീയതയെയും തുറന്നെതിര്‍ക്കുന്നു എന്ന സന്ദേശം മതേതരവാദികള്‍ക്കും ഹിന്ദു- ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കും നല്‍കാം. മൂന്ന്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മൃദുസമീപനം സ്വീകരിക്കുന്ന യു.ഡി.എഫിനെ അടിച്ചിരുത്താം. സത്യത്തില്‍ ഈയടവാണ് കഴിഞ്ഞ ലോക്കല്‍ ബോഡി ഇലക്ഷനില്‍ സര്‍വശക്തിയും വിനിയോഗിച്ച് പയറ്റിയത്. നിയമസഭ ഇലക്ഷന്‍ ലക്ഷ്യമിട്ട് അതിപ്പോഴും തുടരുന്നു.

അതിനിടെ വീണുകിട്ടിയ സുവര്‍ണാവസരമാണ് പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. അതോടെ യു.ഡി.എഫില്‍ ഇന്ന് മേധാവിത്വം കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും സവര്‍ണ- ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാം. അതിപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം എന്ന പ്രഖ്യാപിത നയം സവര്‍ണരായ ഉദ്യോഗസ്ഥ മേധാവികള്‍ ഒ.ബി.സി വിഭാഗങ്ങളുടെ ചെലവിലാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന സത്യസന്ധമായ കണക്കുകള്‍ പുറത്തുവരുമ്പോഴാണ് സവര്‍ണ വോട്ട് ലാക്കാക്കിയുള്ള പ്രചാരണം.
സംവരണങ്ങളിലെ അനീതി പരിഹരിക്കുന്നതിനു പകരം ഉത്തരവാദിത്തം മുഴുവന്‍ മുസ്‌ലിം ലീഗിലും തദ്വാര യു.ഡി.എഫിലും വെച്ചുകെട്ടി സുറിയാനി കത്തോലിക്കരുടെ സഭാപിതാക്കളെ ഇടതുമുന്നണിയോടൊപ്പം നിര്‍ത്താനാണ് ശ്രമം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം ഇതിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന പഴമൊഴിയെ ഓര്‍മിപ്പിച്ചുകൊണ്ട് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ പിഴക്കുന്ന ലക്ഷണമാണ് കാണുന്നത്. പള്ളികളുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള ഓര്‍ത്തഡോക്‌സ്-യാക്കോബായ സമുദായങ്ങളുടെ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യസ്ഥ്യം വഹിക്കുമെന്ന അറിയിപ്പ് സവര്‍ണ ക്രൈസ്തവരുടെ വോട്ടുബാങ്ക് സംഘ്പരിവാര്‍ തട്ടിയെടുക്കുന്നിടത്താണ് സംഭവങ്ങളിലെ പുതിയ വഴിത്തിരിവ്.

ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്ന മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സഭാപിതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍, കേവലം മാധ്യസ്ഥ്യത്തിനപ്പുറം ന്യൂനപക്ഷാനുകൂല്യങ്ങള്‍ 80 ശതമാനവും കേരളത്തില്‍ മുസ്‌ലിം സമുദായത്തിനാണ് ലഭിക്കുന്നതെന്ന ക്രൈസ്തവ സമുദായ നേതാക്കളുടെ പരാതിയുടെ പരിഹാരവും പ്രധാനമന്ത്രി പരിഗണിക്കുമെന്ന വിവരം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ കണക്കുകളും വസ്തുതകളുമാണ് നിജസ്ഥിതി വ്യക്തമാക്കേണ്ടതെങ്കിലും അതല്ല നടക്കാന്‍ പോവുന്നത്. മീഡിയയുടെ സഹായത്തോടെ പുകമറ സൃഷ്ടിച്ച് മിഥ്യയെ സത്യമാക്കാനുള്ള സംഘ്പരിവാര്‍ മിടുക്ക് സാമുദായിക ധ്രുവീകരണത്തിലേക്കാണ് നയിക്കുക എന്ന് വ്യക്തം. അത്തരമൊരു പരിണതി ഇന്നേവരെ സംസ്ഥാനത്ത് രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ നിലനിന്ന സൗഹൃദത്തെ അപകടപ്പെടുത്തും എന്ന് കാണാന്‍ സാമാന്യ ബുദ്ധി മതി.
അന്നേരം ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന് പറഞ്ഞൊഴിയാനുള്ളതാണ് സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ് എങ്കില്‍ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും മാത്രം ലാക്കാക്കി നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ സ്വസ്ഥ കേരളത്തെ വര്‍ഗീയ ഭ്രാന്താലയമാക്കി മാറ്റുന്നതിലാണ് കലാശിക്കുക എന്നേ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഓര്‍മിപ്പിക്കാനുള്ളൂ. യു.ഡി.എഫിനെ തളര്‍ത്തി പകരം ബി.ജെ.പിയെ മുഖ്യപ്രതിപക്ഷ സ്ഥാനത്തിരുത്താനുള്ള ഗൂഢതന്ത്രവും പഞ്ചതന്ത്രം കഥയിലെ വെളുത്ത കാളയുടെ ഗതിയാണ് ഇടതുമുന്നണിക്ക് സമ്മാനിക്കുക എന്ന് മനസ്സിലാക്കുന്നതും നല്ലതാണ്.

വോട്ടില്‍ മാത്രം കണ്ണുനട്ടുള്ള ഇക്കളി ഇപ്പോള്‍ മാത്രം സി.പി.എം ആരംഭിച്ചതല്ല എന്നുകൂടി ഓര്‍ക്കുന്നത് നന്നാവും. നിയമസഭ തെരഞ്ഞെടുപ്പില്‍, തങ്ങളോടൊപ്പം നില്‍ക്കുന്ന അഖിലേന്ത്യ മുസ്‌ലിംലീഗിന്റെ ഭാരം കുടഞ്ഞുകളയാനും ഒപ്പം ഹിന്ദു വോട്ടുകളെ ആകര്‍ഷിക്കാനുമായി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സൃഗാലബുദ്ധി കണ്ടെത്തിയതായിരുന്നല്ലോ 1985-86 കാലത്ത് ശരീഅത്തിനെതിരായ ആക്രമണവും പ്രചാരണവും. ഇസ്‌ലാമിക ശരീഅത്ത് സ്ത്രീവിരുദ്ധമാണെന്നും അനീതി നിറഞ്ഞതാണെന്നും സ്ഥാപിക്കാന്‍ സംസ്ഥാനത്തൊട്ടാകെ സി.പി.എം കാമ്പയിന്‍ നടത്തി. സ്വാഭാവികമായും അഖിലേന്ത്യ മുസ്‌ലിം ലീഗ് ഇടതുമുന്നണി വിട്ട് മുസ്‌ലിം ലീഗുമായി പുനഃസംയോജിച്ചു. അതോടെ ലീഗിന്റെ ഒരു കഷണം പോലുമില്ലാതെ തങ്ങള്‍ ഭരിക്കുമെന്ന് ഇ.എം.എസ് വെല്ലുവിളി മുഴക്കി; അതുപോലെ സംഭവിക്കുകയും ചെയ്തു. ഭൂരിപക്ഷ വര്‍ഗീയതയാണ് രക്ഷക്കെത്തിയതെന്ന് പറയേണ്ടതില്ലല്ലോ. എല്ലാം കഴിഞ്ഞപ്പോള്‍ ഇ.എം.എസിന്റെ കുമ്പസാരം: ‘ഞാന്‍ ശരീഅത്തിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടില്ല'! മുസ്‌ലിം ന്യൂനപക്ഷ വോട്ട് എന്നെന്നേക്കുമായി എഴുതിത്തള്ളാനാവില്ലല്ലോ. ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ കാമ്പയിനിനും ഇങ്ങനെയൊരു പരിണാമം സമയത്തിന്റെ മാത്രം പ്രശ്‌നമായി കലാശിക്കാനാണിട. ▮